অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഞ്ഞപ്പിത്തം (കാമില)

മഞ്ഞപ്പിത്തം (കാമില)

മഞ്ഞപ്പിത്തം(കാമില)
ചില കുഞ്ഞുങ്ങള്‍ക്ക് ജനിച്ചയുടനെ മഞ്ഞപ്പിത്തം വരാറുണ്ട്. ഇത് ചെറിയ തോതിലാണെങ്കില്‍ പേടിക്കേണ്ടതില്ല. ഉദയസൂര്യന്റെയോ, അസ്തമയസൂര്യന്റെയോ ഇളംവെയില്‍ കുഞ്ഞുങ്ങളുടെ ശരീരത്തിലേല്‍പിച്ചാല്‍ മതി. ആറു മാസത്തിനു മേല്‍ പ്രായമായ കുട്ടികളാണെങ്കില്‍ കീഴാര്‍നെല്ലി സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് രാവിലെ കഴിക്കാന്‍ കൊടുക്കാം. ചെറിയ കുഞ്ഞാണെങ്കില്‍ കീഴാര്‍നെല്ലി അരച്ച് മണപ്പിക്കുകയോ കഞ്ഞുണ്ണിനീരുകൊണ്ട് മൂര്‍ധാവില്‍ ധാരയിടുകയോ ചെയ്താല്‍ മതി.
പ്രാണികള്‍ കടിച്ചാല്‍
ഗ്രഹണി കടിച്ച ഭാഗത്ത് പച്ചമഞ്ഞളും തുളസിയിലയും അരച്ചു പുരട്ടുന്നത് നല്ല ചികിത്സയാണ്. വില്വാദിഗുളിക തുളസിനീരില്‍ അരച്ച് പുരട്ടുന്നതും വിഷശമനമാണ്. വില്വാദിഗുളിക പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കാന്‍ കൊടുക്കുന്നതും പ്രാണി കടിച്ചതുകൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ അകറ്റും
.
ദഹനപ്രശ്‌നങ്ങള്‍
വിശപ്പില്ലായ്മ, വയറ് സ്തംഭനം, മലബന്ധം, ഛര്‍ദി, വയറുവേദന, വയറിളക്കം ഇവയെല്ലാം കുഞ്ഞുങ്ങളിലെ ദഹനപ്രക്രിയയിലുള്ള തകരാറുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. വയറ് സ്തംഭനം, മലബന്ധം ഇവ ഒഴിവാക്കാന്‍ വെളുത്ത ആവണക്കിന്റെ വേര് അരച്ച് അല്‍പം വെണ്ണയില്‍ ചാലിച്ച് കൊടുക്കാം. ശുദ്ധമായ ആവണക്കെണ്ണ ചെറിയ അളവില്‍ കൊടുക്കുന്നതും നല്ലതാണ്. ചെറിയ കുഞ്ഞാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ കടുക്കാത്തോടരച്ച് മുലക്കണ്ണുകളില്‍ തേച്ചശേഷം മുലപ്പാല്‍ കൊടുത്താല്‍ മതി. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് നീരെടുത്ത് കല്‍ക്കണ്ടം ചേര്‍ത്ത് കൊടുക്കുകയുമാവാം.
വളര്‍ച്ചയിലെ കാലതാമസം
സ്വാഭാവികമായ വളര്‍ച്ച ചില കുട്ടികളില്‍ കാണാറില്ല. പ്രസവസമയത്തുണ്ടാകുന്ന തകരാറുകളാണ് ഇതിനു കാരണം. ചില കുഞ്ഞുങ്ങളില്‍ ശാരീരികവും ചിലരില്‍ ബുദ്ധിപരവും ആയ വളര്‍ച്ചക്കുറവാണ് കാണാറുള്ളത്.
പ്രസവം താമസിച്ചാല്‍ കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാവുകയും തലച്ചോറിലെ കോശങ്ങളിലേക്കുള്ള ഓക്‌സിജന്‍ എത്താതിരിക്കുകയും കോ
ശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. ഇതിനു പുറമെ മാസം തികയും മുമ്പെയുള്ള പ്രസവം, കുഞ്ഞിന്റെ തലച്ചോറിലെ തകരാറുകള്‍, ജനിതക തകരാറുകള്‍, മറുപിള്ളയില്‍ നിന്നുള്ള പോഷണക്കുറവ്, ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന രക്താതിസമ്മര്‍ദം, രക്തസ്രാവം, ജനനസമയത്ത് ഉണ്ടാവുന്ന ക്ഷതങ്ങള്‍ ഇവയെല്ലാം കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കാം.
ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതും ശരിയായ ഉറക്കം കിട്ടുന്നതും ശാരീരികവും മാനസികവുമായ വളര്‍ച്ചയെ സഹായിക്കുന്നതുമായ മരുന്നുകളും ആഹാരക്രമവും വ്യായാമങ്ങളുമാണ് (ഓടിക്കളിക്കുക, ഉരുള് ഉരുട്ടിനടക്കുക പോലുള്ള) ആയുര്‍വേദം ഈ കുട്ടികള്‍ക്കായി നിര്‍ദേശിക്കുന്നത്. ബ്രഹ്മി, വയമ്പ്, രുദ്രാക്ഷം, അമക്കുരം, ജടാമാഞ്ചി, സ്വര്‍ണം എന്നിവ ചേര്‍ത്ത മരുന്നുകള്‍ നല്‍കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കും. വരാവിശാലാദികഷായം, അശ്വഗന്ധാരിഷ്ടം, സാരസ്വതാരിഷ്ടം ബ്രഹ്മീഘൃതം, മാനസമിത്രവടകം എന്നിവ വൈദ്യനിര്‍ദേശപ്രകാരം കഴിക്കാന്‍ കൊടുക്കാം.
മരുന്നുകള്‍ക്കുപരി ഇത്തരം കുഞ്ഞുങ്ങള്‍ക്ക് അച്ഛനമ്മമാരുടെ സ്‌നേഹത്തോടെയുള്ള പരിചരണം നല്‍കേണ്ടത് ഏറെ പ്രധാനമാണ്. മറ്റു കുട്ടികളെപ്പോലെ ഇവരും വളര്‍ന്നുകൊള്ളും എന്നു കരുതി വെറുതെയിരിക്കരുത്. കുഞ്ഞിനൊപ്പം കളിച്ചും സംസാരിച്ചും അവരെ സ്വയം പ്രാപ്തരാക്കാന്‍ അച്ഛനമ്മമാര്‍ ശ്രദ്ധിക്കണം. ഓരോ കാര്യവും കുഞ്ഞിന്റെ വാശിക്കനുസരിച്ച് ചെയ്തുകൊടുക്കാതെ അവരെക്കൊണ്ടുതന്നെ ചെയ്യിക്കാന്‍ ശ്രമിക്കണം. മുഖത്തു നോക്കി ലാളിക്കുന്നതും കൊഞ്ചിക്കുന്നതും കുഞ്ഞിന്റെ മാനസിക വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കും. കുഞ്ഞിനെ അമ്മയ്ക്കരികില്‍ കിടത്തി ചേര്‍ത്തണയ്ക്കുന്നത് സുരക്ഷിതത്വബോധം നല്‍കും.
ഓര്‍മശക്തിക്ക്
പതിവായി ബ്രഹ്മിനീര് അല്‍പം തേന്‍ചേര്‍ത്ത് കൊടുക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങള്‍ക്ക് ഉരമരുന്ന് നല്‍കുന്നത് (വയമ്പ്, സ്വര്‍ണം, മാശിക്ക, കടുക്ക, കൊട്ടം) ബുദ്ധിവികാസത്തിനും വാക്ശുദ്ധിക്കും ഓര്‍മശക്തി വര്‍ധിപ്പിക്കാനും സഹായിക്കും. ബ്രഹ്മീഘൃതം, സാരസ്വതഘൃതം എന്നിവയും പതിവായി കൊടുക്കാം. വയമ്പ് ശരീരത്തില്‍ ധരിക്കുന്നതും ബുദ്ധിവികാസത്തിന് സഹായിക്കും.
കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍കുഞ്ഞുങ്ങള്‍ക്ക് അസുഖമൊന്നുമില്ലെങ്കില്‍ ദിവസവും തലയിലും ദേഹത്തും എണ്ണ തേച്ച് കുളിപ്പിക്കുന്നത് നല്ലതാണ്. പ്രസവിച്ച് മൂന്നു മാസം വരെ തേങ്ങ വെന്ത വെളിച്ചെണ്ണ തലയിലും ദേഹത്തും തേപ്പിക്കാം. അതിനുശേഷം ലാക്ഷാദികേരതൈലം, ഏലാദികേരതൈലം,ചെമ്പരത്യാദി കേരതൈലം എന്നിവ വൈദ്യനിര്‍ദേശപ്രകാരം ഉപയോഗിക്കാം.
എണ്ണ തേപ്പിക്കുമ്പോള്‍ ചെറിയ തോതില്‍ മസാജ് ചെയ്യുന്നത് കുഞ്ഞിന്റെ ശരീരബലം വര്‍ധിപ്പിക്കും. കുളിപ്പിക്കാന്‍ നാല്‍പ്പാമര വെള്ളം ഉപയോഗിക്കാം. ദേഹത്ത് ചൂടുവെളളവും തലയില്‍ തണുത്ത വെള്ളവുമാണ് ഉപയോഗിക്കേണ്ടത്. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ ചെവിക്കകത്തും മൂക്കിലും വെള്ളം കയറാതിരിക്കാന്‍ കുഞ്ഞിന്റെ തല ഉയര്‍ത്തിപ്പിടിക്കണം. കുളിപ്പിക്കുമ്പോള്‍ സോപ്പിനു പകരം ചെറുപയര്‍ അരച്ചുതേച്ച് മെഴുക്കിളക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞാല്‍ സ്വല്‍പം രാസ്‌നാദി ചൂര്‍ണം നിറുകയില്‍ തിരുമ്മാന്‍ ശ്രദ്ധിക്കണം.
കഫത്തിന്റെ ശല്യം,ദഹനക്കേട്, പനി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളപ്പോള്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാതിരിക്കുകയാണ് നല്ലത്. വെയിലറച്ചശേഷം രാവിലെയാണ് കുഞ്ഞിനെ കുളിപ്പിക്കാന്‍ പറ്റിയ നേരം.
ജലദോഷം, പനി
ജലദോഷം, പനി എന്നിവ മാറാന്‍ പനികൂര്‍ക്കയില ആവണക്കെണ്ണ പുരട്ടി വാട്ടിയെടുത്ത് നെറുകയിലിട്ടാല്‍ മതി. ആറു മാസത്തിനു മേല്‍ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് സ്വല്പം തുളസിയിലയും രണ്ടുമണി കുരുമുളകും ചതച്ചിട്ട് കഷായംവെച്ച് ശര്‍ക്കര ചേര്‍ത്ത് മൂന്നു ടീസ്​പൂണ്‍ വീതം പലവട്ടമായി കൊടുക്കാം. പനിയുള്ളപ്പോള്‍ കൊമ്പഞ്ചാദി ഗുളികയോ ഗോരോചനാദി ഗുളികയോ ഒരെണ്ണം മുലപ്പാലിലരച്ച് ദിവസം മൂന്നുനേരമായി കൊടുക്കാം. കടുകുരോഹിണി അരച്ച് സ്തനത്തില്‍ തേച്ച് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടിയാലും മതി. മുക്കാമുക്കടുവാദി ഗുളിക, അമൃതാരിഷ്ടം എന്നിവ വൈദ്യനിര്‍ദേശപ്രകാരം കൊടുക്കാം.
ശ്വാസം മുട്ടല്‍, ചുമ
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടമായി കഴിക്കാന്‍ കൊടുക്കുക. കഫശല്യംകൊണ്ട് മൂക്കടഞ്ഞുപോയാല്‍ മുരിങ്ങയില നീരില്‍ ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ പൊടിച്ച് ചേര്‍ത്ത് മൂര്‍ധാവില്‍ കുഴമ്പിടുക. ചുക്ക്, ഇരട്ടിമധുരം, തിപ്പലി ഇവ പൊടിച്ച് തേനില്‍ ചാലിച്ച് കുറേശ്ശെയായി അലിയിച്ചിറക്കാന്‍ കൊടുക്കാം. പേരയില, തുളസിയില ഇവയിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളിക്കുന്നതും നല്ലതാണ്.
രോഗപ്രതിരോധത്തിന്
ശാരീരികമായ ശുചിത്വം കുഞ്ഞുനാളില്‍തന്നെ ശീലിപ്പിച്ചു തുടങ്ങണം. ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്. ദിവസവും രാത്രി ത്രിഫല ചൂര്‍ണം തേനും നെയ്യും ചേര്‍ത്ത് കഴിപ്പിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. ഇന്ദുകാന്തഘൃതം, രജന്യാദിചൂര്‍ണം, ബാലാമൃതം, സുവര്‍ണ മുക്താദി ഗുളിക എന്നിവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ദിവസവും രണ്ടു നെല്ലിക്ക കഴിക്കാന്‍ കൊടുക്കുന്നതും നന്ന്. രണ്ടു വയസ്സു മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇത് നല്‍കാം.
അപസ്മാരം
പല്ലുകടിക്കുക, നുര ഛര്‍ദ്ദിക്കുക, കൈകാലുകള്‍ നിലത്തിട്ടടിക്കുക, കണ്ണുകള്‍ മേലോട്ട് മറിയുക എന്നിവ അപസ്മാര ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ അല്‍പ സമയത്തേക്കു മാത്രം നീണ്ടുനില്‍ക്കുന്നവയാണ്. ആ സമയം കുട്ടിക്ക് ബോധക്ഷയം ഉണ്ടാകും. ചില കുട്ടികളില്‍ ഇത് കൂടെക്കൂടെ വരാറുണ്ട്. ബോധം ക്ഷയിച്ച സമയത്ത് വെളുത്തുള്ളിയുടെ നീരില്‍ മുലപ്പാല്‍ ചേര്‍ത്ത് മൂക്കില്‍ വലിപ്പിക്കുന്നത് (നസ്യം ചെയ്യുക) നല്ലതാണ്. ബ്രഹ്മീഘൃതം, പഞ്ചഗവ്യ ഘൃതം, നിര്‍ഗുണ്യാദി ഗുളിക, അശ്വഗന്ധാരിഷ്ടം എന്നിവ വൈദ്യനിര്‍ദേശപ്രകാരം കഴിക്കാന്‍ കൊടുക്കാം. പഴയഘൃതം, മഹാഭൂതരാവ ഘൃതം എന്നിവ കുട്ടിയുടെ സന്ധികളില്‍ തൊട്ടുതടവുന്നതും അപസ്മാരം ശമിപ്പിക്കും.കഠിനമായ പനി വരുമ്പോള്‍ ചില കുട്ടികളില്‍ അപസ്മാരം വരാറുണ്ട്. ഈ കുട്ടികളില്‍ തുണി നനച്ച് നെറ്റിയില്‍ ഇടുന്നതും നനഞ്ഞ തുണികൊണ്ട് ശരീരത്തില്‍ ചുറ്റിപ്പിടിക്കുന്നതും നന്നായിരിക്കും.
മുത്തേ.... മാമുണ്ണാന്‍ വാ...
കുഞ്ഞ് ആഹാരം കഴിക്കുന്നില്ല എന്നു പരാതി പറയാത്ത അമ്മമാര്‍ ചുരുക്കമായിരിക്കും. മിക്ക അമ്മമാര്‍ക്കും സംശയമാണ് കുഞ്ഞിന് നല്‍കുന്ന ഭക്ഷണം തികയുന്നുണ്ടോയെന്ന്. കുഞ്ഞിന് ചിരിയും കളിയുമുണ്ടോ? സുഖമായി ഉറങ്ങുന്നുണ്ടോ? ആവശ്യത്തിന് തൂക്കമുണ്ടോ? ഈ ചോദ്യങ്ങള്‍ക്കൊക്കെ 'അതെ' എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ കുഞ്ഞ് ആവശ്യമുള്ള ഭക്ഷണം കഴിക്കുന്നുണ്ട് എന്നു മനസ്സിലാക്കാം.ആദ്യത്തെ 3 മാസം: പ്രസവിച്ച ആദ്യത്തെ മൂന്നു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. ഈ പ്രായത്തില്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് മുലയൂട്ടണം. അമ്മയ്ക്ക് പനിയോ ജലദോഷമോ ഉള്ളപ്പോഴും കുഞ്ഞിനെ പാലൂട്ടാം. ഇത് കുഞ്ഞിന് പ്രതിരോധശേഷി കൂട്ടുകയേയുള്ളൂ. ആവശ്യത്തിന് മുലപ്പാല്‍ ഉണ്ടാവാന്‍ അമ്മമാര്‍ മുരിങ്ങയില തോരന്‍ വെച്ചു കഴിക്കുന്നത് നന്നായിരിക്കും. ശതാവരി പാല്‍ക്കഷായം, ഉഴുന്നും ചെറൂളവേരും ചേര്‍ത്തുള്ള പാല്‍ക്കഷായം എന്നിവ സേവിക്കുന്നതും മുലപ്പാല്‍ വര്‍ധിപ്പിക്കും.
3-6 മാസം:മൂന്നു മാസത്തിനു ശേഷം ആറുമാസം വരെ നാലു മണിക്കൂര്‍ ഇടവിട്ട് മുലയൂട്ടിയാല്‍ മതി. മുലപ്പാലിനു പുറമെ കുന്നന്‍കായ ഉണക്കിപ്പൊടിച്ച് അല്പം പശുവിന്‍പാല്‍ ചേര്‍ത്ത് കുറുക്കാക്കികൊടുക്കാം. നേന്ത്രപ്പഴം പുഴുങ്ങി നാരുകളഞ്ഞ് അല്പം പാലോ കല്‍ക്കണ്ടമോ ചേര്‍ത്ത് ഉടച്ചു കൊടുക്കുന്നതും റാഗി വിരകി നല്‍കുന്നതും നല്ലതാണ്.
6 മാസം-ഒരു വയസ്സ്:ആറു മാസത്തിനുശേഷം നവരയരി ഉണക്കിപ്പൊടിച്ചത്, പഴച്ചാറുകള്‍, ഉടച്ച പാകത്തില്‍ ചോറ്, പരിപ്പുവര്‍ഗങ്ങള്‍, മുട്ട എന്നിവ കൊടുത്തുതുടങ്ങണം. മുലയൂട്ടല്‍ അഞ്ച് മണിക്കൂര്‍ കൂടുമ്പോള്‍ ഒരിക്കലാകാം. നെയ്യും വെണ്ണയും ഈ പ്രായക്കാരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല ആരോഗ്യവും നിറവും കിട്ടും.
ഒരു വയസ്സിനു മുകളില്‍: ഒരു വയസ്സായാല്‍ വീട്ടിലുണ്ടാക്കുന്ന എല്ലാ ആഹാരവും കൂട്ടിക്ക് കൊടുക്കാം. ഒരു വയസ്സാകുമ്പോള്‍ കുഞ്ഞിന് അമ്മ കഴിക്കുന്നതിന്റെ നാലിലൊന്ന് ആഹാരം ആവശ്യമാണ്. ഈ പ്രായത്തില്‍ കുഞ്ഞിന് കളിയില്‍ കൂടുതല്‍ താത്പര്യമുള്ളതിനാല്‍ കളിക്കിടയില്‍ കഴിപ്പിക്കുക, മറ്റു കുഞ്ഞുങ്ങളോടൊപ്പം കഴിപ്പിക്കുക, കുഞ്ഞിനു മാത്രമായി ആകര്‍ഷകമായ പാത്രത്തില്‍ ഭക്ഷണം കൊടുക്കുക എന്നിവ പ്രയോജനം ചെയ്യും. ഒരു വയസ്സിനുമേല്‍ പ്രായമായ കുട്ടികളുടെ ഭക്ഷണത്തില്‍ തൈരും മോരും പ്രധാന മാണെങ്കിലും ജലദോഷം, ശ്വാസംമുട്ട്, ചുമ തുടങ്ങിയ അസുഖമുള്ളപ്പോള്‍ ഇവ ഒഴിവാക്കണം. ഒരു വയസ്സ് കഴിഞ്ഞ കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ ഇലക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. ചീരയില, മുരിങ്ങയില, കാബേജ് എന്നിവ കാല്‍സ്യം കൂടുതലുള്ളവയാണ്. മാംസം കുഞ്ഞുങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതാണ് നല്ലത്. മത്സ്യം നല്‍കാം. ചെറിയതരം മീനുകളുമാണ് നല്ലത്. കുട്ടികള്‍ക്ക് തടികൂടുമ്പോള്‍ അമ്മമാര്‍ അവര്‍ക്ക് ഡയറ്റിങ്ങും ഫാസ്റ്റിങ്ങും ഏര്‍പ്പെടുത്തും. രണ്ടും അപകടമാണ്. ഭക്ഷണം കുറയ്ക്കാതെ വ്യായാമം കൂട്ടുകയാണ് വേണ്ടത്. മധുരവും കൊഴുപ്പുമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുകയും വേണം. വെള്ളം ആവശ്യത്തിന് കൊടുക്കാന്‍ ശ്രദ്ധിക്കണം. ഒരു വയസ്സു മുതല്‍ മൂന്നു വയസ്സുവരെയുള്ളവര്‍ക്ക് ദിവസം 56 ഗ്ലാസ് വെള്ളം കൊടുക്കണം. മൂന്നു വയസ്സു മുതല്‍ 810 ഗ്ലാസ് വെള്ളം കുടിക്കാന്‍ കൊടുക്കാം.
ഭക്ഷണം കഴിക്കാന്‍ മടി
വായ്പ്പുണ്ണ്, വയറില്‍ അസ്വസ്ഥത എന്നിവയുള്ള കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുക സ്വാഭാവികമാണ്. അതു മനസ്സിലാക്കി അതിനനുസരിച്ചുള്ള മരുന്നുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. മുത്തങ്ങ മൊരി കളഞ്ഞത് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഉരച്ചുകൊടുത്താല്‍ വായ്പ്പുണ്ണ് കുറയും. വയമ്പരച്ച് തേന്‍ ചാലിച്ച് കൊടുക്കുന്നതും നല്ലതാണ്. ഒരു വയസ്സു കഴിഞ്ഞ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്നത് ആഹാരശീലം ഇഷ്ടപ്പെടാത്തതുകൊണ്ടുകൂടിയാകാം. ഒരേ ആഹാരം ഒരാഴ്ച മുഴുവന്‍ കഴിക്കേണ്ടിവന്നാല്‍ ഏതു കുട്ടിക്കും മടുപ്പ് വരും. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും വ്യത്യസ്ത വിഭവങ്ങള്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. കുട്ടി കഴിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുക.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate