অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുമ്പോള്‍

കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുമ്പോള്‍

ഒരു കുഞ്ഞ് ജനിക്കുന്നതോടെ എല്ലാ വീടുകളും സന്തോഷംകൊണ്ട് നിറയും. പക്ഷേ, പലപ്പോഴും അവരുടെ നിര്‍ത്താതെയുള്ള കരച്ചില്‍ വീട്ടുകാരുടെ മനസ്സില്‍ ആശങ്കകളും പരിഭ്രമവും കോരിനിറക്കും. പ്രത്യേകിച്ച് അസമയത്തുള്ള കരച്ചില്‍. രാത്രികാലങ്ങളില്‍ ഉച്ചത്തില്‍ കരയുകയും അത് നീണ്ടുനില്‍ക്കുകയും ചെയ്താല്‍ മാതാപിതാക്കള്‍ അടുത്തുള്ള ആശുപത്രിയിലേക്കോ ഡോക്ടറുടെ അടുത്തേക്കോ കുഞ്ഞുങ്ങളെ എടുത്തോടുന്നത് സ്വാഭാവികമാണ്. കരച്ചില്‍ കുഞ്ഞുങ്ങളുടെ മുഖമുദ്രയാണ്, പ്രത്യേകിച്ച് നന്നെചെറിയ കുഞ്ഞുങ്ങളുടെ. സംസാരശേഷി കൈവരുന്നതിനുമുമ്പ് അവരുടെ ആശയവിനിമയത്തിനുള്ള പ്രധാന മാര്‍ഗമാണിത്. സംസാരിക്കാനും വ്യക്തമായി ആശയ വിനിമയം നടത്താനും കഴിയുന്നതിന് മുമ്പുള്ള കുഞ്ഞുങ്ങളുടെ കരച്ചിലാണ് മാതാപിതാക്കളെ കൂടുതലായി പരിഭ്രാന്തരാക്കുക.
കരച്ചിലാണ് ശിശുക്കളുടെ ആദ്യഭാഷ. വിശപ്പ്, വേദന എന്നിവ അറിയിക്കാനും അമ്മയുടെ സാമീപ്യം ആവശ്യപ്പെടാനും മൂത്രത്തുണിയിലെ ഈര്‍പ്പം മൂലമുള്ള അസ്വസ്ഥതകള്‍ അറിയിക്കാനും അവര്‍ കരച്ചിലിനെയാണ് ആശ്രയിക്കുക. ഉറക്കം വരുമ്പോഴും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴും ചെറിയ കുട്ടികള്‍ കരയുന്നത് സ്വഭാവികമാണ്. അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദങ്ങളും വെളിച്ചമില്ലായ്മയും അന്തരീക്ഷത്തിലെ ചൂടും കുട്ടികളെ കരച്ചിലേക്ക് നയിക്കും.
കണ്‍സള്‍ട്ടിങ് മുറിയില്‍ ഡോക്ടര്‍മാര്‍ക്കും ഈ കരച്ചില്‍ ഒരു വെല്ലുവിളിയാണ്. വാശികൊണ്ടും ശാരീരിക അസ്വസ്ഥതകള്‍ കൊണ്ടും കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞേക്കാം. വേദനയാണ് കുഞ്ഞുങ്ങളുടെ കരച്ചിലിന്‍െറ പ്രധാന കാരണം. ചെറിയ ദഹനക്കേട് മുതല്‍ മാരകമായ മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങള്‍ മൂലം കുഞ്ഞിന് ശരീരത്തില്‍ ചെറുതും വലുതുമായ വേദനകള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നതിനാല്‍ ഇത് കണ്ടത്തെലാണ് പ്രശ്നപരിഹാരത്തിനുള്ള ആദ്യപടി.
കരയുന്ന കാര്യത്തില്‍ ഭൂരിപക്ഷം കുഞ്ഞുങ്ങളും പ്രശ്നക്കാരാണ്. മുലയൂട്ടുന്നതുമായി ബന്ധപ്പെട്ടും ചെറിയ പനിമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ മൂലവും കുഞ്ഞുങ്ങള്‍ കരയാറുണ്ട്. ചില സമയത്ത് മാത്രം ഉച്ചത്തില്‍ കരയുന്നതും അത് ദിവസങ്ങളോളം ആവര്‍ത്തിക്കുന്നതും പലപ്പോഴും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാവാം. കരയാത്ത സമയങ്ങളില്‍ ഇവര്‍ സാധാരണ പോലെ പെരുമാറുകയും ചെയ്യും.
ജനനശേഷം രണ്ടാഴ്ച മുതല്‍ മൂന്നു മാസം വരെ കുഞ്ഞുങ്ങള്‍ കരയുന്നത് സാധാരണ ദഹനക്കേടുമായി ബന്ധപ്പെട്ടും വാശിമൂലവുമാവാം. വയറ്റില്‍ ഗ്യാസ് നിറയുന്നതും കുഞ്ഞുങ്ങളില്‍ അസ്വസ്ഥതക്കും തുടര്‍ന്ന് കരച്ചിലിനും വഴിവെച്ചേക്കും.
കരച്ചിലിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുഞ്ഞിന് മുമ്പ് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറെ അറിയിക്കണം. നിലവില്‍ ഏതെങ്കിലും രോഗത്തിന് മരുന്ന് നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യവും നേരത്തേ കുഞ്ഞ് ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ടെങ്കില്‍ അതും ഡോക്ടറോട് പറയണം. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടായിട്ടുണ്ടെങ്കില്‍ അതും ശ്രദ്ധയില്‍പെടുത്തണം. ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതും കുഞ്ഞിന് നല്‍കിയ ഭക്ഷണത്തെ കുറിച്ചും മലവിസര്‍ജനത്തെക്കുറിച്ചും കുഞ്ഞ് മൂത്രമൊഴിച്ചിട്ട് എത്ര സമയമായെന്നും പനിയുണ്ടായിരുന്നെങ്കില്‍ അക്കാര്യവും ഡോക്ടറോട് പറയണം.
കുഞ്ഞിന് ബുദ്ധിമാന്ദ്യം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം പറയണം.
കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് സസൂക്ഷ്മം പരിശോധിക്കുകയാണ് ഡോക്ടര്‍മാര്‍ ആദ്യം ചെയ്യുക. ശരീര ഊഷ്മാവും നാഡിമിടിപ്പും സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം ഹൃദയത്തിന്‍െറ പ്രവര്‍ത്തനവും പരിശോധിക്കും.
ജലദോഷം മൂലം മൂക്കടപ്പ്, ശരീരഭാഗങ്ങളില്‍ തിണര്‍പ്പുകള്‍, വയര്‍, തൊണ്ട, കഴുത്ത് , ചെവി, പല്ല് എന്നിവിടങ്ങളില്‍ വേദന എന്നിവയാണ് കരച്ചിലിന്‍െറ മറ്റു കാരണങ്ങള്‍. മൂത്രത്തില്‍ പഴുപ്പുമൂലം മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന വേദനയും  കരച്ചിലിന് കാരണമാവും. കല്ല്, മുത്ത്, പെന്‍സില്‍ കഷണങ്ങള്‍ എന്നിവ പോലുള്ള എന്തെങ്കിലും അന്യവസ്തുക്കള്‍ ചെവിയിലും മൂക്കിലും കയറിയിരുപ്പുണ്ടെങ്കിലും കരച്ചിലുണ്ടാവും. ഇതെല്ലാം ശാരീരിക പരിശോധനയിലൂടെ ഡോക്ടര്‍ കണ്ടത്തെണം.
ചില കേസുകളില്‍ കരച്ചിലിന്‍െറ കാരണം കണ്ടത്തൊന്‍ ലബോറട്ടറി പരിശോധനകളും എക്സ്റേ പോലുള്ള പരിശോധനകളും ആവശ്യമാവും.
നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ നിരവധി മരുന്നുകള്‍ ഹോമിയോപ്പതി ചികിത്സയില്‍ ലഭ്യമാണ്. ഒട്ടും പാര്‍ശ്വഫലങ്ങളില്ലാത്തതും കുഞ്ഞുങ്ങളെ എളുപ്പത്തില്‍ കഴിപ്പിക്കാവുന്നതുമായ മരുന്നുകളാണ് ഹോമിയോപ്പതിയിലുള്ളത്. 2005ല്‍ പ്രസിദ്ധീകരിച്ച യൂറോപ്യന്‍ ജേണല്‍ ഓഫ് പീഡിയാട്രിക്സിലെ രണ്ട് പഠനങ്ങള്‍, നന്നെ ചെറിയകുഞ്ഞുങ്ങളിലെ അസുഖങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.
ഓരോ കുഞ്ഞിനെയും പ്രത്യേകം പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുക. രോഗിയുടെ സ്വഭാവം, രോഗലക്ഷണം എന്നിവ അടിസ്ഥാനമാക്കിയാണ് ഹോമിയോപ്പതിയില്‍ രോഗനിര്‍ണയം നടത്തുന്നതും രോഗത്തിന് മരുന്ന് നിശ്ചയിക്കുന്നതും. രോഗവിവരങ്ങളും രോഗിയെക്കുറിച്ചുള്ള വിവരങ്ങളും എത്ര വിശദമായി പറയുന്നുവോ അത്രയും എളുപ്പത്തില്‍ രോഗനിര്‍ണയം നടത്താനും ഫലപ്രദവും കൃത്യവുമായ മരുന്നുകള്‍ നല്‍കാനും ഹോമിയോ ഡോക്ടറെ സഹായിക്കും.
കാമോമില (Chamomilla), സിന (Cina), ആന്‍റിമോണിയം ടാര്‍ടാറികം (Antimonium Tartaricum), മഗ്നീഷ്യ കാര്‍ബോണിക (Magnesia Carbonica), ബ്രയോണിക്ക അല്‍ബ (Bryonia Alba), കല്‍ക്കരെയ കാര്‍ബോണിക (Calcarea Carbonic), നക്സ് വൊമിക (Nux Vomica), ഹിപ്പര്‍ സള്‍ഫൂറികം (Hepar Sulphuricum) തുടങ്ങിയ മരുന്നുകളാണ് കരച്ചിലുമായി എത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഹോമിയോപ്പതിയില്‍ സാധാരണ നല്‍കുക.
ഡോ. ഗോള്‍ഡ ശ്രീകുമാര്‍
(ലേഖിക കാക്കനാട് ശ്രീകുമാര്‍സ്
ഹോമിയോപ്പതിക് ക്ളിനിക്കിലെ
ഡോക്ടറാണ്)

 

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate