অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എക്ട്രോപിയൻ

എന്താണ് എക്ട്രോപിയൻ?

നേത്രഗോളത്തിൽ നിന്ന് കൺപോളകൾ അകന്നുമാറുന്നതിന്റെ ഫലമായി കൺപോളകളുടെ ഉൾഭാഗം ദൃശ്യമാകുന്ന അവസ്ഥയാണിത്. മിക്കപ്പോഴും താഴെയുള്ള കൺപോളകളെയാണ് ഇത് ബാധിക്കുന്നത്.

കാരണങ്ങൾ

പ്രായം കൂടുന്നതാണ് എക്ട്രോപിയന് പ്രധാനമായും കാരണമാവുന്നത്. പ്രായം കൂടുന്നതിന് അനുസൃതമായി കൺപോളകളിലെ പേശികളും കോശകലകളും ദുർബലമാകുന്നത് കൺപോളകൾ പുറത്തേക്ക് തള്ളാനും അതുവഴി അവയുടെ അരികുകൾ നേത്രഗോളത്തെ സ്പർശിക്കാത്ത രീതിയിൽ അകലാനും കാരണമാവുന്നു.

എക്ട്രോപിയനുള്ള മറ്റ് കാരണങ്ങൾ

  • മുഖത്തെ ബാധിക്കുന്ന തളർവാതം (ഫേഷ്യൽ പാൾസി): കൺപോളകളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ ബാധിക്കുന്ന പ്രശ്നം മൂലം മുഖ പേശികൾ സ്തംഭിക്കുന്ന അവസ്ഥ.
  • പരുക്ക്, പൊള്ളൽ, ചർമ്മത്തിലെ അലർജി അല്ലെങ്കിൽ ശസ്ത്രക്രിയകൾ മൂലം ഉണ്ടാകുന്ന വടുക്കൾ.
  • കൺപോളകളിൽ ഉണ്ടായേക്കാവുന്ന വീക്കം, മുഴകൾ അല്ലെങ്കിൽ ട്യൂമർ.
  • ചില കേസുകളിൽ, ജന്മനാലുള്ള പേശീവികാസം സംബന്ധിച്ച പ്രശ്നങ്ങളും കാരണമാകാറുണ്ട്.

ലക്ഷണങ്ങൾ

കണ്ണുനീർഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന കണ്ണുനീർ കണ്ണിൽ ഒരേപോലെ പടർത്തുന്നത് കൺപോളകളാണ്. കൺപോളകളുടെ ഉൾഭാഗത്തുള്ള ചെറു ദ്വാരങ്ങൾ (പങ്ങ്റ്റ) കണ്ണുനീർ വലിച്ചെടുക്കുന്നു. കൺപോളകൾ നേത്രഗോളത്തിൽ നിന്ന് അകലുന്നതു മൂലം കണ്ണുനീർ കൺപോളകളിലെ സുഷിരങ്ങളിൽ എത്താതിരിക്കുകയും കണ്ണുനീർ വറ്റാതിരിക്കുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഇനി പറയുന്ന ലക്ഷണങ്ങൾ ഉണ്ടാകും;

  • കണ്ണിൽ നിന്ന് അമിതമായി വെള്ളം വരിക.
  • കണ്ണിന് വരൾച്ച – കണ്ണിൽ കരകരപ്പ് .
  • കണ്ണിന് ചുവപ്പും അസ്വസ്ഥതയും.
  • കണ്ണിന് അണുബാധയേൽക്കാനുള്ള സാധ്യത വർദ്ധിക്കും.
  • പ്രകാശവുമായി സൂക്ഷ്മസംവേദിയാവുക – തെളിഞ്ഞ സൂര്യപ്രകാശത്തിൽ കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • രൂക്ഷമായ കേസുകളിൽ കോർണിയയിൽ അൾസർ രൂപംകൊണ്ടേക്കാം.

രോഗനിർണയം

മിക്ക കേസുകളിലും കണ്ണ് പരിശോധിക്കുന്നതിലൂടെ രോഗനിർണയം നടത്താൻ സാധിക്കും.

ചികിത്സ

അവസ്ഥയുടെ ഗൗരവവും കാരണവും അടിസ്ഥാനമാക്കിയായിരിക്കും എക്ട്രോപിയന് ചികിത്സ നിർദേശിക്കുന്നത്.

നിസ്സാരമായ കേസുകളിൽ ചികിത്സകളൊന്നും നിർദേശിക്കാറില്ല.

എക്ട്രോപിയൻ ലഘുവായ ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കിൽ, ലക്ഷണങ്ങളെ ആസ്പദമാക്കിയുള്ള ചികിത്സയാണ് ശുപാർശചെയ്യുക. കോർണിയ നനവുള്ളതാക്കി നിലനിർത്തുന്നതിനും കണ്ണിന്റെ വരൾച്ച ഇല്ലാതാക്കുന്നതിനും കൃത്രിമ കണ്ണുനീർ ഉൾപ്പെടെയുള്ളവയും ഇതിൽ ഉൾപ്പെടുന്നു.

ഗുരുതരമായ കേസുകളിൽ, കൺപോളകൾ മുറുക്കുന്നതിനുള്ള ശസ്ത്രക്രിയ നിർദേശിച്ചേക്കാം.

പ്രായം കൂടുന്നതു മൂലമുള്ള എക്ട്രോപിയൻ: പ്രായാധിക്യം മൂലം സന്ധിബന്ധങ്ങളും പേശികളും അയയുന്നത് എക്ട്രോപിയന് കാരണമാകാം. ഈ സാഹചര്യത്തിൽ, ശസ്ത്രക്രിയയിലൂടെ താഴത്തെ കൺപോളയുടെ വെളിയിലുള്ള അരികിൽ നിന്ന് ചെറിയൊരു ഭാഗം നീക്കംചെയ്യുകയും അരികുകകൾ തുന്നിച്ചേർക്കുകയും ചെയ്യും. ഇത് സ്നായുക്കളെയും പേശികളെയും മുറുക്കമുള്ളതാക്കുന്നതിനും കൺപോളകൾ നേത്രഗോളത്തെ സ്പർശിച്ചിരിക്കുന്നതിനും സഹായകമാവും.

വടുക്കൾ മൂലമുള്ള എക്ട്രോപിയൻ: ശസ്ത്രക്രിയയിലൂടെ വടുക്കൾ നീക്കംചെയ്യുകയും കൺപോളകൾക്ക് പിന്തുണനൽകാൻ ചർമ്മത്തിന്റെ ഗ്രാഫ്റ്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നു.

പ്രതിരോധം

മിക്ക കേസുകളിലും എക്ട്രോപിയൻ പ്രതിരോധിക്കാൻ കഴിയില്ല. തീവ്രമല്ലാത്ത കേസുകളിൽ കൃത്രിമ കണ്ണുനീർ ഉപയോഗിച്ച് കണ്ണുകൾ നനവുള്ളതാക്കുകയും അതുവഴി കോർണിയയ്ക്ക് ഉണ്ടാകാവുന്ന പരുക്കുകൾ ഒഴിവാക്കുകയും ചെയ്യുന്നു.

സങ്കീർണതകൾ

വരൾച്ചയും അസ്വസ്ഥതയും കാരണം ഇനി പറയുന്ന സങ്കീർണതകൾ ഉണ്ടായേക്കാം;

  • കണ്ണിന് അണുബാധ
  • കോർണിയയിൽ പോറൽ
  • കോർണിയയിൽ വ്രണം

അടുത്ത നടപടികൾ

നിങ്ങൾക്ക് എക്ട്രോപിയൻ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നേത്രരോഗ വിദഗ്ധനെ/വിദഗ്ധയെ കാണുക.

അപകടസൂചനകൾ

നിങ്ങൾ എക്ട്രോപിയൻ മൂലം ബുദ്ധിമുട്ടുന്ന ആൾ ആണെങ്കിൽ ഇനി പറയുന്ന സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടുക.

  • കാഴ്ചശക്തി കുറയുക
  • കണ്ണുകളിൽ വേദന
  • കണ്ണുകളിൽ ചുവപ്പ്, അതിവേഗം വ്യാപിക്കുന്ന രീതിയിൽ
  • പ്രകാശവുമായി സൂക്ഷ്മസംവേദക്ഷമത

കടപ്പാട്-www.modasta.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate