অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിത്യാരോഗ്യ വിവരങ്ങള്‍

നിത്യാരോഗ്യ വിവരങ്ങള്‍

നടുവേദന അകറ്റാൻ മാർജാരാസനം

ആദ്യ കാലത്ത് പന്ത്രണ്ട് മണിക്കൂറിലേറെ കംപ്യൂട്ടറിന്റെ മുന്നിലേക്കാഞ്ഞിരുന്ന് ജോലി ചെയ്യുന്നവർക്ക് കാലക്രമേണ കടുത്ത നടുവേദനയ്ക്ക് സാധ്യതയുണ്ട്. ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും വിടാതെ കടന്നാക്രമണം നടത്തുന്ന നടുവേദന ജീവിതത്തിന്റെ താളം തെറ്റിക്കും. ഒന്നാലോചിച്ചു നോക്കു നടുവേദനയ്ക്ക് കാരണക്കാർ നമ്മൾ തന്നെയല്ലേ? ശരീരത്തിന്റെ ഓരോ ഇഞ്ചു സ്ഥലത്തിനും ജീവനുണ്ട്. അതുകൊണ്ടു തന്നെ അതിനെ ആയാസപ്പെടുത്തുന്ന ഓരോ പ്രവൃത്തിയോടും അത് പ്രതികരിച്ചു കൊണ്ടിരിക്കും. അതിനെ കരുണയോടെയും സ്നേഹത്തോടെയും പരിപാലിച്ചാല്‍ തിരിച്ചും അങ്ങനെതന്നെയായിരിക്കും.

ഇടുപ്പിന്റെ ഭാഗവും കഴുത്തിന്റെ ഭാഗവും മുന്നോട്ടു തള്ളിയും നടുഭാഗം പുറകോട്ടു തള്ളിയുമാണ് നട്ടെല്ലിന്റെ ഘടന, ആ ഘടനയ്ക്ക് യോജിച്ച ഇരുപ്പും നടപ്പും കിടപ്പുമെല്ലാം ക്രമീകരിക്കേണ്ടത് മനുഷ്യന്റെ കടമ തന്നെയാണ്. മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരിക്കുന്നതാണ് നട്ടെല്ലിനോടു കാണിക്കാവുന്ന ഏറ്റവും വലിയ ക്രൂരത, ദിവസങ്ങളും മാസങ്ങളും വർഷങ്ങളും നീണ്ട സുദീർഘമായ ഇത്തരം ഇരുപ്പ് പേശികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അവയ്ക്ക് ആയാസമുണ്ടാക്കി ദുർബലമാക്കുകയു ചെയ്യും. ഭാരമുള്ള വസ്തുക്കൾ എടുത്തുയർത്തുക, ഭാരമുള്ള വസ്തുക്കളുമായി നടക്കുക, കുനിഞ്ഞു നിന്ന് ജോലി ചെയ്യുക, ഹൈഹീൽഡ്–പോയിന്റഡ് പാദരക്ഷകളുടെ ഉപയോഗം തുടങ്ങിയവ നട്ടെല്ലിനെ പെട്ടെന്ന് രോഗാവസ്ഥയിലെത്തിക്കും.

ഭക്ഷണകാര്യത്തിലെ ദുശ്ശീലങ്ങള്‍ ശരീരത്തിലെ കാൽസ്യത്തിന്റെ അളവു കുറച്ച് നടുവേദനയിലേക്കു വഴിതെളിക്കുന്നതും ഇന്നു സാധാരണമാണ്. മാറിയ ജീവിതസാഹചര്യവും അമിതഭാരവും പേശികളെയും സന്ധികളെയും സമ്മര്‍ദ്ദത്തിലാക്കി വേദന സമ്മാനിക്കുന്നു. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഹോർമോൺ അളവുകളിലെ വ്യതിയാനമാണു വില്ലൻ. സ്ത്രീഹോർമോണായ ഈസ്ട്രജന്റെ അളവു കുറയുന്നതോടെ എല്ലില്‍ കാത്സ്യം അടിയുന്നതിന്റെ തോത് കുറയുന്നു.

എല്ലിന്റെ ഉറപ്പിനു കാത്സ്യത്തിന്റെ പ്രാധാന്യമറിയാമല്ലൊ. സ്വാഭാവികമായും എല്ലിന്റെ ദൃഢത കുറയും. ഇതും മധ്യവയസ്കരായ സ്ത്രീകളിൽ നട്ടെല്ലിന്റെ വേദന തുടർക്കഥയാകാൻ ഒരു കാരണമാണ്. നടുവേദനയ്ക്ക് പരിഹാരമായി ചെയ്യാവുന്ന യോഗാസനങ്ങളിലൊന്നാണ് മാർജാരാസനം

ചെയ്യുന്ന വിധം:

ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടുകയറ്റി തറയിൽ ഉറപ്പിച്ചുകുത്തി പൃഷ്ഠഭാഗം കാലുകളിൽ നിന്നുയർത്തുക. ഇപ്പോൾ പൂച്ച നാലുകാലിൽ നിൽക്കുന്ന അവസ്ഥയായിരിക്കും. കാൽമുട്ടുകൾ തമ്മിലുള്ള അകലവും കൈമുട്ടുകൾ തമ്മിലുള്ള അകലവും ഒരടിയോളം ആയിരിക്കണം. ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് നട്ടെല്ല് അടിയിലേക്കു വളച്ച് തല മുകളിലേക്കുയർത്തുക. അതേപോലെതന്നെ ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയർത്തുകയും തല താഴ്ത്തുകയും ചെയ്യുക.
ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതുപോലെ തന്നെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക. ഈ ആസനം ചെയ്യുമ്പോൾ കൈമുട്ടുകൾ മ‍ടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഗുണങ്ങൾ
ശരീരത്തിന് ഉന്മേഷവും ഊർജസ്വലതയും കൈവരുത്തുന്നതിനു സഹായിക്കുന്നു. ഈ സമയങ്ങളിലുണ്ടാകുന്ന നടുവേദനയ്ക്കും കഴച്ചുപൊട്ടലിനും നല്ലൊരു പരിഹാരമാണിത്. പുറത്തെയും കഴുത്തിലെയും പേശികൾ ദൃഢമാകുന്നു. അരക്കെട്ടിനും അടിവയറിനും ശരിയായ പ്രവർത്തനം കിട്ടുകയും ആ ഭാഗങ്ങളിലേക്ക് നല്ല രീതിയിൽ പോഷകരക്തം ലഭിക്കുകയും ചെയ്യുന്നു.

ഓർക്കേണ്ടത്

  • തുടർച്ചയായി മണിക്കൂറുകളോളം കസേരയില്‍ ഇരിക്കുക, കംപ്യൂട്ടറിൽ നോക്കിയിരിക്കുക എന്നിവ ഒഴിവാക്കണം.
  • പ്രഭാത സമയത്ത് പേശികൾ വലിഞ്ഞുമുറുകിയിരിക്കും. അതിനാൽ യോഗാസനങ്ങൾ പരിശീലിക്കുന്നതു ശിഥിലീകരണ വ്യായാമത്തിനു ശേഷമോ പ്രഭാതനടനത്തിനു ശേഷമോ അല്ലെങ്കിൽ ഉണർന്നെണീറ്റതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞോ ആയിരിക്കണം.
  • രാവിലെയുള്ള ചെറിയ ചലനങ്ങൾക്കു പോലും ഇക്കൂട്ടർ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. പെട്ടെന്നുള്ള ചലനങ്ങൾ പിടിത്തമോ ഉളുക്കോ ഉണ്ടാക്കുന്നതിനു കാരണമാകും.
  • പിടലിവേദന, നടുവേദന എന്നിവയുള്ളവർ ഒരു കാരണവശാലും മുന്നോട്ടു കുനിഞ്ഞുള്ള ആസനങ്ങൾ പരിശീലിക്കാൻ പാടില്ല

ചായ കുടിച്ച് മറവിരോഗം തടയാം

 

എന്തായാലും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തയുണ്ട്. ദിവസവും വെറും ഒരു കപ്പ് ചായ കുടിച്ചാൽ തന്നെ മറവിരോഗത്തിൽ നിന്നു രക്ഷനേടാമത്രെ. ഒരു കപ്പ് ചായ ദിവസവും കുടിക്കുന്നത് മറവിരോഗ സാധ്യതയെ അൻപതു ശതമാനം കുറയ്ക്കുമെന്നാണ് സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ഗവേഷകരുടെ കണ്ടെത്തല്‍.

തലച്ചോറിൽ മറവിരോഗത്തിന്റെ ജീനുകളെ വഹിക്കുന്നവരിൽ പോലും രോഗം വരാനുള്ള സാധ്യത 86 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് ജേണൽ ഓഫ് ന്യൂട്രീഷൻ ഹെൽത്ത് ആൻഡ് ഏജിങ്ങിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഗ്രീൻ ടീയോ കട്ടൻചായയോ ഏതുമാകട്ടെ തേയിലയിൽ അടങ്ങിയ സംയുക്തങ്ങളായ കറ്റേച്ചിനുകൾക്കും ദിഫ്ലേവിനുകൾക്കും (theaflavins) ആന്റി ഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. നാഡീനാശത്തിൽ നിന്നും വാക്സ്കുലാർ ഡാമേജിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കാൻ ഇവയ്ക്കു കഴിയും.

ദിവസവും ചായകുടിക്കുക എന്ന ലളിതവും ചെലവു കുറഞ്ഞതുമായ ജീവിതശൈലിയിലൂടെ ഒരു വ്യക്തിക്ക് പിന്നീടുള്ള ജീവിത കാലത്ത് നാഡീ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും എന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. ഫെങ് ലെയ് പറയുന്നു.

പഠനത്തിനായി 55 വയസിൽ അധികമുള്ള 957 പേരെ പന്ത്രണ്ടു വർഷക്കാലം നിരീക്ഷിക്കുകയും അവരുടെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്തനങ്ങൾ രോഗാവസ്ഥകള്‍ ഇവയെല്ലാം പരിശോധിക്കുകയും ചെയ്തു. ഓരോ രണ്ടുവർഷം കൂടുമ്പോഴും ഇവരുടെ ബൗദ്ധിക പ്രവർത്തനവും അളന്നു. മറവിരോഗം (Dementia) തടയാനുള്ള വ്യക്തമായ സൂചനകൾ പഠനഫലം നൽകി.

ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെത്താൻ ദീർഘകാലമായുള്ള ചായയുടെ ഉപയോഗത്തിനു കഴിയും. കൂടാതെ പാർക്കിൻസൺസ് രോഗവും നാഡീസംബന്ധമായ മറ്റു രോഗങ്ങളും തടയാനും ചായ കുടിക്കുന്നതിലൂടെ സാധിക്കുമെന്നും ഈ പഠനം പറയുന്നു.

മനസിന്റെ സന്തോഷത്തിന് വെജ് തെറാപ്പി

ജീവിതത്തോട് കടുത്ത നിരാശ തോന്നുന്നവരാണോ നിങ്ങൾ? പ്രതീക്ഷ നഷ്ടപ്പെട്ട് മറ്റുള്ളവരിൽനിന്ന് ഒഴിഞ്ഞുമാറി ജീവിക്കുകയാണോ? എങ്കിൽ ഭക്ഷണശീലത്തിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് ഒരു പരിധിവരെ നിങ്ങൾക്ക് സന്തോഷം തിരിച്ചെടുക്കാം.

വിഷാദരോഗത്തിന് അടിമപ്പെടുന്നവരോട് മെൽബണിലെ ആരോഗ്യഗവേഷകർ പറയുന്നത് വെജ് തെറാപ്പി പരീക്ഷിക്കാനാണ്. ദിവസേനയുള്ള ഭക്ഷണക്രമത്തിൽ കഴിയുന്നത്ര പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തിയാൽ മാത്രം മതിയത്രേ. 45 വയസ്സിനു മുകളിൽ പ്രായമുള്ള അറുപതിനായിരം പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് നിഗമനം.

ഇവരുടെ ജീവിതശൈലിയും ഭക്ഷണരീതിയും മാനസികാവസ്ഥയും തമ്മിൽ താരതമ്യ പഠനം നടത്തിയ ഡോക്ടർമാർ കണ്ടെത്തിയത്, പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദരോഗം പിടിപെടുന്നതു വിരളമാണെന്നാണ്.

ദിവസവും പച്ചക്കറികൾ ധാരാളമായി കഴിക്കുന്നവർക്ക് മറ്റുള്ളവരേക്കാൾ വിഷാദരോഗം ബാധിക്കാൻ12 ശതമാനം സാധ്യത കുറവാണ്. പച്ചക്കറികൾ കറിവച്ചു കഴിക്കുന്നതിനു പകരം പച്ചയ്ക്കോ പാതിവേവിച്ചോ വേണം കഴിക്കാൻ. കഴിയുന്നതും സ്വന്തം തൊടിയിൽ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളാണെങ്കിൽ അത്രയും നല്ലത്. കൃത്രിമവളവും കീടനാശിനികളും തളിച്ച പച്ചക്കറികളും പഴവർഗങ്ങളും വിപരീതഫലം ചെയ്തേക്കാം.

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കുകയാണെങ്കിൽ കൃത്രിമമധുരം ചേർക്കുന്നത് ഒഴിവാക്കണം. തൊലിയോടുകൂടി വേണം ഇവ കഴിക്കാൻ. മാംസാഹാരം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അധികം എണ്ണ ചേർക്കാതെ പാകം ചെയ്ത മൽസ്യം കഴിക്കുന്നതുകൊണ്ട് ദൂഷ്യമില്ല. അപ്പോൾ ഇന്നുതന്നെ വെജ് തെറാപ്പി തുടങ്ങിക്കോളൂ. ജീവിതം എന്നും സന്തോഷകരമാകട്ടെ

ഹൃദയത്തിനു കാൻസർ വരുമോ?

ശരീരത്തിലെ കോശങ്ങളുടെയും കലകളുടെയും വളർച്ചയ്ക്ക് കൃത്യമായ ജനിതക നിയന്ത്രണവും സമയവും കാലവും നിയതമായ സ്വഭാവവും ഒക്കെയുണ്ട്. ഈ നിയന്ത്രണം വിടുമ്പോഴാണ് കളി കാര്യമായി മാറുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാതെ കോശങ്ങൾ പെറ്റുപെരുകുമ്പോൾ, നമ്മുടെ ആരോഗ്യം ചോദ്യചിഹ്നമാകുന്നു. ഈ അവസ്ഥ– കോശങ്ങളും കലകളും അനിയന്ത്രിതവും അസാധാരണവുമായി പെരുകുന്നതിനെ– കാൻസർ അഥവാ അർബുദം എന്നു പറയുന്നു. കോശവിഭജനം അതിന്റെ നിയമങ്ങളെല്ലാം തെറ്റിക്കുന്നതാണ് അർബുദം.

വെദ്യശാസ്ത്രത്തിന്റെ പുരോഗതി മനുഷ്യന്റെ ചിന്തയ്ക്കും അപ്പുറം പറക്കുമ്പോൾ, ഇന്നു കണ്ടുപിടിക്കപ്പെട്ട കാൻസറുകൾ ഒട്ടേറെ രൂപത്തിലും ഭാവത്തിലും നമ്മുടെ ആരോഗ്യത്തിനു ഭീഷണിയായി നിൽക്കുന്നു. അർബുദം എന്നാൽ മരണം എന്ന കാലത്തു നിന്ന് നമ്മൾ ഒരുപാടു മുന്നേറിക്കഴിഞ്ഞു. കൃത്യമായ ചികിൽസയും പരിചരണവും കൊണ്ട് അർബുദത്തെ കീഴടക്കിയവർ ഒട്ടേറയുണ്ട് നമുക്കു ചുറ്റും.

അപ്പോൾ പറ‍‍ഞ്ഞുവരുന്നത് എന്താണെന്നുവച്ചാൽ– തലച്ചോറ്, നട്ടെല്ല്, അസ്ഥി, വായ, ശ്വാസകോശം എന്നിങ്ങനെ മിക്കവാറും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. എന്നാൽ ഹൃദയത്തിനു കാൻസർ ബാധിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ..? ഹൃദയത്തിനു കാൻസർ ബാധിക്കുമോ..?

ഹൃദയത്തിനു കാൻസർ ബാധിക്കാമെന്നും എന്നാൽ അത് അപൂർവങ്ങളിൽ അത്യപൂർവമാണെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഹൃദയം നിർമിച്ചിരിക്കുന്ന കോശങ്ങളുടെ പ്രത്യേകതയാണ് അതിനു കാരണം. വിഭജനം നടക്കാത്ത കോശങ്ങളാലാണ് ഹൃദയത്തിന്റെ നിർമിതി. കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നത് വിഭജനം വഴിയാണല്ലോ. അപ്പോൾ വിഭജനം നടക്കുന്ന കോശങ്ങളിൽ, ആ കോശവിഭജനം നിയന്ത്രണത്തിനും അപ്പുറം ആകുമ്പോൾ കാൻസർ ആകും. എന്നാൽ വിഭജിക്കുകയേ ഇല്ലാത്ത കോശങ്ങളിൽ അതിനുള്ള സാധ്യത തുലോം വിരളമാണെന്നതാണ് നമ്മൾ മുകളിൽ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം.

ഹൃദയത്തിൽ മുഴകളുണ്ടാകാം, പക്ഷേ അവയിൽ ഭൂരിഭാഗവും നോൺകാൻസറസ് ആണ്. മിക്കവാറും മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനുമാവും. ഹൃദയ വാൽവുകളെയും പേശികളെയും ഒക്കെ അപൂർവമായി കാൻസർ ബാധിക്കാറുണ്ട്.

ശരീരത്തിലെ മൃദുകോശങ്ങളെ ബാധിക്കുന്ന സാർകോമ പോലുള്ള കാൻസറാണ് ഹൃദയത്തെ ബാധിക്കുന്നാതായി കാണുന്നത്. എന്നാൽ ശ്വാസകോശത്തിലോ കരളിലോ ഒക്കെ ബാധിച്ച കാൻസർ സെക്കൻഡറി സ്റ്റേജിൽ എത്തുന്ന സാഹചര്യത്തിൽ ഹ‍ൃദയത്തിലേക്കും പടരാറുണ്ട്.

ജോലിക്കിടെ മയങ്ങു ജീവനക്കാരേ പ്രശ്നമില്ല

എന്തൊക്കെ കേട്ടാൽ ജന്മം തുലയും എന്നൊക്കെ പലപ്പോഴും നമ്മൾ തലയിൽ കൈവച്ച് ആലോചിക്കാറുണ്ട്. എന്നാൽ ദാ ഒരെണ്ണം കേട്ടോ! ജീവനക്കാർ ജോലി സമയത്ത് ഉറങ്ങുന്നതിനെ കമ്പനികൾ പ്രോൽസാഹിപ്പിക്കുന്നു! തുക്കടാ കമ്പനികളല്ല ഗൂഗിൾ, ജാവ, സിസ്‌കോ തുടങ്ങിയ ഗംഭീരൻമാരാണ് ജീവനക്കാർ ലേശം മയങ്ങുന്നതിനുള്ള ഒത്താശയും സൗകര്യവും ചെയ്‌തു കൊടുക്കുന്നത്. മയക്കത്തിനു മുറികൾ തന്നെ സജ്‌ജീകരിക്കുകയാണ് ഓഫിസിൽ!

ലേറ്റസ്‌റ്റ് ഗവേഷണ പഠനത്തിൽ കണ്ടുപിടിച്ചത് എന്നൊരു മുഖവുരയോടെ നമ്മൾ അതുവരെ കേട്ട സർവതും തലതിരിയുന്നത് പതിവു പരിപാടിയാണല്ലോ. പ്രമേഹ രോഗി പഞ്ചാര കഴിക്കരുതെന്നാണ് ഇപ്പോഴുള്ള സങ്കൽപ്പമെങ്കിൽ ഇനി നാളെ പുതിയ ഗവേഷണ പഠനം പറഞ്ഞേക്കാം: നാലുകരണ്ടി പഞ്ചാരയിട്ട ചായ ദിവസം നാലെണ്ണം ചൂടോടെ അടിക്കുക, പ്രമേഹം പമ്പ കടക്കും! ഏതാണ്ടതു പോലാണ് ജോലിക്കിടെ ഉറങ്ങിക്കോ എന്ന പുതിയ ലൈൻ!

പണ്ടൊക്കെ ജോലി സമയത്ത് ഉറങ്ങിയാൽ പിരിച്ചുവിടാൻ അതു മതി. എട്ടുമണിക്കൂർ പിടിച്ചിരുത്തി പണിയെടുപ്പിക്കുന്ന കാലം പോയി. പകരം ആരും പിടിച്ചിരുത്താതെ തന്നെ പതിനാറു മണിക്കൂർ വരെ ജോലി സസന്തോഷം ചെയ്യുന്നതു ഫാഷനായി. എന്നാൽ പിന്നെ ലേശം ഉറങ്ങിയാലും മോശല്യ എന്ന ലൈനായി. മയങ്ങുന്നവരുടെ പ്രൊഡക്‌ടിവിറ്റി കൂടും എന്ന കണ്ടുപിടുത്തവും വന്നിട്ടുണ്ട്. ഉറക്കം തൂങ്ങിയിരുന്നു പണി ഉഴപ്പി പിറുപിറുക്കാതെ ഉറങ്ങി തീർത്ത് ചായയും കുടിച്ചിട്ടു പണിയെടുക്കൂ...

ഗൂഗിളിന്റെ കലിഫോർണിയയിലെ കാംപസിൽ നാപ്പിങ് പോഡുകൾ ഉണ്ട്. സ്വച്‌ഛതയുള്ള ചെറിയ മുറികൾ. അതിനകത്തുകേറിയിരുന്നാൽ ആരും മയങ്ങിപ്പോകും. ഷൂ കമ്പനിക്കാരായ നൈകി മയങ്ങാനും വേണമെങ്കിൽ ധ്യാനിക്കാനും നിശബ്‌ദ മുറികൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. ജോലിക്കിടെ മയങ്ങണമെന്ന് ആർക്കെങ്കിലും ഉൾവിളി തോന്നിയാൽ പിന്നെ താമസിപ്പിക്കരുത്: ജസ്‌റ്റ് ഡു ഇറ്റ്. നൈകി!

മൊബൈൽ ടെക്‌നോളജി കമ്പനിയായ ജാവ മയങ്ങാനുള്ള കൂട് മാത്രമല്ല ഉറങ്ങാനുള്ള കട്ടിലും വച്ചിട്ടുണ്ട്. ബ്രിട്ടിഷ് എയർവെയ്‌സ് പോലുള്ള വിമാനക്കമ്പനികൾ ദീർഘദൂര റൂട്ടുകളിൽ പ്ലെയിൻ പറത്തുന്നതിനിടെ പൈലറ്റ് മയങ്ങുന്നതു പ്രോൽസാഹിപ്പിക്കുന്നു. നിങ്ങൾ പ്ലെയിനിൽ യാത്ര ചെയ്യുമ്പോൾ പൈലറ്റ് ഉറങ്ങുകയാണെന്നു കേട്ടു ഞെട്ടരുത്. ക്യാപ്‌റ്റൻ ഉറങ്ങുമ്പോൾ ജൂനിയർ പൈലറ്റ് കൺട്രോളിൽ കാണും.

ഇരുട്ടുണ്ടെങ്കിലേ ഉറക്കം വരുത്തുന്ന മെലോടോണിൻ ഹോർമോൺ മസ്‌തിഷ്‌ക്കം പുറപ്പെടുവിക്കൂ. പ്ലെയിനിൽ രാത്രി ഉറങ്ങാൻ കൊടുക്കുന്ന കണ്ണുമൂടുന്ന തുണി (ഹൂഡ്വിങ്ക്) അതിനാണ്. കണ്ണുമൂടി സ്വസ്‌ഥമായിരുന്നു മയങ്ങാനാണു കമ്പനികളിൽ പോഡുകളും ചാരുകസേരകളും മറ്റും. ഉറങ്ങാനുള്ള ഇത്തരം സാധനങ്ങൾ സപ്ലൈ ചെയ്യാൻ കമ്പനികളായി. ചാരിയിരുന്ന് ശബ്‌ദശല്യമില്ലാതെ മയങ്ങാനുള്ള കൂടാണ് നാപ്പിങ് പോഡ്. കണ്ണു മൂടാനും ചെവി അടയ്‌ക്കാനും സൗകര്യമുള്ള ചാരുകസേരകളുണ്ട്. എനർജി പോഡ് എന്നൊക്കെ പേരിട്ടുവിളിക്കുന്നു.

ഇത്തരം പോഡൊന്നും ഇല്ലെങ്കിലും ഇൻഫൊസിസ് പോലുള്ള നമ്മുടെ കമ്പനികളും മയങ്ങാൻസൗകര്യം ചെയ്യുന്നുണ്ട്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം ഡോർമിറ്ററികൾ. ജോലിക്കിടെ കട്ടിലിൽ കേറിക്കിടന്നു സുഖമായി ഉറങ്ങാം.

ലാക്‌ടേഷൻ റൂം എന്നൊരു ഏർപ്പാടും തുടങ്ങിയിട്ടുണ്ട്. മുലകുടി മാറാത്ത കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് സ്വസ്‌ഥമായിരുന്നു അമ്മിഞ്ഞ കൊടുക്കാനുള്ള മുറി. നഴ്‌സിങ് സ്‌റ്റേഷനും വന്നിട്ടുണ്ട്. ആശുപത്രികളിൽ കാണുന്ന നഴ്‌സുമാരുടെ ആപ്പീസല്ല. കുപ്പിപ്പാൽ റെഡിയാക്കാനുള്ള മുറി. കുട്ടിയെ ക്രഷിൽ വിട്ടിട്ട് ജോലിക്കു കേറുന്ന കൊച്ച് അമ്മമാർക്ക് ഇടയ്‌ക്കിടെ ഓടി വന്ന് കൊച്ചിനു പാലുകൊടുത്തിട്ടു പോകാം.

ജോലിക്കു ഫ്ലെക്‌സി ടൈം സർവ സാധാരണമായതിന്റെ ഭാഗം കൂടിയാണിതൊക്കെ. പണി നന്നായി ചെയ്യണമെന്നും സമയത്തു തീരണമെന്നും മാത്രമേയുള്ളു. അതു കമ്പനിക്കകത്തു സദാ കുത്തിയിരുന്ന തന്നെ സാധിക്കണമെന്നില്ല.

എന്തു വേണേ ആയിക്കോ, പക്ഷേ പ്രോജക്‌ട് ഡെഡ്‌ലൈനിനുള്ളിൽ ഭംഗിയായി തീർക്കണമെന്നു മാത്രം. പുതിയ തൊഴിൽ സംസ്‌ക്കാരമാണ്. അല്ലേ, കാലം പഴേതല്ലേ...

ഒടുവിൽ കിട്ടിയത്: ഇതിലെന്തിരിക്കുന്നുവെന്ന് സെക്രട്ടേറിയറ്റിലെ വകുപ്പു തലവൻമാർ ചോദിച്ചേക്കാം. ഒരു മണിക്ക് വീട്ടിൽ പോയി ഊണും ഉറക്കവും കഴിഞ്ഞ് മൂന്നിനോ മൂന്നരയ്‌ക്കോ അടുത്ത മീറ്റിങ്ങിനു വരുന്നതൊക്കെ ഇവിടെ നിത്യതൊഴിൽ അഭ്യാസം. പിന്നാ പോഡും കൂടും!

മറവിരോഗം; സ്വയം പരിശോധിച്ചറിയാം

മറവിരോഗം അഥവാ അൽഷിമേഴ്സ് ബാധിച്ചുതുടങ്ങിയോ നിങ്ങൾക്ക്? കണ്ടെത്താൻ ഇതാ ഒരു എളുപ്പവഴി. താഴെപ്പറയുന്ന ലക്ഷണങ്ങൾ നിങ്ങള്‍ക്കുണ്ടോ എന്നു സ്വയം വിലയിരുത്തിയാൽ മതി.

∙ഏറ്റവും നന്നായി അറിയാവുന്ന കാര്യങ്ങൾ പോലും മറന്നുപോകുക. എത്ര ഓർമിച്ചെടുക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വരിക
∙സംഖ്യകൾ ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകൾ തെറ്റിപ്പോകുക. കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴുമുള്ള ഉത്തരങ്ങളിൽ ആവർത്തിച്ചു തെറ്റുവരുത്തുക
∙പരിചിതമായ ചെറിയ ജോലികൾ മറന്നുപോകുക. ഉദാഹരണത്തിന് ടിവിയുടെ റിമോട്ടിലെ ബട്ടണുകൾ മാറിപ്പോകുകയോ അവയുടെ പ്രവർത്തനം മറന്നുപോകുകയോ ചെയ്യുക
∙സമയവും സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറന്നുപോകുക. ഉദാഹരണത്തിന് പ്രിയപ്പെട്ടവരുടെ ജന്മദിനം, ഒരാളെ മുൻപ് കണ്ട സ്ഥലം, ജോലിസ്ഥലം തുടങ്ങിയവ ഓർമിക്കാൻ കഴിയാതെ പോകുക
∙വായന പ്രയാസകരമായി മാറുക. ബോർഡുകൾ ദൂരക്കാഴ്ചയിൽ വായിച്ചിട്ടും ഗ്രഹിക്കാതെ പോകുക
∙ സംസാരത്തിനിടയിൽ ഏതെങ്കിലും വാക്കുകൾ അറിയാതെ വിട്ടുപോകുക. വിട്ടുപോകുന്ന വാക്കുകളുടെ എണ്ണം കൂടിക്കൂടി വരിക. എഴുതുമ്പോൾ ഉദ്ദേശിച്ച കാര്യം മറ്റുള്ളവർക്കു വ്യക്തമാക്കാനാകാതെ വരിക
∙സാധനങ്ങള്‍ എടുത്ത ശേഷം തിരിച്ചുവയ്ക്കുമ്പോൾ സ്ഥലം തെറ്റിപ്പോകുക. ഓരോന്നും എവിടെ വച്ചെന്ന് ഓർമിക്കാനാകാതെ ഏറെനേരം തിരഞ്ഞുനടക്കുക
∙തീരുമാനങ്ങളെടുക്കുമ്പോൾ തെറ്റിപ്പോകുക
∙സാമൂഹ്യമായ ഇടപെടലുകൾ അവസാനിപ്പിച്ച് അന്തർമുഖനാകുക
∙മനോവ്യാപാരങ്ങളെ നിയന്ത്രിക്കാനാകാതെ വരിക, പെട്ടെന്നു മാനസികാവസ്ഥയിൽ വ്യതിയാനങ്ങളുണ്ടാകുക

മേൽപറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിൽ എത്രയും വേഗം ഡോക്ടറ കണ്ടോളൂ. തുടക്കത്തിലേ ചികിൽസിക്കുന്നതുകൊണ്ട് രോഗം മൂർഛിക്കാതെ സൂക്ഷിക്കാം.

മരുന്നുകൾക്കൊപ്പം വൈറ്റമിൻ സപ്ലിമെന്റ് എന്തിന്?

 

ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾക്കൊപ്പം വൈറ്റമിനുകൾ ധാരാളമായി കുറിച്ചുകൊടുക്കുന്ന ഒരു ശീലം മുമ്പ് ഡോക്‌ടർമാർക്കുണ്ടായിരുന്നെങ്കിലും ഇന്നു തീരെകുറവാണ്. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ വയറ്റിലുള്ള ചില നല്ല ബാക്ടീരികളും മറ്റും നശിച്ചു പോകുന്നതു തടയാൻ വേണ്ടിയായിരുന്നു ഇങ്ങനെ നൽകിയിരുന്നത്. അതുകൊണ്ടു പ്രത്യേകിച്ചു പ്രയോജനമില്ലെന്നും മരുന്നു കഴിക്കൽ നിർത്തുമ്പോൾ അവ താനേ ശരീരത്തിൽ ഉണ്ടാകുമെന്നു കണ്ടതോടെയാണ് ആ ശീലം ഇല്ലാതായത്.

മരുന്നും മുന്തിരി ജ്യൂസും

മരുന്നും ഗ്രേപ് ഫ്രൂട്ടുമായി പ്രതിപ്രവർത്ത‍ിനു സ‍ാധ്യതയുള്ളതായി പഠനങ്ങളുണ്ട്. ഗ്രേപ് ഫ്രൂട്ടിന്റെ തന്നെ വിഭാഗത്തിൽ പെട്ടതാണ് ഇന്ത്യന്‍ മുന്തിരിയും. അതു കൊണ്ട് ഇതു സംബന്ധിച്ച് പ്രത്യേകിച്ച് പഠനങ്ങളൊന്നുമില്ലെങ്കിലും, കൂടുതൽ സുരക്ഷിതത്വത്തിന്, മുന്തിരിജ്യൂസ് മരുന്നിനോടൊപ്പം കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.

ഒരു മരുന്നു കഴിച്ചാൽ അതു രക്തംവഴി കരളിൽ എത്തുമ്പോഴാണ് ചെറുഘടകങ്ങൾ ആയി വിഘടിക്കപ്പെടുന്നതും (മെറ്റബോളിസം) അതുവഴി രോഗിക്കു ഗുണം കിട്ടുന്നതും. ശരീരത്തിലുള്ള ചിലതരം എൻസൈമ‍‍ുകളാണ് ഇതിനു സഹായിക്കുന്നത്. മുന്തിരിയിലുള്ള ചില രാസഘടകങ്ങൾക്ക് മരുന്നിന്റെ വിഘടനത്തെ തടയാനുള്ള കഴിവുണ്ട്. ഇതുമൂലം രക്തത്തിലെ മരുന്നിന്റെ അളവ് മൂ‍ന്നിരട്ടിവരെയോ അതിലധികമായോ കൂട്ടാൻ സാധിക്കും.

കൊളസ്ട്രോൾ നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിൻ വിഭാഗത്തിൽപെട്ട മരുന്നുക‍ൾ, ബി പി മരുന്നുകൾ, ട്രാൻസ്പ്ലാന്റ‍േഷൻ കഴിഞ്ഞവർ കഴിക്കുന്ന മരുന്ന‍ുകൾ, ചിലതരം ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ തുടങ്ങിയവയാണ് മുന്തിരിജ്യൂസുമായി കൂടുതലായി പ്രതി പ്രവർത്തിക്കുന്നത്. മാംസ‍ പേശികൾക്കു വേദന, വൃക്കകളുടെ പ്രവർത്തനതടസ്സം, തലകറക്കം ശ്വസനതടസ്സം. ബി പി വ്യതിയാനം തുടങ്ങിവയാണ് ശ്രദ്ധേയമായ പാർശ്വഫലങ്ങൾ. മുന്തിരി, ജെല്ലി, വൈൻ ഇവയൊന്നു മരുന്നിനോടൊപ്പം കഴിക്കേണ്ട.

തീൻമേശയിലുണ്ട് സൗന്ദര്യരഹസ്യം

സുന്ദരമായ ചർമത്തിനുവേണ്ടി എന്നും ബ്യൂട്ടി പാർലറിലേക്ക് ഓടിപ്പോകണമെന്നില്ലെന്നാണ് ത്വക്കുരോഗവിദഗ്ധർ പറയുന്നത്. ഒന്നു ശ്രദ്ധിച്ചാൽ നിങ്ങളുടെ ഭക്ഷണശീലം കൊണ്ടുതന്നെ മിനുമിനുത്തതും സുന്ദരവുമായ ചർമം വീണ്ടെടുക്കാം. അതിനുള്ള ശ്രമം തീൻമേശയിൽനിന്നുതന്നെ തുടങ്ങാം.

  • ഓരോദിവസവും ഒരു കപ്പ് ഗ്രീൻ ടീ കൊണ്ട് ആരംഭിക്കാം. ഇത് ത്വക്കിലെ അഴുക്കുകളെ പുറന്തള്ളുന്നതിന് സഹായിക്കും
  • നാരങ്ങാനീരിൽ തേൻ ചാലിച്ചു കഴിക്കുന്നത് ത്വക്കിന്റെ തിളക്കം വർധിപ്പിക്കാൻ നല്ലതാണ്
  • പ്രഭാതഭക്ഷണത്തോടൊപ്പം ഒരു പച്ചവെള്ളരി കഴിക്കുന്നത് ശീലമാക്കണം.
  • തക്കാളിയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ത്വക്കിന്റെ മൃദുത്വം വീണ്ടെടുക്കാൻ ഉത്തമമാണ്. പഞ്ചസാര ചേര്‍ക്കാതെ തക്കാളികൊണ്ട് സാലഡ് ഉണ്ടാക്കി ഇടഭക്ഷണമായി കഴിക്കാം
  • വൈകുന്നേരത്തെ ചായയ്ക്കൊപ്പം ബേക്കറി പദാർഥങ്ങൾ കഴിക്കുന്നത് അവസാനിപ്പിച്ചുകൊള്ളൂ. പകരം മധുരക്കിഴങ്ങ് പുഴുങ്ങിയതോ, കാരറ്റ് ജ്യൂസോ ശീലമാക്കാം.
  • കോള പെപ്സി തുടങ്ങിയ കാർബണേറ്റഡ് പാനീയങ്ങൾ പൂർണമായും ഒഴിവാക്കണം. പകരം ധാരാളമായി വെള്ളം കുടിക്കാൻ മറക്കരുത്.

അഴകും ആരോഗ്യവുമുള്ള മുടിക്ക് പഞ്ചസാരയും തേനും

 

അഴകും ആരോഗ്യവുമുള്ള ഇടതൂർന്ന കാർകൂന്തൽ ഏതു പെൺകുട്ടിയുടെയും സ്വപ്നമാണ്. ഷാംപൂവും കണ്ടീഷനറുകളുമൊക്കെ ഉപയോഗിച്ച് മുടിക്കു പരമാവധി ഭംഗി നൽകാനും ശ്രമിക്കാറുണ്ട്. മുടിയുടെ അഴകും ആരോഗ്യവും വർധിപ്പിക്കാൻ ഇനി താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ഒന്നു ചെയ്തുനോക്കൂ..

ഷാംപൂവിനൊപ്പം ഒലിവ് ഓയിൽ

ഒലിവ് ഓയിലിനു ഗുണങ്ങൾ ഏറെയാണ്. കുഞ്ഞുങ്ങളുടെ ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ ഒലിവ് ഓയിൽ ഉത്തമമാണ്, അതുപോലെ മുടിയുടെ ഇഴയടുപ്പം കൂട്ടാനുംഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം...

ഒരു ഒഴിഞ്ഞ ബോട്ടിലിൽ ഒരു കപ്പ് ഷാംപൂ എടുക്കുക. എണ്ണമയമില്ലാത്ത മുടിയാണ് നിങ്ങൾക്കെങ്കിൽ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. എണ്ണമയമുള്ള മുടിയാണെങ്കിൽ ഒരു ടേബിൾസ്പൂൺ ഓയിൽ മതിയാകും. ഡ്രൈ ആയ മുടി ഉള്ളവർ കാൽകപ്പ് ഓയിൽ എടുക്കുക. ശേഷം ബോട്ടിൽ അടച്ചുവച്ച് നന്നായി കുലുക്കുക.
ഉപയോഗത്തിനു മുമ്പു ബോട്ടിൽ കുലുക്കിയ ശേഷം തലയിൽ മസാജ് ചെയ്ത് കഴുകിക്കളയുക.

നാരങ്ങാനീര്

താരൻ അകറ്റൻ ഏറ്റവും നല്ല വഴിയാണിത്. രണ്ട് ടേബിൾസ്പൂൺ ഷാംപൂവിനൊപ്പം അര ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് മുടി കഴുകുക.

പഞ്ചസാര

മുടിക്കു മാത്രമല്ല ശിരോചർമത്തിനും ഉത്തമമാണ് പഞ്ചസാര. ഒരു സ്പൂൺ പഞ്ചസാര ഷാംപൂവിൽ ചേർക്കുക. ഇതുപയോഗിച്ച് തല കഴുകിയാൽ മുടിയുടെ കരുത്തു കൂടും. ശിരോചർമത്തിനും ഗുണം ലഭിക്കും. മൃതകോശങ്ങളെ നീക്കാനും ഇത് ഉത്തമമാണ്. ഷാംപൂവിനൊപ്പം പഞ്ചസാര ചേർത്ത് തല കഴുകിയ ശേഷം കണ്ടീഷനറും ഉപയോഗിക്കാം.

തേൻ

അര ടീസ്പൂൺ തേൻ രണ്ട് ടേബിൾസ്പൂൺ ഷാംപൂവിനൊപ്പം ചേർത്ത് ഉപയോഗിക്കുക. മുടിക്കു തിളക്കം നൽകാൻ ഇതു സഹായിക്കും. മുടി കൊഴിച്ചിൽ തടയാനും മുടിയുടെ ഇഴയടുപ്പം വർധിപ്പിക്കാനും തിളക്കമുള്ള മുടിക്കും ഇത് ഉത്തമമാണ്.

ഊണിനൊപ്പം തൈര് ശീലമാക്കിക്കോളൂ...

ഊണിനൊപ്പം തൈര് കഴിക്കുന്ന ശീലമുണ്ടോ? ഇല്ലെങ്കിൽ വൈകാതെ തുടങ്ങിക്കോളൂ. തൈരിന് വിഷാദരോഗത്തെ ചെറുക്കാൻ സാധിക്കുമത്രേ. തൈരും വിഷാദവും തമ്മിൽ എന്തു ബന്ധമെന്ന് കരുതുകയാണോ? തൈര് പുളിക്കുന്നത് ബാക്ടീരിയയുടെ പ്രവർത്തനം കൊണ്ടാണെന്നറിയാമല്ലോ. തൈരിലടങ്ങിയ ലാക്ടോബാസിലസ് ബാക്ടീരിയയ്ക്ക് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിയുമത്രേ.

വാഷിങ്ടണിലെ വിർജീനിയ സർവകലാശാലയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. എലികളിൽ നടത്തിയ പരീക്ഷണത്തെത്തുടർന്നാണ് ഇത് മനുഷ്യനിലും പരീക്ഷിച്ചുനോക്കിയത്. ബാക്ടീരിയയും വിഷാദരോഗവും തമ്മിലുള്ള ബന്ധം മാനസികചികിൽസാരംഗത്ത് പുതിയ കണ്ടെത്തലുകൾക്കും മരുന്നുകൾക്കും വഴിതുറക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഭക്ഷണവും മനുഷ്യന്റെ മാനസികനിലയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ചില ഭക്ഷണപദാർഥങ്ങൾക്ക് മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിയുമെന്നും ഗവേഷണത്തിൽ വ്യക്തമായി. കേരളത്തിന്റെ പരമ്പരാഗത ഭക്ഷണക്രമത്തിൽ മിതമായി പുളിച്ച തൈര് പൂർവികർ ഉൾപ്പെടുത്തിയതിന്റെ രഹസ്യം ഇതായിരിക്കാം.

എന്തായാലും ഇനി മുതൽ ഉച്ചയൂണിനൊപ്പം ഒരു കപ്പ് തൈര് ശീലമാക്കാൻ മറക്കേണ്ട. എന്നാൽ മൽസ്യം, മാംസം എന്നിവയടങ്ങിയ ഊണിനൊപ്പം തൈര് കഴിക്കുന്നത് വിപരീതഫലം ചെയ്യുമെന്നും ആയുർവേദം അനുശാസിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ ഊണിനൊപ്പമല്ലാതെ ഒരു മണിക്കൂർ കഴിഞ്ഞ് തൈര് കഴിച്ചാലും മതി.

കളിച്ചു വളരാത്ത കുട്ടികളിൽ സംഭവിക്കുന്നതെന്ത്?

ടോണി ബ്ലോക്കുകൾ ഉപയോഗിച്ച് കൊട്ടാരം പണിയുന്നു. റാഫിയും കൂട്ടരും പന്ത് എറിഞ്ഞു കളിക്കുന്നു. പത്തുവർഷം മുമ്പ് നിങ്ങൾക്ക് എങ്ങോട്ടു നോക്കിയാലും ഈ കാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. എന്നാൽ ഇന്നോ? എവിടെ നോക്കിയാലും തല കുനിച്ചു മൊബൈലിലോ ലാപ്ടോപിലോ കുത്തിക്കൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ ടിവിയുടെ മുമ്പിൽ ചടഞ്ഞിരിക്കുന്നതോ ആയ കുട്ടികളെ മാത്രം.

ഗോകിലുനു രണ്ടു വയസ്സായി. എന്നിട്ടും മറ്റു കുട്ടികളുടേതപോലെ ശരിയായി നടക്കുന്നില്ല. പലപ്പോഴും നടക്കുമ്പോൾ വീണു പോകുന്നു. കളിയും ചിരിയും കുറവ്. സംസാരം വിക്കി വിക്കി മാത്രം. അച്ഛനും അമ്മയും രാവിലെ ജോലിക്കു പോകും പകൽസമയം ഫ്ലാറ്റിൽ ആയ മാത്രം. അവനെ ശിശുരോഗവിദഗ്ധനെ കാണിച്ചു. പരിശോധനകൾക്കു ശേഷം അദ്ദേഹം രോഗ നിർണയമായി ഇങ്ങനെ എഴുതി: ‘Lack of play’. അതായത് കളിയുടെ അഭാവം.

‌ഗവേഷണങ്ങൾ കാണിക്കുന്നതു കുട്ടികൾ അവരെ സ്വയമായി പര്യവേഷണം നടത്താനും കളിക്കാനും അനുവദിക്കുന്ന സാഹചര്യത്തിലാണ് മികച്ചതായി പഠിക്കുന്നതും പ്രതിഭയുള്ളവരാകുന്നതും എന്നതാണ്.

കളികൾ എന്താണ്? എന്തുകൊണ്ട്?

പഠനത്തിന്റെ ഭാഗമായോ വിനോദത്തിനു വേണ്ടിയോ ഉപയോഗിക്കുന്നതും നിയമഘടനയുള്ളതുമായ പ്രവൃത്തികളെയാണു കളികൾ (Games) എന്നു വിളിക്കുന്നത്. നിയമങ്ങളും വെല്ലുവിളികളും കളിക്കാർ തമ്മിലുള്ള ഇടപെടലുകളുമാണ് കളികളുടെ പ്രധാന ഘടകങ്ങൾ. മാനസികമോ ശാരീരികമോ ആയ ഉത്തേജനം മിക്ക കളികളിലുമുണ്ട്. ചില കളികളിൽ ഇവ രണ്ടും ആവശ്യമാണ്. പല കളികളും പ്രായോഗിക ജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിൽ നൈപുണ്യം നേടാൻ സഹായകമാണ്. വ്യായാമം, വിദ്യാഭ്യാസം, മനഃശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രാധാന്യം കളികൾക്കുണ്ട്.

കളികൾ എന്നു പറയുന്നതു കുട്ടികൾക്ക് അവരുടെ ലോകത്തു നിന്നു മറ്റുള്ളവരുടെ ലോകം നോക്കിക്കാണാനുള്ള ഒരു ഭൂതക്കണ്ണാടിയാണ്. കളികൾ നിഷേധിക്കപ്പെട്ട കുട്ടികൾക്ക് അവരുടെ കുട്ടിക്കാലത്തു മാത്രമല്ല ഭാവിയിലും വളരെ സ്വാഭാവിക – മാനസിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. തുണയായി മുതിർന്നവർ, വേണ്ടത്ര കളിസ്ഥലം, കളിക്കോപ്പുകൾ ഇവയെല്ലാമുള്ള കുട്ടികൾക്ക് സന്തോഷവാന്മാരും ആരോഗ്യമുള്ളവരും സമൂഹത്തിനു പ്രയോജനമുള്ളവരും ആയിത്തീരാൻ കഴിയും.‌

കളികളും തലച്ചോർ വികാസവും

കളികൾ തലച്ചോറിന്റെ വികസനവും വളർച്ചയും വർധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി കളിക്കാരെ കൂടുതൽ മനസ്സിലാക്കാനാവുകയും അതിനോടു പൊരുത്തപ്പെടാനുള്ള കഴിവ് ആർജിക്കാനുമാകുന്നു.

വൈകാരികമായ പ്രയോജനങ്ങള്‍

കളികൾ കുട്ടികളിൽ ഭയം, ഉത്കണ്ഠ, സമ്മർദം, ക്ഷോഭം എന്നിവ കുറയ്ക്കും. സന്തോഷം, സൗഹൃദം, ആത്മാഭിമാനം എന്നിവ സൃഷ്ടിക്കും. അവർക്കു ശാന്തത, അപ്രതീക്ഷിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ കൂടുതലായിരിക്കും.

ശാരീരികമാനസികാരോഗ്യം

പതിവായുള്ള കളികൾ കുട്ടികളുടെ രോഗപ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കും. ഹോർമോൺ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കും. മെച്ചപ്പെട്ട ഹൃദയാരോഗ്യവും പ്രദാനം ചെയ്യും.

കുട്ടികളുടെ ആരോഗ്യമുള്ള വളർച്ചയ്ക്കും സ്വഭാവ വികാസത്തിനും ഭാവിയിൽ വരാനിടയുള്ള ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിമർദം എന്നിവയെ അകറ്റി നിർത്തുന്നതിനും കളികളില്‍ ഏർപ്പെടേണ്ടത് ആവശ്യമാണ്. ശക്തിയുള്ള പേശികളും അസ്ഥികളും വളരാനും കളികൾ അത്യാവശ്യമാണ്.

രസകരമായ കളികൾ പൊതുവെയുള്ള മാനസിക സമ്മർദങ്ങൾ കുറയ്ക്കുകയും വിഷാദരോഗം അകറ്റി നിർത്തുകയും ചെയ്യും. ധാരാളം പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത് പതിവായി കളിക്കുന്ന കുട്ടികൾ കൂടുതൽ സഹകരണ മനോഭാവം കാണിക്കുന്നവരും സ്വതന്ത്രചിന്തകരും ഉയർന്ന ബുദ്ധിശക്തിയുള്ളവരും ആണെന്നതാണ്. കളികളിൽ അധികം പങ്കെടുക്കാത്ത കുട്ടികളിൽ അമിതമായ ദേഷ്യവും അനുസരണയില്ലായ്മയും അലസതയും കണ്ടുവരുന്നു.

കളികൾ പലവിധം

ബാല്യകാലത്തിൽ ഉടനീളം കളിക്കുന്ന രീതിയിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. മുതിർന്നവർ ഇക്കിളിപ്പെടുത്തുമ്പോഴോ അല്ലെങ്കിൽ ഒളിച്ചു കളിക്കുമ്പോഴോ ഉള്ള ചിരിയാണ് ഒരു കുഞ്ഞിന്റെ ആദ്യത്തെ കളികൾ. പക്ഷേ യഥാർഥമായ ആദ്യത്തെ കളികൾ ഒറ്റയ്ക്കുള്ള കളികളാണ്. രണ്ടു മൂന്നു വയസ്സിൽ മറ്റു കുട്ടികളുടെ അടുത്തിരുന്ന് അവരുടെ കൂട്ടത്തിൽ കൂടാതെ സമാന്തരകളികൾ ആരംഭിക്കുകയായി.

മൂന്നോ നാലോ വയസ്സിൽ മറ്റു കുട്ടികളുടെ കൂട്ടത്തിൽ കൂടി സമൂഹകളികൾ തുടങ്ങും. കുടിലും കൊട്ടാരവും വച്ചു കളികളും സാങ്കല്പിക നാടകങ്ങളുമെല്ലാം സമൂഹകളികളാണ്. സംഘം ചേർന്നുള്ള കളികളിലൂടെ കുട്ടികൾക്ക് പുതിയ പുതിയ അറിവുകൾ നേടാൻ സാധിക്കും. ഓരോരോ വസ്തുക്കളുടെ പേരുകൾ അവയുടെ അക്ഷരവിന്യാസം, സാമൂഹിക നിയമങ്ങൾ എന്നിവ ആർജിക്കുവാൻ സാധിക്കും. ധാരാളം കളിസ്ഥലവും വിവിധ കളിപ്പാട്ടങ്ങളും കുട്ടികൾക്കു ലഭ്യമാക്കണം.

കളിയും പഠനവും

പഠനത്തിന് ശക്തമായ ഒരു അടിത്തറ ഉണ്ടാക്കാൻ നല്ല കളികൾ സഹായിക്കുന്നു. സ്വാഭാവികത, അത്ഭുതം. സർഗാത്മകത, ഭാവന, വിശ്വാസം എന്നീ ഗുണങ്ങൾ മികച്ച കളികൾ കുട്ടികളിൽ വികസിപ്പിക്കുന്നു. പുതിയ ഇലക്ട്രോണിക് കളിപ്പാട്ടങ്ങളും കുട്ടികളിൽ ജിജ്ഞാസയും പര്യവേക്ഷണത്വരയും വർധിപ്പിക്കും. കളികളിലൂടെ വികസിപ്പിച്ചെടുക്കുന്ന ശ്രദ്ധ, ഏകാഗ്രത എന്നീ ഗുണങ്ങള്‍ പഠനത്തിലും അത്യാവശ്യമാണ്. കുട്ടികളിൽ ആശയവിനിമയ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ കളികൾക്ക് നിർണായകമായ പങ്കുണ്ട്. മറ്റു കുട്ടികളോട് സംസാരിക്കാനും മറ്റും അവസരം കിട്ടുമ്പോൾ അവരുടെ ആശയവിനിമയ പാടവം വിപുലമാകുകയും ഒരു സദസ്സിൽ നിന്നു കൊണ്ടു സംസാരിക്കാനുള്ള ജാള്യത മാറുകയും ചെയ്യും.

എന്നാൽ ഇന്നത്തെ ന്യൂജനറേഷൻ കളികളെല്ലാം അപകടകരമാണ് എന്നു പറയേണ്ടിവരും. കുട്ടികളെ വീട്ടിൽ തന്നെ ഒതുക്കുന്ന മാതാപിതാക്കള്‍ അവർക്ക് കളിക്കാൻ ടാബുകളും ഫോണുകളും നൽകുന്നു. അതുപോലെ വീഡിയോഗെയിമും കാർട്ടൂൺ ചാനലുകളും വച്ചുകൊടുക്കുന്നു. അവരുടെ ആരോഗ്യത്തെയും മാനസിക വളര്‍ച്ചയെയും ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കളിയും അപകടമാകാം

അനാരോഗ്യകരമായ കളിസ്ഥലങ്ങള്‍, കളിസാഹര്യങ്ങള്‍, സാഹസിക പ്രവൃത്തികൾ ചെയ്യാനുള്ള പ്രവണത എന്നിവ കളികൾക്കിടയിൽ കുട്ടികൾക്ക് അപകടം വിതയ്ക്കാം. വലിയ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ചെറിയ കുട്ടികൾ ഉപയോഗിക്കുന്നതു മൂലമോ, പൊടിക്കുഞ്ഞുങ്ങളിൽ ദോഷം ചെയ്യുന്ന കളിപ്പാട്ടഭാഗങ്ങൾ കൊണ്ടോ അത്യാഹിതം വരാം. അപകടം എങ്ങനെ ഒഴിവാക്കാം എന്നു നോക്കാം.

∙ കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്ക് അനുസൃതമായ കളിക്കോപ്പുകൾ മാത്രം തിരഞ്ഞെടുക്കുക. ∙ വൈദ്യുതിയുമായി ബന്ധപ്പെട്ട എളുപ്പം കത്തുന്ന, കൂർത്ത അറ്റമുള്ള, മൂർച്ചയേറിയ കളിപ്പാട്ടങ്ങൾ ഒഴിവാക്കുക. ∙ അപകടം ഉണ്ടാകാൻ സാധ്യതയുള്ള സാമഗ്രികൾ കുട്ടികളിൽ നിന്നും അകലെ സുരക്ഷിതമായി സൂക്ഷിക്കുക. ∙ കുട്ടികളുടെ കളി മാതാപിതാക്കൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ∙ ടെറസിലെ കളി അനുവദിക്കാതിരിക്കുക.

‘നിങ്ങൾ വയസ്സായതു കൊണ്ടല്ല കളികൾ നിർത്തുന്നത്, കളികൾ നിർത്തുന്നതു കൊണ്ടാണ് നിങ്ങൾക്കു വയസ്സാകുന്നത്’ – ജോർജ് ബർണാഡ് ഷായുടെ ഈ വാക്കുകൾ പ്രത്യേകം ഓർമിക്കുക.‌

കുട്ടികൾ എങ്ങനെ സജീവമാകണം?

നിങ്ങളുടെ കുട്ടികള്‍ എത്രമാത്രം ശാരീരികമായി‌ സജീവമായിരിക്കണം? ശിശുരോഗവിദഗ്ധരുടെ ശുപാര്‍കൾ നോക്കൂ:

ജനനം മുതൽ ഒരു വർഷം വരെ

∙ ജനനം മുതൽ തന്നെ ശാരീരികമായി സജീവമായിരിക്കാൻ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കണം. അവരോട് ചിരിക്കുകയും കളിക്കുകയും ഒക്കെ വേണം. ∙ ഉറങ്ങുന്ന സമയം ഒഴികെ ഒരു സമത്തും ഒന്നിലധികം മണിക്കൂർ കുഞ്ഞുങ്ങൾ നിർജീവമായിരിക്കാൻ പാടില്ല. ∙ ഒരു സമയത്തും ടെലിവിഷൻ അല്ലെങ്കിൽ വിഡിയോകൾ, കംപ്യൂട്ടർ, മറ്റ് ഇലക്ട്രോണിക് വിനോദങ്ങൾ എന്നിവ പാടില്ല.

1 മുതൽ 2 വർഷം വരെ പ്രായം

  • കുറഞ്ഞതു മൂന്നു മണിക്കൂർ ദിനംപ്രതി ശാരീരികമായി സജീവമായ കളികളിൽ ഏർപ്പെടണം.
  • ഉറങ്ങുന്ന സമയം ഒഴികെ ഒരു സമയത്തും ഒന്നിലധികം മണിക്കൂർ ഉദാസീനമായിരിക്കാൻ പാടില്ല. ∙ ടെലിവിഷനോ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് മീഡിയകളോ ഈ സമയത്തു വേണ്ട.

2 മുതല്‍ 5 വർഷം പ്രായം

  • മൂന്നു മണിക്കൂറെങ്കിലും മറ്റു കുട്ടികളുടെ കൂടെയോ മുതിർന്നവരുടെ കൂടെയോ കളിക്കണം.
  • ഒരു സമയത്ത് ഒന്നിലധികം മണിക്കൂർ ഉദാസീനമായിരിക്കാൻ പാടില്ല. ∙ ടെലിവിഷൻ, മറ്റ് ഇലക്ട്രോണിക് മീഡിയകൾ എന്നിവയുടെ ‌ഉപയോഗം അരമണിക്കൂറോ അല്ലെങ്കിൽ പരമാവധി ഒരു മണിക്കൂറോ ആയി പരിമിതപ്പെടുത്തണം.

ഡോ. സജികുമാർ ജെ.
ശിശുരോഗവിദഗ്ധൻ,
പരബ്രഹ്മ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ, ഓച്ചിറ

ആസ്മ: ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

ആസ്മയും ഭക്ഷണവും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നു മാത്രമല്ല ചില പ്രത്യേകതരം ഭക്ഷണം ശീലമാക്കുന്നത് ആസ്മയ്ക്കു കാരണമാകുമെന്നും പറയുന്നു ആധുനിക വൈദ്യശാസ്ത്രം. അതുകൊണ്ട് പാരമ്പര്യമായി ആസ്മ സാധ്യതയുള്ളവരും ശ്വസനസംബന്ധമായ അസ്വസ്ഥതകൾ അനുഭവിക്കുന്നവരും ഭക്ഷണക്രമത്തിൽ ശ്രദ്ധ പുലർത്തുന്നതു നന്നായിരിക്കും. ഒഴിവാക്കേണ്ട ഭക്ഷണപദാർഥങ്ങൾ ചുവടെ.

  1. പ്രോസസ്ഡ് ഫുഡ്– കടയിൽനിന്നു വാങ്ങുന്ന പാക്ക്ഡ് ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം. ഇവ കേടാകാതിരിക്കാൻ ചേർക്കുന്ന കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും ആസ്മയെ ത്വരിതപ്പെടുത്തും.
  2. കൃത്രിമമധുരം– ബേക്കറി പലഹാരങ്ങളിൽ കൃത്രിമമായ മധുരമാണ് ചേർത്തിരിക്കുന്നത്. ഇതു ശീലമാക്കുന്നത് ആസ്മയ്ക്ക് കാരണമായേക്കാം.
  3. അമിതമായ ഓയിൽ ഉപയോഗം– വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക
  4. ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് ഭാരക്കൂടുതലിനും കാരണമാകുമെന്ന് മറക്കേണ്ട.
  5. മദ്യം– അമിതമായ മദ്യപാനാസക്തിയുള്ളവർക്ക് ആസ്മ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മദ്യം കഴിക്കുന്നവർ കഴിവതും അത് ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുക
  6. പാലും പാലുൽപ്പന്നങ്ങളും ആസ്മയുള്ളവർ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മിതമായ അളവിൽ കുട്ടികൾ കഴിക്കുന്നതുകൊണ്ട് അപകടമില്ല. മുതിർന്നവർ ഡോക്ടറുടെ നിർദേശപ്രകാരം അളവു പരിമിതപ്പെടുത്തുക

ഐസ്ക്രീം കഴിച്ച് ഒരു ദിവസം തുടങ്ങിയാലോ?

ഐസ്ക്രീം എന്നു കേൾക്കുമ്പോഴേ വായില്‍ വെള്ളമൂറും. ഏതു സമയത്തും കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഐസ്ക്രീം കഴിച്ച് ഒരു ദിവസം തുടങ്ങിയാലോ?

പ്രഭാതഭക്ഷണമായി ഐസ്ക്രീം കഴിക്കുന്നത് ആളുകളെ കൂടുതൽ മിടുക്കരും കൂടുതൽ നന്നായി ജോലി ചെയ്യാൻ പ്രാപ്തരും ആക്കുമത്രേ.

ഒരു സംഘം സന്നദ്ധ പ്രവർത്തകരിലാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പിന് ഉണർന്നയുടൻ ഐസ്ക്രീം നൽകി തുടർന്ന് കുറച്ച് പസിലുകളും ചെയ്യാൻ ആവശ്യപ്പെട്ടു. മറ്റൊരു ഗ്രൂപ്പിന് സാധാരണപോലെ പ്രഭാതഭക്ഷണവും നൽകി.

തുടര്‍ന്ന് ഇവരുടെ തലച്ചോറിന്റെ പ്രവർത്തനം അളന്നപ്പോൾ ഐസ്ക്രീം കഴിച്ചവരിൽ ഉയർന്ന ആവൃത്തിയിലുള്ള ആൽഫാ തരംഗങ്ങൾ ഉണ്ടായതായി കണ്ടു. ഇത് കൂടുതൽ ശ്രദ്ധാലു ആക്കുന്നതോടൊപ്പം മാനസിക അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു.

ഐസ്ക്രീം കഴിച്ച ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ തണുത്ത ഭക്ഷണം കഴിച്ചതു കൊണ്ടാണോ എന്നറിയാൻ മറ്റൊരു ഗ്രൂപ്പ് ആളുകൾക്ക് ഉണർന്നയുടൻ തണുത്ത വെള്ളം നൽകി പരീക്ഷണം ആവർത്തിച്ചെങ്കിലും ഐസ്ക്രീം കഴിച്ച ഗ്രൂപ്പിന്റെ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല.

2005 ൽ ലണ്ടനിൽ നടത്തിയ പഠനത്തിൽ ഐസ്ക്രീം കഴിക്കുന്നത് ആളുകളിൽ സന്തോഷം ജനിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. അത് തലച്ചോറിന്റെ പ്ലഷർ സെന്ററുകളെ ഉദ്ദീപിപ്പിക്കും.

എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. പഞ്ചസാര ഉപദ്രവകാരിയാണ്. ദീർഘകാലം ഉപയോഗിച്ചാൽ വിഷാദത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങൾ കുറയാനും കാരണമാകും.

ഈ പഠനം കഴിഞ്ഞ നവംബറിൽ ജപ്പാനിലെ ഒരു വെബ്സൈറ്റായ എക്സൈറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചതാണ്.

മറ്റു രാജ്യങ്ങളിലെ പോഷകാഹാര വിദഗ്ധർ ഇതിനെ അനുകൂലിക്കുന്നില്ല. പഴങ്ങളോ, ധാന്യങ്ങളോ കഴിച്ച് ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരം എന്നും അവർ നിർദേശിക്കുന്നു.

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 6/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate