অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രളയജലം കുടിക്കരുത്..ഇവയും ശ്രദ്ധവേണം

പ്രളയജലം കുടിക്കരുത്..ഇവയും ശ്രദ്ധവേണം

പ്രളയം അവസാനിക്കുന്നത് വരെ ആരോഗ്യം, ഭക്ഷണം എന്നീ കാര്യങ്ങളിലാണ് ഏറ്റവുമധികം ജാഗ്രത പുലര്‍ത്തേണ്ടത്. പാകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയ വസ്തുക്കള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്തതിന് ശേഷം ഉപയോഗിക്കുക. പ്രളയം ശമിക്കുന്നത് വരെ അത്യാവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ കരുതി വെക്കണം. വിശപ്പിന്റെ ദൈര്‍ഘ്യം കുറക്കുന്ന ഭക്ഷണ സാധനങ്ങള്‍ പരമാവധി കഴിക്കാന്‍ ശ്രമിക്കുക. മലിനജലവുമായി സംയോജിച്ച്‌ വരുന്ന വെള്ളമായതു കൊണ്ട് തന്നെ പ്രളയജലം പകര്‍ച്ച പനികള്‍ക്കും മറ്റു മാരക രോഗങ്ങള്‍ക്കും കാരണമാകുന്നതാണ്. പകരം മഴവെള്ളം ശേഖരിച്ച്‌ കുടിക്കാവുന്നതാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും ഏലി മൂത്രത്താല്‍ മലിനമായിരിക്കുവാന്‍ ഇടയുള്ളതിനാല്‍ അവ ഉപയോഗിക്കരുത്. ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയില്‍ പോലും പ്രളയജലം കുടിക്കരുത്. ദുരിതജലം മറ്റൊരു മാരക ദുരന്തമാണ് സൃഷ്ടിക്കുക. ഈച്ച ശല്യം ഒഴിവാക്കുന്നതിനായി ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തേക്ക് വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക. പ്രളയജലത്തില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.
പ്രളയക്കെടുതിയില്‍ രണ്ടേകാല്‍ ലക്ഷത്തില്‍പരം പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലുത്തിയിട്ടുണ്ട്. വിശപ്പു മാറ്റാനുള്ള ഭക്ഷണമോ മതിയായ വസ്ത്രമോ ശുചിമുറി സൗകര്യങ്ങളോ ഇല്ലാതെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിച്ചു കൂട്ടുന്നവര്‍ നിരവധിയാണ്. അഞ്ഞൂറും അറുനൂറും പേരോളമാണ് ഓരോ ദുരിതാശ്വാസ ക്യാമ്ബുകളിലും താമസിക്കുന്നത്. ഇവിടം നേരിടുന്ന പ്രധാന ഭീഷണിയാണ് അനാരോഗ്യകരമായ അന്തരീക്ഷം. പല കാരണങ്ങളാലും ആരോഗ്യത്തിനു വേണ്ടവിധം പരിചരണം നല്‍കാന്‍ കഴിയാതിരിക്കാറുണ്ട്. ഇന്‍ഫോ ക്ലിനിക് അംഗം കൂടിയായ ഡോക്ടര്‍ പല്ലവി ഗോപിനാഥന്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ നിരത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപത്തിലേക്ക്
പ്രളയത്തെ കേരളം ഇച്ഛാശക്തി കൊണ്ട് നേരിടുന്ന അതിജീവനത്തിന്റെ ഈ സമയത്ത് ചില ചെറിയ ആരോഗ്യ നിര്‍ദേശങ്ങള്‍
ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്കായി
  • വെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക. പച്ചവെള്ളം കലര്‍ത്തിയ ചൂടുവെള്ളം കൊണ്ട് കാര്യമില്ല എന്ന് ഓര്‍ക്കുക.
  • ജീവിതശൈലീ രോഗങ്ങള്‍ക്കോ, ദീര്‍ഘകാലമായുള്ള മറ്റു രോഗങ്ങള്‍ക്കോ മരുന്നുകള്‍ കഴിച്ചിരുന്നവര്‍, മരുന്നു മുടക്കാതെ ശ്രദ്ധിക്കുക. ദുരിതാശ്വാസ ക്യാമ്ബുകളില്‍ സഹായം എത്തിക്കുന്നവര്‍ ഇക്കാര്യം കൂടി കരുതിയാല്‍ നന്നാവും.
  • നവജാതശിശുക്കള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ക്യാമ്ബുകളില്‍ ഉള്ള നവജാതശിശുക്കളെ തണുപ്പേല്‍ക്കാതെ ശ്രദ്ധിക്കുക. കൂടുതല്‍ ആളുകള്‍ എടുക്കുക വഴി അണുബാധ ഉണ്ടാകാം എന്നതിനാല്‍ ആ പ്രവണത ഒഴിവാക്കണം.
  • മുലയൂട്ടുന്ന അമ്മമാര്‍ മുലയൂട്ടല്‍ തുടരണം. സുരക്ഷിതമായ കുടിവെള്ളം നന്നായി കുടിക്കണം.
  • കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകളുടെ തീയതി ആയിട്ടുണ്ടാവാം. അഥവാ എടുക്കാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ടതില്ല. സാധ്യമായ ഏറ്റവും അടുത്ത അവസരത്തില്‍ എടുത്താല്‍ മതി.
  • പഴകിയ ആഹാരം ഉപയോഗിക്കാതിരിക്കുക. അഥവാ ഭക്ഷണം ബാക്കി വന്നാല്‍ മൂടി വയ്ക്കുക. കഴിയുന്നിടത്തോളം ക്യാമ്ബുകളില്‍ അതാതു നേരത്തെ ആഹാരം മാത്രം ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക.
  • സംഭാവന ആയി എത്തുന്ന ഭക്ഷണസാധനങ്ങള്‍, പാക്കറ്റില്‍ വരുന്ന, എളുപ്പത്തില്‍ കേടാകാത്ത ബിസ്‌കറ്റ്, റസ്‌ക് പോലെ ഉള്ളവ പാക്കറ്റു പൊട്ടിച്ചു സൂക്ഷിക്കാതിരിക്കുക.
  • കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക. ക്യാമ്ബുകളില്‍ പ്രത്യേകം ശ്രദ്ധിക്കുക, ജലജന്യ രോഗങ്ങള്‍ പകരാന്‍ ഉള്ള സാധ്യത കൂടുതലാണ്.
  • ക്യാമ്ബുകളില്‍ കുട്ടികള്‍ പട്ടി, പൂച്ച തുടങ്ങിയവയെ ഓമനിക്കുകയും തുടര്‍ന്നു കടിയേല്‍ക്കാനും സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതാണ്.
  • കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും തണുപ്പ് പ്രശ്‌നമായേക്കാം. ലഭ്യമായ വസ്ത്രങ്ങള്‍, പുതപ്പുകള്‍ ഉപയോഗിക്കുക, കഴിവതും നേരിട്ടു തണുപ്പേല്‍ക്കാത്ത ഇടങ്ങളില്‍ അവരെ ഇരുത്തുക. സഹായങ്ങള്‍ എത്തിക്കുന്നവര്‍ സ്വെറ്ററുകള്‍ കൂടി നല്‍കാന്‍ ശ്രമിക്കാം.
  • സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി
  • വെള്ളത്തിലിറങ്ങുന്നവര്‍- രക്ഷാപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍- എലിപ്പനിയെ പ്രതിരോധിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡോക്‌സിസൈക്ലിന്‍ മരുന്നു കഴിക്കേണ്ടതാണ്. വെള്ളത്തില്‍ പണിയെടുക്കുന്ന തൊഴിലുറപ്പുകാര്‍ക്ക് കഴിച്ചു പരിചയമുണ്ടാവും ഈ മരുന്ന്.
  • പ്രളയജലത്തില്‍ കുഴികളില്‍ വീണ് അപകടം ഉണ്ടായേക്കാം. പരിചയമില്ലാത്ത ഇടങ്ങളില്‍ ശ്രദ്ധിക്കുക. ഒരു വടി ഉപയോഗിച്ച്‌ മുന്നിലുള്ള തറ നിരപ്പ് ഉറപ്പാക്കി മാത്രം നടക്കുക.
  • പാമ്ബുകടിയേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ കഴിവതും മുകള്‍ഭാഗം മൂടുന്ന ചെരിപ്പുകള്‍ ഉപയോഗിക്കുക.
  • സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ സ്വയം രക്ഷ കൂടി കണക്കിലെടുക്കേണ്ടതുണ്ട് , പ്രത്യേകിച്ച്‌ പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകര്‍ അല്ലാത്ത ആളുകള്‍.
  • വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യത മനസില്‍ കരുതുക, അപകടം ഒഴിവാക്കാന്‍അ ശ്രദ്ധിക്കാം.
  • പ്രളയം പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ ഉള്ളവര്‍ക്കായി
  • അത്യാവശ്യ മരുന്നുകള്‍, ഓ ആര്‍ എസ് കരുതുക, സ്ഥിരം മരുന്നുകള്‍ നിര്‍ബന്ധമായും സൂക്ഷിക്കുക.
  • ആവശ്യത്തിനു കുടിവെള്ളം കരുതാം.
  • എമര്‍ജന്‍സി കിറ്റ് ഒരെണ്ണം ഉണ്ടാക്കി വയ്ക്കാം.
  • കിടപ്പിലായ രോഗികളെ മുന്‍കൂട്ടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമിക്കാവുന്നതാണ്.
  • ജാഗ്രതയോടെ, ഒരുമയോടെ നമുക്കു തരണം ചെയ്യാം പ്രളയത്തെ.
കടപ്പാട്:malayalam express

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate