ജീവിതവിജയത്തിന്റെ ഒരു പ്രധാനഘടകമാണ് ലക്ഷ്യബോധം. അഭിരുചിയ്ക്ക് ഇണങ്ങിയ അവസരങ്ങള്‍ തിരഞ്ഞെടുത്ത് മുന്നോട്ടു പോകാനും ഉയരങ്ങള്‍ കീഴടക്കാനും പഠനകാലയളവില്‍ തന്നെ കുട്ടികളില്‍ ലക്ഷ്യബോധം വളര്‍ത്തേണ്ടത് അനിവാര്യമാണ്. മലയാളികള്‍ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായാണ് ചെലവിടുന്നത്. എന്നാല്‍ മികച്ച കോഴ്സുകളും സ്ഥാപനങ്ങളും കണ്ടെത്തി മക്കളെ അവിടെ പഠിക്കാന്‍ അയച്ചതു കൊണ്ടു മാത്രം കാര്യമില്ല. പഠനത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ക്ക് പ്രചോദമേകുന്ന വഴികാട്ടികള്‍ കൂടിയാകണം രക്ഷിതാക്കള്‍. മികച്ച പഠനസൗകര്യങ്ങളുടെ അഭാവം മൂലമല്ല മറിച്ച് കൃത്യമായ ലക്ഷ്യബോധമില്ലാത്തതിനാലാണ് ഭൂരിഭാഗം കുട്ടികളും പഠനത്തിലും ജീവിതത്തിലും പരാജയപ്പെടുന്നത്. ലക്ഷ്യങ്ങളില്ലാത്ത ജീവിതം തുഴയില്ലാത്ത തോണി പോലെയാണ്. കാലവും സമയവും തെറ്റി ദിശയറിയാതെ നീങ്ങുന്ന തോണി ഒടുവില്‍ എവിടേയും എത്തിച്ചേരാതെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നു. ഇതുപോലെ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ ഏതെങ്കിലും കോഴ്സില്‍ ചേര്‍ന്ന് ഒടുവില്‍ ജോലി ലഭിക്കാതെ വരികയോ പഠിച്ച മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ജോലിയില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന അനേകം പേരുണ്ട്. പഠനാരംഭത്തില്‍ തന്നെ ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കാത്തതിന്റെ പ്രശ്നമാണിത്.
" അവള് ഒന്നും പഠിക്കുന്നില്ല. പരീക്ഷ അടുത്തു വരുന്തോറും എന്റെയുള്ളില്‍ ഭീതിയാണ് " പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന മകളെ കുറിച്ച് ഒരമ്മയുടെ പരാതിയായിരുന്നു ഇത്. പത്താം ക്ലാസ് വരെ ഉത്സാഹിച്ചു പഠിച്ചിരുന്നു അവള്. തുടര്‍പഠനത്തിന് സയന്‍സ് ഗ്രൂപ്പ് തിരഞ്ഞെടുത്തു. എന്നാല്‍ പിന്നീട് ഇങ്ങോട്ട് പഠനത്തില്‍ തീരെ ശ്രദ്ധ ഇല്ലാതായി. ചിലപ്പോഴൊക്കെ പെട്ടന്ന് ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യും. അവള്‍ക്ക് എന്തു പറ്റിയെന്ന് മനസ്സിലാകുന്നതേയില്ല-ആ അമ്മ വിഷമത്തോടെ പറഞ്ഞു. കുട്ടിയുമായി സംസാരിച്ചപ്പോള്‍ അവള് അത്യധികം മാനസികപിരിമുറുക്കം അനുഭവിക്കുന്നതായി മനസ്സിലായി. പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് നേടിയെങ്കിലും തുടര്‍ന്ന് എന്ത് പഠിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ലക്ഷ്യവും അവളുടെ മനസ്സിലുണ്ടായിരുന്നില്ല. മാനവികവിഷയങ്ങളോടാണവള്ക്ക് ആഭിമുഖ്യമുണ്ടായിരുന്നതെങ്കിലും മാതാപിതാക്കളും കൂട്ടുകാരും സയന്‍സ് തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് ഉപദേശിച്ചപ്പോള്‍ അവള് കൂടുതല്‍ ചിന്തിക്കാതെ അതിന് ചേരുകയായിരുന്നു. കണക്കുകൂട്ടിയതിലും ഏറെ പഠിക്കാനുണ്ടായിരുന്നു. ഉന്നതവിജയം നേടിയ കുട്ടികള്‍ മാത്രമുള്ള ക്ലാസില്‍ ഒപ്പമെത്താന്‍ ഏറെ അധ്വാനിക്കേണ്ടിയിരുന്നു. എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ നടത്താതിരുന്നതിനാല്‍ അവള് പലപ്പോഴും പിറകോട്ടു പോയി. ഇതു തനിക്കു പറ്റിയ ഗ്രൂപ്പ് അല്ല എന്ന തോന്നല്‍ മനസ്സില്‍ നിറഞ്ഞു. അധ്യയനവര്‍ഷം മുന്നോട്ടു പോകുന്തോറും കുട്ടിയുടെ ഉള്ളില്‍ ആധിയായി. പരാജയപ്പെടുകയാണോ എന്ന ചിന്ത അവളെ അലട്ടി. പ്രശ്നങ്ങള്‍ ശരിയായി മനസ്സിലാക്കാതിരുന്ന മാതാപിതാക്കളാകട്ടെ അപ്പോഴും പഠിക്കാന്‍ മാത്രം നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഉറച്ച ലക്ഷ്യബോധമോ തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവമോ ഇല്ലാതെ പോയതിനാലാണ് പത്താംക്ലാസിനു ശേഷം എന്തെങ്കിലും പഠിക്കുക എന്ന തീരുമാനത്തിലേയ്ക്ക് അവള് എത്തിച്ചേര്‍ന്നത്. മാതാപിതാക്കളാണ് കുട്ടികളുടെ ശരിയായ അഭിരുചിയും, താല്‍പ്പര്യവും, കഴിവും മനസ്സിലാക്കി വഴികാട്ടേണ്ടവര്‍. ഈ പ്രായത്തില്‍ കുട്ടികളുടെ മനസ്സില്‍ വ്യക്തമായ ലക്ഷ്യബോധമില്ലാതിരിക്കുമ്പോള് അവരുടെ അഭിരുചിക്കും കഴിവിനുമനുസരിച്ച് ഒരു കോഴ്സ് തിരഞ്ഞെടുത്തു നല്‍കേണ്ട ഉത്തരവാദിത്ത്വം മാതാപിതാക്കള്‍ക്കുണ്ട്. കോഴ്സിന്റെ പ്രാധാന്യവും, സാധ്യതകളും വേണ്ടവിധം മനസ്സിലാക്കി കൊടുത്ത് പഠനം മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കേണ്ട ചുമതലയും മാതാപിതാക്കള്‍ക്കാണ്. ഈ കുട്ടിയുടെ കാര്യത്തില്‍ കോഴ്സ് തിരഞ്ഞെടുത്ത് ഒരു വര്‍ഷം പിന്നിട്ടതിനാല്‍ അതുമായി മുന്നോട്ടു പോകുക എന്നതാണ് പ്രായോഗികമായ തീരുമാനം. ബിരുദത്തിന് ഇംഗ്ലീഷ് ഐച്ഛികവിഷയമായി തിരഞ്ഞെടുക്കാനാണ് അവള്‍ക്ക് താത്പര്യം. സയന്‍സ് ഗ്രൂപ്പില്‍ പഠനം പൂര്‍ത്തിയാക്കിയാലും ബിരുദത്തിന് ഇംഗ്ലീഷ് തിരഞ്ഞെടുക്കാന്‍ കഴിയും. എന്നാല്‍ അതിന് പന്ത്രണ്ടാം ക്ലാസ് മികച്ചനിലയില്‍ വിജയിക്കണം. എങ്കില്‍ മാത്രമേ തുടര്‍പഠനത്തിന് അഡ്മിഷന് ലഭിക്കൂ. നന്നായി പഠിച്ചാല്‍ ക്ലാസിലെ മറ്റു കുട്ടികളെ പോലെ അവള്‍ക്കും മുന്നിലെത്താവുന്നതേയുള്ളൂ എന്ന് പറഞ്ഞു മനസ്സിലാക്കി. ഇപ്പോള്‍ അവളുടെ ഉള്ളില്‍ ഒരു ലക്ഷ്യമുണ്ട്. ഇഷ്ടപ്പെട്ട കോളേജില്‍ മെറിറ്റ് സീറ്റില്‍ തന്നെ ബിരുദത്തിന് അഡ്മിഷന് നേടണം. അതു നേടിയെടുക്കാനായി ഓരോ ദിവസവും അധ്വാനിക്കുന്നു. അവള് മികച്ച വിജയം നേടുമെന്ന് ആ കുട്ടിയുടെ മാതാപിതാക്കളെ പോലെ ഞാനും വിശ്വസിക്കുന്നു "
ശരിയായ ലക്ഷ്യത്തിലേയ്ക്ക് മനസ്സു കേന്ദ്രീകരിച്ചാല്‍ വിജയം സുനിശ്ചിതമാണ്. ലക്ഷ്യം എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഓരോ കുട്ടിയുടേയും അഭിരുചികളില്‍ വ്യത്യാസമുണ്ടാകും. എന്നാല്‍ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഏതു രംഗത്താണോ മികച്ച തൊഴില്‍സാധ്യതകള്‍ നിലനില്‍ക്കുന്നത് അവിടേയ്ക്ക് അവരെ അയക്കാനാണ് മാതാപിതാക്കള്‍ പൊതുവേ താത്പര്യം കാണിക്കുന്നത്. ഇത് തീര്‍ത്തും തെറ്റായ ഒരു പ്രവണതയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഒരു തൊഴില്‍ അല്ലെങ്കില്‍ വരുമാനം അത്യാവശ്യമാണെന്നത് സത്യമാണ്. പക്ഷേ എന്നു കരുതി എളുപ്പം ജോലികിട്ടുന്ന ഒരു മേഖലയിലേയ്ക്ക് മക്കളെ തിരിച്ചുവിട്ടേക്കാം എന്ന് ചിന്തിക്കരുത്. നന്നായി വരയ്ക്കാന്‍ കഴിവുള്ള ഒരു കുട്ടിയ്ക്ക് ആ മേഖലയില്‍ ഇന്ന് മികച്ച തൊഴില്‍സാധ്യതകളുണ്ട്. മറിച്ച് അവനെ നിര്‍ബന്ധപൂര്‍വം ഡോക്ടറാക്കാന്‍ അയച്ചാല്‍ പരാജയപ്പെട്ടു എന്നു വരാം. ചെറിയ ക്ലാസുകളില്‍ തുടങ്ങി അവരുടെ ഇഷ്ടങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ താത്പര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഭാവിയില്‍ മകളെ ഒരു ഡോക്ടറാക്കണം എന്നത് രക്ഷിതാവിന്റെ ഒരു ആഗ്രഹം മാത്രമാണ്. എന്നാല്‍ കുട്ടിയ്ക്ക് ആ ജോലിയോട് ആഭിമുഖ്യം ഉണ്ടാകണമെന്നില്ല. അങ്ങനെ വരുമ്പോള്‍ കുട്ടിയെ നിര്‍ബന്ധിച്ച് മെഡിസിന് അയക്കുന്നതിന് പകരം അവര്‍ക്ക് ഇഷ്ടമുള്ളത് പഠിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഒരു ജോലി എന്നതിനപ്പുറം കുട്ടികളെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കാം. ഒരു ഡോക്ടറാകണമെന്ന് തീരുമാനിക്കുന്ന കുട്ടിയെ രോഗികളോട് കരുണയും സ്നേഹവും കാണിക്കുന്ന ഒരു നല്ലൊരു മനുഷ്യന് കൂടിയാക്കി വളര്‍ത്തിയെടുക്കണം. ചെയ്യുന്ന ജോലിയില്‍ നൈപുണ്യമുണ്ടായിരിക്കെ തന്നെ സഹജീവികളോട് നല്ലരീതിയില്‍ ഇടപഴകാനും സമൂഹത്തില്‍ ഇടപെടലുകള്‍ നടത്താനും കഴിയുന്ന ഒരു വ്യക്തിയായി മാറാന്‍ കഴിയണം.
ഓരോ പുതുവര്‍ഷം എത്തുമ്പോഴും നാം ഓരോരുത്തരും പുതിയ പ്രതിജ്ഞകള്‍ എടുക്കും. എന്നാല്‍ വര്‍ഷാവസാനം എത്തുമ്പോള്‍ അത് പാലിച്ചവരുടെ എണ്ണം വിരലിലെണ്ണാവുന്നത്രയേ ഉണ്ടാകൂ. നമ്മുടെ ആരുടേയും കുറ്റം കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. ഒരു വര്‍ഷമെന്നത് വലിയൊരു കാലയളവാണ്. അപ്പോള്‍ ഒരു വര്‍ഷം കൊണ്ട് ചെയ്തു തീര്‍ക്കേണ്ട കാര്യത്തിന് വലിയൊരു സമയം തന്നെ മുന്നിലുണ്ട്. ദൈനംദിന ജീവിതത്തിനിടയ്ക്ക് ഒരു വര്‍ഷം കൊണ്ട് പാലിക്കേണ്ട സംഗതി ഒതുക്കപ്പെട്ടു പോകുന്നു. അടുത്ത പുതുവര്‍ഷം എത്തുമ്പോള്‍ നിങ്ങള്‍ വലിയ പ്രതിജ്ഞയെ ചെറിയ ഭാഗങ്ങളാക്കി വിഭജിക്കണം. ഉദാഹരണത്തിന് അടുത്ത ഒരു വര്‍ഷം കൊണ്ട് ഹിന്ദി പഠിക്കുമെന്നാണ് തീരുമാനിക്കുന്നതെങ്കില്‍ അതിനെ ഇങ്ങനെ വിഭജിക്കാം. ആദ്യ ദിവസം ഇത്ര അക്ഷരങ്ങള്‍ പഠിക്കും. ഒരാഴ്ച കൊണ്ട് ഇത്ര വാക്കുകള്‍ പഠിക്കും. ഒരു മാസത്തിനുള്ളില്‍ ഇത്ര ഹിന്ദി പുസ്തകങ്ങള്‍ വായിക്കും, ഇത്ര ഹിന്ദി സിനിമകള്‍ കാണും. ഇത്തരത്തില്‍ താത്കാലികമായ ലക്ഷ്യങ്ങള്‍ക്കും ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. വലുതാകുമ്പോള്‍ ഐ.എ.എസ് എഴുതിയെടുക്കണമെന്നത് ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ പ്രധാന തീരുമാനമാണ്. എന്നാല്‍ ആ ലക്ഷ്യത്തിലേയ്ക്ക് എത്താനായി ഓരോ ദിവസവും പൂര്‍ത്തീകരിക്കേണ്ട ചെറിയ കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ ഓരോ ദിവസവും ചെയ്യേണ്ട പ്രവര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പക്ഷം ജീവിതം അലസമായി മുന്നോട്ടു പോകും. ഒന്നും ചെയ്യാനില്ലാത്ത ഒരാള്‍ക്ക് ജീവിതം യാന്ത്രികവും വിരസവുമായി തോന്നാം. എന്നാല്‍ വ്യക്തമായ ലക്ഷ്യങ്ങളുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ജീവിതം ആനന്ദപ്രദമായിരിക്കും. ഓരോ ദിവസവും നിറവേറ്റാനുള്ള കര്‍ത്തവ്യങ്ങള്‍ അയാളെ ഉേډഷവാനാക്കും. ചെറിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയുന്നതിനോടൊപ്പം ആത്മവിശ്വാസവും പതിډടങ്ങ് വര്‍ദ്ധിക്കും. എന്തെങ്കിലും നേടണമെന്ന് കൃത്യമായ ബോധ്യമുള്ള വ്യക്തി അതില്‍ മാത്രമാകും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മഹാഭാരതത്തില്‍ അര്ജുനനോട് ദ്രോണാചാര്യര്‍ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നല്കിയ ഉത്തരവും ഇവിടെ പ്രസക്തമാണ്. വൃക്ഷത്തിന് മുകളിലെ കിളിയുടെ കണ്ണിലേയ്ക്ക് അസ്ത്രം പായിക്കാന്‍ ദ്രോണാചാര്യര്‍ ശിഷ്യരോട് ആവശ്യപ്പെടുകയുണ്ടായി. പിന്നീട് അദ്ദേഹം ശിഷ്യരില്‍ ഓരോരുത്തരോടും നിങ്ങള്‍ എന്തു കാണുന്നു എന്ന് ചോദിച്ചു. ബാക്കി ശിഷ്യരെല്ലാം ആകാശവും വൃക്ഷവും കിളിയേയും കണ്ടപ്പോള്‍ അര്ജുനന് തന്റെ ലക്ഷ്യമായ കിളിയുടെ കണ്ണ് മാത്രമാണ് കാണുന്നതെന്ന് മറുപടി നല്കി. ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യബോധമുള്ള ഓരോ വ്യക്തിയുടേയും മറുപടി ഇത്തരത്തിലായിരിക്കും. പഠനത്തിനിടെ പലകാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിയുമ്പോള്‍ നഷ്ടപ്പെടുന്ന ഊര്‍ജം വലുതാണ്. എന്നാല്‍ നേടിയെടുക്കേണ്ട കാര്യങ്ങളില്‍ മാത്രം മനസ്സ് അര്‍പ്പിക്കുമ്പോള്‍ ലക്ഷ്യത്തിലേയ്ക്ക് വളരെ പെട്ടന്ന് നടന്നെത്താന്‍ സാധിക്കുന്നു.
ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വ്യക്തമായ ആസൂത്രണവും അതിനനുസരിച്ചുള്ള പരിശ്രമവും ആവശ്യമാണ്.
1. ഭാവിയില്‍ ഏതുമേഖലയിലേയ്ക്ക് പോകണം എന്നതിനെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകണം. കുട്ടിയുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ സഹായിക്കണം. തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്സിനെ പറ്റി ചിലപ്പോള്‍ കുട്ടിയ്ക്കോ രക്ഷിതാവിനോ കൂടുതല്‍ അറിവുണ്ടാകണമെന്നില്ല. അ്ങ്ങനെ വരുമ്പോള്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയോ മികച്ച കരിയര്‍ ഗൈഡന്‍സ് സ്ഥാപനങ്ങളുടേയോ സഹായം തേടാം. കുട്ടിയ്ക്ക് ഇഷ്ടപ്പെട്ട കോഴ്സിന് ചേരുമ്പോള്‍ തന്നെ അതിന്റെ എല്ലാവശങ്ങളേയും കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കണം. പല ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനും ക്ഷമയോടെ രോഗികളെ ശുശ്രൂക്ഷിക്കാനും സന്നദ്ധതയുള്ള ഒരാള്‍ക്കു മാത്രമേ നഴ്സിങ് മേഖലയില്‍ ശോഭിക്കാനാകൂ. ഇതു കണക്കിലെടുക്കാതെ വിദേശത്തു പോകാനായി മാത്രം നഴ്സിങ് പഠിച്ചാല്‍ ചെയ്യുന്ന ജോലിയില്‍ ഒരി്ക്കലും സംതൃപ്തിയോ സന്തോഷമോ ഉണ്ടാകില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവിടേണ്ട ജോലിസ്ഥലം നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അല്ലെങ്കില്‍ കൂടിയും പൊരുത്തപ്പെട്ടു പോകാന്‍ കഴിയുന്നതെങ്കിലുമാകണം. നൃത്തം, സംഗീതം, എഴുത്ത് തുടങ്ങിയ മേഖലകളിലേയ്ക്ക് തിരിയുമ്പോള്‍ പ്രായോഗികതലങ്ങള് കൂടി ചിന്തിക്കണം. മുഴുവന്‍ സമയവും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമോ സാഹചര്യമോ ഇല്ലെങ്കില്‍ സ്ഥിരവരുമാനം ലഭിക്കുന്ന ഒരു തൊഴിലിനൊപ്പം ഹോബിയെന്ന രീതിയില്‍ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലയില്‍ എത്തിപ്പെടാന്‍ എന്തൊക്കെ യോഗ്യതകളാണ് വേണ്ടത് എന്നും കൃത്യമായി അറിഞ്ഞിരിക്കണം. ബാങ്ക് ലോണെടുത്ത് എഞ്ചിനീയറിങ് ബിരുദമെടുത്ത വിദ്യാര്‍ത്ഥികളില്‍ പലരും പിന്നീട് ബാങ്ക് ക്ലര്‍ക്ക് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നു. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലുമൊരു ബിരുദം മതിയെന്നിരിക്കെ ലക്ഷങ്ങള്‍ മുടക്കി എഞ്ചിനീയറിങ് പഠിക്കേണ്ട ആവശ്യമില്ല. ലക്ഷ്യത്തെ കുറിച്ച് വ്യക്തതയില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ താത്പര്യമുള്ള മേഖലയിലേയ്ക്ക് തിരിയും മുന്‍പേ പറ്റാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കുക. നന്നായി വിശകലനം ചെയ്ത ശേഷം മാത്രം മുന്നോട്ടു പോകുക.
2. ഭാവിയെ കുറിച്ച് തീരുമാനമെടുക്കും മുന്‍പ് ഒരു സ്വയം വിലയിരുത്തല്‍ ആവശ്യമാണ്. സ്വന്തം പരിമിതികളും കഴിവുകളും മനസ്സിലാക്കാന്‍ ഇതു സഹായിക്കും. സ്വന്തം പരിമിതികള്‍ മനസ്സിലാക്കി കൊണ്ടു വേണം മുന്നോട്ടു പോകാന്‍. ഉദാഹരണത്തിന് സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയ്ക്ക് ആ മേഖലയില്‍ നിരവധി അവസരങ്ങളുണ്ട്. അതേസമയം മൃഗങ്ങളെ പരിപാലിക്കാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയ്ക്ക് വെറ്റിനറി ഡോക്ടര്‍ ആകാന്‍ സാധിക്കില്ല.
3. ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിലേയ്ക്ക് എത്തിച്ചേരാനുള്ള ക്രിയാത്മക നടപടികള്‍ പ്ലാന്‍ ചെയ്യണം. ഉദാഹരണത്തിന് ഭാവിയില്‍ മത്സരപ്പരീക്ഷകള് എഴുതാന്‍ തയ്യാറെടുക്കുന്നുവെങ്കില്‍ അതിന്റെ സിലബസ് മനസ്സിലാക്കി പതിയെ പഠനം തുടങ്ങാം.
4. ലക്ഷ്യത്തോട് എത്രത്തോളം അടുത്തു എന്ന് ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. കൂടുതല്‍ പരിശ്രമിക്കാനും മുന്നോട്ടു പോകാനും ഇതു സഹായിക്കും.
5. ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന് തടസ്സമായിട്ടുള്ള എല്ലാത്തിനേയും മറികടക്കുക. ശ്രദ്ധപതറിപ്പോകുന്ന വിഷയങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി നേടണം.
6. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ശക്തി മനസ്സില്‍ തന്നെയുണ്ട്. താത്കാലിക പരാജയങ്ങള്‍ ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരാനുള്ള ചവിട്ടുപടികള്‍ മാത്രമാണ്. "
അവസാനം പരിഷ്കരിച്ചത് : 7/27/2020
ഇന്ത്യൻ റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ഇന്ത്യയിലെ സംസ്ഥാനങ്ങളും അതിന്റെ തലസ്ഥാനങ്ങളും