অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യകരമാകണം ജീവിതം

വേനല്ക്കാല രോഗങ്ങളും പ്രതിവിധികളും

വേനല്‍ക്കാലത്ത് ഏറെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് നീരിറക്കം. അതു കാരണം പനി, കഫക്കെട്ട്, മൂക്കടപ്പ്, തൊണ്ടവേദന, സൈനസൈറ്റിസ് എന്ന തലവേദന, ജലദോഷം, വായ്പുണ്ണ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. നന്നായി തല വിയര്‍ക്കുന്നവര്‍ക്കാണ് നീരിറക്കം കൂടുതലായി വരുന്നത്. നീരിറക്കം വരാതിരിക്കാന്‍ കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ഒന്ന്: എഴുന്നേറ്റ ഉടനെ കുളിക്കുക. അല്ലെങ്കില്‍ കഴിവതും പത്തു മണിക്ക് മുമ്പായി കുളിക്കുക. പിന്നീട് തല നനക്കാതെ മേല്‍ കഴുകിയാല്‍ കുഴപ്പമില്ല. രണ്ട്: നല്ല തണുത്ത വെള്ളത്തില്‍ കുളിക്കരുത്. സ്ഥിരമായി നീരിറക്കം ഉള്ളവര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ മാത്രം കുളിക്കുക. മൂന്ന്: തല വിയര്‍ത്ത ഉടനെ കുളിക്കുകയോ ഫാനിന്‍റെ ചുവട്ടില്‍ ഇരിക്കുകയോ വിയര്‍പ്പ് തോര്‍ത്തിക്കളയുകയോ ചെയ്യാതിരിക്കുക. നാല്: കുളി കഴിഞ്ഞ ഉടനെ ഫാനിന്‍റെ ചുവട്ടില്‍ ഇരിക്കരുത്. എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ നേരത്തേ കുളിക്കുക. എന്നും ഒരേ സമയത്ത് കുളിക്കുന്നതാണ് ഉത്തമം. അത് അവധി ദിനമാണെങ്കിലും. അഞ്ച്: എണ്ണ പോലോത്തത് തേച്ച് വെയില് കൊള്ളരുത്. ആറ്: രാവിലെയും രാത്രിയും തണുപ്പുള്ള ദിവസങ്ങളില്‍ പ്രത്യേകിച്ചും തലമറക്കാതെ പുറത്ത് പോകരുത്. കണ്ണ് രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത് ഈ കാലത്താണ്. ശരീരവും അന്തരീക്ഷവും ഒരുപോലെ ചൂടാകുന്നത് കൊണ്ടാണത്. കണ്ണില്‍ നിന്നും നീര് വരിക, ചുവന്ന് തടിക്കുക, മൂടിക്കെട്ടുക, പീളക്കുഴി നിറയുക എന്നിവയാണതിന്‍റെ ലക്ഷണങ്ങളില്‍ ചിലത്. നല്ല തണുത്ത വെള്ളത്തില്‍ റോസാപൂവ് ചാലിച്ച് കണ്ണ് കഴുകുന്നതും കൂടുതല്‍ പൊടിയും ചൂടും ഏല്‍ക്കാതിരിക്കുന്നതും ശരീരം തണുപ്പിക്കുന്ന ശീതള പാനീയങ്ങള്‍ ഉപയോഗിക്കുന്നതും വളരെ ഉത്തമമാണ്. ഈ കാലത്താണ് മൂലക്കുരു കൂടുതല്‍ കണ്ടുവരുന്നത്. ശരീരം ചൂടാകുമ്പോഴാണ് മലദ്വാരത്തിലുള്ള രക്തക്കുഴലുകള്‍ കൂടുതലായി വികസിക്കുകയും മൂലക്കുരു തുടങ്ങിയ രോഗങ്ങള്‍ വരികയും ചെയ്യുക. ശോധന കുറയുക, മലദ്വാരത്തില്‍ ചുട്ടുപുകച്ചില്‍, കടച്ചില്‍ തുടങ്ങിയവ അനുഭവപ്പെടുക, രക്തസ്രാവം തുടങ്ങിയവയാണതിന്‍റെ ലക്ഷണങ്ങള്‍. ശരീരം തണുപ്പിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുകയും ശരീരം ചൂടാക്കുന്ന കോഴി, കോഴിമുട്ട തുടങ്ങിയവ ഒഴിവാക്കുകയും വേണം. താറാവ് മുട്ട ഇതിനുത്തമമാണ്. പകര്‍ച്ചവ്യാധികളായ അഞ്ചാംപനി (ചപ്പട്ട), ചിക്കന്‍പോക്സ് (ചൊള്ള, പൊട്ടി), മുണ്ടിവീക്കം, മഞ്ഞപ്പിത്തം തുടങ്ങിയവയും ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നു. ഇങ്ങനെയുള്ള രോഗികള്‍ക്ക് നല്‍കുന്ന പാത്രം, തോര്‍ത്ത്, ഗ്ലാസ് തുടങ്ങിയവ വേറെ വെയ്ക്കുകയും രോഗിയെ വേറെ കിടത്തുകയും കിടക്കുന്ന സ്ഥലത്ത് ആര്യവേപ്പില ഇടുന്നതും ഉത്തമം. തണ്ണിമത്തന്‍, നൊങ്ക്, കരിക്ക് പോലോത്ത തണുപ്പുള്ള ഭക്ഷണം കൂടുതല്‍ നല്‍കുകയും വേണം. ത്വക്ക് രോഗങ്ങളായ അലര്‍ജി, ചൊറി, വട്ടച്ചൊറി, ചൂടുകുരു തുടങ്ങിയവയും ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നു. ഇതുള്ളവര്‍ ബീഫ്, കോഴിമുട്ട, മാന്തള്‍ തുടങ്ങിയവ ഭേദപ്പെടുന്നത് വരെ കഴിക്കരുത്. മൂത്രാശയ രോഗങ്ങള്‍ മറ്റേത് രോഗത്തേക്കാളും ഈ കാലത്ത് വര്‍ധിച്ചയളവില്‍ കണ്ടുവരുന്നു. യുടിഐ (മൂത്രനാളത്തില്‍ മൂത്രമൊഴിക്കുമ്പോഴുള്ള എരിച്ചില്‍, പുകച്ചില്‍, ചുട്ടുനീറല്‍), മൂത്രക്കല്ല് (പ്രോസ്റ്റേറ്റ്) തുടങ്ങിയവ സാധാരണയായിരിക്കുന്നു. മൂത്രക്കല്ലിന്‍റെ വേദന പുറം ഭാഗത്ത് നിന്നും ഇരുവശങ്ങളിലൂടെ നാഭിയിലേക്ക് വന്നെത്തുന്നു. ധാരാളം വെള്ളം കുടിക്കുക (ഒരു ദിവസം ഏകദേശം 30 ഗ്ലാസ്) കൂടുതല്‍ എണ്ണയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ചെമ്മീന്‍, കൂന്തള്‍, ഞെണ്ട്, കക്ക, ചീര, മുരിങ്ങ, കാബേജ്, കോളിഫ്ളവര്‍, തക്കാളി, പാല് തുടങ്ങിയവ ഒഴിവാക്കുക. ശരീരം ചൂടാകുന്നത് കൊണ്ട് ഈ സമയത്ത് ചില സ്ത്രീകളില്‍ വെള്ളപോക്ക് കൂടുതലായി കാണാറുണ്ട്. വെള്ള പോക്ക് കട്ടിയായിട്ടും കഞ്ഞിവെള്ളം പോലെ കൊഴുത്തതായും പച്ചവെള്ളം പോലെയും പച്ച, മഞ്ഞ, വെള്ള തുടങ്ങിയ കളറിലും ഉണ്ടാവാറുണ്ട്. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിക്കുക, അടിവസ്ത്രങ്ങള്‍ നല്ലവണ്ണം (ഏകദേശം രണ്ടു മണിക്കൂര്‍) വെയിലത്തിട്ടുണക്കുക, എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എരിവ്, പുളി എന്നിവ കുറക്കുക, ശരീരം തണുപ്പിക്കുന്ന ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുക നേരത്തിന് ഭക്ഷണം കഴിക്കുക എന്നിവ ഉത്തമമാണ്. മുകളില്‍ പറഞ്ഞതും അല്ലാത്തതുമായ എല്ലാ വേനല്‍ രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ യാതൊരു പാര്‍ശ്വഫലമില്ലാത്തതും ഫലപ്രദവുമായ മികച്ച ചികിത്സയുണ്ട്. വൃത്തിപാലിച്ചും ഭക്ഷണ ക്രമീകരണം വഴിയും ഒട്ടുമിക്ക രോഗങ്ങളെയും നമുക്ക് ഒഴിച്ചുനിര്‍ത്താം.

മലബന്ധവും ചികിത്സയും

മലബന്ധം ഇന്ന് വ്യാപകമായി കണ്ടുവരുന്നു. ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് ഭിഷഗ്വരന്മാര്‍ മലബന്ധത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായക്ക് ഒരു നിയന്ത്രണവുമില്ലാതെ വാരിവലിച്ച് കഴിക്കുകയും കഷ്ടിച്ച് ഒരു നേരം ടോയ്ലറ്റില്‍ പോവുകയും ചെയ്താല്‍ നാം ശരിയായ മലശോധനയായി എന്നു പറയും. എന്നാല്‍ വ്യൈശാസ്ത്രം ദിവസത്തില്‍ ഒരു നേരം മാത്രം ടോയ്ലറ്റില്‍ പോകുന്നതിനെ മലബന്ധത്തിന്റെ ലക്ഷണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇന്ത്യാക്കാരില്‍ 98% ആളുകള്‍ക്കും മലബന്ധമാണെന്ന് പറയേണ്ടിവരും.

മലബന്ധത്തിന് വിവിധതരം മരുന്നുകള്‍ വിപണിയിലുണ്ട്. അതില്‍ ആയുര്‍വേദ മരുന്നുകള്‍ക്കാണ് കൂടുതല്‍ മാര്‍ക്കറ്റുള്ളത്. ഏതുതരം മരുന്നുകളായിരുന്നാലും ഗുണത്തേക്കാളേറെ ദോഷകരമാവുകയാണ് ചെയ്യുക. മലവിസര്‍ജനം സ്വാഭാവികമായി നടക്കേണ്ട പ്രക്രിയയാണ്; മരുന്നിന്റെ സഹായത്താല്‍ നടക്കേണ്ടതല്ല. അങ്ങനെ നടക്കുന്നുവെങ്കില്‍ പിന്നെ മരുന്നില്ലാതെ വിസര്‍ജനം നടക്കാതെ വരുകയും നിരന്തരമായ മരുന്നുപയോഗം വന്‍കുടലിനെയും ഏനസിനെയും ദുര്‍ബലമാക്കുകയും മറ്റു പലരോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. മലബന്ധത്തിന്റെ അനുബന്ധമായി ഉണ്ടാകുന്ന രോഗങ്ങളാണ് മൂലക്കുരു, അര്‍ശസ് തുടങ്ങിയവ. ഇത്തരം രോഗങ്ങളെല്ലാം ഒന്നുതന്നെയാണ്. വിവിധ രീതിയിലായതുകൊണ്ട് പല പേരുകളില്‍ അറിയപ്പെടുന്നുവെന്നുമാത്രം. രോഗകാരണങ്ങളും ഏറെക്കുറേ ഒന്നുതന്നെയാണ്. ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ ദഹനപ്രശ്നങ്ങളാണെന്നു മനസ്സിലാക്കാന്‍ കഴിയും.

രോഗലക്ഷണം മാറുന്നതുവരെ ഉപവസിക്കുക എന്നതാണ് ശരിയായ രീതി. ദിവസം പല തവണ ഭക്ഷണം കഴിക്കുകയും ഒരിക്കല്‍ ടോയ്ലറ്റില്‍ പോകുകയും ചെയ്യുന്ന ശൈലി മാറ്റി ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കികൊണ്ട് രോഗലക്ഷണം മാറുന്നതുവരെ ഉപവസിക്കുക. ശുദ്ധമായ പച്ചവെള്ളം എത്രവേണമെങ്കിലും കുടിക്കുക, ക്ഷീണമുണ്ടെങ്കില്‍ കരിക്കിന്‍വെള്ളം, തേന്‍ വെള്ളം ഉപയോഗിക്കാം. രോഗലക്ഷണം മാറിയാല്‍ ആദ്യത്തെ മൂന്ന് ദിവസം ജ്യൂസുകളും പിന്നെ നാല് ദിവസം പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം കഴിച്ചു തുടരുക. ശേഷം രണ്ടു നേരം വേവിച്ച ഭക്ഷണവും രാത്രിയില്‍ പരമാവധി പച്ചക്കറികളും പഴവര്‍ഗങ്ങളും ജ്യൂസുകളും മാത്രം. ഇത് ജീവിത ശൈലിയായി തുടരുക. ഉഴുന്ന്, പുളിപ്പിച്ച മാവ്കൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങള്‍, അച്ചാറുകള്‍, ബേക്കറി സാധനങ്ങള്‍, കോളകള്‍, ഐസ്ക്രീം, ചോക്ലേറ്റുകള്‍ തുടങ്ങിയവയും മുകളില്‍ പരാമര്‍ശിച്ച പദാര്‍ത്ഥങ്ങളും പൂര്‍ണമായും ഒഴിവാക്കുക. രോഗം പൂര്‍ണമായും മാറിക്കഴിഞ്ഞാല്‍ (മൂന്ന് മാസം കഴിഞ്ഞ്) ഇറച്ചിയും മീനും കറിവെച്ച് കഴിക്കാവുന്നതാണ്. (പൊരിച്ചത് പച്ചക്കറികള്‍ ഇട്ട് വേവിച്ച്, പച്ചക്കറി സലാഡിനോടൊപ്പം, ഇലക്കറികള്‍ ചേര്‍ത്ത് ഉച്ചക്ക് ഒരു നേരം എരിവും പുളിയും ഉപ്പും കുറച്ച് ഉപയോഗിക്കുക).

രോഗാവസ്ഥ കൂടിനില്‍ക്കുമ്പോള്‍ ഒരു ബയ്സനില്‍ അരഭാഗം വെള്ളം നിറച്ച് കാലുകള്‍ പുറത്താക്കി ഇരിക്കുന്നതും ചില ഔഷധ ഇലകള്‍ (വാഴപ്പിണ്ടി + തഴുതാമ) ജ്യൂസാക്കി കുടിക്കുന്നതും രോഗത്തിന്റെ തീവ്രത കുറക്കാന്‍ സഹായിക്കും. മലം അയഞ്ഞു പോകുന്നതും, ദിവസം ആറ്/ഏഴ് പ്രാവശ്യം പോകുന്നതും, മലവിസര്‍ജനം നടന്നാലും തൃപ്തിവരാത്തതും, വീണ്ടും പോകണമെന്ന് തോന്നുന്നതും, മലം കട്ടിയായി പോകുന്നതും പോകുമ്പോഴും അതിനുശേഷവും വേദന, നീറ്റല്‍, കടച്ചില്‍, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുന്നതും മലത്തോടൊപ്പം രക്തം, പഴുപ്പ്, ചളി പോകുന്നതും കീഴ്വായുശല്യം കൂടുന്നതും, ദുര്‍ഗന്ധത്തോടെ പുറത്തേക്ക് പോകുന്നതും എല്ലാം മലബന്ധത്തിന്റെ ലക്ഷണങ്ങളില്‍ പെടുത്തേണ്ടതാണ്. അതിനെല്ലാം മലബന്ധത്തിന് നിര്‍ദേശിച്ച ചികിത്സതന്നെ മതിയാവും.

കുട്ടികളുടെ വൈകാരിക വളര്ച്ച

പിറന്നുവീഴുന്ന ശിശുവിനു യാതൊരു വികാരങ്ങളുമില്ല. പൊതുവായ ഉത്തേജനം മാത്രമേയുള്ളൂ. അതു വികാരമല്ല. ദേഹമാസകലം പ്രസരിച്ച വൈകാരിക സാമ്യമുള്ള അവസ്ഥയാണത്. അതില്‍ നിന്നത്രേ വികാരങ്ങള്‍ ഉരുത്തിരിയുക. ഏതാണ്ട് മൂന്ന് മാസം പ്രായമാകുമ്പോഴേക്കും ചില വൈകാരിക ഘടകങ്ങള്‍ കുട്ടികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ബ്രിഡ്ജ് എന്ന മനഃശാസ്ത്രജ്ഞന്റെ പഠന പ്രകാരം ആദ്യം പ്രസന്നത, വിരസത എന്നീ രണ്ടു വൈകാരിക ഭാവങ്ങള്‍ രൂപമെടുക്കുന്നു. ആറ് മാസമാകുന്നതോടെ അരിശം, വെറുപ്പ്, ഭയം എന്നീ വികാരങ്ങള്‍ കൂടി പ്രകടിപ്പിക്കും. വിരസമെന്ന വികാരമൂല്യത്തില്‍ നിന്നാണവ പുറപ്പെടുക. അതുപോലെ പ്രസന്നതയില്‍ നിന്ന് ആഹ്ലാദം, സ്നേഹം, വാത്സല്യം തുടങ്ങിയവ പൊട്ടിവിരിയുന്നു. ഏതാണ്ട് ഒരു വയസ്സാകുന്നതോടെയാണവ പ്രകടമാകുക. ഒന്നര വയസ്സാകുന്നതോടെ മരുന്നില്ലാ രോഗമായ അസൂയയും കടന്നുകൂടുന്നു.
ചെറുപ്പത്തിലെ വൈകാരിക പാപ്പരത്തം പ്രായമാകുമ്പോള്‍ വൈകാരിക വിനകള്‍ വരുത്തിവെക്കും. ബാല്യകാലം കഴിഞ്ഞുണ്ടാകുന്ന ന്യോറോസിസ്, സൈകോസിസ് എന്നീ മാനസിക രോഗങ്ങള്‍ പലതും കുട്ടിക്കാലത്തെ വൈകാരിക തകരാറുകളുടെ ഫലമാണ്. മാതാപിതാക്കളുടെ അഭാവം, അവരുടെ ദാമ്പത്യത്തകര്‍ച്ച, വിവാഹ മോചനം, കുട്ടികളോടുള്ള താല്‍പര്യക്കുറവ്, അവരില്‍ നിന്നു കിട്ടേണ്ട സ്നേഹ വാത്സല്യങ്ങളുടേയും പ്രോത്സാഹനങ്ങളുടെയും അഭാവം ഇവയൊക്കെ ഭാവിയില്‍ പ്രശ്നം സൃഷ്ടിച്ചേക്കാം. ഉത്തമരായ മാതാപിതാക്കളുടെ സ്നേഹപൂര്‍വമായ പരിശീലനത്തില്‍ വളരുന്ന കുട്ടികള്‍ നല്ല മാനസികാരോഗ്യമുള്ളവരും സന്തുഷ്ടരുമായിരിക്കും.
മാതാവില്ലാതെ വളരുന്നവരും വാത്സല്യം ലഭിക്കാത്തവരും പറ്റിയ വളര്‍ത്തമ്മയെക്കിട്ടിയില്ലെങ്കില്‍ ഒറ്റപ്പെട്ടു പോയേക്കാം. മനഃശാസ്ത്രജ്ഞനായ എച്ച്.എഫ്. ഫാര്‍ലൊയുടെ പഠനം ശ്രദ്ധേയമാണ്. അദ്ദേഹം മൂന്ന് കുരങ്ങിന്‍ കുഞ്ഞുങ്ങളെ തിരഞ്ഞെടുത്തു. ഒന്നിനെ തള്ളയുടെ കൂടെ സുഖമായി വളര്‍ന്നുവരാന്‍ അനുവദിച്ചു. മറ്റൊന്നിനെ തള്ളയില്‍ നിന്നു മാറ്റി പകരം കൃത്രിമ തള്ളയെ കൊടുത്തു. റബ്ബര്‍ കൊണ്ടു നിര്‍മിച്ച തള്ള പാവ. രോമവും ചൂടും വാലും ഒക്കെയുള്ള ഇലക്ട്രസിറ്റി സജ്ജീകരണങ്ങളുള്ളതായിരുന്നുവത്. മുല കുടിക്കുമ്പോള്‍ റബ്ബര്‍ ട്യൂബ് വഴി കൃത്രിമ തള്ളയില്‍ നിന്ന് പാല്‍ കിട്ടും. മൂന്നാമത്തേതിനെ തനിച്ചു കൂട്ടിലിട്ടു വളര്‍ത്തി. ഭക്ഷണം കൃത്യമായി കൊടുക്കും. തള്ളയെ ആശ്രയിക്കാതെ സ്വതന്ത്രമായി ജീവിക്കാന്‍ പ്രായമായപ്പോള്‍ ആദ്യത്തെ കുട്ടി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. മറ്റു കുരങ്ങന്മാരെപ്പോലെ ജീവിച്ചു. രണ്ടാമത്തേത് അത്ര മെച്ചമായിരുന്നില്ല. എങ്കിലും തന്നെത്താന്‍ കഴിഞ്ഞുകൂടി. ഇടയ്ക്കു ചില പൊട്ടിത്തെറികള്‍ ഉണ്ടെന്ന് മാത്രം. മൂന്നാമത്തേതു തനി ഭ്രാന്തന്മാരുടെ മാതിരി സമനില തെറ്റി എപ്പോഴും പല്ലിറുമ്മലും വൈകാരിക സംഘട്ടനങ്ങളും. മറ്റു കുരങ്ങന്മാരുടെ കൂടെ ചേരുകയേ ഇല്ല. കാരണം വ്യക്തമാണ്. ചെറുപ്രായത്തില്‍ തള്ളയുമായി വൈകാരിക അടുപ്പത്തിനോ വികാര പ്രകടനത്തിനോ വളര്‍ച്ചയ്ക്കോ അവസരമില്ലായിരുന്നു. മനുഷ്യന്റെ കാര്യത്തില്‍ ഇതു കൂടുതല്‍ അന്വര്‍ത്ഥമത്രേ.
കുട്ടികളുടെ ദ്യേപ്രകടനത്തിന് ബാഹ്യവും ആന്തരികവുമായ ലക്ഷണങ്ങളുണ്ട്. കണ്ണു മിഴിക്കുകയും മുഖം വിളറുകയും നെറ്റി ചുളിയുകയും ദേഹം വിയര്‍ക്കുകയും രോമാഞ്ചമുണ്ടാകുകയും ആകെ വിറകൊള്ളുകയും ഒച്ച പതറുകയും ഒക്കെ ചെയ്യും. ഇതു ബാഹ്യ ലക്ഷണങ്ങളാണ്. അതിനടിസ്ഥാനമായ ആന്തരിക ശാരീരിക വ്യതിയാനങ്ങള്‍ നടക്കുന്നുണ്ട്. ദഹനം കുറയുന്നു, ഹൃദയമിടിപ്പ് കൂടുന്നു, രക്തധമനികള്‍ വികസിക്കുന്നു. മാംസ പേശികള്‍ക്കു മുറുക്കം കൂടുന്നു, കരളില്‍ നിന്നു കൂടുതല്‍ അന്നജം രക്തത്തിലേക്കു പ്രവഹിക്കുന്നു. അന്തഃശ്രാവ ഗ്രന്ഥികള്‍, പ്രത്യേകിച്ച് തൈറോയിഡ് & അഡ്രിനല്‍ ഗ്രന്ഥികള്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നു. നാഡീവ്യൂഹം സമൂലമായ തയ്യാറെടുപ്പു നടത്തുന്നു. ആവശ്യമെങ്കില്‍ വിസര്‍ജനം കൂടി നടത്തുന്നു. ഇതെല്ലാം പെട്ടെന്നുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കമാണ്.
കുട്ടികളുടെ വികാരങ്ങള്‍ക്കു ചില പ്രത്യേകതകളുണ്ട്. അതു കൂടുതല്‍ ലളിതവും എളുപ്പം തിരിച്ചറിയാവുന്നതുമാണ്. കുട്ടികളുടെ വികാരങ്ങള്‍ ചുരുങ്ങിയതായതിനാല്‍ അതു പെട്ടെന്നു വന്ന് പെട്ടെന്നു തന്നെ അവസാനിക്കും. അല്‍പ നേരത്തേക്കു മാത്രമേ നീളൂ. അല്ലാതെ ഒരിക്കലും തീരാത്ത വഴക്കും വെറുപ്പുമായി അതുമാറി. വന്നാല്‍ അത്യുഗ്രമായ വികാരം തന്നെയായിരിക്കും. കാര്യം ഗൗരവമാകണമെന്നില്ല. എത്ര നിസ്സാര കാര്യത്തിനും, കരച്ചിലോ അരിശമോ ഭയമോ ഉണ്ടാകാം. അതു കഠിനമായിരിക്കുമെങ്കിലും പെട്ടെന്നു മാറുമെന്ന ഗുണമുണ്ട്. ശക്തിയിലും പെട്ടെന്നു മാറ്റങ്ങള്‍ സംഭവിക്കും. കരച്ചിലും ചിരിയും ഒപ്പം തന്നെ കഴിയും. വൈകാരിക പ്രകടനത്തില്‍ വ്യക്തിയാകെ ഉള്‍പ്പെട്ടിരിക്കും. ശരീരവും മനസ്സും ഒന്നാകെ പ്രവര്‍ത്തിക്കും. കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും കണ്ടാല്‍ ഇതറിയാം. ദേഹമാകെ ഇളക്കിമറിച്ചു കരയും. അതുപോലെ ചിരിയും തുള്ളിച്ചാടി മറിഞ്ഞാകും. ഭൂലോകം മുഴുവന്‍ കുലുങ്ങുന്നമട്ടാണ്. കൊച്ചു കുട്ടികളില്‍ ഒരാള്‍ കരഞ്ഞു തുടങ്ങിയാല്‍ പകര്‍ച്ച വ്യാധി പോലെ എല്ലാവര്‍ക്കും കരച്ചില്‍ വരാറുണ്ടല്ലോ. കുട്ടികളില്‍ വികാരങ്ങള്‍ ഉണ്ടായാല്‍ അതു മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. കാപട്യമോ മറച്ചുവയ്ക്കലോ ഇല്ലാത്തതിനാല്‍ ലക്ഷണങ്ങളില്‍ നിന്നു കാര്യം ഗ്രഹിക്കാം. ഉള്ളിലുള്ളതു തന്നെയായിരിക്കും പുറമെ കാണിക്കുന്നത്.
മാനസിക വളര്‍ച്ചയില്‍ കൂടുതല്‍ അപകട സാധ്യതയുള്ളത് ആദ്യ ജാതന്മാര്‍ക്കും അന്ത്യ ജാതന്മാര്‍ക്കുമാണ്. എന്നാല്‍ അതു വെറും സാധ്യതകളാണ്. മാതാപിതാക്കളുടെ ശ്രദ്ധാപൂര്‍വമായ നോട്ടമുണ്ടായാല്‍ അതൊഴിവാക്കാം. ആദ്യത്തെ കുട്ടി വീട്ടിലെ സ്ഥിരം വലിയവനാണല്ലോ. ആ നിലയ്ക്കു മറ്റെല്ലാവരെയും അടക്കി ഭരിക്കാനുള്ള ആധിപത്യ മനഃസ്ഥിതി അവനിലുണ്ടാകും. അതു സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചെന്നു വരാം. വിവേകപൂര്‍വം നിയന്ത്രിക്കുകയാണു വേണ്ടത്. ഉത്തരവാദിത്വത്തിലും അറിവിലും അവന്‍ മുമ്പന്തിയിലാകാനിടയുണ്ട്. കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ പ്രായമായവരെയാണ് അവനനുകരിക്കുക. അടുത്തനുകരിക്കത്തക്ക സഹോദരീ സഹോദന്മാരുടെ അഭാവമുണ്ടല്ലോ. അതുകൊണ്ട് വളര്‍ച്ച ശ്രമകരമാണ്. അതിരു കടന്ന ആധിപത്യ മന:സ്ഥിതിക്കു കടിഞ്ഞാണിട്ട് വേണ്ട നേതൃത്വവും പരിശീലനവും നല്‍കിയാല്‍ മതിയാകും. ‘സിബ്ളിംങ്ങ് റൈവല്‍റി’ എന്നു പറയുന്ന സഹോദര വഴക്കുകാര്‍ ആദ്യത്തെ കുട്ടികളായിരിക്കും.
ഇളയ കുട്ടികളുണ്ടാകുന്നതോടെ മാതാപിതാക്കളുടെ ശ്രദ്ധയും വാത്സല്യവും മൂത്ത കുട്ടിയില്‍ നിന്നു മാറി ഇളയ കുട്ടിയിലേക്കു തിരിയുകയായി. സ്വാഭാവികമായും മൂത്തവന് അത് രസിച്ചെന്നു വരില്ല. തന്റെ കുത്തകയായിരുന്ന സ്നേഹ വാത്സല്യങ്ങള്‍ പിടിച്ചു പറ്റിയ അനുജനോട് അസൂയയായി. പിന്നെ ബാലിശമായ പെരുമാറ്റങ്ങളും, ശാഠ്യങ്ങളും ഒക്കെ തുടങ്ങുന്നു. കുഞ്ഞനുജനെ ഉപദ്രവിച്ചെന്നും വരാം.
അനുജന്റെ ജനനത്തിനു മുമ്പു തന്നെ മാതാപിതാക്കള്‍ ജ്യേഷ്ഠനെ പരിശീലിപ്പിക്കണം. അങ്ങനെ അനുജന്റെ ജനനം പ്രതീക്ഷിച്ചു കഴിയുന്ന ഉദാരമതിയാകണം അവന്‍. ഇളയ കുഞ്ഞ് ജനിക്കുമ്പോള്‍ അതിനെ തന്‍റേതായി കണ്ട് ശുശ്രൂഷിച്ച് വളര്‍ത്താനുള്ള ചുമതലാ ബോധം അവനിലുണ്ടാകണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നതില്‍ മൂത്ത കൂട്ടിയുടെ സഹായം വിവേകപൂര്‍വം തേടാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അപ്പോള്‍ തന്റെ പ്രതിയോഗി എന്നതിനേക്കാള്‍ തന്റെ സഹായമര്‍ഹിക്കുന്ന കുഞ്ഞനുജനായി കരുതി അഭിമാനബോധത്തോടെ വളര്‍ത്തിക്കൊള്ളും.
അന്ത്യശിശു നിത്യ ശിശുവായി കഴിയേണ്ട ഗതികേടാണ് പലപ്പോഴുമുണ്ടാകുക. അതിലാളനയും അമിത വാത്സല്യവും കുട്ടിയെ നശിപ്പിച്ചെന്നു വരാം. ദീര്‍ഘ കാലം കുഞ്ഞായി കഴിയാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ഉണ്ടാകാം. അത് മാനസിക വളര്‍ച്ച മുരടിപ്പിക്കാനിടയുണ്ട്. മനസ്സ് എന്നും കുഞ്ഞായി തന്നെ ഇരിക്കും. പ്രായമായി തറവാടു ഭരണമേറ്റെടുത്തു നടത്തേണ്ടി വരുമ്പോള്‍ അവനതിനു കഴിയില്ല. അതു പരിചയിച്ചിട്ടില്ല. ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ ശീലിച്ചിട്ടില്ല. തന്നെ അടക്കി ഭരിച്ചുവച്ചിരുന്ന ജ്യേഷ്ഠന്മാരോടും മാതാപിതാക്കളോടും ഭാവിയില്‍ ഇളയ സന്താനത്തിന് വെറുപ്പും എതിര്‍പ്പും ഉണ്ടായെന്നു വരാം. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ക്രമപ്പെടുത്തുകയാണു വേണ്ടത്.
ഏകജാതന്മാര്‍ നശിപ്പിക്കപ്പെടുമെന്നാണ് പഴം ചൊല്ല്. ”കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ കളഞ്ഞു” എന്നതു പോലെ ഓമനിച്ചു ചീത്തയാക്കുകയാവും കണ്ണിലുണ്ണിയായി എല്ലാവരും കൊഞ്ചിച്ചു വളര്‍ത്തുന്ന ഒറ്റയാന്‍ സമൂഹത്തിലേക്കിറങ്ങുമ്പോള്‍ കരയ്ക്കിട്ട മീന്‍ പോലെയാവും.
വീട്ടില്‍ വാത്സല്യ പാത്രമായി സര്‍വാധിപതിയായി വളര്‍ന്ന കുട്ടി സമൂഹത്തിലും ആരെയും വകവച്ചെന്നു വരില്ല. ഫലമോ? അവിടെ പുറന്തള്ളപ്പെടുന്നു. കൂട്ടുകാരുമായി ഇണങ്ങിച്ചേരാത്ത ഏകജാതനെ അവര്‍ കുറ്റപ്പെടുത്തുന്നു. അപ്പോഴായിരിക്കും തന്നെപ്പോലെ മറ്റു കുട്ടികളും ഉണ്ടെന്നവന്‍ ചിന്തിക്കാന്‍ തുടങ്ങുക. കുട്ടിയുടെ മാനസിക വളര്‍ച്ചയ്ക്കുതകുന്ന തരത്തില്‍ ഏകജാതനെ വളര്‍ത്തുവാന്‍ ശ്രദ്ധ പതിക്കണം. ഏകാന്തമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളുടെ വൈകാരിക വളര്‍ച്ച മുരടിച്ചു പോകാം. മനഃശാസ്ത്രപരമായി നോക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ മാനസികമായി കൂടുതല്‍ ധന്യരാണെന്ന് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാവാം ഈയിടെ ഒരു പ്രസിദ്ധ റഷ്യന്‍ മനഃശാസ്ത്രജ്ഞന്‍ കുട്ടികളുടെ എണ്ണം ഒന്നുകൊണ്ടു നിറുത്തരുതെന്ന മുന്നറിയിപ്പ് നല്‍കിയത്.

സ്ട്രസ്സ് – തലവേദന

പലര്‍ക്കും ‘തലവേദന’യാണ്. വേദനയില്ലാത്ത തലവേദനകള്‍. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നവര്‍ പറയുന്നു:‘വേണ്ടിയില്ലായിരുന്നു, തലവേദനയുണ്ടാക്കുന്ന ഏര്‍പ്പാടാണിത്. കച്ചവടം തുടങ്ങിയവരും ഇതുതന്നെ പറയുന്നു. വണ്ടി വാങ്ങിയവരും തലവേദനക്കഥ പറയുന്നു. പക്ഷേ, യഥാര്‍ത്ഥ തലവേദനയല്ലിത്. മനസ്സിന്റെ സംഘര്‍ഷം മൂലമുണ്ടാവുന്ന തലവേദന. ഇതിനെന്താണ് മരുന്ന്?
തുടര്‍ച്ചയായ തലവേദന അജ്ഞാതമായ എന്തോ കാരണത്താല്‍ പരിപക്വമാകാത്ത വ്യക്തിത്വത്തിന്റെ ശാരീരിക ചേഷ്ടയാണ്. വ്യക്തി ഛിന്നഭിന്നമായിരിക്കുന്നു എന്നതിന്റെ ബാഹ്യപ്രകടനം. അതോടെ മനസ്സിന് തകര്‍ച്ചയും വിഭജനവും സംഭവിക്കുന്നു. മനസ്സിലെ തകര്‍ന്ന ഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള മത്സരത്തിന്റെ ശാരീരിക വിളംബരമാണ് തലവേദന. വ്യക്തിത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ തലവേദന രൂപപ്പെടുത്തുന്നു. സാധാരണയില്‍ കാണപ്പെടുന്ന ഭീകര തലവേദന പല വിധത്തില്‍ കാണപ്പെടുന്നു. സൂക്ഷ്മപരിശോധന നടത്തിയാല്‍ ഇവ വൈകാരികമായ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാം. നാഡീ ക്ഷീണത്തില്‍ നിന്ന് വരുന്ന തലവേദന അത്തരത്തിലുള്ളതാണ്. ഒന്നും ശരിയല്ലെന്ന തോന്നല്‍, എല്ലാം തെറ്റാണ്, കാണുന്നതെല്ലാം വെറുപ്പ്, സമരോത്സുകത മുന്നിട്ട് നില്‍ക്കും, കാര്യമായ ജോലി ചെയ്തില്ലെങ്കിലും ക്ഷീണം, തളര്‍ച്ച, ജീവിതം മുരടിപ്പ് ബാധിച്ചതും ഭാരവും വിരസവുമായി തോന്നുക തുടങ്ങിയവ ലക്ഷണങ്ങളാണ്. ഫെനിക്കല്‍ എന്ന പ്രശസ്ത മാനസികാരോഗ്യ വിദഗ്ധന്റെ അഭിപ്രായത്തില്‍ ശരിയായ സ്ഖലനം ഇല്ലാത്തതാണ് ഇതിന്റെ കാരണം. അവരുടെ ശരിയായ വ്യക്തിത്വം തടയപ്പെട്ടിരിക്കുന്നു. അവരില്‍ ലൈംഗിക ദാഹവും മോഹവും ഉണ്ട്. പക്ഷേ, പ്രായോഗികതലത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. വിവാഹത്തെ ഭയന്ന് കഴിയുന്നവരും വിവാഹം അപ്രാപ്യമായവരും ദാമ്പത്യ പരാജയം മൂലം പിന്നീട് ലൈംഗിക സുഖം അനുഭവിക്കാന്‍ ആവാത്തവരിലുമാണ് സാധാരണ ഇത് കണ്ടുവരുന്നത്. ഇടുങ്ങിയതും കര്‍ശനവുമായ ചുറ്റുപാടില്‍ വളര്‍ത്തപ്പെട്ടവരും തങ്ങള്‍ മോഹിക്കുന്നതത്രയും തെറ്റാണെന്ന ധാരണ കീഴ്പ്പെടുത്തിയിരിക്കുന്നവരിലുമാണിത് കാണാറുള്ളത്.
മറ്റൊരു തലവേദനയാണ് കൊടിഞ്ഞി എന്ന ചെന്നിക്കുത്ത്. നെറ്റിയുടെ ഒരു ഭാഗത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന തലവേദന. തലയോട് പൊട്ടിപ്പിളരുന്ന അനുഭവം. ചിലപ്പോള്‍ രൂക്ഷം, ബാക്കിയുള്ള സമയം നിസ്സാരം. ഗുളികകള്‍ ഫലം ചെയ്തെന്ന് വരില്ല. സൂര്യപ്രകാശം കണ്ടുകൂടാ. കട്ടിലില്‍ കിടന്ന് ഉറങ്ങിയാല്‍ അല്‍പം ആശ്വാസം ലഭിക്കും. നിസ്സാര സംഭവങ്ങള്‍ മനസ്സിനെ തളര്‍ത്തുകയും ദുഃഖം ഹൃദയത്തിന്റെ ആഴത്തില്‍ പതിയുകയും ചെയ്യുന്നവര്‍ ഈ രോഗത്തിന് അടിമയാവാറുണ്ട്. സ്വന്തം കഴിവിനെ തിരിച്ചറിയാത്തവരും മറ്റുള്ളവരാല്‍ മാനിക്കപ്പെടാത്തവരുമാണ് ഇത്തരക്കാര്‍.
അവരെ മറ്റുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അമിത പ്രാധാന്യം കൊടുക്കും. അതവര്‍ മനസ്സില്‍ ഒതുക്കുകയും ചെയ്യും. പ്രതിഷേധിക്കാന്‍ പ്രാപ്തിയില്ലാതെ മറ്റുള്ളവരെ സംശയത്തോടെ കാണും. നന്മയുടെ പിറകില്‍ തിന്മയെ ദര്‍ശിക്കും. അംഗീകാരം കിട്ടി എന്ന ബോധം ഉണ്ടാവുന്നതോടെ ഒരു പരിധിവിരെ ഇത് സുഖപ്പെടുന്നതാണ്.
ജലദോഷത്തോടൊപ്പം വരുന്ന തലവേദനയാണ് മറ്റൊന്ന്. ചിലപ്പോള്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കും. വിശേഷിച്ച് ഒരു കാരണമൊന്നുമില്ല. ഇടവിട്ട് ഇടവിട്ട് ഉണ്ടാകും. ചെറുപ്പത്തിലെപ്പോഴോ സംഭവിച്ച മറക്കാനാവാത്ത നഷ്ടത്തിന്റെയോ അനീതി നിറഞ്ഞ അനുഭവത്തിന്റെയോ ഉപബോധ ഓര്‍മയായിരിക്കും ഇതിന് കാരണം. മുമ്പ് ജലദോഷവും തലവേദനയും ഉണ്ടായപ്പോള്‍ സ്നേഹവും ലാളനയും ലഭിച്ചിട്ടുണ്ടാകും. പില്‍ക്കാലത്ത് ദുഃഖാനുഭവങ്ങളുണ്ടാവുമ്പോള്‍ പ്രതിവിധിയായി ഉപബോധമനസ്സിലെ അഭിവാഞ്ജനകള്‍ ഈ രൂപത്തില്‍ വരുന്നതാവാം. 4050 വയസ്സിനിടയിലുണ്ടാവുന്ന തലവേദനയാണ് രക്തസമ്മര്‍ദം. ജീവിതരീതിയിലെ മാറ്റമാണിതിന് കാരണം. വിശ്രമരഹിത ജോലി സാധാരണ ഇതുണ്ടാക്കുന്നു. മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ മോഹിച്ചാണ് അവിശ്രമം പണിയെടുക്കുന്നത്. അത് വേണ്ടുവോളം ലഭിക്കാതെ വരുമ്പോള്‍ ആത്മനിന്ദയുണ്ടാവുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യും.

കുട്ടികളിലെ ആസ്തമ

ഏതൊരു രാജ്യത്തിന്റെയും ഭാവി സമ്പത്താണ് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍. കുട്ടികളുടെ ആരോഗ്യം അവരുടെ ശരിയായ ശാരീരിക മാനസിക വളര്‍ച്ചയെ ആശ്രയിച്ചിരിക്കും. കുട്ടികളെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നാണ് ശ്വാസകോശ സംബന്ധിയായുള്ളത്. ഇതില്‍ ഒട്ടുമിക്കവയും നാം പൊതുവായിപ്പറയുന്ന “കഫക്കെട്ട്’ ഗണത്തില്‍ പെടുന്നവയാണ്. നെഞ്ചിനകത്ത് നിന്നു കേള്‍ക്കുന്ന “കറകറ/കുറുകുറു’ ശബ്ദവും അതിനോടൊപ്പമുണ്ടാകുന്ന ചുമയും വലിവുമാണ് സാധാരണ കഫക്കെട്ടായി വിലയിരുത്തപ്പെടുന്നത്. വളരെ നിര്‍ദോഷകരമായ മൂക്കൊലിപ്പ്, മൂക്കടപ്പ് മുതല്‍ മരണം പോലും സംഭവിക്കാവുന്ന ന്യൂമോണിയ വരെ ഇതിലുള്‍പ്പെടുന്നു. ചികിത്സക്കെത്തുന്ന ഒട്ടുമിക്ക കുട്ടികള്‍ക്കും ഈ രോഗം കണ്ടുവരുന്നതാണനുഭവം.
കുട്ടികളില്‍ പൊതുവെ കാണപ്പെടുന്ന ശ്വാസകോശ അസുഖങ്ങള്‍ താഴെ പറയുന്നവയാണ്.
1. ആസ്തമ
2. ന്യൂമോണിയ
3. ബ്രോങ്കിയോ ലൈറ്റിസ്
4. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം.
5. ആസ്പിരേഷന്‍ ന്യൂമോണിയ (മുലപ്പാലോ ഭക്ഷണ പാനീയങ്ങളോ ഇടക്കിടക്ക് തരിപ്പില്‍പോയി ഉണ്ടാകുന്ന കഫക്കെട്ട്).
6. ശ്വാസകോശ വ്യൂഹത്തിന് ജന്മനായുണ്ടാകുന്ന തകരാറുകള്‍.
7. ഇമ്യൂണോ ഡെഫിഷ്യന്‍സി (ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയില്‍ ഉണ്ടാകുന്ന അപാകങ്ങള്‍ മുഖേന വളരെ ചെറിയ അസുഖങ്ങളെ പോലും പ്രതിരോധിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ.
8. അഡിനോ ടോണ്‍ സി ലൈറ്റിസ്.
ഇടക്കിടക്കുണ്ടാവുന്ന കഫക്കെട്ടില്‍ 50 ശതമാനത്തിനും കാരണം ആസ്തമയാണ്. കാലം പുരോഗമിക്കുന്തോറും ആസ്തമ രോഗം വര്‍ധിച്ചുവരുന്നതായാണ് കാണപ്പെടുന്നത്. അന്തരീക്ഷ മലിനീകരണമാണ് വില്ലനാകുന്നത്.
നമ്മുടെ രാജ്യത്ത് കുട്ടികള്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതിനും, സ്കൂളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുമുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ആസ്തമ. ഇത് പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്തേണ്ടത് കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ മറ്റു കുട്ടികളെപ്പോലെ ഇഷ്ടപ്പെട്ട കളികളിലേര്‍പ്പെടാനും മുടങ്ങാതെ സ്കൂളില്‍ പോകാനും സുഖമായി ഉറങ്ങാനും അവര്‍ക്ക് കഴിയാതെ വരും. ഇത് ആരോഗ്യത്തെയും വളര്‍ച്ചയെയും ബാധിക്കുകയും ചെയ്യും.
എന്താണ് ആസ്തമ
നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ശരിയായ ശ്വസനപ്രക്രിയ അനിവാര്യമാണ്. ശ്വസനം വഴി ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ രക്തത്തിലേക്കും രക്തത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തേക്കും പോരുന്നു. എന്നാല്‍ ആസ്തമ ബാധിച്ചവരില്‍ ഈ പ്രക്രിയക്ക് തടസ്സമനുഭവപ്പെടും. അന്തരീക്ഷത്തിലെ ചില ഘടകങ്ങളോട് (ൃേശഴഴലൃ)െ ശ്വാസകോശം പ്രതികൂലമായി പ്രതികരിക്കുന്നതിന്റെ ഫലമായി ശ്വസനനാളികള്‍ ചുരുങ്ങിപ്പോവുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുന്നു. ഇതുമൂലം ആസ്തമ രോഗികള്‍ക്ക് ചുമയും വലിവും ശ്വാസമുട്ടലും അനുഭവപ്പെടും. ഇത് നിരന്തരമായി സംഭവിക്കുമ്പോള്‍ ആസ്തമയുടെ കാഠിന്യം കൂടിവരികയും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഒരു മാറാരോഗമായി മാറുകയും ചെയ്യുന്നു.
ആസ്തമയുടെ ലക്ഷണങ്ങള്‍
1. ഇടക്കിടക്കുണ്ടാവുന്ന ചുമയോടുകൂടിയ വലിവ്. ഇത് രാത്രി സമയങ്ങളിലും അതിരാവിലെയും അധികരിക്കുന്നു.
2. ശ്വാസം പുറത്തുവിടുമ്പോള്‍ ചൂളമടിക്കുന്ന ശബ്ദം.
3. രാത്രിയില്‍ ചുമ, വലിവ്, ശ്വാസംമുട്ട് എന്നിവ കൂടുന്നതുമൂലം ഉറങ്ങാന്‍ കഴിയാതെ വരിക.
4. ചിലരില്‍, കൂടുതലായി ചിരിക്കുന്ന സമയങ്ങളിലും ചുമയ്ക്കുമ്പോഴും അല്ലെങ്കില്‍ അമിത ഉല്‍കണ്ഠയുണ്ടാവുമ്പോഴും ശ്വാസം മുട്ടല്‍ അനുഭവപ്പെടും.
5. കായികവിനോദം, അധ്വാനം എന്നിവ വഴി ദേഹത്തിന് ഇളക്കം തട്ടുമ്പോള്‍ ചുമയും വലിവും ശ്വാസംമുട്ടലും അനുഭവപ്പെടുന്നു.
6. വളരെയധികം മരുന്നുകള്‍ കൊടുത്തതിനു ശേഷവും (ആന്‍റി ബയോട്ടിക്കുകളും കഫ്സിറപ്പുകളും) കഫക്കെട്ട് നിലനില്‍ക്കുന്നു.
7. തണുപ്പ് കാലങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴും ശ്വാസോച്ഛാസത്തിന് വിഷമമുണ്ടാകുന്നു.
8. ചെറിയ കുട്ടികളില്‍ മുലപ്പാല്‍ അല്ലെങ്കില്‍ മറ്റു ഭക്ഷണ പാനീയങ്ങള്‍ ശ്വാസകോശത്തില്‍ കയറുന്നത് (തരിപ്പില്‍ പോവുക) ആസ്തമ കൂടാനും വിട്ടുമാറാതെ നില്‍ക്കാനും കാരണമാകും.
9. പുകപടലങ്ങള്‍, പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും രോമം, ചില കളിപ്പാട്ടങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം മൂലം ചുമ, വലിവ് അനുഭവപ്പെടുക.
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. ആസ്തമയുടെ ഇത്തരം പ്രേരകഘടകങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തേണ്ടത് രോഗ നിയന്ത്രണത്തിനും ചികിത്സക്കും അത്യന്താപേക്ഷമാണ്.
പകര്‍ച്ചവ്യാധിയാണോ?
ആസ്തമ ഒരു പകര്‍ച്ചവ്യാധിയല്ല. അതുകൊണ്ട് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പടരില്ല. ചില കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തിലേ ആസ്തമ ബാധിക്കുന്നതായി കാണുന്നു. ചില കുടുംബങ്ങളില്‍ പാരമ്പര്യമായി ആസ്തമ, അലര്‍ജി, എക്സിമ എന്നീ അസുഖങ്ങള്‍ ഉണ്ടാകും. ഇത് പിന്‍തലമുറയെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
ആസ്തമയുടെ കാരണങ്ങള്‍
1. വീടിനകത്തും പുറത്തും കാണപ്പെടുന്ന പൂപ്പല്‍, പുല്‍ച്ചെടികള്‍, പൂമ്പൊടി, ബീഡി, സിഗരറ്റ്, പടക്കങ്ങള്‍ എന്നിവയുടെ പുക.
2. കിടക്കവിരിപ്പിലും തലയിണയിലും പറ്റിപ്പിടിച്ചിരിക്കുന്ന പൊടിച്ചെള്ളുകള്‍.
3. പാറ്റ, കൂറ, ചെറുപ്രാണികള്‍.
4. വളര്‍ത്തുമൃഗങ്ങളുടെ രോമം, പക്ഷികളുടെ തൂവലുകള്‍.
5. സൗന്ദര്യ വര്‍ധക വസ്തുക്കളായ പെര്‍ഫ്യൂം, ടാല്‍കം പൗഡര്‍, ബോഡി സ്പ്രേ.
6. വിവിധ തരം ശുചീകരണ ലായനികള്‍, പെയിന്‍റ്, ചന്ദനത്തിരി, കൊതുകുതിരി.
7. അടുപ്പിലെ പുക, അടിച്ചുവാരുമ്പോഴുണ്ടാവുന്ന പൊടിപടലങ്ങള്‍.
8. ചെറിയ കുട്ടികളില്‍ ഇടക്കിടക്കുണ്ടാവുന്ന ജലദോഷം.
9. ചിരി, കരച്ചില്‍, ഉല്‍കണ്ഠ പോലുള്ള ശക്തമായ വികാര ക്ഷോഭങ്ങള്‍.
ഫലപ്രദമായ മരുന്നുകള്‍
ഓരോ കുട്ടിക്കും അനുയോജ്യമായ മരുന്നുകള്‍ ശരിയായി ഉപയോഗിച്ചാല്‍ ആസ്തമ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. ഇന്ന് പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും ഫലപ്രദവുമായ ഒട്ടനവധി മരുന്നുകള്‍ സ്തമ ചികിത്സക്ക് ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ക്ക് ആസ്തമ രോഗി ഒരിക്കലും അടിമപ്പെടുകയുമില്ല. ഇതിനുപയോഗിക്കുന്ന മരുന്നുകളെ രണ്ടായി തരംതിരിക്കാം.
1. വളരെ വേഗത്തില്‍ ആശ്വാസം തരുന്ന മരുന്നുകള്‍
2. നിരന്തരമായി രോഗം വരുന്നത് തടയാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍
റിലീവേഴ്സ്
ആസ്തമ ലക്ഷണങ്ങളുള്ള വ്യക്തിയുടെ ശ്വാസനാളികള്‍ തുറന്ന് വായുസഞ്ചാരം സാധാരണ ഗതിയിലാക്കുന്ന മരുന്നുകളാണ് റിലീവേഴ്സ്. ഇവയുപയോഗിച്ചാല്‍ ശ്വാസതടസ്സത്തിന് ഉടനടി ആശ്വാസം ലഭിക്കുന്നു. ഇത്തരം മരുന്നുകള്‍ ചുമയോ വലിവോ ശ്വാസതടസ്സമോ ഉണ്ടാകുമ്പോള്‍ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. ഇവ എപ്പോഴും കൈവശം വെയ്ക്കുന്നത് നന്നായിരിക്കും.
ഉദാ: സാല്‍ബ്യൂട്ടമോള്‍, ടെര്‍ബ്യൂട്ടൊലിന്‍ (ഇവ ഗുളിക രൂപത്തിലും കുപ്പിമരുന്നായും ഇന്‍ഹേലറായും ലഭ്യമാണ്). ഡെറിഫില്ലിന്‍, അമിനോഫില്ലിന്‍, ഇപ്രാട്രേപിയം, സ്റ്റിറോയ്സ്ഡ്സ് (ഗുളിക, കുപ്പിമരുന്ന്, കുത്തിവെപ്പ് രൂപത്തില്‍).
പ്രിവന്‍റേഴ്സ്
ആസ്തമ വരുന്നത് തടയാന്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് പ്രിവന്‍റേഴ്സ്. ഇത്തരം മരുന്നുകള്‍ പ്രധാനമായും ഇന്‍ഹേലര്‍ രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. ഇവ സ്ഥിരമായി മാസങ്ങളോളം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പാര്‍ശ്വഫലങ്ങള്‍ വളരെ കുറഞ്ഞ മരുന്നുകളാണ്. ഇത്തരം മരുന്നുകള്‍ ശ്വാസനാളത്തിലെ നീര്‍ക്കെട്ടിനെ നിയന്ത്രിച്ചു നിര്‍ത്തി എല്ലായ്പോഴും ശ്വാസോച്ഛോസം സുഗമമാക്കാന്‍ സഹായിക്കുന്നു.
ഉദാ: ഇന്‍ഹേല്‍സ് കോര്‍ട്ടിക്കോ സ്റ്റിറോയ്ഡ്സ് (ഫ്യൂട്ടിക്കസോണ്‍, ബ്യൂഡികോര്‍ട്), ല്യൂക്കോട്രയീന്‍ മോഡിഫയേഴ്സ്, ദീര്‍ഘനേരം പ്രവര്‍ത്തന ക്ഷമതയുള്ള ബീറ്റ അഗണിസ്റ്റ് (ഹമയമ).
ഫലപ്രദമായ ചില മരുന്നുകള്‍ സൂചിപ്പിച്ചു എന്നതിലധികം ഇവയിലൊന്ന് രോഗികള്‍ സ്വന്തമായി ഉപയോഗിക്കാന്‍ പാടില്ല. വിവിധ പരിശോധനകള്‍ നടത്തി മാത്രമേ ഇവയിലൊന്ന് രോഗിക്ക് നല്‍കാന്‍ പാടുള്ളൂ. അതിന് വിദഗ്ധരായ ഡോക്ടര്‍മാരെ സമീപിക്കുക തന്നെ വേണം.
ഇന്‍ഹേലറുകളുടെ ഉപയോഗം
പല ആസ്തമ മരുന്നുകളും ഇന്‍ഹേലര്‍ വഴി ഉപയോഗിക്കാന്‍ സാധ്യമാണ് (വായിലൂടെ വലിച്ച് ശ്വാസകോശത്തിലേക്കെത്തിക്കുന്ന രീതിയാണ് ഇന്‍ഹലേഷന്‍).
ഇന്‍ഹേലര്‍ ഉപയോഗിക്കാന്‍ ചിലര്‍ക്ക് വിമുഖത കണ്ടുവരുന്നു. ഇത് ശരിയല്ല. ആസ്തമ ഔഷധങ്ങള്‍ ശ്വാസകോശത്തിലേക്ക് മാത്രമായി എത്തിക്കാനുള്ള സംവിധാനമാണിത്. രക്തത്തിലോ മറ്റു ശരീര കോശങ്ങളിലോ അല്ലാതെ നേരിട്ട് രോഗസ്ഥലത്ത് മരുന്ന് എത്തുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇതുമൂലം പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നുതന്നെ പറയാം.
കണ്ണുകളില്‍ അസുഖം വന്നാല്‍ ഐ ഡ്രോപ്പുകള്‍ ഒഴിക്കുന്നതിനും മൂക്ക് തുറക്കാന്‍ മരുന്ന് ഇറ്റിക്കുന്നതിനും തൊലിയില്‍ മരുന്ന് പുരട്ടുന്നതിനും തുല്യമാണ് ഇന്‍ഹേലര്‍ ഉപയോഗം. ഇത് ഉപയോഗിക്കേണ്ട രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
കുട്ടികളുടെ ആസ്തമ രോഗത്തെ കുറിച്ചും ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും മാതാപിതാക്കള്‍ക്ക് ശരിയായ അവബോധം അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ ആസ്തമയെ അതിജീവിച്ച് ആരോഗ്യപൂര്‍ണവും ക്രിയാത്മകവുമായ ഒരു ജീവിതം നയിക്കാന്‍ കുട്ടികള്‍ക്ക് സാധ്യമാകൂ.
(പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്ന ഒന്നത്രേ മാതാവിന്റെ ശരീരത്തിനു കിട്ടുന്ന പോഷണം. മാതാവിന്റെ രക്തത്തില്‍ നിന്നു വേണം കുഞ്ഞിനു വളരുവാനുള്ള പോഷണം കിട്ടാന്‍. കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രോട്ടീന്‍സ്, ഫാറ്റ്, ധാന്യകം എന്നിവ അത്യാവശ്യമാണല്ലോ. അവ നല്‍കത്തക്ക പോഷക സമൃദ്ധമായ ആഹാരം മാതാവ് കഴിച്ചെങ്കിലേ കുഞ്ഞിന്റെ വളര്‍ച്ച നന്നായിരിക്കൂ. അല്ലാത്തപക്ഷം കുഞ്ഞിന് ശാരീരികവും മാനസികവുമായ വൈകല്യങ്ങളുണ്ടാവാനിടയുണ്ട്. കുള്ളരും മന്ദബുദ്ധികളും അംഗ വൈകല്യമുള്ളവരും രോഗികളും ക്ഷീണിച്ചു തളര്‍ന്ന് ചൈതന്യമറ്റവരുമായ കുട്ടികളുണ്ടാകാം. മാതാവിന്റെ പട്ടിണിയാണ് ഇത്തരം വൈകൃതങ്ങള്‍ക്കു ഒരളവുവരെ ഹേതു. പട്ടിണി കിടക്കുന്ന മാതാവിന് അത്തരം കുട്ടികളുണ്ടാകാനിടയുണ്ട്. സ്ലിം ബ്യൂട്ടിക്കു വേണ്ടി മന:പൂര്‍വം പട്ടിണി കിടക്കുന്ന പരിഷ്കാരികളും ഇതറിഞ്ഞിരിക്കണം.
മാതാവിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഏതു രോഗവും കുഞ്ഞിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചേക്കാം. ചില കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ? ഉന്തിയ വയറ്, വളരാത്ത അസ്ഥികള്‍, അയഞ്ഞു തൂങ്ങി കിടക്കുന്ന മാംസക്കഷ്ണം പോലുള്ള പേശികള്‍, ജടപിടിച്ച മുടി ഇങ്ങനെ ആകെ വികൃത രൂപം പ്രാപിച്ച മനുഷ്യക്കുഞ്ഞുങ്ങള്‍ പ്രായേണ മന്ദബുദ്ധികളായിരിക്കും. വളര്‍ച്ചയുടെ ആരംഭ ഘട്ടങ്ങളില്‍ മാതാവില്‍ ഉണ്ടാകുന്ന രോഗങ്ങളാണ് ഇതിനു കാരണം. പ്രത്യേകിച്ച് “എന്‍ഫോദ്രൈന്‍’ ഗ്രന്ഥികളുടെ വൈകല്യം, തെയ്റോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന രാഹിത്യം എന്നിവ കുഞ്ഞുങ്ങളില്‍ വികൃത രൂപങ്ങള്‍ ഉളവാക്കുന്നുണ്ട്. ഗര്‍ഭം അലസല്‍, ഗര്‍ഭഛിദ്രം, ശിശു മരണം, കുഞ്ഞിന്റെ കാഴ്ച, കേള്‍വി ബുദ്ധിശക്തി ഇവയിലുള്ള തകരാറ് എന്നിവയെല്ലാം സാധാരണമാണ്. അതെല്ലാം കുടുംബ പാരമ്പര്യ സിദ്ധമാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. ഗര്‍ഭ കാലത്ത് മാതാവിനുണ്ടാകുന്ന സിഫിലിസ്, ഗൊണോറിയ, പ്രമേഹം തുടങ്ങിയ രോഗങ്ങളാണിത്തരം വളര്‍ച്ചാ വൈകൃതങ്ങളധികവും വരുത്തിവയ്ക്കുന്നത്.
ഭക്ഷണ പാനീയങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ചില കുട്ടികള്‍ക്ക് ജന്മനാ അപകട സൂചനകളുണ്ടാകാം. അകാരണമായ പരിഭ്രാന്തി, ഉറക്കത്തില്‍ ഞെട്ടിയുണരുക, ഹൃദയത്തിന്റെ ക്രമം തെറ്റിയ പ്രവര്‍ത്തനം ഇങ്ങനെ പലതും കാണും. മദ്യപാനികളായ മാതാപിതാക്കളുടെ കുട്ടികള്‍ക്കാണിതു കൂടുതല്‍. മദ്യപാനിയായ പിതാവിന്റെ കുട്ടിക്ക് വിളര്‍ച്ചയും ക്ഷീണവുമുണ്ടാകും. മാതാവിന്റെ മദ്യപാനമാണ് കുട്ടിയെ അധികം ബാധിക്കുക. മദ്യത്തിന്റെ ഉപയോഗം മുന്‍പറഞ്ഞ വൈകൃതങ്ങള്‍ക്കു പുറമേ മറ്റു ചിലതും ഉണ്ടാക്കുന്നു. സാധാരണ മദ്യപിക്കുന്ന മാതാവിന് കുഞ്ഞിനെ ഊട്ടാനാവശ്യമായത്ര മുലപ്പാല്‍ ഉണ്ടായെന്നു വരില്ല. മദ്യം പോലെത്തന്നെ കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുന്ന മറ്റൊന്നാണ് പുകവലി. പുകയിലയിലുള്ള “നിക്കോട്ടിന്‍’ ഒരു വിഷ വസ്തുവാണ്. മാതാവ് അതുപയോഗിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ്, രക്തപ്രവാഹം എന്നിവയെ അനാവശ്യമായി ത്വരിതപ്പെടുത്തും. പൂര്‍ണ വളര്‍ച്ചയെത്താതെ/മാസം തികയാതെയുള്ള ജനനത്തിന് അതു കാരണമാകും. ചില കുട്ടികള്‍ അന്ധരായി ജനിക്കുന്നതിനു കാരണം അവരുടെ മാതാവ് മലേറിയ രോഗത്തിനു പ്രതിവിധിയായി ഉപയോഗിച്ച “ക്വിനൈന്‍’ന്റെ പ്രവര്‍ത്തനമാണെന്നു തെളിഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെ തലച്ചോറിനു കേടു സംഭവിക്കുന്നതിന്റെ ഒരു കാരണം പ്രസവത്തിനു മുമ്പു വേദന ശമിക്കാന്‍ വേണ്ടി മാതാവ് ഉപയോഗിക്കുന്ന ചില മരുന്നുകളാണത്രെ. ഗര്‍ത്തിന്റെ ആരംഭ കാലത്ത് മാതാവില്‍ എക്സ്റേ, റേഡിയം തുടങ്ങിയവയുടെ രശ്മികളുടെ പ്രവര്‍ത്തനം ശിശുക്കള്‍ക്ക് അംഗ വൈകല്യമോ ജീവഹാനിയോ വരുത്തിവയ്ക്കും.
മാതാവിനനുഭവപ്പെടുന്ന വൈകാരികാനുഭൂതികള്‍ രക്തപ്രവാഹത്തെയോ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെയോ ബാധിച്ചാല്‍ അതും ഗര്‍ഭസ്ഥ ശിശുവിനെ ഉലച്ചെന്നു വരാം. അങ്ങനെ ഗര്‍ഭ കാലത്ത് മാതാവിലുണ്ടാകുന്ന ശക്തിയായ വൈകാരിക സംഘട്ടനങ്ങള്‍, നിരാശ, മാനസികാസ്വസ്ഥതകള്‍ എന്നിവ അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്ന് വിശപ്പില്ലായ്മ, മനം മറിച്ചില്‍, ഛര്‍ദ്ദി, ഗ്രന്ഥികളുടെ പ്രവര്‍ത്തന രാഹിത്യം ഇവയൊക്കെയുണ്ടാകാം. അതു വഴി കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വിഘാതമുണ്ടാകും. അഗാധമായ അപരാധ ബോധമോ, ഇച്ഛാ ഭംഗമോ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. നേരിട്ടല്ലെങ്കിലും അതു കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും.
മുന്‍കാലത്ത് ഗര്‍ഭസ്ഥശിശുവിന് മനസ്സില്ലെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ഗര്‍ഭത്തിലെ ഭ്രൂണത്തിന് ആറ് മാസം പ്രായമാകുമ്പോള്‍ നല്ല കേള്‍വിശക്തിയുള്ളതായും ചുറ്റുപാടിനെ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുമെന്നും പഠനം തെളിയിച്ചിട്ടുണ്ട്. മാതാവിന്റെ സംഭാഷണങ്ങള്‍, സ്നേഹവാത്സല്യ പ്രകടനങ്ങള്‍, വിചാരവികാരങ്ങള്‍, കോപം, ഭയം, വിദ്വേഷം എന്നിവയെല്ലാം ഗര്‍ഭസ്ഥ ശിശുവില്‍ പ്രതിഫലിക്കുന്നതാണ്. ആമ്നിയോട്ടിക് ദ്രാവകത്തില്‍ നീന്തുന്ന ശിശു മാതാവിന്റെ ഹൃദയത്തുടിപ്പുകളും വിചാരവികാരങ്ങളും അറിയുകയും പ്രതികരിക്കുകയും ചെയ്യുന്നു. അമ്മയില്‍ വരുന്ന ദുഃഖം കുട്ടിയെയും ബാധിക്കും. ഡോ. ജറാര്‍ഡിന്റെ അഭിപ്രായത്തില്‍ പിറന്നു വീഴാന്‍ പോകുന്ന ശിശു ഏതു തരക്കാരനായി മാറുമെന്നതിന്റെ നിര്‍ണായക ഘടകം ഗര്‍ഭത്തിലെ കുഞ്ഞിനോട് മാതാവ് പുലര്‍ത്തുന്ന മനോഭാവം ഒന്നുമാത്രമാണ്. ഡോ: ജറാര്‍ഡ് 141 ഗര്‍ഭിണികളെ പഠനവിധേയമാക്കിയതില്‍ മാതാവ് ഗര്‍ഭസ്ഥശിശുവിനോട് നാല് വിധത്തിലുള്ള മനോഭാവം കാണിക്കുന്നുവെന്ന് കണ്ടെത്തി. മാതാവിന്റെ ഈ മനോഭാവമാണ് ജനിക്കുന്ന കുട്ടിയിലും പ്രകടമാവുകയെന്നദ്ദേഹം സിദ്ധാന്തിച്ചു.
1. മാതൃത്വത്തോടും ഗര്‍ഭത്തോടും താല്‍പര്യമില്ലാത്ത സ്ത്രീകള്‍ പക്ഷേ, ഉപബോധമനസ്സില്‍ ഗര്‍ഭത്തെ ആഗ്രഹിച്ചിരുന്നു. ഇവരുടെ കുട്ടികള്‍ ഒന്നിലും താല്‍പര്യമില്ലാത്തവരും ഉന്മേഷക്കുറവുള്ളവരുമായി അനുഭവപ്പെട്ടു.
2. ഗര്‍ഭസ്ഥശിശുക്കളുടെ കാര്യത്തില്‍ സ്നേഹവും വിദ്വേഷവും പരസ്പരം മാറിക്കൊണ്ടിരിക്കുന്നവര്‍. ഇവരുടെ സന്തതികളുടെ പെരുമാറ്റത്തില്‍ വികലതകള്‍ കാണപ്പെട്ടു.
3. ഗര്‍ഭത്തെ വെറുത്ത വിഭാഗം. ഇവര്‍ക്കുള്ള കുട്ടികള്‍ മാസം തികയാത്തവരും തൂക്കം കുറഞ്ഞവരും വൈകാരിക സംഘര്‍ഷമുള്ളവരുമായിത്തീരുന്നു.
4. നാലാമത്തെ വിഭാഗം സ്ത്രീകള്‍ ഗര്‍ഭസ്ഥശിശുവിനോടുള്ള സ്നേഹവും താല്‍പര്യവും കൂടുതലായവരാണ്. തങ്ങള്‍ക്കവര്‍ പ്രിയപ്പെട്ടവരാണെന്ന ചിന്ത ആ മാതാക്കളിലുണ്ട്. ഇവരുടെ സന്താനങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവരായി കാണപ്പെട്ടു.
വിവാഹം കഴിഞ്ഞ് ദാമ്പത്യ ജീവിതം തുടര്‍ന്ന് പോകുമ്പോള്‍ കുഞ്ഞ് വേണമെന്ന ചിന്ത ചില ദമ്പതികള്‍ക്കുണ്ടാവില്ല. കുറച്ച് കഴിഞ്ഞിട്ട് മതിയെന്ന് ഉറപ്പിക്കുന്നു. അപ്രതീക്ഷിതമായി ഗര്‍ഭിണിയാവുകയാണ്. പിന്നെ കലക്കല്‍, അലസിപ്പിക്കല്‍, പല മരുന്നും ഉപയോഗിക്കുന്നു. ചിലത് വിജയിക്കും, ചിലത് പരാജയപ്പെടും. പരാജയപ്പെട്ടാല്‍ ജനിച്ച കുട്ടിയുടെ പെരുമാറ്റവും ശൈലിയും എങ്ങനെയെന്നല്ലേ? കഴുത്തറുക്കാന്‍ തുനിയുന്ന കൊലയാളിയുടെ പരിവേഷമുള്ള ഒരു സന്താനമാകുന്നു. കാരണമെന്താണ്? ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ കൊല്ലാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. പരാജയപ്പെട്ടു ജനിച്ചവനില്‍ ഈ ‘കൊല’ സ്വഭാവമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
കുഞ്ഞുങ്ങള്‍ നന്നാവാന്‍ ആഗ്രഹിക്കുന്നവര്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ പരിചരണം നല്‍കണം. ഭര്‍ത്താവും ഗര്‍ഭിണിയായ സ്ത്രീയും തമ്മിലുള്ള പ്രശ്നങ്ങള്‍ കുഞ്ഞിനെയും ബാധിക്കും. അവളുടെ സംഘര്‍ഷഭരിതമായ മനസ്സ് ശിശുവിന്റെ മാനസിക തകര്‍ച്ചയ്ക്ക് കാരണമാകും. ഗര്‍ഭിണി തന്റെ വിചാരവികാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ഭയം, കോപം, ആശങ്ക തുടങ്ങിയുള്ള മാനസിക ശാരീരിക പ്രശ്നങ്ങള്‍ വന്ന് കൂടുന്നതിനെ തടയുകയും ചെയ്യണം. ഇത് ശിശുവിന്റെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

ഭക്ഷ്യവിഷബാധയും പ്രതിരോധവും

ബാക്ടീരിയകളോ, അവ പുറപ്പെടുവിക്കുന്ന വിഷപദാര്‍ത്ഥങ്ങളോ, മറ്റ് രാസപദാര്‍ത്ഥങ്ങളോ കലര്‍ന്ന ഭക്ഷണം കഴിക്കുന്നതു മൂലം തലവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയോടൊപ്പമോ അല്ലാതെയോ വയറിനും ശരീരത്തിനുമുണ്ടാകുന്ന മാരകമായ അസ്വസ്ഥതക്ക് ഭക്ഷ്യവിഷബാധ എന്നുപറയാം. സാല്‍മൊണെല്ല, സൈഫൈലോ കോക്കസ്, ബോട്ടിലിനം തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകളോ അവ പുറപ്പെടുവിക്കുന്ന വിഷപദാര്‍ത്ഥങ്ങളോ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നു. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാകാത്തപക്ഷം ഇതുമൂലം മരണം വരെ സംഭവിക്കാം. കീടനാശിനികള്‍, ഡിറ്റര്‍ജന്‍റുകള്‍ തുടങ്ങിയവ ആഹാരത്തില്‍ കലരുന്നതും ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നു.
വൃത്തിഹീനമായ പാചകരീതികളോ, പാകം ചെയ്യാത്തതോ, ചെയ്തതോ ആയ ആഹാരം ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കാത്തതോ, ആഹാരത്തിന്റെ പഴക്കമോ ഭക്ഷ്യവിഷബാധക്ക് കാരണമാകാം. മറ്റൊരു പ്രധാനകാരണമാണ് മായം ചേര്‍ക്കല്‍. മരണപ്പെടാന്‍ ഷവര്‍മ തന്നെ കഴിക്കണമെന്നില്ല. പഴകിയതും മായം ചേര്‍ന്നതുമായ ഏതു ഭക്ഷണവും മതിയാകും. ഷവര്‍മ കഴിച്ച് മരണപ്പെടാനുണ്ടായ കാരണം ആീൗേഹശാെ എന്ന ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നു. കുറച്ച് കാലം മുമ്പ് ചൈനയില്‍ നിന്ന് വിതരണം ചെയ്ത പാലില്‍ നിന്നും ചോക്കലേറ്റ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ നിന്നും അനവധി കുട്ടികള്‍ക്ക് വൃക്കരോഗം പിടിപെടുകയും അതിനെ തുടര്‍ന്ന് കുറേപ്പേര്‍ മരിക്കുകയും ചെയ്യുകയുണ്ടായി. പാലിന് നിറം കിട്ടാന്‍ വേണ്ടി ചേര്‍ത്ത മെലാമിന്‍ എന്ന രാസവസ്തുവായിരുന്നു ഇവിടെ വില്ലന്‍. ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പല ബ്രാന്‍ഡഡ് പാലുകളും (തമിഴ്നാട്ടില്‍ നിന്ന് വരുന്നവ) നിരോധിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ശവം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫോര്‍മലിന്‍ എന്ന രാസവസ്തു ചേര്‍ത്തതിനെതുടര്‍ന്നായിരുന്നു ഇത്.
ഭക്ഷണത്തില്‍ ബാക്ടീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റുകള്‍, ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന ടോക്സിനുകള്‍, ഭക്ഷണത്തിന് നിറം, മണം എന്നിവ കിട്ടാന്‍ കലര്‍ത്തുന്ന രാസവസ്തുക്കള്‍ എന്നിവ ഉണ്ടാകാവുന്നതാണ്. പഴകിയ ഭക്ഷണത്തില്‍ നിന്ന് ഏറ്റവും സാധാരണയായി ഉണ്ടാകുക ബാക്ടീരിയ വിഷബാധ മൂലമുള്ള അസുഖങ്ങളാണ്. ഭക്ഷ്യവിഷബാധയ്ക്ക് വേറെയും കാരണങ്ങളുണ്ട്.
1. ഭക്ഷണം കഴിച്ച് 24 മണിക്കൂറിനുള്ളിലുണ്ടാകുന്ന അസുഖങ്ങള്‍ ബാക്ടീരിയ ബാധമൂലമുണ്ടാകുന്നവ. ഭക്ഷണം കഴിച്ച ഉടന്‍ ഛര്‍ദ്ദി, വയറുവേദന ഇത് മൂലമാകാവുന്നതാണ്. ശരിക്കും പാകം ചെയ്യാത്ത ഇറച്ചിയില്‍ നിന്നും ഇത് പകരാം. ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന ടോക്സിനാണ് കാരണം. ഞരമ്പുകളെ ബാധിച്ച് തളര്‍ച്ചയുണ്ടാക്കി ക്രമേണ മരണം സംഭവിക്കാം. ഷവര്‍മ പാകം ചെയ്യുമ്പോള്‍ ബര്‍ണറില്‍ നിന്ന് അകന്നിരിക്കുന്ന ഉള്‍വശത്തെ ഇറച്ചി ശരിക്കും പാകമായിട്ടുണ്ടാവുകയില്ല. ഇത് പാര്‍സലായി വാങ്ങി മണിക്കൂറുകള്‍ അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുമ്പോള്‍ ബാക്ടീരിയകള്‍ പെറ്റുപെരുകി മാരകമായ ടോക്സിന്‍ ഉല്‍പാദിപ്പിക്കുന്നു, ഈ ഭക്ഷണം മണിക്കൂറുകള്‍ക്കു ശേഷം കഴിക്കുമ്പോള്‍ മരണം സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!
2. കെമിക്കലുകള്‍ മൂലമുണ്ടാകുന്നവ: ചില തരം കടല്‍ മത്സ്യം, കക്ക, ഞണ്ട്, കൂണുകള്‍ എന്നിവ കഴിച്ച ഉടനെ ഉണ്ടാകുന്ന ശ്വാസം മുട്ടല്‍, ശരീരം ചൊറിഞ്ഞ് തടിപ്പ്, തലവേദന, കൈകാലുകളില്‍ തരിപ്പ്, മസിലുകളിലെ ശക്തമായ വേദന, കോച്ചല്‍, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം എന്നിവ ഇവയിലടങ്ങിയ പ്രൊട്ടീനുകള്‍ അല്ലെങ്കില്‍ കെമിക്കലുകള്‍ മൂലമാകാം.
3. ഭക്ഷണം കഴിച്ച് 1 മുതല്‍ 3 ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുന്ന അസുഖങ്ങള്‍. ഇത് പ്രധാനമായും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചുണ്ടാകുന്ന ഇന്‍ഫെക്ഷനുകളാണ്. വന്‍കുടലിലുണ്ടാകുന്ന ഇന്‍ഫെക്ഷന്‍മൂലം വയറുവേദന, രക്തം, കഫം എന്നിവയോടുകൂടിയ വയറിളക്കം ഈ കാലയളവില്‍ പ്രത്യക്ഷപ്പെടാവുന്നതാണ്.
4. ഭക്ഷണം കഴിച്ച് 3 മുതല്‍ 5 ദിവസത്തിനകമുണ്ടാകുന്ന അസുഖങ്ങള്‍.
5. ഭക്ഷണം കഴിച്ച് ഒരു മാസത്തിന് ശേഷമുണ്ടാകാവുന്ന അസുഖങ്ങള്‍.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍
വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാനം. പനി, തലവേദന, ശരീരവേദന എന്നിവയും ഉണ്ടാകാം. ഛര്‍ദ്ദി അസഹനീയമാകുമ്പോള്‍ കുടിക്കുന്ന വെള്ളം മുഴുവന്‍ ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുകയും ഇത് നിര്‍ജ്ജലീകരണത്തിന് വഴിവെക്കുകയും ചെയ്യുന്നു. ജലത്തിനൊപ്പം ശരീരത്തിലെ ലവണങ്ങളും നഷ്ടപ്പെടും. ഇത് ഉടന്‍ ഡ്രിപ്പ് വഴി ശരീരത്തിലെത്തിച്ചില്ലെങ്കില്‍ മരണത്തിലേക്ക് നയിച്ചേക്കാം. അസഹ്യമായ ദാഹം, കുഴിഞ്ഞ കണ്ണുകള്‍, വരണ്ടുണങ്ങിയ ചുണ്ടുകള്‍, ഉണങ്ങി ചുളിവ് വീണ തൊലി, വിയര്‍ത്ത കൈകാലുകള്‍ എന്നിവ നിര്‍ജ്ജലീകരണമുണ്ടാകുമ്പോഴുള്ള പ്രധാനലക്ഷണങ്ങളാണ്. താഴ്ന്ന രക്തസമ്മര്‍ദ്ദവും ദ്രുതഗതിയിലുള്ള നാഡിമിടിപ്പും രോഗത്തിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു.
പ്രഥമ ചികിത്സ
ഛര്‍ദ്ദി, വയറിളക്കം എന്നിവയുള്ളപ്പോള്‍ ധാരാളം വെള്ളം കുടിക്കുവാന്‍ നല്‍കേണ്ടതാണ്. ഇളനീര്‍, ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പും അല്‍പം പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവയും നല്‍കാം. ഇവ ഒന്നിച്ച് കുടിക്കുന്നതിന് പകരം അല്‍പാല്‍പം സിപ്പ് ചെയ്ത് കുടിക്കുന്നത് ഛര്‍ദ്ദി ഒഴിവാക്കാന്‍ സഹായിക്കുന്നു. ഛര്‍ദ്ദിക്കും എന്ന് വിചാരിച്ച് പലരും വെള്ളം കുടിക്കുവാന്‍ മടിക്കുന്നു. ഇതാണ് നിര്‍ജ്ജലീകരണത്തിലേക്കും അപകടാവസ്ഥയിലേക്കും നയിക്കുന്നത്. ഛര്‍ദ്ദിക്കുകയാണെങ്കിലും മേല്‍പറഞ്ഞ പാനീയങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം. അസുഖം ബാധിച്ച ശേഷമുള്ള മൂത്രത്തിന്റെ അളവ് രോഗിയുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കുന്നു. മൂത്രത്തിന്റെ അളവ് നല്ലവണ്ണമുണ്ടെങ്കില്‍ (34 മണിക്കൂറിനുള്ളില്‍ 1201200 ) രോഗി നിര്‍ജ്ജലീകരണത്തിലേയ്ക്ക് നീങ്ങുന്നില്ല എന്ന് ഉറപ്പാക്കാം. സാധാരണയായുള്ള ഭക്ഷ്യവിഷബാധകളെല്ലാം പ്രത്യേകിച്ച് ചികിത്സയൊന്നും കൂടാതെ പാനീയചികിത്സ കൊണ്ട് തന്നെ ഒന്നോ രണ്ടോ ദിവസത്തിനകം സുഖപ്പെടുന്നതാണ്. പക്ഷേ രണ്ട് ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ തുടരുകയോ നിര്‍ജ്ജലീകരണത്തിന്റെ അവസ്ഥയിലേക്ക് നീങ്ങുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ശക്തിയായ ദാഹം, വരണ്ടിരിക്കുന്ന ചുണ്ട്, തൊലി, കുഴിഞ്ഞ കണ്ണുകള്‍, ആറുമണിക്കൂറിന് ശേഷവും തീരെ കുറഞ്ഞ കടും നിറത്തിലുള്ള മൂത്രം ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലും ഡോക്ടറെ കാണിക്കണം.
മായം കണ്ടുപിടിക്കുന്നതിനുള്ള വഴി
1. മഞ്ഞള്‍പൊടി മെറ്റാനില്‍ യെല്ലോ എന്ന ചായം, ഗോതമ്പ്, ചോളം എന്നിവയുടെ പൊടി ഇവയാണ് മഞ്ഞള്‍പ്പൊടിയില്‍ കണ്ടുവരുന്ന മായം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയില്‍ കുറച്ച് വീര്യമുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് നേര്‍പ്പിക്കുക. നീലനിറം കാണുന്നുണ്ടെങ്കില്‍ മായം ചേര്‍ന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
2. മല്ലിപ്പൊടി ചാണകപ്പൊടി, തവിട്, മരപ്പൊടി എന്നിവ മല്ലിപ്പൊടിയില്‍ കണ്ടുവരുന്നു. പൊടി വെള്ളത്തില്‍ അലിയിച്ചാല്‍ മരപ്പൊടി, തവിട് ഇവ പൊങ്ങിക്കിടക്കും.
3. കുരുമുളക് കുരുമുളകില്‍ കപ്ലങ്ങയുടെ കുരു ഉണക്കിപ്പൊടിച്ച് ചേര്‍ക്കുന്നു. കുരുമുളക്പൊടി വെള്ളത്തില്‍ ലയിപ്പിക്കുക, യഥാര്‍ത്ഥ കുരുമുളക്പൊടി വെള്ളത്തില്‍ അടിയും, മായവസ്തു ഉപരിതലത്തില്‍ പൊങ്ങിക്കിടക്കും.
4. തേന്‍ തേനില്‍ ശര്‍ക്കരപാനി ചേര്‍ക്കുന്നു. ഇതറിയാന്‍ തേനില്‍ ഒരു തിരിമുക്കി കത്തിക്കുക. തിരികത്തുമ്പോള്‍ പൊട്ടിതെറിക്കുന്നു വെങ്കില്‍ മായമുണ്ടെന്നു കരുതാം. അല്ലെങ്കില്‍ ഒരു തുള്ളി തേന്‍ ബ്ലോട്ടിംഗ് പേപ്പറില്‍ ഒഴിച്ചുവെയ്ക്കുക.
ബ്ലോട്ടിംഗ് പേപ്പര്‍ വലിച്ചെടുക്കാതെ അതേപടി ഇരുന്നാല്‍ തേന്‍ ശുദ്ധമാണ് എന്ന് മനസ്സിലാക്കാം.
5. ചെറുപയര്‍ കൃത്രിമ ചായങ്ങള്‍ ഉപയോഗിച്ച് ചെറുപയര്‍ മാര്‍ക്കറ്റില്‍ എത്താറുണ്ട്. കുറച്ച് സമയം വെള്ളത്തില്‍ കുതിര്‍ത്ത് വച്ചാല്‍ ചായം ഇളകിവരും.
6. കടുക് ആര്‍ഗിമണ്‍ എന്ന മുള്ളന്‍ ചെടിയുടെ വിത്താണ് കടുകില്‍ ചേര്‍ക്കുന്നത്. ഇതിന് കടുകിനേക്കാള്‍ വലുപ്പമുണ്ടായിരിക്കും.
7. ശര്‍ക്കര ശര്‍ക്കര വെള്ളത്തില്‍ ലയിപ്പിച്ച് ഏതാനും തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക. ചുവപ്പുനിറം ഉണ്ടാകുന്നു എങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ട്.
8. പാല്‍കായംവെള്ളത്തില്‍ അലിയിച്ചു നോക്കുമ്പോള്‍ പാലുപോലെ വെളുത്ത ലായനിയാണ് ലഭിക്കുന്നത് എങ്കില്‍ കായത്തില്‍ മായം കലര്‍ന്നിട്ടില്ല എന്ന് വിശ്വസിക്കാം. അല്‍പ്പം കായം എടുത്ത് കത്തിച്ചുനോക്കുക. നല്ല ജ്വാലയോടെ കാണുന്നുണ്ടെങ്കില്‍ മായം കലര്‍ന്നിട്ടില്ല എന്നു കരുതാവുന്നതാണ്.
9. കാപ്പിപ്പൊടി കാപ്പിപ്പൊടിയില്‍ പുളിക്കുരുവിന്റെ തോട്, ചിക്കറി മുതലായ മായം കലര്‍ത്തുക പതിവാണ്. ചിക്കരി ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ പൊടി വെള്ളത്തില്‍ വിതറി നോക്കുക. ചിക്കരിപ്പൊടി വെള്ളത്തില്‍ താഴുകയും, വെള്ളം തവിട്ടു നിറമാകുകയും ചെയ്യും.
10. തേയില തേയിലയോടൊപ്പം മറ്റ് പല ചെടികളുടെയും അനുവദനീയമല്ലാത്ത കളറുകള്‍ ചേര്‍ത്ത് മാര്‍ക്കറ്റില്‍ എത്തും. കൂടാതെ കശുവണ്ടിപരിപ്പിന്റെ തൊലിയും വര്‍ണ്ണഭേദം വരുത്തി കലര്‍ത്തിവിടും. ഇത് കണ്ടുപിടിക്കുന്നതിനായി തേയിലയുടെ സാമ്പിള്‍ ഒരു നനഞ്ഞ വെള്ളക്കടലാസില്‍ ചിതറിയിടുക. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ക്രമേണ പടരുന്നതായി കാണുന്നുണ്ടെങ്കില്‍ മായമുണ്ടെന്ന് മനസ്സിലാക്കാം.
11. അരി അരിയില്‍ കാവിപൂശി കുത്തരിയുടെ നിറം വരുത്തുന്നു. ചൂടുവെള്ളത്തില്‍ കഴുകുമ്പോള്‍ നിറം ഇളകിവരും.
12. വെളിച്ചെണ്ണ വെളിച്ചെണ്ണയില്‍ പലതരം വിലകുറഞ്ഞ എണ്ണയും ചേര്‍ക്കും. വെളിച്ചെണ്ണയില്‍ അല്‍പം പെട്രോളിയം ഈതര്‍ ചേര്‍ത്തു തണുപ്പിക്കുക. വെള്ളനിറം ആകുന്നെങ്കില്‍ മായം ചേര്‍ത്തിട്ടുണ്ട്.
13. പാല്‍ പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ചരിഞ്ഞ പ്രതലത്തില്‍ അല്‍പ്പം പാല്‍ ഒഴിക്കുക. പാട് വീഴ്ത്താതെ ഒഴുകി താണാല്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്.
വാങ്ങുമ്പോള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വിശ്വസ്തനായ കച്ചവടക്കാരില്‍ നിന്നു നിലവാരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തന്നെ വാങ്ങുക. വിലക്കുറവ് മാത്രം പരിഗണിക്കാതിരിക്കുക, ഗുണനിലവാരം പ്രധാനമാണ്. പാക്കറ്റ് സാധനങ്ങളില്‍ നിര്‍മാതാവിന്റെ പൂര്‍ണവിലാസം ഉണ്ടെന്ന് ഉറപ്പുവരുത്തുക. നിര്‍മാണതീയതി, എന്നുവരെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെടുക. പാക്കറ്റ് സാധനങ്ങളില്‍ നിറം നല്‍കിയിരിക്കുന്നതിന് കൃത്രിമ നിറങ്ങളോ പ്രകൃതിദത്ത നിറങ്ങളാണോ ഉപയോഗിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ലേബല്‍ നോക്കി മനസ്സിലാക്കാന്‍ ശ്രമിക്കുക. വാങ്ങുന്ന സാധനങ്ങളുടെ ബില്‍ കൃത്യമായി സൂക്ഷിക്കുക.
അടുക്കളയില്‍ ശ്രദ്ധിക്കുവാന്‍
അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങള്‍ കൂടുതലായി വാങ്ങുമ്പോള്‍ അവ തരംതിരിച്ച് വേണ്ടരീതിയില്‍ സുരക്ഷിതമായി സൂക്ഷിക്കണം. ഉപയോഗിക്കല്‍ അനുവദനീയമല്ലാത്ത സമയം ആദ്യം ആകുന്ന സാധനം ആദ്യം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികള്‍ 50ുുാ ക്ലോറിന്‍ വെള്ളത്തില്‍ കഴുകി ഉപയോഗിക്കുക. മുട്ടയുടെ പുറം തോട് വൃത്തിയായി കഴുകിയ ശേഷം മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഫ്രിഡ്ജിന്റെ താപനില 50 ഡിഗ്രിക്ക് താഴെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. മത്സ്യം/മാംസം എന്നിവ സൂക്ഷിക്കുന്ന ഫ്രീസറിന്റെ താപനില 18 ഡിഗ്രിയില്‍ താഴെ ആയിരിക്കണം. പാകം ചെയ്ത ഭക്ഷണം ചൂടുമാറിയ ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുകയും തുടര്‍ന്ന് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുകയും ചെയ്യുക. ഒരിക്കല്‍ ഫ്രിഡ്ജില്‍ നിന്നും എടുത്ത് ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും വിളമ്പുമ്പോഴും അതിയായ ശുചിത്വം പാലിക്കുക. ഭക്ഷണം പാകം ചെയ്യുന്നയാളിന്റെ വ്യക്തിശുചിത്വം പ്രധാനമാണ്. കയ്യില്‍ മുറിവ്, വ്രണം, പകര്‍ച്ച വ്യാധികള്‍ എന്നിവയുള്ളവര്‍ ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യാതിരിക്കുക. ആവശ്യത്തിന് മാത്രം പാകം ചെയ്ത് ഉടന്‍ കഴിക്കുക. കൂടുതല്‍ പാകം ചെയ്തിട്ടുണ്ടെങ്കില്‍ ആവശ്യമില്ലാത്തത് ഉടന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. മണിക്കൂറുകള്‍ പുറത്ത് വെച്ച ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കുന്നത് ബാക്ടീരിയ ബാധയ്ക്ക് കാരണമാകും. ഭക്ഷണം കൈകാര്യം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നേരിയ ഉപ്പുലായനിയിലും തുടര്‍ന്ന് ശുദ്ധജലത്തിലും രണ്ടോ മൂന്നോപ്രാവശ്യം കഴുകുന്നത് അതിലടങ്ങിയ വിഷാംശങ്ങള്‍, ബാക്ടീരിയ എന്നിവയെ അകറ്റുന്നതിന് സഹായിക്കുന്നു. പാര്‍സലായി ഹോട്ടലുകളില്‍ നിന്ന് വാങ്ങുന്ന പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ സമയം പുറത്ത് സൂക്ഷിക്കാതെ ഉടന്‍ കഴിച്ച് തീര്‍ക്കുക. യാത്രാ വേളകളില്‍ പാകം ചെയ്ത മുട്ട, മത്സ്യം, മാംസാഹാരങ്ങള്‍ കഴിവതും കൂടെ കരുതാതിരിക്കുക. കാരണം ഇവയില്‍ വളരെ വേഗം ബാക്ടീരിയ വളര്‍ന്ന് ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയേറുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ (സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, കാന്‍സറിന് റേഡിയേഷന്‍, കീമോതെറാപ്പി ചികിത്സ ചെയ്യുന്നവര്‍) വേവിക്കാത്ത പഴം, പച്ചക്കറി, സലാഡുകള്‍ കഴിയുന്നതും ഒഴിവാക്കുക. കാരണം ഇവര്‍ക്ക് ബാക്ടീരിയ, വൈറസ് അസുഖങ്ങള്‍ പെട്ടെന്ന് ബാധിക്കാവുന്നതാണ്.

ശിശുപരിപാലനം: ചില പാഠങ്ങള്‍

മുലപ്പാല്‍ ഒരു ഔഷധമാണ്. അത് കുട്ടികള്‍ക്ക് നന്നായി നല്‍കണം. എങ്കിലേ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ വളര്‍ച്ചയുണ്ടാകുകയുള്ളൂ. മുലയൂട്ടല്‍ സൗന്ദര്യം നശിപ്പിക്കും എന്നത് തെറ്റിദ്ധാരണയാണ്. അന്നേരം മാതാവ് അനുയോജ്യമായ ഭക്ഷണക്രമം പാലിച്ചില്ലെങ്കിലാണ് ശരീരത്തിന് പ്രതികൂലമാവുക. പോഷകത്തിന്‍റെ ലഭ്യതക്കുറവുമൂലം ക്ഷീണം ബാധിക്കുകയും ശരീരം മെലിഞ്ഞുപോവുകയും ചെയ്യും.

മുലയൂട്ടുന്ന സ്ത്രീകള്‍ പോഷകസമൃദ്ധമായ ഭക്ഷണം മിതമായി കഴിക്കണം. കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. മൈദ ഒട്ടും കഴിക്കാതിരിക്കുക. അരിഭക്ഷണങ്ങള്‍ മുന്‍ഗണന നല്‍കുക. അമിതമായി ഒന്നും കഴിക്കരുത്.
കുട്ടികളുടെ മുലകുടി നിര്‍ത്തുക എന്നത് ചില്ലറ ആശങ്കയുള്ള കാര്യമാണ്. ബലമായി മുലകുടി അവസാനിപ്പിക്കുന്നത് മാതാവിനും കുട്ടിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഘട്ടംഘട്ടമായി മുലകുടി കുറച്ച് കൊണ്ടുവന്ന് നിര്‍ത്തുകയാണ് വേണ്ടത്. പെട്ടെന്ന് വാശിപിടിച്ച് കുടി നിര്‍ത്തുന്നത് ശരിയല്ല. രണ്ടര വര്‍ഷം മുല കൊടുക്കുന്നത് നല്ലതാണ്. അതില്‍ കൂടുന്നത് ദോഷകരവും.
കുട്ടികള്‍ക്ക് രണ്ടുമണിക്കൂര്‍ കൂടുന്പോള്‍ മുലപ്പാല്‍ നല്‍കണം. മൂന്നുമാസം തികയുന്നത് വരെ ഇങ്ങനെ മുലപ്പാല്‍ കൊടുക്കുന്നത് കുഞ്ഞിന്‍റെ വളര്‍ച്ചക്ക് അനിവാര്യമാണ്. രണ്ടു മണിക്കൂര്‍ കൊണ്ട് കുട്ടിക്ക് ആവശ്യമായ മുലപ്പാല്‍ ലഭിക്കും. പ്രസവിച്ച് നാലു മണിക്കൂറിനുമുമ്പ്നിര്‍ബന്ധമായും കുട്ടിക്ക് മുലപ്പാല്‍ നല്‍കിയിരിക്കണം. ആദ്യം ചുരത്തുന്ന പാലിനു മഞ്ഞ നിറമുണ്ടാകും. ഇത് പിഴിഞ്ഞുകളയരുത്. ഏറെ ഔഷധ ഗുണമുള്ളതിനാല്‍ നിര്‍ബന്ധമായും കുട്ടിക്ക് നല്‍കുകയാണു വേണ്ടത്.
ആദ്യദിവസങ്ങളില്‍ വേണ്ടത്ര പാല് ലഭിച്ചുവെന്ന് വരില്ല. ആ സമയങ്ങളില്‍ കുട്ടിക്ക് ലഭിക്കുന്നതുതന്നെ ധാരാളമാണ്. കുട്ടിക്ക് തികഞ്ഞിട്ടുണ്ടാവില്ല എന്നുകരുതി വെള്ളവും ബേബി ഫുഡും നല്‍കാന്‍ തുനിയുന്നത് ആപത്താണ്. ജനനസമയത്ത് കണ്ടതൂക്കം പിന്നീട് കുറഞ്ഞെന്നുവരാം. ആശങ്ക വേണ്ട, പത്തുദിവസം കഴിഞ്ഞാല്‍ പഴയപടി തിരിച്ചുകിട്ടും. മുലപ്പാല്‍ ലഭിക്കാത്തതു കൊണ്ടാണ് ഭാരം കുറയുന്നത് എന്നുകരുതി ഡോക്ടറെ തേടിയെത്തുന്ന മാതാക്കളുണ്ട് നമുക്കിടയില്‍. കുട്ടിയുട ഭാരം കൂട്ടാനും മുലപ്പാല്‍ വര്‍ധിപ്പിക്കാനും മരുന്നുകയറ്റി കുഞ്ഞിന്‍റെയും തന്‍റെയും ശരീരം നശിപ്പിക്കേണ്ടതില്ല. സ്വാഭാവിക പ്രകൃതിയാണ് ഈ ഭാരം കുറയല്‍ എന്നോര്‍ക്കുക.
കുട്ടി കരയാതിരിക്കാന്‍ വേണ്ടി പലരും നന്നായി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് കരച്ചില്‍ അനിവാര്യമാണ്. കരഞ്ഞ് ആവശ്യപ്പെടുന്പോള്‍ മാത്രമേ മുലയൂട്ടാവൂ എന്നാണ് ആരോഗ്യശാസ്ത്രം. കരച്ചില്‍കൊണ്ട് കുട്ടിക്ക് ഒരുപാട് നേട്ടങ്ങളുണ്ട്. ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും വികാസത്തിന് കരച്ചില്‍ കാരണമാകുന്നു. ശരീരത്തിന്‍റെ മാലിന്യങ്ങളായ കാഷ്ഠവും മറ്റു അവശിഷ്ടങ്ങളും പുറത്തുവരും.
മുലകുടി നിര്‍ത്തിയും മുലകുടി കുറച്ചും മൃഗപ്പാലുകള്‍ കൊടുക്കുന്നത് നാട്ടുനടപ്പാണ്. ഇതുകൊണ്ട് കുട്ടിക്ക് ഒരു ഗുണവുമില്ല. ദോഷമുണ്ടുതാനും. മൃഗപ്പാലിനേക്കാള്‍ ദോഷമാണ് പായ്ക്കറ്റ് പാലുകളും പാല്‍പ്പൊടിയും. മുലപ്പാലിന്‍റെ ഗുണം ഒന്നിലും ലഭിക്കുകയില്ല. വളര്‍ത്തുമൃഗങ്ങളായ ആട്ടിന്‍പാലും പശുവിന്‍പാലും മുലപ്പാലും തമ്മില്‍ ഗുണത്തില്‍ വലിയ അന്തരമുണ്ട്.
ആദ്യത്തെ ഒരു വര്‍ഷം മൃഗപ്പാല്‍ നല്‍കുന്നത് നല്ലതല്ല. ചില കുട്ടികള്‍ക്കിത് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാക്കും. ഉപയോഗിച്ചാലേ പാലുണ്ടാകൂ എന്നത് മൃഗങ്ങളെപ്പോലെ മനുഷ്യനും ബാധകം. കൂടുതല്‍ മുല കൊടുക്കുന്നത് മുലപ്പാല്‍ വര്‍ധിപ്പിക്കും. മടികാണിക്കുന്നവരില്‍ മുലപ്പാല്‍ കുറയുകയും ചെയ്യും. ടെന്‍ഷനില്ലാത്ത സ്ത്രീകളില്‍ പാലുല്‍പാദനം കൂടുതലായിരിക്കും എന്നാണ് പഠനം. മാനസിക പിരിമുറക്കത്തിന് സാധ്യതയുള്ള ഒരു പ്രവര്‍ത്തനത്തിലും മുലയൂട്ടുന്ന സ്ത്രീകള്‍ മുതിരരുത്. ജോലിയുള്ള മാതാക്കള്‍ ആദ്യത്തെ മൂന്നു മാസം ലീവെടുക്കണം. അല്ലെങ്കില്‍ ജോലിക്ക് പോകുന്പോള്‍ കുട്ടിയെ കൂട്ടണം. അഞ്ചുമണിക്കൂറില്‍ കൂടുതല്‍ മുലയൂട്ടാതെ കഴിഞ്ഞാല്‍ കുട്ടി തളര്‍ന്നുവീഴും. മുലപ്പാലില്‍ നിന്നും ലഭിക്കുന്ന ശുചിത്വം കുപ്പിപ്പാലില്‍ ലഭിക്കുകയില്ല. കുട്ടിയുടെ പല്ലിന്‍റെ ഘടനയില്‍ മാറ്റമുണ്ടാക്കാനും കുപ്പികുടിക്കാവും.
നാലാം മാസം മുതല്‍ മറ്റു ഭക്ഷണം നല്‍കിത്തുടങ്ങാം. ബിസ്കറ്റ് ഭക്ഷണങ്ങള്‍ കുട്ടിയുടെ ആരോഗ്യത്തന് എതിരായി ഭവിക്കും. ചോറ് അരച്ചുകൊടുക്കുന്നതിനേക്കാള്‍ നല്ലത് കൈകൊണ്ട് ഞെക്കിപ്പിഴിഞ്ഞു കൊടുക്കുന്നതാണ്. അരച്ച് ജ്യൂസാക്കിയ ചോറ് ചവക്കാതെ തിന്നു ശീലിച്ചാല്‍ പിന്നീട് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ചവച്ചരച്ച് തിന്നാന്‍ കുട്ടികളെ പഠിപ്പിക്കണം. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി കുട്ടിക മരണപ്പെടുന്ന വാര്‍ത്തകള്‍ നാം നിരവധി കേട്ടതാണ്. ബേക്കറി വസ്തുക്കള്‍ വലിയവര്‍ക്ക് തന്നെ ഭൂഷണമല്ല. കുട്ടികള്‍ക്ക് നല്‍കുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ ഇന്ന് വ്യാപകമാവുകയാണ്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വൃക്ക തകരാറിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാവുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാവാതെ പോയാല്‍ അന്ധതയും താളംതെറ്റിയ ഹൃദയമിടിപ്പും ഹൃദയ രക്തക്കുഴലുകള്‍ പൊട്ടുന്നതും തലച്ചോറിന്‍റെ ശേഷിക്കുറവും ഒക്കെയായിരിക്കും ഫലം. മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്. ഓരോ വര്‍ഷവും ലോകത്തുണ്ടാവുന്ന മരണങ്ങളില്‍ 9 ദശലക്ഷത്തിനും കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്.
രാവും പകലും തുടര്‍ച്ചയായി പണിയെടുക്കുന്ന അത്ഭുതകരമായ ഒരു അവയവമാണ് ഹൃദയം. മിനിറ്റില്‍ ഏകദേശം 70 പ്രാവശ്യവും ദിവസം ഏതാണ്ട് ഒരു ലക്ഷം തവണയും ഹൃദയമിടിക്കുന്നു. നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും രക്തം എത്തിച്ച് അതിനെ ജീവസ്സുറ്റതാക്കാന്‍ വേണ്ട രക്തചംക്രമണത്തിന്‍റെ പൂര്‍ണ നിയന്ത്രണം ഹൃദയത്തിനാണ്. ഹൃദയത്തിനകത്തേക്കും പുറത്തേക്കുമുള്ള രക്തമൊഴുക്ക് അതത് വാല്‍വുകള്‍ കൃത്യസമയത്ത് തുറന്നും അടഞ്ഞുമാണ് നിര്‍വഹിക്കുന്നത്. സ്റ്റെതസ്കോപ്പ് നെഞ്ചിനു മുകളില്‍ വയക്കുമ്പോള്‍ നാം കേള്‍ക്കുന്ന ലാബ്ഡഞ്ച് ശബ്ദത്തിനു കാരണം വാല്‍വിന്‍റെ ചലനങ്ങളാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആര്‍ട്ടെറിയോസ്ക്ലീറോസിസ് വര്‍ധിപ്പിക്കുന്നു. ധമനികളുടെ ഉള്ളിലെ വ്യാപ്തം കുറയുന്നതിനാല്‍ അതുവഴിയുള്ള രക്തചംക്രമണത്തിന്‍റെ വേഗത കുറയുന്നതാണ് ആര്‍ട്ടെറിയോസ്ക്ലീറോസിസ്. ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ രക്തയോട്ടത്തില്‍ ഇപ്രകാരം കുറവു സംഭവിക്കുന്നതോടെ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാവുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ആദ്യകാലങ്ങളില്‍ പ്രത്യേകിച്ച് ഒരു ലക്ഷണവും ഉണ്ടാവാറില്ല. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാവുന്നതുവരെ ആര്‍ക്കും ഒരസ്വാസ്ഥ്യവും തോന്നുകയുമില്ല. അതിനാലാണ് “നിശ്ശബ്ദ കൊലയാളി’ എന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അറിയപ്പെടുന്നത്.
ബി.സി. 5-ം നൂറ്റാണ്ടില്‍ തന്നെ ഗ്രീക്ക് ഭിഷഗ്വരനായിരുന്ന ഹിപ്പോക്രാറ്റസ് പെട്ടെന്നുള്ള മരണങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. തടി കൂടുതല്‍ ഉള്ളവരായിരുന്നു ഇത്തരത്തില്‍ മരിക്കുന്നവരേറെയും. എന്നാല്‍ 1628ല്‍ വില്യം ഹാര്‍വി രക്തചംക്രമണം കണ്ടുപിടിച്ചതോടെയാണ് രക്തസമ്മര്‍ദ്ദം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യൈശാസ്ത്രം മനസ്സിലാക്കുന്നത്. 1733-ല്‍ സ്റ്റീഫന്‍ ഹെയില്‍സ് ആണ് ധമനികളിലെ രക്തസമ്മര്‍ദ്ദം ആദ്യമായി അളന്നത്. എങ്കിലും റെനെ ലാക്കിനെറ്റ് 1819ല്‍ സ്റ്റെതസ്കോപ്പ് കണ്ടുപിടിക്കുന്നതുവരെ രക്തസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള പഠനത്തില്‍ വലിയ പുരോഗതിയൊന്നുമുണ്ടായില്ല. 1956ല്‍ റിച്ചാര്‍ഡ് ജൂനിയര്‍ ഡിക്കിന്‍സണും ഫോര്‍ഡ്മാനും ചേര്‍ന്ന് കത്തീറ്റനൈസേഷന്‍ കണ്ടുപിടിച്ചതോടെയാണ് ഓരോ രക്തക്കുഴലുകളിലൂടെയുമുള്ള രക്തചംക്രമണ അളവും തടസ്സങ്ങളും വാല്‍വുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള മറ്റു കാര്യങ്ങളും മനസ്സിലാക്കാനായത്.
ഫിയഡോര്‍ ലൈനെന്‍ 1964ല്‍ കൊളസ്ട്രോള്‍ മനുഷ്യകോശങ്ങളില്‍ ഉണ്ടാവുന്നതെങ്ങനെയെന്നും ശരീരത്തിലെ ലിപ്പിഡ് മെറ്റബോളിസം എങ്ങനെയെന്നും കണ്ടുപിടിച്ചതോടെയാണ് രക്തത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് തടയേണ്ടതെങ്ങനെയെന്ന് തിരിച്ചറിയുന്നത്. മൈക്കേല്‍ ബ്രൗണും ജോസഫ് ഗോള്‍സ്സ്റ്റൈയിനും ചേര്‍ന്ന് 1985ല്‍ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലുകള്‍ക്കുള്ളിലുള്ള ലിപ്പോ പ്രോട്ടീന്‍ എന്ന കൊളസ്ട്രോളിനെ സ്വീകരിക്കുന്ന കണത്തെ കണ്ടെത്തി. ഈ കണം ഉള്ളവരില്‍ ഹൃദയാഘാതത്തിന് സാധ്യത ഏറെയാണ്.
വ്യക്തിയുടെ രക്തസമ്മര്‍ദ്ദം പല സമയങ്ങളില്‍ എടുക്കുമ്പോള്‍ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം 140 ആയിരിക്കുകയും ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം 90 എം.എം.എച്ച്.ജിയോ കൂടുതലോ ആയാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ട് എന്നാണു നിഗമനം. പ്രമേഹം പോലുള്ള കാര്‍ഡിയോ വാസ്കുലര്‍ ഘടകങ്ങള്‍ കൂടിയുണ്ടെങ്കില്‍ അപകടസാധ്യത ഏറുന്നു. മൂന്ന് പേരില്‍ ഒരാള്‍ക്ക് എന്ന ഹൈപ്പര്‍ ടെന്‍ഷന്‍ സാധ്യത പ്രായമേറുമ്പോള്‍ 50 വയസ്സിനു മുകളിലുള്ളവരില്‍ രണ്ട് പേരില്‍ ഒരാള്‍ക്ക് എന്ന നിലയിലെത്തുന്നു.
ലോകമെന്പാടും ധനികദരിദ്ര ഭേദമില്ലാതെ കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ കൂടുതല്‍ ആളുകളെ കൊന്നൊടുക്കുന്നു. ഹൃദയാഘാതത്തില്‍ നിന്നോ പക്ഷാഘാതത്തില്‍ നിന്നോ ഒരിക്കല്‍ രക്ഷപ്പെട്ടവര്‍ ദീര്‍ഘകാലം മരുന്നു കഴിക്കേണ്ടി വരും. ഇതുമൂലം രോഗങ്ങള്‍ രോഗിയുടെയും കുടുംബത്തിന്‍റെയും ജീവിതത്തെ ഒരുപോലെ ബാധിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയാവുന്നതാണ്. ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക, സമീകൃതാഹാരം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ശരീരഭാരം ഏറാതെ സൂക്ഷിക്കുക, മദ്യം, പുകയില എന്നിവ ഉപേക്ഷിക്കുക തുടങ്ങിയവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാവാതിരിക്കാന്‍ ശീലിക്കേണ്ടതാണ്. കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ തടയുന്നതില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണ് ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക എന്നത്. മിക്ക രാജ്യങ്ങളിലും ആളുകള്‍ അകത്താക്കുന്ന ഉപ്പിന്‍റെ മൂന്നില്‍ രണ്ടുഭാഗവും സംസ്ക്കരിച്ച ആഹാര പദാര്‍ത്ഥങ്ങളിലും സ്നാക്സുകളിലും അതുപോലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലും ബ്രഡിലും ചീസിലും മറ്റുമാണ് ഒളിഞ്ഞിരിക്കുന്നത്. കൂടാതെ ചില ഫാസ്റ്റ്ഫുഡ് ശൃംഖലകളും റസ്റ്റോറന്‍റുകളും ഉയര്‍ന്ന തോതില്‍ ഉപ്പും കൊഴുപ്പും മധുരവും വിതരണം ചെയ്യുന്നതില്‍ മുഖ്യപ്രതികളാണ്. 20 ശതമാനം ഉപ്പിന്‍റെ അമിതോപയോഗവും ഉപഭോക്താവിന്‍റെ സ്വന്തം നിയന്ത്രണത്തിലാണ് എന്നര്‍ത്ഥം. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമനുസരിച്ച് ദിവസവും 5 ഗ്രാം (ഒരു ടീ സ്പൂണില്‍ താഴെ) മാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ ഒഴിവാക്കാന്‍ നല്ലത്.
അതുപോലെ സമീകൃതാഹാരം ശീലിക്കുന്നതാണ് ആരോഗ്യമുള്ള ഹൃദയവും രക്തചംക്രമണ വ്യവസ്ഥയും കാത്തു സൂക്ഷിക്കാന്‍ സഹായകം. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യം മുഴുവനായും (തവിട് നീക്കാതെ), കൊഴുപ്പ് നീക്കിയ മാംസവും മത്സ്യവും പയറുവര്‍ഗങ്ങളും ഉപയോഗിക്കുകയും മധുരം, ഉപ്പ്, കൊഴുപ്പ് കുറയ്ക്കുകയും വേണം.
ദിവസവും അരമണിക്കൂറെങ്കിലും കൃത്യമായി വ്യായാമം ചെയ്യുന്നതും കാര്‍ഡിയോ വാസ്ക്കുലര്‍ ഫിറ്റ്നസ് നിലനിര്‍ത്തും. പുകയില ഏതുരൂപത്തിലായാലും ആരോഗ്യത്തിനു നല്ലതല്ല; സിഗരറ്റായാലും ചവയ്ക്കുന്ന പുകയിലയായാലും.
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും 1980നും 2008നും ഇടയ്ക്ക് തടിയന്മാരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്ന് ലോകജനസംഖ്യയുടെ 12 ശതമാനത്തോളം ആളുകള്‍ പൊണ്ണത്തടിയന്മാരാണ്. ലോകത്ത് എല്ലായിടത്തും സ്ത്രീകളാണ് ഇക്കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുമ്പില്‍. അതുകൊണ്ടു തന്നെ പ്രമേഹത്തിനും കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ക്കും കൂടുതല്‍ വിധേയപ്പെടേണ്ടി വരുന്നതും അവരാണത്രെ.
ലോകത്തെല്ലായിടത്തും മുതിര്‍ന്ന വ്യക്തികളില്‍ മൂന്നിലൊരാള്‍ക്ക് വീതം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്. ഹൃദയരോഗങ്ങളും പക്ഷാഘാതവും മൂലമുള്ള മരണത്തിന്‍റെ പകുതിയിലേറെയും ഇത്തരക്കാരുടേതാണ്. 2004ല്‍ ഉണ്ടായ 7.5 ദശലക്ഷം മരണങ്ങളുടെ ഉത്തരവാദിത്വം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനാണ്; ആഗോളതലത്തിലെ 13 ശതമാനം മരണങ്ങള്‍. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ രോഗാവസ്ഥ മുന്‍കൂട്ടി തിരിച്ചറിയാനാവുന്നതിനാല്‍ കുറഞ്ഞ ചെലവില്‍ കൃത്യമായ ചികിത്സയിലൂടെ അപകടസാധ്യത വന്‍തോതില്‍ കുറയ്ക്കാനാവുന്നുണ്ട്. 1980ല്‍ അമേരിക്കയിലും യൂറോപ്പിലും ലോകാരോഗ്യ സംഘടന പഠനത്തിനായി തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരായിരുന്നു. എന്നാല്‍ 2008 ആയപ്പോഴേക്കും 2330 ശതമാനംവരെ എന്ന നിരക്കിലേക്ക് ഇത് താണു. പക്ഷേ, ഇതിനു വിപരീതമാണ് ആഫ്രിക്കയിലെയും മറ്റു രാജ്യങ്ങളിലെയും അവസ്ഥ. ഇതില്‍ മിക്ക രാജ്യങ്ങളിലെയും മുതിര്‍ന്നവരില്‍ 4050 ശതമാനം വരെ പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനടിമകളാണ്. 2008ലും ആഗോളതലത്തില്‍ 7.3 ദശലക്ഷം ആളുകള്‍ കാര്‍ഡിയോ വാസ്ക്കുലര്‍ രോഗങ്ങള്‍ക്ക് വിധേയരായി മരിച്ചു. വികസ്വര രാജ്യങ്ങളിലെ ആളുകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നു. അതിനാല്‍ തന്നെ പെട്ടെന്നുള്ള മരണവും ഹൃദയ രോഗങ്ങള്‍, പക്ഷാഘാതം ഇവയെത്തുടര്‍ന്നുണ്ടാവുന്ന ശാരീരിക വൈകല്യങ്ങള്‍ ഏറെയാണ്.
ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ മാത്രം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനാവുന്നവരാണ് ഭൂരിഭാഗം ആളുകള്‍. അല്ലാത്തവര്‍ക്ക് മാത്രമാണ് മരുന്ന് ആവശ്യമായി വരിക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുപിടിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പ്രമേഹം, പുകയില ഉപയോഗം എന്നിവ കൂടി ഘടകങ്ങളാണ്. ആസ്പിരിന്‍റെ ഉപയോഗം കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നുകളേക്കാള്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൊളസ്ട്രോള്‍ സ്ഥിരമായി ഉയര്‍ന്നു നില്‍ക്കുന്ന രോഗികളില്‍ ആസ്പിരിന്‍ പ്രതിരോധ മരുന്ന് എന്ന നിലയ്ക്ക് കൊടുത്തു വരുന്നുമുണ്ട്. ധമനികളുടെ വ്യാപ്തം കുറയുന്നതിന് ജീവകം ഇ, സി എന്നിവയുടെ കൂടിയ ഉപയോഗം പ്രതിരോധമായി മാറുന്നു. പ്രകൃതിയില്‍ തന്നെ ഉണ്ടാവുന്ന പല പ്രതിരോധ മരുന്നുകളും ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിട്ടുണ്ട്. ഇവ ആഹാരചര്യകളില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രതിരോധിക്കാന്‍ സഹായകമാണ്.

അവസാനം പരിഷ്കരിച്ചത് : 7/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate