অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞി കണ്ണുകളുടെ ആരോഗ്യം

ജനനം മുതല്‍ കുഞ്ഞുങ്ങള്‍ ലോകത്തിനെ അറിയുന്നത് കണ്ണുകളിലൂടെയാണ്. അവര്‍ ഇരിക്കാനും നില്‍ക്കാനും നടക്കാനും സാധനങ്ങള്‍ വാരിയെടുക്കാനും പഠിക്കുന്നതിനു മുന്‍പ് തന്നെ അവരുടെ കണ്ണുകള്‍ അവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നു. അവരുടെ വളര്‍ച്ചക്കാവശ്യമായ ഉത്തേജനം നല്‍കുന്നു.

കണ്ണുകളുടെ ആരോഗ്യം കുഞ്ഞ് എങ്ങനെ കാണാന്‍ പഠിക്കുന്നു എന്നതിനു പരമപ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യക്കുറവും പ്രശ്നങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയെ ഗൗരവമായി ബാധിച്ചേക്കാം. അതുകൊണ്ട് കുഞ്ഞിന്റെ കാഴ്ചക്ക് യാതൊരു പ്രശ്നവുമില്ലെന്നു മാതാപിതാക്കള്‍ കഴിയുന്നത്ര നേരത്തെ ഉറപ്പ് വരുത്തണം. കുഞ്ഞുങ്ങളെ കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കണം. കൂടാതെ കാഴ്ച വികസിക്കാനായി ഒാരോ പ്രായത്തിലും ചെയ്യേണ്ട വ്യായാമമുറകള്‍ പോലെയുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യണം. ആറാം മാസം മുതല്‍ ചെയ്യേണ്ട കാഴ്ച വിലയിരുത്തല്‍ കൃത്യമായി ചെയ്യാന്‍ ശ്രദ്ധിക്കണം. കാരണം ഇത്തരം പരിശോധനകളില്‍ നിന്നും കുഞ്ഞിനു എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പെട്ടെന്നു അറിയാന്‍ കഴിയും.

നവജാതശിശുവിന്റെ കാഴ്ച ജനനം മുതല്‍ രണ്ടു വയസ്സുവരെ

ഒാരോ കുട്ടികളും സമാനതകളില്ലാത്തവരാണെന്നു മനസ്സിലാക്കുക

ജനനസമയത്ത് കുഞ്ഞിനു മറ്റുള്ള വലിയ കുഞ്ഞുങ്ങളെ പ്പോലെയോ മുതിര്‍ന്നവരെപ്പോലെയോ കാണാന്‍ കഴിയില്ല. അവരുടെ കണ്ണുകളും അതിനോടടുപ്പിച്ചുള്ള കാഴ്ചവ്യവസ്ഥയും വികസിച്ചു കാണില്ല. പക്ഷെ ആദ്യത്തെ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ കാഴ്ച നല്ല രീതിയില്‍ വികസിക്കുന്നു. ഇവിടെ ഒാരോ പ്രായത്തിലും കുഞ്ഞുങ്ങള്‍ക്കുണ്ടാവേണ്ട വളര്‍ച്ചയെപ്പറ്റി വിവരിക്കുന്ന.ു. ശ്രദ്ധിക്കേണ്ട കാര്യം ഇത് വളര്‍ച്ചയെക്കുറിച്ചുള്ള ഒരു ഒൗട്ട് ലൈന്‍ മാത്രമാണെന്നുള്ളതാണ്. പല കുഞ്ഞുങ്ങളുടേയും വളര്‍ച്ചയുടെ പാറ്റേണ്‍ പലപ്പോഴും ഇതില്‍ നിന്നും വിഭിന്നമായിരിക്കും. ഒാരോ കുട്ടികളും സമാനതകളില്ലാത്തവരാണെന്നു മനസ്സിലാക്കുക.

ജനനസമയത്ത് കുഞ്ഞുങ്ങളുടെ കാഴ്ചയില്‍ ഒരുപാട് പുതിയ ബിംബങ്ങള്‍ കൊണ്ട് ഉത്തേജിപ്പിക്കപ്പെടും. പക്ഷെ അവര്‍ക്ക് രണ്ടു ബിംബങ്ങള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയില്ല. എട്ടോ പത്തോ ഇഞ്ച് മുന്‍പിലുള്ള ബിംബത്തിലായിരിക്കും അവരുടെ ശ്രദ്ധ. അല്ലെങ്കില്‍ അമ്മയുടെ മുഖത്ത്.

നവജാതശിശുവിന്റെ കാഴ്ച ജനനം മുതല്‍ രണ്ടു വയസ്സുവരെ

വൈദ്യസഹായം തേടണം.

ജനിച്ച ആദ്യമാസങ്ങളില്‍ കുഞ്ഞിന്റെ കണ്ണുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുകയും കാഴ്ച വികസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. കുഞ്ഞു കണ്ണുകള്‍ കൊണ്ട് വസ്തുക്കളെ പിന്തുടരാന്‍ ശ്രമിക്കുന്നതോടെ അവരുടെ കയ്യും കാലും തമ്മിലുള്ള ഏകോപനം വികസിക്കാന്‍ തുടങ്ങുന്നു. എട്ടാമത്തെ ആഴ്ചയോടെ കുഞ്ഞുങ്ങള്‍ അമ്മയുടെ മുഖത്തോ അടുത്തു വരുന്ന മറ്റാരുടെയെങ്കിലും മുഖത്തോ കണ്ണുകള്‍ ഉറപ്പിച്ചു നിര്‍ത്തുന്നു.

ആദ്യത്തെ രണ്ടു മാസം കുഞ്ഞിനു കണ്ണ് എവിടെയും ഉറപ്പിച്ച്‌ നിര്‍ത്താന്‍ കഴിയില്ല. ഇതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ ഒരു കണ്ണിന്റെ ചലനങ്ങളില്‍ വല്ലാത്ത അസാധാരണത്വം തോന്നുകയാണെങ്കില്‍ വൈദ്യസഹായം തേടണം.

കാഴ്ചയുടെ വളര്‍ച്ച

അഞ്ചു മുതല്‍ എട്ടു മാസങ്ങളില്‍ കണ്ണുകളുടെ ചലനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൈവരും. കണ്ണും ശരീരവും തമ്മിലുള്ള ഏകോപനവും നല്ല രീതിയില്‍ മെച്ചപ്പെടും.

വസ്തുക്കള്‍ തമ്മിലുള്ള അകലം അളക്കാനുള്ള കഴിവ് ജനനസമയത്ത് ഉണ്ടാവില്ല. അഞ്ചാം മാസം മുതലാണ് ഈ കഴിവ് വികസിച്ചു തുടങ്ങുന്നത്. അഞ്ചാം മാസം മുതല്‍ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് വികസിച്ചു തുടങ്ങും.

എട്ട് മാസം ആവുന്നതോടെ കുഞ്ഞുങ്ങള്‍ നല്ല രീതിയില്‍ ഇഴഞ്ഞുനടക്കാന്‍ തുടങ്ങുന്നു. അത് കയ്യും കാലും കണ്ണും പാദങ്ങളും ശരീരവും തമ്മിലുള്ള ഏകോപനം വികസിക്കാന്‍ സഹായിക്കുന്നു. പെട്ടെന്നു നടക്കാന്‍ ശീലിക്കുന്ന കുഞ്ഞുങ്ങളില്‍ ഈ ഏകോപനം കുറവായിരിക്കും. അതുകൊണ്ടു കുഞ്ഞുങ്ങള്‍ ഇഴഞ്ഞുനടക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുക. അത് വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കുക. അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളെ പെട്ടെന്നു നടക്കാന്‍ നിര്‍ബന്ധിക്കരുത്.

ഒന്‍പതു മാസം ആകുന്നതോടെ കുഞ്ഞുങ്ങള്‍ മെല്ലെ മെല്ലെ നില്‍ക്കാന്‍ ശീലിക്കുന്നു. പത്താം മാസത്തോടെ കുഞ്ഞുങ്ങള്‍ തള്ള വിരലും ചൂണ്ടുവിരലും കൊണ്ട് വസ്തുക്കള്‍ പിടിക്കാന്‍ പഠിക്കുന്നു. ഒരു വയസ്സാകുന്നതോടെ മിക്കവാറും എല്ലാ കുഞ്ഞുങ്ങളും നന്നായി ഇഴയാന്‍ ശീലിച്ചിട്ടുണ്ടാകും. നടക്കാന്‍ ശ്രമിച്ചു തുടങ്ങുകയും ചെയ്യും. ഈയവസരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ദൂരം കൃത്യമായി കണക്കു കൂട്ടാന്‍ കഴിയും. കൂടാതെ കണിശമായി വസ്തുക്കള്‍ എറിയാനും അവര്‍ക്ക് കഴിയും.

കണ്ണും കയ്യും തമ്മിലുള്ള ഏകോപനം

രണ്ടു വയസ്സാകുന്നതോടെ കുഞ്ഞുങ്ങളുടെ കണ്ണും കയ്യും തമ്മിലുള്ള ഏകോപനം നല്ല രീതിയില്‍ വികസിക്കുന്നു. കൂടാതെ ആഴത്തെ കുറിച്ചുള്ള കാഴ്ചപ്പാടും നല്ല രീതിയില്‍ വികസിച്ചിട്ടുണ്ടാകും. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ തങ്ങളുടെ ചുറ്റുപ്പാടിനെ ക്കുറിച്ച്‌ നല്ല രീതിയില്‍ ബോധമുള്ളവരായിരിക്കും. അവര്‍ നിരീക്ഷിക്കാനും ശ്രദ്ധാപൂര്‍വം കേള്‍ക്കാനും ആരംഭിക്കുന്നു. പരിചയമുള്ള വസ്തുക്കളും പുസ്തകങ്ങളിലെ പടങ്ങളും തിരിച്ചറിയാന്‍ തുടങ്ങുന്നു. പെന്‍സില്‍ കൊണ്ടോ ക്രയോണ്‍ കൊണ്ടോ കോറി വരക്കാനും ആരംഭിക്കുന്നു.

നവജാതശിശുക്കളില്‍ കാഴ്ച സംബന്ധിച്ച പ്രശ്നങ്ങള്‍ വളരെ കുറവായിരിക്കും. മിക്കവാറും എല്ലാ കുഞ്ഞുങ്ങളും ആരോഗ്യമുള്ള കണ്ണുമായി ജീവിതം ആരംഭിക്കുന്നു. ജീവിതകാലം മുഴുവന്‍ വേണ്ട കാഴ്ചശക്തിയും കാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ കഴിവുകളും അവര്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ വളര്‍ത്തിയെടുക്കുന്നു. പക്ഷെ ചിലപ്പൊഴൊക്കെ കാഴ്ചയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ കൃത്യമായി നിരീക്ഷിക്കണം.

കുഞ്ഞിന്റെ മുറിയില്‍ ബെഡ് റൂം ലാംപ് കത്തിക്കുക

കണ്ണുകളില്‍ നിന്നും വല്ലാതെ കണ്ണുനീരു പ്രവഹിക്കുന്നത് കണ്ണീര്‍ഗ്രന്ഥി അടഞ്ഞു കിടക്കുന്നത് കൊണ്ടാകാന്‍ സാധ്യതയുണ്ട്. കണ്‍പോളകളിലെ ചുവന്ന നിറം കണ്ണുകളിലെ അണുബാധ കൊണ്ടാകാന്‍ സാധ്യതയുണ്ട്. നിരന്തരമായി കണ്ണു ചിമ്മുന്നത് കണ്ണുകളിലെ മസില്‍ നിയന്ത്രണത്തിലെ പ്രശ്നങ്ങള്‍ കൊണ്ടാവാം. വെളിച്ചത്തിനോട് പൊരുത്തപ്പെടാന്‍ പറ്റാത്തത് കണ്ണുകളിലെ മര്‍ദ്ദം കൂടിയതുകൊണ്ടാകാം. കൃഷ്ണമണിയിലെ വെളുത്ത നിറം കാന്‍സറിന്റെ ലക്ഷണമാകാം. ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും താമസിക്കാതെ ശിശുരോഗവിദ്ഗ്ദനെയോ കണ്ണുരോഗവിദഗ്ധനെയോ കാണണം. അച്ഛനമ്മമാര്‍ക്ക് കുഞ്ഞുങ്ങളുടെ കാഴ്ച നല്ല രീതിയില്‍ വികസിക്കുന്നതിനു പല രീതിയില്‍ സഹായിക്കാനാവും. അത് എങ്ങനെയെന്നു നോക്കാം.

കുഞ്ഞിന്റെ മുറിയില്‍ ബെഡ് റൂം ലാംപ് കത്തിക്കുക.

അല്ലെങ്കില്‍ തെളിച്ചം കുറഞ്ഞ ഏതെങ്കിലും ലൈറ്റ് കത്തിക്കുക. കുഞ്ഞിന്റെ തൊട്ടിലിന്റെ സ്ഥാനം ഇടക്കിടക്ക് മാറ്റണം. കുഞ്ഞിനെ അതില്‍ കിടത്തുന്ന രീതിയും മാറ്റണം. കുഞ്ഞിനു എത്തിപ്പിടിക്കാവുന്ന അകലത്തില്‍ കളിപ്പാട്ടങ്ങള്‍ ക്രമീകരിക്കണം. അതായത് എട്ടിഞ്ചിനും പന്ത്രണ്ടിഞ്ചിനും ഇടയിലായിരിക്കണം അകലം. കുഞ്ഞിനോടു മുറിയില്‍ ചുറ്റിനടന്നു കൊണ്ട് സംസാരിക്കണം.

കാഴ്ച സംബന്ധിച്ച ഒാര്‍മ്മ

അഞ്ചു മുതല്‍ എട്ടുമാസങ്ങളില്‍ കുഞ്ഞിനു എത്തിപ്പിടിക്കാനും കാലുയര്‍ത്തി ചവിട്ടാനും പറ്റുന്ന രീതിയില്‍ വസ്തുക്കള്‍ കുഞ്ഞിന്റെ തൊട്ടിലിനു ചുററും ക്രമീകരിക്കുക. കുഞ്ഞിനെ ഇഷ്ടം പോലെ സമയം നിലത്ത് കളിക്കാന്‍ അനുവദിക്കണം. പ്ലാസ്റ്റിക്ക് കൊണ്ടോ മരം കൊണ്ടോ ഉള്ള കട്ടകള്‍ കുഞ്ഞിനു കളിക്കാന്‍ കൊടുക്കണം. കുഞ്ഞുമായി ധാരാളം കളികളില്‍ ഏര്‍പ്പെടണം.

ഒന്‍പതാം മാസം മുതല്‍ ഒരു വയസ്സു വരെയുള്ള സമയങ്ങളില്‍ കുഞ്ഞുമായി ഒളിച്ചേ കണ്ടേ കളിയിലേര്‍പ്പെടണം. ഇത് കുഞ്ഞിനു കാഴ്ച സംബന്ധിച്ച ഒാര്‍മ്മ വളര്‍ത്താന്‍ സഹായിക്കും. കുഞ്ഞിനു എപ്പോഴും സാധനങ്ങളുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തി സംസാരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ സംസാരശക്തി വികസിക്കാനും സഹായിക്കുന്നു. ഇഴഞ്ഞു നടക്കാന്‍ പ്രോല്‍സാഹിപ്പിക്കണം.

കഥകള്‍ വായിച്ചു കൊടുക്കണം

ഒരു വയസ്സു മുതല്‍ രണ്ടു വയസ്സു വരെയുള്ള കാലഘട്ടത്തില്‍ കുഞ്ഞിനു ധാരാളം കഥകള്‍ വായിച്ചു കൊടുക്കണം. ഇത് കുഞ്ഞിനു വായനാശക്തിയും പഠനശക്തിയും വര്‍ദ്ധിപ്പിക്കുന്നു. കുഞ്ഞിനു ധാരാളം ബില്‍ഡിങ് ബ്ലോക്കുകള്‍ കൊടുക്കണം. ഇത് മസില്‍ വികാസത്തിനു സഹായിക്കും. കുഞ്ഞിന്റെ കൂടെ പന്തുരുട്ടി കളിക്കണം. ഇത് കുഞ്ഞിന് വസ്തുക്കളെ കണ്ണു കൊണ്ട് പിന്തുടരാന്‍ സഹായിക്കും.

കുഞ്ഞിന്റെ കാഴ്ച ശക്തി വികസിച്ചു വരുന്ന ഒന്നാണെന്നു മാതാപിതാക്കള്‍ മനസ്സിലാക്കണം. അത് വളര്‍ത്തിയെടുക്കാന്‍ അവര്‍ നന്നായി പരിശ്രമിക്കണമെന്നും മനസ്സിലാക്കണം.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate