നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും , വീട്ടുമുറ്റത്തും സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം നടത്താറുണ്ട്. കുരുത്തോല കൊണ്ട് അലങ്കരിച്ച പന്തലിനുള്ളിൽ സർപ്പത്തിന്റെ കളം വരച്ചാണ് ഇത് അരങ്ങേറുക. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാൾ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.
തിരുവിതാംകൂറിൽ, പ്രത്യേകിച്ച് കൊല്ലത്തിനു തെക്കുള്ള പ്രദേശങ്ങളിൽ, ദീർഘകാലമായി പ്രചാരത്തിലുണ്ടായിരുന്നതും ഇപ്പോഴും നിശ്ശേഷം കുറ്റിയറ്റു പോയിട്ടില്ലാത്തതുമായ നാടൻപാട്ടുസംസ്കാരങ്ങളെ മൊത്തമായി വിവക്ഷിക്കുന്ന പേരാണു് തെക്കൻപാട്ടുകൾ.
തിരുവനന്തപുരത്തിനു തെക്കുള്ള പ്രദേശങ്ങളിൽ വില്ലടിച്ചാൻപാട്ടിന് പ്രചാരം കൂടുതലുണ്ട്. ദേവസ്തുതികളും ചരിത്രസംഭവങ്ങളും ഇവയ്ക്കു വിഷയമായിട്ടുണ്ട്.നാട്ടിൽ പ്രമാണിമാരായിട്ടുള്ളവരോ അവരുടെ കുടുംബാംഗങ്ങളോ അപമൃത്യുവിന് ഇരയായാൽ ഗതികിട്ടാതെ ആത്മാക്കൾ മാടൻ, യക്ഷി മുതലായ രൂപത്തിൽ അലഞ്ഞുതിരിയുമെന്നും അവരുടെ പ്രീതിക്കുവേണ്ടി ഇത്തരം ഗാനങ്ങൾ ആലപിക്കണമെന്നും ഉള്ള വിശ്വാസം.
തിരുവിതാംകൂർ രാജാവായിരുന്ന കുലശേഖരന്റെ മന്ത്രിയായിരുന്ന ഇരവിക്കുട്ടിപ്പിള്ള കണിയാംകുളം പോരിന് പോകുന്നതുമുതൽ മരിക്കുന്നതുവരെയും അതിനുശേഷമുള്ള സംഭവങ്ങളും ഈ കാവ്യത്തിലുണ്ട്. മധുര തിരുമലനായിക്കൻറെ സേനാപതിയായ രാമപ്പയ്യന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ കുലശേഖരൻറെ ഏഴു മന്ത്രിമാരിൽ ഒരാളായ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള നേരിട്ടെതിർക്കുകയും രാമപ്പയ്യന്റെ വഞ്ചനയിലൂടെ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെ ആസ്പദമാക്കിയാണ് ഈ കഥാകാവ്യം രചിക്കപ്പെട്ടിട്ടുള്ളത്. ഹൃദയസ്പൃക്കായ കാവ്യമാണിത്.
വള്ളിയൂരു ഭരിച്ചിരുന്ന പാണ്ഡ്യവംശജനായ കുലശേഖര രാജാവു നടത്തേണ്ടി വന്ന യുദ്ധവുമായി ബന്ധപ്പെട്ടുള്ള പാട്ട്. കാഞ്ചീപുരത്തിനു വടക്കുള്ള കന്നടിയാൻ എന്ന വടുകരാജാവുമായിട്ടായിരുന്നു യുദ്ധം. കന്നടിയാൻറെ മകളുടെ പ്രണയത്തെ കുലശേഖരൻ നിരസിച്ചതാണ് യുദ്ധകാരണം. യുദ്ധത്തിൽ കൊല്ലപ്പെട്ട കുലശേഖരന്റെ ചിതയിൽ സതിയനുഷ്ഠിച്ച് കന്നടിയാന്റെ പുത്രി മരിക്കുകയും ചെയ്തു.
വേണാട്ടിലെ നാടുവാഴികൾ തമ്മിലുണ്ടായിരുന്ന കുടിപ്പക പ്രതിപാദിക്കുന്നു. സകലകുലമാർത്താണ്ഡവർമ്മ, പലകല ആദിത്യവർമ്മ, പരരാമർ, പരരാമാദിത്യർ, വഞ്ചി ആദിത്യവർമ്മ എന്നിങ്ങനെ അഞ്ചു നാടുവാഴികൾ തമ്മിലുള്ള കലഹമാണ് പ്രതിപാദ്യം.
കാർത്തികതിരുനാൾ രാമവർമരാജാവിന്റെ തീർത്ഥയാത്രയെക്കുറിച്ചുള്ളത്.
ഇടനാടൻ എന്ന പുലയയുവാവിന്റെ വീരകൃത്യങ്ങൾ വർണിക്കുന്നു. പതിനഞ്ചാം ശതകത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. തന്റെ കാര്യശേഷി കൊണ്ട് തണ്ണീർമുക്കത്ത് ചുങ്കം പിരിക്കുന്നതാണ് പാട്ടിലെ പ്രമേയം
പവഴനല്ലൂർ അമ്മയപ്പൻ കോവിലിലെ ശാന്തിക്കാരനും ക്ഷേത്രത്തിലെ ദാസിയും തമ്മിലുള്ള ബന്ധവും പ്രത്യേക സാഹചര്യത്തിൽ അവളെ കൊന്നതുമായി ബന്ധപ്പെട്ടതാണിത്.
തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു നാടോടികലാരൂപമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന് പേരുകളുണ്ട്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി വിൽക്കലാമേള എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു.
ചരിത്രം
തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻതറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. 'ഏടുവായന' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ് വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി മാറി.
ഉപകരണങ്ങൾ
വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ് വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചുതുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കിയിരിക്കും.
വില്ല്
വില്ലാണ് വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. ഇതിന് മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്. കരിമ്പനത്തടി വെട്ടിമിനുക്കിയാണ് വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളിൽ വ്യാസം കുറവായിരിക്കും. നീളത്തിൽ തോലോ ചരടോകൊണ്ടുള്ള ഞാണാണ് ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടിൽ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.
വീയൽ
വീയൽ അഥവാ വീശുകോൽ ഞാണിന്മേൽ തട്ടി ശബ്ദമുണ്ടാക്കിയാണ് പാട്ട് അവതരിപ്പിക്കുന്നത്. വില്ലിന്റെ രണ്ടുപുറത്തും വീയലടിക്കാൻ ആളുണ്ടാകും. വീയലിന്റെ മദ്ധ്യത്തിലും മണി കെട്ടിയിരിക്കും. ഞാണിന്റെ കമ്പനവും മണികളുടെ കിലുക്കവും ഹൃദ്യമായ സംഗീതാനുഭവമുണ്ടാക്കുന്നു. പാട്ടിനിടയിൽ വീയൽ കറക്കിയെറിഞ്ഞ് പിടിക്കുക തുടങ്ങിയ അഭ്യാസങ്ങൾ പാട്ടുകാരുടെ സാമർത്ഥ്യപ്രകടനത്തിനുള്ള അവസരമാണ്.
കുടം
കുടത്തിന്റെ കഴുത്തിൽ വില്ലിന്റെ അറ്റം ഞാൺ മുകളിൽ വരത്തക്ക വിധമാണ് അനുഷ്ഠാന വില്പാട്ടുകളിൽ കുടത്തിന്റെ സ്ഥാനം. കളിമൺകുടമാണ് ഉപയോഗിക്കുന്നത്. വയ്ക്കോൽ ചുരണയിൽ വെച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേർത്തുപിടിക്കുകയും കുടത്തിന്റെ വായിൽ വട്ടത്തിൽ വെട്ടിയ കമുകിൻപാള കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയുംചെയ്യുന്നു.
ജാലർ
ഇലത്താളത്തിന്റെ ചെറിയ രൂപമാണ് ജാലർ. ചിങ്കി, താളം എന്നൊക്കെ ഇതിനു പേരുകളുണ്ട്.
ഉടുക്ക്
വില്ലുപാട്ടിന് ജീവൻ നൽകുന്ന വാദ്യോപകരണമാണ് ഉടുക്ക് എന്നുപറയാം.
താളക്കട്ടകൾ
ഒരിഞ്ച് വണ്ണവും മൂന്നിഞ്ച് വീതിയും ആറിഞ്ച് നീളവും ഉള്ള മരക്കട്ടകളാണ് വില്ലുപാട്ടിലുപയോഗിക്കുന്ന താളക്കട്ടകൾ. തപ്പളാംകട്ട എന്ന് നാട്ടുരീതിയിൽ ഇതിനെ പറഞ്ഞുവരുന്നു.
പാട്ടുകൾ
ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ് വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളിൽ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്തകഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകളെ ഉടച്ചുമിനുക്കിയാണ് മിക്കവാറും വില്ലുപാട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാൻ പാട്ടുകൾ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കൻപാട്ടുകളിൽ ഇവ്വിധം കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂർവപാഠത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കൻപാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്, നീലികഥ, ഭൂതത്താൻപാട്ട് എന്നിവ ഇത്തരത്തിൽ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കുചേലവരലാഭ, ചിത്തിരപുത്രനയനാർക്കഥ, അയോധ്യകഥ, കോവിലൻ ചരിതം തുടങ്ങിയവ വില്ലുപാട്ടുകൾക്കുപയോഗിച്ചുവരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും. സ്തുതി, ഒപ്പാര്, കുമ്മി, ദേശവർണ്ണനകൾ ഇവ ഇടകലർത്തി പാട്ടുകൾ രചിക്കാൻ സമർത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തിൽ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിൻകര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണൻ, അഗസ്തീശ്വരം ആറുമുഖപ്പെരുമാൾ തുടങ്ങിയവർ പ്രസിദ്ധരായിത്തീർന്ന ആശാന്മാരണ്.
ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവൻ എന്നുവിളിക്കുന്നു. ചില പുലവന്മാർ ആശാന്മാരുമായിരിക്കും.തോവാള സുന്ദരംപിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവർ പുലവനാശാന്മാരാണ്. നല്ല ശബ്ദവും രാഗതാളബോധവുമുള്ളവരാണ് പുലവന്മാർ. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവർ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുക.
താരാട്ട്, ഒപ്പാര്, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ് പാട്ടു പാടിവന്നത്. പിൽക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദർഭാനുസാരം രാഗങ്ങൾ വ്യത്യാസപ്പെടുത്തുന്നു പുലവന്മാർ.
അവതരണരീതി
അഞ്ചോ ഏഴോ അംഗങ്ങളാണ് പരമ്പരാഗതവില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. വില്ലിന്റെ ഒരറ്റത്താണ് പുലവൻ ഇരിക്കുക. മറ്റേയറ്റത്ത് കുടം കൊട്ടുന്നയാളും. രണ്ടുപേർക്കും തലക്കെട്ട് ഉണ്ടായിരിക്കും. ഉത്സവങ്ങളിൽ അനുഷ്ഠാനപരമായാണ് ഇത് അവതരിപ്പിക്കുന്നത്. കന്നിമൂലയിൽ തൂശനിലയിൽ നിലവിളക്കും നിറനാഴിയും സംഗീതോപകരണങ്ങളും വെച്ച് പൂജിച്ചതിനു ശേഷമാണ് പാട്ട് ആരംഭിക്കുക. അഞ്ചുമിനുട്ടോളം നേരം കൂട്ടയ മേളം നടത്തുകയും ദേവതാസ്തുതിയോടെ പാട്ടിലേക്ക് കറ്റക്കുകയും ചെയ്യുന്നു.
കാപ്പ്
താളമില്ലാതെ ദേവതാസ്തുതി നടത്തുന്നതിനാണ് കാപ്പ് എന്നുപറയുന്നത്.
നാമാവതരണം
കാപ്പിനുശേഷം വില്ലുപാട്ടിന്റെ പേര് അവതരിപ്പിക്കുന്നു. ചിലർ ഗദ്യത്തിലും ചിലർ പദ്യത്തിലുമാണ് ഇത് അവതരിപ്പിക്കുന്നത്.
ഗുരുസ്തുതി, സഭാവന്ദനം, ദേശസ്തുതി
ഗുരുവിന്റെ പേരും പെരുമയും പാട്ടിലൂടെ അവതരിപ്പിച്ചതിനു ശേഷം സഭാവന്ദനത്തിനുള്ള പാട്ടു പാടുന്നു. ശേഷം ദേശസ്തുതിയും വർണ്ണനയുമാണ്. മുൻകൂട്ടി തയ്യാറാക്കിയ പാട്ടിൽ ദേശപ്പേര് ചേർത്താണ് ദേശസ്തുതി നടത്തുന്നത്.
കഥാവതരണം
ശിവസ്തുതി, ശാസ്താസ്തുതി(അയ്യനാർ വാഴ്ത്ത്), കേൾക്കുന്നവർക്കും മറ്റുള്ളവർക്കുമുള്ള മംഗളം തുടങ്ങിയവയോടെ കഥ പറഞ്ഞുതുടങ്ങുന്നു. വിരുത്തം, പാടൽ, വചനം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. വിരുത്തങ്ങൾ ശ്ലോകങ്ങളെപ്പോലെ കഥാഗതിയെ സൂചിപ്പിക്കുന്ന ഈണമില്ലാത്ത വരികളാണ്. വചനം കഥാവിവരണവും.
കഥയ്ക്കിടയിൽ അല്പനേരം വിനോദത്തിനു നീക്കിവെക്കാറുണ്ട്. പിൻപാട്ടുകാർ രണ്ടു കക്ഷിയായിത്തിരിഞ്ഞ് പാട്ടുപാടി മത്സരിക്കുന്നു ഈ സന്ദർഭത്തിൽ. കക്ഷിപ്പാട്ട് എന്നും മത്സരപ്പാട്ട് എന്നുമൊക്കെ ഇതിനെ വിളിക്കുന്നു. ഒരു കക്ഷിയിലുള്ളവർ ഒരു രാഗത്തിലുള്ള പാട്ടുപാടുകയും മറുകക്ഷിക്കാർ അതേ രാഗത്തിൽ മറ്റൊന്ന് പാടുകയുംവേണം. ആദ്യകക്ഷി പാടിയതിന്റെ ഹാസ്യാനുകരണമാണ് രണ്ടാമത്തെ കക്ഷി നടത്തുക. ആധുനികകാലത്ത് ചലച്ചിത്രഗാനങ്ങളും ഇതിൽ ഇടംപിടിക്കുന്നു. പാരഡി ചൊല്ലാനാവാത്ത കക്ഷി പരാജയപ്പെടുന്നു.
പാട്ടിന്റെ ഇടയ്ക്ക് ചില പാട്ടുകെട്ടുകൾ പുതുതായി ചേർക്കുന്ന പതിവുണ്ട്. ഇടതിരി എന്നാണ് ഇത് അറിയപ്പെടുന്നത്. ശിഷ്യന്മാരാണ് ഇത് പാടുക. പുലവർക്ക് വിശ്രമത്തിനുള്ള സമയമാണിത്.
വാഴ്ത്തോടുകൂടി പാട്ട് അവസാനിപ്പിക്കുന്നു.
നവീനവില്പാട്ട്
കാൽ നൂറ്റാണ്ടുമുൻപ് കന്യാകുമാരി സ്വദേശിയായ തിരുവട്ടാർ ബാലൻപിള്ളയാണ് അനുഷ്ഠാനകലയായിരുന്ന വില്ലുപാട്ടിനെ ജനകീയകലയാക്കി മാറ്റാനുള്ള ആദ്യശ്രമം നടത്തുന്നത്. സംഘത്തിലെ എല്ലാവരും സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുക, ഹാർമോണിയം, തബല തുടങ്ങിയവ ഉപയോഗിക്കുക, പശ്ചാത്തലത്തിൽ നീലയവനിക ഉപയോഗിക്കുക തുടങ്ങിയവയാണ് അദ്ദേഹം വരുത്തിയ പ്രധാന മാറ്റങ്ങൾ. വില്ല് നിലത്ത് വെയ്ക്കുന്ന രീതിയാണ് മറ്റൊരു പരിഷ്കാരം. സംഘാംഗങ്ങളിൽ ആർക്കും പാടാൻ സ്വാതന്ത്ര്യംനൽകുകയും കഥാകഥനം മറ്റൊരു സംഘാംഗത്തെ ഏല്പിക്കുകയും സംഘാംഗങ്ങൾ ഏഴായി നിജപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ പ്രധാനിയാണ് വില്ലടിക്കുന്നത്.
നെയ്യാറ്റിൻകര കേശവൻ നായരാണ് മറ്റൊരു പരിഷ്കർത്താവ്. സംഘാംഗങ്ങളുടെ വേഷവിധാനത്തിലാണ് അദ്ദേഹം മാറ്റംവരുത്തിയത്. നിറമുള്ള കിന്നരിക്കുപ്പായം, പട്ടുതലക്കെട്ട്, പവിഴമാല തുടങ്ങിയ ആടയാഭരണങ്ങളിലൂടെ വില്ലുപാട്ടിന് ദൃശ്യാനുഭൂതി നൽകി അദ്ദേഹം. നെയ്യാറ്റിൻകരയിൽ അദ്ദേഹം സ്ഥാപിച്ച 'യുഗസന്ധ്യ' ഉത്സവവേദികളിൽ ശ്രദ്ധേയമായ വിൽക്കലാമേളകൾ അവതരിപ്പിച്ചുവരുന്നു.
അടുത്ത കാലത്ത് സ്ത്രീകൾ വില്ലുപാട്ടിൽ കടന്നുവരികയും ട്രൂപ്പുകൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികസംഗീതോപകരണങ്ങളും വർണ്ണപ്രകാശവിന്യാസങ്ങളുംകൊണ്ട് വില്ലുപാട്ട് ജനകീയമായിത്തീർന്നു. പാട്ട് എന്നതിനെക്കാൾ വിവിധ കലകളുടെ ഒരു വിരുന്നായി മാറിയതിനാൽ വിൽക്കലാമേള എന്ന പേര് സ്വീകരിച്ചു. കഥാപ്രസംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സ്വന്തമായ വ്യക്തിത്വം അവകാശപ്പെടാനാവുന്ന ഈ പുതിയ രൂപത്തിനെ കേരളത്തിലങ്ങോളമിങ്ങോളമുള്ളവർ സ്വീകരിച്ചുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യകൃതികളുടെയും ഇതിവൃത്തങ്ങൾ സ്വീകരിച്ച് തനിമലയാളത്തിൽ ആവിഷ്കരിക്കുന്ന നവീനവില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കൻപാട്ടുശൈലിയിൽനിന്ന് തികച്ചും ഭിന്നമായ ലോകത്താണ്.
കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലവിശേഷമാണ് “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”. പക്ഷേ കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്. കർണ്ണാടകത്തിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡഎന്നീ ജില്ലകളിലും, കേരളത്തിലെ കാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്. വൈഷ്ണവഭക്തിയാണ് മുഖ്യപ്രചോദനം. ഭക്തിയും മതാചാരങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. നാനൂറോളം വർഷത്തെ പഴക്കം ഈ നൃത്തരൂപത്തിനുണ്ട്. നൃത്തവും അഭിനയവും സാഹത്യവും സംഗീതവുമെല്ലാം ചേർന്ന യക്ഷഗാനം കാസർഗോഡു മുതൽ വടക്കോട്ടുള്ള കൊങ്കൺ തീരങ്ങളിൽ ചിലേടത്താണ് ഇപ്പോഴുമുള്ളത്. കാസർ കോഡ് ജനിച്ച പാർഥി സുബ്ബനാണ് യക്ഷഗാനത്തിന്റെ പിതാവ് എന്ന് പറയപ്പെടുന്നു
നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ കലാകാരന്മാർ പല കഥാപാത്രങ്ങളെയും നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നു. പാരമ്പര്യമനുസരിച്ച് യക്ഷഗാനം രാത്രി മുഴുവൻ നീണ്ടുനിൽക്കും. തുളുവിലും കന്നഡയിലും "ആട്ടം" എന്നും യക്ഷഗാനം അറിയപ്പെടുന്നു.
സന്ധ്യക്ക് ചെണ്ട മുഴക്കിയാണ് യക്ഷഗാനം ആരംഭികുക. യക്ഷഗാനം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപേ തന്നെ ചെണ്ടയടി തുടങ്ങുന്നു. നിറപ്പകിട്ടാർന്ന വേഷങ്ങളണിഞ്ഞ നടന്മാർ തങ്ങളുടെ മുഖത്ത് തനിയേ ചായം അടിക്കുന്നു. ഹിന്ദു ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും ഏതെങ്കിലും കഥയാണ് സാധാരണയായി യക്ഷഗാനമായി അവതരിപ്പിക്കുക. ഒരു അവതാരകൻ കഥ ഒരു പാട്ടുപോലെ പാടുന്നു. ഇതിനൊപ്പിച്ച് വാദ്യക്കാർ തനതായ വാദ്യങ്ങൾ മുഴക്കുന്നു. നടന്മാർ താളത്തിനൊപ്പിച്ച് നൃത്തംചെയ്യുന്നു. തെയ്യത്തിന്റെതുപോലുള്ള ചലനമാണ് യക്ഷഗാനത്തിന് ഉപയോഗിക്കുന്നത്. നൃത്തം ചെയ്ത് നടന്മാർ കഥ അവതരിപ്പിക്കുന്നു. പ്രകടനത്തിനിടയ്ക്ക് നടന്മാർ വളരെ കുറച്ചേ സംസാരിക്കുന്നുള്ളൂ. ഭാഗവതർ പാട്ടുപാടുകയും ഇലത്താളം, തൊപ്പിമദ്ദളം, ചെണ്ട, ചേങ്ങില ഇവ പ്രയോഗിക്കുന്നു.
മുൻ കാലങ്ങളിൽ സ്ത്രീകൾക്ക് ഈ നാട്യസമ്പ്രദായത്തിൽ പങ്കെടുക്കാൻ അവസരം കൊടുത്തിരുന്നില്ല. അക്കാരണത്താൽ പുരുഷന്മാർതന്നെ സ്ത്രീവേഷം കെട്ടുകയാണ് ചെയ്തിരുന്നത്. ആയതിനു പുരുഷന്മാർ മുടി നീട്ടിവളർത്തുകയും നടകൾ അഭ്യസിക്കുകയും ചെയ്തിരുന്നു. ഇന്നാകട്ടെ സ്ത്രീകൾ കഥാപാത്രങ്ങളെ തനതായി അവതരിപ്പിക്കുന്നുണ്ട്. കഥകളിയുടെ വേഷവിധാനത്തെ അനുകരിച്ചുള്ള ആടയാഭരണങ്ങളും കിരീടവുമാണ് യക്ഷഗാനത്തിലും. ആദിശേഷന്റെ ഫണത്തെ അനുസ്‌മരിപ്പിക്കുന്ന കിരീടമാണ് നടൻ ധരിക്കുന്നത്. കൊണ്ടവച്ച് കിരീടം അണിയുന്നു. മുഖത്ത് പച്ച തേക്കും. കണ്ണും പുരികവും എഴുതും. ഹസ്‌തകടകം, തോൾപ്പൂട്ട്, മാർമാല, കഴുത്താരം, കച്ച, ചരമുണ്ട്, കച്ചമണി, ചിലമ്പ് എന്നിവ വേഷത്തിനുപയോഗിക്കുന്നു.
കാളീഭക്തനായ കർണ്ണനെ പാണ്ഡവർ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താൻ ശ്രീകൃഷ്ണൻ പാണ്ഡവർക്ക് ഉപദേശിച്ച് കൊടുത്തതാണ് ഈ അനുഷ്ഠാനം എന്ന് ഐതിഹ്യം.
ആശാരി,മൂശാരി,കരുവാൻ,തട്ടാൻ,വേലക്കുറുപ്പ് എന്നീ 5 കൂട്ടർ പാടിക്കളിയ്ക്കുന്നതുകൊണ്ടാണ് ഇപ്രകാരം പേർവന്നത്.
ഏഴുതിരിയിട്ട നിലവിളക്കിനെ പ്രാരംഭ ചടങ്ങെന്നോണം വന്ദിച്ച് തൊഴുകയ്യോടെ ചുവട്‌വെയ്ക്കുന്നു. കരചരണങ്ങളുടേയും മെയ്യഭ്യാസത്തിന്റേയും വേഗതയനുസരിച്ച് ചലനങ്ങളെ ഒന്നാംചുവടെന്നും രണ്ടാംചുവടെന്നും തുടങ്ങി എട്ട് ചുവടുകൾ വരെ തിരിച്ചിരിയ്ക്കുന്നു. ഈ നൃത്തനാടകം വട്ടക്കളി,പരിചകളി,കോൽക്കളി എന്നിങ്ങനെ സന്ദർഭാനുസരണം തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
ഈ കളിയ്ക്കുവേണ്ടി താളം പിടിയ്ക്കാൻ കുഴിത്താളവും പൊന്തിയുമാണ് ഉപയോഗിയ്ക്കുന്നത്.
കാളീചരിതങ്ങൾക്കു പുറമേ രാമായണം,മഹാഭാരതം,കല്യാണസൗഗന്ധികം,ശ്രീകൃഷ്ണകഥകൾ,നള-ദമയന്തി കഥകളും ഇതിൽ അവതരിപ്പിയ്ക്കപ്പെട്ടുപോരുന്നു.
ഈ രംഗത്ത് പ്രമുഖർ
മണിത്തറ ശങ്കു ആശാരി
കരുവാൻ കുഞ്ഞിമോൻ
ആശാരി നാരായണൻ
ശങ്കരൻ ആശാരി
കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴിച്ച നാളിൽനടക്കുന്ന ഒരു അനുഷ്ഠാനകലയാണ്കാളിയൂട്ട്, കാളിനാടകം എന്നും പറയാറുണ്ട്. . കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇതിന്റെ ഇതിവൃത്തം. കാളിയൂട്ട് മഹോത്സവമായി ആഘോഷിക്കുന്നു.
കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച ശാർക്കര ക്ഷേത്രത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവം ആണ് കാളിയൂട്ട്. ജനങ്ങൾക്ക് ദുരിതങ്ങൾ സമ്മാനിച്ച് ജനങ്ങളെ പൊരുതി മുട്ടിച്ചു കൊണ്ടിരുന്ന ധരുകനേ നിഗ്രഹിച്ച്, ജനങ്ങൾക്ക് സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്നതാണ് ഇതിന്റെ പൊരുൾ.
തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന മാർത്താണ്ഡ വർമ്മ മഹാരാജാവ്, കായംകുളം രാജാവും ആയി യുദ്ധത്തിനു പുറപ്പെടും മുൻപ് ശർക്കര ക്ഷേത്രത്തിൽ വെച്ച് നേർച്ച ആയി നടത്താമെന്ന് ഏറ്റു പറഞ്ഞു തുടങ്ങിയതാണ് കാളിയൂട്ട്. ആ യുദ്ധത്തിൽ ജയിച്ച് കായംകുളം കൂടി തിരുവിതംകൂറിനോട് ചേർത്തതിനു ശേഷം വർഷാവർഷം നടത്തി വരുന്ന ഒരു ഉത്സവമാണ് കാളിയുട്ട്.
കാളിയുട്ടിനു തലേദിവസം ധരുകനേ അനേഷിച്ചു ദേവി എല്ലകരകളിലും പോകുന്ന ചടങ്ങാണ് "മുടിയുഴിച്ചിൽ "എന്ന് അറിയപെടുന്നത്. അന്ന് ധരുകനേ നിലത്തിൽ പോരിനു വെല്ലുവിളികുകയും അതു അനുസരിച്ച് പിറ്റേന്ന് വെള്ളിയാഴിച്ച ശാര്കര മൈതാനത്ത് നിലത്തിൽ പോര് നടത്തുകയും അവസാനം പ്രതീകാത്മകമായി കുലവാഴയും കുംബളവും വെട്ടി വിജയാഹ്ലാധതോടെയ് നൃത്തം ചവുട്ടി ഈ സന്തോഷ വർത്തമാനം പരമശിവനെ അറിയിക്കാൻ കൈലാസത്തിലേക്ക് പോയി അവിടെ വെച്ച് ആനന്ത നൃത്തം ചവുട്ടി തീരുന്നതാണ് സങ്കൽപം.
ഒൻപതു ദിവസത്തെ ആചാരനുഷ്ടാനങ്ങളോടെ അത്യധികം ആർഭാടമായാണ് ഇന്നും കാളിയൂട്ട് നടത്തുന്നത്. മതമൈത്രിക്കു ഒരു മഹിതോദാഹരണം ആണ് ശ്രീ ശാർക്കരദേവീ ക്ഷേത്രം. മുടിയുഴിച്ചിൽ ദിവസം നാട്ടുകാർ ദേവിക്ക് അർപ്പിക്കുന്ന നെൽപ്പറ ശേഖരിക്കുന്നതിനുള്ള അവകാശം ഇന്നും ഒരു മുസ്ലിം കുടുംബത്തിനാണ്. അതുപോലെ മീനമാസത്തിലേ ഭരണി നാളിൽ നടക്കുന്ന ഗരുഡൻ തുകത്തിനു വില്ല് വലിക്കാൻ ഉപയോഗിക്കുന്ന കയർ നൽകുവാനുള്ള അവകാശം ഇപ്പോഴും ഒരു ക്രിസ്ത്യൻ കുടുംബത്തിനാണ്.
കാളിയൂട്ടിന് കുറിപ്പ് കുറിച്ചു കഴിഞ്ഞാൽ പിന്നെ ഒമ്പത് ദിവസം സാമൂഹിക അനാചാരങ്ങളെ കളിയാക്കുന്ന പലവിധ കഥകളായി കാളീ നാടകം അരങ്ങേറും. ഓരോ ദിവസവും സമയം കൂട്ടിക്കൂട്ടി ഒമ്പതാം ദിവസം പുലരും വരെ നീളുന്നവിധമാണ് കാളീനാടക ചടങ്ങുകൾ നടക്കുക.
ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള തുള്ളൽ പുരയിലാണ് ഇത് നടക്കുന്നത്. വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദൻ പുറപ്പാട്, നായർ പുറപ്പാട്, ഐരാണി പുറപ്പാട്, കണിയാരു പുറപ്പാട്, പുലയർ പുറപ്പാട്, മുടിയുഴിച്ചിൽ, നിലത്തിൽ പോര് എന്നിവയാണ് കാളിയൂട്ടിലെ ഒമ്പത് ദിവസത്തെ പ്രധാന ചടങ്ങുകൾ.
അത്യുത്തരകേരളത്തിൽ പ്രത്യേകിച്ചും കോലത്തുനാട്ടിൽ നിലനിന്നിരുന്ന ഒരനുഷ്ഠാനകലയാണ്കോതാമ്മൂരിയാട്ടം അഥവാ കോതാരിയാട്ടം. കോലത്തുഗ്രാമങ്ങളിൽ തുലാം, വൃശ്ചികമാസങ്ങളിലായി തെയ്യംകലാകാരന്മാരായ മലയസമുദായക്കാർ ആണു ഈ നാടോടിനൃത്തകല ആടിയിരുന്നത്. ഉർവരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കോതാമ്മൂരി ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ കോതാമ്മൂരിയാട്ടം നടത്തുകയും പതിവാണ്. ഊർവരാധനയുമായി ബന്ധപ്പെട്ട ഒരു കലയാണ് ഇത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങളിലൊന്നാണിത്.
ഗോദാവരി എന്ന ശബ്ദത്തിന്റെ നാടൻ ഉച്ചാരണമായ കോതാരി എന്നാൽ പശു അഥവാ പശുക്കൂട്ടം എന്നർത്ഥം. കോതാരിയാട്ടം പരിഷ്കരിക്കപ്പെട്ട് കോതാമൂരിയാട്ടം ആയി.ഗോദാവരി തീരത്തുനിന്നും വറ്റക്കൻ കേരളത്തിൽ എത്തിചേർന്ന ഗോപാലന്മാർ അഥവ കോലയാന്മാർ ആരാധിച്ചു പോന്നിരുന്ന ദിവ്യയായ പശുവായിരിക്കാം കോതാമൂരി ആയത്.കന്നുകാലികൾക്കും,സന്താനങ്ങൾക്കും,കൃഷിക്കും ബാധിച്ചിരിക്കുന്ന ആധി വ്യാധികൾ ഏറ്റ് വാങ്ങി ക്ഷേമം പ്രദാനം ചെയ്യാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് കോതാമൂരിയുടെ ഗൃഹ സന്ദർശനം.‘ഈ സ്ഥലം നന്നായി കുളിർത്തിരിക്ക,കന്നോട് കാലി ഗുണം വരിക,പൈതങ്ങളൊക്കയും ഏറ്റം വാഴ്ക’എന്നിങ്ങനെയാണു സംഘം പാടി പൊലിക്കാറ്.“കൊയ്ത്ത് തീരുന്നതിനു മുമ്പ് കോതാമൂരികെട്ടിയാടണം” എന്ന് മലയർക്കിറ്റയിൽ ഒരു ചൊല്ലുണ്ട്.കർഷകർ നെല്ലളന്ന് പത്തായത്തിലിടും മുമ്പ് ചെന്നാലേ കാര്യമായി വല്ലതും ലഭിക്കൂ.
സ്വർഗ്ഗത്തിൽനിന്നും ഐശ്വര്യം വർദ്ധിപ്പിക്കാനായി ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഭൂമിയിലേക്ക് വന്ന കാമധേനുവിന്റെയും അനുചരന്മാരുടെയും അനുഗ്രഹകഥകളാണ് അടിസ്ഥാനം. കോതാരി എന്നാൽ കാമധേനു തന്നെയെന്നാണ് വിശ്വാസം.
ശ്രീകൃഷ്ണസ്തുതിയിൽനിന്നും തുടങ്ങി തൃച്ചംബരത്തപ്പൻ, അഗ്രശാലാമാതാവ് എന്നിവരേയും സ്തുതിയ്ക്കുന്നു. ഈ കലയിലെ മുഖ്യഭാഗം പനിയരെന്ന വേഷങ്ങൾക്കാണ്. ഹാസ്യാത്മകവേഷം കൈകാര്യം ചെയ്യുന്നത് ഇവരാണ്. കോതാരിപ്പശുവിന്റെ പരിചാരകരാണത്രേ പനിയന്മാർ. ആദ്യാവസാനവേഷക്കരാണ് ഇവർ. ഗൃഹനായകനേയും നായികയേയും സ്തുതിച്ച് പുകഴ്ത്തി സ്വാധീനിച്ച് പ്രതിഫലത്തുക വാങ്ങുക എന്നതാണ് ഇവരുടെ കടമ. എന്തുംപറയാനുള്ള ഇവരുടെ സ്വാതന്ത്ര്യം 'കണ്ണാമ്പാള കെട്ടിയ പനിയന്മാരെപ്പോലെ' എന്നൊരു ശൈലിയ്ക്ക് വഴിവെച്ചു .
വരുന്ന വർഷത്തേയ്ക്കുള്ള അനുഗ്രഹാശിസ്സുകൾ നൽകുന്നതാണ് 'വാണാളും വർക്കത്തും' -മെച്ചപ്പെട്ട നാളുകളും
തുലാമാസം 10-ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക.മലയസമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തിൽ ഒരു കോതാമ്മൂരി തെയ്യവും (ആൺകുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട് മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളിൽ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയിൽ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങൾക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാൻക്ക് മുഖപ്പാളയും, അരയിൽ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതിൽ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളിൽ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കു ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടിവരുന്നതുകൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാൻ 10 മുതൽ 15 ദിവസം വരെ എടുക്കാറുണ്ട്. കോതാമ്മൂരി വരുമ്പോൾ വീടുകളിൽ സ്വീകരിക്കുന്നതിനായി വിളക്കും തളികയും നിറനാഴിയും മുറത്തിൽ നെൽവിത്തും ഒരുക്കി വെക്കും. വീട്ടിൽ എത്തിയ ഉടൻ തന്നെ കോതാമ്മൂരിയും പനിയന്മാരും ഇതിനു വലംവെക്കും. തുടർന്ന് പാട്ടുകൾ പാടും.
കോതാരിയാട്ടത്തിൽ കോതരിയ്ക്ക് പുറമേ രണ്ട് പനിയന്മാരും ഒരു കുരിയ്ക്കളും ഒന്നോരണ്ടോ വാദ്യക്കാരും ഉണ്ടാകും. കോതാരി വേഷം കെട്ടുന്നത് ഒരു ആൺകുട്ടി ആയിരിക്കും. തലയിൽ ചെറിയ കിരീടം വെച്ച് , മുഖത്ത് ചായം തേച്ച് , കണ്ണെഴുതി, അരയിൽ കോതാരിത്തട്ട് ബന്ധിക്കുന്നു.
ഓലമെടഞ്ഞ് മടക്കി, ചുവപ്പുപട്ടിൽ പൊതിഞ്ഞ്, മുൻപിൽ പശുവിന്റെ തലയുടെ രൂപവും പിന്നിൽ വാലും ചേർത്തതാണ് കോതാരിത്തട്ട്. ഇത് അരയിലണിഞ്ഞ് അതിന്റെ ഇരുവശത്തുമുള്ള ചരട് ചുമലിലിടും.
കോതാമ്മൂരി പാട്ട്
മുഖമായി ചെറുകുന്നിലമ്മയുടെ ചരിതം കോതാമ്മൂരി പാട്ടിലെ പ്രധാനപാട്ടാണ്. “ആരിയൻ നാട്ടിൽ പിറന്നോരമ്മകോലത്ത് നാട് കിനാക്കണ്ടിന്“ എന്നു തുടങ്ങി ചെറുകുന്നത്തമ്മയുടെ കഥ പറയുന്നതാണീ പാട്ട്. ചെറുകുന്നിലമ്മ കൃഷിയുമായി വളരെ ബന്ധമുള്ളൊരു ഗ്രാമീണദേവതയായാണ് കണക്കിലാക്കപ്പെടുന്നത്. കോലത്തിരിമാരുടെ കുലദേവതയുമാണ്. പാപ്പിനിശ്ശേരി മുതൽ ചെറുകുന്ന് വരെ നീണ്ടുകിടക്കുന്ന “കോലത്തുവയൽ” ഈ അമ്മയുടേതാണ്. ഈ പാട്ടുകൾ കൂടാതെ മാടായിക്കാവിലമ്മയെയും തളിപ്പറമ്പത്തപ്പനെയും കുറിച്ചുള്ള പാട്ടുകളും വിത്തു പൊലിപ്പാട്ട്, കലശം പൊലിപ്പാട്ട് എന്നിവയും പാടും. വിവിധ വിത്തിനങ്ങളുടെ പേരു പറഞ്ഞു ആ വിത്തെല്ലാം ‘നിറഞ്ഞു പൊലിഞ്ഞു വരേണ’മെന്നാണ് ഈ പാട്ടുകളിലുള്ളത്.
എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാൻ
ഭൂമിലോകത്തിതാ കീഞ്ഞേൻ
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ -എന്നാണ് പൊലിപ്പാട്ടിലുള്ളത്.
മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വർണ്ണിക്കുന്ന പാട്ടാണ് കലശം പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യർക്കും ദേവതകൾക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.
കളിയാടോൻ കളിയാടോൻ കളിയാടോൻ കല്ലേകളിയാടോൻ
കല്ലിന്റെ കീഴ ചുമട്ടിൽ എന്നു തുടങ്ങി
ആർക്കെല്ലാം വേണം
കലശം തൊണ്ടച്ചൻ ദൈവത്തിന്നും വേണം
കലശം മുത്തപ്പൻ ദൈവത്തിനും വേണം
കലശം പൊട്ടൻ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക -എന്നാണ് ഈ പൊലിപ്പാട്ട് അവസാനിപ്പിക്കുന്നത്.
അവതരണ സ്വഭാവവും രീതികളും
പൊറാട്ടുനാടകങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്നൊരു കലാരൂപമാണ് കോതാമ്മൂരി. മുഖപ്പാളകെട്ടിക്കഴിഞ്ഞാൽ പനിയന്മാർക്കെന്തും പറയാം. വേദാന്തം മുതൽ അശ്ലീലം വരെ അവർ പറയുകയും ചെയ്യും; പക്ഷേ, ഒക്കെയും സാമൂഹ്യ വിമർശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാൽ നെല്ലും പണവും തുണിയും ഇവർക്ക് വീട്ടുകാർ നൽകും. കൃഷിയുമായും കന്നുകാലി വളർത്തുമായും ബന്ധപ്പെട്ട ഒരു പ്രധാന ആചാരമാണ് കോതാമ്മൂരിയാട്ടം.ചെറുകുന്ന്അന്നപൂർണ്ണേശ്വരിയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള പാട്ടാണു കോതാമൂരി സംഘം പാടുന്നതെങ്കിലും പാട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് പനിയൻമാർ ചോദിക്കുന്ന അശ്ലീല ദുസ്സൂചനകൾ അടങ്ങുന്ന ചോദ്യങ്ങളും ക്കുംഗുരുക്കളുടെ ഉത്തരവും ചിലപ്പോൾ ഭക്തിയുടെ അതിർവരമ്പ് ലംഘിക്കുന്നതായിരിക്കും.തളിപ്പറമ്പപ്പനെ,പരമശിവനെ അന്നപൂർണ്ണേശ്വരിയുടെആകർഷണ വലയത്തിൽ വീണുപോയ വിടപ്രഭു ആയിപ്പോലും കോതാമൂരി സംഘം അവതരിപ്പിക്കും.പ്രത്യുൽപ്പന്നമതിത്വവും, നർമ്മ ഭാവനയും ഉള്ളവർക്ക് മാത്രമേ ഈ കലയിൽ ശോഭിക്കാൻ കഴിയൂ.
കോതാമ്മൂരിയാട്ടത്തിന്റെ ഭാവി
കുറച്ചു വർഷം മുൻപ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല. നമ്മുടെ ജീവിതവും, സംസ്കൃതിയുമായി വളരെയധികം ബന്ധപ്പെട്ടതും നാശോന്മുഖമായതുമായ ഇത്തരം കലാരൂപങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്.
കൊല്ലത്തു നടന്ന വിക്കി സംഗമോത്സവം 2011 ൽ കവി കുരീപ്പുഴ ശ്രീകുമാർ അവതരിപ്പിച്ച കരടിപ്പാട്ട്
ഓണക്കാലത്ത് കൊല്ലം,കായംകുളം ഭാഗങ്ങളിൽ നടക്കുന്ന നാടൻ കലയാണ് കരടികളി. ഓണസന്ധ്യയിൽ, വീട്ടുമുറ്റങ്ങളിലാണ് ഇത് അരങ്ങേറുന്നത്. കരടിയും വേട്ടക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ. ഒരു യുവാവിന്റെമേൽ വാഴക്കരിയിലയും ഈർക്കിൽ കളഞ്ഞ ഓലയും കെട്ടി അലങ്കരിച്ച് ഭാരം കുറഞ്ഞ പാലത്തടികൊണ്ടു നിർമിച്ച കരടിത്തല മുഖത്തുറപ്പിക്കുന്നു. കാലുറയും തൊപ്പിയും മരത്തിലുണ്ടാക്കിയെടുത്ത തോക്കുമായി തനിസായിപ്പിന്റെ വേഷത്തിലാണ് വേട്ടക്കാർ വരുന്നത്. കരടിപ്പാട്ടുകാരും താളക്കാരും അടങ്ങുന്ന സംഘം കരടിയെയും വേട്ടക്കാരനെയും അനുഗമിക്കുന്നു. നാടൻ വാദ്യോപകരണങ്ങളായ കൈമണി, ഗഞ്ചിറ തുടങ്ങിയവയും കൈത്താളവുമാണ് പിന്നണിയിൽ. ആദ്യം താളത്തിനൊപ്പിച്ചുള്ള കരടിയുടെ ചുവടുവയ്പാണ്. ചിലയിടങളിൽ കമുകിൻപാള കൊണ്ട് മുഖംമൂടി വച്ചാണു കരടി കളിക്കുന്നത്. പിന്നീടു പാട്ടുതുടങ്ങുന്നു.
മാൻതോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ് ഈ കൂത്തിന് ഉപയോഗിക്കുന്നത്. തോലുകൊണ്ടുണ്ടാക്കുന്ന പാവകളിൽ നിന്നാണ് തോല്പ്പാവക്കൂത്ത് എന്ന പേരു വന്നത്.
ഇത് ഒരു നിഴൽക്കൂത്താണ്. അതുകൊണ്ട് പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സമാനമായ നിഴൽക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ് ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തിൽ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ് ഇതിന്റെ പാവകൾ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വർദ്ധിപ്പിക്കാൻ പാവകളിൽ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു. തോൽപ്പാവക്കൂത്ത് നടത്തപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടം അത്യാവശ്യമാണ്. കൂത്തുമാടത്തിൽ മുകളിൽ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തിൽ തിരശ്ശീല കെട്ടുന്നു. മാൻതോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തിൽ മുകളിലെ വെള്ള തിരശ്ശീലയിൽ, കാരമുള്ള് (നല്ല മൂർച്ചയും ബലവുമുള്ള ഒരു മുള്ളാണിത്) ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയിൽ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേൽ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനിൽക്കുന്നുണ്ടാകും. പുറകിൽ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയിൽ തോൽപാവകളുടെ നിഴലുകൾ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാൾ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനിൽക്കുന്ന വടിയിൽ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയിൽ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദർഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.
ഭഗവതിക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ് തോൽപ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാർക്കും ഋഷികൾക്കും, മാനവർക്കുമെല്ലാം ശല്യമായ ദാരികൻ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാൾ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നതു കാണാൻ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് നടത്തി വരുന്നത്
കൃത്യമായി എതു കാലഘട്ടത്തിലാണ് തോൽപ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല. വെള്ളാളച്ചെട്ടി , നായർ തുടങ്ങിയ സമുദായത്തിലുള്ളവരാണ് സാധാരണയായി കൂത്ത് നടത്തിക്കാറുള്ളത്. തമിഴ്നാട്ടിൽ തോല്പ്പാവക്കൂത്തിന്ന് പ്രചാരം കാണുന്നതുകൊണ്ടും ഉപയോഗിക്കുന്ന സാഹിത്യം കമ്പരാമായണമായതുകൊണ്ടും ഇത് അവിടങ്ങളിൽ ഉത്ഭവിച്ച് പ്രചാരം നേടിയ ശേഷം കേരളക്കരയിലേക്കു എത്തിയതാകാമെന്ന് അഭിപ്രായമുണ്ട്. ഇതവതരിപ്പിക്കുന്നവരെ പുലവർ എന്നാണ് പറഞ്ഞുവരുന്നത്. തമിഴ്നാട്ടിലും ഇവർ ഈ പേരിൽത്തന്നെയാണ് അറിയപ്പെടുന്നത്. ഒറ്റപ്പാലം താലൂക്കിലെ മനിശ്ശേരിയിൽ ഈ കലാരൂപം അവതരിപ്പിക്കുന്നതിൽ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്.
തോൽപ്പാവക്കൂത്ത് അവതരണം
തോൽപ്പാവക്കൂത്തിൽ പാവ തിരശ്ശീലയ്ക്കു പിന്നിൽ; കൂത്തിന് വെളിച്ചം നൽകുന്ന വിളക്കുകൾ ശ്രദ്ധിക്കുക
കേരളത്തിൽ വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവീക്ഷേത്രങ്ങളിലാണ് ഇത് നടത്തിവരുന്നത്. മാൻ തോലുകൊണ്ട് രാമായണം കഥയിലെ എല്ലാ കഥാപാത്രങ്ങളുടേയും പാവകൾ ഉണ്ടാക്കുന്നു. തോൽപ്പാവക്കൂത്ത് വളരെ അപൂർവ്വം ക്ഷേത്രങ്ങളിലെ ഇപ്പോൾ കണ്ടുവരാറുള്ളൂ. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, പാലക്കാട് താലൂക്കുകൾ, തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്ക്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ അനവധി ദേവീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് ഇന്നും നടത്താറുണ്ട്. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും കൂത്തുമാടങ്ങൾ ഉണ്ട്.
പാലക്കാട് ജില്ലയിൽ ഏതാണ്ട് പതിനഞ്ചോളം സംഘങ്ങൾ ഇപ്പോൾ ഈ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഷൊറണൂരിനടുത്ത് കൂനത്തറയിലുള്ള ശ്രീ രാമചന്ദ്രപുലവർ ഇവരിൽ ശ്രദ്ധേയനാണ്. മുഖ്യകലാകാരനെ കൂത്തുമാടപ്പുലവർ എന്നാണ് പറയുന്നത്. തൃശ്ശൂർ- പാലക്കാട് ജില്ലകളിലെ ഏതാണ്ട് എൺപതോളം ക്ഷേത്രങ്ങളിൽ ഇവർ ഏഴു മുതൽ നാല്പത്തൊന്നു വരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കൂത്ത് അവതരിപ്പിച്ചു വരുന്നു.
തോൽപ്പാവക്കൂത്തിന്റെ പ്രമേയം പ്രധാനമായും ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്. ഇത് മുഖ്യമായും കമ്പരാമായണത്തെ ആസ്പദമാക്കിയാണ്. കൂത്തിനുവേണ്ടി 21 ഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള ഇതിനെ 21 ദിവസങ്ങളിലായാണ് ആടുന്നത്. ഗദ്യത്തിലും പദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ള ഈ 21 ഭാഗങ്ങളെ ആടൽപ്പറ്റ് എന്നാണ് വിളിക്കുന്നത്. ഈ ആടല്പ്പറ്റിൽ 2500 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ചില പദ്യങ്ങൾ കമ്പരാമായണത്തിൽ ഇല്ലാത്തതാണ്. ചിലേടത്ത് കമ്പരുടെ തന്നെ കവിതകളുടെ പാഠഭേദവും കാണാൻ കഴിയും. കൂത്തിന് അനുകൂലമായ രീതിയിൽ ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുന്നത് പാവക്കൂത്ത് കലാകാരന്മാർ തന്നെയാണ് . ഇത്തരത്തിൽ ചേർത്തിരിക്കുന്ന പദ്യങ്ങൾ അധികവും തമിഴ്ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ കല കേരളത്തിൽ രൂപം കൊണ്ടത്. ഉദയംപേരൂർ സുനഹദേസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളിൽ നിന്നും പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കർശനമായി പാലിക്കുവാൻ പുരോഹിതനെ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും പുതുവിശ്വാസികൾ താല്പര്യം കാണിക്കുന്നതു തടയാൻ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികർ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങൾ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറൽമാൻചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്.ചവിട്ടുനാടകങ്ങൾ പാശ്ചാത്യകലയുടെ അനുകരണങ്ങളാണെന്നു പറഞ്ഞുകൂടാ. യുദ്ധം,വധം, നായാട്ടു എന്നിവ യവന നാടകങ്ങളിൽ നിഷിദ്ധമാണ്. (പേജ്.14 ചവിട്ടുനാടകം: സബീനാ റാഫി)ഉദയമ്പേരൂർ സൂനഹദോസിനു മുൻപുതന്നെ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നിരുന്നു.യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും,കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്നു.
തമിഴുകലർന്ന ഭാഷയാണ് ചവിട്ടുനാടകങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്.ചവിട്ടുനാടകം പ്രധാനമായും താണ്ഡവപ്രധാനമാണ് ചുവടുകൾ അടിസ്ഥാനപരമായി 12 എണ്ണമായി തരംതിരിച്ചിരിയ്ക്കുന്നു .സൽക്കഥാപാത്രങ്ങൾക്കും,ക്രൌര്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കും പ്രത്യേകം ചുവടുകൾ നിഷ്കർഷിച്ചിരിയ്ക്കുന്നു.വേഷവിധാനമാകട്ടെ കണ്ണഞ്ചിപ്പിയ്ക്കുന്നതും ഭംഗിയും, മേന്മയും ഉള്ളതുമാണ്. പടയാളികളുടെ വേഷങ്ങൾ പഴയ ഗ്രേക്കൊ-റോമൻ ഭടന്മാരെ ഓർമ്മിപ്പിയ്ക്കുന്നതുമാണ് .ആദ്യത്തെ ചവിട്ടുനാടകം’ കാറൾസ്മാൻ ചരിതം’ ആണെന്നു കരുതുന്നവരുണ്ട് .
വിവിധതരം ചെണ്ടകൾ ചേർത്ത് അവതരിപ്പിക്കുന്ന മേളമാണ് ചെണ്ടമേളം. ചെണ്ടയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പാണ്ടിമേളം,പഞ്ചാരിമേളം മുതലായ വകഭേദങ്ങളും ചെണ്ടമേളത്തിനുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒരു പരിപാടിയാണിത്. കൊമ്പ്, കുഴൽ, ഇലത്താളം മുതലായവ ചെണ്ടയുടെ അകമ്പടിയായി ഉണ്ടാവും. കേരളത്തിൽ മറ്റു പ്രധാനപരിപാടികളുടെ അനുബന്ധമായും ചെണ്ടമേളം അവതരിപ്പിച്ചുകാണാറുണ്ട്.
കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിലൊന്നാണ് അയനിപ്പാട്ട്. കേരളക്രൈസ്തവ ചരിത്രത്തിലെ നാൾവഴികളാണ് ഇതിന്റെ ഉള്ളടക്കം. ഞായറാഴ്ചകളിൽ മാത്രമാണ് പണ്ട് കേരളത്തിലെ ക്രൈസ്തവർ വിവാഹം നടത്തിയിരുന്നത്. അന്നേ ദിവസം മണവാളന്റെ സഹോദരി ഒരു പാത്രത്തിൽ താലിയും മന്ത്രകോടിയും ഒപ്പം മറ്റൊരു പാത്രത്തിൽ അയനിയപ്പവുമായി ദേവാലയത്തിലേക്ക് യാത്രയാകുന്നു. ചില പ്രദേശങ്ങളിൽ ഇതോടൊപ്പം വാദ്യഘോഷങ്ങളും അകമ്പടിയായി ചേരുന്നു. ഈ അവസരത്തിൽ ആലപിക്കുന്ന ഗാനമാണ് അയനിപ്പാട്ട്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം, അതായത് 1490-ൽ കൊടുങ്ങല്ലൂർ ദേശത്തു നിന്നും യൗസേപ്പ്, മത്തായി, ഗീവർഗീസ് എന്നിവർ കൽദായ സുറിയാനി പാത്രിയർക്കീസിന്റെ പക്കലെത്തി പരിഭവം അറിയിച്ചതിന്റെ ഫലമായി അദ്ദേഹം മാർത്തോമ്മാ, മാർ യോഹന്നാൻ എന്ന രണ്ടു മെത്രാൻമാരെ ആദ്യവും തുടർന്ന് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നീ മറ്റു മൂന്നു മെത്രാൻമാരെയും ഭാരതത്തിലേക്ക് അയച്ചു. ഇങ്ങനെ ബാഗ്ദാദിൽ നിന്നും കേരളത്തിലെത്തിയ അഞ്ചു മെത്രാൻമാരെയാണ് ഗാനത്തിൽ വർണ്ണിക്കുന്നത്. ഇതിൽ യോഹന്നാൻ മെത്രാൻ ഉദയംപേരൂർ പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. ഇങ്ങനെ ക്രൈസ്തവസഭാചരിത്രം ഉൾപ്പെടുത്തിയാണ് ഗാനം ആലപിക്കുന്നത്.
ഭഗവതി തിയ്യാട്ടിന് (കാളി തിയിയാട്ടിന്) സമാനമായ ഒരു അനുഷ്ഠാന കലയാണ് അയ്യപ്പൻ തിയ്യാട്ട്. അയ്യപ്പൻകാവുകളിലും കൊട്ടാരങ്ങളിലും ബ്രാഹ്മണാലയങ്ങളിലും തീയാടി നമ്പ്യാൻമാർ നടത്തുന്ന അനുഷ്ഠാനകലയാണിത്.അയ്യപ്പൻറെ അവതാരരൂപങ്ങളാണ് തീയാട്ട് കളത്തിനുള്ളിൽ വരയ്ക്കുന്നത്. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിനും ഉപയോഗിക്കുന്നത്. വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളിൽ ചുവന്ന പട്ട് ചുറ്റി, നെറ്റിമേൽ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തിൽ തുളസിമാലകളുമണിഞ്ഞാണ് തീയാട്ട് അവതരിപ്പിക്കുന്നയാൾ രംഗത്തെത്തുന്നത്.കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം രംഗം വിടുന്നതിന് മുമ്പ് കളം മായ്ച്ച് കളയുക കൂടി ചെയ്യുന്നു.അയ്യപ്പൻ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാർത്ഥനയും ജീവിതത്തിൻറെ പ്രശ്നങ്ങളും കഥകളിലൂടെ, പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു.
കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കർണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം മതസൗഹാർദത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു കലാരൂപമായിരുന്നു ഇത്. മുസ്‌ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കർബല യുദ്ധത്തിന്റെ അനുസ്‌മരണാർത്ഥമാണ് മുസ്ലീം മതസ്‌ഥർ മുഹറമാഘോഷിക്കുന്നത്. ഈ സ്മരണ തന്നെയാണ് അലാമികളിയിലൂടെയും പ്രതിധ്വനിക്കുന്നത്. അലാമിവേഷം ധരിച്ച് ചടങ്ങിനെ വർണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തിൽപെട്ടവരാണ്. ഈ ചടങ്ങുകളുടേയെല്ലാം കാർമികത്വം വഹിക്കുന്നത് മുസ്ലീംമതത്തിലെ പ്രമാണിമാരും ആയിരിക്കും.ഹസ്രത്ത് ഇമാം ഹുസൈന്റെ നേതൃത്വത്തിൽ ഏകാധിപതിയായ യസീദിന്റെ ദുർഭരണത്തിനെതിരേ ധർമ്മയുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തിൽ ശത്രുസൈന്യങ്ങൾ കരിവേഷമണിഞ്ഞ് ഹുസൈന്റെ കുട്ടികളേയും മറ്റും ഭയപ്പെടുത്തുന്നു. ഇതിന്റെ ഓർമ്മ നിലനിർത്തുന്നതാണ് അലാമിവേഷങ്ങൾ. അതികഠിനമായ യുദ്ധത്തിനിടയിൽ തളർന്നുപോയ ഹുസൈന്റെ ആൾക്കാർ ദാഹജലത്തിനായി ഉഴറി നടന്നപ്പോൾ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങൾ നിരത്തി അവർക്കു ദാഹജലം നിഷേധിക്കുന്നു. യുദ്ധരംഗത്തെ ഈ സംഭവവികാസങ്ങൾ അലാമികളിയിൽ അനുസ്‌മരിക്കുന്നുണ്ട്. അലാമികളിയുടെ സമാപന ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും തീക്കനലിൽ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരംഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാൻ കൂടിയാണിതു ചെയ്യുന്നത്. യുദ്ധത്തിനൊടുവിൽ ഹുസൈൻ ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കാൻ ശ്രമിച്ച യസീദിന്റെ ആൾക്കാൾ ഹുസൈന്റെ കൈകൾ മണ്ണിൽ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങൾ മണ്ണിൽ താഴാതെ തന്നെ നിന്നപ്പോൾ ശത്രുക്കൾ പകുതിമാത്രം അടക്കം ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളിൽ ഒന്നായ വെള്ളിക്കരംഎഴുന്നെള്ളിപ്പ് ഇതിന്റെ അനുസ്മരണമാണ്.
കാസർഗോഡു ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെ ആയിരുന്നു. കാസർഗോഡു ജില്ലയിൽ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം, കാസർഗോഡ് എന്നിങ്ങനെ മുസ്ലീങ്ങൾ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളിൽ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികൾക്കിവിടെ ആരാധനയ്‌ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്നികുണ്ഡത്തിന്റെ ആകൃതിയിൽ ഒരു കൽത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തിൽപെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചതും അതു സംഘടിപ്പിച്ചു വന്നതും.തുർക്കൻമാരെന്നുംസാഹിബൻമാരെന്നും ഇവർ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നും ഇവർ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുർക്കൻമാരുടെ വരവ്. ഇവർ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം)യുടെ പരിസര പ്രദേശങ്ങളിലും കോട്ടയ്‌ക്കകത്തും അന്ന് താമസമുറപ്പിച്ചു. തുർക്കൻമാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാൽ ആദരസൂചകമായിട്ടാണിവരെ സാഹിബൻമാർ എന്നു വിളിച്ചു പോന്നത്. ടിപ്പുവിൽ നിന്നും കോട്ട കമ്പനിപ്പട്ടാളം കൈവശപ്പെടുത്തിയപ്പോൾ പരിസരപ്രദേശത്ത് താമസമുറപ്പിച്ച തുർക്കൻമാർക്ക് ആ സ്ഥലങ്ങളൊക്കെ ദർക്കാസായി പതിച്ചു കിട്ടി. പിന്നീട് ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുർക്കൻമാരിൽ പലരും തിരിച്ചു പോവുകയോ മറ്റു പണികളിൽ ഏർപ്പെടുകയോ ചെയ്തു. അതിലൊരു കുടുംബം അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവൽക്കാരായി. ഫക്കീർ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂൽ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്.
മുഹറം ഒന്നിന് ഫക്കീർ സാഹിബിന്റെ വീട്ടിൽ നിന്നും കൈരൂപം പ്രത്യേക പ്രാർത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്‌കാരത്തിനുമായി നേർച്ച നേർന്നവർ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയിൽ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം ദർശിച്ച് അവർ ഒന്നരപ്പണം വീതം കാണിക്ക വെച്ചിരുന്നു. തീർത്ഥമായി ഫക്കീറിൽ നിന്നും നാടയാണു വാങ്ങിച്ചിരുന്നത്. അലാമികൾ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികൾ രൂപം കൊള്ളുന്നത്.
മുഹറം പത്തിനാണ് ചടങ്ങുകൾ അവസാനിക്കുന്നത്. പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അലാമികളും വ്രതമനുഷ്‌ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയിൽ എത്തുന്നു. മുൻകൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം അവിടെ എരിങ്ങുകൊണ്ടിരിക്കും. മുമ്പെത്തെ വർഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടേനിന്നും നീക്കം ചെയ്യാറില്ല. അഗ്നികുണ്ഡത്തിൽ നിന്നും തീക്കനൽ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തിൽ നിക്ഷേപിക്കും. അടുത്ത വർഷം അഗ്നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളിൽ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീർ കുടുംബത്തിലെ അവകാശി അഗ്നികുണ്ഡത്തിൽ നിന്നും കൈനിറയെ കനലുകൾ വാരി ഉയർത്തി പിടിച്ച് ഏറെ നേരം 'ദുആ' ഉരയ്‌ക്കും (പ്രാർത്ഥന നടത്തും). ശേഷം കനൽകട്ടകൾ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും സഹായികളും കൂടി ഈ പ്രാർത്ഥനയ്‌ക്കു ശേഷം നിക്ഷേപിച്ച കനൽകട്ടകളെ അഗ്നികുണ്ഡത്തിലെ കനൽകട്ടകളുമായ് ചേർത്ത് ഏറെ നേരം ഇളക്കുന്നു. തുടർന്ന് അതിൽ നിന്നും കനലുകളെടുത്ത് വാരിവിതറി അതിൽ കിടന്നുരുണ്ട് പ്രദക്ഷനം വെക്കുന്നു.
വ്രതമെടുത്ത സ്ത്രീകൾ തലയിൽ നിറകുടവും ധരിച്ച് അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും. ഫക്കീർ ഇവരുടെ തലയിൽ തീ കോരിയിടും. പിന്നീട് മയിൽപ്പീലി കൊണ്ട് തീക്കട്ടകൾ ഉഴിഞ്ഞുമാറ്റും. ചടങ്ങുമായി ബന്ധപ്പെട്ട് ആർക്കും തന്നെ പൊള്ളലേറ്റ ചരിത്രം ഉണ്ടായിട്ടില്ല. നേരം പുലരും വരെ ചടങ്ങുകൾ നീണ്ടു നിൽക്കും. പുലർച്ചയ്‌ക്കു ശേഷം ചടങ്ങുകൾക്ക് സമാപനം കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങൾ എഴുന്നെള്ളിച്ചുകൊണ്ട് അടുത്തുള്ള അരയിപ്പുഴയിൽ പോയി കുളിച്ച് ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും വെള്ളിക്കരം ഫക്കീർപുരയിൽ കൊണ്ടുവന്നശേഷം എല്ലാവരും പിരിയുന്നു.
അലാമി വേഷം കെട്ടുന്നത് ഹിന്ദുമതത്തിൽ പെട്ടവർ മാത്രമാണ്. ദേഹം മുഴുവൻ കരിയും അതിൽ വെളുത്ത പുള്ളികളുമാണ് അലാമികളുടെ വേഷം. കഴുത്തിൽ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയും ഉണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും വെച്ചിട്ടുണ്ടാവും. കൂടാതെ മുട്ടുമറയാത്ത വഴക്ക്‌മുണ്ടും തലയിൽ കൂർമ്പൻ പാളത്തൊപ്പിയും അതിൽ ചുവന്ന ചെത്തിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിൻപുറങ്ങളിലേക്ക് അലാമികൾ കൂട്ടം ചേർന്നാണു പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും(അകം കുഴിഞ്ഞ ചെറിയൊരു പാത്രം) ഉണ്ടായിരിക്കും. അലാമികൾ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സംഘങ്ങളായാണ് അലാമികൾ സഞ്ചരിക്കുന്നത്. ഓരോ വീട്ടിലും അലാമികൾ ഭിക്ഷയ്‌ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച് മുറ്റത്ത് താളനിബദ്ധമല്ലാതെ ഇവർ നൃത്തം ചവിട്ടുന്നു. ഇവർ പാടുന്ന നാടൻ പാട്ടുകൾക്ക് പ്രത്യേകം ശീലുകളും രീതികളും ഉണ്ട്. "ലസ്സോലായ്‌മ... ലസ്സോ ലായ്‌മ ലായ്‌മ ലായ്‌മലോ... എന്നായിരിക്കും എല്ലാപാട്ടിന്റേയും തുടക്കവും ഒടുക്കവും. പാട്ടിനു പുറമേ വായിൽ തോന്നുന്നതൊക്കെയും പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സംഭാഷണങ്ങൾ പോലും ഇങ്ങനെ പാട്ടുരൂപത്തിലാവും.
വീട്ടുമുറ്റത്ത് ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും തന്നെ വെറുംകൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികൾക്കവർ ഭിക്ഷ നൽകുന്നു.കൊടുക്കുന്നതെന്തുതന്നെയായാലും അലാമികൾ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികൾക്ക് നാളികേരമിടാം, ചക്കപറിക്കാം... അലാമികൾ തൊട്ട കായ്‌ഫലങ്ങൾ വരുംവർഷങ്ങളിൽ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കിൽ ചെമ്പകമരങ്ങളും പാലമരക്കൊമ്പുകളും അലാമികൾ കൊത്തിമുറിച്ചിടും. വരുന്ന വഴി ഈ മരക്കൊമ്പുകൾ തലയിലേറ്റിയാണ് അലാമികൾ അലാമിപ്പള്ളിയിൽ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്. കത്തുവാൻ പ്രയാസമുള്ള പച്ച വിറകുകൾആളിപ്പടർന്നു കത്തുന്നത് അലാമികളുടെ ശക്തിവിശേഷമായി കാണികൾ വിശ്വസിച്ചു പോന്നിരുന്നു.
ഹുസൈന്റെ കരത്തെ അനുസ്മരിപ്പിക്കുന്ന വെള്ളിക്കരത്തിന് ഹിന്ദുക്കളുടെ ഇടയിൽ മറ്റൊരു വിശ്വാസവും നിലവിലുണ്ട്. ഒരിക്കൽ കടൽ വളരെ പ്രക്ഷുബ്‌ധമായി കാണപ്പെട്ടു. കാറ്റും കോളും വെള്ളിടിയുമുള്ള ആ മൂവന്തിനേരത്ത് നാട്ടുകാരെല്ലാം കടപ്പുറത്ത് സന്നിഹിതരായി. അപ്പോൾ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സമുദ്രാഗാധതയിൽ നിന്നും മഹാവിഷ്‌ണുവിന്റെ രൂപം പൊങ്ങിവന്നുവത്രേ. അവസാനമായി അവിടേക്കെത്തിയ സാഹിബുമാർക്ക് സമുദ്രത്തിലേക്കു താഴ്‌ന്നു പോകുന്ന മഹാവിഷ്‌ണുവിന്റെ കരം മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ. ഉടനേ അവർ നീന്തിച്ചെന്ന് ആ കരപ്പത്തിയിൽ പിടിച്ചു. വെള്ളിയിൽ തീർത്ത അതി വിശിഷ്ടമായ കരം അങ്ങനെ അവർക്കു കിട്ടി. ഈ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീങ്ങൾ വെള്ളിക്കരത്തിന് അവകാശികളായി തീർന്നതും പൂജ നടത്തുന്ന കർമ്മികളായി തീർന്നതും. മുസ്ലീങ്ങൾ അലാമിവേഷം കെട്ടാറില്ല, മറിച്ച് അതിന്റെ കാർമ്മികത്വത്തിലാണ് അവരുടെ പങ്കാളിത്തം.
കേവലം ഉത്സവമെന്ന നില വിട്ട് മതമൈത്രിയുടെ സമ്മേളനമായിരുന്നു അലാമികളി. ഹൈന്ദവ മതപരമായ ഒട്ടനവധി ആചാരങ്ങൾ കാലാന്തരത്തിൽ ഈ ആചാരവുമായി കൂട്ടിചേർക്കപ്പെട്ടു. വിഗ്രഹാരാധന, അഗ്നിപ്രദക്ഷിണം, എഴുന്നെള്ളിപ്പ് തുടങ്ങിയവ അതിന്റെ ഭാഗമായി മാറി. തുടർന്ന് മുസ്ലീം സമൂഹത്തിൽ നിന്നും അതിന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. ഇത്തരം അനുഷ്‌ഠാനങ്ങൾ തീർത്തും അനിസ്ലാമികമാണെന്നും അന്നദാനം, മൗലീദ് എന്നിവ മാത്രമേ അനുവദിനീയമായിട്ടുള്ളൂ എന്നും മുസ്ലീം പണ്ഡിതൻമാർ ഫത്‌വ നൽകി. തുടർന്ന് ആഘോഷ നടത്തിപ്പിൽ നിന്നും ഫക്കീർകുടുംബം പിൻവാങ്ങി. പത്രപരസ്യത്തിലൂടെ അവരത് ജനങ്ങളെ അറിയിക്കുകയും ചെയ്തു. അങ്ങനെ 1963 - ൽ ഈ ആചാരത്തിന് എന്നെന്നേക്കുമായി തിരശ്ശീല വീണു. ഇന്നു ചില ക്ലബുകളും മറ്റും അലാമിക്കളിയെന്ന പേരിൽ അലാമിവേഷധാരികളെ ഉപയോഗിച്ച് നാടോടിഗാനങ്ങളും മറ്റും നടത്തി വരുന്നുണ്ട്.
ഉത്തരമലബാറിലെ ചില പ്രദേശങ്ങളിൽ കർക്കടകമാസം കെട്ടിയാടുന്ന ഒരു തെയ്യങ്ങൾ ആണ്ആടിയും വേടനും. സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആണ്. അതു പോലെ ഒരു ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഈ തെയ്യം ഓരോ വീടുകളിലും കയറി ഇറങ്ങുന്നു.
പാർവ്വതിയും പരമേശ്വരനുമാണ് ഈ തെയ്യങ്ങളുടെ അടിസ്ഥാനം. കർക്കടക സംക്രമം മുതൽ ആടി വേടന്മാർ ആരംഭിക്കും. ആടി എന്ന പാർവ്വതി വേഷം കെട്ടുന്നത് വണ്ണാൻ സമുദായത്തിലെ കുട്ടികളും വേടൻ എന്ന ശിവവേഷം കെട്ടുന്നത് മലയൻ സമുദായത്തിലെ കുട്ടികളുമാണ്. വേടൻ ആണ് ആദ്യം വരുന്നത്. മാസത്തിന്റെ പകുതി ആകുമ്പോഴേക്കും ആടിയും വരും.. കോലക്കാരുടെ വീടുകളിൽ നിന്ന് കെട്ടിപ്പുറപ്പെടുന്ന ആടി വേടന്മാർക്ക് യാത്രാവേളയിൽ അകമ്പടിയായി ചെണ്ട കൊട്ടാറില്ല. വീട്ടു പടിക്കൽ എത്തുമ്പോൾ മാത്രമേ ചെണ്ടകൊട്ടൽ ആരംഭിക്കുകയുള്ളൂ. ഒറ്റ ചെണ്ട മാത്രമേ ആടിവേടന്മാർക്ക് സാധാരണ ഉണ്ടാകാറുള്ളൂ.
കർക്കടകം 7 മുതൽ മലയന്റെ വേടനും 16 മുതൽ വണ്ണാന്റെ ആടിവേറ്റനും ഗൃഹ സന്ദർശനം നടത്തുന്നു.ഒരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടൻ കെട്ടാൻ അനുവാദം.ഒരാൾ വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടുംനടനം ചെയ്യും.വീട്ടമ്മ പടിഞ്ഞാറ്റയിൽ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാൽ പാട്ട് തുടങ്ങുകയായി.രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്.തപസ്സ് ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാൻ ശിവനും പാർവ്വതിയും വേട രൂപത്തിൽ പോകുന്ന പുരാണ കഥ. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസിതെക്കോട്ടും,വണ്ണാന്റെ വേടനാണെങ്കിൽ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം.കരിക്കട്ട കലക്കിയതാണു കറുത്ത ഗുരുസി,മഞ്ഞളും നൂറുംകലക്കിയതാണു ചുവന്ന ഗുരുസി. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ് സങ്കല്പം. ആടിവേടന്മാരെ വരവേൽക്കാൻ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തിൽ അരി, പച്ചക്കറി, ധാന്യങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ വേടനും കൂട്ടർക്കുമുള്ളതാണ്.വെക്കേണ്ട കാഴ്ച വസ്തുക്കളുടെ പട്ടിക പാട്ടിലുണ്ടാകും.അതെല്ലാം തുണി മാറാപ്പിൽ ഇട്ട് അടുത്ത വീട്ടിലേക്ക് വേടൻ യാത്രയാകും. കൂടാതെ നെല്ലോ, പണമോ കൂടെ വീട്ടുടമസ്ഥർ അവർക്കു നൽകും.പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.
ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ.ദിവസങ്ങളോളം സ്കൂളിൽ പോവാതെ വേടൻ കെട്ടാൻ കുട്ടികളെ കിട്ടാതായതും ,വിശ്വാസത്തിലുണ്ടായ കുറവും,ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയി കഴിഞ്ഞു. എങ്കിലും ചിലയിടങ്ങളിൽ ഇന്നും അവശേഷിക്കുന്നണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾതോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു.
കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുകയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.
കർക്കിടകമാസം വീടുകൾതോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും കർക്കിടകത്തിലെ വ്യത്യസ്ഥ ദിവസങ്ങളിലായി കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാരപൊട്ടൻ’ എന്നീ ആചാര കലാരൂപങ്ങൾ പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായംപൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.
മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ മുന്നിലെത്തി. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ മരിച്ച് അസുരരൂപത്തിലായി മാറുന്നു. തുടർന്ന് പന്നിയെ(അസുരനെ) കൊന്നതിന്റെ അവകാശത്തർക്കമായി. അവർ തമ്മിലുള്ള യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനംനൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.
കടപ്പാട്-keralanadankala.blogspot.in
അവസാനം പരിഷ്കരിച്ചത് : 2/16/2020