സ്വാതന്ത്ര്യവും അധികാരവും തമ്മിലുള്ള സംഘട്ടനത്തില്‍നിന്നാണ് അവകാശങ്ങള്‍ ഉദിക്കുന്നത്. മനുഷ്യന് സ്വാതന്ത്യ്രത്തെ കാംക്ഷിക്കുന്നു; അതേസമയംതന്നെ സാമൂഹികജീവിയെന്നനിലയില്‍ എതെങ്കിലും തരത്തിലുള്ള അധികാരത്തിനു വിധേയനായി ജീവിക്കേണ്ടതായും വരുന്നു. മനുഷ്യന് ദൈവദത്തമായോ പ്രകൃതിദത്തമായോ ചില അവകാശങ്ങള്‍ ഉണ്ട് എന്ന സിദ്ധാന്തം പുരാതന കാലംമുതല്‍ നിലവിലിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ മനുഷ്യനു ചില മൗലികാവകാശങ്ങള്‍ ഉണ്ടെന്നും ഇവയുടെ കൂട്ടത്തില്‍ ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, സുഖമായി കഴിയുന്നതിനു യത്നിക്കുവാനുള്ള അവകാശം എന്നിവ പ്രധാനമാണെന്നും പറഞ്ഞിരിക്കുന്നു. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ അവകാശങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ട്. ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ സ്വാതന്ത്ര്യങ്ങളാണ് അവകാശങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ചെയ്യുന്നതിനു നമുക്കു സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. സ്വേച്ഛാധിപത്യരാജ്യങ്ങളിലും വ്യക്തികള്‍ക്ക് സോപാധികമായ ചില അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കാറുണ്ട്; എന്നാല്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള അവകാശം പൗരന്മാര്ക്ക് ഉണ്ടായിരിക്കണം.
ജനാധിപത്യവ്യവസ്ഥിതിയില്‍ രാഷ്ട്രീയമായ അവകാശങ്ങള്‍ സുപ്രധാനമാണ്. ഭരണത്തില്‍ പങ്കാളിത്തം വഹിക്കാനുള്ള അവകാശമാണ് രാഷ്ട്രീയമായ അവകാശം. വോട്ടുചെയ്യുവാനുള്ള അവകാശം, പ്രതിനിധികളെ തെരഞ്ഞെടുക്കുവാനുള്ള അധികാരം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാത്ത തരത്തിലുള്ള ഭൂരിപക്ഷനിയന്ത്രണം, ഭരണകൂടത്തെ പലവിധത്തില്‍ സ്വാധീനിക്കാനുള്ള അവകാശം തുടങ്ങിയവയെല്ലാം ഏറ്റവും പ്രധാനമാണ്.
അഭിപ്രായപ്രകടനസ്വാതന്ത്ര്യം ജനാധിപത്യവ്യവസ്ഥിതിയില്‍ മൗലികമാണ്. സമുദായത്തിന്റെ മുന്പില് ചില പരിപാടികള്‍ നിര്‍ദേശിക്കുവാനുള്ള സ്വാതന്ത്ര്യം ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. അതേസമയം ഭൂരിപക്ഷം ആഗ്രഹിക്കുന്ന പരിപാടികളെ എതിര്‍ക്കുവാനുള്ള അവകാശവും ജനാധിപത്യവ്യവസ്ഥിതിയില്‍ ഉണ്ടായിരിക്കണം. ചില പരിമിതികള്‍ക്കു വിധേയമായി ഈ അവകാശങ്ങള്‍ എല്ലാ ജനാധിപത്യരാജ്യങ്ങളും അംഗീകരിക്കുന്നുണ്ട്.
ഭരണത്തില്‍ പങ്കാളിത്തം വഹിക്കാനുള്ള അവകാശത്തിന്റെ ഘടകങ്ങളാണ് രാഷ്ട്രീയാവകാശങ്ങള്‍. എന്നാല്‍ വ്യക്തികള്‍ തമ്മില്‍ വമ്പിച്ച ഉച്ചനീചത്വങ്ങള്‍ നിലവിലിരിക്കുന്ന വ്യവസ്ഥിതിയില്‍ താത്വികമായ പങ്കാളിത്തത്തിന് എത്രത്തോളം പ്രസക്തിയുണ്ട് എന്നുള്ളത് ഒരു പ്രശ്നമാണ്. ഇംഗ്ളീഷ് രാഷ്ട്രമീമാംസകനായ ഹാരോള്‍ഡ് ലാസ്കി(1893-1950)യുടെ അഭിപ്രായത്തില്‍ ഓരോ വ്യക്തിയുടെയും പൂര്‍ണമായ വ്യക്തിത്വം വളര്‍ത്തുന്നതിന് ആവശ്യമായ സാമൂഹികജീവിതത്തിന്റെ ഘടകങ്ങളാണ് അവകാശങ്ങള്‍. ചുരുക്കത്തില്‍ എല്ലാ വ്യക്തികള്‍ക്കും അവകാശങ്ങള്‍ ഉണ്ടായിരിക്കണമെങ്കില്‍, ഈ അവകാശങ്ങളെ പരിരക്ഷിക്കുന്ന സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതി ഉണ്ടായിരിക്കണം. രാഷ്ട്രീയാവകാശങ്ങളോടൊപ്പം സാമ്പത്തികാവകാശങ്ങളും സുപ്രധാനങ്ങളാണ്.
ബ്രിട്ടന്, യു.എസ്., ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള്‍ രാഷ്ട്രീയാവകാശങ്ങള്‍ക്ക്, പ്രത്യേകിച്ച് അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തിനു പ്രാമുഖ്യം കല്പിക്കുന്നുവെങ്കില് ചൈന, ക്യൂബ തുടങ്ങിയ കമ്യൂണിസ്റ്റുരാജ്യങ്ങള്‍ സാമ്പത്തികാവകാശങ്ങള്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എല്ലാവര്ക്കും സാമൂഹികനീതി ഉറപ്പുവരുത്തുന്ന ഒരു വ്യവസ്ഥിതിക്കുവേണ്ടിയാണ് ഈ രാജ്യങ്ങള്‍ നിലക്കൊള്ളുന്നത്. തൊഴിലിനുള്ള അവകാശം, ജീവിക്കാന്‍ ഉതകുന്ന വേതനത്തിനുള്ള അവകാശം എന്നിവ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെക്കാള് സുപ്രധാനമാണ് എന്ന് ഈ രാജ്യങ്ങളുടെ ഭരണഘടന കരുതുന്നു. വര്‍ഗരഹിതമായ ഒരു സമുദായസൃഷ്ടിയിലേക്കാണ് ഈ രാജ്യങ്ങള്‍ പരിശ്രമിക്കുന്നത്.
റഷ്യന്‍വിപ്ലവത്തിനുശേഷം രൂപംകൊണ്ടിട്ടുള്ള മറ്റു ചില രാജ്യങ്ങളിലെ ഭരണഘടനകള്‍ രാഷ്ട്രീയാവകാശങ്ങളോടൊപ്പം സാമ്പത്തികാവകാശങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദേശകതത്ത്വങ്ങള്‍ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങളെയാണു പ്രഖ്യാപനം ചെയ്യുന്നത്. അതേസമയം മൗലികാവകാശങ്ങള്‍ രാഷ്ട്രീയാവകാശങ്ങള്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സാമ്പത്തികമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് കോടതികള്‍ക്കു സാധ്യമല്ല എന്നുള്ളത് ഒരു പരിമിതിയാണ്. ക്ഷേമരാഷ്ട്രം എന്ന പുതിയ ആശയം, സാമ്പത്തികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഭരണകൂടത്തിനു കടമയുണ്ട് എന്ന സിദ്ധാന്തത്തെ ആസ്പദമാക്കിയുള്ളതാണ്. ബ്രിട്ടനെപ്പോലെയുള്ള ഒരു രാജ്യത്തില്‍ തൊഴിലില്ലായ്മാവേതനം, വാര്ധക്യകാലപെന്ഷന്, കുട്ടികള്‍ക്കുള്ള അലവന്‍സ്, സൗജന്യ വൈദ്യസഹായം എന്നിവ ഉറപ്പുവരുത്തിയിരിക്കുന്നു. എന്നാല്‍ ഇന്ത്യയെപ്പോലെ വികസ്വരമായ ഒരു രാജ്യത്തില്‍ ഈ അവകാശങ്ങള്‍ എല്ലാം ഉറപ്പുവരുത്തുന്നതിനു തക്ക സാമ്പത്തികശേഷി രാഷ്ട്രത്തിനിതുവരെ ഉണ്ടായിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു.
രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളെപ്പോലെതന്നെ പ്രധാനപ്പെട്ടവയാണ് സാമൂഹികാവകാശങ്ങള്‍. വിദ്യാഭ്യാസം ചെയ്യാനും വഴിനടക്കാനും വസ്ത്രധാരണം ചെയ്യാനും ഉദ്യോഗം ലഭിക്കാനും ഇഷ്ടദൈവത്തെ ആരാധിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഒരു സമൂഹം മറ്റൊരു സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനത അവ പിടിച്ചുപറ്റാന്‍ ശ്രമിക്കാറുണ്ട്. അമേരിക്കയില്‍ ആഫ്രോ-അമേരിക്കക്കാര്‍ പൗരാവകാശങ്ങള്‍ക്കുവേണ്ടി മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ സമരം നടത്തുകയുണ്ടായി. ഇന്ത്യയിലെ ബഹുജന്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ഡോ. ബി.ആര്. അംബേദ്കര്‍, ജ്യോതിബാ ഫൂലെ, വൈകുണ്ഠസ്വാമി, ശ്രീനാരായണ ഗുരു, അയ്യന്‍കാളി, പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍, പണ്ഡിറ്റ് അയോദിദാസ് തുടങ്ങിയ സാമൂഹിക വിപ്ലവകാരികളുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള സമരങ്ങള്‍ മനുഷ്യാവകാശ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.
ചില രാഷ്ട്രങ്ങളില്‍ കോടതികള്‍ മുഖാന്തരം അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനു ഭരണഘടനയില്‍ പ്രത്യേക വകുപ്പുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. യു.എസ്. ഭരണഘടനയിലും ഇന്ത്യന്‍ ഭരണഘടനയിലും ഈ തരത്തിലുള്ള വ്യവസ്ഥകള്‍ ഉണ്ട്. എന്നാല്‍ ബ്രിട്ടനെപ്പോലെയുള്ള രാജ്യങ്ങളില്‍ പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതു സാധാരണ നിയമമാണ്. പാര്‍ലമെന്റിന് ഏതു നിയമവും മാറ്റാന്‍ അവകാശമുണ്ട്. മൗലികാവകാശങ്ങള്‍ ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളില്‍പ്പോലും സൈനികവിപ്ലവങ്ങള്മൂലം സ്വേച്ഛാധികാരപ്രമത്തമായ ഗവണ്മെന്റുകള് നിലവില്‍ വരുന്നതു തടയുന്നതിന് ഒരു വഴിയുമില്ല. പൊതുജനാഭിപ്രായത്തിന്റെ ശക്തിയാണ് അവകാശങ്ങള്‍ സംരക്ഷിക്കുന്നത്. അവകാശങ്ങളെ വ്യാഖ്യാനിക്കുന്ന കോടതികള്‍പോലും പൊതുജനാഭിപ്രായത്തിന്റെ സമ്മര്‍ദത്തിനു കുറെയൊക്കെ വിധേയമായിരിക്കും. 19-ാം ശ.-ത്തിന്റെ അവസാനകാലത്ത് യു.എസ്സിലെ കറുത്തവര്‍ഗക്കാര്‍ക്ക് പ്രത്യേകമായ സ്കൂളുകള്‍വഴി വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുകയാണു വേണ്ടതെന്ന് വിധിച്ച യു.എസ്സിലെ സുപ്രീം കോടതി 1954-ല്‍ വിദ്യാഭ്യാസത്തില്‍ വര്‍ണവിവേചനം ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കുകയുണ്ടായി. സ്വത്ത് സമ്പാദിക്കുന്നതിലും ഇഷ്ടംപോലെ കൈകാര്യം ചെയ്യുന്നതിലും വ്യക്തിക്കുള്ള അവകാശങ്ങളില്‍ സാമൂഹികമായ നിയന്ത്രണം ആവാം എന്നുള്ള ചിന്താഗതി പരക്കെ അംഗീകൃതമായിട്ടുണ്ട്. അതായത് വ്യക്തിയുടെ അവകാശത്തെക്കാള്‍ സാമൂഹികനീതിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നു ചുരുക്കം. 18-ാം ശ.-ത്തില്‍ എഴുതിയുണ്ടാക്കിയ യു.എസ്. ഭരണഘടന വിഭാവനചെയ്യുന്ന തരത്തിലുള്ള അവകാശങ്ങള്‍ ഇന്നു വ്യക്തിക്കില്ല എന്നുള്ളത് സുവിദിതമാണ്. പല അവകാശങ്ങളും സാമൂഹികമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി വരികയാണ്.
തോമസ് ഹോബ്സ് (1588-1679), ജോണ്‍ ലോക്ക് (1632-1704) എന്നീ ബ്രിട്ടീഷ്ചിന്തകന്മാരാണ് അവകാശങ്ങളെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത്. അതുവരെ അവകാശങ്ങള്‍ ദൈവദത്തമോ പ്രകൃതിദത്തമോ ആണ് എന്നുള്ള ചിന്താഗതിയാണ് നിലവിലുണ്ടായിരുന്നത്. ഓരോ വ്യക്തിയും അവനവന്റെ താത്പര്യസംരക്ഷണത്തില്‍ ഏര്പ്പെട്ടിരിക്കുന്നതില്നിന്നാണ് അവകാശങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു ഹോബ്സിന്റെ സങ്കല്പം. എന്നാല്‍ ലോക്കിന്റെ അഭിപ്രായത്തില്‍ മനുഷ്യന് സ്വന്തം അവകാശങ്ങള്‍ മാത്രമല്ല, മനുഷ്യരാശിയുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. സ്വകാര്യസ്വത്തിനുള്ള അവകാശം സ്വാഭാവികമായ ഒരു അവകാശമാണ് എന്നു ലോക്ക് കരുതിയിരുന്നു. ഓരോ വ്യക്തിയുടെയും ബുദ്ധിശക്തിയും യുക്തിയുമാണ് അവകാശങ്ങള്‍ സംരക്ഷിക്കുന്നത് എന്ന് അദ്ദേഹം ഗണിക്കുന്നു. 18-ാം ശ.-ത്തിലെ സ്വതന്ത്ര തത്ത്വശാസ്ത്രത്തിന്റെ പ്രവാചകന്മാരില് ഒരാളായിരുന്നു ലോക്ക്.
ജെ.ജെ. റൂസോ (1712-78), കാറല്‍ മാര്‍ക്സ് (1818-83) എന്നീ ചിന്തകന്മാരുടെ ദൃഷ്ടിയില് സാമൂഹികമായ ഒരു പരിവര്‍ത്തനമില്ലാതെ വ്യക്തിക്കു യഥാര്‍ഥമായ സ്വാതന്ത്ര്യമില്ല. സ്റ്റേറ്റ് സാമൂഹികമായ ഒരുടമ്പടിയുടെ ഫലമാണ് എന്ന് റൂസോ സമര്‍ഥിച്ചു. പൊതുജനേച്ഛയുടെ പ്രതിഫലനമാണ് സ്റ്റേറ്റ്. വ്യക്തിയുടെ സ്വാതന്ത്യ്രം പൊതുജനേച്ഛയുടെ ഒരു ഭാഗവും. മാര്‍ക്സിന്റെ അഭിപ്രായത്തില്‍ കാതലായ പ്രശ്നം ഒരു വര്‍ഗരഹിതസമുദായത്തിന്റെ സൃഷ്ടിയാണ്. ഇത്തരം സമുദായത്തില്‍ സ്റ്റേറ്റ് തന്നെ ആവശ്യമില്ല. എന്നാല്‍ വ്യക്തിയുടെ പൂര്‍ണമായ വളര്‍ച്ചയ്ക്ക് വര്‍ഗരഹിതമായ ഒരു സമുദായം ആവശ്യമാണ്. ഇത്തരം സമുദായം ഒരു വിപ്ലവത്തില്‍ക്കൂടി മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളു. ആധുനിക ലോകത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു തത്ത്വസംഹിതയാണ് മാര്‍ക്സിസം. ഇതിന്റെ വെളിച്ചത്തില്‍ ലോക്കിന്റെ ചിന്താഗതിയനുസരിച്ച് വ്യക്തിസ്വാതന്ത്ര്യത്തിന് അമിതമായ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു അവകാശസംഹിതയ്ക്കു പ്രസക്തിയില്ല. അതേസമയം വ്യക്തിയുടെ പൂര്‍ണമായ വളര്‍ച്ചയ്ക്കുള്ള തടസ്സങ്ങളെല്ലാം നീക്കുന്നതും സ്റ്റേറ്റ് പോലും ആവശ്യമില്ലാത്തതുമായ ഒരു വര്‍ഗരഹിത സമൂഹത്തിന്റെ സൃഷ്ടിക്കു ലോകം ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.
ഗാന്ധിജി.
20-ാം ശ.-ത്തില്‍ രാഷ്ട്രീയവും സാമൂഹികവും ആയ അവകാശങ്ങള്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ പൊരുതിയിട്ടുള്ളത് മഹാത്മാഗാന്ധി (1869-1948) ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍സ്വാതന്ത്ര്യസമരം ഇന്ത്യയിലെ ജനകോടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരമായിരുന്നു. കൊളോണിയല്‍ ജനതകളുടെ വിമോചനത്തിനു മാര്‍ഗം ചൂണ്ടിയത് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള വിജയകരമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരമായിരുന്നു. ആധുനികലോകത്തിലെ ഏറ്റവും വലിയ ഒരു വിപ്ലവമാണിത്. ഗാന്ധിജിയുടെ തത്ത്വശാസ്ത്രം വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായിരുന്നു. വ്യക്തിക്കു നിയമപരമായ ചില അവകാശങ്ങള്‍ക്കുവേണ്ടിയാണ് ലോക്ക് തുടങ്ങിയ പാശ്ചാത്യചിന്തകന്മാര് വാദിച്ചത്. എന്നാല്‍ വ്യക്തിക്ക്, അയാള്‍ എത്ര അശക്തനായാലും ശരി, ഏറ്റവും വന്പിച്ച അധികാരസ്ഥാനങ്ങളെ എതിര്‍ക്കുവാന്‍ അവകാശമുണ്ട് എന്നായിരുന്നു ഗാന്ധിജിയുടെ തത്ത്വശാസ്ത്രം. ഈ എതിര്‍പ്പ് അക്രമരഹിതമായിരിക്കുന്നിടത്തോളം അതിനു ധാര്‍മികമായ പിന്‍ബലമുണ്ട്. ഇത്തരം എതിര്‍പ്പിനു പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ സാധിക്കും. ഒരു ന്യൂനപക്ഷത്തിനു ഭൂരിപക്ഷത്തിനെതിരായി സമരം ചെയ്യാവുന്നതാണ്. സിവില്‍ നിയമലംഘനം ഒരു അവകാശമായി ഗാന്ധിജി പ്രഖ്യാപിച്ചു. ഭൂരിപക്ഷത്തിന്റെ നയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനു വ്യക്തികളുടെയും സമൂഹങ്ങളുടെയും സിവില്‍ നിയമലംഘനം വലിയ ഒരു ശക്തിയായിത്തീര്‍ന്നിരിക്കുന്നു. ഈ അവകാശം ജനാധിപത്യരാജ്യങ്ങളില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനു നിയമപരമായ പ്രാബല്യം കൊടുക്കാന്‍ സാധ്യമല്ല. എങ്കിലും പണിമുടക്കുകള്‍, സത്യഗ്രഹം, സമാധാനപരമായ പ്രകടനങ്ങള്‍ എന്നിവ ജനാധിപത്യരാജ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്. ഭൂരിപക്ഷഭരണം എന്ന സിദ്ധാന്തംതന്നെ ഇന്നു ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ സമ്മതമില്ലാതെ പ്രധാന പരിപാടികള്‍ അടിച്ചേല്പിക്കുവാന് ആധുനികരാഷ്ട്രത്തില്‍ സാധ്യമല്ല എന്ന നില വന്നിട്ടുണ്ട്.
മനുഷ്യാവകാശങ്ങള്‍-യു.എന്‍.-ന്റെ ആവിര്‍ഭാവശേഷം.
യു.എന്‍-ന്റെ സ്ഥാപനത്തിനു ശേഷം ലോകം മനുഷ്യാവകാശങ്ങള്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യണം എന്ന ചിന്താഗതിയിലേക്കു നീങ്ങിയിരിക്കുകയാണ്. 17-ാം ശ.-ത്തില്‍ സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങളെപ്പറ്റി ഒരു കാഴ്ചപ്പാട് ഇല്ലായിരുന്നു. എന്നാല്‍ ഇന്നു സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങള്‍ ഉറപ്പുചെയ്യാത്ത ഒരു മനുഷ്യാവകാശപ്രഖ്യാപനത്തെക്കുറിച്ച് ചിന്തിക്കുവാന്‍ സാധ്യമല്ല. 17-ാം ശ. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു പ്രാധാന്യം കൊടുത്തെങ്കില്‍ ആധുനികലോകം എല്ലാ വ്യക്തികളും തുല്യരാണ് എന്ന സിദ്ധാന്തത്തിനു വിലകല്പിക്കുന്നു. യു.എന്‍. 1948-ല്‍ അംഗീകരിച്ച മനുഷ്യാവകാശപ്രഖ്യാപനം എല്ലാവര്ക്കും ജോലിചെയ്യാനും തൊഴില്‍ ലഭിക്കുവാനും ന്യായമായ വേതനം ലഭിക്കുവാനും ട്രേഡ്യൂണിയനുകളില്‍ ചേരുവാനും ഉള്ള അവകാശങ്ങള്‍ പ്രഖ്യാപിക്കുന്നു; അതേസമയംതന്നെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുള്ള അവകാശവും പ്രഖ്യാപിക്കുന്നുണ്ട്. 17-ാം ശ.-ത്തിലെയും 20-ാം ശ.-ത്തിലെയും ചിന്താഗതികള്‍ ഉള്കൊള്ളിച്ചുകൊണ്ടുള്ള മനുഷ്യാവകാശപ്രഖ്യാപനത്തിലെ ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ അതിനാവശ്യമുള്ള രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സംവിധാനം ആവശ്യമാണ്.
പാശ്ചാത്യരാജ്യങ്ങളിലും ജപ്പാനിലും ഇന്നു ക്ഷേമരാഷ്ട്രം അംഗീകൃതമായിട്ടുള്ളതുകൊണ്ട് സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ചുറ്റുപാടുകള്‍ ഈ രാജ്യങ്ങളിലുണ്ട്. എന്നാല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിന്‍ അമേരിക്കയിലെയും വികസ്വരരാജ്യങ്ങളില്‍ ക്ഷേമരാഷ്ട്രം എന്ന ആദര്‍ശം ഒരു സ്വപ്നമായി അവശേഷിക്കുന്നതേയുള്ളു. സമ്പന്ന രാഷ്ട്രങ്ങളും ദരിദ്രരാഷ്ട്രങ്ങളും തമ്മിലുള്ള വിടവ് നികത്താതെ മനുഷ്യാവകാശപ്രഖ്യാപനത്തിലെ ലക്ഷ്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധ്യമല്ല. അതുപോലെതന്നെ അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഓരോ രാജ്യത്തിലെയും രാഷ്ട്രീയവ്യവസ്ഥിതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഭരണഘടനയില്‍ ഏതെല്ലാം വകുപ്പുകളുണ്ടെങ്കിലും ഒരു രാജ്യത്തിലെ രാഷ്ട്രീയവ്യവസ്ഥിതി അനുകൂലമായാല്‍ മാത്രമേ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ പരിരക്ഷിക്കുവാന്‍ സാധിക്കുകയുള്ളു. ജനായത്തസമ്പ്രദായം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍പ്പോലും യുദ്ധകാലപരിതഃസ്ഥിതിയിലും അടിയന്തിരാവസ്ഥയിലും അഭിപ്രായപ്രകടനസ്വാതന്ത്ര്യം പരിമിതപ്പെടുന്നതു സാധാരണമാണ്. ചുരുക്കത്തില്‍ സാമ്പത്തികാവകാശങ്ങള്‍ ഒരു രാജ്യത്തിന്റെ സാമ്പത്തികശേഷിയെയും പുരോഗതിയെയും ആശ്രയിച്ചിരിക്കുന്നു. രാഷ്ട്രീയാവകാശങ്ങളും സാമൂഹികാവകാശങ്ങളും ആ രാഷ്ട്രത്തിലെ പൊതുജനാഭിപ്രായത്തെ ആശ്രയിക്കാതെ തരമില്ല.
അവസാനം പരിഷ്കരിച്ചത് : 5/13/2020
അഗ്നി പർവതത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ
വ്യത്യസ്തമായ അറിവുകള്‍
കൂടുതല്‍ വിവരങ്ങള്‍
അക്കൌണ്ടന്‍സി - വിശദ വിവരങ്ങൾ