অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വീണ്ടും ചില വൈറസ് ചിന്തകള്‍

വീണ്ടും ചില വൈറസ് ചിന്തകള്‍

ആമുഖം

രോഗാണുക്കള്‍ മൂലമാണ്‌ മനുഷ്യരില്‍ രോഗങ്ങളുണ്ടാകുന്നത്‌. സ്വയം പെറ്റുപെരുകി സമൂഹത്തിലാകെ പടര്‍ന്നുപിടിച്ച്‌ അവ മനുഷ്യരേയും മൃഗങ്ങളേയും കൊന്നൊടുക്കാറുണ്ട്‌. ഇതേ പോലെ തന്നെയാണ്‌ നമ്മുടെ പാവം കമ്പ്യൂട്ടറിന്റെ കാര്യത്തിലും. ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ ചെറിയ അണുബാധ (ഇന്‍ഫെക്ഷന്‍) തന്നെ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു വഴിവച്ചേക്കാം. ഉപയോക്താവിന്റെ അറിവോ അനുമതിയോ ഇല്ലാതെ സ്വയം കോപ്പി ചെയ്യുകയും ഒരു കമ്പ്യൂട്ടറില്‍ നിന്ന്‌ മറ്റൊന്നിലേയ്‌ക്ക്‌ എന്ന കണക്കില്‍ ഒരു കമ്പ്യൂട്ടര്‍ ശൃംഖലയാകമാനം വ്യാപിക്കാന്‍ കഴിവുമുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണ്‌ കമ്പ്യൂട്ടര്‍ വെറസ്‌. ലോക്കല്‍ കമ്പ്യൂട്ടറിനോ നെറ്റ്‌വര്‍ക്കിലെ ഇതര കമ്പ്യൂട്ടറുകള്‍ക്കോ തകരാറുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വൈറസുകള്‍ ഉള്‍പ്പെടെയുള്ള അപകടകരമായ പ്രോഗ്രാമുകളെ പൊതുവില്‍ വിളിക്കുന്ന പേരാണ്‌ മാല്‍വെയര്‍. സ്പൈ‌വെയറുകള്‍, ആഡ്‌വെയറുകള്‍, ട്രോജന്‍ ഹോഴ്‌സുകള്‍, കമ്പ്യൂട്ടര്‍ വേമുകള്‍ തുടങ്ങിയവയാണ്‌ മാല്‍വെയര്‍ ഇനത്തിലെ ഇതര പ്രോഗ്രാമുകള്‍. പക്ഷേ അപകടകരമായ ഇത്തരം ഏതു പ്രോഗ്രാമുകളേയും പലരും വൈറസ്‌ എന്നാണ്‌ പൊതുവില്‍ തെറ്റായി വിളിക്കുന്നത്‌. ഇന്ന്‌ നിലവിലുള്ള മിക്ക മാല്‍വെയര്‍ പ്രോഗ്രാമുകളും ലക്ഷ്യം വയ്‌ക്കുന്നത്‌ വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തെയാണ്‌. ഈയുള്ളവന്റെ വീക്ഷണത്തില്‍ ഇതിനു പ്രധാനമായും ഉള്ള കാരണങ്ങള്‍ നാല് എണ്ണമാണ്.

കൂടുതല്‍ വിവരങ്ങള്‍

  1. ലോകത്തുള്ള ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റം ആണ്‌ വിന്‍ഡോസ്‌
  2. ഉപയോക്താക്കളില്‍ പലര്‍ക്കും സാങ്കേതികപരിജ്ഞാനം തീരെ കുറവാണ്‌
  3. വൈറസ്‌ ഡവലപ്പര്‍മാര്‍ക്കു വേണ്ട ഒട്ടനവധി സാദ്ധ്യതകളും പഴുതുകളും വിന്‍ഡോസില്‍ ലഭ്യമാണ്‌.
  4. ആന്റി വൈറസ്‌ പ്രോഗ്രാമുകളുടെ വമ്പിച്ച വിപണി സാദ്ധ്യത.

ഇതില്‍ ഏറ്റവും പ്രധാന കാരണം മൂന്നാമത്തേയും നാലാമത്തേയും കാരണങ്ങള്‍ തന്നെ. ആദ്യമൊക്കെ മൈക്രോസോഫ്ടിന് സംഭവിച്ച ഒരു കയ്യബദ്ധം എന്ന നിലയിലാണ് വിന്‍ഡോസില്‍ വൈറസ്‌ പ്രത്യക്ഷപ്പെട്ടത്.

1986-ലാണ്‌ ലോകത്തെ ആദ്യ വൈറസ്‌ പ്രോഗ്രാം സൃഷ്ടിക്കപ്പെട്ടത്‌. ബ്രയിന്‍ എന്നു പേരിടപ്പെട്ട ഈ വൈറസിന്റെ ജന്മസ്ഥലം പാക്കിസ്ഥാനാണ്‌. സഹോദരന്മാരായ ബാസിത്‌ ഫറൂഖ്‌ അല്‍വിയും അംജത്‌ ഫറൂഖ്‌ അല്‍വിയുമാണ്‌ ബ്രയിന്‍ വെറസിന്റെ സൃഷ്ടാക്കള്‍. തങ്ങള്‍ രൂപംകൊടുത്ത മെഡിക്കല്‍ സോഫ്‌റ്റ്‌വെയര്‍ അനധികൃതമായി പകര്‍ത്തുന്നതു തടയാന്‍ വേണ്ടിയാണ്‌ ഫ്‌ളോപ്പി ഡിസ്‌കിന്റെ ബൂട്ട്‌സെക്ടര്‍ തകര്‍ക്കുന്ന വൈറസ്‌ പ്രോഗ്രാം എഴുതിയുണ്ടാക്കിയത്‌. എം.എസ്‌.ഡോസിന്റെ ഫയല്‍ സിസ്റ്റമായ ഫയല്‍ അലോക്കേഷന്‍ ടേബിളിനെയാണ്‌ ബ്രയിന്‍ വൈറസ്‌ ആക്രമിച്ചത്‌. ലാഹോറില്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയുടെ തലവന്മാരായി ഫറൂഖ്‌ അല്‍വി സഹോദരന്മാര്‍ ഇന്നുമുണ്ട്‌.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1988-ല്‍ റോബര്‍ട്ട്‌ മോറിസ്‌ എന്ന ഒരു ഇരുപത്തിമൂന്നുകാരന്‍ ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റിലേയ്‌ക്ക്‌ തികച്ചും അപകടകരമായ ഒരു വേമിനെ കയറ്റി വിട്ടതാണ്‌ അറിയപ്പെടുന്ന രണ്ടാമത്തെ സൈബര്‍ ആക്രമണം. ബോറടിയില്‍ നിന്ന്‌ മോചനം നേടാനാണ്‌ താന്‍ ഇത്തരം ഒരു വേമിനെ സൃഷ്ടിച്ചതെന്നായിരുന്നു റോബര്‍ട്ട്‌ മോറിസിന്റെ വിശദീകരണം. റോബര്‍ട്ട്‌ മോറിസ്‌ അഴിച്ചുവിട്ട ഇത്തിരിക്കുഞ്ഞന്‍ വേം ഏതാണ്ട്‌ ആറായിരത്തിലധികം കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെയാണ്‌ തകരാറിലാക്കിയത്‌. ഏതായാലും ഈയൊരു സൈബര്‍ കുറ്റകൃത്യത്തിന്‌ റോബര്‍ട്ട്‌ മോറിസിന്‌ പതിനായിരം ഡോളര്‍ പിഴ ഒടുക്കേണ്ടിവന്നു.

ഇത്തരം ചെറിയ ചെറിയ വെറസ്‌/വേം ആക്രമണങ്ങള്‍ പതിയെ പതിയെ വര്‍ദ്ധിച്ച്‌ അതൊരു പുതിയ വിപണി സൃഷ്ടിക്കുന്ന കാഴ്‌ച്ചയാണ്‌ പിന്നീട്‌ ലോകം കണ്ടത്‌. വൈറസ്‌ ബാധയെപ്പറ്റി ഉള്ളതും ഇല്ലാത്തതുമായ കഥകളും ഊഹാപോഹങ്ങളും പ്രചരിക്കപ്പെട്ടു. 1994-ല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ സമൂഹത്തിനിടയില്‍ ഇമെയില്‍ വഴി പ്രചരിക്കപ്പെട്ട ഇത്തരം ഒരു കഥയാണ്‌ ഗുഡ്‌ ടെംസ്‌ ഹോക്‌സ്‌. (ശുദ്ധമാന ബ്രഹ്മാണ്ഡ നുണകള്‍ കേട്ടാല്‍ വിശ്വസിച്ചു പോകുന്നത്ര ആധികാരികതയോടെയും സാങ്കേതിക സംജ്ഞകളുടെ സഹായത്തോടെയും വിശദീകരിക്കുന്ന ഇമെയിലുകളെയും എസ്സെമ്മെസ്സുകളേയും ആണ്‌ ഹോക്‌സ്‌ എന്നു വിളിക്കുന്നത്‌.) ഗുഡ്‌ ടൈംസ്‌ എന്ന സബ്‌ജെക്ട്‌ ലെനില്‍ വരുന്ന ഇമെയിലുകള്‍ക്കുള്ളില്‍ മാരകമായ ആക്രമണശേഷിയുള്ള ഒരു വൈറസ്‌ അടക്കം ചെയ്‌തിട്ടുണ്ടെന്നും അത്തരം സബ്‌ജെക്ട്‌ ലെനില്‍ വരുന്ന ഇമെയിലുകള്‍ ഒന്നും തുറക്കരുതെന്നുമാണ്‌ ഗുഡ്‌ ടെംസ്‌ ഹോക്‌സിന്റെ സന്ദേശം. സാങ്കേതികപരിജ്ഞാനം കുറഞ്ഞ ഉപയോക്താക്കള്‍ ഇതു വിശ്വസിക്കുകയും അനേകം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഫോര്‍വേഡ്‌ ചെയ്‌ത്‌ ഇത്തരം ഹോക്‌സുകളെ പ്രചരിപ്പിക്കുകയും ചെയ്‌തു. ഇത്തരം പതിനായിരക്കണക്കിനു ഹോക്‌സുകള്‍, ഇല്ലാത്ത വൈറസ്‌ ഭീഷണികളും മുഴക്കിക്കൊണ്ട്‌ നിത്യേന നമ്മുടെ ഇന്‍ബോക്‌സുകളില്‍ ഇന്നും വന്നു നിറയാറുണ്ട്‌.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ത്തന്നെ വൈറസുകള്‍ ഒരു വന്‍ വ്യവസായമായി മാറിത്തുടങ്ങി. ആന്റി വൈറസ്‌ കമ്പനികള്‍ പലതും പൊട്ടിമുളച്ചുതുടങ്ങി. അവര്‍ തന്നെ മാല്‍വെയറുകളും അതിനുള്ള പ്രതിവിധികളും സൃഷ്ടിച്ചു. കമ്പ്യൂട്ടറിന്റെ വിലപ്പെട്ട മെമ്മറി വൈറസുകളും ആന്റിവൈറസ്‌ പ്രോഗ്രാമുകളും കാര്‍ന്നു തിന്നു തുടങ്ങി. 1995-ല്‍ മെക്രാസൊഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ വിന്‍ഡോസ്‌ 95 വൈറസുകള്‍ക്കതീതമാണെന്ന്‌ വാര്‍ത്ത പരന്നത്‌ ആന്റിവൈറസ്‌ കമ്പനികള്‍ക്ക്‌ ഒരു വലിയ ആഘാതമായിരുന്നു. പക്ഷേ അതേ വര്‍ഷം അവസാനത്തോടെ മാക്രോ വൈറസുകള്‍ വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തെ ആക്രമിക്കാനെത്തിയതോടെ വൈറസുകളുടെ വളര്‍ച്ചാഘട്ടത്തില്‍ ഒരു പുതിയ പരിണാമദശയ്‌ക്കു തുടക്കമായി.

1999- ഡേവിഡ്‌ എല്‍. സ്‌മിത്ത്‌ എന്ന വൈറസ്‌ പ്രോഗ്രാമര്‍ ഇന്റര്‍നെറ്റിലെ ഒരു യൂസ്‌നെറ്റ്‌ ഗ്രൂപ്പിലേയ്‌ക്ക്‌ കയറ്റിവിട്ട മെലീസ്സ എന്ന മാക്രോ വൈറസ്‌ എണ്‍പതു മില്ല്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ്‌ സെബര്‍ ലോകത്ത്‌ വിതച്ചത്‌. ഹാര്‍ഡ്‌ ഡിസ്‌കിലുള്ള എം.എസ്‌. വേര്‍ഡ്‌ ഫയലുകളെ ലക്ഷ്യം വയ്‌ക്കുന്ന മെലീസ്സ വൈറസ്‌ ഇമെയില്‍ ക്ലയന്റ്‌ ആയ മൈക്രോസോഫ്‌റ്റ്‌ ഔട്ട്‌ലുക്കിലെ ആദ്യത്തെ 50 അഡ്രസ്‌കളിലേയ്‌ക്ക്‌ മലീഷ്യസ്‌ കോഡ്‌ അടങ്ങിയ ഫയല്‍ അയയ്‌ക്കുകയും ചെയ്‌താണ്‌ വളരെ പെട്ടെന്ന്‌ ലോകമൊട്ടാകെ വ്യാപിച്ചത്‌. മെലീസ്സ വൈറസ്‌ പുറത്തിറങ്ങിയതിനുശേഷം ആന്റിവൈറസ്‌ പ്രാഗ്രാമുകളുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌. ഇരുപതു മാസത്തെ ജയില്‍വാസവും 5000 ഡോളര്‍ പിഴയും മാത്രമാണ്‌ മെലീസ്സയുടെ സൃഷ്ടാവായ സ്‌മിത്തിനു ലഭിച്ച ശിക്ഷ. 2000-ത്തില്‍ ലോകമൊട്ടാകെ പടര്‍ന്നു പിടിച്ച ഐ ലവ്‌ യൂ വൈറസ്‌ സെബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച സുപ്രധാനമായ ഒരു ആഗോളനിയമത്തിന്‌ വഴിയൊരുക്കി. ഫിലിപ്പീന്‍സിലെ നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു ഐ ലവ്‌ യൂ വെറസിനു പിന്നില്‍. ഇതില്‍ ഒനെല്‍ ഡി ഗുസ്‌മന്‍ എന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടതെങ്കിലും ഫിലിപ്പീന്‍സിലെ ദുര്‍ബ്ബലമായ സെബര്‍ നിയമങ്ങള്‍ മൂലം ഒനെലിനെ പിന്നീട്‌ നിരുപാധികം വിട്ടയയ്‌ക്കുകയാണുണ്ടായത്‌. ഇതേത്തുടര്‍ന്നാണ്‌ യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ വ്യക്തമായ ഒരു ആഗോള സെബര്‍ ക്രൈം ട്രീറ്റിയ്‌ക്ക്‌ രൂപം നല്‍കിയത്‌.

പിന്നെയും കുപ്രസിദ്ധമായ ഒട്ടനവധി വൈറസ്‌ ആക്രമണങ്ങള്‍ വിന്‍ഡോസ്‌ ഉപയോക്താക്കളെ ലക്ഷ്യമാക്കി ഉണ്ടായിട്ടുണ്ട്‌. അവയില്‍ പലതും ഇന്നും വിവിധ പേരുകളിലും രൂപമാറ്റം വരുത്തിയും കമ്പ്യൂട്ടറുകളെ തകരാറിലാക്കിക്കൊണ്ടിരിക്കുന്നു. 2003-ല്‍ രംഗത്തു വന്ന എസ്‌.ക്യൂ.എല്‍. സ്ലാമര്‍ വേം, 2004-ഇറങ്ങിയ മെ ഡൂം തുടങ്ങിയ വേമുകള്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണ-ക്കിനു കമ്പ്യൂട്ടറുകളെ തകര്‍ത്തിട്ടുണ്ട്‌.

വിന്‍ഡോസിനെ എന്ന പോലെ യൂണിക്‌സ്‌ അധിഷ്‌ഠിത ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങള്‍ക്കു നേരെയും ഒറ്റപ്പെട്ട ചില വൈറസ്‌ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ അത്ര വ്യാപകമാവുകയോ നാശം വിതയ്‌ക്കുകയോ ചെയ്‌തില്ല. അതിന്റെ പ്രധാന കാരണം വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലുള്ള ചില സാങ്കേതികപ്പിഴവുകള്‍ യൂണിക്‌സില്‍ ആദ്യം മുതലേ ഉണ്ടായിരുന്നില്ല എന്നതാണ്‌. അതിന്‌ ഒന്നാമത്തെ കാരണം ഇ.എക്‌സ്‌.റ്റി.3, റേയ്‌സര്‍എഫ്‌.എസ്‌ തുടങ്ങിയ ശക്തമായ ഫയല്‍സിസ്റ്റങ്ങളാണ്‌ യൂണിക്‌സ്‌ അധിഷ്‌ഠിത ഒാപ്പറേറ്റിഗ്‌ സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നത്‌ എന്നതാണ്‌. മറിച്ച്‌ വിന്‍ഡോസ്‌ ഉപയോഗിക്കുന്നത്‌ താരതമ്യേന ദുര്‍ബ്ബലമായ ഫാറ്റ്‌, എന്‍.ടി.എഫ്‌.എസ്‌. പോലുള്ള ഫയല്‍സിസ്റ്റങ്ങള്‍ ആണ്‌. യൂണിക്‌സ്‌ സിസ്റ്റങ്ങളിലുള്ള സൂപ്പര്‍ യൂസര്‍ (റൂട്ട്‌) സങ്കല്‍പ്പം വിന്‍ഡോസില്‍ ഇല്ല. പരമ്പരാഗത യൂണിക്‌സ്‌ സിസ്റ്റങ്ങളിലെ അഡ്‌മിനിസ്‌ട്രറ്റര്‍ അക്കൗണ്ടിനു പറയുന്ന പേരാണ്‌ റൂട്ട്‌ എന്നത്‌. റൂട്ടിനു മാത്രമേ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഫയലുകളെ പരിഷ്‌കരിക്കുവാന്‍ അനുവാദമുള്ളൂ. അതേ സമയം യൂണിക്‌സ്‌ സിസ്റ്റങ്ങളില്‍ നിന്നു വിഭിന്നമായി വിന്‍ഡോസില്‍ ഉള്ള അഡ്‌മിനിസ്‌ട്രറ്റര്‍ അക്കൗണ്ടിന്‌ വ്യത്യാസമുണ്ട്‌. മാത്രമല്ല അഡ്‌മിനിസ്‌ട്രറ്റീവ്‌ പ്രിവിലേജ്‌ ഉണ്ടെങ്കില്‍ ഏതു വിന്‍ഡോസ്‌ യൂസറിനും ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഫയലുകളെ എങ്ങനേയും പരിഷ്‌കരിക്കാനാവും. വിന്‍ഡോസ്‌ ഉപയോക്താക്കള്‍ പലരും സ്ഥിരമായി അഡ്‌മിനിസ്‌ട്രറ്റീവ്‌ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്‌ത്‌ ഗ്രാഫിക്‌സ്‌ മോഡില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ശീലമാണുള്ളത്‌. മാത്രമല്ല, ഒട്ടുമിക്ക വിന്‍ഡോസ്‌ സോഫ്‌റ്റ്‌വെയറുകളും ഉപയോഗിക്കുവാന്‍ അനാവശ്യമായെന്നോണം അഡ്‌മിനിസ്‌ട്രറ്റീവ്‌ പ്രിവിലേജ്‌ അനിവാര്യമായി വരുന്നു. ഇത്‌ സ്ഥിരമായി അഡ്‌മിനിസ്‌ട്രറ്റീവ്‌ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്‌ത്‌ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ ഉപയോക്താവിനെ നിര്‍ബന്ധിതനാക്കുന്നു. അതുകൊണ്ടു തന്നെ മിക്ക വിന്‍ഡോസ്‌ കമ്പ്യൂട്ടറുകളിലും വൈറസ്‌ ഫയലുകള്‍ക്ക്‌ എളുപ്പം പ്രവേശനം കിട്ടും. നേരേ മറിച്ച്‌ റൂട്ട്‌ അക്കൗണ്ടില്‍ അത്യാവശ്യങ്ങള്‍ക്കു മാത്രമേ യൂണിക്‌സ്‌്‌ ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്യാറുള്ളൂ, അതും കമാന്റ്‌ ലെന്‍ ഇന്റര്‍ഫേസില്‍ മാത്രം.

1997-ല്‍ ബ്ലിസ്സ്‌ എന്ന ആദ്യത്തെ ലിനക്സ്‌ വൈറസ്‌ കണ്ടെത്തി. പക്ഷേ ബ്ലിസ്സിനെ ഒരു പൂര്‍ണ്ണലക്ഷണമൊത്ത വൈറസ്‌ ആയി ഒരിക്കലും കാണാനാവില്ല. പ്രസിദ്ധ ആന്റിവൈറസ്‌ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ മക്കഫിയാണ്‌ ഈ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്‌. മറ്റു ആന്റിവൈറസ്‌ സോഫ്‌റ്റ്‌വെയര്‍ കമ്പനികളും ലിനക്സ്‌ സെക്യൂരിറ്റിയെ ചോദ്യം ചെയ്‌തുകൊണ്ട്‌ പത്രക്കുറിപ്പുകള്‍ പ്രസിദ്ധപ്പെടുത്തി. ഒരു ലിനക്സ്‌ വൈറസ്‌ ഇന്നു നിലനില്‍ക്കുന്നതിനാല്‍ എല്ലാ ലിനക്സ്‌ ഉപയോക്താക്കളും ഇനി ആന്റിവൈറസ്‌ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും എന്നതായിരുന്നു പത്രക്കുറിപ്പുകളിലെ ഉള്ളടക്കം. എന്തായാലും ആന്റിവൈറസ്‌ കമ്പനികളുടെ ഉള്ളിലിരിപ്പ്‌ നടന്നില്ല; ബ്ലിസ്സ്‌ വൈറസ്‌ ഒരിക്കലും വ്യാപകമായി പടര്‍ന്നില്ല. കമ്പ്യൂട്ടര്‍ ശൃംഖലയെ തകരാറിലാക്കുക എന്ന ലക്ഷ്യത്തിനപ്പുറം ഗവേഷണ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ ബ്ലിസ്സ്‌ വൈറസ്‌ സൃഷ്ടിക്കപ്പെട്ടത്‌. ബ്ലിസ്സ്‌ വൈറസിന്റെ സോഴ്‌സ്‌ കോഡ്‌ വെകാതെ തന്നെ അതിന്റെ സൃഷ്ടാവ്‌ യൂസ്‌നെറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഏത്‌ അക്കൗണ്ടിലാണോ ലോഗിന്‍ ചെയ്‌തിരിക്കുന്നത്‌ ആ അക്കൗണ്ടിന്‌ മോഡിഫെ ചെയ്യാവുന്ന ഫയലുകളെ മാത്രമേ ബ്ലിസ്സ്‌ വൈറസ്‌ ബാധിച്ചുള്ളൂ. മാത്രമല്ല, വൈറസ്‌ പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യം വൈറസ്‌ ഫയല്‍ റണ്‍ ചെയ്യുകയും വേണം. എങ്കിലും ഏതാണ്ട് ഇരുപതോളം ലിനക്സ്‌ മാല്‍വെയറുകള്‍ ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. (വിക്കിയുടെ പീടികയില്‍ ഇതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചങ്ങലക്കണ്ണി ഇതാമറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഫ്രീ ബി.എസ്.ഡി. യെ ആക്രമിക്കാന്‍ ഉള്ള വൈറസ്‌ ആകെ ഒരേ ഒരെണ്ണം മാത്രം. വിക്കിയുടെ പീടികയില്‍ ഈ വിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലിങ്ക് ഇതാ)

ഇന്നും ഗ്നു/ലിനക്സ്‌ ഉള്‍പ്പെടെയുള്ള യൂണിക്‌സ്‌ സമാന ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങള്‍ മാത്രമാണ്‌ ഇതര ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈറസ്‌ ബാധയല്‍ക്കാതെ അജയ്യമായി ആരോഗ്യത്തോടെ നെഞ്ചുവിരിച്ചു നില്‍ക്കുന്നത്‌

കടപ്പാട്:freelokam.wordpress.com

അവസാനം പരിഷ്കരിച്ചത് : 5/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate