অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹത്തെ അകറ്റാന്‍ കൊഴുപ്പ് നിയന്ത്രിക്കാം

പ്രമേഹത്തെ അകറ്റാന്‍ കൊഴുപ്പ് നിയന്ത്രിക്കാം

പ്രമേഹത്തെ അകറ്റാന്‍ കൊഴുപ്പ് നിയന്ത്രിക്കാം
സാംസ്കാരികമായും സാമ്പത്തികമായും മാത്രമല്ല, ബൌദ്ധികവും  ഔന്നിത്യത്തിലേക്ക് ഉയരുന്ന കേരള ജനത, സമൂഹത്തിന്റെ ആഴങ്ങളിലേക്ക് വേരുറപ്പിക്കുന്ന ഭയാനകമായ രോഗങ്ങളെക്കുറിച്ച് അറിയാനോ, പ്രതിരോധിക്കാനോ തല്‍പ്പരരല്ല. ആര്‍ഭാടപൂര്‍ണമായ ജീവിതം നയിക്കാന്‍ ആവുന്നത്ര ധനം, ഏതുവിധേനയും, സമാഹരിക്കാന്‍വേണ്ടിയുള്ള, ഭ്രാന്തമായ നെട്ടോട്ടത്തിനിടയില്‍, മൂകവും, ശാന്തപ്രകൃതവും, അതേസമയം കൈവിട്ടുപോയാല്‍ അതിഭീകരമായ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതുമായ രോഗങ്ങളെ വിസ്മരിക്കുന്നു. തീര്‍ത്തും അനഭിമതമായ ജീവിതശൈലിയിലൂടെ അവന്‍  അനാരോഗ്യം വാരിക്കൂട്ടുന്നു. തന്മൂലം മനുഷ്യായുസ്സിലെ ഏറ്റവും ക്രിയാത്മക പ്രായമെന്ന് വിശേഷിപ്പിക്കാവുന്ന 30കളിലും 40കളിലും ജനങ്ങള്‍ മഹാരോഗങ്ങളുടെ കൈപ്പിടിയിലൊതുങ്ങുന്നു. അത്തരം വിപത്തുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് പ്രമേഹം.
56 ദശാബ്ദം മുമ്പ് പ്രായമായവരുടെ രോഗം എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രമേഹം, ഇന്ന് യൌവനത്തിലും ബാല്യത്തിലും ഏറെ കാണപ്പെടുന്നുണ്ട്. വേഗമേറിയ ജീവിതചര്യകള്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചിട്ടകള്‍, തന്മൂലം വര്‍ധിത പിരിമുറുക്കങ്ങള്‍, അശാസ്ത്രീയ ഭക്ഷണരീതികള്‍, അധ്വാനരഹിതവും സുഖലോലുപവുമായ ദിനരാത്രങ്ങള്‍ എന്നിവ സമ്മാനിക്കുന്നതാണ് ഇത്തരം വിപത്തുകള്‍.
പ്രമേഹമെന്ന രോഗാവസ്ഥയ്ക്ക്, പാരമ്പര്യം എന്ന ഹേതു, വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേയുള്ളു. ഭൂരിഭാഗവും പ്രമേഹവും, മേല്‍പ്പറഞ്ഞ വ്യക്തിത്യാധിഷ്ഠിത കാരണങ്ങളാല്‍ വരുന്നതാണ്. അവയില്‍ പ്രധാനമായും വ്യായാമരഹിത ജീവിതവും അശാസ്ത്രീയവും അമിതവുമായ ഭക്ഷണരീതിയാണ്. ഇവ രണ്ടും ശരീരത്തിന്റെ വണ്ണവും, ഭാരവും വര്‍ധിപ്പിക്കുന്നു. അമിതവണ്ണം പ്രമേഹത്തിലേക്ക് നയിക്കാനും, അനിയന്ത്രിതമായി നിലകൊള്ളാനും, കാരണമാവുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ അമിതവണ്ണമുള്ളവര്‍, ഏഷ്യന്‍വംശജരെ താരതമ്യംചെയ്യുമ്പോള്‍ കൂടുതലാണ്. എന്നിരുന്നാലും പ്രമേഹബാധ ഏഷ്യന്‍ വംശജരിലാണ് ഏറെയും. പുറമേക്ക് കാണുന്ന തടി, തൊലിക്കടിയില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പുമൂലമാണ്. ഇവയെക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് ശരീരത്തിനകത്തുള്ള കൊഴുപ്പ്.  ഇത്തരത്തിലുള്ള കൊഴുപ്പ് ഏഷ്യന്‍വംശജരില്‍ വളരെ അധികമാണ്. അതിനാലാണ് ഇക്കൂട്ടരെ 'മെലിഞ്ഞ തടിയന്മാര്‍' (ഘലമി ീയലലെ ശിറശ്ശറൌമഹ) എന്ന് വിശേഷിപ്പിക്കുന്നതും, ഇവരില്‍ പ്രമേഹം, ഹൃദ്രോഗം എന്നിവ കൂടുതലായി കാണപ്പെടുന്നതും. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ശരീരഭാരഭേദമെന്യേ, വ്യായാമം, ഏവര്‍ക്കും അതീവ പ്രധാനംതന്നെ. വ്യായാമങ്ങളില്‍ നീന്തല്‍, വേഗംകുറഞ്ഞ ഓട്ടം,  കൈകള്‍വീശി വേഗത്തിലുള്ള നടത്തം,  വേഗത്തിലുള്ള സൈക്കിള്‍ചവിട്ടല്‍ എന്നിവയാണ് ഉത്തമരീതികള്‍.
ശരീരസൌന്ദര്യത്തിനുവേണ്ടി ഇക്കാലത്ത് യുവാക്കള്‍ ആശ്രയിക്കുന്ന ജിംനേഷ്യങ്ങളില്‍ ചിലയിടത്തൊക്കെ പേശിവര്‍ധനയ്ക്കുവേണ്ടി ചില കുത്തിവയ്പുകളും ഗുളികകളും, പൊടികളും മറ്റും നല്‍കുന്നു. ഇത്തരത്തിലുള്ള കൃത്രിമ ഉപായങ്ങള്‍ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ആഴ്ചയില്‍ ചുരുങ്ങിയത് 150 മിനിറ്റ്, ഏഴു ദിവസത്തില്‍ തുല്യമായി വീതിച്ച് വേണം വ്യായാമസമയം ചിട്ടപ്പെടുത്താന്‍. ശാസ്ത്രീയമായ രീതിയിലുള്ള യോഗാഭ്യാസമുറകള്‍, ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും, ദൃഢതയ്ക്കും കാരണമാവുന്നു.
സമയനിഷ്ഠ പ്രധാനം
കുട്ടികളില്‍ വളരെകുഞ്ഞുനാള്‍മുതലേ സമയനിഷ്ഠയോടുകൂടിയും, കൃത്യമായ അളവോടുകൂടിയുമുള്ള ഭക്ഷണരീതി ശീലിപ്പിക്കേണ്ടതുണ്ട്. കുട്ടികളെ നിര്‍ബന്ധിച്ച് അധിക അളവില്‍ ഭക്ഷണം കഴിപ്പിക്കുകയും, ഇടസമയങ്ങളില്‍ ലഘുഭക്ഷണങ്ങള്‍ കഴിപ്പിക്കുകയും ചെയ്യുകവഴി, അനാരോഗ്യമായ ഭക്ഷണശീലം അവരില്‍ ഉണ്ടാക്കുകയും തന്മൂലം വിവിധതരം ജീവിതശൈലിരോഗങ്ങള്‍ വരാനുള്ള  സാധ്യതയേറുകയും ചെയ്യുന്നു. ശൈശവത്തിലും, ബാല്യത്തിലും കണ്ടുവരുന്ന അമിതവണ്ണം ഇന്ന്, ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളിലെ ഭാവിതലമുറയ്ക്ക് വന്‍ ഭീഷണിയാണെന്ന് ലോകാരോഗ്യസംഘടന നിരീക്ഷിക്കുകയും അത് പ്രതിരോധിക്കാനായുള്ള നടപടി സ്വീകരിക്കാന്‍ ആഹ്വാനംചെയ്തിട്ടുമുണ്ട്.
പ്രമേഹംപോലുള്ള ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനായി, ശാസ്ത്രീയമായി തെളിയിച്ച് വികസിപ്പിച്ചെടുത്ത നിരവധി ഔഷധങ്ങള്‍ ഇന്ന് ലഭ്യമാണ്. അത് ഓരോ വ്യക്തിയുടെയും, ശാരീരിക, മാനസിക, സാമൂഹിക സാമ്പത്തിക ഘടനകളെ നിരീക്ഷിച്ച് പ്രയോഗിക്കേണ്ടതുണ്ട്. ശാസ്ത്രീയമായി പരിശീലനം നേടിയ ഡോക്ടര്‍മാരുടെ സേവനം ഇതിനായി ഉപയോഗിക്കേണ്ടതാണ്. അശാസ്ത്രീയ ചികിത്സാരീതികളും, അസംബന്ധങ്ങളായ ഉപദേശങ്ങളും, അവ നല്‍കുന്ന ആകര്‍ഷണീയമായ വാഗ്ദാനങ്ങളിലും അടിമപ്പെടാതെ, ജീവിതശൈലിയില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ വരുത്തിയും, ആവശ്യമെങ്കില്‍ ഔഷധപ്രയോഗം നടത്തിയും നമ്മുടെ സ്ഥൂലശരീരത്തെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്, അതിലുപരി കര്‍ത്തവ്യമാണ്.
ഭക്ഷണരീതിയില്‍ മാറ്റം വേണം
ഒരു ശരാശരി മലയാളിയുടെ തനതായ ഭക്ഷണരീതി എന്നും കൊതിയുളവാക്കുന്നതാണ്. അതിനെയാണ് രാസപദാര്‍ഥങ്ങള്‍കൊണ്ട് നിറവും, മണവും പകര്‍ന്ന്, രുചിവൈകൃതം വരുത്തി, മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഈ മണവും, നിറവും നല്‍കുന്ന മനോരഞ്ജിതയ്ക്കു പിറകില്‍ പതിയിരിക്കുന്ന അപകടങ്ങളെ നാം മനസ്സിലാക്കുന്നില്ല.  എരിവ്, ഉപ്പ്, പുളി എന്നിവയുടെയും, സുഗന്ധവ്യഞ്ജനക്കൂട്ടുകളുടെയും (മസാലകള്‍) അമിതോപയോഗം, മനുഷ്യനില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.
സമയംതെറ്റിയും അമിതവുമായ ഭക്ഷണരീതികള്‍ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്. പല ഭോജനശാലകളിലും ഭക്ഷണസാധനങ്ങള്‍ വറുക്കാന്‍ ഉപയോഗിക്കുന്ന എണ്ണ ദിവസങ്ങളോ, ആഴ്ചകളോ, ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. എണ്ണ ഇത്തരത്തില്‍ വറുക്കാനായി ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ അവയിലുള്ള 'സാച്ചുറേറ്റഡ് ഫാറ്റി ആസിഡിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുന്നു. ഇത് മനുഷ്യാരോഗ്യത്തിന് തികച്ചും ഹാനികരമാണ്.
പലതരം പഴങ്ങളും, പച്ചക്കറികളും മിക്സിയിലടിച്ച് ചാറുരൂപത്തില്‍ കുടിക്കുന്ന പ്രവണത മലയാളികളില്‍ ഏറെ കണ്ടുവരുന്നു. ഇത്തരം ചാറുകള്‍ ഉണ്ടാക്കുമ്പോള്‍ അവ അരിച്ച് അതിലടങ്ങിയ നാരുകള്‍ മുഴുവന്‍ നീക്കംചെയ്ത് താരതമ്യേന ഗുണലബ്ധി കുറവായ നീരു മാത്രം കൂടിക്കുന്നു. ചവച്ചരച്ച് കഴിച്ചാല്‍ ഗുണം പ്രദാനംചെയ്യുന്ന നാരുകളും കുരുകളും തിരസ്കരിക്കുന്നത് ശരിയായ രീതിയല്ല.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate