অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉദരമേദസ്സ്‌

ഉദരമേദസ്സ്‌

പാശ്ചാത്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതീയർക്ക്‌ ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞുകൂടാനുള്ള പ്രവണത വളരെ കൂടുതലാണ്‌. ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞു കൂടുമ്പോൾ പ്രമേഹരോഗം ക്ഷണിച്ചുവരുത്താനുള്ള പ്രവണതയും ഏറുന്നു. ഉദര മേദസ്സിന്റെ ഒരു സൂചികയായി നമുക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ സ്വീകരിക്കാം. സ്‌ത്രീകൾക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ 80 സെ.മീറ്ററിൽ അധികമാണെങ്കിൽ അവർക്ക്‌ പ്രമേഹവും രക്തസമ്മർദ്ദവും മറ്റും പിടിപെടാനുള്ള സാധ്യത ഇരട്ടിയിൽ ഏറെയാണ്‌. പുരുഷന്മാർക്ക്‌ ശുപാർശ ചെയ്‌തിരിക്കുന്ന ചുറ്റളവ്‌ പരമാവധി 90 സെ. മീറ്റർ ആണ്‌. ഈ പരിധി കഴിഞ്ഞാൽ അവർക്കും മറ്റു ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കാനുള്ള പ്രവണത ഏറുന്നു. പ്രായമായവരുടെ ഇടയിൽ കൂടുതൽ പേർക്കും ഉദരമേദസ്സ്‌ ഉള്ളതായി കാണാറുണ്ട്‌. ഇത്‌ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നുമുണ്ട്‌. മിതമായ ആഹാരവും ശരിയായ വ്യായാമചര്യയും കൂടിയാവുമ്പോൾ ഉദരമേദസ്സിനെ നിയന്ത്രിക്കാൻ സാധിക്കും എന്ന്‌ അനുഭവങ്ങൾ തെളിയിക്കുന്നു.

സർവ്വസാധാരണയായി പൊണ്ണത്തടിയുടെ പ്രാചുര്യം അളക്കാൻ ഉപയോഗിക്കുന്ന മാപനം ബോഡി മാസ്‌ ഇന്റക്‌സ്‌ (ബി.എം.ഐ) എന്ന സൂചികയാണ്‌. ശരീരഭാരവും ഉയരവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു മാപനമാണ്‌ ബോഡി മാസ്‌ ഇന്റക്‌സ്‌ (ബി.എം.ഐ) കണക്കാക്കാനുള്ള സമവാക്യം ഇതാണ്‌.


സമൂഹത്തിൽ നടത്തിയ പഠനങ്ങളുടെ ഫലമായി ആരോഗ്യനിലവാരവും ബി.എം.ഐ.യും തമ്മിലുള്ള ബന്ധം താഴെ ചേർത്തിരിക്കുന്ന പട്ടികയിൽ നിന്ന്‌ വ്യക്തമാകും.

ആരോഗ്യ നിലവാരം ബി.എം.ഐ ഭാരക്കുറവ്‌ 18.5-ൽ കുറവ്‌ തൃപ്‌തികരം 18.5 - 24.9 വരെ അമിതഭാരം 25-29.9 വരെ പൊണ്ണത്തടി (ദുർമ്മേദസ്സ്‌) 30 മുതൽ

പൊണ്ണത്തടിയുടെ പ്രാചുര്യം (BMI > 25)

വളരെ അസ്വസ്‌ഥതയുണ്ടാക്കുന്ന ഒരു ചിത്രമാണ്‌ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന പട്ടികകളിൽ നിന്നും വ്യക്തമാകുന്നത്‌. നഗരപ്രദേശത്തും ഗ്രാമപ്രദേശത്തും ഏറെക്കുറെ 40 മുതൽ 54 ശതമാനം വരെ ആളുകൾക്ക്‌ അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ട്‌ എന്നു കാണാം. വാഹനങ്ങളുടെ അമിതമായ ഉപയോഗവും തൊഴിൽപരമായ വ്യത്യസ്‌തതയും കൊണ്ട്‌ നഗര പ്രദേശങ്ങളിൽ നാം പൊണ്ണത്തടിയുടെ പ്രാചുര്യം കൂടുതൽ പ്രതീക്ഷിക്കും. എന്നാൽ വർക്കല പോലുള്ള ഒരു ഗ്രാമ/അർദ്ധ നഗരപ്രദേശത്ത്‌ നഗരപ്രദേശത്തോടടുത്തു നിൽക്കുന്ന രീതിയിൽ അമിതഭാരം/പൊണ്ണത്തടി ഉണ്ട്‌ എന്നത്‌ നമ്മെ വിഷമിപ്പിക്കുന്നു. നഗര - ഗ്രാമ പ്രദേശങ്ങളിലെ ജീവിതരീതികളിൽ കാര്യമായ മാറ്റമില്ല എന്നതാണ്‌ ഇതു നമ്മെ പഠിപ്പിക്കുന്നത്‌. വരാനിരിക്കുന്ന ഒരു വൻവിപത്തിന്റെ മുന്നോടിയായിട്ട്‌ ഇതിനെ നാം കാണണം. സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഈ ആശയം എത്തിക്കുകയും വേണം.

അധികഭാരം കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകൾ

ഭാരാധിക്യം ഉള്ള വ്യക്തികൾക്ക്‌ അധികമായി കണ്ടുവരുന്ന രോഗങ്ങൾ ഇനി ചേർക്കുന്നു.

? പ്രമേഹം

? ഉയർന്ന രക്തസമ്മർദ്ദം

? ഹൃദ്രോഗം

? പക്ഷാഘാതം

? പിത്തസഞ്ചി സംബന്ധിക്കുന്ന രോഗങ്ങൾ

? സ്ഥായിഭാവമുള്ള ശ്വാസകോശ രോഗങ്ങൾ

? സന്ധിവാതം

? ചില അർബുദങ്ങൾ (പ്രത്യേകിച്ചും സ്‌തനാർബുദം)

അമിതഭാരം/ പൊണ്ണത്തടി എങ്ങനെയാണ്‌ ഈ രോഗങ്ങൾക്ക്‌ നിദാനമാകുന്നത്‌ എന്നത്‌ പരിപൂർണ്ണമായും വ്യക്തമല്ല. അമിതാഹാരം വഴി ലഭ്യമാകുന്ന ഊർജ്‌ജം വിവിധതരം കൊഴുപ്പുകളായി ശരീരത്തിൽ സംഭരിക്കപ്പെടുന്നതായി പറഞ്ഞുവല്ലോ. ഇതിന്റെ ഭാഗമായി രക്തക്കുഴലുകളിലും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നു. ഇതൊക്കെയാവാം ഈ രോഗങ്ങൾക്ക്‌ അടിസ്‌ഥാനകാരണമായി പ്രവർത്തിക്കുന്നത്‌. ഈ രോഗങ്ങളുടെ നിയന്ത്രണം സാധ്യമാകണമെങ്കിൽ അമിതഭാരം/പൊണ്ണത്തടി നിയന്ത്രിച്ചുകൊണ്ടുമാത്രമേ കഴിയുകയുള്ളു. അമിതഭാരം/പൊണ്ണത്തടി നിയന്ത്രിക്കുന്നതിന്‌ ഇനിപ്പറയുന്ന ചില നടപടികളെ കുറിച്ച്‌ ചിന്തിക്കാം.

1. ആരോഗ്യകരമായ ആഹാരരീതി. നമ്മുടെ പരമ്പരാഗത ആഹാര രീതികൾ പലതും ആരോഗ്യകരമാണ്‌. എന്നാൽ ആധുനിക യുഗത്തിലെ ഫാസ്‌റ്റ്‌ഫുഡ്‌ സംസ്‌കാരം ഊർജ്‌ജസാന്ദ്രതയുള്ള ആഹാരം കൂടുതൽ കഴിക്കുവാൻ സാഹചര്യമുണ്ടാക്കുന്നു. സ്വാഭാവികമായും ശരീരത്തിന്‌ ആവശ്യത്തിൽ കൂടുതൽ ഊർജ്‌ജം ലഭിക്കുകയും കൊഴുപ്പുകളായി അടിയുകയും ചെയ്യുന്നു. ആഹാരത്തിലെ കൊഴുപ്പുകളുടെ ഊർജ്‌ജസംഭാവന ആരോഗ്യകരമായ ആഹാരക്രമത്തിൽ 20% ൽ താഴെയാണ്‌. എന്നാൽ മലയാളികളുടെ ഇടയിൽ ഇത്‌ 30 മുതൽ 37% വരെ ഉയർന്നുനിൽക്കുന്നു. കൊഴുപ്പിന്റെ അളവ്‌ 20% ൽ താഴെ നിർത്തിയിട്ടുള്ള ആഹാരക്രമം ശരീരഭാരം വർദ്ധിപ്പിക്കാതെ നിലനിർത്താനായാൽ അതുതന്നെയാണ്‌ അമിതഭാരം/ പൊണ്ണത്തടി നിയന്ത്രണത്തിന്റെ ആദ്യത്തെ ചുവടുവയ്‌പ്‌.

2. കായിക പ്രവൃത്തി - മുമ്പു സൂചിപ്പിച്ചതുപോലെ കായിക പ്രവൃത്തിയോടുള്ള വിമുഖതയാണ്‌ അമിതഭാരം/പൊണ്ണത്തടിയുടെ കാരണം എന്നതുകൊണ്ട്‌ കായികസംസ്‌കാരം വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ഈ രോഗനിയന്ത്രണവും സാധ്യമാകൂ. വ്യാപകമായ ആരോഗ്യവിദ്യാഭ്യാസമാണ്‌ ഇതിന്‌ ആദ്യം ആവശ്യം. ജനസാന്ദ്രതകൂടിയ സംസ്‌ഥാനങ്ങളിലൊന്നായ കേരളത്തിലെ ഗ്രാമങ്ങളിൽപോലും കളിക്കളങ്ങളുടെ അപര്യാപ്‌തത നേരിടുന്നുണ്ട്‌. കുട്ടികൾ ശരീരത്തിന്‌ വ്യായാമം ലഭിക്കുന്ന കളികളിൽനിന്നും കമ്പ്യൂട്ടർ ഗെയിമുകളിലേക്കും മറ്റ്‌ ശരീരം അനങ്ങാത്ത വിനോദങ്ങളിലേയ്‌ക്കും നീങ്ങിക്കൊണ്ടിരിക്കുന്നു എന്നത്‌ ഏറെ ഭീതി ജനകമാണ്‌. കളിക്കളങ്ങളെ ആവശ്യത്തിന്‌ വികസിപ്പിക്കേണ്ടത്‌ പുതിയ സംസ്‌കാരത്തിന്റെ വളർച്ചയ്‌ക്ക്‌ അനിവാര്യമാണ്‌. കുട്ടിക്കാലത്തു തന്നെ ഇത്തരം സ്വഭാവം വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ഭാവിതലമുറയെങ്കിലും അപകടത്തിൽ നിന്നും രക്ഷനേടൂ. കൂടാതെ മൂന്നിലൊന്ന്‌ അമിത ഭാര/പൊണ്ണത്തടി രോഗികളും ഈ സ്വഭാവം ആർജ്‌ജിക്കുന്നത്‌ കുട്ടിക്കാലം മുതലാണ്‌ എന്നും ഓർക്കണം.

പ്രായപൂർത്തി ആയവരിൽ കായിക പ്രവർത്തനം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിവിധ തരത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്‌. അഭിരുചിക്കനുസരിച്ചുള്ള ചെറുചെറു കൂട്ടങ്ങൾ രൂപപ്പെടുത്തുകയും അവരുടെ സ്വന്തം ജീവിതത്തിനുവേണ്ടി നടക്കാനോ ഓടാനോ കായിക പ്രവൃത്തി ആവശ്യമുള്ള കളികളിലേർപ്പെടാനോ ഉള്ള അവസരം സൃഷ്‌ടിക്കണം.

കുട്ടികളിലായാലും മുതിർന്നവരിലായാലും കായിക പ്രവൃത്തി ആവശ്യമുള്ള കളികൾ ശാരീരിക ആരോഗ്യത്തിനുപരി മാനസിക ആരോഗ്യത്തിനെയും വികസിപ്പിക്കാൻ സഹായിക്കും. ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കങ്ങളെയും ആത്‌മഹത്യാ പ്രവണതകളെയും ഈ പശ്‌ചാത്തലത്തിൽ വിശകലനം ചെയ്യുന്നത്‌ നന്നായിരിക്കും.

കായിക പ്രവൃത്തികളെയും കളികളെയും പറ്റി സംസാരിക്കുമ്പോൾ പ്രധാനമായും പുരുഷന്മാരുടെ വീക്ഷണകോണുകളിലൂടെയാണ്‌ കാര്യങ്ങൾ അവതരിപ്പിക്കുക. എന്നാൽ 50%ലേറെ സ്‌ത്രീകൾ അമിതഭാരം/പൊണ്ണത്തടി ഉള്ളവരാണ്‌. നിലവിലുള്ള സാമൂഹ്യസാഹചര്യം അവരെ കളിക്കുവാനോ നടക്കുവാനോ ഓടുവാനോ അനുവദിക്കുന്നില്ല, പ്രത്യേകിച്ചും മുതിർന്നവരെ. സമൂലമായ ഒരു മാറ്റം സമീപനങ്ങളിൽ ഇവിടെ ആവശ്യമാണ്‌. സ്‌ത്രീകളെയും കായിക ആഭിമുഖ്യമുള്ളവരാക്കി മാറ്റേണ്ടത്‌ രോഗസാധ്യത കുറയ്‌ക്കുവാൻ വളരെ അത്യാവശ്യമാണ്‌.

3. അമിതഭാരം/ പൊണ്ണത്തടി കുറയ്‌ക്കുവാൻ അപൂർവ്വമായി ചില ചികിത്സാരീതികളെയും അവലംബിക്കാറുണ്ട്‌. എന്നാൽ ഇത്തരം ചികിത്സാരീതികൾ എല്ലാം തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കനത്തവില കൊടുത്തുകൊണ്ടു മാത്രമേ നടത്തുവാനാവൂ. ശരീരം രൂപപ്പെടുത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങളിൽ പലതിനും ശാസ്‌ത്രീയ അടിത്തറ ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്‌.

പൊണ്ണത്തടിയെ ഒരു ശാരീരികാവസ്ഥ എന്നതിനു പുറമേ ഒരു രോഗമായി ആണ്‌ ലോകാരോഗ്യ സംഘടന ഇപ്പോൾ നിർവചിച്ചിരിക്കുന്നത്‌. ബി.എം.ഐ 25 കഴിയുമ്പോഴാണ്‌ അധികഭാരം എന്ന്‌ ലോകാരോഗ്യ സംഘടന നിർവചിക്കുമ്പോഴും, ബി.എം.ഐ 23 കഴിയുമ്പോൾ തന്നെ അപകടസാധ്യത ഏറുന്നു എന്ന്‌ കേരളത്തിലെ പഠനങ്ങൾ വ്യക്തമാക്കുന്നു. അധിക ഭാര നിയന്ത്രണത്തിന്‌ ഔഷധ ചികിത്സയ്‌ക്കും ശാസ്‌ത്രീയതയ്‌ക്ക്‌ വളരെ ചെറിയ ഒരു സ്ഥാനം മാത്രമേയുള്ളു. വ്യായാമവും ആഹാരവും സന്തുലിതമാക്കുന്നതിലൂടെ മാത്രമേ നമുക്ക്‌ അധികഭാരം നിയന്ത്രിക്കുവാൻ സാധിക്കൂ. മലയാളിയുടെ ഭക്ഷണത്തിലെ വളരെ പ്രധാനപ്പെട്ട ഘടകമായ തേങ്ങയുടെ ഉപയോഗം കുറക്കുമ്പോൾ തന്നെ നമ്മുടെ ആഹാരത്തിലെ ഊർജ്ജസാന്ദ്രത കാര്യമായി കുറയ്‌ക്കാൻ നമുക്ക്‌ സാധിക്കും. ഇപ്പോൾ ഉള്ളതിനേക്കാൾ ഏറെ ദൈനംദിന വ്യായാമത്തിൽ ഏർപ്പെടും എന്ന ദൃഢനിശ്ചയവും കൂടിയാവുമ്പോൾ നമ്മുടെ സമൂഹത്തിൽ ഇന്ന്‌ പ്രചുരമായിരിക്കുന്ന അധികഭാരത്തിന്‌ കടിഞ്ഞാണിടാൻ നമുക്ക്‌ സാധിക്കും എന്നതിന്‌ സംശയമില്ല


അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate