অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജലം ജീവന്‍

ശുദ്ധജലം


ഭൂമിയുടെ ഉപരിതലത്തില്‍ 70 ശതമാനവും ജലമാണ്. അതില്‍ 97.5 ശതമാനവും സമുദ്രജലം. 2.5 ശതമാനം മാത്രമാണ് ശുദ്ധജലം. ജലദൌര്‍ലഭ്യം ഒരു ആഗോളപ്രശ്നമായി മാറിയിരിക്കുന്നു. ശുദ്ധജലത്തിന്റെ ലഭ്യത 20 വര്‍ഷംകൊണ്ട് മൂന്നിലൊന്നായി ചുരുങ്ങുകയും ഉപഭോഗം ഇരട്ടിയാകുകയുംചെയ്തു. തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍, തോടുകള്‍, പാടങ്ങള്‍, കുളങ്ങള്‍, ചതുപ്പുനിലങ്ങള്‍ എല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജലസ്രോതസ്സുകള്‍ മിക്കതും മലിനപ്പെട്ടുകഴിഞ്ഞു. മലിനജല ഉപയോഗംകൊണ്ടുണ്ടാകുന്ന രോഗങ്ങളാല്‍ ഓരോ വര്‍ഷവും 16 ലക്ഷം കുട്ടികള്‍ മരിക്കുന്നു. 
44 നദികളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിനില്‍ക്കുന്നു. കൈയേറ്റങ്ങളാലും മണ്ണെടുപ്പിനാലും മലിനീകരണത്താലും മിക്ക നദികളും വറ്റിവരണ്ടു. മഴയെമാത്രം ആശ്രയിച്ചാണ് നമ്മുടെ നദികളുടെ ജലനിരപ്പ് ഉയരുന്നത്. ജലസംരക്ഷണം നദിസംരക്ഷണത്തിലൂടെയേ സാധിക്കൂ. അതാകട്ടെ, മഴവെള്ളസംരക്ഷണത്തിലൂടെയും സംഭരണത്തില്‍കൂടെയും സാധ്യമാകണം.
വലിയ മുതല്‍മുടക്കില്ലാതെ ഒരു പ്രദേശത്തിന് എല്ലാക്കാലത്തേക്കും ആവശ്യമായ ജലം ലഭ്യമാക്കാന്‍ കഴിയുന്ന ഏറ്റവും  എളുപ്പമുള്ള മാര്‍ഗമാണ് മഴവെള്ളസംഭരണം. ഒരുരീതിയിലും അശുദ്ധമാക്കപ്പെടാത്ത മഴവെള്ളം ഗാര്‍ഹിക–വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടത്ര ഉപയോഗിക്കാം എന്ന തിരിച്ചറിവുണ്ടായിരിക്കുന്നു.

മഴവെള്ളം

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായ, ജീവനെ നിലനിര്‍ത്തുന്ന, തൃപ്തിനല്‍കുന്ന, ഹൃദയത്തിന് ഹിതമായ, ബുദ്ധിക്ക് ഉണര്‍വുനല്‍കുന്ന, വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രസങ്ങളോടുകൂടിയ സ്വഛവും നിര്‍മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും ഹിതമായിട്ടുള്ളതാണ്. ഭൂമിയില്‍ വീണുകഴിഞ്ഞാല്‍ ദേശകാലങ്ങള്‍ക്കനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം. ആസിഡ്മഴയും മറ്റുമുണ്ടാകുന്നതുകൊണ്ട് മഴവെള്ളവും മലിനപ്പെട്ടുതുടങ്ങിയെന്നു കരുതാം. എല്ലാ ഋതുവിലും കുടിക്കാന്‍പറ്റിയ ജലമിതാണ്. ഇത് ലഭ്യമായില്ലെങ്കില്‍മാത്രം മറ്റ് വെള്ളം ഉപയോഗിക്കാം. തുണിയില്‍ അരിച്ചെടുത്ത് നല്ല വൃത്തിയുള്ള മണ്‍പാത്രത്തില്‍ ശേഖരിച്ചുവച്ച് ഉപയോഗിക്കാം. ചളികൊണ്ട് നിറഞ്ഞ പായല്‍, പുല്ല്, ഇലകള്‍ ഇവയാല്‍ മൂടപ്പെട്ട, വെയിലും നിലാവും കാറ്റുമേല്‍ക്കാത്ത, കൊഴുപ്പുള്ള, പതയുള്ള, കൃമികളുള്ള, ചൂട് പിടിച്ചുകിടക്കുന്ന മഴവെള്ളം ഉപയോഗിക്കരുതെന്നും പ്രത്യേകം പറയുന്നു. ആദ്യത്തെ മഴയുടെ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിച്ചാല്‍ രോഗകാരണമാകും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്.

മനുഷ്യനും ജലവും

പാനീയം പ്രാണിനാം പ്രാണം വിശ്വമേവ ച തന്മയം. പ്രാണനുള്ളവയ്ക്കെല്ലാം പ്രാണനാണ് ജലം. ലോകംതന്നെ ജലാത്മകമാണ്. ജീവന്റെ ഉല്‍ഭവവും ജലത്തില്‍നിന്ന്. 
മനുഷ്യശരീരം 80ശതമാനവും  ജലമാണ്. അതുകൊണ്ടുതന്നെ ജലത്തിന്റെ ഉപയോഗം വളരെ ശ്രദ്ധിച്ചുവേണം. കൃത്യമായ ഉപയോഗവിധികള്‍ ഗ്രന്ഥങ്ങളില്‍ നിര്‍ദേശിക്കുന്നു. ദഹനശക്തി കുറഞ്ഞവര്‍, രക്തക്കുറവിനാല്‍ വിളര്‍ച്ചയുള്ളവര്‍, ഉദരരോഗമുള്ളവര്‍, പ്ളീഹോദരം, വ്രണങ്ങള്‍ ഉള്ളവര്‍ അര്‍ശസ്സ്, ഗ്രഹണി, ശരീരം മുഴുവന്‍ നീര് തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ എന്നിവര്‍ അമിതമായി പച്ചവെള്ളം കുടിക്കാന്‍ പാടില്ല. വല്ലാതെ ദാഹമനുഭവപ്പെട്ടാല്‍ ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുറേശ്ശെ ഉപയോഗിക്കാം.
ഗ്രീഷ്മ, ശരത് ഋതുക്കളില്‍ അല്ലാതെ ആരോഗ്യവാന്മാര്‍പോലും അധികമായി പച്ചവെള്ളമുപയോഗിക്കരുത്. പച്ചവെള്ളം കഫവര്‍ധകമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. ഇത് ദഹനശക്തി വര്‍ധിപ്പിക്കും; ലഘുവായിരിക്കും, തൊണ്ടയിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഹിതമാണ്. മൂത്രാശയശുദ്ധി ഉണ്ടാക്കും. എക്കിള്‍, വയറുവീര്‍പ്പ്, പനി, ചുമ, പീനസം, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങളില്‍ ഹിതമാണ്. ദഹനരസങ്ങളുടെ വര്‍ധനവിനും ദഹനം എളുപ്പത്തിലാക്കാനും കുടലുകളുടെ പെരിസ്റ്റാലിക് ചലനങ്ങളെ ത്വരിതപ്പെടുത്താനും ചൂടുവെള്ളത്തിനു കഴിയും. രാവിലെ ഉണര്‍ന്നെണീറ്റാലുടന്‍ കാപ്പിയോ ചായയോ കുടിക്കുന്നതിനുപകരം ചൂടുവെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. ദഹനശക്തി കുറഞ്ഞ രോഗാവസ്ഥകളിലെല്ലാം തിളപ്പിച്ചാറിയ വെള്ളംതന്നെ കുടിക്കാനുപയോഗിക്കണം. ആഹാരം കഴിക്കുന്നതിനുമുമ്പ് ധാരാളം വെള്ളം കുടിച്ചാല്‍ വിശപ്പു കുറയുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ശരീരം മെലിയുകയും ചെയ്യും. ആഹാരശേഷം വെള്ളം കുടിച്ചാല്‍ കൂടുതല്‍ ഭക്ഷണം കഴിച്ച് ശരീരം തടിക്കുകയുംചെയ്യും. ഭക്ഷണത്തിനിടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ശരിയായ രീതി. മറ്റൊരു ദേശത്തെ വെള്ളം കുടിച്ചത് ദഹിച്ചില്ല എന്നുതോന്നിയാല്‍ ഉടന്‍ മറ്റ് വെള്ളമൊന്നും കുടിക്കാതിരിക്കുക. ചൂടുവെള്ളം കുടിച്ചയുടന്‍ പച്ചവെള്ളവും പച്ചവെള്ളം കുടിച്ചയുടന്‍ ചൂടുവെള്ളവും ഉപയോഗിക്കരുത്. ഉപയോഗിച്ചു ശീലിക്കുന്ന വെള്ളം എപ്പോഴും കുടിക്കാന്‍ ശ്രദ്ധിക്കുക.
വളരെ ആഴമുള്ള കിണറ്റിലെ വെള്ളം (കൌപം എന്നു പേരുള്ളത്) ക്ഷാരസ്വഭാവമുള്ളതും പിത്തത്തെ വര്‍ധിപ്പിക്കുന്നതും ദഹിക്കാന്‍ പ്രയാസമുള്ളതുമായിരിക്കും. നമ്മുടെ കുഴല്‍ക്കിണറുകളിലെ വെള്ളം ഇത്തരത്തിലുള്ളതാകണം. കഠിനജലം തിളപ്പിച്ച് വറ്റിച്ച് പകുതിയാക്കി ഉപയോഗിക്കണം. അത്ര കഠിനമല്ലെങ്കില്‍ മൂന്നിലൊന്നായി വറ്റിക്കണം. ദഹിക്കാന്‍ എളുപ്പമുള്ളതും കഠിനമല്ലാത്തതുമായ ജലം നാലില്‍ മൂന്നാക്കി വറ്റിച്ചുപയോഗിക്കണം. തിളപ്പിച്ച് ഒരു രാവും പകലും കഴിഞ്ഞ് ആ വെള്ളമുപയോഗിച്ചാല്‍ പലവിധ രോഗങ്ങളുണ്ടാകും.
മലിനീകരിക്കപ്പെട്ട ജലത്തിന്റെ ഉപയോഗത്താല്‍ അധികമായ ദാഹം, വയര്‍വീര്‍പ്പ്, ഉദരം, വിവിധ പനികള്‍, ശ്വാസംമുട്ടല്‍, കണ്ണിനു വിവിധ രോഗങ്ങള്‍, ശരീരംമുഴുവന്‍ ചൊറിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാം. ജലജന്യ രോഗങ്ങളായി ആധുനിക വൈദ്യശാസ്ത്രത്തില്‍ വിവരിക്കുന്നത് മഞ്ഞപിത്തം (Hepatitis A & E)അതിസാരം, ടൈഫോയ്ഡ്, കോളറ, അക്യൂട്ട് ഡയേറിയന്‍ ഡിസീസ് തുടങ്ങിയവയാണ്. അഞ്ചു വയസ്സില്‍ത്താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാനകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്കരോഗമാണ്. 

കുടിവെള്ളം എന്ന കിട്ടാക്കനികുടിവെള്ളം പാഴാക്കി കളയുമ്പോള്‍ ഓര്‍ക്കുക; ലോകത്ത് 180 കോടി ജനങ്ങള്‍ മാലിന്യംകലര്‍ന്ന ജലമാണ് കുടിക്കുന്നത്.   ഓരോ 15 സെക്കന്‍ഡിലും ഒരു കുട്ടി തടയാവുന്ന ജലജന്യ രോഗങ്ങളാല്‍ മരണാവസ്ഥയിലാണ്.
ലോകമാകെയുള്ള മലിനജലത്തിന്റെ 80 ശതമാനവും ശുദ്ധീകരിക്കാതെതന്നെ ജലവിതരണവുമായി കലരുന്നുണ്ടത്രെ. 70 ശതമാനം വ്യവസായമാലിന്യങ്ങളും നദികളിലെ ജലവുമായി കലരുന്നുണ്ട്. പ്രതിദിനം 20 ലക്ഷം ടണ്‍ ജൈവമാലിന്യങ്ങളെങ്കിലും ജലവിതരണ സ്രോതസ്സുകളുമായി കലരുന്നു.–ശുദ്ധജലലഭ്യതയ്ക്കായുള്ള ആഗോളപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുഎന്‍ വാട്ടര്‍  ലോകജലദിനത്തോടനുബന്ധിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

എല്ലാവര്‍ക്കും ശുദ്ധജലം

ലോകത്ത് എല്ലാവര്‍ക്കും 2030നകം ശുദ്ധജലം ലഭ്യമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. മലിനീകരണം കുറച്ച്, രാസമാലിന്യങ്ങളും ശുദ്ധീകരിക്കാത്ത മലിനജലവും കുടിവെള്ളസ്രോതസ്സുകളില്‍ കലരുന്നത് അവസാനിപ്പിച്ച്, എല്ലാ വീടുകള്‍ക്കും കക്കൂസ് ലഭ്യമാക്കി മാലിന്യം ജലസ്രോതസുകളില്‍ കലരുന്നത് തടഞ്ഞ് 2030ഓടെ കുടിവെള്ളം ശുദ്ധമാക്കുകയാണ് യുഎന്‍ ലക്ഷ്യം. 2020നകം ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളായ മലകള്‍, വനങ്ങള്‍, നദികള്‍, തടാകങ്ങള്‍, നീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുകയും ലക്ഷ്യത്തിന്റെ ഭാഗമാണ്.

മികച്ചജലം, മികച്ച ജോലി

ലോകത്ത് 150 കോടിയോളം പേര്‍ തൊഴിലെടുക്കുന്നത് നേരിട്ട് ജലവുമായി ബന്ധപ്പെട്ട മേഖലകളിലാണ്. ഏകദേശം എല്ലാ തൊഴില്‍മേഖലയും ഗുണനിലവാരമുള്ള ജലവും വിതരണവുമായി ബന്ധമുള്ളതുതന്നെ. എന്നാല്‍, അടിസ്ഥാന തൊഴില്‍ അവകാശംപോലും ലഭിക്കാത്തവരാണ് ഇതില്‍ പകുതിയിലധികം തൊഴിലാളികളും. ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിലൂടെ തൊഴില്‍ സുരക്ഷ മെച്ചപ്പെടുത്തുക.  അതുവഴി സമൂഹത്തെയും സാമ്പത്തികവ്യവസ്ഥയെയും ഗുണപരമായി മാറ്റിയെടുക്കുക. ഈ ലക്ഷ്യവുമായി 'മികച്ച ജലം, മികച്ച ജോലി' എന്ന സന്ദേശമാണ്  2016ലെ ലോക ജലദിനാചരണം വിളംബരം ചെയ്യുന്നത്.
1993 മാര്‍ച്ച് 22നായിരുന്നു ആദ്യ ലോക ജലദിനം.  ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള 1992ലെ അന്താരാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്.

ഡോ. ഉഷ കെ പുതുമന

കടപ്പാട്-homeremedyinkerala.blogspot.com

അവസാനം പരിഷ്കരിച്ചത് : 7/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate