অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യരംഗം

ആരോഗ്യരംഗം

അവയവദാനം ശ്രേഷ്ഠമായ ദാനം

മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങൾ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീർന്നു. അനേകം രോഗങ്ങൾ ശരീരത്തിലെ പല അവയവങ്ങൾക്കും ചികിത്സിച്ചു മാറ്റാൻ പറ്റാത്ത തരത്തിലുള്ള കേടിപാടുകൾ വരുത്തി തീർത്തു. രോഗങ്ങളുടെ ചികിത്സാരീതികളും ആധുനിക യുഗത്തിൽ അതിനൂതനമായി തീർന്നു. ശസ്ത്രക്രിയയുടെയും അനസ്തീഷ്യയുടെയും ചികിത്സാശാഖകളിലുണ്ടായ പുരോഗതിയും നൂതനമായ പല മരുന്നുകളും അവയവം മാറ്റിവയ്ക്കൽ എന്ന ആധുനിക ചികിത്സാസമ്പ്രദായത്തെ ഒരു പുതിയ ശാഖയായി തന്നെ വളർത്തി എടുത്തു. ഇന്നു നാം കാണുന്ന പല രോഗങ്ങൾക്കും അവയവമാറ്റിവയ്ക്കൽ ചികിത്സയിലൂടെ ഏകദേശം ശാശ്വതമായ സൗഖ്യം നേടിയെടുക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിക്കുന്നു. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യം കൂടെ ചേർത്തു വച്ചു മാത്രമേ അവയവമാറ്റിവയ്ക്കൽ സാധ്യകാവുകയുള്ളൂ. അവയവമാറ്റിവയ്ക്കൽ സാധ്യമാവണമെങ്കിൽ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യൻ ഈ രീതിയിൽ പ്രകടിപ്പിച്ചാൽ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ.



ഏതൊക്കെ അവയവം മാറ്റി വയ്ക്കാം
നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കാരണമുള്ള കേട് പലപ്പോഴും മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല. ശരീരത്തിലെ പല അവയവങ്ങളും – വൃക്ക, കരൾ, ശ്വാസകോശം,ഹൃദയം, ചെറുകുടൽ, ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്)– തുടങ്ങിയവ വിവിധ തരത്തിലുള്ള രോഗങ്ങളാൽ ഇപ്രകാരം കേട് സംഭവിക്കാൻ സാധ്യതയുള്ളതാണ്. ഇതിൽ മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനാൽ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണകാരണം ആയിത്തീരാവുന്നതാണ്. ഈ സാഹചര്യത്തിൽ അവയവം മാറ്റി വയ്ക്കൽ ആണ് പലപ്പോഴും സാധ്യയമായ ഒരേ ഒരു വഴി. താഴെ പറയുന്ന അവയവങ്ങളാണ് ഇപ്രകാരം മാറ്റി വയ്ക്കാൻ സാധ്യയമായവ – വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം. സാഹചര്യങ്ങൾക്കനുകൂലമായി മാറ്റി വയ്ക്കാൻ സാധ്യമായ മറ്റു അവയവങ്ങൾ ഇവയാണ് – കണ്ണുകൾ (കോർണ്ണിയ എന്ന നേത്രപടലം), ത്വക്ക്, പാൻക്രിയാസ്, ചെറുകുടൽ, ഗർഭപാത്രം, കൈപ്പത്തി, ചില അസ്ഥികൾ, രക്തക്കുഴലുകൾ, ചെവിക്കുള്ളിലെ അസ്ഥികൾ, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23–ഓളം അവയവങ്ങൾ ദാനം ചെയ്യാൻ പറ്റാവുന്നതാണ്. 

അവയവങ്ങൾ എവിടെ നിന്നു ലഭിക്കും
അവയവമാറ്റിവയ്ക്കൽ ചികിത്സാരീതി ഇന്നു നേരിടുന്ന ഏറ്റവും വലിയ കടമ്പ അവയവങ്ങളുടെ ദൗർലഭ്യമാണ്. വൃക്ക, കരൾ പോലുള്ള അവയവങ്ങൾ ജീവിച്ചിരിക്കുന്ന ആൾക്കാർക്ക് ദാനം ചെയ്യാമെങ്കിലും, മറ്റു പല അവയവങ്ങൾ – ഹൃദയം, ശ്വാസകോശം, പാൻക്രിയാസ്, കണ്ണ് തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ. നമ്മുടെ രാജ്യത്ത് ഇന്നു നടക്കുന്ന വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ കാര്യമെടുത്താൽ ബഹുഭൂരിപക്ഷവും ജീവനുള്ള ദാതാക്കളിൽ നിന്നാണ്. വൃക്കമാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും, നടക്കുന്ന ശസ്ത്രക്രിയയുടെ എണ്ണവും തമ്മിലുള്ള അന്തരവും വലുതാണ്. ഈ പശ്ചാത്തലത്തിലാണ് മരണാനന്തര അവയവദാനത്തിനുള്ള പ്രസക്തി പ്രകടമാവുന്നത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ വൃക്ക മാറ്റിവയ്ക്കലിനായി അനേകായിരങ്ങൾ കാത്തിരിക്കുമ്പോൾ, നടക്കുന്നത് പ്രതിവർഷം ശരാശരി 500 ശസ്ത്രക്രിയ മാത്രം. ദാതാവിനെ ലഭിക്കാതെയും, ചികിത്സയ്ക്കു പണമില്ലാതെയും മരണത്തിനു കീഴടങ്ങുന്നവരും അനേകം. പാശ്ചാത്യരാജ്യങ്ങളിൽ അമേരിക്ക പോലുള്ള അവയവ മാറ്റി വയ്ക്കൽ ചികിത്സാശാഖ വികസിച്ച പല രാജ്യങ്ങളിലും ബഹുഭൂരിപക്ഷം അവയവമാറ്റിവയ്ക്കലും നടക്കുന്നത് മരണാനന്തരദാനത്തിലൂടെയാണ്. ഓരോ രാജ്യത്തും അവയവമാറ്റിവയ്ക്കലും മരണാനന്തരദാനവും സംബന്ധിച്ച് നിയമങ്ങൾ നിലവിലുണ്ട്. 

ആർക്കൊക്കെ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാം
ശിശുക്കൾ മുതൽ വൃദ്ധരായവർ വരെ ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ പ്രസക്തമായ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്. സാംക്രമിക രോഗങ്ങൾ, കാൻസർ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങൾ മാറ്റിവയ്ക്കാൻ തിരഞ്ഞെടുക്കപ്പെടാറില്ല. ഇന്നത്തെ കാലഘട്ടത്തിൽ വളരെ അധികം ആൾക്കാരെ ബാധിച്ചിരിക്കുന്ന ജീവിതശൈലി രോഗങ്ങളാണ് പ്രമേഹം, രക്താതിമർദ്ദം മുതലായവ. ഈ രോഗങ്ങൾ ഉള്ളവർക്ക് എല്ലാ അവയവവും ദാനം ചെയ്യാൻ സാധ്യമായില്ല എങ്കിലും ദാനം ചെയ്യാൻ സാധ്യമായ പലഅവയവങ്ങളും ഉണ്ട്. പഴകിയ പ്രമേഹവും രക്താതിമർദ്ദവും ഉള്ളവരുടെ വൃക്കകൾ, ഹൃദയം മുതലായവ ദാനം ചെയ്യാൻ യോജിച്ചതായിരിക്കില്ല. എന്നാലും കരൾ, ശ്വാസകോശം മുതലായവ ആരോഗ്യമുള്ളവയാണെങ്കിൽ മാറ്റിവയ്ക്കലിനായി ഉപയോഗപ്പെടുത്താവുന്നതാണ്. അവയവദാനം സാധ്യമാകുന്ന സാഹചര്യമുണ്ടായാൽ ഏതൊക്കെ അവയവം പ്രയോജനപ്പെടുത്താമെന്ന് അതുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെ സംഘം തീരുമാനിക്കുന്നതാണ്.
മരണാനന്തര അവയവദാനം
മരണാനന്തര അവയവദാനത്തെക്കുറിച്ച് സാധാരണക്കാരന് അപൂർണ്ണമായ അറിവേ ഉണ്ടാവുകയുള്ളൂ. ഒരാളുടെ ശരീരത്തിലെ അവയവങ്ങൾ പ്രവർത്തന സജ്ജമായിരിക്കണമെങ്കിൽ അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയിൽ പുറത്തെടുക്കുന്ന അവയവങ്ങൾ പ്രയോജനരഹിതമാവാനാണ് സാധ്യത. കണ്ണുകൾ, ഹൃദയവാൽവുകൾ തുടങ്ങിയ അവയവങ്ങൾ മരണശേഷവും പരിമിതമായ മണിക്കൂറുകൾക്കുള്ളിൽ നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളിൽ വച്ചു മരണം സംഭവിക്കുന്നവർക്ക് പോലും സാധ്യമാണ്. അതു വഴി രണ്ട് പേരുടെ എങ്കിലും ജീവിതത്തിലേക്ക് വെളിച്ചം പകരാൻ സാധിക്കുന്നതുമാണ്. പക്ഷെ ആന്തരിക അവയവങ്ങൾ മാറ്റി വയ്ക്കണം എങ്കിൽ ജീവനോടുള്ള അവസ്ഥയിൽ ദാതാവിൽ നിന്നും അവ നീക്കം ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്. വിവിധ കാരണങ്ങളാൽ (പരിക്ക്, രക്തസ്രാവം, ചില മസ്തിഷ്ക ട്യൂമർ) മസ്തിഷ്കത്തിന് ഏൽക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്കമരണം. ‘കോമ’–യും കടന്നുള്ള അവസ്ഥ, അതായത്, തിരിച്ചുവരവ് സാധിക്കാത്ത രീതിയിൽ മസ്തിഷ്കത്തിന് കേട് സംഭവിച്ച് നിർജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്കമരണം എന്നു പറയുന്നത്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള ടെസ്റ്റുകൾ നിലവിലുണ്ട്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനു ശേഷം ഇതു വരെ ആരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവർത്തനം യന്ത്രസഹായത്താലും, മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂർണ്ണമായി മരണം സംഭവിച്ചാൽ അവയവദാനം സാധ്യമാവുകയില്ല. മരണശേഷം മറ്റാർക്കും പ്രയോജനപ്പെടാതെ ജീർണ്ണിച്ചു പോകുന്ന അവയവങ്ങൾ മൂലം ഒരാൾക്ക് തന്നെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ അവയവദാനത്തിലൂടെ സാധിക്കും. 
അവയവമാറ്റിവയ്ക്കലിന്റെ ചരിത്രം
1954–ലാണ് ലോകത്തിൽ ആദ്യമായി വിജയകരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. തുടക്കം നാളുകളിൽ അവയവദാന ശസ്ത്രക്രിയകൾക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പതിസന്ധി ‘‘നുത്ഥനു്യന്ധദ്ധഗ്ന ’ എന്ന പ്രതിഭാസമാണ്. ദാതാവിൽ നിന്നും സ്വീകരിച്ച അവയവം, സ്വീകർത്താവിന്റെ ശരീരം തിരസ്ക്കരിക്കുന്ന അവസ്ഥയാണിത്. ‘നുത്ഥനു്യന്ധദ്ധഗ്ന തടയാൻ ഉപയോഗിക്കുന്ന ‘സൈക്ലോസ്പോറിൻ’ മരുന്നിന്റെ കണ്ടുപിടിത്തമാണ് അവയവദാനചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയത്. ഇന്നു സൈക്ലോസ്പോറിനേക്കാളും മെച്ചമായ മരുന്നുകൾ ലഭ്യമാണ്. 
അവയവദാനചരിത്രത്തിലെ മറ്റു പ്രധാനപ്പെട്ട വർഷങ്ങൾ താഴെ കുറിക്കുന്നു
* 1967 – അമേരിക്കയിൽ വച്ച് ആദ്യ വിജയകരമായ കരൾ മാറ്റ ശസ്ത്രക്രിയ
* 1967 – സൗത്ത് ആഫ്രിക്കയിൽ ആദ്യ വിജയകരകായ ഹൃദയമാറ്റശസ്ത്രക്രിയ
* 1983 – കാനഡയിൽ വിജയകരമായ ശ്വാസകോശമാറ്റ ശസ്ത്രക്രിയ 
അവയവമാറ്റിവയ്ക്കൽ ഇന്ത്യയിലും കേരളത്തിലും
ഇന്ത്യയിലെ ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് 1965–ൽ ബോംബേയിലെ കെ.ഇ.എം ആശുപത്രിയിലാണ്. ജീവനുള്ള ദാതാവിന്റെ വൃക്ക ആദ്യം മാറ്റിവച്ചത് 1971–ൽ സി.എം.സി വെല്ലൂറിൽ ആണ്. വൃക്കമാറ്റിവയ്ക്കലിനേക്കാളും സങ്കീർണ്ണമായ കരൾ മാറ്റി വയ്ക്കൽ നടന്നത് 90–കളിലാണ്. അവയവമാറ്റിവയ്ക്കലിനായി ഇന്ത്യൻ സർക്കാർ നിർമ്മിച്ച നിയമമാണ് 1994–ൽ നിലവിൽ വന്ന Transplantation of Human Organs Act (THOA) അതിനുശേഷം പല ammendments–ഉം ഇതിനോടനുബന്ധിച്ച് നടന്നിട്ടുണ്ട്. 2011–ലാണ് ammendment നടന്നത്. ഇന്ത്യയിൽ ഇന്നു നടക്കുന്ന അവയവമാറ്റിവയ്ക്കൽ ചികിത്സ ഇതിന്റെ നിയമപരിധിയിൽ വരുന്നതാണ്. തുടക്കത്തിലെങ്കിലും ഈ ചികിത്സാരീതിയുടെ കച്ചവടസാധ്യത ചൂഷണം ചെയ്ത്, ചികിത്സയെ കച്ചവടമാക്കി മാറ്റിയ കശ്മലർ ഇവിടെ ഉണ്ടായി. അമൃത്സറിലും തമിഴ്നാട്ടിലും ഉണ്ടായ ചില സംഭവങ്ങൾ ഇത്തരത്തിലുള്ളവയായിരുന്നു. ആ പ്രതിസന്ധിഘട്ടം തരണം ചെയ്യുകയും, അതിനുത്തരവാദികളായവരെ അഴികൾക്കുള്ളിലാക്കാനും സർക്കാരിനു സാധിച്ചു. ഇന്ത്യയിലെ നിയമപ്രകാരം അവയവദാനത്തിനു ഏതു രീതിയിലുള്ള പ്രതിഫലം പറ്റുന്നതും നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്. സ്വമേധയാ പ്രതിഫലേച്ഛ ഇല്ലാതെയുള്ള അവയവദാനം മാത്രമേ നിയമപ്രകാരം അനുവദിച്ചിട്ടുള്ളൂ. പതുക്കെ മരണാന്തര അവയവദാനവും ഇന്ത്യയിൽ വ്യാപകമായി തുടങ്ങി. ഇന്ത്യയ്ക്കു തന്നെ മാതൃകയാവുന്ന രീതിയിൽ തമിഴ്നാട് ഈ മേഖലയിൽ വളരെ മുന്നോട്ട് പോയി. അനേകം മ്മട്ടമ്പകകൾ ഈ മേഖലയിൽ തമിഴ്നാട്ടിൽ പ്രവർത്തിച്ചു വരുന്നു. അതിലെ പ്രമുഖമായ എൻജിഒ ആണ് MOHAN foundation (Multi Organ Harvest Aid Network). മറ്റ് സംസ്ഥാനങ്ങളിൽ ഈ മേഖലയിൽ പരിശീലനം നൽകാൻ ങഛഒഅച ളീൗിറമശേീി മുന്നിട്ടു നിൽക്കുന്നു. ഇതിന്റെ ചുവടു പിടിച്ചു കേരള സർക്കാരും മരണനന്തരഅവയവദാന മേഖലയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കി. 
2012 ആഗസ്റ്റ് 12–ന് കേരളസർക്കാരിന്റെ സംരംഭമായ മൃതസഞ്ജീവനി എന്ന പദ്ധതി നിലവിൽ വന്നു. ഇതിന്റെ നടത്തിപ്പിനായി Kerala Network for Organ Sharing (KNOS) എന്ന ഏജൻസി രൂപീകൃതമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന KNOS വഴി ആണ് ഇന്ന് കേരളത്തിലെ മരണാനന്തര അവയവദാനം നടക്കുന്നത്. 2012–ൽ രൂപീകൃതമായതിൽ പിന്നെ നാളിതുവരെ (August 2015) അനേകം ശസ്ത്രക്രിയകൾ വഴി നടന്നു കഴിഞ്ഞു – വൃക്ക(187), കരൾ(74), ഹൃദയം(13), പാൻക്രിയാസ്(1), കൈപ്പത്തി(1), ചെറുകുടൽ(1). അവയവം ലഭിക്കാൻ സാധ്യതയുള്ള രോഗികളുടെ മുൻഗണനാക്രമം KNOS തയ്യാറാക്കി വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദ്ധനരായ അനേകം രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ഇതു വഴി സാധ്യമായിട്ടുണ്ട്. മരണാനന്തര അവയവമാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ നമ്മുടെ ഈ കൊച്ചു കേരളത്തിലും നടന്നിട്ടുണ്ട്. ഈ അടുത്ത ദിനങ്ങളിൽ (August 3,2015) തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ച് ശിശുക്കൾ തമ്മിൽ നടന്ന സംയുക്ത കരൾ/ സംയോജിത വൃക്ക മാറ്റിവയ്ക്കൽ അതിന് ഉത്തമ ഉദാഹരണമാകുന്നു.
അവയവദാനപ്രക്രിയ
റോഡപകടങ്ങൾ, മസ്തിഷ്കരക്തസ്രാവം, ചില തരം മസ്തിഷ്ക റ്റ്യൂമറുകൾ എന്നിവ മൂലം മസ്തിഷ്കമരണംസംഭവിക്കാം. ഒരു രോഗിക്ക് മസ്തിഷ്കമരണം സംഭവിച്ചതിന് ശേഷം, രോഗിയുടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാണെങ്കിൽ ആ വിവരം ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ്. പല അവസരങ്ങളിലും ബന്ധുക്കൾക്ക് ഇതേപ്പറ്റിയുള്ള അവബോധം ഇല്ലാത്ത പക്ഷം ചികിത്സിക്കുന്ന ഡോക്ടർ തന്നെ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിക്കുന്നു. അവയവദാനം സാധ്യമാവണമെങ്കിൽ ബന്ധുക്കളുടെ സമ്മതം അനിവാര്യമാണ്. പലപ്പോഴും ബന്ധുക്കളുടെ സമ്മതം ഇല്ലാത്തതു കൊണ്ട് അവയവദാനം സാധ്യമാകാതെ വരികയും അമൂല്യമായ അവയവങ്ങൾ പാഴായി പോവുകയും ചെയ്യുന്നുണ്ട്. ബന്ധുക്കൾ സമ്മതം നൽകി കഴിഞ്ഞാൽ ചികിത്സിക്കുന്ന ഡോക്ടർ KNOS. പ്രവർത്തകരുമായി ബന്ധപ്പെടുന്നതാണ്. മുൻഗണനാക്രമത്തിലുള്ള അവയവം ലഭിക്കുന്നതിനുള്ള രോഗിയെ തിരഞ്ഞെടുക്കുന്നത് ന്നമ്മമ്പ. അധികൃതരാണ്. അവയവമാറ്റിവയ്ക്കലിനായി തിരഞ്ഞെടുക്കപ്പെടുന്ന രോഗി രജിസ്റ്റർ ചെയ്തിട്ടുള്ള ആശുപത്രിയിലെ ചുമതലപ്പെട്ട ഡോക്ടർമാർ അവയവമാറ്റിവയ്ക്കലിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. അതേ സമയം തന്നെ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനായി സർക്കാർ അംഗീകാരം നൽകിയ ഡോക്ടർമാരുടെ പാനൽ അവയവദാനം നടത്തുന്ന രോഗിയിൽ വിദഗ്ധ പരിശോധനയും ടെസ്റ്റുകളും നടത്തി മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആറു മണിക്കൂറിനു ശേഷം നടത്തി മസ്തിഷ്കമരണം ഒന്നു കൂടി ഉറപ്പിക്കുന്നു. ഇതിനു ശേഷം അവയവദാതാവും, അവയവം സ്വീകരിക്കുന്ന രോഗിയും തമ്മിലുള്ള രക്തഗ്രൂപ്പ് ചേർച്ചക്കു പുറമേ അവയവങ്ങൾ തമ്മിലുള്ള ചേർച്ച പരിശോധിക്കുന്ന ലിംഫോസൈറ്റ് ക്രോസ് മാച്ച് (Lymphocyte Cross match) എന്ന ടെസ്റ്റും നടത്തുന്നു. ഈ ടെസ്റ്റ് കേരളത്തിൽ ചുരുക്കം ചില ആശുപത്രികളിൽ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. തിരുവനന്തപുരത്ത് നടക്കുന്ന ഓപ്പറേഷന് വേണ്ടിയുള്ള ടെസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ എറണാകുളത്ത് എത്തിച്ച് നടത്തേണ്ടി വരുന്നു. ഇതിനു പരിഹാരമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇതിനുള്ള സംവിധാനം ഒരുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ദാതാവിന്റെ പല അവയവങ്ങളും ഒരു പക്ഷെ എത്തുന്നത് പല ആശുപത്രികളിലായിരിക്കും. ഉചിത്മായ സ്വീകർത്താക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ദാതാവിന്റെയും സ്വീകർത്താക്കളുടെയും ശസ്ത്രക്രിയകൾ ഏകദേശം ഒരേ സമയത്ത് പല ആശുപത്രികളിലും തുടങ്ങുന്നു. ദാതാവിൽ നിന്നും നീക്കം ചെയ്യുന്ന അവയവങ്ങൾ വിദൂരത്തുള്ള ആശുപത്രിയിലേക്കാണ് കൊണ്ട് പോകുന്നതെങ്കിൽ ശീതീകരിച്ച പ്രത്യേക ലായനിയിൽ സൂക്ഷിച്ചാണ് കൊണ്ട് പോകുന്നത്. യഥാസ്ഥാനത്ത് എത്തിച്ചേരുന്ന അവയവങ്ങൾ വിദഗ്ധ ഡോക്ടർമാരുടെ സംഘം സ്വീകർത്താവിൽ വച്ച് പിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നു. ദാതാവിന്റെ ശസ്ത്രക്രിയ വിദഗ്ധരായ ഡോക്ടർമാർ സൂക്ഷ്മതയോടെ ചെയ്യുന്നതിനാൽ യാതൊരു രീതിയിലും വികലമാക്കപ്പെടുന്നില്ല. പ്രസക്തമായ അവയവങ്ങൾ നീക്കം ചെയ്ത ശേഷം മൃതദേഹം സംസ്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയോ സന്ദർഭോചിതമായി പോസ്റ്റ് മോർട്ടം ചെയ്യാൻ പോലീസിന് വിട്ടു കൊടുക്കുകയോ ചെയ്യുന്നു. ഇഹലോകവാസം വിട്ടൊഴിയുന്ന വേളയിൽ മരണം കാത്ത് കഴിയുന്ന ഏതാനും പേർക്ക് പുതുജീവൻ പ്രദാനം ചെയ്യുന്നു എന്ന പുണ്യപ്രവൃത്തിയാണ് അവയവദാനത്തിലൂടെ നടക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ നമുക്കു ചെയ്യാൻ സാധിക്കുന്നത് ഈ പ്രവൃത്തിയെപ്പറ്റി ബോധവാൻമാരായിരിക്കുക എന്നുള്ളതാണ്. നമ്മുടെ ആരുടെയെങ്കിലും കുടുംബത്തിൽ ഒരു അത്യാഹിതം സംഭവിച്ച്, നമ്മുടെ ഉറ്റവരുടെ അവയവങ്ങൾ ദാനം ചെയ്യേണ്ട സന്ദർഭം ഉണ്ടാവുകയാണെങ്കിൽ അതിനു സമ്മതം നൽകാൻ മനസ്സിനെ സജ്ജമാക്കാം. ഇന്ന് നടക്കുന്ന പല മസ്തിഷ്കമരണങ്ങളിലും അവയവദാനം നടക്കാതെ പോകുന്നത് ബന്ധുക്കളുടെ സമ്മതം കിട്ടാത്തത് കൊണ്ട് മാത്രമാണ്.
ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള അവയവദാനം
വൃക്ക, കരൾ എന്നീ അവയവങ്ങളാണ് പ്രധാനമായും ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നും നീക്കം ചെയ്യാവുന്നത്. ആരോഗ്യമുള്ള 2 വൃക്കകൾ ഉള്ള ഒരാൾക്ക് ഒരു വൃക്ക ദാനം ചെയ്യാൻ സാധിക്കുന്നതാണ്. കരൾ ദാനം ചെയ്യുന്നത് അതു പകുത്ത് എടുക്കുന്ന സങ്കീർണ്ണമായ പ്രക്രിയ വഴിയാണ്. നമ്മുടെ നാട്ടിൽ സാധാരണമായി ബന്ധുക്കൾ തമ്മിലുള്ള അവയവമാറ്റമാണ് ഈ വിധത്തിൽ നടക്കുന്നത്. പക്ഷെ ബന്ധുക്കളുടെ അവയവം ലഭ്യമല്ലാത്ത സാഹചര്യത്തിൽ, രക്തബന്ധമില്ലാത്ത ദാതാക്കളുടെ അവയവം സ്വീകരിക്കാവുന്നതാണ്. ഈ വിധത്തിലുള്ള അവയവമാറ്റം നടക്കുന്നതിനായി കർശനമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. അവയവങ്ങളുടെ ചേർച്ച പരിശോധിക്കുന്ന ടെസ്റ്റുകൾക്ക് ശേഷം, നിയമം അനുശാസിക്കുന്ന പ്രകാരമുള്ള അനേകം രേഖകൾ സർക്കാർ രൂപീകരിച്ചിട്ടുള്ള Ethical committeeസമക്ഷം സമർപ്പിക്കുകയും അനുവാദം നേടേണ്ടതുമാണ്. ഇൻഡ്യയിലെ നിയമപ്രകാരം അവയവമാറ്റത്തിനായി യാതൊരു വിധ സാമ്പത്തിക ഇടപാടുകളും അനുവദനീയമല്ല. ഇപ്രകാരമുള്ള സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധവും ശിക്ഷാർഹവും ആണ്. സ്വമേധയാ അവയവദാനത്തിനായി വരുന്ന അനേകം സഹൃദയർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. നിർഭാഗ്യവശാൽ ഈ വിധത്തിലുള്ള ദാതാക്കളെ ഏകോപിപ്പിച്ച് അവയമാറ്റിവയ്ക്കൽ സാദ്ധ്യമാക്കുന്ന സർക്കാർ സംവിധാനങ്ങൾ നിലവിലില്ല. ചില സ്വകാര്യ വ്യക്തികൾ ഈ ആവശ്യത്തിനായി മുന്നിട്ടിറങ്ങുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അതിൽ ശ്രദ്ധേയമാണ് ഫാദർ ഡേവിസ് ചിറമേൽ സ്ഥാപിച്ച Kidney Federation of India എന്ന സംഘടന. ഡയാലിസിസ് ആവശ്യമുള്ളവർക്കും, വൃക്ക മാറ്റി വയ്ക്കൽ ആവശ്യമുള്ളവർക്കും ഈ സംഘടന പലവിധ സഹായങ്ങൾ നൽകി വരുന്നു. 
അവയവദാനവും മതങ്ങളുംഒരു മതസംഹിതയും അവയവദാനത്തെ എതിർക്കുന്നില്ല. സഹജീവികൾക്ക് നന്മ ചെയ്യണമെന്നാണ് എല്ലാ മതങ്ങളും അനുശാസിക്കുന്നത്. അവയവദാനം ഏറെ പ്രചാരമുള്ള മതവിഭാഗമാണ് ജൈനമതസ്ഥർ. അവയവങ്ങൾ ദാനം ചെയ്യപ്പെടേണ്ടതാണെന്ന് ഇവർ ഉറച്ചു വിശ്വസിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. ആത്മാവിന്റെ പുനർജന്മത്തിൽ വിശ്വസിക്കുന്ന ഹിന്ദുമതസ്ഥരും, ജീവൻ വിട്ടൊഴിഞ്ഞ ശരീരത്തിന് വില കൽപ്പിക്കുന്നില്ല. അതിനാൽ തന്നെ അവയവദാനത്തോട് അനുഭാവമുള്ളവരാണ്. മിക്ക ഇസ്ലാം മതപണ്ഡിതരും അവയവദാനത്തെ അനുകൂലിക്കുന്നെങ്കിലും, എതിർവാദം ഉന്നയിക്കുന്ന ചിലെരെങ്കിലും ആശയ്ക്കുഴപ്പം സൃഷ്ഠിക്കാറുണ്ട്. ക്രിസ്തുമതസ്ഥർ അവയവദാനത്തോട് അനുഭാവമുള്ളവരാണ്. മാർപാപ്പയുടെ അധീനതയിലുള്ള കത്തോലിക്കർക്കായി അവയവദാനത്തെ പിന്തുണച്ചുകൊണ്ട് മാർപാപ്പമാരുടെ ഔദ്യോഗിക ലേഖനങ്ങൾ ഉണ്ടായിട്ടുണ്ട്. അവയവദാനത്തിനായി ജാതിമതഭേദമെന്യേ ജനം മുന്നിട്ടിറങ്ങിയാൽ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ ഉതകും. 
അവയവദാന സമ്മതപത്രം
അവയവദാന സമ്മതപത്രവും ഡോണർ കാർഡും KNOS ന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. അവയവദാനത്തെപ്പറ്റി ബോധവാനായ ഒരാൾ ഇവ പൂരിപ്പിച്ച് കൈവശം വയ്ക്കുന്നത് അഭികാമ്യമായിരിക്കും. അവയവദാനത്തിന് നിയമപരമായി ഏറ്റവും അനിവാര്യം ബന്ധുക്കളുടെ സമ്മതമാണ്. അവയവദാനത്തെപ്പറ്റി ബോധവൽക്കരണം വ്യാപിക്കുന്നത് വഴി കൂടുതലായി മരണാനന്തര അവയവദാനം നടക്കുമെന്നതിൽ സംശയമില്ല. 
ഡോ. റെനു തോമസ് MBBS,MS,DNB,MCh
Consultant Urologist and Chief Renal Transplant Surgeon
Kerala Institute of Medical Sciences
Thiruvananthapuram 
അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന Phone numbers/ Contact information
1. KNOS Helpline
Mobile :9048436617, 8281932291
Phone :04712528658, 2117660
Email : principalmct@gmail.com
2. Websites
www.knos.org.in
www.mohanfoundation.org
www.kidneyfed.

അമിതവണ്ണത്തെ ചെറുത്തുതോൽപ്പിക്കാം

മിതവണ്ണം ലോകമെങ്ങും വർധിച്ചുവരികയാണ്. ലാൻസെറ്റിന്റെ പഠനമനുസരിച്ച് ആഗോളതലത്തിൽ അമിതവണ്ണമുള്ളവരിൽ 28 ശതമാനം പേരും അമേരിക്കയിലും ചൈനയിലും ഇന്ത്യയിലുമാണുള്ളത്. 
ഇന്ത്യയിൽ അമിതതടിയുടെ കാര്യത്തിൽ പഞ്ചാബിനു തൊട്ടുപിറകിൽ രണ്ടാം സ്‌ഥാനമാണു കേരളത്തിന്. കുടവയറാണു കേരളത്തിന്റെ പ്രശ്നം. ലീൻ ഒബേസിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. വയറ്റിലെ കൊഴുപ്പാണ് ഇവിടെ വില്ലനാകുന്നത്. ഇതുമൂലം കൊറോണറി ആർട്ടറി രോഗങ്ങൾക്കും സെറിബ്രൽ വാസ്കുലാർ രോഗത്തിനും കാരണമാകുന്നു. അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ചെറുക്കുന്നതിനായി ലോകാരോഗ്യ സംഘടന 2025–ഓടെ തടികൂടുന്നതു കുറയ്ക്കാനുള്ള പരിശ്രമത്തിലാണ്. കേരളം ഇതിനായി അരമുറുക്കുകയും ഈ രോഗാവസ്‌ഥയ്ക്കുള്ള കാരണങ്ങളെന്താണെന്നു കണ്ടെത്തുകയും വേണം.



ആഹാരശീലങ്ങളിലെ മാറ്റമാണ് അമിതവണ്ണത്തിനുള്ള പ്രധാന കാരണം. മലയാളികൾ അവരുടെ പാരമ്പര്യഭക്ഷണങ്ങളായ പഴങ്കഞ്ഞി, ചെറുമീനുകൾ, കാലാകാലങ്ങളിൽ ലഭിച്ചിരുന്ന പച്ചക്കറികൾ, തദ്ദേശീയമായ പഴങ്ങൾ എന്നിവയെല്ലാം നാം മറന്നുകഴിഞ്ഞു. പ്രാതലിനു പുട്ടും ഇഡ്ഡലിയും കഴിച്ചിരുന്നിടത്തു സീറിയലുകളും ടോസ്റ്റുകളും സ്‌ഥാനം പിടിച്ചു. സമ്പദ്സ്‌ഥിതി മെച്ചപ്പെട്ടതോടെ പുറത്തുനിന്നു ഭക്ഷണം കഴിക്കാനുള്ള ഒരു വ്യഗ്രത മലയാളിക്കുണ്ട്. ഹോട്ടൽ ഭക്ഷണത്തിന്റെ തോതു വർധിച്ചുവരുന്നതായാണു കാണുന്നത്. പുറത്തുനിന്നു കഴിക്കുമ്പോൾ കൂടുതൽ ആഹാരം അകത്താക്കുന്നു. ഇതുവഴി കൂടുതൽ കലോറി ഉള്ളിലെത്തും. സാധാരണയായി ചൈനീസ്, ഫാസ്റ്റ് ഫുഡ് വിഭവങ്ങളായ പീസ, ബർഗർ എന്നിങ്ങനെ ഉയർന്ന കലോറിയുള്ളവയാണു പുറത്തുനിന്നു കഴിക്കുന്നവയിൽ കൂടുതൽ. 
മധുരപാനീയങ്ങൾ അകത്താക്കുന്നതിന്റെയും തോതു വർധിച്ചുവരികയാണ്. പുതുതലമുറയിൽ ഇതു വളരെയധികമായി കാണുന്നു. യുഎസ്, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാൾ പിന്നിലാണെങ്കിലും ഇന്ത്യ പ്രതിശീർഷ ശീതളപാനീയങ്ങളുടെ വിൽപ്പനയിൽ കേരളം ഏറ്റവും ഉയർന്ന ഇരുപതിൽ ഉൾപ്പെടും. 
ജീവിതശൈലിയിലെ മാറ്റങ്ങളാണു മറ്റൊരു കാരണം. ശാരീരികാധ്വാനമില്ലാതെ ഒരേയിരുപ്പിലുളള ജോലികൾ ചെയ്യുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെയാണ്. ഇതുവഴി അമിതവണ്ണം വർധിക്കും. ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്‌തസമ്മർദം, പ്രമേഹം, ചില കാൻസറുകൾ, പിത്തസഞ്ചിയിലെ രോഗങ്ങൾ, പിത്താശയക്കല്ലുകൾ, ഓർത്തോആർത്രൈറ്റിസ്, വാതം, ശ്വസിക്കാനുള്ള പ്രശ്നങ്ങൾ, ഉറക്കത്തിൽ കുറച്ചുനേരത്തേയ്ക്ക് ശ്വാസംകഴിക്കാനാകാതെ വരുന്ന സ്ലീപ് ആപ്നിയ, ആസ്ത്മ എന്നിവയെല്ലാം അമിതവണ്ണം മൂലം ഉണ്ടാകാം. 
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ആണ് സാധാരണയായി അമിതവണ്ണമുണ്ടോ എന്നറിയാനുള്ള മാർഗം. ഒരു വ്യക്‌തിയുടെ ഉയരവും തൂക്കവും കണക്കാക്കിയാണ് ബിഎംഐ കണ്ടെത്തുന്നത്. ബിഎംഐ 25 മുതൽ 30 വരെയാണെങ്കിൽ അമിതവണ്ണമാണ്. ഇത് ജീവിതദൈർഘ്യം മൂന്ന് വർഷം എന്ന തോതിൽ കുറയ്ക്കുന്നു. ബിഎംഐ 30–ന് മുകളിലാണെങ്കിൽ ജീവിതദൈർഘ്യം പത്തു വർഷം വരെ കുറയാം. 
കുട്ടിയായിരിക്കുമ്പോൾ അമിതവണ്ണമുണ്ടെങ്കിൽ പിന്നീട് ജീവിതത്തിൽ നേരത്തെ ടൈപ് 2 പ്രമേഹം, ആതീറോസ്ക്ലീറോട്ടിക് ഹൃദയാഘാതം, ഉയർന്ന രക്‌തസമ്മർദം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. മുതിർന്നവരിൽ വയറിന്റെ വണ്ണം ടൈപ് 2 പ്രമേഹത്തിനും കാർഡിയോവാസ്കുലാർ രോഗങ്ങൾക്കും കാരണമാകും. 
ശാരീരികമായ ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ മാനസികമായ പ്രശ്നങ്ങൾക്കും കാരണമാകാം. ആത്മവിശ്വാസക്കുറവാണ് ഇവയിൽ ഒന്ന്. നിഷേധാത്മകമായ ചിന്തകൾ മൂലം സമൂഹത്തിലും ജോലിയിലും വേർതിരിവുകളുണ്ടാവാം. 
അമിതവണ്ണം സാമ്പത്തികമായ പ്രശ്നങ്ങൾക്കും വഴിതെളിക്കും. ആശുപത്രി, മരുന്ന് എന്നിവയ്ക്കുവേണ്ടി വരുന്ന നേരിട്ടുള്ള ചെലവുകളും നേരിട്ടല്ലാതെ ഉത്പാദനത്തിലുണ്ടാകുന്ന കുറവുകൾ മൂലമുള്ള ചെലവുകളും ഇതിൽ ഉൾപ്പെടും. ഭക്ഷണക്രമീകരണവും വ്യായാമവും വഴി തടികുറയ്ക്കുന്നതിനാണു ഫിസിഷ്യൻമാർ അമിതതടിയുള്ളവർക്കായി നിർദേശിക്കുന്നത്. അത്യധികമായ തടിയുള്ളവർക്ക് ഇവ ചിലപ്പോൾ ഫലപ്രദമാകണമെന്നില്ല. ഇത്തരം അവസ്‌ഥയിൽ ബേരിയാട്രിക് ശസ്ത്രക്രിയയിലൂടെ ആമാശത്തിന്റെ വലിപ്പം കുറയ്ക്കുന്ന രീതി സ്വീകരിക്കാവുന്നതാണ്. 
ലോകമെങ്ങും അമിതവണ്ണത്തിനെതിരേയുള്ള പോരാട്ടത്തിലാണ്. ഒന്നിച്ചുനിന്നു പോരാടിയാൽ നമുക്കു മികച്ച രീതിയിൽ അതിനെ നേരിടാനാകും. അമിതവണ്ണത്തിനെതിരേയുള്ള ലോകദിനമായ ഇന്ന് ആസ്റ്റർ മിംസ് സവിശേഷമായ ആരോഗ്യസംരക്ഷണ പദ്ധതിക്കു തുടക്കം കുറിച്ചു. തടി കുറയ്ക്കുന്ന ജീവ നക്കാർക്കു കാഷ് ഇൻസെന്റീവുകൾ ലഭിക്കുന്നതാണ് ഈ പദ്ധതി.
ഷെറിൻ തോമസ്
ആസ്റ്റർ മിംസ് ചീഫ് ഡയറ്റീഷ്യൻ

നിയന്ത്രിക്കാം കുട്ടികളിലെ പൊണ്ണത്തടി

 

 

 

 

 

 

കേരളം ജീവിതശൈലി രോഗങ്ങളുടെ പിടിയിലമർന്നിരിക്കുകയാണ്. പ്രമേഹത്തിന്റേയും രക്‌താദിമർദത്തിന്റേയും ഉദരരോഗങ്ങളുടെയും കാര്യത്തിൽ നാം ഏറെ മുന്നിലാണ്. രോഗങ്ങളിലേക്കുള്ള കുതിച്ചുചാട്ടം എവിടെയാണ് തുടങ്ങിയതെന്നുള്ള അന്വേഷണം നമ്മെ എത്തിക്കുക സ്വന്തം അടുക്കളയിലാണ്.

കുട്ടികളിലെ പൊണ്ണത്തടി എങ്ങനെ നിയന്ത്രിക്കാം
കുട്ടികളിലെ അമിതവണ്ണം പരിഹരിക്കാൻ കടുത്ത ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പകരം അവരെ കളിച്ചു വളരാൻ അനുവദിക്കുക. ലോകത്താകമാനം അഞ്ചിനും 17നും ഇടയിൽ പ്രായമായ സ്കൂൾ കുട്ടികളിൽ പത്ത് ശതമാനം അമിതവണ്ണക്കാരാണ്. ഇന്ത്യയിൽ ഇത് പത്ത് ശതമാനം മുതൽ 30 ശതമാനവും തെക്കേഇന്ത്യയിൽ മാത്രം 11 ശതമാനം മുതൽ 29 ശതമാനം ആയി കാണപ്പെടുന്നു. ഇത് കുട്ടികളിൽ അവരുടെ ഭാവിയിൽ രോഗങ്ങൾ ഉണ്ടാക്കുന്ന സാധ്യത കൂട്ടുന്നതിനോടൊപ്പം മാനസിക സമ്മർദം, ആത്മവിശ്വാസക്കുറവ്, വിഷാദം എന്നീ അവസ്‌ഥകളിലേക്ക് നയിക്കാനും കാരണമാകുന്നു. അമിതവണ്ണത്തിന് വിവിധ കാരണങ്ങൾ ഉണ്ട്. വ്യായാമക്കുറവ്, ആഹാര രീതികൾ എന്നിവയാണ് പ്രധാനം. അപൂർവമായി പാരമ്പര്യതകരാറുകൾ കൊണ്ടും ഹോർമോൺ തകരാറുകൾ കൊണ്ടും അമിത വണ്ണമുണ്ടാകും. 
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 പച്ചക്കറികളും പഴങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക (ഊർജ്‌ജ സാന്ദ്രതകൂടിയ നേന്ത്രപ്പഴം, മാമ്പഴം, സപ്പോട്ടാ, സീതപ്പഴം എന്നിവ കുറയ്ക്കുക).
3 മധുര പാനീയങ്ങളും ബേക്കറി സാധനങ്ങളും ഉപ്പും എണ്ണയും അടങ്ങിയതുമായ ഭക്ഷണങ്ങളും കൊടുക്കാതിരിക്കുക.
4 കുട്ടികൾ പ്രഭാതഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
5 ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക, ഭക്ഷണം ഒരു സമ്മാനമായി നൽകാതിരിക്കുക (നല്ല മാർക്ക് വാങ്ങിയാൽ ബിരിയാണി, ഐസ്ക്രീം...).
6 ടിവി, കംപ്യൂട്ടർ, വീഡിയോ ഗെയിം എന്നിവയ്ക്ക് കൂടുതൽ സമയം നൽകരുത്. ശരീരം അനങ്ങിയുള്ള കളികളെ പ്രോത്സാഹിപ്പിക്കുക.
7 മാതാപിതാക്കൾ ഈ കാര്യങ്ങളിൽ മാതൃകയാവുക.
8 സ്കൂൾ പരിസരങ്ങളിൽ കാർബണേറ്റഡ് പാനീയങ്ങളും മറ്റു ജങ്ക് ഫുഡുകളും നിരോധിക്കുക.
(തുടരും).
ഡോ. കെ.പി.എ. സിദ്ദീഖ്
എംബിബിഎസ്, ഡിസിഎച്ച്, എംഡി (പീഡിയാട്രിക്സ്)
കൺസൽട്ടന്റ് പീഡിയാട്രീഷ്യൻ, പ്രസിഡന്റ് ഐഎപി തലശേരി.
മെഡിക്കൽ ഡയറക്ടർ, ഇന്ദിരാഗാന്ധി കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തലശേരി.

വായ്പുണ്ണ് കാരണങ്ങൾ പലത്, അവഗണിക്കരുത്

സ്ത്രീ–പുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്. 

 

 

 

 

 

 

 

ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചില ജനവിഭാഗങ്ങളിൽ ഇതിൽ കൂടുതലായും ഈ അസുഖം ബാധിക്കുന്നുണ്ട്.
വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെന്റിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം.
വ്രണങ്ങളുണ്ടാകുമ്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുമ്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.
കാരണങ്ങൾ
സാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇവ ഏതാണെന്നു നോക്കാം. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ ഈ രോഗം കൂടെക്കൂടെ വരാനുള്ള കാരണമാണ്. 
നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന എച്ച്ഐവി പോലുള്ള അണുബാധയുടെ ലക്ഷണമായും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകളും ഇതിനു കാരണമാകാം. പശുവിൻപാലിനോടുള്ള അലർജി ചില കുട്ടികളിൽ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്. 
വെണ്ണ, ചിലതരം ധാന്യങ്ങൾ എന്നിവയുടെ അലർജി മൂലവും ഈ വ്രണങ്ങൾ ഉണ്ടാകാം. ടൂത്ത്പേസ്റ്റുകളിൽ അടങ്ങിയിട്ടുള്ള സോഡിയം ലോറൈൽ സൾഫേറ്റും വാനിലയിൽ അടങ്ങിയിട്ടുള്ള വാനിലിനും വായ്പുണ്ണിനു കാരണമാകാറുണ്ട്.
വായ്ക്കകത്തു കാണപ്പെടുന്ന ബാക്ടീരിയയായ സ്ട്രെപ്റ്റോകോക്കസ് സാംഗ്വിസ്, ഉദരത്തിൽ കാണപ്പെടുന്ന ബാക്ടീരിയയായ ഹെലിക്കോബാക്ടർ പൈലോറി എന്നീ രോഗാണുക്കൾക്കെതിരേയുള്ള ശരീരത്തിന്റെ അമതമായ പ്രതിപ്രവർത്തനം മൂലവും വ്രണങ്ങളുണ്ടാകാം.
നമ്മുടെ ശരീരത്തിൽ ന്യൂട്രോഫിലുകളുടെ കുറവിനു കാരണമാകുന്ന മരുന്നുകളായ വേദനസംഹാരികൾ, കാർബമസെപീൻ, ഫിനോതയാസിൻ, ആന്റിബയോട്ടിക്കുകൾ എന്നിവയുടെ ഉപയോഗവും ആഫ്തൻ സ്റ്റൊമറ്റൈറ്റിസ് ഉണ്ടാക്കാം.
വായ്ക്കകത്തെ രോഗപ്രതിരോധ ശേഷിക്ക് കാരണമാകുന്ന ന്യൂട്രോഫിലുകളുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങളും അന്നപഥത്തിൽനിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതിലുള്ള തടസങ്ങളും (സീലിയാക് രോഗം) ഈ വ്രണങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു. (തുടരും)
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ
ഫോൺ: 04972 727828 –

ചർമത്തിലെ ചുളിവുകൾ കുറയ്ക്കാം

പ്രായമാകുമ്പോൾ ചർമത്തിൽ ചുളിവുണ്ടാവുക (ജര) സ്വാഭാവികം. എന്നാൽ പ്രായമാകുന്നതിനു മുമ്പുതന്നെ ത്വക്കിനുണ്ടാകുന്ന ചുളിവുകൾ (പ്രത്യേകിച്ചു മുഖത്തെ ചുളിവുകൾ) ആരെയും അസ്വസ്‌ഥരാക്കും. ത്വക്കിലെ അകാലജര ഒഴിവാക്കാൻ ചില വഴികൾ...

1. അമിതമായി സൂര്യപ്രകാശമേല്ക്കുന്നത് ഒഴിവാക്കുക. സൺഗ്ലാസുകൾ ധരിക്കുക. കണ്ണിനു ചുറ്റുമുളള ചർമം ചുളിയാതെ സംരക്ഷിക്കുന്നതിന് ഇതു സഹായകം. ശരീരം മൂടിക്കിടക്കത്ത ക്ക വിധമുളള വസ്ത്രം ധരിക്കുക. വെയിലത്തു സഞ്ചരിക്കുമ്പോൾ കഴിവതും കുട ചൂടുക.
2. പുകവലി ഉപേക്ഷിക്കുക. സിഗരറ്റ് പുകയുടെ സാന്നിധ്യത്തിലുണ്ടാകുന്ന ഒരു എൻസൈം ത്വക്കിന്റെ പ്രധാന ഘടകങ്ങളായ കൊളാജനും ഇലാസ്റ്റിനും വിഘടിപ്പിക്കുന്നതായി ഗവേഷകർ. 
3. മതിയാവോളം ഉറങ്ങുക. ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോഴാണു ശരീരം അധികതോതിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. മതിയാവോളം വിശ്രമം കിട്ടുകയാണെങ്കിൽ ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ ഏറെ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കുന്നു. ചുളിവുകൾ കുറയ്ക്കുന്നു.
4. നേരേ നീണ്ടു നിവർന്നു കിടക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. എന്നാൽ വശം ചരിഞ്ഞും 
കമഴ്ന്നും കിടക്കുമ്പോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ(പ്രത്യേകിച്ചും കവിൾ, താടി, നെറ്റി എന്നിവിടങ്ങളിൽ) ചുളിവുകളുണ്ടാകാനുളള സാധ്യത കൂടുന്നു.
5. കണ്ണാടി ഉപയോഗിക്കാതെ വായിക്കുന്നവർക്കു തുടർച്ചയായി ചരിഞ്ഞു നോക്കേണ്ടി 
വരും. ഇത് ആവർത്തിച്ചു ചെയ്യുമ്പോൾ മുഖത്തെ പേശികൾക്ക് അമിതമായി ചലിക്കേണ്ടിവരുന്നു. ക്രമേണ മുഖത്തു ചാലുകൾ രൂപപ്പെടുന്നു. ഇതു ചുളിവുകളായി മാറുന്നു.
6. ചെറുമീനുകൾ കഴിക്കുക. മീനിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും പ്രോട്ടീനും ചർമസംരക്ഷണത്തിന് അവശ്യം.
7. സോയാബീൻ ഉത്പന്നങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. സൂര്യപ്രകാശം അമിതമായി ഏല്ക്കുന്നതു മൂലം ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതു സഹായകം.
8. പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. അവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. ത്വക്കിന്റെ മൃദുത്വം നിലനിർത്തുന്നതിനും സൂര്യപ്രകാശത്തിൽ നിന്നു സംരക്ഷിക്കുന്നതിനും ഇതു സഹായകം.
9. ത്വക്കിന്റെ ഈർപ്പം നിലനിർത്തുന്നതിനു സഹായകമായ ജെല്ലുകൾ വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടുക. പ്രകൃതിക്കിണങ്ങുന്ന ചർമസംരക്ഷണ പദാർഥങ്ങളും ക്രീമാക്കി ഉപയോഗിക്കാം.
10. പൈപ്പ് വെളളം ഉപയോഗിച്ചു മുഖം കഴുകുന്നത് ഒഴിവാക്കുക. പൈപ്പുവെളളത്തിലെ രാസപദാർഥങ്ങൾ മുഖത്തെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. ഈർപ്പം നിലനിർത്താൻ സഹായകമായ ഘടകങ്ങൾ അടങ്ങിയിട്ടുളള സോപ്പോ ക്ലെൻസറോ(ഫേസ് വാഷ്) മുഖത്തു തേച്ചു കഴുകിക്കളയുക. 
11. വിറ്റാമിൻ സി അടങ്ങിയ ആഹാരം ശീലമാക്കുക. തവിടു കളയാത്ത ധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക.
12. ചർമരോഗ വിദഗ്ധനെ കണ്ട് ചുളിവുകൾ കുറയ്ക്കാനുളള ചികിത്സാവിധികൾ സ്വീകരിക്കുക.

കാലിലെ വ്രണം : എങ്ങനെ പ്രതിരോധിക്കാം?

* രക്‌തസമ്ർദം, രക്‌തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുക. എച്ച്ബിഎ1സി, ലിപിഡ് പ്രൊഫൈൽ, രക്‌തത്തിലെ പഞ്ചസാര എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിപ്പിക്കുക.



*ഡോക്ടർ നിർദേശിച്ച പ്രകാരം മരുന്നുകൾ കഴിക്കുക. 

* കൊഴുപ്പിന്റെ അളവ് കുറഞ്ഞതും നാരുകൾ കൂടിയതുമായ ഭക്ഷണം കഴിക്കുക. 

* മദ്യപാനം പൂർണമായും നിർത്തുക. 

* എല്ലാദിവസവും രാത്രി കാൽപാദം പരിശോധിക്കുക. മുറിവുകൾ, നിറവ്യത്യാസം, നീർക്കെട്ട്, വിരലുകൾക്കിടയിലുള്ള പൂപ്പൽബാധ, കാൽവെള്ളയിലുള്ള ആണി, തടിപ്പ് ഇവയുണ്ടോയെന്ന് പരിശോധിക്കുക. ഇളംചൂടുവെള്ളത്തിൽ കാൽ കഴുകുക. കാൽ കഴുകിയശേഷം നന്നായി ഉണക്കിയെടുക്കുക. വിരലുകൾക്കിടയിലുള്ള വെള്ളം ഒപ്പിയെടുക്കുക. ഇത് അവിടങ്ങളിൽ പൂപ്പൽബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

* ചർമത്തിന്റെ മൃദുലത നിലനിർത്താൻ പെട്രോളിയം ജെല്ലി പുരട്ടുക. കാലിന്റെ അടിയിൽ ആണികൾ കണ്ടാൽ അത് റേസർ ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കരുത്. പകരം ഒരു ചർമരോഗ വിദഗ്ധന്റെ സേവനം തേടുക.

* കൃത്യമായ ഇടവേളകളിൽ ശ്രദ്ധയോടെ നഖം മുറിക്കുക. നഖത്തിന്റെ അരികുകൾ മുറിക്കാൻ ശ്രമിക്കരുത്. 

* എല്ലാസമയത്തും ഷൂസ്, സോക്സ് ഇവ ഉപയോഗിക്കുക. പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കരുത്. കാലിന് പാകമായ ഷൂസ് മാത്രം ഉപയോഗിക്കുക. പ്ലാസ്റ്റ്ിക് ഷൂ, അറ്റം കൂർത്തതും ഉയർന്ന ഹീൽ ഉള്ളതുമായ ഷൂസ് ഇവ ഉപയോഗിക്കരുത്. 

* ഇരിക്കുമ്പോൾ കാലുകൾ തറനിരപ്പിൽനിന്ന് ഉയർത്തിവയ്ക്കുക. കാലുകൾ തമ്മിൽ പിണച്ചുകൊണ്ട് ഇരിക്കരുത്. 

* ശരിയായ രീതിയിൽ വ്യായാമം ചെയ്യുക. നടത്തം, നൃത്തം, നീന്തൽ, സൈക്ലിംഗ് എന്നിവ നല്ല വ്യായാമമാണ്. ഓട്ടം, ഹൈജംപ് ഇവ ചെയ്യരുത്.

* ശരിയായ ഭക്ഷണവും ചിട്ടയായ ജീവിതവും ഡോക്ടർമാർ നിർദേശിക്കുന്ന രീതിയിലുള്ള മരുന്നുകളുടെ ഉപയോഗവുംകൊണ്ട് പ്രമേഹബാധിതനായ ഒരാളുടെ ജീവിതം സുഗമമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാകും എന്ന കാര്യത്തിൽ സംശയമില്ല.

ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോൺ: 04972 727828.

ഹോംവർക്കും കുട്ടികളും

ശിക്ഷയാകരുത് ഹോംവർക്ക്
പഠനം തുടർച്ചായി നടന്നുകൊണ്ടിരിക്കുന്നതാണ്. സ്കൂളിൽ അധ്യാപകരുടെ മേൽനോട്ടത്തിലും നിർദേശങ്ങളിലും ചിട്ടയോടെ നടക്കുന്ന പഠനപ്രവർത്തനങ്ങൾ വീട്ടിലെത്തിയാലും തുടരണം. അതിനാണു ഹോംവർക്ക് കൊടുക്കുന്നത്. സ്കൂളിൽ ഇന്നു പഠിപ്പിച്ചത് ഇന്നു തന്നെ വായിക്കണമെന്നു സ്വയം തോന്നുക, എഴുതിപ്പഠിക്കുക... തുടങ്ങിയ നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കുക, സ്വയംപഠനത്തിനു പ്രാപ്തിനേടുക എന്നിവയൊക്കെയാണു ഹോംവർക്കിനു പിന്നിലുള്ള ലക്ഷ്യങ്ങൾ. 

പഠിക്കുന്നതിനു വേണ്ടി അറിയാം

രണ്ടാം ക്ലാസ് വരെയുള്ള പഠനം അറിവിനു വേണ്ടിയല്ല. പഠിക്കുന്നതിനു വേണ്ടി അറിയുകയാണ്. എന്തു പഠിക്കണം, എങ്ങനെ പഠിക്കണം, എങ്ങനെയാണു വായിക്കേണ്ടത്, എഴുതേണ്ടത്... എന്നിങ്ങനെയുള്ള കാര്യങ്ങൾ. അതിനുശേഷമാണ് അറിവിനു വേണ്ടിയുള്ള പഠനം. ഉച്ചത്തിൽ എന്തെങ്കിലും വായിക്കുന്നതു കേൾക്കുക, ഉച്ചത്തിൽ വായിക്കുക, അക്ഷരങ്ങളും സംഖ്യകളും പരിചയപ്പെടുക, ക്രമേണ പദങ്ങൾ എഴുതിത്തുടങ്ങുക, അക്ഷരങ്ങളോടും ഭാഷയോടും അടിസ്‌ഥാനഗണിതത്തോടും ഒരടുപ്പം ഉണ്ടാവുക എന്നിങ്ങനെ താത്പര്യം ജനിപ്പിക്കുക എന്നതു മാത്രമാണ് നാലാം ക്ലാസ് വരെയുള്ള കുട്ടിയിൽ പഠനം കൊണ്ടു ലക്ഷ്യമാക്കുന്നത്. 

ആ താത്പര്യം അവിടെവച്ചു നഷ്‌ടപ്പെടുന്ന കുട്ടികളിലാണു തുടർന്നുള്ള ക്ലാസുകളിൽ പഠിക്കാനുള്ള താത്പര്യം നഷ്‌ടപ്പെടുന്നത്. ശ്രദ്ധിക്കാനും വായിക്കാനും കേൾക്കാനും പറയാനും താത്പര്യം ജനിപ്പിക്കുന്നതിനു സഹായകമായ ഹോംവർക്കാണ് ആ ക്ലാസുകളിലെ കുട്ടികൾക്കു നല്കുന്നത്. പഠനവുമായി ബന്ധപ്പെട്ടതും സ്വയംപഠനത്തിനു സഹായിക്കുന്നതുമായ തുടർപ്രവർത്തനങ്ങളാണു തുടർന്നുള്ള ക്ലാസുകളിലെ കുട്ടികൾക്കു ഹോംവർക്കായി നല്കുന്നത്. ചിത്രങ്ങൾ ശേഖരിക്കൽ, റിപ്പോർട്ട് തയാറാക്കൽ.. തുടങ്ങിയവ. ഇന്നു പഠിച്ചതു നോക്കാനും നാളെ പഠിക്കുന്നതിനുള്ള മുന്നൊരുക്കത്തിനും അതു സഹായകം

ഉണർന്നിരിക്കുന്ന സമയത്തു പഠനം

സ്കൂളിൽ നിന്നു വന്നാലുടൻ ഹോംവർക്ക് ചെയ്യണമെന്നു നിർബന്ധിക്കാനാവില്ല. അല്പനേരം ടിവി കാണട്ടെ, കളിക്കട്ടെ. സ്കൂളിലെ പഠനസമയവും വീട്ടിലെ പഠനസമയവും തമ്മിൽ ഇടവേള അത്യാവശ്യം.
നാലാം ക്ലാസിനു താഴെയുള്ള കുട്ടികളെ ഹോംവർക്ക് ചെയ്യിപ്പിക്കാൻ രാത്രി ഇരുത്തേണ്ടതില്ല. ഉറക്കം വരുന്നു എന്നു പറഞ്ഞാൽ കിടക്കാൻ അനുവദിക്കണം. ഉറക്കംതൂങ്ങിയിരുന്നു പഠിക്കാൻ അനുവദിക്കരുത്. ഉണർന്നിരിക്കുന്ന സമയത്തു പഠിപ്പിക്കുക എന്നതാണു പ്രധാനം. അതിരാവിലെ വിളിച്ചുണർത്തേണ്ടതുമില്ല.

ഏകാഗ്രത പ്രധാനം

പ്രീപ്രൈമറി ക്ലാസുകളിലുള്ള കുട്ടികൾക്കു തുടർച്ചയായി ഒരു മണിക്കൂറിലധികം പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാനുള്ള കഴിവില്ല. ഏകാഗ്രത കിട്ടില്ല. അതിനപ്പുറവും പഠിക്കാനുണ്ടെങ്കിൽ ചെറിയ ഇടവേള നല്കണം. അല്പനേരം കളിക്കട്ടെ. അതിനുശേഷമേ വീണ്ടും പഠിപ്പിക്കാൻ ഇരുത്താവൂ. 

എട്ടാം ക്ലാസ് കഴിയുന്നതോടെ വേണമെങ്കിൽ 9.30 – 10 വരെ ഇരുന്നു പഠിക്കാം. 10 – 12 ക്ലാസുകളിൽ 10–11 മണിവരെ പഠിക്കുകയും അതിരാവിലെ പഠിക്കാൻ താത്പര്യമുള്ളവരാണെങ്കിൽ ആ സമയത്തു വിളിച്ചുണർത്തുന്നതിലും തെറ്റില്ല. ഏതാണോ ഒരു കുട്ടിയെ സംബന്ധിച്ച് ഏകാഗ്രത കിട്ടുന്ന സമയം, ഇടം അതു പ്രോത്സാഹിപ്പിക്കുക.

മുറി അടച്ചിട്ടു പഠിക്കേണ്ട

മുറി അടച്ചിട്ടു പഠിക്കുന്ന രീതി ഒരിക്കലും അനുവദിക്കരുത്. വലിയ കുട്ടികൾ കതകു വേണമെങ്കിൽ ചാരിയിടുന്നതിൽ തെറ്റില്ല. പക്ഷേ, കൊച്ചു കുട്ടികളെ അതിന് അനുവദിക്കരുത്. എല്ലാവരും കാണുന്ന ഇടത്തായിരിക്കണം പഠനസ്‌ഥലം. പക്ഷേ, ആ സമയം മുതിർന്നവർ ടിവി ഓഫാക്കാൻ ശ്രദ്ധിക്കണം

ടിവിക്കു മുന്നിൽ വേണ്ട

തനിക്കു ടിവിയും കാണാം മക്കളെയും പഠിപ്പിക്കാം എന്നു കരുതി ടിവിക്കു മുന്നിലിരുത്തി മക്കളെ ഗൃഹപാഠം ചെയ്യിപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. അതു ശരിയായ രീതിയല്ല. പഠിപ്പിക്കുന്ന സമയത്ത് ടിവിയും ഫോണുമൊക്കെ അകറ്റിനിർത്തുന്നതാണ് ഉചിതം. വീട്ടിൽ മറ്റാരെങ്കിലും ടിവി കാണുന്നുണ്ടെങ്കിൽ പോലും ആ ശബ്ദം കേൾക്കാത്തവിധം മാറ്റിയിരുത്തി വേണം പഠിപ്പിക്കാൻ. അല്ലെങ്കിൽ കുട്ടിക്ക് പൂർണമായും പഠനത്തിൽ ശ്രദ്ധിക്കാനാവില്ല.

അനുയോജ്യമായ പഠനമേശ, കസേര

കൊച്ചുകുട്ടികളുടെ വലുപ്പത്തിന് അനുയോജ്യമായ കസേരയും പഠനമേശയുമൊക്കെ വീട്ടിലും ഒരുക്കണം. മുതിർന്നവരുടെ കസേരയും മേശയുമൊക്കെ നല്കി പഠിക്കാനിരുത്തിയാൽ 10–15 മിനിട്ടു കഴിയുമ്പോൾത്തന്നെ കുട്ടികൾ ക്ഷീണത്തോടെ എഴുത്തു നിർത്തും. 

കൂട്ടു വേണം നാലാം ക്ലാസ് വരെ

പ്രീപ്രൈമറി കുട്ടികൾക്ക് ഹോംവർക്ക് സംബന്ധിച്ചു കൃത്യമായ നിർദേശങ്ങൾ ഡയറിയിൽ എഴുതികൊടുത്തുവിടാറുണ്ട്. അതു കുട്ടിക്കു വായിക്കാനാകാത്തതിനാലാണ് അമ്മയോ മുതിർന്നവരോ സഹായത്തിനെത്തുന്നത്. നാലാം ക്ലാസിനു താഴെയുള്ള കുട്ടിയാണെങ്കിൽ പഠനത്തിനു രക്ഷാകർത്താവിന്റെ സഹായം വേണം. എന്താണ്, എവിടെയാണ്, എങ്ങനെയാണ് എഴുതേണ്ടത്.. ഇത്തരം കാര്യങ്ങളാണു ഗൃഹപാഠത്തിൽ പറഞ്ഞുകൊടുക്കേണ്ടത്. ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരായ അമ്മമാർ ട്യൂഷൻ ഏർപ്പെടുത്തുന്നതിലും തെറ്റില്ല.

കൃത്യമായ ഉച്ചാരണം പഠിപ്പിക്കാം

അമ്മയായാവട്ടെ, ട്യൂഷൻ ടീച്ചറാവട്ടെ നിർദേശങ്ങൾ കുട്ടിക്കു കൃത്യമായി പറഞ്ഞുകൊടുക്കുക എന്നതാണു പ്രധാനം. ഉച്ചത്തിൽ വായിക്കുന്നതു കേട്ടാണ് കൊച്ചുകുട്ടികൾ പഠനം തുടങ്ങുന്നത്. പഠിപ്പിക്കുന്ന ടീച്ചറിന്റെയോ അമ്മയുടെയോ ഉച്ചാരണം മോശമാണെങ്കിൽ കുട്ടിക്ക് അതുതന്നെ കിട്ടും. കൂടാതെ, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പറഞ്ഞുകൊടുക്കുന്ന വാക്കുകളുടെ ഉച്ചാരണവും വീട്ടിൽ അമ്മമാർ പറഞ്ഞുകൊടുക്കുന്നതും തമ്മിൽ പലപ്പോഴും വ്യത്യാസം വരാറുണ്ട്. വാക്കുകളുടെ ഫൊണറ്റിക്സാണു സ്കൂളുകളിൽ പഠിപ്പിക്കുന്നത്. 

സ്കൂളിൽ ഒരു തരത്തിൽ കേൾക്കുകയും വീട്ടിൽ അമ്മ മറ്റൊരു തരത്തിൽ പറഞ്ഞുകൊടുക്കുകയും ചെയ്യുമ്പോൾ കുട്ടിക്കു കൺഫ്യൂഷൻ സ്വാഭാവികം. ഇന്റർനെറ്റിലൊക്കെ ഇംഗ്ലീഷ് വാക്കുകളുടെ കൃത്യമായ ഉച്ചാരണത്തിന്റെ ഓഡിയോ കിട്ടും. അതു ശ്രദ്ധിച്ചു വാക്കുകളുടെ കൃത്യമായ ഉച്ചാരണം മനസിലാക്കിയശേഷമേ കുട്ടിക്കു പറഞ്ഞുകൊടുക്കാവൂ. അല്ലെങ്കിൽ അവരുടെ ഭാഷ നഷ്‌ടമാകും.

ഉച്ചത്തിൽ വായിപ്പിക്കാം

എട്ടാം ക്ലാസ് വരെ കുട്ടിയെക്കൊണ്ട് ഉച്ചത്തിൽ വായിപ്പിക്കണം. പ്രായം കൂടും തോറും ശബ്ദം കുറയ്ക്കാവുന്നതാണ്. എത്ര സങ്കീർണമായ പദവും ശുദ്ധമായി വായിക്കണമെങ്കിൽ ഉച്ചത്തിൽ വായിച്ചു ശീലിക്കണം.

തനിയെ എഴുതട്ടെ

കൈയക്ഷരം മോശമായ അമ്മ കൈപിടിച്ച് എഴുതിപ്പിക്കുമ്പോൾ കുട്ടിയുടെ കൈയക്ഷരത്തിലും അതേ വളവുകളും വ്യതിയാനങ്ങളും സ്വാഭാവികം. അതിനാൽ അക്ഷരങ്ങൾ കാണിച്ചുകൊടുത്തശേഷം അതു കണ്ട് എഴുതാൻ ആവശ്യപ്പെടണം. അല്ലെങ്കിൽ വർക്ക്് ബുക്കുകളിലെ ഡോട്ട് മാർക്കിലൂടെ വരയ്ക്കാൻ ആവശ്യപ്പെടാം. ട്യൂഷൻ ടീച്ചറാണെങ്കിൽ ജോലി പെട്ടെന്നു തീർക്കാൻ വേണ്ടി കുട്ടിയുടെ കൈയിൽ പിടിച്ചു മൊത്തം എഴുതിക്കൊടുക്കും. അത്രയും വർക്ക് ചെയ്യിപ്പിച്ചല്ലോ എന്നു രക്ഷാകർത്താവും സന്തോഷിക്കും! 

കുട്ടി വർക്ക് ചെയ്യാതെ വന്നാൽ ടീച്ചർമാരുടെ ഭാഗത്തുനിന്നുള്ള കുറ്റപ്പെടുത്തൽ ഒഴിവാക്കാൻ പലപ്പോഴും അമ്മമാർ ചെയ്തുകൊടുക്കാറുണ്ട്. സ്വയം എഴുതാൻ പറ്റുന്ന കാര്യങ്ങൾ കുട്ടി തനിയെ എഴുതട്ടെ. എഴുതിക്കൊടുക്കാൻ പോയാൽ ജീവിതത്തിൽ ഒരിക്കലും കുട്ടി എഴുതാൻ പഠിക്കില്ല. ഞാൻ പകുതി എഴുതിയാൽ മതി ബാക്കി അമ്മ എഴുതിത്തരും എന്നു കുട്ടി വിചാരിക്കും.

പഠനവൈകല്യങ്ങൾ തിരിച്ചറിയാം

1–2 ക്ലാസ് ആകുമ്പോഴേക്കും സാധാരണ കുട്ടി 10 വാക്ക് എഴുതുമ്പോൾ കുട്ടിക്കു 2 വാക്ക് പോലും എഴുതാനാകുന്നില്ലെങ്കിൽ കുട്ടിയുടെ ഫിസിക്കൽ ഫിറ്റ്നെസ് പരിശോധിക്കണം. മസിൽ കോർഡിനേഷനിൽ തകരാറുകൾ ഉണ്ടോ എന്നു പരിശോധിക്കണം. എഴുതാനും വായിക്കാനും പിന്നിലേക്കു പോകുമ്പോൾ കാഴ്ചയ്ക്കോ കേൾവിക്കോ തകരാറുണ്ടോ എന്നു പരിശോധന നടത്തണം. 2–3 ക്ലാസ് കഴിയുമ്പോഴേക്കും ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യങ്ങളുണ്ടോ എന്നു തിരിച്ചറിയാം.

6 നു പകരം 9, ഡിയ്ക്കു പകരം ബി എന്നിങ്ങനെ എഴുതുകയോ വായിക്കുകയോ ചെയ്താൽ അക്ഷരങ്ങളോടും അക്കങ്ങളോടും ബുദ്ധിമുട്ടുണ്ടെന്നു തിരിച്ചറിയാനാവും. അത്തരം കുട്ടികൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കണം. നാലു വാക്ക് എഴുതാൻ പറഞ്ഞപ്പോൾ 3 വാക്ക് എഴുതിയാൽത്തന്നെ വെരി ഗുഡ് എന്നു പറഞ്ഞ് അപ്പോൾത്തന്നെ അഭിനന്ദിക്കണം. കുട്ടികൾ ചെയ്യുന്ന ചെറിയ കാര്യങ്ങളെ വരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

ക്ഷമയോടെ കേൾക്കാം

ടിവി കാണാതെയും ഫോൺ മാറ്റി വച്ചും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്ത് കുട്ടികൾക്കൊപ്പം ദിവസവും സമയം ചെലവഴിക്കാൻ രക്ഷാകർത്താക്കൾ ശ്രമിക്കണം. ഹോംവർക്ക് എന്നാൽ പഠനം മാത്രമല്ല അല്പസമയം കുട്ടികൾക്കൊപ്പം ചെലവഴിക്കാനും സംസാരിക്കാനുമുള്ള ഗുണപരമായ സമയം. നല്ല ആശയവിനിമയത്തിനുള്ള അവസരമാക്കി മാറ്റുക. അതു പീഡനത്തിനുള്ള അവസരമായി മാറ്റരുത്. ശിക്ഷയാക്കി മാറ്റരുത്. സൗഹൃദപരമായ ഇടപെടലിനുള്ള അവസരമാക്കി മാറ്റാവുന്നതാണ്. ആ സമയത്തു കുട്ടി സ്കൂളിലെ കഥകളൊക്കെ പറയും. അതു ക്ഷമയോടെ കേൾക്കാം. വേണമെങ്കിൽ വേണ്ട നിർദേശങ്ങൾ കൊടുക്കാം. 

പഠിക്കുമ്പോൾ വർത്തമാനം പറയരുതെന്നു വിലക്കാൻ ഇതു സ്കൂളല്ല. പരമാവധി സംസാരിക്കാൻ അനുവദിക്കണം. വേണ്ട പ്രോത്സാഹനം കൊടുത്താൽ ഏറ്റവും നല്ല സൗഹൃദം വളർത്തിയെടുക്കാനും അതിലൂടെ കുട്ടിയെ വളർത്താനും പറ്റുന്ന സമയമായി ഹോംവർക്ക് സമയം മാറ്റിയെടുക്കാവുന്നതാണ്. 

വിവരങ്ങൾ:

ഡോ. റോസമ്മ ഫിലിപ്പ്
കരിക്കുലം എക്സ്പേർട്ട്. 

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

ഹോംവർക്കും രക്ഷാകർത്താക്കളും

കൂടെ നില്ക്കാം, ആത്മവിശ്വാസം വളർത്താം
കുട്ടികളെ വാക്കുകൾ പരിചയപ്പെടുത്തുമ്പോൾ വേണ്ടതു സമഗ്രമായ സമീപനം. അമ്മ എ ഫോർ ആപ്പിൾ എന്ന് നഴ്സറി ക്ലാസിലെ കുട്ടിയെ പഠിക്കുന്നു. a p p l e എന്നു സ്പെല്ലിംഗ് പറഞ്ഞു കൊടുത്താൽ കുട്ടി അതുമാത്രം പഠിക്കും. അങ്ങനെ പഠിക്കുന്നതിൽ ഒരർഥവുമില്ല. apple എന്നു പഠിച്ചിട്ടു കുട്ടിക്കു പ്രത്യേകമായി ഒന്നും നേടാനുമില്ല. പകരം ഒരാപ്പിൾ എടുത്തു കാണിച്ചു പറഞ്ഞാൽ അത് ആപ്പിളാണെന്നു കുട്ടിക്ക് അപ്പോൾത്തന്നെ പിടികിട്ടും. അതിന്റെ സ്പെല്ലിംഗ് ആപ്പിളിനോടു ചേർത്തു കാണിക്കുമ്പോൾ അതു രണ്ടും തമ്മിൽ കുട്ടി ബന്ധിപ്പിക്കും. തമ്മിലുള്ള ബന്ധം മനസിലാകും. അതോടൊപ്പം ധാരാളം കാര്യങ്ങൾ ചേർത്തു പറയാം. 

ഈ ആപ്പിളിന്റെ നിറമെന്താണ്. അതു ചെമപ്പാണ് എന്നു കുട്ടി പറയുമ്പോൾ ഒരു നിറം പഠിക്കും. ഇതിനു ഗോളാകൃതിയാണ് എന്നു പറയുമ്പോൾ ഗോളം എന്ന ഷേപ്പ് കുട്ടി പഠിക്കും. ഇതൊരു ഫലമാണ് എന്നു പറയുമ്പോൾ ഫ്രൂട്ട്, വെജിറ്റബിൾ തുടങ്ങിയ ആശയങ്ങളിലേക്കു കുട്ടി എത്തും. നമ്മുടെ കൈയിൽ ഇപ്പോൾ ഒരാപ്പിൾ മാത്രമേയുള്ളു. എനിക്കും കഴിക്കണം, നിനക്കും കഴിക്കണം. അപ്പോൾ എന്തുചെയ്യും? അപ്പോൾ കുട്ടിതന്നെ പറയും ഇതു മുറിക്കണമെന്ന്. ഇതു രണ്ടു തുല്യ ഭാഗങ്ങളായി മുറിച്ചാൽ പകുതിയെന്നു പറയാം. രണ്ടു പേർ കൂടി വന്നാൽ ഓരോന്നും വീണ്ടും മുറിക്കും. പങ്കുവച്ച് എല്ലാവർക്കും കൊടുക്കും. 

ഷെയറിംഗ്(പങ്കുവയ്ക്കൽ) എന്ന മൂല്യം അതിലൂടെ പഠിക്കും. ആപ്പിൾ ഒരു ഫലമാണെന്നും അതിൽ ധാരാളം വിറ്റാമിനുകൾ ഉള്ളതിനാൽ അതു കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നും പറയാം. ഇതാണ് പഠനത്തിലെ ഹോളിസ്റ്റിക് അപ്രോച്ച്. സമഗ്രമായ സമീപനം. ലാംഗ്വേജ് ഡിഫിക്കൽറ്റിയുള്ള ഒരു കുട്ടിയാണെങ്കിൽ സ്പെല്ലിംഗ് പഠിക്കില്ലായിരിക്കാം. പക്ഷേ, ഇത്രയും കാര്യങ്ങൾ ആ കുട്ടി മനസിലാക്കും. അതു കഴിഞ്ഞ് ആപ്പിൾ മുറിച്ചു കൊടുത്താൽ അത്രയും ഭക്ഷണവും കുട്ടിയുടെ ഉള്ളിലെത്തും. കുട്ടി ഹാപ്പിയാവും. ഇത്തരത്തിലാവണം വീട്ടിലെ വിദ്യാഭ്യാസം. പഠിക്കുന്ന കാര്യങ്ങൾക്കു ജീവിതവുമായി എന്താണു ബന്ധം എന്നതു പരമാവധി കുട്ടികളിലെത്തിക്കണം. അതാണ് അമ്മയുടെ ധർമം. അതാണു ലൈഫ് സ്കിൽ വിദ്യാഭ്യാസം. 

ദേഹോപദ്രവം പാടില്ല
ഹോംവർക്ക് ചെയ്യാനുള്ള നിർദേശങ്ങൾ നല്കിയിട്ടും കുട്ടി അനുസരിച്ചില്ലെങ്കിൽ ബഹുഭൂരിപക്ഷം രക്ഷിതാക്കളും ആദ്യം ചെയ്യാറുള്ളതു ശാരീരികമായി ഉപദ്രവിക്കുക– അടിക്കുക– എന്നതാണ്. ഓർക്കുക, ശാരീരിക മർദനം എന്നതു പഠിക്കാതിരിക്കുന്നതിനു പോംവഴിയല്ല. അതുകൊണ്ടു പ്രത്യേകിച്ചു മെച്ചമൊന്നും ഉണ്ടാവില്ല. പഠിക്കുന്നില്ലെങ്കിൽ കുട്ടി യഥേഷ്‌ടം അനുഭവിച്ചുവന്ന ചില സൗകര്യങ്ങൾ തടസപ്പെടുത്താം. പഠിച്ചില്ലെങ്കിൽ അന്നേദിവസം ടിവി വച്ചു കൊടുക്കാതിരിക്കാം. ഇഷ്‌ടഭക്ഷണം പഠിച്ചു കഴിഞ്ഞേ തരൂ എന്നു പറയാം. ഇതു കൂടി പഠിച്ചാൽ അര മണിക്കൂർ കൂടി ഇന്നു ടിവി കാണിക്കാം എന്നൊക്കെ പറയാം. ഇതു പഠിച്ചാൽ ഐസ്്ക്രീം വാങ്ങിത്തരാം എന്നിങ്ങനെ ഓഫറുകൾ നല്കുന്നതിൽ തെറ്റില്ല. ചില കാര്യങ്ങൾ സ്വയം തോന്നി ചെയ്യാതിരിക്കുമ്പോൾ ബാഹ്യപ്രേരണകൾ കണ്ടു ചെയ്താലും നല്ലതു തന്നെ. വല്ലപ്പോഴും അത്തരത്തിലുള്ള വാഗ്ദാനങ്ങൾ കൊടുക്കുകയും അതു നല്ല കാര്യങ്ങൾക്കു പ്രേരണയാവുകയും ചെയ്യുന്നതിൽ തെറ്റില്ല.

പഠനത്തിൽ താരതമ്യം വേണ്ട

പഠിക്കുന്ന കാര്യത്തിൽ മറ്റൊരാളിന്റെ കാര്യം പറഞ്ഞിട്ട് അവനെ കണ്ടു പഠിക്ക് എന്ന തരത്തിലുള്ള താരതമ്യം ഒഴിവാക്കണം. കുട്ടികളുടെ ആത്മവിശ്വാസം നഷ്‌ടപ്പെടാനും അപകർഷബോധം വളരാനും അതിടയാക്കും. അതേസമയം നല്ല പെരുമാറ്റമുള്ളവരെക്കുറിച്ച് എത്ര നല്ല പെരുമാറ്റമാണ്, സ്വഭാവമാണ്, അതുപോലെ പെരുമാറാൻ പഠിക്കണം.. എന്നൊക്കെ പറയുന്നതിൽ തെറ്റില്ല. പഠനപരമായ കഴിവുകളുടെ അടിസ്‌ഥാനത്തിലുള്ള താരതമ്യം ഉചിതമല്ല.

സ്കൂളിൽ വേണ്ട അന്തിമ വിലയിരുത്തൽ
10–ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ നിലവാരമല്ല വാസ്തവത്തിൽ ഒരാളിന്റെ യോഗ്യതകൾ നിർണയിക്കുന്നത്. അതുവരെ പഠനകാര്യങ്ങളിൽ മികവു കാട്ടാത്ത എത്രയോപേർ പിന്നീടു പഠിച്ചു ജീവിതവിജയം നേടുന്നു. അതുവരെ ഉയർന്ന മാർക്ക് കിട്ടിയവർ പിന്നീടു പഠിക്കാതെ പോകുന്നു. അതുകൊണ്ട് സ്കൂൾ ക്ലാസുകളിലെ പഠിത്തത്തിന്റെ അടിസ്‌ഥാനത്തിൽ ഒരു കുട്ടിയെക്കുറിച്ച് അന്തിമ വിലയിരുത്തൽ നടത്തരുത്. ഏതു സമയത്തു വേണമെങ്കിലും കുട്ടിക്കു താത്പര്യങ്ങളുണ്ടാവാം, താത്പര്യങ്ങൾ നഷ്‌ടപ്പെടാം. കൂടെനിന്നു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതു മാത്രമാണു രക്ഷിതാക്കളുടെ ധർമം.

ആത്മവിശ്വാസം നിലനിർത്താം

മാർക്കു കിട്ടായാലുടൻ വലിയ മിടുക്കനാണെന്നും മാർക്ക് കുറഞ്ഞാൽ വിഡ്ഢിയാണെന്നുമുള്ള വിലയിരുത്തലുകൾ ഒരിക്കലും ശരിയല്ല. ഏതു സംമയത്തും കുട്ടിയുടെ ആത്മവിശ്വാസം നഷ്‌ടമാകാതെ സൂക്ഷിക്കുക എന്നതാണു രക്ഷിതാക്കൾക്കു ചെയ്യാനുള്ളത്. നല്ല മാർക്കു കിട്ടായാൽ അത് ആത്മവിശ്വാസം കൂട്ടും. പക്ഷേ മാർക്കു കുറയുന്ന ഒരാൾക്ക് അതിന്റെ പേരിൽ ആത്മവിശ്വാസം ഇല്ലാതാക്കരുത്. ഏറ്റവും പ്രധാന ഘടകം ആത്മവിശ്വാസമാണ്. അതുണ്ടെങ്കിൽ ജീവിതത്തിന്റെ ഏതു സമയത്തും നമുക്കു രക്ഷപ്പെടാം. സാരമില്ല, അടുത്ത തവണ പഠിച്ചു നമുക്കു നേടാം, നിനക്കതിനു കഴിവുണ്ട്. അതുപയോഗിക്കണം... എന്നിങ്ങനെയാവണം മാർക്കു കുറയുമ്പോൾ രക്ഷിതാവ് കുട്ടിക്ക് ആത്മവിശ്വാസം കൊടുക്കേണ്ടത്. 

കൂടെയുണ്ടെന്ന ധൈര്യം
കൂടെയിരുത്തി പഠിപ്പിക്കുന്നതും ഹോം വർക്ക് ചെയ്യിപ്പിക്കുന്നതുമൊക്കെ വാസ്തവത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനുവേണ്ടിയാണ്.ഹോം വർക്ക് ചെയ്യാനാകാത്തതു മൂലം കുട്ടിക്കുണ്ടാകുന്ന ടെൻഷൻ ഒഴിവാക്കി ആത്മവിസ്വാസത്തോടെ മുന്നോട്ടു പോകുന്നതിനുള്ള സഹായമാണ് രക്ഷാകർത്താക്കൾ ചെയ്യുന്നത്. കുട്ടിക്ക് മനോധൈര്യം പകരുന്നതിനും വൈകാരികമായ പിന്തുണ നല്കുന്നതിനുമാണ് കൂടെയിരിക്കുന്നത്. നമ്മുടെ സപ്പോർട്ട് കൂടെയുണ്ടെന്ന തോന്നൽ കുട്ടിക്കു കൊടുക്കാൻ വേണ്ടിയാണ് കൂടെയിരിക്കുന്നത്. പല കുഴപ്പങ്ങൾ ഉണ്ടെങ്കിൽ പോലും ഞങ്ങൾ കൂടെയുണ്ട്, വേണ്ട സഹായങ്ങൾ ചെയ്തുതന്നോളാം. മുമ്പോട്ടു പോകണം എന്ന ഒരു പ്രേരണ മാതാപിതാക്കൾ കൊടുക്കണം.

കഴിവുകൾ തിരിച്ചറിയാം, പ്രോത്സാഹിപ്പിക്കാം

കുട്ടിക്ക് അല്പം മാർക്ക് കുറഞ്ഞാൽ മതി അമ്മമാർക്കൊക്കെ വലിയ ടെൻഷനാണ്. എനിക്കോർക്കാൻ കൂടി വയ്യേ, നിന്റെ ഭാവി എന്തായിത്തീരും എന്നിങ്ങനെ കുട്ടിയുടെ അടുത്തു സദാ പറഞ്ഞുകൊണ്ടിരുന്നാൽ അതു തന്നെ അതിന്റെ ഭാവി അപകടത്തിലാക്കും. എഴാം ക്ലാസു മുതൽ എൻട്രൻസ്, സിവിൽ സർവീസസ് എന്നിവയുടൊക്കെ ഫൗണ്ടേഷൻ കോഴ്സ... പല സ്വകാര്യ സ്‌ഥാപനങ്ങളും നടത്തുന്നുണ്ട്. കുറച്ചു കുട്ടികൾ അവിടെ പോകും. പോകാതിരിക്കുന്ന കുട്ടികളുടെ അമ്മമാർ അതുകണ്ടു വെപ്രാളം പിടിക്കും. അതിന്റെയൊന്നും ആവശ്യമില്ല. ഒരേസമയം പലകാര്യങ്ങൾ ചെയ്യാൻ ബൗദ്ധികശേഷിയുള്ള കുട്ടികൾക്ക് അതു പറ്റുമായിരിക്കാം. താനേ അതു തോന്നണം. അവൻ/ അവൾ എൻജിനീയർ ആകുന്നതിനുപകരം സിനിമാ നടനോ പത്രപ്രവർത്തകനോ വക്കീലോ രാഷ്ര്‌ടീയ നേതാവോ ഒക്കെ ആയെന്നിരിക്കും. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകളാണ് ഉള്ളതെന്നു തിരിച്ചറിയണം. 

ഗാർഡ്നറുടെ മൾട്ടിപ്പിൾ ഇന്റലിജൻസ് തിയറി പ്രകാരം ബുദ്ധി എന്നതു പല ഘടകങ്ങൾ ചേർന്നതാണ്. ചില കുട്ടികൾക്കു ഭാഷയിൽ നല്ല പ്രാവീണ്യം കാണും എന്നാൽ കണക്കു പോലെ ചില വിഷയങ്ങളിൽ ബുദ്ധിമുട്ടു കാണും. ചില കുട്ടികളാവട്ടെ കണക്കിൽ മിടുക്കരായിരിക്കും, പക്ഷേ ഒന്നു രണ്ടു പാരഗ്രാഫ് എഴുതാൻ മടിയായിരിക്കും. എഴുതാനുള്ള ഭാഷ കാണില്ല. ചിലർക്ക് ഇതു രണ്ടിലും താത്പര്യം കാണില്ല. നൃത്തത്തിലും സ്പോർട്സിലുമായിരിക്കും താത്പര്യം. ചിലർക്കു പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്ന് കൃഷി, പരിസ്‌ഥിതിപ്രവർത്തനം, മണ്ണ്, വെള്ളം.. അതിനൊടൊക്കെയാവും താത്പര്യം. അവരുടെ ബൗദ്ധികശേഷിയാണ് അതു കാണിക്കുന്നത്. ഓരോ കുട്ടിയുടെയും ബൗദ്ധികശേഷികളിലുള്ള വ്യത്യസ്തതകൾ മനസിലാക്കി അവരെ ആ വഴിക്കു നയിക്കുമ്പോഴാണ് അവർക്ക് താത്പര്യത്തോടുകൂടി ആ രംഗത്തു വിജയിക്കാനാകുന്നത്.

അഭിരുചികൾ അടുത്തറിയാം

ഒരാൾ മഹദ് വ്യക്‌തിയാകുന്നത് അയാൾ എല്ലാ കാര്യങ്ങളിലും നൈപുണ്യമുള്ളതുകൊണ്ടല്ല. ഒരു പ്രത്യേക ഫീൽഡിൽ നിപുണത കാട്ടുന്ന വ്യക്‌തിയാണ് മഹാൻ. എവിടെയാണു കഴിവുള്ളത് ആ വഴിക്കാണ് കുട്ടിയെ നയിക്കേണ്ടത്. ഓരോരുത്തർക്ക് ഓരോതരത്തിലുള്ള പ്രത്യേക സിദ്ധികളാണ്. അതു നാം മനസിലാക്കി അതിനുവേണ്ട നിർദേശങ്ങളും സഹായങ്ങളും കൊടുക്കുകയാണ് അമ്മയുടെയും മറ്റും ജോലി. നമ്മുടെ കുഞ്ഞുങ്ങളെ കൂടുതലറിയാവുന്നതു നമുക്കല്ലേ. എവിടെയാണു കുഴപ്പം, എവിടെയാണു മേന്മ എന്നു തിരിച്ചറിഞ്ഞ് ആ രംഗത്തു പ്രോത്സഹനം കൊടുക്കണം. നാലഞ്ചു ക്ലാസുവരെ എല്ലാ വിഷയങ്ങളും അടുത്തിരുത്തി പഠിപ്പിക്കുന്ന ഒരമ്മയ്ക്കു തിരിച്ചറിയാനാവും ഏതു വിഷയത്തിലാണു് കുട്ടിക്ക് അഭിരുചിയുള്ളതെന്ന്. അതു മനസിലാക്കി അതിനു കൂടുതൽ പ്രോത്സാഹനം കൊടുക്കാം. 10 ാം ക്ലാസ് കഴിയുമ്പോഴേക്കും ആ രീതിയിലേക്ക് അവനെ നയിക്കാം. ഹോംവർക്ക് ചെയ്യിപ്പിക്കുമ്പോൾ അത്തരത്തിലുള്ള ശ്രദ്ധ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം.

വിവരങ്ങൾ:
ഡോ. റോസമ്മ ഫിലിപ്പ്
കരിക്കുലം എക്സ്പർട്ട്. അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം

തയാറാക്കിയത് ടി.ജി.ബൈജുനാഥ്

ടെൻഷനും സോറിയാസിസും

വളരെ വ്യാപകമായി കാണുന്ന ചർമപ്രശ്നങ്ങളിലൊന്നാണ് സോറിയാസിസ്. തലയിലും മറ്റ് ശരീരഭാഗങ്ങളിലുംനിന്ന് കറുത്തതോ സിൽവറോ ആയ ചെറിയപാളികളായി ചർമം ഇളകി വരുന്നതും അത് സാവധാനം ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു ത്വക് രോഗമാണ് സോറിയാസിസ്. ചർമത്തിൽ ആണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഇത് ശരീരത്തിന്റെ ആന്തരികമായ രോഗ പ്രതിരോധ വ്യവസ്‌ഥയിലെ വ്യതിയാനങ്ങളും മറ്റ് മാനസിക ശാരീരിക സംഘർഷങ്ങളുടെ പ്രതിഫലനവുമായും ഈ രോഗത്തിന് അഭേദ്യമായ ബന്ധമുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. ന്യൂറോപെപ്റ്റൈഡ് എന്ന വസ്തുവിന്റെ അനിയന്ത്രിതമായ അളവ്, മാനസിക സംഘർഷം അനുഭവപ്പെടുന്നവരിൽ കൂടുതലാണ്. ഇത് തലച്ചോറിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്നതുപോലെതന്നെ സോറിയാസിസ് ബാധിതരിലും കാണുന്നു എന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. ഇത് ടെൻഷനും സോറിയാസിസും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നു.

സോറിയാസിസിനെ എങ്ങനെ തിരിച്ചറിയാം
തലയിൽ തുടങ്ങി, കൈമുട്ട്, കാൽമുട്ട്, കൈവള്ള, കാലിന്റെ അടിഭാഗം, ശരീരം മുഴുവനായി കാണുന്ന വലിയ ചെതുമ്പലുകളെ നമ്മൾ സോറിയാസിസ് വൾഗാരിസ് എന്നും വിളിക്കും. സോറിയാസിസ് രോഗങ്ങളിൽ ഗട്ടേറ്റ് വേഗത്തിൽ ചികിത്സിച്ചാൽ മാറ്റാവുന്നവയാണ്. തലയിൽ ആണ് പലപ്പോഴും സോറിയാസിസ് ആദ്യമായി പ്രത്യക്ഷപ്പെടാറുള്ളത്. രോഗികൾ പലപ്പോഴും പറയാറുള്ളത് താരന്റെ ശല്യം ഉണ്ടെന്നാണ്. Wood's Lamp പോലുള്ള ഉപകരണങ്ങളുടെ സഹായത്താൽ ഇത് താരൻ അല്ല എന്ന് നമുക്ക് ഉറപ്പുവരുത്താൻ കഴിയും.

പലപ്പോഴും രോഗികൾ താരൻ മാറാൻ ഉപയോഗിക്കുന്ന പല ഷാംപുകളും ഉപയോഗിച്ച് നോക്കും. മാറ്റം കാണാറില്ല എന്ന് മാത്രമല്ല രോഗം വർധിക്കുന്നതായും കാണാം. മൂന്ന് രോഗങ്ങളാണ് തലയിൽ ചെതുമ്പൽ (Scaling) ഉണ്ടാക്കുന്നത്. ഒന്നാമത് താരൻ, മറ്റേത് സെബോറിക് ഡെർമറ്റൈറ്റിസ്, മൂന്നാമത് സോറിയാസിസ്. ഇതിൽ സെബോറിക് ഡെർമെറ്റൈറ്റിസ് എന്ന രോഗമാണ് കൂടുതൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്നത്. ഈ രോഗികൾക്ക് പുരികങ്ങളിലും നെഞ്ചിലും മീശയിലും താടിയിലും കക്ഷങ്ങളിലും ഒക്കെ ഇത്തരം പൊടികളോ കുരുക്കളോ കാണാം. ഇത് സോറിയാസിസിൽ കാണാറില്ല.
(തുടരും)

ഡോ. സജിൻ എംഡി (ഹോമിയോപ്പതി)
സ്കിൻ * അലർജി വിഭാഗം ചെയർമാൻ * മാനേജിംഗ് ഡയറക്ടർ
വി. കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി, കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്. 
9048624204. –

പായ്ക്കറ്റിലെത്തുന്ന രോഗങ്ങൾ

കുട്ടികളും ജീവിതശൈലി രോഗങ്ങളും

വീട്ടാവശ്യത്തിനുള്ള മസാലകളും പലഹാരങ്ങൾക്കുള്ള മാവുമെല്ലാം പണ്ടൊക്കെ വീടുകളിൽതന്നെ തയാറാക്കുകയായിരുന്നു പതിവ്. ജീവിതത്തിനു തിരക്കേറിയതുകൊണ്ടും സ്വന്തമായി ഉണ്ടാക്കാനുള്ള മടികൊണ്ടും ഉപ്പുതൊട്ട് ദോശമാവുവരെ സൂപ്പർമാർക്കറ്റിൽനിന്ന് വാങ്ങുന്നു. ഒരു പാലപ്പത്തിന്റെ പായ്ക്കറ്റിൽ എന്തെല്ലാം ചേരുവകൾ ഉണ്ടെന്ന് ചോദിച്ചാൽ എത്രപേർക്ക് പറയാനാകും. ഈ അറിവല്ലായ്മയിൽ ഉണ്ട് ആരോഗ്യത്തിന്റെ ഉത്തരം. പായ്ക്കറ്റിൽ കിട്ടുന്ന പൊടികൾ കേടാവാതിരിക്കാൻ ഇവയിൽ ചേർക്കുന്ന പല വസ്തുക്കളും കാൻസർ പോലുള്ള ഗുരുതരരോഗങ്ങളിലേക്കാണ് തള്ളിവിടുന്നത്.

നമ്മുടെ ഭക്ഷണം, നമ്മുടെ ആരോഗ്യം
ഏറെ വൈവിധ്യമുള്ള വിഭവങ്ങളുടെ നാടാണ് കേരളം. ശൈശവം മുതൽ വാർധക്യം വരെയുള്ള ഭക്ഷണം എന്തായിരിക്കണമെന്ന് തലമുറകളിലൂടെ പകർന്നുകിട്ടിയ അറിവ് നമുക്കുണ്ട്. ഈ ഭക്ഷണക്രമവും ഭക്ഷണവും ശരിയായ രീതിയിൽ പിന്തുടരുന്നവർക്ക് ഭക്ഷണത്തിനു പുറമെ മറ്റൊരു ടോണിക്കിന്റെയും ആവശ്യം വരുന്നില്ല. എന്നാൽ ഇപ്പോൾ ആരോഗ്യസമ്പുഷ്‌ടമായ ഭക്ഷണത്തിനു പകരം വിലകൂടിയ ഫാസ്റ്റ് ഫുഡ് ഭക്ഷണവും മറ്റുപാനിയങ്ങളും കഴിച്ച് നമ്മൾ പോഷകദാരിദ്ര്യം അനുഭവിക്കുകയാണ്. എഴുപതുകളിൽ കേരളീയർക്കുണ്ടായിരുന്ന പോഷകാവബോധം ഇന്നില്ല. 

ആ അവബോധം തിരികെ കൊണ്ടുവരികയും വിഷദ്രാവകങ്ങളിൽ മുക്കാത്ത ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുകയും ചെയ്താൽ പല രോഗങ്ങളിൽനിന്നും അടുത്ത തലമുറയെയെങ്കിലും രക്ഷിക്കാനാകും. ഈ മാറ്റം സ്വന്തം അടുക്കളയിൽനിന്ന് തുടങ്ങണം. ആരോഗ്യപരമായ പാചകരീതികൾ, ചിട്ടയായ ഭക്ഷണരീതികൾ എന്നിവ തിരികെ കൊണ്ടുവരണം.
അടുക്കള വീട്ടിലെ വെറും പാചകപ്പുരയല്ല. രുചിവൈവിധ്യങ്ങൾ പിറക്കുന്ന ആ പാചകശാലയിൽനിന്നാണ് കുടുംബത്തിന്റെ ആരോഗ്യവും സന്തോഷവും തളിർക്കുന്നതും പൂക്കുന്നതും. അടുക്കളയുടെ വളർച്ചയും തളർച്ചയും അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളുടെ ശരീരത്തിലും മനസിലും പ്രതിഫലിക്കും. നമുക്ക് ഇനി വേണ്ടത് ആശുപത്രികളല്ല. സജീവമായ അടുക്കളകളും വ്യായാമ കേന്ദ്രങ്ങളുമാണ്. 
ശ്രദ്ധിക്കുക ഇലകട്രോണിക് ഉപയോഗം
മൊബൈൽ ഫോൺ, ടിവി, മറ്റു ഗെയിം ഉപകരണങ്ങൾ എന്നിവയുടെ അമിത ഉപയോഗം ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ മാതാപിതാക്കൾക്കു കുട്ടികളുടെ ശാരീരിക–മാനസിക ആനന്ദത്തിന് വേണ്ടതെന്താണെന്ന് കൃത്യമായി നിർണയിക്കാൻ സാധിക്കാതെ പോകുന്നുണ്ട്. സാമൂഹിക–കുടുംബ ബന്ധങ്ങളുടെ ശരിയായ ഇടപെടലുകളിൽ നിന്നു കുട്ടികളെ അവർ അറിയാതെ തന്നെ പിന്തിരിപ്പിക്കുന്നുണ്ട്. ഇത്തരം മാധ്യമങ്ങളുടെ അമിതോപയോഗം കളികൾ, പ്രാർഥന, വായന, ആശയവിനിമയം, കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള സമയം ചെലവഴിക്കൽ മുതലായ കാര്യങ്ങൾ ഇല്ലാത്ത അവസ്‌ഥയാണ് ഇലകട്രോണിക് മാധ്യങ്ങളുടെ അമിതോപയോഗം കൊണ്ട് സംഭവിക്കുന്നത്. ഉറക്കപ്രശ്നം, ശ്രദ്ധക്കുറവ്, മാനസിക നിലയിലുള്ള വ്യതിയാനങ്ങൾ, ആരോഗ്യനിലവാരം, കാഴ്ചവൈകല്യം, വ്യായാമക്കുറവ്, സാമൂഹ്യ വിരുദ്ധ സ്വഭാവം എന്നീ പ്രശ്നങ്ങൾക്കും ടിവി, മൊബൈൽ ഫോൺ എന്നിവ കാരണമാകും. 

നമ്മുടെ കുട്ടികൾ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ്. കുട്ടികളുടെ ശാരീരിക–മാനസിക ആരോഗ്യത്തിന് ശരിയായ ജീവിത രീതികളും ചിട്ടയായ ഭക്ഷണരീതികളും അത്യന്താപേക്ഷിതമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവത്കരിക്കാനും നേരായ മാർഗനിർദേശങ്ങൾ നൽകുവാനും പ്രോത്സാഹിപ്പിക്കുവാനും മാതാപിതാക്കൾ ശ്രമിക്കേണ്ടതുണ്ട്. 
ഡോ. കെ.പി.എ. സിദ്ദീഖ്
എംബിബിഎസ്, ഡിസിഎച്ച്, എംഡി (പീഡിയാട്രിക്സ്) കൺസൽട്ടന്റ് പീഡിയാട്രീഷ്യൻ,
പ്രസിഡന്റ് ഐഎപി തലശേരി മെഡിക്കൽ ഡയറക്ടർ ഇന്ദിരാഗാന്ധി കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ,
തലശേരി. –

സിസ്റ്റുകൾ

 

 

 

 

 

 

ദ്രവരൂപത്തിലുളള വസ്തു നിറഞ്ഞ അറകളാണ് സിസ്റ്റുകൾ. സാധാരണ കണ്ടുവരുന്ന ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻ. premenopausal ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിൽ ഇതു സാധാരണം. ആർത്തവവിരാമത്തിനുശേഷം സിസ്റ്റുകൾ വിരളമായേ കാണാറുളളൂ. സിസ്റ്റുകൾ സാധാരണയായി സ്തനാർബുദസാധ്യത വർധിപ്പിക്കാറില്ല.

മിക്ക സിസ്റ്റുകളും തീരെ ചെറുതായിരിക്കും. എന്നാൽ, ചിലതരം സിസ്റ്റുകൾക്കു വലുപ്പം കൂടുതലായിരിക്കും. അവ സ്തനത്തിൽ തടിപ്പുകൾപോലെ അനുഭവപ്പെടും. ചിലപ്പോൾ സ്തനത്തിൽ വേദനയും അനുഭവപ്പെടുന്നു. 30 വയസിൽ താഴെ പ്രായമുള്ള സ്ത്രീകളിലെ സിസ്റ്റുകൾ അൾട്രാസൗണ്ട് പരിശോധനയിൽ കണ്ടെത്താം. 30 വയസിനു മേൽ പ്രായമുള്ളതും ഗർഭിണിയാകാത്തതുമായ സ്ത്രീകളിലെ സിസ്റ്റുകൾ കണ്ടെത്തുന്നതിനു മാമോഗ്രാം, അൾട്രാസൗണ്ട് ഇവ രണ്ടുമോ ചിലപ്പോൾ ഇവയിൽ ഏതെങ്കിലും ഒന്നോ ആവശ്യമായിവരുന്നു. ഇത്തരം കേസുകളിൽ ബയോപ്സിയുടെ ആവശ്യമില്ല.

സിസ്്റ്റുകൾക്കു സാധാരണയായി ചികിത്സ ആവശ്യമില്ല. എന്നാൽ, സിസ്റ്റുകൾ വേദനയ്ക്കിടയാക്കുകയാണെങ്കിൽ അവയിൽ നിന്നുള്ള ദ്രവം കുത്തിയെടുത്ത് പരിശോധനകൾക്കു വിധേയമാക്കുന്നു. സിസ്റ്റുകൾ വേദന ഉളവാക്കുന്നില്ലെങ്കിൽ അവ സാധാരണയായി നീക്കം ചെയ്യാറില്ല.

സിസ്റ്റുകളുടെ വളർച്ചയ്ക്കും വികാസത്തിനും പിന്നിലുളള കാരണം കൃത്യമായി വ്യക്‌തമല്ല. കാപ്പിയിലൂടെയും മറ്റും ശരീരത്തിലെത്തുന്ന കഫീൻ സിസ്റ്റുകളുടെ അപകടസാധ്യത കൂട്ടുന്നതായി ചില ഗവേഷകർ പറയുന്നു. ജീവിതശൈലി, ആഹാരക്രമം എന്നിവയ്ക്ക് സിസ്റ്റുകളുടെ വളർച്ചയുമായി ബന്ധമുണ്ടെന്ന്ു കൃത്യമായി തെളിയിക്കാനായിട്ടില്ല. 

ഹൈപ്പർപ്ലാസിയ
കോശങ്ങളുടെ അമിതവളർച്ചയാണ് (proliferation) ഹൈപ്പർപ്ലാസിയ. പാൽ ഉത്പാദിപ്പിക്കപ്പെടുന്ന ലോബ്യൂളുകളിലും പാൽ പുറത്തേക്കു വഹിക്കുന്ന നാളികളിലുമാണ് സാധാരണ ഹൈപ്പർപ്ലാസിയ കണ്ടുവരുന്നത്്. ഹൈപ്പർപ്ലാസിയ രണ്ടുവിധം സാധാരണം (usual), സാധാരണയിൽ നിന്നു വ്യത്യസ്തമായത് (atypical). ഇവ രണ്ടും സ്തനാർബുദസാധ്യത വർധിപ്പിക്കുന്നു. അറ്റിപ്പിക്കൽ ഹൈപ്പർപ്ലാസിയ ഉള്ള സ്ത്രീകൾക്ക് സ്തനാർബുദസാധ്യത കുറയ്ക്കുന്നതിനു മാർഗങ്ങൾ ഉണ്ട്.തുടരും 

ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ് Renai Medicity, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി. ഫോൺ: 9447173088
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate