অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യം - വിവിധ അറിവുകള്‍

ആരോഗ്യം - വിവിധ അറിവുകള്‍

  1. വെള്ളം കുടിക്കാൻ ഇതാ ആറ് കാരണങ്ങൾ
  2. പൊള്ളൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  3. വേനൽക്കാലം– പൊള്ളുന്ന 10 പ്രശ്നങ്ങൾ
  4. ഇവയ്ക്കുമുണ്ടേ കാലാവധി
  5. രോഗങ്ങള്‍ വരും കരുതല്‍ വേണം
  6. ചിക്കന്‍ പോക്സ് കരുതലാണ് പ്രധാനം
  7. വിഷമാകുന്ന വിരുദ്ധാഹാരം
  8. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ കാരണങ്ങളും പ്രതിവിധിയും
  9. ലക്ഷണങ്ങള്‍
  10. മറ്റ്‌ കാരണങ്ങള്‍
  11. ആഹാരത്തില്‍ ശ്രദ്ധിക്കുക
  12. രോഗത്തെ പ്രതിരോധിക്കാം
  13. ആയുര്‍വേദത്തിലൂടെ ശമനം
  14. പുരുഷവന്ധ്യതാ ചികിത്സ
  15. ഔഷധങ്ങളും ജീവിതക്രമവും
  16. സ്‌ത്രീകളിലെ ഹൃദ്രോഗം ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍
  17. ഹൃദയം അറിഞ്ഞ്‌ ഭക്ഷണം
  18. ഭക്ഷണനിയന്ത്രണം വേണം
  19. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
  20. വ്യായാമം പതിവാക്കുക
  21. വെയിറ്റ്‌ലിഫ്‌റ്റിംഗ്‌ വേണ്ട
  22. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക

വെള്ളം കുടിക്കാൻ ഇതാ ആറ് കാരണങ്ങൾ

വെള്ളം കുടിക്കാൻ ഈ വേനൽക്കാലത്ത് ഏറ്റവും വലിയ കാരണം ദാഹം തന്നെ. എന്നാൽ ദാഹം തോന്നുന്നതുകൊണ്ടുമാത്രമല്ല വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കാൻ ഇതാ വേറെയും ആറു കാരണങ്ങൾ.

  1. രക്തശുദ്ധീകരണത്തിനു വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ അഴുക്കുകൾ പുറന്തള്ളുന്നതിന് ഇതു സഹായകമാകുന്നു. രക്തത്തിലെ 80 ശതമാനവും വെള്ളമാണ്.
  2. എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിന് വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലുകളിൽ 50 ശതമാനം അടങ്ങിരിക്കുന്നത് ജലാംശമാണ്. പുതിയ കോശങ്ങൾ ഉൽപാദിപ്പിക്കുന്നതിൽ വെള്ളത്തിന് നിർണായകമായ പങ്കുവഹിക്കാനാകും.
  3. അസ്ഥിസന്ധികളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ശരീരത്തിൽ ജലാംശം അത്യാവശ്യമാണ്. അസ്ഥികളുടെ തേയ്മാനം കുറയ്ക്കുന്നതിന് വെള്ളം സഹായിക്കുന്നു
  4. ദഹനപ്രക്രിയ വേണ്ടവിധം നടക്കുന്നതിന് ഭക്ഷണത്തോടൊപ്പം വെള്ളം കൂടിക്കുന്നത് അനിവാര്യമാണ്. ഭക്ഷണം അമിതമായി വലിച്ചു വാരിക്കുമ്പോൾ വെള്ളത്തിനുകൂടിയുള്ള സ്ഥലം ആമാശയത്തിൽ ബാക്കിവയ്ക്കാൻ മറക്കരുത്.
  5. ആവശ്യത്തിന് വെള്ളം കുടിച്ചാൽ മാത്രമേ ശരീരത്തിന് ഉന്മേഷവും ബുദ്ധിക്ക് ഉണർവും ഉണ്ടാകൂ. വെള്ളം വേണ്ടത്ര ലഭിക്കാതിരുന്നാൽ പെട്ടെന്നു തന്നെ ക്ഷീണം, തളർച്ച, തലവേദന എന്നിവ അനുഭവപ്പെട്ടേക്കാം
  6. സുന്ദരവും ചുളിവുകളില്ലാത്തതുമായ ചർമം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. അതിനും വെള്ളം ആവശ്യത്തിന് കുടിച്ചിരിക്കണം. ത്വക്കിൽ നിന്നു വിയർപ്പിലൂടെയും മറ്റും വലിയ തോതിൽ വെള്ളം നഷ്ടപ്പെടുന്നുണ്ട് എന്നതു മറക്കേണ്ട.

ഔഷധഗുണങ്ങളിൽ മുന്നിൽ വെളുത്തുള്ളി

മൊരിച്ചെടുത്ത ഇറച്ചിക്കും മീനിനും രുചിയേറും. പക്ഷേ സംയമനം പാലിക്കണം. കൊളസ്‌ട്രോൾ, കാൻസർ, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാ പട്ടിക മുമ്പിലുണ്ട്. കരിഞ്ഞ മാംസപദാർഥങ്ങളിലെ പോളിസൈക്ലിക് ഹൈഡ്രോകാർബണുകളാണ് കാൻസറിനു കാരണമാകുന്നത്. ഇവയുടെ പ്രവർത്തനം തടഞ്ഞ് രോഗകാരികളെ ഒരുപാട് അകലേയ്‌ക്കു മാറ്റിനിർത്താൻ ഉളളിയും വെളുത്തുള്ളിയും ചേർത്ത സലാഡിനു കഴിയും. ലോക വെളുത്തുള്ളി ദിനമായ ഇന്ന് വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

വെളുത്തുള്ളിയെ സർവരോഗ സംഹാരിയായാണ് ചൈനീസ് ഔഷധഗ്രന്ഥങ്ങളിൽ പറയുന്നത്. ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുക. കുടവയറും അമിത വണ്ണവും കുറയും. രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവു സാധാരണനിലയിലെത്തും. പ്രമേഹരോഗത്തെ നിയന്ത്രിക്കുന്നതിനും വെളുത്തുള്ളി സത്തിനു കഴിയും.

വെളുത്തുള്ളി ചവച്ചരച്ചു തന്നെ കഴിക്കണം. ചുട്ടും പുഴുങ്ങിയും ഉപ്പിലിട്ടും ഉപയോഗിക്കുമ്പോൾ വെളുത്തുള്ളിയിലെ എണ്ണ നഷ്‌ടപ്പെടുകയാണ്. അരയ്‌ക്കുമ്പോൾ എൻസൈമുകളുടെ പ്രവർത്തനത്താൽ എണ്ണയുണ്ടാകും. ഈ എണ്ണയാണ് യഥാർഥത്തിൽ രോഗസംഹാരി.

ശരീരത്തിലെ വിഷപദാർഥങ്ങൾ, അണുക്കൾ, വൈറസുകൾ തുടങ്ങിയവയെ നിയന്ത്രിക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. രക്‌തം അനാവശ്യമായി കട്ടിയാകുന്നതു തടയാനും കട്ടിയായ രക്‌തത്തെ അലിയിക്കാനും ഉള്ളിക്കു കഴിയും. വെളുത്തുള്ളിയും ഉള്ളിയും സ്‌ഥിരമായി കഴിക്കുന്നവരിൽ കൊളസ്‌ട്രോൾ നിയന്ത്രിച്ചുനിർത്തും. ഹൃദ്രോഗത്തിനു പ്രധാന കാരണമാകുന്ന രക്‌തസമ്മർദം കുറച്ചു നിർത്താം.

ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ കാരറ്റ്, കാബേജ്, ഉള്ളി, വെളുത്തുള്ളി, തക്കാളി, സോയാബീൻ തുടങ്ങിയവ ധാരാളമായി കഴിക്കുന്ന സ്‌ത്രീകളിൽ സ്‌തനാർബുദത്തിനുള്ള സാധ്യത കുറയും. വെണ്ണ, വെട്ടുനെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവയുടെ അമിത ഉപയോഗംമൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയാൻ ഉള്ളി വെളുത്തുള്ളി തൈലങ്ങൾക്കു കഴിയും. കൊഴുപ്പ്, മദ്യം തുടങ്ങിയവയോടൊപ്പം അഞ്ചു ശതമാനം ഉള്ളിയോ വെളുത്തുള്ളിയോ ചേർത്ത ഭക്ഷണം ഒപ്പം ഉപയോഗിച്ചാൽ ഇവയുടെ ദൂഷ്യങ്ങൾ തടയാനാകും. സ്‌ഥിരം സിഗരറ്റു വലിക്കാർക്കും ഉള്ളിയും വെളുത്തുള്ളിയും അടങ്ങിയ ഭക്ഷണക്രമം ശീലമാക്കാവുന്നതാണ്. വെളുത്തുള്ളി സത്തിനു വൈറസ് രോഗങ്ങളെ ചെറുക്കാനാകുമെന്നു ചൈനയിലെ ഡോക്‌ടർമാർ പറയുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലീസിന് പെൻസിലിനു നശിപ്പിക്കാൻ കഴിയാത്ത പല രോഗാണുക്കളെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നു കണ്ടെത്തി. പെൻസിലിൻ ക്ഷാമമുണ്ടായപ്പോൾ റഷ്യക്കാർ അലിസിനാണ് ധാരാളമായി ഉപയോഗിച്ചത്. തലച്ചോറിലെ രക്‌തതടസത്തെ വെളുത്തുള്ളി നീരു കുത്തിവച്ചു നീക്കിയിരുന്നതായും ചൈനക്കാർ പറയുന്നു.

ഫ്രൂട്ട് ബാസ്കറ്റ് ഡയറ്റ് പരീക്ഷിക്കാം

മൂന്നു നേരവും ചോറും കറിയും ചായയും പലഹാരവും ഇറച്ചിയും മീനും മാത്രം കഴിച്ചു ജീവിക്കുന്നവരാണോ നിങ്ങൾ? ഒരു ദിവസത്തെ ഭക്ഷണത്തിൽ എത്ര ശതമാനം പഴവർഗങ്ങൾ നിങ്ങൾ ഉൾപ്പെടുത്താറുണ്ട്? യുഎസിൽ നടന്ന പഠനങ്ങളിൽ പങ്കെടുത്ത ഡോക്ടർമാർ പറയുന്നത് ഓരോ വ്യക്തിയും ഒരു ഫ്രൂട്ട് ബാസ്കറ്റ് ഡയറ്റ് പിന്തുടരണമെന്നാണ്. അതായത് ഓരോ വീട്ടിലും എല്ലാ സമയത്തും ഒരു ഫ്രൂട്ട് ബാസ്കറ്റ് വേണം. ഒരാൾ അത്യാവശ്യം കഴിച്ചിരിക്കേണ്ട പഴവർഗങ്ങൾ ഈ ഫ്രൂട്ട്ബാസ്കറ്റിൽ കരുതിവയ്ക്കണം. ഈ പഴക്കൂടയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട എട്ടു പഴവർഗങ്ങളാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

  1. വാഴപ്പഴം– ഒരു കായികാഭ്യാസിയുടേതുപോലെ നിങ്ങളുടെ ശരീരത്തിന് ഊർജസ്വലത നൽകുന്നു
  2. മുന്തിരി– രക്തധമനികളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
  3. ചെറിപ്പഴം– നാഡിവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു
  4. ആപ്പിൾ– ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു
  5. പൈനാപ്പിൾ– ആർത്രൈറ്റിസ് സാധ്യത കുറയ്ക്കുന്നു
  6. മാമ്പഴം– അർബുദം വരാതിരിക്കാൻ സഹായിക്കുന്നു
  7. തണ്ണിമത്തങ്ങ– ഹൃദയത്തെ ആരോഗ്യപ്രദമാക്കി നിലനിർത്തുന്നു, ശരീരത്തിന്റെ അമിത ഉഷ്ണം കുറയ്ക്കുന്നു
  8. ഓറഞ്ച്– ത്വക്കിനെ മൃദുവാക്കുന്നു, കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം

ഇനി പലചരക്കും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിൽ പോകുമ്പോൾ ഈ ഫ്രൂട്ട് ബാസ്കറ്റ് ഡയറ്റിന്റെ കാര്യം മറക്കണ്ട.

പൊള്ളൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെറിയ പൊള്ളലുകൾക്കു വീട്ടിൽ തന്നെ ചികിൽസ ചെയ്യാവുന്നതാണ്.

  • തണുത്ത വെള്ളം പൊള്ളിയ ഭാഗത്ത് ഒഴിക്കുക.
  • തുണിയോ ആഭരണങ്ങളോ പൊള്ളിയ ഭാഗത്തുണ്ടെങ്കിൽ അവ നീക്കംചെയ്യുക. പൊള്ളിയ ഭാഗത്തു നീര് വന്നാൽ അവ നീക്കം ചെയ്യുന്നതു പ്രയാസകരമാകും.
  • ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യരുത്.
  • പൊള്ളൽമൂലം രൂപപ്പെടുന്ന കുമിളകൾ പൊട്ടിക്കരുത്.
  • ടിടി കുത്തിവയ്പ് എടുക്കുക.
  • നെയ്യ്, വെണ്ണ, ഐസ്, മുട്ട, പഞ്ഞി എന്നിവ പൊള്ളിയ ഭാഗത്തു പുരട്ടരുത്. ഇത് ഇൻഫക്‌ഷൻ വരാനിടയാക്കും. പഞ്ഞി ഉപയോഗിച്ചാൽ അതു പൊള്ളലിൽ ഒട്ടിപ്പിടിക്കും.
  • ശുദ്ധമായ വെള്ളത്തിൽ നിത്യവും കുളിച്ചു വൃത്തിയുള്ള തുണികൊണ്ടു പൊള്ളലേറ്റ ഭാഗം മൂടിവയ്ക്കുക.
  • കുളിച്ചുകഴിഞ്ഞ് ആന്റിബയോട്ടിക്/അലോവേ ഉള്ള ലോഷനുകൾ/വാസ്‍ലിൻ/സിൽവർ സൾഫ ഓയിന്റ്മെന്റുകൾ ആ ഭാഗങ്ങളിൽ പുരട്ടാം.
  • മുറിവുകളിൽ നിന്നു വെള്ളം ഒലിക്കുന്നുണ്ടെങ്കിൽ ആന്റിബയോട്ടിക് ഓയിന്റ്മെന്റ് മാത്രം ഉപയോഗിക്കുക. മറ്റ് ഓയിന്റ്മെന്റുകൾ ഉപയോഗിക്കരുത്.
  • വേദനയ്ക്കു പാരസിറ്റാമോൾ ഉപയോഗിക്കാം. വേദനസംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം. ചൊറിച്ചിൽ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശത്തോടുകൂടി സെട്രിസിൻ, അവിൽ എന്നിവ ഉപയോഗിക്കുക.
  • ആഹാരം പോഷകസമൃദ്ധമായി കഴിക്കുക. ധാരാളം വെള്ളം, പ്രോട്ടീൻ (മുട്ട, മൽസ്യം, പയർവർഗങ്ങൾ) എന്നിവ ആഹാരത്തിന്റെ ഭാഗമാക്കുക.
  • വിരലുകളുടെ ഇടയിൽ പൊള്ളലുണ്ടെങ്കിൽ വൃത്തിയുള്ള ഗോസ് വിരലുകൾക്കിടയിൽ വയ്ക്കുക.
  • പൊള്ളിയ ഭാഗങ്ങൾ ആദ്യത്തെ ഒരു വർഷത്തേക്കു സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. സൺസ്ക്രീൻ ലോഷനുകൾ വെയിലത്തുപോകുമ്പോൾ ഉപയോഗിക്കുക.
  • പുകവലി ഉപേക്ഷിക്കുക. രക്തഓട്ടം കുറയുന്നതുകൊണ്ട് മുറിവുണങ്ങാൻ കാലതാമസം വരും.
  • അസഹ്യമായ വേദന, പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയുണ്ടെങ്കിൽ എത്രയുംപെട്ടെന്നു വൈദ്യസഹായം തേടുക.

വേനൽക്കാലം– പൊള്ളുന്ന 10 പ്രശ്നങ്ങൾ

വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ നിസ്സാരമായി കാണരുത്. കുടിവെളളം, അലർജി പ്രശ്നങ്ങൾ തുടങ്ങി കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ.

വെള്ളം ഉപയോഗിക്കുമ്പോൾ

വേനൽക്കാലത്ത് ജലദൗർലഭ്യത വളരെ കൂടുതലായതിനാൽ ലഭ്യമായ ജലം മലിനപ്പെട്ടതാകാനുളള സാധ്യത കൂടുതലാണ്. ഉഷ്ണകാലത്ത് ദാഹമേറുമെന്നതിനാൽ ധാരാളം വെളളം കുടിക്കേണ്ടതായും വരും. നിർജലീകരണം വരാതിരിക്കാൻ ധാരാളം വെളളം വേണം. കുടിക്കാൻ വെളളം തിളപ്പിക്കുമ്പോൾ മൂന്നു മുതൽ അഞ്ച് മിനിറ്റ് വരെ തിളപ്പിക്കുക. ചൂടാറിയശേഷം കുടിക്കാൻ ഉപയോഗിക്കുക. പുറത്തുപോകുമ്പോൾ വീട്ടിലെ വെളളം തന്നെ കുടിക്കാൻ കൈയിൽ കരുതുക. കടകളിൽ നിന്ന് വെളളം അധികം വാങ്ങാതിരിക്കുക. നിറമുളള പാനീയങ്ങൾ വേണ്ട. അതുപോലെ തന്നെ ദാഹം തോന്നുമ്പോൾ കോള പോലുളള കാർബണേറ്റഡ് പാനീയങ്ങളും മധുരമേറിയ പാനീയങ്ങളും വാങ്ങി കുടിക്കരുത്. മദ്യം തീർത്തും ഒഴിവാക്കണം.

കുഴൽകിണറുകളിലെ വെളളത്തിൽ ചിലപ്പോള്‍ ഫ്ളൂറൈഡ് എന്ന ഘടകം കൂടുതലായിരിക്കും. ഇതു തിളപ്പിച്ചാലും പോകില്ല. അതുകൊണ്ട് കുഴൽകിണറിലെ വെളളം കഴിവതും ഒഴിവാക്കുക.

എസി, ഫാൻ ഉപയോഗിക്കുമ്പോൾ

ചൂടുകാലമായതിനാൽ എസി, ഫാൻ, എയർകൂളർ എന്നിവ നാം കൂടുതലായി ഉപയോഗിക്കും. എസിയുടെ സ്ഥിരമായ ഉപയോഗം ചർമത്തെ വരണ്ടതാക്കുകയും ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുകയും ചെയ്യും. ശ്വാസകോശനാളിയെയും വരണ്ടതാക്കും . ഇതു ശ്വാസകോശസംബന്ധമായ അണുബാധകൾക്ക് കാരണമാകും. അതു കൊണ്ടുതന്നെ എസി മുറിയിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. കൃത്യമായ ഇടവേളകളിൽ എസിയുടെ ഫിൽറ്ററും മറ്റും വൃത്തിയാക്കണം. പുറമെ നിന്നു വിയർത്തൊലിച്ചു വന്നു കയറിയ ഉടൻ എസിയിൽ കയറി ശരീരം തണുപ്പിക്കരുത്. ആസ്മ, അലർജി എന്നിവ ഉളളവർ അധികനേരം എസി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സീലിങ് ഫാൻ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ടേബിൾ ഫാനാണ്. സീലിങ് ഫാൻ മേൽക്കൂരയിലെ ചൂടുകൂടി മുറിക്കുള്ളിലേക്ക് കൊണ്ടുവരും.

ത്വക്കിലെ പ്രശ്നങ്ങൾ

കനത്ത ചൂട് കാരണം ത്വക്ക് വരളാനും കറുക്കാനും സാധ്യതയുണ്ട്. ധാരാളം വെളളം കുടിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. കരിക്കിൻവെളളം, പഴച്ചാറുകൾ, കഞ്ഞിവെളളം എന്നിവ കുടിക്കുന്നതു നല്ലതാണ്. ദിവസവും രണ്ടോ മൂന്നോ തവണ കുളിക്കാം. അതും തണുത്ത വെളളത്തിൽ. കൂടാതെ കാൽപാദം കൂടുതൽ പരുപരുത്തതാകാനും വിണ്ടുകീറാനും ഇടയുണ്ട്. എല്ലാ പ്രായക്കാരെയും അലട്ടുന്ന മറ്റൊരു പ്രശ്നമാണ് ചൂടുകുരു. വയറ്, പുറം, ശരീരത്തിലെ വിവിധ മടക്കുകൾ തുടങ്ങി വിയർപ്പ് കൂടുതൽ തങ്ങി നിൽക്കുന്ന ഇടങ്ങളിലാണ് ചൂടുകുരു പ്രത്യക്ഷപ്പെടുന്നത്. നല്ല ചൊറിച്ചിലുണ്ടാകും. ഇവ അകറ്റാൻ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കാം. വിവിധ തരത്തിലുളള പൂപ്പൽബാധകളും വേനൽകാലത്ത് ഉണ്ടാകാം. അതിലൊന്നാണ് ചുണങ്ങ്, കൂടുതൽ വിയർക്കുന്ന ഭാഗങ്ങളിലാണ് ചുണങ്ങ് ഉണ്ടാവുക. ഇതു കൂടാതെ വട്ടച്ചൊറിയും പൂപ്പൽ കാരണം ഉണ്ടാകാം.

അലർജികാരണങ്ങൾ ഒഴിവാക്കുക

വേനൽക്കാലത്ത് വായുമലിനീകരണം കൂടാൻ ഇടയുണ്ട്. പലയിടങ്ങളിലും പൊടിക്കാറ്റും അടിക്കാറുണ്ട്. പൊടിയും മറ്റും ആസ്മ, അലർജി എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഈ രോഗങ്ങൾ ഉളളവർ പുറത്തിറങ്ങുമ്പോഴും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. റോഡിൽ കൂടി നടക്കുമ്പോഴും വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും (പ്രത്യേകിച്ച് ഇരുചക്ര വാഹനത്തിൽ) പൊടി അടിക്കാതിരിക്കാൻ മുഖത്ത് മാസ്ക് ധരിക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

വേനലിൽ ചിലർക്ക് സൂര്യപ്രകാശത്തോട് അലർജി ഉണ്ടാകാനിടയുണ്ട്. സൂര്യപ്രകാശം തട്ടുന്ന ഭാഗങ്ങളിൽ ചൊറിച്ചിലുണ്ടാകുന്നതാണ് അലർജിയുടെ ലക്ഷണം. സൂര്യപ്രകാശം ഏൽക്കാതിരിക്കുകയാണ് പ്രധാന പരിഹാരം. പുറത്തു പോകുമ്പോഴും മറ്റും കുട ഉപയോഗിക്കുക.

ചൂടുകാലത്തെ രോഗങ്ങൾ

വേനൽക്കാലത്ത് പടർന്നു പിടിക്കാൻ സാധ്യതയുളള ജലജന്യ–ഭക്ഷ്യജന്യ രോഗങ്ങളാണ് വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ് എ എന്നിവ. ഈർപ്പമുളള ചൂടു കാലാവസ്ഥയിൽ കൊതുകു പെറ്റുപെരുകാന്‍ സാധ്യത കൂടുതലാണ്. അതു കൊണ്ടുതന്നെ കൊതുകു പരത്തുന്ന രോഗങ്ങളും പടരാൻ ഇടയുണ്ട്. വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയാണ് കൊതുകിൽ നിന്ന് രക്ഷ നേടാനുളള മാർഗം. അന്തരീക്ഷത്തിലെ ചൂടു കൂടുന്നതു വഴി ശരീരത്തിലെ ജലാംശം പരിധിവിട്ടു കുറയുമ്പോൾ മൂത്രത്തിൽ അണുബാധയും കല്ലും വരാനുളള സാധ്യത കൂടുതലാണ്. വെയിലത്ത് കൂടുതൽ നേരം ജോലി ചെയ്യുന്നവരിൽ ഉണ്ടാകുന്ന പ്രശ്നമാണ് ചൂടു മൂലമുളള പേശീവേദന. ശരീരത്തിലെ സോഡിയത്തിന്റെ അംശം വിയർപ്പിലൂടെ കൂടുതൽ നഷ്ടപ്പെടുന്നതു മൂലമാണിത്. ചൂടു മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൂര്യാഘാതം. ശരീരം വളരെയധികം ചൂടാകുമെങ്കിലും വിയർപ്പ് ഉണ്ടാകില്ല.

കുട്ടികളുടെ കളിയും ഭക്ഷണവും

കുട്ടികളുടെ അവധിക്കാലമാണല്ലോ വേനൽക്കാലം. അതുകൊണ്ടു തന്നെ വീട്ടിൽ ഇരിക്കാതെ കളിയൊക്കെയായി ആഘോഷതിമിർപ്പിലായിരിക്കും അവർ. കടുത്ത വെയിലുളള സമയങ്ങളിൽ (രാവിലെ 11 മുതൽ 3 മണിവരെ) കുട്ടികളെ പുറത്ത് കളിക്കാൻ വിടാതിരിക്കക. സൂര്യാഘാതമേൽക്കാൻ ഇടയുണ്ട്. കുട്ടികളുമായി പുറത്തു പോകുമ്പോൾ തൊപ്പി ധരിപ്പിക്കുവാൻ ശ്രദ്ധിക്കുക. കൈ മൂടുന്ന തരത്തിലുളള വസ്ത്രങ്ങളായാൽ നല്ലത്. കോട്ടൺ മതി. ധാരാളം വെളളം കുടിപ്പിക്കണം. പുറത്തു കളിക്കാൻ പോകുമ്പോഴും നന്നായി വെളളം കുടിപ്പിക്കുക. വെളളത്തിനു പുറമെ ശരീരം തണുപ്പിക്കാൻ വീട്ടിൽ തന്നെ തയാറാക്കുന്ന പഴച്ചാറുകളും നാരങ്ങാവെളളവും നൽകാം. സീസണലായി ലഭിക്കുന്ന പഴങ്ങളും ധാരാളം കൊടുക്കാം. ശരീരത്തിൽ നിർജലീകരണത്തിന് ഇട നൽകരുത്. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുളള സൺസ്ക്രീനുകൾ പുരട്ടാം.

വസ്ത്രധാരണം

വേനലിൽ ശരീരത്തിലെ വിയർപ്പ് ഒപ്പിയെടുക്കുന്നതിനു കോട്ടൺ വസ്ത്രങ്ങളാണ് ഏറ്റവും നല്ലത്. അടിവസ്ത്രങ്ങളും കോട്ടൺ തന്നെ ഉപയോഗിക്കന്നതാണ് അനുയോജ്യം. പോളിസ്റ്റർ വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. ലിനൻ തുണിത്തരങ്ങളും നല്ലതാണ്. ഇറുകി കിടക്കുന്ന ജീൻസ്, ലെഗിങ്ങ്സ്, ഈർപ്പമുളള അടിവസ്ത്രങ്ങൾ എന്നിവ ഒഴിവാക്കുക. അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ശരീരം മൂടുന്ന തരത്തിലുളള കോട്ടൺ നിർമ്മിത ഫുൾസ്ലീവ് വസ്ത്രങ്ങൾ സൂര്യരശ്മിയിൽ നിന്നു രക്ഷിക്കും. അങ്ങനെ കൈ കറുക്കുന്നതു തടയാം. വസ്ത്രങ്ങൾ വെയിലത്ത് ഇട്ടു നന്നായി ഉണക്കിയ ശേഷം ധരിക്കുക. ഇളം നിറത്തിലുളള വസ്ത്രങ്ങളാണ് നല്ലത്. കടുത്ത നിറങ്ങൾ ചൂടു കൂട്ടും. രാത്രിയിൽ അയവുളള വസ്ത്രങ്ങൾ ധരിക്കുക. വീതിയേറിയ സ്ട്രാപ്പുളള ചെരുപ്പുകൾക്കു പകരം നേരിയ സ്ട്രാപ്പുളള ചെരുപ്പ് ധരിക്കുന്നത് പാദങ്ങൾക്ക് ആശ്വാസം പകരും.

യാത്ര ചെയ്യുമ്പോൾ

വെക്കേഷൻ കാലമായതിനാൽ കുടുംബസമേതം ധാരാളം യാത്രകൾ ചെയ്യുന്ന സമയമാണിത്. യാത്രയിൽ സണ്‍ഗ്ലാസ്, ഹാൻഡ്കർച്ചീഫുകൾ, തൊപ്പി എന്നിവ കരുതാം. കാറിനുളളിലെ യാത്രയാണെങ്കിലും സൺഗ്ലാസ് ധരിക്കാവുന്നതാണ്. ദൂരയാത്രയ്ക്കു പോകുന്നവർ കൈയിൽ വെളളം കരുതണം. ഹോട്ടലിൽ നിന്നും മറ്റും വെള്ളം കുടിക്കുന്ന അവസ്ഥ ഒഴിവാക്കാം. ആഹാരസാധനങ്ങളും കരുതുന്നത് നല്ലതാണ്. പുറത്തു നിന്നു കഴിക്കേണ്ടി വന്നാലും മാംസാഹാരം ഒഴിവാക്കാം. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കണ്ണുകൾ ഒഴികെ മുഖവും മൂക്കും മറയുന്ന തരത്തിൽ ചെറിയ സ്കാർഫോ മറ്റോ കൊണ്ട് മൂടാം. കാറിൽ ദൂരയാത്ര ചെയ്യുന്നവർക്ക് എസി ചൂടിൽ നിന്ന് അനുഗ്രഹമാണ്. എന്നിരുന്നാലും ഇടയ്ക്ക് വണ്ടി നിർത്തി, പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചു വിശ്രമിക്കുന്നത് നല്ലതാണ്.

സൗന്ദര്യം കാത്തുസൂക്ഷിക്കാം

ചൂടുകാരണം മുഖവും മറ്റു ഭാഗങ്ങളും കരുവാളിക്കുന്നത് (ടാനിങ്) വേനൽക്കാലത്ത് ഉണ്ടാകുന്ന സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാണ്. പുറത്തിറങ്ങുമ്പോൾ സൺ സ്ക്രീൻ ലോഷൻ ഉപയോഗിക്കുക. എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) കുറഞ്ഞത് 30 എങ്കിലും ഉളളതു തന്നെ ഉപയോഗിക്കണം. മൂന്നു മണിക്കൂറാണ് സൺസ്ക്രീനിന്റെ ഫലം നിലനിൽക്കുന്നത്. ചെറുപ്പക്കാരിൽ മുഖക്കുരു കൂടുതലായി വരാം. സ്നേഹഗ്രന്ഥിയുടെ സുഷിരങ്ങൾ അടയുന്നതാണു കാരണം. മുഖക്കുരു തടയാൻ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് മുഖം രണ്ടോ മൂന്നോ തവണ കഴുകാം. പുറത്തിറങ്ങുമ്പോൾ മുടിയും മറയ്ക്കാം. അല്ലെങ്കിൽ യുവി രശ്മികൾ കാരണം നര, മുടി വിണ്ടുകീറൽ എന്നിവ സംഭവിക്കാം. വെയിലേറ്റ ഭാഗത്തെ കരുവാളിപ്പ് മാറാൻ തണുത്ത തൈരോ, വെളളരിക്ക അരിഞ്ഞതോ തേയ്ക്കാം.

കണ്ണിനു കണ്ണായി

കടുത്തവേനലിൽ സൂര്യപ്രകാശത്തിലേക്ക് നേരിട്ട് നോക്കരുത്. പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കണം. നല്ല ഗുണമേന്മയുളളത് വാങ്ങുക. വെയിലേറ്റ് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ നല്ല തണുത്ത വെളളത്തിൽ കണ്ണു കഴുകണം. കണ്ണിലേക്ക് ചൂടേൽക്കാതെ തൊപ്പിയോ മറ്റോ ധരിക്കാം. ചൂടുകാലത്ത് നീന്താൻ ഇറങ്ങുമ്പോള്‍ സ്വിമ്മിങ് ഗോഗിൾസ് ഉപയോഗിക്കണം. നീന്തല്‍ കുളത്തിൽ നിന്നു പുറത്തിറങ്ങി കഴിഞ്ഞാൽ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുകയും വേണം. വേനൽക്കാലത്ത് കണ്ണിന് ഉണ്ടാകുന്ന രോഗങ്ങളാണ് ചെങ്കണ്ണ്, അലർജി, ഡ്രൈ ഐ, കൺകുരു, കോർണിയയിൽ അൾസർ (കോർണിയയിൽ ഉണ്ടാകുന്ന അണുബാധ) എന്നിവ. ഇത്തരം പ്രശ്നങ്ങളുണ്ടായാൽ വൈദ്യസഹായം തേടണം. കണ്ണിനു കുളിർമ കിട്ടാൻ പഞ്ഞി തണുത്ത വെളളത്തിൽ മുക്കിപ്പിഴിഞ്ഞ് കണ്ണിനു മേലെ വയ്ക്കാം.

പ്രമേഹ സാധ്യത കുറയ്ക്കുന്ന 6 ഭക്ഷണങ്ങൾ

ആരോഗ്യകരമായ ഭക്ഷണശീലം രോഗങ്ങൾ അകറ്റാൻ കുറച്ചൊക്ക സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണശീലവും മാനസിക പിരിമുറുക്കവും വ്യായാമത്തിന്റെ അഭാവവുമെല്ലാം ഇന്ത്യയിലും പ്രമേഹ രോഗികളുടെ എണ്ണം കൂട്ടുന്നു. ഷുഗർ എന്ന് ഓമനപേരിട്ട പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയാൽ മതി. പ്രമേഹ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

1. പച്ച നിറത്തിലുള്ള ഇലക്കറികൾ

ദിവസവും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ കാക്കും.

2. പയറുവർഗങ്ങൾ

ടൈപ്പ് 2 പ്രമേഹം ബാധിച്ചവർ ദിവസവും ഒരു കപ്പ് പയറുവർഗങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് അടങ്ങിയ പച്ചക്കറിയാണിത്.

3. നട്സ്

ദിവസവും നിലക്കടല കഴിക്കുന്നത് പ്രമേഹ സാധ്യത 21 ശതമാനം കുറയ്ക്കുന്നു. ദിവസവും കുറച്ച് ബദാം, അണ്ടിപ്പരിപ്പ് മുതലായവ കഴിക്കുന്നത് വളരെ നല്ലതാണ്.

4. ഓട്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് ഉത്തമമാണ്. ഓട്സിൽ അടങ്ങിയ ബീറ്റാ ഗ്ലൂക്കൻ എന്ന നാരുകൾ പ്രമേഹരോഗിക്ക് വളരെ പ്രയോജനകരമാണ്.

5. ഓറഞ്ച്, നാരങ്ങ

നാരാങ്ങാവർഗത്തിൽപ്പെട്ട ഫലങ്ങൾ ടൈപ്പ് 2 പ്രമേഹം ബാധിച്ചവർക്ക് നല്ലതാണ്. പ്രമേഹബാധിതരായവർക്ക് ജീവകം സിയുടെ അളവ് കുറവായിരിക്കും. അതുകൊണ്ടു തന്നെ ആന്റിഓക്സിഡന്റുകൾ നിറഞ്ഞ ഈ ഫലങ്ങൾ തീർച്ചയായും ഗുണം ചെയ്യും.

6. ഗ്രീൻടീ

പ്രമേഹസാധ്യത കുറയ്ക്കാൻ ദിവസവും ഒരുകപ്പ് ഗ്രീൻടീ കുടിക്കുന്നത് നല്ലതാണ്. ഫ്ലവനോയ്ഡുകളാൽ സമ്പന്നമായ ഗ്രീൻടീ ഇൻസുലിന്റെ പ്രവർത്തനത്തിനു സഹായകമാകുന്നു.

കാപ്പികുടി അർബുദം തടയും

കാപ്പികുടിയൻമാരേ സന്തോഷിച്ചോളൂ. കട്ടനോ പാൽകാപ്പിയോ ഏതുമാകട്ടെ, കാപ്പികുടി അർബുദം തടയുമെന്ന് പഠനം. ദിവസം രണ്ടര കപ്പിലധികം കാപ്പി കുടിക്കുന്നത് കോളോറെക്ടൽ കാൻസറിനുള്ള സാധ്യതയെ കുറയ്ക്കും. കാപ്പിയുടെ ഗുണങ്ങളും പഠനത്തിൽ കണ്ടെത്തി.

യുഎസിലെ സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിനായി വൻകുടലിലും മലാശയത്തിലും അർബുദം ബാധിച്ച 5145 പേരെയും അർബുദം ബാധിക്കാത്ത 4097 പേരെയും കൺട്രോൾ ഗ്രൂപ്പിൽപ്പെടുത്തി.

ചോദ്യാവലിയിലൂടെയും മുഖാമുഖത്തിലൂടെയും എത്ര കാപ്പി കുടിക്കുന്നു, അത് തിളപ്പിച്ചതോ ഇൻസ്റ്റന്റോ ഡീ കഫീനേറ്റഡോ എന്നു പരിശോധിച്ചു. തുടർന്നാണ് കാപ്പി കുടിക്കുന്നത് കോളോറെക്ടറൽ കാൻസറിനുള്ള സാധ്യതയെ കുറയ്ക്കുമെന്ന് കണ്ടെത്തിയത്. കൂടുതൽ കാപ്പി കുടിച്ചാൽ രോഗസാധ്യത അത്രയും കുറയും. – പഠനം നടത്തിയ സ്റ്റീഫൻ ഗ്രൂബർ പറഞ്ഞു.

അർബുദത്തിന്റെ കുടുംബചരിത്രം, ഭക്ഷണം, ഫിസിക്കൽ ആക്ടിവിറ്റി, പുകവലി മുതലായ അർബുദം ഉണ്ടാക്കുന്ന മറ്റു ഘടകങ്ങളും പരിശോധിച്ചു. ഒന്നോ രണ്ടോ കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് കോളോറെക്ടൽ കാൻസറിന്റെ സാധ്യതയെ 26 ശതമാനം കുറയ്ക്കുന്നു. രണ്ടര കപ്പിലധികം കാപ്പി ഒരു ദിവസം കുടിച്ചാൽ അർബുദ സാധ്യത 50 ശതമാനം കുറവാണെന്നും കണ്ടു.

കഫിനേറ്റഡും ഡീകഫിനേറ്റഡുമായ എല്ലാത്തരം കാപ്പിയും അർബുദ സാധ്യത കുറയ്ക്കുമെന്ന സൂചന നൽകി. കഫീൻ ഏതുതരമെന്നത് ഒരു പ്രശ്നമേയല്ല. കാപ്പിയുടെ സംരക്ഷിത ഇനങ്ങൾക്ക് കാരണം കഫീൻ മാത്രമല്ല എന്നതിന്റെ തെളിവാണിത്– ഗ്രൂബൻ പറഞ്ഞു.

കോളെറ്കടൽ ഹെൽത്തിനു കാരണമായ നിരവധി ഘടകങ്ങൾ കാപ്പിയിലുണ്ട്. വൻകുടലിലെ അർബുദ കോശങ്ങളുടെ വളർച്ചയെ പരിമിതപ്പെടുത്തി കഫീനും പോളിഫിനോളും ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. കാപ്പിക്കുരു വറുക്കുന്ന സമയത്ത് ഉണ്ടാകുന്ന മെലാനോയ്ഡിൻസ് വൻകുടലിന്റെ ചലനശക്തി കൂട്ടുന്നു. ഡൈറ്റർപീൻസ്, ഓക്സിഡേറ്റീവ് നാശത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധം കൂട്ടി അർബുദം തടയുന്നു.

കാൻസർ എപ്പിഡെമിയോളജി ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇങ്ങനെ കാൻസർ ഭീതി വേണോ?

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പലതും കാൻസറുണ്ടാക്കാമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇവയിൽ സത്യമുണ്ടോ? കാൻസറെന്നു കേൾക്കുമ്പോൾ തന്നെ ആരുടേയും നെഞ്ചിടിക്കും. ഈ ഭീതി ഏറ്റവും കൂടുതൽ മുതലെടുക്കുന്നയിടമാണ് സോഷ്യൽ മീഡിയ. ഫേസ്ബുക്ക് തുറന്നാൽ കാണാം, ‘ ഇവയെ സൂക്ഷിക്കുക, കാൻസറുണ്ടാക്കാം’ എന്ന പോസ്റ്റ്. മുടിയിൽ തേയ്ക്കുന്ന എണ്ണ മുതൽ മൈക്രോവേവ് അവ്ൻ വരെ കാണും ലിസ്റ്റിൽ….. ദിവസവും പുതിയ കാര്യങ്ങളെ പ്രതി ഇങ്ങനെ പേടിച്ചാലും കാൻസറിന്റെ കാര്യത്തിൽ ഒരു ഇരട്ടത്താപ്പുണ്ട് മലയാളിക്ക്. അല്ലെങ്കിൽ പിന്നെ പുകവലി മൂലമുളള ശ്വാസകോശ കാൻസർ കേരളത്തിലിപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുമോ? ‘കരളത്തിലെ പ്രധാന കാൻസർ സെന്ററുകളിലെ കണക്കനുസരിച്ച് പുരുഷന്മാരിൽ ശ്വാസകോശ കാൻസറാണു കൂടുതൽ. സ്ത്രീകളിൽ സെർവിക്കൽ കാൻസറുകളുടെ എണ്ണം കുറഞ്ഞു. സ്തനാർബുദമാണ് കൂടുതൽ കാണുന്നത്. പുതുതായി പടച്ചുണ്ടാക്കുന്ന കാരണങ്ങളുടെ പുറകേ പോകുമ്പോൾ യഥാർഥകാരണങ്ങൾ വിസ്മൃതിയിലാവുകയാണെന്നു നാം മറക്കുന്നു.

കീടനാശിനിയും സൂര്യനും പിന്നെ മൈക്രോവേവും

കാൻസറുണ്ടാക്കുന്നവയെന്ന ലിസ്റ്റിൽ സ്ഥിരം കാണുന്നവയാണ് അച്ചാറിലും ടിൻ ഫുഡിലുമുളള പൂപ്പലിലെ അഫ്ളോടോക്സിൻ, ഉയര്‍ന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണം, അമിത ചൂടുളള ഭക്ഷണം, ഭക്ഷണത്തിലെ പ്രിസർവേറ്റീവുകൾ, കീടനാശിനി അംശം, എക്സ്–റേ പോലുളള റേ‍ഡിയേഷൻ, സൂര്യപ്രകാശം, പ്ലാസ്റ്റിക്, ഹെയർ ഡൈകൾ, പാരമ്പര്യം എന്നിവയൊക്കെ. ഇതിൽ അഫ്ളോടോക്സിനും റേഡിയേഷനുകളും സൂര്യപ്രകാശവും ഒക്കെ കാൻസർ ഉണ്ടാക്കാവുന്ന ഘടകങ്ങളായി (കാർസിനോജൻ) തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിലെ ചില ഘടകങ്ങളും ഹെയർ ഡൈയുമൊക്കെ കാൻസർ ഉണ്ടാക്കുന്നതായി ചില പഠനങ്ങളുണ്ട്. ഭക്ഷണത്തിലെ കീടനാശിനികൾ കാൻസറുണ്ടാക്കും എന്നുറപ്പിച്ചു പറയാനുളള പഠനങ്ങളില്ല. മൊബൈൽ ഫോൺ റേഡിയേഷന്റെ കാര്യത്തിലും ഇതാണവസ്ഥ. മൈക്രോവേവ് ഉപയോഗവും കാൻസറിനു കാരണമായി പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവില്ല. ഗ്രില്ലിങ്ങും ബാർബിക്യൂവും പോലുളള പാചകരീതികളിൽ മാംസം വേവിക്കുമ്പോൾ കാർസിനോജനുകൾ ഉണ്ടാക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. മിനറൽ ഒായിലുകൾ കാൻസർ ഉണ്ടാക്കുമെന്ന പ്രചരണമാണ് മറ്റൊന്ന്. ഇവയെ കാർസിനോജനുകളുടെ ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട് എന്നതു സത്യമാണ്. ടാറ്റൂയിങ് പോലുളളവയും പുളിപ്പിച്ച ഭക്ഷണവും കാൻസറുണ്ടാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നു വേണം കരുതാൻ.

അനാവശ്യ ഭീതി വേണോ?

ദിവസവും ഇങ്ങനെയുളള പ്രചാരണങ്ങൾ കൂടിവരുകയാണ്. എന്നാൽ ഇങ്ങനെയൊരു കാൻസർ ഭീതിയുടെ കാര്യമുണ്ടോ? കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ അപകടകരമായ വർധനയുണ്ടോ? കാൻസർ ഉണ്ടാക്കാൻ ഏറ്റവും സാധ്യതയുളള ഘടകങ്ങൾ ഏതൊക്കെയാണ്?

കാൻസർ രോഗികളുടെ കാര്യത്തിൽ വൻതോതിലുളള വർധനവൊന്നും ഇല്ലായെന്നു തന്നെയാണ് ആർസിസി മുൻ ഡയറക്ടർ ഡോ. എം കൃഷ്ണൻ നായരുടെ അഭിപ്രായം. ‘‘വികസിത രാജ്യങ്ങളിൽ ഒരു ലക്ഷം പേരിൽ 500–600 വരെ ആളുകൾക്ക് ഒാരോ വർഷവും രോഗം പിടിപെടുമ്പോൾ നമ്മുടെ ഇടയിൽ അത് 130 ആളുകൾക്ക് മാത്രമാണ് ഉണ്ടാകുന്നത്.’’ അദ്ദേഹം പറയുന്നു.

എങ്കിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ പൊടുന്നനെ അനുഭവപ്പെടുന്ന വർധനവിനുളള കാരണങ്ങളെന്താകാം? രണ്ട് കാരണങ്ങളാണ് തലശ്ശേരി മലബാർ കാൻസർ സെന്ററിന്റെ ഡയറക്ടർ ഡോ. ബി സതീശൻ പറയുന്നത്. കാൻസറിനെ കുറച്ച് ആളുകൾക്ക് ഇന്നു നല്ല ധാരണയുണ്ട്. അതുകൊണ്ട് കൂടുതൽ പേരിൽ രോഗനിർണയവും ചികിത്സയും നടക്കുന്നു. രണ്ട്, കേരളത്തിൽ കാൻസറിനു മികച്ച ചികിത്സ ഇന്നു ലഭ്യമാണ്. അതുകൊണ്ട് ആളുകൾ ചികിത്സ തേടി നമ്മുടെ തന്നെ ആശുപത്രികളിലെത്തുന്നു.

ആയുർദൈർഘ്യം കൂടിയതും കാരണമായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പ്രോസ്റ്റേറ്റ് പോലെ പ്രായമേറുമ്പോൾ വരുന്ന അർബുദങ്ങളുടെ കാര്യത്തിൽ ഇതു പ്രസക്തമാണ്.

എന്നാൽ ശാസ്ത്രീയ പ്രതിരോധത്തിന്റെ കാര്യം വരുമ്പോൾ ഊഹാപോഹങ്ങൾ പോരാ, ഉറപ്പായ കാരണങ്ങൾ തന്നെ വേണം. കാൻസറെന്നു പറയുന്നത് ഒരു കൂട്ടം രോഗങ്ങളാണ്. ഒരോ കാൻസറിന്റേയും കാരണം വ്യത്യസ്തമാണ്. കേരളത്തിൽ ഇപ്പോൾ കാൻസറിനു കാരണമാകുന്നുവെന്ന് ഉറപ്പിച്ചു പറയാവുന്ന ഘടകങ്ങൾ ഏതൊക്കെയാണ്? ഈ ചോദ്യത്തിന് കേരളത്തിലെ പ്രമുഖ കാൻസർ ചികിത്സകർ നൽകിയ അഞ്ചു കാരണങ്ങൾ ഏറെക്കുറെ സമാനങ്ങളാണ്. ഏറെ കാലമായി കാൻസർ ഭീഷണി ഉയർത്തുന്നവയും എന്നാൽ നമ്മൾ പൂർണ്ണമായി ഉപേക്ഷിക്കാൻ തയാറാകാത്തതുമായ ചില കാരണങ്ങൾ. അവ ഏതൊക്കെയെന്നു നോക്കാം.

പുകവലി ഒന്നാം സ്ഥാനത്ത്

ലാൻസറ്റ് ഒാങ്കോളജിയിൽ വന്ന പഠനം പറയുന്നത് ഇന്ത്യയിൽ നടക്കുന്ന കാൻസർ മരണങ്ങളിൽ അഞ്ചിൽ മൂന്നിന്റെയും കാരണം പുകയില ഉപയോഗമാണെന്നാണ്. നേരിട്ടുളള പുകവലി മാത്രമല്ല പുകയേറ്റുളള നിഷ്ക്രിയ പുകവലിയും അപകടം തന്നെ.

പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു കേട്ടിട്ടും മലയാളികളുടെ പുകവലി ശീലത്തിൽ വലിയ കുറവൊന്നും വന്നിട്ടില്ലെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 2014–ൽ ടുബാക്കോ നാഷനൽ ‍ഡ്രഗ് ഡിപ്പൻഡൻസ് ട്രീറ്റ്മെന്റ് സെന്ററും ഒാൾ ഇന്ത്യ മെഡിക്കൽ സയൻസസും ചേർന്നു നടത്തിയ പഠനത്തിൽ 74 ശതമാനം കുട്ടികളും പുകയില ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തി. 2010 ൽ നടന്ന ഗ്ലോബൽ അടൽറ്റ് ടുബാക്കോ സർവേ പറയുന്നത്. കേരളത്തിലെ പുരുഷന്മാരിൽ 35.5 ശതമാനം പേരും സ്ത്രീകളിൽ 8.5 ശതമാനം പേരും ഏതെങ്കിലും രീതിയിൽ പുകയില ഉപയോഗിക്കുന്നുണ്ടെന്നാണ്. 95 ശതമാനം പേരും ഇത് മാരകമായ രോഗകാരണമാണെന്ന് അറിഞ്ഞുകൊണ്ടാണ് വലിക്കുന്നതും.

ഏതാണ്ട് 7000 രാസവസ്തുക്കളാണി ബീഡിപ്പുകയിലും സിഗരറ്റുപുകയിലുമുളളത്. അവയിൽ 70 ഒാളം എണ്ണം കാൻസർ അപകടസാധ്യതയുളളവയെന്ന് തെളിഞ്ഞിട്ടുളളവയാണ്. നിക്കോട്ടിൻ, സയനൈഡ്, ബെൻസീൻ, ഫോർമാൽ ഡിഹൈഡ്, മെതനോൾ, അസെറ്റിലിൻ, അമ്മോണിയ എന്നിങ്ങനെയുളള മാരകവിഷങ്ങളാണ് ധൂമപാനത്തിലൂടെ ഉളളിലെത്തുന്നത്. സിഗരറ്റിനെ അപേക്ഷിച്ച് ബീഡി കൂടുതൽ അപകടകാരിയാണ്. നിക്കോട്ടിന്റെ അളവു കൂടിയതിനാൽ അഡിക്ഷനും കൂടുതലായിരിക്കും. പുക ഉളളിലേക്ക് വലിച്ചുകയറ്റുമ്പോൾ ഈ വിഷങ്ങളും നേരെ രക്തത്തിലെത്തും . അവിടെ നിന്ന് ഒാരോ അവയവങ്ങളിലേക്ക്. നിക്കോട്ടിൻ, ഡോപമിൻ എന്ന ആനന്ദദായക ഹോർമോണിന്റെ പ്രവർത്തനത്തിനു സമാനമായി പ്രവർത്തിച്ച് വ്യാജമായ ഒരു ആനന്ദലഹരി നൽകും. ഒന്നണയുമ്പോൾ അടുത്തതു കത്തിക്കാനുളള ആസക്തിയും സൃഷ്ടിക്കും. അതുകൊണ്ടാണ് പുകവലി നിർത്താൻ പറ്റാതെ വരുന്നത്. പുകവലി പഴകുംതോറും അടിഞ്ഞുകൂടുന്ന വിഷങ്ങളുടെ അളവു കൂടും, അവയെല്ലാം ചേർന്ന് ശ്വാസകോശത്തിൽ അർബുദത്തിനു കാരണമാകും. ആർസിസിയിലെ 2011–ലെ കണക്കനുസരിച്ച് പുരുഷന്മാരിൽ വരുന്ന അർബുദങ്ങളിൽ 42.6 ശതമാനത്തിനും കാരണം പുകവലിയാണ്.

ശ്വാസകോശാർബുദം ആരംഭത്തിലേ കണ്ടുപിടിക്കാൻ ഫലപ്രദമായ സംവിധാനങ്ങളില്ല. കഫം പരിശോധനയും എക്സ്–റേ പരിശോധനയും ഇക്കാര്യത്തിൽ ഫലപ്രദമല്ല. പുകവലി നിർത്തുക മാത്രമാണ് കാൻസർ സാധ്യത കുറയ്ക്കാനുളള ഏക മാർഗം. പുകയില ഉപയോഗത്തിന്റെ പ്രായം ചെറുതായതിനാൽ പ്രതിരോധം കുട്ടികളിലേ തുടങ്ങണം.

പാനും മുറുക്കാനും

പുകവലി അല്ലാതുളള പുകയില ഉപയോഗവും മാരകം തന്നെ. ഇന്ത്യയിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഒാൺ കാൻസർ സുഗന്ധമുളള പാക്കിനെ കാർസിനോജനുകളുടെ ഗ്രൂപ്പിൽ പെടുത്തിയിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ പറയുന്നത് പുകയിലയുടെ കൂടെ ആണെങ്കിലും അല്ലെങ്കിലും പാനും (ബീറ്റൽ ക്വിഡ്) സുഗന്ധപാക്കുമൊക്കെ (അരീക്ക നട്ട്) കാൻസർ സാധ്യത കൂട്ടുന്നുവെന്നാണ്. ഇവ കാൻസറിനു മുന്നോടിയായുളള വ്രണങ്ങൾ ഉണ്ടാക്കുന്നുവെന്നും കാണുന്നു. വായിൽ അർബുദം പ്രത്യക്ഷമാകാൻ ഏതാണ്ട് 10 വർഷത്തിലേറെ എടുക്കും. അതിനാൽ വലിയൊരു ഭീഷണി നമ്മെ കാത്തിരിപ്പുണ്ടെന്നു വേണം കരുതാൻ.

കൊഴുപ്പുളള ഭക്ഷണം

നമ്മുടെ നാട്ടിൽ ഏതാണ്ട് 5–7 ശതമാനം കാൻസറുകൾക്കും പിന്നിൽ തെറ്റായ ഭക്ഷണ രീതിയാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഭക്ഷണക്രമത്തിലെ തകരാറുകളാണ് 20 ശതമാനം കാൻസറുകളും ഉണ്ടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അവിടെ പ്രധാന പ്രതികൾ ഉയർന്ന തോതിൽ കൊഴുപ്പുളള ഭക്ഷണങ്ങളും മാംസവിഭവങ്ങളും ആണ്. ഒാരോ 100 കാൻസറുകളിൽ മൂന്നെണ്ണത്തിനും കാരണം ചുവന്ന മാംസത്തിന്റേയും സംസ്കരിച്ച ഭക്ഷണത്തിന്റെയും അമിത ഉപയോഗമാണെന്നു ലണ്ടനിൽ നടന്ന പഠനം പറയുന്നു. നമ്മളും ഇന്ന് ആ വഴിയേയാണ് പോകുന്നത്. പലർക്കും മാംസവിഭവങ്ങൾ ഒഴിവാക്കാനേ പ്രയാസമാണ്. മാത്രമല്ല കൊഴുപ്പും എണ്ണയുമേറിയ ഭക്ഷണങ്ങളുടെ(സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ) ഉപയോഗവും വർധിച്ചു. ഇന്ത്യയിലേറ്റവും കൂടുതൽ മാംസാഹാര ഉപഭോഗമുളള സംസ്ഥാനം കേരളമാണെന്നാണ് പറയുന്നത്.

അമിത മാംസ ഉപയോഗത്തിലൂടെയും കൊഴുപ്പു തീറ്റയിലൂടെയും ഉളളിലെത്തുന്ന കാലറിയാണ് പ്രധാന പ്രശ്നം. കൊഴുപ്പാണല്ലോ കാലറിയുടെ പ്രധാന ഉറവിടം. അമിതമായി ശരീരത്തിലെത്തുന്ന കാലറി ശരീരഭാരം വർധിക്കാൻ ഇടയാക്കും. ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അമിതഗാഢതയ്ക്കും കാരണമാകും.

ഉയർന്ന കൊഴുപ്പ് സ്തനാർബുദസാധ്യത വർധിപ്പിക്കാം. പ്രത്യേകിച്ച് അമിതഭാരമുളള ആർത്തവ വിരാമമെത്തിയ സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതലാണ്. ചുവന്ന മാംസവും സ്തനാര്‍ബുദ സാധ്യത വർധിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങളുണ്ട്.

സസ്യഭക്ഷണത്തിൽ കൊഴുപ്പ് നന്നേ കുറവാണ്. അതിനർഥം സസ്യഭക്ഷണം കഴിച്ചാൽ കാൻസർ വരില്ല എന്നല്ല. കാൻസർ വരാനുളള സാധ്യത വലിയൊരളവു വരെ കുറയ്ക്കുമെന്നാണ്. ഭക്ഷണത്തിലൂടെയെത്തുന്ന കൊഴുപ്പിന്റെ കാര്യത്തിലും നിയന്ത്രണം വേണം. ദിവസം 30 ഗ്രാമിലധികം കൊഴുപ്പ് കഴിക്കരുത്. ശരീരത്തിലെത്തുന്ന ആകെ കാലറിയുടെ 10 ശതമാനം മാത്രമേ പൂരിത കൊഴുപ്പിൽ നിന്നുളളതാകാവൂ. കുക്കികള്‍, സ്നാക്കുകള്‍, പേസ്റ്റുകൾ എന്നിവയിൽ ട്രാൻസ്ഫാറ്റ് കൂടുതലാണ്. അവയും ഒഴിവാക്കണം.

വ്യായാമമില്ലെങ്കിൽ

ഏതാണ്ട് 20 ശതമാനം കാൻസറുകൾക്കും പിന്നിൽ കായികപ്രവർത്തനങ്ങളുടെ അഭാവമാണ്. ഫിസിക്കൽ ആക്റ്റിവിറ്റി അഥവാ കായികമായ പ്രവർത്തനങ്ങൾ കാൻസർ സാധ്യത കുറയ്ക്കുന്നതായി നിരീക്ഷണങ്ങളുണ്ട്. എങ്ങനെയെന്നതിന് അനുമാനങ്ങൾ പലതാണ്. അമിതവണ്ണം കുറയ്ക്കുന്നതാകാം കാരണം. ശരീരത്തിലെ ഊർജവിനിമയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതോ ഈസ്ട്രജൻ ഹോർമോണിന്റെയും ഇൻസുലിൻ പോലുളള വളർച്ചാഹോർമോണുകളുടേയും ശരീരത്തിലെ വ്യാപനം മെച്ചമാക്കുന്നതോ ആകാം. എന്തായാലും സ്തനാർബുദം, കുടൽ കാൻസർ, എൻഡോമെട്രിയൽ ആവരണത്തിനുളള കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, അണ്ഡാശയ കാൻസർ എന്നിങ്ങനെ വിവിധ കാൻസറുകൾക്കുളള അപകടസാധ്യത കുറയ്ക്കാം. പ്രവർത്തന നിരതമായ ജീവിതത്തിലൂടെ. മുതിർന്നവരിൽ മിതമായ തീവ്രതയിലുളള 150 മിനിറ്റുളള വ്യായാമമോ അതി തീവ്രതയിലുളള 75 മിനിറ്റ് വ്യായാമമോ കാൻസർ സാധ്യത കുറയ്ക്കുനന്തായി അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നു.

അണുബാധകൾ

കരൾ കാൻസറുകളുടെയും ഗർഭാശയഗള കാൻസറിന്റെയും പ്രധാനകാരണമാണ് അണുബാധകൾ. ചില വൈറൽ അണുബാധകൾ കാൻസറിന്
സാഹചര്യങ്ങളൊരുക്കാം. എച്ച്പിവി അണുബാധകളാണ് ഇതിൽ പ്രധാനം. എച്ച്പിവി വൈറസുകൾ ആയിരക്കണക്കിനുണ്ട്. ഇവയെല്ലാം കാൻസർ ഉണ്ടാക്കുന്നില്ല. എച്ച്പിവി 16 മുതൽ 18 വരെയുളള സറ്റെയിനുകൾ ഗർഭാശയഗള കാന്‍സർ വരാൻ കാരണമാകുന്നുണ്ട്. എച്ച്പിവി 33–35 വൈറസ് സ്റ്റെയിനുകൾ തലയിലും കഴുത്തിന്റെ ഭാഗങ്ങളിലും കാൻസർ ഉണ്ടാകാൻ കാരണമാകുന്നു. കരളിനുണ്ടാകുന്ന കാൻസറിന്റെ പ്രധാന കാരണവും വൈറൽ അണുബാധയാണ്. ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധ കരളിൽ കാൻസറിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതായി കാണുന്നു. പഴകിയ ഭക്ഷണം മൂലമൊക്കെ ഉണ്ടാകാവുന്ന ഹെലിക്കോബാക്റ്റർ പൈലോറി എന്ന അണുബാധ ആമാശയ കാൻസറിനു കാരണമാകാറുണ്ട്.

രാസവസ്തുക്കൾ

അഞ്ചു ശതമാനത്തോളം കാന്‍സറുകൾക്കു കാരണം രാസപദാർഥങ്ങളുമായുളള സമ്പർക്കമാണ്. ദൈനംദിന ജീവിതത്തിൽ ഏതെങ്കിലുമൊക്കെ തരത്തിൽ രാസപദാർഥങ്ങളുമായി ഇടപഴകേണ്ടി വരാറുണ്ട്. ഇവയിൽ ചിലത് കാൻസറിനു കാരണമാകുന്നവയാണ്. ഉദാഹരണത്തിന് റോഡുപണിക്കുപയോഗിക്കുന്ന ബിറ്റ്യുബൻ, പെട്രോളിലെ ഹൈഡ്രോകാർബണുകൾ, വസ്ത്രങ്ങൾക്ക് നിറം കൊടുക്കാനുപയോഗിക്കുന്ന ഡൈകൾ, പെയിന്റിലെ വിനൈൽ ക്ലോറൈഡ്, ആർസനിക്, അസ്ബെസ്റ്റോസ്, ബെൻസീൻ എന്നിവ ഉദാഹരണം. ഇവയുടെ ഉപയോഗ കാലയളവും സമ്പർക്കത്തിലേർപ്പെട്ട രീതിയും ഒക്കെ അനുസരിച്ച് കാൻസർ സാധ്യത വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാനമായും മൂത്രാശയ–കുടൽ കാൻസറുകൾക്കാണ് ഇവ കാരണമാകുന്നത്.

കാൻസർ ചികിത്സാരംഗത്ത് വർഷങ്ങളുടെ പരിചയമുളള ഡോ. എം കൃഷ്ണൻ നായരുടെ അഭിപ്രായമാകട്ടെ അടിക്കുറിപ്പ്.

‘ആനയെ കണ്ട അന്ധന്മാരുടെ സ്ഥിതി ആകരുത് നമ്മുടേത്. ചെറിയ ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാൻസറുമായി ചേർത്തു വായിക്കുന്നവർ പുകവലി പോലെ വർഷങ്ങളായി നിലനിൽക്കുന്ന പ്രത്യേക ഭീഷണികളെ അവഗണിക്കരുത്. അവിടെ നിന്നു വേണം യഥാർഥ കാൻസർ പ്രതിരോധം തുടങ്ങേണ്ടത്.’

ഇവയ്ക്കുമുണ്ടേ കാലാവധി

ദിവസവും നിരവധി വസ്തുക്കൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ഓരോ ഉപയോഗ കാലാവധിയുമുണ്ട്. മരുന്നുകളിലോ ഭക്ഷണ സാധനങ്ങളിലോ ഒഴികെ മറ്റൊന്നിലും കാലാവധി തീയതി ശ്രദ്ധിക്കാൻ പൊതുവേ ആരും മെനക്കെടാറില്ല. കാലാവധി ശ്രദ്ധിക്കാതെ നാം ഉപയോഗിക്കുന്ന ചില സാധനങ്ങളാണ് ടൂത്ത് ബ്രഷ്, കോണ്ടം, സാനിട്ടറി നാപ്കിൻ, ടൗവൽ, ബ്രാ തുടങ്ങിയവ. അവയിൽ ചിലതാണ് താഴെ.

1. ടൗവലുകൾ

ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ബാത്ടവലിന് എത്ര കാലത്തെ പഴക്കമുണ്ടെന്ന് ഓർത്തുനോക്കൂ. നനഞ്ഞ ടൗവൽ ബാക്ടീരിയകൾക്ക് പ്രജനനം നടത്താനുള്ള ഒരു സ്ഥലം കൂടിയാണ്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ടൗവൽ അലക്കുന്നതു പോലെതന്നെ പ്രധാനമാണ് മൂന്നോ നാലോ മാസം കൂടുമ്പോൾ ടൗവൽ മാറ്റി ഉപയോഗിക്കേണ്ടതും. പരമാവധി നാലു മാസം വരെ മാത്രമേ ബാത്ടൗവലുകൾ ഉപയോഗിക്കാവൂ.

2. ബ്രാ

ചില ബ്രാ ധരിക്കുമ്പോൾ അത് കൂടുതൽ സൗകര്യപ്രദമായി തോന്നാം. അവ എത്ര കാലം കഴിഞ്ഞാലും ഉപേക്ഷിക്കാനും തോന്നാറില്ല. എന്നാൽ എത്രയധികം കംഫർട്ടബിൾ ആയാലും അവയിൽ മാലിന്യങ്ങളും സംഭരിക്കപ്പെടുന്നുണ്ടാകും. അതുകൊണ്ടുതന്നെ പരമാവധി ആറു മാസം കഴിഞ്ഞാൽ അവ ഉപേക്ഷിക്കണം.

3. ലെൻസുകൾ

കണ്ണിലെ ലെൻസുകൾ കൃത്യസമയത്ത് മാറ്റണമെന്ന നിർദേശം അവയുടെ പാക്കറ്റിൽതന്നെയുണ്ട്. എന്നാൽ നമ്മളിൽ എത്ര പേർ കണ്ണുരോഗ വിദഗ്ധനെ കണ്ട് അവ യഥാസമയം മാറ്റാറുണ്ട്? എന്തെങ്കിലും അസൗകര്യം തോന്നുമ്പോൾ മാത്രമാകും ലെൻസിനെക്കുറിച്ച് ചിന്തിക്കുന്നതു പോലും. കൃത്യസമയത്ത് ലെൻസുകൾ മാറ്റാൻ ശ്രദ്ധിക്കേണ്ടതാണ്.

4. മരുന്നുകളും അണുനാശിനികളും

എല്ലാ വീട്ടിലും കാണും ഓരോ പ്രഥമ ശുശ്രൂഷാ കിറ്റ്. പെട്ടെന്നുണ്ടാകുന്ന മുറിവുകൾക്കുള്ള മരുന്ന്, പൊള്ളലിനു പുരട്ടേണ്ട ഓയിന്റ്മെന്റ്, പനിക്കും ചുമയ്ക്കും ഗ്യാസ്ട്രബിളിനുമുള്ള മരുന്നുകൾ തുടങ്ങിയവ ഈ കിറ്റിൽ ഉണ്ടാകാം. എന്നാൽ ഈ കിറ്റിലുള്ള സാധനങ്ങൾ കാലാവധി കഴി​ഞ്ഞതാണോയെന്ന് പരിശോധിക്കാറുണ്ടോ? അത്യാവശ്യത്തിന് എടുക്കാനായി ഓടിച്ചെല്ലുമ്പോഴാകും തീയതി കഴിഞ്ഞത് അറിയുന്നത്. ഇതൊഴിവാക്കാൻ മൂന്നു മാസം കൂടുമ്പോൾ പ്രഥമ ശുശ്രൂഷാ കിറ്റ് പരിശോധിക്കേണ്ടതാണ്.

കത്തുന്ന ചൂടിൽ പുറത്തിറങ്ങേണ്ട സാഹചര്യങ്ങളിൽ സൺസ്ക്രീൻ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. ഇവ വാങ്ങി ഒരു വർഷത്തിനകമോ അതിന്റെ കാലാവധി തീരുംമുമ്പോ ഉപയോഗിച്ചു തീർക്കാൻ ശ്രദ്ധിക്കുക. സൗന്ദര്യവർധകവസ്തുക്കളും മറ്റും കാലാവധി കഴിഞ്ഞാൽ ഒരു കാരണവശാലും ഉപയോഗിക്കരുത്.

6. ഹെർബൽ പ്രോഡക്ടുകൾ

ഹെർബൽ പ്രോഡക്ടുകൾ വാങ്ങുന്നവരും ശ്രദ്ധിക്കുക, അവയ്ക്കുമുണ്ട് ഉപയോഗകാലാവധി. അവ സ്ഥിരമായി ഉപയോഗിക്കുന്നവർ വിദഗ്ധരുടെ നിർദേശം തേടുന്നത് നന്നായിരിക്കും.

7. സ്ക്രബറുകൾ

ശരീരം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്ക്രബറുകൾക്കുമുണ്ട് ഒരു എക്സ്പയറി ഡേറ്റ്. ആജീവനാന്തം ഒരെണ്ണംതന്നെ ഉപയോഗിക്കാതെ മൂന്നാഴ്ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ ഇത് മാറ്റണം. എപ്പോഴും നനവുണ്ടാകുമെന്നതിനാൽ ബാക്ടീരിയകൾ പെരുകാൻ സാധ്യതയുണ്ട്.

രോഗങ്ങള്‍ വരും കരുതല്‍ വേണം

ചെറുപ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വരാവുന്ന രോഗങ്ങള്‍ നിരവധിയാണ്‌. കൊച്ചുകുഞ്ഞായതിനാല്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണണമെന്നില്ല. രോഗമുള്ള കുഞ്ഞുങ്ങള്‍ അസ്വസ്‌ഥരായി കാണപ്പെടുന്നു.

അതിനാല്‍ കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ സൂഷ്‌മ നിരീക്ഷണം ആവശ്യമാണ്‌. അമ്മമാരാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്‌.

പോഷകാഹാരക്കുറവ്‌, ശുചിത്വമില്ലായ്‌മ എന്നിവ മൂലം കുഞ്ഞിന്‌ രോഗം പിടിപെടാം. അതിനാല്‍ ഭക്ഷണ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം.

വയറിളക്കം

വയറിളക്കം കുഞ്ഞുങ്ങളില്‍ സാധാരണമാണ്‌. എന്നാല്‍ അതൊരു രോഗമാവുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കണം. മുലപ്പാലിനു പുറമെ ആദ്യമായി കുറുക്ക്‌ ഭക്ഷണം കൊടുക്കുമ്പോള്‍ ചില കുഞ്ഞുങ്ങളില്‍ വയറിളകി പോവുക പതിവാണ്‌.

പുതുതായി നല്‍കുന്ന ഭക്ഷണം അവരുടെ ദഹനേന്ദ്രിയങ്ങളുമായി ഇണങ്ങിച്ചേര്‍ന്നാല്‍ ഈ വയറിളക്കം താനെ മാറും. തുടര്‍ച്ചയായുള്ള വയറിളക്കമാണ്‌ സൂക്ഷിക്കേണ്ടത്‌. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളിലാണ്‌ സാധാരണ വയറിളക്കം കണ്ടുവരുന്നത്‌.

തുടര്‍ച്ചയായി വയറിളകുന്നതുകൊണ്ട്‌ ശരീരത്തിലെ ജലാംശവും ലവണാംശവും നഷ്‌ടപ്പെടുന്നു. ഈ അവസ്‌ഥയാണ്‌ ഗുരുതരമായി തീരുന്നത്‌. വായും ചുണ്ടും വരളുക, മൂത്രത്തിന്റെ അളവ്‌ കുറയുക, കൈ കാലുകള്‍ തണത്തു വിറയ്‌ക്കുക.

കൃഷ്‌ണ മണികളുടെ തിളക്കം നഷ്‌ടപ്പെടുക, ത്വക്കില്‍ പിച്ചിയാല്‍ പഴയപടിയിലെത്താന്‍ ഏറെ സമയമെടുക്കുക, മണിക്കൂറില്‍ ഏഴോ എട്ടോ തവണ വയറിളക്കം ഉണ്ടാവുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്‌ധ ചികിത്സ തേടണം.

കുഞ്ഞുങ്ങളില്‍ വയറിളക്കം മിക്കവാറും ശുചിത്വമില്ലായ്‌മ കൊണ്ടാവും ഉണ്ടാവുക. അതിനാല്‍ കുഞ്ഞിന്‌ ആഹാരവും വെള്ളവും നല്‍കുമ്പോള്‍ ശ്രദ്ധിക്കണം. ആഹാര പദാര്‍ത്ഥങ്ങളില്‍ ഈച്ചയും മറ്റ്‌ പ്രാണികളും വന്നിരിക്കാതെ മൂടിവയ്‌ക്കുക.

തുറന്നുവച്ച ആഹാരം കുഞ്ഞിന്‌ കൊടുക്കാതിരിക്കുക. തിളപ്പിച്ച്‌ ആറിയ ജലം മാത്രമേ കുഞ്ഞിന്‌ കുടിക്കാന്‍ കൊടുക്കാവൂ. വെള്ളം സൂക്ഷിച്ചു വയ്‌ക്കുന്ന പാത്രം വൃത്തിയുള്ളതായിരിക്കണം. തിളപ്പിച്ചതാണെങ്കിലും പഴകിയ വെള്ളം കൊടുക്കരുത്‌.

ശ്വാസകോശരോഗങ്ങള്‍

ശിശുമരണം കൂടുതലും ശ്വാസകോശ രോഗങ്ങള്‍ മൂലമാണ്‌. ജലദോഷം , പനി, സൈനസൈറ്റിസ്‌, ചെവിപഴുപ്പ്‌, തൊണ്ടയിലും മൂക്കിലും പഴുപ്പ്‌, ടോണ്‍സിലൈറ്റിസ്‌ തുടങ്ങിയ അസുഖങ്ങളാണ്‌ കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്നത്‌.

നിസാരമെന്നു കരുതി തള്ളിക്കളയുന്ന പല രോഗങ്ങളും പിന്നീട്‌ ഗുരുതരമാവാന്‍ സാധ്യതയുണ്ട്‌. ഇവ പിന്നീട്‌ ന്യുമോണിയ ബ്രോങ്കിറ്റിസ്‌ തുടങ്ങിയ ഗുരുതരമായ ശ്വാസകോശരോഗങ്ങളായിത്തീര്‍ന്നേക്കാം.

പനി, ശ്വാസം മുട്ടല്‍, ചുമ, ആഹാരം കഴിക്കാന്‍ മടി എന്നിവയാണ്‌ ന്യുമോണിയയുടെ ലക്ഷണം. ശ്വാസോഛ്വാസം വളരെ വേഗത്തിലാവും. ന്യുമോണിയ ബാധിച്ച കുഞ്ഞുങ്ങള്‍ മിനിട്ടില്‍ അമ്പതിലധികം തവണ ശ്വാസോഛ്വാസം ചെയ്യും.

നെഞ്ചിലെയും കഴുത്തിലെയും മാംസ പേശികള്‍ വേഗത്തില്‍ വലിയുകയും ചുരുങ്ങുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം വിദഗ്‌ധ ചികിത്സ ലഭ്യമാക്കണം.

രക്‌തപരിശോധന, കഫം പരിശോധന, എക്‌സറേ എന്നിവ കൊണ്ട്‌ രോഗം സ്‌ഥിരീകരിച്ച്‌ ചികിത്സ നിശ്‌ചയിക്കാം. കഠിനമായ ചുമ, ശ്വാസത്തിനു ദുര്‍ഗന്ധം മഞ്ഞനിറത്തില്‍ പഴുപ്പോടുകൂടിയ കഫം, കഫത്തില്‍ രക്‌തത്തിന്റെ അംശം എന്നിവ കണ്ടാല്‍ രോഗം ഗുരുതരമാണ്‌.

ആസ്‌ത്മ

കുഞ്ഞുങ്ങളെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗമാണ്‌ ആസ്‌ത്മ. അലര്‍ജിയാണ്‌ ആസ്‌ത്മ ഉണ്ടാകാന്‍ പ്രധാന കാരണം. ആസ്‌ത്മയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ മറ്റു രോഗങ്ങള്‍ എളുപ്പം പകരാന്‍ സാധ്യതയുള്ളതുകൊണ്ട്‌ ഇവര്‍ക്ക്‌ കൂടുതല്‍ ശ്രദ്ധകൊടുക്കണം.

ശ്വാസതടസം അനുഭവപ്പെടുക, മാംസപേശികള്‍ ഉള്ളിലേക്കു വലിയുക, അസ്വസ്‌ഥത, ശ്വാസം ലഭിക്കാതെ വിഷമം എന്നിവയാണ്‌ ആസ്‌ത്മയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാലുടന്‍ ഡോക്‌ടറെ കണ്ട്‌ ചികിത്സ ഉറപ്പാക്കണം.

രോഗം തുടക്കത്തിലെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ച്‌ ഓക്‌സിജനും അണുബാധ തടയുന്ന മരുന്നും നല്‍കി ചികിത്സിച്ചാല്‍ രോഗം വേഗം മാറും. ശ്വാസകോശരോഗമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ തണുപ്പേല്‍ക്കാതെ സൂക്ഷിക്കണം.

മഞ്ഞപ്പിത്തം

നവജാത ശിശുക്കള്‍ക്കൊരു ഭീഷണിയാണ്‌ മഞ്ഞപ്പിത്ത രോഗം. ജനിച്ച്‌ മൂന്നാം ദിവസം മുതല്‍ ചില കുഞ്ഞുങ്ങളുടെ ശരീരത്തില്‍ മഞ്ഞനിറം കാണാറുണ്ട്‌. ഇത്‌ മഞ്ഞപ്പിത്തമാണെന്ന്‌ തെറ്റിദ്ധരിക്കാറുമുണ്ട്‌. നവജാത ശിശുക്കളില്‍ സ്വാഭാവികമായി മഞ്ഞനിറം കാണാറുണ്ട്‌.

ഇങ്ങനെ കാണുന്നത്‌ മഞ്ഞപ്പിത്തമല്ല. മഞ്ഞപ്പ്‌ മാറാന്‍ ഇപ്പോള്‍ ആശുപത്രികളില്‍ പ്രത്യേക സംവിധാനമുണ്ട്‌. മഞ്ഞനിറത്തില്‍ മൂത്രം പോവുക, കണ്ണില്‍ മഞ്ഞനിറം വ്യാപിക്കുക, ഛര്‍ദ്ദി,വയറ്റില്‍ വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്‌ടറെ കാണിക്കണം.

ഇവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്‌. മഞ്ഞപ്പിത്തമാണെന്ന്‌ സ്‌ഥിരീകരിച്ചാല്‍ കുഞ്ഞിന്റെ ആഹാരത്തില്‍ പ്രത്യേക ശ്രദ്ധവേണം.

മൂത്രം തെളിയുന്നതു വരെ ചികിത്സയും പരിപൂര്‍ണ വിശ്രമവും ആവശ്യമാണ്‌. അമ്മയുടെയും കുഞ്ഞിന്‍െയും രക്‌തം ചേരാതെ വരുന്നതുകൊണ്ട്‌ മഞ്ഞപ്പിത്തമുണ്ടാകും. രക്‌തപരിശോധനയിലൂടെ കാരണം കണ്ടെത്തി ചികിത്സ നടത്തണം.

വിരശല്യം

നവജാത ശിശുക്കളെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌ വിരശല്യം. വയറു വീക്കം, വിളര്‍ച്ച, വയറിളക്കം, വയറുവേദന, ഉന്മേഷക്കുറവ്‌, മലദ്വാരത്തില്‍ ചൊറിച്ചില്‍ എന്നിവയാണ്‌ വിരശല്യത്തിന്റെ ലക്ഷണങ്ങള്‍.

പലതരത്തിലുള്ള വിരകള്‍ കുട്ടികളുടെ വയറ്റില്‍ കണ്ടേക്കാം. ഓരോ തരത്തില്‍പ്പെട്ട വിരയ്‌ക്കും പ്രത്യേക തരം മരുന്നുകളുണ്ട്‌. വിരയിളക്കുന്ന മരുന്ന്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വാങ്ങി കുഞ്ഞിന്‌ നല്‍കരുത്‌.

അമിതവണ്ണം വയ്ക്കുമോ; ആറാം മാസത്തിലറിയാം

ഭാവിയിൽ ഒരാൾ പൊണ്ണത്തടിയനായിത്തീരുമോ എന്നത് അയാളുടെ കുട്ടിക്കാലത്തു തന്നെ മുൻകൂട്ടി അറിയാനാകുമെന്ന് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകർ. കുഞ്ഞിന് ആറുമാസം മാത്രം പ്രായമുള്ളപ്പോഴുള്ള ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കണക്കുകൂട്ടിയാണ് ഈ പ്രവചനം നടത്താനാകുക. ആറാം മാസത്തിൽ മാത്രമല്ല, 12 മാസം, 18 മാസം പ്രായമുള്ളപ്പോഴുള്ള ബിഎംഐയും അമിതവണ്ണം മുൻകൂട്ടിയറിയുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്.

എണ്‍പത്തിയഞ്ച് ശതമാനത്തിൽ കൂടുതലാണ് ബിഎംഐ എങ്കിൽ ഈ പ്രവചനം ശരിയായിരിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. അതുകൊണ്ട് ഇത്തരം കുട്ടികൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമിതവണ്ണത്തിന്റെ സാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഭക്ഷണക്രമത്തിൽ മിതത്വം പാലിക്കണമെന്നും വാഷിങ്ടണിലെ ഗവേഷകർ മുന്നറിയിപ്പുനൽകുന്നു.

മെലിഞ്ഞതും വണ്ണമുള്ളതുമായ കുഞ്ഞുങ്ങളെ പ്രത്യേകം നിരീക്ഷണത്തിനു വിധേയമാക്കിക്കൊണ്ടായിരുന്നു പഠനം. എഴുന്നൂറോളം മെലിഞ്ഞ കുഞ്ഞുങ്ങളും നാനൂറോളം അമിതവണ്ണമുള്ള കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ആറുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് മുഖ്യമായും കേന്ദ്രീകരിച്ചത്. ഈ കുഞ്ഞുങ്ങൾക്ക് ആറാം മാസത്തിലും പന്ത്രണ്ടാം മാസത്തിലും പതിനെട്ടാംമാസത്തിലുമുള്ള ബിഎംഐ പരിശോധിച്ചു. ഈ പ്രായത്തിൽ തന്നെ അമിതവണ്ണം രേഖപ്പെടുത്തിയ കുഞ്ഞുങ്ങൾക്ക് പിന്നീട് വളർച്ചയുടെ ഓരോ ഘട്ടത്തിലും മറ്റു കുട്ടികളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ശരീരഭാരം വർധിക്കുന്നതായി പഠനത്തിൽ നിന്നു വ്യക്തമായി.

സാധാരണ രണ്ടുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ ബിഎംഐ കണക്കാക്കുന്ന പതിവില്ലെങ്കിലും ഭാവിയിൽ അമിതവണ്ണത്തിന്റെ സാധ്യത മുൻകൂട്ടിയറിയാൻ വേണ്ടിയാണ് ഈ പഠനം നടത്തിയതെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

മധുരം ദു:ഖമാണുണ്ണീ!

കൊച്ചി∙ ഇന്നു ലോകാരോഗ്യ ദിനം. പ്രമേഹത്തിനെതിരെയുള്ള പോരാട്ടമായാണു ലോകാരോഗ്യ സംഘടന ഈ വർഷത്തെ ദിനാചരണം സംഘടിപ്പിക്കുന്നത്. വളരെ വേഗം വ്യാപിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ പ്രമേഹം മുൻപന്തിയിലാണ്. കണക്കുകളിൽ ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളവും ഭീഷണിയിലാണ്. നഗരങ്ങളുടെ കണക്കുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതു കൊച്ചിയും. പ്രമേഹ ബാധിതരായി കൊച്ചിയിലെ ആശുപത്രികളിലേക്കെത്തുന്ന പുതുതലമുറയുടെ എണ്ണവും കൂടുന്നു. ദിവസവും ശരാശരി നാലു പുതിയ രോഗികളാണു കൊച്ചിയിലെ വിവിധ ആശുപത്രികളിലെക്കെത്തുന്നതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ലോകാരോഗ്യ ദിനത്തിൽ ചില പ്രമേഹ വിചാരങ്ങൾ.

ഗർഭകാല പ്രമേഹം കൂടി

ഗർഭകാലത്തെ പ്രമേഹ നിരക്കുകളിൽ സമീപകാലത്തു വർധനയുണ്ടാകുന്നെന്നു പഠനങ്ങൾ. റിസർച് സൊസൈറ്റി ഫോർ ദ് സ്റ്റഡി ഓഫ് ഡയബറ്റീസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) കേരള ചാപ്റ്റർ നടത്തിയ പഠനങ്ങളിൽ ഗർഭകാലത്തെ പ്രമേഹരോഗം കൂടി വരുന്നെന്നാണു സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ പ്രത്യേക പഠനം നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഗർഭ കാലത്തു പ്രമേഹ രോഗികളാകുന്ന സ്ത്രീകൾക്കു പ്രസവത്തിനു ശേഷം പ്രമേഹം കുറഞ്ഞാലും വീണ്ടും വരാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണ്. കൂടാതെ ഇത്തരത്തിലുണ്ടാകുന്ന കുട്ടികൾക്കു ചെറുപ്രായത്തിൽത്തന്നെ പ്രമേഹം വരാൻ സാധ്യതയുണ്ട്.

പൊണ്ണത്തടിയും ജീവിതശൈലിയുമാണു ഗർഭകാലത്തെ പ്രമേഹ രോഗത്തിനു പ്രധാന കാരണമാകുന്നതെന്നു ആർഎസ്എസ്ഡിഐ കേരള ചാപ്റ്റർ സെക്രട്ടറി ഡോ. എസ്. ശ്രീനിവാസ കമ്മത്ത് പറഞ്ഞു. ഭക്ഷണ ശീലങ്ങളിലെ വ്യത്യാസവും വ്യായാമത്തിന്റെ അഭാവവും കൊളസ്ട്രോളും അമിത വണ്ണത്തിനും കാരണമാകുന്നു. ഗർഭകാല പ്രമേഹത്തിന്റെ നിരക്കു 15% വരെ വർധിച്ചെന്നു ചില സംഘടനകൾ നടത്തിയ പഠനങ്ങൾ പറയുന്നു.

അണുബാധയെ സൂക്ഷിക്കൂ;പ്രമേഹമാകാം

ആവർത്തിച്ചു വരുന്ന അണുബാധ പ്രമേഹ രോഗത്തിന്റെ ലക്ഷണമാകാമെന്നു ഡോ. എസ്.ശ്രീനിവാസ കമ്മത്ത്. ദേഹത്തു വരുന്ന കുരുക്കൾ, മൂത്രത്തിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ തുടങ്ങിയവ ഇടയ്ക്കിടെ വന്നാൽ തീർച്ചയായും പ്രമേഹ പരിശോധന നടത്തണം. ഉയർന്ന നിരക്കിലുള്ള പ്രമേഹം ശരീരത്തിലെ പ്രതിരോധ ശേഷി കുറയ്ക്കുന്നതാണ് അണുബാധയ്ക്കു കാരണം. പ്രമേഹ ബാധിതരിൽ ടിബി രോഗം വരാനുള്ള സാധ്യതയുണ്ട്. പ്രതിരോധ ശേഷിയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനും കാരണം. വടക്കേ ഇന്ത്യയെ അപേക്ഷിച്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള രോഗ സാന്ദ്രതയേറുന്നത്.

പ്രമേഹത്തിനു ചെറുപ്പം

പ്രമേഹത്തിനു ചെറുപ്പമാകുന്നെന്നു കണക്കുകൾ സൂചിപ്പിച്ചു തുടങ്ങിയിട്ടു കാലമേറെയായി. 25 വയസ്സിനു താഴെയുള്ളവർക്കും പ്രമേഹം വന്നുതുടങ്ങി. ജീവിതശൈലിയുടെ ഭാഗമായാണ് ഇത്. പാരമ്പര്യമായി പ്രമേഹം വരാമെങ്കിലും അതിന്റെ വേഗം വർധിപ്പിക്കുന്നതു ജീവിത ശൈലിയാണ്. 25 വയസ്സിനു താഴെ പ്രമേഹത്തിന് അടിപ്പെടുന്നവരിൽ ഭൂരിഭാഗത്തിനും രോഗം വരുന്നതു 20നും 25നും ഇടയിലാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) പുറത്തു വിട്ട കണക്കുകൾ പറയുന്നു. 20 മുതൽ 25 വയസ്സു വരെ 39.7 % പ്രമേഹരോഗികളുണ്ടാകുമ്പോൾ 15 മുതൽ 19 വയസ്സു വരെ 18.7 % മാത്രമാണു രോഗികൾ. കൗമാരത്തിൽ നിന്നു യൗവനത്തിലേക്കുള്ള മാറ്റവും സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാൻ സാധിക്കുന്നതുമാണ് ഇതിനു പിന്നിലെന്നും സാമൂഹിക അവസ്ഥാ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചിക്കന്‍ പോക്സ് കരുതലാണ് പ്രധാനം

വേനല്‍ക്കാലം അസുഖങ്ങളുടേതു കൂടിയാണ്. അസഹനീയമായ ചൂടും, പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും പുതിയ ഭക്ഷണരീതികളുമൊക്കെ രോഗം ക്ഷണിച്ചു വരുത്തുന്നു. ഇടയ്ക്കിടെ തണുപ്പിക്കാനെത്തുന്ന വേനല്‍മഴയും രോഗാതുരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. വേനലില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട അസുഖമാണ് ചിക്കന്‍ പോക്സ്. അന്തരീക്ഷത്തിലുള്ള കീടാണുക്കളില്‍ നിന്നു പകരുന്ന അസുഖമാണിത്. 
ശരീരത്തില്‍ ചുവന്ന കുമിളകളായാണ് ചിക്കന്‍ പോക്സ് പ്രത്യക്ഷ്യപ്പെടുന്നത്. ആദ്യം ചെറിയ കുരുക്കളായും പിന്നീടിത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകളായും മാറുന്നു. ചിക്കന്‍ പോക്സിന്‍റെ ലക്ഷണങ്ങള്‍ പലരിലും വ്യത്യസ്തമാണ്. വേനല്‍ക്കാലം കടുത്തതോടെ ചിക്കന്‍ പോക്സ് സംസ്ഥാനത്ത് ഭീതിതമായി പടര്‍ന്നു പിടിക്കുകയാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് ചിക്കന്‍ പോക്സിനെക്കുറിച്ചറിയേണ്ടതെല്ലാമാവട്ടെ ഈ ആഴ്ച.

പകര്‍ച്ചവ്യാധിയാണ്,
പകരാതെ നോക്കണം
ചിക്കന്‍ പോക്സ് ഒരു പകര്‍ച്ചവ്യാധിയാണ്. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്സിന് കാരണം. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന ഈ വൈറസിന്‍റെ പ്രവര്‍ത്തന ഫലമായാണ് ശരീരത്തില്‍ കരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നത്. ഈ കുമിളകള്‍ ഉണങ്ങി ഒടുവില്‍ തൊലിപ്പുറത്ത് പാടു മാത്രമായി അവിശേഷിക്കുകയും ചെയ്യുന്നു. അണുക്കള്‍ മൂലമുണ്ടാകുന്ന രോഗമായതിനാല്‍ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നു മറ്റുള്ളവരിലേക്കും പകരാനുള്ള സാധ്യതകളേറെയാണ്. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 
ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീര താപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ചിക്കന്‍ പോക്സാണെന്നു സ്ഥിരീകരിക്കാം. പകരുന്ന രോഗമായതുകൊണ്ട് തന്നെ രോഗിയെ പ്രത്യേകം മാറ്റി പാര്‍പ്പിക്കേണ്ടതും അത്യാവശ്യമാണ്. രോഗം വന്ന വ്യക്തി ഉപയോഗിച്ച സാധനങ്ങളോ, വ്യക്തിയുമായുള്ള സമ്പര്‍ക്കമോ ഒഴിവാക്കുന്നതാണ് ചിക്കന്‍പോക്സ് പകരാതിരിക്കാനുള്ള ഏക പോംവഴി. ചിക്കന്‍ പോക്സ് ഉള്ള രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 10 മുതല്‍ 20 ദിവസത്തിനുള്ളില്‍ അടുത്തയാള്‍ക്ക് രോഗലക്ഷണം കണ്ടു തുടങ്ങും.

സ്വയം ചികിത്സ വേണ്ട
ഒരിക്കല്‍ രോഗം വന്നവരില്‍ ചിക്കന്‍പോക്സ് പിന്നീട് ഉണ്ടാകില്ല എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ചിക്കന്‍പോക്സ് രോഗം വന്നുകഴിഞ്ഞാല്‍ ആയുര്‍വേദ മരുന്നുകളെയാണ് ഏറെ ആളുകളും ആശ്രയിക്കുന്നത്. ഇത് രോഗത്തെ പൂര്‍ണമായി തുടച്ചു നീക്കം ചെയ്യാന്‍ സഹായിക്കുന്നു. സ്വയം ചികിത്സ ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പത്തു മുതല്‍ 20 ദിവസം വരെയാണ് ചിക്കന്‍ പോക്സിന്‍റെ കാലാവധി. രോഗം വന്നാല്‍ ദിവസേനയുള്ള കുളി പാടില്ലെന്നാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ചിലര്‍ നിത്യവും കുളിക്കണമെന്നും പറയാറുണ്ട്. കുളിക്കുമ്പോള്‍ ശരീരത്തിലുണ്ടായ കുമിളകള്‍ പൊട്ടാതിരിക്കാനാണ് കുളി ഒഴിവാക്കണമെന്നു പറയുന്നത്. അഥവാ കുളി നിര്‍ബന്ധമാണെങ്കില്‍ സോപ്പോ, രാസവസ്തുക്കള്‍ അടങ്ങിയ വസ്തുക്കളോ ഉപയോഗിക്കാതെ വേണം കുളിക്കാന്‍. കൂടുതല്‍ അണുബാധയേല്‍ക്കാതിരിക്കാന്‍ വിരലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കുമിളകള്‍ വ്രണങ്ങളാവാതെ സൂക്ഷിച്ചാല്‍ രോഗം മാറിയാല്‍ ശരീരത്തില്‍ പാടുകള്‍ അവശേഷിക്കില്ല. ആര്യവേപ്പിലയും മഞ്ഞളുമിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതു പാട് മാറ്റാന്‍ സഹായിക്കും. ചില ഇംഗ്ലിഷ് ഓയിന്‍മെന്‍റുകളും വിപണിയില്‍ കിട്ടും. 
പ്രായമായവരും ഗര്‍ഭിണികളുമാണ് രോഗം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പ്രസവത്തിന് അഞ്ചു ദിവസം മുന്‍പും പ്രസവശേഷം രണ്ടു ദിവസം കഴിഞ്ഞും ചിക്കന്‍പോക്സ് പിടിപെട്ടാല്‍ അത് കുഞ്ഞിനും അസുഖം വരാന്‍ കാരണമാകും.

നെല്ലിക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്

നെല്ലിക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ചെറിയൊരു കയർപ്പ് ഉണ്ടെങ്കിലും അൽപം ഉപ്പും കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് ഒന്നു വേറേ തന്നെ. ഇപ്പോഴത്തെ സ്കൂൾ കുട്ടികൾക്ക് അറിയില്ലെങ്കിലും ഒഎൻവി കുറുപ്പിന്റെ എന്റെ വിദ്യാലയം കവിത പോലെ മുൻ തലമുറയ്ക്ക് ഒരു പക്ഷേ നെല്ലിക്ക ഒരു നൊസ്റ്റാൾജിയ ആയിരിക്കാം. സ്കൂളിന്റെ മുറ്റത്തു നിൽക്കുന്ന നെല്ലിമരത്തിലെ നെല്ലിക്കയും കഴിച്ച് കിണറ്റിലെ വെള്ളം കോരിക്കുടിച്ച് ആഹാ… എന്തു മധുരം എന്നു പറയുന്ന സുഖമുള്ള ഒരോർമ. എന്തൊക്കെപ്പറഞ്ഞാലും നെല്ലിക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ തുടങ്ങി ലൈംഗികജീവിതത്തെ പരിപോഷിപ്പിക്കാൻ വരെ ഈ കയ്പൻ കായ്ക്കു സാധിക്കും. ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും നെല്ലിക്ക നമ്മുടെ ആരോഗ്യത്തിന് എപ്രകാരം ഗുണകരമാകുന്നെന്നു നോക്കാം.

1. പ്രമേഹം നിയന്ത്രിക്കുന്നു

നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണെന്ന് 2004–ൽ ഫുഡ് ആൻഡ് ഫങ്ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കുന്നു. പ്രമേഹം മൂലം പിടിപെടാൻ സാധ്യതയുള്ള ഹൃദയരോഗങ്ങൾ, ഡയബറ്റിക് ന്യൂറോപ്പതി എന്നിവയുടെ ചികിത്സയ്ക്കായും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.

2. ചീത്ത കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നു

ഉയർന്ന കൊളസ്ട്രോൾ മൂലം നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ മതിയാകും. ഇതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. മെനപ്പോസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് നെല്ലിക്കജ്യൂസ് ദിവസവും കുടിച്ചാൽ ചീത്ത കൊളസ്ട്രോളിന്റെ ലെവൽ കുറയുകയും നല്ല കൊളസ്ട്രോൾ ലെവൽ കൂടുകയും ചെയ്യുമെന്നാണ്.

3. പനിയും ജലദോഷവും ശമിപ്പിക്കുന്നു

നെല്ലിക്കയിലുള്ള മെഡിസിനൽ, തെറാപ്പി ഗുണങ്ങൾ പനി, ജലദോഷം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്.

4. കാൻസർ പ്രതിരോധിക്കുന്നു

കാൻസറിനെ പ്രതിരോധിക്കാനുള്ള കീമോ പ്രിവന്റീവ് എഫക്ട് നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റി ഓക്സിഡന്റുകളും ആന്റിമ്യൂട്ടാജെനിക്കുകളും അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു.

5. വായിലെ അൾസർ ശമിപ്പിക്കുന്നു

ഇടയ്ക്കിടെ വായ്ക്കകത്ത് ഉണ്ടാകാൻ സാധ്യതയുള്ള അൾസറിനെ ശമിപ്പിക്കാനുള്ള ശേഷി നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റിഓക്സിഡന്റ്ുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് അൾസറിന് ശമനം ഉണ്ടാക്കുന്നത്.

6. ലൈഗികജീവിതം സന്തോഷകരമാക്കുന്നു

സംയോഗാസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാകുന്നു നെല്ലിക്ക. ഇതിലുള്ള വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്ത്രീകളിലെ ലൈംഗിക ശക്തി കൂട്ടുന്നതിനും ഇത് ഉത്തമമത്രേ.

7. ഇടതൂർന്ന കറുത്ത മുടിയിഴകൾക്ക്

നെല്ലിക്കയിലുള്ള വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ഇടതൂർന്ന കറുത്ത മുടിയിഴകൾ സ്വന്തമാക്കാൻ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്സിഡേറ്റീവ് ഘടകങ്ങൾ ചർമകാന്തി വർധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങൾ അകറ്റുകയും ചെയ്യും.

വിരുദ്ധാഹാരത്തില്‍ കാര്യമുണ്ട്‌

വിരുദ്ധാഹാരം വിഷംപോലെയും കൂട്ടു വിഷംപോലെയും ശരീരത്തിന്‌ ദോഷമാണെന്ന്‌ ആയുര്‍വേദം. ‘വിരുദ്ധമപി ചാഹാരം വിദ്യാദ്വിഷഗരോപമം’ എന്നാണ്‌ അഷ്‌ടാംഗഹൃദയത്തില്‍ വിരുദ്ധാഹാരത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌.

രുചിയേറുമെങ്കിലും ചില ആഹാരസാധനങ്ങള്‍ ഒരുമിച്ച്‌ കഴിക്കരുതെന്നൊരു വിശ്വാസമുണ്ട്‌. വെള്ളപാണ്ടുരോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇത്‌ കാരണമാകുമെന്ന്‌ മുതിര്‍ന്ന തലമുറയിലുള്ളവര്‍ ഓര്‍മ്മപ്പെടുത്താറുണ്ട്‌.

പഴമക്കാര്‍ പറഞ്ഞുവച്ച ഈ ആഹാര ഭീഷണി ശുദ്ധ അസംബന്ധമാണെന്ന്‌ വാദിക്കുന്നവരും കുറവാണ്‌. എന്നാല്‍ ആയുര്‍വേദത്തില്‍ ഇത്തരം ആഹാരപദാര്‍ഥങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്‌. ഇങ്ങനെ ഒരുമിച്ചു കഴിക്കാനാവാത്ത ആഹാര പദാര്‍ഥങ്ങളെ ‘വിരുദ്ധാഹാരങ്ങള്‍’ എന്നു പറയുന്നു.

ഏതെങ്കിലും ആഹാരം കഴിച്ചാല്‍ അതിനു പചനം സംഭവിക്കാതെ ശരീരത്തിനുള്ളില്‍ കിടന്ന്‌ വാതം, പിത്തം, കഫം എന്നീ ദോഷങ്ങളെ വര്‍ധിപ്പിക്കുകയും ഇതിന്റെ ഫലമായി വയര്‍ വീര്‍പ്പ്‌ തുടങ്ങിയ അസ്വസ്‌ഥതകള്‍ ഉണ്ടാകുകയും, അത്തരം ആഹാരം ശരീരത്തില്‍ നിന്ന്‌ പുറത്തുപോകാതിരിക്കുകയും ചെയ്‌താല്‍ അവയെ വിരുദ്ധാഹാരങ്ങള്‍ എന്നുപറയുന്നു.

വിരുദ്ധാഹാരം വിഷംപോലെയും കൂട്ടു വിഷംപോലെയും ശരീരത്തിന്‌ ദോഷമാണെന്ന്‌ ആയുര്‍വേദം. ‘വിരുദ്ധമപി ചാഹാരം വിദ്യാദ്വിഷഗരോപമം’ എന്നാണ്‌ അഷ്‌ടാംഗഹൃദയത്തില്‍ വിരുദ്ധാഹാരത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌.

വിഷമാകുന്ന വിരുദ്ധാഹാരം

പണ്ടുകാലത്ത്‌ ശത്രുക്കളെ വകവരുത്തുന്നതിനായി ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത്‌ നല്‍കുന്ന രീതി ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

അതിനായി ഒരു വിഷപദാര്‍ഥം ഒറ്റയ്‌ക്കോ, പല വിഷപദാര്‍ഥങ്ങള്‍ കൂട്ടിച്ചേര്‍ത്തോ ഉണ്ടാക്കുന്ന ‘ഗരം’ എന്നറിയപ്പെടുന്ന കൂട്ടുവിഷമോ ആണ്‌ അവര്‍ ഉപയോഗിച്ചിരുന്നത്‌.

വിഷമോ, കൂട്ടുവിഷമോ ശരീരത്തിനുള്ളില്‍ എത്താനിടയായാല്‍ അത്‌ മരണത്തിനും മാരകരോഗങ്ങ ള്‍ക്കുമൊക്കെ കാരണമാകും. വിരുദ്ധാഹാരങ്ങള്‍ ഇതേ ഫലങ്ങള്‍തന്നെയാണ്‌ മനുഷ്യശരീരത്തില്‍ സൃഷ്‌ടിക്കുന്നത്‌.

ആഹാരപദാര്‍ഥങ്ങളില്‍ ചിലത്‌ തമ്മില്‍ ചേരുന്നതുകൊണ്ടും, ചിലത്‌ പാചകം ചെയ്യുന്നതിലെ വ്യത്യാസം കൊണ്ടുമാണ്‌ വിരുദ്ധാഹാരമായി മാറുന്നത്‌.

തുല്യ അളവില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുന്നതുകൊണ്ടും, ഗുണത്തിലുള്ള വൈരുദ്ധ്യങ്ങള്‍കൊണ്ടും, ചിലവയുടെ കര്‍മങ്ങളിലുള്ള വൈരുധ്യങ്ങള്‍ കൊണ്ടുമാണ്‌ അവ വിരുദ്ധാഹാരങ്ങളായി മാറുന്നത്‌.

വിരുദ്ധാഹാരം ആയുര്‍വേദത്തില്‍

മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം, മത്സ്യം എന്നിവ ഉഴുന്ന്‌, പാല്‍, തേന്‍, സസ്യങ്ങളുടെ തളിര്‌, താമരക്കിഴങ്ങ്‌, മുള്ളങ്കി, ശര്‍ക്കര എന്നിവയോട്‌ കൂട്ടിച്ചേര്‍ത്താല്‍ വിരുദ്ധാഹാരമായിത്തീരുമെന്ന്‌ ആയുര്‍വേദം പറയുന്നു.

പ്രത്യേകിച്ച്‌ മത്സ്യത്തോട്‌ ഇവ കൂടിച്ചേരുമ്പോഴാണ്‌ ഏറ്റവും വിരുദ്ധമായിത്തീരുന്നത്‌. മത്സ്യങ്ങളില്‍ തന്നെ ചെമ്മീനിനോപ്പം പാല്‍ കഴിക്കുന്നതാണ്‌ അപകടകരം.

പുളിരസമുള്ള ആഹാരസാധനങ്ങള്‍ പാലിനോട്‌ ചേര്‍ന്നാല്‍ അത്‌ വിരുദ്ധാഹാരമാകും. പാല്‍ ഉപയോഗിച്ച ഉടനെ അമ്ലരസമുള്ള പഴങ്ങള്‍ ഉപയോഗിക്കരുത്‌. മുതിര, തിന, ചിലയിനം പയറുകള്‍ ഇവയെല്ലാം പാലിനോട്‌ കൂടിച്ചേര്‍ന്നാല്‍ വിരുദ്ധമാകും.

മുള്ളങ്കിയും, പച്ചക്കറികളും ഉപയോഗിച്ചശേഷം പാല്‍ ഉപയോഗിക്കരുത്‌.മുള്ളന്‍ പന്നിയുടെ മാംസത്തോട്‌ ചേര്‍ന്ന്‌ പന്നിയുടെ മാംസവും, തൈരിനോട്‌ ചേര്‍ന്ന്‌ കോഴിയിറച്ചിയും കഴിക്കുന്നത്‌ നന്നല്ല.

ഉഴുന്നുപരിപ്പ്‌ ചേര്‍ത്ത്‌ മുള്ളങ്കിക്കിഴങ്ങ്‌ ഉപയോഗിക്കരുത്‌. ഉഴുന്നുപരിപ്പ്‌ ശര്‍ക്കര, പാല്‍, തേന്‍, നെയ്യ്‌, തൈര്‌ ഇവയില്‍ ഒന്നിനോടും ചേര്‍ന്ന്‌ അയനിപ്പഴം (ആനിക്ക) ഉപയോഗിക്കരുത്‌. മോര്‌, തൈര്‌, എന്നിവയോട്‌ കൂടി വാഴപ്പഴവും ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം.

ഇവയൊന്നും കൂടിച്ചേര്‍ന്ന്‌ ഉപയോഗിക്കരുത്‌ ഇവയില്‍ ഏതെങ്കിലും കഴിച്ച്‌ അവ ദഹിച്ചതിനു ശേഷംമാത്രമേ മറ്റൊന്ന്‌ ഉപയോഗിക്കാവൂഎന്ന്‌ മനസിലാക്കണം.

അല്ലെങ്കി ല്‍ ആമാശയത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം ഇവ വിരുദ്ധാഹാരമായി തീരാന്‍ സാധ്യതയുണ്ട്‌. പായസം, അരി മുതലായ ധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന മദ്യം, എള്‍ച്ചോറ്‌ എന്നിവയും ഒരുമിച്ച്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം.

മാംസവും എണ്ണയും

ചിലയിനം പക്ഷികളുടെ മാംസം ശൂലത്തില്‍ കുത്തി പാചകം ചെയ്‌ത് ഉപയോഗിച്ചാല്‍ വിരുദ്ധാഹാരമാകുന്നു. മീന്‍വറുത്ത നെയ്യില്‍ പാകപ്പെടുത്തി എടുത്ത തിപ്പലി, ഓട്ടുപാത്രത്തില്‍ 10 ദിവസം വരെ സൂക്ഷിച്ചുവച്ചിരുന്ന നെയ്യ്‌ എന്നിവയൊക്കെ വിരുദ്ധാഹാരങ്ങളാണ്‌.

കടുകെണ്ണയില്‍ കൂണ്‍ പാകപ്പെടുത്തി കഴിക്കുന്നതും വിരുദ്ധമാണ്‌. തേന്‍, നെയ്യ്‌, വെട്ടുനെയ്യ്‌, എണ്ണ, വെള്ളം എന്നിവയില്‍ ഏതെങ്കിലും രണ്ടോ മൂന്നോ എല്ലാം കൂടിയോ ഒരേ അളവില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ വിരുദ്ധാഹാരമായി മാറും.

തേനും താമരക്കുരുവും, ശര്‍ക്കര, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മദ്യവും തേനും , പാല്‍ച്ചോറ്‌ കഴിഞ്ഞ്‌ മലര്‍പൊടി കഴിക്കുന്നതും പരസ്‌പര വിരുദ്ധമായി തീരും. പച്ചവെള്ളം കുടിച്ചശേഷം അത്‌ ദഹിക്കുന്നതിനു മുമ്പ്‌ ചൂടുവെള്ളം കുടിക്കരുത്‌. ചൂടുവെള്ളം കുടിച്ചത്‌ ദഹിച്ചു കഴിഞ്ഞാലും ആ ദിവസം പച്ചവെള്ളം കുടിക്കരുതെന്ന്‌ ആയുര്‍വേദം പറയുന്നു.

ആരോഗ്യമുള്ളവര്‍ക്ക്‌ രക്ഷ

‘വ്യായാമ സ്‌നിദ്ധ ദീപ്‌താഗ്നിവയഃസ്‌ഥ ബലശാലിനാം
വിരോദ്ധ്യപി ന പീഡായൈ സാത്മ്യമല്‌പം ച ഭോജനം’ (അഷ്‌ടാംഗഹൃദയം)

വ്യായാമം ചെയ്യുന്നവര്‍, ശരീരത്തില്‍ എണ്ണമയം ഉള്ളവര്‍, വിശപ്പുള്ളവര്‍, യുവാക്കള്‍, ബലവാന്മാര്‍ ഇവര്‍ക്ക്‌ വിരുദ്ധമായ ആഹാരം പോലും, സ്‌ഥിരമായി ഉപയോഗിച്ചാലോ അല്‍പം ഭക്ഷിച്ചാലോ ഉപദ്രവകാരിയാകുന്നില്ല.

ഭക്ഷിക്കപ്പെടുന്ന അന്നം ശരിയായ രീതിയില്‍ ദഹിപ്പിച്ച്‌ ശരീരപോഷണത്തിനായി ഉപയോഗിക്കുകയും, ബാക്കിവരുന്ന ഭാഗം മലത്തിലൂടെ ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു ഇതിനെല്ലാം എതിരായി വരുന്ന വീര്യത്തെ തടഞ്ഞു നിര്‍ത്തി നശിപ്പിക്കാനുമുള്ള ശേഷിയുള്ളവരെ സംബന്ധിച്ചിടത്തോളം വിരുദ്ധാഹാരത്തെ ഭയപ്പെടേണ്ടതില്ല.

ശരിയായ വിധം പചനം നടക്കാത്ത ആഹാരങ്ങളും, ശരീരത്തില്‍ നിന്നും വിസര്‍ജ്‌ജിക്കപ്പെട്ട്‌ പോകാത്ത ശാരീരിക മലങ്ങളുമാണ്‌ മിക്കവാറും രോഗങ്ങള്‍ക്കു കാരണമായിത്തീരുന്നത്‌.

‘സര്‍വേഷാമിവ രോഗാണാം നിദാനം കുപിതാ മലാഃ’
ആഹാര പചനവും മലവിസര്‍ജനങ്ങളും ശരിയായ രീതിയില്‍ നടന്നുകൊണ്ടിരുന്നാല്‍ പ്രധാനമായും ഭയപ്പെടാനുള്ളത്‌ ശരീരധാതുക്കള്‍ക്ക്‌ വിപരീത ഗുണവും സ്വഭാവവുമുള്ള സാധനങ്ങള്‍ ശരീരത്തോട്‌ ചേരുന്നതു കൊണ്ട്‌ ഉണ്ടാകുന്ന ആപത്തുകളാണ്‌.

വിരുദ്ധാഹാരങ്ങളും വിഷവുമൊക്കെ ഈ കൂട്ടത്തില്‍ പെടുന്നവയാണ്‌. ഇതില്‍ നിന്നും രക്ഷനേടുന്നതിനുള്ള മാര്‍ഗം സ്വന്തം ശരീര ശക്‌തിയെ വര്‍ധിപ്പിക്കുകയും വിപരീത ശക്‌തികളെ സംഭരിക്കുകയും ചെയ്യുക എന്നതാണ്‌.

വിരുദ്ധമായ ആഹാരം പോലും ശീലിച്ചു പോയിരുന്നാല്‍ അത്‌ ഉപദ്രവമുണ്ടാക്കില്ല. അത്‌ ബലവാന്മാര്‍ക്കും യുവാക്കള്‍ക്കും മറ്റുമാണ്‌. എന്നാല്‍ ബലവും ദഹനശക്‌തിയും കുറയുന്ന അവസ്‌ഥകളില്‍ ദോഷകരമായിത്തീരും എന്നതുകൊണ്ട്‌ അത്തരം ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കുകതന്നെ വേണം.

ഭക്ഷണത്തില്‍ ശ്രദ്ധ വേണം

  • തൈര്‌ രാത്രിയില്‍ ഭക്ഷിക്കരുത്‌.
  • ചൂടുള്ള തൈര്‌ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കണം.
  • ഉഷ്‌ണകാലത്തും വസന്തകാലത്തും ശരത്‌ കാലത്തും തൈര്‌ ഉപയോഗിക്കരുത്‌. ഇതിനു വിപരീതമായി തൈര്‌ ഉപയോഗിക്കുന്നത്‌ പനി, രക്‌തപിത്തം, ത്വക്ക്‌ രോഗങ്ങള്‍, ശരീരത്തിനു വിളര്‍ച്ച എന്നിവയുണ്ടണ്ടാകാന്‍ കാരണമാകും.
  • തേന്‍ ചൂടോടുകൂടി ഉപയോഗിച്ചാലും, ശരീരം ചൂടായിരിക്കുമ്പോള്‍ ഉപയോഗിച്ചാലും , ഉഷ്‌ണകാലത്ത്‌ ഉപയോഗിച്ചാലും അത്‌ അപകടകരമാണ്‌. ഇപ്രകാരം തേന്‍ ഉപയോഗിക്കുമ്പോള്‍ ആ തേനിന്‌ അതിവീര്യം കൈവരും. അതാണ്‌ ശരീരത്തിന്‌ ഹാനികരമായി തീരുന്നത്‌.
  • മദ്യം ഉപയോഗിക്കുമ്പോള്‍ ചൂടുള്ള സാധനങ്ങള്‍ കൂട്ടിയോ, ഉഷ്‌ണ ഗുണപ്രധാനമായ ആഹാരങ്ങള്‍ കൂട്ടിയോ ഉപയോഗിക്കരുത്‌.

പരിഹാര മാര്‍ഗങ്ങള്‍

വിരുദ്ധാഹാരങ്ങള്‍ ഉപയോഗിച്ചാല്‍ അതുകൊണ്ട്‌ ഉണ്ടാകുന്ന ദോഷങ്ങളെ പരിഹരിക്കുന്നതിനു വേണ്ടി പഞ്ചകര്‍മ ചികിത്സയിലെ വമനവിരേചനങ്ങളാണ്‌(ഛര്‍ദ്ദിപ്പിക്കലും വയറിളക്കലും) ആയുര്‍വേദശാസ്‌ത്രം പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്‌.

വിരുദ്ധാന്ന ഭക്ഷണം കൊണ്ട്‌ ആമാശയത്തിലും കുടലിലും എത്തിച്ചേര്‍ന്നിരിക്കുന്ന ദുഷ്‌ടുകളെയും , അവയുടെ ഫലമായി വര്‍ധിച്ചിരിക്കുന്ന വാത, പിത്ത, കഫ ദോഷങ്ങളെയും അപകടകരമായ അവസ്‌ഥയില്‍ നിന്നും, ശരീരത്തില്‍ നിന്നും പരിപൂര്‍ണമായി പുറന്തള്ളാന്‍ ഏറ്റവും അനുയോജ്യമായ ശോധന ചികിത്സകള്‍ വമനവും വിരേചനവും ആയതുകൊണ്ടാണ്‌ പ്രധാനമായും അതുതന്നെ നിര്‍ദ്ദേശിക്കുന്നത്‌.

എന്നാല്‍ ഇത്തരം ആഹാരങ്ങള്‍ ഉള്ളില്‍ ചെന്നതുകൊണ്ട്‌ ദോഷങ്ങള്‍ അത്രയധികം വര്‍ദ്ധിച്ചിട്ടില്ല എന്നു കാണുകയാണെങ്കില്‍ വിരുദ്ധാഹാരത്തിനു വിരോധികളായ ഔഷധങ്ങള്‍ ഉപയോഗിച്ച്‌ അല്‍പമാത്രമായി ഉണ്ടായിരിക്കുന്ന ദോഷത്തെ ശമിപ്പിച്ചു കളഞ്ഞാലും മതിയാകും.

എത്ര അറിവും, കഴിവും ഉള്ളവര്‍ക്കും ചിലപ്പോള്‍ വിരുദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ സാധ്യത ഉള്ളതുകൊണ്ട്‌ അതിനുള്ള പ്രതിവിധിയും പറയപ്പെടുന്നു .

ഇങ്ങനെ സംഭവിച്ചാല്‍ ദോഷങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാനായി വിരുദ്ധാഹാരങ്ങള്‍ക്കു വിരോധിയായ ഔഷധങ്ങള്‍ മുന്‍കൂട്ടി സേവിച്ച്‌ ശരീരത്തെ പാകപ്പെടുത്തിയെടുക്കുക എന്നതാണ്‌ അതിനുള്ള മുന്‍കരുതലായി പറയപ്പെടുന്നത്‌.

ജലദോഷം ഉടൻ മാറ്റാൻ

ജലദോഷത്തേയും അതിന്റെ അസ്വസ്ഥതകളേയും മാറ്റാൻ പച്ചമരുന്നുകൾ ഫലപ്രദമാണ്. ഇതാ വീട്ടിൽ ചെയ്യാവുന്ന ചില ചികിത്സകൾ

ചുവന്ന തുളസിയില നീരിൽ ചെറുതേൻ സമം ചേർത്ത് പലവട്ടം കഴിക്കുക

കരിംജീരകം പൊടിച്ച് കിഴികെട്ടി മണപ്പിക്കുക

ചെറുനാരങ്ങാ നീരിൽ രാസ്നാദി പൊടി ചേർത്ത് ചൂടാക്കി തണുപ്പിച്ചശേഷം വൈകുന്നേരം നെറുകയിൽ പുരട്ടി മുക്കാൽ മണിക്കൂറിനു ശേഷം കഴുകിക്കളയുക

തുളസിയില കഷായം വച്ച് കുരുമുളകു പൊടിച്ച് ചേർത്ത് കഴിക്കുക

ചുക്ക്, കുരുമുളക്, തിപ്പലി ഇവ കരിപ്പെട്ടി ചേർത്ത് കഷായം വച്ച് കഴിക്കാം

കുരുമുളകു നന്നായി പൊടിച്ച് തേനും നെയ്യും ചേർത്തു കഴിക്കുക

ചുക്ക് കഷായം വച്ച് ചെറു ചൂടോടെ പലവട്ടമായി കഴിക്കുക

ഗ്രാമ്പൂ പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുക

ഡോ. കെ . മുരളീധരൻ പിള്ള

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ

അടിപൊളിയായി ഒരുങ്ങിയതാണ് പക്ഷേ,പൊരിവെയിലിൽ രണ്ടു മിനിറ്റ് നടന്നപ്പോൾ തന്നെ മുഖമാകെ കറുത്തുകരുവാളിച്ചു. എല്ലാവരും നേരിടുന്ന ഒരു സൗന്ദര്യപ്രശ്നമാണിത്.

കരുവാളിപ്പകറ്റാൻ

വെയിൽകൊണ്ടു ചർമ്മം കരുവാളിച്ചുപോകാതിരിക്കാൻ ഏറ്റവും നല്ല മാർഗം സൺസ്ക്രീൻ (സൺബ്ലോക്കുകൾ ) ഉപയോഗിക്കുകയാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഈ അൾട്രാവയലറ്റ് രശ്മികളെ ആഗീരണം ചെയ്ത് ചർമത്തെ സംരക്ഷിക്കുന്നു.

എ,ബി,സി എന്നിങ്ങനെ മൂന്നുതരം അൾട്രാവയലറ്റ് രശ്മികളുണ്ട്. ഇതിൽ ബിയെ തടയുന്ന സൺസ്ക്രീനിനാണ് സാധാരണലഭ്യമായിട്ടുള്ളത്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഓക്സിബൻസീനാണ് സൂര്യരശ്മികളെ ആഗീരണം ചെയ്യുന്നത്. ഇതു മാത്രം അടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കുന്നവരുടെ മുഖത്ത് വെളുത്തപാടുകൾ കാണാറുണ്ട്. ചിലവയിൽ സിങ്ക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. മേൽ പറഞ്ഞ രണ്ടും അടങ്ങിയ സൺസ്ക്രീനുകളാണ് നല്ലത്. ഇവ ഉപയോഗിച്ചാൽ വെളുത്ത പാടുകൾ വരാറില്ല.

സൺപ്രൊട്ടക്ഷൻ ഫാക്ടർ (എസ് പി എഫ്) ആണ് സൺസ്ക്രീനിന്റെ ഗുണനിലവാരമറിയാനുള്ള മാനദണ്ഡം. ഉയർന്ന എസ്.പി എഫ് ആണ് നല്ലത്. എസ് പി എഫ് 50 ഒക്കെയുള്ള സൺസ്ക്രീനുകൾ ഏറെ നല്ലതാണ്.

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ

  • വാങ്ങുമ്പോൾ എസ് പി എഫ് മിനിമം 15 എങ്കിലും ഉള്ള സൺസ്ക്രീൻ വാങ്ങണം.
  • സൂര്യപ്രകാശത്തിലിറങ്ങുന്നതിനു അരമണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടണം. രണ്ടു മണിക്കൂർ കഴിഞ്ഞ് ഒന്നു കൂടി ഇടാം.
  • ഏതാണ്ട് കാൽ ടീസ്പൂൺ മുതൽ ഒന്നര ടീസ്പൂൺ വരെ അളവ് സൺസ്ക്രീനിൽ പുരട്ടിയാൽ മതി.
  • വല്ലാതെ വിയർത്താൽ ഒരു പ്രാവശ്യം കൂടി സൺസ്ക്രീൻ പുരട്ടാം.
  • ഒരുപാട് വെയിൽ കൊള്ളുന്നവർ ഇടയ്ക്കിടയ്ക്ക് സൺസ്ക്രീൻ പുരട്ടണം.
  • മുഖത്ത് മാത്രമല്ല, കൈ,കഴുത്ത്, കാലുകൾ തുടങ്ങി വെയിലേൽക്കാവുന്ന സ്ഥലങ്ങളിലെല്ലാം സൺസ്ക്രീൻ പുരട്ടാം.

സൺസ്ക്രീൻ പുരട്ടിയിട്ടുണ്ടെന്നു കരുതി വെയിലു കൊള്ളേണ്ട. അധികഫലത്തിനായി വെയിലത്തിറങ്ങുമ്പോൾ കുട ചൂടാം. രാവിലെ പത്തു മുതൽ വൈകിട്ട് രണ്ടു വരെയുള്ള സമയത്ത് വെയിൽ കൊള്ളാതെ സൂക്ഷിക്കണം.

നിറം വയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി ചില സൺസ്ക്രീനുകൾ മാർക്കറ്റിലുണ്ട്. അവയിലൊക്കെ വെളുക്കാൻ സഹായിക്കുന്ന രാസപദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടാവാം. പക്ഷേ, ഇത്തരം രാസപദാർത്ഥങ്ങളിൽ ചിലത് സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിച്ച് നിറം ഇരുളാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഫെയർനെസ് ക്രീമുകളൊക്കെ രത്രി തന്നെ ഉപയോഗിക്കുകയാണ് ഉത്തമം.

അലർജി അറിയാം

സ്പ്രേ, ജെൽ, ക്രീം, ലോഷൻ രൂപത്തിലെല്ലാം സൺസ്ക്രീനുകൾ ലഭ്യമാണ്. എണ്ണമയമുള്ള ചർമമുള്ളവർക്ക് സപ്രേയാണ് നല്ലത്. വരണ്ട ചർമക്കാരിൽ ക്രീമോ ജെല്ലോ ഉപയോഗിക്കാം. സൺസ്ക്രീൻ അലർജി മൂലം മുഖക്കുരു,ചർമത്തിൽ ചുവന്ന തടിപ്പ് എന്നിവ വരാറുണ്ട്. സൺസ്ക്രീൻ ഉപയോഗിക്കും മുമ്പ് പുറംകൈയിൽ അൽപം പുരട്ടി ഒരു ദിവസം വച്ച് അലർജിയുണ്ടോ എന്നു നോക്കാവുന്നതാണ്.

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ കാരണങ്ങളും പ്രതിവിധിയും

ഒരാളുമായി വേര്‍പിരിയുമ്പോള്‍ സ്വാഭാവികമായും ഉടലെടുക്കുന്ന മാനക്കേടിനും
മനോവേദനയ്‌ക്കുമൊക്കെ നല്ലൊരു മറുമരുന്നാണ്‌ ഒരു പുതിയ ബന്ധം എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ ചലപ്പോള്‍ അപകടമാകാം.

ആധുനിക ജീവിതരീതിയുടെ ഭാഗമായി നമ്മള്‍തന്നെ ക്ഷണിച്ചുവരുത്തുന്ന രോഗമാണ്‌ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌.

സാധാരണ 40-45 വയസിനോടടുത്തവര്‍ക്കുണ്ടാകുന്ന ഒരു രോഗമായാണിത്‌. എന്നാല്‍ ഇന്ന്‌ ചെറുപ്പക്കാരിലും ഈ രോഗം കാണപ്പെടുന്നുണ്ട്‌.

ജീവിതശൈലിയിലെ മാറ്റങ്ങളാണ്‌ ഇതിന്‌ പ്രധാന കാരണം. ശരീരത്തിന്റെ എല്ലാ സന്ധിബന്ധങ്ങളുടെയും ഘടന ചലനസ്വാതന്ത്ര്യം ഉള്ള രീതിയിലാണ്‌.

അങ്ങനെ ചലനസ്വാതന്ത്ര്യമുള്ള ഭാഗങ്ങള്‍ ചലിപ്പിക്കാതെയും മറ്റും സ്‌ഥിരമായി വച്ചിരുന്നാല്‍ ജോയന്റുകള്‍ ഉറച്ച്‌ ചലനസ്വാതന്ത്ര്യം കുറയുന്നു. ജോയിന്റുകള്‍ മാത്രമല്ല പേശികള്‍ക്കുപോലും ഉങ്ങനെ സംഭവിക്കാം.

ഇവിടെ കഴുത്തിലെ കശേരുകള്‍ക്കാണീവിധം ചലനസ്വാതന്ത്ര്യം ഇല്ലാതാകുന്നത്‌. നട്ടെല്ലിന്റെ ആദ്യഭാഗമായ ഇവിടെ 7 കശേരുകളാണ്‌ ഉള്ളത്‌.

ഇവ തലയുടെ ഭാരം വഹിച്ച്‌ തലയെ സ്വതന്ത്രമായി ഉയര്‍ത്തിനിര്‍ത്തുന്നു. ഇതിനകത്തുകൂടെയാണ്‌ സ്‌പൈനല്‍കോഡ്‌ അല്ലെങ്കില്‍ സുഷുമ്‌നാഡി കടന്നുപോകുന്നത്‌.

ഈ അസ്‌ഥികളെ തമ്മില്‍ ബന്ധിപ്പിച്ച്‌ ഉറപ്പിച്ചുനിര്‍ത്തുന്നത്‌ ഡ്യൂ എന്ന ഭാഗമാണ്‌. ഇതിന്‌ സ്‌ഥാനഭ്രംശം ഉണ്ടാകുന്നതും മാര്‍ദ്ദവം നഷ്‌ടപ്പെട്ട്‌ കഠിനമായിത്തീരുന്നതും രോഗത്തെ ഗുരുതരമാക്കുന്നു.

അതിനോടൊപ്പം സുഷുപ്‌നാനാഡിക്കും അതില്‍നിന്നും വരുന്ന മറ്റു നാഡികള്‍ക്കും സമ്മര്‍ദ്ദം ഉണ്ടാകുകവഴി ക്ഷതംസംഭവിക്കുകയും ചെയ്യുന്നു. രക്‌തചംക്രമണം കുറയുകയും പേശികള്‍ക്ക്‌ പോഷണക്കുറവുണ്ടാവുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

മുകളില്‍ പറഞ്ഞ മാറ്റങ്ങളുടെ ഫലമായി പല അസ്വസ്‌ഥതകളും അനുഭവപ്പെടാം. കഴുത്ത്‌ അനക്കാനാവാതിരിക്കുക, കഴുത്തുവേദന ഉണ്ടാകുക, ആ വേദന തോള്‍ഭാഗത്തേക്കും കൈയിലേക്കും പടരുക, തലവേദന പ്രത്യേകിച്ചും തലയുടെ പുറകുഭാഗത്ത്‌, തലകറക്കം, ഛര്‍ദ്ദി, കാഴ്‌ചത്തകരാറുകള്‍ എന്നീ ലക്ഷണങ്ങളോടെ രോഗം പ്രകടമാകുന്നു.

തുടര്‍ന്ന്‌ മറ്റനേകം ലക്ഷണങ്ങള്‍ ഉണ്ടാകുകയും ദൈനംദിനജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു.

ഒരേ ഇരിപ്പിലിരുന്ന്‌ വളരെയധികം മണിക്കൂറുകള്‍ ജോലി ചെയ്യുക, (ഐ.ടി ഖേലയിലുള്ളവര്‍, അക്കണ്ടന്റുമാര്‍, തയ്യല്‍ജോലിക്കാര്‍ തുടങ്ങിയവര്‍ ഉദാഹരണം) മറ്റു പല രോഗങ്ങള്‍കൊണ്ടും അസ്‌ഥിതേയ്‌മാനം ഉണ്ടാകും.

ആഹാരത്തില്‍ക്കൂടി വേണ്ടവിധം സ്‌നിഗ്‌ദ്ധമായ സ്‌നേഹാംശം കിട്ടാതിരിക്കുക, ശരീരത്തിലും തലയിലും ചെവിയിലും എണ്ണ തേയ്‌ക്കാതിരിക്കുക, തലയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന സ്‌നേഹാംശത്തെ ഷാമ്പൂ, സോപ്പ്‌ എന്നിവ ഉപയോഗിച്ച്‌ ഇല്ലാതാക്കുക എന്നിവ ഈ രോഗത്തിന്റെചില കാരണങ്ങളാണ്‌.

മറ്റ്‌ കാരണങ്ങള്‍

ഇന്ന്‌ മനുഷ്യന്‍ സാമൂഹികജീവിതത്തില്‍നിന്നും ഉള്‍വലിഞ്ഞ്‌ സ്വന്തം വീട്ടിനകത്ത്‌ ടി.വി. കണ്ടും വായിച്ചും കഴിഞ്ഞുകൂടുന്നതുകൊണ്ട്‌ ശരീരചലനങ്ങളും കഴുത്തിന്റെ ചലനങ്ങളും വളരെ നിയന്ത്രിതമായിത്തീരുന്നു.

ഉദിച്ചുയരുന്ന സൂര്യനെയോ അസ്‌തമയസൂര്യനെയോ പൂര്‍ണചന്ദ്രനെയോ ചന്ദ്രക്കലകളെയോ നക്ഷത്രസമൂഹത്തെയോ വല്ലപ്പോഴുമെങ്കിലും നോക്കിക്കാണുന്നില്ല. കുനിഞ്ഞും ചരിഞ്ഞും മലര്‍ന്നും ഒന്നും നോക്കിക്കാണാന്‍വേണ്ടി മിനക്കെടുന്നുമില്ല.

വീട്ടമ്മമാര്‍പോലും നടുവും കഴുത്തും കുനിയാതെ വളയാതെ ഇരിക്കാന്‍വേണ്ടി അത്യാധുനിക സൗകര്യങ്ങള്‍ വീട്ടിലും അടുക്കളയിലും ഉണ്ടാക്കുന്നതും ഈ രോഗത്തിനെന്നപോലെ പലരോഗങ്ങള്‍ക്കും കാരണമാകുന്നു.

കുട്ടികള്‍ മുതല്‍ വലിയവര്‍വരെ ക്രിക്കറ്റും ഫുഡ്‌ബോളും ടി.വിയില്‍ കണ്ട്‌ ആവേശഭരിതരായി കൂകിവിളിക്കുന്നതല്ലാതെ പുറത്തിറങ്ങി ഒന്നു കളിച്ചുനോക്കാന്‍ തയാറാകുന്നില്ല.

ഇവയൊക്കെ രോഗകാരണങ്ങളില്‍ ചിലതുമാത്രം. ശരീരത്തെ ചലിപ്പിച്ച്‌ മെയ്‌വഴക്കം നേടുകയെന്നതാണ്‌ ഈ രോഗത്തിനും മറ്റുപല രോഗങ്ങള്‍ക്കുമുള്ള ചികിത്സയും പ്രതിവിധിയും.

ആഹാരത്തില്‍ ശ്രദ്ധിക്കുക

ആഹാരത്തില്‍ എല്ലാ രസങ്ങളും ഉള്‍പ്പെടുത്തണം. എണ്ണയും നെയ്യും മിതമായതോതില്‍ വേണം ഉള്‍പ്പെടുത്താന്‍. അമിതമായ ആഹാരം നിര്‍ബന്ധമായും ഒഴിവാക്കണം.

ആഹാരം മിതമായി കഴിച്ച്‌ മിതമായ വ്യായാമം ചെയ്‌താല്‍ ശരീരത്തിന്‌ ലാഘവം തോന്നുകയും ഉത്സാഹമുണ്ടാവുകയും ചെയ്യും.

അതുവഴി ഒരേസ്‌ഥലത്തിരുന്ന്‌ വായിക്കുക, ടി.വി. കാണുക എന്നിവയില്‍ താല്‍പ്പര്യം കുറയുകയും ശരീരം പ്രവര്‍ത്തനക്ഷമമാകുന്നു.

ചലനം കൂടുതല്‍ ആവശ്യമായ ജോലികളിലും കളികളിലും ഏര്‍പ്പെടാന്‍ ഇത്‌ സഹായിക്കുന്നു.

ഇങ്ങനെ സ്‌പോണ്ടിലോസിസ്‌ പോലുള്ള രോഗങ്ങളെ നമുക്ക്‌ സ്വയം പ്രതിരോധിക്കാവുന്നതാണ്‌.

രോഗത്തെ പ്രതിരോധിക്കാം

രോഗമുണ്ടായാലുടന്‍ ഔഷധചികിത്സയല്ല വേണ്ടത്‌. എന്തുകൊണ്ട്‌ രോഗമുണ്ടായി എന്നന്വേഷിച്ച്‌ കാരണം കണ്ടുപിടിച്ച്‌ ആ കാരണത്തെ ഒഴിവാക്കുകയെന്നാണ്‌ മുഖ്യം.

അതിനായി ചലനപ്രധാനമായ ജോലികളിലും കളികളിലും ഏര്‍പ്പെടണം.

സ്‌പോണ്ടിലോസിസ്‌ ചികിത്സയില്‍ എക്‌സര്‍സൈസ്‌ പ്രധാനമാണ്‌. എക്‌സര്‍സൈസിനൊപ്പം കഴുത്തിനും തോളിനും കൈകള്‍ക്കും ചലനം ഉണ്ടാക്കുന്ന ജോലികള്‍ ചെയ്യുക,

കൂടാതെ സമയാസമയങ്ങളില്‍ അത്യാവശ്യത്തിനു മാത്രം മിതമായി ആഹാരം കഴിക്കുക, അധികം പൊങ്ങിയതും തീരെ പൊക്കമില്ലാത്തതുമായ തലയണ ഉപയോഗിക്കുക,

പതിവായി ഒരേസമയത്ത്‌, കഴിവതും അതിരാവിലെ തലയില്‍ എണ്ണതേച്ച്‌ കുളിക്കുക, മലശോധന കൃത്യസമയത്തുണ്ടാകാന്‍ ശ്രദ്ധിക്കുക.

ഈ കാര്യങ്ങള്‍ ശീലമാക്കിയാല്‍ രോഗത്തെ പ്രതിരോധിക്കുകയും ചികിത്സ സുഗമമാക്കുകയും ചെയ്യാം.

ആയുര്‍വേദത്തിലൂടെ ശമനം

രോഗത്തിന്റെ തുടക്കം മുതല്‍ ഗുരുതരാവസ്‌ഥയില്‍വരെ ആയുര്‍വേദചികിത്സയിലൂടെ രോഗശമനം സാധ്യമാണ്‌.

രോഗം സ്‌പോണ്ടിലോസിസ്‌ ആണെങ്കിലും ഓരോ രോഗിയുടെയും പ്രകൃതി, ആകൃതി, വയസ്‌ തുടങ്ങിയ പത്തുകാര്യങ്ങള്‍ വിശദമായി പഠിച്ചശേഷമാണ്‌ ചികിത്സ നിശ്‌ചയിക്കുക.

അല്ലാതെ എല്ലാവര്‍ക്കും ഒരേ ചികിത്സ അല്ല. ശരീരത്തിലും തലയിലും വിവിധങ്ങളായ എണ്ണതേപ്പുരീതിയാണ്‌ ചികിത്സ. ‘നസ്യം’ എന്ന ഒരു ക്രിയാക്രമം (ഇത്‌ പഞ്ചകര്‍മ്മചികിത്സയിലെ അതിപ്രധാനമായ ഒന്നാണ്‌.) ഈ രോഗത്തില്‍ പ്രധാന ചികിത്സാക്രമമായി ചെയ്യുന്നു.

7 ദിവസത്തെ ചികിത്സയാണത്‌. നിഷ്‌ഠയോടെ പഥ്യക്രമത്തോടെ ചെയ്യ്‌താല്‍ മാത്രമേ ഇത്‌ ഫലപ്രദമാകുകയുള്ളൂ.

ശിരോപിയും, ശിരോധാര, തലപൊതിച്ചില്‍ എന്നിവ ചികിത്സാവിധികളില്‍ ചിലതാണ്‌. ഇവ രോഗിയുടെയും രോഗത്തിന്റെയും വിശദമായ പരിശോധനയ്‌ക്കുശേഷമാണ്‌ ഉപയോഗിക്കേണ്ട ഔഷധം തീരുമാനിക്കുന്നത്‌.

ക്ഷീരബല, ധാന്വന്തരം, വാതാശിനി, നാരായണതൈലം, അണുതൈലം, സുരസാദിനസ്യതൈലം എന്നിവ നസ്യത്തിനും മറ്റു ക്രിയാക്രമങ്ങള്‍ക്കും ഉപയോഗിക്കുന്നു.

സ്‌ഥിരമായി കഴുത്തിനും തോളിനും എണ്ണതേച്ച്‌ ചെറുതായി ചൂടുപിടിപ്പിക്കുന്നതും വേദനാശമനത്തിന്‌ ഹിതമാകുന്നു.

ധാന്വന്തരം കഷായം, ഗുല്‍ഗുലുതിക്‌തകഷായം, രാസ്‌നാദികഷായം എന്നിവ അവസ്‌ഥാനുസരണം രോഗികള്‍ക്ക്‌ നല്‍കിവരുന്നു.

ഗുല്‍ഗുലുതിക്‌തഘൃതം, ക്ഷീരബല ആവര്‍ത്തി, നാരായണതൈലം, ധാന്വന്തരം തൈലം ആവര്‍ത്തി എന്നിവകഷായത്തോടൊപ്പം മേമ്പൊടിയായും അല്ലാതെയും ചികിത്സയില്‍ ഉള്‍പ്പെടുത്താറുണ്ട്‌.

നസ്യം, പിഴിച്ചില്‍, ധാര എന്നീ ക്രമാക്രമങ്ങള്‍ ഉള്‍പ്പെട്ട ഒരു മാസത്തെ പ്രധാന ചികിത്സയ്‌ക്കുശേഷം ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി കഷായങ്ങള്‍, ഘൃതങ്ങള്‍ എന്നിവ കഴിക്കുകയും പ്രതിമശനസ്യം എന്ന ക്രിയാക്രമം തുടര്‍ച്ചയായി ചെയ്യുകയും ചെയ്യണം.

തലയില്‍ ഔഷധമിട്ടു കാച്ചിയ എണ്ണതേച്ചു കുളിക്കണം. കഴുത്തില്‍ സ്‌ഥിരമായി എണ്ണ തേയ്‌ക്കണം.

പരിഹാരത്തിന്‌ ഹോമിയോപ്പതി

ഹോമിയോപതിയില്‍ രോഗത്തെയല്ല, മറിച്ച്‌ രോഗിയെയാണ്‌ ചികിത്സിക്കുന്നത്‌. വ്യത്യസ്‌ത വ്യക്‌തിത്വം പുലര്‍ത്തുന്ന രോഗികളെ രോഗസംജ്‌ഞയുടെ അടിസ്‌ഥാനത്തിലല്ലാതെ വ്യക്‌തിത്വത്തെ അടിസ്‌ഥാനമാക്കിയുള്ള ശാസ്‌ത്രീയ ചികിത്സാരീതിയാണ്‌ ഹോമിയോപതി അവലംബിച്ചിരിക്കുന്നത്‌.

രോഗിയെ ഒരു മനുഷ്യനായി കണ്ടുകൊണ്ടുള്ള സമഗ്രദര്‍ശനത്തിലധിഷ്‌ഠിതമായ ചികിത്സയാണ്‌ ഹോമിയോപ്പതി. ഒരു ഹോമിയോപ്പതി ഡോക്‌ടറെ സംബന്ധിച്ചിടത്തോളം രോഗം എന്തായാലും രോഗിയുടെ വ്യക്‌തിത്വത്തെ അടിസ്‌ഥാനമാക്കിയേ ഔഷധം നിര്‍ണയിക്കാനാവുകയുള്ളു.

വ്യക്‌തി പ്രകടിപ്പിക്കുന്ന മാനസികവും വൈകാരികവും ശാരീരികവുമായ ലക്ഷണങ്ങളുടെ സമഗ്രത കണക്കിലെടുത്താണ്‌ വ്യക്‌തിത്വം നിര്‍ണയിക്കുന്നത്‌. ഹോമിയോപ്പതിയില്‍ ഓരോ രോഗത്തിനും രോഗിയുടെ ആത്മീയവും ശാരീരികവുമായ ലക്ഷണങ്ങള്‍ കണക്കിലെടുക്കുന്നു. അത്‌ ഓരോ വ്യക്‌തിയിലും വ്യത്യസ്‌തമായി കണ്ടുവരുന്നു.

രോഗിയെ അറിഞ്ഞ്‌ ചികിത്സ

ഹോമിയോപതിയില്‍ രോഗത്തെയല്ല, മറിച്ച്‌ രോഗിയെയാണ്‌ ചികിത്സിക്കുന്നത്‌. വ്യത്യസ്‌ത വ്യക്‌തിത്വം പുലര്‍ത്തുന്ന രോഗികളെ രോഗസംജ്‌ഞയുടെ അടിസ്‌ഥാനത്തിലല്ലാതെ വ്യക്‌തിത്വത്തെ അടിസ്‌ഥാനമാക്കിയുള്ള ശാസ്‌ത്രീയ ചികിത്സാരീതിയാണ്‌ ഹോമിയോപതി അവലംബിച്ചിരിക്കുന്നത്‌.

രോഗിയില്‍ പ്രകടമാകുന്ന ശാരീരികവും മാനസികവുമായ സര്‍വലക്ഷണങ്ങളെയും സൂചനകളെയും നിരീക്ഷണങ്ങളെയും കണക്കിലെടുത്തുകൊണ്ടാണ്‌ ഔഷധം നിര്‍ണയിക്കുന്നത്‌.

രോഗിയുടെ സ്വഭാവരീതികള്‍, ഇഷ്‌ടാനിഷ്‌ടങ്ങള്‍ ആഹാരത്തിലെ പ്രത്യേകതകള്‍, പരിസ്‌ഥിതിയിലെ വിവിധ ഘടകങ്ങളുമായുള്ള പ്രതികരണങ്ങള്‍, രോഗിയുടെ മുന്‍കാല ചരിത്രം, പാരമ്പര്യരോഗങ്ങള്‍, ജീവിത രീതികള്‍, ജോലിയുടെ പ്രകൃതവും സാഹചര്യവും തുടങ്ങിയവയെല്ലാം രോഗചികിത്സയ്‌ക്ക് വിവരിച്ചറിയേണ്ടതായുണ്ട്‌.

പുരുഷവന്ധ്യതാ ചികിത്സ

വന്ധ്യതാ ചികിത്സയിലും മുകളില്‍ പറഞ്ഞ തത്വം അവലംബിച്ചുള്ളതാണ്‌. ഇതിലൂടെ വളരെ പഴകിയതും ബുദ്ധിമുട്ടുള്ളതുമായ വന്ധ്യതയ്‌ക്ക് പരിഹാരം കാണുവാന്‍ കഴിയും.

പുരുഷ വന്ധ്യതയ്‌ക്കുള്ള പ്രധാന കാരണങ്ങള്‍ വൃഷണങ്ങളില്‍ ബീജ സൃഷ്‌ടി നടക്കാതിരിക്കുക, ശുക്ലത്തില്‍ സജീവവും ചലനക്ഷമവുമായ ബീജങ്ങളുടെ എണ്ണം കുറവായിരിക്കുക, യോനിയില്‍ ശുക്ലം നിക്ഷേപിക്കുവാനുള്ള കഴിവ്‌ നഷ്‌ടമാവുക, അധിവൃഷ്‌ണികയോ, ബീജനാളിയോ അടഞ്ഞിരിക്കുക തുടങ്ങിയവയാണ്‌.

ജീവിത രീതികള്‍, അണുബാധ, പുകവലി, മദ്യപാനം, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം, ജനനേന്ദ്രിയങ്ങളില്‍ നടത്തുന്ന ശസ്‌ത്രക്രിയ, വൃഷണങ്ങളില്‍ കാണുന്ന വേരിക്കോസിന്‍ രോഗം തുടങ്ങിയവയെല്ലാം ബീജസൃഷ്‌ടിയെ പ്രതികൂലമായി ബാധിക്കുന്നു.

കൂടാതെ പ്രമേഹം, തുടരെയുള്ള ശ്വാസകോശരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, മുണ്ടിനീര്‌, ബീജവാഹിനിക്കുഴലിലെ തടസങ്ങളും വൈകല്യങ്ങളും പുരുഷ ഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്‌റ്റിറോണിന്റെ അളവ്‌ കുറഞ്ഞുവരിക, പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ കാണുന്ന മുഴ തുടങ്ങിയവയും പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകുന്നുണ്ട്‌.

ലിംഗത്തിന്റെ ഉദ്ധാരണക്കുറവ്‌, ഗൊണോറിയ, പ്രോസ്‌റ്റെയ്‌റ്റ്ഗ്രന്ഥിക്കു നടത്തുന്ന ശസ്‌ത്രക്രിയ തുടങ്ങിയവ ശുക്ലം ശരിയായ രീതിയില്‍ യോനിയില്‍ നിക്ഷേപിക്കുന്നതിന്‌ തടസം നില്‍ക്കുന്നു. ഇതും പുരുഷവന്ധ്യതയ്‌ക്ക് കാരണമാകുന്നു.

ഔഷധങ്ങളും ജീവിതക്രമവും

ചികിത്സയുടെ ഭാഗമായി ലൈംഗികതയെക്കുറിച്ചുള്ള ശരിയായ പാഠങ്ങള്‍ ദമ്പതികള്‍ക്കു നല്‍കണം. എങ്കില്‍ മാത്രമേ ലൈംഗികതയെക്കുറിച്ചുള്ള അജ്‌ഞതയും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കുവാന്‍ കഴിയുകയുള്ളു.

ആര്‍ത്തവചക്രത്തില്‍ 11 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ സംഭോഗത്തില്‍ ഏര്‍പ്പെടണം. അണ്ഡോല്‍പാദനം ഈ ദിവസങ്ങളിലാണ്‌ നടക്കുന്നത്‌.

ശുക്ലത്തിലെ ബീജങ്ങളുടെ കുറവിനും ഉദ്ധാരണക്കുറവിനും വളരെ ഫലപ്രദമായ ഔഷധങ്ങളാണ്‌ ഹോമിയോപ്പതിയിലുള്ളത്‌. ബീജങ്ങളുടെ എണ്ണം കൂട്ടുന്നതിന്‌ ഡാമിയാന എന്ന മരുന്നിന്റെ മാതൃസത്തിന്‌ കഴിയുന്നു. ഇത്‌ ഒരു പ്രത്യേക ഔഷധമായിതന്നെ നല്‍കാവുന്നതാണ്‌.

കൂടാതെ ലൈക്കോ പോഡിയം, ആഗ്നസ്‌, സെലീനിയം, അര്‍ജെന്റം നൈട്രിക്കം, കലേഡിയം, ഫോസ്‌ഫറസ്‌, ടൈറ്റാനിയം, നക്‌സ് വോമിക്ക തുടങ്ങിയ ഔഷധങ്ങളും പുരുഷ വന്ധ്യതയ്‌ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.

വൃഷണങ്ങളില്‍ കാണുന്ന വെരിക്കോസീലിന്‌ ഹേമാമിലിസ്‌, ആര്‍ണിക്ക, പള്‍സാറ്റില, ഫ്‌ളൂറിക്‌ ആസിഡ്‌ തുടങ്ങിയ ഔഷധങ്ങള്‍ ഉപയോഗിക്കുന്നു.

ഈ ഔഷധങ്ങളുടെ തിരഞ്ഞെടുപ്പ്‌ ഹോമിയോപ്പതി തത്വങ്ങളെ അടിസ്‌ഥാനമാക്കി വേണമെന്നുമാത്രം. ശരിയായ രീതിയിലുള്ള ജീവിതരീതി, ശരിയായ രീതിയില്‍ തിരഞ്ഞെടുത്ത ഹോമിയോപ്പതി ഔഷധം ഇവ രണ്ടും ഒത്തുചേര്‍ന്നാല്‍ ഹോമിയോപ്പതി ചികിത്സയിലൂടെ പുരുഷ വന്ധ്യത പരിപൂര്‍ണമായി ഇല്ലാതാക്കുവാന്‍ കഴിയും.

സ്‌ത്രീകളിലെ ഹൃദ്രോഗം ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍

തെറ്റായ ജീവിത ശൈലി തന്നെയാണ്‌ ഈ വര്‍ധനവിന്‌ കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌. എന്നാല്‍ ജീവിചര്യകളിലെ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗം മൂലമുള്ള അപകടം സ്‌ത്രീകളില്‍ ഗണ്യമായി കുറയ്‌ക്കാന്‍ സാധിക്കും.

സ്‌ത്രീകളില്‍ ഹൃദ്രോഗം വര്‍ധിച്ചു വരികയാണ്‌. ഹാര്‍ട്ടറ്റാക്ക്‌ മൂലം മരണമടയുന്ന സ്‌ത്രീകളുടെ എണ്ണം പെരുകുന്നു. തെറ്റായ ജീവിത ശൈലി തന്നെയാണ്‌ ഈ വര്‍ധനവിന്‌ കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

എന്നാല്‍ ജീവിചര്യകളിലെ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗം മൂലമുള്ള അപകടം സ്‌ത്രീകളില്‍ ഗണ്യമായി കുറയ്‌ക്കാന്‍ സാധിക്കും.

ഹൃദയം അറിഞ്ഞ്‌ ഭക്ഷണം

പണ്ടൊക്കെ മാംസഭക്ഷണവും വിശിഷ്‌ടവിഭവങ്ങളും വല്ലപ്പോഴുമൊക്കെയുള്ള സന്തോഷങ്ങളായിരുന്നു, പ്രത്യേകിച്്‌ സ്‌ചത്രീകള്‍ക്ക്‌. പച്ചക്കറി വിഭവങ്ങളായിരുന്നു വീടുകളില്‍ ഏറെയും ഉപയോഗിച്ചിരുന്നത്‌.

പെട്ടെന്നാണ്‌ ആരോഗ്യകരമായ ആ ഭക്ഷണക്രമം മാറിയത്‌. ചൈനീസ്‌ വിഭവങ്ങളും ബര്‍ഗറും പിസയുമെല്ലാം നമ്മുടെ രുചിമുകുളങ്ങളെ കീഴടക്കിയത്‌.

ജോലിക്കാരായ സ്‌ത്രീകള്‍ ഏറെയും ഇങ്ങനെയുള്ള ഭക്ഷണങ്ങളെ ആശ്രയിച്ചു തുടങ്ങിയതും മാംസഭക്ഷണത്തിന്റേയും എണ്ണയില്‍ വറുത്തെടുത്ത വിഭവങ്ങളുടെയും ഉപയോഗം കൂടിയതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.

ഹോട്ടല്‍ വിഭവങ്ങള്‍ പലതും എണ്ണയില്‍ ആവര്‍ത്തിച്ചു പാകം ചെയ്യുന്നവയും സ്വാദിനായി കൃത്രിമ പദാര്‍ഥങ്ങള്‍ ചേര്‍ത്തവയുമായിരിക്കും.

ഉപ്പിന്റെ അളവും അവയില്‍ വളരെ കൂടുതലായിരിക്കം. വ്യായാമം ഒട്ടുമില്ലാത്ത ജീവിതവും ഈ ഭക്ഷണരീതികളും സ്‌ത്രീകളിലെ ഹൃദ്‌രോഗികളുടെ എണ്ണം ഉയരുന്നതിന്‌ കാരണമാകുന്നുവെന്ന്‌ ഡോക്‌ടര്‍മാര്‍ നിരീക്ഷിക്കുന്നു.

ഭക്ഷണനിയന്ത്രണം വേണം

കൊളസ്‌ട്രോളാണ്‌ മുഖ്യമായും ഒരാളെ ഹൃദ്രോഗത്തിലേക്കു കൊണ്ടുപോകുന്ന വില്ലന്‍. ആര്‍ത്തവവിരാമംവരെ സ്‌ത്രീകളുടെ ഹൃദയത്തെ ഈസ്‌ട്രജന്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനാല്‍ പുരുഷന്മാരേക്കാള്‍ അപകടസാധ്യത കുറവാണെങ്കിലും ഈസ്‌ട്രജന്റെ ഉല്‌പാദനം കുറയുന്നതിനനുസരിച്ച്‌ ഹൃദ്രോഗസാധ്യതയും വര്‍ധിക്കാം.

അതിനാല്‍ ഭക്ഷണനിയന്ത്രണവും മറ്റു കാര്യങ്ങളും അല്‌പം നേരത്തെയാക്കുന്നത്‌ എന്തുകൊണ്ടും നന്നാണ്‌. അങ്ങനെയുള്ള ഭക്ഷണനിയന്ത്രണത്തിലൂടെ കൊളസ്‌ട്രോള്‍ തടയുക മാത്രമല്ല, രക്‌തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിനും കഴിയും.

പൂരിത കൊഴുപ്പാണ്‌ (എല്‍.ഡി.എല്‍) ഹൃദ്‌രോഗത്തിന്‌ മുഖ്യകാരണം. അതിനാല്‍ എല്‍.ഡി.എല്‍ താരതമ്യേന കുറഞ്ഞ ഭക്ഷണവിഭവങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഒരു പ്രത്യേക ശ്രദ്ധകൊടുക്കുന്നതു നന്നാണ്‌.

ഇറച്ചി, മുട്ട,പാല്‍ എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും അതില്‍ ധാരാളമായി കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്‌. ഇവ സ്‌ഥിരം കഴിക്കുന്നത്‌ നല്ലതല്ല. കഴിക്കുമ്പോള്‍ പാല്‍പ്പാട മാറ്റിയും ഇറച്ചി തൊലി കളഞ്ഞും എടുക്കാന്‍ ശ്രദ്ധിക്കണം.

മാംസത്തിലേതിനേക്കാള്‍ നല്ല പ്രോട്ടീനും അമ്ലങ്ങളും മത്സ്യത്തിലടങ്ങിയിരിക്കുന്നു. അയല, മത്തി, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങളില്‍ ഹൃദയത്തിന്‌ ആരോഗ്യം പകരുന്ന ഒമേഗ- 3 എന്ന അമ്ലം ധാരാളമടങ്ങിയിരിക്കുന്നു.

ഈ അമ്ലം രക്‌തത്തിലെ ൈട്രഗ്ലിസൈറുകളെ കുറയ്‌ക്കുകയും ഹൃദ്രോഗം വന്ന്‌ പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍

ബീന്‍സ്‌, പയറുവര്‍ഗങ്ങള്‍, പരിപ്പിനങ്ങള്‍ എന്നിവയില്‍ ധാരാളം പ്രോട്ടീനടങ്ങിയിട്ടുണ്ട്‌. സൊയാബീന്‍സ്‌ മാംസത്തിനു പകരമായി ഉപയോഗിക്കാവുന്നതും ഹൃദ്രോഗം തടയാന്‍ കഴിവുള്ളതുമാണ്‌. വിറ്റാമിനുകളും ധാതുക്കളും കൊണ്ട്‌ സമ്പുഷ്‌ടമാണ്‌ പഴങ്ങളും പച്ചക്കറികളും.

ഹൃദ്രോഗത്തെ തടയാന്‍ ശേഷിയുള്ള ഫൈറ്റോ കെമിക്കല്‍സ്‌ എന്ന്‌ വിശേഷിപ്പിക്കുന്ന പോഷകവും പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്‌. ഫൈബര്‍ ഇവയില്‍ ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ അമ്ല വര്‍ധനവ്‌ തടയാനും സഹായിക്കുന്നു.

ആഹാരസാധനങ്ങള്‍ പാചകം ചെയ്യുമ്പോള്‍ വെളിചെ്െണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഒലിവോയിലോ, കനോള ഓയിലോ ആണ്‌ പാകം ചെയ്യാനുത്തമം. വെണ്ണ, മാര്‍ജരിന്‍, കൊക്കോയെണ്ണ, ബേക്കണ്‍, പാമോയില്‍, തുടങ്ങിയവയുടെ ഉപയോഗം വളരെ കുറയ്‌ക്കേണ്ടതുണ്ട്‌.

ആവര്‍ത്തിച്ചു ചൂടാക്കിയ എണ്ണയില്‍ പാകം ചെയ്‌തു കഴിക്കുന്നതും ശരിയായ രീതിയല്ല. കഴിവതും വീട്ടില്‍തന്നെ പാകം ചെയ്‌തു കഴിക്കുന്നതാവും ഉത്തമം. ഉപ്പും മധുരവും സാധാരണയില്‍ കുറച്ചു ശീലിക്കുക. ഫാസ്‌റ്റ്ഫുഡ്‌ ഒഴിവാക്കുക.

വ്യായാമം പതിവാക്കുക

മുറ്റമടിച്ചും വെള്ളം കോരിയും വസ്‌ത്രങ്ങള്‍ അലക്കിയും പാത്രം കഴുകിയുമെല്ലാം നിന്നുതിരിയാന്‍ നേരമില്ലാതിരുന്ന വീട്ടമ്മമാരുടെ കാലം കഴിഞ്ഞു. ഇന്ന്‌ വീട്ടുജോലി ചെയ്യാന്‍ വേലക്കാര്‍. പാചകം ചെയ്യാന്‍ ഏറ്റവും എളുപ്പവഴികള്‍.

ഇനി വീട്ടമ്മ ഉദ്യോഗസ്‌ഥയാണെങ്കിലോ ഓഫീസില്‍ പോയി വരുന്നതിന്‌ വാഹനം. നിങ്ങള്‍ ഒരു കിലോമീറ്റര്‍ നടന്നിട്ടെത്ര നാളായി എന്നു ചോദിച്ചാല്‍ പലര്‍ക്കും അങ്ങനെ ഒരോര്‍മ്മയേ കാണില്ല.

വീടിനുള്ളിലേയും ഓഫീസിലേയും തീരെചെ്െറിയ നടത്തങ്ങള്‍ക്കപ്പുറം യാതൊരു വ്യായാമവുമില്ലാതെ ജീവിക്കുന്നവരാണ്‌ സ്‌ത്രീകളിലേറെയും.

വ്യായാമം ചെയ്യുകയും വിയര്‍ക്കുകയും ചെയ്യുമ്പോള്‍ മസിലുകളില്‍നിന്നും എന്‍സൈമുകളും പ്രോട്ടീനുകളും ശരീരത്തിലേക്ക്‌ പ്രവേശിക്കുകയും അവിടെ ശരിയായ വളര്‍ച്ചയ്‌ക്ക് സഹായകമായ ഒരു പ്രതിപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.

സിറ്റോക്കിന്‍സ്‌ എന്നു വിളിക്കുന്ന ഈ പ്രോട്ടീനുകളുടെ പ്രവര്‍ത്തനം രക്‌തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നു. സിറ്റോക്കിന്‍സുകളെ പ്രവര്‍ത്തന നിരതമാക്കുന്നതിന്‌ എയ്‌റോബിക്‌ എക്‌സ്ര്‍സൈസുകള്‍ ഏറെ സഹായകമാണ്‌.

വെയിറ്റ്‌ലിഫ്‌റ്റിംഗ്‌ വേണ്ട

ശരീരം മുഴുവനായി ഉള്‍പ്പെടുന്ന വ്യായാമങ്ങളാണ്‌ സ്‌ത്രീകള്‍ക്കു നല്ലത്‌. നടപ്പ്‌, നീന്തല്‍, സൈക്കിള്‍ചവിട്ട്‌, ജോഗിങ്‌ എന്നിവയാണുത്തമം. ദിവസേന മുപ്പതുമുതല്‍ 45 മിനിട്ടുവരെ തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നത്‌ ഹൃദ്‌രോഗസാധ്യതയെ വളരെ കുറയ്‌ക്കുന്നു.

വെയ്‌റ്റ്ലിഫ്‌റ്റിംഗ്‌ പോലുള്ള വ്യായാമങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ നല്ലതല്ല. സ്‌ത്രീകളുടെ ഹൃദയധമനികള്‍ പുരുഷന്മാരുടേതിനേക്കാ ള്‍ ചെറുതാണ്‌. തുടര്‍ച്ചയായി എക്‌സര്‍സൈസ്‌ ചെയ്യുന്നതുവഴി ധമനികളിലൂടെയുള്ള രക്‌തപ്രവാഹം കൂടുതല്‍ സുഗമമാക്കുന്നതിനും അപകടകരമായ ഹൃദ്രോഗങ്ങളില്‍നിന്നും അകന്നുനില്‍ക്കാനും കഴിയുന്നു.

മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക

സ്‌ത്രീകള്‍ വൈകാരിക പിരിമുറുക്കത്തില്‍ വീണിരിക്കുന്ന കാലമാണിത്‌. ഓഫീസിലായാലും വീട്ടിലായാലും യാത്രാവേളകളിലായാലും സ്‌ത്രീകളുടെ പിരിമുറുക്കങ്ങള്‍ക്ക്‌ യാതൊരു അയവുമില്ല. പുരുഷന്മാരേക്കാള്‍ ഏതു കാര്യത്തിലും ഉത്‌കണ്‌ഠാകുലരുമാണ്‌ സ്‌ത്രീകള്‍.

ദേഷ്യം, ഭയം, നിരാശ തുടങ്ങിയ വികാരങ്ങളിലേക്ക്‌ പെട്ടെന്ന്‌ വഴുതി വീഴുന്നതും വേദനിക്കുന്നതുമെല്ലാം സ്‌ ത്രീകളാണ്‌. ഇങ്ങനെ വിവിധ പിരിമുറുക്കങ്ങളില്‍പെട്ടു പോകുമ്പോ ള്‍ ശരീരത്തില്‍ ജൈവപരമായ പല രാസപരിണാമങ്ങളും സംഭവിക്കുന്നു.

വൈകാരികമായ പിരിമുറുക്കങ്ങളിലേക്കു പെട്ടെന്നു വീണുപോകുന്നവരാണു സ്‌ത്രീകള്‍. തുടര്‍ച്ചയായി പിരിമുറുക്കങ്ങള്‍ക്കും വൈകാരികക്ഷോഭങ്ങള്‍ക്കും അടിപ്പെടുന്ന സ്‌ത്രീകള്‍ അവരുടെ ഹൃദയത്തെ ക്ഷീണിപ്പിക്കുകയും തകരാറിലാക്കുകയുമാണെന്ന കാര്യം ഓര്‍ക്കുക.

പിരിമുറുക്കമുണ്ടാകുന്ന അവസരത്തില്‍ ശരീരത്തിലെ എന്‍സോൈക്രന്‍ ഗ്ലാന്റുകള്‍ കൂടുതല്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇതിന്റെ ഫലമായി അഡ്രിനാലിന്‍, നോല്‍ഡ്രനാലില്‍, ഹിസ്‌റ്റമിന്‍, സിറോട്ടോണിന്‍ തുടങ്ങിയ സുപ്രധാന ഹോര്‍മ്മോണുകള്‍ അമിതമായി ശരീരത്തിലേക്ക്‌ പ്രവഹിക്കുന്നു.

ഇത്‌ രക്‌തധമനികള്‍ സങ്കോചിക്കാനിടയാക്കുകയും രക്‌തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദയപേശികളിലേക്കുള്ള രക്‌തപ്രവാഹം കുറയുമ്പോള്‍ നെഞ്ചു വേദനയോ ഹൃദയാഘാതമോ ഉണ്ടാകാനിടയാകുന്നു.

പിരിമുറുക്കമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ റിലാക്‌സേഷന്‍ രീതികള്‍ സ്വീകരിക്കാം. ഒന്നുമുതല്‍ പത്തുവരെ എണ്ണുക, കണ്ണടച്ച്‌ ശ്വാസോച്‌ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പാട്ടു കേള്‍ക്കുക എന്നിവയൊക്കെ ഫലം ചെയ്യും.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate