തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, അത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്. ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം.
ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം. ആയുർവിന്ദതേ(ലഭതേ) വിദ്യതേ(വേത്തി)വാ ഇതി ആയുർവേദ എന്നാണ് ആയുർവേദം എന്ന പദത്തിന്റെ നിഷ്പത്തി. ആയുർവേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനേയും ആരോഗ്യത്തെയുമാണ് .
ആയുഷ്യാനി അനായുഷ്യാനി ചദ്രവ്യ ഗുണകർമാനി വേദായതി ഇത്യായുർവേദ ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്. ചുരുക്കത്തിൽ ആയുസ്സ് എന്നാൽ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാണ് ആയുർവേദം എന്നു പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയാണ് മിത്ര ഹെർമിറ്റേജ് ചെയ്യുന്നത് .
ആയുസ്സിന്റെ ശാസ്ത്രമായ ആയുർവേദത്തിൽ ആയുസ്സിനെ നാലായി തരം തിരിച്ചിരിക്കുന്നു. ഹിതമായ ആയുസ്സ്. അഹിതമായ ആയുസ്സ്. സുഖമായ ആയുസ്സ്. ദുഃഖമായ ആയുസ്സ് ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് മിത്ര ഹെർമിറ്റേജിന്റെ തത്ത്വം.
ആകാശം, വായു, അഗ്നി തുടങ്ങിയവ ശരീരത്തിന്റെ കാര്യത്തിലെടുക്കുമ്പോൾ വാക്കിന്റെ അർത്ഥമല്ല, ഓരോ ശാഖയുടെയും വ്യവസ്ഥാനുസൃതമായ പേരായി ഗണിക്കണം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്. സൂക്ഷ്മതലത്തിലേക്ക് പോവുമ്പോൾ, ഉദാഹരണത്തിന് ആകാശം കോശവളർച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തിവിശേഷമുണ്ട്. ശരീരത്തിലെ ഓരോ അണുവും – ഭ്രൂണാവസ്ഥ മുതൽ മരണം വരെ അത്തരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്. ഉണ്ടായതോടെയുള്ള നിലനിൽപ്പ് മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകൾ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു. ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു. ഇത് ശരീരത്തിൽ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്. ഈ മൂന്നു പ്രക്രിയകളെ നിർവ്വഹിക്കുന്നവയായി ശരീരത്തിൽ മൂന്നു ഭാവങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ് പഞ്ചഭൂതാത്മകമായി ദോഷങ്ങൾ എന്നു പറയുന്നത്.
ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്. വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷങ്ങൾ. ഇവ സമതുലിതാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം. വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട് പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരംതിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങളായി അത് തരംതിരിച്ചിരിക്കുന്നു. ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസർഗ്ഗിക സവിശേഷതയാണ്. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത് ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക് തന്റെ ശരീരത്തിലെ ജീവൻ നിലനിർത്തുവാൻ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉൽപ്പന്നമാണ്.
സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് മിത്ര ഹെർമിറ്റേജിൽ അനുവർത്തിച്ചു വരുന്നത് – രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൽ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം ആണ് ചികിത്സാമാർഗമായി സ്വീകരിച്ചിരിക്കുന്നതും. ആയുർവേദത്തിന് രണ്ടു പ്രധാന ശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും. രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു. രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.
ആയുർവേദോൽപത്തിയെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. അഷ്ടാംഗ ഹൃദയ പ്രകാരം അനാദിയായ ആയുർവേദത്തെ ബ്രഹ്മാവ് സ്മരിച്ചു. അത് പിന്നീട് പുത്രനായ ദക്ഷപ്രജാപതിക്ക് പകർന്നു നല്കി. പ്രജാപതിയില് നിന്ന് അത് അശ്വനീകുമാരന്മാർ ഗ്രഹിച്ചു. അവര്‍ ആ അറിവ് ദേവേന്ദ്രനു നല്കി. ഇന്ദ്രനില് നിന്നും അത്രിയും അദ്ദേഹത്തിന്റെ പുത്രന്മാരും മനസ്സിലാക്കി. അവര്‍ അത് ശിഷ്യന്മാരായ അഗ്നിവേശൻ, ഭേളൻ മുതലായവർക്കു പകർന്നു നല്കി. അവരില്‍ നിന്നും വിവിധങ്ങളായ മഹർഷി പരമ്പരകളിലൂടെ ആയുർവേദം ഇന്നും ലോകത്തിൽ വളരെ പ്രചാരത്തോടെ നിലനില്ക്കുന്നു. വേദങ്ങളിൽ നിന്നാണു ആയുർവ്വേദത്തിന്റെ ഉത്ഭവമെന്നും വിശ്വാസമുണ്ട്. പാലാഴി മഥനം ചെയ്തപ്പോൾ ധന്വന്തരി ഒരു നിധികുംഭവുമായി ഉത്ഭവിച്ചുവെന്നും അതിൽ ആയുർവേദം എന്ന വിജ്ഞാനമായിരുന്നു എന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. സുശ്രൂതന്റേയും ചരകന്റേയും ആയുർവേദഗ്രന്ഥങ്ങൾക്കാണ് ഉത്തരേന്ത്യയിൽ കൂടുതലായും പ്രചാരത്തിലുള്ളത്. എന്നാൽ കേരളത്തിലും ശ്രീലങ്കയിലും വാഗ്ഭടന്റെ അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും ഈ രംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ട്
നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. എന്നാൽ, ഇന്ന് ലോകമെങ്ങുമുള്ള പ്ലാസ്റ്റിക് സർജൻമാർ ചെയ്യുന്നത്, 26 നൂറ്റാണ്ട് മുമ്പ് സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക് സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു ശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.
കായചികിത്സ, ബാലചികിത്സ, ഊർധ്വാംഗ ചികിത്സ, ശല്യചികിത്സ (ശസ്ത്രക്രിയാവിഭാഗം), ദംഷ്ട്ര (വിഷ) ചികിത്സ, ജരാ (രസായന) ചികിത്സ, വൃഷ (വാജീകരണ) ചികിത്സ എന്നിങ്ങനെ എട്ട് അംഗങ്ങളോടുകൂടിയതാണ് ആയുർവേദം. ഇപ്രകാരം എട്ടു വിഭാഗങ്ങളായി തിരിച്ചു ചികിത്സകൾ വിവരിക്കുന്നതുകൊണ്ട് ആയുർവേദ ചികിത്സയ്ക്ക് അഷ്ടാംഗചികിത്സ എന്നും പേരുണ്ട്. ശരീരത്തിൽ ഹൃദയത്തിനുള്ള പ്രാധാന്യം ആയുർവേദത്തിൽ അഷ്ടാംഗഹൃദയത്തിനുണ്ട്; അതുകൊണ്ട് അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥനാമം അന്വർഥമാണ്.
മേൽക്കാണിച്ച കായചികിത്സാദികളായ എട്ടു വിഭാഗങ്ങളും ഒരു കാലത്തു പ്രചാരത്തിലുണ്ടായിരുന്നു; ഓരോ വിഭാഗത്തിലും പ്രശസ്തങ്ങളായ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അഗ്നിവേശാദിസംഹിതകളിൽത്തന്നെ എട്ടു വിഭാഗങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ അതിവിസ്തൃതങ്ങളും സങ്കീർണങ്ങളുമായിരുന്നു. ഇത്തരം പ്രശസ്തങ്ങളും പ്രാമാണികങ്ങളുമായ ഗ്രന്ഥങ്ങളെ അവലംബിച്ചുതന്നെയാണ് കായചികിത്സ തുടങ്ങിയ ഓരോ ഭാഗവും അഷ്ടാംഗഹൃദയത്തിൽ വിവരിച്ചിട്ടുള്ളത്. സംഹിതാഗ്രന്ഥങ്ങളോടു താരതമ്യപ്പെടുത്തി അഷ്ടാംഗഹൃദയം പഠിക്കുന്നവർക്ക് ഇതു മനസ്സിലാക്കാം. അഗ്നിദേവൻ, സുശ്രുതൻ, ദേളൻ, ചരകൻ മുതലായ പൂർവാചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നു തനിക്കു വളരെ സഹായം ലഭിച്ചിട്ടുള്ളതായി അഷ്ടാംഗസംഗ്രഹം എന്ന ഗ്രന്ഥത്തിൽ വാഗ്ഭടൻതന്നെ പ്രസ്താവിച്ചിട്ടുണ്ട്.
ആയുർവേദശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നും വ്യതിചലിക്കാതെ ചികിത്സാരീതി കൂടുതൽ സുഗമമാക്കുന്നതിനു വേണ്ടി മിത്ര ഹെർമിറ്റേജ് ശോധന-ശമന ചികിത്സകളിൽ അനുയോജ്യമാംവിധം മാറ്റങ്ങൾ വരുത്തിയാണ് പ്രവർത്തിക്കുന്നത്
അവധിക്കാലമാണ് കേരളീയര്‍ സുഖചികിത്സയ്ക്കായി തെരഞ്ഞെടുക്കുന്നത്. ശരീരപുഷ്ടി, ത്വക് ശുദ്ധി, സൗന്ദര്യവര്‍ധന എന്നിവയ്ക്കു പുറമേ നവോന്മേഷം ലഭിക്കാനും ഉഴിച്ചില്‍ ഉള്‍പ്പെടെയുള്ള സുഖചികിത്സകള്‍ ഉത്തമപ്രതിവിധിയാണ്. കേരളത്തില്‍ പണ്ടുമുതലേ അഭ്യംഗസ്നാനം (എണ്ണ തേച്ചുകുളി) പ്രചാരത്തിലുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഔഷധങ്ങളും ആഹാരക്രമീകരണങ്ങളുമാണ് മിത്ര ആയുര്‍വേദ സുഖചികിത്സയിലൂടെ നല്‍കുന്നത്.
ഔഷധക്കഞ്ഞി, എണ്ണയുഴിച്ചില്, എണ്ണ പുരട്ടിയുള്ള വ്യായാമമുറകള്‍, കളരി അഭ്യാസം, വാതഹരങ്ങളായ തൈലം പുരട്ടി ചൂടുവെള്ളത്തിലുള്ള കുളി, തിരുമ്മല്‍ ചികിത്സ, ചവിട്ടി ഉഴിച്ചില്‍ ഉള്‍പ്പെടെയുള്ള ആയുര്‍വേദ മുറകള്‍ മിത്രയിലെ സുഖചികിത്സാവിധികളാണ്. രോഗശമന വിധികളായ പഞ്ചകര്‍മ്മ ചികിത്സകള്‍ മിത്ര ഹെർമിറ്റേജിലെ പ്രധാന ചികിത്സകളിലൊന്നാണ്.
ശരീരത്തിലടിഞ്ഞുകൂടിയ വാത പിത്ത ദോഷങ്ങളെ പുറന്തള്ളി ഊര്‍ജ്ജദായകമായ ശാരീരിക സ്ഥിതി പ്രദാനം ചെയ്യുകയാണ് സുഖചികിത്സയിലൂടെ മിത്ര ഹെർമിറ്റേജ് അനുവര്‍ത്തിക്കുന്നത്. ചികിത്സ എടുക്കുന്നവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് സുഖചികിത്സാക്രമത്തില് വ്യത്യാസം വരുത്താറുണ്ട്. ഒരു മാസത്തിലെ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് ദിവസങ്ങളിലാണ് സുഖചികിത്സ നടത്തുന്നത്.
കര്‍ക്കശമായ പഥ്യമാണ് ആയുര്‍വേദം അനുശാസിക്കുന്നത്. ചികിത്സയും പഥ്യവും തീരുന്നതുവരെ ആയാസകരമായ ജോലി ഒഴിവാക്കണം. ഉച്ചവെയില്‍ കൊള്ളുക, പകലുറക്കം, തല വിയര്‍ക്കല്‍ എന്നിവ ഒഴിവാക്കുന്നതിലൂടെ മാത്രമേ പൂര്‍ണ്ണ ചികിത്സാഫലം ലഭിക്കുകയുള്ളൂ. ചികിത്സ തേടിയെത്തുന്നവര്‍ക്ക് മിത്രയിലെ അന്തരീക്ഷം വളരെ ഹൃദ്യമാകും എന്ന കാര്യത്തില്‍ സംശയിക്കേണ്ട.
ആയുര്‍വേദ ചികിത്സയിലെ പ്രധാന വിഭാഗമായ പഞ്ചകര്‍മ ക്രിയകള്‍ (ശിരോവസ്തി, നസ്യം, വമനം, വിരേചനം, രക്തമോക്ഷം) ഇവ കൂടാതെ ധാര, പിഴിച്ചില്‍, രസായന വിധികള്‍ എന്നിവയെല്ലാം മറ്റുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ നല്കുന്നതില് നിന്ന് വ്യത്യസ്ഥമായാണ് മിത്രയില് നല്‍കുന്നത്.
തലയിലെ നാഡിസംബന്ധമായ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനുമാണ് പഞ്ചകര്‍മ്മയിലെ ശിരോവസ്തി ചെയ്യുന്നത്. നസ്യക്രിയയില് മൂക്കിലൂടെ മരുന്നു നല്കുന്നു. തലവേദനയ്ക്കും സൈനസൈറ്റിസിനും ഉത്തമമാണ് നസ്യം. ചര്‍മരോഗങ്ങള്‍ക്കും മൂത്രാശയ പ്രശ്നങ്ങള്‍ക്കും സന്ധിവാതത്തിനും ഉത്തമമാണ് വിരേചനം. വമനം എന്ന ചികിത്സയിലൂടെ ആസ്തമ, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കു പരിഹാരമുണ്ടാകും. വാതത്തിന്റെ ആധിക്യം കുറയ്ക്കാനും ചര്മപ്രശ്നത്തിനും രക്തമോക്ഷ ചികിത്സയും മിത്ര നല്കി വരുന്നു..
നമ്മുടെ മണ്ണും വിണ്ണും വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും എല്ലാം തന്നെ ഇന്ന് വിഷലിപ്തം ആയിരിക്കുന്നു. ജീവന്‍രക്ഷാ മരുന്നുകള്‍ തന്നെ ജീവഹാനികള്‍ ആയിത്തീര്‍ന്നിരിക്കുന്നു. ആധുനിക ഔഷധങ്ങളെ പൂര്‍ണമായി തള്ളി പറയുക അല്ല. അവ എത്ര മാത്രം ഗുണം നല്കുന്നുവോ അത്ര തന്നെ ദോഷവും ചെയ്യുന്നു എന്നുള്ളതാണ് വസ്തുത. ഇന്ന് ലോകത്തില്‍ നിരവധി ദോഷരഹിത - ഔഷധരഹിത ചികിത്സാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. അവയൊക്കെ ആരോഗ്യപരിപാലനത്തില്‍ എത്ര കണ്ട് ഫലപ്രദമാണെന്നത് ചിന്തനീയം തന്നെ. ഈ സാഹചര്യത്തിലാണ് ദോഷരഹിത ചികിത്സ സമ്പ്രദായം എന്ന ആയുര്‍വേദത്തിന്റെ പ്രസക്തി.
നമ്മുടെ പൂര്‍വികര്‍ ലോകജനതയുടെ ആരോഗ്യ പരിപാലനത്തിനായി ലോകത്തിനു സമര്‍പ്പിച്ച വരദാനമാണ് ആയുര്‍വേദം. അവരുടെ നിസ്വാര്‍ത്ഥ നിദാന്ത പരിശ്രമങ്ങളുടെയും കണ്ടെത്തലുകളുടെയും ഫലമാണ് ഈ ചികിത്സ സമ്പ്രദായം. ആയുര്‍വേദത്തിന്റെ ചരിത്രം വേദകാലം മുതല്ക്കേ ആരംഭിച്ചതായി കാണാന്‍ സാധിക്കും. ആധുനിക ലോകത്തിന്റെ സംഭാവനയായ ജീവിതശൈലി രോഗങ്ങള്‍ക്ക് ആയുര്‍വേദത്തിലെ ദിനചര്യ മാത്രം അനുശാസിച്ചാല്‍ മതിയാകുന്നതാണ്. ഒട്ടു മിക്ക ചികിത്സ സമ്പ്രദായങ്ങളും രോഗം വന്നതിനു ശേഷമുള്ള ചികിത്സയില്‍ പ്രാമുഖ്യം നല്കുമ്പോള് ആയുര്‍വേദത്തിലെ സ്വസ്തവൃത്തതിലൂടെ രോഗംവരാതെ ആരോഗ്യം എങ്ങനെ പരിപാലിക്കാം എന്ന് വിശദമാക്കുന്നു.
തൊട്ടാല്‍ പൊള്ളുന്ന ചേര്കുരുവും ജീവഹാനികള്‍ ആയ രസം, ഗന്ധകം, പാഷാണം മുതലായവ ജീവന് രക്ഷാ മരുന്നുകളായി പരിവര്‍ത്തനം ചെയ്യപെട്ടിരിക്കുന്നു. എന്നാല്‍ ആയുര്‍വേദ ഔഷധ നിര്‍മ്മാണം ശക്തമായ ശാസ്ത്രീയ അടിത്തറയോടെയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. നാനോ പാര്‍ട്ടിക്കിള്‍ ഉള്ള ഔഷധം നിര്‍മിക്കാന്‍ ആധുനിക വൈദ്യശാസ്ത്രം കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ഭാരതത്തിന്റെ പൌരാണികര്‍ ക്ലാസിക്കല്‍ റെമഡീസ് എന്ന പേരില്‍ അയ്യായിരത്തില്പരം സംവത്സരങ്ങള്‍ക്ക് മുന്‍പ് സുശ്രുതന്, ചരകന്‍, വാഗ്ഭടന്, ദില്ഹണന്, ചക്രപാണി തുടങ്ങിയ എണ്ണമറ്റ ആചര്യന്മാരിലൂടെ ലോകത്തിനു സംഭാവന ചെയ്തിരുന്നു. പതിനായിരത്തില്‍ പരം ഔഷധങ്ങള്‍ ഏത് സാധാരണക്കാരനും ലളിതമായ രീതിയില്‍ അധിക ചെലവ് ഒന്നും ഇല്ലാതെ തന്നെ നിര്‍മ്മിക്കാം എന്നും കണ്ടെത്തിയിരുന്നു. ആയുര്‍വേദത്തിന്റെ ശാസ്ത്രീയത ആധുനിക ശാസ്ത്രത്തിന് മനസ്സിലാകണമെങ്കില്‍ ഒരുപക്ഷേ ഇനിയും കാലങ്ങള്‍ എടുത്തേക്കാം.
ആയുര്‍വേദ ചികിത്സയ്ക്കും പഠനത്തിനും മാത്രമായി ഒട്ടനേകം വിദേശികള്‍ നമുടെ നാട്ടില്‍ എത്തുന്നുണ്ട്. പക്ഷെ ആയുര്‍വേദത്തിനെ ശരിയായരീതിയില്‍ വാണിജ്യവല്കരിക്കാന് നമുക്ക് എത്രമാത്രം കഴിയുന്നുണ്ട് എന്നത് ചിന്തനീയമാണ്. മിത്ര ഹെര്മ്മിട്ടേജ് ഇ രംഗത്ത് എന്നും ഒരുപടി മുന്നില്‍ തന്നെ. വ്യാവസായികവത്കരണവും വാണിജ്യവത്കരണവും ആയുര്‍വേദത്തിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതം ആണെങ്കിലും നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും അധിഷ്ടിതമായ മൂല്യങ്ങള്‍ നല്കാന് മിത്ര ഹെര്മ്മിട്ടേജിന് മാത്രമേ കഴിയൂ. പാരമ്പര്യതനിമ ഒട്ടും ചോരാതെ അന്തസത്ത നിലനിര്‍ത്തിയുള്ള ചികിത്സാ രീതികളാണ് മിത്ര പിന്തുടരുന്നത്
കറുത്ത പൊന്ന് എന്ന് അറിയപ്പെടുന്ന കുരുമുളക് സുഗന്ധവ്യജ്ഞനങ്ങളുടെ കൂട്ടത്തിൽ മാത്രമല്ല രോഗപ്രതിരോധ ശേഷി നൽകുന്ന കാര്യത്തിലും രാജാവ് തന്നെയാണ്. ആദ്യകാലത്ത് ഔഷധം മാത്രമായാണ് കുരുമുളകിനെ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ അടുക്കളയിലെ ഒഴിച്ചു കൂടാനാകാത്ത ഒന്നായി ഇതു മാറിക്കഴിഞ്ഞു. ഔഷധഗുണം തന്നെയാണ് വിദേശികളുടെ വരെ പ്രിയപ്പെട്ട വിഭവമാക്കി കുരുമുളകിനെ മാറ്റിയത്. പല രോഗങ്ങൾക്കുമുള്ള എളുപ്പ ശമന സഹായി കൂടിയാകുന്നു കുരുമുളക്.
മാസം1 : ശീലിക്കേണ്ടവ: കട്ടികുറഞ്ഞതും ദഹിക്കാനെളുപ്പമുള്ളതുമായ ആഹാരം, പാല്, മധുരമുള്ള ആഹാരം.
മാസം 2 : മധുരരസ പ്രധാനമായ ആഹാരം ഇടയ്ക്കിടെ കഴിക്കുക. മലര്‍പ്പൊടി ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഛര്‍ദി കുറയ്ക്കും. ശതാവരിക്കിഴങ്ങ്, തിരുതാളിവേര് ഇവയിലേതെങ്കിലും ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഷായം നല്‍കാം. ഛര്‍ദി അധികമെങ്കില്‍ ചായ, കാപ്പി ഇവയുടെ ഉപയോഗം കുറയ്ക്കണം.
മാസം 3 : പാല്, വെണ്ണ, നെയ്യ് ഇവ അല്പാല്പ്പം നല്‍കാം. രണ്ടാംമാസത്തിലെ ഔഷധങ്ങളുപയോഗിക്കാം. അച്ചാറുകള്‍ ഒഴിവാക്കണം.
മാസം 4 : ഗര്‍ഭസ്ഥശിശുവിന്റെ മാംസപേശികളും മറ്റും വളര്‍ച്ച പ്രാപിക്കുന്നതിനാല്‍ മാംസ്യാംശം അധികമടങ്ങിയ പയറുവര്‍ഗങ്ങളോ, മല്‍സ്യം, ഇറച്ചി ഇവയോ ആഹാരത്തില്‍ അധികം ഉള്‍പ്പെടുത്തണം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്, വെണ്ണ, നെയ്യ് ഇവയും നല്‍കാം. ഓരിലവേര് പാല്‍ക്കഷായമായി നല്‍കാം.
മാസം 5 : കുട്ടിയുടെ ചലനം ഗര്‍ഭിണിക്ക് അനുഭവസ്ഥമാകും. മേല്പറഞ്ഞവ കൂടാതെ ശതാവരിക്കിഴങ്ങ് പാല്‍ക്കഷായമായി നല്‍കാം. അഞ്ചാംമാസം മുതല്‍ മലര്‍ന്നു കിടന്നുറങ്ങരുത്. കാരണം അത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തും. കൂടാതെ പൊക്കിള്‍ക്കൊടി ശിശുവിന്റെ കഴുത്തിനുചുറ്റും കുരുങ്ങാനും പ്രസവസമയത്ത് തടസ്സവും ശിശുമരണംതന്നെയുണ്ടാകാനും കാരണമാകും.
മാസം 6 : പോഷകമൂല്യമുള്ള ആഹാരം കഴിക്കണം. തഴുതാമയോ ഞെരിഞ്ഞിലോ ഇട്ടു തിളപ്പിച്ച വെള്ളമോ പാലോ ഇക്കാലത്തുണ്ടാകാനിടയുള്ള നീരില്ലാതാക്കും.
മാസം 7 : യവം ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഞ്ഞി, പച്ചക്കറികള്‍, കുറുന്തോട്ടിവേര് ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഷായം ഇവ നല്‍കാം. 45 ഗ്രാം കുറുന്തോട്ടി വേര് നാലു ഗ്ലാസ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് അര ഗ്ലാസ് ആക്കി അരിച്ച് അര ഗ്ലാസ് തിളപ്പിച്ച പാല് ചേര്‍ത്ത് വൈകിട്ട് അഞ്ചുമണിക്ക് കുടിക്കാം. ഇത് ഏഴാംമാസം മുതല്‍ തുടര്‍ച്ചയായി പ്രസവം വരെ കഴിക്കാം. ചന്ദനവും രാമച്ചവും അരച്ച് വെണ്ണചേര്‍ത്ത് പുരട്ടുന്നത്, കുഴമ്പുപുരട്ടുന്നത്, വയറില്‍ ചൊറിച്ചില്‍, വിള്ളല്‍, വരകള്‍ ഇവയുണ്ടാകുന്നത് തടയും. ദേഹം മുഴുവന്‍ കുഴമ്പുപുരട്ടി മെല്ലെ തടവിയശേഷം കരിനൊച്ചിയില, പുളിയില, ആവണക്കില ഇവയിലേതെങ്കിലുമിട്ടു തിളപ്പിച്ച് തണുപ്പിച്ച ചെറുചൂടുവെള്ളം കൊണ്ടു കുളിക്കണം. ഇതു നടുവേദന, കാല്വണ്ണ ഉരുണ്ടുകയറുക, കാല്കഴപ്പ് എന്നിവ ഇല്ലാതാക്കും. ഇതു പ്രസവംവരെ ശീലിക്കുന്നത് സുഖപ്രസവത്തിനുതകും.
മാസം 8 : ആഹാരത്തില്‍ കുറേശ്ശെ നെയ്യ് ചേര്‍ത്തു നല്‍കാം. കഷായവസ്തി മലബന്ധം അകറ്റാനും വായുകോപമില്ലാതാക്കാനും സഹായിക്കും. തൈലവസ്തി നല്‍കുന്നത് നടുവേദനയും മറ്റും ഇല്ലാതാക്കും.
മാസം 9 : ചൂടോടെ പാല്‍ക്കഞ്ഞി അല്പം നെയ്യ് ചേര്‍ത്തു രാവിലെ കുടിക്കാം. പിച്ചുധാരണം അഥവാ (ധാന്വന്തരം) തൈലത്തില്‍ തുണിമുക്കി അടിവയറിലും യോനിപ്രദേശത്തും അല്‍പസമയമിടുക. ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കാം.
ഗര്‍ഭിണി ആദ്യമാസംമുതല്‍ ഏഴുമാസംവരെ എല്ലാ മാസവും, ഏഴുമുതല്‍ 9-ാ മാസം വരെ രണ്ടാഴ്ച കൂടുമ്പോഴും പിന്നീടു പ്രസവംവരെ ആഴ്ചതോറും പരിശോധനാവിധേയയാകണം. ഓരോ പ്രാവശ്യവും ഭാരം, രക്തസമ്മര്‍ദം, ഗര്‍ഭാശയ വളര്‍ച്ച, ശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക്, രക്തത്തിലെ പഞ്ചസായുടെ അളവ് എന്നിവ പരിശോധിക്കണം
ആയുര്വേദമെന്നാത് ഒരു ചികിത്സാ സമ്പ്രദായം മാത്രമല്ല. ഭാരതത്തിന്റെ അടിസ്ഥാനമായ മോക്ഷശാസ്ത്രം തന്നെയാണ്. കേരളത്തിലെ ആയുര്‍വേദ പാരമ്പര്യത്തില്‍ സാമാന്യമായി ഏറ്റവും പ്രചാരത്തിലുള്ള ഗ്രന്ഥമാണ് അഷ്ടാംഗഹൃദയം. ഇന്നും ആരോഗ്യരംഗത്ത് പ്രത്യേകിച്ച് കേരളത്തില്‍ ആയുര്‍വേദ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത് വാഗ്ഭടനാല് എഴുതപ്പെട്ട അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും തന്നെയാണ്.
ചികിത്സാശാസ്ത്രമെന്നു മാത്രം വിളിക്കുന്ന ആയുര്‍വേദം യഥാര്‍ത്ഥത്തില്‍ പഞ്ചമവേദമെന്നാണ് അറിയപ്പെടുന്നത്. വേദത്തിന്റെ അടിസ്ഥാനതത്ത്വം മോക്ഷത്തെ പ്രദാനം ചെയ്യുക എന്നതാണ്. ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് മെഡിസിനെന്ന പോലെ ഒരു ചികിത്സാ പദ്ധതിയെന്ന രീതിയില്‍ മാത്രമാണ് ആയുര്‍വേദത്തെ നാം സ്വീകരിക്കുന്നത്. മിത്ര ഹെര്‍മ്മിറ്റേജ് ആയുര്‍വേദത്തെ മോക്ഷം പ്രദാനം ചെയ്യുന്ന ചികില്ത്സയായി കാണുന്നു. കാരണം അഷ്ടാംഗഹൃദയകാരന്‍ (വാഗ്ഭടന്) മോക്ഷപ്രദാനമാണ് ആയുര്‍വേദം എന്ന് അനുശാസിക്കുന്നുണ്ട്.
"രാഗാദികളാണ് രോഗങ്ങള്‍ക്ക് കാരണം" എന്ന് പറഞ്ഞുകൊണ്ടാണ് ആചാര്യന് അഷ്ടാംഗഹൃദയം തുടങ്ങുന്നത്. രാഗാദികളെന്നതിന് രാഗ ദ്വേഷ ലോഭ മോഹ മദ മാത്സ്യര്യ ഡംഭാഹംകാരങ്ങളെന്നാണ് ആചാര്യന് വര്‍ണ്ണിക്കുന്നത്. തുടര്‍ന്ന് ധര്മ്മാര്ത്ഥസുഖസാധനമായിരിക്കുന്ന ആയുസ്സിനെ ആഗ്രഹിക്കുന്നവനാല്‍ ആയുര്വേദോപദേശങ്ങളില് ഏറ്റവും പ്രയത്നം ചെയ്യപ്പെടേണ്ടത് ആവശ്യമാണെന്ന് ആചാര്യന് ഉപദേശിക്കുകയും ചെയ്യുന്നു.
മിഥ്യാജ്ഞാനരൂപമായ ദ്വൈതം തന്നെയാണ് രോഗകാരണമെന്നും ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് സമ്യക്ജ്ഞാനമായ അദ്വൈതമാണെന്നും പരമാര്ത്ഥകമായി ആയുര്‍വേദം സമ്യക്ജ്ഞാനത്തെ പ്രദാനം ചെയ്യുന്ന മോക്ഷശാസ്ത്രമാണെന്നും അല്ലാതെ വെറും ചികിത്സാ പദ്ധതി മാത്രമല്ലായെന്നും തന്റെ ഗ്രന്ഥത്തില്‍ വളരെ കൃത്യമായി ആചാര്യന് നിര്‍വ്വചിക്കുന്നു. വിഷയങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കാതെയുള്ള പഠനമായിരിക്കാം മോക്ഷരൂപമായ ആയുര്‍വേദത്തെ ഇന്നത്തെ രോഗനിവാരണത്തിനുമാത്രമായി ഉപയോഗിക്കുന്ന അലോപ്പതിയെപ്പോലെ ചിന്തിക്കുന്നതിനുള്ള പ്രധാന കാരണം. തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണരീതിയാണ് മിത്ര ഹെര്‍മ്മിറ്റേജ് ഓരോ ചികിത്സകര്‍ക്കും നല്‍കുന്നത്. സമഗ്രമായ ചികില്‍ത്സാ സമ്പ്രദായത്തിലൂടെ പൂര്ണ്ണമോക്ഷം പ്രദാനം ചെയ്യുകയാണ് മിത്ര ഹെര്‍മ്മിറ്റേജ്.
ആയുർവേദശാസ്ത്ര പ്രകാരം പ്രമേഹരോഗം പ്രധാനമായും 20 വിധത്തിൽ കാണപ്പെടും. ഉദകമേഹം, ഇക്ഷുമേഹം, സുരാമേഹം, പിഷ്ടമേഹം, ശുക്ലമേഹം, ലാലാമേഹം, ശനൈർമേഹം, സികതാമേഹം, ശീതമേഹം, സാന്ദ്രമേഹം ഇങ്ങനെ കഫദോഷ പ്രധാനമായുണ്ടാകുന്ന മേഹങ്ങൾ പത്തു വിധത്തിലുണ്ട്.
ഇതു കൂടാതെ മഞ്ജിഷ്ഠാമേഹം, നീലമേഹം, കാളമേഹം, ഹരിദ്രാമേഹം, ശോണിതമേഹം, ക്ഷാരമേഹം എന്നിങ്ങനെ പിത്തപ്രധാനങ്ങളായ മേഹങ്ങൾ ആറും വസാമേഹം, മജ്ജാമേഹം, ഹസ്തിമേഹം, മധുമേഹം എന്നിങ്ങനെ വാതപ്രധാനമായ മേഹങ്ങൾ നാലു വിധത്തിലും കണ്ടുവരുന്നു. അതിനാൽത്തന്നെ ശാസ്ത്രീയമായ ആയുർവേദ ചികിത്സയ്ക്ക് വിദഗ്ധമായ രോഗനിർണയം അത്യാവശ്യമാണ്.
മേൽപറഞ്ഞ വിഭാഗങ്ങളിൽ ചികിത്സ അസാധ്യമായി സംഹിതകൾ കരുതുന്ന മധുമേഹത്തോടാണു നാം ആധുനിക ശാസ്ത്രത്തിൽ പറയുന്ന പ്രമേഹം എന്ന രോഗത്തിന് ഏറെ സാമ്യം. അതിനാൽത്തന്നെ പ്രമേഹചികിത്സ ഏറെ സൂക്ഷിച്ചു ചെയ്യേണ്ടതും കൃത്യമായ വൈദ്യനിർദേശപ്രകാരം ദീർഘകാലം ശീലിക്കേണ്ടതുമാണ്. ബലവാനായ രോഗിക്കു വമനം, വിരേചനം തുടങ്ങിയ ശോധന പ്രയോഗങ്ങൾക്ക് ശേഷമാണ് ശമന ചികിത്സ വിധിക്കുന്നത്. എങ്കിലും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ചില ലഘു പ്രയോഗങ്ങൾ ചുവടെ നൽകുന്നു.
പച്ചമഞ്ഞൾ, പച്ചനെല്ലിക്ക ഇവയുടെ നീര് 25 മില്ലി വീതം ആവശ്യത്തിനു തേനും ചേർത്ത് രാവിലെ വെറുവയറ്റിൽ സേവിക്കുക. നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ ഒരൗൺസ് നീരിൽ രണ്ട് ടീസ്പൂൺ വരട്ടുമഞ്ഞളിന്റെ പൊടി ചേർത്തു സേവിക്കുന്നതും പച്ചനെല്ലിക്കയും മഞ്ഞളും തുല്യമായി ചേർത്തരച്ചു 20 ഗ്രാം വരെ രാവിലെ വെറും വയറ്റിൽ സേവിക്കുന്നതും ഗുണകരമാണ്.
തേറ്റാമ്പരൽ നാല്—അഞ്ച് എണ്ണം വെള്ളത്തിൽ ഒരു രാത്രി ഇട്ടുവച്ചിരുന്നു രാവിലെ കടഞ്ഞെടുത്ത മോരിലരച്ച് സേവിക്കുന്നതു പ്രമേഹശമനീയമാണ്.
ചിറ്റമൃതിന്റെ നീര്— 25 മില്ലി—തേൻ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതു പ്രമേഹം ശമിപ്പിക്കും.
ഏകനായകത്തിൻവേര് (പൊൻകുരണ്ടി), തേറ്റമ്പരൽ എന്നിവ തുല്യ അളവിൽ പൊടിച്ചു രണ്ടു ടേബിൾ സ്പൂൺ വീതം രണ്ടു നേരം സേവിക്കുന്നത് പ്രമേഹശമനത്തിന് ഉത്തമമാണ്.
ഏകനായകവും പച്ചമഞ്ഞളും (20 ഗ്രാം) പുളിക്കാത്ത മോരിൽ തുല്യമായ അളവിലരച്ച് രണ്ട് നേരം കഴിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാവും.
പുളിയരിത്തൊണ്ട്, നെല്ലിക്ക ഇവ കഷായം വച്ച് —50 മി ലീ വീതം ഒരു ടീസ്പൂൺ ഞവര അരിയുടെ തവിടു ചേർത്ത് രണ്ടു നേരം സേവിച്ചാൽ പ്രമേഹരോഗം തടയാം.
മുരിക്കിന്റെ തൊലി അരച്ച് (20 ഗ്രാം)— മോരിലോ തേനിലോ ചേർത്ത് സേവിക്കുന്നതു ഹിതമാണ്
അഞ്ചു കൂവളത്തില അരച്ചുരുട്ടി രാവിലെ വെറും വയറ്റിൽ കഴിക്കുന്നതു പ്രമേഹം നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു.
ത്രിഫല, മഞ്ഞൾ, ഞാവൽത്തൊലി, നാൽപാമരത്തൊലി, നീർമാതളത്തൊലി, ചെറൂളവേര്, പാച്ചോറ്റിത്തൊലി ഇവ ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ലഭ്യമായ മൂന്നു മരുന്നുകൾ തുല്യ അളവിൽ ഏകനായകവുമായി ചേർത്തോ കഷായം വച്ചു കഴിച്ചാൽ പ്രമേഹം ശമിക്കും.
കന്മദം പൊടിച്ചത് അഞ്ചുഗ്രാം വരെ സേവിക്കുന്നത് പ്രമേഹശമനത്തിന് നല്ലതാണ്. (തേൻ ചേർക്കേണ്ട യോഗങ്ങളിൽ വിശ്വാസയോഗ്യമായ ചെറുതേൻ ആണ് ഉപയോഗിക്കേണ്ടത്)
അരി, ഗോതമ്പ്, ബാർലി, ചാമ, റാഗി ഇതെല്ലാം ഒരുകാലത്ത് നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. മരുന്നുകളും ആശുപത്രിവാസവും അന്ന് ആവശ്യവുമില്ലായിരുന്നു. കുത്തരിക്കഞ്ഞി മലയാളിയുടെ ആരോഗ്യശീലമായിരുന്നു. പാടങ്ങള്‍ നികന്നപ്പോൾ നമുക്ക് നഷ്ടമായത് ആരോഗ്യം കൂടിയാണ്. തവിടു കളഞ്ഞ് വെളുപ്പിച്ച് പോളിഷ് ചെയ്ത പായ്ക്കറ്റ് അരിയാണല്ലോ ഇന്നു നമുക്കു പ്രിയം.
എന്നാൽ തവിടു കളയാത്ത ധാന്യങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണു പഠനങ്ങൾ പറയുന്നത്. ഇത് ആരോഗ്യവും ദീർഘായുസും നൽകും.
ധാന്യങ്ങളായ തവിടു കളയാത്ത അരി, ഗോതമ്പ്, ചാമ, ഓട്സ് മുതലായവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജീവകം ബിയും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. നാരുകൾ ധാരാളമായി ഉള്ളതിനാൽത്തന്നെ കൊളസ്ട്രോൾ നില മെച്ചപ്പെടുത്തി ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ്–2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു. ധാന്യങ്ങൾ റിഫൈൻ പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ ഗുണങ്ങളെല്ലാം നഷ്ടമാകും.
തവിടു കളയാത്ത ധാന്യങ്ങൾ ദിവസവും കഴിച്ചാൽ ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങൾ മൂലമുള്ള മരണസാധ്യതയെ കുറയ്ക്കാനാകുമെന്നു പഠനം. എത്രയധികം ധാന്യം കഴിക്കുന്നുവോ, അത്രയധികമായിരിക്കും ഗുണഫലം.
ഒരു നേരം 16 ഗ്രാം ധാന്യാഹാരം കഴിക്കുന്നതുമൂലം മരണസാധ്യത ഏഴു ശതമാനം കുറയും. ഹൃദയസംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണം ഒൻപതു ശതമാനവും അർബുദം മൂലമുള്ള മരണസാധ്യത അഞ്ചു ശതമാനവും കുറയുമെന്നും പഠനം പറയുന്നു.
ദിവസവും മൂന്നു തവണ അതായത് 48 ഗ്രാം ധാന്യം കഴിച്ചാൽ മരണസാധ്യത 20 ശതമാനം കുറയും. ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 25 ശതമാനവും അർബുദം മൂലമുള്ളത് 14 ശതമാനവുമാക്കി കുറയ്ക്കാനും സാധിക്കുമത്രേ.
യു.എസിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലായി 1970 മുതൽ 2010 വരെ നടത്തിയ പഠനങ്ങൾ പരിശോധിച്ചു. 786076 സ്ത്രീപുരുഷൻമാരിൽ നടത്തിയ 12ഓളം പഠനങ്ങളാണു പരിശോധിച്ചത്.
തവിടു കളയാത്ത ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം എല്ലാവരും ശീലമാക്കണമെന്നും രോഗങ്ങൾ വരാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ധാന്യാഹാരം ശീലമാക്കുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു.
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം കഴിക്കുന്ന ധാന്യത്തിന്റെ പകുതിയെങ്കിലും തവിടു കളയാത്തതവ ആയിരിക്കണമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു. സർക്കുലേഷൻ ജേണലിന്റെ ഒൺലൈൻ എഡിഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
സന്ധിതേയ്മാനത്തിനുള്ള ചികിത്സ മൂന്നു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ സന്ധികളിലെ നീരും വേദനയും മാറാനുള്ള ഔഷധങ്ങള്‍ മാത്രം നല്‍കുന്നതാണ് ആദ്യഘട്ട ചികിത്സ. സൈന്ധവാദി തൈലം കൊട്ടംചുക്കാദി തൈലം ഇവ പുറമേ പുരട്ടാനും ഉത്തമമാണ്.
സന്ധികളുടെ പ്രവര്‍ത്തനം പഴയതുപോലെയാകാനും പേശികള്‍ക്ക് ബലം കിട്ടാനും സന്ധികള്‍ക്ക് നല്കുന്ന ചികിത്സയാണ് രണ്ടാം ഘട്ടം. ഈ ഘട്ടത്തില്‍ സന്ധികള്‍ക്ക് പുറമേ ചെയ്യുന്ന ചികിത്സയില്‍ സൈന്ധവാദി, കൊട്ടംചുക്കാദി, പിണ്ഡതൈലം തുടങ്ങിയ തൈലങ്ങള്‍ അവസ്ഥാനുസരണം മുട്ടില്‍ പുരട്ടിയ ശേഷം കഷായത്തിന്റെയോ ധാന്യമ്ലത്തിന്റെയോ ആവിയില്‍ ചൂടാക്കിയ മരുന്നു കിഴിയില്‍ ചെറുചൂടോടെ ചെയ്യുന്നത് ആശ്വാസം നല്‍കും. വേദനയും നീരും കൂടുതലാണെങ്കില്‍ കാരസ്കരക്ഷീരധാര പ്രയോജനപ്രദമാണ്.
സന്ധിവേദന ഉണ്ടാകാനുള്ള കാരണങ്ങള്‍ കണ്ടെത്തി അത് നിയന്ത്രിക്കുകയും വീണ്ടും അസുഖം ഉണ്ടാകുന്നത് തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് മൂന്നാം ഘട്ടം. സന്ധികള്‍ക്ക് അയവു ലഭിക്കാനും പേശികളിലേക്കുള്ള രക്തപ്രവാഹം കൂട്ടാനും പിഴിച്ചിലും പേശിബലം വര്‍ധിപ്പിക്കാന്‍ ഞവരക്കിഴിയും ചെയ്യുന്നത് രോഗശമനത്തിന് ഏറ്റവും ഉത്തമമാണ്.
സന്ധികള്‍ക്ക് ബലം ലഭിക്കാന്‍
സന്ധികളിലെ കാര്‍ട്ടിലേജിനെ ബലപ്പെടുത്താന്‍ വസ്തി എന്ന വളരെ ഫലപ്രദമായ ചികിത്സയുണ്ട്. അസുഖമുള്ള സന്ധിക്ക് മുകളിലായി ഉഴുന്നുമാവ്കൊണ്ട് തട ഉണ്ടാക്കിയശേഷം അതിനുള്ളില്‍ രോഗാവസ്ഥയ്ക്ക് അനുസരിച്ച് തയാര്‍ ചെയ്ത തൈലം ഒഴിച്ചു ചെറുചൂടില്‍ നിര്‍ത്തുന്ന ചികിത്സയാണ് വസ്തി. സന്ധികളിലെ വേദന പരിഹരിക്കാന്‍ ആയുര്‍വേദത്തില്‍ ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്നാണിത്.
വ്യായാമം ശീലമാക്കുക
ചികിത്സയിലൂടെ സന്ധിവേദന മാറിയശേഷം സന്ധികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനും ചില വ്യായാമങ്ങള്‍ ശീലിക്കണം. ഉപകരണ സഹായമില്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ ആണ് ചുവടെ.
അമിതവണ്ണമുള്ളവര്‍ക്ക്
അമിത വണ്ണം മൂലം സന്ധികള്‍ക്ക് തേയ്മാനം സംഭവിച്ചവര്‍ വണ്ണം കുറയ്ക്കുകയാണ് പരിഹാരമാര്‍ഗമെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടത്. ഇതിനായി അനുയോജ്യമായ വ്യായാമം ശീലമാക്കണം. എന്നാല്‍ വണ്ണം കുറയ്ക്കുന്നതിനായി കഠിനമായ വ്യായാമമുറകള്‍ സ്വീകരിക്കരുത്. ഇത് മുട്ടുവേദനയ്ക്ക് കാരണമാകും. ഇവര്‍ക്ക് നടത്തം നല്ലൊരു വ്യായാമമാണ്.
ഇവര്‍ വ്യായമത്തിനായി നടക്കുമ്പോള്‍ പരമാവധി മുന്നോട്ട് കാലുകള്‍ നീട്ടിവച്ച് മുട്ടുകള്‍ക്ക് ആയാസം ഉണ്ടാവാത്ത രീതിയില്‍ വേണം നടക്കാന്‍. നീന്തല്‍, വെള്ളത്തില്‍ ചെയ്യാവുന്ന അക്വാട്ടിക് വ്യായായാമങ്ങള്‍, ഇരുന്നുകൊണ്ടുള്ള വ്യായാമങ്ങള്‍ തുടങ്ങിയവയാണ് അമിത വണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാനായി സ്വീകരിക്കാവുന്ന ലഘു വ്യായാമമുറകള്‍. വ്യായാമത്തിനൊപ്പം ആഹാരനിയന്ത്രണത്തിനും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രമിക്കണം.
ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സന്ധിവേദനയുടെ കാരണമനുസരിച്ച് കഴിക്കുന്ന മരുന്നുകള്‍ വ്യത്യാസപ്പെടും. ആഹാരത്തിലും ഇതനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ഗുല്ഗുലു ചേര്‍ന്ന മരുന്നുകള്‍ കഴിക്കുമ്പോള്‍ മത്സ്യവും മാംസവും ഒഴിവാക്കണം. എന്നാല്‍ കളികളിലോ വാഹനാപകടങ്ങളിലോ പെട്ട് സന്ധികള്‍ക്ക് തകരാര്‍ സംഭവിച്ചവരുടെ പേശികള്‍ക്കു പോഷണം ആവശ്യമാണ്.
ഇവര്‍ മാംസ്യം (പ്രോട്ടീന്‍) അടങ്ങിയ ആഹാരം കഴിക്കണം. മുട്ടയുടെ വെള്ള, ബേക്ക് ചെയ്ത കോഴിയുടെ നെഞ്ച് ഭാഗം, എണ്ണയില്ലാതെ തയാറാക്കിയ ചെറുമത്സ്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ നല്ലതാണ്. ശരീരപ്രകൃതിക്ക് അനുസരിച്ച് കൊഴുപ്പ് നിയന്ത്രിക്കണം.
സന്ധികളുടെ തേയ്മാനം ഉള്ളവര്‍ പേശികള്‍ക്ക് ബലം കിട്ടാന്‍ പാട നീക്കിയ പാല്, പയറുവര്‍ഗങ്ങള്‍, മരുന്നിന്റെ പഥ്യമില്ലെങ്കില്‍ ചെറുമത്സ്യങ്ങള്‍ ഇവ കഴിക്കണം. എണ്ണയും മധുരവും കൊഴുപ്പും ഉള്ള ആഹാരങ്ങള്‍ നിയന്ത്രിക്കണം.
കൃത്യമായ ഔഷധങ്ങള്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ സന്ധിയിലെ തേയ്മാനം കുറയുന്നതിനും പേശീബലം വര്‍ധിപ്പിക്കുന്നതിനും വേണ്ട ചികിത്സകള്‍ ചെയ്യുക. സന്ധികളില്‍ അമിത മര്‍ദം ഏല്‍ക്കാത്ത വിധം ദൈനംദിന ജീവിതത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുക. ചിട്ടയായ വ്യായാമവും ആഹാരക്രമീകരണവും കൊണ്ട് ഇത്തരം തേയ്മാനത്തെ നിയന്ത്രണത്തില്‍ എത്തിക്കാം.
വളരെ തിരക്കേറിയ ജീവിതരീതിയാണ് നമുക്കുള്ളത്. അതിനാൽ തന്നെ എണ്ണ തേച്ച് കുളി എന്നത് പുതു തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ തലമുറയിൽത്തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ കർക്കിടക ചികിത്സ പോലെയുള്ളക്കായി എണ്ണ തേച്ച് കുളിക്കുന്നത്. സന്ധികളിലൊ മറ്റോ വേദന വന്നാൽ ഏതെങ്കിലും തൈലമോ കുഴമ്പോ പുരട്ടുന്നതിന് ഇപ്പോഴും കുറച്ചു കൂടി പ്രചാരമുണ്ട്.
നിത്യേന എണ്ണ തേച്ചു കുളിച്ചാൽ വാതസംബനധ്മായ രോഗങ്ങളെ തടഞ്ഞ് ആരോഗ്യവും കാന്തിയും നിറഞ്ഞ ഒരു ശരീരം നമ്മുക്കുണ്ടാകും. ചെടിയുടെ വേരിനു വെള്ളം ഒഴിച്ചു കൊടുത്താൽ അത് വളർന്ന് തളിരുകൾ വരുന്നത് പോലെ എണ്ണ തേച്ചു കുളിച്ചാൽ എണ്ണയുടെ ഗുണം രോമകൂപാദികളിൽക്കൂടി ശരീരമെങ്ങും വ്യാപിച്ചു ദേഹത്തിനു ബലം കൊടുക്കുന്നു.
ഗുണങ്ങൾ
വാത സംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിന് എണ്ണതേച്ചു കുളി നല്ലതാണ്. ഉറക്കം, ദേഹത്തിനുറപ്പ്, ദീർഘായുസ്, കണ്ണിനു തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാർദ്ദവവും ദേഹപുഷ്ടി ഇവയെല്ലാം ഉണ്ടാകുന്നതിനും ഇത് ഉത്തമമാണ്.
നിത്യേന എണ്ണ തേച്ച് കുളിക്കാൻ സാധിച്ചില്ലെങ്കിൽ എണ്ണ ചെവിക്കുള്ളിലൊഴിക്കുകയും, ഉള്ളം കാലിൽ പുരട്ടുകയും, തലയിൽ(നിറുകയിൽ) തേക്കുകയും ചെയ്യാവുന്നതാണ്.
ചെവിയിൽ എണ്ണ നിർത്തിയാൽ കേൾവിക്കു കുറവോ കേൾക്കാൻ വയ്യായ്കയോ ഉണ്ടാകില്ല. കാലിനടിയിൽ തേക്കുന്നതുകൊണ്ട് കാലിന്റെ പരുപരുപ്പ്, വരൾച്ച, രൂക്ഷത, തളർച്ച, തരിപ്പ്, ഇവയെല്ലാം ശമിക്കുകയും കാലുകൾക്കു ബലവും ഭംഗിയും സ്ഥിരതയും വർദ്ധിക്കുകയും ചെയ്യും. കണ്ണിനു തെളിവുണ്ടാകും. കാൽ വിള്ളൽ ഉണ്ടാകില്ല. നിറുകയിൽ എണ്ണ തേക്കുന്നതു കൊണ്ട് നല്ല ഉറക്കവും ദേഹത്തിനു സുഖവുമുണ്ടാകും.
ഇപ്പോഴത്തെ ബ്യുട്ടീഷ്യന്മാർ തലയിൽ എണ്ണ തേയ്ക്കുന്നതിനു എതിരാണ്. ദിവസവും എണ്ണതേച്ച് കുളിക്കുന്നതിന്റെ ആവശ്യമില്ല എന്നാണു അവരുടെ വാദം. എന്നാൽ ആയുർവേദത്തിൽ പറയുന്നത് നിത്യവും തലയ്ക്കു എണ്ണതേച്ചാൽ തലവേദന ഉണ്ടാവില്ലെന്നാണ്. കഷണ്ടിയും നരയും വരില്ല, മുടി ഒട്ടും കൊഴിയില്ല, തലയോടിനു ബലവും വരും, കറുത്തു നീണ്ടു മുരടുറച്ച മുടി വരും എന്നതും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു.
ശുദ്ധജലത്തിന്റെ അഭാവവും, ഭക്ഷണ രീതികളുമൊക്കെ മുടി നരക്കുന്നതിനും കൊഴിയുന്നതിനും കാരണമാണ്. അതുകൊണ്ട് ഇന്നത്തെ അവസ്ഥയിൽ എണ്ണ തലയ്ക്കു തേച്ച് കുളിച്ചാൽ ഒരു പരിധിവരെ മാത്രമേ മേൽപറഞ്ഞ പ്രയോജനങ്ങൾ ഉണ്ടാകൂ.
ദഹന വൈകല്യമുള്ളവർ, കഫരോഗമുള്ളവർ, നവജ്വരമുള്ളവരൊന്നും എണ്ണ തേച്ച് കുളിക്കാൻ പാടില്ല.
സാധാരണയായി ഒരു രോഗവും ഇല്ലാത്തവർ എള്ളെണ്ണ തേച്ച് കുളിക്കുന്നതാണു നല്ലത്. ഔഷധങ്ങളിട്ടു കാച്ചിയ തൈലങ്ങളും ഉപയോഗിക്കാം. ഏതെങ്കിലും തരത്തിൽ വേദനകളോ മറ്റു രോഗമോ ഉള്ളവർ വൈദ്യന്മാരോട് ചോദിച്ച ശേഷം മാത്രം തൈലങ്ങൾ ഉപയോഗിക്കുക
ആയുര്‍വേദത്തിലെ പ്രമുഖ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളിലെല്ലാം ഭക്ഷണത്തെക്കുറിച്ചു പലപല അദ്ധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. ആഹാരവസ്തുക്കളെ ധാന്യവര്‍ഗങ്ങള്‍, ശാകവര്‍ഗങ്ങള്‍ (ഇലക്കറി വര്‍ഗങ്ങള്‍), മാംസവര്‍ഗങ്ങള്‍, ഫലവര്‍ഗങ്ങള്‍ (കായ്കള്‍), കന്ദവര്‍ഗങ്ങള്‍ (കിഴങ്ങുകള്‍), ലവണവര്‍ഗങ്ങള്‍, കൃതാന്നവര്‍ഗങ്ങള്‍ (പാകപ്പെടുത്തിയവ), ഔഷധഗുണമുള്ള വര്‍ഗങ്ങള്‍ എന്നിങ്ങനെ പട്ടിക തിരിച്ചുകൊണ്ടുള്ള ഈ വിവരണങ്ങള്‍ കൗതുകകരവും വിജ്ഞാനപ്രദവുമാണ്. പതിവായി ഉപയോഗിക്കേണ്ട ചില ആഹാരപദാര്‍ഥങ്ങളെ എടുത്തുപറഞ്ഞിട്ടുള്ളതില്‍ ചെന്നെല്ല്, ഗോതമ്പ്, ചീര, നെല്ലിക്ക, പടവലങ്ങ, ചെറുപയറ് എന്നിത്യാദികള്‍ക്കൊപ്പം ജാംഗലമാംസവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, താരതമ്യേന വരണ്ട ഭൂപ്രദേശത്തില്‍ വസിക്കുന്ന ജീവികളുടെ മാംസം നിത്യമായി ഉപയോഗിക്കാം!
എട്ടുതരം മാംസങ്ങള്‍ ഭക്ഷണയോഗ്യമായി പറയുന്നുണ്ട്. പുല്ല് മേഞ്ഞ് ജീവിക്കുന്ന മൃഗങ്ങള്‍ (മൃഗങ്ങള്‍), ചികഞ്ഞുപെറുക്കി തിന്നു ജീവിക്കുന്ന പക്ഷികള്‍ (വിഷ്കിരം), ചുണ്ടുകൊണ്ടു കൊത്തിവലിച്ചു തിന്നുന്ന പക്ഷികള്‍ (പ്രഥുദം), പൊത്തില്‍ ജീവിക്കുന്ന ചെറു ജന്തുക്കള്‍ (വിലേശയം), കഴുത്തു നീട്ടി ഭക്ഷണം വലിച്ചു തിന്നുന്ന പക്ഷികളോ മൃഗങ്ങളോ (പ്രസഹം), കൊഴുത്ത് വലിയ ശരീരമുള്ള മൃഗങ്ങള്‍ (മഹാമൃഗം), ജലത്തില്‍ നീന്തുന്നവ (അപ്ചരം), മത്സ്യങ്ങള്‍ എന്നിവയാണ് ആ എട്ടെണ്ണം. ഇതില്‍ ആദ്യം പറഞ്ഞ മൂന്നു വിഭാഗമാണ്-മൃഗം, വിഷ്കിരം, പ്രഥുദം- നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നവ. ഇവയെല്ലാം സാധാരണയായി ജാംഗല ദേശത്തില്‍ (വരണ്ട പ്രദേശം) കാണപ്പെടുന്നവയാണ്. ഇവയുടെ മാംസത്തിന് ശീതഗുണവും ലഘുത്വവുമുണ്ട്.
ത്രിദോഷങ്ങള്‍ക്ക് (വാതം-പിത്തം-കഫം) ഹിതമാണ്. മാനുകള്‍ മിക്കതും, മുയലുമാണ് മൃഗങ്ങളുടെ കൂട്ടത്തില്‍ വരുന്നത്. തൂക്കണാംകുരുവി, വാലാട്ടിപ്പക്ഷി, കുറുമ്പുള്ള്, കാട്ടുകോഴി, തിത്തിരിപ്പക്ഷി, ചെമ്പോത്ത്, ചകോരം, വവ്വാല്, കാടപ്പക്ഷി, മണ്ണാത്തിപ്പുള്ള്, മയില്‍, കോഴി, വെള്ളക്കൊക്ക്, വാത്ത് തുടങ്ങിയവയാണു വിഷ്കിരങ്ങളില്‍ വരുന്നത്. കുയില്‍, മൂങ്ങ, തത്ത, പ്രാവ്, കുരുവി എന്നിവ പ്രഥുദത്തില്‍ ഉള്‍പ്പെടുന്നു. നിത്യവും ഉപയോഗിക്കാവുന്നതെന്നു പറയുന്ന ഇവയെല്ലാം അധികം കൊഴുപ്പില്ലാത്ത മാംസമുള്ളവയാണെന്നതു ശ്രദ്ധിക്കുക. ഇതില്‍ കോഴി ഒഴികെ മറ്റൊന്നും സാധാരണ ലഭ്യമല്ല. കോഴി ഇറച്ചിയാകട്ടെ കേരളീയര്‍ നല്ലൊരു പങ്കും ഉപയോഗിക്കുന്നുമുണ്ട്.
കോഴിക്കു തന്നെ രണ്ടു വകഭേദങ്ങളുണ്ട്. കാട്ടുകോഴിയും വീട്ടുകോഴിയും. ശ്രവണശക്തിക്കും സ്വരം തെളിയിക്കുന്നതിനും യൗവ്വനം നിലനില്ക്കുന്നതിനും ദര്‍ശന ശക്തിക്കും ലൈംഗിക ശേഷിക്കും കാട്ടുകോഴിയുടെ മാംസം ഉത്തമമാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴിയുടെ ഇറച്ചിയുടെ ഉപയോഗം കഫത്തെ വര്‍ധിപ്പിക്കും. ദഹിക്കാന്‍ ഏറെ സമയമെടുക്കും. എന്നിരുന്നാലും പുറമേ നിന്നും കോഴിയെ വാങ്ങി പാകം ചെയ്തു കഴിക്കുന്നതിലും നല്ലത് വീട്ടില്‍ കോഴിയെ വളര്‍ത്തി ഉപയോഗിക്കുന്നതു തന്നെയാണ്.
നിത്യവും ഉപയോഗിക്കാം എന്ന് ആയുര്‍വേദം പറയുമ്പോള്‍, അതു ശുദ്ധമായതും മിതമായ അളവിലാകേണ്ടതും കൃത്രിമ ചേരുവകളില്ലാതെ പാകപ്പെടുത്തി എടുക്കുന്നതുമായിരിക്കണം. മറ്റുള്ള മാംസങ്ങള്‍ നിത്യമായി ഉപയോഗിക്കരുത് എന്നൊരു ധ്വനിയും ഇതിലടങ്ങിയിരിക്കുന്നു. മലയാളികളുടെ ഭക്ഷണത്തില്‍ കോഴി കൂടാതെ ഉള്‍പ്പെടുന്ന ഇറച്ചി വര്‍ഗങ്ങള്‍ ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവയാണ്. ബീഫ് ഇനമായി വരുന്നത് പശു, കാള, പോത്ത്, എരുമ ഇവയാണ്. ഇതിലേതാണ് എന്നറിയാതെയാണ്, ഭക്ഷിക്കുന്നയാള്‍ 'ബീഫ്' കഴിക്കുന്നത് എന്നതാണു രസാവഹം.
ശരീരശോഷം, വാതരോഗങ്ങള്‍ എന്നിവയില്‍ ഗോമാംസം ശുപാര്‍ശ ചെയ്തിട്ടുണ്ട്. പോത്തിന് മാംസം ഉഷ്ണവീര്യം കൂടിയതാണ്. ദഹിക്കാനും താമസമുണ്ടാകും. ഉറക്കക്കുറവ് പരിഹരിക്കാനും ദൃഢതവരുത്തി ശരീരത്തെ തടിപ്പിക്കുന്നതിനും ഇതു പ്രത്യേകിച്ചും നല്ലതാണ്. ക്ഷീണമകറ്റാനും രുചി, ബലം, ശുക്ലം ഇവയെ വര്‍ധിപ്പിക്കാനും പോന്ന ഗുണം പന്നിമാംസത്തിനുണ്ട്. മാംസങ്ങളില്‍ രോഹിതമത്സ്യം (ചുവന്ന മീന്‍) ആണ് ശ്രേഷ്ഠമായത്. മത്സ്യങ്ങള്‍ പൊതുവേ കഫവര്‍ധകമാണ്. ചെമ്മീന്‍ ത്രിദോഷങ്ങളെയും ദുഷിപ്പിക്കുമെന്നതിനാല്‍ ഉപയോഗിക്കരുത് എന്ന താക്കീതുമുണ്ട്.
മനുഷ്യശരീര ധാതുക്കളോടു സമാനതയുള്ളതിനാല്‍ ആട്ടിന്‍ മാംസം ഉത്തമമാണെന്നു സമര്‍ഥിച്ചിരിക്കുന്നു. ശീത-ഗുരു-സ്നിഗ്ധ ഗുണങ്ങള്‍ ആട്ടിന്‍മാംസത്തില്‍ അധികമില്ല. ദോഷങ്ങളെ വര്‍ധിപ്പിക്കുകയില്ല. ശരീരത്തെ തടിപ്പിക്കും. കോലാട് എന്നാണ് സാധാരണ ആടുകളുടെ പേര്. കുറിയാട് (ചെമ്മരിയാട്) അധികം വണ്ണം വയ്പിക്കും. കോലാടിന്റെ വിപരീത ഗുണങ്ങളാണിതിന്. കഴിക്കാന്‍ പാടില്ല. ഇവയൊന്നും നിത്യവും ശീലിക്കാന്‍ ആയുര്‍വേദം പറയുന്നില്ല.
വര്‍ഷകാലം ഒഴികെയുള്ള എല്ലാ കാലാവസ്ഥകളിലും മത്സ്യവും മാംസവും ഇടയ്ക്കിടെ, മിതമായ രീതിയില്‍ ഉപയോഗിക്കാം. അധികം മേദസ്സില്ലാത്ത ശരീര പ്രകൃതിയുള്ളവര്‍ക്ക് കറിയായിട്ടോ വറുത്തിട്ടോ കഴിക്കാം. അതിമേദസ്സുകള്‍ മത്സ്യ-മാംസങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ കൊഴുപ്പില്ലാത്ത മത്സ്യം (നെത്തോലി, കാരല്‍, ചൂട തുടങ്ങിയവ) കറിയായിട്ടു കഴിക്കാം. ശാരീരികാദ്ധ്വാനമില്ലാത്തതിനാല്‍, കൊഴുപ്പ് ശരീരത്തില്‍ അടഞ്ഞുകൂടാമെന്നതുകൊണ്ട് രാത്രിയില്‍ മാംസം ഒഴിവാക്കുന്നതാണ് ഉചിതം. മഴക്കാലത്ത് മത്സ്യവുംമാംസവും ഉപേക്ഷിക്കണമെന്നാണു വിധി. കരയില്‍ നിന്നും മാലിന്യങ്ങള്‍ ഒലിച്ചിറങ്ങി ജലസ്രോതസ്സുകള്‍ മലിനമാകുന്നതിനാല്‍ മത്സ്യങ്ങളും മലിനീകരിക്കപ്പെടുകയോ രോഗബാധിതമാകുകയോ ചെയ്യാം. മഴക്കാലത്ത് പ്രത്യേക രീതിയില്‍ തയ്യാര്‍ ചെയ്ത മാംസരസം (സൂപ്പ്) കുടിക്കാന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്തിരിക്കുന്നു. അതില്‍ ചേര്‍ക്കുന്ന തിപ്പലി, ചുക്ക്, കൊടുവേലിക്കിഴങ്ങ്, മല്ലി, കായം, ഇന്തുപ്പ് ഇത്യാദികള്‍ മാംസത്തിലെ വിഷരൂപം ഇല്ലാതാക്കാനും പെട്ടെന്നു ദഹിപ്പിക്കാനും ഉതകുന്നു എന്നതിനാലാണ് മാംസരസ ഉപയോഗം ആകാം എന്ന ഉദാരത. മെലിഞ്ഞ ശരീരക്കാര്‍ക്ക് വണ്ണംവെക്കാന്‍ മാംസം കഴിക്കാനാണ് ആയുര്‍വേദം ഉപദേശിച്ചിട്ടുള്ളത്.
ഷവര്‍മ, ഗ്രില്‍ഡ് ചിക്കന്‍ ഇത്യാദികളുടെ ഉപയോഗം വരുത്തിവെക്കുന്ന വിന അറിയാവുന്ന മാംസഭക്ഷണപ്രിയര്‍ അഷ്ടാംഗഹൃദയത്തിലെ ഈ ഉപദേശംകൂടി എപ്പോഴും ഓര്‍ത്തിരിക്കുക- 'അപ്പോള്‍ കൊന്നെടുത്തതും ശുചിയായതും യൗവനാവസ്ഥയിലുള്ള ജന്തുവിന്റേതുമായ മാംസം വേണം ഉപയോഗിക്കാന്‍. തനിയെ മരിച്ചതിന്റെയും മെലിഞ്ഞതിന്റെയും ദുര്‍ഗന്ധമുള്ളതും രോഗം കൊണ്ടോ വെള്ളത്തില്‍ വീണോ വിഷമേറ്റോ മരിച്ചതിന്റേതുമായ മാംസം ഭക്ഷിക്കരുത്'.
കഴിക്കുന്ന ഇറച്ചി ഇതിലേതു വിഭാഗത്തില്‍പ്പെട്ടതാണെന്നറിയാതെ കഴിക്കരുതെന്ന് സാരം. മാംസം ക്ഷീരവര്‍ഗങ്ങളോടു ചേര്‍ത്തു കഴിച്ചാല്‍ അത് വിഷരൂപമാകും. ആയതിനാല്‍ പാല്, തൈര്, മോര്, വെണ്ണ, നെയ്യ് എന്നിവ മാംസഭക്ഷണത്തിനു മുന്‍പോ അതിനോടു ചേര്‍ത്തോ തൊട്ടു പിന്‍പോ കഴിക്കരുത്. ഒരിക്കല്‍ വേവിച്ച മാംസം വീണ്ടും ചൂടാക്കി കഴിക്കുന്നതും ആയുര്‍വേദം നിഷേധിച്ചിട്ടുണ്ട്.
യോഗ
പുറകോട്ടു വളഞ്ഞു ചെയ്യുന്ന ആസനങ്ങളായ ഭുജംഗാസനവും മകരാസനവും ആസ്മയും നടുവേദനയും ശമിപ്പിക്കും
ഭുജംഗാസനം ചെയ്യുന്ന വിധം
വയർ നിലത്ത് അമർത്തി കിടന്നു കൊണ്ട് കാലുകൾ ചേർക്കുക. നെറ്റി നിലത്തു മുട്ടണം. കൈകൾ അതാതു തോളുകൾക്കു കീഴെയായി നിലത്തുവയ്ക്കുക.ഒരു സർപ്പം ഉയർത്തുന്നതുപോലെ തലയും ശരീരത്തിന്റെ മേൽഭാഗവും സാവധാനമുയർത്തുക.
പെട്ടെന്ന് ദേഹമുയർത്തരുത്. കശേരുക്കൾ ഒാരോന്നും വളയുന്നതായും ഈ സമ്മർദം കഴുത്ത്, മാറിടം, ഉദരംസ ഒടുവിൽ അരക്കെട്ട് എന്നീ ഭാഗങ്ങളിലേക്കു താഴോട്ടു സഞ്ചരിക്കുന്നതായും തോന്നണം. പൊക്കിൾ മുതൽ കാൽവിരലുകൾ വരെയുള്ള ഭാഗം നിലത്ത് അമർന്നിരിക്കണം. അൽപ്പസമയം ഈ നിലപാലിച്ച് സാവധാനം സരീരം കീഴ്പ്പോട്ടു കൊണ്ടുവരിക.
നേട്ടങ്ങൾ
ഭജംഗാസനം പരിശീലിക്കുന്നതിലൂടെ നട്ടെല്ലിനു വഴക്കവും നട്ടെല്ലിലെ സന്ധികൾക്ക് ഉത്തേജനവും ലഭിക്കുന്നു. രക്ത ചംക്രമണം ത്വരിതപ്പെടുന്നു. പുറംവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങൾ ഇല്ലാകുന്നു. ഭുജംഗാസനം ചെയ്യുമ്പോൾ വാരിയെല്ലിൻകൂട് വികസിക്കുകയും അങ്ങനെ ശ്വാസകോശങ്ങളുടെ ശേഷി വർധിക്കുകയും ചെയ്യുന്നു.
ആസ്മ ശമിപ്പിക്കുന്നു
ഭുജംഗാസനം ആസ്മരോഗശമനത്തിനു പ്രയോജനകരമാണ. ഗർഭശയ സംബന്ധവും അണ്ഡാശായ സംബന്ധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നതാണ്. ആമാശയത്തിലുണ്ടാകുന്ന സമ്മർദം മലബന്ധത്തെ ഇല്ലാതാക്കുന്നു. കൂടാതെ ശരീരത്തിനുള്ളിലെ പ്രാണസഞ്ചാരം ഊർജിതപ്പെടുകയും ചെയ്യുന്നു. ആർത്തവരാഹിത്യം, വേദനയോടുകൂടിയ ആർത്തവം, വെള്ളപോക്ക് മുതലായ രോഗങ്ങളും ശമിപ്പിക്കും.
മകരാസനത്തിന്റെ ഗുണങ്ങൾ
മകരാസനം സ്ഥിരമായ പരിശീലിച്ചാൽ നടുവേദന, ഇടുപ്പുവേദന, ഡിസ്ക് പ്രശ്നങ്ങൾ എന്നിവ ശമിക്കും. പുറംകോട്ടു വളയുന്ന ആസനങ്ങൾ ചെയ്തശേഷം മകരാസനത്തിൽ വിശ്രമിക്കുമ്പോൾ സകല ക്ഷീണനും പെട്ടെന്നു മാറുന്നു.
മകരാസനം ചെയ്യുന്ന വിധം
കമിഴ്ന്ന് കിടക്കുക വയറിൽ വിശ്രമിച്ചുകൊണ്ട് ഒരു കൈ മറ്റേ കൈയുടെ മുകളിൽ വച്ച് തലയിണ ഉണ്ടാക്കുക. കവിളുകൾ കൈകളിൽ വിശ്രമിക്കട്ടെ.കാലിലെ പെരുവിരൽ അടുപ്പിക്കുകയും ഉപ്പൂറ്റികൾ അകത്തിവയ്ക്കുകയും ചെയ്യുക. ഈ നിലയിൽ ശവാസനത്തിലെന്നപോലെ ദീർഘശ്വാസം ചെയ്യുക.
വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജൻമദേശം ഭാരതമാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.
വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങൾ ഇതാ...
നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.
വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റിൽ ഇതു കുടിക്കുക. വെറ്റിലയുടെ തണ്ട് ആവണക്കണ്ണയിൽ മുക്കി സപ്പോസിറ്ററി ആക്കി മലദ്വാരത്തിൽ വച്ചാൽ കുഞ്ഞുങ്ങളുടെ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.
വെറ്റില ദഹനത്തിനു സഹായകമാണ്. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. കുട്ടികളിലെ ദഹനക്കേടു മാറാൻ വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ മതി.
ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്. രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുന്നു. ശരീരത്തിൽ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുന്നു. വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കുന്നു.
വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നൽകുന്നു.
ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.
ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു തുള്ളി വെറ്റിലയെണ്ണ ചേർത്ത് രാവിലെയും വൈകിട്ടും കവിൾകൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.
ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയിൽ കടുകെണ്ണ തേയ്ക്കുക, ഇതു ചൂടാക്കി നെഞ്ചിൽ വച്ചാൽ ശ്വാസംമുട്ടൽ കുറയും. കൂടാതെ ഏലയ്ക്ക, ഗ്രാമ്പു, പട്ട, വെറ്റില ഇവ രണ്ടു കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ഒന്നര കപ്പ് ആക്കുക. ഇത് അരിച്ച് ദിവസം മൂന്നു നേരം കുടിച്ചാൽ ആശ്വാസം ലഭിക്കും.
ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയിൽ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. ഇതു ചുമ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക. ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക. കുറച്ചു ദിവസം ഉപയോഗിച്ചാൽ ചുമ പമ്പ കടക്കും. വെറ്റില ബ്രോങ്കൈറ്റിസിനും ഉത്തമപ്രതിവിധിയാണ്.
വെറ്റില നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാകുന്നു. പോളിഫിനോളുകൾ, പ്രത്യേകിച്ചും ചവികോൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് അണുക്കളിൽ നിന്നും സംരക്ഷിക്കുന്നു.
പുറംവേദന കൊണ്ട് വിഷമിക്കുന്നവർക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടിയാൽ ആശ്വാസം ലഭിക്കും. പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്.
വെറ്റിലയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. അതിനാൽ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കുന്നുണ്ട്. ഇത് നല്ലൊരു ഡൈയൂറെറ്റിക് ആണ്. ഒരു വെറ്റില ചതച്ച് നീരെടുക്കുക. ഇതു കുറച്ചു നേർപ്പിച്ച പാലിൽ ചേർത്തു കഴിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇതു സഹായിക്കുന്നു. മൂത്രതടസം മാറാനും ഉത്തമമാണ്.
ഒരുടീസ്പൂൺ വെറ്റില നീരിൽ തേൻ ചേർത്താൽ ഒരു ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാൽ ഉൻമേഷം ലഭിക്കും. ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.
ചർമരോഗങ്ങൾക്കും വെറ്റില ഗുണം ചെയ്യും. അലർജികൾ, ചൊറിച്ചിൽ, വ്രണങ്ങൾ, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ആശ്വാസം തരും. കുറച്ച് വെറ്റില ചതച്ചതിൽ മഞ്ഞൾ ചേർത്ത് വേദനയോ അലർജിയോ ഉള്ളിടത്ത് പുരട്ടിയാൽ നല്ലത്. വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
ചെവിവേദനയ്ക്കും വെറ്റില ആശ്വാസം നൽകും. വെറ്റിലനീര് വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഇറ്റിച്ചാൽ പെട്ടെന്ന് ചെവിവേദന കുറയുമത്രേ. യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങൾക്കും പരിഹാരമാകുന്ന വീട്ടുമരുന്നാണ് വെറ്റില. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കുന്നു.
കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
എന്തിനും ഒരു മറുവശം ഉണ്ടെന്നു പറയുന്നതു പോലെ വെറ്റിലയ്ക്കുമുണ്ട് ദോഷവശവും. വെറ്റില അമിതമായ ചവയ്ക്കുന്നത് രസമുകുളങ്ങൾ നശിക്കാൻ കാരണമാക്കുന്നുണ്ട്. അതുപോലെ മൈഗ്രേൻ, മാനസിക പ്രശ്നങ്ങൾ, ടിബി, കുടൽവ്രണം, ചുഴലി രോഗം ഇവയുള്ളവർ വെറ്റില ഉപയോഗിക്കാൻ പാടില്ല എന്നതും ശ്രദ്ധിക്കണം.
സുഗന്ധമുള്ള ഈ വള്ളിച്ചെടിയെ നിങ്ങളുടെ പൂന്തോട്ടത്തിന് അലങ്കാരമാക്കാൻ ഇനി വൈകേണ്ട, വെറ്റിലയിൽ നിന്നു ഗുണഫലങ്ങൾ അനുഭവിക്കാനും
കൊല്ലാതെ കൊല്ലുന്ന രോഗം എന്നു വേണമെങ്കില്‍ പ്രമേഹത്തെ പറയാം. ഇന്ന് സമൂഹത്തിലെ പകുതിയിലേറെ വരുന്നവര്‍ക്ക് ബാധിച്ചിരിക്കുന്ന ഈ രോഗത്തിന്റെ പ്രത്യേകത ഒരിക്കല്‍ വന്നാല്‍ പിന്നെ മാറില്ലെന്നതു തന്നെയാണ്. വൈദ്യശാസ്ത്രത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്പടക്കമുള്ള പ്രതിവിധികള്‍ ഇതിനുണ്ട്. ചില വിട്ടു വൈദ്യങ്ങളുമുണ്ട്. ഉലുവ ഇതിന് പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ദിവസവും 50 ഗ്രാം വീതം ഉലുവ കഴിയ്ക്കുന്നത് ഇതിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്. മാവിലകള്‍ പ്രമേഹം കുറയ്ക്കും. മാവില രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് രാവിലെ പിഴിഞ്ഞെടുത്ത് വെറുംവയറ്റില്‍ കുടിക്കാം. മാവില ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നതും ഗുണം ചെയ്യും.നെല്ലിക്കാജ്യൂസും പ്രമേഹത്തിന് പറ്റിയ മരുന്നാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതു നന്ന്.ഞാവല്‍പ്പഴം പ്രമേഹമുള്ളവര്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇത് ദിവസവും ഒന്നോ രണ്ടോ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും.പാവയ്ക്കാ നീര് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും രാവിലെ വെറുംവയറ്റിലാണ് ഇത് കഴിയ്ക്കേണ്ടത്. പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ്റം വരണം. ഗര്‍ഭകാല പരിചരണത്തില്‍ ആയുര്‍വേദത്തിന് പ്രഥമ സ്ഥാനമാണുള്ളത്.
ഗര്‍ഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മുമ്പ് തന്നെ ഗര്‍ഭിണീപരിചരണം ആരംഭിക്കണം. ഈ ഘട്ടത്തില്‍ സേവിക്കേണ്ട പ്രധാന ഔഷധം തിരുതാളിയാണ്. ഇത് ആദ്യമാസം പാലില്‍ അരച്ച് സേവിക്കുന്നത് ഗര്‍ഭത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
പേരാല്‍ മൊട്ട് പാലില്‍ അരച്ച് സേവിക്കുന്നതും ജീവന്ത്യാദി ഗണത്തിലെ മരുന്നുകള്‍ ശരീരത്തിന് പുറത്തും അകത്തും ഉപയോഗിക്കുന്നതും നല്ലതാണ്. വെണ്ണ, നെയ്യ്, പാല് മുതലായ ശരീരപോഷണങ്ങളായ വസ്തുക്കള്‍ ധാരാളം ഉപയോഗിക്കുന്നതും ഉത്തമമാണ്.
ഗര്‍ഭിണികളുടെ മാനസികാരോഗ്യവും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ സങ്കടപ്പെടുത്തുകയോ അവരോട് ദേഷ്യപ്പെടുകയോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിണം. നടുക്കമുണ്ടാക്കുന്ന വാര്‍ത്തകള്‍ ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ഇടവരരുത്. പട്ടിണി കിടക്കുന്നതും ദീഘദൂരയാത്ര ചെയ്യുന്നതും ഒഴിവാക്കണം.
കട്ടിയുള്ളതും ദഹിക്കാന്‍ പ്രയാസമുള്ളതും മലബന്ധമുണ്ടാക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. വസത്രധാരണത്തില്‍ പോലും പ്രത്യേകം ശ്രദ്ധിക്കണം.
ലളിതവും അയഞ്ഞതും കടുംനിറം അല്ലാത്തവയുമായിരിക്കണം ഗര്‍ഭിണികള്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍. രോഗങ്ങള്‍ ഉണ്ടായാലും വളരെ മൃദുവായ ഔഷധങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
ഇളനീര് വെള്ളം, മലര് വെന്ത വെള്ളം, ജീരകവെള്ളത്തില്‍ കല്‍ക്കണ്ടം ചേര്‍ത്തത് മുതലായവ ധാരാളം നല്‍കുന്നത് ഛര്‍ദിയും ഭക്ഷണക്കുറവുകൊണ്ടുള്ള ക്ഷീണവും ഇല്ലാതാക്കാന്‍ സഹായിക്കും.
മാവിന് തളിര്, ഇഞ്ചി, കൂവളവേര് എന്നിവ ഓരോ നുള്ളും മലരും ഇട്ട് വെള്ളം തിളപ്പിച്ച് ഓരോ ധാന്വന്തരം ഗുളികയും ചേര്‍ത്ത് രണ്ടു മൂന്നു നേരമായി നല്‍കുന്നത് അത്യധികമായ ഛര്‍ദി ശമിക്കാന്‍ സഹായിക്കുന്നു. വില്വാദി ലേഹ്യവും ഈ ഘട്ടത്തില്‍ വൈദ്യ നിര്‍ദേശപ്രകാരം സേവിക്കുന്നത് ഗുണകരമാണ്.
ഓരോ മാസത്തിലും പ്രത്യേകം പ്രത്യേകം ഔഷധങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. ഗര്‍ഭിണിയുടെ ആരോഗ്യസ്ഥിതി, ദഹനശക്തി, ശരീരഭാരം, ശീലങ്ങള്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് മരുന്നുകള്‍ നിര്‍ദേശിക്കേണ്ടത്.
അതിനാല്‍ ഒരു അംഗീകൃത വൈദ്യന്റെ നിര്‍ദേശപ്രകാരമുള്ള ഔഷധങ്ങള്‍ മാത്രമേഗര്ഭിണി ശീലമാക്കാവു. ഗര്‍ഭിണികള്‍ മാനസിക സമ്മര്‍ദം പരമാവധി ഒഴിവാക്കേണ്ടതാണ്.
മാതാവിന്റെ വികാരവിചാരങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുന്നു. മാതാവിന് ഉത്കണ്ഠയും ദു:ഖവും ഉണ്ടായാല്‍ കുഞ്ഞ് ഭീരുവായിത്തീരാന് സാധ്യതയുണ്ട്. അമിതമായ വെറുപ്പ് കുഞ്ഞിന് ക്രുരസ്വഭാവം കൈവരാന്‍ കാരണമായേക്കാം.
ഗര്‍ഭിണി അമിതമായി ഉറങ്ങിയാല്‍ കുഞ്ഞ് അലസനാകും. മധുരം കൂടുതല്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് പ്രമേഹം പിടിപെടാന്‍ സാധ്യതയുമുണ്ട്. പുളി അമിതമായി ഉപയോഗിച്ചാല്‍ ശിശുവിന് ത്വക്ക്രോഗവും ഉപ്പ് അമിതമായി ഉപയോഗിച്ചാല്‍ അകാലനരയ്ക്കും കഷണ്ടിക്കും സാധ്യതയുണ്ട്. എരിവ് അധികമായാല്‍ വന്ധ്യതയ്ക്കും സാധ്യതയുണ്ട്
ആരോഗ്യപൂര്‍ണമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യകള്‍. ഈ അടിസ്ഥാനചര്യകള്‍ പാലിക്കുന്നതോടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു താളം കൈവരും. അതോടെ ടെന്‍ഷനും രോഗങ്ങളും അകലും.
രാവിലെ ഉണരുന്നതു മുതല്‍ രാത്രി കിടക്കും വരെയുള്ള കാര്യങ്ങളാണ് ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചര മുതല്‍ ആറര വരെയുള്ള സമയമാണ് ഉണരാന്‍ അഭികാമ്യമാണ്. തുടര്‍ന്നു മലവിസര്‍ജനം, പല്ലുതേയ്ക്കല്‍, കുളി എന്നിവ നടത്താം.
ആയുര്‍വേദ ചൂര്‍ണങ്ങളോ ആര്യവേപ്പിന് കമ്പു ചതച്ചതോ ഉപയോഗിച്ചു പല്ലു തേയ്ക്കുന്നത് ഉത്തമമാണ്. എള്ള് അരച്ചു ചൂടുവെള്ളത്തില്‍ കലക്കി കവിള് കൊള്ളുന്നതും നല്ലതാണ്. കര്‍പ്പൂരതൈലം, കരയാമ്പു, ജാതിക്ക തുടങ്ങിയവയും ദന്തശുചീകരണത്തിനു നല്ലതു തന്നെ.
തൈലമോ എണ്ണയോ തേച്ചുള്ള കുളിയാണ് ഉത്തമം. നല്ലെണ്ണ, നാല്പാമരാദി വെളിച്ചെണ്ണ, ധന്വന്തരം തൈലം എന്നിവയെല്ലാം തേച്ചുകുളിക്കാന്‍ പൊതുവായി ഉപയോഗിക്കാവുന്നതാണ്. തലയിലും ഉള്ളം കാലിലും ചെവിക്കുടന്നയിലും എണ്ണ തേച്ചു മസാജ് ചെയ്യണം. എണ്ണ തേച്ചു 20-30 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. നിത്യവും ഇങ്ങനെ ചെയ്താല്‍ നല്ല ഉറക്കം കിട്ടും. ക്ഷീണം മാറും. ഉത്സാഹം വര്‍ധിക്കും. ലൈംഗികശക്തിക്കും ഉത്തമം. വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ ശരീരത്തില്‍ എണ്ണ പുരട്ടി തിരുമ്മിയശേഷം ചെയ്യാം. വിയര്‍ത്താല്‍ വിയര്പ്പാറിയേ കുളിക്കാവൂ. ഇളം ചൂടുവെള്ളത്തിലാണു കുളിക്കേണ്ടത്. തേച്ചു കുളിക്കാന്‍ സോപ്പിനു പകരം പയറുപൊടിയോ കടലമാവോ ഉപയോഗിക്കാം. ഇതു ത്വക്കിനു തിളക്കവും മൃദുത്വവും നല്‍കും. തല തണുത്ത വെള്ളത്തിലേ കഴുകാവൂ.
ദിവസവും രണ്ടുതുള്ളി അണുതൈലം മൂക്കിലൊഴിക്കുന്നതു നല്ലതാണ്. ഇതു ശ്വാസകോശരോഗങ്ങളും കഫവും അകറ്റും. ഇതിനു ശേഷം ചെറുചൂടുവെള്ളം കവിള് കൊള്ളുന്നതു കഫം പൂര്‍ണമായും ഇളകിപ്പോകാന്‍ സഹായിക്കും. ഇളനീര്ക്കുഴമ്പു ദിവസവും കണ്ണിലൊഴിക്കുന്നതു കണ്ണിനു കുളിര്‍മ നല്‍കും. നേത്രരോഗങ്ങളെ തടയും. ഇതുപോലെ തന്നെ ദിനവും ഉപയോഗിക്കാവുന്ന ഒന്നാണ് ത്രിഫലചൂര്ണം. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ സമം ചേര്‍ത്തു പൊടിച്ചതാണിത്. രോഗപ്രതിരോധത്തിനും മലബന്ധം മാറാനും ഇതു നല്ലതാണ്.
ആഹാരം രണ്ടുനേരം മതിയെന്നാണ് ആയുര്‍വേദ പക്ഷം. അതു കൃത്യസമയത്തും മിതമായും വേണം. മുഖ്യാഹാരങ്ങള്ക്കിടയില് 3-4 മണിക്കൂര്‍ ഇടവേള വേണം. അതാതു കാലങ്ങളില്‍ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതാണു നല്ലത്. എരിവും ഉപ്പും മിതമായി മതി.
രാത്രി അധിക ഭക്ഷണം വേണ്ട. ഭക്ഷണശേഷം ഉടനെ കുളിച്ചാല്‍ ദഹനക്കേടുണ്ടാകാം. സ്നാക്സ് കഴിവതും പച്ചക്കറികളോ പഴങ്ങളോ മതി. ആഹാരം കഴിഞ്ഞശേഷം ഉടനെ ഉറക്കം വേണ്ട. കസേരയില്‍ ചാരിക്കിടന്നുള്ള മയക്കമാവാം. രാത്രിയില്‍ തല നനയ്ക്കേണ്ട. ദേഹം കഴുകിയാല്‍ മതി. അധികനേരം ഉറക്കമിളയ്ക്കുന്നതും നല്ലതല്ല. ആറു മണിക്കൂറെങ്കിലും ഉറങ്ങണം.
നാല്പത് വയസു കഴിഞ്ഞ സ്ത്രീകളില്‍ കൂടുതലായി ഇത്തരം അസുഖം കാണുന്നു. പ്രധാനമായും ഇടുപ്പെല്ല്, കാല്‍മുട്ട്, തോള്, നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ചലനം കൂടുതല്‍ ആവശ്യമുള്ള കഴുത്തിനും നടുവിനുമൊക്കെ സന്ധിതേയ്മാനം ബാധിക്കാം
പ്രായം കൂടുന്തോറും ശരീരത്തിലെ വിവിധ സന്ധികളിലുള്ള അസ്ഥിയുടെ അഗ്രങ്ങളില്‍ കാര്‍ട്ടിലേജിന് തേയ്മാനം ഉണ്ടാകുന്നു. കാര്‍ട്ടിലേജിന്റെ തേയ്മാനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ് ശരീരത്തിന്റെ അമിത ഭാരവും സന്ധികളുടെ അമിത ഉപയോഗവും.
ശരീരത്തിലെ സന്ധികള്‍ സുഗമമായി പ്രവര്‍ത്തിക്കാനും അസ്ഥികള്‍ തമ്മില്‍ ഉരസാതിരിക്കാനും അവയുടെ അഗ്രഭാഗങ്ങളില്‍ ദൃഢവും മിനുസമുള്ളതുമായ കാര്‍ട്ടിലേജുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.
വര്‍ഷങ്ങളോളം യാതൊരു തകരാറും സംഭവിക്കാതെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഘടന. എന്നാല്‍ പ്രായമേറുമ്പോള്‍ സ്വാഭാവികമായി ഈ കാര്‍ട്ടിലേജുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നു.
40 വയസുകഴിഞ്ഞ സ്ത്രീകളില്‍ കൂടുതലായി ഇത്തരം അസുഖം കാണുന്നു. പ്രധാനമായും ഇടുപ്പെല്ല്, കാല്‍മുട്ട്, തോള്, നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ചലനം കൂടുതല്‍ ആവശ്യമുള്ള കഴുത്തിനും നടുവിനുമൊക്കെ സന്ധിതേയ്മാനം ബാധിക്കാം.
സന്ധിതേയ്മാനത്തിന് ആയുര്‍വേദ ചികിത്സ ഫലപ്രദമാണ്. പ്രായമാകുന്നതും സന്ധികള്‍ക്ക് തേയ്മാനം സംഭവിക്കുന്നതും പൊടുന്നനേ ഒരു ദിവസം ഉണ്ടാകുന്നതല്ല.
ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നീ അവസ്ഥകളിലൂടെ നമ്മള് കടന്നു പോകുമ്പോള്‍ ഓരോ അവസ്ഥയിലും ചിലര്‍ക്കെങ്കിലും വിവിധതരം രോഗത്തിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരും.
അതുകൊണ്ട് മാനസികവും ശാരീരകവുമായ ആരോഗ്യം നിലനിര്‍ത്താന്‍ കൃത്യമായ ദിനചര്യയും കാലാവസ്ഥാ ഭേദങ്ങള്‍ അനുസരിച്ചുള്ള ഋതുചര്യകളും അനുഷ്ഠിക്കാനാണ് ആയുര്‍വേദം അനുശാസിക്കുന്നത്.
അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കാതിരിക്കാനും, അസുഖം തുടക്കത്തില്‍ കണ്ടെത്തിയാല്‍ രോഗം അധികരിക്കാതിരിക്കാനും ആയുര്‍വേദ ചികിത്സകൊണ്ട് സാധിക്കും.
അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്കുന്നു.
കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. മൂത്രക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം.
മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക.
ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക.
പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും.
ശരീരത്തിന് കുളിര്‍മ്മ നല്‍കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.
വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്.
15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും.
ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം, പ്രഫംജനം കുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം.
സൗകര്യങ്ങൾ കൂടുമ്പോൾ അസുഖങ്ങളും കൂടുന്ന കാലമാണിത്. ജീവിതരീതി അപ്പാടെ മാറിയത് കൊണ്ട് ഒത്തിരി രോഗങ്ങൾ പിറവിയെടുത്തു. പേര് പോലും അറിയാത്ത അസുഖങ്ങൾ കടന്നു വരുന്നു. ജീവിതവും ദിനചര്യയും കാലത്തിനനുസൃതമായി മാറ്റിയപ്പോൾ നമ്മൾ മറന്നു പോയ ചില നല്ലകാര്യങ്ങളുണ്ട്. നമ്മുടെ സംസ്കാരം തന്നെയായ ആയുർവേദവും നിഷ്കർഷിച്ചു പോന്നിരുന്ന ചിട്ടകളുമൊക്കെയാണവ.
ആയുര്‍വേദ ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ ദിനചര്യകള്‍ പിന്തുടരുന്നത് ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതം നമുക്കേകും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമെഴുന്നേല്‍ക്കണം എന്നും തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കണമെന്നും ആയുര്‍വേദ ആചാര്യന്മാര് നിര്‍ദ്ദേശിക്കുന്നു. ദന്ത ശുചീകരണത്തിനായി ആയുര്‍വേദ വിധി പ്രകാരം തയ്യാറാക്കിയ ദന്ത ചൂര്‍ണ്ണങ്ങളോ ആര്യവേപ്പിന്റെ കമ്പ് ചതച്ചതോ മാവിലയോ ഉപയോഗിക്കാം.
ആരോഗ്യവും സൗ ന്ദര്യവുമുള്ള ചര്‍മ്മത്തിനായി എണ്ണയോ തൈലമോ തേച്ചുള്ള കുളി നിര്‍ബന്ധമാണ് . നല്ലെണ്ണ , ധന്വന്തരം തൈലം തുടങ്ങിയവ ശരീരത്തില്‍ നല്ല പോലെ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം ഇളം ചൂട് വെള്ളം ഉപയോഗിച്ച് കുളിക്കാം . മുടി കഴുകാനായി തണുത്ത വെള്ളം ഉപയോഗിക്കണം. ശരീരമാസകലം എണ്ണ തേയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ തല, ചെവി, കാലുകള്‍ എന്നിവയില്‍ എങ്കിലും എണ്ണ തേയ്ക്കണം എന്ന് നിഷ്കര്‍ഷിക്കുന്നു. സോപ്പിന് പകരം ചെറുപയറുപൊടി , കടലമാവ് എന്നിവ തേച്ച് കുളിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കും.പതിവായി ഇളനീര്‍ക്കുഴമ്പ് കണ്ണിലൊഴിക്കുന്നത് പല വിധത്തിലുള്ള നേത്രരോഗങ്ങളെ തടയും.
നാല് മണിക്കൂര്‍ ഇടവേളകളില്‍ മിതമായ അളവില്‍ മാത്രം ആഹാരം കഴിക്കുക.കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാനായി പ്രത്യേകം ശ്രദ്ധിക്കണം. എരിവ് , ഉപ്പ് , മധുരം എന്നിവ മിതമായ അളവില്‍ ഉപയോഗിക്കുക. അമിതമായി രാത്രി ഭക്ഷണം അരുത്.
തിരക്കുകളിൽ നെട്ടോട്ടമോടുമ്പോളും ഇത്രയെങ്കിലും ജീവിതത്തോട് ചേർക്കാനായെങ്കിൽ അത്രയും നല്ലത്. മറ്റുള്ളവർക് വേണ്ടിയല്ല നമുക്ക് വേണ്ടി എന്ന ചിന്ത മാത്രം മതി എല്ലാം ശരിയാകാൻ.
ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. പ്രാപഞ്ചിക ഉണ്മയിൽ വ്യക്തിഗതമായ ഉണ്മയുടെ ലയനം എന്ന അർത്ഥമാണ് സംസ്കൃതത്തിലെ “യുജ്"എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ച ‘യോഗ’യ്ക്കുള്ളത്. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.
5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണത്.
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാൻ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തിൽ, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ഒരു വശത്തു നടക്കുമ്പോൾ തന്നെ, സർവ്വ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ വേറൊരു ഭാഗത്ത് ഊർജ്ജിതമാണ്.
പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല. ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതിലഭിക്കുന്നു.
തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗം കൂടിയാണ് യോഗ . ഏറ്റവും സങ്കീർണമാംവിധം ആളുകൾ വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും, മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഉദാത്തമായ ഈ ശാസ്ത്രത്തിന്റെ ഏറ്റവും ഉപരിതല സ്പർശികളായ ഘടകങ്ങളാണ് അവ എന്നതാണ് വാസ്തവം.
പേരുകേട്ടാൽ ആരും ഒന്ന് തെറ്റിദ്ധരിച്ചു പോകും..! എന്നാൽ യഥാർത്ഥത്തിൽ ഒരു ദോഷവും ഇല്ലാത്തവരാണ് ത്രിദോഷം. ആയുര്‍വേദത്തിലെ അടിസ്ഥാന ദര്‍ശനങ്ങളിലൊന്നാണ് ത്രിദോഷസിദ്ധാന്തം. വാതം, പിത്തം, കഫം എന്നിവയാണ് മൂന്നു ദോഷങ്ങള്‍.
ശരീരത്തിന്റെ അടിസ്ഥാന പ്രക്രിയകളായ ക്ഷപണം (ക്ഷയിപ്പിക്കുന്നത്) പചനം (ദഹിപ്പിക്കുന്നത്), പോഷണം (പോഷിപ്പിക്കുന്നത്) എന്നിവയെ നിര്‍വഹിക്കുന്ന ത്രിദോഷങ്ങള്‍. ദോഷം എന്ന വാക്കിന് കേട്, ഉപദ്രവം എന്ന അര്‍ത്ഥങ്ങളല്ല ആയുര്‍വേദത്തിലുള്ളത്. ശരീരത്തെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ തന്നെയാണവ. 'പ്രവര്‍ത്തിപ്പിക്കുന്നത്' എന്നും 'ദുഷിപ്പിക്കുന്നത്' എന്നും അര്‍ത്ഥമുണ്ട് ഈ വാക്കിന്. ശരീരഘടകങ്ങളായ ദ്രവ്യങ്ങളാണ് ദോഷങ്ങള്‍. മനുഷ്യശരീരത്തിന്റെ ഉത്പത്തിക്കുപോലും കാരണം ത്രിദോഷങ്ങളാണെന്ന് സുശ്രുതന് പറയുന്നു. അവയുടെ ഏറ്റക്കുറച്ചിലുകളാണ് രോഗങ്ങള്‍ക്കു കാരണം. ഓരോ ദോഷത്തിനും അനുസരിച്ചുള്ള ചികിത്സ കൊണ്ട് രോഗശമനമുണ്ടാക്കാം.
ത്രിദോഷങ്ങള്‍ക്ക് രണ്ടവസ്ഥകളുണ്ട്. ശരീരസംബന്ധിയായ ധാതുരൂപവും രോഗസംബന്ധിയായ രോഗരൂപവും. ദോഷങ്ങള്‍ ഏറ്റക്കുറച്ചില്‍ കൂടാതെ ക്രമമായി ശരീരത്തില്‍ കുടികൊള്ളുമ്പോഴാണ് അവയെ ധാതുക്കള്‍ എന്നു പറയുക. ദോഷങ്ങള്‍ സമമായിരിക്കുന്ന അവസ്ഥയാണ് ആരോഗ്യത്തിനു കാരണം. ക്രമം തെറ്റിയാല്‍ രോഗങ്ങള്‍ക്കു കാരണമായി.
ഓരോ ശരീരത്തിലും അതിന്റെ സ്വഭാവമനുസരിച്ച് നിശ്ചിതമായ അളവില്‍ വാതപിത്തകഫങ്ങള് ഉണ്ടായിരിക്കുമെന്നാണ് ആയുര്‍വേദസങ്കല്പം. ഓരോരുത്തരിലും അത് വ്യത്യസ്തവുമായിരിക്കും.
ചലനം, നാശനം എന്നീ അര്‍ത്ഥങ്ങളാണ് വാതത്തിനുള്ളത്. ശരീരത്തിന്റെ ചലനശേഷിയെത്തന്നെയാണ് അതു സൂചിപ്പിക്കുന്നത്. തപിപ്പിക്കുക (ചൂടുണ്ടാക്കുക) എന്നാണ് പിത്തം എന്ന പദത്തിനര്‍ത്ഥം. ശരീരത്തിലെ ഉപാപചയ പ്രക്രിയ (ആഗ്നേയഗുണം)യെ അതു സൂചിപ്പിക്കുന്നു. ജലം കൊണ്ടു വളരുന്നത്, ജലം കൊണ്ടു പ്രയോജനപ്പെടുന്നത് എന്നീ അര്‍ത്ഥങ്ങളുള്ളതാണ് കഫം എന്ന സംജ്ഞ.
ആരോഗ്യത്തിനു ഭക്ഷണം പ്രധാന ഘടകമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചതു കൊണ്ടായില്ല, നല്ല ഭക്ഷണം കഴിയ്ക്കണം. നല്ല ഭക്ഷണമാണെങ്കിലും കഴിയ്ക്കേണ്ട ഒരു രീതിയുമുണ്ട്. ചില ഭക്ഷണങ്ങള്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കരുത്. ഇത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കും. ആയുര്‍വേദ പ്രകാരം ചില ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിയ്ക്കുന്നതു വര്‍ജ്യമാണ്. ഒരുമിച്ചു കഴിച്ചു കൂടാത്ത ഭക്ഷണങ്ങളെക്കുറിച്ച് അല്പം കാര്യങ്ങള്‍.
ഉലുവയെന്നാല്‍ കറികള്‍ക്കു മണവും സ്വാദും കൂട്ടാന്‍ ഉപയോഗിക്കുന്ന വസ്തുവായാണു നാം സാധാരണയായി കാണുന്നത്. എന്നാല്‍ ഇതിന്റെ ഔഷധ ഗുണം അമൂല്യമാണെന്നാണ് യാഥാര്‍ഥ്യം. ആയുര്‍വേദത്തിലും ചൈനീസ് പാരമ്പര്യചികിത്സയിലും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. രക്തത്തില്‍ ഉയര്‍ന്ന നിലയിലുള്ള പഞ്ചസാര, കൊളസ്ട്രോള്‍ എന്നിവയുള്ളവര്‍ ഉലുവ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാനും ലൈംഗികശേഷി നന്നാക്കാനും ഉലുവയ്ക്ക് കഴിയും. ഉലുവയില്‍ ധാരാളം നാരുകളും രാസഘടകങ്ങളുമുണ്ട്. ലബോറട്ടറികളിലും എലികളിലും നടത്തിയ പഠനങ്ങളിലൂടെ ഉലുവയ്ക്ക് നീര്‍ക്കെട്ട് കുറയ്ക്കാന്‍ കഴിയുമെന്ന് മനസിലായിട്ടുണ്ട്. വേദനാസംഹാരിയും കൂടിയാണത്. കാന്‍സറിനെ ചെറുക്കാനുള്ള കഴിവുമുണ്ട്.
അടുത്തകാലത്ത് വിദേശങ്ങളില്‍ നടത്തിയ ചില പഠനങ്ങളില്‍ പ്രമേഹരോഗികള്‍ ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന നില കുറയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഉലുവയിലടങ്ങിയിട്ടുള്ള നാരുകള്‍ പ്രമേഹത്തിനെതിരെ നന്നായി പ്രവര്‍ത്തിക്കുന്നു. ഈ രംഗത്ത് ഒരുപാട് പഠനങ്ങള്‍ തുടര്‍ന്നും നടത്തേണ്ടതുണ്ട്.
ചിലരില്‍ ഉലുവ കഴിച്ചതിന്റെ ഫലമായി ഉയര്‍ന്ന നിലയിലുള്ള കൊളസ്ട്രോള്‍ കുറയുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, വേറെ ചിലരില്‍ ഒരു മാറ്റവും സംഭവിക്കുന്നുമില്ല. രാവിലത്തെ ആഹാരത്തോടൊപ്പം ഉലുവ കൂടി വേവിച്ച് കഴിച്ച കുറേ പേരില്‍ ശരീരത്തിന്റെ അമിതഭാരം കുറയുന്നതായി കണ്ടിട്ടുണ്ട്. വിശപ്പു കുറവുള്ളവര്‍ക്ക് ഉലുവ കഴിക്കാന്‍ കൊടുക്കുന്നത് ജര്‍മ്മിനിയില്‍ ചികിത്സയുടെ ഭാഗമാണ്.
ഈയിടെ ആസ്ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍, ഉലുവ ഉപയോഗിച്ചുണ്ടാക്കിയ ഒരു ഫുഡ് സപ്ളിമെന്റ് കൊടുത്തപ്പോള്‍ കുറേ പേരില്‍ ലൈംഗികശേഷി നല്ല നിലയിലായി എന്നാണറിയുന്നത്. പേശികള്‍ക്ക് നല്ല ദൃഢതയും ലഭിച്ചു എന്നും പറയുന്നു. ഹോര്‍മോണുകളുടെ ഫലം ചെയ്യുന്ന ചില രാസഘടകങ്ങള്‍ ഉലുവയിലുണ്ട്. അതായിരിക്കും ഒരുപക്ഷേ, ഈ നല്ല ഫലത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വിഷയത്തില്‍ പ്രാഥമികപഠനം മാത്രമേ നടന്നിട്ടുള്ളൂ. പഠനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ എല്ലാവര്ക്കും സന്തോഷിക്കാനുള്ള വക ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.
പ്രമേഹം നിയന്ത്രിക്കാന്‍ ആയുര്‍വേദം
പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിലൂടെ ഫലപ്രദമായി സാധിക്കും. ശരിയായ ഔഷധപ്രയോഗത്തോടൊപ്പം പഥ്യാഹാരവും വ്യായാമവും എണ്ണതേച്ചുകുളിയും ശീലമാക്കണം. മധുരം, പുളി, എരിവ്, പകലുറക്കം, അലസത എന്നിവ ഉപേക്ഷിക്കുകയും വേണം.
പ്രമേഹ ചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്. എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്. ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം. ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല. മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിനായി ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ആഹാരത്തെത്തന്നെ ഔഷധമാക്കി മാറ്റുന്നു. പ്രമേഹരോഗികള്‍ ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ചിട്ടയായ വ്യായാമം പ്രമേഹരോഗ നിയന്ത്രണത്തോടൊപ്പം രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അമിതവണ്ണവും കുറയ്ക്കുകയും മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുകയും ചെയ്യും.
നാല്പാമരാദികേരം, ഏലാദികേരം, ധന്വന്തരം കുഴമ്പ്, പിണ്ഡതൈലം ഇവയില്‍ ഏതെങ്കിലും ദേഹത്ത് തേച്ചുകുളിക്കുന്നത് നാഡികളെയും പാദങ്ങളെയും ത്വക്കിനെയും കണ്ണുകളെയും ഒരുപോലെ സംരക്ഷിക്കും. പ്രമേഹരോഗി ഔഷധോപയോഗത്തോടൊപ്പം ഉലുവ പൊടിച്ചോ വെള്ളത്തിലിട്ടുവെച്ചോ ഉപയോഗിക്കുന്നത് ഉത്തമമാണ്. ഭക്ഷണത്തില്‍ മഞ്ഞളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും ശ്രദ്ധിക്കണം.
15 മില്ലി നെല്ലിക്കാനീരില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം. വാഴപ്പിണ്ടിനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് ഉപയോഗിക്കുന്നതും കടുക്കാത്തൊണ്ട്, കുമ്പിള്വേര്, മുത്തങ്ങ, പാച്ചോറ്റിത്തൊലി ഇവ സമം കഷായംവെച്ചു കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്. നിശാകതകാദി കഷായം പതിവായി സേവിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും
കരൾ രോഗങ്ങൾക്ക് ആയുവേദ ചികിത്സാ പദ്ധതിയുമായി സർക്കാർ
മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സ പദ്ധതി കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്നു. ഭാരതീയ ചികിത്സ വകുപ്പു മുഖേന സംസ്ഥാന സര്‍ക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. കാസര്‍കോട്, പടന്നക്കാട്, ചീമേനി, കോയങ്കര സര്‍ക്കാര്‍ ആയുര്‍വേദാശുപത്രികളില്‍ ഈ ചികിത്സ സൗകര്യം ലഭിക്കും. പരിശോധിക്കുന്നതിനും കരള്‍ രോഗികള്‍ക്ക് തുടര്‍ചികിത്സ നല്‍കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന രോഗികള്‍ക്കുളള രക്തപരിശോധനയും മരുന്നും സൗജന്യമാണ്. മദ്യപാനം മൂലവും അല്ലാതെയും ഉണ്ടാകുന്ന കരള്‍ രോഗമുളളവരെ കണ്ടെത്തി ആയുര്‍വ്വേദ ചികിത്സ നല്‍കുകയാണ് കരള്‍ രോഗ മുക്തി പദ്ധതിയുടെ ലക്ഷ്യം. മദ്യപാനാസക്തി കുറയ്ക്കാനുളള നടപടികളുമുണ്ടാകും. മദ്യപാനത്തിനെതിരെയും കരള്‍രോഗത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തും. സംസ്ഥാന വ്യപകമായി പദ്ധതി നടപ്പിലാക്കും. കരള്‍വീക്കം, കൊഴുപ്പ്, ഉദരരോഗങ്ങള്‍, കരള്‍ തകരാര്‍ മൂലമുണ്ടാകുന്ന അധിക മര്‍ദ്ദം തുടങ്ങിവയാണ് കരള്‍ രോഗങ്ങള്‍. മദ്യം, ഫാസ്റ്റ്ഫുഡ്, കൃത്രിമ ഭക്ഷണ പാനീയങ്ങള്‍, കൊഴുപ്പ് കൂടുതലുളളതും പോഷകാഹാരം കുറഞ്ഞതുമായ പദാര്‍ത്ഥങ്ങള്‍ വ്യായാമരഹിത ജീവിതശൈലി എന്നിവമൂലമാണ് കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. ആയുര്‍വേദത്തില്‍ കരളിനെ സംരക്ഷിക്കുന്നതിന് ധാരാളം ഔഷധങ്ങളും ചികിത്സാക്രമങ്ങളുമുണ്ട്. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് കരള്‍രോഗ മുക്തി പദ്ധതിയുടെ ലക്ഷ്യം.
കടപ്പാട്-mitrahermitagenews.com
അവസാനം പരിഷ്കരിച്ചത് : 6/18/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍