অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

നമ്മിൽ ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ല. കാരണം, രോഗം നമുക്ക് പലവിധത്തിലുള്ള അസൗകര്യങ്ങൾ ഉളവാക്കുന്നെന്നു മാത്രമല്ല അത്‌ ഭാരിച്ച ചെലവും വരുത്തിവെക്കുന്നു. അസുഖം വരുമ്പോൾ നമുക്ക് ഉന്മേഷക്കുറവ്‌ അനുഭവപ്പെടുന്നു. അതിനാൽ, കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. മുതിർന്നവർക്കാകട്ടെ, ജോലിചെയ്യാനോ കുടുംബോത്തരവാദിത്വങ്ങൾ നിർവഹിക്കാനോ സാധിക്കുന്നില്ല. മാത്രമല്ല, ആരെങ്കിലും നിങ്ങളെ നോക്കേണ്ടതുണ്ടായിരിക്കാം. കൂടാതെ, വിലകൂടിയ മരുന്നുകളും ചികിത്സയും ഒക്കെ ആവശ്യമായും വന്നേക്കാം.
“പ്രതിരോധമാണ്‌ പ്രതിവിധിയേക്കാൾ മെച്ചം” എന്നൊരു ചൊല്ലുണ്ടെങ്കിലും ചില രോഗങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ല. എന്നിരുന്നാലും മറ്റു ചില രോഗങ്ങളുടെ കാര്യത്തിൽ അതിന്‍റെ തീവ്രത കുറയ്‌ക്കാനും രോഗം വരുന്നതിനുമുമ്പേ തടയാൻപോലും നമുക്ക് സാധിച്ചേക്കും. നല്ല ആരോഗ്യം നിലനിറുത്തുന്നതിന്‌ ചെയ്യാനാകുന്ന അഞ്ച് വഴികൾ ചിന്തിക്കാം.
1 നല്ല ശുചിത്വം പാലിക്കുക
ശരീരസംരക്ഷണത്തിനും ദന്തപരിചരണത്തിനും ആവശ്യമായ വസ്‌തുക്കൾ
മായോ ക്ലിനിക്കിന്‍റെ അഭിപ്രായപ്രകാരം “രോഗം വരാതിരിക്കാനും അത്‌ പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌” കൈ കഴുകുന്നത്‌. എന്നാൽ, ജലദോഷമോ പനിയോ എളുപ്പത്തിൽ പിടിക്കാൻ അഴുക്കുപുരണ്ട കൈകൾകൊണ്ട് മൂക്കോ കണ്ണോ തിരുമ്മിയാൽ മതിയാകും! അഴുക്ക് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൈ കൂടെക്കൂടെ കഴുകി വെടിപ്പാക്കുന്നതാണ്‌. മാത്രമല്ല ന്യുമോണിയ, വയറിളക്കം പോലെയുള്ള ഗുരുതരമായ രോഗങ്ങൾ തടയാനും ശുചിത്വം പാലിക്കുന്നത്‌ സഹായിക്കും. ശുചിത്വക്കുറവ്‌ മൂലമാണ്‌ അഞ്ച് വയസ്സിൽ താഴെയുള്ള 20 ലക്ഷത്തിലധികം കുട്ടികൾ ഓരോ വർഷവും മരണമടയുന്നത്‌. എന്തിനേറെ, കൈ വൃത്തിയായി കഴുകുക എന്ന നിസ്സാരമായ കാര്യത്തിന്‌ മാരകമായ എബോളയെപ്പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.
നിങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന്‌ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ കൈ നിർബന്ധമായും കഴുകേണ്ടതാണ്‌.
കക്കൂസ്‌ ഉപയോഗിച്ചതിനു ശേഷം.
കക്കൂസിൽ പോയ കുട്ടികളെ കഴുകിയതിനു ശേഷവും ഡയപ്പർ മാറ്റിയതിനു ശേഷവും.
ഒരു മുറിവോ വ്രണമോ വൃത്തിയാക്കിയതിനു ശേഷം.
രോഗികളെ സന്ദർശിക്കുന്നതിനു മുമ്പും പിമ്പും.
ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ കഴിക്കുകയോ ചെയ്യുന്നതിനു മുമ്പ്.
തുമ്മുകയോ ചുമയ്‌ക്കുകയോ മൂക്കുചീറ്റുകയോ ചെയ്‌തതിനു ശേഷം.
മൃഗത്തെയോ മൃഗവിസർജ്യമോ തൊട്ടതിനു ശേഷം.
ചപ്പുചവറുകളും ഉച്ഛിഷ്ടങ്ങളും നീക്കം ചെയ്‌തതിനു ശേഷം.
അതുകൊണ്ട് കൈ വൃത്തിയായി കഴുകുന്നത്‌ നിസ്സാരമായി കാണരുത്‌. പൊതുകക്കൂസുകൾ ഉപയോഗിച്ചതിനു ശേഷം മിക്കവരും കൈ കഴുകാറില്ലെന്നതാണ്‌ വസ്‌തുത. ഇനി കഴുകിയാൽത്തന്നെ അത്‌ വേണ്ടവിധത്തിലല്ലതാനും. അങ്ങനെയെങ്കിൽ കൈ വൃത്തിയായി കഴുകുന്നതിൽ എന്തെല്ലാമാണ്‌ ഉൾപ്പെടുന്നത്‌?
ശുദ്ധമായ വെള്ളത്തിൽ കൈ നനച്ചതിനു ശേഷം സോപ്പ് തേക്കുക.
സോപ്പ് പതയുന്നതുവരെ കൈകൾ കൂട്ടിത്തിരുമ്മി നഖങ്ങൾ, തള്ളവിരൽ, പുറംകൈ, വിരലുകൾക്കിടയിലെ ഭാഗം എന്നിവ വൃത്തിയാക്കുക.
കുറഞ്ഞത്‌ 20 സെക്കന്‍റ് എങ്കിലും ഇങ്ങനെ ചെയ്യുക.
ശുദ്ധമായ വെള്ളത്തിൽ കഴുകുക.
വൃത്തിയുള്ള തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കൈ തുടയ്‌ക്കുക.
ഇതെല്ലാം വളരെ നിസ്സാരമായ കാര്യമാണെന്ന് തോന്നിയേക്കാമെങ്കിലും ഇവയ്‌ക്ക് രോഗങ്ങൾ അകറ്റിനിറുത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സാധിക്കും.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate