অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മദ്യാസക്തി

ഒരു മദ്യാസക്തന്റെ പ്രവര്‍ത്തികളുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് പലപ്പോഴും വീട്ടിലോ, ജോലി സ്ഥലത്തോ, അല്ലെങ്കില്‍ സമൂഹത്തിലോ ഉള്ളവരായിരിക്കും. നിങ്ങള്‍ ഒരു മദ്യാസക്തന്‍ അല്ലെങ്കിലും, ഒരു മദ്യപാനി മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പല രീതിയിലും നിങ്ങളുടെ ജീവിതത്തെ ബാധിച്ചേക്കാം.

ബാറുകള്‍ക്ക് പൂട്ടു വീണിട്ടും മദ്യവില്‍പ്പനശാലകള്‍ക്ക് പാതയോരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടും മദ്യാസക്തിയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. മദ്യം കഴിക്കേണ്ടവര്‍ അതിനായി ഏതു വഴിയും സ്വീകരിക്കും. പ്രത്യേകിച്ച് മദ്യാസക്തിയുള്ളവര്‍.

മദ്യം ഇല്ലാത്ത ഒരുനിമിഷത്തെക്കുറിച്ചു പോലും ചിന്തിക്കാനാകാത്ത ഇത്തരക്കാര്‍ മദ്യാസക്തി എന്ന രോഗാവസ്ഥയുടെ പിടിയിലാണെന്ന് അവര്‍ ചിലപ്പോള്‍ അംഗീകരിച്ചെന്നുവരില്ല. അമിത മദ്യപാനം അഥവാ മദ്യാസക്തി ഒരു രോഗമായാണ് കണക്കാക്കപ്പെടുന്നത്.

വിവിധ ആരോഗ്യസംഘടനകള്‍ ഈ രോഗത്തെ ശാരീരികവും മാനസികവുമായ തലങ്ങളില്‍ ബാധിക്കുന്ന ഒന്നായി രേഖപ്പെടുത്തുന്നു. മറവിരോഗം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, കരള്‍ വീക്കം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കും, പല മാനസിക രോഗങ്ങള്‍ക്കും ഇത് ഒരു പ്രധാന കാരണമാകുന്നു. അമിത മദ്യപാനം കൊണ്ട് മദ്യാസക്തന്‍ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം.

ഒരു മദ്യാസക്തന്റെ പ്രവര്‍ത്തികളുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് പലപ്പോഴും വീട്ടിലോ, ജോലി സ്ഥലത്തോ, അല്ലെങ്കില്‍ സമൂഹത്തിലോ ഉള്ളവരായിരിക്കും. നിങ്ങള്‍ ഒരു മദ്യാസക്തന്‍ അല്ലെങ്കിലും, ഒരു മദ്യപാനി മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പല രീതിയിലും നിങ്ങളുടെ ജീവിതത്തെ ബാധിച്ചേക്കാം.

മദ്യാസക്തിയുടെ അളവുകോല്‍


ഒരാള്‍ എത്രനാള്‍ കുടിച്ചിരുന്നെന്നോ, എത്ര അളവ് കുടിച്ചിരുന്നെന്നോ എന്നല്ല, മദ്യപാനം അയാളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിരുന്നോ എന്നതാണ് ചോദ്യം. ഈ രോഗം സ്ത്രീ - പുരുഷ ഭേദമെന്യേ ഏത് പ്രായത്തിലും ആരംഭിക്കാവുന്നതാണ്. മറ്റു പല രോഗങ്ങളെയും പോലെ സമൂഹത്തിലെ ഏത് തലങ്ങളിലുള്ളവരെയും ഇത് ബാധിക്കാം. സ്ത്രീകള്‍ മദ്യാസക്തരായാല്‍ അതിലൂടെ ഉണ്ടാകുന്ന ശാരീരിക - മാനസിക പ്രശ്‌നങ്ങള്‍ പുരുഷന്മാരേക്കാള്‍ കൂടുതലാണെന്നു കണ്ടുവരുന്നു.

ഒരാള്‍ മദ്യം അമിതമായി അഥവാ തുടര്‍ച്ചയായി കഴിച്ചാല്‍ അതില്‍ ആസക്തരാകുകയും, അതില്ലാതെ കഴിയാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും. മദ്യത്തിന്റെ ഉപയോഗം ഇച്ഛാനുസരണം നിയന്ത്രിക്കാന്‍ പറ്റാതെ വരും. മദ്യപാനത്തിനായി സമയവും സന്ദര്‍ഭങ്ങളും കണ്ടെത്തുകയും, മദ്യപാനം മൂലം ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തവരായി മാറും.

ഇത് സമൂഹവുമായുള്ള നിലനില്‍പ്പിനെ ബാധിച്ചു തുടങ്ങും. ആരോഗ്യത്തെ പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി, തലച്ചോറ്, കരള്‍, എന്നിവയെ ബാധിക്കും. ഇങ്ങനെ ഒരു വ്യക്തി മദ്യപാന രോഗി അഥവാ മദ്യാസക്തനായി കണക്കാക്കാം.

പരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങള്‍ മനുഷ്യനിലെ മദ്യാസക്തിയെ സ്വാധീനിക്കുന്നു. വൈദ്യശാസ്ത്രം മദ്യാസക്തിയെ ശാരീരികവും മാനസികവുമായ ഒരു രോഗമായാണ് കണക്കാക്കുന്നത്.

തുടക്കം ഒരു രസത്തിന്


മദ്യപന്‍ സ്വയമോ, സമൂഹമോ കരുതുന്നപോലെ ഈ രോഗത്തിന് പെട്ടെന്നു അടിമപ്പെട്ടവരല്ല. മദ്യപാനം ഒരു രസത്തിനും കൂട്ടുകെട്ടിനും വേണ്ടി ആരംഭിക്കുന്നതാണ്. പിന്നീട് കുടിക്കുന്നതിന്റെ തോതും രീതിയും മാറി, മദ്യപാനത്തില്‍ അകപ്പെട്ടു പോയതാണ് ഇവര്‍. പടിപടിയായി വളര്‍ന്ന് പലപ്പോഴും രോഗിയോ ചുറ്റുമുള്ളവരോ അറിയാതെ തന്നെ ഇത്തരക്കാരെ കീഴ്‌പ്പെടുത്തുന്ന രോഗാവസ്ഥയാണിത്.

അമിത മദ്യപാനത്തിലേക്ക് പ്രവേശിക്കുന്ന അവസ്ഥയില്‍ വ്യക്തിയുടെ മദ്യപാനത്തിന്റെ തോതും, അതില്‍ നിന്നുള്ള ലഹരിയില്‍ തുടരാനുള്ള പ്രവണതയും കൂടുന്നതായി കണ്ടുവരുന്നു. ഇവര്‍ മദ്യപാനത്തിനായി, അനുദിന ജീവിതത്തിലെ കാര്യങ്ങള്‍ തുടര്‍ച്ചയായി നീട്ടി വയ്ക്കും.

പിന്നീട് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവാകാനും ശ്രമിക്കുന്നവരുമാകാം. ഈ വ്യക്തികള്‍ക്ക് മദ്യപാനം നിര്‍ത്തണമെന്ന് തുടര്‍ച്ചയായി ചെയ്യുന്ന പ്രതിജ്ഞകള്‍ നിറവേറ്റാന്‍ കഴിയില്ല. ഇത്തരക്കാരുടെ അമിത മദ്യപാനം വ്യക്തിത്വത്തെയും സ്വഭാവത്തെയും മാറ്റി മറിക്കുകയും ചെയ്യുന്നു.

ഇങ്ങനെയുള്ളവരില്‍ പലര്‍ക്കും തങ്ങള്‍ പറഞ്ഞു പോയതും, ചെയ്തു പോയതുമായ കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്യും. ജോലിയിലും, പഠിപ്പിലും വ്യക്തിശുചിത്വത്തിലും, ദാമ്പത്യ ജീവിതത്തിലും സാമ്പത്തികമായും തൃപ്തികരമായ രീതിയില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍


അമിതമദ്യപാനം, പ്രമേഹം, കരള്‍വീക്കം, ഹൃദ്രോഗം, പാന്‍ക്രിയാറ്റൈറ്റിസ്, ആമാശയ സംബന്ധമായ അസുഖങ്ങള്‍, ലൈംഗികശേഷിക്കുറവ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇവ കൂടാതെ വളരെക്കാലം നീണ്ടു നില്‍ക്കുന്ന മദ്യപാനം പലതരത്തിലുള്ള ബൗദ്ധികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

മറവിരോഗം ഇവരില്‍ പൊതുവേ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. നിരാശ, വിഷാദരോഗം, സംശയരോഗം, സ്‌കീസോഫ്രീനിയ, എന്നിവ മദ്യപാനാവസ്ഥയുടെ തീവ്രത വെളിവാക്കുന്നു. ഇവരില്‍ പലരും മദ്യത്തിന്റെ തുടര്‍ച്ചയായി മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചേക്കാം.

മദ്യാസക്തന്‍ മൂലമുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ വളരെ ഗുരുതരവും, ചിലപ്പോള്‍ അവരുമായി നേരിട്ടു ബന്ധമില്ലാത്തവരെപ്പോലും ബാധിക്കാം. ഗാര്‍ഹിക പീഡനം മുതല്‍ മദ്യലഹരിയില്‍ ചെയ്തു പോകുന്ന പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മോഷണം, കൈയേറ്റം, ബാലപീഡനം, വാഹനാപകടങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലേക്ക് നയിക്കാം.

മദ്യപിച്ച് വാഹനമോടിക്കുന്നത് ഇന്ത്യയില്‍ വാഹനപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്ക് ഒരു പ്രധാന കാരണമാണ്. അമിത മദ്യപാനം പലപ്പോഴും തൊഴിലില്ലായ്മക്കും, അതുമൂലമുള്ള സാമ്പത്തിക പരാധീനതകള്‍ക്കും വഴിതെളിക്കും. പലരും ഈ സാഹചര്യത്തില്‍, ധനസമാഹരണത്തിന് വേണ്ടി തെറ്റായ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞേക്കാം.

ഭാര്യമാര്‍ അല്ലെങ്കില്‍ ജീവിതപങ്കാളികളാണ് മദ്യപാനം മൂലമുള്ള കെടുതികള്‍ കൂടുതല്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇത് സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക സമ്മര്‍ദം, നിരാശ, ഗാര്‍ഹിക പീഡനം, തുടങ്ങിയ പല തലങ്ങളിലും വന്നു ചേരുന്നു.

മദ്യപാനം മൂലമുള്ള വിവാഹമോചനങ്ങള്‍ ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. മദ്യാസക്തരുടെ കുട്ടികള്‍ ഏറിയ പങ്കും അവരുടെ മാതാപിതാക്കളുടെ അസ്ഥിരമായ മാനസികാവസ്ഥ, അവഗണന, പീഡനങ്ങള്‍ എന്നിവ മൂലം നിരാശ, വിഷാദം, പക, വിദ്വേഷം, വെറുപ്പ്, പ്രതികാരം എന്നീ സ്വഭാവ വൈകല്യങ്ങള്‍ ഉള്ളവരായി കാണപ്പെടുന്നു.

എന്തുകൊണ്ട് മദ്യാസക്തി


മദ്യാസക്തരെയും മദ്യാസക്തിയുടെ കാരണങ്ങളെയും പഠനവിഷയമാക്കുന്നവര്‍ക്ക് പോലും ഇനിയും ഈ രോഗത്തിന്റെ മൂലകാരണങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മദ്യാസക്തി ഉന്മൂലനം ചെയ്യാനുള്ള മരുന്നുകളോ, ഒറ്റമൂലികളോ, ചികിത്സവിധികളോ ഇതുവരെ കണ്ടുപിടിച്ചതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

ഒരു മദ്യാസക്തനെ മദ്യവിമുക്തിയുടെ പാതയിലേക്ക് നയിക്കുന്നതിന് ഡോക്ടര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും മരുന്നുകളുടെയും സേവനം ആവശ്യമായി വരുന്നു. ഇതുവഴി മദ്യവിമുക്തി നേടുന്ന ഒരു വ്യക്തിയെ സുബോധത്തിന്റെ പാതയില്‍ തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്. അതിനു സഹായിക്കുന്ന പല പരിപാടികളും സംഘടനകളും നമ്മുടെ നാട്ടിലുണ്ട്.

സുബോധാവസ്ഥയിലുള്ള വ്യക്തിസ്വാതന്ത്ര്യത്തിലേക്കാണ് ഇവ പ്രാധാന്യം നല്‍കുന്നത്. മദ്യവിമുക്തിയിലൂടെ സുബോധാവസ്ഥ നേടാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള സ്ത്രീപുരുഷന്മാരുടെ ഒരു കൂട്ടായ്മയാണ് 'ആല്‍ക്കഹോളിക്‌സ് അനോണിമസ്'(എഎ).

മദ്യപാനം നിര്‍ത്തണമെന്ന ആഗ്രഹം മാത്രമാണ് 'എഎ' യില്‍ വരുവാനും പങ്കെടുക്കുവാനുമുള്ള ഏകയോഗ്യത ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം ഗ്രൂപ്പുകളും, ലോകത്താകെ 170 രാജ്യങ്ങളിലായി പടര്‍ന്നു പന്തലിക്കുന്ന ഒരു ലക്ഷത്തിലധികം ഗ്രൂപ്പുകളും ആല്‍ക്കഹോളിക്‌സ് അനോണിമസിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

എഎ അംഗങ്ങള്‍ 'ഇന്നൊരു ദിവസം മദ്യപാനത്തില്‍ നിന്നും വിട്ടു നില്‍ക്കുക' എന്ന ലളിതമായ ജീവിതരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇവരുടെ ഗ്രൂപ്പ് മീറ്റിങ്ങുകള്‍ പ്രതിദിനം നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും നടന്നു വരുന്നു. ഇതിലൂടെ അനേകം പേര്‍ മദ്യരഹിതമായ സുബോധ ജീവിതത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്് സാധിക്കുന്നതാണ്.

അതിനായി എഎ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാവുന്നതാണ്. മദ്യാസക്തിയില്‍ നിന്ന് പൂര്‍ണവിമോചനം എന്നൊന്നില്ല എന്നതുകൊണ്ടും, ഒരു മദ്യപാനരോഗി രോഗാവസ്ഥയിലേക്ക് ഏത് നിമിഷവും വഴുതി വീഴാം എന്നതുകൊണ്ടും, ഇത്തരം കൂട്ടയ്മകള്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നു.

ഇവിടെ അവരുടെ അനുഭവങ്ങളും പ്രതീക്ഷകളും പരസ്പരം പങ്കുവച്ചുകൊണ്ട് മദ്യവിമുക്തിക്കായി നിര്‍ദേശിക്കപ്പെട്ട പടികളിലൂടെ മദ്യരഹിതമായ സുബോധാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.

സ്വയം വിലയിരുത്തുക


ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഉത്തരം 'അതേ' എന്നാണെങ്കില്‍ നിങ്ങള്‍ക്ക് മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.

1. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ അത് മാറ്റാനായി നിങ്ങള്‍ മദ്യപിക്കാറുണ്ടോ? 
2. നിങ്ങളുടെ ജോലി സ്ഥലത്ത് പിഴവുകള്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ? / നിങ്ങളുടെ പഠനനിലവാരം താഴുന്നോ?

3. നിങ്ങള്‍ മദ്യം ഒറ്റവലിക്കാണോ കുടിക്കുന്നത്? 
4. മദ്യപിച്ചതിനു ശേഷം പ്രശ്‌നങ്ങളില്‍ ചെന്നുപെടാറുണ്ടോ?

5. മറ്റുള്ളവരോടുള്ള ദേഷ്യം പ്രത്യേകിച്ച് മാതാപിതാക്കളോടുള്ളത്, ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരോട്/ സുഹൃത്തുക്കളോടുള്ളത് മദ്യപാനത്തിലേക്ക് വഴിവയ്ക്കാറുണ്ടോ? 
6. മദ്യപാനം നിര്‍ത്തണം അല്ലെങ്കില്‍ മിതമായ രീതിയില്‍ മദ്യപിക്കണമെന്ന് തീരുമാനിക്കുകയും, അതില്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ടോ?

7. അമിതമായി മദ്യപിച്ച ചില സന്ദര്‍ഭങ്ങളില്‍ ഓര്‍മയില്ലായ്മ (ബ്ലാക്ക്് ഔട്ട്) എന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? 
8. മദ്യപാനം ഒഴിവാക്കണം, അല്ലെങ്കില്‍ മിതമായി കഴിക്കണം എന്നാഗ്രഹിക്കുന്ന സാഹചര്യത്തിലും അമിതമായി മദ്യപിക്കാറുണ്ടോ?

9. നിങ്ങള്‍ തനിയെ ഇരുന്നുള്ള മദ്യപാനം ഇഷ്ടപ്പെടാന്‍ തുടങ്ങിയോ? 
10. ജോലി സമയത്തിന്/ പഠനത്തിന് മുന്‍പ് മദ്യപാനം ആരംഭിക്കാറുണ്ടോ?

11. തന്റെ മദ്യപാനശീലങ്ങളെപ്പറ്റി നുണ പറയാറുണ്ടോ? 
12. മറ്റുള്ളവരെ അപേക്ഷിച്ച് തനിക്ക് കുടിക്കാന്‍ പറ്റുന്ന മദ്യത്തിന്റെ അളവിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാറുണ്ടോ?

 

മഞ്ജു ജോര്‍ജ് 
ചീഫ് ഡയറ്റീഷ്യന്‍ ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate