অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജീവിത ശൈലി - കൂടുതൽ വിവരങ്ങൾ

ജീവിത ശൈലി - കൂടുതൽ വിവരങ്ങൾ

ജീവിതശൈലി മാറ്റൂ ആരോഗ്യം കൂടെ വരും

അടുക്കളയില്‍ നിന്ന് തുടങ്ങാം. ഇന്നത്തെക്കാലത്ത് സാധനങ്ങള്‍ക്കൊക്കെ എന്താ വില? അത്രയും വിലയുള്ള സാധനങ്ങള്‍ വാങ്ങി ആഹാരമുണ്ടാക്കിയാല്‍ പിന്നെ അതു വെറുതെ കളയുന്നത് എങ്ങനെ? മാത്രമല്ല വീട്ടില്‍ ഒരു അതിഥി ഏതു സമയവും വരാമല്ലോ? അപ്പോള്‍ ഒരാള്‍ക്കു കൂടുതലായി ആഹാരം ഉണ്ടാക്കുന്നു. രാത്രി ഈ ആഹാരവും കഴിച്ചു തീര്‍ക്കേണ്ടത് വീട്ടിലെ സ്ത്രീകളാണ്.

ഇങ്ങനെ അമിതമായി ആഹാരം കഴിക്കുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവര്‍ ബോധമുള്ളവരാണോ? അവര്‍ക്ക് പൊണ്ണത്തടി ഒരു അലങ്കാരമായി കൊണ്ടുനടക്കാമെങ്കിലും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിസ്സാരമാണോ? അല്ലേയല്ല.

യൌവനത്തില്‍ സ്ത്രീശരീരത്തിന് സംരക്ഷണം കിട്ടുന്നുണ്ട്. യൗവനം കഴിഞ്ഞാലും അതുകിട്ടുമെന്ന വിശ്വാസത്തില്‍ ജീവിതശൈലിയില്‍ മാറ്റമൊന്നും വരുത്താറില്ല. ഫലമോ? പലപ്പോഴും രോഗങ്ങള്‍ പിടികൂടുന്നു.

വീട്ടില്‍ മറ്റുള്ളവരുടെ കാര്യങ്ങളൊക്കെ നോക്കിയതിനു ശേഷമേയുള്ളു സ്ത്രീകളുടെ കാര്യം. പിന്നെ എന്തൊക്കെ സംഭവിച്ചാലും എല്ലാം ഉള്ളിലൊതുക്കും. പലരും ഒന്നും പുറത്തു പറയാറില്ല. ഫലമോ വിഷാദം. ഇങ്ങനെ ചെറിയ ശീലങ്ങളിലൂടെ, പാരമ്പര്യവിശ്വാസങ്ങളിലൂടെ, സ്ത്രീകള്‍ കടന്നു പോകുന്നത് ശൈലീരോഗങ്ങളിലേക്കാണ്. അതിനു കൊടുക്കേണ്ട വിലയോ വളരെ വലുതാകുന്നു. അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ നടന്ന പഠനങ്ങളാണ് മുകളില്‍ പറഞ്ഞ കണ്ടെത്തലുകള്‍ നടത്തിയത്. കേരളത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ശൈലിരോഗങ്ങള്‍ ഏറെ വര്‍ധിക്കുന്നു എന്നാണ് പഠനത്തിന്റെ ഉള്ളടക്കം.

അടുത്ത കാലം വരെ സ്ത്രീകള്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു; ജീവിതശൈലീ രോഗങ്ങള്‍ തങ്ങളെ ബാധിക്കുന്നതല്ല. ഹൃദ്രോഗമോ? പ്രമേഹമോ? അതൊക്കെ പുരുഷന്മാര്‍ക്കു വരുന്ന രോഗങ്ങളല്ലേയെന്ന്. എന്നാലിപ്പോള്‍ കണക്കുകള്‍ പറയുന്നത് കേരളത്തില്‍ ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുന്നതിന്റെ നിരക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നാണ്.

ഹൃദ്രോഗത്തിന് കാരണമായി പുകവലി, മദ്യപാനം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ പുരുഷന്മാരില്‍ ആരോപിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ കാര്യമായിട്ടില്ലാത്ത സ്ത്രീകള്‍ ഹൃദ്രോഗത്തിന് അടിപ്പെടുന്നത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

ഇതെന്തുകൊണ്ട് സംഭവിക്കുന്നു?

ആര്‍ത്തവ വിരാമത്തിനു മുമ്പു വരെ ധാരാളം കാവല്‍ക്കാരുള്ള ഒരു കോട്ടയാണ് സ്ത്രീശരീരം. അതുകൊണ്ടുതന്നെ ശരാശരി ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് ഈ കാലയളവില്‍ രോഗങ്ങളില്‍ നിന്നു രക്ഷയുണ്ട്. സന്ധിവേദന, നടുവേദന, ആര്‍ത്തവപ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്ന വയറുവേദന തുടങ്ങിയവയല്ലാതെ ഗുരുതരമായ രോഗങ്ങള്‍ ഇക്കാലയളവില്‍ സ്ത്രീകളെ ബാധിക്കാറില്ല. അങ്ങനെ പുരുഷന്മാരെ അപേക്ഷിച്ച് കാവല്‍ക്കാരാല്‍ ചുറ്റപ്പെട്ട ഒരു കോട്ട പോലെ നില്‍ക്കുന്ന സ്ത്രീശരീരത്തിന് പിന്നീട് ബലക്ഷയം സംഭവിക്കും. ആര്‍ത്തവ വിരാമത്തിനു തൊട്ടുമുമ്പു തന്നെ ഈ കാവല്‍ക്കാര്‍ ഓരോരുത്തരായി പിന്‍വാങ്ങി തുടങ്ങും. അതുകൊണ്ടാണ് ആര്‍ത്തവവിരാമത്തിനു തൊട്ടുമുമ്പ് രോഗങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്.

യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചത്? തുടര്‍ന്നു വരുന്ന ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ സ്ത്രീകള്‍ തയാറാവുന്നില്ല എന്നതുതന്നെ. അതായത് ആര്‍ത്തവ വിരാമത്തിനു മുമ്പും ശേഷവും എന്നൊരു ജീവിതശൈലിയില്ല. മുപ്പതുകളില്‍ സ്ത്രീകള്‍ എങ്ങനെയായിരുന്നോ അതുപോലെയാണ് നാല്‍പ്പതുകളിലും അമ്പതുകളിലും ജീവിക്കുന്നത്?

എന്തു ചെയ്യാം? ശരീരം നല്‍കുന്ന ആരോഗ്യസംരക്ഷണ കവചം അമ്പതു വയസ്സോടെ ഇല്ലാതാവുമെന്നതുകൊണ്ട് മുപ്പതിലേ തുടങ്ങണം തയാറെടുപ്പുകള്‍. ഒരിക്കല്‍ ഹൃദയാഘാതം ഉണ്ടായാല്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഇരട്ടിയാണ്. അടിക്കടിയുണ്ടാകുന്ന ഹൃദയാഘാതങ്ങളെ അതിജീവിക്കാനുള്ള ശേഷി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വളരെ കുറവാണ്.

പ്രമേഹം, പൊണ്ണത്തടി, രക്തത്തിലെ കൊഴുപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക സംഘര്‍ഷം തുടങ്ങിയവ സ്ത്രീകള്‍ക്കിടയില്‍ വര്‍ധിക്കുന്നതുകൊണ്ടു തന്നെ ഹൃദ്രോഗ സാധ്യതയും വളരെ കൂടുതല്‍ ആണ്.

നടക്കാനോ..

മുമ്പൊക്കെ ശരീരത്തിന് ആവശ്യമായ വ്യായാമം സ്ത്രീകള്‍ക്ക് അവരുടെ ജോലികള്‍ കൊണ്ട് കിട്ടുമായിരുന്നു എന്നതാണ്. ആഴമുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരുക, അതു ചുമന്ന് വീട്ടിലെത്തിക്കുക, അമ്മിക്കല്ലില്‍ അരയ്ക്കുക, വീട്ടിനടുത്തു തന്നെയുള്ള അടുക്കളത്തോട്ട പരിപാലനം, പിന്നെ വൈകുന്നേരം കുളിക്കടവിലേക്കുള്ള യാത്രകള്‍. അങ്ങനെ ആരോഗ്യപരിപാലനവും നടക്കുന്നുണ്ടായിരുന്നു. അക്കാലത്ത് ജീവിച്ചിരുന്നവര്‍ക്ക് താരതമ്യേന രോഗങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന് വീട്ടമ്മമാര്‍ക്കുപോലും അടുക്കളയില്‍ അധികം അധ്വാനിക്കേണ്ടി വരുന്നില്ല.

സ്ത്രീകള്‍ക്ക് സ്വസ്ഥമായി നടന്ന് വ്യായാമം ചെയ്യാവുന്ന സാമൂഹിക വ്യവസ്ഥിതിയല്ല കേരളത്തിലുള്ളത്. സുരക്ഷിതമായി നടക്കാവുന്ന മൈതാനങ്ങളുടെ അഭാവം പ്രധാന വിഷയമാണ്. രണ്ടാമത്തെ പ്രശ്നം സുരക്ഷയാണ്. അതിരാവിലെ ആയാലും വൈകുന്നേരമായാലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാവുന്ന പൊതുസ്ഥലങ്ങള്‍ കുറവാണ്. എങ്കിലും അരമണിക്കൂര്‍ നിര്‍ത്താതെ നടക്കുന്നതിന് വീടിനകമോ മുറ്റമോ വീടിന്റെ പരിസരമോ ഒക്കെ തിരഞ്ഞെടുക്കാം. പക്ഷേ ശരീരം വിയര്‍ക്കും വരെ നടക്കാനുള്ള മനസ്സ് വേണമെന്നു മാത്രം.

'ആരോഗ്യമുള്ള ഭാരം ആരോഗ്യമുള്ള രൂപം'

ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ ഹൃദയാരോഗ്യസന്ദേശം തന്നെ 'ആരോഗ്യമുള്ള ഭാരം, ആരോഗ്യമുള്ള രൂപം' എന്നായിരുന്നു. കേരളത്തെ മാത്രം ഉദ്ദേശിച്ചല്ലേ ഇത്തരമൊരു സന്ദേശം ലോകാരോഗ്യസംഘടന പുറത്തു വിട്ടതെന്നു സംശയം തോന്നും. കാരണം അപകടാവസ്ഥയിലുള്ള ശരീര ഭാരമുള്ള സ്ത്രീകളുടെ എണ്ണം ഏറെക്കുറെ 80% ആണ്. അതായത് മലയാളി വനിതകളില്‍ ശരിയായ ശരീരഭാരം സൂക്ഷിക്കുന്നവര്‍ വളരെ വളരെ കുറവാണ്. ഈ അവസ്ഥയാണ് യഥാര്‍ഥത്തില്‍ പ്രമേഹം ഉള്‍പ്പെടെയുള്ള രോഗകാരണം.

പ്രമേഹം രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ലെങ്കിലും വലുതും ചെറുതുമായ രക്തക്കുഴലുകളെ ക്ഷയിപ്പിക്കുന്നു. ഇത് കണ്ണുകള്‍, വൃക്കകള്‍, നാഡികള്‍ എന്നിവയെ ബാധിക്കുന്നു. പ്രമേഹം ഹൃദ്രോഗസാധ്യത വളരെ കൂട്ടുന്നു. പ്രമേഹം പൂര്‍വലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുകയാണെങ്കില്‍ ചിട്ടയായ വ്യായാമം കൊണ്ട് രോഗാവസ്ഥയിലേക്കു പോകുന്നതിന്റെ സാധ്യത 44 ശതമാനം കുറയ്ക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

അസ്ഥിയുടെ ബലക്കുറവ് സ്ത്രീകളെ കാത്തിരിക്കുന്ന മറ്റൊരു വലിയ അപകടമാണ്. ചെറുപ്പകാലത്തു ചെയ്യുന്ന വ്യായാമത്തിന്റെ അടിസ്ഥാനത്തിലാണ് പില്‍ക്കാലത്ത് അസ്ഥികള്‍ക്ക് ഉറപ്പുണ്ടാകുന്നത്. മുപ്പതു വയസ്സ് മുതല്‍ ശരിയായി നടക്കുകയാണെങ്കില്‍ പിന്നീടുള്ള കാലം അസ്ഥികള്‍ക്ക് ഉറപ്പ് ഉണ്ടാവും. നടത്തവും സമതുലിത വ്യായാമവും ആണ് പ്രായമാകുമ്പോള്‍ സംഭവിക്കുന്ന വീഴ്ചയെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍.

വന്‍കുടലിലെയും സ്തനങ്ങളിലേയും അര്‍ബുദം

കാത്സ്യത്തിന്റെ കുറവ് നാല്‍പ്പതു വയസ്സു മുതല്‍ സ്ത്രീകളെ കൂടുതലായി ബാധിച്ചു തുടങ്ങുന്നു. മുട്ടുവേദന, നടുവേദന തുടങ്ങിയവയാണ് പ്രധാനമായും ഉണ്ടാകുന്നത്. സന്ധിവാതം വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മുപ്പതു വയസ്സുള്ളപ്പോഴേ നന്നായി വ്യായാമം ചെയ്ത് അസ്ഥികള്‍ ഉറപ്പിക്കുകയാണെങ്കില്‍ ഈപ്രതിസന്ധി തരണം ചെയ്യാം.

തുടര്‍ച്ചയായ എയ്റോബിക് വ്യായാമം കൊണ്ട് സ്തനാര്‍ബുദം 20 ശതമാനവുംവന്‍കുടല്‍ അര്‍ബുദം 30 ശതമാനവും കുറയ്ക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. രക്തത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് ക്രമാതീതമായി കൂടുന്നത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ നല്ല ശാരീരിക അധ്വാനം ഉണ്ടെങ്കില്‍ മാത്രമേ രക്തത്തില്‍ ഈസ്ട്രജന്റെ അളവ് ക്രമമായി നിലനിര്‍ത്താന്‍ കഴിയൂ.

മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കൂടിയിട്ടുണ്ട്. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്ത് രോഗാവസ്ഥ ഉണ്ടാകുന്ന രീതിയില്‍ മാരകമോ വ്യപകമോ അല്ല ഈ പ്രവണതകള്‍. എങ്കിലും സ്ത്രീകള്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുമ്പോള്‍ അപകടരമായ മറ്റൊരു അവസ്ഥ ഉണ്ടാകുന്നു. അതായത് പൊതുവെ അമിതവണ്ണമുള്ള സ്ത്രീകള്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുമ്പോള്‍ അതിന്റെ ദൂഷ്യവശങ്ങള്‍ പുരുഷശരീരത്തെ ബാധിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും സ്ത്രീ ശരീരത്തെ ബാധിക്കുന്നത്.

രുചിയുടെ വിപ്ളവങ്ങള്‍

മറ്റു രംഗങ്ങളില്‍ എന്നപോലെ രുചിയുടെ രംഗത്തും വിപ്ളവകരമായ പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ ദിവസവും പുതിയ പുതിയ ഇനങ്ങളാണ് വിപണിയില്‍ എത്തുന്നത്. ഇങ്ങനെ എത്തുന്ന ആഹാര സാധനങ്ങളില്‍ മധുരം, കൊഴുപ്പ്, ഉപ്പ് തുടങ്ങിയ അംശങ്ങള്‍ വളരെ കൂടുതല്‍ ആയിരിക്കും. മധുരമുള്ള ആഹാരം ഇഷ്ടപ്പെടുന്ന ഒരാള്‍ കാലംകഴിയുന്തോറും മധുരത്തിന്റെ ഗാഢത വര്‍ധിപ്പിക്കുന്നു. ഇന്ന് ബേക്കറികളില്‍ നിന്നു കിട്ടുന്ന ഒട്ടുമിക്ക ഇനങ്ങളിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതല്‍ ആണ്. ബേക്കറി ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം ക്രമാതീതമായി കൂടിയിട്ടുമുണ്ട്. അതിനര്‍ഥം ശരീരത്തിന് വേണ്ടതില്‍ കൂടുതല്‍ മധുരവും കൊഴുപ്പുമൊക്കെ ചെല്ലുന്നുണ്ടെന്നാണ്.

ഫാസ്റ്റ് ഫുഡ് സംസ്കാരം കേരളത്തില്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഹോട്ടല്‍ ഭക്ഷണം കഴിക്കുന്ന രീതി മിക്ക കുടുംബങ്ങളിലും തുടരുകയും ചെയ്യുന്നു. എന്നാല്‍ ഈ പുറംഭക്ഷണത്തിന്റെ ദോഷവശങ്ങളാണ് ഇപ്പോള്‍ നമ്മുടെ ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ കണ്ടു വരുന്നത്. ചുരുക്കത്തില്‍ പുതിയ കാലത്തെ ആഹാരചേരുവകളില്‍ അപകടകാരികളായ കൊഴുപ്പ്, മധുരം, ഉപ്പ്, പുളി എന്നിവയുടെ അംശം വളരെ കൂടുതല്‍ ആണ്.

എല്ലാം ഉള്ളില്‍ ഒതുക്കുമ്പോള്‍...

എല്ലാ പ്രശ്നങ്ങളും ഉള്ളില്‍ ഒതുക്കുന്നതുകൊണ്ട് മാനസികസംഘര്‍ഷങ്ങള്‍ പൊതുവെ സ്ത്രീകളില്‍ വളരെ കൂടുതലാണ്. ഈ മാനസിക സംഘര്‍ഷങ്ങള്‍ ശാരീരികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചെറിയ സംഭവങ്ങളില്‍ പോലും അടിതെറ്റിപ്പോകുന്ന മനോഭാവമാണ് മലയാളികള്‍ക്ക്. ഇതിന്റെ ഇരകള്‍ കൂടുതലും സ്ത്രീകളാണ്. പലരും മരുന്നു കഴിച്ചാണ് ഈ പ്രതിസന്ധികളെ തരണം ചെയ്യുന്നത്. എന്നാല്‍ കൃത്യമായ ശാരീരിക വ്യായാമം നമ്മുടെ മാനസികാവസ്ഥയെയും ഗുണകരമാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

വ്യായാമത്തിന് മൂന്നു തരത്തിലുള്ള മാനസികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിരാശ, ഉത്സാഹക്കുറവ്, ഉത്കണ്ഠ. വിഷാദത്തിന്റെ വകഭേദങ്ങളാണ് ഈ മൂന്ന് അവസ്ഥകളും. ജീവിതത്തിനോടുള്ള സ്നേഹവും ഇഷ്ടവും നഷ്ടപ്പെട്ട് പ്രതികൂലമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്നതാണ് വിഷാദത്തിന്റെ വകഭേദമായ നിരാശയുടെ ലക്ഷണം. ചിലരില്‍ ഇത് രണ്ടാഴ്ചയോളം നിലനില്‍ക്കും. ചിലര്‍ക്ക് പക്ഷേ, ഒരുപാടുനാള്‍ നീണ്ടുനില്‍ക്കും. മരണചിന്ത, സ്വയം ബഹുമാനമില്ലായ്മ, ശ്രദ്ധയില്ലായ്മ, ജീവിതത്തോടുള്ള വിരക്തി എന്നിങ്ങനെ പല ലക്ഷണങ്ങളും ഈ അവസ്ഥയില്‍ പ്രകടമാണ്. ഉത്സാഹമില്ലായ്മയുടെ രോഗലക്ഷണങ്ങളില്‍ വിശപ്പില്ലായ്മ വരാം. ചിലപ്പോള്‍ അമിതമായ വിശപ്പായിരിക്കാം ലക്ഷണം. ഉറക്കമില്ലായ്മയും അമിതമായ ഉറക്കം, ശ്രദ്ധയില്ലായ്മ, സ്വയംനിന്ദ തുടങ്ങിയവയും ലക്ഷണമാകാം. അസ്വസ്ഥത, ക്ഷീണം, അകാരണമായ ഭയം, ശ്രദ്ധക്കുറവ് തുടങ്ങിയവ ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍. ഇത് ഒരു മാസത്തോളം തുടര്‍ച്ചയായി നിലനില്‍ക്കുകയാണെങ്കില്‍ വിദഗ്ധ നിര്‍ദേശം തേടേണ്ടതുണ്ട്.

മാനസികാസ്വാസ്ഥ്യം പലപ്പോഴും ചിട്ടയായ ശാരീരികവ്യായാമം കൊണ്ടു പരിഹരിക്കാം. ഉദാഹരണത്തിന് മാനസിക ബുദ്ധിമുട്ട് ഉള്ള ഒരാള്‍ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കുന്നു എന്നു കരുതുക. അങ്ങനെയാണെങ്കില്‍ ആ അടുക്കളതോട്ടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന സമയങ്ങളില്‍ അയാള്‍ താരതമ്യേന ഉത്സാഹിയായിരിക്കും.

വ്യായാമത്തില്‍ മനസ്സിന് എന്തു സംഭവിക്കുന്നു? 1. നല്ല ഉറക്കം കിട്ടുന്നു. 2. ജീവിതത്തിന്റെ ഗുണം കൂടുന്നു. 3. ക്ഷീണം കുറയ്ക്കുന്നു. 4. ഉത്സാഹം വര്‍ധിപ്പിക്കുന്നു. 5. ആത്മവിശ്വാസം വര്‍ധിക്കുന്നു. 6. മാനസികാരോഗ്യം മെച്ചപ്പെടുന്നു.

ബുദ്ധിയുടെ ഉണര്‍വിനും വ്യായാമം അനിവാര്യം. ഉണര്‍ന്ന മനസ്സോടെ ജോലി ചെയ്യുന്നതിന് തലച്ചോറിന്റെ നാഡിഞരമ്പുകള്‍ ഉണര്‍ന്നിരിക്കണം. വ്യായാമം തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിന് സഹായിക്കുന്നു. ഇത്തരത്തില്‍ തലച്ചോറില്‍ രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നു. ഇത് തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. മാത്രമല്ല വ്യായാമം ഒരുപരിധി വരെ നാഡീകോശങ്ങളുടെ നാശം തടയുന്നു.

ശൈലി നന്നായാല്‍ ജീവിതം നന്നായി

ജീവിതശൈലിയില്‍ അനാരോഗ്യകരമായ വഴികളിലൂടെ കൂടുതല്‍ സഞ്ചരിക്കുന്നത് സ്ത്രീകളാണ്. വീട്ടില്‍ പുരുഷനു പരമ്പരാഗതമായി കിട്ടുന്ന മേല്‍ക്കോയ്മ ഒരു കാരണമാണ്. വീട്ടില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും പ്രമേഹമുണ്ടെങ്കില്‍ ആഹാരവും മരുന്നും വ്യായാമവുമെല്ലാം കൃത്യമായി ചെയ്യാനുള്ള സാഹചര്യമുള്ളത് മിക്കവാറും പുരുഷനു മാത്രമാണ്. സ്ത്രീ തന്റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി മധുരവും കൊഴുപ്പുമില്ലാത്ത ആഹാരമുണ്ടാക്കിയും കഴിക്കാനുള്ള മരുന്ന് കൃത്യമായി എടുത്തു വച്ചും അദ്ദേഹത്തിനു കുളിക്കാന്‍ വെള്ളം ചൂടാക്കിയും തന്റെ രോഗാവസ്ഥകളെ അവഗണിക്കുന്നു.

മനുഷ്യരില്‍ ആയുര്‍ ദൈര്‍ഘ്യം വ്യത്യസ്തമാണ്. കൃത്യമായ ഒരു കാരണവും ഇതിനു പിന്നിലുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ എയ്റോബിക് വ്യായാമങ്ങളും കഠിനമായ ജോലികളും ശൈലീരോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വേണം വിശദമായ പരിശോധന

'ഇന്നേവരെ കാര്യമായൊരു രോഗവുമായി ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല. അക്കാര്യത്തില്‍ ദൈവസഹായമുണ്ട്...' ചിലര്‍ അഭിമാനത്തോടെ പറയുന്നതു കേട്ടിട്ടില്ലേ?

നാല്‍പ്പതു കഴിഞ്ഞ സ്ത്രീകള്‍ ഇങ്ങനെ പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. വിശദമായൊരു വൈദ്യപരിശോധനയ്ക്കു ശേഷം മാത്രമേ രോഗസാധ്യതകളില്ലെന്ന് ഉറപ്പാക്കാവൂ. കാരണം പുരുഷന്മാരെ അപേക്ഷിച്ച് രക്തസമ്മര്‍ദക്കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. മാത്രമല്ല പ്രമേഹം പോലെയുള്ള അസുഖങ്ങള്‍ വന്നാല്‍ കാര്യമായ ബാഹ്യലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഇത് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. അതുകൊണ്ടാണ് ബാഹ്യമായ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും വിശദമായ വൈദ്യപരിശോധന മധ്യവയസ്സില്‍ നടത്തണമെന്നു നിര്‍ദേശിക്കുന്നത്.

എപ്പോഴാണ് ശരീരം അധ്വാനിക്കുന്നത്

പേശികളുടെ സങ്കോചവികാസത്തിന് അനുസൃതമായ ചലനത്തെയാണ് ശാരീരികപ്രവര്‍ത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ധാരാളമായി ഊര്‍ജവ്യയവും ആരോഗ്യപ്രദായകവുമായ എല്ലാത്തരം ചലനങ്ങളെയും ശാരീരികാധ്വാനമായി കണക്കാക്കുന്നു. മറ്റു വ്യായാമങ്ങളെക്കാള്‍ ഹൃദ്രോഗ അപകടസാധ്യത കുറയ്ക്കുന്നത് എയ്റോബിക് വ്യായാമങ്ങളാണ്.

ഒരു സ്ത്രീക്കു വേണ്ട മിതമായ 'തീവ്ര വ്യായാമം' 1. വേഗത്തിലുള്ള നടത്തം 2. സൈക്കിള്‍ ചവിട്ടല്‍ 3. സാധാരണനിലയിലുള്ള പൂന്തോട്ട നിര്‍മാണം 4. നൃത്തം 5. വള്ളിച്ചാട്ടം 6. ഷട്ടില്‍ കളി

വര്‍ധിച്ച തീവ്രതയുള്ള വ്യായാമം 1. ക്രമമായ ഓട്ടം 2. ഓട്ടം 3. എയ്റോബിക് നൃത്തങ്ങള്‍ 4. വേഗതയിലുള്ള സൈക്കിള്‍ ചവിട്ടല്‍ 5. തീവ്രമായ പൂന്തോട്ട പരിപാലനം (ഭൂമി കിളയ്ക്കല്‍, ശിഖരങ്ങള്‍ മുറിക്കല്‍ ഉള്‍പ്പെടെ)

വിവരങ്ങള്‍ക്കു കടപ്പാട് ഡോ. ജ്യോതിദേവ് കേശവദേവ് ജ്യോതിദേവ്സ് ഡയബറ്റീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, തിരുവനന്തപുരം. ഡോ. വി. രാമന്‍കുട്ടി ഡോ. എലിസബത്ത് മാത്യൂസ് ഡോ. മഞ്ജു നായര്‍ ഡോ. കെ.എസ്. ഹരികൃഷ്ണന്‍ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം.

പാലിക്കാം ആരോഗ്യ ഭക്ഷണശീലം

എത്രത്തോളം കഴിക്കാമോ അത്രയും കഴിക്കുക. പിന്നെ കുറച്ചു നടക്കുക. ഇതാണു ഭൂരിപക്ഷം മലയാളികളുടെയും ആരോഗ്യസങ്കല്‍പം. പുതുരുചികള്‍ തേടാനും പരീക്ഷിക്കാനുമുള്ള ഇഷ്ടം. പൊറോട്ട മുതല്‍ ബര്‍ഗര്‍, പിസ വരെയുള്ള ഭക്ഷണശീലത്തിനു വഴിയൊരുക്കി. ആഹാരം കഴിക്കുമ്പോള്‍ അവയുടെ ഗുണം അറിഞ്ഞ് ശരിയായ അളവില്‍ കഴിക്കുകയും ചിട്ടയായി വ്യായാമം ചെയ്യുകയും ചെയ്താല്‍ ആരോഗ്യം സ്വന്തമാക്കാം.

ആയുര്‍വേദമനുസരിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതി, ദഹനശക്തി, ശാരീരികവും ബൌദ്ധികവുമായ വ്യായാമം ഇവയെ അടിസ്ഥാനമാക്കിയാണ് ആഹാരത്തിന്റെ അളവും ഗുണവും നിശ്ചയിക്കേണ്ടത്. ഗുണകരമായവ കഴിക്കുന്നതിനോടൊപ്പം ദോഷകരമായവ ഉപേക്ഷിക്കുകയും വേണം.

ചില ആഹാരങ്ങള്‍ മറ്റു ചിലവയോടു ചേര്‍ത്തുപയോഗിക്കുമ്പോള്‍ ആരോഗ്യത്തിനു ഹാനികരമാകാറുണ്ട്. അങ്ങനെയുള്ള കോമ്പിനേഷന്‍സിനെ വിരുദ്ധാഹാരങ്ങള്‍ എന്നു പറയുന്നു. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല ആഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അകാരണമായി അനുഭവപ്പെടുന്ന പല അസ്വസ്ഥതകളും കാരണം ഒരു പരിധി വരെ ഇവയാകാം.

എന്താണ് വിരുദ്ധം?

ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടാതെ ദോഷാംശങ്ങളെ ഉണ്ടാക്കി, ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെ വിരുദ്ധം എന്നു പറയുന്നു. ശരീരത്തില്‍ എത്തിച്ചേരുന്ന ഉടനെ ഇവ ലക്ഷണങ്ങള്‍ കാണിക്കുകയോ രോഗങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ശരീരത്തില്‍ അടിഞ്ഞുകൂടി കാലക്രമേണ പലവിധ രോഗങ്ങള്‍ക്കു കാരണമാകുന്നു.

ആഹാരങ്ങള്‍ വിഷാംശം ഉള്ളവയല്ല. എന്നാല്‍ ചിലവയുടെ ഒരുമിച്ചുള്ള ഉപയോഗത്തില്‍ ഇവ വിഷസ്വഭാവം കാട്ടുന്നു. ഉദാഹരണമായി തേനും നെയ്യും ഒരേ അളവില്‍ ഉപയോഗിക്കുന്നതു മാരകമാണ്. എന്നാല്‍ രണ്ട് അളവുകളില്‍ ഒന്നിച്ചുപയോഗിക്കുന്നതില്‍ കുഴപ്പമില്ല.

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പലതരം വിരുദ്ധങ്ങള്‍ പരാമര്‍ശിക്കുന്നു. അവ കഴിക്കുന്ന സ്ഥലം, കാലം, കഴിക്കുന്ന ആളിന്റെ ദഹനശക്തി, ആഹാരത്തിന്റെ അളവ്, ആഹാരത്തിലെ വൈവിധ്യം, ത്രിദോഷങ്ങള്‍, പാകം ചെയ്യുന്ന രീതി, പദാര്‍ഥങ്ങളുടെ വീര്യം, അവസ്ഥ, ആഹാരക്രമം, രുചി, കോമ്പിനേഷനുകള്‍, ആഹാരത്തിന്റെ ഗുണങ്ങള്‍, ആഹാരം കഴിക്കുന്നതിന്റെ ശീലം, കഴിക്കുന്നതിന്റെ സാമാന്യനിയമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ്.

വിരുദ്ധാഹാരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍

വന്ധ്യത, അന്ധത, ത്വക്രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, തലകറക്കം, അര്‍ശസ്, ഫിസ്റ്റുല, വയറുവീര്‍പ്പ്, ദഹനക്കുറവ്, തൊണ്ടയുടെ രോഗങ്ങള്‍, വായിലുണ്ടാകുന്ന രോഗങ്ങള്‍, വിളര്‍ച്ച, വെള്ളപ്പാണ്ട്, നീര്, നെഞ്ചെരിച്ചില്‍, വയറിന് എരിച്ചില്‍, മറ്റ് അസ്വസ്ഥതകള്‍, തുമ്മല്‍, വിട്ടുമാറാത്ത ജലദോഷം, ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍, അകാരണമായുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ ഇവ ഒരു പരിധി വരെ വിരുദ്ധാഹാരങ്ങള്‍ കൊണ്ടുണ്ടാകാം.

പാലിക്കേണ്ട ആരോഗ്യ ഭക്ഷണശീലങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഈ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ പല ബുദ്ധിമുട്ടുകളും നമ്മള്‍ക്ക് ഒഴിവാക്കാം. . തണുത്ത കാലാവസ്ഥയില്‍ തണുത്ത ആഹാരങ്ങള്‍ ഒഴിവാക്കുക. . ചൂടുള്ള കാലാവസ്ഥയില്‍ ചൂടുള്ളതും തീക്ഷ്ണവുമായ ആഹാരങ്ങള്‍ വേണ്ട. . ദഹനശക്തി കുറഞ്ഞിരിക്കുമ്പോള്‍ ധാരാളം ആഹാരം കഴിക്കരുത്. . വിശന്നിരിക്കുമ്പോള്‍ ആവശ്യത്തിന് ആഹാരം കഴിക്കുക. വിശപ്പില്ലാത്തപ്പോള്‍ ആഹാരം കഴിക്കാതിരിക്കുക. . ഭക്ഷണശീലങ്ങളില്‍ പെട്ടെന്നു മാറ്റം വരുത്തരുത്. പടിപടിയായി മാത്രമേ മാറ്റം വരുത്താവൂ. . തണുപ്പുള്ളതും ചൂടുള്ളതുമായ സാധനങ്ങള്‍ ഒന്നിച്ച് ഉപയോഗിക്കരുത്. . പാകം ചെയ്തതും അല്ലാത്തതുമായവ ഒന്നിച്ച് ഉപയോഗിക്കാതിരിക്കുക. . കേടായ വസ്തുക്കള്‍ കൊണ്ട് ആഹാരമുണ്ടാക്കരുത്. . അമിതമായി വെന്തുപോയതോ, നന്നായി വേവാത്തതോ, കരിഞ്ഞുപോയതോ ആയ ആഹാരം കഴിക്കാതിരിക്കുക. . പകലുറക്കത്തിനുശേഷം എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. . രാത്രിയില്‍ തൈര് തുടങ്ങിയ തണുത്ത ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുക. . മനസിന് ഇഷ്ടമില്ലാത്തവ കഴിക്കാതിരിക്കുക. . വിയര്‍പ്പോടുകൂടി തണുത്തവെള്ളം കുടിക്കാതിരിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കാതിരിക്കുക.

ഒഴിവാക്കേണ്ട ആഹാരങ്ങള്‍

. ഇലക്കറികള്‍ (സാലഡ് ഉള്‍പ്പെടെ) കഴിച്ചതിനുശേഷം പാല്‍ ചേര്‍ന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. . പാലിനോടൊപ്പം പുളിയുള്ളവ, പുളിയുള്ള പഴവര്‍ഗങ്ങള്‍ ഇവ ഒഴിവാക്കുക. . പാല്‍ ചേര്‍ന്നവയില്‍ ഉപ്പ് ചേര്‍ക്കാതിരിക്കുക. . പാലും മീനും, ചിക്കനും തൈരും ഒരുമിച്ച് കഴിക്കരുത്. . തേന്‍ കഴിച്ചതിനുശേഷം ചൂടുവെള്ളം കുടിക്കരുത് .. തേന്‍, തൈര് എന്നിവ ചൂടാക്കാന്‍ പാടില്ല. . നെയ്യ് സൂക്ഷിക്കാന്‍ ഓട്ടുപാത്രങ്ങള്‍ ഉപയോഗിക്കരുത്. .തേനും നെയ്യും വെള്ളവും ഒരേ അളവില്‍ ഒന്നിച്ചുപയോഗിക്കരുത്

നന്നായി വ്യായാമം ചെയ്യുന്ന, നല്ല ദഹനശക്തിയുള്ള, ആരോഗ്യമുള്ള ചെറുപ്പക്കാരായ ആള്‍ക്കാര്‍ക്കും മിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്കും വിരുദ്ധം മൂലം രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. വര്‍ഷ മോഹന്‍, ദുര്‍ഗ ആയുര്‍വേദിക്സ്, തിരുവല്ല.

ആരോഗ്യവതിയാകാന്‍ 25 സിംപിള്‍ ടിപ്സ്

എനര്‍ജി ഡ്രിങ്കിന്റെ പരസ്യത്തിലെ വീട്ടമ്മയെ പോലെ ചുറുചുറുക്കുള്ളവളാകാന്‍ ഏതു സ്ത്രീയാണ് ആഗ്രഹിക്കാത്തത്? പക്ഷേ, വീട്ടിലെ ഓരോ അംഗങ്ങളുടെയും ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിച്ച് നെട്ടോട്ടമോടുന്നതിനിടയില്‍ മിക്ക സ്ത്രീകള്‍ക്കും സ്വന്തം ആരോഗ്യത്തെപ്പറ്റി ആലോചിക്കാന്‍ നേരം കിട്ടാറില്ല. അസുഖം വന്നു കിടപ്പിലാകുമ്പോഴാണ് പലരും ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്. സ്വന്തം ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവായ വീട്ടമ്മയ്ക്കു മാത്രമേ മറ്റുള്ളവര്‍ക്കും ശരിയായ ആരോഗ്യ സംരക്ഷണം നല്‍കാന്‍ കഴിയൂ.

ഒന്നു മനസുവച്ചാല്‍, എപ്പോഴും ചുറുചുറുക്കുള്ള ആളാകാനും ജോലികള്‍ പ്രസരിപ്പോടെ ചെയ്യാനും ആര്‍ക്കും കഴിയും. ആരോഗ്യസംരക്ഷണത്തില്‍ സ്ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് പ്രധാനമാണ്. കാരണം, മാസംതോറും ആര്‍ത്തവം മൂലമുള്ള രക്തനഷ്ടം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങളില്‍ നിന്നുള്ള ഭീഷണി, വൃത്തി സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത... ഇങ്ങനെ പല

ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട് സ്ത്രീകള്‍. ഈ ആരോഗ്യശീലങ്ങള്‍ ഇനി മുതല്‍ ജീവിതത്തിന്റെ ഭാഗമാക്കൂ. ദിവസങ്ങള്‍ എത്ര മാറ്റമാണ് വരുന്നതെന്ന് തിരിച്ചറിയൂ.

മിക്ക സ്ത്രീകളും ഏറ്റവും കൂടുതല്‍ പരാതി പറയുന്ന പ്രശ്നമാണ് നടുവേദന. ജോലികള്‍ കൃത്യമായി ചെയ്യാന്‍ പറ്റാതിരിക്കുക. ഉന്മേഷക്കുറവ്.... ഇതെല്ലാം നടുവേദനയുടെ അനന്തര ഫലങ്ങളാണ്. രാവിലെ ഉണര്‍ന്നയുടനെ 10 മിനിറ്റ് നേരം സ്ട്രെച്ചിങ് വ്യായാമം ചെയ്യുന്നതു ശീലമാക്കുക. ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യത്തിനും നടുവേദന അകറ്റാനും സ്ട്രെച്ചിങ് വ്യായാമം സഹായിക്കും. ദിവസം മുഴുവനും ഇത് ഉന്മേഷം പകരും.

ദിവസം 23 ലീറ്റര്‍ വെള്ളം കുടിക്കണം. രക്തശുദ്ധിക്കും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ചര്‍മ സൌന്ദര്യത്തിനുമെല്ലാം വെള്ളം ആവശ്യമാണ്. മാത്രമല്ല, യൂറിനറി അണുബാധ പോലുള്ള രോഗങ്ങളുടെ സാധ്യത ഒഴിവാക്കാനും സ്ത്രീകള്‍ ധാരാളം വെള്ളം കുടിച്ചിരിക്കണം.

ഭക്ഷണകാര്യത്തില്‍ പ്രാതലിന് ഏറ്റവും പ്രാധാന്യം നല്‍കുക. പ്രാതല്‍ സമീകൃതമായിരിക്കണം. ധാന്യാഹാരം പച്ചക്കറികള്‍ ഇവയ്ക്കൊപ്പം ഒരു ഗാസ് പഴച്ചാറ്, പുഴുങ്ങിയ മുട്ട, പാല്‍ അല്ലെങ്കില്‍ തൈര്, ഒരല്‍പം കൊഴുപ്പ് ഇത്രയും പ്രാതലില്‍ അടങ്ങിയിരിക്കണം. ഇതെല്ലാം ഒന്നിച്ചു കഴിക്കാതെ രാവിലെ അല്‍പം ഇടവിട്ട് കഴിക്കാം.

ഗ്രീന്‍ ടീ ശീലമാക്കുക. ഒരു ഗാസ് ഗ്രീന്‍ ടീ രാവിലെ വെറും വയറ്റില്‍ കുടിച്ചു നോക്കൂ. ചര്‍മത്തിന്റെ സംരക്ഷണത്തിനും ഇത് ഗുണകരമാണ്.

എല്ലുകളുടെ ആരോഗ്യത്തില്‍ സ്ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. 30 വയസിനു ശേഷം ബോണ്‍ ഡെന്‍സിറ്റി കുറഞ്ഞുവരുന്നു. നിത്യവും കിടക്കാന്‍ നേരം ഒരു ഗാസ് പാല്‍ കുടിക്കുക. കാത്സ്യം ഗുളിക ദിവസം ഒന്നുവീതം കഴിക്കുന്നതും നല്ലതാണ്

പാലുല്‍പ്പന്നം മാത്രം പോരാ, പച്ചക്കറിയില്‍ നിന്നുള്ള കാത്സ്യവും ലഭിക്കണം. ദിവസവും ഏതെങ്കിലും ഇലക്കറി നിര്‍ബന്ധമായും കഴിക്കണം. ദിവസം 200 മില്ലിഗ്രാം കാത്സ്യം നമുക്ക് ആവശ്യമാണ്. പ്രായം കൂടുന്തോറും എല്ലുകളുടെ ബലക്ഷയം സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ്. സോയാബീന്‍ ഉല്‍പന്നങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. സോയാ മില്‍ക്കോ മറ്റു സോയാ ഉല്‍പന്നങ്ങളോ നിത്യവും കഴിക്കുക.

രക്തത്തില്‍ ഗൂക്കോസിന്റെ നില താഴാതെ നോക്കണം. ഇങ്ങനെ സംഭവിച്ചാല്‍ പെട്ടെന്ന് മാനസിക സമ്മര്‍ദം ഉയരാനും കാരണമാകും. എളുപ്പം ദഹിക്കുന്ന ബിസ്കറ്റ്, ചോക്ലേറ്റ് തുടങ്ങിയ ആഹാര വസ്തുക്കള്‍ കൂടെ കരുതുന്നതു നല്ലതാണ്. ഉപ്പും മധുരവും ചേര്‍ത്ത നാരങ്ങാവെള്ളവും ഇടയ്ക്കിടെ കുടിക്കാം

വൈറ്റമിന്‍ സി വേണ്ടത്ര അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. നാരങ്ങാ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണം. 90 മില്ലിഗ്രാം വൈറ്റമിന്‍ സി നമുക്ക് ദിവസേന ആവശ്യമുണ്ട്. ഓറഞ്ച്, തക്കാളി, പേരയ്ക്ക ഇവയിലേതെങ്കിലും ജ്യൂസ് ദിവസവും കുടിക്കണം.

ഫോളിക് ആസിഡ് സ്ത്രീകള്‍ക്ക് വളരെ ആവശ്യമുള്ള ഒരു പോഷകമാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക്. ഓറഞ്ചും തവിടുള്ള ധാന്യങ്ങളും മറ്റും കഴിക്കണം ഇതു ലഭിക്കാന്‍. ഫോളിക് ആസിഡ് പ്ളസ് അയേണ്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതും നല്ലതാണ്. ക്യാരറ്റ് ജ്യൂസിലും ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

ഭക്ഷണത്തില്‍ എപ്പോഴും കുറയ്ക്കേണ്ട രണ്ടു വസ്തുക്കളെപ്പറ്റി ഓര്‍ക്കുക ഉപ്പും മധുരവും. ഇവ കഴിയുന്നതും കുറച്ച് ഭക്ഷിക്കുക. അതേസമയം, കാത്സ്യവും അയേണും അടങ്ങിയ ആഹാരം സ്ത്രീകള്‍ ധാരാളം കഴിക്കുക.

അനീമിയ ആണ് സ്ത്രീകള്‍ നേരിടുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നം. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇതെല്ലാം അനീമിയ മൂലം ഉണ്ടാവുന്ന ലക്ഷണങ്ങളാണ്.അയേണ്‍ ലഭിക്കാന്‍ കരള്‍, പച്ചിലക്കറികള്‍, നെല്ലിക്ക, മുന്തിരി, ചീര തുടങ്ങിയവ ധാരാളം കഴിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം അയേണ്‍ സപ്ളിമെന്റ്സ് കൂടി കഴിക്കുന്നതാവും അനീമിയ പരിഹരിക്കാന്‍ ഫലപ്രദം. ഇരുമ്പു പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും നല്ലതാണ്.

നമ്മുടെ ശരീരത്തില്‍ എപ്പോഴും അസിഡിറ്റിയും ആല്‍കലൈനിറ്റിയും ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ ശ്രദ്ധിക്കണം. ആല്‍ക്കഹോള്‍, കഫീന്‍, നിക്കോട്ടിന്‍, ഡ്രഗ്സ് തുടങ്ങിയവ ശരീരത്തിലെ അസിഡിറ്റി കൂട്ടുന്നവയാണ്. ഇവ ഒഴിവാക്കുക. മാംസാഹരങ്ങളും അസിഡിറ്റി കൂട്ടുന്നു. പച്ചക്കറി ആഹാരങ്ങളാണ് ആല്‍ക്കലൈനിറ്റി നല്‍കുന്നവ. അതുകൊണ്ട് മാംസാഹാരവും പച്ചക്കറി ആഹാരങ്ങളുംരണ്ടും ബാലന്‍സ് ചെയ്തു വേണം കഴിക്കാന്‍.

പല്ലുകളുടെ ശുചിത്വത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കുക. ദിവസം രണ്ടുനേരം പല്ലു വൃത്തിയാക്കണം. പല്ലു വൃത്തിയാക്കാന്‍ രണ്ടു മൂന്നു മിനിറ്റ് നേരമെടുക്കണം. ബ്രഷ് അധികം പഴകും മുമ്പ് മാറ്റണം. വളരെ വില കൂടിയ ബ്രഷുകള്‍ ഉപയോഗിക്കുന്നതിലല്ല കാര്യം. പുതിയ ബ്രഷ് ഉപയോഗിക്കുന്നതിലാണ്.ര്‍ ബ്രഷ് നേരെ നിവര്‍ത്തി പിടിച്ചു വേണം ബ്രഷ് ചെയ്യാന്‍. പഴകിത്തേഞ്ഞ ബ്രഷ് കൊണ്ട് പല്ല് തേച്ചാല്‍ നന്നായി വൃത്തിയാവില്ല. പല്ലുകളുടെ ആരോഗ്യത്തിനു വേണ്ടി ക്യാരറ്റ്, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയവയും പതിവാക്കുക. വര്‍ഷത്തിലൊരിക്കല്‍ ഡന്റിസ്റ്റിനെ കണ്ട് പല്ല് ക്ളീന്‍ ചെയ്യിക്കുക.

ഫൈബര്‍ സമൃദ്ധ ആഹാരത്തെക്കുറിച്ച് എല്ലാ ഡോക്ടര്‍മാരും പറയുന്നു. ഫൈബര്‍ ലഭിക്കാന്‍ പഴങ്ങളും പച്ചക്കറികളും 250 ഗ്രാമെങ്കിലും ദിവസം കഴിക്കണം.

കോള, കോഫി തുടങ്ങിയവ കുടിക്കാതിരിക്കുന്നതാണ് നല്ലത്. ഇവയില്‍ എംപ്റ്റി കാലറിയാണ്. പോഷകങ്ങളൊന്നും ഇവയില്‍ അടങ്ങിയിട്ടില്ല. ഇവ ദാഹം മാറ്റുന്നതായി തോന്നിക്കുന്നുവെങ്കിലും യഥാര്‍ഥത്തില്‍ ശരീരത്തില്‍ ഡീഹൈഡ്രേഷനാണ് ഉണ്ടാക്കുന്നത്.

കൊഴുപ്പ് എന്നു കേള്‍ക്കുന്നത് സ്ത്രീകള്‍ക്കു പേടിയാണ്. പക്ഷേ, കൊഴുപ്പ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകമാണെന്നോര്‍ക്കുക. നമ്മുടെ തലച്ചോറിന്റെ 60 ശതമാനവും കൊഴുപ്പ് കോശങ്ങളാല്‍ നിര്‍മിതമാണ്. ചീത്ത കൊഴുപ്പടങ്ങിയ ആഹാരമാണ് ഒഴിവാക്കേണ്ടത്. ഡാല്‍ഡ പോലുള്ള എണ്ണകള്‍ പാചകത്തിനുപയോഗിക്കരുത്. എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക. ബദാം, തേങ്ങ, ഒലീവ് ഓയില്‍ ഇതെല്ലാം നല്ലതാണ്.

ആഴ്ചയില്‍ 23 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ പാചകത്തിനുപയോഗിക്കുന്നത് ചര്‍മത്തിനും ഗുണം നല്‍കും. അതുപോലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളടങ്ങിയ മത്സ്യങ്ങളും കഴിക്കുക. കൊഴുപ്പ് വളരെ കൂടിയ അളവിലാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കൊഴുപ്പ് തീരെ കുറഞ്ഞാല്‍ സന്ധിവേദന തുടങ്ങിയ രോഗങ്ങള്‍ പിടിപെടാം.

മെലിയാനായി ഭക്ഷണം ഉപേക്ഷിക്കുന്നത് നല്ലതല്ല. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി ക്രാഷ് ഡയറ്റുകള്‍ പരീക്ഷിക്കരുത്. അത് ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് കുറയ്ക്കാനേ കാരണമാകൂ. ദഹനശേഷിയും കുറയ്ക്കും. ഭക്ഷണകാര്യത്തില്‍ ചെറിയ ചെറിയ മാറ്റങ്ങളേ പെട്ടെന്ന് വരുത്താവൂ.

ധാന്യാഹാരം എപ്പോഴും മുഴുധാന്യങ്ങള്‍ കൊണ്ടുള്ളതാവണം. ഹോള്‍ വീറ്റ്, തവിടുള്ള അരി, ഹോള്‍ വീറ്റ് ബ്രെഡ് തുടങ്ങിയവ കൂടുതലും കഴിക്കുക.

ചര്‍മസംരക്ഷണത്തില്‍ പ്രത്യേക കരുതല്‍ വേണം. സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് പതിവാക്കുക. ഇത് സ്കിന്‍ കാന്‍സറില്‍ നിന്നും സംരക്ഷണം തരുന്നു. വെറും സൗന്ദര്യോപാധി മാത്രമല്ല ഇത്. പുറത്തിറങ്ങുന്നതിനു 15 മിനിറ്റ് എങ്കിലും മുമ്പ് സണ്‍ സ്ക്രീന്‍ ലോഷന്‍ പുരട്ടണം. മികച്ച ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

മോയിസ്ചറൈസിങ് ശരീരത്തിന് അത്യാവശ്യമാണ്. കുളി കഴിഞ്ഞയുടനെ മോയിസ്ചറൈസര്‍ പുരട്ടുക. അല്ലെങ്കില്‍ രണ്ടു തുള്ളി ഒലീവ് ഓയില്‍ കലര്‍ത്തിയ വെള്ളത്തില്‍ കുളിക്കുന്നതും ചര്‍മത്തിന്റെ മോയിസ്ചറൈസേഷന്‍ നിലനിര്‍ത്തും. കോക്കനട്ട് ഓയില്‍, ഓറഞ്ച് തുടങ്ങിയവയുടെ കൃത്രിമഗന്ധമുള്ള ലോഷനുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്ന് ചില പഠനങ്ങള്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ പെട്ടെന്ന് ചര്‍മത്തിന്റെ പ്രായം കൂട്ടുന്നവയാണത്രേ.

യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രത്യേക കരുതല്‍ വേണം. ലൈംഗികാവയവങ്ങള്‍ എപ്പോഴും ശുചിത്വത്തോടെ സംരക്ഷിക്കുക. ആര്‍ത്തവ സമയത്തും വേണം അതീവ ശുചിത്വം. ലൈംഗികബന്ധത്തിനു മുമ്പും ശേഷവും ശുചിത്വം ഉറപ്പു വരുത്തുക.

നല്ല ഉറക്കമാണ് നല്ല ആരോഗ്യത്തിന്റെ അടിത്തറ. ഉറക്കക്കുറവ് സമ്മര്‍ദങ്ങള്‍ക്കിടയാക്കുന്നു. ആറു മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം.

നാല്‍പത്തിയഞ്ച് മിനിറ്റ് നേരം വ്യായാമം അത്യാവശ്യം. ശരീര ഉണര്‍വു കൂട്ടാന്‍ ഇതുപകരിക്കും. നടത്തം, സൈക്ളിങ് പോലുള്ള എയറോബിക്സ് വ്യായാമങ്ങളും വെയ്റ്റ് ട്രെയിനിങ് പോലുള്ള അനെയറോബിക് വ്യായാമങ്ങളും മാറി മാറി ചെയ്യണം. 10 മിനിറ്റ് നേരം കാര്‍ഡിയോ വ്യായാമം ചെയ്ത ശേഷം പിന്നീട് അനെയറോബിക്സ് വ്യായാമം ചെയ്യാം. 30 വയസിനു ശേഷം ശരീരത്തിലെ മസില്‍ മാസ് കുറയുന്നു. അതിനാല്‍ ഡംബ്ബെല്‍ ഉപയോഗിച്ചുള്ള വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങളും ചെയ്യുക. കഠിന വ്യായാമം ചെയ്യുന്നവര്‍ നന്നായി ഭക്ഷണവും കഴിക്കണം. വ്യായാമ ശേഷം പ്രോട്ടീന്‍ സമൃദ്ധ ഭക്ഷണമാണ് കഴിക്കേണ്ടത്.

ആരോഗ്യമെന്നാല്‍ മാനസികാരോഗ്യവും ഉള്‍പ്പെടുന്നു. സമ്മര്‍ദങ്ങളെ അകറ്റണം. നിങ്ങളുടേതായ രീതിയില്‍ അല്‍പനേരം ധ്യാനിക്കുകയോ പൂജാമുറിയില്‍ പ്രാര്‍ഥനയിലേര്‍പ്പെടുന്നതോ ശീലമാക്കുക. എല്ലാം മറന്ന് ഒരു 15 മിനിറ്റ് നേരമെങ്കിലും ധ്യാനത്തിനായി മാറ്റി വയ്ക്കുന്നത് മനസിന് വിശ്രാന്തി പകരും.

റിലാക്സേഷനുള്ള നല്ല വഴി നല്ല സെക്സാണ്. ഇത് സമ്മര്‍ദങ്ങളകറ്റുന്നു. സെക്സില്‍ ഫാന്റസികള്‍ പരീക്ഷിക്കുക, ഇന്നത്തെ കാലത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് സെക്സിനു വേണ്ടി സമയം നീക്കി വയ്ക്കാന്‍ സാധിക്കാതെ വരുന്നതിനു കാരണം മൂന്നു കാര്യങ്ങളാണെന്ന് ചില പഠനങ്ങള്‍ പറയുന്നു അമിതമായ ജോലി ഭാരം, കുട്ടികളെ വളര്‍ത്തുന്നതിനു വേണ്ടി എനര്‍ജി അമിതമായി നീക്കി വയ്ക്കേണ്ടി വരുന്നത്, മാനസിക സമ്മര്‍ദം ഈ മൂന്നു കാര്യങ്ങളും നല്ല സെക്സിന് ഇടയില്ലാതാക്കുന്നു. ജീവിതത്തില്‍ നല്ല ലൈംഗികതയും പ്രധാനമാണെന്ന് തിരിച്ചറിയുക. നല്ല സെക്സ് മികച്ച വ്യായാമത്തിന്റെ ഗുണവും ചെയ്യുന്നു. ഈ സമയത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ റിലാക്സേഷന്‍ പ്രദാനം ചെയ്യുന്നവയാണ്.

പ്രായം കൂടുന്തോറും രോഗപരിശോധനകളും മുടക്കരുത്. പതിവായുള്ള മെഡിക്കല്‍ ചെക്കപ്പുകള്‍ വിട്ടുപോകരുത്. സ്വയം സ്തന പരിശോധന പ്രധാനമാണ്. മാസമുറ കഴിഞ്ഞുള്ള ആദ്യത്തെ ആഴ്ച കുളിക്കുന്ന സമയത്ത് സ്തനങ്ങളില്‍ എണ്ണയും സോപ്പും പുരട്ടി മുഴയോ തടിപ്പോ ഉണ്ടോ എന്നു പരിശോധിക്കണം. അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യപരിശോധന നടത്തുക. പെല്‍വിക് പരിശോധനകളും വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതു നല്ലതാണ്. കുടുംബത്തില്‍ കാന്‍സര്‍ സാധ്യതയുള്ളവര്‍ 40 വയസു കഴിഞ്ഞാല്‍ മാമോഗ്രാം പരിശോധന നടത്തുക. രക്തത്തിലെ പഞ്ചസാരയുടെ നിലയും ബിപി പരിശോധനയും ഇടയ്ക്ക് നടത്തണം. കാരണം, അമിത രക്തസമ്മര്‍ദം നിശബ്ദ കൊലയാളിയാണെന്നറിയപ്പെടുന്നത്. നേരത്തെ തിരിച്ചറിഞ്ഞാല്‍ മരുന്നുകള്‍ വഴി മിക്ക രോഗങ്ങളെയും നിയന്ത്രിച്ചു നിര്‍ത്താവുന്നതേയുള്ളൂ.

അഞ്ച് ആരോഗ്യശീലങ്ങള്‍...

എല്ലാ ശനിയാഴ്ചയും ഒരു പുതിയ കാര്യം പഠിക്കും. കഴിഞ്ഞ ജനുവരി ഒന്നിന് ഒരു വീട്ടമ്മ എടുത്ത ന്യൂ ഇയര്‍ റെസലൂഷന്‍. ആദ്യത്തെ ആഴ്ച കേക്ക് മേക്കിങ്. രണ്ടാമത്തെ ആഴ്ച ഹാന്‍ഡ് എംബ്രോയ്ഡറി, മൂന്നാമത്തെ ആഴ്ച സൈക്ളിങ്... പക്ഷേ, പുതുവര്‍ഷ പ്രതിജ്ഞ കാറ്റില്‍ അപ്പൂപ്പന്‍ താടി പോലെ പറന്നു പോയത് എപ്പോഴാണെന്നു മാത്രം ഓര്‍മയില്ല.

പലപ്പോഴും പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ നമ്മളെല്ലാം അത്യധികം ആവേശത്തോടെ പല തീരുമാനങ്ങളും എടുക്കും. പക്ഷേ, ഫെബ്രുവരിയോടെ എല്ലാം ആവിയായി പോകുന്നു. പാലിക്കാന്‍ എളുപ്പമുള്ള തീരുമാനങ്ങള്‍ എടുക്കുകയാണ് ആദ്യം വേണ്ടത്. പുതുവര്‍ഷം സുന്ദരവും സന്തോഷപ്രദവുമാക്കാന്‍ ഇതാ അഞ്ച് ആരോഗ്യശീലങ്ങള്‍.

1. ശുചിത്വം പാലിക്കാം

ബ്രാന്‍ഡഡ് ജീന്‍സുമിട്ട് അടിപൊളിയായി നടക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, ജീന്‍സ് കഴുകാതെ വീണ്ടും ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഓര്‍ത്തോളൂ ഒരു ദിവസമേ ഉപയോഗിച്ചുള്ളൂവെങ്കിലും ജീന്‍സില്‍ വിയര്‍പ്പും അണുക്കളുമുണ്ടായിരിക്കും. മാത്രമല്ല, വിയര്‍പ്പുഗന്ധം അകറ്റാന്‍ ജീന്‍സില്‍ പെര്‍ഫ്യൂമുകളും ഡിയോഡറന്റുകളും പതിവായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന ശുചിത്വ കാര്യങ്ങള്‍ രോഗങ്ങളെ ക്ഷണിച്ചു വരുത്താം. ഇതാ പുതുവര്‍ഷത്തില്‍ പാലിക്കാന്‍ ചില ശുചിത്വകാര്യങ്ങള്‍. ശുചിത്വം മൂന്ന് തരമാണ്. വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പരിസരശുചിത്വം. വ്യക്തിശുചിത്വത്തിന്റെ ആദ്യപാഠം പ്രഭാതത്തില്‍ നിന്നു തുടങ്ങാം. രാവിലെ പല്ലു തേച്ച ശേഷം മാത്രം വെള്ളം, കോഫി ഇവ കുടിക്കുക. പ്രഭാതത്തില്‍ മാത്രമല്ല, രാത്രി കിടക്കുന്നതിനു മുന്‍പും പല്ലു തേയ്ക്കണം. വായ നന്നായി കഴുകിയാലും ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടാകും. ഇവ ദന്തക്ഷതത്തിനു കാരണമാകും. ഇടനേരങ്ങളില്‍ ലഘുഭക്ഷണങ്ങള്‍ കഴിച്ചാലും വായ കഴുകാന്‍ ശീലിക്കുക.

രണ്ടുനേരവും കുളിക്കുക. വൈകുന്നേരം തല കഴുകണമെന്നു നിര്‍ബന്ധമില്ല. ചെറുചൂടുവെള്ളത്തില്‍ ദേഹം കഴുകുന്നത് ശരീരശുചിത്വം മാത്രമല്ല സുഖനിദ്രയും നല്‍കും. വളര്‍ത്തു മൃഗങ്ങളെ ഓമനിച്ച ശേഷം കൈ സോപ്പിട്ടു കഴുകണം. എല്ലാ വാഷ്ബേസിനടുത്തും സോപ്പും ബാത്ത് ടവ്വലും വയ്ക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും നഖം മുറിച്ചു വൃത്തിയാക്കണം. അടിവസ്ത്രം ദിവസവും മാറുകയും അവ കഴുകി വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കുകയും ചെയ്യുക.

കിടപ്പുമുറിയിലെ പൊടി ആസ്തമയുണ്ടാക്കാം. അതിനാല്‍ മുറികള്‍ തൂത്തു തുടയ്ക്കുന്നതിനൊപ്പം ജനാലകളും മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളും തുണി നനച്ചു തുടയ്ക്കണം. മാസത്തിലൊരിക്കല്‍ ഫാനിന്റെ ലീഫ് തുടച്ചു വൃത്തിയാക്കുക. കിടക്കവിരി ആഴ്ചയില്‍ ഒരിക്കല്‍ മാറ്റുക.

*ഭക്ഷണശുചിത്വം അടുക്കളയില്‍ നിന്ന് * പച്ചക്കറിയുടെ ഒരു ഭാഗം ചീഞ്ഞിരിക്കുന്നു. അവിടം മുറിച്ചു കളഞ്ഞ് ഉപയോഗിച്ചാല്‍ പോരേ എന്നു ചിന്തിക്കുക സ്വാഭാവികം. എന്നാല്‍ ഇവ അണുബാധയ്ക്കു കാരണമാകാം. അതുകൊണ്ട് ചീഞ്ഞതും കേടായതുമായ പച്ചക്കറികളും പഴങ്ങളും ഒഴിവാക്കുക. പച്ചക്കറികളും മത്സ്യമാംസാദികളും മുറിക്കാന്‍ പ്രത്യേകം കത്തിയും ചോപ്പിങ് ബോര്‍ഡും ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോ തവണ അരിഞ്ഞ ശേഷവും ചോപ്പിങ് ബോര്‍ഡ് കഴുകി ഉണങ്ങിയ തുണി കൊണ്ടു തുടച്ചു വയ്ക്കണം. ചപ്പാത്തിപ്പലകകള്‍ക്കും കട്ടിങ് ബോര്‍ഡുകള്‍ക്കും പൊട്ടലോ വിള്ളലോ ഉണ്ടെങ്കില്‍ അവ മാറ്റുക. വിള്ളലുകളില്‍ ബാക്ടീരിയ വളരാന്‍ ഇടയുണ്ട്. പാതകത്തില്‍ വച്ച് പച്ചക്കറി അരിയുന്നതും ചപ്പാത്തി പരത്തുന്നതും ആരോഗ്യകരമല്ല. പാചകം തുടങ്ങുന്നതിനു മുന്‍പും ശേഷവും പാതകം നന്നായി തുടയ്ക്കണം. രാത്രി അടുക്കള ജോലികള്‍ തീര്‍ന്ന ശേഷം അണുനാശിനി ചേര്‍ത്ത ലായനിയില്‍ മുക്കിയ തുണി കൊണ്ടു പാതകവും സ്റ്റൌവും തുടയ്ക്കുക.

ഓരോ തവണ  ഉപയോഗിച്ച ശേഷവും മിക്സിയുടെ ജാറുകള്‍ നന്നായി കഴുകണം. മിക്സിയുടെ ബ്ളേഡുകള്‍ക്കിടയില്‍ അരപ്പും മറ്റും പറ്റിപ്പിടിച്ചിരുന്നാല്‍ അണുബാധയ്ക്കിടയാക്കും. തേങ്ങ ചുരണ്ടുന്നതിനു മുന്‍പും ശേഷവും ചിരവയുടെ നാവ് കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വെള്ളം തിളപ്പിച്ചു വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നു വെള്ളം പകര്‍ന്നെടുക്കാന്‍ നീളന്‍പിടിയുള്ള പാത്രങ്ങള്‍ ഉപയോഗിക്കുക. കൈയിട്ടു മുക്കി വെള്ളം എടുക്കരുത്. പാത്രം കഴുകുന്ന സിങ്കില്‍ ഒരിക്കലും വായ കഴുകി തുപ്പരുത്. തുപ്പലിലും കഫത്തിലുമുള്ള രോഗാണുക്കള്‍ പാത്രത്തില്‍ കയറിക്കൂടാം.

അടുക്കളയില്‍ സിങ്കിനടുത്ത് പാത്രം കഴുകാനുള്ള സോപ്പിനൊപ്പം കൈകഴുകാനുള്ള സോപ്പോ ലോഷനോ വയ്ക്കുക. കൈ തുടയ്ക്കാന്‍ വൃത്തിയുള്ള ടവ്വലും കരുതുക. പാചകം ചെയ്യുമ്പോള്‍ കൈകള്‍ അണുവിമുക്തമായി ഇരിക്കട്ടെ. ആഹാരം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും സ്ത്രീകള്‍ മുടി നന്നായി ഒതുക്കിക്കെട്ടി വയ്ക്കണം. ചൂടു പാത്രങ്ങള്‍ പിടിക്കാനും പാതകം തുടയ്ക്കാനും തറ തുടയ്ക്കാനും പാത്രം തുടച്ചുണക്കാനും പ്രത്യേകം ടവ്വലുകള്‍ വയ്ക്കുകയോ ഉപയോഗിക്കുകയും ചെയ്യുക.

പുറത്തു നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഹോട്ടലിന്റെ അകവും പുറവും ഇരിപ്പിടങ്ങളും വൃത്തിയുള്ളതാണെന്ന് ഉറപ്പു വരുത്തുക. ഈച്ചകള്‍ പറക്കുന്ന മേശപ്പുറവും വൃത്തിയില്ലാത്ത ജഗുകളും കണ്ടാല്‍ അവിടെ നിന്നു ഭക്ഷണം കഴിക്കേണ്ട . പാഴ്സലായി കൊണ്ടുവരുന്നവ കഴിയുന്നതും വേഗം കഴിക്കുക. ഹോട്ട് ഡോഗ്, ഹാംബര്‍ഗര്‍ ഇവ മൈക്രോവേവ് ചെയ്തോ ചൂടാക്കിയോ കഴിക്കാം.

പരിസര ശുചിത്വം

വീടിന്റെ പരിസരത്ത് ഈച്ച പെരുകുന്ന സാഹചര്യം ഒളിവാക്കുക. തുറസായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്. വീടിന്റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മഴക്കാലത്ത് വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന തരത്തില്‍ പാത്രങ്ങളോ ചിരട്ടയോ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുക. വെള്ളം കെട്ടിക്കിടന്നാല്‍ കൊതുകുകള്‍ വളരാം.ഭക്ഷണസാധനങ്ങള്‍ പാഴാക്കാതെയിരുന്നാല്‍ അടുക്കളയില്‍ നിന്നു പുറന്തള്ളുന്ന വേസ്റ്റിന്റെ അളവു കുറയ്ക്കാം. ഭക്ഷണാവശിഷ്ടങ്ങളും ജൈവ മാലിന്യങ്ങളും കിറ്റില്‍ കെട്ടി വലിച്ചെറിയുന്ന ശീലം മാറ്റുക. കിറ്റില്‍ കിടന്ന് മാലിന്യങ്ങള്‍ അഴുകുന്നത് രോഗങ്ങള്‍ക്കു കാരണമാകും. വീട്ടില്‍ രണ്ടു വേസ്റ്റ് ബാസ്ക്കറ്റുകള്‍ വയ്ക്കുക. ഒന്നില്‍ ജൈവമാലിന്യവും മറ്റേതില്‍ പ്ളാസ്റ്റിക് മാലിന്യവും ഇടുക. അടുക്കളയില്‍ നിന്നും പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ പൈപ്പ് കമ്പോസ്റ്റും ജൈവമാലിന്യങ്ങള്‍ കൊണ്ട് കുഴി കമ്പോസ്റ്റും ഉണ്ടാക്കാം. ഇവ ചെടികള്‍ക്കു വളമായി ഉപയോഗിക്കാം. പ്ളാസ്റ്റിക് വെയ്സ്റ്റ് റീസൈക്കിള്‍ ചെയ്യാന്‍ ഏല്‍പ്പിക്കാം. പ്ളാസ്റ്റിക് കിറ്റുകള്‍ കളയാതെ അഞ്ചാറെണ്ണം ഒരുമിച്ചാക്കി അതില്‍ മണ്ണിട്ട് പച്ചക്കറികള്‍ കൃഷി ചെയ്യാം.സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കൈയില്‍ ഒരുസഞ്ചി കരുതുക. അല്ലെങ്കില്‍ സാധനങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞു വാങ്ങുക. പ്ളാസ്റ്റിക് കപ്പുകള്‍ പോലെ യൂസ് ആന്‍ഡ് ത്രോ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക.

2. സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കാം

വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ ഭര്‍ത്താവ് മുഖം വീര്‍പ്പിച്ചിരിക്കുന്നു. പുറകെ നടന്നു ചോദിച്ചപ്പോഴാണ് മഞ്ജുവിന് താന്‍ കാണിച്ച അബദ്ധം പിടികിട്ടിയത്. നിനക്കിന്നു പ്രമോഷനുള്ള മീറ്റിങ് ആയിരുന്നല്ലേ. മീറ്റിങ്ങാണ്, എല്ലാവരും പ്രാര്‍ഥിക്കണമെന്നു പറഞ്ഞു വാട്സ്ആപ്പ് ഗ്രൂപ്പില്‍ കിടക്കുന്നതു കണ്ടപ്പോഴാ ഞാനറിഞ്ഞത്.

ഇതു മഞ്ജുവിന്റെ മാത്രം കഥയല്ല. ഈയിടെ കേരളത്തിലെ ഐടി കമ്പനിയില്‍ നടന്ന ഒരു മാനസികാരോഗ്യ  സെമിനാറില്‍ പലര്‍ക്കും പറയാനുണ്ടായിരുന്നത് പങ്കാളി ഏറെ നേരവും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ചെലവിടുന്നു എന്ന പരാതിയായിരുന്നു. ഇതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. ഇവരുടെ ഇടയില്‍പെട്ട് പലപ്പോഴും കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെയും പോകുന്നു.

ഇന്നു പല കാര്യങ്ങളും ആളുകള്‍ പരസ്പരം പങ്കുവയ്ക്കുന്നതു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയാണ്. മുന്‍പ് ഇമെയില്‍ അയയ്ക്കാന്‍ കംപ്യൂട്ടര്‍ സെന്ററുകളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഇന്ന് ആ  സൌകര്യം ഫോണിലൂടെ ലഭ്യമാണ്. ഏതു സമയത്തും ആര്‍ക്കും നെറ്റ് ഉപയോഗിക്കാം എന്ന സാഹചര്യം വന്നതോടെ സോഷ്യല്‍ മീഡിയയുടെ പ്രചാരവും കൂടി. ഈ പുതുവര്‍ഷത്തില്‍ നമുക്ക് സോഷ്യല്‍ മീഡിയയ്ക്കായി  അല്‍പനേരവും കുടുംബത്തിനായി ഏറെ നേരവും എന്ന ചിന്തയിലേക്കു പോകാം.

വേണ്ടത് തിരിച്ചറിവ്

ആദ്യമായി നിങ്ങള്‍ എത്രനേരം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നു എന്നു മനസിലാക്കുക. ദിവസം മൂന്നു മണിക്കൂര്‍ പതിവായി സോഷ്യല്‍ മീഡിയകളില്‍ ചെലവഴിക്കുന്നുവെങ്കില്‍ അതിനോട് കൂടിയ വിധേയത്വമുണ്ടെന്നു മനസിലാക്കാം. അഞ്ചു മണിക്കൂര്‍ പതിവായി ഉപയോഗിക്കുന്നുവെങ്കില്‍ ഭീകരമായ വിധേയത്വമാണ് നിങ്ങള്‍ക്കുള്ളത്. എന്നാല്‍ ദിവസവും ആറുമണിക്കൂറില്‍ അധികം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നുവെങ്കില്‍ അത് നിങ്ങളില്‍ ഒഴിയാബാധയായി വേരുറപ്പിച്ചുവെന്നു മനസിലാക്കുക.

മാറാം പടിപടിയായി

സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കുന്ന സമയം മനസിലാക്കി, ആ നേരം നിങ്ങള്‍ക്കിഷ്ടമുള്ള മറ്റേതെങ്കിലും കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കുക. ഉദാഹരണത്തിന് സുഹൃത്തുക്കളെ കാണാന്‍ പോകാം. കുട്ടികള്‍ക്കൊപ്പം കളിക്കാം. നല്ലൊരു പൂന്തോട്ടം ഉണ്ടാക്കാം, നടക്കാന്‍ പോകാം....സോഷ്യല്‍ മീഡിയയ്ക്കായി ചെലവഴിക്കുന്ന സമയം അല്‍പാല്‍പമായി കുറച്ചു കൊണ്ടുവരിക. പതിവായി മൂന്നു മണിക്കൂര്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ആദ്യം 15 മിനിറ്റു മുതല്‍ 20 മിനിറ്റ് വരെ ഉപയോഗസമയം കുറയ്ക്കുക. പത്തു ദിവസം കഴിയുമ്പോള്‍ വീണ്ടും 1520 മിനിറ്റ് കുറയ്ക്കുക. അങ്ങനെ പടിപടിയായി കുറച്ച് ഒരു മണിക്കൂറിലെത്തിക്കുക. ഈ സമയം മാത്രമേ സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കൂ എന്നു ദൃഢനിശ്ചയം എടുക്കുക.

അടുത്തുള്ള ആള്‍ക്കാരുമായി സൌഹൃദം വളര്‍ത്തുക. അടുത്തുള്ള സുഹൃത്തുക്കളെ പരിഗണിക്കാതെയാകും നമ്മള്‍ അകലെയുള്ള അപരിചിതരുമായി സൌഹൃദം സ്ഥാപിക്കുക. സോഷ്യല്‍മീഡിയ സൃഷ്ടിക്കുന്ന മായാലോകത്തു നിന്നു പതിയെ മാറി യഥാര്‍ഥലോകത്തിനു പ്രാധാന്യം നല്‍കുക. കുടുംബത്തിനൊപ്പം ആഹ്ളാദകരമായി സമയം ചെലവഴിക്കുക. ഈ അവസരങ്ങളില്‍ മൊബൈല്‍ ഉപയോഗം വേണ്ട. അത്യാവശ്യമുള്ള സന്ദര്‍ഭമാണെങ്കില്‍ തിരിച്ചു വിളിക്കാമല്ലോ.

*അഡിക്ഷന്‍ അരുത് * മറ്റുള്ളവരുടെ ഇടയില്‍ തനിക്ക് ആശയവിനിമയം, പരിചയം, സുരക്ഷിതത്വം, അംഗീകാരം, വിശ്വാസം ഈ അഞ്ചു ഘടകങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ ഒരാള്‍ക്ക് സാമൂഹികപരമായ സംതൃപ്തി ലഭിക്കും. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ ഇവ സാധ്യമാകുന്നതു കൊണ്ടാണ് അഡിക്ഷന്‍ ഉണ്ടാകുന്നത്. മാത്രമല്ല സാധാരണഗതിയില്‍ പലരും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിക്കും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ അവസരമുണ്ട്. ആളുകള്‍ ലൈക്ക് ചെയ്യുമ്പോഴും അഭിനന്ദിക്കുമ്പോഴും സംതൃപ്തി ലഭിക്കുന്നു.

3. അത്താഴം വിളമ്പാം അത്തിപ്പഴത്തോളം

ഓഫിസില്‍ പോകാനുള്ള തിരക്കില്‍ ബ്രേക്ക് ഫാസ്റ്റ് കട്ട്. ലഞ്ച് സ്നാക്ക്സും സോഫ്റ്റ് ഡ്രിങ്ക്സും. പിന്നെ ആഘോഷമായി കഴിക്കുന്നത് ഡിന്നര്‍. ഇതാണോ നിങ്ങളുടെ ഭക്ഷണശീലം? എങ്കില്‍ ആദ്യമേ തന്നെ പറയട്ടേ, രോഗങ്ങള്‍ ദാ നിങ്ങളെയും കാത്ത് തൊട്ടപ്പുറത്തു തന്നെ നില്‍പ്പുണ്ട്. ബ്രേക്ക് ഫാസ്റ്റ് ബ്രെയിന്‍ ഫുഡ് ആയതിനാല്‍ ഒരു കാരണവശാലും ഒഴിവാക്കരുത്. ലഞ്ചും മിതമായി കഴിക്കണം. വൈകുന്നേരം വീട്ടിലെത്തിയാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും കൂടി ഒന്നിച്ചു കൂടുന്നതല്ലേ എന്നു കരുതി ഹെവിയായി ഡിന്നര്‍ കഴിക്കുന്ന ശീലം ഇനി വേണ്ട.

രാവിലെ നമ്മുടെ ശരീരത്തിന്റെ ചയാപചയ നിരക്ക് (മെറ്റബോളിസം)കൂടുതലായതിനാല്‍ ബ്രേക്ക് ഫാസ്റ്റ് നന്നായി കഴിക്കാം. എന്നാല്‍ വൈകുന്നേരമാകുന്നതോടെ ചയാപചയ നിരക്ക് കുറയുന്നു. രാത്രിയില്‍ ഉറങ്ങുമ്പോള്‍ പേശികളും മറ്റ് ആന്തരികാവയവങ്ങളും വിശ്രമത്തിലായിരിക്കും. അതിനാല്‍ ആ സമയം ശരീരത്തിന് ആവശ്യമായ ഊര്‍ജം കുറവായിരിക്കും. ഡിന്നര്‍ പരിമിതപ്പെടുത്തുന്നതിനൊപ്പം പോഷകസമൃദ്ധമായ ആഹാര പദാര്‍ഥങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.

*അത്താഴം എപ്പോള്‍? എന്തൊക്കെ കഴിക്കാം? * പത്തുമണിയുടെ സീരിയലും കഴിഞ്ഞേ അത്താഴം കഴിക്കൂ എന്നു വാശി പിടിക്കല്ലേ. ദഹനപ്രശ്നങ്ങള്‍ പിന്നാലെ എത്തും. കിടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം എന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക. ഇവ ഗ്യാസ് ട്രബിളും പുളിച്ചു തികട്ടലും ഉണ്ടാക്കും. കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണവും ഡിന്നറിനു വേണ്ടേ വേണ്ട.

രണ്ടു ചപ്പാത്തിയോ ഒരു കപ്പ് ചോറോ അല്ലെങ്കില്‍ ഒരു കപ്പ് ഓട്സ് എന്ന അളവില്‍ അത്താഴം കുറയ്ക്കുക. സാലഡ്, സൂപ്പ്, പയര്‍, പരിപ്പ് ഇവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം. ഇതിനുശേഷം കിടക്കുന്നതിനു മുന്‍പായി ഒരുപഴം അല്ലെങ്കില്‍ പാട നീക്കിയ ഒരു ഗാസ് പാല്‍ വിശപ്പടങ്ങാനായി കഴിക്കാം. വൈകുന്നേരത്തെ ഭക്ഷണത്തില്‍ ചിക്കന്‍, മീന്‍ ഇവ ഉള്‍പ്പെടുത്താമെങ്കിലും അളവു മിതമാക്കാന്‍ ശ്രദ്ധിക്കണം. ഇറച്ചി വേവിച്ചോ ഗ്രില്‍ചെയ്തോ ബേക്ക് ചെയ്തോ ഉപയോഗിക്കാം. കഴിവതും അതാതു സീസണില്‍ ലഭ്യമായ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുക. അത്താഴം പുറത്തു നിന്നു കഴിക്കുന്നതു പതിവാക്കേണ്ട,.

ഒരുക്കാം ഹെല്‍ത്തി ഡിന്നര്‍

അത്താഴത്തിന് 300500 വരെ കാലറിയുള്ള ഭക്ഷണം ആവശ്യമുള്ളൂ. ഈ കാലറിയില്‍ നില്‍ക്കുന്ന ചില ഭക്ഷണ കോമ്പിനേഷനുകള്‍ ഇതാ.ഓരോ ദിവസവും ഇവ മാറി മാറി പരീക്ഷിച്ചു നോക്കാവുന്നതാണ്. പാചകം ചെയ്യുമ്പോള്‍ കഴിവതും എണ്ണയും മധുരവും കുറയ്ക്കുക. ഒരു സ്പൂണ്‍ എണ്ണ ചേര്‍ക്കുമ്പോള്‍ 45 കാലറിയും ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുമ്പോള്‍ 20 കാലറിയും കൂടും എന്നാണ് കണക്ക്.

ചപ്പാത്തി  രണ്ട് (180 കാലറി)+ ചിക്കന്‍ കറി ഒരു ചെറിയ പാത്രം (250 കാലറി) + പച്ചക്കറി സാലഡ്  100 ഗ്രാം (24 കാലറി)= ആകെ 454 കാലറി.

ഫുല്‍ക്ക (പൊള്ളിച്ചെടുത്ത ചപ്പാത്തി)  നാല് (200 കാലറി + ചെറുപയര്‍ കറി  ഒരു കപ്പ് (120 കാലറി) + തൈര് 100 മില്ലി (60 കാലറി) + ടുമാറ്റോ

സാലഡ്  50 ഗ്രാം (10 കാലറി)  ആകെ 390 കാലറി. 3. മീന്‍ ബേക്ക് ചെയ്തത്  80 ഗ്രാം (212 കാലറി) + പച്ചക്കറി സാലഡ്  100 ഗ്രാം (24 കാലറി) + ബ്രെഡ് രണ്ടു സ്ളൈസ് (90 കാലറി) = ആകെ 326 കാലറി.

ഗ്രില്‍ഡ് ചിക്കന്‍  100 ഗ്രാം (199 കാലറി) + ബീറ്റ്റൂട്ട്, കോളിഫ്ളവര്‍, ബീന്‍സ് ആവിയില്‍ വേവിച്ചത്  ഒരു കപ്പ് (50 കാലറി) + ബ്രെഡ് രണ്ടു സ്ളൈസ് (90 കാലറി)= ആകെ 339 കാലറി.

30 ഗ്രാം ഓട്സ് (നുറുക്കുഗോതമ്പ്, റാഗി) കൊഴുപ്പു നീക്കിയ 100 മില്ലി പാലില്‍ വേവിച്ച് ഒരു ടേബിള്‍ സ്പൂണ്‍ നട്സ് ഇടുക. (ഇത് 250 കാലറി) + പൈനാപ്പിള്‍  100 ഗ്രാം (46 കാലറി) = ആകെ 296 കാലറി.

ഉച്ചഭക്ഷണം ഹെവി ആയെങ്കില്‍ അത്താഴം കുറച്ചു കൂടി ലഘുവാക്കാം. 1. ആപ്പിള്‍  50 ഗ്രാം (30 കാലറി) + പൈനാപ്പിള്‍  50 ഗ്രാം (23 കാലറി) + മാതള നാരങ്ങ  50 ഗ്രാം (33 കാലറി) + റോബസ്റ്റ പഴം  50 ഗ്രാം (58 കാലറി) + മുന്തിരി  50 ഗ്രാം (35 കാലറി) = ആകെ 179 കാലറി.2. തണ്ണിമത്തങ്ങ 300 ഗ്രാം (55 കാലറി), പപ്പായ  200 ഗ്രാം (64 കാലറി), ഓറഞ്ച്   രണ്ട് (50 കാലറി), പേരയ്ക്ക  ഒന്ന് (50 കാലറി).

പ്രാതല്‍ രാജാവിനെപ്പോലെയും അത്താഴം യാചകനെപ്പോലെയും വേണമെന്നാണ് ശാസ്ത്രം.

*നല്ല ഭക്ഷണശീലത്തിന് മൈ പ്ളേറ്റ് * ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാന്‍ മൈപ്ളേറ്റ് എന്ന ആശയം സഹായിക്കും. ഒരു നേരത്തെ ആഹാരത്തിന്റെ പകുതി പച്ചക്കറികളും പഴങ്ങളുമാകട്ടെ, നാലിലൊന്നു ഭാഗത്ത് ചോറോ ചപ്പാത്തിയോ തുടങ്ങിയ ധാന്യാഹാരവും അടുത്ത നാലിലൊന്ന് ഭാഗത്ത് പ്രൊട്ടീന്‍ സമ്പുഷ്ടമായ പയര്‍, മത്സ്യമാംസാദികള്‍ ഇവ വയ്ക്കാം. ഇതിനൊപ്പം ചെറിയ അളവ് തൈരും ഉള്‍പ്പെടുത്തിയാല്‍ പ്ളേറ്റ് ബാലന്‍സ്ഡ് ആയി.

4. ഫിറ്റ്നെസിനും അല്‍പം ശ്രദ്ധ

പുതുവര്‍ഷത്തില്‍ ഫിറ്റ്നെസിനും നല്‍കാം അല്‍പശ്രദ്ധ. സമയവും സൌകര്യവും അനുസരിച്ച് വ്യായാമത്തിനുള്ള നേരം കണ്ടെത്തിയാല്‍ മാത്രം മതി. ജിമ്മില്‍ പോകുമ്പോള്‍ ഉപകരണങ്ങളുടെ സഹായത്തോടെ വര്‍ക്ക് ഔട്ട് ചെയ്യാം. അല്ലാത്തവര്‍ക്ക് വീട്ടിലിരുന്നും ഫിറ്റ്നെസ് സ്വന്തമാക്കാം.

എന്തുതരം വ്യായാമം?

സ്കിപ്പിങ്, പടികള്‍ കയറി ഇറങ്ങുക ഇവയൊക്ക വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണ്. അല്‍പംകൂടി കാര്യക്ഷമമായി വ്യായാമം വേണമെന്നുണ്ടെങ്കില്‍ ട്രെഡ്മില്‍, എലിപ്റ്റിക്കല്‍സ്, ഡംബെല്‍, റസിസ്റ്റന്‍സ് ട്യൂബ്, ബോള്‍ എന്നിവ ഉപയോഗിക്കാം. ശാരീരികമായി അധ്വാനം തരുന്ന ഏതു പ്രവര്‍ത്തിയെയും വ്യായാമത്തില്‍ പെടുത്താം. വീടു തൂത്തു തുടച്ചു വൃത്തിയാക്കുന്നതും കാര്‍ കഴുകുന്നതും എല്ലാം വ്യായാമമാണ്.

ഏറ്റവും നിസാരമായി ഏതു പ്രായക്കാര്‍ക്കും ചെയ്യാവുന്ന വ്യായാമമാണു നടപ്പ്. ഉന്മേഷത്തോടെ കാലുകള്‍ നന്നായി നീട്ടി വച്ച് കൈകള്‍ ആഞ്ഞുവീശിയുള്ള നടത്തമാണ് ഫലം തരുന്നത്. ദിവസവും 2030 മിനിറ്റു നടക്കാം.

വ്യായാമം ചെയ്യുമ്പോള്‍

വാം അപില്‍ തുടങ്ങി റിലാക്സേഷനിലൂടെ വ്യായാമം അവസാനിപ്പിക്കുക. വ്യായാമം ചെയ്യും മുന്‍പ് ഒരു ഗാസ് വെള്ളം കുടിക്കാം. ഇത് വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ത്ത് ശരീരത്തിലെ ജലാംശം നഷ്ടമാകുന്നത് തടയും. ആഹാരശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞേ വ്യായാമം ചെയ്യാവൂ. പതിവായി ഒരേ വ്യായാമം ചെയ്യുന്നത് മടുപ്പുണ്ടാക്കും. അതിനാല്‍ വ്യത്യസ്ത വ്യായാമങ്ങള്‍ ഇടവിട്ടു ചെയ്യാം. അമിത വണ്ണമുള്ളവര്‍ വ്യായാമം പതിയെ ചെയ്തു തുടങ്ങി സമയം കൂട്ടിക്കൊണ്ടു വരുന്നതാണ് നന്ന്. സ്കിപ്പിങ് പോലെ ചാടിയുള്ള വ്യായാമം ഒഴിവാക്കുക. കാര്‍ഡിയോ എക്സര്‍സൈസ് ആണ്

ഇവര്‍ക്ക് ഏറ്റവും പ്രയോജനകരം. ഒരു മണിക്കൂര്‍ ഇവ പതിവായി ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പിനെ എരിച്ചു കളയാന്‍ സഹായിക്കും.കുട്ടികള്‍ക്കും വ്യായാമം ദിനചര്യയുടെ ഭാഗമാക്കി മാറ്റുക. ഗര്‍ഭാവസ്ഥയിലും വ്യായാമം ഒഴിവാക്കേണ്ട. ഡോക്ടറോടു ചോദിച്ച ശേഷം വ്യായാമത്തില്‍ മാറ്റങ്ങള്‍ വരുത്തി ചെയ്യാവുന്നതാണ്.

വ്യായാമം എത്ര നേരം ചെയ്യണം?

ആവശ്യമനുസരിച്ച് വ്യായാമത്തിന്റെ സമയദൈര്‍ഘ്യം തീരുമാനിക്കാം. ഫിറ്റ്നെസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അരമണിക്കൂര്‍ വച്ച് ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമം ചെയ്യണം. അമിതഭാരം കുറയ്ക്കേണ്ടവര്‍ അല്‍പം കൂടുതല്‍ കഷ്ടപ്പെടണം. അവര്‍ ആഴ്ചയില്‍ അഞ്ച് ആറു ദിവസം ഒരു മണിക്കൂര്‍ വച്ച് വ്യായാമം ചെയ്യണം. ബിപി, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കാന്‍ ആഴ്ചയില്‍ നാലു ദിവസം നാല്‍പതു മിനിറ്റ് വീതം വ്യായാമം മതിയാകും. ഇത്തരം അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു മാത്രം അനുയോജ്യമായ വ്യായാമം തിരഞ്ഞെടുക്കുക.

5. പാലിക്കാം ആയുര്‍വേദചര്യകള്‍

* പുതുവര്‍ഷത്തില്‍ ആയുരാരോഗ്യ സൗഔഖ്യവും സൗന്ദര്യവും സ്വന്തമാക്കാം. ഈ ആയുര്‍വേദചര്യകള്‍ ശീലമാക്കിയാല്‍ മതി..  ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. രാവിലെ നാലിനും നാലരയ്ക്കും ഇടയ്ക്കുള്ള സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം.

. കണ്ണുകളുടെ ആരോഗ്യത്തിന് പതിവായി അഞ്ജനം എഴുതുക. കണ്ണുകള്‍ക്കു വലുപ്പം ഉണ്ടാകാനും കണ്‍പീലികള്‍ ഇടതൂര്‍ന്നു വളരാനും ഇതു സഹായിക്കും.

. കഫത്തെ അകറ്റാന്‍ ധൂമപാനം ചെയ്യാം. ഇതിന് തുളസിയില നെയ്യില്‍ തൊട്ടു കനലില്‍ പുകച്ച് ശ്വസിക്കാം. അല്ലെങ്കില്‍ മഞ്ഞള്‍ തുണിയില്‍തെറുത്ത് നെയ്യില്‍ മുക്കി കത്തിച്ച് പുക ശ്വസിക്കുക. പുക മൂക്കിലൂടെ എടുത്ത് വായിലൂടെ പുറന്തള്ളുകയും വായിലൂടെ എടുത്തു മൂക്കിലൂടെ പുറന്തള്ളുകയും വേണം.

. കാഴ്ചശക്തിയും കേള്‍വിശക്തിയും ഉണ്ടാകാനും ജരാനരകള്‍ അകറ്റി ചര്‍മകാന്തി ലഭിക്കാനും ശരീരത്ത് അഭ്യംഗം അഥവാ ഓയില്‍ മസാജ് ചെയ്യുക. എള്ളെണ്ണ ധന്വന്തര തൈലം, നാരായണ തൈലം ഇവ കൊണ്ട് അഭ്യംഗം ചെയ്യാം. ശിരസില്‍ വെളിച്ചെണ്ണ പുരട്ടുക.

. അമിതവണ്ണം അകറ്റാനും ചര്‍മകാന്തി ലഭിക്കാനും ഉദ്വര്‍ത്തനം സഹായിക്കുന്നു. രോമം വളരുന്നതിന് എതിര്‍ദിശയില്‍ വേണം ഉദ്വര്‍ത്തനം ചെയ്യാന്‍.

മഞ്ഞള്‍, നാല്‍പാമരം, രക്തചന്ദനം ഇവ ഉപയോഗിക്കാം.

അമിതവണ്ണം കുറയ്ക്കാന്‍ ത്രിഫലചൂര്‍ണം കൊണ്ട് ഉദ്വര്‍ത്തനം ചെയ്യുന്നത് നല്ലതാണ്.

. ചര്‍മകാന്തിക്ക് നാല്‍പാമരം, ത്രിഫല ഇവയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക. വിയര്‍പ്പുഗന്ധം അകറ്റാന്‍ ചന്ദനവും രാമച്ചവും താരമക്കിഴങ്ങും ഇട്ട വെള്ളത്തില്‍ കുളിക്കാം.

. ആയുര്‍വേദ വിധിപ്രകാരം അരവയര്‍ മാത്രമേ ആഹാരം കഴിക്കാവൂ. ആഹാരം കഴിച്ച ഉടനെ കിടക്കരുത്.

. ഏറെ മൃദുവായ മെത്ത ഉപയോഗിക്കരുത്. ചുരുണ്ടു കൂടി കിടക്കാതെ കൈകാലുകള്‍ വിടര്‍ത്തി വച്ച് കിടക്കുക.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. ബി. പത്മകുമാര്‍, അഡീഷണല്‍ പ്രഫസര്‍, മെഡിസിന്‍, ആലപ്പുഴ ഡോ. അരവിന്ദ് തമ്പി, അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ സൈക്കോളജി, എസ്എന്‍ കോളജ്, തിരുവനന്തപുരം. ഡോ. ലീന സാജു, കണ്‍ട്രോളര്‍ ഡയറ്ററ്റിക്സ്, ആര്‍ട്ടമിസ് ഹോസ്പിറ്റല്‍, ന്യൂഡല്‍ഹി ബിന്ദു പ്രകാശ്, ബി ഫിറ്റ് ഫിറ്റ്നെസ്, ഗിരിനഗര്‍, കൊച്ചി ഡോ. പി. കെ. ലതിക, ചീഫ് മെഡിക്കല്‍ ഓഫിസര്‍, സാരഥി ആയുര്‍വേദിക് ഹോസ്പിറ്റല്‍സ്, ആലുവ

ജീവിതശൈലീ രോഗങ്ങൾക്കും ഒറ്റമൂലികൾ

നമ്മുടെ തന്നെ ജീവിതശൈലി കൊണ്ടു വിളിച്ചുവരുത്തുന്ന ഒരു കൂട്ടം രോഗങ്ങളാണ് ഇന്ന് ആരോഗ്യരംഗത്ത് ഭീഷണിയുയർത്തി പെരുകി വരുന്നത്. ഹൃദ്രോഗം, പ്രമേഹം, രക്താതിമർദം, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. പിടിപെട്ടു കഴിഞ്ഞാൽ ചികിത്സിച്ചു മാറ്റുക ഏറെ വിഷമകരമായ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ തന്നെ ആരോഗ്യകരമായ ചിട്ടകൾ ഉൾപ്പെടുത്തുകയാണ് അഭികാമ്യം. വ്യായാമവും പ്രകൃതിഭക്ഷണ രീതിയുമെല്ലാം ഇതിൽ വിലപ്പെട്ട പങ്കാണു വഹിക്കുന്നത്. അതോടൊപ്പം, ഒറ്റമൂലികളായി ഉപയോഗിക്കാൻ പറ്റുന്ന ചില പ്രത്യേക ഔഷധങ്ങൾക്കും പ്രമുഖ സ്ഥാനമുണ്ട്.

നമ്മുടെ ദൈനംദിന ശീലങ്ങൾ മൂലം ശരീരത്തിനകത്തെ മർമപ്രധാനമായ ചില അവയവങ്ങളുടെ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുമ്പോഴാണ് രോഗങ്ങളിലേക്കു നീങ്ങുംവിധം അവയിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രസ്തുത അവയവങ്ങളുടെ കാര്യക്ഷമത നിലനിർത്താനുതകുന്ന പ്രകൃതിദത്ത ഔഷധങ്ങൾ വഴി രോഗത്തെ ചെറുക്കാം. രോഗത്തിന്റെ ആദ്യാവസ്ഥയിലും പ്രാഥമിക ചികിത്സയെന്ന നിലയിൽ ഇത് ഉപയോഗപ്പെടുത്താം.

അമിതമായ കൊളസ്ട്രോളും കരൾ രോഗങ്ങളും പ്രധാനമായും കരളിന്റെ പ്രവർത്തമാന്ദ്യം കൊണ്ടാണുണ്ടാകുന്നത്. പ്രമേഹത്തിന് ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്)യുടെ ക്ഷീണമാണു കാരണം. വൃക്കകൾക്കും ഇതിൽ പങ്കുണ്ട്. ഹൃദ്രോഗത്തിലും രക്താതിമർദ്ദത്തിലും ഹൃദയത്തിനും രക്തക്കുഴലുകൾക്കുമാണു പ്രവർത്തനമാന്ദ്യമെങ്കിലും ആദ്യത്തെ പങ്ക് വയറിനാണ്. ഈ ഭാഗങ്ങളെ ഊർജവത്താക്കുകയാണു ഒറ്റമൂലികളുടെ ധർമം.

ഒറ്റമമൂലികൾ ഒരിക്കലും ഒരു സമ്പൂർണ ചികിത്സയല്ല. പലപ്പോഴും രോഗലക്ഷണങ്ങളെ താൽക്കാലികമായി ശമിപ്പിച്ചു നിർത്താനാണിവ ഉപയോഗിച്ചു വരുന്നത്. ഇവിടെയാകട്ടെ ശാരീരിക പ്രക്രിയകൾക്ക് കരുത്തു പകരാനും.

ഒറ്റമൂലി എങ്ങനെ ഫലപ്രദമാകുന്നു?

ഒറ്റമൂലികളെ ഫലപ്രദമാക്കുന്നതു പ്രധാനമായും അതിലെ പ്രകൃതിദത്ത സ്റ്റിറോയ്ഡുകളുടെ സാന്നിധ്യമാണെന്ന് ആധുനിക ഗവേഷകർ അഭിപ്രായപ്പെടുന്നു. ഉദാ: വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലിസിൻ എന്ന അംശം കൊഴുപ്പിനെ ദ്രവീകരിച്ചു കളയാൻ പര്യാപ്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യരംഗത്ത് പരസ്യവിപ്ലവങ്ങൾ നടക്കുന്ന പുതിയ കാലത്തു കബളിപ്പിക്കൽ വ്യാപകമാണ്. ഒറ്റമൂലി പ്രയോഗങ്ങൾ രഹസ്യസൂത്രണങ്ങളല്ല, പഴയകാലത്തെ ജനകീയ അറിവുകളാണിവ. പ്രാഥമികചികിത്സയെന്ന നിലയിലും രോഗപ്രതിരോധൗഷധമെന്ന നിലയ്ക്കും ഇതിനു പ്രസക്തിയുണ്ട്.

ഒറ്റമൂലി പ്രയോഗങ്ങൾ ഒരിക്കലും ഒരു സമ്പൂർണ ചികിത്സയല്ല. ചിലരിൽ ഫലപ്രദമാവുന്ന ഒറ്റമൂലികൾ മറ്റുള്ളവരിൽ ഗുണം നൽകില്ല.

ഒറ്റ മരുന്നാണെങ്കിൽ പോലും അത് എത്ര അളവിൽ വേണമെന്നും എത്രകാലം തുടരണമെന്നുമെല്ലാം ചികിത്സകൻ രോഗിയെ പരിശോധിച്ചു രോഗിയുടെ അവസ്ഥയും രോഗതീവ്രതയും മറ്റും പരിഗണിച്ചശേഷമാണു തീരുമാനിക്കുന്നത്. അതിനാൽ, ഇവയുടെ കൂടുതൽ ഉപയോഗങ്ങൾ വൈദ്യനിർദേശപ്രകാരം ആകുന്നതാണ് നല്ലത്.

കൊളസ്ട്രോൾ കുറയ്്ക്കാൻ

ഇന്നത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒരു ഭീകരനായിട്ടുണ്ട് കൊളസ്ട്രോൾ. ഇത്രമാത്രം അപകടകാരിയല്ല കൊളസ്ട്രോൾ. പക്ഷേ, കരളിന്റെ പ്രവർത്ത വൈകല്യങ്ങൾ മൂലം ശരിയായ ഉപാപചയം നടന്നില്ലെങ്കിൽ മലിനമായി അടിയുന്ന കൊളസ്ട്രോൾ മറ്റ് രോഗങ്ങളിലേക്ക് നയിക്കും. ഹൃദയത്തിലും രക്തക്കുഴലുകളിലും മറ്റും തടസങ്ങളുണ്ടാവാൻ ഇതു കാരണമായേക്കാം.

കൊളസ്ട്രോൾ അപകടകരമാവാതിരിക്കാൻ ശീലിക്കാവുന്ന ഒറ്റമൂലികൾ പലരിലും ഏറെ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.

കറിവേപ്പിലയും വെളുത്തുള്ളിയും

കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും കുറച്ചെടുത്ത് അരച്ച് ഒരു ഗ്ലാസ് മോരിൽ കാച്ചിയെടുത്ത് ഇടയ്ക്കൊക്കെ കഴിക്കുന്നതു കൊളസ്ട്രോളിന്റെ ഉപാപയം ശരിയാവാൻ നല്ലതാണ്. ഇതുതന്നെ അമിതമായി കൊളസ്ട്രോൾ ഉള്ളവരിൽ എല്ലാ ദിവസവും കഴിക്കാം.

മുതിരച്ചാറും മല്ലിവെള്ളവും

മുതിര വെള്ളം ചേർത്ത് വേവിച്ച് അതിന്റെ ചാറ് ഒരു ഗ്ലാസ് വീതം തുടർച്ചയായി ഒരു മാസം സേവിക്കുന്നതും ഇഞ്ചിയും മല്ലിയും ചേർത്തു തിളപ്പിച്ച വെള്ളം ദാഹത്തിന് ഇടയ്ക്കിടയ്ക്കു കുടിക്കുന്നതും ശീലമാക്കിയാൽ കൊളസ്ട്രോൾ കുറയ്ക്കാം.

ആര്യവേപ്പില പതിവായി

അഞ്ച് ആര്യവേപ്പില വീതം കഴുകി വൃത്തിയാക്കിയെടുത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും ഗുണം ചെയ്യും.

ഹൃദയത്തെ കാക്കാൻ നീർമരുത്

നാം ഉറങ്ങുമ്പോൾ പോലും തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സുപ്രധാന അവയവമാണ് ഹൃദയം. ആധുനിക ജീവിതശൈലിയിലെ അനാരോഗ്യ പ്രവണതകൾ ഹൃദയത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യായാമക്കുറവും ദഹനവൈകല്യങ്ങളും മാനസിക സമ്മർദ്ദങ്ങളുമൊക്കെയാണ് ഹൃദയത്തിന്റെ ശത്രുക്കൾ. ഇവ ഹൃദയപേശികളെയും രക്തക്കുഴലുകളെയും ക്ഷീണിപ്പിച്ചു കൊണ്ടു ക്രമേണ എപ്പോൾ വേണമെങ്കിലും നിലച്ചുപോകത്തക്ക വിധം ഹൃദയത്തെ രോഗഗ്രസ്തമാക്കുന്നു. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണശീലങ്ങളും സംഘർഷങ്ങളില്ലാത്ത മനസുമാണ് ഹൃദയത്തിന്റെ കാവൽഭടന്മാർ. അതോടൊപ്പം പ്രകൃതിദത്തമായ ചില ഔഷധങ്ങൾ കൂടിയാവാം.

 

നീർമരുത്

നീർമരുത് കൊണ്ടൊരു ദാഹശമനി

ഈ ഒറ്റമൂലി വേദഗ്രന്ഥങ്ങളിൽ പോലും ഹൃദയാരോഗ്യത്തിന് പറയപ്പെട്ട ഫലപ്രദമായൊരു ഔഷധമാണ്. ഇത് ഉണക്കിപ്പൊടിച്ചും കഷായം വച്ചു കുറുക്കിയും മറ്റു ഹൃദ്രോഗ ചികിത്സകൾക്ക് ഇന്നും ഉപയോഗിക്കുന്നുണ്ട്. വളരെ ലളിതമായി ഇതു ശീലമാക്കാൻ പറ്റിയ മാർഗം കുടിവെള്ളമായിട്ടാണ്. നീർമരുതിൻ തൊലി കഴുകി വൃത്തിയാക്കി ഉണക്കി ചെറിയ കഷണങ്ങളായി അരിഞ്ഞുവയ്ക്കുക. ഓരോ ദിവസവും ദാഹശമനി ഉണ്ടാക്കുമ്പോൾ അതിൽ ഒരുപിടി ഇട്ടു തിളപ്പിക്കുക. ദാഹത്തിന് ഈ വെള്ളം കുടിക്കാനെടുക്കുക. ഹൃദയാരോഗ്യസംരക്ഷണത്തിന് ഇതു മുതൽക്കൂട്ടാകും. ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോഗം ബാധിച്ചിട്ടുള്ളവർക്കും മറ്റു മരുന്നുകളോടൊപ്പം ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.

വെളുത്തുള്ളി പാൽക്കഷായം

പാൽക്കഷായമായി ഉപയോഗിക്കാൻ പറ്റിയ നല്ലൊരു ഒറ്റമൂലിയാണു വെളുത്തുള്ളി. തൊലി കളഞ്ഞ വെളുത്തുള്ളി 10 എണ്ണം ചതച്ച് കാൽ ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്തു തിളപ്പിച്ച് കാൽ ഗ്ലാസാക്കി വറ്റിച്ചു രാവിലെ പതിവായി വെറും വയറ്റിൽ കഴിക്കുന്നതു ഹൃദയത്തിൽ അനാവശ്യമായ കൊഴുപ്പടിയുന്നത് ഇല്ലാതാക്കി ഹൃദയപ്രവർത്തനം സുഗമമാക്കും. രോഗങ്ങളില്ലാത്തവരാണെങ്കിൽ മഴക്കാലത്തും തണു പ്പുകാലത്തുമൊക്കെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം സേവിക്കാം.

പ്രമേഹത്തിനെതിരെ ചിറ്റമൃതിൻ നീര്

രണ്ടായിരമാണ്ടോടെ എല്ലാവർക്കും ആരോഗ്യം നിരർഥകമായൊരു പ്രഖ്യാപനമായിരുന്നു. എന്നാൽ രണ്ടായിരത്തിമുപ്പതോടെ എല്ലാവർക്കും പ്രമേഹം എന്നതു സംഭവിക്കാൻ സാധ്യതയുള്ള ഒന്നായി വേണം കരുതാൻ!

ഇന്നത്തെ കണക്കുകളും ജീവിതശൈലികളും അതിലേക്കാണു വിരൽ ചൂണ്ടുന്നത്. ആധുനിക ഗവേഷണങ്ങൾ വഴി നൂതന ചികിത്സകൾ പ്രമേഹത്തിനു കണ്ടെത്തുന്നുണ്ടെങ്കിലും രോഗം നിയന്ത്രണത്തിലാക്കുക അത്ര എളുപ്പമല്ല. ആഗ്നേയഗ്രന്ഥിയുടെ പ്രവർത്തന മാന്ദ്യമാണ് പ്രമേഹത്തിലേക്കു നയിക്കുന്ന പ്രധാന പ്രശ്നം. ആരോഗ്യകരമായ ഭക്ഷണശൈലിയും ആവശ്യത്തിന് വ്യായാമങ്ങളും ശീലമാക്കിയാൽ ഇതു പ്രതിരോധിക്കാം. അതോടൊപ്പം ഒറ്റ മരുന്നുകളും ഉപയോഗിക്കാം. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവർക്ക് മുൻകരുതൽ അത്യാവശ്യമാണ്.

ചിറ്റമൃതിൻ നീരും നെല്ലിക്കയും

തൊലി കളഞ്ഞ ചിറ്റമൃതിന്റെ തണ്ടും ഇലയും കഴുകി വൃത്തിയാക്കി ചതച്ചു നീരെടുത്ത് 10 മി ലി വീതം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഗ്രന്ഥികളുടെ പ്രവർത്തനമികവ് നിലനിർത്തും. ആഴ്ചയിലൊരിക്കലെങ്കിലും ഇതു ശീലിക്കുന്നതു പ്രമേഹം വരാതിരിക്കാൻ ഫലപ്രദമാണ്.

 

നെല്ലിക്ക

ഒരു പിടി പച്ചമഞ്ഞൾ കഴുകി വൃത്തിയാക്കി, ചതച്ചു രണ്ടു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചു ഒരു ലിറ്ററാക്കുക. അതിൽ കുറച്ചു വൃത്തിയാക്കിയ നെല്ലിക്ക ഇട്ടുവയ്ക്കുക. ഇതു ദിവസവും ഒരെണ്ണം വീതം കഴിച്ചാൽ പ്രമേഹത്തെ പ്രതിരോധിക്കാം.

മുളപ്പിച്ച ഉലുവ

രണ്ടുപിടി ഉലുവ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർത്തുവച്ച് എടുത്ത് അരിച്ചു തുണിയിൽ കെട്ടിവയ്ക്കുക. അടുത്ത ദിവസം മുള വന്ന ഉലുവ എടുത്തു ചൂടാക്കി തേങ്ങ ചേർത്തിളക്കി കഴിക്കാം.

കരൾരോഗങ്ങൾക്ക് കീഴാർനെല്ലി

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണു കരൾ. മൊത്തത്തിൽ ശരീരത്തിന്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന അവയവമെന്ന നിലയ്ക്ക് കരളിനെ കാത്തുസൂക്ഷിക്കേണ്ടത് ആരോഗ്യത്തിനും ആയുസിനും അത്യന്താപേക്ഷിതമാണ്. എന്നാൽ, അടുത്ത കാലത്തായി നമ്മുടെ ഇടയിൽ കണ്ടുവരുന്ന കരൾരോഗങ്ങളുടെ വർധനവ്, മാറിവരുന്ന ജീവിതശൈലിയുടെയും അശ്രദ്ധമായ ആരോ ഗ്യപരിപാലനത്തിന്റെയും ബാക്കിപത്രമാണ്.

ആയുർവേദ വീക്ഷണത്തിൽ, പിത്തത്തിന്റെയും രക്തത്തിന്റെയും പ്രഭവകേന്ദ്രമായ കരളിലെ കോശങ്ങൾക്കു സംഭവിക്കുന്ന ശക്തിക്ഷയമാണ് കരൾരോഗങ്ങൾക്കു കാരണം. അതുകൊണ്ടുതന്നെ, ഈ കോശങ്ങളെ ഊർജവത്താക്കുന്ന ആഹാരങ്ങളും ജീവിതശൈലികളും കരൾരോഗങ്ങളെ ശമിപ്പിക്കാൻ ഉത്തമമാണ്. ചില ഒറ്റമരുന്നുകളും ഫലപ്രദമാണ്.

രക്തശുദ്ധീകരണത്തിന് ഒറ്റമൂലി

കരളിന്റെ രക്തശുദ്ധീകരണ പ്രക്രിയയെ സഹായിച്ചുകൊണ്ടാണ് ഇവ പല രോഗാവസ്ഥകളിലും ഫലപ്രദമാകുന്നത്. രോഗങ്ങളായി പ്രകടമായില്ലെങ്കിൽ പോലും ലിവർ ഫങ്ഷൻ ടെസ്റ്റിൽ തകരാറുകൾ കാണുന്നവർക്ക് ഈ ഒറ്റമരുന്നുകൾ ഉപയോഗപ്പെടുത്താം.

കീഴാർനെല്ലി വേരുൾപ്പെടെ

മഞ്ഞപ്പിത്തത്തിൽ വളരെ പഴയ കാലം മുതൽ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലിയാണ് കീഴാർനെല്ലി. ഈ ചെടി സമൂലം പറിച്ചെടുത്തു കഴുകി വൃത്തിയാക്കി അരച്ചുരുട്ടി ഒരു നെല്ലിക്കാവലിപ്പത്തിൽ പാലിൻവെള്ളത്തിൽ ചേർത്തു രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതാണ് രീതി. കരളിലെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവയ്ക്കു സവിശേഷമായ കഴിവാണുള്ളത്.

കീഴാർനെല്ലി

വെറും വയറ്റിൽ കടുകുരോഹിണി

രോഗാണുബാധ, വിഷബാധ തുടങ്ങിയ കാരണങ്ങൾകൊണ്ടു കരളിലെ കോശങ്ങളിൽ തടസം നേരിട്ടാൽ അതൊഴിവാക്കി കരളിനെ പൂർവാവസ്ഥയിലേക്കു നയിക്കാൻ പറ്റിയ നല്ലൊരു ഒറ്റമൂലിയാണ് കടുകുരോഹിണി. രാവിലെ വെറും വയറ്റിൽ അഞ്ചു ഗ്രാം കടുകുരോഹിണി ചൂർണം കാൽഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുക. തേൻ ചേർത്തും ഇതു കഴിക്കാവുന്നതാണ്. ഇത് ഒരാഴ്ചക്കാലം തുടർന്നാൽ മതിയാവും.

നീർക്കെട്ടകറ്റാൻ ചിറ്റമൃത്

കരളിലെ നീർക്കെട്ടുകളെ ശമിപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല ഒറ്റമൂലി ചിറ്റമൃതാണ്. കൃത്യമായ രോഗനിർണയത്തിനു ശേഷം ചിറ്റമൃതിന്റെ തൊലി കളഞ്ഞ തണ്ടും ഇലയും കഴുകി ചതച്ചു നീരെടുത്തോ കഷായം വച്ചോ കഴിക്കുന്നതു പലരിലും അത്ഭുതകരമായ ഫലമാണു കാണിച്ചിട്ടുള്ളത്.

ബി പി കുറയ്ക്കാൻ മുരിങ്ങയില

കേരളത്തിലെ കണക്കുകൾ പ്രകാരം നൂറിൽ മുപ്പതു പേരെങ്കിലും ഉയർന്ന രക്തസമ്മർദ്ദക്കാരാണ്.

അനാരോഗ്യകരമായ ജീവിതശൈലിയും സ്ഥിരമായ മാനസിക പിരിമുറുക്കവും പാരമ്പര്യവുമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് പ്രധാന കാരണക്കാർ. ഇവ തന്നെ വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ബി പി ഉയർത്തുന്നതെങ്കിലും പൊതുവെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയുന്നതും ഹൃദയത്തിന്റെ സമ്മർദ്ദം വർധിക്കുന്നതും ഇതിൽ പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങളാണ്. ഇതു പരിഹരിക്കാൻ ചില ഒറ്റമൂലികളുണ്ട്.

മുരിങ്ങയില തോരൻ

 

മുരിങ്ങയില

മുരിങ്ങയിലയ്ക്ക് ബി പി കുറയ്ക്കാൻ പ്രത്യേകം പ്രഭാവമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ലളിതമായി മുരിങ്ങയില തോരൻ വച്ച് ഇടയ്ക്കിടെ കഴിക്കുക.

കൂവളത്തിലനീര് വെറുംവയറ്റിൽ

ഒരു പിടി കൂവളത്തില ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് രാവിലെ വെറുംവയറ്റിൽ തുടർച്ചയായി ഒരു മാസം സേവിക്കുക. മാംസ—മത്സ്യഭക്ഷണങ്ങൾ ഒഴിവാക്കി പഥ്യനിഷ്ഠ പാലിച്ചാൽ നല്ല ഫലം കിട്ടും.

പച്ചനെല്ലിക്കാനീരും തേനും

രണ്ടു സ്പൂൺ പച്ചനെല്ലിക്കാനീര് ഒരു സ്പൂൺ തേൻ ചേർത്ത് ഇളക്കി വയ്ക്കുക. അൽപം മഞ്ഞൾപ്പൊടി ചേർത്ത് ഓരോ ടീസ്പൂൺ വീതം മൂന്നു നേരം ഭക്ഷണത്തിനുമുമ്പ് തുടർച്ചയായി രണ്ടുമാസം കഴിക്കുക. മറ്റു ചികിത്സകൾക്കൊപ്പവും ചെയ്യാം.

ഡോ: പി. എം. മധു, ലക്ചറർ, രോഗനിദാനവിഭാഗം, ഗവ ആയുർവേദ കോളജ്, പരിയാരം, കണ്ണൂർ.

ഡോ: ബി. ഹരികുമാർ, മെഡിക്കൽ സൂപ്രണ്ട്, എൻ. എസ്. എസ്.ആയുർവേദ ഹോസ്പിറ്റൽ, വള്ളംകുളം, തിരുവല്ല.

ഫാസ്റ്റ് ഫൂഡ് പഠനപ്രശ്നങ്ങളുണ്ടാക്കുമോ?


 

പണ്ടൊക്കെ ഉച്ചനേരത്ത് സ്കൂളുകളിൽ ചെന്നാൽ വരാന്തയിലും ക്ലാസ്സ് മുറിയിലുമായി പൊതിച്ചോറു കഴിക്കുന്ന കുട്ടികളെ കാണാമായിര‍ുന്നു. ഇന്ന് അത്തരം കാഴ്ചകൾ കുറഞ്ഞിരിക്കുന്നു. ഉച്ചയൂണിനു പകരം പീറ്റ്സയോ ബർഗറോ. കൂടെ ദാഹമകറ്റാൻ കോളയോ ഏതെങ്കിലും നിറമുള്ള പാനീയങ്ങളോ. പ്രാതലിനും അത്താഴത്തിനുമൊക്കെ പഫ്സോ ന്യൂഡിൽസോ ചിപ്സോ ആണ് കുട്ടികൾക്ക് പ്രിയം. ഇത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ല. പുതിയ തലമുറയിലെ കുട്ടികളിൽ പലരും ഇത്തരം ജങ്ക് ഫൂഡുകൾ പതിവായി കഴിക്കുന്നുണ്ട്.

മിന്നുന്നതെല്ലാം പൊന്നല്ല എന്നു പറഞ്ഞതുപോലെയാണ് ഇത്തരം ഭക്ഷണങ്ങളുടെ അവസ്ഥ. ഒന്നൊ രണ്ടോ കഴിച്ചാൽവയറു നിറയും. പക്ഷേ ഇവയിലെ ട്രാൻസ്ഫാറ്റ‍ുകളും കൊതിപ്പിക്കുന്ന നിറങ്ങളും നാക്കു കടിച്ചുപോകുന്ന രൂചിയും ഒക്കെ വെറും പുറംപൂച്ചാണെന്നും ഇവ ശരീരത്തിലെത്തിയാൽ പഠനപ്രശ്നങ്ങളും പിരുപിരുപ്പും അമിതവണ്ണവും ഹ‍ൃദയധമനീരോഗങ്ങളും പിന്നാലെയെത്തുമെന്നും പാവം കുട്ടികൾക്കറിയില്ല.

മാതാപിതാക്കൾ പൊതിച്ചോറു കെട്ടിക്കൊടുക്കാൻപോലും സമയമില്ലാത്തത്ര തിരക്കിലാണ്. അതുകൊണ്ട് ഇതേക്കുറിച്ച് അറിയാൻ മിനക്കെടുന്നില്ല. ആരോഗ്യസുരക്ഷാ ഭരണസംവിധാനങ്ങളാകട്ടെ കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു.

എന്താണ് ഈ ജങ്ക് ഫൂഡ്?

ജങ്ക് എന്നു പറഞ്ഞാൽ ഉപയോഗശൂന്യമായി കളയുന്ന വസ്തുക്കൾ എന്നാണർഥം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറലുകളുമൊന്നുമില്ലാത്തതും ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയതുമായ അമിതോർജം നിറഞ്ഞ ഭക്ഷണങ്ങള‍ാണ് ജങ്ക് ഫുഡ്. മൂന്നുതരം ആരോഗ്യഭീഷണികളാണ് ഇവ ഉയർത്തുന്നത്.

1. അമിതമായി ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിനു ദോഷകരമായോക്കാവുന്ന വസ്തുക്കൾ. കൊഴുപ്പും ഉപ്പും പഞ്ചസാരയും ഉദാഹരണം.

2. ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകങ്ങളുടെ ദൗർലഭ്യമോ അഭാവമോ.

3. ഇവയിലുള്ള അഡിറ്റീവുകൾ (രുചി കൂട്ടുന്നതിനായോ നിറം നൽകുന്നതിനായോ കേടാകാതിരിക്കുന്നത‍ിനോ ചേർക്കുന്ന ഘടകങ്ങൾ).

അ‍ഡിറ്റീവുകൾ പ്രകൃതിദത്തമായതും കൃത്രിമമായതുമുണ്ട്. ചെലവു കുറവായതിനാലും എളുപ്പം ലഭ്യമാകുന്നതുകൊണ്ടും പലരും രാസവസ്തുക്കളാണ് ചേർക്കുന്നതെന്നു മാത്രം.

ഒന്നും രണ്ടും ഭാക്ഷണികളേക്കാൾ മാരകം മൂന്നാമത്തേതാണ്. ഇത്തരം ഭക്ഷണങ്ങള‍ിലെ മ‍ാരകരാസപദാർഥങ്ങൾ വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന് മോണോ സോഡിയ ഗ്ല‍ൂട്ടാമേറ്റ് അഥവാ അജിനോമോട്ട‍ോ. ചൈനീസ് സോൾട്ടെന്നാണ് ഒാമനപ്പേര്. പായ്ക്കറ്റ് ചിപ്സുകളിലും ന്യൂഡിൽസിലുമൊക്കെ ഉണ്ട് ഇവ. ഈ അജിനോമോട്ട‍ോ ഉള്ളിൽ ചെന്നാൽ ബാക്കി രുചികളെയെല്ലാം അടിച്ചമർത്തിക്കളയും. നാവിൽ ഈ രുചി മാത്രം തുള്ളിക്കളിച്ചുനിൽക്കും. പോഷകാരോഗ്യവിദഗ്ധയായ ഡോ. അനിതമോഹൻ പറയുന്നതു കേൾക്കൂ-അജിനോമോട്ടോ രുചി കുട്ടാനാണ് ചേർക്കുന്നത്. പതിവായി അജിനോമോട്ടോ ചേർന്ന ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആ ഭക്ഷണമല്ലാതെ വേറൊന്നും കഴിച്ചതായി തോന്നില്ല. അതുകൊണ്ട് അവർ ആ പ്രത്യേക ഭക്ഷണത്തിനായി വാശിപിടിക്കും.

നമ്മൾ വിചാരിക്കുന്നതിലും മാരകമാണ് അജിനോമോട്ടോയുടെ ദോഷഫലങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത്. ഇവ തലച്ചോറ‍ിനെ ഉത്തേജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അളവിൽ കൂടുതലായാൽ ഇത് തലച്ചോറിലെ രാസത്വരകങ്ങളെ (ന്യൂറോട്രാൻസ്മിറ്ററുകൾ) തകിടംമറിക്കുന്നു. കുട്ടികളിൽ പിരുപിരുപ്പിനു കാരണമാകുന്നു. പാൻക്രിയാസിനു അമിതമായി പ്രവർത്തിപ്പിച്ച് ഇൻസുലിൻ ഉത്പാദനം കൂട്ടി വിശപ്പു കൂട്ടുന്നു. കണ്ണിന്റെ റെറ്റിനയ്ക്ക് നാശം വരുത്തുന്ന. കാൻസറിനു കാരണമാകുന്നു. തലവേദന വരുത്തുന്നു. ഇനിയുമുണ്ട് ദോഷങ്ങൾ പറയാൻ.

ഭക്ഷണസാധനങ്ങൾക്ക് നിറം നൽകാൻ ചേർക്കുന്ന ടാർട്ടാസെനും ഫോസ്ഫ‍േറ്റുകളും പേശികളുടെ പ്രവർത്തനം വർധിപ്പിക്കുകയും പിരുപിരുപ്പിനു കാരണമാകുന്നു. കോക്കിലും മറ്റും ചേർക്കുന്ന കഫീൻ അമിതമായി ശരീരത്തിലെത്തിയാൽ മ‍ൂത്രം വഴി കാത്സ്യം ധാരാളമായി പുറന്തള്ളപ്പെടും. ആഴ്ചയിൽ 330 മി.ലീ ഉള്ള രണ്ട് കാർബണേറ്റഡ് ഡ്ര‍ിങ്ക് കഴിച്ചാൽ മതി പാൻക്രിയാറ്റിക് കാൻസർ സാധ്യത ഇരട്ടിയാകും.

ഏതാണ്ട് 3000-ത്ത‍ോളം രാസപദാർഥങ്ങളുണ്ട് ഭക്ഷ്യവസ്തുക്കളിൽ അഡ‍ിറ്റീവുകളായി ഉപയോഗിക്കുന്നവ. ഇവയൊക്കെ ദോഷകരമാണെങ്കിൽ പിന്നെ എന്തിനാണ് ഭക്ഷണത്തിൽ ചേർ‌ക്കുന്നതെന്നു തോന്നാം. ഇത്തരം രാസപദാർഥങ്ങൾക്കെല്ലാം തന്നെ ഒരു അനുവദനീയമായ സുരക്ഷാ ഉപയോഗ പരിധിയുണ്ട്. ഒരു കിലോ ഗ്രാമിന് ഇത്ര മി.ഗ്രാം എന്ന രീതിയിൽ‌. പലരും ഈ പരിധി ലംഘിച്ച് അളവിൽ കൂട‍ുതൽ രാസവസ്തുക്കൾ ചേർക്കുന്നു. അതാണ് ഒരു പ്രശ്നം. യു.എൻ.ഫൂഡ് കൺസൾട്ടന്റും ഭക്ഷ്യസുരക്ഷാ വിദഗ്ധയുമായ ഡോ. ആനന്ദവല്ലി പറയുന്നു. ഇത്തരം മാരകരാസവസ്തുക്കൾ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നതു വഴി ഇവയുടെ അളവ് ശരീരത്തിൽ ഉയർന്നു നിൽക്കുന്നതാണ് മറ്റൊരു കാരണം. നിരോധിക്കപ്പെട്ട ചില നിറങ്ങളും പ്രിസർവേറ്റീവുകളും ഉപയോഗിക്കുന്നതും പ്രശ്നമാകാം. ഇത്തരം കാര്യങ്ങളിലൊന്നും തന്നെ കുറ്റമറ്റ സംവിധാനങ്ങൾ നമ്മുടെ നാട്ടിലില്ല എന്നോർക്കണം.

ബാധിക്കുന്നത് കൂടുതലും കുട്ടികളെ

മുതിർന്നവരേക്കാൾ കൂടുതൽ ഇത്തരം ഭക്ഷണങ്ങളുടെ ദോഷം ബാധിക്കുന്നത് കുട്ട‍ികളെയാണ്. കുട്ടികളാണല്ലോ പ്രധാന ഉപഭോക്താക്കളും. വളരുന്ന പ്രായത്തിൽ ക‍ുട്ടികൾക്ക് ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഉൗർജം മാത്രം പോരാ. പോഷകങ്ങളും വേണം. ആവശ്യമായ അളവിലും കൃത്യമായ അനുപാതത്തിലും ആരോഗ്യത്തിനു വേണ്ട പോഷകങ്ങൾ നൽകുന്ന ഭക്ഷണമാണ് അവർ കഴിക്കേണ്ടത്. കൊഴുപ്പും പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൂടാതെ വിറ്റമിനുകളും ധാതുക്കളും പോലുള്ള സൂക്ഷ്മപോഷകങ്ങളും ആന്റി ഒാക്സ‍ിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, നാരുകൾ എന്നിവയും ശരീരത്തിന് അത്യാവശ്യം തന്നെയാണ്. ബുദ്ധിയും ഒാർമയും ചിന്താശക്തിയുമൊക്കെ നന്നായി പ്രവർത്തിക്കാൻ ഇവ കൂടിയേ തീരൂ.

ജങ്ക് ഫൂഡ് പ്രധാനഭക്ഷണമാക്കുന്ന കുട്ടികളിൽ വൻതോതിൽ പോഷകദൗർലഭ്യമുണ്ട്. 2006-ൽ നടന്ന ഒരു പഠനത്തിൽ കോരളത്തിലെ 20 ശതമാനം വിദ്യാർഥികളിലെയും പഠനവൈകല്യത്തിന്റെ കാരണം ജങ്ക് ഫൂഡുകളിലെ രാസപദാർഥങ്ങളാണെന്നു കണ്ടെത്തിയിരുന്നു. 1970-കൾ മുതലെ പഠനപ്രശ്നങ്ങളും ജങ്ക് ഫൂഡ്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങൾ നടത്തുന്നു. 70-കളിൽ ബഞ്ചമിൻ ഫെയിൻഗോൾ‌ഡ് എന്ന അലർജി രോഗവിദഗ്ധനാണ് അഡിറ്റീവുകൾ എഡിഎച്ച്ഡിക്ക് പ്രേരകമാകാമെന്നു നിരീക്ഷിച്ചത്. തന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ, ഹൈപ്പറാക്ടീവ് ആയ കുട്ടികൾക്കു വേണ്ടി ഇത്തരം 300-ഒാളം അഡ‍ിറ്റീവുകൾ ഒഴിവാക്കിയുള്ള ചികിത്സാരീതിയും രൂപപ്പെടുത്തി. ഏതാണ്ട് 30 ശതമാനം ആളുകളിൽ അതു ഫലം ഉളവാക്കിയതായും കണ്ടിരുന്നു.

ബ്രിട്ടനിൽ സ്കൂൾ കുട്ടികളിൽ നടത്തിയ പഠനത്തിൽ സോഡിയം ബെൻസോവേറ്റ് എന്ന പ്രിസർവേറ്റീവും 6 കൃത്രിമനിറങ്ങളും കുട്ടികളിൽ പിരുപിരുപ്പ് വർധിക്കാൻ കാരണമാകുന്നുവെന്നു നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആ ആറ് കൃത്രിമനിറങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് യുകെയുടെ ഭക്ഷ്യസംരക്ഷണ ഏജൻസി വിലക്കിയിരുന്നു.

ജങ്ക് ഫൂഡ് സ്ഥിരമായി കഴിക്കുന്ന കുട്ടികളിൽ ശ്രദ്ധക്കുറവും പിരുപിപ്പും എഡിഎച്ച്ഡിയും മറ്റും ഉള്ളതായാണ് കണ്ടിട്ടുള്ളത്. മിക്ക കുട്ടികളിലും പരീക്ഷയിലെ പ്രകടനം മോശമാകുന്നു. ശ്രദ്ധ കിട്ടാത്തതിനാൽ സമയത്തിന് എഴുത‍ി പൂർത്തിയാക്കാൻ സാധിക്കുന്നില്ല. എഡിഎച്ച്ഡി ഉള്ള കുട്ടികളുടെ ചികിത്സയിൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. ഇതുമൂലം വളരെ പ്രകടമായ വ്യത്യാസം കാണുന്നതായി മാതാപിതാക്കൾ തന്നെ പറയാറുണ്ട്. കാക്കനാട് സൺറൈസ് ഹോസ്പിറ്റലിലെ ഡെവലപ്െമന്റൽ പീഡിയാട്രീഷൻ ഡോ.നീന ഷിലൻ പറയുന്നു.

മറ്റ് ആരോഗ്യപ്രശ്നങ്ങൾ

ജങ്ക് ഫൂഡിലെ ഉയർന്ന കൊഴുപ്പും ഉൗർജവും പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദം പോലുള്ള ജീവിതശൈലീരോഗങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളിൽ പോഷകദൗർലഭ്യം ഉണ്ടാക്കുന്നതു മൂലം അനീമിയ വരാം. ചെറിയ പ്രായത്തിലെ തന്നെ ഹൃദയധമനീരോഗങ്ങൾ ബാധിക്കാം. എൻഡോക്രൈൻ റിവ്യൂ ജേണലിൽ വന്ന ഒരു പഠനത്തിൽ കുട്ടികള‍ിലെ പൊണ്ണത്തടിയുടെ പ്രധാനകാരണം കാലറി കൂടിയ ഭക്ഷണമാണെന്നു പറയുന്നു. ഇന്ത്യയിൽ തന്നെ അമിതവണ്ണമുള്ള 16-18 വയസ്സുകാരികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ ദിവസവുമുള്ള കാലറി ഉപഭോഗം അനുവദനീയമായ ദൈനംദിന ഉപഭോഗത്തിന്റെ 110 ശതമാനം ആണെന്നും ഇരട്ടിയാണെന്നും കണ്ടിരുന്നു.

ഫാസ്റ്റ്ഫൂഡുകളുടെ ദോഷങ്ങളെക്കുറ‍ിച്ച് വിവിധ ഏജൻസികൾ നടത്തിയ പഠനഫലങ്ങളുടെയും ഹർജികളുടെയും അടിസ്ഥാനത്തിൽ 2013-ൽ സ്കൂളുകളുടെ 200കി.മീ ചുറ്റളവിൽ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ വിൽപന ഡൽഹി ഹൈക്കോടതി നിരോധിച്ചിരുന്നു. ചിപ്സ്, നൂഡിൽസ്, പീറ്റ്സ, ബർഗർ, ചോക്ലേറ്റ്, ശീതളപാനീയങ്ങൾ തുടങ്ങിയുള്ള ഭക്ഷണങ്ങളുടെ വിൽപനയാണ് സ്കൂൾ പരിസരങ്ങളിൽ നിരോധിച്ചത്.

നിരോധനം എവിടൊക്കെ വേണം?

തങ്ങൾ ഏതുഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കേണ്ടത് കുട്ടികളല്ലേ എന്നു തോന്നാം. എന്നാൽ ജങ്ക് ഫൂഡുകളുടെ ദോഷങ്ങളെക്കുറിച്ച് അവർക്ക് അറിഞ്ഞുക‍‍ൂടല്ലോ. ഭക്ഷണക്രമവും രോഗവുമായുള്ള ബന്ധത്തെക്കുറിച്ചും അവർ അജ്ഞരാണ്. സമീകൃതാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഏതു ഭക്ഷണം കഴിക്കണം, ഏത് ഒഴിവാക്കണം എന്നതിനെക്കുറിച്ചും അവർക്ക് വ്യക്തമായ ബോധ്യമില്ല. ഇങ്ങനെയുള്ള കുട്ടികളെയാണ് പരസ്യങ്ങളിലൂടെ വശത്താക്കാൻ ശ്രമിക്കുന്നത്. സ്ക‍‍ൂളെന്നു പറയുന്നത് രക്ഷിതാക്കാളുടെ നോട്ടം പെട്ടെന്നെത്താത്ത ഇടവുമാണ്. അതുകൊണ്ടു തന്നെ സ്കൂൾ കാന്റീനുകളിലും സ്കൂളിനടുത്തുള്ള സ്ഥലങ്ങളിലും ഇത്തരം ജങ്ക് ഫൂഡുകളുടെ വിൽപന നിയന്ത്രിക്കുക തന്നെ വേണ്ടിയിരിക്കുന്നു.

മാതാപിതാക്കൾ അറിയാൻ

എന്നാൽ നിരോധനം സ്കൂൾ കാന്റ‍ീനുകളിലും സ്കൂളിനടുത്തുള്ള ഫാസ്റ്റ് ഫൂഡ് കേന്ദ്രങ്ങളിലും മാത്രം മതിയോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളും കൂടി ഇത്തരം ഭക്ഷണങ്ങളുടെ അപകടങ്ങളെക്ക‍ുറിച്ച് ബോധവാന്മാരായിരിക്കണം. കാരണം കുട്ടികളുടെ വാശിക്കു വഴങ്ങി ഇത്തരം ഭക്ഷണങ്ങൾ വാങ്ങിനൽകുന്ന മാത‍ാപിതാക്കൾ ധാരാളമുണ്ട്. മാത‍‍ാപിതാക്കൾ തിരക്കുപിടിച്ച ഉദ്യോഗസ്ഥരാണെങ്കിൽ മക്കൾ പലപ്പോലും ഇത്തരം ഭക്ഷണങ്ങൾക്ക് അടിമകളാകുന്നുവെന്ന‍ുകാണാം. രവിലെ തിരക്കുമൂലം പ്രാതൽ പുറത്തുനിന്നു കഴിക്കാൻ പണം നൽകും. ഉച്ചയ്ക്കും തഥൈവ. നാലു മണിക്ക് ട്യൂഷനു പോകുന്നതിനു മുമ്പായി ഏതെങ്കിലും കഫേയിൽ നിന്ന് പീസയോ ബർഗറോ പഫ്സോ. ഒപ്പം കോള പോലെ ഏതെങ്കിലും കുപ്പിയിലടച്ച് പാനീയവും. വൈകുന്നേരം ഏതെങ്കിലും ഹോട്ടലിൽ നിന്നുള്ള ഫൂഡ് അച്ഛനമ്മമാർ തന്നെ വ‍ാങ്ങിക്കൊണ്ടുവരും. അപ്പോൾ നിരോധനം വീട്ടിലും വേണം എന്നു ചുരുക്കം.

സ്കൂളിൽ നൽകാം ആരോഗ്യഭക്ഷണം

കുട്ടികൾക്ക് ആരോഗ്യകരമായ ഉച്ചഭക്ഷണവും ഇടനേരത്തെ ഭക്ഷണവും സ്കൂളുകളിൽ നൽകുന്ന സംവിധാനവും ഗുണകരമായിരിക്കും. കുട്ടികൾ ഏറ്റവുമധികം ഫാസ്റ്റ്ഫൂഡ് സ്നാക്കുകൾ കഴിക്കുന്ന നാലുമണി നേരത്തെ ഭക്ഷണം കൂടി സ്കൂളിൽ നൽകുന്ന സംവിധാനമുണ്ടായാൽ ഫാസ്റ്റ്ഫൂഡ് ഭക്ഷണപ്രിയം കുറയ്ക്കാനാകും. കാനഡ, ഫിലിപ്പീൻസ്, യുഎഇ, യുഎസ്എ പോലുള്ള രാജ്യങ്ങളിൽ, ആരോഗ്യകരമായ ഭക്ഷണസംവിധാനങ്ങൾ സ്കൂളകളിൽ ഏർപ്പെടുത്തുന്നതിനായി പ്രത്യേക നിയമം പോലുമുണ്ട്.

വേണം ന്യൂട്രീഷൻ ബജറ്റ്

വീടുകളിൽ ഫാസ്റ്റ് ഫൂഡുകൾ കുറച്ചാൽ മാത്രം പോരാ ഒരു ന്യൂട്രീഷൻ ബജറ്റ് കൂടി കൊണ്ടുവരണമെന്നു പറയുന്നു പോഷകാഹാര വിദഗ്ധയായ ഡോ. അനിതാമോഹൻ (തിരുവനന്തപുരം). ഒരു ദിവസം മൂന്നു പ്രധാന ഭക്ഷണങ്ങളാണുള്ളത്. ആഴ്ചയിൽ‌ അങ്ങനെ 21 എണ്ണം. ഇതിൽ 17-18 പ്രധാനഭക്ഷണങ്ങളെങ്കിലും വീട്ട‍ിനുള്ളിൽ തന്നെ ആരോഗ്യകരമായി തയാറാക്കുന്നവയാകണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി പുറത്തുനിന്നുള്ള ഭക്ഷണം. ഡോക്ടർ പറയുന്നു.

ശ്രദ്ധക്കുറവും പിരുപിരുപ്പും അമിതവണ്ണവും വഴി കുട്ടികളെ ബൗദ്ധീകമായും ശാരീരികമായും തകർക്കുന്ന ജങ്ക് ഫൂഡെന്ന ആരോഗ്യഭീക്ഷണിക്കെതിെര നമ്മൾ ഉണർന്നെഴുന്നേൽക്കേണ്ടിയിരിക്കുന്നു.

ആന്റിബയോട്ടിക്കുകൾ നിങ്ങളെ പൊണ്ണത്തടിയനാക്കും

 

ഒന്നു തുമ്മിയാൽ ആന്റിബയോട്ടിക് കൊടുക്കുന്ന അച്ഛനമ്മാരുടെ ശ്രദ്ധയ്ക്ക്, മക്കളുടെ അമിത വണ്ണത്തിനെക്കുറിച്ച് മേലിൽ പരാതി പറയരുത്. ബാല്യത്തിൽ ധാരാളം ആന്റിബയോട്ടിക് എടുക്കുന്ന കുട്ടികൾക്ക് മറ്റുള്ള കുട്ടികളെക്കാളും അമിത വണ്ണത്തിനുള്ള സാധ്യതയുണ്ടെന്നാണ് ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ സ്കൂൾ ഒാഫ് പബ്ളിക് ഹെൽത്തിലെ പ്രഫസർ ബ്രയാൻ ഷാവാട്ട്സ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തൽ.

മൂന്നിനും പതിനെട്ട് വയസിനും ഇടയിലുള്ള 1,63,820 പേരുടെ ജനുവരി 2001 മുതൽ ഫെബ്രുവരി 2012 വരെയുള്ള ആരോഗ്യ റിപ്പോർട്ടുകൾ പഠനത്തിനു വിധേയമാക്കിയാണ് ഷാവാട്ട്സ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പഠനത്തിന് വിധേയരായ വ്യക്തികളുടെ ഉയരവും തൂക്കവും ഒരോ വർഷവും അവർ ഉപയോഗിച്ച ആന്റിബയോറ്റിക്കുകളുടെ അളവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ബാല്യത്തിൽ ഏഴോ അതിലധികമോ തവണ ആന്റിബയോട്ടിക്കുകൾ ശരീരത്തിന്റെ ഭാര-ഉയര അനുപാതത്തെ (ബോഡി മാസ് ഇൻഡക്സ്) സാരമായി ബാധിക്കുന്നതോടെ അമിതവണ്ണത്തിനു കാരണമാകുകയും ചെയ്യുന്നു. ആന്റിബയോട്ടിക് ഉപയോഗിച്ചവർ പതിനഞ്ച് വയസാകുന്നതോടെ മറ്റുള്ളവരെക്കാൾ മൂന്ന് പൗണ്ട് (1.3 കിലോഗ്രാം) വരെ അമിതഭാരം രേഖപ്പെടുത്തുന്നു. ഇന്റർനാഷൺ ജോണൽ ഒാഫ് ഒബീസിറ്റിയാണ് പ്രഫസർ ബ്രയാൻ ഷാവാട്ട്സിന്റെ പഠന റിപ്പോർട്ട് പ്രസദ്ധീകരിച്ചത്.

എന്താണ് ആന്റിബയോട്ടിക്?

മനുഷ്യന്റെയും മൃഗങ്ങളുടെയും കോശങ്ങൾക്കു തകരാറു വരുത്താതെ രോഗാണുക്കളെ നശിപ്പിക്കുന്ന പദാർഥങ്ങളാണ് ആന്റിബയോട്ടിക്. സാധാരണ സൂക്ഷ്‌മജീവികളിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഈ പദാർഥങ്ങൾ കൃത്രിമമായി തുടർന്നു നിർമിക്കാനുമാകും. ഗുളികയായും കുത്തിവയ്‌പായും നിശ്‌ചിതരീതിയിൽ നൽകുമ്പോൾ ഇവയ്‌ക്കു പല രോഗാണുക്കളെയും നശിപ്പിക്കാനും അതുവഴി രോഗങ്ങൾ ഭേദമാക്കാനും കഴിയും.

1928ൽ അലക്‌സാണ്ടർ ഫ്ലെമിങ്, പെനിസിലിൻ കണ്ടുപിടിച്ചതോടെയാണ് ആന്റിബയോട്ടിക്കുകളുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. ബാക്‌ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കളെ നശിപ്പിച്ചുകൊണ്ട് ഇവ മനുഷ്യരാശിക്ക് ഏറെ ആശ്വാസം പകർന്നു. പലരീതിയിലാണ് ആന്റിബയോട്ടിക്കുകൾ രോഗാണുക്കളെ നശിപ്പിക്കുന്നത്. പുത്തൻ മാർഗങ്ങളിലൂടെ ഇതു സാധ്യമാക്കുന്ന ഒട്ടേറെ ആന്റിബയോട്ടിക്കുകൾ എൺപതുകളുടെ അവസാനം തന്നെ ശാസ്‌ത്രം മാനവരാശിക്കു നൽകി.

നിങ്ങൾ പൊണ്ണത്തടിയനാണോ, സ്വയം പരിശോധിക്കാം?

ശരീരത്തിന്റെ ഭാര-ഉയര അനുപാത (ബോഡി മാസ് ഇൻഡക്സ്) പരിശോധനയിലൂടെ പൊണ്ണത്തടിയനാണോയെന്നു സ്വയം തിരിച്ചറിയാം. സ്വന്തം ഭാരത്തെ (കി.ഗ്രാമിൽ) ഉയരവുമായി (മീറ്റർ സ്ക്വയർ) ഹരിക്കുന്നതിലൂടെ ലഭിക്കുന്ന സംഖ്യയാണ് ഭാര-ഉയര അനുപാതം. ഇത് 18.5 മുതൽ 24.9 വരെയാണെങ്കിൽ നിങ്ങളുടെ തടി പാകമാണ്. 28 മുതൽ 29.9 വരെയാണ് ലഭിക്കുന്നതെങ്കിൽ നിങ്ങൾക്ക് അമിത ഭാരമുണ്ട്. മുപ്പതിനു മുകളിലാണു ലഭിക്കുന്നതെങ്കിൽ നിങ്ങൾ പൊണ്ണത്തടിയനാണ്. ഉദാഹരണത്തിന് 70 കിലോ ഗ്രാം തൂക്കവും 175 സെന്റിമീറ്റർ ഉയരവുമുള്ള ഒരാളുടെ അനുപാതം 22.9 ആയിരിക്കും. അര വണ്ണത്തിന്റെ അളവ് നോക്കിയും തടി കൂടുതലുണ്ടോയെന്നു മനസ്സിലാക്കാം. പുരുഷന്റെ അരവണ്ണം 102 സെ.മീറ്ററിൽ താഴെയും സ്ത്രീയുടേത് 88 സെ.മീറ്ററിൽ താഴെയുമായിരിക്കണം

വിശപ്പിനുള്ള അ‌ഞ്ച് കാരണങ്ങൾ

എപ്പോഴും വിശപ്പ് തോന്നുന്ന പ്രകൃതമാണോ നിങ്ങളുടേത്? ആഹാരം കഴിച്ച് കഴിഞ്ഞ ഉടൻ വീണ്ടും വിശപ്പ് അലട്ടുന്നുണ്ടോ? ആഹാരത്തിന്റെ കാര്യം പറഞ്ഞു കൂടെയുള്ളവർ പരിഹസിക്കുന്നുണ്ടോ? എങ്കിൽ മനസിലാക്കിക്കോളൂ നിങ്ങളുടെ വിശപ്പിനു പിന്നിലുള്ള അഞ്ച് പ്രധാന കാരണങ്ങൾ.

1. നിർജലീകരണം

നിർജലീകരണം ശരീരത്തെ ബാധിച്ചിരിക്കുന്നതിന്റെ ഏറ്റവും മൃദുവായ ലക്ഷണമാണ് വിശപ്പായി നിങ്ങൾക്ക് തോന്നുന്നത്. അതായത് നിങ്ങളുടെ ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമാണെന്നു ചുരുക്കം. വിശപ്പും ദാഹവുമെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിലെ ഹൈപ്പോതലാമസാണ് ഇതിനു പിന്നിൽ. ഒരു ബോട്ടിൽ വെള്ളം കുടിക്കുന്നതിനെക്കാൾ നല്ലത് എന്തെങ്കിലും ജങ്ക്ഫുഡ് കഴിക്കുന്നതാണെന്ന തോന്നൽ ഉളവാക്കുകയാണ് ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല പോംവഴി നിർജലീകരണം തടയാൻ വേണ്ട വെള്ളം എപ്പോഴും നൽകുക എന്നതു മാത്രമാണ്. വിശപ്പു തോന്നുമ്പോൾ ഓർക്കുക, ആവശ്യത്തിനു വേണ്ട വെള്ളം ഇന്നു നിങ്ങളുടെ ശരീരത്തിൽ എത്തിയിട്ടില്ലെന്ന്. ഇങ്ങനെ തോന്നുമ്പോൾ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുക, ശേഷം 15-20 മിനിട്ടു വരെ കാത്തിരിക്കുക. വിശപ്പ് താനേ ശമിക്കുന്നതു കാണാം.

2. ആവശ്യത്തിന് ഉറക്കവും വിശ്രമവും

തലേദിവസം രാത്രി ആവശ്യത്തിനുള്ള ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ പിറ്റേ ദിവസം രാവിലെ നിങ്ങളെ വരവേൽക്കുന്നത് കടുത്ത വിശപ്പായിരിക്കും. രാത്രി ഉറക്കം നഷ്ടമാകുകയാണെങ്കിൽ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന ഹോർമോണായ ഗ്രെലിന്റെ(Ghrelin) അളവ് ശരീരത്തിൽ കൂടുകയും തൽഫലമായി വിശപ്പ് അനുഭവപ്പെടുകയും ചെയ്യും. ക്ഷീണത്തിൽ നിന്നു സംരക്ഷിക്കുന്ന ഹോർമോണായ ലെപ്റ്റിന്റെ അളവു കുറയുകയും ചെയ്യുന്നു. ഇതാകട്ടെ ക്ഷീണത്തിലേക്കും തളർച്ചയിലേക്കുമൊക്കെ നിങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ ദിവസവും എഴു മുതൽ എട്ടു മണിക്കൂർ വരെ സുഗമമായ ഉറക്കം ഉറപ്പാക്കുക.

3. സ്റ്റാർച്ചിയായ കാർബോഹൈഡ്രേറ്റ്

 

ഒരു കുക്കീസ് കഴിച്ചു കഴിയുമ്പോൾ ഒരിക്കലും ആ ഒരെണ്ണം കൊണ്ട് സംതൃപ്തരാകാതെ കൂടുതൽ എണ്ണം അകത്താക്കുന്ന കാര്യം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിനു പിന്നിലും തലച്ചോറു തന്നെ. കുക്കീസ്, ബിസ്കറ്റ് തുടങ്ങി മധുരപലഹാരങ്ങളിലുള്ള സ്റ്റാർച്ചും കാർബോഹൈഡ്രേറ്റും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നു. ക്രമാതീതരമായി ഗ്ലുക്കോസിന്റെ അളവ് കൂടുമ്പോൾ കൂടുതൽ മധുരം അകത്താക്കാനുള്ള കൊതി ഉണ്ടാകുന്നു. അതുകൊണ്ട് മധുരപലഹാരങ്ങൾ കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് അൽപം ശമനം നൽകുക. പകരം കോംപ്ലക്സ കാർബോഹൈഡ്രേറ്റുകൾ കൂടുതലായുള്ള ആപ്പിൾ, ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം. ഇവയാകട്ടെ, നമ്മുടെ വിശപ്പ് ശമനത്തിന് ആവശ്യമായ സംതൃപ്തി നൽകുകയും ചെയ്യും.

4. സമ്മർദത്തിന് അടിമ

 

ജീവിതത്തിൽ ഇതേവരെ യാതൊരുവിധ സമ്മർദമോ, ടെൻഷനോ പിരിമുറുക്കമോ ഒന്നും അനുഭവിച്ചിട്ടില്ലാത്ത ഭാഗ്യവാൻമാർ ഉണ്ടാകുമോ? അങ്ങനെ ഉള്ളവർക്ക് വിശപ്പ് എന്ന വികാരവും അധികം ഉണ്ടായി കാണില്ല. നിങ്ങൾ ടെൻഷനിലായിരിക്കുമ്പോൾ സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോളിന്റെയും അൾഡ്രിനാലിന്റെയും ഉൽപ്പാദനം കൂട്ടാനുള്ള താൽപര്യം ശരീരത്തിനുണ്ടാകുന്നു. ശരീരം നൽകുന്ന അപായ സൂചനയാണ് അപ്പോഴുണ്ടാകുന്ന വിശപ്പ്. ആ സമയത്ത് നിങ്ങൾക്ക് കൂടുതൽ എനർജി വേണമെന്നു സാരം. ഈ സമയത്ത് യഥാർതത്തിൽ വിശപ്പ് ഇല്ലെങ്കിലും ശരീരം അങ്ങനെയൊരു തോന്നൽ ഉളവാക്കുകയാണ് ചെയ്യുന്നത്. ഇതിനെ മറികടക്കാൻ സ്ട്രെസ് ലെവൽ കൺട്രോൾ ചെയ്യുക. ഒന്നു നന്നായി ശ്വാസം എടുക്കുകയോ യോഗാ ക്ലാസുകളിലും മറ്റും പങ്കെടുത്ത് മനസിനെ ശാന്തമാക്കുകയോ ചെയ്യാവുന്നതാണ്.

5. മദ്യത്തിന്റെ അമിത ഉപയോഗം

 

ആൽക്കഹോളിന്റെ ഉപയോഗം ശരീരത്തെ നിർജലീകരണത്തിലേക്കു നയിക്കും. നിർജലീകരണമാകട്ടെ വിശപ്പിലേക്കും. ആൽക്കഹോൾ ഉപയോഗിക്കുന്നവർ കൂടുതൽ വെള്ളം കുടിച്ച് നിർജലീകരണം തടയേണ്ടതാണ്.

അറിഞ്ഞ് കഴിച്ചില്ലെങ്കിൽ അധികം നാൾ കഴിക്കേണ്ടി വരില്ല

 

 

 

നിങ്ങൾ കഴിക്കാൻ വേണ്ടി ജീവിക്കുകയോ ജീവിക്കാൻ കഴിക്കുന്ന വ്യക്തിയാവാം. പക്ഷേ കഴിക്കുന്ന ആഹാരം അറിഞ്ഞ് കഴിച്ചില്ലെങ്കിൽ അധികം നാൾ കഴിക്കേണ്ടി വരില്ല. വേഗമേറിയ ജീവിവും ക്രമം തെറ്റിയുള്ള ഭക്ഷണത്തിന്റെ അനന്തരഫലം ജീവിതശൈലി രോഗങ്ങളാണ്. നല്ലൊരു ഡയറ്റ്പ്ലാനുണ്ടെങ്കിൽ ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും വറുതിയിലാക്കാനും അനായാസം സാധിക്കും. ഡയറ്റ്പ്ലാനെന്ന് കേൾക്കുമ്പോൾ അത് വല്ലതും നടക്കുമോ എന്നാവും ചിന്ത. മനസ് വച്ചാൽ തീൻമേശയിൽ രുചിയും പോഷക സമൃദ്ധിയും വിളമ്പാം.

വീട്ടിലൊരു ‍പോഷക മെനു

വ്യത്യസ്തത വിഭവങ്ങൾ പരീക്ഷിക്കുന്നതിനൊപ്പം വിരസത അകറ്റുകയും വീട്ടിലെ അംഗങ്ങൾക്കുള്ള പോഷകത്തിന്റെ ആവശ്യം പരിഹരിക്കുന്നതുമായ ഡയറ്റ് പ്ളാനാണ് തയ്യാറാക്കേണ്ടത്. ഗർഭിണികൾക്കും കുട്ടികൾക്കും കലോറിയും പ്രോട്ടീനും നിറഞ്ഞ ഭക്ഷണമാണെങ്കിൽ ഇരുപത് വയസ് കഴിഞ്ഞവർക്ക് മിതമായ കലോറിയും പ്രോട്ടീനും മതിയാകും. ഒരാഴ്ചത്തേക്ക് മെനു തയ്യാറാക്കുമ്പോൾ രുചിയോടൊപ്പം പോഷകത്തിനും മുൻഗണന നൽകണം. ഓരോ വ്യക്തിയും ഒരു ദിവസം 500 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ ആരോഗ്യകരമായ ജീവിതം സ്വന്തമാക്കാം.

പ്രാതൽ മിസ് ചെയ്യല്ലേ

രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേറ്റാൽ പിന്നെ പ്രാതലിന് എവിടെ സമയം? സമയക്കുറവിന്റെ പേരിൽ എല്ലാവരും സാധാരണയായി പ്രാതൽ ഒഴിവാക്കുകയോ സ്നാക്സ് കഴിച്ചോ വിശപ്പടക്കും. ഉൗണിന് നന്നായി കഴിച്ച് പ്രാതലിന്റെ കുറവ് തീർക്കുന്നതാണ് പൊതുവെയുള്ള പ്രവണത. ഒരു ദിവസത്തെ ഭക്ഷണത്തിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടത് പ്രാതലിനാണെന്ന കാര്യം മറക്കരുത്. പ്രാതൽ ഉപേക്ഷിക്കുക വഴി ശരീരത്തിന്റെ മെറ്റബോളിസം കുറഞ്ഞ് അമിത വണ്ണത്തിലേക്ക് നയിക്കാം. ദിവസം മുഴുവൻ ഉൗർജസ്വലമായിരിക്കാൻ പോഷകമായ പ്രാതൽ കൂടിയേ തീരു.

ഏഴു ദിവസവും ഏഴുതരം വിഭവങ്ങൾ!

പുട്ട്, ഇഡലി, ദേശ, ഉപ്പുമാവ്... സ്ഥിരം വിഭവങ്ങൾ മേശയിൽ നിരത്തിയാൽ വീട്ടുകാർക്ക് തന്നെ ആഹാരത്തോടുള്ള താത്പര്യം കുറയും. പ്രാതലിനു സ്ഥിരം വിഭവങ്ങൾ തന്നെ ചേരുവകൾ കൊണ്ട് മാറ്റി പരീക്ഷിച്ചാൽ വ്യത്യസ്തത അനുഭവപ്പെടുകയും പോഷകക്കുറവ് പരിഹരിക്കാനും കഴിയും. അരി, ഗോതമ്പ്, റാഗി (പഞ്ഞപ്പുല്ല്), ചോളം, നവര, ഓട്സ് എന്നിവ കൂടാതെ കിഴങ്ങു വർഗങ്ങളും (കപ്പ, കാച്ചിൽ, മധുരക്കിഴങ്ങ്) പരീക്ഷിക്കാം. ഓരോ ഭക്ഷ്യ വസ്തുക്കളിലെയും പോഷകങ്ങൾക്കും അവയുടെ അളവിനും വ്യത്യാസമുള്ളത് കൊണ്ട് ആഹാരം സമീകൃതമാകും. ഓട്സിൽ ധാരാളം നാരുകളും പ‍ഞ്ഞപ്പുല്ലിൽ കാൽസ്യവും ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടാൻ സഹായിക്കുന്ന ക്രോമിയവും അടങ്ങിയിരിക്കുന്നു. അരിയേക്കാൾ ധാരാളം നാരുകളും പ്രോട്ടീനുകളും ഗോതമ്പിൽ അടങ്ങിയിരിക്കുന്ന കാര്യം അറിയാതെ പോകരുത്. ഓരോ പ്രാതൽ വിഭവങ്ങളോടൊപ്പം വിവിധതരം പയറുവർഗങ്ങളോ, മുട്ടയുടെ വെള്ളയോ, പനീറോ ഉൾപ്പെടുത്താവുന്നതാണ്.

ഇടനേരങ്ങളിൽ എന്ത് കഴിക്കും?

എളുപ്പത്തിൽ ലഭിക്കാവുന്ന സ്നാക്സും സോഫ്റ്റ് ഡ്രിങ്ക്സുമാണ് ഇടനേരങ്ങളിൽ കഴിക്കേണ്ടതെന്നാണ് പലരുടെയും ധാരണ. തത്ക്കാലം വിശപ്പിനു ശമനം നൽകുമെങ്കിലും കാലക്രമേണ ആരോഗ്യത്തെ സാരമായി ബാധിക്കും. സോഫ്റ്റ് ഡ്രിങ്ക്സിലെയും ജങ്ക് ഫുഡ്സിലെയും കൃത്രിമ മധുരം പ്രമേഹത്തിനും കൃത്രിമ കൊഴുപ്പ് അമിത രക്തസമ്മർദത്തിനും പൊണ്ണത്തടിക്കും കാരണമാകും. പഴങ്ങളും പഴച്ചാറുകളും, ഇളനീർ, ലസി, ഗ്രീൻ ടീ തുടങ്ങിയവ ഇടനേരങ്ങളിൽ പരീക്ഷിച്ചാൽ വിശപ്പ് ശമിക്കുന്നതോടൊപ്പം ആരോഗ്യവും മെച്ചപ്പെടും.

ഉച്ചയ്ക്ക് മൂക്ക്മുട്ടെ കഴിക്കാമോ?

പ്രാതൽ കുറച്ച് കഴിക്കുന്നവർ പോലും ഉച്ചയ്ക്ക് കഴിക്കുമ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. പാത്രം നിറയെ ചോറും നാലഞ്ച് കറികളും ചേർത്ത് വയറ് നിറയെ കഴിച്ചാലേ വിശപ്പ് മാറുന്നതിനോടൊപ്പം മനസിനു തൃപ്തിയും ലഭിക്കുകയുള്ളൂ. അമേരിക്കൻ ഫുഡ്പ്ലേറ്റ് അനുകരിച്ചാൽ വയറ് നിറയെ കഴിക്കുന്നതിനു പകരം ഉച്ചയൂണ് സമീകൃതമാകണം. അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ നിർദേശിക്കുന്നത് അനുസരിച്ച് നമ്മുടെ ലഞ്ച്പ്ലേറ്റിന്റെ നാലിൽ ഒന്ന് മാത്രമായിരിക്കണം. ചോറിന്റെയും മറ്റു കാർബോഹൈഡ്രേറ്റിന്റെയും അളവ്. ബാക്കി നാലിൽ ഒന്ന് പ്രോട്ടീൻ ഫുഡ് (മീൻ, ചിക്കൻ, തൈര്, പയർ) പകുതി ഭാഗം (നാലിൽ രണ്ട്) പഴങ്ങളും പച്ചക്കറികളും.

അത്താഴം എങ്ങനെ കഴിക്കണം?

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ഒപ്പം അമിത കൊഴുപ്പുള്ള ആഹാരങ്ങളും വയറ് നിറയെ കഴിച്ചാൽ ഉറക്കത്തെയും സാരമായി ബാധിക്കും. ഒന്നോ രണ്ടോ ചപ്പാത്തിയും ബാക്കി പയറുവർഗങ്ങളും പച്ചക്കറികളുമായി രാത്രി ഭക്ഷണം മിതമാക്കുന്നതാണ് ഉചിതം. പലനിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയാൽ വൈകിട്ടത്തെ കാര്യം കുശലായി. ഉദാ. ക്രീം കളർ (കോളിഫ്‌ളവർ, കാബേജ്, വെളുത്തുള്ളി, മഞ്ഞക്കളർ-ലെമൺ, റെഡ്-തക്കാളി, സ്ട്രോബറി, ആപ്പിൾ, പിങ്ക്- മുന്തിരി, വയലറ്റ്-വഴുതനങ്ങ, ബീറ്റ്റൂട്ട് , ഓറഞ്ച് കളർ-ഓറഞ്ച്)

വിവരങ്ങൾക്ക് കടപ്പാട്:

ജീന വർഗീസ്

ഡയറ്റീഷൻ, ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ

അയ്യോ... എങ്ങനെ ഇത്രയും കഴിക്കാൻ പറ്റുന്നു?

 

കല്യാണങ്ങൾക്കും വിശേഷ അവസരങ്ങളിലും ചിലർ കഴിക്കുന്നത് കണ്ടാൽ നമ്മൾ അത്ഭുതപ്പടും. മൂന്ന് പന്തി കഴിഞ്ഞാലും ഇലയിൽ നിന്നും കൈയ്യെടുക്കാതെ ഭക്ഷണം കഴിക്കുന്നവരെ കാണുമ്പോൾ നല്ല കപ്പാസിറ്റിയാണല്ലേ എന്ന് വിചാരിക്കുകയും ചെയ്യും. ശപ്പാട്ട് രാമന്മാർ എന്ന് കളിയാക്കി വിളിക്കുന്നവർ ഒറ്റയിരിപ്പിൽ എത്ര ആഹാരം വേണമെങ്കിലും മടികൂടാതെ അകത്താക്കും. വയറു നിറയുന്നത് അറിയില്ലേയെന്നും വയറു പൊട്ടിപ്പോകില്ലേ എന്നും എങ്ങനെ ഇങ്ങനെ കഴിക്കാൻ കഴിയുന്നുവെന്നുമൊക്കെയുള്ള പല ചോദ്യങ്ങൾ ഇവർ അഭിമുഖീകരിച്ചിട്ടുണ്ടാകാം.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് അറിയാമോ? പലപ്പോഴും ചിന്തിച്ച് ഉത്തരം കിട്ടാത്ത ചോദ്യമായിരിക്കും അല്ലേ! ആമാശയത്തിന്റെ ചില സവിശേഷതകൾകൊണ്ടാണ് ഇത് സാധ്യമാകുന്നത്. സാധാരണ ഉൾക്കൊള്ളാവുന്നതിനേക്കാൾ നാല് മടങ്ങുവരെ കൂടുതൽ ഭക്ഷണം ഉള്ളിലാക്കാവുന്ന രീതിയിൽ വികസിക്കുവാൻ ആമാശയത്തിന് കഴിയും. വേണമെന്നു വിചാരിച്ചാൽ ഒരു നാലു സദ്യവരെയൊക്കെ ഉണ്ണാമെന്ന് ചുരുക്കം. എന്നാൽ ഭക്ഷണം ഫ്രീയാണെങ്കിലും വയർ നമ്മുടേതാണെന്ന് ഓർമ വേണം. നാം ഒരു വർഷം അകത്താക്കുന്നത് എത്ര കിലോഗ്രാം ഭക്ഷണമാണെന്ന് അറിയാമോ? ഒന്നും രണ്ടുമല്ല അഞ്ഞൂറു കിലോഗ്രാം ഭക്ഷണമാണ് വേവിച്ചും വറുത്തും പൊരിച്ചുമൊക്കെ അകത്താക്കുന്നത്. ഇനിയൊരു ജീവിതകാലം മുഴുവൻ നാം വെള്ളമായും ഭക്ഷണമായും അകത്താക്കുന്നത് എത്രയാണ്. 50ടൺ!

ഭക്ഷണത്തിന്റെ ദഹനം പ്രധാനമായും നടക്കുന്നത് ആമാശയത്തിലാണ്. ശക്തിയേറിയ ദഹനരസങ്ങൾ ഉൽപാദിപ്പിക്കുന്ന 35 ദശലക്ഷം ദഹന ഗ്രന്ഥികളാണ് ആമാശയത്തിലുള്ളത്. പ്രതിദിനം ഏകദേശം 2 ലീറ്ററോളം ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയത്തിലെ സവിശേഷ കോശങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. ശക്തിയേറിയ ഈ ദഹനരസങ്ങൾക്ക് ലോഹങ്ങളെപ്പോലും ദഹിപ്പിക്കുവാൻ ശേഷിയുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ദഹനാഗ്നിയിൽ ആമാശയഭിത്തികൾ ദഹിച്ചുപോകാത്തത്. ഓരോ രണ്ടാഴ്ച കൂടുംന്തോറും ആമാശയത്തിന്റെ ഉൾഭാഗത്തുള്ള ശ്ലേഷ്മസ്തരം മാറിക്കൊണ്ടിരിക്കുന്നുണ്ട്. അനുസ്യൂതം തുടരുന്ന ഈ പുതിക്കിപ്പണിയൽ പ്രക്രിയ മൂലമാണ് ശക്തിയേറിയ ദഹനരസങ്ങളും ഹൈഡ്രോക്ലോറിക് ആസിഡുമൊക്കെ ആമാശയഭിത്തിയെ ദഹിപ്പിക്കാത്തത്.

പ്രായം കൂടുംതോറും ഹൈഡ്രോക്ലോറിക് ആസിഡന്റെയും ദഹന രസങ്ങളുടെയും ഉൽപാദനവും കുറയുന്നുണ്ട്. 25 കാരൻ 30 കാരനാകുമ്പോഴേക്കും ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപാദനം 15 ശതമാനം വരെ കുറയും. പ്രായം വർധിക്കുമ്പോൾ അനുഭവപ്പെടുന്ന ദഹനക്കേടിനും വയറ്റിലെ അസ്വസ്ഥതകൾക്കും ഇതും ഒരു കാരണമാണ്.

ആമാശയത്തിന്റെ നിലവിളി

ആമാശയത്തിനും കുടലിലും ഒക്കെ ഉണ്ടാകുന്ന താളാനുസൃതമായ സങ്കോച വികാസ ചലനങ്ങളാണ് പെരിസ്റ്റാൽസിസ്. കഴിക്കുന്ന ഭക്ഷണത്തെ ദഹനരസങ്ങളുമായി നന്നായ.ി കലർത്താനും ആഹാരാവശിഷ്ടങ്ങൾ വിസർജിക്കുന്നതിനായി വൻകുടലിലെത്തിക്കുന്നതിനും ഒക്കെ പെരിസ്റ്റാൽസിസ് സഹായിക്കുന്നു. വിശന്നിരിക്കുമ്പോൾ വയറ്റിൽ നിന്നുണ്ടാകുന്ന മൂളലും ഞരങ്ങലുമൊക്കെ അടുത്തിരിക്കുന്നവർ പോലും കേട്ടെന്നുവരും.

ആമാശയത്തിന്റെ സങ്കോചവികാസങ്ങൾ ശക്തമാകുമ്പോഴാണ് വിശപ്പിന്റെ രോദനം ഉയരുന്നത്. ചെറുകുടലിൽ ഉണ്ടാകുന്ന പെരിസ്റ്റാൽസിസ് ഒരു സെക്കൻഡിൽ ഒന്നു മുതൽ രണ്ടു സെ മി എന്ന നിരക്കിലാണ് സഞ്ചരിക്കുന്നത്. ചെറുകുടലിൽ നിന്ന് വൻകുടലിലേക്കുള്ള ചലനങ്ങളുടെ സഞ്ചാരവേഗം വർധിക്കുമ്പോൾ വയറിളക്കം ഉണ്ടായെന്നുവരാം. എന്നാൽ കുടൽ ചലനരഹിതമാകുമ്പോൾ മലബന്ധം ആയിരിക്കും അനുഭവപ്പെടുന്നത്.

ചിലർ ഭക്ഷണം കഴിക്കുമ്പോൾ ഉരുള കയ്യിലെടുത്ത് വായിലേക്ക് എറിയുന്നത് കണ്ടിട്ടില്ലേ. പന്ത് കൃത്യമായി ഗോൾവലയത്തിൽ എത്തുന്നതുപോലെ ഉരുള വായ്ക്കുള്ളിൽ എത്തിയിരിക്കും. ഇനിയും തല കുത്തിനിന്ന് ഭക്ഷണം കഴിച്ചാലും ഭക്ഷണം കൃത്യമായി ആമാശയത്തിൽ തന്നെ എത്തിച്ചേരും. ഇത് സാധ്യമാകുന്നത് കുടലിന്റെ താളാനുസൃതമായ പെരിസ്റ്റാൽസിസ് ചലനങ്ങൾ മൂലമാണ്

ഇനി കൗതുകകരമായ ചില ആമാശയ വിശേഷങ്ങൾ

മനുഷ്യരുടെ ആമാശയത്തിന് ഒരു അറ മാത്രമാണുള്ളതെങ്കിൽ അയവിറക്കുന്ന മൃഗങ്ങളായ പശു, കാള, ജിറാഫ്, മാൻ എന്നിവയുടെ ആമാശയത്തിൽ നാല് അറകളുണ്ട്. ഇനി ആമാശയമേ ഇല്ലാത്ത ചില ജന്തുക്കളുണ്ട്. കടൽക്കുതിര, പ്ലാറ്റിപ്പസ്, ലങ്ഫിഷ് തുടങ്ങിയവ. ഇവരിൽ ഭക്ഷണം അന്നനാളത്തിൽ നിന്നും നേരിട്ട് ചെറുകുടലിൽ എത്തുകയാണ് ചെയ്യുന്നത്.

_വിവരങ്ങൾക്കു കടപ്പാട്: _

മനുഷ്യശരീരം ഒരു മഹാത്ഭുതം (മനോരമ ബുക്സ്)

_ഡോ. ബി പത്മകുമാർ , അഡീഷണൽ പ്രൊഫസർ , ആലപ്പുഴ മെഡിക്കൽ കോളജ് _

 

അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate