অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഴക്കാല രോഗങ്ങള്‍

മഴക്കാല രോഗങ്ങള്‍


മഴ

ലോകത്തിലെ സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. മഴയെ ഇഷ്ടപ്പെടുന്നതോടൊപ്പം പേടിയുള്ളവരും ആണ് നമ്മില്‍ ഭൂരിഭാഗം പേരും. മഴക്കാല രോഗങ്ങളാണ് ഈ പേടിയുടെ ആധാരം. രോഗാണുക്കള്‍ പെറ്റുപെരുകാനുള്ള സാഹചര്യങ്ങള്‍ മഴക്കാലത്ത് കൂടുതലാകുന്നു എന്നതിനാല്‍ രോഗങ്ങള്‍ കൂടുതലായി ഉണ്ടാകുകയും വളരെ എളുപ്പത്തില്‍ പടരുകയും ചെയ്യുന്നു. ഇക്കാലത്ത് പലവിധ മാലിന്യങ്ങളും വഹിച്ചുകൊണ്ട് ഒഴുകുന്ന വെള്ളവും പലപ്പോഴും ജനങ്ങളെ പേടിപ്പെടുത്തുന്നു. രോഗാണുക്കളാണ് രോഗം പരത്തുന്നത് എന്നുപറയാമെങ്കിലും രോഗാണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നത് പലപ്പോഴും മനുഷ്യര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ രോഗം പരത്തുന്നതില്‍ രോഗാണുക്കളേക്കാള്‍ പ്രഥമസാധ്യത മാലിന്യങ്ങള്‍ക്ക് തന്നെയാണ്. ഈര്‍പ്പമുള്ള വായുവിലൂടെയും രോഗാണുസാധ്യത കൂടുന്നു. നമ്മുടെ ചെറിയ ഒരു അശ്രദ്ധ (ഉദാഹരണം വെള്ളം കെട്ടിനില്‍ക്കുന്നത്-അത് ചിരട്ടയിലാണെങ്കില്‍ പോലും) മതി രോഗങ്ങള്‍ ഉണ്ടാകാന്‍.
മഴക്കാല രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍ ശുചിത്വമില്ലായ്മയും പ്രതിരോധ ശേഷിക്കുറവും തന്നെയാണ്. മഴക്കാലത്ത് പരിസരപ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, ഈറന്‍ വസ്ത്രങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലുള്ള ശ്രദ്ധ പലപ്പോഴും രോഗസാഹചര്യങ്ങള്‍ കുറക്കുന്നു.

വിവിധതരം മഴക്കാല രോഗങ്ങള്‍

മഴക്കാല രോഗങ്ങള്‍ എന്ന് കേള്‍ക്കുന്പോള്‍ തന്നെ ഏവരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുക വ്യത്യസ്തതരം പനികളാണല്ലോ-വൈറല്‍ പനി (ജലദോഷം, പനി), മഞ്ഞപ്പിത്തം, ചിക്കുന്‍ഗുനിയ, ടൈഫോയിഡ്, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി തുടങ്ങി ഛര്‍ദ്ദി, വയറിളക്കം, ആസ്തമ, ആര്‍ത്രൈറ്റ്സ്, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള രോഗങ്ങള്‍ മഴക്കാലത്ത് തിമിര്‍ത്താടുന്നു.
വൈറല്‍ പനി: മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിലെ പ്രധാനിയാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍പനി ഉണ്ടാകുന്നു. ഇത്തരം പനി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ കടന്നുപോവുന്നവയാണ്. പനി വന്നാല്‍ പൊതുവെ പറയുന്നൊരു ചൊല്ലുണ്ട്. മരുന്നെടുത്താല്‍ ഏഴ് ദിവസവും മരുന്ന് എടുത്തില്ലെങ്കില്‍ ഒരാഴ്ചയും വേണം പനി മാറാന്‍ എന്ന്. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.
പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം സ്വയം സൃഷ്ടിക്കുന്ന ഒരു പ്രതിരോധ മാര്‍ഗം മാത്രമാണ് പനി എന്നതും മനസ്സിലാക്കിക്കൊണ്ട് തുറസ്സായ അന്തരീക്ഷത്തില്‍ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച് പൂര്‍ണ്ണമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്. പനി വരുന്പോള്‍ ആദ്യം തോന്നുക രുചിയില്ലായ്മയാണല്ലോ. അതുകൊണ്ട് തന്നെ ഉപവാസം (ജ്യൂസുകള്‍, കരിക്ക്, ധാരാളം വെള്ളം) എടുത്തും വിശ്രമിക്കാം. നനഞ്ഞ തുണികൊണ്ട് ദേഹം മുഴുവന്‍ ഇടക്കിടെ തുടച്ചെടുക്കുന്നതും നെറ്റി, വയറ് ഭാഗങ്ങളില്‍ നനഞ്ഞ തുണി വെക്കുന്നതും പനി കുറക്കാന്‍ സഹായിക്കുന്നു. ഇളം ചൂടുവെള്ളത്തിലുള്ള എനിമ രോഗം കുറയാന്‍ ഉപകരിക്കുന്നു. 20 മിനുട്ട് നീണ്ടുനില്‍ക്കുന്ന സ്പൈനല്‍ ബാത്തും (നട്ടെല്ലുസ്നാനം) ആവാം.
നല്ല ജലദോഷമുള്ളപ്പോഴാണെങ്കില്‍ രണ്ടോ മൂന്നോ നേരം മുഖത്ത് ആവി പിടിക്കാം. ഒന്നുകില്‍ തിളച്ച വെള്ളം മാത്രം അല്ലെങ്കില്‍ തുളസിയിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളാം. തലവേദനയുള്ളപ്പോള്‍ ചുക്ക് അരച്ച് പേസ്റ്റാക്കി നെറ്റിയില്‍ പുരട്ടുന്നത് വേദന കുറയാന്‍ സഹായകരമാകുന്നു. തൊണ്ട വേദനയുണ്ടെങ്കില്‍ ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നതും നല്ലതു തന്നെയാണ്. ചുക്ക് കഷായം അഥവാ തുളസികഷായം കുടിക്കുന്നത് ഇത്തരം വൈറല്‍ പനി കുറയാന്‍ വളരെ നല്ലതാണ്.
തുമ്മല്‍, ചുമ, ശ്വാസംമുട്ട്
കാലാവസ്ഥ വ്യതിയാനം ശ്വാസകോശത്തെയും ദഹനവ്യവസ്ഥയെയും ആണ് ആദ്യം ബാധിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കുള്ള സ്വയം സംരക്ഷണ മാര്‍ഗ്ഗങ്ങളാണ് തുമ്മലും ചുമയും ഒക്കെ. ചുമക്കുന്പോഴും തുമ്മുന്പോഴും രോഗാണുക്കള്‍ വായുവിലേക്ക് പടര്‍ന്ന് മറ്റുള്ളവര്‍ക്കും രോഗം ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. പലപ്പോഴും ചെറിയ ചുമക്കും തുമ്മലിനും മരുന്ന് കഴിച്ച് അടിച്ചമര്‍ത്തുന്നതു വഴി ശ്വാസം മുട്ടുണ്ടാകാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഗുരുതരമാകുന്നതിന് കാരണം രോഗപ്രതിരോധ ശേഷി ഇല്ലാത്തതിനാലാണ്.
തുമ്മലും ചുമയും കുറയാനും നെഞ്ചിലെ കഫക്കെട്ട് കുറയാനും മുഖത്തും നെഞ്ചിനും ആവി പിടിക്കുന്നത് ആശ്വാസകരമാകുന്നു. ചുക്ക് കഷായം വച്ചുകുടിക്കുന്നതും നല്ലത് തന്നെ. കൃഷ്ണ തുളസിനീരില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് കഫശല്യം കുറക്കുന്നു. ഷഡ്ക്രിയകളില്‍ പെട്ട ജലനേതി, സൂത്രനേതി, വസ്ത്രധൌതി എന്നിവ ചെയ്യുന്നത് അലര്‍ജികള്‍ കുറക്കാനും ശ്വാസംമുട്ട് കുറക്കാനും നല്ലതുതന്നെയാണ്. ചൂടുതുണി നെഞ്ചിന് ചുറ്റുന്ന ന്യൂട്രല്‍ ചെസ്റ്റ്പാക്ക് 20 മിനുട്ട് നിത്യേന ചെയ്യാവുന്നതാണ്. നെഞ്ചിലെ കഫശല്യം കുറക്കാന്‍ ഇത് സഹായിക്കുന്നു.
ടൈഫോയിഡ്: 'സാല്‍മൊണെല്ല ടൈഫി' എന്ന ബാക്ടീരിയ അണുബാധയെത്തുടര്‍ന്നാണ് ടൈഫോയിഡ് ഉണ്ടാകുന്നത്. ലോകം മുഴുവനായി കാണപ്പെടുന്ന ഒരു പകര്‍ച്ച വ്യാധിയാണിത്. ക്രമേണ വര്‍ദ്ധിച്ചുവരുന്ന പനി, തലവേദന, വയറുവേദന, ക്ഷീണം, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. വെള്ളത്തിലൂടേയും ഭക്ഷണത്തിലൂടെയും ആണ് ഇത് പകരുന്നത്.
ടൈഫോയിഡ് തടയാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് പൊതുസ്ഥലങ്ങളിലെ ശുചിത്വവും വ്യക്തിശുചിത്വവും. ആഹാരത്തിന് മുന്പ് നന്നായി കൈകഴുകുന്നതും ശ്രദ്ധയോടുകൂടിയ ഭക്ഷണരീതിയും ഈ ശുചിത്വത്തില്‍പെടുന്നു. മലിനകരമായ സാഹചര്യത്തിലെ ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കുക തന്നെ ചെയ്യുക. ധാരാളം ശുദ്ധജലം കുടിക്കുകയും വേണം.
മഞ്ഞപ്പിത്തം: മഴക്കാലത്ത് വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും അകപ്പെടുന്ന മാലിന്യങ്ങളാണ് രോഗത്തിനാധാരം. ക്ഷീണം, കടും മഞ്ഞനിറത്തിലുള്ള മൂത്രം, കണ്ണിന്‍റെ വെള്ള മുഴുവന്‍ മഞ്ഞനിറമാകല്‍, ത്വക്കിന് മഞ്ഞനിറം, പനി തുടങ്ങിയവ ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരള്‍ സംബന്ധമായ എല്ലാ രോഗങ്ങളിലും പ്രധാന ലക്ഷണം മഞ്ഞപ്പിത്തം തന്നെയാണ്.
കരിക്ക്, കഞ്ഞി, സൂപ്പ് തുടങ്ങിയ ലഘുവായ ഭക്ഷണങ്ങള്‍ മാത്രം ഈ സമയങ്ങളില്‍ കഴിക്കാം. കീഴാര്‍നെല്ലി അരച്ചു കുടിക്കുന്നത് എല്ലാ കരള്‍ രോഗങ്ങള്‍ക്കും നല്ലതുതന്നെയാണ്. ഉദരസ്നാനം ചെയ്യുന്നതും നല്ലതാണ്. മഴയില്ലാത്തപ്പോള്‍ ഇളംവെയില്‍ കൊള്ളുന്നത് നന്ന്.
മലേറിയ (മലമ്പനി): കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണിത്. പെണ്‍ അനോഫിലിസ് കൊതുകാണ് രോഗം പരത്തുന്നത്. ഇവ പെറ്റുപെരുകുന്നത് വെള്ളത്തിലൂടെയാണ്. പനി, വിറയല്‍, പേശീവേദന, ക്ഷീണം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍. ഈ അസുഖത്തിനുള്ള പ്രതിരോധ മാര്‍ഗ്ഗം കൊതുക് പെറ്റുപെരുകുന്ന സാഹചര്യങ്ങള്‍ (ഉദാ:- വെള്ളം കെട്ടിനില്‍ക്കുന്നത് തടയല്‍) ഒഴിവാക്കുക.
ചിക്കുന്‍ ഗുനിയ: ഈ രോഗബാധയാല്‍ ശരീരം വളഞ്ഞുപോകുമത്രെ. ആഫ്രിക്കയിലെ സ്വാഹിലി ഭാഷയില്‍ ചിക്കുന്‍ ഗുനിയ എന്നാല്‍ വളഞ്ഞുകൂനിയിരിക്കുക എന്നര്‍ത്ഥം. ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്. പനി, തലവേദന, സന്ധികളിലെ വീക്കവും അതികഠിനമായ വേദനയും. പനി കുറഞ്ഞാലും സന്ധിവേദന നീണ്ടു നില്‍ക്കാം.
നനഞ്ഞ തുണി വീക്കമുള്ള സന്ധികളില്‍ ചുറ്റിവയ്ക്കുന്നത് വീക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. ചൂടുവെള്ളത്തില്‍ ഉപ്പുചേര്‍ത്ത് കൈകാലുകള്‍ 20 മിനിട്ട് മുക്കിവയ്ക്കുന്നത് അവിടുത്തെ സന്ധികളിലെ വേദന കുറക്കാന്‍ വളരെ നല്ലതാണ്. (ഒീ എീീ മിറ മൃാ യമവേ ംശവേ മെഹ ീൃ ലുീാ മെഹ)
ഡെങ്കിപ്പനി: ഡെങ്കിപ്പനി പരത്തുന്നത് കൊതുകാണ്. പനി, ശരീരവേദന, സന്ധിവേദന, ശരീരം ചുകന്നുതടിക്കല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. എല്ലു നുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം 'ബ്രേക്ക് ബോണ്‍ ഫീവര്‍' എന്ന പേരിലും അറിയപ്പെടുന്നു. മൂന്ന് നാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാള്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഈ രോഗത്തിന്‍റെ പ്രത്യേകതാണ്.
കൊതുകിനെ പ്രതിരോധിക്കുകയാണ് രോഗം തടയാനുള്ള മാര്‍ഗ്ഗം. കൊതുക് മുട്ടയിടുന്ന വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, കൊതുകു വല ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. രോഗമുള്ളപ്പോള്‍ പപ്പായ ഇലയുടെ നീര് കഴിക്കുന്നത് നല്ലതാണ്.
എലിപ്പനി: എലിമൂത്രം കൊണ്ട് മലിനമായ ജലം, ആഹാരം എന്നിവയിലൂടെയാണ് പകരുന്നത്. എലിമൂത്രം കലര്‍ന്ന വെള്ളിത്തിലൂടെ നടക്കുന്പോള്‍ കാലിലേയോ മറ്റോ മുറിവുകളിലൂടെ അണുക്കള്‍ ശരീരത്തില്‍ കടക്കുന്നു. പെട്ടെന്നുള്ള തലവേദന, പേശി വേദന, വിറയലോടുകൂടിയ പനി, കണ്ണിന് ചുറ്റും ശക്തമായ വേദന, ചുവപ്പുനിറം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍.
പരിസര ശുചീകരണം തന്നെയാണ് പ്രതിരോധമാര്‍ഗ്ഗം.
വയറിളക്കം: വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ് വയറിളക്കം പിടിപെടുന്നത്. പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒഴിവാക്കാവുന്ന അസുഖം തന്നെയാണിത്. വയറിളക്കം പിടിപെട്ടാല്‍ ധാരാളം വെള്ളം കുടിക്കണം. പഴച്ചാറുകള്‍, കരിക്ക്, കഞ്ഞിവെള്ളം തുടങ്ങിയവയൊക്കെ കുടിക്കുന്നത് ക്ഷീണം അകറ്റുന്നു. വയറിളക്കം ഭേദമായാല്‍ നേരിട്ട് കട്ടിയുള്ള ഭക്ഷണം കഴിക്കാതെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച് തുടങ്ങുക. വയറുവേദനയുണ്ടെങ്കില്‍ ചൂടുബാഗ് വയറിന് മുകളില്‍ വയ്ക്കുന്നത് പേശീവലിവ് കുറയ്ക്കും. വയറുവേദനയോടൊപ്പം ഛര്‍ദ്ദി കൂടി ഉണ്ടെങ്കില്‍ ഇടക്കിടെ ജ്യൂസുകള്‍ കുടിക്കുക, ഒറ്റയടിക്ക് കുടിക്കാതെ സമയമെടുത്ത് കുടിക്കണമെന്നുമാത്രം. ആവശ്യമെങ്കില്‍ ഒരു കാല്‍ ഗ്ലാസ് ഐസ് വെള്ളം കുറച്ച് കുറച്ചായി സമയമെടുത്ത് കുടിക്കാവുന്നതാണ്.
ത്വക്ക് രോഗങ്ങള്‍: പുഴുക്കടി, കാല്‍വിരലുകള്‍ക്കിടയില്‍ ചൊറിഞ്ഞുപൊട്ടുക തുടങ്ങിയവ മഴക്കാലത്ത് സാധാരണക്കാരില്‍ കുടുതലായി കാണപ്പെടുന്നുണ്ട്. ഒരുതരം ഫംഗസ് ബാധയാണിത്. മഴക്കാലത്ത് വസ്ത്രങ്ങള്‍ ശരിയായി ഉണങ്ങാതെ ധരിക്കുന്നതും അഴുക്കുവെള്ളത്തില്‍ കുളിക്കുന്നതും നടക്കുന്നതും ഒക്കെ രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നു. നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കല്‍, കൈകാലുകള്‍ ഇളം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കഴുകിയശേഷം ഉണങ്ങിയ തുണികൊണ്ട് ഒപ്പിയെടുക്കല്‍ തുടങ്ങിയവ ഇത്തരം ഘട്ടങ്ങളില്‍ സഹായിക്കുന്നു. ആര്യവേപ്പില ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴുകുന്നതും കുളിക്കുന്നതും നല്ലതുതന്നെ. ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ചിടുന്നതും ഉത്തമം തന്നെ.

മുന്‍കരുതലുകള്‍


മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍
പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ തുടങ്ങിയവ ഒഴിവാക്കല്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കല്‍, ശുദ്ധജലം മാത്രം കുടിക്കല്‍ (തിളപ്പിച്ചാറിയ വെള്ളവും ആവാം), ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യല്‍ (യോഗ, നടത്തം, നീന്തല്‍ തുടങ്ങിയവ),
ഇത്തരത്തിലുള്ള ആരോഗ്യ ബോധവല്‍ക്കരണത്തിലൂടെ മഴക്കാല രോഗങ്ങളെ നമുക്ക് നിസ്സംശയം നേരിടാവുന്നതാണ്.

ഉത്തരദേശം

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate