অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹം

പ്രാചീനകാലം തൊട്ട്‌ മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം. ആയുർവേദ ഗ്രന്ഥങ്ങളിൽ മധുമേഹം എന്നാണ്‌ ഈ അവസ്ഥയെ വിളിച്ചിരുന്നത്‌. രോഗിയുടെ മൂത്രത്തിൽ തേൻ പോലെയുള്ള ഏതോ പദാർത്ഥം ഉണ്ട്‌ എന്ന ധാരണയുടെ വെളിച്ചത്തിലാണ്‌ രോഗത്തിന്‌ മധുമേഹം എന്ന പേര്‌ നൽകിയത്‌. താരതമ്യേന പ്രായപൂർത്തിയായവരിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം സ്‌ത്രീയെയും പുരുഷനെയും ഏതാണ്ട്‌ ഒരുപോലെ ബാധിക്കും. ശക്തമായ പാരമ്പര്യ സ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്‌. 20 വയസു കഴിഞ്ഞവരിൽ മൂന്നു മുതൽ 5% വരെ ആളുകൾക്ക്‌ പ്രമേഹരോഗബാധയുണ്ടാകാം എന്ന്‌ കണക്കാക്കിയിരിക്കുന്നു. അതായത്‌ കേരളത്തിൽ 6 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്‌ക്ക്‌ പ്രമേഹരോഗികളുണ്ടെന്ന്‌ അർത്ഥം.

എന്താണ്‌ പ്രമേഹം?

രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ്‌ ക്രമാതീതമായി വർദ്ധിക്കുകയാണ്‌ പ്രമേഹരോഗത്തിന്റെ ആദ്യത്തേതും പ്രധാനവുമായ ലക്ഷണം. ഗ്‌ളൂക്കോസിന്റെ അളവ്‌ ഒരു പരിധിയിലധികമാകുമ്പോൾ അത്‌ മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന്‌ നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്‌. രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്‌, അകാരണമായ ക്ഷീണം, പെട്ടെന്ന്‌ ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്‌.

പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത്‌ തികച്ചും യാദൃശ്ചികമായിട്ടാണ്‌. മറ്റേതെങ്കിലും അസുഖവുമായി ചെല്ലുമ്പോൾ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ്‌ നിർണ്ണയം ആവശ്യപ്പെടുമ്പോഴാണ്‌ രോഗം കണ്ടുപിടിക്കുക. കൈയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസ്സാര വ്രണങ്ങൾ പോലും കരിയാൻ താമസിക്കുക, പെട്ടെന്ന്‌ കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗം സംശയിക്കാൻ ഇടനൽകുന്നു.

പ്രമേഹരോഗം എത്രതരം?

മുഖ്യമായും രണ്ടുതരം ഉണ്ട്‌.

1. ഫലപ്രദമായ രോഗനിയന്ത്രണത്തിന്‌ ഇൻസുലിൻ തുടർച്ചയായി ആവശ്യമായ പ്രമേഹം.

2. ഇൻസുലിന്റെ സഹായമില്ലാതെ തന്നെ ചികിത്സിച്ച്‌ നിയന്ത്രണവിധേയമാക്കാൻ സാധ്യമായ പ്രമേഹം.

ഇവയിൽ ഒന്നാമത്തെ ഗണത്തിൽ പെടുന്ന പ്രമേഹം താരതമ്യേന ചെറുപ്പക്കാരിലാണ്‌ കണ്ടുവരുന്നത്‌. ശരീരം വല്ലാതെ മെലിയുക ഒരു പ്രധാന ലക്ഷണമാണ്‌. രോഗനിർണ്ണയം ചെയ്‌താൽ ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമായി വരുന്നു.

രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന പ്രമേഹം താരതമ്യേന 40 വയസ്സ്‌ കഴിഞ്ഞവരിലാണ്‌ കൂടുതലായി പ്രത്യക്ഷപ്പെടുക. തടിച്ച ശരീരപ്രകൃതിയുള്ളവർക്ക്‌ ഇത്തരം പ്രമേഹം പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്‌. പക്ഷേ നമ്മുടെ നാട്ടിൽ കുറച്ചുകൂടി പ്രായം കുറഞ്ഞവരിലും മെല്ലിച്ച ശരീരപ്രകൃതിയുള്ളവരിലും ഈ പ്രമേഹം കണ്ടുവരാറുണ്ട്‌.

മുകളിൽ വിവരിച്ച രണ്ട്‌ വിഭാഗത്തിനും പുറമേ മുതിർന്ന കുട്ടികളിലും ചെറുപ്പക്കാരിലും അപൂർവ്വമായി പ്രത്യക്ഷപ്പെട്ടിരുന്ന ഒരുതരം പ്രമേഹം അറുപതുകളിലും എഴുപതുകളിലും കേരളത്തിലുണ്ടായിരുന്നു. കാലം ചെന്നപ്പോൾ അതിന്റെ പ്രാചുര്യം തീരെ കുറഞ്ഞു.

രോഗം എങ്ങനെയുണ്ടാകുന്നു ?

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വർദ്ധിക്കുകയാണ്‌ പ്രമേഹത്തിന്റെ കാതലായ ലക്ഷണം എന്ന്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും കോടിക്കണക്കിന്‌ കോശങ്ങളിലേക്ക്‌ ഗ്ലൂക്കോസ്‌ കടന്നുചെല്ലണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്‌. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ്‌ ആവശ്യമുള്ള അളവിൽ ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്നത്‌. ഈ കോശങ്ങളുടെ പ്രവർത്തക്ഷമത നശിച്ചാൽ രക്തത്തിൽ ഇൻസുലിന്റെ അളവ്‌ കുറയുകയും ഗ്ലൂക്കോസ്‌ വർദ്ധിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ്‌ രക്തത്തിൽ അധികരിക്കുമ്പോൾ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ചില വ്യക്തികളുടെ രക്തത്തിൽ ഇൻസുലിന്റെ പ്രവർത്തനത്തിനെ ചെറുക്കുന്ന ഘടകങ്ങൾ അധികരിച്ചും പ്രമേഹം പ്രത്യക്ഷപ്പെടാം. ശരീരത്തിലുള്ള ഇൻസുലിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ഇത്തരം പ്രമേഹം നിയന്ത്രിക്കാം.

രോഗനിർണ്ണയം ചെയ്യുന്നതെങ്ങനെ ?

മുൻപ്‌ വിവരിച്ച ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ പ്രമേഹരോഗം സംശയിക്കാം. മൂത്രത്തിൽ പഞ്ചസാരയുണ്ടോ എന്ന ലളിതമായ പരിശോധനയിലൂടെ പലപ്പോഴും രോഗനിർണ്ണയം ചെയ്യാനാകും. പക്ഷേ രോഗത്തിന്റെ കാഠിന്യം അറിയണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൃത്യമായും തിട്ടപ്പെടുത്തേണ്ടതുണ്ട്‌. സംശയാതീതമായ രോഗനിർണ്ണയത്തിന്‌ സ്വീകരിക്കുന്ന രീതി മറ്റൊന്നാണ്‌. കാലത്ത്‌ വെറും വയറ്റിൽ സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്നു. രക്തം എടുത്ത ഉടനെ 75 ഗ്രാം ഗ്ലൂക്കോസ്‌ ഒരു പാനീയമായി നൽകി കൃത്യം രണ്ട്‌ മണിക്കൂറിനുശേഷം സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ വീണ്ടും നിർണ്ണയിക്കുന്നു. ഇത്‌ സാധിച്ചില്ലെങ്കിൽ നല്ലതുപോലെ ആഹാരം കഴിച്ച്‌ 2 മണിക്കൂറിനുശേഷം രക്തതത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്ന മറ്റൊരു രീതിയും ഉണ്ട്‌.

പ്രമേഹരോഗ ചികിത്സ എങ്ങനെ ?

ഫലപ്രദമായ രോഗചികിത്സയ്‌ക്ക്‌ പൊതുവായി അംഗീകരിച്ച ചില തത്വങ്ങൾ ഉണ്ട്‌, ഔഷധചികിത്സ (അവശ്യം വേണ്ടവർക്ക്‌), ആഹാരനിയന്ത്രണം, വ്യായാമം, ശരീര ഭാരനിയന്ത്രണം എന്നിവയാണിവ.

ഈ തത്വങ്ങളുടെ കുടക്കീഴിൽ നിന്നുകൊണ്ട്‌ ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും രോഗത്തിന്റെ പ്രത്യേകതകളും കണക്കിലെടുത്തതിനുശേഷം ഡോക്‌ടർ ചികിത്സ നിശ്ചയിക്കുന്നു. ഇൻസുലിൻ ആവശ്യമുള്ള രോഗികൾക്ക്‌ തക്കതായ അളവിൽ അനുയോജ്യമായ തരത്തിലുള്ള ഇൻസുലിൻ കുത്തിവയ്‌പ്പ്‌ നിർദ്ദേശിക്കുന്നു. ഗുളികകളാണ്‌ വേണ്ടതെങ്കിൽ ഏറ്റവും പറ്റിയതരം ഗുളികകൾ, ആവശ്യമുള്ള മാത്രയിൽ ശുപാർശ ചെയ്യുന്നു.

ഔഷധചികിത്സ ഏതുതരമായാലും ശരി പ്രമേഹരോഗനിർണ്ണയത്തിന്‌ ആവശ്യം വേണ്ട ചില ശീലങ്ങളാണ്‌ വ്യായാമം, ആഹാരനിയന്ത്രണം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവ.

a. വ്യായാമം

മരുന്നുപോലെയോ, അതിനെക്കാൾ പ്രധാനമോ ആണ്‌ രോഗനിയന്ത്രണത്തിൽ വ്യായാമത്തിനുള്ള പങ്ക്‌. പതിവായുള്ള വ്യായാമം ഇൻസുലിന്റെ ആവശ്യകതയെ കുറയ്‌ക്കുന്നതോടൊപ്പം ഉള്ള ഇൻസുലിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗുളിക ചികിത്സ വേണ്ടവർക്ക്‌ ഗുളികയുടെ ആവശ്യകതയും തൻമൂലം കുറയുന്നു.

ഇന്ന തരത്തിലുള്ള വ്യായാമം എന്ന്‌ കർക്കശമായ ചിട്ടകളൊന്നും ഇല്ല. അവരവർക്ക്‌ ചെയ്യാവുന്നത്‌, കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും ശരീരം നന്നായി വിയർക്കുന്ന തരത്തിലുള്ള വ്യായാമം ചെയ്‌താൽ മതി. ഉദാഹരണത്തിന്‌ ദിവസം അരമണിക്കൂർ സാമാന്യ വേഗത്തിലുള്ള നടത്തം ആർക്കും ചെയ്യാവുന്നതാണ്‌.

b. ആഹാരനിയന്ത്രണം

ഔഷധങ്ങളെപ്പോലെയോ, പലപ്പോഴും അതിലേറെയോ പ്രാധാന്യം പ്രമേഹരോഗനിയന്ത്രണത്തിൽ ആഹാരക്രമീകരണത്തിനുണ്ട്‌. ഒരു പ്രധാന തത്വം, ആഹാരത്തിന്റെ അളവ്‌ ഓരോ വ്യക്തിക്കും ശരീരഭാരം ഉചിതമായ തോതിൽ നിയന്ത്രിച്ച്‌ നിർത്താൻതക്കവണ്ണം ക്രമീകരിക്കുക എന്നതാണ്‌. ഇതിനർത്ഥം ഭാരം കൂടിയവർക്ക്‌ ആഹാരത്തിന്റെ അളവിൽ കുറവും കുറഞ്ഞവർക്ക്‌ ആഹാരത്തിന്റെ അളവിൽ വർദ്ധനവും വരുത്തണമെന്നാണ്‌. ഇതിനുപരിയായി ഒരു പ്രമേഹരോഗി അനുവർത്തിക്കേണ്ട മറ്റു ചില ആഹാരശീലങ്ങളുണ്ട്‌. അവ ചുവടെ ചേർക്കുന്നു.

1. മിഠായി, മറ്റ്‌ മധുരപലഹാരങ്ങൾ, മധുരമുള്ള പഴങ്ങൾ, തേൻ, തുടങ്ങിയവ കഴിവതും വർജിക്കുക.

2. അമിതമായ തോതിൽ കൊഴുപ്പ്‌ ഉപയോഗിക്കാതിരിക്കുക.

3. ആഹാരത്തിൽ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

4. ഇലക്കറികൾ, മലക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തുക.

5. മാംസഭുക്കുകൾ ഇറച്ചിക്ക്‌ പകരം മൽസ്യം സമൃദ്ധമായി ഉപയോഗിക്കുക.

6. മരച്ചീനി, ഉരുളക്കിഴങ്ങ്‌ എന്നിവയുടെ ഉപയോഗം വല്ലപ്പോഴുമാക്കുക.

7. പാലിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.

പ്രമേഹരോഗികൾ അരിയാഹാരം വർജിച്ച്‌ ഗോതമ്പ്‌ കഴിക്കുന്നത്‌ നല്ലതാണ്‌ എന്നൊരു ധാരണ നമ്മുടെ നാട്ടിൽ പ്രചുരമായുണ്ട്‌. ഈ ധാരണയ്‌ക്ക്‌ യാതൊരു ശാസ്‌ത്രീയാടിസ്ഥാനവുമില്ല. രണ്ട്‌ ധാന്യങ്ങളിലും മുഖ്യഘടകം അന്നജം തന്നെയാണ്‌.

c. ശരീരഭാരം നിയന്ത്രണം

ആഹാരം ക്രമീകരിക്കുന്നതിലൂടെയും അനുയോജ്യമായ വ്യായാമമുറകളിലൂടെയും ശരീരഭാരം വേണ്ട രീതിയിൽ നിയന്ത്രിച്ച്‌ നിർത്താൻ ആർക്കും സാധിക്കും.

രോഗനിയന്ത്രണത്തിൽ വീഴ്‌ച വരുത്തിയാൽ

ആരംഭത്തിൽതന്നെ രോഗനിർണ്ണയം ചെയ്‌ത്‌ തക്കതായ ചികിത്സാ രീതികൾ അവലംബിച്ചാൽ അല്ലലില്ലാത്ത ഒരു ദീർഘജീവിതം ഏത്‌ പ്രമേഹരോഗിക്കും സാധ്യമാകും. നേരേ മറിച്ച്‌ വളരെ വൈകിമാത്രം രോഗനിർണ്ണയംചെയ്യുകയോ രോഗം കണ്ടുപിടിച്ചാൽതന്നെ അത്‌ ഗൗരവമായി എടുക്കാതെ അലക്ഷ്യമായി മുന്നോട്ടു പോകുകയോ ചെയ്‌താൽ ഗുരുതരമായ ഭവിഷ്യത്തുകൾ തീർച്ചയാണ്‌. അവയിൽ പ്രധാനമായവ ചുവടെ ചേർക്കുന്നു.

a. വൃക്കരോഗങ്ങൾ

b. നാഡിരോഗങ്ങൾ

c. നേത്രരോഗങ്ങൾ

d. ഡയബറ്റിക്‌ കോമാ (ബോധക്ഷയം)

a. വൃക്കരോഗങ്ങൾ

അലക്ഷ്യജീവിതം നയിക്കുന്ന പ്രമേഹരോഗിയുടെ വൃക്കകൾ തകരാറിലാവാനുള്ള സാദ്ധ്യത വളരെയധികമാണ്‌. വൃക്കകൾക്ക്‌ സ്ഥായിയായ തകരാറുണ്ടായി, രക്തത്തിൽ അവശ്യം വേണ്ട അൽബ്യൂമിൻ എന്ന മാംസ്യം ധാരാളമായി പുറത്തുപോയി ശരീരമാസകലം നീരുണ്ടാകുന്നു. ശരീരത്തിൽ ഉൽപാദിക്കപ്പെടുന്ന വിസർജ്യവസ്‌തുക്കൾ പുറംതള്ളാനുള്ള കഴിവ്‌ വൃക്കകൾക്ക്‌ നഷ്‌ടപ്പെടുന്നു. ഇവ രക്തത്തിൽ അധികരിച്ച്‌ തലച്ചോറിന്റെ പ്രവർത്തനം തകരാറിലായി ബോധക്ഷയവും അകാലത്തിൽ മരണവും സംഭവിക്കുന്നു.

b. നാഡീരോഗങ്ങൾ

കൈകാലുകളിൽ പുകച്ചിൽ, നീറ്റൽ, തരിപ്പ്‌ എന്നീ ലക്ഷണങ്ങളോടു കൂടി ആരംഭിച്ച്‌ മാംസപേശികളുടെതന്നെ പ്രവർത്തനക്ഷമത കാലക്രമത്തിൽ ഇല്ലാതാകുന്നു. ചികിത്സ കൊണ്ട്‌ കാര്യമായ പ്രയോജനം പ്രതീക്ഷിക്കേണ്ട.

c. നേത്രരോഗങ്ങൾ

പ്രമേഹം ശരിയായി നിയന്ത്രിക്കാത്ത ആളുകൾക്ക്‌ അകാലത്തിൽ തിമിരം ബാധിക്കുക സാധാരണയാണ്‌. അതിലേറെ ഗുരുതരം, പ്രമേഹരോഗികളുടെ നേത്രപടലത്തിലുണ്ടാകുന്ന രക്തസ്രാവമാണ്‌. ഇവ അധികരിക്കുമ്പോൾ ശാശ്വതമായ അന്ധതയ്‌ക്ക്‌ കാരണമാകും. മേൽ പ്രസ്‌താവിച്ച ഭവിഷ്യത്തുകൾക്കുപരിയായി രക്തസമ്മർദ്ദം, തലച്ചോറിന്റെ രക്തസ്രാവം, കൈകാലുകളിലെ ധമനീ രോഗങ്ങൾ, ഹൃദയാഘാതം എന്നിവയും പ്രമേഹരോഗബാധിതരിൽ കൂടുതലാണ്‌.

d. ഡയബറ്റിക്‌ കോമാ അഥവാ ബോധക്ഷയം.

രോഗനിയന്ത്രണത്തിൽ ഒട്ടും ശ്രദ്ധിക്കാതെ അലക്ഷ്യമായി കഴിയുന്നവരിലും രോഗനിർണ്ണയം ചെയ്യാതെ രോഗം മൂർച്ഛിച്ചവരിലും ചിലപ്പോൾ പെട്ടെന്നുണ്ടാകുന്ന ഒരു ലക്ഷണമാണ്‌ ബോധക്ഷയം അഥവാ ഡയബറ്റിക്‌ കോമാ. ഈ സന്ദർഭങ്ങളിൽ രോഗിയുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ്‌ വളരെ മടങ്ങ്‌ വർദ്ധിച്ചിരിക്കും. തലച്ചോറിനെ ബാധിക്കുന്ന ചില വിഷവസ്‌തുക്കൾ രക്തത്തിലും മൂത്രത്തിലും അധികരിക്കും. അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ചികിത്സിക്കേണ്ട ഒരു അവസ്ഥയാണ്‌ ഇത്‌.

ചികിത്സാവേളയിലുണ്ടാകുന്ന ബോധക്ഷയം.

അപൂർവ്വമായാണെങ്കിലും ചിലപ്പോൾ ഇൻസുലിന്റെയോ ഗുളികകളുടെയോ മാത്ര അധികരിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പെട്ടെന്ന്‌ കുറയുകയും രോഗി അർദ്ധബോധാവസ്ഥയിലേക്കോ അബോധാവസ്ഥയിലേക്കോ നീങ്ങുകയും ചെയ്യുന്നു. പെട്ടെന്ന്‌ ശരീരം വിയർക്കുക, ശരീരമാകെ തണുക്കുക, നാഡിമിടിപ്പിന്റെ തോത്‌ കുറയുക, നാക്ക്‌ കുഴയുക എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ. ഉടൻതന്നെ പഞ്ചസാര, ഗ്ലൂക്കോസ്‌, കരിക്കിൻവെള്ളം, തേങ്ങാവെള്ളം എന്നിവയിലേതെങ്കിലും കഴിക്കുക.

പ്രമേഹരോഗവും നാടൻ ഔഷധങ്ങളും

ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ശിലാജിത്ത്‌ എന്ന ധാതു ചക്കരകൊല്ലി, പൊൻകുരണ്ടി, ഉലുവ, പാവയ്‌ക്ക എന്നിവയിലും ഇവയിലൊന്നും പെടാത്ത അനേകം ഔഷധച്ചെടികളിലും നിലവിലുണ്ട്‌. ഇവയിൽ ചിലതിനൊക്കെ താൽക്കാലികമായി ചെറിയ തോതിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കുറക്കാനുള്ള കഴിവുണ്ട്‌. ഇത്തരം ഔഷധങ്ങളിൽ അന്ധമായ വിശ്വാസം അർപ്പിച്ച്‌ ശാസ്‌ത്രീയ ചികിത്സാക്രമം ഉപേക്ഷിക്കുന്നവർ അകാലമൃത്യുവും ഗുരുതരമായ ഭവിഷ്യത്തുകളുമാണ്‌ വിളിച്ചുവരുത്തുന്നത്‌.

പ്രമേഹം ഒരിക്കൽ പ്രത്യക്ഷപ്പെട്ടാൽ ജീവിതകാലം മുഴുവൻ ഒരു വ്യക്തി പ്രമേഹബാധിതനാണ്‌. ക്ഷയരോഗമോ വയറിളക്കമോ ചികിത്സിച്ചു മാറ്റുന്നതുപോലെ പ്രമേഹത്തിൽ നിന്ന്‌ പൂർണ്ണമായും ആർക്കും മോചനം ലഭിക്കുന്നില്ല. പക്ഷേ ശരിയായ സമീപനത്തിലൂടെ, രോഗത്തിന്റെ ലക്ഷണങ്ങളെല്ലാം അമർച്ച ചെയ്‌ത്‌ പൂർണ്ണ ആരോഗ്യത്തോടെ ദീർഘജീവിതം നയിക്കാൻ ഏത്‌ പ്രമേഹരോഗിക്കും സാധിക്കും.

നാം എത്ര ശ്രമിച്ചാലും പ്രമേഹം മനുഷ്യസമൂഹത്തിൽ നിന്നും തുടച്ചു മാററാൻ സാധിക്കില്ല. ശക്തമായ പാരമ്പര്യ സ്വഭാവമുള്ള രോഗമാണ്‌ പ്രമേഹം. പക്ഷേ ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ രോഗം പ്രത്യക്ഷപ്പെടുന്നത്‌ വൈകിക്കാനും, രോഗം പിടിപെട്ടാൽ ഫലപ്രദമായി നിയന്ത്രിച്ച്‌, ദീർഘജീവിതം നയിക്കുവാനും നമുക്കേവർക്കും സാധിക്കും. അതാവണം നമ്മുടെ ലക്ഷ്യം.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate