অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാടന്‍ സംഗീതോപകരണങ്ങള്‍

നാടന്‍ സംഗീതോപകരണങ്ങള്‍

സംഗീതോപകരണങ്ങളുടെ രംഗത്തും ഒട്ടനവധി നാടന്‍ അറിവുകളുണ്ട്‌. സംഗീതോപകരണങ്ങളെ താഴെ പറയുന്ന ഉപമേഖലകളായി തിരിക്കാം.

തുകല്‍ വാദ്യങ്ങള്‍

ഉദാ: ചെണ്ട, തുടി, ദഫ്‌, ഇടക്ക, മിഴാവ്‌, ഉടാക്ക്‌, തകില്‍, തിമില തുടങ്ങിയ തുകലുകൊണ്ടുള്ള വാദ്യങ്ങള്‍

തിമില

പഞ്ചവാദ്യത്തിലെ പ്രധാനഘടകമാണ് തിമില.  മദ്ധ്യഭാഗത്ത് വണ്ണം കുറഞ്ഞ് നീളത്തിലാണ് തിമിലയുടെ കുറ്റി. കാളത്തോലുകൊണ്ടുണ്ടാക്കിയ വട്ടങ്ങളും ഉണ്ടാവും

തുടി

അരളിമരത്തിന്റെ കാതല്‍ കടഞ്ഞെടുത്തതിനെ മുളപൊളിച്ച് വെയിലത്തിട്ടുണക്കി വെള്ളത്തിലിട്ട് വളച്ചെടുത്ത് നൂലുകൊണ്ട് വൃത്താകൃതിയില്‍ ചുറ്റിയെടുക്കുക. വളയരൂപത്തില്‍ ചുറ്റിയെടുക്കുന്നതിനെ തെരുക്ക്എന്നാണ് പറയുന്നത്.  പശുക്കുട്ടിയുടെ തോല്‍ ഉണക്കി (1 മാസം) രോമം കളഞ്ഞ് വീണ്ടും വൃത്താകൃതിയില്‍ വെട്ടിയെടുത്ത് വെള്ളത്തിലിട്ട് നേര്‍ത്ത രൂപത്തിലാക്കുക.  അതിനുശേഷം തെരുക്കിന്‍ തോല്‍ ചുറ്റിയെടുക്കുന്നു.  (ഇതിന് തുടിമാടല്‍ എന്നു പറയുന്നു) ഓരോ തെരുക്കിനും 6-6 തോതു വീതം വെച്ച് തുടിക്കുറ്റിയില്‍ വെച്ച് നൂലു കൊണ്ട് കോര്‍ത്ത് കെട്ടുക.

ഈ വാദ്യോപകരണം സാധാരണയായി ഉപയോഗിക്കുന്നത് മണ്ണാന്‍, വണ്ണാന്‍ സമുദായത്തില്‍പെട്ടവരാണ്.  ഉത്സവത്തില്‍ പൂതക്കളി താളത്തിന് വേണ്ടിയാണ്  ഈ വാദ്യോപകരണം ഉപയോഗിക്കുന്നത്.  കോല്‍ ഉപയോഗിച്ചാണ് തുടി കൊട്ടുക.  ഇപ്പോഴും പൂര്‍വികമായും സമുദായികപരമായും ഉപയോഗിച്ചുവരുന്ന ഒരു വാദ്യോപകരണമാണിത്.

ഉടുക്ക്

ഇടയ്ക്കയുടെ ആകൃതിയോട് സാമ്യമുള്ള ഈ ഉപകരണം പ്രധാനമായും ഉപയോഗിക്കുന്നത് ശാസ്താംപാട്ടിന് പക്കമേളമായാണ്.  വടക്കന്‍ വീരഗാഥകളിലെ അപദാനങ്ങള്‍ പുകഴ്ത്തിക്കൊണ്ട് പാണന്മാര്‍ ഉടുക്ക് കൊട്ടിപ്പാടുന്നു.  ശിവന്റെ ഇഷ്ടവാദ്യമായി പുരാണത്തിലും ഉടുക്കിന് പ്രാധാന്യമുണ്ട്.    ഉടുക്ക് പ്രധാനമായും ഉപയോഗിക്കുന്നത് അയ്യപ്പന്‍ പാട്ടിനാണ്

അരളിയുടെ കാതല്‍ അല്ലെങ്കില്‍ ഓടകൊണ്ടാണ് കുറ്റിയുണ്ടാക്കുന്നത്.  തുടിയില്‍ നിന്നും വ്യത്യസ്തമായി ഒരേ നീളത്തില്‍ ചെറിയ കുറ്റിയുണ്ടാക്കുന്നു.  തുടിയുടെ കൊട്ടുന്ന രണ്ടു ഭാഗത്തിന് ചന്ദ്രവതു എന്നു പറയുന്നു. ചന്ദ്രവതു ഉണ്ടാക്കുന്നത് ചെന്തെങ്ങിന്റെ പട്ടയുടെ ഉള്ളിലെ ഭാഗം ചീന്തിയെടുത്ത് ചുറ്റി പശയില്‍ ഒട്ടിച്ചാണ്. ഇതിനായി പശുക്കുട്ടിയുടെ ചാണകസഞ്ചിയുടെ പാടയുടെ തൊലി ഉണക്കി വൃത്തിയാക്കിയാണ് ഉപയോഗിക്കുന്നത്.  കുറ്റിയുടെ രണ്ടുഭാഗത്തും  ചന്ദ്രവതു ഒട്ടിച്ചുവെച്ച് കോര്‍ത്തിണക്കി കൈകൊണ്ട് കൊട്ടുന്നു.

ചെണ്ട

തുകല്‍വാദ്യങ്ങളായ ചെണ്ട, ഇടക്ക എന്നിവ മരം കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ചെണ്ടകുറ്റി പ്ലാവ് കൊണ്ടുള്ളതാണ്. ചെണ്ടത്തോല്‍ പ്രധാനമായും പശു, പോത്ത്, മൂരി എന്നിവയുടെ തോല്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ചെണ്ട നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് കയര്‍ ഉപയോഗിക്കുന്നുണ്ട്. ചെണ്ടയുടെ കുറ്റി കടയാന്‍ മെഷീനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ആദ്യകാലത്ത് ഉളി ഉപയോഗിച്ചാണ് കുറ്റി കടഞ്ഞിരുന്നത്.

ഇടക്ക

കേരളീയ ക്ഷേത്രങ്ങളിലെ പ്രധാന വാദ്യോപകരണങ്ങളില്‍ ഒന്നാണ് ഇടയ്ക്ക. കഥകളിപ്പാട്ടിലും പഞ്ചവാദ്യത്തിലും ഇടയ്ക്ക ഉപയോഗിക്കുന്നു.

പുളി, ചാപ്പങ്ങ എന്നീ മരങ്ങള്‍ ഉപയോഗിച്ചാണ് ഇടക്ക നിര്‍മ്മിക്കുന്നത്. ചെറിയ കുറ്റിയാണ് ഇടക്ക ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പശു, പോത്ത്, മൂരി എന്നിവയുടെ തോല്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. തോല്‍ കനം കുറഞ്ഞതും കോല്‍ ചെറുതുമാണ്. ഉളി, കത്തി എന്നിവയാണ് പ്രധാന സാങ്കേതിക ഉപകരണങ്ങള്‍.

നകാര

മൂരിത്തോല്‍, പനങ്കുറ്റി, എന്നിവ ഉപയോഗിച്ച് നകാര നിര്‍മ്മിക്കുന്നു. പള്ളിയില്‍ നമസ്ക്കാര സമയം അറിയിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം

ദഫ്

ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പുതന്നെ ഇസ്രായേലികളും യൂറോപ്യരും അവരുടെ പള്ളികളിലെ പെരുന്നാള്‍ ആഘോഷങ്ങളിലും പുരോഹിതന്മാരുടെ എഴുന്നള്ളത്ത് സമയങ്ങളിലും ദഫ് മുട്ടാറുണ്ടായിരുന്നു. വൃത്താകൃതിയില്‍ ഒരു ചാണ്‍ വ്യാസത്തില്‍ മരത്തിന്റെ കുറ്റികള്‍ കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് തോല്‍ വലിച്ചുകെട്ടിയുണ്ടാക്കുന്ന വാദ്യോപകരണമാണ് ദഫ്. വശങ്ങള്‍ക്ക് നാലംഗുലം മുതല്‍ ആറംഗുലം വരെ ഉയരമുണ്ടാകും. ഹംദും സ്വലാത്തും ചൊല്ലിക്കൊണ്ടാണ് ദഫ് തുടങ്ങേണ്ടത്. ദഫിന്റെ സ്വരമാധുരി നിലനിര്‍ത്തുന്നതിന് ഇടക്കിടെ ചൂടാക്കുന്നത് നന്ന്. അവസാനിപ്പിക്കുന്ന പ്രാര്‍ത്ഥനക്ക് മുമ്പ് താളം ദ്രുതഗതിയിലാവണം. റാത്തീബുകള്‍ നടത്തപ്പെടുമ്പോള്‍ സമയലഭ്യതക്കനുസരിച്ച് നബിയുടെ പേരിലും, മുഹ് യുദ്ദീന്‍ ശൈഖ്, റിഫായി ശൈഖ്, ഹസന്‍, ഹുസൈന്‍ (റ) അമ്പിയാ ഔലിയാക്കള്‍ തുടങ്ങിയവരുടെ പേരിലും ഫാത്തിഹാ ഓതുന്നു. കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ റാത്തീബ് സമയത്ത് ഉപയോഗിച്ചിരുന്നു. ഇന്ന് മാപ്പിളമാരുടെ ഏതാണ്ടെല്ലാ പൊതു ചടങ്ങുകളിലും ഉപയോഗിക്കുന്നു

പെരുമ്പറ

പ്ലാവിന്റെ കുറ്റി സിലിണ്ടര്‍ ആകൃതിയില്‍ കടഞ്ഞെടുത്തത് (ഉള്ളു പൊള്ള) തുറന്ന രണ്ട് ഭാഗവും ഉണക്കിയെടുത്ത ആട്ടിന്‍ തോലുകൊണ്ട് മൂടിയിരിക്കണം. പുറത്തുകൂടി കയര്‍ കൊണ്ട് വരിഞ്ഞ് ശബ്ദക്രമീകരണത്തിനുവേണ്ടി വലിച്ചു മുറുക്കുവാനുള്ള സൌകര്യം ചെയ്തിട്ടുണ്ട്. ഭഗവതി താലപ്പൊലിക്ക്കാളകെട്ടുമ്പോളാണ് ഇവ സാധാരണയായി ഉപയോഗിക്കുന്നത്. ഭഗവതി പ്രാര്‍ത്ഥനയോടുകൂടിയാണ്ആരംഭിക്കേണ്ടത്

ഗിഞ്ചറ

തുകല്‍‍വാദ്യമായ ഗിഞ്ചറ ഉണ്ടാക്കുന്നത് ഉടുമ്പിന്റെ തോല്‍ കൊണ്ടാണ്.

സുഷിര വാദ്യങ്ങള്‍

സുഷിരങ്ങളുള്ള വായുവിന്റെ സഹായത്തോടുകൂടി പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങള്‍ ഉദാ:-ഓടകുഴല്‍, ചീനിക്കുഴല്‍, കുറുങ്കുഴല്‍, പുല്ലാങ്കുഴല്‍, കൊമ്പ്‌, നാദസ്വരം മുതലായവ

ഓടക്കുഴല്‍

പ്രത്യേകതരം ഈറകൊണ്ടാണ് ഓടക്കുഴല്‍ നിര്‍മ്മിക്കുന്നത്. ഊതുവാന്‍ അടിഭാഗത്തായി ഒരു ദ്വാരവും വിരല്‍കൊണ്ട് അടച്ചുതുറക്കുവാന്‍ പാകത്തില്‍ എട്ടുദ്വാരങ്ങളുമുണ്ട്. പക്കമേളത്തിനും പ്രത്യേകമായി കച്ചേരിക്കും ഓടക്കുഴല്‍ ഉപയോഗിക്കുന്നു. അപൂര്‍വ്വമായ ആനന്ദാനുഭൂതി പകരുന്ന നാദവിസ്മയമാണ് ഓടക്കുഴല്‍ പ്രക്ഷേപിക്കുന്നത്.

കുഴല്‍വാദ്യങ്ങള്‍

കുറുംകുഴല്‍, നെടുംകുഴല്‍, പുല്ലാങ്കുഴല്‍ എന്നിങ്ങനെ കുഴല്‍ മൂന്നിനമുണ്ട്. ധ്വനി നിയന്ത്രിച്ച് വിരലുകള്‍ക്ക് സ്വരസ്ഥാന സാധകം നേടിയാണ് കുഴലില്‍ രാഗങ്ങളും, വര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളും ആലപിക്കുന്നത്. ക്ഷേത്രോത്സവങ്ങള്‍, ചെണ്ടമേളം, കൂടിയാട്ടം തുടങ്ങിയ പരിപാടികള്‍ക്ക് കുറുംകുഴല്‍, നെടുംകുഴല്‍ (നാഗസ്വരക്കുഴല്‍ ) എന്നിവയുടെയും സംഗീതക്കച്ചേരി,  നൃത്തം മുതലായവക്ക് പുല്ലാങ്കുഴലിന്റെയും ഉപയോഗമുണ്ട്.

കമ്പിവാദ്യങ്ങള്‍

ഉദാ:വീണ, തമ്പുരു
മേല്‍ പറഞ്ഞ വാദ്യങ്ങള്‍ ഉണ്ടാക്കുന്നതിനു ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ, ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നതിനെ അടിസ്ഥാനമാക്കി വീണ്ടും ഉപമേഖലകളുണ്ടാക്കാം.

ഇലത്താളം
ഇതിന് കൈമണി എന്നും പേരുണ്ട്.കേരളത്തിന്റെ തനതായ ഒരു താളവാദ്യമാണിത്.വൃത്താകൃതിയില്‍ മദ്ധ്യം കുഴിഞ്ഞ് ഓരോ ദ്വാരത്തോടുകൂടിയ രണ്ടു ഇലകള്‍ ചേര്‍ന്നതാണ് ഇലത്താളം.ഇവയില്‍ ഓരോന്നിന്റെയും ദ്വാരത്തില്‍ ചരടു കോര്‍ത്ത് ഇടതുകയ്യിലേക്ക് മലര്‍ത്തിയും, വലതുകയ്യിലേക്ക് കമഴ്ത്തിയും കൊട്ടിയാണ് അനുരണനാത്മകമായി താളമിടുന്നത്.ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങള്‍ക്കൊപ്പമാണ് ഇലത്താളം ഉപയോഗിക്കുന്നത്.കേളികൊട്ട്, തായമ്പക, പഞ്ചവാദ്യം എന്നിവക്കെല്ലാം ഇലത്താളം അനിവാര്യമാണ്.
സാങ്കേതിക വിദ്യകള്‍ (നാടന്‍ സംഗീതോപകരണങ്ങള്‍)
മേല്‍ പറഞ്ഞ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാനാവശ്യമായ സാങ്കേതിക വിദ്യകള്‍ വാദ്യോപകരണങ്ങള്‍ അവയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍, ആചാരനുഷ്ഠാനങ്ങള്‍ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഉപമേഖലകളായി വിഭജിക്കാം.
നാടന്‍‍‍ സാങ്കേതിക വിദ്യകള്‍

വേല, പൂരം എന്നിവയ്ക്കാണ് പ്രധാനമായും കാളയെകെട്ടിയാടുന്നത്. ഉണങ്ങിയ മുള ഉപയോഗിച്ച്കാളയുടെ ഇരിപ്പ്, കൈകാലുകള്‍, അസ്ഥികൂടം എന്നിവ നിര്‍മ്മിക്കുന്നു. മുളചീന്തി വളച്ച് വാരിയെല്ലുകള്‍ഉണ്ടാക്കുന്നു. അതിനുപുറമെ പുല്ലോ, വൈക്കോലോ കൊണ്ട് പൊതിഞ്ഞ് കാളരൂപം വരുത്തുന്നു. അതിനുമുകളില്‍ വെള്ളത്തുണികൊണ്ട് പൊതിഞ്ഞ് ശരീരം ഭംഗിയാക്കുന്നു. മരത്തടികൊണ്ട് പ്രത്യേകംനിര്‍മ്മിച്ചാണ് തല ഘടിപ്പിക്കുന്നത്. വാഴന്‍കയറുകൊണ്ട് നിര്‍മ്മിക്കുന്ന വാലും പിടിപ്പിക്കുന്നു. ഇരുപ്പിനടിയിലൂടെ തലയിട്ട് എടുക്കുന്ന ആളുടെ തോളില്‍ കൃത്യമായി ചാടിക്കളിക്കാന്‍ പാകത്തില്‍ വെക്കുന്നു. കാളയെഎടുത്ത ആള്‍ പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്നു

വ്യത്യസ്തയിനം പാട്ടുകള്‍

കഥാഗാനങ്ങള്‍ സര്‍വ്വലൌകികമായ ഒരു ഫോക് ലോര്‍ രൂപമാണ്. നമ്മുടെ പാണന്മാര്‍ പാടി നടന്നിരുന്ന എല്ലാപാട്ടുകളും ഇതില്‍പെടുന്നു. കടത്തനാട്ടിലെ പ്രസിദ്ധമായ വടക്കന്‍പാട്ടുകളും തിരുവിതാംകൂര്‍ മേഖലയിലെ തെക്കന്‍പാട്ടുകളുമെല്ലാം ഫോക് ലോറിന്റെ അക്ഷയഖനികളാണ്. കടത്തനാട്ടിലെ വീരനായകന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ് വടക്കന്‍പാട്ടുകള്‍. കടത്തനാടന്‍ വയലേലകളില്‍ ഞാറുനടുന്ന സ്ത്രീകള്‍ വടക്കന്‍പാട്ടുകള്‍ പാടുന്നത് പതിവാണ്. തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും മറ്റും വീരസാഹസികകൃത്യങ്ങളാണ് ഈ പാട്ടുകളുടെ കാതല്‍. സാധാരണയായി

വടക്കന്‍പാട്ടുകളെ മൂന്നായി തരംതിരിക്കാം.

1. തച്ചോളിപ്പാട്ടുകള്‍, 2, പുത്തൂരംപാട്ടുകള്‍, 3. ഒറ്റപ്പാട്ടുകള്‍. തച്ചോളി ഒതേനന്റെയും മറ്റുകുടുംബാംഗങ്ങളുടെയും ഗാഥകളാണ് തച്ചോളിപ്പാട്ടുകള്‍ എന്നറിയപ്പെടുന്നത്. പുത്തൂരംവീട്ടിലെ കണ്ണപ്പച്ചേകവരുടെയും മക്കളായ ഉണ്ണിയാര്‍ച്ചയുടെയും ആരോമലുണ്ണിയുടെയുമൊക്കെ പാട്ടുകളാണ് പത്തൂരംപാട്ടുകള്‍. മറ്റു കുടുംബങ്ങളിലെ ഒറ്റപ്പെട്ടവരുടെ വീരഗാഥകളാണ് ഒറ്റപ്പാട്ടുകള്‍. ‌

ഇരവിക്കുട്ടിപ്പിള്ള പടത്തലവന്റെയും മറ്റും വീരസാഹസിക കഥകളാണ് തെക്കന്‍പാട്ടുകള്‍എന്നറിയപ്പെടുന്നത്. ഇതുകൂടാതെ മാപ്പിളപ്പാട്ടുകള്‍, തോറ്റംപാട്ടുകള്‍, പാനപ്പാട്ടുകള്‍, അടിതളിപ്പാട്ടുകള്‍,കെന്ത്രോന്‍പാട്ടുകള്‍, കളംപാട്ടുകള്‍ തുടങ്ങി ഒരുപാട് പാട്ടുകള്‍ നെഞ്ചേറ്റുന്ന സമൂഹമാണ് നമ്മുടെ നാട്ടിലുള്ളത്. മാപ്പിളശീലുകളില്‍ രാമായണകഥ പാടുന്ന മാപ്പിള രാമായണം വരെ ഇക്കൂട്ടത്തില്‍ വരുന്നു.

അവസാനം പരിഷ്കരിച്ചത് : 2/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate