অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ ശീലങ്ങള്‍

ചിട്ടയായ ജീവിത ചര്യകളാണ്‌ ആരോഗ്യത്തിന്റെ അടിസ്‌ഥാനം. ഇന്നലെവരെ പിന്തുടര്‍ന്നുവന്ന തെറ്റായ രീതികള്‍ക്ക്‌ പുതുവര്‍ഷത്തോടെ മാറ്റം വരുത്താം. അതൊരു പ്രതിജ്‌ഞയാവട്ടെ. പുതുവര്‍ഷത്തില്‍ ആരോഗ്യകരമായ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കായി 101 ആരോഗ്യശീലങ്ങള്‍.

''ജനുവരി ഒന്നു ഞാന്‍ മാറും. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യും. രാവിലെ നേരത്തെ എഴുന്നേല്‍ക്കും. വ്യായാമം ചെയ്യും. ജോലികളെല്ലാം പറഞ്ഞ സമയത്തു തന്നെ ചെയ്യും....'' എല്ലാ വര്‍ഷാവസാനവും മിക്കവരും എടുക്കുന്ന കഠിനശപഥമാണിത.്‌

എന്നാല്‍ ഈ ശപഥത്തിന്‌ ഒരു ദിവസത്തിന്റെ പോലും ആയുസ്‌ ഉണ്ടാകില്ല. പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ തന്നെ ഓരോരുത്തര്‍ക്കും അത്‌ നടപ്പാക്കാന്‍ പറ്റും എന്ന ബോധ്യമുണ്ടായിരിക്കണം. അതുകൊണ്ട്‌ വളരെ ലളിതമായ തീരുമാനങ്ങള്‍ ആദ്യമെടുക്കുക.

അത്‌ നടപ്പാക്കിയതിനു ശേഷം മാത്രം കഠിനമായ ശപഥങ്ങള്‍ എടുത്താല്‍ മതി. തീരുമാനങ്ങള്‍ ആരോഗ്യകരമാകണം. പുതുവര്‍ഷത്തില്‍ സ്വയം ഒരുങ്ങി ജീവിതം ചിട്ടയുള്ളതാക്കാന്‍ 101 ആരോഗ്യശീലങ്ങള്‍.

അടുക്കും ചിട്ടയുമുള്ള ജീവിതം

ചിട്ടയായ ജീവിതമാണ്‌ ആരോഗ്യത്തിന്റെ താക്കോല്‍. ടൈം മാനേജ്‌മെന്റിന്‌ ഇതില്‍ പ്രധാന പങ്കുണ്ട.്‌ ഒരു ദിവസം 6 മണിക്ക്‌ എഴുന്നേല്‍ക്കും. പിറ്റേ ദിവസം 7 മണിക്ക.്‌ പിന്നെ 5 മണിക്ക്‌.

ഇത്തരത്തിലുള്ള ശൈലി നല്ലതല്ല. സമയം തെറ്റി കിടക്കുന്നതും എഴുന്നേല്‍ക്കുന്നതും നമ്മുടെ ശരീരത്തെ ദോഷകാരമായി ബാധിക്കും. ശരീരത്തിലെ 'ബയോളജിക്കല്‍ ക്ലോക്കി'ന്റെ പ്രവര്‍ത്തനം താളം തെറ്റും. ഉറക്കക്കുറവ,്‌ ദഹനമില്ലായ്‌മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ ഇത്‌ നയിക്കും.

1. രാവിലെ എഴുന്നേല്‍ക്കുന്നതിനും രാത്രി കിടക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുള്‍പ്പെടെ കൃത്യമായ സമയം പാലിക്കാന്‍ ശ്രമിക്കുക. 'ടൈം മാനേജ്‌മെന്റ'്‌ വളരെ പ്രധാനമാണ്‌. മറ്റെല്ലാ കാര്യങ്ങളെയും മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ടൈമിങ്ങ്‌ കൃത്യമായിരിക്കണം.
2. ഓരോ കാര്യം ചെയ്യുമ്പോഴും വ്യക്‌തമായ പ്ലാനിങ്ങ്‌ ഉണ്ടായിരിക്കണം. ഓരോ ദിവസവും ചെയ്യേണ്ടേതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ മനസില്‍ കണക്കുകൂട്ടുക. ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍ഗണനാടിസ്‌ഥാനത്തില്‍ ചെയ്യുക.
3. ഡിസിപ്ലിന്‍ ഓരോരുത്തരുടെയും വ്യക്‌തിത്വത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. അച്ചടക്കം ജീവിത വിജയത്തിനു തന്നെ അത്യന്താപേക്ഷിതമാണ.്‌ മികച്ച അച്ചടക്കം ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തും.
4. ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ ലിസ്‌റ്റ് ചെയ്യുക. ഇത്‌ ഓര്‍മ്മക്കുറവ്‌ പരിഹരിക്കും. ഭൂരിഭാഗം ആളുകളും മറവിയെ പഴിക്കുന്നവരാണ.്‌ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തലേ ദിവസം നടന്ന കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്നത്‌ ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
5. വീട്ടില്‍ ഓഫീസില്‍ എല്ലാം കൃത്യമായി അടുക്കിവെയ്‌ക്കുക. അടുക്കി വൃത്തിയായി വെയ്‌ക്കുന്ന ശീലം എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കും. ഓരോന്ന്‌ തിരഞ്ഞ്‌ സമയം പാഴാക്കാതെയുമിരിക്കാം.
6. സ്വന്തം കാര്യങ്ങളില്‍ പൂര്‍ണമായ ഉത്തരവാദിത്വമുണ്ടായിരക്കണം.മറ്റുള്ളവരുടെ തലയില്‍ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്ന ശീലം നല്ലതല്ല.
7. ഓഫീസിലെയും വീട്ടിലെയും കാര്യങ്ങളെ ഇടകലര്‍ത്തരുത്‌.ഇത്‌ കുടുംബത്തെ ബാധിക്കും. മാനസികമായ സന്തോഷം ഇല്ലാതാക്കും
8. ഓഫീസിലായാലും വീട്ടിലായാലും കാര്യങ്ങള്‍ കൃത്യ സമയത്തു തന്നെ ചെയ്‌തു തീര്‍ക്കാന്‍ ശ്രമിക്കണം. ഇത്‌ വീണ്ടും വീണ്ടും കാര്യങ്ങള്‍ മാറ്റിവെയ്‌ക്കാന്‍ പ്രേരിപ്പിക്കും
9. ജീവിതത്തിന്‌ വ്യക്‌തമായ ഒരു ലക്ഷ്യം രൂപീകരിക്കുക. അതിലേയ്‌ക്ക് എത്താന്‍ അടുക്കും ചിട്ടയും വളരെയധികം സഹായിക്കും.
10. വിദ്യാര്‍ഥികള്‍ പഠന കാര്യങ്ങള്‍ക്കായി പ്രത്യേകം ഒരു ഫയല്‍ തയ്യാറാക്കി സൂക്ഷിക്കണം. മികച്ച രീതിയിലുള്ള പഠനത്തിന്‌് ഈ പ്ലാനിങ്ങ്‌ സഹായിക്കും.

വ്യക്‌തി ശുചിത്വം

ശരീരം വൃത്തിയാക്കിയതു കൊണ്ടു മാത്രം വ്യക്‌തി ശുചിത്വം പൂര്‍ണമാകില്ല. പരിസര ശുചിത്വവും ആവശ്യമാണ.്‌ അലക്കി തേച്ച വസ്‌ത്രങ്ങളും വൃത്തിയുള്ള പാദരക്ഷകളും വരെ നീളുന്നതാണ്‌ ശുചിത്വം.

11. വൃത്തിയുള്ള വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ഒരു ദിവസം ഉപയോഗിച്ച വസ്‌ത്രം വീണ്ടും ഉപയോഗിക്കുന്നത്‌ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനിടയാക്കും.
12. ദിവസവും രണ്ടു നേരം കുളിക്കുക. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചു വരുന്ന ഈ കാലത്ത്‌ ശരീര ശുചിത്വം വളരെ ആവശ്യമാണ്‌.
13. വൃത്തിയായ സാഹചര്യത്തില്‍ ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ കൂടിയും അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്‌. ഇത്‌ ഭക്ഷ്യ വിഷബാധയിലേക്ക്‌ നയിക്കും.
14. മറ്റുള്ളവരുടെ വസ്‌ത്രങ്ങള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. ഇത്‌ ചര്‍മ്മ രോഗങ്ങള്‍ക്കും മറ്റും ഇടയാക്കും.
15. ഹാന്‍ഡ്‌ കര്‍ച്ചീഫ്‌ ഉപയോഗിക്കുക അത്‌ വൃത്തിയായി സൂക്ഷിക്കുക
16. രണ്ടു നേരവും ബ്രഷ്‌ ചെയ്യുന്നത്‌ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
17. രോഗങ്ങളുള്ളപ്പോള്‍ മുന്‍കരുതലുകളെടുക്കുക. ആശുപത്രികളിലും മറ്റും രോഗികളെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക.
18. അമിത വിയര്‍പ്പുള്ളവര്‍ രണ്ടു നേരമെങ്കിലും നിര്‍ബന്ധമായും കുളിക്കണം കാലാവസ്‌ഥയ്‌ക്കനുസരിച്ച്‌ ഇളം ചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാം
19. പ്ലാസ്‌റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കുക. ഇതു വഴി പരിസര മലിനീകരണവും തടയാം
20. വ്യക്‌തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും പാലിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കാത്തതു കൊണ്ടാണ്‌ പുതിയ രോഗങ്ങള്‍ ഉണ്ടാകുന്നത്‌. പ്രത്യേകിച്ച്‌ മൃഗങ്ങളില്‍ നിന്നും ജലത്തില്‍ നിന്നും മനുഷ്യരിലേക്കു പകരുന്നവ.

വ്യായാമം മറക്കരുത്‌

ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ക്കും ചെയ്യുന്ന ജോലിക്കനുസരിച്ച്‌ ഊര്‍ജം ചെലവാക്കുവാന്‍ അവസരമില്ല. അതുകൊണ്ട്‌ തന്നെ വ്യായാമത്തിന്റെ പ്രധാന്യവും ശ്രദ്ധിക്കണം.

21. ദിവസവും രാവിലെ 1 മണിക്കൂര്‍ നടത്തം ശീലിക്കുക. പ്രഭാത സവാരി ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉന്മേഷം നല്‍കും
22. സ്വമ്മിങ്‌, സൈക്ലിങ്‌, വാക്കിങ്‌ തുടങ്ങി താല്‍പര്യമുള്ള എന്തും പരീക്ഷിക്കാം. സൈക്ലിങ്‌ ഒരു സമ്പൂര്‍ണ വ്യായാമമാണ്‌.
23. നടക്കുന്നതിനോട്‌ വിമുഖത തോന്നുന്നവര്‍ക്ക്‌ പുതിയ സ്‌ഥലങ്ങള്‍ തേടാം ഇത്‌ മാനസികമായ ഉണര്‍വ്‌ നല്‍കും.
24. ഇന്നത്തെ സാഹചര്യത്തിന്‌ ജിമ്മിലോ വീട്ടിലോ വര്‍ക്കൗട്ട്‌ ചെയ്യുന്നതാകും നല്ലത.്‌ ഇഷ്‌ടമുള്ള സമയം തിരഞ്ഞെടുത്ത്‌ വ്യായാമം ചെയ്യാന്‍ കഴിയുന്നതിനോടൊപ്പം ഒരു ഗൈഡിന്റെ നിര്‍ദേശം തേടുന്നതും നല്ലതാണ്‌.
25. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം കാര്യങ്ങള്‍ ക്രമീകരിക്കുക.

26. സമയമുള്ളപ്പോള്‍ കൃഷി പണികളിലേര്‍പ്പെടുന്നത്‌ മികച്ച ഒരു വ്യായാമമാണ്‌ ആരോഗ്യമുള്ള ജീവിതത്തോടൊപ്പം വിഷമില്ലാത്ത ഭക്ഷണവും കഴിക്കാം.
27. കഠിന വ്യായാമങ്ങള്‍ ഒഴിവാക്കുക. പ്രത്യേകിച്ചും രോഗമുള്ളവര്‍ ഹൃദ്രോഗവും മറ്റുമുള്ളവര്‍ ഭാരമേറിയ വ്യായാമമുറകള്‍ ചെയ്യരുത്‌.
28. കളരി, കരാട്ടെ തുടങ്ങിയ ആയോധന കലകളില്‍ ഏതെങ്കിലും അഭ്യസിക്കുന്നത്‌ ശരീരത്തിന്‌ വഴക്കം നല്‍കും.
29. ശ്വസന വ്യായാമങ്ങള്‍ കൂടുതല്‍ ചെയ്യുന്നത്‌ രക്‌തയോട്ടം വര്‍ധിപ്പിക്കാനും ശരീരത്തില്‍ ഓക്‌സിജന്റെ ക്രമീകരണത്തിനും സഹായിക്കും.
30. വ്യായാമത്തിനു തിരഞ്ഞെടുക്കുന്ന സമയത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. അതിരാവിലെയോ വൈകിട്ടോ ആണ്‌ നല്ലത.്‌
31. പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. അത്‌ ഒഴിവാക്കികൊണ്ട്‌ ദിവസം എന്തുകഴിച്ചാലും ആ ഗുണം ശരീരത്തിന്‌ ലഭിക്കില്ല.
32. കൊഴുപ്പുകുറവുള്ള പെട്ടെന്ന്‌ ദഹിക്കുന്ന ആഹാരം കഴിക്കുക. ശരീരത്തിന്റെ ദഹനപ്രക്രിയയെ എളുപ്പമാക്കാന്‍ ഇതിലൂടെ കഴിയും
33. ഭക്ഷണം കഴിക്കുന്നതിന്റെ അളവിലും വളരെ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരത്തില്‍ നിന്നും 50 ശതമാനം ഉച്ചഭക്ഷണത്തില്‍ നിന്ന്‌ 30 ശതമാനം വൈകുന്നേരം കഴിക്കുന്നതില്‍ നിന്ന്‌ 20 ശതമാനം എന്നീ അളവിലാണ്‌ ശരീരത്തിന്‌ ഊര്‍ജം ലഭിക്കേണ്ടത.്‌
34. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. ഊര്‍ജം ചെലവാക്കുന്നതിനനുസരിച്ച്‌ മാത്രം ഭക്ഷണം കഴിക്കുക പ്രത്യേകിച്ച്‌ ഓരോരുത്തരും ചെയ്യുന്ന ജോലിയുടെ അടിസ്‌ഥാനത്തില്‍ കായികാധ്വാനമേറിയ പണികളില്‍ ഏര്‍പ്പെടുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ നേര്‍ പകുതി മാത്രമേ ഓഫീസ്‌ ജോലികളിലേര്‍പ്പെടുന്നവര്‍ക്ക്‌ ആവശ്യമുള്ളൂ.
35. ഫാസ്‌റ്റ് ഫുഡ്‌ ഇന്നത്തെ ജീവിത രീതിയുടെ ഭാഗമാണ.്‌ ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വല്ലപ്പോപ്പോഴും മാത്രമാക്കുക. വീട്ടില്‍ തയാറാക്കുന്ന ഫാസ്‌റ്റ് ഫുഡിന്‌ കടകളില്‍ നിന്നു വാങ്ങുന്നതിന്റെയത്ര മായമുണ്ടാകില്ല.
36. ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം പരമാവധി 8 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം രാവിലെ ഉണര്‍ന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നത്‌ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ സുഗമമാക്കും
37. മാംസാഹാരം അമിതമായി കഴിക്കരുത.്‌ ഇത്‌ ശരീരോഷ്‌മാവ്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ കാരണമാകും
38. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമടങ്ങിയ സമീകൃതാഹാരം ശീലമാക്കാം.
39. കഴിവതും ഗൃഹാന്തരീക്ഷത്തില്‍ പാകം ചെയ്‌ത ഭക്ഷണം ശീലമാക്കുക. ചെലവു കുറയ്‌ക്കുന്നതിനൊപ്പം ആരോഗ്യവും സംരക്ഷിക്കാം.
40. ധാരാളം പഴങ്ങള്‍ കഴിക്കുക. കഴിവതും വീട്ടില്‍ നിന്നു ലഭിക്കുന്ന ചക്ക, മാങ്ങ, പപ്പായ, പൈനാപ്പിള്‍, മാതളം തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത്‌ ശീലമാക്കാം.

വൈദ്യ പരിശോധന

കൃത്യ സമയത്ത്‌ വൈദ്യ പരിശാധന നടത്തുകയെന്നത്‌ പ്രധാന കാര്യമാണ്‌. പലരും കാര്യമായ ശ്രദ്ധ ഇതിനു നല്‍കാറില്ല രോഗം വന്നാല്‍ പോലും ചികിത്സ വൈകിപ്പിക്കുന്നതാണ്‌ പലരുടെയും ശീലം. കൃത്യ സമയത്തുള്ള വൈദ്യ പരിശോധനയും ചികിത്സയും ആരോഗ്യകാര്യങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

41. പരമാവധി രണ്ടു മാസം കൂടുമ്പോഴെങ്കിലും വൈദ്യ പരിശോധന നടത്തുക. ഇതിലൂടെ ജീവിതശൈലി രോഗങ്ങളുടെ കടന്നു വരവ്‌് ഒരു പരിധിവരെ തിരിച്ചറിയാന്‍ സാധിക്കും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്‌ടറോടു സംസാരിക്കാന്‍ മടികാണിക്കാതിരിക്കുക.
42. പ്രമേഹം, ഷുഗര്‍ കൊളസ്‌ട്രോള്‍ തുടങ്ങിയവയുള്ളവര്‍ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം മാത്രം കാര്യങ്ങള്‍ ക്രമീകരിക്കുക.
43. ശരീര ഭാരം കുറയ്‌ക്കുക. ശരീര ഭാരം കുറയുമ്പോള്‍ ആരോഗ്യം ബാലന്‍സ്‌ ചെയ്യും
44. ഡയറ്റിങ്‌ ആവശ്യമുള്ളപ്പോള്‍ മാത്രം. പാരമ്പര്യമായി അമിത വണ്ണമുള്ളവര്‍ അനാവശ്യമായി ഡയറ്റിങ്‌ എടുക്കരുത്‌. ഇത്‌ ആരോഗ്യത്തെ സാരമായി ബാധിക്കും.
45. കുട്ടികള്‍ക്ക്‌ വാക്‌സിനേഷന്‍ കൃത്യ സമയത്ത്‌ നല്‍കുക. തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും കുത്തിവയ്‌പ്പുകള്‍ യഥാസമയം നല്‍കാന്‍ മറക്കും. ഇത്‌ പ്രത്യേകം ശ്രദ്ധിക്കുക. വാക്‌സിനേഷന്‍ നല്‍കുന്നതില്‍ വരുത്തുന്ന പിഴവ്‌ ഭാവിയില്‍ കുഞ്ഞിനെ ഗുരുതരമായ രോഗങ്ങളിലേക്ക്‌ നയിക്കും.
46. പ്രായമായവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മരുന്നുകളേക്കാളുപരിയായി സ്‌നേഹപൂര്‍വമുള്ള പരിചരണമാണ്‌ അവര്‍ക്കാവശ്യം.
47. ചികിത്സകള്‍ വൈകിപ്പിക്കാതിരിക്കുക. രോഗലക്ഷണം കാണുമ്പോള്‍ തന്നെ വൈദ്യ സഹായം തേടുക.
48. സ്വയം ചികിത്സ അപകടമാണ്‌. ഇത്‌ രോഗം ഗുരുതരമാക്കും. ഒരു രോഗത്തില്‍ നിന്നും മറ്റൊരു രോഗത്തിലെക്കു മാറുന്നതും ജീവനുതന്നെ ഭീഷണിയാകുന്നതും സ്വയം ചികിത്സയുടെ അപകടമാണ്‌.
49. പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുക. പകര്‍ച്ചവ്യാധികളുണ്ടാകുമ്പോള്‍ വിദഗ്‌ധരുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.
50. കൃത്യമായി മരുന്നു കഴിക്കുക. ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ മാറി ഉപയോഗിക്കുക.

പഠനവും ജോലിയും

ജോലിയിലും പഠനത്തിലും ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റെരു ഘട്ടത്തില്‍ മടുപ്പു തോന്നാം. ഇത്‌ സ്വാഭാവികമാണ.്‌ മനസിനിണങ്ങിയ മേഖല ലഭിച്ചില്ലെന്ന കാരണത്താല്‍ ടെന്‍ഷനാകുന്നവര്‍ ധാരാളമുണ്ട.്‌ നിലവിലുള്ള ജോലി ആസ്വദിച്ചു ചെയ്യാനാണ്‌ ശീലിക്കേണ്ടത.്‌

51. കൃത്യനിഷ്‌ഠ പാലിക്കുക. ചെയ്യുന്ന ജോലിയിലെ സമയ നിഷ്‌ഠത ആത്മാര്‍ഥതയെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.
52. ചെയ്യുന്ന കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടാകുക. താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരുടെ നിര്‍ബന്ധപ്രകാരം ചെയ്യാതിരിക്കുക.
53. ആത്മവിശ്വാസമുണ്ടാകണം. എത്ര വലിയ പ്രശ്‌നമാണെങ്കിലും സ്വയം ചെയ്യാന്‍ കഴിയുമെന്ന്‌ വിശ്വസിക്കുക.
54. സ്വാശ്രയത്വം ശീലിക്കുക. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ മനസിനെ പ്രാപ്‌തമാക്കുക.
55. ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ ഒളിച്ചോടാന്‍ ശ്രമിക്കരുത്‌. ഇത്‌ ആത്മവിശ്വാസമില്ലാതാക്കും.
56. പഠനത്തിലും ജോലിയിലും സ്വന്തമായ ശൈലിയുണ്ടാക്കുക. ചെയ്യുന്ന പ്രവര്‍ത്തികള്‍ കൂടുതല്‍ മികച്ചതാക്കുവാന്‍ ഇത്‌ സഹായിക്കും.
57. വഴക്കുകള്‍ തര്‍ക്കങ്ങള്‍ തുടങ്ങിയവ ആരോഗ്യകരമാക്കുക.
58. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്‌ഥാപിക്കുക. ഇത്‌ ജോലിക്ക്‌ പഠനത്തിന്‌ മികച്ച അന്തരീക്ഷമൊരുക്കും.
59. ജോലി സമയത്ത്‌ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക. ഇത്‌ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകും.
60. സ്വന്തമായി ചെയ്യാന്‍ പറ്റുമെന്നുറപ്പുള്ള കാര്യങ്ങള്‍ മാത്രം ഏറ്റെടുക്കുക. അധികം റിസ്‌കെടുത്താല്‍ അത്‌ ടെന്‍ഷനിലേക്ക്‌ വഴിമാറും.
61. മനസില്‍ പോസിറ്റീവ്‌ എനര്‍ജി നിറയ്‌ക്കുക. നല്ല നാളേയ്‌ക്കു വേണ്ടി പ്രയത്നിക്കുക.

വിശ്രമവും വിനോദവും

വിശ്രമത്തിനും വിനോദത്തിനും സമയം തികയുന്നില്ലെന്ന പരാതിയുള്ളവരാണ്‌ പല ആളുകളും. വിശ്രമമില്ലാത്ത ജോലികള്‍ക്കും മാറി വരുന്ന ഷിഫ്‌റ്റുകള്‍ക്കുമിടയില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ്‌ പലരും. വിനോദമെന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവാക്കുകയാണ്‌ പുതുതലമുറ. ലളിതമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇടവേളകളെ ആനന്ദകരമാക്കാം.

62. എത്ര പഠന ഭാരമുണ്ടെങ്കിലും കുട്ടികളെ പരമാവധി 8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ അനുവദിക്കുക. ശാരീരികമായും മാനസികമായുമുള്ള ഉണര്‍വിന്‌ ഇത്‌ പ്രധാനമാണ്‌.
63. മുതിര്‍ന്നവര്‍ ശരാശരി 6 മണിക്കൂര്‍ ഉറങ്ങണം. ശരിയായ ഉറക്കം ശരീരത്തിന്‌ പൂര്‍ണ്ണ വിശ്രമമാണ്‌ നല്‍കുന്നത്‌.
64. മൊബൈല്‍ ഫോണിന്റെ ഉപയോഗം സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവ കുറയ്‌ക്കുക.
65. ജോലി സമയത്ത്‌ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന്‌ പരമാവധി വിശ്രമം നല്‍കാന്‍ ശ്രദ്ധിക്കണം.
66. ഏതു ജോലി ചെയ്യുമ്പോഴും തുടര്‍ച്ചയായി ചെയ്യാതെ ഇടയ്‌ക്കിടയ്‌ക്ക് വിശ്രമവേളകള്‍ നല്‍കണം. പ്രത്യേകിച്ച്‌ ഇരുന്നുകൊണ്ടു ചെയ്യുന്ന ജോലികളില്‍.
67. സിനിമ, സംഗീതം, വായന തുടങ്ങിയവയ്‌ക്കായി സമയം നീക്കിവെയ്‌ക്കാം എത്ര തിരക്കുണ്ടായാലും ഹോബികള്‍ ഒഴിവാക്കരുത്‌.
68. യാത്രകള്‍ പോകാം. ഒറ്റയ്‌ക്കോ കുടുംബമായോ സുഹൃത്തുക്കളോടൊപ്പമോ യാത്ര പോകാം. മാനസികമായ ടെന്‍ഷന്‍ ഒഴിവാക്കാന്‍ യാത്രകള്‍ സഹായിക്കും. യാത്രകളിലും പുതുമ തേടുക. ഓരോ യാത്രയും ഇതുവരെ പോകാത്ത സ്‌ഥലങ്ങളിലേക്ക്‌ നടത്തുക.
69. റൈഡിംഗ,്‌ ഡ്രൈവിങ്‌ കുക്കിങ്‌ തുടങ്ങിയവയെന്തും ആസ്വദിക്കാം. യാത്രകളില്‍ ഒറ്റയ്‌ക്ക് ഡ്രൈവ്‌ ചെയ്യാനിഷ്‌ടമുള്ളവര്‍ക്ക്‌ യാത്രകള്‍ ആന്ദകരമാക്കാം.
70. എഴുതാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാം. ബ്ലോഗ്‌ റൈറ്റിങ്‌ പോലുള്ളവ പരീക്ഷിക്കാം.
71. കുടുംബവുമൊത്ത്‌ ഇടവേളകള്‍ ചെലവൊഴിക്കാം. ആഴ്‌ചയിലോ മാസത്തിലോ ഒരിക്കല്‍ കുടുംബാംഗങ്ങള്‍ ഒത്തു കൂടുന്നത്‌ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ മാനസികോല്ലാസം നല്‍കും.

സൗന്ദര്യം

പുതിയ തലമുറ സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ ധാരാളം ഉപയോഗിക്കുന്നവരാണ.്‌ എന്നാല്‍, ഭക്ഷണ രീതിയിലെ അപാകതകളും പോഷകക്കുറവും ക്രീമുകളുടെയും അമിതമായ ഉപയോഗം മിക്കവരിലും ഏതെങ്കിലും വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട.്‌ കൃത്യമായ ജീവിത ചര്യയിലൂടെ ഒരു പരിധിവരെ ഇത്‌ തടയാം.

72. അനാവശ്യ ക്രീമുകളും മോയിസ്‌ചറൈസറുകളും ഉപയോഗിക്കാതിരിക്കുക പല ക്രീമുകള്‍ ഒരേ സമയം ഉപയോഗിക്കുമ്പോള്‍ സൈഡ്‌ ഇഫക്‌ടുകള്‍ ഉണ്ടാകാം
73. കഴിവതും പ്രകൃതി ദത്തമായ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ ഉപയോഗിക്കുക പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുള്ളത്‌ ഏവരെയും ഇന്ന്‌ ഇതിലേക്കടുപ്പിക്കുന്നുണ്ട്‌.
74. വരണ്ട ചര്‍മ്മമുള്ളവര്‍ക്കും മറ്റു പ്രശ്‌നങ്ങളുള്ളവര്‍ക്കും സണ്‍സ്‌ക്രീമുകള്‍ ഉപയോഗിക്കാം.
75. മുടി സംരക്ഷണത്തില്‍ മടികാണിക്കരുത്‌. ചര്‍മ്മ സൗന്ദര്യത്തിനാണ്‌ എല്ലാവരും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌. മുടിയുടെ ആരോഗ്യത്തിനും വേണ്ട പ്രാധാന്യം നല്‍കുക.
76. സ്വന്തം ഇഷ്‌ടപ്രകാരമുള്ള വസ്‌ത്രധാരണം മാത്രം ശീലമാക്കുക. മറ്റുള്ളവരുടെ നിര്‍ബന്ധത്തിനുവഴങ്ങി വസ്‌ത്രം തിരഞ്ഞെടുക്കുന്നത്‌ മാനസികമായ സംതൃപ്‌തി ഇല്ലാതാക്കും.
77. മാന്യമായി വസ്‌ത്രം ധരിക്കുക. മറ്റുള്ളവര്‍ക്ക്‌ അലോസരമുണ്ടാക്കുന്ന വസ്‌ത്രധാരണരീതി ഒഴിവാക്കുക.

മുടിയുടെ ആരോഗ്യം

78. ശുദ്ധമായ കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ്‌ മറ്റെന്തിനെക്കാളും ഉത്തമം. എല്ലാ കാലാവസ്‌ഥയിലും ഇത്‌ അനുയോജ്യമല്ലാത്തതിനാല്‍ മറ്റ്‌ എണ്ണകളും പ്രയോഗിക്കാം.
79. മാസത്തിലൊന്ന്‌ ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിക്കുന്നത്‌ മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കും.
80. ഓയില്‍ സ്‌കിന്‍ ഉള്ളവര്‍ ആഴ്‌ചയില്‍ ഒരു ദിവസം മാത്രം എണ്ണ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌.
81. ചെമ്പരത്തി, നെല്ലിക്ക പോലെയുള്ള പ്രകൃതിദത്തമായ മുടി സംരക്ഷണ മാര്‍ഗങ്ങളും പിന്തുടരാം.

ബന്ധങ്ങള്‍ ദൃഢമാക്കുക

82. ബന്ധങ്ങള്‍ ദൃഢമാക്കുക. കുടുംബവുമൊത്തുള്ള ജീവിതം ആസ്വദിക്കുക.
83. കുടുംബബന്ധത്തില്‍ വിശ്വാസം പുലര്‍ത്തുക.
84. എത്ര വലിയ ടെന്‍ഷനുണ്ടായാലും മദ്യപാനത്തിനും ലഹരിക്കും അടിപ്പെടരുത്‌.
85. എല്ലാ കാര്യങ്ങളിലുമുള്ള എടുത്തുച്ചാട്ടം ഒഴിവാക്കുക.
86. മനസിനെ നിയന്ത്രിക്കാല്‍ ശീലിക്കുക.
87. കാര്യങ്ങള്‍ തുറന്നു സംസാരിക്കാല്‍ ശീലിക്കുക.
88. കുട്ടികള്‍ മാതാപിതാക്കളുമായി സംസാരിക്കുക.
89. മാതാപിതാക്കള്‍ മക്കളുടെ മനസറിയുക. ഓരോ പ്രായത്തിലും കുട്ടികളുടെ വളര്‍ച്ചയെയും മാനസികമായ മാറ്റങ്ങളെയും ഉള്‍ക്കൊണ്ട്‌ പെരുമാറുക.
90. യോഗ ധ്യാനം തുടങ്ങിയവയിലൂടെ മാനസിക പിരിമുറുക്കം അയയ്‌ക്കാം.
91. പ്രായമമായവരുമായി സംസാരിക്കുക. അവര്‍ക്ക്‌ സന്തോഷവും നമുക്ക്‌ ആത്മവിശ്വാസവും ലഭിക്കും.
92. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനം ഉള്‍ക്കൊള്ളുക. ഒരു റോള്‍ മോഡലുണ്ടാകുന്നത്‌ നല്ലതാണ്‌
93. നല്ല സൗഹൃദങ്ങളെ കണ്ടെത്താം. സുഹൃത്തുക്കളെ തിരഞ്ഞടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. മികച്ച കൂട്ടുകെട്ട്‌ ജീവിതാവസാനം വരെ നില നില്‍ക്കും.
94. തമാശകള്‍ ആസ്വദിക്കുക. ചിരി ആരോഗ്യത്തോടെപ്പം മാനസികോല്ലാസവും നല്‍കുന്നു.

പോസിറ്റീവ്‌ ചിന്തകള്‍

95. ജീവിതത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തണം.
96. ആവശ്യമുള്ള സാഹചര്യങ്ങളില്‍ സഹായ മനസ്‌കത കാണിക്കുക.
97. മുതിര്‍ന്നവരെ ബഹുമാനിക്കുക.
98. എല്ലാ കാര്യങ്ങളും ആസ്വദിച്ചു ചെയ്യുക.
99. ഏതുകാര്യത്തിലും ഒരു സ്‌പോര്‍ട്‌സ് മാന്‍ സ്‌പിരിറ്റ്‌ വളര്‍ത്തിയെടുക്കുക.
100. നന്നായി പുഞ്ചിരിക്കുക. മുഖത്ത്‌ പിരിമുറുക്കങ്ങളുണ്ടാകാതെ എപ്പോഴും പുഞ്ചിരിക്കുക.
101. മികച്ച വ്യക്‌തിത്വത്തിനുടമയായിരിക്കുക. മികച്ച വ്യക്‌തിത്വം ജീവിത വിജയത്തിലേക്ക്‌ നയിക്കുന്നു.

റിലാക്‌സ് ചെയ്യാന്‍ മറക്കരുത്‌

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ്‌ മാസസികാരോഗ്യവും. പല രോഗങ്ങള്‍ക്കും മൂല കാരണം മാനസിക സംഘര്‍ഷമാണ.്‌

മുതിര്‍ന്നവര്‍ക്ക്‌ ജോലി സ്‌ഥലത്തെ പ്രശ്‌നങ്ങളും മത്സരവുമാണ്‌ കൂടുതലും മാനസിക സംഘര്‍ഷങ്ങളിലേക്ക്‌ നയിക്കുന്നതെങ്കില്‍ കുട്ടികള്‍ക്ക്‌ പഠനഭാരമാണ്‌ ടെന്‍ഷന്റെ മുഖ്യ കാരണം. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിയാല്‍ മാത്രമേ ജീവിതം മുന്നോട്ടു പോവുകയുള്ളൂ.

ടെന്‍ഷന്‍ ഒഴിവാക്കാനെന്ന പേരില്‍ പലരും ചെയ്യുന്നത്‌ പുകവലിയും മദ്യപാനവുമാണ്‌. എന്നാല്‍, ഇത്‌ ഒഴിവാക്കാന്‍ കഴിയാത്ത വലിയ ആരോഗ്യ പ്രശ്‌നമായി പിന്നീടു മാറുന്നു. ചില കൊച്ചു കൊച്ചു കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ടെന്‍ഷനെന്ന ഭീകരജീവിയെ മറികടക്കാം.

ഭക്ഷണം ബ്രഞ്ചാകരുത്‌

രാവിലെ 6 മണിക്ക്‌ തുടങ്ങുന്ന ട്യൂഷന്‍ 7 മണിവരെ. 8 മണിക്ക്‌ സ്‌കൂളിലേക്ക.്‌ ഇതിനിടയില്‍ കിട്ടുന്ന അല്‍പ സമയം ഹോം വര്‍ക്ക്‌ ചെയ്യാനും ഒരുങ്ങാനും മാത്രം. നമ്മുടെ വീടുകളിലെ കുട്ടികളുടെ ഒരു ദിവസം തുടങ്ങുന്നത്‌ ഇങ്ങനെയാണ.്‌ ഇതിനിടയില്‍ ബ്രേക്ക്‌ ഫാസ്‌റ്റ് ഒഴിവാക്കുന്നു.

പകരം ഇന്റര്‍വെല്ലാകുമ്പോള്‍ ഉച്ച ഭക്ഷണത്തോടൊപ്പം രാവിലത്തെ ഭക്ഷണം കഴിക്കുന്നു. ജോലിയുള്ള മാതാപിതാക്കളുടെ കാര്യവും ഇതുതന്നെ. ഫലമോ ക്ഷീണിതരായി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക്‌ ഒന്നും ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നു. മുതിര്‍ന്നവര്‍ ജോലി സ്‌ഥലത്ത്‌ ഉറക്കം തൂങ്ങുന്നു.

ബ്രേക്ക്‌ ഫാസ്‌റ്റ് ഉച്ചഭക്ഷണത്തോടു ചേര്‍ത്ത്‌ ബ്രഞ്ചായിട്ടാണ്‌ പലരും കഴിക്കുന്നത.്‌ ഇത്‌ നല്ല ശീലമല്ല. ഫാസ്‌റ്റ് ഫുഡിനെ പുതു തലമുറയിലെ കുട്ടികള്‍ക്ക്‌് മാറ്റി നിര്‍ത്താന്‍ കഴിയില്ല.

ഇപ്പോള്‍ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അന്തര ഫലം ഒരു അഞ്ചുവര്‍ഷം കഴിഞ്ഞോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രായം ആകുമ്പോഴോ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. എന്നാല്‍, മുതിര്‍ന്നവരെ ഇത്‌ വളരെ പെട്ടെന്നു തന്നെ രോഗ ബാധിതരാക്കി തീര്‍ക്കും.

ഡോ. ബൈജു കെ.

ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍
ഡയറക്‌ടര്‍, മെരിറ്റസ്‌ ഹെല്‍ത്ത്‌ കെയര്‍
കിടങ്ങൂര്‍, കോട്ടയം

അവസാനം പരിഷ്കരിച്ചത് : 6/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate