অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രകൃതി ജീവനം

പ്രകൃതി ജീവനം

പ്രകൃതി ജീവനം - ആമുഖം

പ്രകൃതി ജീവനശാസ്ത്രം ഒരു സാങ്കേതിക ശാസ്ത്രമോ ഏതെങ്കിലും വിദഗ്ധന് മാത്രം കൈകാര്യം ചെയ്യാവുന്ന ശാസ്ത്രമോ അല്ല. സ്വതന്ത്രമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന ഏത് സാധാരണക്കാരനും ഉപയുക്തമാക്കുവാന്‍ പറ്റുന്ന ഒരു ശാസ്ത്രമാണത്. പ്രകൃതിയെ മനസ്സിലാക്കി പ്രകൃതിയിലെ വിഭവങ്ങളെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുന്ന ജീവിതരീതിയാണിതെന്നു പറയാം. പ്രകൃതിയിലെ ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ കൂടാതെ ആകാശം, വായു,സൂര്യപ്രകാശം, ജലം എന്നിവയുടെ പരിശുദ്ധ അംശങ്ങള്‍ വേണ്ട സമയത്ത് വേണ്ട അളവില്‍ ശരീരത്തിനു സ്വീകരിക്കാന്‍ കഴിയണം. ശരീരം സ്വീകരിക്കുന്നതെല്ലാം ആഹാരമാണെന്നും, ആഹാരം തന്നെയാണ് ഔഷധമെന്നും തിരിച്ചറിവണ്ടാകണം. ഹിംസാത്മക പ്രവര്‍ ത്തനങ്ങളൊഴിവാക്കി ജീവശക്തിയുടെ അമിത വിനിയോഗം തടയണം. ഇങ്ങനെ ലളിതവും, സന്തോഷപൂര്‍ണ്ണവുമായ ഒരു ജീവിതത്തിലൂടെ മനുഷ്യന്റെ പൂര്‍ണ്ണാവസ്ഥയെ അനുഭവിച്ചറിയുവാനാണ് പ്രകൃതി ജീവനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്.

പ്രകൃതിയിലേക്കു നോക്കു - സ്വന്തം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ അറിയൂ, ഹൃദയത്തിന്റെ സ്പന്ദനം പോലെ ഒരു പ്രത്യേകതാളത്തലല്ല എല്ലാം ചലിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

മനുഷ്യന്റെ ശരിയായ ഭക്ഷണം എന്താണ്? അത് എങ്ങിനെ കഴിക്കണം? എപ്പോഴെല്ലാം കഴിക്കണം?എന്ന അറിവാണ് പ്രകൃതി ജീവനത്തിന്റെ കാതലായ ഭാഗം.മനുഷ്യ ന്റെ ശരീരഘടനയനുസരിച്ച് പ്രകൃതി വിധിച്ചിട്ടുളള ഭക്ഷണങ്ങളാണ് പച്ചക്കറികളും, ഫലങ്ങളും, അണ്ടിപരിപ്പുകളും. പച്ചക്കറികളില്‍ പച്ചയായി കഴിക്കാവുന്നവയ്ക്കും, ഇലവര്‍ഗ്ഗങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യമുണ്ട്. അന്നജം കുറഞ്ഞ കിഴങ്ങു വര്‍ഗ്ഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫലങ്ങളില്‍ എല്ലാ പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടും ; പുളിയുളള ഫലങ്ങള്‍ക്കാണ് ശരീരത്തിനു  കൂടുതല്‍ ക്ഷാരാംശം നല്‍കാന്‍ കഴിയുന്നത്. അണ്ടി വര്‍ഗ്ഗങ്ങളില്‍ ഒരു പൂര്‍ണ്ണാഹാരമായി നാളികേരവും ഉള്‍പ്പെടും.

ഈ പറഞ്ഞ അവശ്യഭക്ഷണങ്ങളുടെ കുറവുളളപ്പോള്‍ ആവശ്യത്തിനു കഴിക്കാവുന്ന ഭക്ഷണങ്ങളായാണ് ധാന്യങ്ങള്‍, കിഴങ്ങുകള്‍, പയറുവര്‍ഗ്ഗങ്ങള്‍, പാല്‍ എന്നിവയെ കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട് . ധാന്യങ്ങള്‍-തവിടു കളയാതെ ഉപയോഗിക്കണം, മുളപ്പിച്ചു കഴിക്കുന്നത് കൂടുതല്‍ നന്ന്. കിഴങ്ങുകള്‍ തൊണ്ടു കളയാതെ ഉപയോഗിക്കാവുന്നത് അങ്ങനെ തന്നെ ഉപയോഗിക്കണം.ധാന്യത്തോടൊപ്പം അമിതമായി കഴിക്കുന്നത് നന്നല്ല. പയര്‍-പച്ചയായി തൊണ്ടു കളയാത്തത് ഉത്തമം, അല്ലെങ്കില്‍ പരിപ്പാക്കാതെ മുളപ്പിച്ച് ഉപയോഗിക്കാം . പാല്‍-കറന്ന ഉടനെ പഞ്ചസാര ഇടാതെ തിളപ്പിക്കാതെ കഴിക്കുന്നതാണുത്തമം.

ഇവയല്ലാതെ ഇന്നു മനുഷ്യന്‍ കഴിക്കുന്ന വസ്തുക്കളിലേറിയ ഭാഗവും മനുഷ്യശരീരത്തിനു ദോഷം വരുത്തുന്ന അനാവശ്യവസ്തുക്കളാണ്. പഞ്ചസാര,മൈദ, വനസ്പതി എണ്ണകള്‍, മാംസം, മത്സ്യം, മുട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി സാധനങ്ങള്‍,ടിന്‍ഫുഡ്സുകള്‍, അച്ചാറുകള്‍, മസാലകള്‍, പഴകിയ ഭക്ഷണങ്ങള്‍, ചോക്കലേറ്റുകള്‍, മിഠായികള്‍, ഐസ്ക്രീമുകള്‍, ശീതളപാനീയങ്ങള്‍, ചായ, കാപ്പി, ലഹരി പാനീയങ്ങള്‍ ഉത്തേജക വസ്തുക്കള്‍ ടോണിക്കുകള്‍ തുടങ്ങി എല്ലാ കൃത്രിമഭക്ഷ്യ പദാര്‍ത്ഥങ്ങളും ഇവയില്‍പ്പെടും.

ശരീരത്തിന്റെ അകത്തെ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രത്യേക താളത്തില്‍ നടക്കുമ്പോള്‍ അതിനനുയോജ്യമായ ഒരു നിഷ്ഠയും താളവും നാം ചെയ്യുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും (ഭക്ഷണം, ശ്വാസോച്ഛോസം, വിശ്രമം, വിസര്‍ജ്ജനം) ഉണ്ടാവേണ്ടതല്ലേ. ഈ താളക്രമംവും നിഷ്ഠയും തന്നെയല്ലെ മനുഷ്യന്റെ ആരോഗ്യത്തിന്റെ  രഹസ്യവും.

കൂടാതെ ഭക്ഷണം എപ്പോള്‍ എങ്ങിനെ കഴിക്കണം എന്നതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ കൂടെയുണ്ട്.

1. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക

2. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണം.

3. മൂന്നു നേരത്തില്‍ കൂടുതല്‍ ഭക്ഷണം ആവശ്യമില്ല. അതിലൊരു നേരത്തേത് പഴവര്‍ഗ്ഗങ്ങള്‍ മാത്രമായിരിക്കണം.

4. ശരീരത്തിനു ക്ഷീണമോ അസുഖമോ തോന്നുമ്പോഴും ക്ഷോഭിച്ചിരിക്കുമ്പോഴും ഭക്ഷണം ഒഴിവാക്കണം.

5. കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ വേണം ഭക്ഷണം കഴിക്കാന്‍

6. ഭക്ഷണം ഒരിക്കലും അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

7. ദാഹിക്കുമ്പോള്‍ വെളളം കുടിക്കാനും ഭക്ഷണത്തോടൊപ്പം വെളളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

8. അലൂമിനിയപാത്രങ്ങള്‍ ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും ഉപയോഗിക്കരുത്.

9. ഭക്ഷണം പാകം ചെയ്യുന്നതിന് ഉപ്പ്, പുളി, മുളക്, എണ്ണ, മസാലകള്‍ എന്നിവയുടെ ഉപയോഗം ആവുന്നത്ര കുറയ്ക്കണം.

10. പാകം ചെയ്ത ഭക്ഷണം 3 മണിക്കൂറിനുളളില്‍ കഴിച്ചിരിക്കണം.

11. രാത്രി 8 മണിക്ക് മുന്‍പ് ഭക്ഷണം കഴിച്ചിരിക്കണം.

12. പഴങ്ങളോടൊപ്പം അണ്ടി വര്‍ഗ്ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമല്ലാതെ മറ്റൊന്നും കഴിക്കാന്‍ പാടില്ല.

13. മധുരത്തിന് ചക്കര, കരിപ്പട്ടി, ശര്‍ക്കര, തേന്‍ എന്നിവയും - എരിവിന് ഇഞ്ചി, കുരു കളഞ്ഞ പച്ചമുളക് എന്നിവയും - പുളിക്ക് - മോര്, ചെറുനാരങ്ങ, മാങ്ങ, തക്കാളി എന്നിവയും മാത്രം ഉപയോഗിക്കുക.

ദിവസവും കുറച്ചു സമയം ഇളംവെയില്‍ കൊളളുന്നതും ശുദ്ധവായു ശ്വസിക്കുന്നതും രണ്ടു നേരം തണുത്ത വെളളത്തില്‍ കുളിക്കുന്നതും മാസത്തില്‍ ഒന്നോ രണ്ടോ ദിവസം കരിക്കിന്‍ വെളളവും പഴച്ചാറുകളും മാത്രം കഴിച്ച് ഉപവാസം അനുഷ്ഠിക്കുന്നതും ദേഹാദ്ധ്വാനം ഇല്ലാത്തവര്‍ ലളിതമായ വ്യായാമം ശീലിക്കുന്നതും ആരോഗ്യം വീണ്ടെടുക്കുന്നതിന് കൂടുതല്‍ സഹായകമാണ്.

ഓരോ വ്യക്തിയും പ്രകൃതി ജീവനത്തിന്റെ ഈ അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കി അനുയോജ്യമായ ഒരു ജീവിത ശൈലി വളര്‍ത്തിയെടുത്താല്‍, ആരോഗ്യകരമായ ഒരു കുടുബജീവിതം സാദ്ധ്യമാവുമെന്നു മാത്രമല്ല, കുടുബാംഗങ്ങള്‍ക്കാര്‍ക്കെങ്കിലും ഏതെങ്കിലും അസുഖം പിടിപ്പെട്ടാല്‍ തന്നെ ഡോക്ടര്‍മാരുടേയോ, ആസ്പത്രികളുടേയോ സഹായമില്ലാതെ വളരെ ലളിതമായ പ്രകൃതി ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ അതിനെ അതിജീവിക്കുവാന്‍ കഴിയുകയും ചെയ്യും.

താളം തെറ്റിച്ച ജീവിതരീതി / ശൈലി ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും അത് അനാരോഗ്യത്തിനും  രോഗത്തിനും വഴിയൊരുക്കുമെന്നും കരുതുന്നതില്‍ എന്താണ് തെറ്റ് ? ഇതിലേയ്ക്കുളള ഒരു വഴികാട്ടിയാണ് പ്രകൃതിജീവനം / പ്രകൃതിജീവനശാസ്ത്രം.

പ്രകൃതി ചികിത്സയില്‍ രോഗങ്ങളെ പ്രകടരോഗങ്ങള്‍, കഠിനരോഗങ്ങള്‍, മാരകരോഗങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. മനുഷ്യന്‍ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കള്‍ ഭക്ഷിക്കുകയും അനാരോഗ്യപ്രവൃത്തികളില്‍ വ്യാപൃതനാവുകയും ചെയ്യുമ്പോള്‍, ശരീരത്തില്‍ വിഷമയമായ വസ്തുക്കള്‍ വര്‍ദ്ധിക്കുന്നു. ഈ മാലിന്യങ്ങളെ തലവേദന, ജലദോഷം, പനി, ചുമ, ഛര്‍ദ്ദി, വയറിളക്കം, ത്വക്രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ വഴി ശരീരത്തിലെ നവദ്വാരങ്ങളിലൂടെ വിസര്‍ജ്ജിക്കുന്നു. ഇതാണ് പ്രകടരോഗങ്ങള്‍. മരുന്നിന്റെയും, വൈദ്യന്റെയും ആവശ്യം പ്രകടരോഗങ്ങള്‍ക്കില്ല. ഇളനീരും, നേര്‍പ്പിച്ച പഴച്ചാറുകളും കഴിച്ച് ശരീരത്തിന് പൂര്‍ണ്ണവിശ്രമം കൊടുത്താല്‍ വിസര്‍ ജ്ജനപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടക്കുകയും, ശരീരം ആരോഗ്യാവസ്ഥ വീണ്ടടുക്കുകയും ചെയ്യും. ഇവിടെ വിഷാംശത്തെ നീക്കം ചെയ്യുന്നതിന് ശരീരം സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗത്തെ സഹായിക്കുക മാത്രമാണ് പ്രകൃതി ചികിത്സയിലൂടെ സാദ്ധ്യമാക്കുന്നത്. അല്ലാതെ ഇതിനെ ഒരു രോഗമായി ഒരിക്കലും കണക്കാക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

ഇതല്ലാതെ ശരീരത്തിന്റെ വിസര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് മരുന്നുകളുടെ സഹായത്താല്‍ തടസ്സം സൃഷ്ടിച്ചാല്‍ രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെങ്കിലും, മാലിന്യങ്ങളെ പുറം തള്ളാന്‍ കഴിയാതെ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും പിന്നീട് നിര്‍ത്തി വെയ്ക്കേണ്ടതായി വരും. ഇതുമൂലം മൈഗ്രെയിന്‍, ആസ്തമ, ബ്രോങ്കയിറ്റീസ്, പ്രമേഹം,അര്‍ശ്ശസ്, അള്‍സര്‍, അമീബിയാസിസ്സ്, കൊളൈറ്റീസ്, സോറിയാസിസ്, അപ്പന്റിസൈറ്റിസ്, ഹെര്‍ണിയ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, സന്ധിവാതം, നടുവേദന, വാതരോഗം പോസട്രാറ്റീസ്, ഗ്യാസ്ട്രൈറ്റീസ്, വെരിക്കോസ് വെയിന്‍, എക്സിമ, അനീമിയ, ആര്‍ത്തവകാലരോഗങ്ങള്‍, ഓസ്റിയോപൊറോസീസ് തുടങ്ങിയ കഠിനരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

ഇങ്ങിനെയുളള കഠിനരോഗാവസ്ഥയില്‍ അരി ഭക്ഷണം ഉച്ചയ്ക്ക് ഒരു നേരമായി കുറയ്ക്കുകയും രാവിലെ പഴങ്ങളും, രാത്രി മുളപ്പിച്ച ധാന്യങ്ങളും, പച്ചയും വേവിച്ചതുമായ പച്ചക്കറികളും മാത്രമായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി പ്രകൃതിജീവിനം അനുഷ്ഠിച്ചാല്‍ മരുന്നുകളുടെ സഹായമില്ലാതെ ക്രമേണ രോഗാവസ്ഥയില്‍ നിന്നും മോചനം നേടാം.

എന്നാല്‍ ശരീരത്തെ രക്ഷിക്കാനായി ജീവശക്തി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ രോഗമായി തെറ്റിദ്ധരിച്ച് വിഷമയമായ മരുന്നുകള്‍കൊണ്ട് അടിച്ചമര്‍ത്തി വീണ്ടും തെറ്റായ ജീവിതരീതി തുടരുകയും ചെയ്താല്‍ അത് ക്ഷയം, കുഷ്ഠം, അര്‍ബുദം, കരളിനേയും പ്ളീഹയേയും ബാധിക്കുന്ന രോഗങ്ങള്‍,പാര്‍ക്കിന്‍സണ്‍സ് ഡീസീസ്സ്, പോളിയോ,  എയ്ഡ്സ്, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് വഴി ഒരുക്കും.

ഈ അവസ്ഥയില്‍ സ്റാര്‍ച്ച് പൂര്‍ണ്ണമായും ഉപേക്ഷിച്ച് കരിക്ക്, വെജിറ്റബിള്‍സ്, പഴങ്ങള്‍,  പഴച്ചാറുകള്‍,  അണ്ടിപരിപ്പുകള്‍,  മുളപ്പിച്ച  ധാന്യങ്ങള്‍, തുടങ്ങി  വേവിക്കാത്ത ഭക്ഷണം മാത്രം കഴിച്ച് ജീവിതരീതിയില്‍ മാറ്റം വരുത്തിയാല്‍ പൂര്‍ണ്ണആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്നെ മരുന്നിന്റെ സഹായമില്ലാതെ രോഗത്തിന്റെ പ്രയാസങ്ങള്‍ ലഘൂകരിച്ചുകൊണ്ട് കൂടുതല്‍ കാലം ജീവിതം സാദ്ധ്യമാവും; ഇങ്ങിനെ പ്രകൃതി ജീവനം നയിക്കുമ്പോള്‍ പനി, വയറിളക്കം, ത്വക് രോഗങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ശരീരത്തിലെ വിഷമയമായ വസ്തുക്കള്‍ അതുവഴി വിസര്‍ജ്ജിക്കപ്പെടുകയും മാരകരോഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമോചനം ലഭിക്കുകയും ചെയ്യും.

ഇവിടെ നാം അംഗീകരിക്കേണ്ടുന്ന ഒരു കാര്യം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നടത്തുവാനുളള അറിവും, കഴിവും ശരീരത്തില്‍ത്തന്നെ കുടികൊളളുന്ന ജീവശക്തിയ്ക്കുണ്ട് എന്നതാണ്. എന്നാല്‍ ശരീരത്തിന് നാം നല്‍കുന്ന അധികജോലികള്‍ ജീവശക്തിയെ ക്ഷയിപ്പിക്കുകയും അതുമൂലം ശരീരത്തിന്റെ ദൈനംദിന ജോലികള്‍ നടക്കാതെ വരുകയും ചെയ്യുന്നു. പ്രകൃതി ജീവനത്തിലെ ചിട്ടയായ ജീവിതക്രമം ജീവശക്തിയുടെ അദ്ധ്വാനഭാരം കുറയ്ക്കുകയും, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ഇടയാക്കുകയും, അങ്ങനെ ആരോഗ്യം വീണ്ടെടുക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു. രോഗം എന്നത് ആരോഗ്യത്തിന്റെ കുറഞ്ഞ അവസ്ഥാ വിശേഷത്തെ സൂചിപ്പിക്കുന്ന ഒന്നാണെന്നും ആരോഗ്യത്തിന്റെ നിലവാരം ഉയരുന്നതിനനുസരിച്ച് രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്യും എന്നനുഭവപ്പെടുന്നു.ശരീരത്തിന്റെ ആരോഗ്യാവസ്ഥ വീണ്ടെടുക്കുവാന്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ജീവശക്തിതന്നെ ലക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ രോഗലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതായത് രോഗം ഉണ്ടാക്കുന്നതും രോഗം ഇല്ലാതാക്കുന്നതിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ശക്തി തന്നെ എന്ന്. ഇതു കൊണ്ടായിരുന്നിരിക്കണം പ്രകൃതി ചികിത്സയെ ഒരു ദൈവിക ശാസ്ത്രമായി ആചാര്യ ലക്ഷ്മണശര്‍മ്മയും ശ്രീ. സി. ആര്‍. ആര്‍ വര്‍മ്മയുടെ ഗുരുനാഥനായ ആചാര്യസ്വാമിനാഥന്‍ജിയും ഒക്കെ വിശേഷിപ്പിച്ചിട്ടുളളത്.

ഇനി സാധാരണയായനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പ്രകൃതി ജീവനം അനുഷ്ഠിക്കുന്നവര്‍ എന്താണു ചേയ്യേണ്ടത് എന്നുകൂടി മനസ്സിലാക്കാം.

ജലദോഷം - ഇളനീര്‍, പഴച്ചാറുകള്‍ മാത്രം കഴിച്ച് വിശ്രമം. പച്ചവെളളം കൊണ്ട് തലകഴുകുക, ഇടവിട്ടിടവിട്ട് മുഖവും കഴുകുക. കുളിരുണ്ടെങ്കില്‍ കമ്പിളി കൊണ്ട് പുതച്ചു വിശ്രമിക്കുക.

തലവേദന - പരുത്തി തുണി നനച്ചു പിഴിഞ്ഞു നെറ്റിയിലിടുക. ഈറന്‍ തോര്‍ത്തു മുണ്ടുകൊണ്ട് തലപൊതിഞ്ഞു ചുറ്റുക. ഛര്‍ദ്ദി വന്നാല്‍ കാഞ്ഞ വെളളം കഴിച്ച് ഛര്‍ദ്ദിപ്പിക്കുക. വേദനയില്‍ നിന്നും പൂര്‍ണ്ണമോചനം ലഭിക്കുന്നതുവരെ ഭക്ഷണം ഒഴിവാക്കുക.

പനി - ഇളനീര്‍, പഴച്ചാറുകള്‍ മാത്രം കഴിച്ചു മാനസ്സികവും, ശാരീരികവുമായ വിശ്രമം. തലയിലും വയറ്റത്തും 10” വീതിയില്‍ തോര്‍ത്തുമുണ്ട് നനച്ചു പിഴിഞ്ഞ് 20 മിനിട്ട് ഇടവിട്ട് പനി കുറയുന്നതുവരെ ചുറ്റണം.

വയറിളക്കം - ശുദ്ധജലവും, കരിക്കിന്‍ വെളളവും മാത്രം കഴിച്ച് വിശ്രമിക്കുക. അടിയന്തിരാവസ്ഥയില്‍ ദേഹമാസകലം ചൂടുവെളളം ഒഴിച്ച് ധാരയിടുക, മാറിയില്ലെങ്കില്‍ നേര്‍പ്പിച്ച മോരില്‍ പുളിയാറില/മാതളനാരങ്ങയുടെ തൊലി അരച്ചു ചേര്‍ത്തു കഴിക്കുക. ഇത് ആദ്യം തന്നെ കഴിക്കാന്‍ ശ്രമിക്കരുത്.

ചര്‍ദ്ദി - ചൂടുവെളളം കൊടുത്ത് വീണ്ടും ഛര്‍ദ്ദിപ്പിക്കുക. പൂര്‍ണ്ണവിശ്രമം. ഛര്‍ദ്ദി മാറി 12 മണിക്കൂര്‍ കഴിഞ്ഞ് പച്ചവെളളം, ഇളനീര്‍, പഴച്ചാറോ, കഴിച്ച് തുടങ്ങാം.

മുറിവ് /ചതവ് - കഴുകി വ്യത്തിയാക്കി പരുത്തിതുണി നനച്ചു പിഴിഞ്ഞു ചുറ്റുക. പഴുപ്പിന്റെ ലക്ഷണം കണ്ടാല്‍ ഭക്ഷണത്തില്‍ സ്റാര്‍ച്ച് ഒഴിവാക്കുക.

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ മാറിയാല്‍ ഉടനെ ഭക്ഷണം കഴിക്കരുത്. പഴങ്ങള്‍, വെജിറ്റബിള്‍സ് തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിച്ച് ദഹനം ഉറപ്പാക്കിയതിനുശേഷം മാത്രം അരിഭക്ഷണം കഴിച്ചു തുടങ്ങാം.

ഓരോ രോഗത്തിന്റെയും ചികിത്സാരീതികള്‍ വിശദമായി അറിയുന്നതിനും സ്വയം പരീക്ഷിച്ചു ബോദ്ധ്യപ്പെടുന്നതിനും ശ്രീ. സി.ആര്‍. ആര്‍ വര്‍മ്മ രചിച്ചിട്ടുളള പുസ്തകങ്ങള്‍ വായിക്കുക.

ബന്ധപ്പെടാവുന്ന ടെലഫോണ്‍ നമ്പറുകള്‍ : 9946138337,0484  2803336

വി.കെ. ഗോപി

പ്രകൃതി ജീവനം' ഒരു ശാസ്ത്രീയ സമീപനമാണു്

പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും വ്യത്യസ്തമാണു്. പ്രകൃതി ചികിത്സ (Naturopathy or Orthopathy) പഠിച്ചു് അധികാരപ്പെടുത്തപ്പെട്ട വിദഗ്ദ്ധര്‍ നടത്തേണ്ടതാണു്. അംഗീകൃത ചികിത്സാ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച രോഗികള്‍ക്കു് പ്രകൃതി ജീവനം അനുഭവസ്ഥര്‍ ഉപദേശിക്കുന്നതില്‍ തെറ്റു് കാണേണ്ടതില്ല. 

Medicine എന്നു് പറഞ്ഞാല്‍ ശാസ്ത്രമാണു്. ഔഷധമല്ല. ഔഷധ പ്രയോഗം മാത്രവുമല്ല. മെഡിസിന്‍ എന്നാല്‍ ശരീരത്തിനോ മനസിനോ ഉണ്ടാകുന്ന രോഗവും കേടു്പാടുകളും കണ്ടു് പിടിച്ചു് മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിന്റെ ശാസ്ത്രമാണു്. ഔഷധം ഉല്പന്നങ്ങളാണു്. മെഡിക്കല്‍ സ്റ്റോര്‍ എന്നു് പറയുന്നതു് ശരിയല്ല. ഡ്രഗ് സ്റ്റോറാണവ. 

ശാസ്ത്രം ശാസിക്കപ്പെട്ടതാണു്. അറിവാണു്. ശാസ്ത്ര തത്വത്തിനു് തെളിവു് വേണം. അതു് മാത്രം പോര, തെറ്റെന്നു് തെളിയിക്കാന്‍ മാര്‍ഗ്ഗമുള്ളതാവണം. പക്ഷി ശാസ്ത്രവും ജോതിഷവും ഹോമിയോപ്പതിയും പോലുള്ളവ കപട ശാസ്ത്രങ്ങളാണു്. ഹോമിയോപ്പതിക്കു് ശാസ്ത്രീയാടിസ്ഥാനമില്ല. വിശ്വാസം കൊണ്ടു് ആശ്വാസം കിട്ടിയേക്കാം. ഹോമിയോ മരുന്നു് നിര്‍മ്മാണത്തില്‍ ശാസ്ത്രീയതയില്ല. 

വൈറ്റലിസവും സൃഷ്ടിവാദവും വിധി വിശ്വാസവും മാറ്റി വെച്ചേ ശാസ്ത്രം പഠിക്കാനാവൂ. ശാസ്ത്രത്തിന്റെ പ്രയോഗമാണു് സാങ്കേതിക വിദ്യ. 

ദൈവത്തിനു് തെളിവില്ല. തെളിയിക്കാനുള്ള മാര്‍ഗ്ഗവുമില്ല. ഇല്ലെന്നു് തെളിയിക്കാനുമുള്ള മാര്‍ഗ്ഗമില്ല. അതിനാല്‍ സൃഷ്ടിവാദം ശാസ്ത്രീയമല്ല. ജീവനു് അടിസ്ഥാനമുണ്ടു്. ജവന്റെ അടിസ്ഥാന ഘടകം കോശമാണു്. കോശം ഒരേ തരം. കോശത്തിന്റെ അടിസ്ഥാനം DNA. മനുഷ്യന്റെ DNA യുടെ രേഖ തയ്യാറാക്കി കഴിഞ്ഞു. മനുഷ്യന്‍ ഒരമ്മയില്‍ നിന്നു് ആഫ്രിക്കയിലുണ്ടായി. ഏഷ്യയില്‍ വന്നു് യൂറോപ്പിലെത്തി. 

ഏറ്റവും ലളിതമായ കോശം പായലാണു്. പായലില്‍ തുടങ്ങി പലതുമായി വളര്‍ന്നു് വികസിച്ചു് മനുഷ്യനിലെത്തി. കോശത്തിന്റെ പോഷണ സ്രോതസ് പ്രകാശ സംശ്ലഷണം (ഫോട്ടോ സിന്തസിസ്) ആണു്. സൂര്യപ്രകാശം, കാര്‍ബണ്‍ ഡയോക്സൈഡ്, വെള്ളം ഇവ ഉപയോഗിച്ചു് ഇലകളില്‍ നടക്കുന്നു. 

ജീവന്റെ നിലനില്പിനടിസ്ഥാനം ഇലകളാണു്. ചിന്മയാനന്ദന്‍ പ്രകൃതിയുടെ ശക്തിയാണു് ഈശ്വര ചൈതന്യം എന്നും അതറിയാന്‍ വൃക്ഷത്തെ നോക്കിയാല്‍ മതിയെന്നും ഒരു പ്രഭാഷണത്തില്‍ പറഞ്ഞു് കേട്ടു. മരങ്ങള്‍ എത്ര ഉയരത്തിലേയ്ക്കു് വെള്ളം വലിച്ചുയര്‍ത്തുന്നു എന്നു് നോക്കുക. 150 മീറ്റര്‍ വരെ ഉയരമുള്ള വൃക്ഷങ്ങള്‍ ഉണ്ടു്. വിശ്രമമില്ലാതെ അവ പ്രവര്‍ത്തിക്കുന്നു. പുറത്തു് നിന്നു് ഊര്‍ജ്ജമൊന്നുമെടുക്കുന്നില്ല. സൂര്യ പ്രകാശമല്ലാതെ മറ്റൊന്നും. ഈ പ്രകൃതി പ്രതിഭാസത്തെ ഈശ്വര ചൈതന്യ പ്രചരണത്തിനായി ചിന്മയാനന്ദന്‍ ഉപയോഗിച്ചു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു് വിശ്വാസികള്‍ കണ്ടെത്തുന്ന ഉത്തരം. 

ഇക്കാര്യത്തില്‍ പഠിക്കേണ്ട പുസ്തകമാണു് സ്റ്റീവന്‍ ഓവലിന്റെ 'ഒരിലയുടെ ജീവിതം' (Life of a leaf). DNA സീക്വന്‍സിങ്ങു് നടന്നു് കഴിഞ്ഞതോടെ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഉറപ്പിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിവാദം ഇനി നിലനില്‍ക്കില്ല. 

പ്രകൃതിയും ചുറ്റുപാടുകളും പഠിക്കുമ്പോള്‍ ഉള്ളില്‍ നിന്നു് പൂര്‍ണ്ണത്തെ മനസിലാക്കാനാവില്ല. മാറി നിന്നേ പൂര്‍ണ്ണത്തെ മനസിലാക്കാനാവൂ. 

മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനടിസ്ഥാനം വൈദ്യുതി തന്നെയാണു്. കമ്പ്യൂട്ടറിന്റെ ശക്തി സ്രോതസ് വൈദ്യുതിയായിരിക്കുന്നതു് പോലെ. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണു് ഫ്രാന്‍സിസ് അഷ്ട്രോഫിന്റെ 'ജീവന്റെ തീപ്പൊരി' (The spark of life) 

തലച്ചോറില്‍ 10 മുതല്‍ 100 വരെ ശതകോടി ന്യൂറോണുകളുണ്ടു്. ഓരോ ന്യൂറോണും മറ്റു് ആയിരക്കണക്കിനു് ന്യൂറോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതാണു് മനുഷ്യന്റെ മനസിന്റേയും ചിന്തയുടേയും ആശയ പ്രപഞ്ചത്തിന്റേയും അടിസ്ഥാനം. അതില്‍ പ്രകൃത്യതീതമായതൊന്നുമില്ല. 

പ്രകൃതി ചികിത്സയില്‍ പ്രാഗത്ഭ്യമുള്ളവരല്ല ഇന്നു് ആ മെഡിസിന്‍ ബ്രാഞ്ചു് കൈകാര്യം ചെയ്യുന്നതു്. പ്രകൃതി ജീവനം മെഡിസിന്റെ ഭാഗമാകണം. ഇതര വിഷയങ്ങള്‍ക്കൊപ്പം മെഡിസിനു് ഓര്‍ത്തോപ്പതി ഒരു വിഷയമായി പഠിപ്പിക്കണം. 

അറിവു്, ശാസ്ത്രം, പല ശാഖകളായി വേര്‍തിരിച്ചു് കാണുന്നതു് അപകടം ചെയ്യുന്നു. മോളിക്കുലാര്‍ സെല്‍ ബയോളജി പഠിക്കാന്‍ ഭാഷയും കണക്കും രസതന്ത്രവും ഫിസിക്സും ബയോളജിയും ഒരേപോലെ പഠിക്കണം. ആയുഷ്കാലം മുഴുവന്‍ വിദ്യാര്‍ത്ഥിയായിരിക്കണം. അറിവിനു് ലേബല്‍ ഇടേണ്ടതില്ല. 

US ല്‍ എട്ടു് വര്‍ഷം പഠിച്ചതിനു് ശേഷമേ പ്രാക്ടീസ് ചെയ്യാനാവൂ. ഇവിടത്തെ MD കഴിഞ്ഞു് ചെല്ലുന്നവര്‍ വീണ്ടും രണ്ടു് വര്‍ഷം കൂടി പഠിക്കണം. പഠിച്ച ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ മാത്രമേ ചികിത്സിക്കാന്‍ പാടുള്ളു. പഠിക്കാത്തവരെ അധികാരപ്പെടിത്തിയതു് തെറ്റാണു്. എന്നാല്‍ ജീവിത ശൈലി മാറ്റാന്‍ ആര്‍ക്കും ഉപദേശിക്കാം. വ്യവസ്ഥാപിത ചികിത്സാ വിദഗ്ദ്ധന്‍ ഉപേക്ഷിക്കുന്ന കേസുകളില്‍ മാത്രമാണു് മറ്റുള്ളവര്‍ക്കു് ഉപദേശം നല്‍കാനാവുന്നതു്. ലിവര്‍ സീറോസിസുപോലും ജീവിത ചര്യ മാറ്റിയാല്‍ മാറ്റിയെടുക്കാം. 

നിലവില്‍ ആരോഗ്യ രംഗം മരുന്നു് വ്യവസായമാണു് നിയന്ത്രിക്കുന്നതു്. വേണ്ടതും വേണ്ടാത്തതുമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാര്‍ ബ്രാന്‍ഡു് പേരുകളാണു് പലപ്പോഴും നിര്‍ദ്ദേശിക്കുന്നതു്. ഡോക്ടര്‍മാര്‍ക്കടുത്തു് അവര്‍ക്കു് ബന്ധമുള്ള മരുന്നു് കടകളില്‍ മാത്രമേ അവര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കിട്ടൂ എന്ന സ്ഥിതി പലപ്പോഴും കാണാം. മറ്റൊന്നു് മരുന്നു് കമ്പനികളുടെ പരസ്യവും മാര്‍ക്കറ്റിങ്ങും ഡോക്ടര്‍മാരും മെഡിക്കല്‍ റെപ്പുമാരും തമ്മിലുള്ള ബന്ധമാണു്. ഇന്റര്‍നെറ്റില്‍ Generic Medicine എന്നു് കൊടുത്താല്‍ ഏതു് മരുന്നിന്റേയും ജെനറിക് പേരു് കിട്ടും. വിലയും മറ്റു് വിവരങ്ങളും ലഭ്യമാണു്. 

ആധുനിക ചികിത്സാ സമ്പ്രദായത്തിലെ മരുന്നുകള്‍ പരീക്ഷണം കഴിഞ്ഞു് വരുന്നതാണു്. പക്ഷെ, ഓരോ രോഗിക്കും പല മരുന്നുകള്‍ നല്‍കുന്നു. അവ കൂട്ടായി നല്‍കുമ്പോള്‍ പ്രതി പ്രവര്‍ത്തനം ഉണ്ടാകും. അതാരും പരീക്ഷണത്തിനു് വിധേയമാക്കുന്നില്ല. വിലയില്‍ തട്ടിപ്പു് നടക്കുന്നു. Clavix 65 രൂപയ്ക്കു് 10 എണ്ണം കിട്ടുമ്പോള്‍ അതേ മരുന്നു് മറ്റൊരു കമ്പനി Plavix 1615 രൂപയ്ക്കു് 14 എണ്ണം മാത്രം നല്‍കുന്നു. ഒരേ മരുന്നു് ഒരേ രോഗത്തിനു്. ഇതാണു് മരുന്നു് കമ്പനിക്കാരുടെ തട്ടിപ്പു്. Thalidomide – Morning Sickness നു് കൊടുത്തിരുന്നതു് ഇന്നു് നിരോധിച്ചിരിക്കുന്നു. മരുന്നു് അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ കഴിക്കാവൂ. 

വേണ്ടതും വേണ്ടാത്തതുമായ ടെസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നു. ആന്റി ബയോട്ടിക് പ്രയോഗം കാടടച്ചു് വെടി വെയ്ക്കുകയാണു്. നമ്മുടെ കോശങ്ങളുടെ 10 ഇരട്ടിയിലധികം നമ്മുടേതല്ലാത്ത കോശങ്ങള്‍ (മൈക്രോബുകള്‍) നമ്മുടെ ശരീരത്തിലുണ്ടു്. അവയില്‍ പലതും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവയാണു്. അവ നശിപ്പിക്കപ്പെടുന്നതു് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ അസാദ്ധ്യമാക്കുകയും തുടര്‍ച്ചയായി മരുന്നുകളുടെ പിടിയിലേയ്ക്കു് രോഗിയെ എത്തിക്കുകയും ചെയ്യുന്നു. 

പ്രകൃതി ജീവനത്തിനേ ശാസ്ത്രീയാടിത്തറ ഉള്ളു. മരുന്നുകള്‍ക്കു് ശാസ്ത്രീയാടിത്തറ ഉണ്ടെങ്കിലും മരുന്നു് പ്രയോഗത്തിനു് ശാസ്ത്രായാടിത്തറ ഇല്ലാതെ പോകുന്നു. മെഡിസിനു് പഠിക്കാന്‍ ചേരാന്‍ തലവരി. ഡിഗ്രി കഴിഞ്ഞാല്‍ ഓരോ തലത്തിലും കൂടി വരുന്നു. 

മരുന്നല്ല, ജീവിത ശൈലിയാണു് പ്രധാനം. എണ്ണയില്‍ വറുത്തും പൊരിച്ചും കഴിക്കുന്നതു് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. എണ്ണ ഉയര്‍ന്ന ഊഷ്മാവിലാണു് തിളയ്ക്കുന്നതു്. 150 മുതല്‍ 250 വരെ ഡിഗ്രി സെല്‍ഷ്യസിലാണതു്. എണ്ണ പലതിന്റേയും സങ്കരമാണു്. ദഹിക്കാത്ത ഉല്പന്നങ്ങളം എണ്ണയിലുണ്ടാകും. കൂടിയ ചൂടില്‍ പല മാറ്റങ്ങളും കൊഴുപ്പുകള്‍ക്കു് വരുന്നു. 

പപ്പടമാണു് ദോഷകരമായ മറ്റൊരു വസ്തു. അതിലുപയോഗിക്കുന്ന കാരം വിഷമാണു്. ഉപ്പിലിട്ടതു് (അച്ചാറുകള്‍) നല്ലതല്ല. കണ്ടമാനം ഉപ്പും അനാവശ്യ സാധനങ്ങളും ഉള്ളില്‍ ചെല്ലും. ബേക്കറി പലഹാരങ്ങള്‍ പ്രത്യേകിച്ചു് മൈദയും ഡാല്‍ഡയും ഉപയോഗിക്കുന്നതു് നല്ലതല്ല. മൃഗങ്ങളുടെ പാലു് അതതു് മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ളതാണു്. മനുഷ്യനുള്ളതല്ല. രാസ കീട നാശിനി അപകടമാണു്. 

ആഹാരവും പോഷണവും മെഡിസിന്റെ ഒരു പ്രത്യേക ബ്രാഞ്ചാണു്. പഴം മാത്രമായി കഴിക്കണം. മറ്റു് ആഹാരത്തിന്റെ കൂട്ടത്തിലാകരുതു്. സസ്യ പ്രോട്ടീന്‍ ആവശ്യമാണു്. മനുഷ്യന്‍ സസ്യഭുക്കായിട്ടാണു് വളര്‍ന്നു് വന്നതു്. കായ്‌കനികളും ഇലകളുമാണു് മനുഷ്യനാവശ്യമായ ഉത്തമ പോഷകങ്ങള്‍ നല്‍കുന്നതു്. അതതു് പ്രദേശത്തുള്ള കായ്‌കനികളാണു് കൂടുതല്‍ ഉചിതം. അതു് കഴിഞ്ഞേ ദൂരെ നിന്നുള്ളവ വരൂ. ഉപ്പധികം പാടില്ല. കുറച്ചു് വേണം. പച്ചയ്ക്കു് കഴിക്കുമ്പോള്‍ അവയില്‍ നിന്നു് തന്നെ ലവണങ്ങള്‍ കിട്ടും.‌‌ ഇലകള്‍ പ്രധാനം. തുസി (വിഷ്ണുവുമായി ബന്ധപ്പെടുത്തി കാണുന്നു), കൂവളം (ശിവന്‍), കറുക (ഗണപതി). നാമുപയോഗിക്കുന്ന കറിവേപ്പില എടുത്തു് കളയേണ്ടതല്ല. തിന്നുക തന്നെ വേണം. 

കൊഴുപ്പുകളില്‍ വെളിച്ചെണ്ണയാണു് കേരളീയര്‍ക്കുത്തമം - പക്ഷെ അധികമാകരുതു്. അധികം ചൂടാക്കാതെ കഴിക്കുന്നതാണു് നല്ലതു്. 

ദിവസവും രാവിലേയോ വൈകിട്ടോ അത്യാവശ്യ വസ്ത്രം മാത്രം ധരിച്ചു് ഇളം വെയില്‍ കൊണ്ടു് മുക്കാല്‍ മണിക്കൂര്‍ നടക്കണം. മുക്കാല്‍ മണിക്കൂര്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ കുറഞ്ഞ സമയം തുടങ്ങി ക്രമേണ സമയം കൂട്ടി മുക്കാല്‍ മണിക്കൂര്‍ വരെയാക്കണം. വിശ്രമം പ്രധാനമാണു്. ശരിയായ ഉറക്കമാണു് ഏറ്റവും നല്ല വിശ്രമം. 

ആഹാരം വയറു് നിറയെ കഴിക്കരുതു്. അവശ്യവും മിതവും സമീകൃതവുമായ ആഹാരവും വ്യായാമവും വിശ്രമവും സന്തുലിതമാക്കി സുഖമായി ജീവിക്കാം.

കൃഷി പഠിപ്പിച്ച പ്രകൃതി ജീവന പാഠങ്ങൾ

രണ്ടു വർഷത്തെ കൃഷി വിലയേറിയ ചില ആരോഗ്യ ചിന്തകൾ നല്കി .പ്രകൃതി ജീവനം ശാസ്ത്രീയമാണെന്നും ആരോഗ്യത്തിലേക്ക് കുറുക്കു വഴികളെല്ല ജീവന്റെ നിയമങ്ങൾ  പിന്തുടരുകയാണ് വേണ്ടതെന്നും കൃഷി പഠിപ്പിക്കുന്നു .
1.വിത്ത് ഗുണം
ആരോഗ്യമുള്ള സമയത്തും പ്രായത്തിലുമാവനം കുട്ടികളെ പ്രതീക്ഷിച്ച് ഇണ ചേരേണ്ടത് എന്ന പ്രകൃതി ജീവന പാഠം  എങ്ങനെ കൃഷിയിൽ നിന്നു മനസിലാക്കാം എന്ന് ആദ്യം പറയാം.കൃഷിയിൽ വിത്ത് ഗുണം പത്തു
ഗുനത്തിലധികമാണ് .നാലു തരം വിത്തുകൾ ഞങ്ങൾ പരീക്ഷിച്ചു .
കൃഷിവകുപ്പിന്റെ ഉമയും കരുണയുംമായിരുന്നു രണ്ടെണ്ണം .
കുടാതെ നാടൻ വിത്തുകളായ കുറുവയും ചിറ്റെനിയും .പുതിയ വിത്തുകളെ രോഗ കീടങ്ങൾ തരം പോലെ ആക്രമിക്കുമ്പോൾ നാടൻ വിത്തുകൾ ഇവയെ ചെറുക്കുന്നു .ആരോഗ്യം തലമുറകളിലേക്ക് പകരുന്നു എന്ന ജൈവ നിയമമാണിത് കാണിക്കുന്നത് .
2.രോഗപ്രതിരോധം മരുന്നിലൂടെയും കുത്തിവെപ്പിലൂടെയുമല്ല ഭക്ഷണത്തിലൂടെയാണു ലഭികേണ്ടത് .
ജൈവാംശമുള്ള സുര്യപ്രകാശമുള്ള സ്ഥലത്തെ ചെടികൾ രോഗങ്ങളെ ചെറുക്കും .മനുഷ്യനും നല്ല ഭക്ഷണ ശീലത്തിലൂടെയാണ് പ്രതിരോധ ശേഷി നേടേണ്ടത് .സൂക്ഷ്മ മൂലകങ്ങൾ മണ്ണിന്റെ ആരോഗ്യത്തെ നിർണയിക്കുന്നു .വ്യത്യസ്ഥ മരങ്ങൾ അവയുടെ വേരിന്റെ ആഴം അനുസരിച്ച് വ്യത്യസ്ഥ മൂലകങ്ങൾ സ്വീകരിക്കുന്നു .ഇവ പച്ചില വളമായി ഉപയോഗിച്ചാൽ
ചെടികൾക്ക് വേണ്ട പോഷകങ്ങൾ മണ്ണിൽ എത്തുന്നു .ഭക്ഷണത്തിൽ വൈവിദ്ധ്യം ഉണ്ടെങ്കിലെ മനുഷ്യനും ആവശ്യമായ പോഷകങ്ങൾ ലഭിക്കൂ .ഫാസ്റ്റ് ഫുഡ്‌ ആരോഗ്യം തകർക്കുന്നതു പോലെ രാസകൃഷിയിൽ ചെടികൾ അസ്വാഭാവിക വളർച്ചക്ക് അടിപ്പെടുന്നു .
3.രോഗമുക്തിക്ക് ഉപവാസവും വിശ്രമവുമാണ് വേണ്ടത് .
രണ്ടു വർഷമായുള്ള ആടു വളർത്തൽ എന്നെ പഠിപ്പിച്ചതാണിത് .അസുഖം വന്നാൽ മൃഗങ്ങൾ ഉപവസിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു .ഏതാനും ദിവസം കഴിഞ്ഞാൽ രോഗം മാറുന്നു .മരുന്ന് കൊണ്ട് എല്ലാം മാറ്റാമെന്ന് വിശ്വസിക്കുന്നവർക്കും അവസാനം ഇതാണ് ശരണം .അതുകൊണ്ടാണല്ലോ തീവ്ര പരിചരണ യൂനിറ്റിലേക്ക് (ഐ .സി .യു )രോഗിയെ മാറ്റി കാത്തിരിക്കുന്നത് .ചെറിയ രോഗങ്ങൾ വരുമ്പോൾ തന്നെ പ്രകൃതി ജീവനത്തിലേക്ക് മടങ്ങിയാൽ അവ തീവ്രമാവാതെ രക്ഷപ്പെടാം .

എന്താണ് പ്രകൃതിജീവനം ?

പ്രകൃതിജീവനമെന്നത് വെറും ആഹാരകാര്യങ്ങല്ലോ ജീവിതരീതിയിലോ ഒതുക്കിനിര്‍ത്താവുന്ന ഒന്നല്ല. അതിന്റെ വ്യാപ്തി അനന്തമാണ് . ജീവിതവുമായി ബന്ധപ്പെടുന്ന സര്‍വ്വമേഖലയിലും അതിന് അസ്തിത്വമുണ്ട്. സൈദ്ധാന്തികപരമായും പ്രത്യയശാസ്ത്രപരമായും അതിന് അതിന്റേതായ വീക്ഷണമുണ്ട് .

പ്രകൃതിജീവനം ജീവിയുടെ സ്വാഭാവികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിയുടെ സ്വാഭാവികതയാകട്ടെ അതിന്റെ സൌഖ്യമാര്‍ന്ന നിലനില്‍പ്പിന് ആവശ്യമാണുതാനും. ആദിമമനുഷ്യനെ സംബന്ധിച്ചിടത്തോളം അദ്ധ്വാനമെന്ന പദത്തിന് അല്പവ്യാപ്തിയേയുള്ളൂ. അവനെ സംബന്ധിച്ചിടത്തോളം ഇര തേടുന്നതിന് അദ്ധ്വാനിയ്ക്കേണ്ടിയിരുന്നു. അഥവാ ഭക്ഷണത്തിനുവേണ്ടി അദ്ധ്വാനിയ്ക്കേണ്ടിയിരുന്നു. ശത്രുക്കളില്‍നിന്ന് രക്ഷനേടുന്നതിനും അവയെ എതിര്‍ക്കാനും അവന് മെയ്യനക്കേണ്ടിയിരുന്നു. ഇത്തരത്തിലുള്ള ഒരു ജീവിതത്തില്‍ അവന്റെ സ്വാഭാവിക ഭക്ഷണരീതിയുടെ തത്ത്വശാസ്ത്രം ‘ ജീവിയ്ക്കുവാന്‍ വേണ്ടി ഭക്ഷിയ്ക്കുക ‘ എന്നുള്ളതായിത്തീരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . പക്ഷെ,ഈ തത്ത്വശാസ്ത്രം വര്‍ത്തമാനകാലത്തില്‍ പ്രയോഗിയ്ക്കുമ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയിരിയ്ക്കുന്നു.
ജീവിയ്ക്കുവാന്‍ വേണ്ടി അദ്ധ്വാനിയ്ക്കുക
ജീവിയ്ക്കുവാന്‍ വേണ്ടീ ഭക്ഷിയ്ക്കുക
ജീവിയ്ക്കുവാന്‍ വേണ്ടീ കൃഷിചെയ്യുക
ജീവിയ്ക്കുവാന്‍ വേണ്ടി പണം സമ്പാദിയ്ക്കുക......
എന്നിങ്ങനെയായിത്തീരുന്നു അവ.
ഈ ജീവിതരീതി സാദ്ധ്യമാകണമെങ്കില്‍ നമ്മുടെ രാജ്യത്തില്‍ മാത്രമല്ല ലോകത്തിലെതന്നെ ഭരണഘടനയില്‍ സമൂലമായ മാറ്റം വരുത്തേണ്ടിയിരിയ്ക്കുന്നു. ഇത്തരത്തിലുള്ള ജീവിതരീതിയില്‍ കഠിനാദ്ധ്വാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നോര്‍ക്കുക; അതിനാല്‍ത്തന്നെ ഈ ഘടനയില്‍ വിനോദങ്ങള്‍ക്ക് നിലനിലനില്പില്ലതന്നെ .ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടുതന്നെയാണ് ‘അഡോള്‍ഫ് ജസ്റ്റ് ‘ പ്രകൃതിയിലേയ്ക്കു മടങ്ങുക (Return to Nature ) എന്ന ഗ്രന്ഥം എഴുതിയിട്ടുള്ളത് .
പക്ഷെ, അത് സാദ്ധ്യമാണോ ?
പിന്നിട്ട വഴികളിലൂടെ വീണ്ടൂം സഞ്ചരിയ്ക്കാന്‍ പറ്റുമോ?
മനുഷ്യന്റെ നിലനില്‍പ്പിനുമാത്രമല്ല ,ജീവവ്യവസ്ഥയുടെ നിലനില്പിനുപോലും ‘ പ്രകൃതിയിലേയ്ക്കുമടങ്ങുക ‘ അത്യാവശ്യമാണെന്ന് ഭാവിയില്‍ നമ്മളെല്ലാവരും മനസ്സിലാക്കുന്ന ഒരു ദിനം വരുമെന്നുറപ്പാണ്. നാം സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്ന ‘വികസനത്തിന്റെ പാത ‘ നശീകരനത്തിന്റെ പാതയായി നമുക്ക് അനുഭവപ്പെടും . കാള്‍ സാഗന്റെ ‘ചില പ്രവചനങ്ങള്‍ ‘ നാം പലവട്ടം അപഗ്രഥിയ്ക്കേണ്ട സമയം ആഗതമാകും .
ഫുക്കുവോക്കയുടെ ദര്‍ശനം
വൈദ്യശാസ്ത്രത്തില്‍ ആയുര്‍വ്വേദം ,അലോപ്പതി,നാച്ച്വറോപ്പതി (പ്രകൃതിചികിത്സ ) എന്നിങ്ങനെയുള്ള ചികിത്സാപദ്ധതികള്‍ ഉണ്ടല്ലോ .കൃഷിശാസ്ത്രത്തിലെ ചികിത്സാപദ്ധതികളേയും മേല്പറഞ്ഞവയോട് ഉപമിയ്ക്കവുന്നതാണ് .പ്രകൃതികൃഷിയെ പ്രകൃതിജീവനത്തോടും ആയുര്‍വ്വേദത്തെ ജൈവകൃഷിയോടും അലോപ്പതിയെ രാസവളങ്ങള്‍ ,കീടനാശിനികള്‍ എന്നിവ ഉപയോഗിച്ചുള്ള കൃഷിരീതിയോടും നമുക്ക് താരതമ്യം ചെയ്യാം.കാരണം സസ്യങ്ങളുടേയും ജീവികളുടേയും ചികിത്സാപദ്ധതിയിലെ ‘ഐക്യദര്‍ശനം ‘ നാം വിലയിരുത്തേണ്ടതാണ് എന്നതുതന്നെ . പ്രകൃതിജീവനതല്പരനായ ഒരാള്‍ ‘ രാസവള കൃഷി ‘ നിമിത്തമിണ്ടാകുന്ന സസ്യോല്പന്നം ഭക്ഷണമാക്കുന്നതിന്റെ പൊരുത്തക്കേട് മനസ്സിലാക്കേണ്ടതുതന്നെയല്ലേ. അതുപോലെത്തന്നെ,ആയുര്‍വ്വേദ ഡോക്ടര്‍ ആയുര്‍വ്വേദമരുന്നിന്റെ കൂടെ അലോപ്പതി മരുന്നുകള്‍ രോഗിയ്ക്ക് നല്‍കുന്നതിലെ പോള്ളത്തരത്തിലേയ്ക്കും വെളിച്ചം വീശേണ്ടതല്ലേ . ജൈവകൃഷിയേയും ‘രാസവള - കീടനാശിനികൃഷിയേയും ‘ സമന്വയിപ്പിച്ചുകൊണ്ടൂപോകുന്നവര്‍ക്ക് മുന്‍പറഞ്ഞ ആയുര്‍വ്വേദ -അലോപ്പതി സമന്വയത്തെ കുറ്റം പറയാനൊക്കുമോ ?

സമകാലികലോകത്തിലെ പ്രകൃതികൃഷിയുടെ ആചാര്യനായി വാഴ്ത്തപ്പെടുന്ന ആളാണ് ‘മസനോബു ഫുക്കുവോക്ക ‘ . അദ്ദേഹത്തിന്റെ " Do Nothing Farming " എന്ന വചനം ഏറെ പ്രസിദ്ധമാണ് ; ഏറെ വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട് .ഈ വാക്കുകള്‍ക്ക് പണിയൊന്നുംവേണ്ടാത്ത കൃഷിപ്പണി എന്നതിലുപരി തത്ത്വശാസ്ത്രപരമായും പ്രത്യയശാസ്ത്രപരമായും ഏറെ പ്രസക്തിയുണ്ട് . ഇതിന്റെ സാരം മനസ്സിലാക്കുന്ന ഒരാള്‍ സ്വയം ചോദിച്ചുപോകും-- “ സസ്യങ്ങള്‍ക്ക് വളപ്രയോഗം ആവശ്യമാണോ ? കാട്ടിലെ സസ്യങ്ങള്‍ക്ക് ആരാണ് വളപ്രയോഗം നടത്തുന്നത് ? “

ആദിമ മനുഷ്യന്‍ കാട്ടിലല്ലേ താമസിച്ചിരുന്നത് .അന്ന് അവന്‍ കായ് കനികള്‍ ഭക്ഷിച്ചല്ലേ ജീവിച്ചിരുന്നത് .അതായത് അവന്റെ സ്വാഭാവിക ഭക്ഷണം കായ് കനികള്‍ ആയിരുന്നു.പിന്നീട് കൂട്ടം കൂട്ടങ്ങളായി- ഓരോ സ്ഥലങ്ങളില്‍ പാര്‍പ്പുതുടങ്ങി. പ്രകൃതിക്ഷോഭം ,പകര്‍ച്ചവ്യാധികള്‍ ,ഗോത്രത്തിനുള്ളിലെ കലാപം ,ഭക്ഷണത്തിന്റെ അപര്യാപ്തത എന്നിവയൊക്കെമൂലം ഗോത്രം മുഴുവനായോ അല്ലെങ്കില്‍ വിഭജിച്ചോ മറ്റുസ്ഥലങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തുതുടങ്ങി .ഗോത്രങ്ങളുടെ സുസ്ഥിരതയില്‍ ഭരണാധിപന്‍ ആവശ്യഘടകമായിത്തീര്‍ന്നു. ഭരണാധിപന് തന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനായി കായികശക്തിയും മനുഷ്യാദ്ധ്വാനവും സംഭരിയ്ക്കേണ്ടതായി വന്നു. അങ്ങനെയുള്ള അവസ്ഥയില്‍ ‘പണം ‘ എന്ന വസ്തു ഉല്‍ഭവിച്ചു. അധികാരവും പണവും തമ്മിലുള്ള ബന്ധം അതോടെ പ്രസക്തമായി . മനുഷ്യന്റെ ശാരീരികവും മാനസികവുമായ അദ്ധ്വാനം സംഭരിച്ചുവെയ്ക്കാനും വിനിമയം ചെയ്യാനും പണത്തെ ഉപയോഗപ്പെടുത്തി.പണം ലഭ്യമാകുന്നതിനുവേണ്ടി മനുഷ്യന്‍ പല മേഖലകളും ഉപയോഗപ്പെടുത്തി . അതിലൊന്നായിരുന്നു കൃഷി. വര്‍ദ്ധിച്ച വിളവ് ലഭിയ്ക്കാന്‍ വേണ്ടി പലതും പരീക്ഷിയ്ക്കപ്പെട്ടു. അങ്ങനെയുള്ള നിഗമനങ്ങളാല്‍ ‘കൃഷിയിലെ ശാസ്ത്രീയത‘ രൂപപ്പെട്ടു.ഇങ്ങനെ രൂപപ്പെട്ട ശാസ്തീയതയില്‍ പല സ്വാഭാവികതകള്‍ക്കും സ്ഥാനമില്ലാതായി .ഈ ശാസ്ത്രീയത പ്രയോഗത്തില്‍ വരുത്തിയതിന്റെ ഫലമായി വര്‍ദ്ധിച്ച് വിളവ് ലഭിയ്ക്കുകയും അതുവഴി പണം ലഭ്യമാകാനുള്ള സാഹചര്യം സൃഷ്ടിയ്ക്കപ്പെടുകയും ചെയ്തു.ഈ ശാസ്തീയതയുടെ നിഗമനങ്ങളിലോന്നാണ് ഒരേയിനം സസ്യങ്ങള്‍ ഒരേ സ്ഥലത്ത് കൃഷിചെയ്യുക എന്നത് . പക്ഷെ,ഒരേ സ്ഥലത്ത് ഒരേയിനം കൃഷി ഇറക്കുമ്പോള്‍ വിളവ് മോശമാകുന്നു. ഇത് പരിഹരിയ്ക്കാനായി അവര്‍ കൃഷിസ്ഥലങ്ങള്‍ വേറെ തേടി . ഒരു പുതിയ കൃഷിസ്ഥലം ഉണ്ടാക്കിയെടൂക്കുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അവര്‍ മറ്റു വഴികള്‍ തേടിയിരിയ്ക്കും. അതില്‍നിന്നായിരിയ്ക്കും ‘ വളപ്രയോഗ സിദ്ധാന്തം ‘ ഉടലെടുത്തത് .

അതിനാല്‍ത്തന്നെ ,പ്രകൃതിജീവനത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ഇവിടെ എടുത്തുപറയേണ്ടതുണ്ട് . പ്രകൃതിജീവനം സൈദ്ധാന്തികതലത്തില്‍ അര്‍ഥമാക്കുന്ന സ്വാഭാവികത ആദിമമനുഷ്യന്റെ (ഗോത്രകാലത്തിനുമുമ്പേ ) അവസ്ഥയായിരുന്നല്ലോ. ഈ അവസ്ഥ ലോകത്തില്‍ ഇല്ലാതാകണമെങ്കില്‍ ‘പണം‘ എന്ന വസ്തു ഇല്ലാതാകണം. പണത്തിന്റെ നാശത്തിലൂടെ ‘ഇസ’ങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നു. അധികാരത്തിന്റെ കേന്ദ്രീകരണം ഇല്ലാതാകുന്നു. ഗാന്ധിയന്‍ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ അരാജകത്വമാണെങ്കില്‍ ‘നന്മ’എന്നത് സമൂഹത്തിന്റെ ആചാരമായി മാറിയിരിയ്ക്കും( സര്‍.ശ്രീ .ശങ്കരന്‍ നായരുടെ ‘ഗാന്ധിസവും അരാജകത്വവും ‘ എന്ന ഗ്രന്ഥം നല്‍കുന്ന സൂചനകള്‍ ഓര്‍ക്കുക ) പണത്തിന്റെ പ്രസക്തി നഷ്ടപ്പെടൂന്നതോടെ സമൂഹത്തിലെ അനീതികളും അതിമോഹങ്ങളും അപ്രത്യക്ഷമാകുന്നു. ഇവിടെ ‘ട്രോഡ്‌സ്കി’യുടെ വചനങ്ങള്‍ക്ക് പ്രസക്തിയുണ്ട് .‘വിപ്ലവം ജയിയ്ക്കണമെങ്കില്‍ അത് എല്ലായിടത്തുംവരണമെന്ന് ‘ ട്രോഡ്‌സ്കി പറഞ്ഞു. അതുപോലെ‘ മുന്‍പുവിവരിച്ച അവസ്ഥ ‘ലോകത്തില്‍ എല്ലായിടത്തും വന്നാലേ ‘നന്മ നിറഞ്ഞ അരാജകത്വം’ സാധ്യമാകൂ. ചരിത്രത്തിലും ഇതിന് തെളിവുകളുണ്ട്. ‘കലിംഗവു‘മായ യുദ്ധത്തിലെ അവസ്ഥ ദര്‍ശിച്ച അശോകന്‍ മനം നൊന്ത് അഹിംസാപ്രവാചകനായ കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. തുടര്‍ന്ന് അദ്ദേഹം അഹിംസയിലധിഷ്ടിതമായാണ് ഭരണചക്രം തിരിച്ചത് .ഇത് സാദ്ധ്യമാക്കിയതില്‍ രണ്ടുകാര്യങ്ങളുണ്ട് .ഒന്നാമതായി യുദ്ധത്തിന്റെ ഫലമായി ഉണ്ടായ പണത്തിന്റെ നാശം തക്കതായ സാഹചര്യം ഒരുക്കിക്കോടുത്തു.രണ്ടാമതായി ,അശോകന്‍ നടപ്പിലാക്കിയ അഹിംസാസിദ്ധാന്തത്തിന്റെ പ്രതിഫലനങ്ങള്‍ അയല്‍‌രാജ്യങ്ങളും ഏറ്റുവാങ്ങി.

മണ്ണും സസ്യപോഷണവും

മണ്ണില്‍നിന്ന് സസ്യോല്പന്നങ്ങള്‍ നീക്കം ചെയ്യുകവഴി സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങളുടെ കുറവ് മണ്ണില്‍ അനുഭവപ്പെടുമോ ? അതല്ലെങ്കില്‍ വൈക്കോല്‍ നീക്കം ചെയ്യപ്പെടാതെ ധാന്യം മാത്രമെടുത്താല്‍ ആ കുറവ് പ്രസക്തമാണോ? അതുപോലെത്തന്നെ നാളികേരത്തിലെ ഭക്ഷ്യയോഗ്യമായ ഭാഗം മാത്രമെടുത്താലും മണ്ണിലെ മൂലകങ്ങള്‍ക്ക് കുറവുണ്ടാകുമോ? കുറവുണ്ടാകുമെന്നാണ് ശാസ്തീയ കൃഷിരീതി അവകാശപ്പെടുന്നത് .ഇതിനുവേണ്ടി നാളികേരത്തിലെ ഭക്ഷ്യയോഗ്യമായ പദാര്‍ത്ഥത്തിന്റെ രാസവിശ്ലേഷണഫലങ്ങളും (ഒരു നിശ്ചിത പിണ്ഡത്തിന്റെ ഓരോ മൂലകത്തിന്റേയും അനുപാതമടക്കം ) മണ്ണ് പരിശോധനാഫലങ്ങളും അവര്‍ നല്‍കുന്നു.ഇവയെ തമ്മില്‍ ബന്ധപ്പെടുത്തി ഒരു ഫോര്‍മുലയും നിര്‍മ്മിച്ചിരിയ്ക്കുന്നു.പക്ഷെ ,ഒരു കാര്യം നാം മറക്കുന്നു.പരീക്ഷണശാലയിലെ മണ്ണും കൃഷിയിടത്തിലെ മണ്ണും വ്യത്യസ്തമാണെന്നതാണ് അത് . പരീക്ഷണശാലയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മണ്ണില്‍ വ്യത്യാസങ്ങള്‍ വളരേക്കുറച്ചേ സംഭവിയ്ക്കുന്നുള്ളൂ. പക്ഷെ,കൃഷിസ്ഥലത്തെ മണ്ണില്‍ അങ്ങനെയല്ല. അവിടെ പലകാര്യങ്ങളും സംഭവിയ്ക്കുന്നു. കാറ്റ്,മഴ,മഞ്ഞ്,സൂക്ഷ്മജീവികള്‍ ,സസ്യങ്ങള്‍,പക്ഷികള്‍,പ്രാണികള്‍,ജന്തുക്കള്‍,മണ്ണൊലിപ്പ്,എന്നിവയുടെയൊക്കെ ഫലമായി കൃഷിയിടത്തിലെ മണ്ണില്‍ മാറ്റങ്ങള്‍ നിത്യേന ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു.അതായത് ഒരോ വര്‍ഷവും പുതുമഴയ്ക്കുശേഷം മണ്ണില്‍ മൂലകങ്ങളുടെ ഒരു പ്രത്യേക സന്തുലിതാവസ്ഥ ദൃശ്യമാകുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍ സസ്യോല്പന്നങ്ങള്‍ നീക്കം ചെയ്തതിന്റെ ഫലമായി ഉണ്ടാകുമെന്ന് കരുതപ്പെടുന്ന മൂലകങ്ങളുടെ കുറവ് പരിഹരിയ്ക്കപ്പെടില്ലേ. എന്നാല്‍ ചില കൃഷിസ്ഥലങ്ങള്‍ ,ഈ മൂലകങ്ങളുടെ കുറവ് പ്രകൃതിയാല്‍ത്തന്നെ പരിഹരിയ്ക്കാവുന്ന തരത്തിലുള്ളവയായിരിക്കില്ല എന്ന വസ്തുത പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ മുകളില്‍പ്പറഞ്ഞ ഘടകങ്ങളുടെ ( മഴ,കാറ്റ്,വെള്ളപ്പാച്ചില്‍.... ) ലഭ്യതയെ എളുപ്പത്തില്‍ കിട്ടത്തക്കവണ്ണമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ് .ചില കൃഷിയിടങ്ങളാവട്ടെ ,ഇവയുടെ ലഭ്യതയെ തടയുന്നത് മനുഷ്യന്റെതന്നെ പ്രവൃത്തികളുമായിരിയ്ക്കും എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

ശാസ്ത്രീയജീവനം

ശാസ്തീയജീവനം ലോകത്തിന് ഒരിയ്ക്കലും സ്ഥിരമായ ഒരു ഫോര്‍മുല നല്‍കിയിട്ടില്ല. ശാസ്ത്രീയതയാല്‍ നിര്‍മ്മിയ്ക്കപ്പെടുന്ന ഫോര്‍മുലകള്‍ കാലവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.കാലത്തെ ബന്ധപ്പെടുത്തിമാത്രമേ ഈ സമവാക്യത്തിലെ ‘ശരി-തെറ്റ് ‘ നിര്‍ണ്ണയിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. അതിനാല്‍ത്തന്നെ ശാസ്ത്രീയത എപ്പോഴും വ്യതിയാനത്തിന് (Variyation) അധീനപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.ഈ വ്യതിയാനത്തിന്റെ നിരക്കുപോലും (Rate) നമ്മുടെ ശാസ്ത്രഞ്ജന്മാര്‍ക്ക് നിര്‍ണ്ണയിയ്ക്കാന്‍ കഴിയുന്നില്ല എന്നതിനോട് നമുക്ക് സഹതപിയ്ക്കാന്‍ മാത്രമേ കഴിയൂ . അനിര്‍വ്വചനീയങ്ങളെ നിര്‍വചിയ്ക്കാനുള്ള ശ്രമങ്ങളും ക്രമമില്ലാത്തവയിലെ ക്രമത്തെ കണ്ടെത്തുവാനുള്ള ശ്രമങ്ങളും (ഉദാ- കയോസ് ) വിജയിയ്ക്കുമെന്നും വിജയിച്ചെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ നമുക്ക് പ്രത്യാശകള്‍ നല്‍കുന്നുവെന്നുമാത്രം

ത്രിമാനദര്‍ശനം മാത്രമേ മനുഷ്യേന്ദ്രിയത്തിന് സാദ്ധ്യമാകുകയുള്ളൂ, ത്രിമാനത്തിന് അപ്പുറത്ത് ഏതാനും ചിലമാനങ്ങള്‍ (Dimentions ) കൂടിവന്നാല്‍ മനുഷ്യമസ്തിഷ്കത്തിന് വിശകലനം അസാദ്ധ്യമാകുന്നു.ഇവിടെ വിശകലനം അസാദ്ധ്യമാണെന്നുപറഞ്ഞത് വിഘടനാത്മക വിശകലനത്തെക്കുറിച്ചല്ല (Fractional Analysis) ; ത്രിമാനദര്‍ശനത്തിന് അപ്പുറത്തുള്ള ‘മാന‘ങ്ങളെ ചേര്‍ത്തുള്ള സമഗ്രതയെക്കുറിച്ചുമാത്രമാണ് .

സമകാലികലോകത്തിലെ ഉപഭോഗസംസ്കാരത്തിലധിഷ്ഠിതമായ സമൂഹത്തില്‍ ,സ്വാഭാവിക ജീവിതശൈലിയെ നശിപ്പിയ്ക്കാനാണ് ‘ശാസ്ത്രീയത‘ പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് .ഇന്ദ്രിയങ്ങളുടെ ഉപയോഗത്തേയും ദുരുപയോഗത്തേയും വേര്‍തിരിച്ചറിയുന്നതില്‍ ‘മനുഷ്യന്‍ ‘ പരാചയപ്പെടുന്നു.വിശപ്പും ആര്‍ത്തിയും തമ്മിലുള്ള വ്യത്യാസം അവന് മനസ്സിലാക്കാന്‍ സാധിയ്ക്കുന്നില്ല. ജീവിയുടെ നിലനില്പിനാവശ്യമായ ഒരു ഉള്‍വിളിയുടെ ഫലമായാണ് വിശപ്പുണ്ടാകുന്നത്. എന്നാല്‍ ‘ആര്‍ത്തി’യാകട്ടെ രസനേന്ദ്രിയങ്ങളുടെ തെറ്റായ കണ്ടീഷനിംഗിന്റെ ഫലമായിട്ടുള്ളതാണ് . (വയറുനിറഞ്ഞീട്ടും ഒരു രസത്തിനുവേണ്ടിയെന്നുപറഞ്ഞ് ചിലര്‍ വിശിഷ്ഠഭോജ്യം കഴിയ്ക്കുന്ന കാര്യം ഓര്‍ക്കുക.) സമകാലിക സമൂഹത്തില്‍ ഈ തെറ്റായ ശീലങ്ങള്‍ രസനേന്ദ്രിയത്തിനുമാത്രമല്ല കൈവന്നീട്ടുള്ളത് .ശ്രവണേന്ദ്രിയത്തിനും ദൃശ്യേന്ദ്രിയത്തിനുമൊക്കെ കൈവന്നിട്ടുണ്ട് . ലൈംഗികകാര്യങ്ങളിലും (സ്പര്‍ശനേന്ദ്രിയത്തിനും ) ഈ ദുരുപയോഗം ഏറെ നടക്കുന്നു. അതിന് ലോകോത്തര ഉദാഹരണങ്ങളാണ് ‘ഡയാനയും ബില്‍ ക്ലിന്റനുമൊക്കെ .

ഒരു കാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ‘ശാസ്ത്രീയത ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നു എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍തന്നെയാണ് അതിന്റെ ദുരുപയോഗവും ഏറെ നടക്കുന്നത് . കാരണം,ഒരു സാധാരണ മനുഷ്യന് ‘ശാസ്ത്രീയതയുടെ ശരിയായ നടത്തിപ്പ് ( Management) അസാദ്ധ്യമാണ് എന്നതുതന്നെ .അതിനാല്‍ത്തന്നെ അവന്റെ ആഹാരശൈലിയിലും ജീവിതരീതിയിലുമൊക്കെ അവന്‍ ഒട്ടേറെ തെറ്റുകള്‍ വരുത്തിവെയ്ക്കുന്നു.മനുഷ്യന്റെ ഭക്ഷണകാര്യത്തില്‍ വെജിറ്റേറിയന്‍ ,നോണ്‍- വെജിറ്റേറിയന്‍ എന്നീ തരം തിരിവുകള്‍ ഉള്ളതാണല്ലോ.ഇപ്പോള്‍ മനുഷ്യസമൂഹം വേറൊരുതരംതിരിവിനുകൂടി പാത്രീഭവിച്ചിരിയ്ക്കുന്നു.അതാണ് രാസഭുക്കുകള്‍ എന്ന വിഭാഗം .നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ രാസവസ്തുക്കളുടെ അളവും ഔഷധങ്ങളായി ഉപയോഗിയ്ക്കുന്നവയിലെ രാസവസ്തുക്കളുടെ അളവും വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന കാര്യം ഹാസ്യാത്മകമായി സൂചിപ്പിയ്ക്കാനാണത്രെ രാസഭുക്കെന്ന പദപ്രയോഗം തന്നെ.

ഒരു സാ‍ധാരണ കൃഷിക്കാരന്റെ കാര്യത്തിലും ‘ശാസ്തീയതയുടെ ‘ ഉപയോഗം ഒട്ടേറെ തെറ്റുകള്‍ വരുത്തിവെയ്ക്കുന്നു. ശാസ്ത്രീയമായ വളപ്രയോഗവും കീടനാശിനിപ്രയോഗവും അവന് നടപ്പിലാക്കാന്‍ സാധിയ്ക്കുന്നില്ല.എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്‌ദ്ധന്മാരുടെ അഭിപ്രായം തേടിയാല്‍പ്പോരേ എന്ന് ചിലര്‍ പറഞ്ഞേക്കാം.പക്ഷെ,ഒന്നില്‍ക്കൂടുതല്‍ വിദഗ്‌ദ്ധന്മാരെ കണ്ടാല്‍ ലഭിയ്ക്കുന്ന ഉപദേശങ്ങളില്‍ ‘വ്യത്യാസങ്ങള്‍’ ഏറെ പ്രകടമാകുന്നു. ഇതൊക്കെ സൂചിപ്പിയ്ക്കുന്നത് സൈദ്ധാന്തികതലത്തിലെ വിജയം കൊണ്ടുമാത്രം ശാസ്ത്രത്തിന്റെ മഹത്വം നാം കൊട്ടിഘോഷിയ്ക്കാന്‍ പാടില്ല എന്നതാണ് .പ്രായോഗികതലത്തില്‍ അതിന്റെ പിഴവും ദുരുപയോഗവും മുന്‍‌കൂട്ടിക്കണ്ട് അതിനുവേണ്ട പരിഹാരങ്ങള്‍ സൈദ്ധാന്തികതലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ശാസ്ത്രത്തെയാണ് നാം പിന്താങ്ങേണ്ടത് .അങ്ങനെ രൂപപ്പെടുന്ന ശുദ്ധമായ ശാസ്ത്രത്തില്‍ ‘സ്വാഭാവികതയ്ക്ക് ‘ അര്‍ഹമായ സ്ഥാനം ലഭിയ്ക്കുന്നു. അതിനാല്‍ത്തന്നെ ആ ശാസ്ത്രം നിത്യസത്യമായിത്തീരുകയും ചെയ്യുന്നു.

സമഗ്രത പ്രകൃതിജീവനത്തിന്റെ കാഴ്ചപ്പാടില്‍...

സൌഖ്യമാര്‍ന്ന ജീവിതമാണ് ഏതൊരു ജീവിയുടേയും ലക്ഷ്യം. പക്ഷെ,പലപ്പോഴും പരിസ്ഥിതിയില്‍നിന്നും ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ ഈ സൌഖ്യത്തിന്റെ വ്യാപ്തി തെറ്റായ മേഖലകളില്‍ എത്തിച്ചേരാറുണ്ട് . സമകാലിക ഉപഭോഗസംസ്കാരം ഈ തെറ്റായ പ്രവണതകള്‍ക്ക് വേഗതകൂട്ടുകയും ചെയ്യുന്നു.

യഥാര്‍ത്ഥ സൌഖ്യം തന്നെയാണ് മനുഷ്യജീവന്റെ ലക്ഷ്യം .ഈ സൌഖ്യ- സാക്ഷാത്ക്കരണത്തിന് എന്തൊക്കെ ആവശ്യമാണ്‌ ? ഏതെല്ലാം ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത് ?
ഉദാഹരണമായി, ഒരു വ്യക്തിയുടെ കാര്യമെടുത്താല്‍, സൌഖ്യം പ്രദാനം ചെയ്യുന്ന വിഷയത്തില്‍ ആരോഗ്യത്തിന് വലിയൊരു സ്ഥാനമുണ്ട് . ആരോഗ്യം എന്നുവെച്ചാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യം എന്ന് അര്‍ത്ഥമാക്കേണ്ടതാണ് . അടുത്ത ഘടകം ആ വ്യക്തിയെ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിയാണ് . വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പരിസ്ഥിതിയ്ക്ക് വലിയൊരു പങ്കുണ്ട് . ( മലിനീകരണ പ്രശ്നമുണ്ടാക്കുന്ന വ്യവസായശാലയ്ക്കരികെ ആരോഗ്യകരമായ മനുഷ്യജീവിതം അസാദ്ധ്യമെന്നോര്‍ക്കുക! )
സൌഖ്യമാര്‍ന്ന ജീവിതം പ്രധാനം ചെയ്യുന്നതില്‍ മൂന്നാമതായി വരുന്ന ഘടകം ‘ആത്മീയത’യാണ് . ‘ ആത്മീയത ‘ മതവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ( മതവുമായി ബന്ധപ്പെടാതെ ആത്മീയത വളര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായാണ് അറിവ് . ) മതം മനുഷ്യസംസ്കാരത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുള്ളതായി ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.
നാലാമത്തെ ഘടകം വ്യക്തി വസിയ്ക്കുന്ന സ്ഥലത്തെ ഭരണയന്ത്രമാണ് .ഇതും വേണ്ടരീതിയില്‍ വര്‍ത്തിക്കേണ്ടത് സൌഖ്യജീവിതത്തിന് ആവശ്യംതന്നെ .
ചുരുക്കിപ്പറഞ്ഞാല്‍ ;ആരോഗ്യം ,പരിസ്ഥിതി,ആത്മീയത, രാഷ്ട്രഭരണം എന്നിവ മനുഷ്യജീവിതത്തിന്റെ സൌഖ്യത്തെ ബാധിയ്ക്കുന്ന നാലുഘടകങ്ങളാണ് .
അതിനാല്‍ വ്യക്തിയുടെ സൌഖ്യമാര്‍ന്ന ജീവിതത്തിനുവേണ്ട എല്ലാ മേഖലകളിലും ഒരു പ്രകൃതിപരമായ സമീപനം ആവശ്യമാണ് .ഈ സമീപനം സമഗ്രവും തികച്ചും സ്വാഭാവികവും ആകേണ്ടതാണ് .ഇത്തരത്തിലുള്ള സമീപനം ‘ആപേക്ഷിക -ആനുപാതിഅക-സന്തുലിത ചിന്താഗതിയില്‍ക്കൂടിമാത്രമേ സാദ്ധ്യമാകുകയുള്ളൂ.
മനുഷ്യസമൂഹത്തിന്റെ സമഗ്രഘടനയില്‍നിന്ന് ആത്മീയതയെ ഒഴിച്ചുനിറുത്തുവാനാവില്ല എന്ന് ചരിത്രം പറയുന്നു. ഇതിനുവേണ്ടി ഒറ്റപ്പെട്ട സംഭവങ്ങളല്ല ഉദാഹരണമായി എടുക്കേണ്ടത് .മറിച്ച് ,മനുഷ്യ സഞ്ചയത്തിന്റെ കാര്യത്തില്‍ എന്തുപറയുന്നുവോ അതാണ് എടുക്കേണ്ടത് .നിരീശ്വരവാദം ശൈശവം മുതല്‍ക്കേ അടിച്ചേല്‍പ്പിയ്ക്കപ്പെട്ട ജനവിഭാഗം വളര്‍ന്നുവലുതായപ്പോള്‍ വിപരീതദിശയില്‍ നീങ്ങുന്നതായാണ് കാണുവാന്‍ കഴിഞ്ഞത് .
അതിനാല്‍ മനുഷ്യസംസ്കാരത്തിലെ മതത്തിന്റെ സ്ഥാനം ചിന്താവിഷയമാക്കേണ്ടതുണ്ട്. ആത്മീയ പ്രഭാവത്തിലൂടെ സമൂഹത്തിന് സമാധാനം നല്‍കുവാന്‍ മതത്തിനല്ലാതെ മറ്റൊന്നിനും ഇതേവരെ കഴിഞ്ഞീട്ടില്ല. ‘ആത്മീയത’ സത്യമോ മിഥ്യയോ ആയിക്കൊള്ളട്ടേ ; അതിന് സമൂഹത്തില്‍ ധനാല്‍മകവികാരങ്ങള്‍ പ്രധാനം ചെയ്യാന്‍ കഴിയുന്നു എന്ന സത്യം നാം ഉള്‍ക്കൊള്ളേണ്ടതാണ് .അതിനാല്‍ ഏതുമതമായാലും അവയൊക്കെ അംഗീകരിയ്ക്കുന്ന ശക്തിയെ പരിഗണിയ്ക്കുക എന്നത് ബുദ്ധിപരമായ സമീപനമാണ് .വ്യത്യസ്ത ഭാവങ്ങളും വീക്ഷണങ്ങളും ഇതിന് തടസ്സമായി വന്നേക്കാം. പക്ഷെ ,ഈ ശക്തിയെ പ്രപഞ്ചശക്തിയായും അതിനെ പ്രകൃതിയായും കണക്കാക്കുന്ന ഒരു മാറ്റം അവതരിപ്പിച്ചാല്‍ ഈ വ്യത്യാസങ്ങള്‍ പാടെ ഇല്ലാതാകും . എന്നുവെച്ച് ‘ഹെഗലിന്റെ യാന്തിക ഭൌതികവാദത്തെ പൂണ്ണമായി അംഗീകരിയ്ക്കുകയാണെന്ന് തെറ്റിദ്ധരിയ്ക്കരുത് .(മാര്‍ക്സിന്റേയും ഹെഗലിന്റേയും ചിന്താഗതികള്‍ തമ്മിലുള്ള വ്യത്യാസം ഇവിടെ സ്മരണീയം!!!)
നമുക്ക് ധാരാളം ദര്‍ശനങ്ങളും സിദ്ധാന്തങ്ങളുമെക്കെയുണ്ട് .ഇവയ്ക്ക് രാഷ്ട്രഭരണത്തിലുള്ള പങ്ക് നിസ്സീമമാണ് .ഭരണം നന്നായാല്‍ ആ രാജ്യത്തിലെ ജനതയുടെ സൌഖ്യനിലവാരം ഉയരുമെന്നതില്‍ സംശയമില്ല. പലതരത്തിലുള്ള ‘ഇസങ്ങള്‍’ ഇന്ന് നിലവിലുണ്ട് .ജനാധിപത്യം,സോഷ്യലിസം,കമ്മ്യൂണിസം,ക്യപ്പിറ്റലിസം,കിങ്‌ഷിപ്,ബ്യൂറോക്രസി,പട്ടാളമേധാവിത്തം, മതമേധാവിത്തം.......എന്നിങ്ങനെ പോകുന്നു അവ.ഇവയിലോരോന്നിനും അനേകം വകതിരിവുകളുണ്ട്. പക്ഷെ,ജനാധിപത്യരീതി അംഗീകരിയ്ക്കുന്ന ഇടങ്ങളിലാണ് വ്യത്യസ്തത ഏറ്റവും കൂടുതല്‍ എന്ന കാര്യം ശ്രദ്ധേയമാണ് .
‘ പ്രായോഗികത ‘ സൈദ്ധാന്തികതലത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിവെയ്ക്കുന്നു. രാഷ്ട്രതന്ത്രത്തിന്റെ കാര്യത്തിലും ഇത് സത്യം തന്നെ .ഒരു സിദ്ധാന്തവും നൂറുശതമാനവും അതേരൂപത്തില്‍ നടപ്പിലാക്കുവാന്‍ സാധിയ്ക്കുകയില്ല. ഏതു സിദ്ധാന്തത്തിലും ചൂഷണത്തിനും അനീതിയ്ക്കുമുള്ള അവസരമാണ് ഇതിനുകാരണം . അങ്ങനെ ഈ അവസരങ്ങള്‍ വ്യതിയാനഹേതുക്കളായി ഭവിയ്ക്കുകയും ചെയ്യുന്നു.
ഉദാഹരണമായിപ്പറഞ്ഞാല്‍ ,സോവിയറ്റ് യൂണിയനില്‍ ലെനിന്‍ ബോള്‍ഷെവിസം (പിന്നീട് കമ്മ്യൂണിസം ) നടപ്പിലാക്കി കുറേ നാള്‍ കഴിഞ്ഞപ്പോള്‍ തന്റെ ഭരണത്തെ ത്വാത്വികമായി ഒന്നു വിലയിരുത്തി. അപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയത്രെ! കാരണം ,പ്രായോഗികതലത്തില്‍ ഭരണരംഗത്ത് ഉദ്യോഗസ്ഥഭരണത്തിന് (ബ്യൂറോക്രസിയ്ക്ക് ) മുന്‍‌തൂക്കമുണ്ടായിരുന്നുവെത്ര! 
---അപ്പോള്‍ നാം രാഷ്ട്രഭരണത്തിലെ പ്രായോഗികതലത്തിലുള്ള വ്യത്യാസങ്ങളെ പരിഗണിയ്ക്കണമോ ?
--യുദ്ധം ചെയ്യണമോ ?
---- പ്രപഞ്ചത്തെ മുഴുവന്‍ നശിപ്പിയ്ക്കുന്ന ‘ന്യൂക്ലിയര്‍ ആയുധങ്ങള്‍ ‘നിര്‍മ്മിക്കണമോ?
----- ‘ഓസോണ്‍ സുഷിരങ്ങള്‍‘ നിര്‍മ്മിയ്ക്കുന്ന വ്യവസായ വ്യൂഹങ്ങള്‍ കെട്ടിപ്പൊക്കണമോ ?

ഈ ചോദ്യങ്ങള്‍ ഇവിടെ ഉന്നയിച്ചിരിയ്ക്കുന്നത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആപത്തിനെ ഒന്നു സൂചിപ്പിയ്ക്കാന്‍ മാത്രമാണ് .പ്രകൃതിസ്നേഹികള്‍ തങ്ങളുടെ ജീവല്‍‌സമ്പന്നമായ ഭക്ഷണകാര്യത്തിലും വീട്ടുവളപ്പിലെ കൃഷിയിലും വസിയ്ക്കുന്ന ഭൂപ്രദേശത്തെ പരിസ്ഥിതിയിലും മാത്രം ചിന്ത വ്യാപിപ്പിച്ചാല്‍ മതിയോ ? ഇത്തരത്തിലുള്ള സങ്കുചിത ചിന്ത ഉപേക്ഷിച്ച് വിശാലതയിലേയ്ക്ക് വനുകൂടെ . രാഷ്ട്രങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ഉണ്ടാകുന്ന ന്യൂക്ലിയര്‍ യുദ്ധങ്ങളും ജൈവ-ആയുധങ്ങളുടെ ഉപയോഗവും (ഉദാ: വൈറല്‍ ബോംബ് ) മുന്‍‌കൂട്ടിക്കണ്ടുകൂടേ . പഴയ ആയുധങ്ങളുടെ വില്പനക്കമ്പോളത്തില്‍ ന്യൂക്ലിയര്‍ ആയുധങ്ങളും ഉള്‍പ്പെടുന്നു എന്ന പത്രറിപ്പോര്‍ട്ടുകള്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിയ്ക്കുന്നവയാണ് .അതിനാല്‍ പ്രകൃതിസ്നേഹികള്‍ രാഷ്ട്രഭരണരംഗത്ത് ഒരു ഏകീകൃതവീക്ഷണം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ് .ഈ വീക്ഷണത്തിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം ( ഒരു വോട്ടുബാങ്ക് ഫോര്‍മുല തന്നെ ആയാലും കുഴപ്പമില്ല ) നമുക്കുമാത്രമല്ല; ഇനി വരാന്‍പോകുന്ന ഒട്ടേറെ തലമുറകള്‍ക്കുകൂടി സൌഖ്യമായി ജീവിയ്ക്കാനുള്ളതാണ് ഈ ഭൂമിയെന്നും ,അതിനെ നശിപ്പിയ്ക്കാത്തതരത്തിലുള്ള തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണയന്ത്രമാണ് നമുക്ക് ആവശ്യമെന്നും പറഞ്ഞുകൊടുക്കണം .അത്തരത്തുലുള്ള ശബ്ദങ്ങള്‍ ഒട്ടേറെ കണ്ഠങ്ങളില്‍ നിന്നും ഉയരുമ്പോള്‍ , ‘നമ്മുടെ ജനാധിപത്യഭരണയന്ത്രം ‘ അതിനെ അവഗണിയ്ക്കുവാന്‍ ധൈര്യപ്പെടുമോ ?

സമകാലിക ഉപഭോഗസംസ്കാരം മനുഷ്യസമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് ഭംഗം ഉണ്ടാക്കുന്നുവെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലോ? ഈ ഉപഭോഗ സംസ്കാരത്തിന് സമ്പത്തികമേഖലയുമായി വ്യക്തമായ ബന്ധമുണ്ട് . ‘സമ്പത്ത് , ‘ഉപഭോഗം ‘ എന്നിവ പ്രകൃതിപരമല്ല എന്നകാര്യം നാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ് .ഇവ സമൂഹത്തില്‍ അനീതിയ്കും അക്രമത്തിനും ഇട നല്‍കുന്നു.നമ്മുടെ നാട്ടില്‍ നടക്കുന്ന ഒട്ടേറെ ആത്മഹത്യകള്‍ക്കുപിന്നില്‍ സാമ്പത്തിക പരാധീനതകളാണെന്ന് പത്രറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക പരാധീനതകള്‍ ഉണ്ടാവാന്‍ കാരണം ഉപഭോഗ ചിന്തയിലധിഷ്ടിതമായ പ്രവൃത്തികളാണ് . അതിനാല്‍ പ്രകൃതിസ്നേഹികള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിലും ( സമ്പത്തികരംഗത്ത് ) വ്യക്തമായ നയം ആവശ്യമാണ് .ഈ നയം സമൂഹത്തിന്റെ ആചാരമാക്കിത്തീര്‍ക്കാന്‍ ‘ ആത്മീയതക്ക് ‘ തീര്‍ച്ചയായും സാധിയ്ക്കും .ഇതിലേയ്ക്ക് എത്തിച്ചേരാനുള്ള വഴികളാണ് നമുക്കുചുറ്റുമുള്ള മതങ്ങള്‍ . ( പക്ഷെ , പ്രസ്തുത മതങ്ങളെ ചൂഷണവിമുക്തവും അന്ധവിശ്വാസവിമുക്തവും ആക്കണമെന്നുമാത്രം ) ഒരിയ്ക്കല്‍ ,ഒരു യോഗത്തില്‍ ,ബ്ലേയ്‌ഡ് ബിസിനസ്സും ഷെയര്‍ ബിസിനസ്സുമൊക്കെ ‘പ്രകൃതിജീവനക്കാര്‍ക്ക് ‘ യോജിച്ചതാണോ ? എന്നൊരു ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനുനേരെ ഗാന്ധിയന്മാരും കമ്മുണിസ്റ്റുകാരും മതമേധാവികളും പാര്‍ട്ടിമേധാവികളും എങ്ങനെ പ്രതികരിയ്ക്കും ?
മനുഷ്യന്റെ നിരീക്ഷണശേഷിയുടെ ഒരു ഘടകമാണ് ‘വിഘടനാത്മകവിശകലനം ‘ . വിഘടനപരമായ അറിവുകള്‍ക്കാണ് ഇന്നത്തെ സമൂഹം മുന്‍‌തൂക്കം കൊടുക്കുന്നത് . കാരണം ,ഇത്തരത്തിലുള്ള വിഘടനാത്മകവിശകലനത്തിന് പല വസ്തുതകളുടേയും തെറ്റും ശരിയും തെളിയിയ്ക്കാന്‍ കഴിയുന്നു.! അങ്ങനെ വിഘടനാത്മകവിശകലനം സര്‍വവ്യാപിയായിക്കഴിഞ്ഞിരിയ്ക്കുന്നു. അതായത് സമഗ്രതാത്മകവിശകലനത്തിന്റെ ആപേക്ഷികപ്രസക്തിപോലും ഇന്ന് നഷ്ടപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു.
പല പ്രകൃതിജീവനപ്രിയരും ‘പ്രകൃതി ‘ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി ജനാധിപത്യരീതിയില്‍ നിര്‍വ്വചിയ്ക്കപ്പെടാത്തതുനിമിത്തം ആദര്‍ശവഞ്ചകരായിക്കഴിയുന്നു. പ്രകൃതിജീവനക്കാര്‍ ഇന്നതുചെയ്യാമോ , ഇന്നത് ഉപയോഗിയ്ക്കാമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുമുമ്പില്‍ പലര്‍ക്കും വ്യക്തമായ മറുപടി പറയാന്‍ പറ്റുന്നില്ല.തന്നിമിത്തം അപഹാസ്യരാകേണ്ടിവന്നാലോ എന്നുവിചാരിച്ച് പലരും ഇത്തരം സംഘങ്ങളിലേയ്ക്ക് ( കൂട്ടായ്മയിലേയ്ക്ക് ) വരാന്‍ മടികാണിയ്ക്കുന്നു.പട്ടിണികിടക്കലും കുമ്പളങ്ങനീരും ആയുധമാക്കിയുള്ള പ്രാകൃതചികിത്സയാണ് പ്രകൃതിചികിത്സ എന്ന് പലരാലും ആരോപിയ്ക്കപ്പെടുന്നു.പരിസ്ഥിതിവാദികളെ നാടന്‍ യാഥാസ്ഥിതികരായി മുദ്രകുത്തി (വികസന വിരോധികളായും ) പരിഹസിയ്ക്കുന്നു. പ്രകൃതിജീവനശൈലി പിശുക്കിന്റെ പര്യായമായി വേറെ ചിലര്‍ മുദ്രകുത്തുന്നു.
'നന്മ‘യെന്ന വിശാലതയുടെ അംശമുള്ള മതമേതാവികളെ കൂറുകാണിയ്ക്കാത്തവരെന്നുപറഞ്ഞ് സ്ഥാനമൊഴിപ്പിയ്ക്കുന്നു. ആദര്‍ശവാന്മാരാ‍യ രാഷ്ട്രീയക്കാരെ സമീപിച്ചാല്‍ കാര്യം നടക്കില്ലെന്നുപറഞ്ഞ് ജനം കയ്യൊഴിയുന്നു. ഇത്തരത്തിലുള്ള വ്യക്തികളെ എന്തുകൊണ്ട് പ്രകൃതിസ്നേഹികള്‍ക്ക് ഉപയോഗപ്പെടുത്തിക്കൂടാ .പ്രകൃതിയിലെ സ്വാഭാവികശക്തികളെ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ഉപയോഗിയ്ക്കുന്നതില്‍ തെറ്റില്ലെന്ന് ‘ഫുക്കുവോക്ക ‘ പറഞ്ഞിട്ടില്ലേ.(ഇക്കാര്യം പ്രകൃതികൃഷിയില്‍ മാത്രമായി ഒതുക്കിനിര്‍ത്തുന്നതെന്തിന് ?) സാമൂഹ്യരംഗത്തെ ഇത്തരം വ്യക്തികള്‍ പ്രകൃതിയുടെ വരദാനങ്ങള്‍ തന്നെയാണ് .അതിനാല്‍ അവര്‍ ഈ വിഷയത്തില്‍ ഉപയോഗിയ്ക്കപ്പെടുകതന്നെവേണം.
‘ പരിധി ‘ അല്ലെങ്കില്‍ ‘അതിര്‍ത്തി‘ ,ഇതിന് സമഗ്രതയില്‍ പ്രമുഖ സ്ഥാനമുണ്ട് .പുകയില,കഞ്ചാവ്,കാപ്പി എന്നിവയൊക്കെ പഴം,പച്ചക്കറി ,അണ്ടിപ്പരിപ്പ് എന്നിവയെപ്പോലെ പ്രകൃതിപരമല്ലേ എന്ന ചോദ്യം പലരും ഉന്നയിച്ചിട്ടുള്ളതാണ് .ഇവിടെ നമുക്ക് വിഭജനം സാദ്ധ്യമാകണമെങ്കില്‍ സമഗ്രത ,ആനുപാതികം,സന്തുലിതം എന്നീ മൂന്നുഘടകങ്ങള്‍ പരിഗണിക്കേണ്ടിവരും.
ഈ പ്രപഞ്ചത്തിലെ എല്ലാം പ്രകൃതിപരമാണ് .പക്ഷെ, അവയെ ഉപയോഗിയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു പരിധി നിശ്ചയിച്ചിരിയ്ക്കുന്നു.ഈ പരിധിയെയാണ് നാം‘ പ്രകൃതി‘ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് .പ്രപഞ്ചവസ്തുക്കളെ ആവശ്യത്തിനനുസരുച്ച് ഉപയോഗിയ്ക്കുക എന്ന പരിധിയാണ് നാം ‘പ്രകൃതി ‘എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് . ഉപയോഗപ്പെടുത്തുക എന്നുവെച്ചാല്‍ ‘ചൂഷണവിധേയമാക്കുക എന്നല്ല‘എന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ ഗ്രഹിയ്ക്കേണ്ടതാണ് .
ജിജ്ഞാസ മനുഷ്യന്റെ കൂടപ്പിറപ്പാണ് .ഈ ജിജ്ഞാസയാണ് ശാസ്ത്രത്തെ മുന്നേറാന്‍ സഹായിച്ചത് .പക്ഷെ,ഇപ്പോള്‍ ജിജ്ഞാസമൂലം ശാസ്ത്രം വിഘടനാത്മകവാദവുമായി മുന്നേറുകയാണ് .ഈ വിഘടനാത്മകവാദം അതിന്റെ അതിസൂക്ഷ്മതയുടെ (micro level ) പാരമ്യത്തില്‍ എത്തിനില്‍ക്കുന്നു എന്ന കാര്യം പരിഹാസജനകമാണ്.ഇത്തരത്തിലുള്ള വിഘടനാത്മകവിശകലനത്തിന് നാം ഒരു പരിധി കല്പിക്കേണ്ടതുണ്ട് .കാരണം ,അതിനപ്പുറമുള്ള വിഘടനക്ഷമത പ്രകൃതിപരമല്ല ; തികച്ചും നാശപരമാണ് . ,
ശരിയായ വിദ്യാഭ്യാസം മൂലം ശരിയായ ചിന്ത ഉണ്ടാകുന്നു. ശരിയായ ജീവിതശൈലിയുണ്ടാകുന്നു.ഇതിന്റെ ഫലമായുണ്ടാകുന്ന സംസ്കാരം ശരിയായ രീതിയില്‍ തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് .
മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസതനാക്കുന്നത് ബുദ്ധിശക്തിയാണ് .ഈ ബുദ്ധിശക്തി തന്നെയാണ് വ്യക്തിയെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നതും. ഈ വ്യത്യസ്തതയെ നാം‘ ഉയര്‍ച്ച ‘എന്ന ആപേക്ഷികതയാല്‍ വീക്ഷിയ്ക്കുന്നു.
സൌഖ്യം ബുദ്ധിമാനായ മനുഷ്യനുള്ളതാണ് .പക്ഷെ ,ബുദ്ധി ഒരു പ്രത്യേകമേഖലയില്‍ മാത്രമാക്കരുത് .അത് ആനുപാതികവും സന്തുലിതവുമായരീതിയില്‍ മുന്നേറേണ്ടതുണ്ട് . ഇത്തരത്തില്‍ ബുദ്ധിയുള്ള മനുഷ്യന്‍ തന്റെ നിലനില്പിന് ഹാനികരമാകുന്ന രീതിയില്‍ ഒരിയ്ക്കലും കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടുകയില്ല.ആ വ്യക്തി സാഹചര്യങ്ങളേയും യാദൃശ്ചികസംഭവങ്ങളേയും തനിക്ക് അനുകൂലമായിമാറ്റുകയും തന്റെ വളര്‍ച്ചയ്ക്ക് ( ഉയര്‍ച്ചക്ക് ) അവയെ ഉപയോഗിയ്ക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ ചെറിയ മാറ്റങ്ങളേയും വലിയ മാറ്റങ്ങളേയുംകുറിച്ച് ആ വ്യക്തി പഠിയ്ക്കുന്നു. ആ പഠനത്തില്‍നിന്ന് അവയുടെ ഗതിയും ദിശയും മനസ്സിലാക്കി സംഭവങ്ങളെ പ്രവച്ഛിയ്ക്കുന്നതിളേയ്ക്ക് എത്തിച്ചേരുന്നു. അങ്ങനെയുള്ള പ്രവചനങ്ങളെ (ഭൂമിയിലെ മാറ്റങ്ങളെ ) ഉള്‍ക്കൊണ്ട് അതിന് അനുയോജ്യമായ ശൈലികളും പദ്ധതിഅകളും തന്റെ ജീവിതദൈര്‍ഘ്യത്തിനനുസരിച്ച് രൂപീകരിയ്ക്കുന്നു. ചരിത്രത്തില്‍ നല്ലൊരു ‘പ്രഭ‘ യ്ക്കുടമയായി സ്ഥാനം പിടിയ്ക്കണമെന്നുള്ളവര്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നവരാണ് .ഇങ്ങനെയുള്ളവരെ തലമുറകള്‍ മാതൃകയാക്കുകയും പിന്തുടരുകയുംചെയ്യുന്നു.

വ്യതിയാനവും ക്ലിപ്തതയും ‘--പ്രകൃതിജീവനത്തില്‍

നമ്മുടെ പ്രപഞ്ചത്തില്‍ നടക്കുന്ന പലപ്രതിഭാസങ്ങളും ക്ലിപ്തതയോടെ നടക്കുന്നു. ഭൂമിയുടെ ഭ്രമണത്തിനും പരിക്രമണത്തിനും നിശ്ചിത സമയമുണ്ട് .ഭ്രമണത്തെ ആസ്പദമാക്കിഒയുള്ള സൂര്യോദയവും സൂര്യാസ്തമനവുമൊക്കെ ഒരു നിശ്ചിത അനുപാതത്തില്‍ നടക്കുന്നു. ഇത്തരത്തില്‍ ചിന്തിയ്ക്കുമ്പോള്‍ പ്രപഞ്ചത്തിലെ ഒട്ടുമിയ്ക്ക കാര്യങ്ങളും നിശ്ചിതമായ അളവിലോ ഘട്ടങ്ങളിലോ ആണ് നടക്കുന്നത് .

സുഖിയ്ക്കുന്നതിനും ഒരു പരിധി ഉണ്ടെന്നോ?
ഇന്ദ്രിയസുഖത്തിനും ക്ലിപ്തമായ അളവുണ്ട് . ഒരു നിശ്ചിത സമയംകൊണ്ട് ഒരു നിശ്ചിത അളവുമാത്രമേ നമ്മുടെ മനസ്സിന് ആസ്വദിയ്ക്കാന്‍ കഴിയൂ.ഓരോ ഇന്ദ്രിയ സുഖത്തിന്റെ ആസ്വാദനവ്യാപ്തിയും ക്ലിപ്തമാണ് .ഒരേ സമയം ഒന്നിലേറേ ഇന്ദ്രിയസുഖങ്ങള്‍ ആസ്വദിയ്ക്കാന്‍ പറ്റുകയില്ല എന്നല്ല ഇവിടെ പറഞ്ഞുവരുന്നത് .പക്ഷെ,അവയുടെ ആസ്വാദന ആകത്തുക മുന്‍പുപറഞ്ഞ നിശ്ചിത അളവിനെ കവച്ചുവെയ്ക്കില്ല എന്നാണ് .ഉദാഹരണമായി ,ഭക്ഷണം കഴിയ്ക്കുന്ന ഒരാള്‍ക്ക് നിശ്ചിത സമയത്തില്‍ ഭക്ഷണസുഖത്തിന്റെ അളവിന് ഒരു പരിമിതിയുണ്ട് .എന്നാല്‍ ഭക്ഷണത്തോടൊപ്പം സംഗീതവും ശ്രവിയ്ക്കുകയാണെന്നിരിയ്ക്കട്ടെ.അപ്പോള്‍ അയാള്‍ക്ക് പ്രത്യക്ഷത്തില്‍ ഈ രണ്ടു സുഖങ്ങളും അനുഭവയോഗ്യമാണെന്നിരിയ്ക്കലും; ഭക്ഷണവും സംഗീതവും ഉളവാക്കുന്ന സുഖത്തിന്റെ ആകത്തുക ഭക്ഷണം മാത്രം കഴിയ്ക്കുമ്പോഴുണ്ടാകുന്ന സുഖത്തിനേക്കാള്‍ കൂടൂകയില്ല എന്നതാണ് വാസ്തവം.ഇവിടെ ആസ്വാദ്യതയെ നമുക്ക് ഏകമാനമെന്ന് വ്യാഖ്യാനിയ്ക്കാം.
ദാഹത്തിന്റെ അളവ് ഗ്ലാസും വിശപ്പിന്റെ അളവ് പ്ലേറ്റും ആ‍ണെന്നോ?
ഒരു നിശ്ചിത സാഹചര്യത്തില്‍ മനുഷ്യശരീരത്തിനുവേണ്ട ജലത്തിന്റേയും ഭക്ഷണത്തിന്റേയും അളവ് ക്ലിപ്തമാണ് .പക്ഷെ ഇന്നത്തെ സാമൂഹിക പാശ്ചാത്തലം മൂലം ഇതിന്റെ അളവ് നാം തെറ്റിയ്ക്കുന്നു. പലരുടേയും കാര്യത്തില്‍ ശരീരത്തിനുവേണ്ട ഭക്ഷണപാനീയങ്ങളുടെ അളവ് വിളമ്പുന്ന പാത്രങ്ങളെയാണ് ആശ്രയിച്ചിരിയ്ക്കുന്നത് . ജലത്തിന്റെ കാര്യത്തില്‍ ഈ പ്രസ്താവന ഏറ്റവും ശരിയാണ് .ദാഹിയ്ക്കുമ്പോള്‍ കുടിയ്ക്കുന്ന ജലത്തിന്റെ അളവ് പാത്രത്തിന്റെ വ്യാപ്തിയുമായി ഒരു ‘കണ്ടീഷനിംഗ് ‘ (Conditioning) ചെയ്തിരിയ്ക്കുന്നു.(ദാഹവും കുടിയ്ക്കാനുപയോഗിയ്ക്കുന്ന പാത്രത്തിന്റെ വ്യാപ്തിയും തമ്മിലുള്ള ബന്ധത്തിന്റെ അര്‍ത്ഥശൂന്യത ഒന്നാലോചിച്ചുനോക്കൂ ! ) വിരുന്നുകളും മറ്റുസന്ദര്‍ഭങ്ങളും വഴി ലഭിയ്ക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ നാം ഒരിയ്ക്കലും ഒഴിവാക്കുന്നില്ല. തല്‍ഫലമായി,ചിലപ്പോള്‍,ശരീരത്തില്‍ ‘അധികഭക്ഷണപാനീയങ്ങളുടെ ‘ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. അതിനാല്‍ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധാലുവായ മനുഷ്യന്‍ ശരീരത്തിന്റെ ഈ ‘ക്ലിപ്തത‘ അംഗീകരിച്ചേ മതിയാകൂ.
സുഖവും ദുഃഖവും ഒന്നാണെന്നോ?
സുഖവും ദുഃഖവും,ഉയര്‍ച്ചയും താഴ്ച്ചയും പോലെ ആപേക്ഷികങ്ങള്‍ ആണെന്നാണല്ലോ ശ്രീ രജനീഷ് പറയുന്നത് . ഈ സിദ്ധാന്തത്തിന് തെളിവായി അദ്ദേഹം പ്രകാശം,താപം എന്നീ ഊര്‍ജ്ജരൂപങ്ങളുടെ കാര്യം സവിസ്തരം പ്രതിപാദിയ്ക്കുന്നു. പ്രകാശത്തിന്റെ കുറവിനെയാണ് ഇരുട്ട് എന്നുപറയുന്നത് . അതുപോലെത്തന്നെ താപത്തിന്റെ കുറവിനെയാണ് തണുപ്പ് എന്നുപറയുന്നത് .എന്നീട്ടദ്ദേഹം ചോദിയ്ക്കുന്നു,”ഇവിടെ രണ്ടുകാര്യങ്ങളുണ്ടോ ? ഒന്നല്ലേ ഉള്ളൂ. “ അങ്ങനെ അദ്ദേഹം ശ്രീ ശങ്കരാചാര്യരുടെ അദ്ധ്വൈതസിദ്ധാന്തത്തിന് പുതിയമാനങ്ങള്‍ നല്‍കുന്നു. അതായത് വിരുദ്ധമായ കാര്യങ്ങള്‍ നാം രണ്ടാണെന്ന് നാം സങ്കല്പിക്കുന്നുണ്ടെങ്കിലും അവയുടെ വൈരുദ്ധ്യത്തെ വ്യതിയാനമായി (Variable ) എടുത്താല്‍ ; അത് ഒന്നാണെന്ന ഗണിതശാസ്ത്രസിദ്ധാന്തം ഇവിടെ സ്ഥാപിച്ചിരിയ്ക്കുന്നു.
ദൈവത്തിന് പിശാചിനെ നിയന്ത്രിയ്ക്കാനാകുമോ?
ഈ സിദ്ധാന്തം ഏതുവൈരുദ്ധ്യത്തിലും ഉപയോഗിയ്ക്കാം.ശ്രീ ജിദ്ദു കൃഷ്ണമൂര്‍ത്തി ‘നന്മ--തിന്മകളെ ഇത് ഉപയോഗിച്ചാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.പക്ഷെ,ആ വ്യാഖ്യാനം നമ്മുടെ സംസ്കാരത്തിന്റേയും ആദര്‍ശത്തിന്റേയും പരിധി വിട്ടുപോയി എന്നുമാത്രം.നന്മയുടെ തലവനായി ദൈവത്തേയും തിന്മയുടെ തലവനായി പിശാചിനേയും സ്ഥാപിച്ചതിന്റെ യുക്തിയെ അദ്ദേഹം പരിഹസിയ്ക്കുന്നു.സമൂഹത്തിന്റെ ധാര്‍മ്മികത നിലനിര്‍ത്താനായി ഇത്തരം വിഭജനം(വിഭാഗീയത )ശരിയാണോ എന്ന് അദ്ദേഹം ചോദിയ്ക്കുന്നു. ദൈവത്തിനും പിശാചിനും ഇടയ്ക്കുള്ള അന്തരം അവരിടെ പ്രവൃത്തികളാണ് .നാം സങ്കല്പിയ്ക്കുന്ന അനന്തമായ ശക്തികള്‍ (Power) ദൈവത്തിനുണ്ടെങ്കില്‍ ,പിശാചിന്റെ ചിന്തകള്‍ക്ക് മാറ്റം വരുത്തി അവനില്‍ നന്മയുടെ പരിമളം സ്ഥാപിച്ചുകൂടെ ! അങ്ങനെ വന്നാല്‍,എല്ലാം ദൈവമായാല്‍, ദൈവത്തിന്റെ അവസ്ഥയെന്ത് ? അപ്പോള്‍ ദൈവത്തിന് സ്ഥാനമുണ്ടാ? അങ്ങനെ അദ്ദേഹം പിശാചില്ലാതെ ദൈവത്തിന് സ്ഥാനമില്ല എന്ന് സ്ഥാപിയ്ക്കുന്നു.
സ്നേഹവും വെറുപ്പും ഒന്നാണെന്നോ?
ഇക്കാര്യം തന്നെയാണ് വെറുപ്പ്,സ്നേഹം എന്നീ വിരുദ്ധവികാരങ്ങളില്‍ രജനീഷ് ദര്‍ശിച്ചീട്ടുള്ളത് .സ്നേഹവും വെറുപ്പും ഒന്നാണെന്നും; അതില്‍ ഒരു പ്രത്യേക വസ്തുവിന്റെ ഏറ്റക്കുറച്ചിലാണ് അതിനെ വ്യത്യസ്തമാക്കിയിരിക്കുന്നതെന്നും രജനീഷ് സമര്‍ത്ഥിയ്ക്കുന്നു. ഇവിടെ ജിദ്ദുവിന്റെ ‘യുക്തിശൈലി ‘പ്രയോഗിച്ചാല്‍ --എല്ലാം സ്നേഹമയമായാല്‍ --സ്നേഹത്തിന് പ്രസക്തിയുണ്ടോ? അങ്ങനെ വരുമ്പോള്‍ സമൂഹമനസ്സുകളില്‍ വെറുപ്പില്ലാതാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ട് ? ചിന്തിച്ചാല്‍ ,അഴിമതിയ്ക്കെതിരെ പ്രസംഗിയ്ക്കുന്ന അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെപ്പോലെയല്ലേ തോന്നുക !
ഇത്രയൊക്കെപ്പറഞ്ഞത് ‘ക്ലിപ്തത ‘ പല തലങ്ങളിലും നിര്‍ണ്ണയിയ്ക്കാനാകുമെന്ന് സ്ഥാപിയ്ക്കാനാണ് .കാരണം നമ്മുടെ സാങ്കേതികവിദ്യയ്ക്ക് അളക്കാന്‍ പറ്റാത്ത ഒന്നും ‘ക്ലിപ്തമല്ല’ എന്ന വാദഗതി ശരിയല്ലെന്ന് തെളിയിക്കാനാണ് .
മുന്‍പുപറഞ്ഞ ഉദാഹരണങ്ങളില്‍ വ്യതിയാനമാണ് വിരുദ്ധത സൃഷ്ടിച്ചതെന്നുകാണാം.പക്ഷെ,വ്യതിയാനങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്താല്‍ അവയ്ക്കും ഒരു ക്ലിപ്തതയുണ്ട് എന്നുകാണാം. കുറഞ്ഞ പരിധിയും(Minimum) കൂടിയ പരിധിയും (Maximum) അവയ്ക്കുണ്ട് . അതിനാല്‍ ഈ വ്യതിയാനവും നിശ്ചിത പരിധിയ്ക്കുള്ളിലാണ് അഥവാ നിശ്ചിതമാണ` .
ക്ലിപ്തതയുടെ വൈരുദ്ധ്യമാണ് വ്യതിയാനമെന്ന് പറയാമെങ്കിലും,വ്യതിയാനവും ക്ലിപ്തപ്പെട്ടിരിയ്ക്കുന്നു.പക്ഷെ,ഇവിടെ വ്യതിയാനത്തിന്റെ ക്ലിപ്തതയും നിശ്ചയിക്കപ്പെടേണ്ടതുണ്ട് . വ്യതിയാനത്തിന്റെ വ്യാപ്തി ,നിരക്ക് എന്നിവ സാഹചര്യങ്ങളെ അടിസ്ഥാനമാകി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു എന്നേ ഇതില്‍ നിന്ന് അര്‍ത്ഥമാക്കേണ്ടതുള്ളൂ.

യുക്തിചിന്ത ‘ പ്രകൃതിജീവനത്തില്‍....

ചരിത്രം പരിശോധിച്ചുനോക്കുമ്പോള്‍ ചില ആശയങ്ങള്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ വിജയം വരിച്ചു എന്നു മനസ്സിലാക്കാന്‍ സാധിയ്ക്കും.ഇവിടെ വിജയം വരിയ്ക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ,പ്രസ്തുത ആശയത്തിന്റെ സമൂഹത്തിലെ വ്യാപനശേഷിയെയാണ്. പല സംഭവങ്ങളും പരിശോധിച്ചുനോക്കുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലുമൊരു ചിന്താധാര വ്യാപിപ്പിയ്ക്കുന്നതില്‍ പ്രസ്തുത കാലഘട്ടത്തിലെ ഭരണാധികാരി മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്നുകാണാം. മാര്‍ക്സ് പറഞ്ഞതുപോലെത്തന്നെ ,സമൂഹത്തെ മതം ഉപയോഗിച്ച് നിയന്ത്രിയ്ക്കാനും മതത്തെ ഭരണാധികാരം ഉപയോഗിച്ച് അധീനതയിലാക്കനും രാജാവിന് കഴിഞ്ഞിരുന്നു.ഈ സന്ദര്‍ഭത്തിലെല്ലാംതന്നെ സമൂഹം മുഴുവനും പ്രസ്തുത ചിന്താധാരയെ ആസ്പദമാക്കിയാണ് പ്രവര്‍ത്തിച്ചതെന്ന് കരുതരുത് .ഒറ്റപ്പെട്ട എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ മുഴങ്ങിയിട്ടുണ്ട് .ഇത്തരത്തില്‍ മതത്തിനെതിരാ‍യി മുഴങ്ങപ്പെട്ട യുക്തിചിന്തയുടെ ശബ്ദങ്ങള്‍ ചെറുതും ഒറ്റപ്പെട്ടവയുമായതുകൊണ്ട് അവയെ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ഭരണവര്‍ഗ്ഗത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല .ഇന്നത്തെപ്പോലെ അന്നും ചൂഷിതവര്‍ഗ്ഗങ്ങള്‍ ഒരു ആശയത്താലും ഉത്തേജിയ്ക്കപ്പെട്ടിരുന്നില്ല. (ഉണ്ടെങ്കില്‍ത്തന്നെ അത് അതിന്യൂനപക്ഷമായിരുന്നു.) കാരണം ആശയങ്ങളാല്‍ ഉത്തേജിയ്ക്കപ്പെടുന്നവര്‍ മസ്തിഷ്കശേഷിയുള്ളവരാണ് .ചൂഷിതവര്‍ഗ്ഗത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ,അവരുടെ മസ്തിഷ്കശേഷിയെ അപേക്ഷിച്ച് ശാരീരികശേഷിയ്ക്കാണ് മുന്‍‌ഗണന നല്‍കപ്പെട്ടിരുന്നത് . അനുസരിയ്ക്കുക ,അദ്ധ്വാനിയ്ക്കുക എന്നുള്ളതായിരുന്നു അവരുടെ ധാര്‍മ്മികതയും ദൈവകല്പനയും! 
യുക്തിചിന്തയുടെ പ്രവര്‍ത്തനമേഖല എവിടെയെല്ലാം ?
യുക്തിവാദം എന്നവിഷയത്തെ സംബന്ധിച്ച് ആധികാരികമായി പലരും സംസാരിയ്ക്കുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം പൊന്തിവരാറുണ്ട് . ‘എന്താണ് യുക്തിവാദം ? ‘ എന്നതാണ് ആ ചോദ്യം . ( കാരണം സംസാരിക്കുന്ന വ്യക്തി തന്റെ വാക് സാമര്‍ത്ഥ്യം കൊണ്ട് തന്റെ ആശയമാണ് യുക്തിവാദമെന്ന് വ്യക്തമാക്കുക ഒരു പതിവാണല്ലോ. ) ശരിയായ കാര്യ--കാരണബന്ധം രൂപീകരിയ്ക്കുന്ന (Relationship between Cause and Effect ) ഒരു ചിന്താരീതിയാണ് യുക്തിചിന്ത .(യുക്തിചിന്തയെ വിശ്വസിയ്ക്കകയും അതിനനുസരിച്ച് ജീവിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ആശയപ്രചരണം നടത്തുന്നവരുമാണല്ലോ യഥാര്‍ത്ഥ യുക്തിവാദികള്‍ .യുക്തിചിന്തയും യുക്തിവാദവും തമ്മിലുള്ള വ്യത്യാസം അറിയിയ്ക്കാനായി പറഞ്ഞന്നേയുള്ളു) . കാര്യ-കാരണ ബന്ധങ്ങള്‍ തമ്മില്‍ തെറ്റായി ബന്ധിപ്പിച്ച് അതിനെ വിശ്വസിയ്ക്കുന്നതാണ് അന്ധവിശ്വാസം .ശരിയായ കാര്യ-കാരണ ബന്ധം രൂപീകരിയ്ക്കപ്പെടുക എന്ന പ്രക്രിയ പലപ്പോഴും സമൂഹത്തിലെ അന്ധവിശ്വാസം, ചൂഷണം ,തട്ടിപ്പ് എന്നിവയ്ക്കൊക്കെ എതിരായിത്തീരുക പതിവാണ് .യുക്തിചിന്തയ്ക്ക് അതിന്റേതായ ഭാവങ്ങളുണ്ട് . എങ്കിലും സമൂഹത്തില്‍ ശ്രദ്ധിയ്ക്കപ്പെടുന്നതും വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നതും അതിന്റെ ആക്ഷേപഹാസ്യ- അക്രമഭാവങ്ങളാണ്.
ദൈവത്തെ എതിര്‍ക്കുക മാത്രമാണോ യുക്തിവാദികളുടെ ജോലി ?

മനുഷ്യനെ സംബന്ധിച്ചിടത്തോളം ,മനസ്സ് വ്യാപരിയ്ക്കുന്ന ഏത് മേഖലയിലും (മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ) യുക്തിചിന്തയ്ക്ക് സ്ഥാനമുണ്ട് . എങ്കിലും ഭൂരിഭാഗം യുക്തിചിന്തകരായ മനുഷ്യരും യുക്തിചിന്തയെ ഒരു പ്രത്യേക മേഖലയില്‍ മാത്രമായി ഒതുക്കിനിര്‍ത്തുകയാണ് പതിവ് . മതം,ദൈവം,ജോത്സ്യം.. തുടങ്ങിയ ജനപ്രിയ മേഖലകള്‍ക്ക് എതിരായി മാത്രമാണ് പല യുക്തിവാദികളും ചിന്തിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനും മുതിരുന്നത് .മുന്‍ പറഞ്ഞ മേഖലകള്‍ ജനപ്രിയമായതുകൊണ്ടുതന്നെ അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മതത്തിന്റേയും മതവുമായി ബന്ധപ്പെട്ട മേഖലകളിലേയും അന്ധവിശ്വാസം ,അഴിമതി,ചൂഷണം എന്നിവയ്ക്കെതിരായി നടത്തുന്ന യുക്തിവാദപ്രവര്‍ത്തനങ്ങള്‍ പലയിടത്തും ആവര്‍ത്തിയ്ക്കപ്പെട്ടു. അതുകൊണ്ട് ,സാധാരണക്കാരില്‍ ,യുക്തിവാദമെന്നു പറഞ്ഞാല്‍ മതത്തിനെതിരായി മാത്രമുള്ള ( Anti-religious only) ചിന്താധാരയാണ് എന്ന വിശ്വാസം പ്രബലമായി . എന്നാല്‍ ,യഥാര്‍ത്ഥത്തില്‍ യുക്തിവാദത്തെ മതത്തിനെതിരായി മാത്രം ഒതുക്കിനിര്‍ത്തണമോ ? പണ്ടുകാലത്ത് മതവും അതുവഴിയുണ്ടായിരുന്ന ഭരണാധികാരവും സമൂഹത്തെയാകെ ഗ്രസിച്ചിരുന്ന സന്ദര്‍ഭത്തില്‍ മുന്‍പറഞ്ഞ ചിന്താഗതിയ്ക്ക് ഏറെ പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോളത്തെ സ്ഥിതി അതല്ല . ഒട്ടേറെ പ്രസ്ഥാനങ്ങള്‍ ,സംഘടനകള്‍ ,ടെക്‍നോളജി ... തുടങ്ങിയവ സമൂഹത്തെ സ്വാധീനിയ്ക്കുന്നുണ്ട് . അവയിലൊക്കെത്തന്നെ അന്ധവിശ്വാസം ,അഴിമതി, ചൂഷണം എന്നിവ പറ്റിപ്പിടിച്ച് വളരുന്നുണ്ട് . വിദ്യാഭ്യാസം,കാര്‍ഷികം,ആരോഗ്യം, പരിസ്ഥിതി, രാഷ്ട്രീയപാര്‍ട്ടികള്‍,കച്ചവടം ,നിയമം...എന്നിമേഖലകളുമായി ഒരു വ്യക്തിക്കോ അവന്റെ കുടുബത്തിനോ അകന്നുപോകാനാവില്ല. ഈ രംഗങ്ങളിലെ യുക്തിചിന്തയുടെ ആവശ്യകതയെക്കുറിച്ച് ചുരുക്കം ചില ശബ്ദങ്ങളേ കേള്‍ക്കാറുള്ളൂ. പ്രസ്തുത രംഗങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയായി ഇതിനെ കണക്കാക്കാം.
സമകാലിക ലോകത്തില്‍ ശാസ്ത്രത്തിന്റെയല്ല , മറിച്ച് സാങ്കേതിക വിദ്യയുടെ (Technology) അതിപ്രസരമാണ് നടമാടുന്നത് . അതുകൊണ്ടുതന്നെ വ്യക്തിയ്ക്കും സമൂഹത്തിനും യാഥാസ്ഥിതിക മനോഭാവം(Orthadox Mentality) വെടിയാതെ തരമില്ല. എന്നുവെച്ചാല്‍ മതാധിഷ്ടിത സമൂഹത്തിലെ വ്യക്തികള്‍ ഉപരിപ്ലവമായി മാത്രമേ മതാചാരങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ തുനിയുന്നുള്ളൂ. അതുകൊണ്ടുതന്നെ മതത്തിനെതിരായ വിപ്ലവങ്ങള്‍ സമൂഹമനസ്സില്‍ ആഴത്തില്‍ പതിയുന്നില്ല. നിത്യജീവിതത്തിലെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ക്ക് ഒരു വിധത്തിലും പരിഹാരം കണ്ടെത്താതെ വരുമ്പോള്‍ മതത്തിലേയ്ക്ക് എത്തിച്ചേരുന്നതിനെ ഇവിടെ പരിഗണിയ്ക്കാതെയിരിയ്ക്കുന്നുമില്ല.
വിദ്യാഭ്യാസവും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ?

വിദ്യാഭ്യാസം വഴി ഒരു വ്യക്തി യുക്തിചിന്തയുടെ പാത സ്വീകരിയ്ക്കേണ്ടതാണ്. കാരണം വിദ്യാര്‍ത്ഥി പഠിയ്ക്കുന്ന‘സയന്‍സ് ‘ ശാസ്ത്രീയരീതിയെ (Scientific Method ) അടിസ്ഥാനമാക്കിയിട്ടുള്ളതാണല്ലോ. അതുകൊണ്ടുതന്നെ പുതുതായി നേരിടുന്ന ഏതൊരു പ്രശ്നത്തേയും ജീവിതാനുഭവത്തേയും ശാസ്ത്രീയരീതിയ്ക്കനുസരിച്ചായിരിയ്ക്കണം വിദ്യാര്‍ത്ഥി വിലയിരുത്തേണ്ടത് .പക്ഷെ,വികലവും അപൂര്‍ണ്ണവുമായ വിദ്യാഭ്യാസരീതികള്‍ വിദ്യാര്‍ത്ഥികളെ അത്തരത്തില്‍ എത്തിയ്ക്കുന്നില്ല. നമ്മുടെ കലാലയങ്ങളില്‍നിന്ന് ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയെടുത്ത് പുറത്തുപോകുന്നവരുടെ ശാസ്ത്രീയ രീതിതന്നെ ഏറെ വികലമാണ്.ചുരുക്കിപ്പറഞ്ഞാല്‍ അസ്ട്രോണമിയില്‍ (ജോതിശാസ്ത്രത്തില്‍ ) മാസ്റ്റര്‍ ബിരുദം നേടിയ വ്യക്തിപോലും ജ്യോതിഷത്തെ തൊഴിലായി സ്വീകരിയ്ക്കുന്ന സ്ഥിതിവിശേഷമാണ് നാം കാണുന്നത് .ഇതിന് കാരണമെന്താണ് ? കലാശാലകളിലെ പഠനം ജോലിലഭിയ്ക്കുന്നതിനുള്ള മാര്‍ഗമായി മാത്രമേ സമൂഹം കാണുന്നുള്ളൂ.ഈ ജോലിയാകട്ടെ പണസമ്പാദനത്തിനുള്ള ഒരു മാര്‍ഗ്ഗവും ! അപ്പോള്‍പ്പിന്നെ ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗത്തില്‍ക്കൂടി വ്യക്തി ചലിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലല്ലോ . പണ്ടത്തെ , ശാസ്ത്രത്തിലധിഷ്ടിതമായ പഠനമായാലും ഇപ്പോഴത്തെ സാങ്കേതികവിദ്യയെ ആസ്പദമാക്കിയുള്ള തൊഴിലധിഷ്ഠിത പഠനമായാലും “പഠനം പണസമ്പാദനത്തിന് “ എന്ന മുദ്രാവാക്യത്തില്‍നിന്ന് മാറുവാന്‍ സമൂഹത്തിന് കഴിഞ്ഞീട്ടില്ല.
ശാസ്ത്രവും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ?

മുന്‍പ് സൂചിപ്പിച്ചതുപോലെ , മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും യുക്തിചിന്തയ്ക്ക് സ്ഥാനമുണ്ട് . ഈ നിയമം ശാസ്ത്രത്തിനും ബാധകമാണ് . കാര്യകാരണബന്ധം വഴി ലഭിയ്ക്കുന്ന യുക്തിചിന്തയാകുന്ന മുത്തുകള്‍ കൊണ്ടാണ് ശാസ്ത്രമെന്ന മാല്യം രൂപപ്പെടുത്തിയിരിയ്ക്കുന്നത് . അതുകൊണ്ടുതന്നെ ഏതൊരുശാസ്ത്രവും യുക്തിചിന്തയില്‍ അധിഷ്ഠിതമാണ് . പക്ഷെ,മിയ്ക്കപ്പോഴും ഒരു വ്യക്തി ഏതെങ്കിലുമൊരു വിഷയത്തില്‍ സ്പെഷലൈസ് ചെയ്തുകഴിഞ്ഞാ‍ല്‍ അവന്റെ ശാസ്ത്രബോധത്തിന്റെ അതിര്‍ത്തി പ്രസ്തുത വിഷയത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത് . കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റുനേടിയ വ്യക്തി “ കണികാണലില്‍ “ ഉറച്ചു വിശ്വസിയ്ക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. ഇത് എന്തുകൊണ്ടാണ് സംഭവിയ്ക്കുന്നത് ? സ്ക്കുള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ വ്യക്തിയുടെ മസ്തിഷ്കത്തെ ശാസ്ത്രീയ രീതിയ്ക്കനുസരിച്ച് കണ്ടീഷനിംഗ് ചെയ്യുന്നതില്‍ തകരാറുസംഭവിയ്ക്കുന്നുണ്ടോ ? അതുമല്ലെങ്കില്‍ ചൂഷണാധിഷ്ഠിതമായ ലോകം പുതിയ പുതിയ അന്ധവിശ്വാസങ്ങളും തട്ടിപ്പുകളുമായി അതിന്റെ ‘ഇരകളെ ‘ ചൂണ്ടയിടുന്നതുകൊണ്ടാവുമോ ? 

മാധ്യമങ്ങളും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ?

മതത്തെ മയക്കുമരുന്നായിട്ടാണല്ലോ കാറല്‍ മാര്‍ക്സ് വിശേഷിപ്പിച്ചത് .പക്ഷെ,സമകാലീനലോകത്തില്‍ മതത്തിന് മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ശേഷി അത്രകണ്ടുണ്ടോ ? മതത്തെക്കാളുപരി മനുഷ്യനെ സ്വാധീനിയ്ക്കുന്നതും ചൂഷണം ചെയ്യുന്നതും മാദ്ധ്യമങ്ങളല്ലേ.ഈ മാദ്ധ്യമങ്ങളുടെ രക്ഷകനായി പ്രവര്‍ത്തിയ്ക്കുന്നത് ടെക്‍നോളജിയാണ്. പ്രസ്തുത ടെക്‍നോളജിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാകട്ടെ അനിയന്ത്രിത മുതലാളിത്തത്തിന്റെ സങ്കലനഫലവുമാണ്. അതായത് ടെക്‍നോളജിയുടെ ഫലമുണ്ടായ ഉല്പന്നങ്ങള്‍ വാങ്ങുന്നതിന് സമൂഹത്തെ മാദ്ധ്യമങ്ങള്‍ വഴി പ്രേരിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് നാമിന്നുകാണുന്നത് . ചിലപ്പോള്‍ ഈ ഉല്പന്നങ്ങള്‍ അവന് ആവശ്യമില്ലാത്തതോ ,അല്ലെങ്കില്‍ ദോഷം ചെയ്യുന്നതോ ആയിരിയ്ക്കും .പക്ഷെ,അത്തരമൊരു ചിന്താഗതിയ്ക്ക് ഇവിടെ സ്ഥാനമില്ല.’ഉപഭോഗതല്പരത’ മനുഷ്യന്റെ ആത്യന്തിക ലക്ഷ്യവും സുഖവുമായി നിര്‍വ്വചിയ്ക്കപ്പെട്ടുകഴിഞ്ഞു.ഉപഭോഗാസക്തിയുള്ള വ്യക്തിയ്ക്ക് പണം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പണമുണ്ടെങ്കില്‍ മാത്രമേ തന്റെ ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താനൊക്കൂ. പക്ഷെ,വര്‍ദ്ധിച്ച തോതില്‍ പണം ലഭിയ്ക്കാന്‍ വ്യക്തി അധാര്‍മ്മികപരമായ പല നിലപാടുകളും സ്വീകരിയ്ക്കുന്നു.മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍ ,ജീവിതവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു മേഖലയില്‍ വ്യക്തി ചൂഷകനായി മാറുന്നു.അങ്ങനെ സമൂഹത്തില്‍ ചൂഷകരുടെ ഒരു ശൃംഖലയെ നാം കാണുന്നു. ഇവിടെ നമുക്ക് ‘ഡാര്‍വിനെ‘ ഉപയോഗിയ്ക്കാം. “അര്‍ഹതയുള്ളവന്‍ അതിജീവിയ്ക്കുന്നു.” എന്ന തത്ത്വപ്രകാരം ,ഒരു വിഭാഗം ആളുകള്‍ ചൂഷകവൃത്തിയില്‍പെട്ടും-പെടാതെയും അതിജീവിയ്ക്കുന്നു. അതിജീവിയ്ക്കാന്‍ കഴിയാത്തവരില്‍ ഒരു കൂട്ടര്‍ ആത്മഹത്യ ചെയ്യുന്നു. കടക്കെണിമൂലമുള്ള ആത്മഹത്യയെ ഇത്തരത്തില്‍ വിശകലനം ചെയ്യാവുന്നതാണ്.
അനിയന്ത്രിത മുതലാളിത്തത്തിന്റെ മറ്റൊരവസ്ഥ ഏറെ അത്ഭുതാവഹമാണ്. ഇതു പ്രകാരം ഒരു ചൂഷിതന് സദാസമയവും ചൂഷിതനായി നിലകൊള്ളാനൊക്കില്ല എന്നതാണ് .ഈ നിയമം ചൂഷകനും ബാധകമാണ്. അതായത്, ജീവിതത്തിലെ ഒരു മേഖലയിലെ ചൂഷകന്‍ മറ്റൊരു മേഖലയിലെ ചൂഷിതനായി മാറുന്നു.അതായത് ഒരു വ്യക്തിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അയാള്‍ ജീവിതത്തിലെ ചില മേഖലകളില്‍ ചൂഷകനും വേറെ ചില മേഖലകളില്‍ ചൂഷിതനുമായിരിയ്ക്കും .എങ്കിലും ചൂഷകനെന്ന നിലയില്‍ ലഭിയ്ക്കുന്ന പണത്തിനേക്കാ‍ള്‍ കൂടുതലായി ചൂഷിതനെന്ന നിലയില്‍ നഷ്ടപ്പെടുന്നുവെങ്കില്‍ അയാള്‍ തുലഞ്ഞതുതന്നെ !
ഇത്തരമൊരു ചുറ്റുപാടിലാണ് നാം സമകാലീന മാനേജ്‌മെന്റ് പഠനത്തെ കാണേണ്ടത് . പച്ചയായി പറയാമെങ്കില്‍ ചൂഷണത്തിന്റെ സൈദ്ധാന്തിക പ്രായോഗിക പഠനമാണ് ഇവിടെ മാനേജ്‌മെന്റ് പഠനമെന്ന നിലയില്‍ അഭ്യസിയ്ക്കുന്നത് . പത്രം,റേഡിയോ,ടി.വി. തുടങ്ങിയ മാദ്ധ്യമങ്ങളാവട്ടെ പരസ്യക്കാരുടെ പിടിയിലമര്‍ന്നുകഴിഞ്ഞിരിയ്ക്കുന്നു. ടി.വി പരസ്യങ്ങളിലെ ഹരംതുള്ളുന്ന മ്യൂസിക്കും മേക്കപ്പിലധിഷ്ടിതമായ സുന്ദരികളും സുന്ദരന്മാരും മുഖേന മനുഷ്യമനസ്സ് ‘ ആശയ ആക്രമണത്തിന് ‘ എളുപ്പം വിധേയമാകുന്നു.ഇത്തരം പരസ്യങ്ങള്‍ മനുഷ്യന്റെ ശരീരത്തേയും മനസ്സിനേയും പരിസ്ഥിതിയേയും ചൂഷണംചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണെന്ന് മനുഷ്യനില്‍ ഒരു അതിന്യൂനപക്ഷത്തിനു മാത്രമേ മനസ്സിലാകുന്നുള്ളൂ.
യാഥാസ്ഥിതിക (വന്ദ്യവയോധിക ) യുക്തിവാദികളില്‍പ്പലരും മാദ്ധ്യമങ്ങളുടെ ‘മുന്‍പറഞ്ഞ ചൂഷണത്തിനെതിരെ ‘ അറിഞ്ഞോ അറിയാതെയോ കണ്ണടയ്ക്കുന്നു.(ചിലപ്പോള്‍ മസ്തിഷ്കത്തിന്റെ കോശനാശം മുഖേന പ്രസ്തുത ചൂഷണത്തെ ഗ്രഹിയ്ക്കാന്‍ കഴിയാതെയുമായിരിയ്ക്കാം !) മുള്ളിനെ മുള്ളുകൊണ്ടുമാത്രമല്ല സൂചി ഉപയോഗിച്ചും എടുക്കാമെന്നതുപോലെ ,ടെക്‍നോളജിയുടെ ഈ ചൂഷണത്തെ യുക്തിവാദത്തിന് ‘ ശാസ്ത്രം ‘ഉപയോഗിച്ച് തടുക്കാവുന്നതാണ്.
പലപ്പോഴും പ്രകൃതിജീവനതല്പരരായ പലരും ശാസ്ത്രത്തെ അപലപിയ്ക്കാറുണ്ട് .ഇന്നുകാണുന്ന പല രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണം മനുഷ്യന്‍ പ്രകൃതിയില്‍നിന്നും അകന്നതാണ് എന്നതാണ് അവരുടെ വാദം. പ്രകൃതിയില്‍നിന്നും മനുഷ്യനെ അകറ്റിയതിനു കാരണക്കാരനായി അവര്‍ ശാസ്ത്രത്തെ കുറ്റപ്പെടുത്തുന്നു.എന്നാല്‍ ഇത് തെറ്റായ തിരിച്ചറിവാണെന്ന് അറിയുക .ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും (ടെക്‍നോളജി ) വേര്‍തിരിച്ചറിയാതെ സംഭവിച്ചതുകൊണ്ടാണ് മുന്‍പറഞ്ഞ രീതിയിലുള്ള കുറ്റപ്പെടുത്തല്‍ ഉണ്ടായത് .ശാസ്തത്തിന്റെ പ്രയോഗമാണ് (Application) ടെക്‍നോളജി അഥവാ സാങ്കേതികവിദ്യ. ടെക്‍നോളജി നാശഹേതുവായിത്തീരുന്നത് തെറ്റായ കൈകളില്‍ എത്തുമ്പോള്‍ മാത്രമാണ് .
ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത് സമൂഹത്തെ നിയന്ത്രിയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്നാണ്. മാധ്യമങ്ങളാവട്ടെ ഒരു പരിധിവരെ മനുഷ്യന്റെ ചൂഷണോപാധിയായി മാറുകയും ചെയ്തിരിയ്ക്കുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മാദ്ധ്യമത്തിനുകഴിയും ! മുള്ളിനെ മുള്ളുകൊണ്ട് എടുക്കാമെന്നാണല്ലോ ചൊല്ല് .അതുപോലെത്തന്നെ യുക്തിവാദത്തിനും മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ.

പ്രാര്‍ത്ഥനയും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ?

മുന്‍പുപ്രസ്താവിച്ചതുപോലെ ,സമകാലീക മനുഷ്യനെ ഒരു ഉപഭോക്താവായി വീക്ഷിയ്ക്കുവാന്‍ മാത്രമേ മുതലാളിത്തത്തിനുകഴിയുകയുള്ളൂ. ഉപഭോക്‌തൃദര്‍ശനത്തില്‍ ‘പണം കൊടുക്കുക ,വാങ്ങുക ‘ എന്ന ക്രിയകള്‍ മുഖ്യപങ്കുവഹിയ്ക്കുന്നു. “എന്തും വാങ്ങുമാറാകട്ടെ “ എന്നതാണ് ഒരു ഉപഭോക്താവിന്റെ ആത്യന്തികലക്ഷ്യം !
ഇതിന്റെ വെളിച്ചത്തില്‍ നമുക്ക് ഈശ്വരാരാധയെ നമുക്ക് വിശകലനം ചെയ്യാം. ആരാധനാലയത്തില്‍ പോകുന്ന ഒരു ഉപഭോക്തൃമനുഷ്യന് ഒരു ലക്ഷ്യമുണ്ട് . മിയ്ക്കപ്പോഴും പ്രശ്നങ്ങളാ‍ണ് (പ്രത്യേകിച്ചും മാനസികപ്രശ്നങ്ങള്‍ ) മനുഷ്യനെ ഭക്തിയിലേയ്ക്കും അതുവഴി ദൈവത്തിലേയ്ക്കും നയിക്കുന്നത് . അതുകൊണ്ട് പ്രശ്നബാധിതനായ ഉപഭോക്തൃമനുഷ്യന്‍ സ്വാന്തനത്തിന് അല്ലെങ്കില്‍ ആശ്വാസത്തിനുവേണ്ടി ആരാധനാലയത്തില്‍ പോകുന്നു. വഴിപാടിനുവേണ്ടി പണം മുടക്കുന്നു. ഇതുമൂലം അവന് ആത്മവിശ്വാസം ലഭിയ്ക്കുന്നു; മനഃസൌഖ്യമുണ്ടാകുന്നു. ഇവിടെ ‘ആത്മീയതയെന്ന് ‘ വീക്ഷിയ്ക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രകടമാകുന്നത് മനുഷ്യന്റെ ഉപഭോഗത്വരതന്നെയാണ്.
മതം ,മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പ്രഖ്യാപനം ഇവിടെ അര്‍ത്ഥവത്താണ് .ശസ്ത്രക്രിയാവേളകള്‍ പോലെയുള്ള സന്ദര്‍ഭങ്ങളില്‍ വേദനാസംഹാരികള്‍ (Analgesics ) ഉപയോഗിയ്ക്കാറുണ്ടല്ലോ . അതുപോലെത്തന്നെ , മനുഷ്യന്‍ മാനസിക പ്രശ്നങ്ങളാല്‍ വലയുമ്പോള്‍ ഒരു വേദനാസംഹാരിപോലെ പ്രാര്‍ത്ഥനയെ ഉപയോഗപ്പെടുത്തുന്നു. ചിലര്‍ക്ക് ഒരു ശീലമുണ്ട് . ‘ വൈകുന്നേരം അത്താഴത്തിനുശേഷം ഒരു പെഗ് മദ്യം കഴിയ്ക്കുക ‘ എന്നതാണ് അത് . അതുപോലെ , വേറെ ചിലര്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അന്ന് മദ്യം കഴിയ്ക്കുന്നു. നിത്യേനെ അമ്പലത്തില്‍ പോകുന്നതും, പ്രശ്നമുണ്ടാകുമ്പോള്‍ അമ്പലത്തില്‍ പോകുന്നതും ,കാലത്തും വൈകീട്ടുമുള്ള പ്രാര്‍ത്ഥനയുമൊക്കെ ഇതില്‍നിന്നും തീരെ വ്യത്യസ്ഥമല്ല. അതായത് ‘ഭക്തര്‍‘ ഉപഭോക്താവാണ് . ആരാധനാലയത്തിലെ തിരക്ക് ഭക്തന്റെ കാര്യസാദ്ധ്യത്തേയും അവന്റെ വിശ്വാസം മുഖേനെയുള്ള മാനസിക സൌഖ്യത്തേയും ആശ്രയിച്ചിരിയ്ക്കുന്നു.
ഇത്തരത്തില്‍ ചിന്തിച്ചാല്‍ “ ആത്മീയത “ഒരു ഔഷധരൂപേണ പ്രവര്‍ത്തിയ്ക്കുന്നു എന്നുമനസ്സിലാക്കാം.ഏതൊരു ഔഷധത്തിന്റേയും ഉപയോഗത്തിന് ചില നിബന്ധനകള്‍ ഉണ്ടല്ലോ. അത്തരം നിബന്ധനകള്‍ തെറ്റിച്ചാല്‍ അത് ഉപയോഗിയ്ക്കുന്ന വ്യക്തി അപകടത്തിലാവും. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ ‘ഔഷധം’ എന്നത് ഒരു ടെക്‍നോളജിയാണ് . പക്ഷെ ,സാമാന്യ ജനങ്ങള്‍ ടെക്‍നോളജി ഉപയോഗിയ്ക്കുമ്പോള്‍ നിബന്ധനകള്‍ അവഗണിയ്ക്കുന്നു. ശാസ്ത്രത്തില്‍ ഗ്രാഹ്യമുള്ളവര്‍ക്കു മാത്രമേ ടെക്‍നോളജി ശരിയായി ഉപയോഗിയ്ക്കാനറിയൂ. അതിന് ശാസ്ത്രീയരീതിയിലുള്ള (Scientific Method ) വിദ്യാഭ്യാസം ആവശ്യമാണ്. സമാന്യ ജനത്തിന് ശാസ്ത്രീയ വിദ്യാഭ്യാസം നല്കാന്‍ യുക്തിവാദത്തിന് കഴിയുമോ എന്നത് ഒരു ചോദ്യം തന്നെയാണ് .

വ്യക്തി പ്രശ്നങ്ങള്‍ നേരിടാനെന്തുചെയ്യണം ?

സമകാലികലോകത്തില്‍ ഒരു സാധാരണവ്യക്തിയ്ക്ക് ദിവസം ചെല്ലുംതോറും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുടേ സങ്കീര്‍ണ്ണത വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ് . കോടതി,പോലീസ് സ്റ്റേഷന്‍ ,ആശുപത്രി, ബാങ്ക്, ആത്മഹത്യ, അപകടമരണം, തകര്‍ന്ന കുടുംബബന്ധങ്ങള്‍ ,രാഷ്ട്രീയം,സംഘടന, സ്ഥാപനങ്ങള്‍, സുഹൃത്തുക്കള്‍.............തുടങ്ങിയവയൊക്കെ വിവിധ രൂപവും ഭാവവുമാര്‍ന്ന് വ്യക്തിജീവിതത്തില്‍ സംഘര്‍ഷത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു. ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ ഉയര്‍ന്നുവരുന്നു.
ഒരു വ്യക്തി ,താന്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങളെ എങ്ങനെയാണ് വിലയിരുത്തേണ്ടത് ?
----പ്രശ്നങ്ങളെ ഏതുവിധത്തില്‍ നേരിടണം?
----അതോ ,പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണോ വേണ്ടത് ?
----അതുമല്ലെങ്കില്‍ പ്രശ്നങ്ങള്‍ക്ക് അടിമപ്പെടണോ ?
----പ്രശ്നത്തിലകപ്പെട്ട വ്യക്തിയെ ആരാണ് രക്ഷിയ്ക്കുക ?
----ആരോടാണ് സഹായം അഭ്യര്‍ത്ഥിയ്ക്കേണ്ടത് ?
----ആരെങ്കിലും രക്ഷകനായി (വ്യക്തിയോ ,പ്രതിഭാസമോ ) പ്രത്യക്ഷപ്പെടുമോ ?
-----വ്യക്തിയെ രക്ഷിയ്ക്കുന്നതിനായി സംഘടനയ്ക്കുകഴിയുമോ ?
-----സംഘടനയിലൂടെ ശക്തിയാര്‍ജ്ജിയ്ക്കുക എന്ന തത്ത്വമനുസരിച്ച് ,ലഭ്യമായ ശക്തിയും ഫലവും സംഘടനയിലെ അംഗങ്ങള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടോ ? (സോഷ്യലിസം വിഭാവനം വിഭാവനം ചെയ്യുന്ന സംഘടനകളെങ്കിലും ഇത്തരം രീതി പ്രായോഗികമായി നടപ്പിലാവുന്നില്ലെങ്കില്‍പ്പോലും സൈദ്ധാന്തികമായി നടപ്പിലാക്കാനാവശ്യമായ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ ? )
----അല്ലെങ്കില്‍ സംഘടനയ്ക്കുവേണ്ടി വ്യക്തി നല്‍കുന്ന അദ്ധ്വാനത്തിന് ആനുപാതികമായിട്ടാണോ സംഘടന ലഭ്യമായ ശക്തി തിരിച്ചുനല്‍കുന്നത് ? (ഇത്തരമൊരു രീതി സംഘടനയെ ഷെയര്‍ ബിസിനസ്സ് അഥവാ കൂട്ടുകച്ചവടം എന്ന രീതിയിലേയ്ക്ക് നയിക്കില്ലേ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ ഇവിടെ തള്ളിക്കളയുന്നില്ല.)
-----അതുമല്ലെങ്കില്‍ സംഘടനയ്ക്കകത്ത് ഒരു സംവരണം ആവശ്യമാണോ ?
----ഇതൊന്നുമല്ലെങ്കില്‍ ഒട്ടേറെ വ്യക്തികളുടെ അദ്ധ്വാനം ഉപയോഗിച്ച് നേടിയ നേട്ടമൊക്കെ സംഘടനയുടെ നേതൃത്വം മാത്രം അനുഭവിയ്ക്കണമോ ? അതുമല്ലെങ്കില്‍ അനുയായി വൃന്ദത്തിന് നിലനില്പിനാവശ്യമായ ശക്തിയെങ്കിലും തിരിച്ചുനല്‍കേണ്ടെ ? ഇവിടേയും നമുക്ക് കാറല്‍ മാര്‍ക്സിന്റെ “മിച്ചമൂല്യസിദ്ധാന്തം “ ഉപയോഗിച്ച് വിശകലനം ചെയ്തുകൂടെ !
----സംഘടനയില്‍ മാത്രമല്ല കുടുബത്തിലും ഉള്ള ബന്ധങ്ങള്‍ ചൂഷണത്തിലധിഷ്ടിതാമാണോ ?
--വിശകലനഫലമായി ലഭിയ്ക്കുന്ന ഉത്തരങ്ങള്‍ വ്യക്തമാക്കുന്നത് ,മാനുഷികബന്ധങ്ങള്‍ ( സുഹൃത്ത്, ഔദ്യോഗികം, രക്തബന്ധം ) എന്നിവ നിലനില്‍ക്കുന്നത് ചൂഷണത്തിലധിഷ്ഠിതമാണെന്നല്ലേ ! ) 
പ്രശ്നബാധിതമായ വ്യക്തിയില്‍ നിന്നാണല്ലോ നാം തുടങ്ങിയത് .----പ്രസ്തുത വ്യക്തിയെ രക്ഷിയ്ക്കാന്‍ ദൈവവിശ്വാസത്തിനോ അല്ലെങ്കില്‍ ജീവിച്ചിരിയ്ക്കുന്ന ഏതെങ്കിലുമൊരു ദൈവത്തിനോ സാധ്യമാണോ ?
---യുക്തിചിന്ത ,വ്യക്തിയെ പ്രശ്നഭരിതമായ അന്തരീക്ഷം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹായിയ്ക്കുമോ ?
----യുക്തിചിന്തയുടെ ഫലമായി രൂപപ്പെട്ട ശാസ്ത്രത്തിന് ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ പറ്റും ?
---ശാസ്ത്രത്തിന്റെ ഉല്പന്നമായ ടെക്‍നോളജിക്ക് പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയുമോ ?
----പ്രശ്നപരിഹാരശേഷിയ്ക്ക് വ്യക്തിയുടെ മസ്തിഷ്കവുമായി ബന്ദമുണ്ടോ ?
-----പണത്തിന് പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയുമോ ?
---മേല്‍ വിവരിച്ച ഏതെങ്കിലും മാര്‍ഗ്ഗങ്ങള്‍ വഴിയോ അല്ലാതെയോ പ്രശ്നം പരിഹരിച്ചാല്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുണ്ടോ എന്ന കാര്യവും ചിന്തനീയമാണ് .

പ്രശ്നങ്ങള്‍ക്ക് കാരണമെന്ത് ?

പ്രശ്നത്തെ അഭിമുഖീകരിയ്ക്കണമോ ,അതിനിന്ന് ഒളിച്ചോടിപ്പോകണമോ എന്നൊക്കെയുള്ള തിരുമാനം പ്രസ്തുത സാഹചര്യത്തേയും വ്യക്തിയേയുമാണ് ആശ്രയിച്ചിരിയ്ക്കുന്നത് . അന്തിമവിഅശകലനത്തില്‍ ലഭിയ്ക്കുന്ന ഉത്തരം എന്തെന്നാല്‍ ഒരു വ്യക്തി നേരിടുന്ന പ്രശ്നത്തെ ശരിയായ രീതിയില്‍ പരിഹരിയ്ക്കുവാന്‍ പ്രസ്തുത വ്യക്തിയ്ക്കു മാത്രമേ കഴിയൂ എന്നതാണ് . ഇക്കാര്യത്തിനുവേണ്ടി ,വ്യക്തി തന്റെ ബുദ്ധിശക്തിയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് . തക്കതായ ‘കാരണം’ ഇല്ലാതെ ഒരു പ്രശ്നവും ഉടലെടുക്കുകയില്ലല്ലോ . അതുകൊണ്ടുതന്നെ ‘പ്രശ്നം’ പഠനവിധേയമാക്കേണ്ടതുണ്ട് . ഇത്തരത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പലതരത്തിലുള്ള കാര്യ- കാരണ ബന്ധങ്ങള്‍ (Cause and Effect Relationship ) ദൃശ്യമാകുന്നു. ഇവിടെയാണ് വ്യക്തി തന്റെ യുക്തിബോധം പ്രകടിപ്പിയ്ക്കേണ്ടത് . ശരിയായ യുക്തിചിന്തയുടെ പ്രവര്‍ത്തനഫലമായി യഥാര്‍ത്ഥ കാര്യ --കാരണ ബന്ധത്തെ വ്യക്തിയ്ക്ക് കണ്ടെത്താന്‍ കഴിയുന്നു. പ്രശ്നത്തിന്റെ കാരണം കണ്ടെത്തിയാല്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ട പദ്ധതിയാണ് തുടര്‍ന്ന് ആസൂത്രണം ചെയ്യേണ്ടത് .
മുകളീല്‍ വിവരിച്ച പ്രകാരം ,പ്രശ്നത്തിന്റെ കാരണം കണ്ടെത്തുക അത്ര എളുപ്പമല്ല. ഇക്കാര്യത്തിനുവേണ്ടി പ്രശ്നാധിഷ്ഠിത വിഷയത്തില്‍ അറിവ് ആവശ്യമാണ് .അല്ലെങ്കില്‍ തെറ്റായ കാര്യ --കാരണ ബന്ധം കണ്ടെത്തുകയും അതുവഴി പ്രശ്നം കൂടുതല്‍ വഷളായിത്തീരുകയും ചെയ്യും. ഇക്കാര്യം ലളിതമാ‍യ ഉദാഹരണം മുഖേനെ വ്യക്തമാക്കാം. പാമ്പിനേയും പാമ്പാട്ടിയേയും പലപ്പോഴും നാം നാല്‍ക്കവലകളില്‍ കാണാറുണ്ടല്ലോ.പാമ്പാട്ടി മകുടിയൂതുന്നതും പാമ്പ് പത്തിവിടര്‍ത്തിയാടുന്നതും കാണാനായി ധാരാളം പേര്‍ ചുറ്റും കൂടാറുണ്ട് . പാമ്പാട്ടിയുടെ മകുടിയില്‍നിന്നുള്ള സംഗീതത്തിനനുഅസരിച്ചാണ് പാമ്പ് തലയാട്ടുന്നതെന്ന് പ്രസ്തുത ദൃശ്യം കാണുന്ന വ്യക്തി തീരുമാനിയ്ക്കുന്നു. അതായത് ഇവിടെ രൂപീകരിയ്ക്കപ്പെട്ട കാര്യ - കാരണബന്ധം മകുടിയില്‍ നിന്നുള്ള സംഗീതവും പാമ്പിന്റെ തലയാട്ടലുമാണ് . ഇനി ,ഈ ദൃശ്യം കണ്ട മറ്റൊരു വ്യക്തിയുടെ കാര്യം നമുക്കെടുക്കാം . അയാള്‍ക്ക് പാമ്പിന്റെ ശരീരഘടനയെക്കുറിച്ച് നല്ലവണ്ണമറിയാം. പാമ്പിന് വായുവിക്കൂടിയുള്ള ശബ്ദതരംഗത്തെ കേള്‍ക്കാന്‍ കഴിയില്ല എന്ന വസ്തുത അയാള്‍ മനസ്സിലാക്കിയിട്ടുണ്ട് . അതുകൊണ്ട് അയാള്‍ മുന്‍‌പറഞ്ഞ രീതിയിലുള്ള കാര്യ-കാരണബന്ധം രൂപീകരിയ്ക്കുകയില്ല. മറിച്ച് മറ്റൊരു കാര്യ-കാരണ ബന്ധം കണ്ടെത്താന്‍ അയാള്‍ ശ്രമിയ്ക്കും .മകുടിയുടെ ചലനത്തേയും പാമ്പിന്റെ തലയാട്ടലിനേയും തമ്മില്‍ ബന്ധിപ്പിച്ചുള്ള കാര്യ-കാരണ ബന്ധമാണ് അയാള്‍ രൂപീകരിയ്ക്കുക . ഇതിലൂടെ നാം മനസ്സിലാക്കുന്നത് ബന്ധപ്പെട്ട മേഖലയിലെ വിജ്ഞാനത്തിലൂടെ മാത്രമേ യുക്തിചിന്ത രൂപം കൊള്ളൂകയുള്ളൂ എന്നതാണ് .
കാര്യ-കാരണ ബന്ധം രൂപീകരിയ്ക്കുന്നതില്‍ ശ്രദ്ധിയ്ക്കേണ്ട പ്രധാന സംഗതി ഏത് ?

യുക്തിചിന്തയില്‍ കാര്യ-കാരണ ബന്ധം മുഖ്യപങ്കുവഹിയ്ക്കുന്നുണ്ടല്ലോ . കാര്യത്തിന് ആസ്പദമായ കാരണത്തെ കണ്ടെത്തുവാന്‍ യുക്തിചിന്ത സഹായിയ്ക്കുന്നു. പക്ഷെ, കാരണത്തിന്റെ സൂക്ഷ്മസ്വഭാവം നിര്‍ണ്ണയിക്കുമ്പോള്‍ ,ക്വാണ്ടം മെക്കാനിക്സില്‍ സംഭവിയ്ക്കുന്നതുപോലെത്തന്നെ , അനിശ്ചിതത്വം അനുഭവപ്പെടുന്നു. മാത്രമല്ല, കാരണത്തിന് സൂക്ഷ്മതലത്തില്‍ ഒറ്റയ്ക്കുള്ള നിലനില്പ് അസാദ്ധ്യവുമാണ് . സൂക്ഷ്മതലത്തിലെ കാരണം മറ്റുപല കാരണങ്ങളുമായി പരസ്പരബന്ധിതമാണ് . ഇപ്രകാരമുള്ള പരസ്പര ബന്ധത്തില്‍നിന്ന് “കാരണത്തെ “ അടര്‍ത്തിയെടുത്താല്‍ത്തന്നെ അത് നിഷ്‌ക്രിയമായിപ്പോകാനിടയുണ്ട് .
പദാരത്ഥം വിഭജിച്ചുണ്ടാകുന്ന ,പദാര്‍ത്ഥസ്വഭാവമുള്ള ഏറ്റവും ചെറിയ കണിക തന്മാത്രയാണല്ലോ . ഈ തന്മാത്ര പദാര്‍ത്ഥത്തിന്റെ എല്ലാ‍ സ്വഭാവസവിശേഷതകളും ഉള്‍ക്കൊള്ളുന്നു. തുടര്‍ന്നുള്ള വിഭജനവേളയില്‍ ലഭിയ്ക്കുന്ന ആറ്റമോ അല്ലെങ്കില്‍ മറ്റു മൌലിക കണങ്ങളോ പദാര്‍ത്ഥത്തിന്റെ സ്വാഭാവിക സവിശേഷതകളുമായി ബന്ധമില്ലാത്തവയാണ് . കാരണത്തിന്റെ സൂക്ഷ്മവിഭജനവേളയിലും ഈ പ്രതിഭാസത്തെ കണക്കിലെടുക്കേണ്ടതുണ്ട് . എങ്കില്‍മാത്രമേ കാര്യ-കാരണ ബന്ധത്തിന് പൂര്‍ണ്ണ അനുയോജ്യത ലഭിയ്ക്കുകയുള്ളൂ. അങ്ങനെ അതുവഴി യുക്തിചിന്ത സുദൃഡമാകുകയും ചെയുന്നു.

ജീന്‍ തിയറിയും സമൂഹവും ‘ പ്രകൃതിജീവനത്തില്‍..

പ്രാകൃത കമ്മ്യൂണിസത്തിനുമുമ്പുള്ള മനുഷ്യാവസ്ഥയെക്കുറിച്ച് അത്രയധികം പഠനങ്ങള്‍ നടന്നിട്ടില്ല. ഫോസിലുകള്‍ വെച്ചുകൊണ്ട് അന്നത്തെ മനുഷ്യന്റെ ശരീരാകൃതിയെക്കുറിച്ച് അനുമാനങ്ങളിലെത്തിച്ചേര്‍ന്ന വസ്തുതകളെ വിസ്മരിയ്ക്കുകയല്ല ഇവിടെ ചെയ്യുന്നത് .മൃഗതുല്യമായ ജീവിതം നയിച്ചിരുന്ന ഒരു ജീവിവര്‍ഗ്ഗത്തിന്റെ മസ്തിഷ്കശേഷിപരമായ വളര്‍ച്ച അത്ഭുതം ജനിപ്പിയ്ക്കുന്നതുതന്നെയാണ് .എന്തുകൊണ്ട് ,ഇത് ഒരു പ്രത്യേക ജീവി വര്‍ഗ്ഗത്തിനുമാത്രം സാദ്ധ്യമായി ? ( ഉത്തരങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും പൂര്‍ണ്ണമായ അനുയോജ്യത അവയ്ക്കൊന്നിനുമില്ലെത്രെ! ) അന്ന് സംഭവിച്ച മസ്തിഷ്കശേഷിപരമായ വളര്‍ച്ചയെ ഇപ്പോള്‍ ലഭ്യമായിട്ടുള്ള ജീന്‍ തിയറി ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് കൌതുകകരമാണ് .ഇത്തരത്തില്‍ ലഭിച്ച അറിവുകളെ മനുഷ്യസമൂഹത്തെ ശാസ്ത്രീയമായി പഠിച്ച മാര്‍ക്സിസത്തിന്റെ അപഗ്രഥനഫലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലഭ്യമാകുന്ന വസ്തുതകള്‍ ആരേയും ഇരുത്തിചിന്തിപ്പിയ്ക്കാനുതകുന്നവയാണ് .

മസ്തിഷ്കവികാസവും പരിണാമസിദ്ധാന്തവും തമ്മിലുള്ള ബന്ധമെന്ത് ?
തുടക്കവും ഒടുക്കവും നിശ്ചയമില്ലാത്ത അനന്തമായ ഒരു വ്യൂഹത്തിന് (System ) ഒരു വിധം തൃപ്തികരമായ വിശദീകരണം നല്‍കുന്നതിന് മനുഷ്യമസ്തിഷ്കത്തില്‍ രൂപംകൊണ്ട ദൈവത്തില്‍ അധിഷ്ഠിതമായ ‘സൃഷ്ടിവാദത്തിന്‘ കഴിഞ്ഞിരുന്നു.(പ്രപഞ്ചം ഒരു ശക്തി സൃഷ്ടിച്ചതാണെന്നും ആ ശക്തിയാണ് ദൈവമെന്നുമുള്ള ചിന്താഗതിയാണ് സൃഷ്ടിവാദമെന്ന് വേണമെങ്കില്‍ ചുരുക്കിപ്പറയാം ) .എങ്കിലും മനുഷ്യമസ്തിഷ്കത്തില്‍നിന്നുതന്നെ, ഒരു അപസ്വരം പോലെ ,യുക്തിഭദ്രമായ ചോദ്യങ്ങള്‍ സൃഷ്ടിവാദത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു.മുന്‍പുപറഞ്ഞതുപോലെ, അനന്തമായ വ്യൂഹത്തിന്റെ ,മനുഷ്യമസ്തിഷ്കത്തിന്റെ ചിന്തകള്‍ക്കുള്‍ക്കൊള്ളാവുന്ന ഒരു നിശ്ചിത ഖണ്ഡമെടുത്ത് ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ സൃഷ്ടിവാദത്തിന്റെ യുക്തിയല്ല മറിച്ച് പരിണാമവാദത്തിന്റെ യുക്തിയാണ് സിദ്ധാന്തമായി പുറത്തുവന്നത്. അജീവിയ വസ്തുക്കളില്‍നിന്ന് ജീവ വസ്തുക്കളിലേയ്ക്കും തുടര്‍ന്ന് വ്യത്യസ്ത ജീവ വര്‍ഗ്ഗങ്ങളുടെ രൂപീകരണങ്ങളെ സംബന്ധിച്ചും ,ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിയ്ക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ ,വ്യക്തമായ തെളിവുനല്‍കാന്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനു കഴിഞ്ഞു. ഭൂമിയില്‍ ഇപ്പോള്‍ കാണുന്ന പല ജീവി വര്‍ഗ്ഗവും രൂപമെടുക്കുന്നതിന് ഒട്ടേറെ സമയം വേണ്ടീവന്നീട്ടുണ്ട് . ഓരോ ഇനം ജീവിവര്‍ഗ്ഗത്തിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട് .’സവിശേഷത’ എന്നുപറഞ്ഞാല്‍ ശാരീരികമായവ എന്നുമാത്രം അര്‍ത്ഥമാക്കരുത് .മസ്തിഷ്കപരമായ സവിശേഷതകളും ഉണ്ടെന്ന് നാം മനസ്സിലാക്കണം.പക്ഷെ, പല പഠനങ്ങളും നടന്നിട്ടുള്ളത് ശാരീരികമായ സവിശേഷതകളെ മാത്രം അടിസ്ഥാനമാക്കിയാണ് 
ചിലന്തികളുടെ വല നെയ്യുവാനുള്ള കഴിവ് ,പക്ഷികളുടെ കൂട് നിര്‍മ്മിയ്ക്കാനുള്ള കഴിവ് ......തുടങ്ങിയവയൊക്കെ ജീവികളുടെ ജന്മവാസനകളാകുന്ന മസ്തിഷ്കശേഷിയുടെ ഉദാഹരണങ്ങളാണ് . സൂക്ഷ്മപഠനം നടത്തുകയാണെങ്കില്‍ ഈ കഴിവിലും നമുക്ക് ‘വ്യത്യസ്തത’ ദര്‍ശിയ്ക്കാം. അതുപോലെത്തന്നെ ,ഒരേയിനം പക്ഷികള്‍ നിര്‍മ്മിയ്ക്കുന്ന കൂടുകളിലും വ്യത്യാസമുണ്ടായിരിയ്ക്കും.

ജീവിയും സമൂഹവും തമ്മിലുള്ള ബന്ധമെന്ത് ?

ഒരു നിശ്ചിത പ്രദേശത്തെ പരിസ്ഥിതിയെ (Ecosystem) പഠനവിധേയമാക്കുമ്പോള്‍ ചില ജീവികള്‍ ഒറ്റയ്ക്കും മറ്റുചിലത് കൂട്ടമായും ജീവിയ്ക്കുന്നതായി നമുക്ക് മനസ്സിലാവുന്നു. ഇതിന് കാരണമെന്താണ് ?.ഇതിന് ഉത്തരമായി പറയാവുന്നത് ‘സാഹചര്യം’ എന്നാണ് .ഒരു പ്രത്യക ജീവിയെ അടിസ്ഥാനമാക്കിപ്പറയുകയാണെങ്കില്‍ അനുകൂലമായ സാഹചര്യം അതിന്റെ വംശവര്‍ദ്ധനവിന് ഇടയാക്കുന്നു. ഒരു ജീവിവര്‍ഗ്ഗത്തിന്റെ അനുകൂലമായ സാഹചര്യം മറ്റൊരു ജീവിവര്‍ഗ്ഗത്തിന് അനുകൂലമാറ്റിക്കൊള്ളണമെന്നില്ല. എങ്കിലും ജീവിവര്‍ഗ്ഗങ്ങളുടെ അനുകൂല സാഹചര്യങ്ങളില്‍ ഒട്ടനവധി എണ്ണം സമാനത പുലര്‍ത്തുന്നവയായിരിയ്ക്കും.ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം സമാനത പുലര്‍ത്തുന്നവയായിരിയ്ക്കും.ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യക ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം വര്‍ദ്ധിച്ചാല്‍ അത് മറ്റൊരു ജീവിവര്‍ഗ്ഗത്തിനോ അല്ലെങ്കില്‍ ഒന്നിലധികം ജീവിവര്‍ഗ്ഗങ്ങള്‍ക്കോ ഭീഷണിയായി ഭവിയ്ക്കാം. ഭക്ഷ്യശൃംഖലയെ ആസ്പദമാക്കി ചിന്തിയ്ക്കയാണെങ്കില്‍ ഈ വസ്തുത വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടൂതന്നെ ഒരു പ്രത്യക ഇനം ജീവിവര്‍ഗ്ഗം ഒരു നിശ്ചിത സ്ഥലത്ത് അമിതമായി വര്‍ദ്ധിച്ചാല്‍ അത് മറ്റുചില ജീവിവര്‍ഗ്ഗങ്ങളുടെ നാശത്തിനും പിന്നീട് സ്വയം നാശത്തിനും കാരണമാകും .കാരണം,ജീവിയുടെ വംശവര്‍ദ്ധനവിനാസ്പദമായ അനുകൂല സാഹചര്യങ്ങളില്‍ ഒരു ഘടകം ആഹാരമാണല്ലോ .

ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യക ജീവിവര്‍ഗ്ഗത്തിന്റെ വംശവര്‍ദ്ധനവ് ഉണ്ടായി എന്നുവെച്ച് അവ സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കണമെന്നില്ല. അതായത് വംശവര്‍ദ്ധനവിനേയും സമൂഹാടിസ്ഥാനത്തിലുള്ള ജീവികളുടെ വാസത്തേയും വ്യത്യസ്തമായി കാണേണ്ടതാണ് . സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുക എന്നുവെച്ചാല്‍ അത് ഒരു ജീവിവര്‍ഗ്ഗത്തിന്റെ ഒരു പ്രത്യക സ്വഭാവമായി കണക്കാക്കേണ്ടതാണ് .ഇവ പാരമ്പര്യം കൊണ്ടും സാഹചര്യംകൊണ്ടും ലഭ്യമാക്കാവുന്നതാണ് .

ഉറുമ്പ്,ചിതല്‍ , തേനീച്ച ,മനുഷ്യക്കുരങ്ങ് ....എന്നിവയൊക്കെ സമൂഹമായി ജീവിയ്ക്കുന്ന ജീവിവര്‍ഗ്ഗങ്ങളാണ്. പ്രാകൃത കമ്മ്യൂണിസത്തിനുമുമ്പുള്ള മനുഷ്യാവസ്ഥയെ പഠനവിഷയമാക്കുമ്പോള്‍ ,ഇപ്പോഴത്തെ അപേക്ഷിച്ച് ഏറെ മസ്തിഷ്കശേഷി കുറവായ മനുഷ്യജീവിവര്‍ഗ്ഗമാണ് നമ്മുടെ മുന്നിലെത്തുന്നത് .

ആഫ്രിയ്ക്കന്‍ വനാന്തരങ്ങളില്‍ സമൂഹമായി ജീവിയ്ക്കുന്ന മനുഷ്യക്കുരങ്ങുകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിട്ടുണ്ട് . ട്രയല്‍ ഏര്‍ഡ് ഏറര്‍ (Trial and error ) രീതി മുഖേനെയുള്ള പഠനം ചിമ്പന്‍സികളില്‍ നടത്തി വ്യക്തമായ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് .പക്ഷെ,ഇത്തരം പഠനങ്ങള്‍ക്കുവേണ്ടി ചില പ്രത്യേക സാഹചര്യങ്ങള്‍ അവയ്ക്കുനല്‍കേണ്ടിവന്നുവെന്ന് മാത്രം.പരിസ്ഥിതികളില്‍നിന്നുള്ള വെല്ലുവിളികള്‍ക്കനുസരിച്ച് ചിമ്പന്‍സികളില്‍ ചിലതിന്റെ പ്രതികരണശേഷി ആശാവഹമായി പുരോഗമിയ്ക്കുന്നതായി കണ്ടീട്ടുണ്ട്. സര്‍ക്കസ്സുകളിലും മറ്റുമുള്ള മൃഗങ്ങളുടെ അഭ്യാസങ്ങള്‍ തെളിയിക്കുന്നത് ,ഒരു നിശ്ചിത പരിധിവരേയെങ്കിലും അവയി പഠനം അല്ലെങ്കില്‍ പരിശീലനം (Learning or Coaching ) സാധ്യമാണ് എന്നാണ് . ഈ വസ്തുതകള്‍ ,മനുഷ്യവര്‍ഗ്ഗത്തിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ സഹോദരശ്രേണിയിലോ ഉള്ള ജീവിവര്‍ഗ്ഗത്തിന്റെ സമൂഹസ്വഭാവത്തേയും മസ്തിഷ്കശേഷിയേയും വ്യക്തമാക്കുന്നു.(മനുഷ്യന്‍ കുരങ്ങില്‍നിന്നാണ് ഉണ്ടായത് എന്ന തെറ്റിദ്ധാരണ തിരുത്താന്‍ കൂടിയാണ് ‘സഹോദരശ്രേണി ‘ എന്ന പദം ഉപയോഗിച്ചത് ) 

ശാസ്ത്രീയരീതിയില്‍ (Scientific Method) സാമാന്യവല്‍ക്കരണത്തിന്റെ (Genaralisation )രൂപീകരണത്തില്‍ മുഖ്യസ്ഥാനമാണ് ഉള്ളത് . കൂടാതെ ,താരതമ്യവിശകലനത്തിന് (Comparative Analysis ) ശാസ്ത്രീയ രീതി അര്‍ഹിയ്ക്കുന്ന സ്ഥാനവും നല്‍കുന്നുണ്ട് . അതിനാല്‍, സമൂഹാടിസ്ഥാനത്തിലുള്ള ഒരു ജീവിവര്‍ഗ്ഗത്തെക്കുറിച്ച് പഠനം നടത്തുമ്പോള്‍ സമൂഹാടിസ്ഥാനത്തിലുള്ള മറ്റ് ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠനം നടത്തേണ്ടതും താരതമ്യവിശകലനം ചെയ്യേണ്ടതും ഒഴിച്ചുകൂടാനാ‍വാത്ത പ്രക്രിയയാണ് . അതായത് ഉറുമ്പ് ,തേനീച്ച ,ചിതല്‍ ,മനുഷ്യക്കുരങ്ങ്,മനുഷ്യന്‍ .......തുടങ്ങിയ സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന ജീവിവര്‍ഗ്ഗങ്ങളെക്കുറുച്ച് താരതമ്യവിശകലനം നടത്തേണ്ടത് ശാസ്ത്രീയ രീതിയില്‍ ആവശ്യമായിട്ടുള്ളതാണ് എന്നര്‍ത്ഥം.

മ്യൂട്ടേഷന്റെ ഫലം എന്താണ് ?
മുന്‍പ് വിശദമാക്കിയതുപോലെ ,ഒരേ വര്‍ഗ്ഗത്തിപ്പെട്ട ചിലന്തിയും മറ്റൊരു ചിലന്തിയും നെയ്ത വലകള്‍ തമ്മിലുള്ള വ്യത്യാസത്തിനുകാരണം ചിലന്തികളുടെ മസ്തിഷ്ക- ശാരീരികശേഷിപരമായ വ്യത്യാസവും പരിസ്ഥിതി നല്‍കിയ അനിവാര്യതയുമാണ് .ഈ തത്ത്വം സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും ബാധകമാണ് . അതായത് ഒരേയിനം ജീവികളില്‍ ശാരീരികമായി വളരേ ചെറിയ വ്യത്യാസം നാം ദര്‍ശിയ്ക്കാറുണ്ടല്ലോ .ഈ വ്യത്യാസം അവയിലെ മസ്തിഷ്കശേഷിയിലും പ്രകടമാകുന്നുണ്ട് .(ഗ്രിഗര്‍ മെന്‍ഡല്‍ പയറുചെടിയില്‍ നടത്തിയ പരീക്ഷണം ഇവിടെ സ്മരണീയം ) 
സമൂഹാടിസ്ഥാനത്തിലുള്ള ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠനം നടത്തുമ്പോള്‍ നമുക്ക് താഴെ പറയുന്ന വസ്തുതകള്‍ വ്യക്തമാകുന്നു.

1.സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമത്തിനും മ്യൂട്ടേഷനും ഏറെ വശം വദമാകുന്നു.
2.ജീവിവര്‍ഗ്ഗത്തിന്റെ‘ സമൂഹസ്വഭാവം ‘ പാരമ്പര്യസിദ്ധമാണെന്നു നിരൂപിച്ചാല്‍ , സമൂഹാടിസ്ഥാനത്തിലുള്ള ജീവിവര്‍ഗ്ഗങ്ങള്‍ പരിണമിച്ചുവന്നത് സമൂഹാടിസ്ഥാനത്തിലുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ നിന്നുതന്നെയാണെന്ന് ഉറപ്പിച്ചു പറയാം. 

3. മുകളില്‍ പറഞ്ഞ തത്ത്വമനുസരിച്ച് ,പ്രാകൃത കമ്മ്യൂണിസത്തിനുമുമ്പും അതിനടുത്ത ശ്രേണികളിലുമുള്ള മനുഷ്യവര്‍ഗ്ഗങ്ങള്‍ സമൂഹാടിസ്ഥാനത്തിലാണ് വസിച്ചിരുന്നത് ( പ്രകൃതിക്ഷോഭങ്ങള്‍,പകര്‍ച്ച വ്യാധികള്‍....മുതലായ പ്രത്യേക സാഹചര്യങ്ങള്‍ മൂലം ഒറ്റപ്പെട്ടുപോയവയെ ഇവിടെ പരിഗണിയ്ക്കുന്നില്ല.
4.സമൂഹമായി ജീവിയ്ക്കുന്ന ഒരേയിനം ജീവിവര്‍ഗ്ഗങ്ങളില്‍ സാദൃശ്യങ്ങള്‍ വളരേയധികമാണ് . എങ്കിലും വളരേ ചെറിയ തോതിലുള്ള ശാരീരിക- മസ്തിഷ്കശേഷിപരമായ വ്യത്യാസങ്ങളുമുണ്ട് .

5.പരിണാമത്തിന്റെ ആദ്യഭാഗത്തുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ ശാരീരികമായ വളര്‍ച്ചയ്ക്കായിരുന്നു മുന്‍‌തൂക്കം.പക്ഷെ അവസാനഭാഗത്ത് (?)(അങ്ങനെയല്ലേ ഇപ്പോള്‍ പറയാനൊക്കൂ ) ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന് ശാരീരികമായ വളര്‍ച്ചയെ അപേക്ഷിച്ച് മസ്തിഷ്കപരമായ വളര്‍ച്ചയ്ക്കായി മുന്‍‌തൂക്കം.ഇത് ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന്റെ --മനുഷ്യന്റെ -- അതിവ്യാപനത്തിന് വഴിയൊരുക്കി.

6.സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന ഒരേയിനത്തില്‍പ്പെടുന്ന ജീവികളുടെ എണ്ണം വര്‍ദ്ധിയ്ക്കുമ്പോള്‍ , സുസ്ഥിരമായ സമൂഹ നിലനില്പിന് പല നിയമങ്ങളും ആവിഷ്കരിയ്ക്കേണ്ടിവരുന്നു. ഇത്തരം നിയമങ്ങള്‍ ആവിഷ്കരിയ്ക്കാ‍ത്തവ നശിയ്ക്കുകയോ ചിഹ്നഭിന്നമായിപ്പോകുകയോ ചെയ്യുന്നു.ഇത് എത്രയേറെ അനുകൂലമായ പരിസ്ഥിതി സാഹചര്യങ്ങളുണ്ടെങ്കിലും സംഭവിയ്ക്കാം.മുന്‍പറഞ്ഞതുപോലെ നിയമങ്ങള്‍ ആവിഷ്കരിയ്ക്കുന്ന ജീവിസമൂഹത്തിലെ ഒരു വിഭാഗത്തിന് മസ്തിഷ്കശേഷിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകുന്നു. പരിസ്ഥിതികളുടെ വെല്ലുവിളികള്‍ക്കനുസരിച്ച് മസ്തിഷ്കശേഷികള്‍ വര്‍ദ്ധിയ്ക്കുന്നു. (മനുഷ്യന്റെ കാര്യത്തില്‍ സംഭവിച്ചതിന് ഒരു കാരണം കണ്ടെത്താന്‍ ശ്രമിച്ചെന്നേയുള്ളൂ. ഇനിയും വേറെ കാരണങ്ങളുണ്ടാകാം ) 

7.പരിണാമത്തിന്റെ തുടക്കം മുതല്‍ ജീവികളില്‍ ശാരീരികശേഷികൊണ്ട് അര്‍ഹതയുള്ളവന്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു . എന്നാല്‍ ജീവിവര്‍ഗ്ഗങ്ങളിലൊന്നായ ‘മനുഷ്യന്‍ ‘ ശാരീരികശേഷിയേക്കാളുപരി മസ്തിഷ്കശേഷി ഉപയോഗിച്ചാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിയ്ക്കാനുള്ള അര്‍ഹത നേടിയത് .

8.പരിണാമം പാരമ്പര്യസിദ്ധമാണ് .അല്ലെങ്കില്‍ വ്യത്യസ്തജീവി വര്‍ഗ്ഗങ്ങള്‍ ഉണ്ടാകാനിടയില്ലല്ലോ .പ്രസ്തുത ശേഷി ഒരു ജീവിയില്‍നിന്ന് അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. എല്ലാതലമുറകളും പരിണാമം പ്രകടിപ്പിയ്ക്കുന്നില്ല . ചില പ്രത്യേക തലമുറകള്‍ മാത്രം വ്യവസ്ഥാപിതമായ ചട്ടക്കൂടില്‍ നിന്നും വളരേ നേരിയ വ്യതിയാനം പ്രകടമാക്കുന്നു.പ്രത്യക്ഷത്തില്‍ ദൃശ്യമായ ഈ നേരിയ വ്യതിയാനം തുടങ്ങിയത് പ്രസ്തുത തലമുറയിലല്ല ,മറിച്ച് അനേകം തലമുറകള്‍ക്കുമുമ്പായിരിയ്ക്കും.ഏറെ തലമുറകള്‍ ദീര്‍ഘമായ കാലയളവിലൂടെ വളരേ നേരിയ വ്യതിയാനം സൃഷ്ടിച്ചെടുക്കുന്നുവെന്നുമാത്രം(ജീന്‍ തിയറിയനുസരിച്ച് ‘പ്രകടമാക്കാത്ത ജീനുകള്‍ ‘ എന്നുപറയുമ്പോള്‍ അവയുടെ പ്രകടനശേഷി നമുക്ക് കണ്ടുപിടിയ്ക്കാനാവാത്ത സാഹചര്യത്തെയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത് .ഇവിടെ ലോക പ്രശസ്തരായ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ജീന്‍ തിയറിയെ വിമര്‍ശിയ്ക്കുകയല്ല മറിച്ച് അത്തരമൊരു സാദ്ധ്യതയെ തള്ളിക്കളയരുതെന്ന് അഭ്യര്‍ത്ഥിയ്ക്കാനാണ് ശ്രമിയ്ക്കുന്നത് ) 

മാര്‍ക്സിസവും ജീന്‍ തിയറിയും തമ്മിലുള്ള ബന്ധമെന്ത് ?

ഒരു ജീവിയുടെ ,വിശേഷിച്ചും മനുഷ്യന്റെ മസ്തിഷ്കശേഷി പരമായ സ്വഭാവവിശേഷങ്ങള്‍ക്കുകാരണം ജീനുകളാണ് . പ്രസ്തുത ജീനുകളെക്കുറിച്ച് ഒട്ടേറെ അറിവുകള്‍ നാം നേടിക്കഴിഞ്ഞീട്ടുമുണ്ട് .(ഉദാഹരണം Human Genome Project ) ചിത്രം വര, സംഗീതം,യുക്തിചിന്ത,നേതൃപാടവം,പ്രഭാഷണം......തുടങ്ങിയ കഴിവുകളൊക്കെ മനുഷ്യര്‍ക്ക് പ്രധാനം ചെയ്യുന്നത് ജീനുകളാണ് .

മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തില്‍ അടിസ്ഥാനപരമായി രണ്ടുതരം മനുഷ്യവിഭാഗങ്ങളെ നാം ദര്‍ശിയ്ക്കുന്നു ; ചൂഷകരും ചൂഷിതരുമാണ് അവ . മൃഗവും മനുഷ്യനും തമ്മിലുള്ള ഒരു സുപ്രധാന വ്യത്യാസം മസ്തിഷകശേഷിയിലാണല്ലോ . അതുപോലെത്തന്നെ , സമൂഹത്തില്‍ ഒരു മനുഷ്യന്റെ ഔന്നത്യം നിര്‍ണ്ണയിയ്ക്കപ്പെടുന്നത് മസ്തിഷ്കശേഷിയെ (ബുദ്ധിശക്തിയെ ) അടിസ്ഥാനമാക്കിയാണ് . ഈ ബുദ്ധിശക്തിയാണ് മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിനടിസ്ഥാനമായ “ മിച്ചമൂല്യം “ ഉണ്ടാക്കുന്നതും ! ബുദ്ധിശക്തി കൂടുതലുള്ളവര്‍ തക്കതായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഔന്നത്യത്തിലെത്തിച്ചേരുന്നു.ഇവിടെ പ്രവര്‍ത്തനമെന്നത് യഥാര്‍ത്ഥത്തില്‍ അധാര്‍മ്മികമാകാം (കാരണം മിച്ചമൂല്യവും ധാര്‍മ്മികതയും വിപരീതാനുപാതത്തിലാണല്ലോ സ്ഥിതിചെയ്യുന്നത് ) പക്ഷെ ,അത് ധാര്‍മ്മികമെന്ന് തോന്നത്തക്ക വിധത്തില്‍ അവന്‍ കൈകാര്യം ചെയ്തെന്നിരിയ്ക്കും. ജീന്‍ തിയറി വികസിയ്ക്കുന്നതിനനുസരിച്ച് അധാര്‍മ്മികത ,ചൂഷകസ്വഭാവം......തുടങ്ങിയ നെഗറ്റീവ് സ്വഭാവങ്ങള്‍ക്കാസ്പദമായ ജീനുകളെ വ്യക്തമായി കണ്ടെത്തുവാനും വേര്‍തിരിച്ചെടുക്കുവാനും കഴിഞ്ഞെന്നിരിയ്ക്കും!! 

മാര്‍ക്സിസം പറയുന്നത് സമൂഹത്തില്‍ ചൂഷകര്‍ ന്യൂനപക്ഷവും ചൂഷിതര്‍ ഭൂരിപക്ഷവുമാണെന്നാണ് . (എണ്ണത്തിനേയും സമ്പത്തിനേയും അടിസ്ഥാനമാക്കിയുള്ള ഗണിതശാസ്ത്ര ഫലങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു. ) അതിനര്‍ത്ഥം ന്യൂനപക്ഷം വരുന്ന ചൂഷകര്‍ക്ക് മസ്തിഷ്കശേഷി കൂടുതലാണെന്നാണ് . ജീവശാസ്ത്രസിദ്ധാന്തമനുസരിച്ച് മസ്തിഷ്കശേഷി തലമുറകളായി കൈമാറ്റം ചെയ്യപ്പെടാവുന്നതാണ് . അതുകൊണ്ടുതന്നെ ചൂഷകവര്‍ഗ്ഗം ഒരു പ്രത്യേക ജാതിയേയോ ,വംശത്തേയോ ആസ്പദയാക്കി വളരുന്നു. മിയ്ക്കവാറും കേസുകളില്‍ ഇത്തരം ശേഷികള്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നു. പരമ്പര്യമായി പ്രസ്തുത ശേഷി ലഭിയ്ക്കാത്തവര്‍ ചൂഷക വര്‍ഗ്ഗത്തില്‍നിന്നും പുറത്താവുകയും ചൂഷിത വര്‍ഗ്ഗത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇതിന് ഉദാഹരണമാണ് പല രാജ്യവംശങ്ങളും തലമുറകള്‍ക്കുശേഷം നശിയ്ക്കുന്നത് .മുകള്‍ രാജ്യവംശത്തിന്റെ ഔറംഗസീബിനുശേഷമുള്ള പതനം ഇവിടെ സ്മരണീയമാണ് . (രണ്ടു ചൂഷക വിഭാഗങ്ങള്‍ തമ്മില്‍ മത്സരിയ്ക്കുമ്പോള്‍ ശക്തികൂടിയ വര്‍ഗ്ഗം നിലനില്‍ക്കുകയും മറ്റേത് നശിയ്ക്കുകയും ചെയ്യുന്നുവെന്നുള്ള സിദ്ധാന്തത്തെ ഇവിടെ വിസ്മരിയ്ക്കുന്നില്ല.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കാനുള്ള കാരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തകര്‍ച്ചയാണെന്ന അഭിപ്രായം ഇവിടെ സ്മരണീയം!) 
മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള പ്രവണതകള്‍ ചൂഷിത വര്‍ഗ്ഗത്തിനും സംഭവിയ്ക്കാം.മിയ്ക്കവാറും കേസുകളില്‍ പാരമ്പര്യമായി ലഭിച്ച മസ്തിഷ്കശേഷികള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. എങ്കിലും ചില കേസുകളില്‍ മസ്തിഷ്കശേഷി വര്‍ദ്ധിയ്ക്കുകയും വ്യക്തി ചൂഷകവര്‍ഗ്ഗത്തിലെത്തുകയും ചെയ്യുന്നു. ചിലപ്പോള്‍ സ്വന്തം വര്‍ഗ്ഗത്തെ (ചൂഷിത വര്‍ഗ്ഗത്തെ ) നേരിട്ട് ചൂഷണം ചെയ്യുന്നവനാകാനും മതി . ഇതിന് ഉദാഹരണമാണ് അടിമവംശത്തിന്റെ സ്ഥാപകനായ കുത്ത്ബ്‌ദ്ദീന്‍ ഐബക് ! 
മുകളില്‍ വിശദീകരിച്ചവയെ ജീന്‍ തിയറിയെ അടിസ്ഥാനമാക്കി വിശകലനം നടത്തുമ്പോള്‍ താഴെ പറയുന്ന വസ്തുതകള്‍ വ്യക്തമാകുന്നു.

1.ചൂഷക-- ചൂഷിത മനുഷ്യവിഭാഗങ്ങള്‍ക്കു കാരണം മസ്തിഷ്കശേഷിയിലുള്ള വ്യത്യാസമാണ്.

2.മസ്തിഷ്കശേഷിയിലുള്ള വ്യത്യാസത്തിനു കാരണം പരിസ്ഥിതിയും ജീനുകളുമാണ് . 

3. സോഷ്യലിസം കൈവരിയ്ക്കണമെങ്കില്‍ മസ്തിഷ്ക ശേഷിയില്‍ ചില പ്രത്യക ശേഷികള്‍ പ്രകടിപ്പിയ്ക്കുന്ന (ചൂഷണ ശേഷി ) മനുഷ്യവര്‍ഗ്ഗം ഇല്ലാതാകണം. 
4. പിന്‍‌തുടര്‍ച്ചാവകാശം,പാരമ്പര്യസിദ്ധമായ ‘ഭൌതിക- സാമൂഹിക -- ആത്മീയസമ്പത്ത് ‘ എന്നിവയെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ ചൂഷണരഹിത സമൂഹത്തിന് ഇനിയും വേണ്ടിയിരിയ്ക്കുന്നു. സമ്പൂര്‍ണ്ണ സോഷ്യലിസത്തില്‍, മുന്‍‌പറഞ്ഞ വഹകള്‍ ,വ്യക്തിയുടെ കാലശേഷം മക്കള്‍ക്കോ മറ്റ് അവകാശികള്‍ക്കോ അല്ല വന്നുചേരേണ്ടത് ; മറിച്ച് സ്റ്റേറ്റിലേയ്ക്ക് കണ്ടുകെട്ടപ്പെടേണ്ടതാണ് . പക്ഷെ, ആ‍ത്മീയതയിലധിഷ്ഠിതമായ സ്വാര്‍ത്ഥത തുടച്ചുനീക്കപ്പെടാത്ത മനസ്സുകള്‍ ഇത്തരം സ്വാര്‍ത്ഥരഹിത സോഷ്യലിസത്തെ അംഗീകരിയ്ക്കുമോ ? അംഗീകരിച്ചാല്‍ അഴിമതിയും സ്വജന പക്ഷപാതവും അപ്രത്യക്ഷമാകുകയും തദ്വാരാ പ്രസ്തുത സിസ്റ്റത്തിന്റെ നാശഹേതുക്കളില്‍ പ്രധാനമായ ഒന്ന് ഇല്ലാതാകുകയും ചെയ്യും. 

5.ജീന്‍ തിയറിയനുസരിച്ച് നേതൃത്വഗുണത്തിനും (Leadership Quality ) ജീനുകളാണ് കാരണക്കാര്‍ .മറ്റൊരു സമൂഹജീവിയായ തേനീച്ചയെ പ്രസ്തുത വിഷയത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട് . റാണിയുടെ ജനനം ,മറ്റൊരു റാണി ജനിയ്ക്കാനുള്ള കാലദൈര്‍ഘ്യം ,മറ്റൊരു റാണി ജനിച്ചുകഴിഞ്ഞാലുള്ള പ്രശ്നങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നത് കൌതുകകരമാണ് . 
നേതൃത്വ പ്രശ്നത്തില്‍ മനുഷ്യസമൂഹവും ചില നിയമങ്ങള്‍ പാലിയ്ക്കുന്നുണ്ടെന്നുകാണാം.ഒരു പ്രത്യക സാഹചര്യത്തില്‍ അനുയോജ്യമായ കഴിവുനേടിയ വ്യക്തി നേതാവാകുന്നു എന്ന സിദ്ധാന്തത്തിന് ചില അനുബന്ധങ്ങള്‍കൂടി നിര്‍മ്മിയ്ക്കേണ്ടതായിട്ടുണ്ട് .യാദൃച്ഛികതയും അനിവാര്യതയും നേതൃത്വപ്രശ്നത്തില്‍ വഹിയ്ക്കുന്ന പങ്ക് ഏറെ സങ്കീര്‍ണ്ണമാണ്. തേനീച്ചകളിലെ റാണികളുടെ ജനനങ്ങള്‍ക്കിടയ്ക്കുള്ള കാലദൈര്‍ഘ്യത്തിനുള്ള നിയമങ്ങള്‍പോലെ മനുഷ്യസമൂഹത്തിലെ നേതാക്കളുടെ ജനനത്തിനുള്ള കാലദൈര്‍ഘ്യത്തിനും ഏതെങ്കിലും നിയമങ്ങള്‍ ഉണ്ടോ ? ആത്മീയതയുടെ ദുരൂഹത നിറഞ്ഞ ‘ അവതാര സിദ്ധാന്തവുമായി ‘ ബന്ധപ്പെടുത്താനല്ല ഇവിടെ ശ്രമിയ്ക്കുന്നത് . ജീന്‍ തിയറിയും സമൂഹശാസ്ത്രവുമായി ബന്ധപ്പെടുത്തിയുണ്ടാക്കുന്ന ഒരു സമവാക്യത്തിന് മുന്‍‌പറഞ്ഞ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുമെന്ന് പ്രത്യാശിയ്ക്കാം.

അവസാനം പരിഷ്കരിച്ചത് : 7/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate