অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാൽമുട്ടിലെ ശസ്ത്രക്രിയകൾ

ആമുഖം

കാൽമുട്ട് മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാന സന്ധി മാത്രമല്ല, ഏറ്റവും സങ്കീർണമായതുമാണ്. നടക്കുമ്പോഴും ചാടുമ്പോഴും ശരീരത്തിന്റെ ഏഴിരട്ടിയോളം ഭാരവും സമ്മർദവും കാലിനു താങ്ങേണ്ടി വരുന്നു. മുട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം മുട്ടിന്റെ തരുണാസ്ഥിയാണ് (കാർട്ടിലേജ്). പരിക്കുകള്‍കൊണ്ടും അമിതഭാരം കൊണ്ടും ജന്മനാലുള്ള വൈകല്യങ്ങൾ കൊണ്ടും ഈ പ്രധാനപ്പെട്ട ഭാഗത്തിനു ക്ഷതം സംഭവിക്കാം. വേദനയും നീരും ബലഹീനതയും അധൈര്യവും നടക്കാനുള്ള ബുദ്ധിമുട്ടുമാണ് അനന്തരഫലം. മരുന്നുകളും കുത്തിവയ്പുകളും ഫിസിയോതെറപ്പിയും വ്യായാമവുമൊക്കെ മുട്ടിന്റെ ഗുരുതരമായ തേയ്മാനത്തിൽ ഫലപ്രദമല്ലാതെ വരാം. ഇങ്ങനെയുള്ള അവസരങ്ങളിൽ മുട്ടു മാറ്റി വയ്ക്കൽ മാത്രമാണു പോംവഴി. മുട്ടുമാറ്റിവയ്ക്കൽ എന്നുദ്ദേശിക്കുന്നത് ക്ഷതം സംഭവിക്കുന്ന ഭാഗം മാത്രം മാറ്റിവയ്ക്കുക എന്നാണ്.

മുട്ട് മാറ്റിവയ്ക്കൽ

മുട്ടിനു മൂന്ന് അറകൾ അല്ലെങ്കിൽ കള്ളികൾ ഉള്ളതായി കരുതാം. മധ്യത്തിലുള്ള ഒരു കള്ളിയും (മീഡിയൽ), പാർശ്വത്തിലുള്ള ഒരു കള്ളിയും (ലാറ്ററൽ), ചിരട്ടയുമായുള്ള ഒരു കള്ളിയും ഉണ്ട്. തുടയുടെ അസ്ഥിയുടെ സന്ധിഭാഗവും കാലിന്റെ അസ്ഥിയുടെ സന്ധിഭാഗവും മാറ്റുന്നതോടുകൂടി മുട്ടുചിരട്ടയുടെ അകവശവും മാറ്റാറുണ്ട്. അതായത് കാൽമുട്ടിന്റെ മൂന്ന് അറകളും മാറ്റിവയ്ക്കാറുണ്ട്. എന്നാൽ ഒരേയൊരു അറ മാത്രമായും സന്ധി മാറ്റിവയ്ക്കൽ നടത്താറുണ്ട്.

മാറ്റിവയ്ക്കലിന്റെ ചരിത്രം

1860 മുതൽ തന്നെ മുട്ടു മാറ്റിവയ്ക്കൽ എന്ന ചിന്ത ഉയർന്നെങ്കിലും ജോൺ ചാൺലി (John Charnley) 1960–കളിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ഫലപ്രദമാക്കിയത് ഇതിന് ഒരു പുത്തൻ ഉണർവ് നൽകി.

ഏതൊരു സന്ധിയും മാറ്റിവയ്ക്കുമ്പോൾ സന്ധിയുടെ ഉരുണ്ട പ്രതലം ലോഹവും കുഴിഞ്ഞ പ്രതലം പ്ലാസ്റ്റിക് (പോളി എത്തിലിൻ) നിർമിതവുമാണ്. മുട്ടിന്റെ സന്ധി മാറ്റിവയ്ക്കലിലും തുടയെല്ലിന്റെ അഗ്രഭാഗം ലോഹനിർമിതമാണ്. എന്നാൽ കാലിലെ എല്ലിന്റെ തുടക്കം പ്ലാസ്റ്റിക് തന്നെ. എങ്കിലും ഒരു ലോഹനിർമിതമായ താങ്ങ് അല്ലെങ്കിൽ പിന്തുണ പിൽക്കാലത്ത് നൽകി. കൃത്രിമ സന്ധിയെ ശക്തിപ്പെടുത്തി ഇന്നു കാൽമുട്ടു മാറ്റിവയ്ക്കലിൽ. കാൽമുട്ടിലെ പ്രധാനപ്പെട്ട ലിഗമെന്റായ ക്രൂഷിയേറ്റിനെ നിലനിർത്തിക്കൊണ്ടും ത്യജിച്ചുകൊണ്ടുമുള്ള രണ്ടു വകഭേദങ്ങൾ ലഭ്യമാണ്.

ഒരു അറ മാത്രം മാറ്റിവയ്ക്കൽ

പല സർജന്മാരും മുട്ടിലെ ഒരു അറയെ മാത്രം ബാധിക്കുന്ന തേയ്മാനത്തിന് ആ അറ മാത്രം മാറ്റിവയ്ക്കുന്ന ശാസ്ത്രക്രിയാമാർഗം അവലംബിക്കാറുണ്ട്. ഈ ശാസ്ത്രക്രിയയെ യൂണി കംപാർട്ട്മെന്റൽ റീപ്ലേസ്മെന്റ് എന്നാണ് പറയുന്നത്. ഇതിന്റെ വിജയം സമ്പൂർണമായ സന്ധിമാറ്റിവയ്ക്കലിനോടു സമാനമാണെന്നു അവകാശപ്പെടാറുണ്ടെങ്കിലും വിവാദങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച്, വലിയ ശരീരമുള്ളവരിൽ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഏകാഭിപ്രായം ഇല്ല. സുഷിരദ്വാര ശാസ്ത്രക്രിയകളിലും (കീഹോൾ) പരിമിതമായി തുറന്നുള്ള ശാസ്ത്രക്രിയകളും ജനപ്രിയമാകുന്ന ഈ കാലഘട്ടത്തിൽ ഒരു ഭാഗം മാറ്റിവയ്ക്കുന്നതിനോട് താൽപര്യം കൂടിയിട്ടുണ്ട്.

രണ്ടു വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണു മേൽപറഞ്ഞ ശാസ്ത്രക്രിയ നിർദേശിക്കപ്പെടുന്നത്. ആദ്യത്തെ വിഭാഗം പ്രായമേറിയ മെലിഞ്ഞ ഒരു അറയിൽ മാത്രം തേയ്മാനമുള്ള രോഗികളാണ്. കുറഞ്ഞ ആശുപത്രിവാസം, കൂടുതല്‍ ചലനം, മുട്ടിനുണ്ടാകുന്ന സ്വാഭാവിക പ്രതീതി എന്നിവയാണ് ഗുണഫലങ്ങൾ. രക്തം നൽകേണ്ടതായും വരില്ല.

രണ്ടാമത്തെ വിഭാഗം ചെറുപ്പക്കാരായ രോഗികളാണ്. അവരുടെ എല്ല് ഒടിച്ചു നേരെയാക്കുന്ന ഹൈടിബിയൽ ഓസ്റ്റിയോട്ടമി ശാസ്ത്രക്രിയയ്ക്കു പകരം യൂണികംപാർട്ട്മെന്റൽ സന്ധിമാറ്റം ചെയ്യാവുന്നതാണ്.

രണ്ടു കാലിലും ഒരേ സമയം മാറ്റിവയ്ക്കൽ

ഇരുകാലുകളിലും ഒരേസമയം മുട്ടു മാറ്റിവയ്ക്കുന്ന ശാസ്ത്രക്രിയ കൂടുതൽ പ്രിയങ്കരമാവുകയാണ്. ആശുപത്രി ചെലവ് 58 ശതമാനം കണ്ടു കുറയുന്നു എന്ന വാദവുമുണ്ട് എന്നാൽ കൂടുതൽ രക്തസ്രാവം, രക്തം കട്ടപിടിക്കൽ സാധ്യത കൂടുതൽ, കൊഴുപ്പ് രക്തത്തിൽ കലരുന്ന ഫാറ്റ് എംബോളിസത്തിനുള്ള സാധ്യത എന്നിവ രണ്ടു മുട്ടും ഒരേ സമയം ശാസ്ത്രക്രിയ ചെയ്യുന്നതിന് എതിരായി പറയപ്പെടുന്നുണ്ട്. 70 വയസ്സിനു മുകളിലുള്ളവർക്ക് വളരെ സൂക്ഷിച്ചു മാത്രമേ ഒരേ സമയം രണ്ടു മുട്ടും ശാസ്ത്രക്രിയ ചെയ്യുവാൻ പാടുള്ളൂ. വലിയ പഠനങ്ങളിൽ ഒരേ സമയം രണ്ടു മുട്ടിന്റെയും ശാസ്ത്രക്രിയകളിൽ സങ്കീർണതയും രോഗാവസ്ഥയും കൂടുതലായിട്ടാണ് കണ്ടെത്തിയത്.

ചില കേന്ദ്രങ്ങളിൽ സന്ധിമാറ്റിവയ്ക്കൽ രോഗിയെ അഡ്മിറ്റു ചെയ്യാതെ ഔട്ട് പേഷ്യന്റായി ചെയ്തു വരുന്നുണ്ട്. എന്നാൽ പ്രാവീണ്യം സിദ്ധിച്ച പരിചയസമ്പന്നരുടെ കേന്ദ്രങ്ങളിൽ മാത്രമേ ഈ രീതി അവലംബിക്കാവൂ.

സന്ധിമാറ്റിവയ്ക്കലിലേക്ക്

സന്ധിമാറ്റിവയ്ക്കലിലേക്ക് നയിക്കുന്ന കാരണങ്ങളെയും അവയ്ക്കു തടസ്സമാകുന്ന വസ്തുക്കളും ഒറ്റനോട്ടത്തിൽ അറിയാം:

∙ തേയ്മാനം കൊണ്ടുണ്ടാകുന്ന കഠിനമായ വേദന ∙ ഗൗരവമുള്ള തേയ്മാനം   ∙ തേയ്മാനം കൊണ്ടുള്ള വളവുകൾ ∙ വ്യത്യസ്തമായ ചില വാതരോഗങ്ങൾ ∙ സന്ധിമാറ്റിവയ്ക്കലിനെ തടസ്സപ്പെടുത്തുന്ന കാരണങ്ങൾ

∙ രക്തത്തിലെ അണുബാധ ∙ ശരീരത്തിൽ എവിടെയെങ്കിലുമുള്ള പഴുപ്പ് ∙ ഞരമ്പിനെ ബാധിച്ച രോഗങ്ങൾ ∙ വേദനയും ചലനവുമില്ലാതെ ചേർന്നിരിക്കുന്ന കാൽമുട്ട് ∙ മയക്കാനും മരവിപ്പിക്കാനും സാധ്യമല്ലാത്ത രോഗങ്ങൾ ഉള്ളവർ ∙ കാലിലേക്ക് രക്തയോട്ടം ഇല്ലാത്തവർ ∙ സോറിയാസിസ് രോഗമുള്ളവർ ∙ ദുർമേദസ്സുള്ളവർ ∙ ഇടവിട്ടുണ്ടാകുന്ന മൂത്രാശയ അണുബാധയുള്ളവർ.

ശസ്ത്രക്രിയയ്ക്കു മുമ്പ്

മുട്ടുമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്കു വിധേയനാകാൻ പോകുന്ന വ്യക്തിക്കു ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. വലിവ്, ശ്വാസംമുട്ടൽ എന്നിവ ചികിത്സിച്ചു ഭേദമാക്കേണ്ടതുണ്ട്. കാലിലോട്ടുള്ള രക്തയോട്ടം സുഗമമായിരിക്കണം. കൂടാതെ പ്രമേഹവും നിയന്ത്രണവിധേയമായിരിക്കണം. പുകവലി നിർത്തിയിരിക്കണം. ദുർമേദസ്സ് കുറയ്ക്കണം.

അനസ്തീഷ്യ നൽകി ബോധം കെടുത്തിയുള്ള രീതിയും നട്ടെല്ലിൽ കുത്തി മരപ്പിക്കുന്ന രീതിയും ഉണ്ട്. രണ്ടിനും സമാനമായ ഗുണഫലങ്ങളാണ്. എന്നാൽ കുത്തി മരപ്പിക്കുന്ന എപ്പിഡ്യൂറൽ രീതിയിൽ രോഗി വേദന അറിയുകയേയില്ല എന്നതു മെച്ചമാണ്. ട്രാനെക്സാമിക് ആസിഡ് എന്ന മരുന്ന് നൽകിയാല്‍ ഈ ശസ്ത്രക്രിയകളിൽ രക്തസ്രാവം കുറയ്ക്കാം എന്നു കണ്ടെത്തിയിട്ടുണ്ട്.

പതിനഞ്ചു വർഷത്തോളം 95 ശതമാനം പേരിലും 23 വർഷത്തോളം 91 ശതമാനം പേരിലും പ്രശ്നങ്ങൾ കൂടാതെ കൃത്രിമാവയവം (പ്രോസ്തസിസ്) നിലനിൽക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മുട്ടിന് കീഹോൾ

താക്കോൽ ദ്വാരം കീഹോൾ ശാസ്ത്രക്രിയകൾ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാവുന്ന ഒരു സന്ധിയാണ് കാൽമുട്ട്. എന്നാൽ പരിപൂർണമായ രോഗവിവരം, കൃത്യമായ പരിശോധനോപാധികൾ, എക്സ്റേകള്‍ എന്നിവയും എം ആർ ഐ സ്കാനും അത്യന്താപേക്ഷിതമാണ്. ചെയ്യേണ്ട ഭാഗം മാത്രം മരവിപ്പിച്ചും നട്ടെല്ലു കുത്തി മരവിപ്പിച്ചും ബോധം കെടുത്തിയും താക്കോൽ ദ്വാരദ്വാര ശാസ്ത്രക്രിയകൾ ചെയ്യാം. അണുബാധയുടെ സാധ്യതകള്‍ താരതമ്യേന കുറവാണ്. വളരെ ചെറിയ രണ്ടു പ്രവേശനദ്വാരങ്ങളിലൂടെ (പോര്‍ട്ടൽ) ആണ് താക്കോൽ ദ്വാര ശാസ്ത്രക്രിയകൾ ചെയ്യാറ്. ആവശ്യമെങ്കിൽ മറ്റു ചില പ്രവേശന ദ്വാരങ്ങള്‍ കൂടി ഇടാറുണ്ട്.

മുട്ടിലെ ഭാഗങ്ങളിലെ പ്രശ്നങ്ങൾ

മുട്ടുമാറ്റിവയ്ക്കൽ കൂടാതെ മുട്ടിലെ മറ്റ് ഭാഗങ്ങളിലെ പ്രശ്നങ്ങൾക്കും ശാസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്. മുട്ടിന്റെ ഇടയിലുള്ള ചന്ദ്രക്കലയുടെ ആകൃതയിലുള്ള മെനിസ്കസ് എന്ന വസ്തുവിന്റെ പരിക്കുകൾ ധാരാളം പേരിൽ കാണപ്പെടുന്നു. ഇതു കൂടാതെ മുട്ടിലെ പ്രധാനപ്പെട്ട പേശീനാരുകളായ അഥവാ ലിഗമെന്റുകളായ ക്രൂഷിയേറ്റ് ലിഗമെന്റിന്റെ പരിക്കും കൂടുതലായി കണ്ടുവരുന്നു. ഇവയിലെ പ്രശ്നങ്ങൾക്കു സാധാരണയായി കീഹോൾ ശാസ്ത്രക്രിയയാണ് നിർദേശിക്കപ്പെടാറുള്ളത്. മെനിസ്കസ് എന്നു പറയുന്ന വസ്തുവിന്റെ രക്തയോട്ടം അതിന്റെ ചുറ്റളവിൽ അല്ലെങ്കില്‍ പ്രാന്തപ്രദേശത്ത് മാത്രമേ കാണുന്നുള്ളു. ഈ ചന്ദ്രക്കലയുടെ മധ്യഭാഗത്തു മുട്ടിന്റെ ഉള്ളിലുള്ള ദ്രാവകത്തിൽ നിന്നു വലിച്ചെടുക്കുന്ന പോഷകങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളു. ഇതിനാൽ മെനിസ്കസിന്റെ പരിക്കുകൾ ഒരിക്കലും ഉണങ്ങി ഭേദമാവാറില്ല. അതുകൊണ്ടു തന്നെ വളരെ വേദനയും ചലനത്തിനു തടസ്സവുമുണ്ടാക്കുന്ന ഗൗരവമുള്ള പരിക്കുകളായി ഇവ മാറാറുണ്ട്.

നാലുതരം ശസ്ത്രക്രിയാ രീതികളാണു മെനിസ്കസിന്റെ പരിക്കുകളിൽ ചെയ്യുന്നത്. ഭാഗികമായി മെനിസ്കസിനെ നീക്കം ചെയ്യുന്നത് (പാർഷ്യൽ മെനിസ്കക്റ്റമി), പൂർണമായി നീക്കം ചെയ്യുന്നത് (ടോട്ടൽ മെനിസ്കക്റ്റമി), മെനിസ്കസിനെ തുന്നിപ്പിടിപ്പിക്കുന്നത്, മെനിസ്കസിനെ മാറ്റിവയ്ക്കുന്നത് എന്നിവയാണു രീതികൾ.

കീഹോൾ കൂടുതൽ നല്ലത്

ക്രൂഷിയേറ്റ് ലിഗ്മെന്റുകളുടെ ശസ്ത്രക്രിയയിൽ ശരീരത്തിന്റെ മറ്റൊരു ഭാഗത്തു നിന്നു ലിഗമെന്റ് പോലെയുള്ള ഒരു വസ്തു കൂട്ടിയോജിപ്പിക്കുന്ന (ഗ്രാഫ്റ്റ് ചെയ്യുന്ന) രീതിയാണുള്ളത്. മുട്ടു ചിരട്ടയിൽ നിന്നു വരുന്ന ലിഗമെന്റും തുടയുടെ പുറകുഭാഗത്തു കൂടി വരുന്ന പേശിയുടെ നാരുകളും (ടെൻഡൺ) ഇതിനായി ഉപയോഗിക്കാറുണ്ട്.

ക്രൂഷിയേറ്റ് ലിഗമെന്റുകളുടെ ചികിത്സയിൽ താക്കോൽദ്വാര ശാസ്ത്രക്രിയയ്ക്കു ചില ഗുണങ്ങൾ കൂടുതലുണ്ട്.

∙ ചെറിയ ശസ്ത്രക്രിയാ ദ്വാരങ്ങൾ ∙ കാൽ നിവർത്തുന്നതിനുള്ള പരിക്കിനെ ലഘൂകരിക്കൽ ∙ ശാസ്ത്രക്രിയാനന്തര വേദനയുടെ കുറവ് ∙ മുട്ടിലുള്ള പിടിത്തത്തിന്റെ കുറവ്. ∙ നേരത്തെ ചലിപ്പിക്കുവാനുള്ള സാധ്യത ∙ ഔട്ട്പേഷ്യന്റ് ചികിത്സ.

ശസ്ത്രക്രിയ കഴിഞ്ഞാൽ

മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴി‍ഞ്ഞാൽ അടുത്ത ദിവസം തന്നെ  രോഗിക്കു നടക്കാം. ക്രൂഷിയേറ്റ് ലിഗമെന്റുകളുടെ ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യത്തെ രണ്ടാഴ്ചകളിൽ തന്നെ ചലനം 90 ഡിഗ്രി വരെ നേടേണ്ടതുണ്ട് 50 മുതൽ 75 ശതമാനം വരെ ശരീരഭാരം മുട്ടു പൂർണമായി നിവർന്നു പൂട്ടിയിരിക്കുമ്പോള്‍ ക്രച്ചുകളുപയോഗിച്ചു താങ്ങാവുന്നതാണ്. നാലാഴ്ച ആകുമ്പോഴേക്ക് മുഴുവൻ ചലനവും കിട്ടണം. പത്താഴ്ചയിൽ ചെറുതായി ഓടാം. ആറു മാസത്തിൽ ചെറിയ കായികവിനോദങ്ങളിൽ ഏർപ്പെടാം.

ആർത്രോസ്കോപ്പി എങ്ങനെ?

സന്ധിക്കുൾവശം വ്യക്തമായി കാണാൻ സഹായിക്കുന്ന ഉപകരണാമാണ് ആർത്രോസ്കോപ്പ്. ഈ ഉപകരണം അസ്ഥിരോഗചികിത്സയിലും രോഗനിർണയത്തിലും വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കണ്ടുപിടിത്തമാണ്. ആര്‍ത്രോസ്കോപ്പി, കൃത്യത, ചികിത്സയോടനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളുടെ കുറവ് എന്നിവ ഈ ഉപകരണത്തെ ചികിത്സകൾക്കിടയിൽ ജനകീയമാക്കി. എന്നാൽ രോഗാവലോകനം, രോഗനിർണയം, സർജന്റെ പ്രാഗൽഭ്യം എന്നിവയ്ക്കു പകരം വയ്ക്കാവുന്ന ഉപകരണമല്ല ഇത്, ഒരു സഹായി മാത്രമാണ്. ശരീരത്തിലെ എല്ലാ സന്ധികളിലും ഇത് ഉപയോഗപ്രദമാണ്. തുറന്ന ശസ്ത്രക്രിയയെക്കാൾ മികച്ചതാണ് ഈ താക്കോൽദ്വാര സംവിധാനം എന്നു പറയാം. ലെൻസുകളും ടെലിവിഷൻ കാമറകളും മറ്റ് ഉപകരണങ്ങളും അടങ്ങിയതാണ് ആർത്രോസ്കോപ്പ്.

ഡോ. ടിജി തോമസ് ജേക്കബ്

അഡീഷനൽ പ്രഫസർ‌‍‍,

ഓർത്തോപീഡിക്സ് വിഭാഗം,

ഗവ. മെഡിക്കൽ കോളജ്, കോട്ടയം

കടപ്പാട് -മാതൃഭൂമി.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate