অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞുങ്ങളെ എങ്ങനെ ഭക്ഷണം കഴിപ്പിക്കാം

കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ മടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഭക്ഷണസമയത്ത് ഒാരോ വീട്ടിലും നടക്കുന്ന യുദ്ധം തന്നെ ഇതിനുള്ള തെളിവ്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് ഒരു കലയാണ്. മറ്റ് ഏതൊരു കലാരൂപം സ്വായത്തമാക്കാന്‍ വേണ്ടതിലധികം ക്ഷമയും മനസാന്നിദ്ധ്യവും തോറ്റ് പിന്‍മാറാതിരിക്കാനുള്ള കരളുറപ്പും വേണമെന്നു മാത്രം.

കുട്ടികള്‍ നിറയെ ഭക്ഷണം കഴിക്കണം. അവരുടെ വളര്‍ച്ചക്ക് അതു വളരെ അത്യാവശ്യമാണ്. അതുകൊണ്ട് ആദ്യമായി ഒരു ഷെഡ്യൂള്‍ തയ്യാറാക്കുക. നാലു മണിക്കൂര്‍ ഇടവിട്ടു കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കണം. അവര്‍ക്ക് ധാരാളം വെള്ളം കൊടുക്കണം. നല്ല പോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് വാശിയും ദേഷ്യവും വളരെ കുറവായിരിക്കും. മൂന്നു കനത്ത ഭക്ഷണവും രണ്ട് സ്നാക്ക്സും കുഞ്ഞുങ്ങള്‍ ദിവസവും കഴിച്ചിരിക്കണം. രണ്ടു മുതല്‍ എട്ടു വയസുവരെയുള്ള കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള മടിയും വിശപ്പില്ലായ്മയും സ്ഥിരമായി കാണാറുണ്ട്. കുഞ്ഞു മുലപ്പാല്‍ കുടിക്കുന്ന പ്രായമാണെങ്കില്‍ മറ്റു ഭക്ഷണം കൊടുത്തു കുഞ്ഞിനെ ബുദ്ധിമുട്ടിക്കേണ്ടതില്ല .കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ മുലപ്പാലിലൂടെ ലഭിക്കുന്നുണ്ട്. ബുദ്ധി വളര്‍ച്ചയ്ക്കും കാര്യങ്ങള്‍ മനസിലാക്കാനും കുട്ടികളെ രോഗപ്രതിരോധശക്തിയും വര്‍ധിപ്പിക്കാനും മുലപ്പാല്‍ തന്നെ ആണ് നല്ലത്. കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടു വരുന്ന രോഗങ്ങള്‍ വരാനും മുലപ്പാല്‍ കുടിച്ചാല്‍ സാധ്യത കുറവാണ്

യാത്ര പോകുമ്ബോള്‍

യാത്ര പോകുമ്ബോള്‍ ജങ്ക് ഫുഡ് കഴിക്കാനുള്ള താല്‍പ്പര്യം കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. മതിയായ മുന്നൊരുക്കങ്ങള്‍ ഇല്ലെങ്കില്‍ അച്ഛനമ്മമാര്‍ക്ക് കുഞ്ഞുങ്ങളുടെ ശാഠ്യത്തിനു വഴങ്ങേണ്ടതായി വരും. ഇത് എങ്ങനെ ഒഴിവാക്കാം എന്നു ചിന്തിക്കാം.

യാത്ര പോകുമ്ബോള്‍ കാറില്‍ കാരട്ട്, തൈര്, അണ്ടിപ്പരിപ്പുകള്‍, എന്നിവ കരുതുന്നത് നല്ലതാണ്. ജങ്ക് ഫുഡ് ഒഴിവാക്കാനാവും. ഉരുളക്കിഴങ്ങ് എണ്ണയില്ലാതെ വറുത്ത് കയ്യില്‍ വെക്കണം. കുഞ്ഞുങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ചിപ്സിനോടുള്ള താല്‍പ്പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ .വെള്ളം ധാരാളം കരുതണം.

നേരത്തെ പ്ലാന്‍ ചെയ്യണം

കുഞ്ഞുങ്ങളുടെ ഭക്ഷണം നേരത്തെ പ്ലാന്‍ ചെയ്യണം. ഒാരോ ദിവസവും ഇത് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മൂന്നു ദിവസത്തെ ഒരുമിച്ചു പ്ലാന്‍ ചെയ്യണം. കുഞ്ഞുങ്ങളുടെ ഭക്ഷണം ലളിതമാകുന്നതാണ് നല്ലത്. പക്ഷെ പച്ചക്കറികളും, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്സും കൃത്യമായ അളവിലുണ്ടാകാന്‍ ശ്രദ്ധിക്കണം. ചപ്പാത്തി അല്ലെങ്കില്‍ ചോറ്, ദാല്‍, പച്ചക്കറി എന്തെങ്കിലും , തൈര്, പഴങ്ങള്‍ എന്നിങ്ങനെ ഭക്ഷണം തയ്യാറാക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ്. കാരണം ഇത് അമ്മക്ക് ഇരട്ടി പണിയുണ്ടാക്കും. വീട്ടിലെ മറ്റ് അംഗങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ കുഞ്ഞുങ്ങള്‍ക്ക് കൊടുത്താല്‍ മതി.

വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുക. കുട്ടികള്‍ അവരുടെ മാതാപിതാക്കളെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ ഭക്ഷണവും അവര്‍ അങ്ങനെ കഴിക്കാന്‍ ശ്രമിക്കും.

ഭക്ഷണം കഴിക്കുമ്ബോള്‍ ഒരിക്കലും കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തരുത്. ഭക്ഷണം കഴിക്കാനായി ശാസിക്കുകയുമരുത്. അത് വിപരീതഫലമേ ചെയ്യൂ. ഭക്ഷണം ഒരിക്കലും നിര്‍ബന്ധിച്ചു കഴിപ്പിക്കാന്‍ ശ്രമിക്കരുത്. കുഞ്ഞിന്റെ വ്യക്തിത്വത്തെ അംഗീകരിക്കുക.

കുഞ്ഞുങ്ങളെ എങ്ങനെ  ഭക്ഷണം കഴിപ്പിക്കാം

കുഞ്ഞുങ്ങള്‍ക്ക് പുതിയ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ നല്ല സമയമെടുക്കും. ആ സമയത്ത് ഭക്ഷണം കുത്തി ചെലുത്തരുത്. രുചി മുകുളങ്ങള്‍ക്ക് രുചി പിടിച്ചാല്‍ മാത്രമെ ആ ഭക്ഷണം ഇഷ്ടമാവൂ എന്നു കുഞ്ഞുങ്ങളോട് പറയുക. ഭക്ഷണം ഇഷ്ടപ്പെടാത്തതിനു അവര്‍ക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല. മനസ്സില്‍ അത്തരം ആശങ്കയില്ലാതെയായാല്‍ അവര്‍ ഭക്ഷണം ഇഷ്ടപ്പെടുകയും ചെയ്യാം.

കുഞ്ഞുങ്ങളുടെ ഹീറോ ആരെന്നു ശ്രദ്ധിച്ചു മനസ്സിലാക്കുക. അവരുടെ പോലെയാവാന്‍ ഈ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞാല്‍ മിക്കവാറും എല്ലാ കുഞ്ഞുങ്ങളും വിരോധം കൂടാതെ അനുസരിക്കും. ഷാരുഖ് ഖാനോ നിവിന്‍ പോളിയോ ഹ്യൂമേട്ടനോ ആരാണെന്നു മനസ്സിലാക്കി അവരുടെ പേര് ഫലപ്രദമായി ഉപയോഗിക്കുക.

രാവിലത്തെ ഭക്ഷണം

കുഞ്ഞുങ്ങള്‍്ക്ക് പച്ചക്കറി കൊടുക്കാനായി പലതരം സോസുകള്‍, ചട്നികള്‍ എന്നിവ പരീക്ഷിക്കാം. സലാഡിലുപയോഗിക്കുന്ന മയോണീസ് ഇങ്ങനെ ചട്ട്നിക്ക് പകരമായി കൊടുക്കാം. കുറുകിയ തേങ്ങാപ്പാല്‍ കൊടുക്കാം. ശര്‍ക്കര പാവു കാച്ചിയതും കാരട്ടും കൂടി കൊടുത്തു നോക്കാം. കുഞ്ഞിനു ഏത് ഇഷ്ടമാവുന്നു എന്നു നോക്കി അതനുസരിച്ച്‌ ചെയ്യണം. എന്നും കൊടുക്കുന്ന രീതി വേണമെന്നു നിര്‍ബന്ധം പിടിക്കാതെ സ്വന്തം ഭാവന ഉപയോഗിച്ചു കാര്യങ്ങള്‍ ചെയ്യുക.

രാവിലത്തെ ഭക്ഷണം വളരെ പ്രധാനമാണെന്നതു ഒരു അലിഖിത നിയമമായി വീട്ടില്‍ കൊണ്ടു നടക്കുക. കുഞ്ഞുങ്ങള്‍ വളരെ പെട്ടെന്നു തന്നെ പ്രാതലിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ തുടങ്ങും. ഫൈബര്‍ ധാരാളമുള്ള പ്രാതല്‍ തയ്യാറാക്കാന്‍ ശ്രമിക്കുക. സാധാരണ വിളമ്ബുന്ന ഭക്ഷണത്തെ ഭാവന ഉപയോഗിച്ച്‌ അല്പം കൂടി രുചികരവും കണ്ണിനാനന്ദകരവും ആക്കി മാറ്റാന്‍ ശ്രമിക്കുക.

പാലിനു പകരം സോയപ്പാല്‍

പാലു കുടിക്കാന്‍ കുഞ്ഞുങ്ങളെ നിര്‍ബന്ധിക്കാതിരിക്കുക. പാലിനെക്കാള്‍ മൂന്നിരട്ടി കാല്‍സ്യം തൈരിലടങ്ങിയിരിക്കുമ്ബോള്‍ അത്ര ഒരു നിര്‍ബന്ധത്തിന്റെ ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിച്ചാല്‍ മതി. പാലു കൊടുക്കുകയാണെങ്കില്‍ രുചി മാറ്റി കൊടുക്കാന്‍ ശ്രമിക്കുക. ഒരു ഷേയ്ക്കറും അല്പം ഐസ്ക്രീമും അല്പം ചോക്ലേറ്റ് പൗഡറുമുണ്ടെങ്കില്‍ രുചികരമായ ഒരു ഷേയ്ക്ക് തയ്യാറാക്കാം. ബോണ്‍വിറ്റ, ബൂസ്റ്റ്, ഹോര്‍ലിക്സ് എന്നിവയെയൊക്കെ ഭാവനാസമ്ബന്നമായി ഉപയോഗിക്കുക.

പാലിനു പകരം സോയപ്പാല്‍ ഉപയോഗിക്കാവുന്നതാണ്. സോയാ മില്‍ക്ക് പ്രോട്ടീനുകളുടെ കലവറയാണ്. കുട്ടികള്‍ക്ക് പാല്‍ അലര്‍ജിയാവുന്ന ഘട്ടത്തിലാണ് പലരും സോയാ മില്‍ക്കിലേക്ക് അഭയം തേടി പോകാറ്. അങ്ങനെ അലര്‍ജി ഇല്ലെങ്കില്‍ പോലും സോയാ മില്‍ക്ക് ഒരു നല്ല തീരുമാനമാണ്. സോയാപ്പാല്‍ നേരിട്ടു കൊടുക്കാതെ മറ്റ് ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്ബോള്‍ അതില്‍ ചേര്‍ത്ത് കൊടുക്കുക. കുട്ടികള്‍ എതിര്‍പ്പില്ലാതെ കഴിക്കും.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate