অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

ജോലിയുടെയും പഠനത്തിന്‍െറയും വിനോദത്തിന്‍െറയും ഭാഗമായി മണിക്കൂറുകളാണ് നാമോരോരുത്തരും കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നത്. കമ്പ്യൂട്ടര്‍ സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കും. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കണ്ണിലും കാഴ്ചയിലും ഉണ്ടാകുന്ന അസ്വസ്ഥതകളെ ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’ എന്നാണ് പറയുന്നത്. കണ്ണുവേദന, തലവേദന, കാഴ്ച മങ്ങല്‍, കണ്ണെരിച്ചില്‍, കടച്ചില്‍, തടച്ചില്‍ എന്നിങ്ങനെയുണ്ടാവുന്ന പല ബുദ്ധിമുട്ടുകളും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോത്തിന്‍െറ ലക്ഷണങ്ങളാണ്. കണ്ണിന്‍െറ പേശികള്‍ക്കുണ്ടാവുന്ന ക്ഷീണവും കണ്ണിന്‍െറ നനവ് കുറയുന്നതുമാണ് ഇതിന്‍െറ മുഖ്യകാരണങ്ങള്‍. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം നമുക്ക് പ്രതിരോധിക്കാനാവും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കാഴ്ചക്കുറവ് അനുഭവപ്പെടുന്നവര്‍ നേത്രരോഗവിദഗ്ധന്‍െറ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ കണ്ണട ധരിക്കേണ്ടതാണ്.കംപ്യൂട്ടര്‍ ആധുനികജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. കൊച്ചുകുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍വരെ എല്ലാവരും ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടോ അതിലധികമോ മണിക്കൂര്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ് തുടങ്ങിയ ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗിച്ചാല്‍ മിക്കവാറും എല്ലാവര്‍ക്കും കണ്ണിനും കാഴ്ചയ്ക്കും പ്രശ്നങ്ങള്‍ അനുഭവപ്പെടാം. ഇതിനെയാണ് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (ഇഢട) അഥവാ ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്നുപറയുന്നത്.
മനുഷ്യനേത്രങ്ങള്‍ പ്രധാനമായും ദൂരക്കാഴ്ചയ്ക്കായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, നൂതന സാങ്കേതികവിദ്യകള്‍ വന്നതോടെ പേപ്പറില്‍നിന്നും കംപ്യൂട്ടറിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായി. ഇത് കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കാം.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍


സാധാരണയായി ഉണ്ടാകുന്ന ലക്ഷണങ്ങള്‍
(1) കണ്ണുകഴയ്ക്കുക
(2) തലവേദന
(3) കാഴ്ചമങ്ങല്‍
(4) കണ്ണുചുവപ്പ്
(5) കണ്ണ് വരണ്ടതായി അനുഭവപ്പെടുക
(6) കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ട്
ഇതിനുപുറമേ തോളും കഴുത്തും വേദനയും കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാകാം.

എന്തെല്ലാം ഘടകങ്ങള്‍ സിവിഎസിനു കാരണമാകാം
1. നേരത്തെയുള്ള കാഴ്ചക്കുറവ്
2. കൃത്യമല്ലാത്ത ഗ്ളാസ്പവര്‍
3. കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന മുറിയിലെ 
പ്രകാശം
4. സ്ക്രീനില്‍നിന്നുള്ള ദൂരം
5. സ്ക്രീനില്‍നിന്ന് പ്രതിഫലിക്കുന്ന ഗ്ളേര്‍
6. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്ന രീതി (Viewing Posture)

ഒരു വ്യക്തിക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാഴ്ചയുടെ ബുദ്ധിമുട്ടുകള്‍ അയാളുടെ കാഴ്ചയുടെ പരിമിതിയെയും എത്രസമയം തുടര്‍ച്ചയായി സ്ക്രീന്‍ ഉപയോഗിക്കുന്നു എന്നതിനെയും അനുസരിച്ചായിരിക്കും. നേരത്തെ കാഴ്ചവൈകല്യമുള്ള വ്യക്തി, അതായത് ഷോര്‍ട്ട്സൈറ്റ്, ലോങ്സൈറ്റ് അല്ലെങ്കില്‍ അസ്റ്റിഗ്മാറ്റിസം 40 വയസ്സിനുമേല്‍ ഉണ്ടാകുന്ന വെള്ളെഴുത്ത് ഇവയെല്ലാം കംപ്യൂട്ടര്‍ ഉപയോഗം ബുദ്ധിമുട്ടുള്ളതാക്കാം. കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കുന്നതും അച്ചടിച്ച പേപ്പറിലെ അക്ഷരങ്ങളിലേക്കു നോക്കുന്നതും വ്യത്യസ്തമാണ്. സ്ക്രീനിലെ അക്ഷരങ്ങള്‍ അഥവാ പിക്സലുകള്‍ കൃത്യതയോ സൂക്ഷ്മതയോ ഇല്ലാത്തതാണ്. ഇതിന് കോണ്‍ട്രാസ്റ്റ് കുറവാണ്. കൂടാതെ സ്ക്രീനില്‍നിന്നുള്ള ഗ്ളേറും കാഴ്ച ആയാസകരമാക്കും.

സാധാരണ പേപ്പര്‍ വായിക്കുന്ന ദൂരം 18–20 സെ.മീ. ആണ്. എന്നാല്‍, കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗിക്കുന്ന ദൂരം 20–28 ഇഞ്ചാണ്. അതിനാല്‍ സ്ഥിരമായി കണ്ണട അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ക്കുപോലും കംപ്യൂട്ടര്‍സ്ക്രീന്‍ ബുദ്ധിമുട്ടുണ്ടാക്കാം. ചിലര്‍ക്ക് വ്യക്തമായി കാണാന്‍ സ്ക്രീനിലേക്ക് കുനിഞ്ഞുനോക്കേണ്ടിവരാം. അല്ലെങ്കില്‍ തല ചരിച്ച് നോക്കേണ്ടിവരാം. ഇത് കഴുത്തിലേയും തോളിന്റെയും പേശികള്‍ക്ക് ക്ഷീണമുണ്ടാക്കും. മിക്കവാറും കാഴ്ചയുടെ പരിമിതിക്കും ഉപരിയായി കണ്ണ് പ്രവര്‍ത്തിക്കേണ്ടിവരുമ്പോഴാണ്  സിവിഎസ് ഉണ്ടാകുന്നത്. തുടര്‍ച്ചയായി രണ്ടിലധികം മണിക്കൂര്‍ കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗം ഇതിനു കാരണമാകാം.

എങ്ങിനെ സിവിഎസ് കണ്ടുപിടിക്കാം


ഒരു വിശദമായ നേത്രപരിശോധനയിലൂടെ സിവിഎസ് കണ്ടുപിടിക്കാം. 
1. കാഴ്ചശക്തി പരിശോധിക്കുക. നേരത്തെ കണ്ണട ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ എല്ലാവര്‍ഷവും കൃത്യമായി പരിശോധിച്ച് ഗ്ളാസ്പവര്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. റിഫ്രാക്ഷന്‍ ടെസ്റ്റിങ് നടത്തി ആവശ്യമായ ലെന്‍സ്പവര്‍ ഉപയോഗിക്കുക.
3. രണ്ടു കണ്ണുകളും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ വ്യക്തമായ ഒരു ഇമേജ് ലഭിക്കുകയുള്ളൂ. ഇതിനായി കണ്ണിന്റെ ഫോക്കസിങ്, കണ്ണുകളുടെ ചലനം ഇവ പരിശോധിക്കുക.
ചിലപ്പോള്‍ കണ്ണില്‍ മരുന്നൊഴിച്ച് കൃഷ്ണമണി വികസിപ്പിച്ചുനോക്കി കണ്ണിന്റെ പവര്‍ കൃത്യമായി അറിയേണ്ടിവരാം.

മോണിറ്ററിന്‍െറ ഉയരം

കമ്പ്യൂട്ടര്‍ മോണിറ്ററിന്‍െറ മുകളറ്റം നേര്‍ദൃഷ്ടിയുടെ തൊട്ടുതാഴെ വരുന്നവിധമാണ് വെക്കേണ്ടത്. അതായത്, മോണിറ്ററിന്‍െറ മധ്യഭാഗം നേര്‍ദൃഷ്ടിയില്‍നിന്ന് 15^20 ഡിഗ്രി (4^5 ഇഞ്ച്) താഴെയായിരിക്കണം. മോണിറ്റര്‍ അല്‍പം ചരിച്ചാണ് വെക്കേണ്ടത്.

മോണിറ്ററിലേക്കുള്ള ദൂരം

മോണിറ്റര്‍ കണ്ണുകളില്‍നിന്ന് 20^28 ഇഞ്ച് ദൂരെയായിരിക്കണം. കമ്പ്യൂട്ടറിനുമുന്നില്‍ കസേരയില്‍ നിങ്ങള്‍ ചാരിയിരുന്നു കൈനീട്ടിയാല്‍ സ്ക്രീന്‍ തൊടാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ അടുത്താണ് ഇരിക്കുന്നത്. കുട്ടികള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മുതിര്‍ന്നവരുടേതല്ലാതെ അവരുടെ ഉയരത്തിനനുസൃതമായ കസേരയും മേശയും ഉണ്ടായിരിക്കേണ്ടതുമുണ്ട്. ഇല്ലെങ്കില്‍ അത് കഴുത്ത് വേദനക്കും കണ്ണുകടച്ചിലിനുമിടയാക്കും.

കണ്ണുചിമ്മല്‍

കമ്പ്യൂട്ടറില്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ നമ്മള്‍ കണ്ണുകള്‍ ചിമ്മുന്നത് കുറയുന്നു (മൂന്നുമടങ്ങ് വരെ). ഓരോ തവണയും കണ്ണടച്ചു തുറക്കുമ്പോള്‍ കണ്ണിന് നനവും കാഴ്ചക്ക് തെളിച്ചവും തരുന്ന കണ്ണുനീര്‍ നേത്രപടലത്തിനു മുകളില്‍ പരക്കുന്നു. അതിനാല്‍, കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ആവര്‍ത്തിച്ച് കണ്ണ് ചിമ്മുവാന്‍ ശ്രദ്ധിക്കുക.

20^20^20 നിയമം

കണ്ണിന്‍െറ മസിലുകള്‍ക്ക് വിശ്രമം നല്‍കാനുദ്ദേശിച്ചുള്ളതാണ് ഈ നിയമം- 20 മിനിറ്റ് കൂടുമ്പോള്‍, 20 സെക്കന്‍ഡ് നേരം, 20 അടി ദൂരത്തേക്ക് നോക്കുക, അല്ലെങ്കില്‍ 20 സെക്കന്‍ഡ് കണ്ണടച്ചിരിക്കുക.

മുറിയിലെ പ്രകാശം

കമ്പ്യൂട്ടര്‍ സ്ക്രീനിലേക്കോ കണ്ണുകളിലേക്കോ നേരിട്ട് പ്രകാശം തട്ടുന്ന തരത്തിലായിരിക്കരുത് മുറിയിലെ വിളക്കുകള്‍. മോണിറ്ററിനോട് ചേര്‍ന്ന് ഒരു പോക്കറ്റ് കണ്ണാടി വെച്ചാല്‍ മുറിയിലെ ഏതെങ്കിലും ലൈറ്റിന്‍െറ പ്രതിഫലനം കാണുന്നുണ്ടെങ്കില്‍ മോണിറ്ററിന്‍െറ സ്ഥാനം മാറ്റേണ്ടതാണ്.

‘ആന്‍റി-ഗ്ളെയര്‍’ സ്ക്രീന്‍

പ്രകാശത്തിന്‍െറ പ്രതിഫലനംകൊണ്ട് കണ്ണിലുണ്ടാകുന്ന അസ്വസ്ഥത കുറക്കാന്‍ ‘ആന്‍റി^ഗ്ളെയര്‍’ ഫില്‍ട്ടര്‍ സ്ക്രീനില്‍ ഘടിപ്പിക്കാം. അല്ളെങ്കില്‍ ‘ആന്‍റി^ഗ്ളെയര്‍’ ആവരണമുള്ള ലെന്‍സുകള്‍ കണ്ണടയില്‍ ഉപയോഗിക്കാം. മോണിറ്റര്‍ വിരിയില്ലാത്ത ജനലരികില്‍ വെക്കുന്നതും ഗ്ളെയറിനു കാരണമാകാം. അതിനാല്‍, ജനലുകള്‍ കര്‍ട്ടനുകളോ ബൈ്ളന്‍ഡുകളോ ഉപയോഗിച്ച് മറക്കേണ്ടതാണ്.

കമ്പ്യൂട്ടറില്‍നിന്നുള്ള പ്രകാശം

‘ബ്രൈറ്റ്നെസ്’ മുറിയിലെ പ്രകാശതീവ്രതയേക്കാള്‍ കുറവായി ക്രമീകരിക്കുക. കൂടുതല്‍ നേരം ഒരു ഡോക്യുമെന്‍റ് ടൈപ് ചെയ്യുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളാക്കുന്നതാണ് നല്ലത്. കമ്പ്യൂട്ടര്‍ വെച്ചിരിക്കുന്ന മേശയുടെ പ്രതലത്തിനും മുറിയുടെ ചുവരുകള്‍ക്കും പ്രകാശം പ്രതിഫലിപ്പിക്കാത്ത ‘മാറ്റ് ഫിനിഷ്’ നല്‍കുന്നതാണ് നല്ലത്. ടൈപ് ചെയ്യാനുള്ള ഡോക്യുമെന്‍റ് കീബോര്‍ഡിന്‍െറ നിരപ്പില്‍ വെക്കുമ്പോള്‍ കണ്ണുകള്‍ക്ക് കൂടുതല്‍ ആയാസമുണ്ടാക്കുന്ന രീതിയില്‍ മുകളിലേക്കും താഴേക്കും നോക്കേണ്ടതായി വരും. അതൊഴിവാക്കാന്‍ സ്ക്രീനിനോട് ചേര്‍ന്ന് ഒരു ‘ഡോക്യുമെന്‍റ് ഹോള്‍ഡര്‍’ ഘടിപ്പിക്കാവുന്നതാണ്. സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും സമ്പൂര്‍ണ നേത്രപരിശോധന നടത്തേണ്ടതാണ്. ഇതുകൂടാതെ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്‍െറ ലക്ഷണങ്ങളേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ ഒരു നേത്രരോഗ വിദഗ്ധന്‍െറ സേവനം തേടേണ്ടതാണ്.

എങ്ങിനെ പരിഹരിക്കാം


ശരിയായ നേത്രസംരക്ഷണത്തിലൂടെയും കംപ്യൂട്ടര്‍സ്ക്രീന്‍ ഉപയോഗിക്കുന്ന രീതിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെയും നമുക്ക് സിവിഎസ് ഒഴിവാക്കാം.
1. നേത്രസംരക്ഷണം
ചിലപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ക്കായി കണ്ണട ഉപയോഗിക്കേണ്ടാത്ത വ്യക്തികള്‍ക്കും കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍മാത്രം കണ്ണട വേണ്ടിവരാം. സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അതുകൊണ്ട് കംപ്യൂട്ടര്‍സ്ക്രീന്‍ വ്യക്തമാകണമെന്നില്ല. കംപ്യൂട്ടര്‍ ഉപയോഗത്തിനായി പ്രത്യേകം ആന്റിഗ്ളേയര്‍ കോട്ടിങ് (Anti glare coating) ഉള്ള കണ്ണടകളുണ്ട്. ഇത് മോണിറ്ററില്‍നിന്നുള്ള പ്രതിചലനം കുറയ്ക്കാന്‍ സഹായിക്കുന്നു. ടിന്റുള്ള ഗ്ളാസുകള്‍ കണ്ണിലേക്കെത്തുന്ന പ്രകാശരശ്മികള്‍ കുറയ്ക്കാന്‍ സഹായിക്കും. വെള്ളെഴുത്തിനുള്ള കണ്ണട കംപ്യൂട്ടര്‍ ഉപയോഗത്തിനു യോജ്യമല്ല. ഫോക്കസിങ്ങിന്റെ പ്രശ്നമുള്ളവര്‍ക്ക് ലഘുവായ ചില എക്സര്‍സൈസുകള്‍വഴി കാഴ്ച ആയാസരഹിതമാക്കാം.
20–20–20 റൂള്‍ : 
തുടര്‍ച്ചയായി സ്ക്രീനിലേക്കു നോക്കുമ്പോള്‍ കണ്ണിന്റെ ഫോക്കസ് ഒരു പോയിന്റിലേക്ക് ലോക്ക് ഇന്‍ ആകാം. ഇതു മാറ്റുന്നതിന് 20 മിനിറ്റ് തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കിയശേഷം 20 സെക്കന്‍ഡ് 20 അടി ദൂരെയുള്ള ഏതെങ്കിലും ഒരു പോയിന്റിലേക്ക് നോക്കുക. ഇത് കണ്ണുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും. 
കണ്ണുചിമ്മുക: 
നിരന്തരമായ കംപ്യൂട്ടര്‍ ഉപയോഗംമൂലം നമ്മുടെ കണ്ണുചിമ്മുന്നത് കുറയാം. സാധാരണയായി ഒരു വ്യക്തി 15–20 തവണ ഓരോ മിനിറ്റിലും കണ്ണ് ചിമ്മുമ്പോള്‍ കംപ്യൂട്ടറില്‍ ഫോക്കസ്ചെയ്യുന്ന ഒരാള്‍ അഞ്ചില്‍ത്താഴെ മാത്രമേ ചെയ്യൂ. ഇത് കണ്ണിന്റെ നനവ് കുറഞ്ഞ് വരണ്ടതാക്കും. അതുകൊണ്ട് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി ഇടയ്ക്കിടയ്ക്ക് ഓര്‍ത്ത് കണ്ണുചിമ്മണം. ഇത് കണ്ണുനീരിന്റെ നനവ് ലഭിച്ച് കണ്ണിന് പോഷണം ലഭിക്കാന്‍ സഹായിക്കും.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്ന രീതി
ശരിയായ ഇരിപ്പ്  വളരെ പ്രധാനമാണ്. 
1. സ്ക്രീനിന്റെ നടുവിലേക്കു നോക്കുമ്പോള്‍ കണ്ണിന്റെ ലെവലില്‍നിന്നും 15 മുതല്‍ 20 ഡിഗ്രി താഴോട്ട് ആകണം.
2. സ്ക്രീനില്‍നിന്നുള്ള ദൂരം 20–28 
ഇഞ്ച് ആകണം.
3. ആന്റിഗ്ളേര്‍ ഫില്‍ട്ടറുള്ള മോണിറ്ററുകള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍നിന്നുള്ള ഗ്ളേര്‍ കുറയ്ക്കാന്‍ സഹായിക്കും.
4. സ്ക്രീനിന്റെ ബ്രൈറ്റ്നസ് ചുറ്റുപാടുമുള്ള വെളിച്ചത്തേക്കാള്‍ കൂടുതലോ കുറവോ ആകരുത്. 
5. ഇരിക്കുന്ന രീതി – കംപ്യൂട്ടര്‍ വര്‍ക്ക്സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ കാല്‍ തറയിലൂന്നി നിവര്‍ന്ന് ആയാസരഹിതമായി ഇരിക്കുക. ടൈപ്പ് ചെയ്യുമ്പോള്‍ കൈത്തണ്ട കീബോര്‍ഡില്‍ അമര്‍ന്നുപോകാതെ വേണം ചെയ്യാന്‍. 
സാധ്യമെങ്കില്‍ ഒരു  ഡോക്യൂമെന്റ് ഹോള്‍ഡര്‍ മോണിറ്ററിനു സമീപം ഉപയോഗിക്കുക. ഇങ്ങനെ കൃത്യമായി നേത്രപരിശോധന നടത്തുകയും കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ രീതി അവലംബിക്കുകയുംചെയ്താല്‍ നമുക്ക് ഡിജിറ്റല്‍ ഐ സ്ട്രെയിനിന്റെ ക്ളേശങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

കടപ്പാട് : ഡോ. ഡോളി നസിയ, അല്‍സലാമ ഹോസ്പിറ്റൽ കോഴിക്കോട്,

ഡോ. അഞ്ജു ഹരീഷ് ,തിരുവനന്തപുരം പട്ടം എസ്യുടി ഹോസ്പിറ്റൽ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate