অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എക്സീമ

ചര്‍മ്മത്തിലുണ്ടാകുന്ന കോശജ്വലനപരമായ ഒരു അവസ്ഥയാണ് എക്സീമ. ചുവപ്പുനിറം, ചൊറിച്ചില്‍, വരണ്ട ചര്‍മ്മം, തടിപ്പുകള്‍, വിണ്ടുകീറല്‍ എന്നീ പ്രത്യേകതകളിലൂടെ ഇത് തിരിച്ചറിയാന്‍ സാധിക്കും. എക്സീമയെന്നാല്‍ നിരവധി ചര്‍മ്മ പ്രശ്നങ്ങളാണ്. എടോപിക് ഡെര്‍മാറ്റൈറ്റിസ് (ശരീരം ചൊറിഞ്ഞുപൊട്ടി കരപ്പന്‍ പോലെയുള്ള അവസ്ഥ) ആണ് ഇതിന്റെ ഏറ്റവും സാധാരണമായ രൂപം. ശിശുക്കളിലും പ്രായം കുറഞ്ഞ കുട്ടികളിലും എക്സിമ സാധാരണമായി കണ്ടുവരുന്നു. ചൊറിയുന്നതു മൂലം രോഗാവസ്ഥ കൂടുതല്‍ വഷളാവുന്നു. എന്നാല്‍, എക്സിമ പകരില്ല. എക്സിമയുള്ള വ്യക്തിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുന്നതില്‍ ബുദ്ധിമുട്ടു തോന്നേണ്ട കാര്യമില്ല.
എക്സീമയുടെ കാരണങ്ങളും അപകടസാധ്യതാ ഘടകങ്ങളും

എക്സീമയുടെ കാരണങ്ങള്‍

എക്സിമയ്ക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ടതും ജനിതകവുമായ കാരണങ്ങളുണ്ടാവാം. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും അലര്‍ജിയോ ആസ്ത്മയോ ഉണ്ടെങ്കില്‍ എക്സിമയ്ക്കുള്ള അപകടസാധ്യത കൂടുതലായിരിക്കും. എക്സിമയുള്ള കൂടുതല്‍ കുട്ടികള്‍ക്കും ആഹാരവുമായി ബന്ധപ്പെട്ട അലര്‍ജിയുമുണ്ടായിരിക്കും. നഗരത്തില്‍ താമസിക്കുന്നവര്‍ക്കായിരിക്കും ഈ അവസ്ഥയുണ്ടാകുന്നതിനുള്ള അപകടസാധ്യത കൂടുതല്‍.

എക്സീമയുടെ പ്രേരകങ്ങള്‍

എഎക്സിമയുടെ പ്രേരകങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്
  • ജലദോഷം
  • ചൂടും വിയര്‍പ്പും
  • കൃത്രിമനാരുപയോഗിച്ച്‌ നിര്‍മ്മിച്ച വസ്ത്രങ്ങളും ഡൈകളുമായുള്ള സമ്ബര്‍ക്കം
  • സോപ്പുകളില്‍ അടങ്ങിയിരിക്കുന്ന അസ്വസ്ഥതയുളവാക്കുന്ന രാസപദാര്‍ത്ഥങ്ങളുമായുള്ള സമ്ബര്‍ക്കം
  • പിരിമുറുക്കം
  • ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാതെ ഒന്നിലധികം തവണ കുളിക്കുക
പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലവും തൊലിപ്പുറത്തുള്ള അസുഖങ്ങള്‍ ഉണ്ടാകാം. വളരെയധികം വരണ്ട ചര്‍മ്മത്തില്‍ നിന്ന് എടോപിക് ഡെര്‍മാറ്റൈറ്റിസ് തിരിച്ചറിയാന്‍ സാധിക്കും. 'ഫിലാഗ്രിന്‍' എന്ന പ്രത്യേക പ്രോട്ടീനുകളുടെ കുറവാണ് ഇതിനു കാരണമെന്ന് കരുതുന്നു. വരള്‍ച്ച അധികമാക്കുന്ന ഘടകങ്ങള്‍ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും. ഹ്യുമിഡിഫയറുകള്‍ ഉപയോഗിക്കുന്നത് വരണ്ട ചുറ്റുപാടിനെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

എടോപിക് ഡെര്‍മാറ്റൈറ്റിസിന്റെ സാധാരണ കാരണങ്ങള്‍:

വീര്യം കൂടിയ ഡിറ്റര്‍ജന്റുകളും സോപ്പുകളും
കുറഞ്ഞ ഹ്യുമിഡിറ്റി
ലായകങ്ങള്‍
ഉരസല്‍
പരുക്കന്‍ വൂളന്‍ വസ്ത്രങ്ങള്‍
ലോഷനുകള്‍
വിയര്‍ക്കല്‍
സുഖകരമല്ലാത്ത പ്ളാസ്റ്റിക് അല്ലെങ്കില്‍ റബ്ബര്‍ കൈയുറകള്‍
സ്റ്റാഫിലോകോക്കൈ ബാക്ടീരിയ
അടിക്കടി ചര്‍മ്മം നനയ്ക്കുന്നതും ഉണക്കുന്നതും. ചിലയവസരങ്ങളില്‍, തൊഴില്‍പരമായി, നിരവധി തവണ കൈകള്‍ കഴുകേണ്ടിവരുന്നത് ഇതിനുദാഹരണമാണ്.
എക്സീമയുടെ ലക്ഷണങ്ങളും സൂചനകളും
എക്സിമയ്ക്ക് ഇടത്തരം അല്ലെങ്കില്‍ കടുത്ത ചൊറിച്ചില്‍ ഉണ്ടാകും
ചര്‍മ്മത്തിനു ചുവപ്പു നിറം, പ്രത്യേകിച്ച്‌ ബാധിച്ച ഭാഗങ്ങളില്‍
പൊട്ടിയാല്‍ ദ്രാവകമൊലിക്കുന്ന തരത്തിലുള്ള കുരുക്കള്‍
ചൊറി
ചര്‍മ്മത്തില്‍ തടിപ്പ് അല്ലെങ്കില്‍ ധാന്യമണികള്‍പോലെയുള്ള കുരുക്കള്‍
ചൊറിയുന്നതു മൂലം ചര്‍മ്മത്തിനു കട്ടി വര്‍ധിക്കല്‍
മൊരിച്ചിലുള്ളതും വരണ്ടതുമായ ചര്‍മ്മം
ചര്‍മ്മത്തിനു നിറവ്യത്യാസം

എക്സിമയുടെ തരങ്ങള്‍

എടോപിക് ഡെര്‍മാറ്റൈറ്റിസ് : ഏറ്റവും സാധാരണമായ എക്സിമ തരമാണിത്. ഇതുമൂലം ചര്‍മ്മം ചൊറിച്ചിലുള്ളതും വരണ്ടതും വിണ്ടുകീറിയതും ചുവപ്പുനിറമുള്ളതും വേദനയുള്ളതുമാവുന്നു
മറ്റു എക്സിമ തരങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
ഇറിറ്റന്റ് കോണ്ടാക്‌ട് എക്സിമ
ആസിഡ്, രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുമായി സമ്ബര്‍ക്കത്തിലാവുന്നതു മൂലം ചര്‍മ്മത്തിനു ചുവപ്പുനിറമുണ്ടാവുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യുക. ചിലയവസരങ്ങളില്‍ എരിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.

അലര്‍ജിക് കോണ്ടാക്‌ട് എക്സിമ

ചില പ്രത്യേക വസ്തുക്കള്‍, സൗന്ദര്യവര്‍ധക സാമഗ്രികള്‍, ചെടികള്‍ എന്നിവയുമായി സമ്ബര്‍ക്കത്തിലാവുന്നതു മൂലം അലര്‍ജിയിലൂടെ ഉണ്ടാകുന്ന എക്സിമയാണിത്. മോയിസ്ചറൈസറുകള്‍, സ്റ്റിറോയിഡുകള്‍ അടങ്ങിയ മരുന്നുകള്‍ എന്നിവയുള്‍പ്പെടുന്ന ചികിത്സയാണിതിനു നല്‍കുന്നത്.
ഡിസ്‌ഹൈഡ്രോറ്റിക് എക്സിമ
ഇത്തരം എക്സിമയുള്ളവരുടെ കാല്‍വെള്ളയിലും കൈവെള്ളയിലും എരിച്ചിലും ചൊറിച്ചിലുമുണ്ടാക്കുന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടും. പുറമെ പുരട്ടാനുള്ള സ്റ്റിറോയിഡുകളും കഴിക്കാനുള്ള മരുന്നുകളും ഉള്‍പ്പെടുന്നതാണ് ചികിത്സ.
നമ്മ്യുലര്‍ എക്സിമ
നല്ല ചൊറിച്ചിലുള്ളതും മൊരിപിടിച്ചതുമായ വട്ടത്തിലുള്ള പാടുകള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടും. പുറംതൊലിയില്‍ പഴുപ്പിന്റെയോ ദ്രാവകത്തിന്റെയോ ഉണങ്ങിയ അവശിഷ്ടങ്ങളും ഉണ്ടാകാം.
ഇളം ചൂടുള്ള വെള്ളത്തില്‍ കുളിച്ചശേഷം മോയിസ്ചറൈസ് ചെയ്യുന്നതും പരുക്കുകളില്‍ നിന്നും ചര്‍മ്മ തകരാറുകളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതുമാണ് സ്റ്റിറോയിഡു മരുന്നുകള്‍ കഴിക്കുന്നതിനു പുറമെ ചെയ്യാന്‍ സാധിക്കുന്നത്.
ന്യൂറോഡെര്‍മാറ്റൈറ്റിസ്
കൈത്തണ്ട, അരക്കെട്ട്, കാലുകള്‍, തല (മൊരിപിടിച്ച പാടുകളോടുകൂടി) തുടങ്ങിയ ഭാഗങ്ങളില്‍ മാത്രം ചൊറിച്ചില്‍ അനുഭവപ്പെടുന്ന തരം എക്സിമയാണിത്. ബാധിത പ്രദേശങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാലും ചൊറിയാതെ നിയന്ത്രിക്കുന്നത് ഇതിനുള്ള ചികിത്സയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. സ്റ്റിറോയിഡ് മരുന്നുകളാണ് ഇതിനു നിര്‍ദേശിക്കുക.
സ്റ്റാസിസ് ഡെര്‍മാറ്റൈറ്റിസ്
രക്തചംക്രമണത്തില്‍ വരുന്ന പ്രശ്നം മൂലം കാലുകളില്‍ അസ്വസ്ഥതയുണ്ടാകുന്നു. സ്റ്റിറോയിഡ് ക്രീമുകള്‍, മോയിസ്റ്റ് കം‌പ്രഷനുകള്‍, കാല്‍ ഉയര്‍ത്തിവയ്ക്കല്‍ (ഹൃദയത്തിന്റെ നിരപ്പിനു മുകളിലായി), ചര്‍മ്മത്തിനു വേണ്ട ലൂബ്രിക്കന്റുകള്‍ എന്നിവ ഇതിനുള്ള ചികിത്സയില്‍ ഉള്‍പ്പെടുന്നു.
സെബോറിക് എക്സിമ
മൊരിപിടിച്ചതും എണ്ണമയമുള്ളതുമായ പാടുകളിലൂടെ ഇത് തിരിച്ചറിയാന്‍ സാധിക്കും. മുഖം, തലയോട്ടി തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. പ്രത്യേക ഷാമ്ബൂകള്‍, ആന്റി-ഫംഗല്‍ ചികിത്സ, സ്റ്റിറോയിഡ് ലോഷനുകള്‍ എന്നിവയാണ് ഇതിനുള്ള സാധാരണ ചികിത്സ.

എക്സീമ - രോഗനിര്‍ണയം

സാധാരണരീതിയിലുള്ള ചര്‍മ്മ പരിശോധനയിലൂടെ ഡോക്ടര്‍ക്ക് എടോപിക് ഡെര്‍മാറ്റൈറ്റിസ് തിരിച്ചറിയാന്‍ സാധിക്കും.
നിങ്ങളുടെ ഭക്ഷണക്രമം, ജീവിതശൈലി (ഷാമ്ബൂ തുടങ്ങിയ സൗന്ദര്യവര്‍ധക സാമഗ്രികളുടെ ഉപയോഗം), കുടുംബാംഗങ്ങളുടെ അലര്‍ജിയുമായി ബന്ധപ്പെട്ട രോഗചരിത്രം (ഹേ ഫീവര്‍, ആസ്ത്മ തുടങ്ങിയവ) ചോദിച്ചറിയും.
സാധാരണഗതിയില്‍, രോഗനിര്‍ണയത്തിനായി പ്രത്യേക പരിശോധനകള്‍ വേണ്ടിവരില്ല. എന്നാല്‍, ചിലയവസരങ്ങളില്‍, അലര്‍ജിയുടെ പ്രേരകങ്ങളെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നിര്‍ദേശിച്ചേക്കാം.
എക്സീമ - ചികിത്സയും പ്രതിരോധവും
ചികിത്സ
ചര്‍മ്മത്തിനു വേണ്ട പരിപാലനം നല്‍കുകയാണ് എടോപിക് ഡെമാറ്റൈറ്റിസിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല വഴി. ഇതിനായി നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന വഴികളാണ് ഇനി പറയുന്നത്;
ചര്‍മ്മത്തിലെ പാടുകളില്‍ ചൊറിയാതിരിക്കുക.
ചൊറിച്ചിലിന്റെ ലക്ഷണങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനായി, പുറമേ പുരട്ടാവുന്ന സ്റ്റിറോയിഡ് അടങ്ങിയ ലോഷനുകളോ ഓയിന്മെന്റോ ഉപയോഗിക്കുക.
രോഗാവസ്ഥ വഷളാക്കുന്ന സംഗതികളെക്കുറിച്ച്‌ ജാഗ്രത പുലര്‍ത്തുക.
ചര്‍മ്മത്തിനു അസ്വസ്ഥതകളുള്ളവര്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനെക്കാള്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്.
കുളിക്കുമ്ബോള്‍ ചര്‍മ്മത്തില്‍ ശക്തമായി ഉരസാതിരിക്കുക.
വീര്യം കുറഞ്ഞ സോപ്പുകളും ഡിറ്റര്‍ജന്റുകളും ഉപയോഗിക്കുക.
പിരിമുറുക്കം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക.
ആന്റിഹിസ്റ്റമിനുകള്‍, കോര്‍ട്ടിക്കോസ്റ്റിറോയിഡുകള്‍, ഹൈഡ്രോകോര്‍ട്ടിസോണ്‍ തുടങ്ങിയവയും പ്രത്യേകതരം മോയിസ്ചറൈസറുകളും എക്സിമയ്ക്കുള്ള മരുന്നുകളില്‍ ഉള്‍പ്പെടുന്നു.
ലൈറ്റ് തെറാപ്പി, വെറ്റ് റാപ്പ് തെറാപ്പി, അലര്‍ജിക്കു കാരണമാവുന്ന വസ്തുക്കള്‍ ഒഴിവാക്കല്‍ തുടങ്ങിയവയും എക്സിമ ചികിത്സാ രീതികളാണ്.
എക്സീമയ്ക്കുള്ള വീട്ടുചികിത്സകള്‍
അലര്‍ജിക്കു കാരണമാവുന്ന പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് ഏറ്റവും മികച്ച സമീപനം. സുഗന്ധവസ്തുക്കള്‍ ചേരാത്ത വീര്യം കുറഞ്ഞ സോപ്പുകളും ഡിറ്റര്‍ജന്റുകളും ഉപയോഗിക്കുക.
ചര്‍മ്മം വരളാതിരിക്കുന്നതിന് ഇളം ചൂടുള്ള വെള്ളത്തില്‍ കൂടുതല്‍ സമയമെടുക്കാതെയുള്ള കുളിയാണ് ശുപാര്‍ശചെയ്യപ്പെടുന്നത്. കുളികഴിഞ്ഞ ഉടന്‍ ചര്‍മ്മം മൃദുവാക്കാന്‍ സഹായിക്കുന്ന ക്രീം പുരട്ടുന്നത് ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കും.
ഇറുക്കം കൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.
എടോപിക് ഡെര്‍മാറ്റൈറ്റിസിനെ നിയന്ത്രിക്കുന്നതിന് പുറമെ പുരട്ടാവുന്ന ആന്റി-ഇന്‍ഫ്ളമേറ്ററി ലോഷനുകളും ഉപയോഗിക്കുക
എക്സീമ -
സങ്കീര്‍ണതകള്‍
ചര്‍മ്മത്തില്‍ അണുബാധകള്‍
ചൊറിച്ചിലുള്ളതും മൊരിപിടിച്ചതുമായ ചര്‍മ്മം
ഇറിറ്റന്റ് ഹാന്‍ഡ് ഡെര്‍മാറ്റൈറ്റിസ്
കണ്ണില്‍ നിന്ന് വെള്ളമെടുക്കുക, കണ്‍പോളകളില്‍ തടിപ്പ്, ചെങ്കണ്ണ്
അലര്‍ജിക് ഡെര്‍മാറ്റൈറ്റിസ്
ഉറക്ക തകരാറുകള്‍
എക്സിമയെക്കുറിച്ച്‌ മനസ്സിലാക്കുകയും ക്ഷമ പ്രദര്‍ശിക്കുകയും ചെയ്താല്‍, അതിന്റെ ലക്ഷണങ്ങള്‍ അസ്വസ്ഥതയും ബുദ്ധിമുട്ടുമുണ്ടാക്കുന്നതുമാണെങ്കില്‍ പോലും, നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല
സൂചനകള്‍, ലക്ഷണങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍ എന്നിവയെക്കുറിച്ചുള്ള ഒരു കുറിപ്പ് തയ്യാറാക്കിയിട്ടു വേണം ഡോക്ടറെ കാണേണ്ടത്. നിങ്ങളുടെ സംശയങ്ങളെക്കുറിച്ചും ഡോക്ടറുമായി ചര്‍ച്ചചെയ്യുക
ത്വക്‌രോഗ വിദഗ്ധന്‍/വിദഗ്ധയുടെ നിരീക്ഷണം ആവശ്യമുള്ള, ദീര്‍ഘകാലം നിലനില്‍ക്കുന്ന, ഒരു രോഗാവസ്ഥയാണ് എക്സിമ. ഇതിനായി അലര്‍ജി ചികിത്സയും ആവശ്യമായിവന്നേക്കാം.

അപകടസൂചനകള്‍

യുവാക്കളെ സംബന്ധിച്ചിടത്തോളം നിരാശയും പിരിമുറുക്കവും സൃഷ്ടിക്കുന്നതായിരിക്കും എക്സീമ ബാധ. ഇത് വിഷാദരോഗത്തിലേക്ക് നയിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം. ശരിയായ ചികിത്സയ്ക്കൊപ്പം കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും മറ്റുമുള്ള പിന്തുണയും പ്രാധാന്യമര്‍ഹിക്കുന്നു.
കടപ്പാട്:modasma malayalam-epaper

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate