অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ ശീലങ്ങള്‍

ചോക്ലേറ്റിലെ പഞ്ചസാര അല്‍പ്പം ഭീകരനാണെങ്കിലും ഉന്മേഷം പ്രദാനം ചെയ്യുന്നതിലും മറ്റ് പല ഗുണങ്ങളിലും ഡാര്‍ക്ക് ചോക്ലേറ്റ് മുന്‍പന്തിയിലാണ്.

ചോക്ലേറ്റ് എന്നു കേട്ടാല്‍ നാവില്‍ വെള്ളമൂറാത്തവരായി ആരുണ്ട്. വയസ്സ് എത്ര കൂടിയാലും ആളുകള്‍ക്ക് ചോക്ലേറ്റുകളോടുള്ള ഭ്രമം കുറയില്ല. ആരോഗ്യത്തിന് ഹാനികരമാണെന്ന് കാണിച്ച് ചോക്ലേറ്റ് കഴിക്കുന്നത് മനസ്സില്ലാ മനസ്സോടെ അവസാനിപ്പിച്ചവര്‍ പോലുമുണ്ട്. എന്നാല്‍ ചോക്ലേറ്റിനും ചില ഗുണങ്ങളുണ്ടെന്ന് എത്ര പേര്‍ക്കറിയാം? ഗുണമേന്മയുള്ള ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇനിയുമുണ്ട് ഗുണങ്ങള്‍. ഇതാ ഡാര്‍ക്ക് ചോക്ലേറ്റിന്റെ നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങള്‍.

ഇരുമ്പിനായി ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഇരുമ്പിന്റെ അംശം ധാരാള അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലി ഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. സാധാരണ ചോക്ലേറ്റില്‍ ഇത് 2.4 മില്ലിഗ്രാം ആണെന്നിരിക്കെയാണ് ഈ കണക്ക്.

ചോക്ലേറ്റിലെ പോഷകഗുണങ്ങള്‍

ശരീരത്തിന് പോഷകാശം നല്‍കുന്ന ഘടകങ്ങള്‍ ചോക്ലേറ്റിലുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 70-80 ശതമാനം വരെയാണ്. 11 ഗ്രാം ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ധാധുക്കളുടെ വലിയ അളവിലുള്ള സാന്നിധ്യവും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. 600 ആണ് 100 ഗ്രാം ചോക്ലേറ്റിലെ കലോറിയുടെ അളവ്. എന്നാല്‍ പഞ്ചാസാരയുടെ അളവും ഇതിന് അനുസൃതമായി ഉണ്ടെന്നോര്‍ക്കുക.

ആന്റി ഓക്‌സിഡന്റ്‌സും ഡാര്‍ക്ക് ചോക്ലേറ്റും

ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സൈഡുകളെ സജീവമാക്കുന്നതിനായുള്ള പാള്‍ഫീനോല്‍സ്, ഫ്‌ളവനോള്‍സ്, കാറ്റെഞ്ചിന്‍ എന്നീ ഘടകങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതു വഴി ശരീരത്തിലെ ആന്റി ഓക്‌സൈഡ് ഘടകങ്ങളെ ജൈവീകമായി സജീവമാക്കാന്‍ ഈ ഘടകങ്ങള്‍ക്ക് സാധിക്കും.

രക്തയോട്ടം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്താക്കുന്നത്.  ശരീരത്തില്‍ നൈട്രിക് ഓക്‌സൈഡുകളെ ഉത്പാദിപ്പിക്കുന്നതിനെ ത്വരിതപ്പെടുത്താന്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് സാധിക്കും. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന് ഡാര്‍ക്ക് ചോക്ലേറ്റ്

ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കുളള സാധ്യത കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിനു സാധിക്കുമെന്നാണ് പഠനങ്ങള്‍. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ശരീരത്തിലെ ആന്റി ഓക്‌സൈഡികള്‍ സജീവമാകുന്നു. രക്തധമനികളിലേക്ക് കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതിനെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

സൂര്യനില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും ഡാര്‍ക്ക് ചോക്ലേറ്റ്

സൂര്യ രശ്മികള്‍ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ ഡാര്‍ക്ക് ചോക്ലേറ്റിലൂടെ സാധിക്കുമെന്നാണ് മറ്റൊരു പഠനം. ചോക്ലേറ്റിലെ ബയോ ആക്ടീവ് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ചോക്ലേറ്റിലെ ഫ്‌ളവനോള്‍സുകള്‍ക്ക് രക്തയോട്ടത്തെ വര്‍ധിപ്പിച്ച് നിര്‍ജ്ജലീകരണത്തെ തടയാന്‍ സാധിക്കും. യു.വി കിരണങ്ങളെ തടയാനും ഡാര്‍ക്ക് ചോക്ലേറ്റിലെ ഘടകങ്ങള്‍ക്ക് സാധിക്കുമെന്നാണ് പരീക്ഷണത്തിലൂടെ വ്യക്തമായത്.

ഡാര്‍ക്ക് ചോക്ലേറ്റിനു കഴിയും തലച്ചോറിനെ ഉദ്ദീപിക്കാന്‍

ഡാര്‍ക്ക് ചോക്ലേറ്റിലെ ഘടകങ്ങള്‍ക്ക് തലച്ചോറിലെ രക്തചംഗ്രമണത്തെ വര്‍ധിപ്പിക്കാന്‍ കഴിയും. രക്തയോട്ടം വര്‍ധിക്കുന്നതു വഴി ഉന്മേഷത്തോടെയിരിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് നിങ്ങളെ സഹായിക്കും. കൊക്കോയിലടങ്ങിയിരിക്കുന്ന കാഫിന്‍, തിയോബ്രോമിന്‍ തുടങ്ങിയ ഘടകങ്ങളാണ് ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുന്നത്.

സൗന്ദര്യം വര്‍ധിപ്പിക്കാനും ചോക്ലേറ്റ്

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും നല്‍കുന്ന ചോക്ലേറ്റ് മസാജിംഗ്.  ചര്‍മ്മം ഡ്രൈ ആവുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിനു കഴിയും.

ചോക്ലേറ്റിന്റെ ഗുണങ്ങള്‍ക്കൊപ്പം അവയ്ക്ക് ചില ദോഷവശങ്ങളുമുണ്ട്.ചോക്ലേറ്റിലെ പഞ്ചസാരയുടെ അളവ് ശരീരത്തിലെ ദോഷകരമായി ബാധിച്ചേക്കും.അളവില്‍ കൂടുതല്‍ ചോക്ലേറ്റ് ശീലമാക്കുന്നത് പല്ലിന്റെ ബലക്ഷയത്തിനും ഇടവരുത്തും. മാര്‍ക്കറ്റില്‍ നിന്നും ചോക്ലേറ്റ് വാങ്ങുമ്പോള്‍ ഗുണമേന്മയുള്ള ഉത്പന്നം തന്നെ നോക്കി വാങ്ങാനും ശ്രമിക്കണം.

ഡയറിയെഴുത്തും മാനസികാരോഗ്യവും തമ്മിലെന്ത്?

നിങ്ങളിപ്പോൾ അനുഭവിക്കുന്ന സങ്കടത്തിന്റെയും വിഷാദത്തിന്റെയുമൊക്കെ പ്രധാന കാരണങ്ങളിലൊന്ന് അതുതന്നെയാണ്!

നിങ്ങൾ പതിവായി ഡയറി എഴുതാറുണ്ടോ? ഓരോ ദിവസത്തെയും പ്രധാനപ്പെട്ട കാര്യങ്ങൾ- അതെത്ര വലുതോ ചെറുതോ ആവട്ടെ- ഓർമ്മയിൽ നിന്ന് ഡയറിയിലേക്ക് പകർത്താറുണ്ടോ? മനസ്സിലെ ചിന്തകൾ- സന്തോഷമോ സങ്കടമോ നിരാശയോ എന്തായാലും- വാക്കുകളിലാക്കി ഡയറിയിൽ കുറിക്കാറുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ ഒരു കാര്യം അറിഞ്ഞോളൂ,നിങ്ങളിപ്പോൾ അനുഭവിക്കുന്ന സങ്കടത്തിന്റെയും വിഷാദത്തിന്റെയുമൊക്കെ പ്രധാന കാരണങ്ങളിലൊന്ന് അതുതന്നെയാണ്!

ഡയറിയെഴുത്തും മാനസികാരോഗ്യവും തമ്മിലെന്ത് ബന്ധം എന്ന് ചോദിക്കാത്തവർ വിരളമാണ്. വിഷാദവും ഉത്കണ്ഠയും ദൈനംദിന ജീവിതത്തിൽ വില്ലനാവുമ്പോൾ ചികിത്സ തേടിയെത്തുന്നവരോട് ആദ്യഘട്ടത്തിൽ മാനസികാരോഗ്യവിദഗ്ധർ പറയാറുണ്ട് ഡയറിയെഴുത്ത് ശീലമാക്കണമെന്ന്. വെബ്സൈറ്റുകൾ തോറും കയറിയിറങ്ങി മാനസികസംഘർഷത്തിന് പരിഹാരം എന്തുണ്ട് എന്ന് അന്വേഷിക്കുന്നവരുടെ കണ്ണുകളുടക്കാറുള്ളതും ഡയറിയെഴുത്ത് ശീലമാക്കൂ എന്ന നിർദേശത്തിൽ തന്നെ.

എന്തിന് ഡയറിയെഴുതണം

മാനസികാരോഗ്യം നിലനിർത്താൻ എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്തരം. ഡയറിയെഴുതുന്നതിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് നോക്കൂ...

മനസ്സ്നിറഞ്ഞ സന്തോഷം എന്ന് പറയാറില്ലേ. എങ്ങനെയാണ് മനസ്സ് നിറഞ്ഞാൽ സന്തോഷമുണ്ടാവുക. നല്ലതിനെക്കുറിച്ച് മാത്രം ഓർമ്മിക്കാനും പ്രതീക്ഷിക്കാനും കഴിഞ്ഞാലാണ് അങ്ങനെയൊരവസ്ഥയിൽ നമുക്കെത്താനാവുക. എന്നാൽ പ്രശ്നങ്ങളും സങ്കടങ്ങളും ഇല്ലാത്ത മനുഷ്യരുണ്ടോ. അപ്പോൾ പിന്നെ എങ്ങനെയാണ് അത് സാധ്യമാകുക. കഴിഞ്ഞ കാലത്തെ മോശം അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മനസ്സിൽ കൊണ്ട് നടക്കുമ്പോഴാണ് വിഷമങ്ങൾ നമ്മെ വിടാതെ പിന്തുടരുക. അത്തരം ചിന്തകളെയൊക്കെ കടലാസ്സിലേക്ക് പകർത്തി മനസ്സിൽ നിന്നങ്ങ് ഒഴിവാക്കൂ. എഴുതിക്കഴിയുമ്പോൾ മനസ്സിലാവും ഇതൊന്നും അത്ര വലിയ പ്രശ്നങ്ങളേ അല്ലെന്ന്. ഓരോ ദിവസത്തെയും കാര്യങ്ങളെ ഇങ്ങനെ എഴുതി പരിഹാരം കാണാൻ ശ്രമിച്ചാൽ മനോസംഘർഷം വലിയൊരളവിൽ ഒഴിവാക്കാനാകും.

ജീവിതലക്ഷ്യങ്ങളെ ഡയറിയിൽ എഴുതി സൂക്ഷിക്കൂ. ഓരോ തവണയും താളുകൾ മറിക്കുമ്പോൾ അവ നിങ്ങളുടെ കണ്ണിലെത്തും.അവിടെ നിന്ന് നേരെ തലച്ചോറിലെത്തും. നിങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് നിങ്ങളെത്തന്നെ ഓർമ്മിപ്പിക്കാൻ ഇതിലും നല്ല എന്ത് മാർഗമാണുള്ളത്.

പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വികാരങ്ങൾക്ക് അമിതമായി അടിമപ്പെട്ട് പോയവർ എന്നതാണ്. ഇക്യു ലെവൽ കുറവാണ് എന്ന വിമർശനം നേരിടുന്നവർ പതിവായി ഡയറി എഴുതി നോക്കൂ. സ്വന്തം വികാരങ്ങളെ വാക്കുകളിലാക്കിക്കഴിഞ്ഞ് അവയിലൂടെ വിശകലനം നടത്തൂ. പെട്ടന്നുള്ള വികാരപ്രകടനങ്ങളെ ക്രമേണ നിയന്ത്രിക്കാൻ ഉറപ്പായും കഴിയും.

പഴയകാലത്തെ മോശം അനുഭവങ്ങളും ദുരന്തങ്ങളും ബാക്കിവച്ച വേദനകളെ ഇല്ലാതാക്കാനും ഡയറിയെഴുത്ത് സഹായിക്കും. നമ്മളെത്തന്നെ വരികളിലൂടെ പ്രകടിപ്പിക്കുമ്പോൾ അവയിലൂടെ പുതിയൊരാളാവാൻ എങ്ങനെ സാധിക്കുമെന്ന മാർഗം നമുക്ക് മുന്നിൽ തെളിഞ്ഞുവരും.മനസ്സിലുള്ളത് അതേപടി വാക്കുകളിൽ പ്രകടിപ്പിക്കാനായാൽ ഏറ്റവും മികച്ച രീതിയിൽ ആശയവിനിമയം നടത്താനാവുന്ന ഒരാൾ കൂടിയാവുകയാണ് നിങ്ങൾ.

പ്രശ്‌നപരിഹാരത്തിന് ഏറ്റവും നല്ല മാർഗങ്ങളിലൊന്നു കൂടിയാണ് ഡയറിയെഴുത്ത്.നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരസാധ്യതകളും എഴുതിയശേഷം അവയിലൂടെ കൃത്യമായ പരിഹാരത്തിലെത്താൻ നിങ്ങൾക്ക് കഴിയുമെന്ന് ഉറപ്പ്.

കടലാസും പേനയും തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന ആ കെമിസ്ട്രി വിരലുകളും കീബോർഡും തമ്മിലാകുമ്പോഴില്ല എന്നത് സത്യം തന്നെയല്ലേ!!

ഊണിനു പിന്നാലെ പഴങ്ങള്‍ അപകടമോ? ഈ ശീലങ്ങളോട് ഗുഡ്‌ബൈ പറയൂ..

നല്ലതെന്ന് തോന്നി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞാലോ? ഇതാ ഭക്ഷണത്തിനു ശേഷം തീര്‍ച്ചയായും ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങള്‍.

ചെറിയ മയക്കം, സിഗരറ്റ്, അല്ലെങ്കില്‍ ഒരു ചായ.. ഉച്ചഭക്ഷണത്തിന് ശേഷം നമ്മളില്‍ പലരുടേയും ശീലങ്ങളില്‍ ചിലതാണ് ഇവയൊക്കെ. എന്നാല്‍ നല്ലതെന്ന് തോന്നി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞാലോ? ഇതാ ഭക്ഷണത്തിനു ശേഷം നമ്മള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങള്‍.

നോ ടു സ്‌മോക്കിംഗ്

ഭക്ഷണത്തിന് ശേഷം മാത്രമല്ല, പുകവലി എല്ലാക്കാലവും ആരോഗ്യത്തിന് ദോഷകരമാണ്. എന്നിരുന്നാലും ഭക്ഷണത്തിന് ശേഷമുള്ള പുകവലി ദഹനപ്രക്രിയയെ പൂര്‍ണമായും തകര്‍ക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പത്ത് സിഗരറ്റുകള്‍ ഒരുമിച്ച് വലിച്ചാലുണ്ടാവുന്നത്രയും ദോഷമാണ് ഭക്ഷണത്തിന് ശേഷം പുകവലിക്കുമ്പോള്‍ ഉണ്ടാവുന്നത്. പുകയിലയിലെ നിക്കോട്ടിന്‍ രക്തത്തിലെ ഓക്‌സിജനുമായി ലയിച്ച് ദഹനപ്രക്രികയയെ തകര്‍ക്കുന്നതിനൊപ്പം ആമാശയത്തില്‍ അസ്വസ്വസ്ഥത ഉണ്ടാക്കാനും ഇടവരുത്തും. പുകവലിക്കുന്നത്  ശ്വാസകോശത്തില്‍ അര്‍ബുദബാധയ്ക്ക് വഴി തുറക്കുന്നതിനൊപ്പം ഭക്ഷണത്തിന് ശേഷം  ഉടന്‍ ഉള്ള പുകവലി കുടലില്‍ അര്‍ബുധ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഊണിനു ശേഷം ചായ വേണ്ട

ഊണിനു ശേഷം ഒരു ചായ ചിലര്‍ക്കെങ്കിലും പതിവാണ്. രാത്രി ഭക്ഷണത്തിനു ശേഷമാണ് പലര്‍ക്കും ഇത് ഒഴിച്ചു കൂടാനാവാത്തതെങ്കിലും ഉച്ചയ്ക്ക് ചായ കുടിക്കുന്നവരും കുറവല്ല. ചായ നിങ്ങളുടെ ദഹനത്തെ ദോഷകരമായി ബാധിക്കുമെന്നു തന്നെയാണ് ഭക്ഷണത്തിനു ശേഷം ചായ ഒഴിവാക്കാന്‍ പറയുന്നതിലെ യുക്തിയും. ചായയിലേയും കാപ്പിയിലേയും രാസപദാര്‍ത്ഥങ്ങളുടെ അംശം ഭക്ഷണത്തില്‍ നിന്നും ലഭിച്ച ഇരുമ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ ഇട വരുത്തും. ക്ഷീണിച്ചിരിക്കുമ്പോള്‍ അത് മാറ്റാന്‍ വേണ്ടി മാത്രം ചായ കുടിക്കുന്നതാവും ആരോഗ്യത്തിന് ഉചിതം.

പഴങ്ങള്‍ ഒഴിവാക്കാം, ഭക്ഷണത്തിനു ശേഷം മാത്രം

ഫൈബറിന്റെ അംശം കൊണ്ടും ഇരുമ്പിന്റേയും പ്രോട്ടീന്റേയും കാത്സ്യത്തിന്റേയും അംശം കൊണ്ടും പഴങ്ങള്‍ കഴിണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. അത് നല്ലത്, എന്നാല്‍ ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ പഴം കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഉടന്‍ പഴങ്ങള്‍ കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്ന് നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍, അമിതമായ ഏമ്പക്കം, തുടങ്ങിയ അസ്വസ്ഥകളിലേക്ക് വഴിമാറുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വയറ് നിറഞ്ഞാല്‍ ഉറക്കം വേണോ?

ഭക്ഷണത്തിന് ശേഷം ഒരു മയക്കം. അതിഷ്ടപ്പെടാത്തവരായി ആരുണ്ട്. വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ്.ഉച്ചയുറക്കവും രാത്രിയില്‍ ഭക്ഷണത്തിനു തൊട്ടു പിന്നാലെയുള്ള കിടപ്പും നിങ്ങളുടെ ശരീരത്തിന് നല്‍കുന്നത് വര്‍ക്ക് ലോഡാണ്. ഉറങ്ങി കിടക്കുമ്പോള്‍ ദഹനപ്രക്രിയയ്ക്കായി ശരീരം കൂടുതല്‍ പരിശ്രമിക്കേണ്ടി വരുന്നു. ഉറക്കത്തിനു ശേഷമുളള ക്ഷീണത്തിലേക്കാവും ഇത് പിന്നീടെത്തുന്നത്. ഭക്ഷണത്തിനു ശേഷമുള്ള ഉറക്കം പതിവാക്കുന്നത് അമിതഭാരത്തിലേക്കും ദഹനപ്രശ്‌നങ്ങള്‍ക്കും ക്ഷീണത്തിനും വഴി തുറക്കുന്നുവെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഭക്ഷണവും കുളിയും

ഭക്ഷണത്തിന് ശേഷമുള്ള കുളി ശരീരത്തിന്റെ താപനിലയില്‍ വലിയ വര്‍ധനയുണ്ടാക്കും. ശരീരത്തിന്റെ താപനിലയിലുള്ള വര്‍ധന പുനക്രമീകരിക്കാനായി തലച്ചോര്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിലൂടെയുള്ള രക്തയോട്ടം ആവശ്യത്തിലധികം വര്‍ധിപ്പിക്കുകയും ചെയ്യുംഭക്ഷണത്തിനു ശേഷമാണ് കുളിയെങ്കില്‍ ദഹന പ്രക്രിയയ്ക്ക് ആവശ്യമായ രക്തം കൂടി ഈ താപനില ക്രമീകരണ പ്രവര്‍ത്തനത്തിലേക്ക് വഴിമാറും. ദഹനപ്രക്രിയയെ ആവും ഈ കുളി ദോഷകരമായി ബാധിക്കുക.

കടപ്പാട്- മാതൃഭൂമി.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate