অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കെ എസ് ഐ ഡി സി-പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

കെ എസ് ഐ ഡി സി-പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ചോദ്യം 1 - ആരാണ്‌ ഒരു നോണ്‍ റെസിഡന്റ്‌ ഇന്ത്യന്‍ (എന്‍.ആര്‍.ഐ)?

ഉദ്യോഗസംബന്ധമായി വിദേശത്തു പാര്‍ക്കുകയോ, ബിസിനസ്സോ തൊഴിലോ ചെയ്യുന്നതിനു വേണ്ടി ഇന്ത്യയ്‌ക്കു പുറത്തു താമസിക്കുകയോ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ അനിശ്ചിത കാലത്തേക്ക്‌ വിദേശത്തു കഴിയണമെന്ന താല്‍പര്യത്തോടെ ഇന്ത്യയ്‌ക്കു വെളിയില്‍ ജീവിക്കുകയോ ചെയ്യുന്ന ഒരിന്ത്യന്‍ പൗരന്‍ നോണ്‍-റെസിഡന്റ്‌ ഇന്ത്യക്കാരനാകുന്നു.

ഐക്യരാഷ്ട്ര സഭയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന വ്യക്തികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ താല്‍ക്കാലികാടിസ്ഥാനത്തില്‍ വിദേശത്തു നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും നോണ്‍ റസിഡന്റ്‌ ഇന്ത്യക്കാരായി കണക്കാക്കപ്പെടും.

ഇന്ത്യയില്‍ ജനിച്ച്‌, വിദേശ പൗരത്വം സ്വീകരിച്ച്‌ അവിടെ കഴിയുന്നവരെയും നോണ്‍ റസിഡന്റ്‌ ഇന്ത്യന്‍ പൗരന്മാര്‍ക്കു (NRI) തുല്യരായി പരിഗണിക്കുന്നതാണ്.

ചോദ്യം 2 - ആരാണ്‌ മൗലികമായി ഇന്ത്യക്കാരനാണെന്നു പറയപ്പെടുന്നത്.

(എ) ബാങ്ക്‌ അക്കൗണ്ട്‌ തുറക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക, ഓഹരികളിലും സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കുന്നതിലേക്കായി പാകിസ്ഥാന്‍കാരനോ ബംഗ്ലാദേശ്‌കാരനോ അല്ലാത്ത ഒരു വിദേശ പൗരന്‍ -
(i) അയാള്‍ എന്നെങ്കിലും ഒരിന്ത്യന്‍ പാസ്‌പോര്‍ട്ടിന്‌ ഉടമയായിരുന്നിരിക്കുകയോ; 
(ii) അയാളോ അയാളുടെ മാതാപിതാക്കന്മാരിലാരെങ്കിലുമോ അല്ലെങ്കില്‍ പിതാമഹന്മാരിലാരെങ്കിലുമോ ഇന്ത്യന്‍ ഭരണഘടനപ്രകാരമോ 1955 -ലെ പൗരത്വനിയമം (57/1955) അനുസരിച്ചോ ഇന്ത്യന്‍ പൗരനായിരുന്നിരിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ -

അയാള്‍ മൗലികമായി ഇന്ത്യക്കാരനാണെന്നു കണക്കാക്കുന്നതാണ്‌.

കുറിപ്പ്‌ :

ഒരിന്ത്യന്‍ പൗരന്റെ പാകിസ്ഥാന്‍ പൗരനോ ബംഗ്ലാദേശ്‌ പൗരനോ അല്ലാത്ത ഭാര്യയെയോ ഭര്‍ത്താവിനെയോ, അല്ലെങ്കില്‍ ജന്മനാ ഇന്ത്യക്കാരനായ ഒരാളെയോ, ബാങ്ക്‌ അക്കൗണ്ടു തുറന്നതും ഓഹരികളിലും സെക്യൂരിറ്റികളിലും നിക്ഷേപിച്ചതും അവരുടെ NRI ഭര്‍ത്താവോ ഭാര്യയോ ചേര്‍ന്ന ജോയിന്റ്‌ അക്കൗണ്ടിലാണെങ്കില്‍ മേല്‍പ്പറഞ്ഞ ആവശ്യത്തിനായി മൗലികമായി ഇന്ത്യക്കാരനായി കണക്കാക്കുന്നതാണ്‌.

(ബി) സ്ഥാവര വസ്‌തുക്കളിലെ നിക്ഷേപങ്ങള്‍ക്ക്‌

പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ പൗരത്വമുള്ളവരൊഴികെ ഒരു വിദേശ പൗരന്‍ -

(i) അയാള്‍ എന്നെങ്കിലും ഒരിന്ത്യന്‍ പാസ്‌പോര്‍ട്ടിന്‌ ഉടമയായിരുന്നിരിക്കുകയോ, അല്ലെങ്കില്‍

(ii)അയാളോ അയാളുടെ പിതാവോ അല്ലെങ്കില്‍ പിതൃവഴിക്കുള്ള പിതാമഹനോ ഭരണഘടനപ്രകാരമോ 1955 -ലെ പൗരത്വ നിയമം (57/1955) അനുസരിച്ചോ ഇന്ത്യന്‍ പൗരനായിരുന്നിരിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍-

അയാള്‍ മൗലികമായി ഇന്ത്യാക്കാരനാണെന്നു കണക്കാക്കുന്നതാണ്‌.

ഇന്ത്യാക്കാരോ ഇന്ത്യയില്‍ ജനിച്ചു വിദേശത്തു പാര്‍ക്കുന്നവരോ ആയ വ്യക്തികള്‍, അത്തരക്കാരുടെ കമ്പനികള്‍, പാര്‍ട്‌ണര്‍ഷിപ്പ്‌ സ്ഥാപനങ്ങള്‍, സംഘങ്ങള്‍, മറ്റു കോര്‍പ്പറേറ്റ്‌ പ്രസ്ഥാനങ്ങള്‍ തുടങ്ങി വിദേശ ഇന്ത്യാക്കാരായ വ്യക്തികള്‍ക്ക്‌ പ്രത്യക്ഷമോ പരോക്ഷമോ ആയി കുറഞ്ഞത്‌ 60 ശതമാനമെങ്കിലും ഉടമസ്ഥാവകാശമുണ്ടായിരിക്കുന്ന സ്ഥാപനങ്ങളും കുറഞ്ഞ പക്ഷം നിഷേധിക്കാനാവാത്ത 60 ശതമാനം താല്‍പര്യമുള്ള ട്രസ്റ്റുകളും ഓവര്‍സീസ്‌ കോര്‍പ്പറേറ്റ്‌ ബോഡികളാകുന്നു. അത്തരം താല്‍പര്യം അവരുടെ നേരിട്ടുള്ള ഉടമസ്ഥതയിലായിരിക്കേണ്ടതും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതാകാന്‍ പാടില്ലാത്തതുമാകുന്നു. ഉടമസ്ഥതയും താല്‍പര്യങ്ങളും 60 ശതമാനത്തില്‍ കുറയാതെ തുടരുന്നിടത്തോളം കാലം NRI-കള്‍ക്ക്‌ നല്‌കുന്ന വിവിധ സൗകര്യങ്ങള്‍ ചെറിയ വ്യതിയാനങ്ങളോടെ OCB-കള്‍ക്കും ബാധകമായിരിക്കും.

ചോദ്യം 4 - OCB -കള്‍ തങ്ങളില്‍ NRI-കള്‍ക്ക്‌ ഉടമസ്ഥതയോ താല്‍പര്യങ്ങളോ ഉണ്ടെന്നതിനു സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ടോ ?

ഉണ്ട്‌. NRI-കള്‍ക്ക്‌ ഏതെങ്കിലും OCB-യില്‍ 60 ശതമാനത്തില്‍ കുറയാത്ത ഉടമസ്ഥതയും ആദായകരമായ താല്‍പര്യങ്ങളുമുണ്ടെന്നു സ്ഥാപിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനമോ ട്രസ്‌റ്റോ ഒരു വിദേശ ഓഡിറ്ററില്‍ നിന്നോ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റില്‍ നിന്നോ സര്‍ട്ടിഫൈഡ്‌ പബ്ലിക്‌ അക്കൗണ്ടന്റില്‍ നിന്നോ NRI-ക്ക്‌ പ്രത്യക്ഷമായ ഉടമസ്ഥതയോ ആദായകരമായ താല്‍പര്യമോ ഉണ്ടെങ്കില്‍ ഫാറം OAC-യിലും പരോക്ഷമായ ഉടമസ്ഥതയും താല്‍പര്യങ്ങളും മാത്രമേ ഉള്ളുവെങ്കില്‍ ഫാറം OAC - 1 ലും അവരുടെ ഉടമസ്ഥ താല്‍പര്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്നും മറ്റാരുടെയെങ്കിലും നോമിനിയെന്ന നിലയ്‌ക്കുള്ളതല്ലെന്നും കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.

ചോദ്യം 5 - NRI-കള്‍ക്കും OCB-കള്‍ക്കും ലഭ്യമായ വിവിധ സൗകര്യങ്ങള്‍ എന്തൊക്കെ ?

NRI -കള്‍ക്കും OCB -കള്‍ക്കും താഴെപ്പറയുന്ന സൗകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌.

(i) ഇന്ത്യയില്‍ ബാങ്ക്‌ അക്കൗണ്ട്‌ നടത്തിക്കൊണ്ടു പോകുക ;

(ii) ഇന്ത്യന്‍ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സെക്യൂരിറ്റികളിലും ഓഹരികളിലും മുതല്‍ മുടക്കുകയും അവയില്‍ പണം നിക്ഷേപിക്കുകയും ചെയ്യുക.

(iii) ഇന്ത്യയില്‍ സ്ഥാവരവസ്‌തുക്കളില്‍ നിക്ഷേപിക്കുക.

ഈ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നല്‌കിയിരിക്കുന്നു.

ബാങ്ക്‌ അക്കൗണ്ടുകള്‍

ചോദ്യം 1 - ഇന്ത്യയില്‍ ഏതു ബാങ്കില്‍ വേണമെങ്കിലും NRI-ക്ക്‌ അക്കൗണ്ട്‌ സൂക്ഷിക്കാന്‍ കഴിയുമോ ?

അംഗീകൃത ഡീലര്‍ ലൈസന്‍സുള്ള ബാങ്കുകള്‍ക്കും (അതായത്‌ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ബാങ്കുകള്‍ ) ഇതിനായി റിസര്‍വ്വ്‌ ബാങ്ക്‌ അനുവാദം കൊടുത്തിട്ടുള്ള ബാങ്കുകള്‍ക്കും മാത്രമേ NRI - കളുടെ പേരില്‍ അക്കൗണ്ട്‌ കൈകാര്യം ചെയ്യാന്‍ കഴിയൂ.

അംഗീകൃത ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ ഡീലര്‍മാരല്ലെങ്കിലും ചില സഹകരണ വാണിജ്യ ബാങ്കുകള്‍ക്ക്‌ (അംഗീകൃത ബാങ്കുകളെന്നു വിവക്ഷിക്കപ്പെടുന്നവ) രൂപയില്‍ വിനിമയം നടത്തുന്ന NRI -കളുടെ അക്കൗണ്ട്‌സ്‌ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേകം അനുമതി നല്‌കിയിട്ടുണ്ട്.

ചോദ്യം 2 - NRI-കള്‍ക്ക്‌ രൂപയിലും വിദേശ കറന്‍സിയിലും അക്കൗണ്ട്‌ നിലനിര്‍ത്താന്‍ അനുവാദമുണ്ടോ?

ഉണ്ട്‌. NRI- കള്‍ക്ക്‌ ഇന്ത്യന്‍ രൂപയിലും വിദേശ കറന്‍സിയിലും അക്കൗണ്ട്‌സ്‌ കൈകാര്യം ചെയ്യാവുന്നതാണ്. എന്നാല്‍ വിദേശ കറന്‍സിയില്‍ അക്കൗണ്ട്‌ കൈകാര്യം ചെയ്യാന്‍ അംഗീകൃത ഡീലര്‍മാര്‍ക്കു മാത്രമേ കഴിയൂ.

ചോദ്യം 3 - NRI-കള്‍ക്ക്‌ അംഗീകൃത ഡീലര്‍മാരുടെ പക്കലോ അംഗീകൃത ബാങ്കുകളിലോ കറന്റ്‌ അക്കൗണ്ടോ സേവിങ്‌സ്‌ അക്കൗണ്ടോ സ്ഥിരനിക്ഷേപമോ നടത്താന്‍ പറ്റുമോ ?

NRO അക്കൗണ്ടുകളും NRE അക്കൗണ്ടുകളും കറന്റ്‌, സേവിങ്‌സ്‌ / സ്ഥിരനിക്ഷേപ രൂപങ്ങളില്‍ തുടങ്ങാവുന്നതാണ്‌. എന്നാല്‍ NRNR അക്കൗണ്ടുകള്‍ സ്ഥിരനിക്ഷേപമായിട്ടു മാത്രമേ നടത്താനാകൂ.

ചോദ്യം 4 - കൈകാര്യം ചെയ്യാന്‍ അനുവദിച്ചിട്ടുള്ള വ്യത്യസ്‌ത റുപ്പീ അക്കൗണ്ടുകള്‍ ഏവ ?

മൂന്നു വിധത്തിലുള്ള റുപ്പീ അക്കൗണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്. നോണ്‍ - റസിഡന്റ്‌ (എക്‌സ്‌റ്റേണല്‍) റുപ്പീ അക്കൗണ്ട്‌സ്‌ (NRE അക്കൗണ്ട്‌), ഓര്‍ഡിനറി നോണ്‍ റസിഡന്റ്‌ റുപ്പീ അക്കൗണ്ട്‌ (NRO അക്കൗണ്ട്‌), നോണ്‍ - റസിഡന്റ്‌ (നോണ്‍ - റിപ്പാട്രിയബ്‌ള്‍) റുപ്പീ ഡെപ്പോസിറ്റ്‌ അക്കൗണ്ട്‌ (NRNR) എന്നിവയാണ്‌ അവ.

ചോദ്യം 5 - വിദേശ കറന്‍സി നോട്ടുകളുടെയും ട്രാവലേഴ്‌സ്‌ ചെക്കുകളുടെയും മൂല്യം തടസ്സം കൂടാതെ NRE അക്കൗണ്ടില്‍ ചേര്‍ക്കാന്‍ സാധിക്കുമോ ?

അക്കൗണ്ട്‌ ഉടമ ഇന്ത്യ സന്ദര്‍ശിക്കുന്ന അവസരത്തില്‍ കൊണ്ടു വരുന്ന വിദേശ കറന്‍സിയും ട്രാവലേഴ്‌സ്‌ ചെക്കുകളും നേരിട്ടു ബാങ്കിലേല്‌പിക്കുകയാണെങ്കില്‍ അവ ബന്ധപ്പെട്ട അക്കൗണ്ടില്‍ വരവുവെക്കുന്നതിന്‌ അംഗീകൃത ഡീലര്‍മാരെ അനുവദിച്ചിട്ടുണ്ട്. വരവു വെക്കാന്‍ നല്‌കുന്ന വിദേശ കറന്‍സിയുടെ മൂല്യം 2500 അമേരിക്കന്‍ ഡോളറിലധികമോ തത്തുല്യ വിലയ്‌ക്കോ അല്ലെങ്കില്‍ കറന്‍സി നോട്ടുകളും ട്രാവലേഴ്‌സ്‌ ചെക്കുകളും ചേര്‍ന്ന തുക 10000 അമേരിക്കന്‍ ഡോളറിലധികമോ തത്തുല്യ തുകയ്‌ക്കോ വരുന്ന പക്ഷം അക്കൗണ്ട്‌ ഉടമ ഇന്ത്യയിലെത്തിച്ചേരുന്ന അവസരത്തില്‍ കസ്‌റ്റംസ്‌ മുമ്പാകെ കറന്‍സി ഡിക്ലറേഷന്‍ ഫാറത്തില്‍ (CDF) വെളിപ്പെടുത്തിയിരിക്കണം. കൂടാതെ, ട്രാവലേഴ്‌സ്‌ ചെക്കിന്റെ കാര്യത്തില്‍ അവ അക്കൗണ്ട്‌ ഉടമ നേരിട്ടു ഹാജരാക്കി ബാങ്ക്‌ അധികാരികളുടെ സാന്നിദ്ധ്യത്തില്‍ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്യേണ്ടതാണ്.

ചോദ്യം 6 : ഒരു നോണ്‍ റസിഡന്റിനു വേണ്ടി അയാളുടെ മുക്ത്യാറിന്‌ NRE അക്കൗണ്ട്‌ തുറക്കാനാകുമോ ?

ഇല്ല.

ചോദ്യം 7 : രാജ്യത്തിനകത്തു താമസക്കാരനായ മുക്ത്യാറിന്‌ NRE അക്കൗണ്ട്‌ കൈകാര്യം ചെയ്യാനാകുമോ ?

അക്കൗണ്ട്‌ ഉടമ സ്വന്തം നാട്ടില്‍ കൊടുത്തു തീര്‍ക്കാനുള്ള പണം അയാള്‍ക്കു വേണ്ടി മുക്ത്യാര്‍ നല്‌കുന്നതിനു തടസ്സമില്ല. ഇന്ത്യയ്‌ക്കകത്തു നിക്ഷേപിക്കുന്നതിന്‌ അക്കൗണ്ട്‌ ഉടമയെയോ അയാള്‍ നിയോഗിക്കുന്ന ബാങ്കിനെയോ അനുവദിച്ചിട്ടുണ്ടെങ്കില്‍ ആ ഇടപാടുകള്‍ നടത്തുന്നതിന്‌ മുക്ത്യാറിനെ അനുവദിച്ചിട്ടുണ്ട്. മുക്ത്യാറിന്‌ NRE അക്കൗണ്ടില്‍ നിന്നു പണമെടുത്ത്‌ പാരിതോഷികം നല്‌കാന്‍ അനുവാദമില്ല.

ചോദ്യം 8 : മുക്ത്യാറിന്‌ വിദേശ കറന്‍സി നോട്ടുകള്‍, ബാങ്ക്‌ നോട്ടുകള്‍ ട്രാവലേഴ്‌സ്‌ ചെക്കുകള്‍ എന്നിവ NRE അക്കൗണ്ടില്‍ വരവു വെപ്പിക്കാമോ ?

സാദ്ധ്യമല്ല.

ചോദ്യം 9 : NRE അക്കൗണ്ടും NRO അക്കൗണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്‌ ?

NRE അക്കൗണ്ടില്‍ മിച്ചമുള്ള തുക തടസ്സം കൂടാതെ വിദേശത്തേക്കും മടക്കിക്കൊണ്ടു പോകാവുന്നതാണ്‌ . എന്നാല്‍ NRO അക്കൗണ്ടിലെ പണം വിദേശത്തേക്കയയ്‌ക്കാനാവില്ല. അത്‌ ഇവിടെ തന്നെ ചെലവഴിക്കാനേ കഴിയൂ. അതുപോലെ വിദേശത്തു നിന്നയയ്‌ക്കുന്നതോ ഇവിടെ നിന്നു വിദേശത്തേക്കയയ്‌ക്കാന്‍ കഴിയുന്നതോ ആയ പണം NRE അക്കൗണ്ടിലേ വരവു വെയ്‌ക്കാനാകൂ. വിദേശ വിനിമയ നിയന്ത്രണ ചട്ടങ്ങള്‍ക്കനുസൃതമല്ലാത്ത ഫണ്ട്‌ NRO അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്.

ചോദ്യം 10 : നോണ്‍ - റസിഡന്റ്‌ ഇന്ത്യക്കാര്‍ക്ക്‌ NRO / NRE അക്കൗണ്ടുകള്‍ ഇവിടെ സ്ഥിര താമസമാക്കിയിട്ടുള്ളവരോടൊപ്പം ജോയ്‌ന്റ്‌ അക്കൗണ്ടായി കൈകാര്യം ചെയ്യാനാകുമോ ?

NRO അക്കൗണ്ടുകള്‍ ഇവിടെ സ്ഥിരതാമസക്കാരായവരുമായി ചേര്‍ന്ന്‌ ജോയ്‌ന്റ്‌ അക്കൗണ്ടായി നടത്താം. എന്നാല്‍ NRE അക്കൗണ്ടുകള്‍ ജോയ്‌ന്റ്‌ അക്കൗണ്ട്‌ സംവിധാനത്തില്‍ കൈകാര്യം ചെയ്യാനാവില്ല.

ചോദ്യം 11 : ഇത്തരം അക്കൗണ്ടുകള്‍ക്കു ലഭിക്കുന്ന പലിശ നിരക്ക്‌ എത്രയാണ്‌ ?

NRE അക്കൗണ്ടിന്റെ കാര്യത്തില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്‌ നല്‌കുന്ന പലിശ ബാങ്ക്‌ നിരക്കില്‍ നിന്നു രണ്ടു ശതമാനം കുറച്ചതിനെക്കാള്‍ അധികമാകാന്‍ പാടില്ല. ഒരു വര്‍ഷത്തിനു മേല്‍ കാലാവധിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള പലിശ ബാങ്കുകള്‍ക്കു തന്നെ തീരുമാനിക്കുന്നതാണ്. NRO അക്കൗണ്ടിന്മേലുള്ള പലിശ നിരക്ക്‌ രാജ്യത്തിനകത്തെ നിക്ഷേപങ്ങളുടെ പലിശ നിര്‍ണ്ണയിക്കുന്ന അതേ രീതിയിലാണു നിശ്ചയിക്കുന്നത്.

ചോദ്യം 12 : അക്കൗണ്ട്‌സ്‌ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ക്ക്‌ സ്വതന്ത്രമായി NRO അക്കൗണ്ടില്‍ കിഴിവു നടത്തുകയോ വരവു വെക്കുകയോ ചെയ്യാനാകുമോ ?

ചെയ്യാം. പ്രാദേശികമായി നല്‌കാനുള്ള പണം തടസ്സം കൂടാതെ കിഴിവു ചെയ്യാവുന്നതാണ്. അക്കൗണ്ട്‌ ഉടമയുടെ നിയമാനുസൃത ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിന്‌ ബാങ്കുവഴി അയയ്‌ക്കുന്ന പണം സ്വീകരിക്കുകയും അതു വരവു വെക്കുകയും ചെയ്യാം.

ചോദ്യം 13 : NRE അക്കൗണ്ടുകളില്‍ അനുവദനീയമായ ഡെബിറ്റുകളും ക്രെഡിറ്റുകളും ഏവ ?

പ്രാദേശികാവശ്യങ്ങള്‍ക്ക്‌ ഇഷ്ടാനുസരണം പണം കൊടുക്കുകയും അതു ഡെബിറ്റ്‌ ചെയ്യുകയുമാകാം. പ്രാദേശികമായി വന്നു ചേരുന്ന ഫണ്ട്‌ വിദേശത്തേക്കയയ്‌ക്കാന്‍ അര്‍ഹതയുള്ളതാണെങ്കില്‍ മാത്രമേ ക്രെഡിറ്റു ചെയ്യുകയുള്ളൂ.

ചോദ്യം 14 : NRE / NRO അക്കൗണ്ടിലുള്ള പണം ഇന്ത്യയ്‌ക്കു പുറത്തേയ്‌ക്കയയ്‌ക്കാമോ ?

NRE അക്കൗണ്ടിലുള്ള പണം ഇഷ്ടാനുസരണം രാജ്യത്തിനു പുറത്തേക്കയയ്‌ക്കാവുന്നതാണ്. സാധാരണ ഗതിയില്‍ പ്രാദേശിക കേന്ദ്രത്തില്‍ നിന്ന്‌ NRO അക്കൗണ്ടില്‍ വരുന്ന ഫണ്ട്‌ ഇന്ത്യയ്‌ക്കു പുറത്തേക്കയയ്‌ക്കാനാവില്ല. NRO അക്കൗണ്ടിലുള്ള ഫണ്ടിന്‌ 1994 - 1995 മുതല്‍ക്കിങ്ങോട്ട്‌ നേടുന്ന പലിശ റിസര്‍വ്വ്‌ ബാങ്ക്‌ അനുവദിച്ചിട്ടുള്ള പരിധിക്കു വിധേയമായി പുറത്തേക്കയയ്‌ക്കാവുന്നതാണ്. (ചോദ്യം 59, 60 ഇവയ്‌ക്കു നല്‌കിയിരിക്കുന്ന ഉത്തരം കാണുക.)

ചോദ്യം 15 : NRE / NRO അക്കൗണ്ടിലുള്ള ഫണ്ട്‌ അക്കൗണ്ട്‌ ഉടമയ്‌ക്കോ അയാളുടെ ആശ്രിതര്‍ക്കോ ഇന്ത്യയിലേക്കു വരുന്നതിനോ, ഇന്ത്യയ്‌ക്കു പുറത്തേയ്‌ക്കു പോകുന്നതിനോ ഇന്ത്യയ്‌ക്കകത്തോ വിമാന യാത്രക്കൂലിക്ക്‌ ഉപയോഗിക്കാമോ ?

ഉപയോഗിക്കാം. അക്കൗണ്ട്‌ കൈകാര്യം ചെയ്യുന്ന ബാങ്കുകളെ ഈ ഇനത്തില്‍ പണം കൊടുക്കുന്നതിന്‌ അനുവദിച്ചിട്ടുണ്ട്‌. വ്യോമയാന കമ്പനികള്‍, ഷിപ്പിങ്‌ കമ്പനികള്‍, അവരുടെ ഏജന്റുമാര്‍ എന്നിവര്‍ക്ക്‌ NRO / NRE അക്കൗണ്ടില്‍ നിന്ന്‌ രൂപയായി പണം സ്വീകരിക്കുന്നതിന്‌ അനുമതി നല്‌കിയിട്ടുണ്ട്.

ചോദ്യം 16 : NRO സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ കുറഞ്ഞകാലത്തേക്ക്‌ കണക്കില്‍ കവിഞ്ഞ തുക പറ്റാന്‍ അനുവദിക്കുമോ ?

അനുവദിക്കും. കണക്കില്‍ കവിഞ്ഞ തുകയും അതിന്മേലുള്ള പലിശയും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അടച്ചുകൊള്ളാമെന്ന നിബന്ധനയ്‌ക്കു വിധേയമായി 1000/- രൂപ വരെ കണക്കില്‍ കവിഞ്ഞ തുക നല്‌കുന്നതിന്‌ അംഗീകൃത ഡീലര്‍മാരെ അനുവദിച്ചിട്ടുണ്ട്.

ചോദ്യം 17 - NRO / NRE അക്കൗണ്ട്‌ ഉടമകള്‍ തങ്ങളുടെ സ്ഥിരനിക്ഷേപത്തിന്റെ ഈടിന്മേല്‍ വായ്‌പയോ ഓവര്‍ ഡ്രാഫ്‌റ്റോ വാങ്ങുന്നതിന്‌ അര്‍ഹരാണോ ?

അതെ. പണം ആര്‍ക്കെങ്കിലും കടം കൊടുക്കുന്നതിനോ കൃഷിയാവശ്യത്തിനോ പ്ലാന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കോ റീയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്സില്‍ നിക്ഷേപിക്കുന്നതിനോ അല്ലാത്ത പക്ഷം ഇതനുവദിക്കും. NRE സ്ഥിരനിക്ഷേപത്തിന്റെ ഈടിന്മേല്‍ വാങ്ങുന്ന വായ്‌പകള്‍ വിദേശത്തേക്കയയ്‌ക്കാതെ ഇന്ത്യയ്‌ക്കകത്തു തന്നെ ചില പ്രത്യേക മേഖലകളില്‍ മുതല്‍ മുടക്കുന്നതിനും ഫ്‌ളാറ്റോ വീടോ വാങ്ങുന്നതിനും വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ഉപയോഗിക്കാവുന്നതാണ്.

ചോദ്യം 18 - ഇത്തരം വായ്‌പകള്‍ക്ക്‌ ഈടാക്കുന്ന പലിശ നിരക്കെത്ര ?

NRO / NRE സ്ഥിര നിക്ഷേപ അക്കൗണ്ടിന്റെ ഈടിന്മേല്‍ നല്‌കുന്ന രണ്ടു ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക്‌ സ്ഥിര നിക്ഷേപത്തിനു ബാങ്കു നല്‌കുന്ന പലിശയെക്കാള്‍ രണ്ടു ശതമാനം അധികം ഈടാക്കുന്നതാണ്. വായ്‌പ തിരിച്ചടവ്‌ നിക്ഷേപത്തില്‍ തട്ടിക്കിഴിക്കുകയോ വിദേശത്തു നിന്ന്‌ അടയ്‌ക്കുകയോ ചെയ്യാം. രണ്ടു ലക്ഷം രൂപയ്‌ക്കു മേല്‍ വരുന്ന വായ്‌പകള്‍ക്കുള്ള പലിശ നിരക്ക്‌ ബാങ്കുകള്‍ക്കു തന്നെ നിശ്ചയിക്കാവുന്നതാകുന്നു.

ചോദ്യം 19 - NRE സ്ഥിരനിക്ഷേപത്തിന്റെ ഈടിന്മേല്‍ എടുത്ത വായ്‌പ NRO അക്കൗണ്ടിലുള്ള ഫണ്ടില്‍ നിന്നു തിരിച്ചടയ്‌ക്കാനാകുമോ ?

NRE നിക്ഷേപത്തിന്റെ ഈടിന്മേല്‍ അനുവദിച്ച വായ്‌പ NRO അക്കൗണ്ടിലെ ഫണ്ടില്‍ നിന്ന്‌ അടച്ചു തീര്‍ക്കാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതാതു കാലത്തു നിലവിലുള്ള ബാങ്ക്‌ പലിശനിരക്ക്‌ ഈടാക്കുന്നതായിരിക്കും.

ചോദ്യം 20 - NRO / NRE അക്കൗണ്ടുകളില്‍ അവകാശിയെ നാമനിര്‍ദ്ദേശം ചെയ്യാമോ ?

ചെയ്യാം.

ചോദ്യം 21 - നോണ്‍ റസിഡന്റ്‌ നോമിനികളുടെ ഫണ്ട്‌ വിദേശത്തേക്കു മടക്കിയയ്‌ക്കാന്‍ സാധിക്കുമോ ?

NRO അക്കൗണ്ടിലുള്ള പണം നോണ്‍-റസിഡന്റ്‌ നോമിനിയുടെ NRO അക്കൗണ്ടിലേക്കു മാത്രം ക്രെഡിറ്റു ചെയ്യാവുന്നതാണ്. എന്നാല്‍ റീപ്പാട്രിയേഷന്‍ അനുവദിക്കുന്നതല്ല. മരണമടഞ്ഞ വ്യക്തിയുടെ NRE അക്കൗണ്ട്‌ റീപ്പാട്രിയേറ്റു ചെയ്യാന്‍ അംഗീകൃത ഡീലര്‍മാരെ അനുവദിക്കും.

ചോദ്യം 22 - രണ്ട്‌ അക്കൗണ്ട്‌ ഉടമകളുടെ NRE അക്കൗണ്ട്‌സ്‌ തമ്മില്‍ ഫണ്ട്‌ കൈമാറ്റം ചെയ്യാനാകുമോ ?

സാദ്ധ്യമാണ്. വ്യക്തിപരവും സത്യസന്ധവുമായ ആവശ്യങ്ങള്‍ക്ക്‌ ഒരാളുടെ NRE അക്കൗണ്ടില്‍ നിന്നു മറ്റൊരാളിന്റെ NRE അക്കൗണ്ടിലേക്ക്‌ ഫണ്ട്‌ മാറ്റം ചെയ്യുന്നതിന്‌ അംഗീകൃത ഡീലര്‍മാര്‍ക്ക്‌ അനുമതി നല്‌കാന്‍ കഴിയും. പാരിതോഷികമെന്ന നിലയില്‍ ഫണ്ട്‌ മാറ്റം ചെയ്യുന്നത്‌ ഗിഫ്‌റ്റ്‌ ടാക്‌സ്‌ നിയമത്തിനു വിധേയമായിട്ടായിരിക്കും.

ചോദ്യം 23 - NRI - കള്‍ക്ക്‌ ഇന്ത്യയിലേക്ക്‌ അയയ്‌ക്കുന്ന പണം NRE / NRO / NRNR അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്യുമ്പോള്‍ ഏതു നിരക്കിലാണ്‌ രൂപയിലേക്കു പരിവര്‍ത്തനം ചെയ്യുന്നത്‌ ?

NRI കള്‍ നടത്തുന്ന NRE / NRO / NRNR തുടങ്ങിയ റുപ്പീ അക്കൗണ്ടുകളില്‍ ക്രെഡിറ്റു ചെയ്യുന്ന പണം വിപണി വിലയ്‌ക്കാണ്‌ രൂപയിലേക്കു പരിവര്‍ത്തനം ചെയ്യുന്നത്.

ചോദ്യം 24 - NRI കളല്ലാത്ത വിദേശ ഇന്ത്യാക്കാര്‍ക്ക്‌ ഇന്ത്യയിലെ ബാങ്കുകളില്‍ രൂപയില്‍ നിക്ഷേപം നടത്തുന്നതിനു പ്രത്യേക പദ്ധതിയുണ്ടോ ?

ഉണ്ട്. NRI കള്‍ക്കും മറ്റു വിദേശ ഇന്ത്യാക്കാര്‍ക്കും NRNR റുപ്പി ഡെപ്പോസിറ്റ്‌ സ്‌കീം മുഖേന ഇന്ത്യയിലെ ബാങ്കുകളില്‍ NRO റുപ്പീ അക്കൗണ്ട്‌സും നിക്ഷേപം തുടങ്ങാവുന്നതാണ്.

ചോദ്യം 25 - നോണ്‍ റസിഡന്റ്‌ നോണ്‍ - റിപ്പാട്രിയബ്‌ള്‍ (NRNR) റുപ്പി ഡെപ്പോസിറ്റ്‌ സ്‌കീമില്‍ എങ്ങനെയാണ്‌ അക്കൗണ്ട്‌ തുറക്കുക.

രൂപയിലേക്കു പരിവര്‍ത്തനം ചെയ്‌തെടുക്കാവുന്ന ഏതെങ്കിലുമൊരു വിദേശ കറന്‍സിയില്‍ വിദേശത്തു നിന്ന്‌ ഫണ്ട്‌ അയച്ച്‌ ഇന്ത്യയിലെ ഒരംഗീകൃത ഡീലറുടെ പക്കല്‍ ഇത്തരം അക്കൗണ്ട്‌ തുറക്കാവുന്നതാണ്. ഈ സ്‌കീമില്‍ രൂപയിലേക്കു മാറ്റിയ നിക്ഷേപം ആറു മാസം മുതല്‍ മൂന്നു വര്‍ഷം വരെ നിലനിര്‍ത്തണം. NRI-കള്‍ക്ക്‌ അവരുടെ നിലവിലുള്ള NRE / FCNR അക്കൗണ്ടുകളില്‍ നിന്ന്‌ ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌തു കൊണ്ടും ഇത്തരം അക്കൗണ്ട്‌ തുറക്കാവുന്നതേയുള്ളൂ. കാലാവധി പൂര്‍ത്തിയാകും മുന്‍പ്‌ NRE / FCNR നിക്ഷേപങ്ങള്‍ പിന്‍വലിച്ചാല്‍ പിഴ പലിശ ഈടാക്കുന്നതല്ല. ഈ ആനുകൂല്യം ലഭിക്കാന്‍ നിക്ഷേപം അതേ അംഗീകൃത ഡീലറുടെ അടുത്തു തുടരണമെന്നു മാത്രം.

ചോദ്യം 26 - NRNR നിക്ഷേപത്തിനു ലഭിക്കുന്ന പലിശ നിരക്കെത്ര ?

ഈ സ്‌കീം പ്രകാരം പലിശ നിരക്കു നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്കു സ്വാതന്ത്ര്യമുണ്ട് .

ചോദ്യം 27 - മുതലോ NRNR നിക്ഷേപത്തില്‍ നേടുന്ന പലിശയോ എപ്പോള്‍ വേണമെങ്കിലും വിദേശത്തേക്ക്‌ കൊണ്ടു പോകാമോ ?

നിക്ഷേപ മുതല്‍ വിദേശത്തേക്കു കൊണ്ടു പോകാനാവില്ല. 1994 സെപ്‌തംബര്‍ 30 വരെ ആര്‍ജ്ജിച്ച പലിശയും കൊണ്ടു പോകാനാവില്ല. 1994 ഒക്ടോബര്‍ 1 മുതല്‍ നേടിയ പലിശ വിദേശത്തേക്കു കൊണ്ടു പോകുകയോ NRE / FCNR നിക്ഷേപം തുടങ്ങാന്‍ ഉപയോഗിക്കുകയോ നിലവിലുള്ള NRE അക്കൗണ്ടില്‍ ക്രെഡിറ്റു ചെയ്യുകയോ ആകാം.

ചോദ്യം 28 : NRNR നിക്ഷേപത്തിന്റെ മുതലും അതിന്മേല്‍ നേടിയ പലിശയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കാന്‍ സാധിക്കുമോ ?

1994 സെപ്‌തംബര്‍ 30 വരെ നിക്ഷേപത്തിന്റെ മുതല്‍ മാത്രമേ പുതുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. 1994 ഒക്ടോബര്‍ 1 മുതല്‍ നേടിയ പലിശ വിദേശത്തേക്കു കൊണ്ടു പോകാന്‍ അനുവദിച്ചിരിക്കുന്നതിനാല്‍ ആ തിയതീ മുതല്‍ മുതലും അതിന്മേല്‍ നേടിയ പലിശയും പുതുക്കാവുന്നതാണ്.

ചോദ്യം 29 - ഈ നിക്ഷേപങ്ങളുടെ ഈടിന്മേല്‍ വായ്‌പകളോ ഓവര്‍ ഡ്രാഫ്‌റ്റോ വാങ്ങാന്‍ സാധിക്കുമോ ?

നിക്ഷേപത്തിനല്ലാത്ത ആവശ്യങ്ങള്‍ക്ക്‌ വായ്‌പകളോ ഓവര്‍ ഡ്രാഫ്‌റ്റോ അനുവദിക്കുന്നതിന്‌ അംഗീകൃത ഡീലര്‍മാര്‍ക്ക്‌ അനുമതി നല്‌കിയിട്ടുണ്ട്.

ചോദ്യം 29 - എ. അക്കൗണ്ട്‌ ഉടമ ഇന്ത്യയിലേക്കു മടങ്ങുമ്പോള്‍ NRO / NRE അക്കൗണ്ടുകളുടെ നില എന്തായിരിക്കും ?

അക്കൗണ്ട്‌ ഉടമ ഇന്ത്യയിലേക്കു മടങ്ങിയെത്തുമ്പോള്‍ അത്തരം അക്കൗണ്ടുകള്‍ റസിഡന്റ്‌ അക്കൗണ്ടുകളായി പുനര്‍നാമകരണം ചെയ്യണമെന്ന്‌ ബാങ്കുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്.

ചോദ്യം 29 - ബി. ഇങ്ങനെ പുനര്‍നാമകരണം ചെയ്യുമ്പോള്‍ അക്കൗണ്ട്‌ ഉടമയ്‌ക്ക്‌ പലിശനഷ്ടം സംഭവിക്കുമോ ?

ഇല്ല. അക്കൗണ്ട്‌ തുടര്‍ന്നുകൊണ്ടു പോകുമായിരുന്നെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഏതു നിരക്കില്‍ പലിശ കിട്ടുമായിരുന്നുവോ അതേ നിരക്ക്‌ റസിഡന്റ്‌ റുപ്പീ അക്കൗണ്ടിലേക്കു പരിവര്‍ത്തനം ചെയ്‌തു കഴിഞ്ഞാലും നല്‌കണമെന്ന്‌ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്.

ചോദ്യം 30 - NRI -കള്‍ക്ക്‌ വിദേശ കറന്‍സിയില്‍ അക്കൗണ്ട്‌ നിലനിര്‍ത്താനാകുമോ ?

ആകും. NRI കള്‍ക്ക്‌ അംഗീകൃത ഡീലര്‍മാരുടെ വിദേശ കറന്‍സിയില്‍ അക്കൗണ്ട്‌ നിലനിര്‍ത്താനാകും.

ചോദ്യം 31 - ഏതൊക്കെ വിദേശ കറന്‍സികളില്‍ ഇത്തരത്തില്‍ അക്കൗണ്ട്‌ തുടരാം ?

പൗണ്ട്‌ സ്‌റ്റെര്‍ലിങ്‌, അമേരിക്കന്‍ ഡോളര്‍, ഡച്ച്‌ മാര്‍ക്ക്‌, ജാപ്പാനീസ്‌ യെന്‍ എന്നീ വിദേശ കറന്‍സികളാണ്‌ FCNR അക്കൗണ്ട്‌ തുടരാനനുവദിച്ചിട്ടുള്ളത്.

ചോദ്യം 32 - FCNR അക്കൗണ്ട്‌ കറന്റ്‌ അക്കൗണ്ടായോ സേവിങ്‌സ്‌ അക്കൗണ്ടായോ നിലനിര്‍ത്താനാകുമോ ?

ഇല്ല. FCNR അക്കൗണ്ട്‌ ദീര്‍ഘകാല നിക്ഷേപങ്ങളായേ നിലനിര്‍ത്താന്‍ പറ്റൂ. അതായത്‌, ആറു മാസത്തിനും മൂന്നു വര്‍ഷത്തിനുമിടയിലുള്ള ഒരു നിശ്ചിത കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ .

ചോദ്യം 33 - FCNR ദീര്‍ഘകാല നിക്ഷേപത്തിന്റെ പരമാവധി കാലയളവ്‌ എത്ര ?

കാലാവധി പൂര്‍ത്തിയാകുന്നതിനുള്ള പരമാവധി കാലയളവ്‌ മൂന്നു വര്‍ഷമാണ്.

ചോദ്യം 34 - FCNR നിക്ഷേപം കാലാവധി പൂര്‍ത്തിയാകും മുന്‍പ്‌ പിന്‍വലിക്കാമോ ?

പിന്‍വലിക്കാം. പക്ഷെ അതിനു പിഴ നല്‌കേണ്ടി വരും.

ചോദ്യം 35 - കാലാവധി പൂര്‍ത്തിയാകും മുന്‍പ്‌ FCNR നിക്ഷേപം പിന്‍വലിക്കുന്നതിന്‌ എത്രയാണു പിഴ ഈടാക്കുന്നത്‌ ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ നിക്ഷേപകാലയളവിലേക്ക്‌ നിശ്ചയിച്ചിരുന്ന പലിശ നിരക്കിനേക്കാള്‍ ഒരു ശതമാനം കുറഞ്ഞ നിരക്കിലായിരിക്കും പലിശ നല്‌കുക. കുറഞ്ഞത്‌ ആറു മാസത്തേക്കെങ്കിലുമുള്ള നിക്ഷേപമായിരുന്നിരിക്കണം അത്.

ചോദ്യം 36 - ആറു മാസം കാലാവധിയുള്ള ഒരു FCNR അക്കൗണ്ട്‌ കാലാവധി പൂര്‍ത്തിയാകും മുമ്പേ പിന്‍വലിച്ചാല്‍ പലിശ ലഭിക്കുമോ ?

ഇല്ല. കാലാവധി പൂര്‍ത്തിയാകും മുന്‍പേ നിക്ഷേപം പിന്‍വലിക്കാനനുവദിക്കുമെങ്കിലും അതിനു പലിശയുണ്ടായിരിക്കില്ല. കാലാവധി പൂര്‍ത്തിയാകും മുന്‍പുള്ള ഇത്തരം പിന്‍വലിക്കലുകള്‍ക്ക്‌ ബാങ്ക്‌ തങ്ങളുടെ വിവേചനാധികാരമുപയോഗിച്ച്‌ പിഴ ചുമത്തുന്നതായിരിക്കും.

ചോദ്യം 37 - FCNR നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്‌ കാലാനുസൃതമായി പരിഷ്‌കരിക്കാറുണ്ടോ ?

ഉണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കുന്ന കാലാവധിക്കും കറന്‍സിക്കും അനുസൃതമായി തൊട്ടു പിന്നിലെ ആഴ്‌ചയിലെ അവസാന പ്രവൃത്തി ദിവസത്തില്‍ നിലവിലുണ്ടായിരുന്ന LIBOR -ല്‍ അധികരിക്കാത്ത നിരക്കു നല്‌കുന്നതിനു ബാങ്കുകളെ അനുവദിച്ചിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനു വിധേയമായി ബാങ്കുകള്‍ക്ക്‌ സുസ്ഥിര പലിശ നിരക്കോ അസ്ഥിര പലിശ നിരക്കോ നല്‌കാവുന്നതാണ്.

ചോദ്യം 38 - തദ്ദേശീയമായി നല്‌കുന്ന പണം FCNR അക്കൗണ്ടില്‍ ഡെബിറ്റു ചെയ്യുന്നതിനെപ്പറ്റി എന്താണു പറയാനുള്ളത്‌ ?

തദ്ദേശീയമായി രൂപയില്‍ നല്‌കുന്ന പണം തടസ്സമില്ലാതെ ഡെബിറ്റു ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുതല്‍ മുടക്ക്‌ ഡെബിറ്റു ചെയ്യുന്നതിനെക്കുറിച്ചറിയാന്‍ പിന്നാലെ വരുന്ന ഭാഗങ്ങള്‍ നോക്കുക.

ചോദ്യം 39 - FCNR നിക്ഷേപങ്ങള്‍ രാജ്യത്തിനകത്തെ വ്യക്തികളോടൊപ്പം ജോയ്‌ന്റ്‌ അക്കൗണ്ടായി നടത്താനാകുമോ ?

ഇല്ല.

ചോദ്യം 40 - FCNR അക്കൗണ്ടുകളില്‍ നോമിനേഷന്‍ അനുവദിക്കുമോ ?

അനുവദിക്കും.

ചോദ്യം 41 - FCNR അക്കൗണ്ടിലുള്ള പണം നോണ്‍-റസിഡന്റ്‌ നോമിനിയുടെ അക്കൗണ്ടിലേക്കു മാറ്റാനാകുമോ ?

ആകും. NRE അക്കൗണ്ടിലെ ഫണ്ട്‌ മാറ്റുന്നതു സംബന്ധിച്ച്‌ 26-ാം നമ്പര്‍ ചോദ്യത്തിനുള്ള ഉത്തരം കാണുക.

ചോദ്യം 42 - അക്കൗണ്ടുടമ ഇന്ത്യയിലേക്കു മടങ്ങി വന്നാല്‍ FCNR അക്കൗണ്ടിന്റെ അവസ്ഥ എന്താകും ?

FCNR അക്കൗണ്ടിലുള്ള നിക്ഷേപം റസിഡന്റ്‌ ഡെപ്പോസിറ്റായി ബാങ്ക്‌ കണക്കാക്കും. അപ്പോഴും നിശ്ചയിച്ച നിരക്കിലുള്ള പലിശ പ്രസ്‌തുത നിക്ഷേപം കാലാവധി പൂര്‍ത്തിയാകുന്നതു വരെ നല്‌കിക്കൊണ്ടിരിക്കും.

നിക്ഷേപങ്ങള്‍

സെക്യൂരിറ്റികളിലും ഓഹരികളിലും കമ്പനി നിക്ഷേപങ്ങളിലും ഗവണ്‍മെന്റ്‌ സെക്യൂരിറ്റികളിലും യൂണിറ്റുകളിലുമുള്ള നിക്ഷേപങ്ങള്‍

ചോദ്യം 1 : വിദേശ ഇന്ത്യാക്കാര്‍ക്ക്‌ തങ്ങളുടെ ഫണ്ട്‌ ഗവണ്‍മെന്റ്‌ സെക്യൂരിറ്റികളിലും യൂണിറ്റ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ (UTI) യുടെ യൂണിറ്റുകളിലും നിക്ഷേപിക്കാനാവുമോ ?

നിക്ഷേപിക്കാം. വിദേശ ഇന്ത്യാക്കാര്‍ക്ക്‌ തങ്ങളുടെ ഫണ്ട്‌ അംഗീകൃത ഡീലര്‍മാര്‍ മുഖേന ഗവണ്‍മെന്റ്‌ സെക്യൂരിറ്റികളിലും UTI യുടെ യൂണിറ്റുകളിലും നിക്ഷേപിക്കാവുന്നതാണ്. UTI -യില്‍ നിന്ന്‌ യൂണിറ്റുകള്‍ നേരിട്ടു വാങ്ങുകയുമാകാം.

ചോദ്യം 2 : വിദേശ ഇന്ത്യാക്കാര്‍ക്ക്‌ പോസ്‌റ്റ്‌ ഓഫീസുകള്‍ മുഖേന വിതരണം ചെയ്യുന്ന നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കാമോ ?

നിക്ഷേപിക്കാം. വിദേശ ഇന്ത്യാക്കാര്‍ക്ക്‌ നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റുകളുടെ വില്‌പന വിതരണ വ്യവസ്ഥകള്‍ക്കു വിധേയമായി അവയില്‍ നിക്ഷേപിക്കാം. എന്നാല്‍ വിദേശ ഇന്ത്യാക്കാര്‍ക്ക്‌ ഇന്ദിരാ വികാസ്‌ പത്ര, കിസ്സാന്‍ വികാസ്‌ പത്ര തുടങ്ങിയ ബെയറര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാനാവില്ല.

ചോദ്യം 3 : ഗവണ്‍മെന്റ്‌ സെക്യൂരിറ്റികളും യൂണിറ്റുകളും സ്വതന്ത്രമായി കൈമാറ്റം ചെയ്യാന്‍ കഴിയുമോ ?

അംഗീകൃത ഡീലര്‍മാര്‍ മുഖേന കൈമാറ്റമോ വില്‌പനയോ നടത്താവുന്നതാണ്‌. യൂണിറ്റുകള്‍ UTI-ക്കു നേരിട്ടു തിരിച്ചു വാങ്ങാം.

ചോദ്യം 4 : ഗവണ്‍മെന്റ്‌ സെക്യൂരിറ്റികളും യൂണിറ്റുകളും നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റുകളും കാലാവധി പൂര്‍ത്തിയാക്കുകയോ വില്‌ക്കുകയോ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആദായം വിദേശത്തേക്കു കൊണ്ടു പോകാന്‍ കഴിയുമോ ?

അത്തരം സെക്യൂരിറ്റികള്‍ വിദേശത്തു നിന്നയച്ച പണം കൊണ്ടു വാങ്ങിയതോ NRE / FCNR അക്കൗണ്ടുപയോഗിച്ചു വാങ്ങിയതോ ആണെങ്കില്‍ അവ വില്‌ക്കുകയോ കാലാവധി പൂര്‍ത്തിയാക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ആദായം വിദേശത്തേക്കു കൊണ്ടു പോകാവുന്നതാണ്. NRO അക്കൗണ്ടുപയോഗിച്ചു വാങ്ങിയ സെക്യൂരിറ്റികളുടെ വില്‌പനയില്‍ നിന്നോ കാലാവധി തികച്ചതു വഴിയോ ലഭിക്കുന്ന ആദായം NRO അക്കൗണ്ടില്‍ ക്രെഡിറ്റു ചെയ്യാനേ കഴിയൂ, വിദേശത്തേക്കയയ്‌ക്കാന്‍ അനുവാദമില്ല. 1994 - 1995 മുതല്‍ക്ക്‌ ഇന്നേവരെ ആര്‍ജ്ജിച്ച പലിശ റിസര്‍വ്വ്‌ ബാങ്ക്‌ അനുവദിച്ചിട്ടുള്ള പരിധിക്കു വിധേയമായി വിദേശത്തേക്കു കൊണ്ടു പോകാന്‍ അനുവദിക്കും. (ചോദ്യം 59, 60 കാണുക).

കമ്പനി ഓഹരികളും കടപ്പത്രങ്ങളും

ഉടമസ്ഥാവകാശ / പങ്കാളിത്ത വ്യവസ്ഥയിലുള്ള ഇന്ത്യയിലെ കമ്പനികളില്‍ നേരിട്ടു മുതല്‍ മുടക്കുന്നതിന്‌ വിദേശ ഇന്ത്യാക്കാരെ അനുവദിച്ചിട്ടുണ്ട്. സ്റ്റോക്‌ എക്‌സ്‌ചേഞ്ചുകള്‍ മുഖേന ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും സ്വന്തമാക്കുന്നതിനും അവര്‍ക്ക്‌ അനുവാദമുണ്ട്. വിദേശത്തേക്കു കൊണ്ടു പോകുകയോ കൊണ്ടു പോകാതിരിക്കുകയോ ചെയ്യാന്‍ ഇതിനു സൗകര്യമുണ്ട്.

റീപ്പാട്രിയേഷന്‍ ആനുകൂല്യങ്ങളില്ലാത്ത നേരിട്ടുള്ള മുതല്‍ മുടക്ക്‌

ചോദ്യം 1 : വിദേശ ഇന്ത്യാക്കാര്‍ക്ക്‌ നോണ്‍ - റീപ്പാട്രിയേഷന്‍ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശ പങ്കാളിത്ത സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കുന്നതിന്‌ റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമുണ്ടോ ?

ഇല്ല. ഇന്ത്യന്‍ ദേശീയതയുള്ളതോ ഇന്ത്യയില്‍ ജനിച്ചതോ ആയ വിദേശ ഇന്ത്യാക്കാരായ വ്യക്തികള്‍ക്ക്‌ ഇന്ത്യയിലെ ഉടമസ്ഥാവകാശ പങ്കാളിത്ത സ്ഥാപനങ്ങളില്‍ മൂലധന നിക്ഷേപം നടത്തുന്നതിന്‌ റിസര്‍വ്വ്‌ ബാങ്ക്‌ പൊതുവായ അനുമതി നല്‌കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ നിക്ഷേപം നടത്തപ്പെടുന്ന സ്ഥാപനം കാര്‍ഷിക / തോട്ടവിള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായിരിക്കരുത്. ഈ സൗകര്യം OCB-ക്കു ലഭിക്കില്ല.

ചോദ്യം 2 : ഇന്ത്യന്‍ കമ്പനികള്‍ പുതിയ ഓഹരികള്‍ പുറപ്പെടുവിക്കുമ്പോള്‍ നോണ്‍ റീപ്പാട്രിയേഷന്‍ വ്യവസ്ഥയില്‍, അവയില്‍ നിക്ഷേപിക്കുന്നതിന്‌ റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി ആവശ്യമുണ്ടോ ?

ഇല്ല. നിക്ഷേപം നടത്തപ്പെടുന്ന കമ്പനി കൃഷി, തോട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലോ, വീടു നിര്‍മ്മാണം, ഭൂമി വികസനം എന്നിവ ഒഴികെയുള്ള റീയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്സിലോ ചിട്ടിഫണ്ടിലോ നിധിക്കമ്പനിയിലോ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അത്തരം കമ്പനികളുടെ പുതിയ ഓഹരികള്‍, അവകാശ ഓഹരികള്‍, ബോണസ്‌ ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവയില്‍ റീപ്പാട്രിയേഷന്‍ വ്യവസ്ഥയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന്‌ അവയ്‌ക്ക്‌ പൊതുവായ അനുമതി നല്‌കിയിട്ടുണ്ട്.

ചോദ്യം 3 : മേല്‍പ്പറഞ്ഞ അനുമതി ലഭിക്കുന്നതിന്‌ NRI കള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?

ഇല്ല. എന്നാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോ കമ്പനികളോ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ അറിയിച്ചു കൊണ്ട്‌ ഫാറം DIN -ല്‍ നിക്ഷേപം നടത്തി തൊണ്ണൂറു ദിവസത്തിനകം, റിസര്‍വ്‌ ബാങ്കിന്‌ സത്യവാങ്‌മൂലം നല്‌കിയിരിക്കണം.

ചോദ്യം 4 : വിദേശ ഇന്ത്യാക്കാരായ വ്യക്തികള്‍ക്ക്‌ വാണിജ്യ ബാങ്കുകളോ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ധനകാര്യ സ്ഥാപനങ്ങളോ പുറത്തിറക്കുന്ന മ്യൂച്ചല്‍ ഫണ്ടുകളിലോ മണി മാര്‍ക്കറ്റ്‌ മ്യൂച്ചല്‍ ഫണ്ടുകളിലോ റീപ്പാട്രിയേഷന്‍ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്താനാകുമോ ?

നടത്താം.

ചോദ്യം 5 : വിദേശ കോര്‍പ്പറേറ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ (OCB) ഇതേപോലെ നോണ്‍ റിപ്പാട്രിയേഷന്‍ അടിസ്ഥാനത്തില്‍ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാനാകുമോ ?

OCB-കള്‍ക്ക്‌ രാജ്യത്തിനകത്തെ പൊതുമേഖലാ / സ്വകാര്യമേഖലാ മ്യൂച്ചല്‍ ഫണ്ടുകളില്‍ മാത്രമേ നിക്ഷേപം നടത്താനാകൂ. മണിമാര്‍ക്കറ്റ്‌ മ്യൂച്ചല്‍ ഫണ്ടുകളിലും അവര്‍ക്കു നിക്ഷേപിക്കാവുന്നതാണ്.

ചോദ്യം 6 : NRI കള്‍ക്ക്‌ ഇന്ത്യന്‍ കമ്പനികളുടെ നോണ്‍ - കണ്‍വര്‍ട്ടിബ്‌ള്‍ ഡിബഞ്ചറുകളില്‍ നിക്ഷേപം നടത്താമോ ?

നടത്താം. ഇതിനു വേണ്ട അനുമതിക്കായി ബന്ധപ്പെട്ട ഇന്ത്യന്‍ കമ്പനി റിസര്‍വ്വ്‌ ബാങ്കിന്റെ സെന്‍ട്രല്‍ ഓഫീസില്‍ അപേക്ഷം നല്‌കണം.

ചോദ്യം 7 : NRI കള്‍ക്ക്‌ സ്വകാര്യ ഇടപാടുകളിലൂടെ ഇന്ത്യന്‍ കമ്പനികളുടെ നിലവിലുള്ള ഓഹരികളും ഡിബഞ്ചറുകളും വാങ്ങാമോ ?

വാങ്ങാം. FN - 7 ഫാറത്തില്‍ അപേക്ഷിച്ചാല്‍ ഇന്ത്യന്‍ കമ്പനികളുടെ നിലവിലുള്ള ഓഹരികളും കടപ്പത്രങ്ങളും നോണ്‍ - റീപ്പാട്രിയേഷന്‍ വ്യവസ്ഥകളില്‍ വാങ്ങുന്നതിന്‌ റിസര്‍വ്വ്‌ ബാങ്ക്‌ അനുമതി നല്‌കും. NRU ഫാറത്തില്‍ നോണ്‍ റീപ്പാട്രിയേഷന്‍ വ്യവസ്ഥ സമ്മതമാണെന്ന്‌ അറിയിക്കുകയും വേണം.

ചോദ്യം 8 : ഇന്ത്യന്‍ കമ്പനികളുടെ സെക്യൂരിറ്റികളുടെ കൈവശക്കാരനായ ഒരു റസിഡന്റ്‌ എപ്പോഴെങ്കിലും നോണ്‍ റസിഡന്റായാല്‍ പ്രസ്‌തുത സെക്യൂരിറ്റികള്‍ തുടര്‍ന്നും കൈവശം വെക്കുന്നതിന്‌ റിസര്‍വ്വ്‌ ബാങ്കില്‍ നിന്ന്‌ അനുമതി വാങ്ങേണ്ടതുണ്ടോ ?

വേണ്ട. ഇന്ത്യന്‍ കമ്പനികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓഹരിയുടമകളുടെ വിദേശത്തെ മേല്‍വിലാസം ബുക്കില്‍ എഴുതിച്ചേര്‍ക്കുന്നതിന്‌ റിസര്‍വ്വ്‌ ബാങ്ക്‌ കമ്പനികള്‍ക്കു പൊതു നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള ആദായമോ സെക്യൂരിറ്റി വില്‌പനയില്‍ നിന്നു ലഭിക്കുന്ന പണമോ വിദേശത്തേക്കു കൊണ്ടു പോകാന്‍ അനുമതി തേടുകയില്ലെന്ന്‌ അവര്‍ ഉറപ്പെഴുതി നല്‌കണം.

ചോദ്യം 9 : NRI കള്‍ക്ക്‌ നോണ്‍ റീപാട്രിയേഷന്‍ വ്യവസ്ഥയില്‍ ഇന്ത്യയിലുള്ള നിക്ഷേപങ്ങളിലും മുതല്‍ മുടക്കുകളിലും നിന്നു ലഭിക്കുന്ന ആദായമോ പലിശയോ റീപ്പാട്രിയേറ്റ്‌ ചെയ്യാന്‍ അനുവദിക്കുമോ ?

അനുവദിക്കും. നോണ്‍ റീപാട്രിയേഷന്‍ വ്യവസ്ഥയില്‍ NRI-കള്‍ കരസ്ഥമാക്കിയ ബാങ്ക്‌ നിക്ഷേപങ്ങളിലും മുതല്‍ മുടക്കുകളിലും നിന്നു ലഭിക്കുന്ന ആദായവും പലിശയും 1994 - 1995 മുതല്‍ക്കിങ്ങോട്ട്‌ താഴെപ്പറയുന്ന വിധത്തില്‍ റീപ്പാട്രിയേറ്റ്‌ ചെയ്യാനനുവദിക്കും :

(എ) 1000 അമേരിക്കന്‍ ഡോളറോ അതിനു തുല്യമായ തുകയോ മുഴുവനായും 1994 - 1995 -ല്‍ നേടിയ ശേഷിച്ച ആദായത്തിന്റെ മൂന്നിലൊന്നു ഭാഗവും,

(ബി) 1000 അമേരിക്കന്‍ ഡോളറോ തത്തുല്യമായ തുകയോ പൂര്‍ണ്ണമായും 1995 - 1996 -ല്‍ നേടിയ ശേഷിച്ച ആദായത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും;

(സി) 1996 - 1997 മുതല്‍ നേടിയ മുഴുവന്‍ ആദായവും

(ഡി) 1996 - 1997 മുതല്‍ നേടിയ മുഴുവന്‍ ആദായവും

കുറിപ്പ്‌ : നോണ്‍ - റീപ്പാട്രിയേഷന്‍ പ്രകാരം നിക്ഷേപം നടത്തിയതോ കൈവശമുള്ളതോ ആയ നിക്ഷേപങ്ങളും മുതലും വിദേശത്തേക്കു കൊണ്ടു പോകാന്‍ അനുവദിക്കുന്നതല്ല.

ചോദ്യം 10 : ഇത്തരം സന്ദര്‍ഭങ്ങളില്‍ റീപ്പാട്രിയേഷന്‍ അനുമതി തേടുന്നതിനു പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തൊക്കെ ?

ഏതു ഡീലര്‍ മുഖേനയാണോ ആദായം കൈമാറ്റുന്നത്‌ ആ ഡീലറുടെ ഒരു ശാഖയെ ഇതിനായി നിര്‍ദ്ദേശിക്കുകയും തൊട്ടു പിന്നിലെ സാമ്പത്തിക വര്‍ഷം നേടിയ ആദായത്തിന്റെ വിശദാംശങ്ങളും ഒരു ചാര്‍ട്ടേഡ്‌ അക്കൗണ്ടിന്റെ സാക്ഷ്യപത്രവും ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ പ്രസ്‌തുത ശാഖയില്‍ ഫാറം RCI ല്‍ ഒരപേക്ഷ സമര്‍പ്പിക്കുകയും ചെയ്യണം. നിര്‍ദ്ദിഷ്ട ശാഖ നികുതിയടച്ച ശേഷമുള്ള തുക നല്‌കുകയോ അപേക്ഷകന്റെ NRE / FCNR അക്കൗണ്ടില്‍ വരവു വെക്കുകയോ ചെയ്യും.

റീപ്പാട്രിയേഷന്‍ ആനുകൂല്യങ്ങളോടെ നേരിട്ടുള്ള നിക്ഷേപം

ചോദ്യം -1 : റീപ്പാട്രിയേഷന്‍ ആനുകൂല്യങ്ങളോടെ ഇന്ത്യയ്‌ക്കകത്തു നേരിട്ടു നിക്ഷേപം നടത്താന്‍ NRI - കള്‍ക്കു ലഭ്യമായ പദ്ധതികള്‍ ഏതൊക്കെ ?

24 %, 40 %, 100 % നേരിട്ടുള്ള നിക്ഷേപ പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികളുടെ പുതിയ ഓഹരികളിലും കണ്‍വര്‍ട്ടിബ്‌ള്‍ ഡിബഞ്ചറുകളിലും NRI - കള്‍ക്കു നിക്ഷേപം നടത്താവുന്നതാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള കമ്പനികള്‍ പുറത്തിറക്കുന്ന ആഭ്യന്തര മ്യൂച്ചല്‍ ഫണ്ട്‌ പദ്ധതികളിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങളിലും അവര്‍ക്കു നിക്ഷേപം നടത്താം. നോണ്‍ റസിഡന്റ്‌ നിക്ഷേപകര്‍ നിക്ഷേപാനുമതിക്കു വേണ്ടി അപേക്ഷിക്കേണ്ടതില്ലെങ്കിലും ബന്ധപ്പെട്ട കമ്പനി റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി നേടിയിരിക്കണം.

ചോദ്യം - 2 : 24 % പദ്ധതി എന്നാലെന്ത്‌ ?

24 % പദ്ധതി പ്രകാരം, പണമിടപാട്‌, ഹയര്‍ പര്‍ച്ചേസ്‌, പാട്ടം, കച്ചവടം, സ്‌കൂള്‍ / കോളേജ്‌ നടത്തിപ്പ്‌, കൃഷിയും തോട്ടവും ഒഴികെയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുകയോ ഏര്‍പ്പെടാനുദ്ദേശിക്കുകയോ ചെയ്യുന്ന കമ്പനികള്‍ പുറത്തിറക്കുന്ന ഓഹരികളും കടപ്പത്രങ്ങളും NRI - കള്‍ക്കു വില്‌ക്കുന്നതിന്‌ റിസര്‍വ്വ്‌ ബാങ്ക്‌ അനുവദിക്കും. ഇത്തരത്തില്‍ റീപ്പാട്രിയേഷന്‍ ആനുകൂല്യങ്ങളോടെ NRI-കള്‍ കരസ്ഥമാക്കുന്ന പുത്തന്‍ ഓഹരികളുടെയോ കടപ്പത്രങ്ങളുടെയോ 24 % ആദായം വിദേശത്തേക്കു കൊണ്ടു പോകാന്‍ അനുവദിക്കുന്നതാണ്.

ചോദ്യം - 3 : 40 % പദ്ധതി എന്നാലെന്ത്‌ ?

40 % പദ്ധതി പ്രകാരം താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയോ ഏര്‍പ്പെടാനുദ്ദേശിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ 40 % റിപ്പാട്രിയേഷന്‍ ആനുകൂല്യങ്ങളോടെ NRI കള്‍ക്ക്‌ ഓഹരികളും കടപ്പത്രങ്ങളും വില്‌ക്കുന്നതിന്‌ റിസര്‍വ്‌ ബാങ്ക്‌ അനുമതി നല്‌കും.

i) വ്യാവസായിക, ഉല്‌പാദന യൂണിറ്റുകള്‍
ii) ത്രീസ്റ്റാര്‍, ഫോര്‍സ്‌റ്റാര്‍, ഫൈവ്‌ സ്റ്റാര്‍ ഗണത്തില്‍പ്പെട്ട ഹോട്ടലുകള്‍
iii) ആശുപത്രികളും ഡയഗ്നോസ്‌റ്റിക്‌ സെന്ററുകളും 
iv) ഷിപ്പിങ്‌ കമ്പനികള്‍
v) കംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ വികസനം
vi) എണ്ണ പര്യവേക്ഷണം.

ചോദ്യം - 4 : 24 %, 40 % പദ്ധതികള്‍ പ്രകാരം NRI നിക്ഷേപകര്‍ക്കുള്ള പലിശയും ലാഭവീതവും തടസ്സം കൂടാതെ ലഭിക്കുമോ ?

ലഭിക്കും. ലാഭവിഹിതമായി നല്‌കേണ്ട തുകയ്‌ക്ക്‌ നിയന്ത്രണമോ പരിധിയോ ഇല്ല. അംഗീകൃത ഡീലര്‍മാര്‍ക്ക്‌ അനുവദിച്ചിരിക്കുന്ന അധികാരമുപയോഗിച്ച്‌ NRI നിക്ഷേപകര്‍ക്കു ലഭിക്കേണ്ട പലിശയും ലാഭവീതവും അവര്‍ നല്‌കുന്നതാണ്.

ചോദ്യം - 5 : 100 % പദ്ധതിയില്‍പ്പെടുന്ന വ്യവസായങ്ങള്‍ ഏവ ?

100 % പദ്ധതിയില്‍ 24 - 7 - 1991 ല്‍ ഭാരത സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യവസായ നയം സംബന്ധിച്ച പ്രസ്‌താവനയുടെ മൂന്നാം അനുബന്ധത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മുന്തിയ പരിഗണനയുള്ള വ്യവസായങ്ങളില്‍ നിക്ഷേപിക്കാന്‍ NRI കള്‍ക്ക്‌ അനുമതി നല്‌കിയിട്ടുണ്ട്. പുതുതായി ഇറക്കുന്ന ഓഹരികളുടെ / കടപ്പത്രങ്ങളുടെ 100 ശതമാനവും ഈ പദ്ധതി പ്രകാരം NRI കള്‍ക്കു നല്‌കാവുന്നതാണ്.

ചോദ്യം - 6 : 100 % സ്‌കീം പ്രകാരം നടത്തിയ നിക്ഷേപങ്ങളില്‍ നിന്നു ലഭിക്കുന്ന ലാഭവീതവും പലിശയും തടസ്സം കൂടാതെ വിദേശത്തേക്കയയ്‌ക്കാന്‍ സാധിക്കുമോ ?

ഉപഭോക്തൃവസ്‌തുക്കള്‍ നിര്‍മ്മിക്കുന്നവ ഒഴിച്ചുള്ള കമ്പനികളുടെ ലാഭവീതവും പലിശയും തടസ്സം കൂടാതെ കൊണ്ടു പോകാവുന്നതാണ്‌. ഉപഭോക്തൃ വസ്‌തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം ഡിവിഡന്റ്‌ രൂപത്തില്‍ പുറത്തേക്കു പോകുന്ന പണത്തിനു തുല്യമായ തുക കമ്പനി കയറ്റുമതിയിലൂടെ നേടിയിരിക്കണം. ഡിവിഡന്റിനു തുല്യമായ കയറ്റുമതി വരുമാനം ഡിവിഡന്‍സ്‌ പ്രഖ്യാപിച്ച വര്‍ഷമോ അതിനു തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളിലോ നേടിയിരുന്നാല്‍ മതിയാകും. വാണിജ്യോല്‍പ്പാദനം തുടങ്ങി ഏഴു വര്‍ഷം വരെയാണ്‌ ഈ നിയന്ത്രണം ബാധകമാകുക.

ചോദ്യം - 7 : 24 ശതമാനം, 40 ശതമാനം, 100 ശതമാനം പദ്ധതികള്‍ പ്രകാരം നിക്ഷേപം നടത്തുന്നതിന്‌ ഏതു വിധത്തിലാണ്‌ ഒരു വിദേശ ഇന്ത്യാക്കാരന്‌ റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി ലഭ്യമാകുക ?

ഉത്തരം : NRI നിക്ഷേപകന്‍ റിസര്‍വ്വ്‌ ബാങ്കിന്‌ അപേക്ഷ നല്‌കേണ്ടതില്ല. ഈ പദ്ധതി പ്രകാരം ആവശ്യമായ അനുമതിക്കായി ഇന്ത്യന്‍ കമ്പനിയോ സ്ഥാപനമോ ഫാറം ISD / ISD (R) ല്‍ മുംബൈയിലുള്ള റിസര്‍വ്വ്‌ ബാങ്കിന്റെ കേന്ദ്ര ഓഫീസില്‍ അപേക്ഷിക്കണം.

ചോദ്യം 8. എന്‍. ആര്‍. ഐ. കള്‍ക്ക്‌ ഇന്ത്യന്‍ കമ്പനികളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന്‌ 207, 40, 100 % എന്നിവയ്‌ക്കു പുറമെ മറ്റെന്തെങ്കിലും നിക്ഷേപ പദ്ധതികളുണ്ടോ ?
ഉത്തരം : ഉണ്ട്‌. പീഡിത വ്യവസായങ്ങള്‍ പുനരുദ്ധരിക്കുന്നതിന്‌ വന്‍ നിക്ഷേപം നടത്താന്‍ NRI - കളെ അനുവദിക്കുന്നതാണ്‌. നിലവിലുള്ള ഓഹരികള്‍ വാങ്ങുന്നതിനോ പുതിയ ഓഹരികള്‍ വാങ്ങുന്നതിനോ 100 ശതമാനം വരെ നിക്ഷേപം അനുവദിക്കും.

ചോദ്യം 9. ഒരു പീഡിത വ്യവസായം പുനരുദ്ധരിക്കുന്നതിന്‌ ഇന്ത്യയിലേക്കു കൊണ്ടുവരുന്ന മൂലധനം മടക്കിക്കൊണ്ടു പോകാന്‍ അനുവദിക്കാമോ ? 
ഉത്തരം : അനുവദിക്കും.

ചോദ്യം 10. പീഡിത വ്യവസായത്തില്‍ നിക്ഷേപിക്കുന്നതിന്‌ ഒരു NRI ക്ക്‌ റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി എങ്ങനെ ലഭിക്കും ? 
ഉത്തരം : ആവശ്യമായ അനുമതിക്കായി ഇന്ത്യന്‍ കമ്പനി റിസര്‍വ്‌ ബാങ്കിന്റെ മുംബൈയിലെ കേന്ദ്ര ഓഫീസില്‍ RSU ഫാറത്തില്‍ അപേക്ഷിക്കണം.

ചോദ്യം 11. നിലവിലുള്ള വ്യവസായ നയമനുസരിച്ച്‌ മുന്തിയ പരിഗണനയുള്ള ചില വ്യവസായങ്ങളില്‍ മടക്കിക്കൊണ്ടു പോകാമെന്ന വ്യവസ്ഥയില്‍ ഓഹരി മൂലധനത്തിന്റെ 51 ശതമാനം വിദേശ പങ്കാളികള്‍ക്കു നിക്ഷേപിക്കാന്‍ അനുവാദമുണ്ട്. അവശേഷിക്കുന്ന 49 ശതമാനം മടക്കിക്കൊണ്ടു പോകാമെന്ന വ്യവസ്ഥയില്‍ NRI കള്‍ക്കു കരസ്ഥമാക്കാന്‍ കഴിയുമോ ? 
ഉത്തരം : കഴിയും.

ചോദ്യം 12. റീയല്‍ എസ്‌റ്റേറ്റ്‌ വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികളില്‍ NRI-കള്‍ക്കു നിക്ഷേപം നടത്താമോ ? 
ഉത്തരം : നടത്താം. താഴെപ്പറയുന്ന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളിലോ മാറ്റാവുന്ന ഡിബഞ്ചറുകളിലോ 100 ശതമാനം വരെ നിക്ഷേപം അനുവദിക്കും. 
(i) സേവനങ്ങള്‍ക്കുള്ള പ്ലോട്ടുകള്‍ വികസിപ്പിക്കുന്നതിനും പാര്‍പ്പിട സൗകര്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും;
(ii) ബിസിനസ്സ്‌ സെന്ററുകളും ഓഫീസ്‌ കെട്ടിടങ്ങളുമുള്‍പ്പെടെയുള്ള വാണിജ്യ കേന്ദ്രങ്ങളും പാര്‍പ്പിട സൗകര്യങ്ങളുമൊരുക്കുന്ന റീയല്‍ എസ്റ്റേറ്റ്‌ പ്രവര്‍ത്തനങ്ങള്‍
(iii) ടൗണ്‍ഷിപ്പ്‌ വികസനം;
(iv) റോഡുകളും കെട്ടിടങ്ങളുമുള്‍പ്പെടെ നഗര - നഗരപ്രാന്ത തലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം;
(v) കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഉല്‌പാദനം;
(vi) പാര്‍പ്പിട വികസനത്തിനുള്ള ധനസഹായം

ചോദ്യം 13. ഈയാവശ്യത്തിന്‌ റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഏവ ?
ഉത്തരം : ഈ ആവശ്യത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട ഇന്ത്യന്‍ കമ്പനി ഫാറം ISD (R)-ല്‍ റിസര്‍വ്‌ ബാങ്കിന്റെ മുംബൈയിലെ കേന്ദ്ര ഓഫീസില്‍ സമര്‍പ്പിക്കണം.

ചോദ്യം 14. ഒറിജിനല്‍ നിക്ഷേപമോ ലാഭ വിഹിതമോ സ്വതന്ത്രമായി മടക്കിക്കൊണ്ടു പോകുന്നതിന്‌ അനുവദിക്കാമോ ?
ഉത്തരം : അനുവദിക്കും. ഓഹരിയോ മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങളോ അനുവദിക്കുന്ന തീയതി മുതല്‍ മൂന്നു വര്‍ഷം സുസ്ഥിരമായി നിലനിര്‍ത്തേണ്ടതും ഈ കാലാവധിക്കു ശേഷം മടക്കിയെടുക്കാവുന്നതുമാണ്. ഇതിനു പുറമെ മൂന്നു വര്‍ഷത്തേക്ക്‌ പിന്‍വലിക്കാനാവാത്തവിധം നടത്തിയിരിക്കുന്ന നിക്ഷേപങ്ങളിലുള്ള അറ്റലാഭം പരമാവധി 16 ശതമാനമെന്ന വ്യവസ്ഥയില്‍ മടക്കിക്കൊണ്ടുപോകുന്നതിന്‌ OCB-കളെ അനുവദിക്കുന്നതാണ്. ഓഹരികളിന്മേലോ കടപ്പത്രങ്ങളിന്മേലോ നേടുന്ന ലാഭവീതമോ പലിശയോ നികുതി നല്‌കിയ ശേഷം ഇഷ്ടാനുസരണം എടുക്കാവുന്നതാണ്.

ചോദ്യം 15: NRI കള്‍ക്ക്‌ എയര്‍ ടാക്‌സി വ്യാപാരങ്ങളില്‍ നിക്ഷേപം നടത്താന്‍ അനുവാദമുണ്ടോ ? 
ഉത്തരം : ഉണ്ട്. എയര്‍ ടാക്‌സി പ്രവര്‍ത്തനങ്ങള്‍ക്ക്‌ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്കുവിധേയമായി 100 ശതമാനം ഓഹരി പങ്കാളിത്തത്തില്‍ നിക്ഷേപം നടത്താവുന്നതാണ്. ഇതിനായി ബന്ധപ്പെട്ട ഇന്ത്യന്‍ കമ്പനി റിസര്‍വ്വ്‌ ബാങ്കിന്റെ മുംബൈയിലെ കേന്ദ്ര ഓഫീസില്‍ ISD (R) ഫാറത്തില്‍ അപേക്ഷ നല്‌കണം.

ചോദ്യം 16. ഈ പദ്ധതി പ്രകാരമുള്ള നിക്ഷേപത്തിനോ അതിന്മേലുണ്ടാകുന്ന ആദായത്തിനോ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങളുണ്ടോ ?
ഉത്തരം : ഇല്ല. എന്നാല്‍ നിക്ഷേപം മടക്കിക്കൊണ്ടു പോകുന്നതോ ലാഭവീതം നല്‌കുന്നതോ അഞ്ചുവര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും അറ്റ വിദേശനാണ്യം നേടുകയും ചെയ്‌തതിനു ശേഷമേ ആകാന്‍ പാടുള്ളൂ.

ചോദ്യം 17. റീപാട്രിയേഷന്‍ വ്യവസ്ഥയില്‍ മാറ്റിയെടുക്കാനാവാത്ത കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്താന്‍ NRI കള്‍ക്കു സാധിക്കുമോ ?
ഉത്തരം : സാധിക്കും. ഇതിനാവശ്യമായ അനുവാദത്തിനായി ബന്ധപ്പെട്ട ഇന്ത്യന്‍ കമ്പനി ഫാറം ISD യില്‍ റിസര്‍വ്വ്‌ ബാങ്കിന്റെ കേന്ദ്ര ഓഫീസില്‍ അപേക്ഷ നല്‌കണം.

ചോദ്യം 18. റീപാട്രിയേഷന്‍ വ്യവസ്ഥകളോടെ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളിലോ പൊതുമേഖലാ ബോണ്ടുകളിലോ നിക്ഷേപം നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്‌ ? 
ഉത്തരം : ബന്ധപ്പെട്ട ഫണ്ടോ പൊതുമേഖലാ സ്ഥാപനമോ NRI-കള്‍ക്ക്‌ യൂണിറ്റുകളോ ബോണ്ടോ വില്‌ക്കുന്നതിനാവശ്യമായ അനുമതി റിസര്‍വ്‌ ബാങ്കില്‍ നിന്നു നേടിയിരിക്കണം. ഇതിനാവശ്യമായ അപേക്ഷ ഫാറം ISD (R) ല്‍ റിസര്‍വ്‌ ബാങ്കിന്റെ കേന്ദ്ര ഓഫീസില്‍ നല്‌കേണ്ടതാണ്‌.

ചോദ്യം 19. 100 ശതമാനം കയറ്റുമതി അധിഷ്‌ഠിത കമ്പനികളില്‍ റീപാട്രിയേഷന്‍ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ NRI കള്‍ക്ക്‌ ആകുമോ ? 
ഉത്തരം : ആകും. ഭാരത സര്‍ക്കാരിന്റെ വ്യവസായ മന്ത്രാലയത്തിലെ സെക്രട്ടേറിയറ്റ്‌ ഫോര്‍ ഇന്‍ഡസ്‌ട്രിയല്‍ അപ്രൂവലിന്റെ അനുമതിക്കു വിധേയമായി 100 ശതമാനം കയറ്റുമതി അധിഷ്‌ഠിത വ്യവസായത്തില്‍ 100 ശതമാനം നിക്ഷേപം നടത്തുന്നതിന്‌ NRI കള്‍ക്ക്‌ അനുമതി നല്‌കും. കയറ്റുമതി സംരക്ഷണ മേഖലകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചാണെങ്കില്‍ ബന്ധപ്പെട്ട മേഖലയുടെ ഡെവലപ്‌മെന്റ്‌ കമ്മീഷണറില്‍ നിന്നാണ്‌ അനുമതി വാങ്ങേണ്ടത്. അതിനു ശേഷം സര്‍ക്കാരില്‍ നിന്നു ലഭിച്ച അനുമതി പത്രത്തിന്റെ പകര്‍പ്പു സഹിതം റിസര്‍വ്‌ ബാങ്കിന്റെ ബന്ധപ്പെട്ട റീജിയണല്‍ ഓഫീസില്‍ ഫാറം ISD യില്‍ 1973ലെ FERA നിയമപ്രകാരമുള്ള അനുമതിക്കായി അപേക്ഷ നല്‌കേണ്ടതാണ്.

ചോദ്യം 20. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ ഭാരതസര്‍ക്കാര്‍ വിറ്റഴിക്കുമ്പോള്‍ മുദ്ര വച്ച ടെന്‍ഡറുകളില്‍ NRI കള്‍ക്ക്‌ ഓഹരികള്‍ വാങ്ങാനാകുമോ ? 
ഉത്തരം : വാങ്ങാം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വന്തമാക്കുന്നതിന്‌ NRI കളെ അനുവദിച്ചു കൊണ്ട്‌ സാമാന്യ അനുമതി റിസര്‍വ്‌ ബാങ്ക്‌ നല്‌കിയിട്ടുണ്ട്. ‌ഇങ്ങനെ ഓഹരി വാങ്ങുമ്പോള്‍ ഒരു NRI നിക്ഷേപകനു കൈവശപ്പെടുത്താവുന്ന ഓഹരിമൂല്യം ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനത്തിന്റെ വിറ്റഴിച്ച ഓഹരി മൂലധനത്തിന്റെ ഒരു ശതമാനത്തിലധികമാകാന്‍ പാടില്ല. ഓഹരി വിലയോ ലേലത്തുകയോ വിദേശത്തു നിന്ന്‌ അയയ്‌ക്കുന്നതോ അയാളുടെ NRE അക്കൗണ്ടിലോ FCNR അക്കൗണ്ടിലോ കിഴിവു ചെയ്യുന്നതോ ആകണം.

ചോദ്യം 21. NRI കള്‍ക്ക്‌ അവകാശം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്താണ്‌ ? 
ഉത്തരം : റീപാട്രിയേഷന്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെങ്കില്‍ NRI കള്‍ക്ക്‌ ഓഹരി അവകാശം ലഭിക്കുന്നതിന്‌ ബന്ധപ്പെട്ട കമ്പനി നിര്‍ദ്ദിഷ്ട ഫാറത്തില്‍ റിസര്‍വ്വ്‌ ബാങ്കിന്‌ അപേക്ഷ നല്‌കണം. എന്നാല്‍ റീപാട്രിയേഷന്‍ വ്യവസ്ഥയില്ലെങ്കില്‍ റിസര്‍വ്വ്‌ ബാങ്ക്‌ നല്‌കിയിരിക്കുന്ന പൊതുവായ അനുമതി മാത്രം മതിയാകും. (52, 53 എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി കാണുക).

ചോദ്യം 22. NRI കള്‍ക്ക്‌ ഓഹരി അവകാശം വേണ്ടെന്നു വെക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെ ?
ഉത്തരം : ഓഹരികളുടെ ഫോളിയോ നമ്പറും ഓഹരി വില്‌ക്കാനുദ്ദേശിക്കുന്ന രീതിയും വ്യക്തമാക്കിക്കൊണ്ട്‌ NRI കള്‍ റിസര്‍വ്വ്‌ ബാങ്കിനു കത്ത്‌ നല്‌കിയാല്‍ മതിയാകും.

ചോദ്യം 23. ബോണസ്‌ ഷെയര്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി ക്രമം എന്താണ്‌ ? 
ഉത്തരം : NRI കളുടെ ആദ്യത്തെ ഓഹരി നിക്ഷേപം റീപാട്രിയേഷന്‍ വ്യവസ്ഥയിലായിരുന്നെങ്കില്‍ ബോണസ്‌ ഓഹരികള്‍ നല്‌കുന്നതിനായി ബന്ധപ്പെട്ട കമ്പനി റിസര്‍വ്വ്‌ ബാങ്കിനെ സമീപിക്കണം. റീപാട്രിയേഷന്‍ വ്യവസ്ഥയില്‍ ഓഹരി നിക്ഷേപം നടത്തിയവര്‍ക്ക്‌ ബോണസ്‌ ഓഹരികള്‍ നല്‌കുന്നതിന്‌ പൊതുവായ അനുമതിയുണ്ട്‌. (ചോദ്യം 52 ന്‌ ഉള്ള ഉത്തരം കൂടി കാണുക).

ചോദ്യം 24. ഇന്ത്യന്‍ കമ്പനികളിലെ ഓഹരികളോ കടപ്പത്രങ്ങളോ കൊളാറ്ററല്‍ സെക്യൂരിറ്റി നല്‌കിക്കൊണ്ട്‌ NRI കള്‍ക്ക്‌ വിദേശത്തു നിന്നു വായ്‌പയെടുക്കാമോ ? 
ഉത്തരം : എടുക്കാം. ഓഹരികളോ കടപ്പത്രങ്ങളോ കൈവശപ്പെടുത്തിയത്‌ റീപാട്രിയേഷന്‍ വ്യവസ്ഥയിലാണെങ്കില്‍ അവ കൊളാറ്ററല്‍ സെക്യൂരിറ്റിയായി സ്വീകരിച്ചുകൊണ്ട്‌ NRI കള്‍ക്ക്‌ വായ്‌പകളോ ഓവര്‍ ഡ്രാഫ്‌റ്റുകളോ തങ്ങളുടെ വിദേശ ബ്രാഞ്ചുകള്‍ മുഖേന നല്‌കുന്നതിന്‌ അംഗീകൃത ഡീലര്‍മാര്‍ക്ക്‌ അനുമതി നല്‌കിയിട്ടുണ്ട്.

ചോദ്യം 25. ഇപ്രകാരം എടുത്ത വായ്‌പകളുടെയോ ഓവര്‍ ഡ്രാഫ്‌റ്റുകളുടെയോ അവശേഷിക്കുന്ന വായ്‌പത്തുക അടച്ചു തീര്‍ക്കുന്നതിന്‌ ഓഹരികളോ കടപ്പത്രങ്ങളോ വിറ്റഴിച്ച തുക വിദേശത്തു തന്നെ അടയ്‌ക്കേണ്ടതായിട്ടുണ്ടോ ? 
ഉത്തരം : ഉണ്ട്. ആദായനികുതി, ക്യാപ്പിറ്റല്‍ ഗെയ്‌ന്‍സ്‌ ടാക്‌സ്‌ തുടങ്ങിയവ അടയ്‌ക്കേണ്ടതുണ്ടെങ്കില്‍ അതു കഴിച്ചുള്ള തുക വിദേശത്ത്‌ അടയ്‌ക്കണം.

പോര്‍ട്‌ ഫോളിയോ നിക്ഷേപ പദ്ധതി


ചോദ്യം 1. പോര്‍ട്‌ഫോളിയോ നിക്ഷേപ പദ്ധതി എന്നാലെന്ത്‌ ? 
ഉത്തരം : ഈ പദ്ധതിപ്രകാരം ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളോ കടപ്പത്രങ്ങളോ, ആഭ്യന്തര മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകളോ ഇന്ത്യയിലെ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ മുഖേന കൈവശപ്പെടുത്തുന്നതിന്‌ NRI കളെ അനുവദിച്ചിട്ടുണ്ട്.

ചോദ്യം 2. ഇതിന്‌ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെ?
ഉത്തരം : ഇതിനായി അധികാരപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ബാങ്കിന്റെ ഏതെങ്കിലും ശാഖ മുഖേന NRC/NRI/RPC/RPI എന്നീ ഫാറങ്ങളിലേതിലെങ്കിലും റിസര്‍വ്വ്‌ ബാങ്കിന്‌ അപേക്ഷ നല്‌കണം.

ചോദ്യം 3. അധികാരപ്പെടുത്തിയ ബാങ്ക്‌ ശാഖ എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്താണ്‌ ?
ഉത്തരം : NRI കള്‍ക്കു വേണ്ടി പോര്‍ട്‌ ഫോളിയോ നിക്ഷേപം നടപ്പാക്കുന്നതിന്‌ ഓരോ ബാങ്കിന്റെയും ഏതാനും ശാഖകളെ റിസര്‍വ്വ് ബാങ്ക്‌ അധികാരപ്പെടുത്തിയിട്ടുണ്ട്. സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളുടെ സമീപത്തു സ്ഥിതി ചെയ്യുന്ന കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ പ്രധാന ശാഖകളെയാണ്‌ ഇപ്രകാരം അധികാരപ്പെടുത്തിയിരിക്കുന്നത്. റിസര്‍വ്‌ ബാങ്ക്‌ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും അംഗീകൃത ബാങ്ക്‌ ശാഖ മുഖേനയായിരിക്കണം NRI കള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ചോദ്യം 4. ഒന്നില്‍ കൂടുതല്‍ അംഗീകൃത ശാഖകള്‍ വഴി NRI ക്ക്‌ അപേക്ഷിക്കാമോ ? 
ഉത്തരം : കഴിയില്ല. റീപാട്രിയേഷന്‍ / നോണ്‍ റീപാട്രിയേഷന്‍ വ്യവസ്ഥകളില്‍ നിക്ഷേപം നടത്തുന്നതിന്‌ ഓരോ NRI യും ഏതെങ്കിലും ബാങ്കിന്റെ ഒരു ശാഖ തിരഞ്ഞെടുക്കേണ്ടതാണ്.

ചോദ്യം 5. അപേക്ഷ സമര്‍പ്പിക്കുന്ന ബാങ്ക്‌ ശാഖയില്‍ NRI അക്കൗണ്ട്‌ തുടങ്ങേണ്ടതുണ്ടോ ? 
ഉത്തരം : ഭരണപരമായ സൗകര്യത്തിനുവേണ്ടി അധികാരപ്പെടുത്തിയ ബാങ്ക്‌ ശാഖയില്‍ അക്കൗണ്ടു തുറക്കുന്നത്‌ സഹായകമാകും.

ചോദ്യം 6. ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍, കടപ്പത്രങ്ങള്‍, ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളുടെ യൂണിറ്റുകള്‍ എന്നിവ വാങ്ങുന്നതിനുള്ള റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതിക്ക്‌ എത്ര കാലം പ്രാബല്യമുണ്ടായിരിക്കും ? 
ഉത്തരം : അനുമതി നല്‌കുന്ന തീയതി മുതല്‍ അഞ്ചു വര്‍ഷക്കാലം അവയ്‌ക്കു പ്രാബല്യമുണ്ടായിരിക്കും. ഒരു സാധാരണ കത്തിലൂടെ ആവശ്യപ്പെട്ടാല്‍ ഇത്‌ പുതുക്കാവുന്നതാണ്.

ചോദ്യം 7. പോര്‍ട്‌ ഫോളിയോ നിക്ഷേപ പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്നതിനു പരിധി നിശ്ചയിച്ചിട്ടുണ്ടോ ?
ഉത്തരം : കമ്പനിയുടെ അടച്ചു തീര്‍ന്ന ഓഹരി മൂലധനത്തിന്റെയോ കണ്‍വെര്‍ട്ടിബ്‌ള്‍ ഡിബഞ്ചറുകള്‍ക്ക്‌ അടച്ചു തീര്‍ത്ത മൂല്യത്തിന്റെയോ 5 % വരെ NRI കള്‍ക്കോ OCB കള്‍ക്കോ വാങ്ങാവുന്നതാണ്. ബന്ധപ്പെട്ട കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനമെടുക്കുകയും കമ്പനിയുടെ പൊതുയോഗം റെസല്യൂഷന്‍ പാസ്സാക്കുകയും ചെയ്‌താല്‍ ഈ പരിധി 30 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. വ്യക്തിപരമായി NRI കള്‍ക്കും OCB കള്‍ക്കും അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെയോ കണ്‍വെര്‍ട്ടിബ്‌ള്‍ ഡിബഞ്ചറുകളുടേയോ ഒരു ശതമാനം വരെയാണ്‌ നിക്ഷേപം നടത്താനാകുക. എന്നാല്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തിനു പരിധി നിശ്ചയിച്ചിട്ടില്ല.

കമ്പനി നിക്ഷേപങ്ങള്‍


ചോദ്യം 1. ഇന്ത്യന്‍ കമ്പനികളില്‍ റീപാട്രിയേഷന്‍ വ്യവസ്ഥയില്‍ NRI കള്‍ക്കു നിക്ഷേപിക്കാമോ ? 
ഉത്തരം : നിക്ഷേപിക്കാം. ചില വ്യവസ്ഥകള്‍ക്കും പരിധികള്‍ക്കും വിധേയമായി ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളില്‍ കുറഞ്ഞത്‌ മൂന്നു വര്‍ഷത്തേക്കു നിക്ഷേപിക്കാന്‍ NRI കള്‍ക്ക്‌ അനുവാദമുണ്ട്. ഇതിനായി നിക്ഷേപം സ്വീകരിക്കുന്ന കമ്പനി അംഗീകൃത ഡീലര്‍മാര്‍ മുഖേന അപേക്ഷിക്കണം.

ചോദ്യം 2. നോണ്‍ റീപാട്രിയേഷന്‍ അടിസ്ഥാനത്തില്‍ കമ്പനികളിലോ സ്ഥാപനങ്ങളിലോ സ്ഥിരനിക്ഷേപം നടത്തുന്നതിന്‌ NRI കള്‍ക്ക്‌ റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി ആവശ്യമുണ്ടോ ? 
ഉത്തരം : ഉണ്ട്. ഇന്ത്യയിലെ കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ സ്ഥിര നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതിനുള്ള അനുമതി നല്‌കുന്നതു റിസര്‍വ്വ്‌ ബാങ്കാണ്. നിക്ഷേപം നടത്തുന്ന ആളോ, നിക്ഷേപം സ്വീകരിക്കുന്ന കമ്പനിയോ ആണ്‌ അതിനുള്ള അപേക്ഷ നല്‌കേണ്ടത്.

ചോദ്യം 3. ഇന്ത്യന്‍ കമ്പനികള്‍ പുറപ്പെടുവിക്കുന്ന കൊമേഴ്‌സ്യല്‍ പേപ്പറുകളില്‍ നിക്ഷേപിക്കുന്നതിന്‌ NRI കളെ അനുവദിക്കുമോ ?
ഉത്തരം : അനുവദിക്കും. കൊമേഴ്‌സ്യല്‍ പേപ്പറിലെ നിക്ഷേപം റീപാട്രിയേറ്റു ചെയ്യാനാവില്ലെന്നും അവ കൈമാറ്റം ചെയ്യപ്പെടാനാവില്ലെന്നുമുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി NRI കള്‍ക്കു വ്യക്തിപരമായി കൊമേഴ്‌സ്യല്‍ പേപ്പര്‍ നല്‌കാമെന്ന പൊതു ഉത്തരവ്‌ റിസര്‍വ്വ്‌ ബാങ്ക്‌ നല്‌കിയിട്ടുണ്ട്.

ഓഹരികളുടെയും സെക്യൂരിറ്റികളുടെയും വില്‌പനയും കൈമാറ്റവും



ചോദ്യം 1. ഗവണ്‍മെന്റ്‌ സെക്യൂരിറ്റികളും യൂണിറ്റുകളും വില്‌ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി ആവശ്യമുണ്ടോ ? 
ഉത്തരം : ഇല്ല. റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ NRI കള്‍ക്ക്‌ ഗവണ്‍മെന്റ്‌ സെക്യൂരിറ്റികളും യൂണിറ്റുകളും വില്‌പന നടത്തുന്നതിന്‌ അംഗീകൃത ഡീലര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യനിക്ഷേപം നടത്തിയത് വിദേശത്തു നിന്നയച്ച പണമുപയോഗിച്ചാണെങ്കില്‍ അത്തരത്തിലുള്ള സെക്യൂരിറ്റികളും യൂണിറ്റുകളും കാലാവധി പൂര്‍ത്തിയാക്കുകയോ വില്‌ക്കുകയോ ചെയ്യുന്നതു മൂലമുണ്ടാകുന്ന ആദായം വിദേശത്തു തന്നെ നല്‌കുകയോ NRE / FCNR അക്കൗണ്ടുകളില്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്. അല്ലാത്ത പക്ഷം അവ ഉടമയുടെ NRO അക്കൗണ്ടില്‍ പെടുത്തണം.

ചോദ്യം 2. NRI കള്‍ക്ക്‌ തങ്ങളുടെ പേരിലുള്ള ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും മറ്റ്‌ NRI കള്‍ക്ക്‌ വില്‌ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ റിസര്‍വ്‌ ബാങ്കിന്റെ അനുമതി ആവശ്യമുണ്ടോ ? 
ഉത്തരം : ഇല്ല. NRI കള്‍ ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും മറ്റ്‌ നോണ്‍ റെസിഡന്റുകള്‍ക്കു വില്‌ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിന്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ ഏത്‌ NRI യുടെ പേരിലേക്കാണോ കൈമാറ്റം ചെയ്യുന്നത്‌ അയാള്‍ അവ വാങ്ങുന്നതിന്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതി വാങ്ങേണ്ടതും അതിലേക്കായി ഫാറം FNC - 7 ല്‍ അപേക്ഷിക്കേണ്ടതുമാണ്.

ചോദ്യം 3. NRI കള്‍ നോണ്‍ റീപാട്രിയേഷന്‍ അടിസ്ഥാനത്തില്‍ കൈവശപ്പെടുത്തിയ ഓഹരികള്‍, കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ എന്നിവ റെസിഡന്റുകള്‍ക്ക്‌ യഥേഷ്ടം വില്‌ക്കുകയും കൈമാറ്റം ചെയ്യുകയുമാകാമോ ? 
ഉത്തരം : ആകാം. NRI കളും OCB കളും തങ്ങളുടെ ഓഹരികളും ഡിബഞ്ചറുകളും ബോണ്ടുകളും സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ മുഖേന വിറ്റഴിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതിന്‌ അനുമതി നേടണമെന്ന വ്യവസ്ഥ റിസര്‍വ്വ്‌ ബാങ്ക്‌ പൊതുവില്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്രകാരം വിറ്റഴിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത്‌ ഇന്ത്യന്‍ പൗരന്റെയോ, ഇന്ത്യയില്‍ ജനിച്ച ഒരാളിന്റെയോ ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കമ്പനിയുടെയോ പേരിലായിരിക്കേണ്ടതും അവ വില്‌ക്കുന്നതു മൂലമുണ്ടാകുന്ന ആദായം NRO അക്കൗണ്ടില്‍ വരവു വെക്കേണ്ടതുമാകുന്നു.

ചോദ്യം 4. റീപാട്രിയേഷന്‍ ആനുകൂല്യങ്ങളോടെ NRI കളുടെ പേരിലുള്ള ഓഹരികള്‍, കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ എന്നിവ വില്‌ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാം ?
ഉത്തരം : പോര്‍ട്‌ ഫോളിയോ നിക്ഷേപ പദ്ധതി പ്രകാരം സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ മുഖേന NRI കള്‍ കൈവശപ്പെടുത്തിയ ഓഹരികള്‍, കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ എന്നിവ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ വഴി കൈമാറ്റം ചെയ്യുന്നതിന്‌ അനുമതി വാങ്ങുന്നതില്‍ നിന്ന്‌ റിസര്‍വ്വ്‌ ബാങ്ക്‌ മൊത്തത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, ഈ ആനുകൂല്യം ലഭിക്കുന്നതിന്‌ അവ വാങ്ങിയ അംഗീകൃത ബാങ്കു വഴിതന്നെ വില്‌പന നടത്തിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതൊഴികെയുള്ള അപേക്ഷകള്‍ ഫാറം TS 4 ല്‍ റിസര്‍വ്വ്‌ ബാങ്കിനു സമര്‍പ്പിക്കണം.

ചോദ്യം 5. NRI കള്‍ തങ്ങളുടെ ഓഹരികളും ഡിബഞ്ചറുകളും സ്വകാര്യ ഏര്‍പ്പാടുകളിലൂടെ റെസിഡന്റുകള്‍ക്കു വില്‌ക്കുകയോ കൈമാറ്റുകയോ ചെയ്യുന്നതിനുള്ള നടപടി ക്രമം എന്താണ്‌ ? 
ഉത്തരം : NRI കള്‍ സ്വകാര്യ ഏര്‍പ്പാടുകളിലൂടെ ഓഹരികളും കടപ്പത്രങ്ങളും വില്‌ക്കുന്നതിന്‌ TS 1 ഫാറത്തില്‍ റിസര്‍വ്വ്‌ ബാങ്കിന്‌ അപേക്ഷ നല്‌കണം.

ചോദ്യം 6. ഓഹരികളും കടപ്പത്രങ്ങളും ബന്ധുക്കള്‍ക്കു സമ്മാനമായി കൊടുക്കാനാകുമോ ? 
ഉത്തരം : കൊടുക്കാം. റിസര്‍വ്‌ ബാങ്കിന്റെ അനുമതിയോടെ NRI കള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്നു വാങ്ങിയിട്ടുള്ള ഓഹരികളും കടപ്പത്രങ്ങളും ബോണ്ടുകളും തങ്ങളുടെ വളരെയടുത്ത ബന്ധുക്കള്‍ക്കു സമ്മാനമായി നല്‌കുന്നതിന്‌ പൊതുവായ അനുമതി കൊടുത്തിട്ടുണ്ട്.

സ്ഥാവര വസ്‌തുക്കളിലുള്ള നിക്ഷേപം


ചോദ്യം 1. ഇന്ത്യയില്‍ പാര്‍പ്പിടമോ കച്ചവട സ്ഥാപനങ്ങളോ സ്വന്തമാക്കുന്നതിന്‌ NRI കള്‍ക്ക്‌ റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി ആവശ്യമുണ്ടോ ?
ഉത്തരം : ഇല്ല.

ചോദ്യം 2. ഇന്ത്യക്കാരായ വിദേശ പൗരന്‍മാര്‍ക്ക്‌ ഇന്ത്യയില്‍ താമസിക്കുന്നതിന്‌ സ്ഥാവര വസ്‌തുക്കള്‍ സ്വന്തമാക്കാന്‍ റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി ആവശ്യമുണ്ടോ ?
ഉത്തരം : ഉണ്ട്‌. എന്നാല്‍ ഇന്ത്യാക്കാരായ വിദേശ പൗരന്മാര്‍ക്ക്‌ അവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരോ വിദേശത്തു പാര്‍ക്കുന്നവരോ ആകട്ടെ, അവരുടെ യഥാര്‍ത്ഥ ഉപയോഗത്തിന്‌ സ്ഥാവര വസ്‌തുക്കള്‍ വാങ്ങുന്നതിന്‌ റിസര്‍വ്വ്‌ ബാങ്ക്‌ പൊതുവിലുള്ള അനുമതി നല്‌കിയിട്ടുണ്ട്. അതിനാല്‍ അവര്‍ പ്രത്യേകമായി അനുമതി നേടേണ്ടതില്ല.

ചോദ്യം 3. പൊതുവായ അനുമതി പ്രകാരം ഇന്ത്യാക്കാരായ വിദേശ പൗരന്മാര്‍ക്ക്‌ ഇവിടെ പാര്‍പ്പിട സൗകര്യം വാങ്ങുന്നതിനുള്ള ചെലവ്‌ ഏതു രീതിയിലാണ്‌ നല്‌കേണ്ടത്‌ ? 
ഉത്തരം : വാങ്ങുന്നതിനു നല്‌കേണ്ട വില വിദേശത്തു നിന്നു സാധാരണ നിലയില്‍ അയയ്‌ക്കുന്ന വിദേശ നാണയത്തില്‍ നിന്നോ, അതല്ലെങ്കില്‍ അവരുടെ ഇന്ത്യയിലെ ബാങ്കിലുള്ള NTE / FCNR അക്കൗണ്ടില്‍ നിന്നോ നല്‌കാവുന്നതാണ്.

ചോദ്യം 4. പൊതു അനുമതി പ്രകാരം ഇന്ത്യാക്കാരായ വിദേശ പൗരന്മാര്‍ ഇന്ത്യയില്‍ പാര്‍ക്കുന്നതിനുള്ള സ്ഥാവരവസ്‌തുക്കള്‍ വാങ്ങുന്നതിനു പൂര്‍ത്തിയാക്കേണ്ട ഔപചാരിക നടപടി ക്രമങ്ങള്‍ എന്തൊക്കെ ? 
ഉത്തരം : സ്ഥാവര വസ്‌തുക്കള്‍ വാങ്ങി 90 ദിവസത്തിനകമോ വിലയുടെ അവസാന ഗഡു നല്‌കി 90 ദിവസത്തിനകമോ മുംബൈയിലുള്ള റിസര്‍വ്വ്‌ ബാങ്കിന്റെ സെന്‍ട്രല്‍ ഓഫീസില്‍ ഫാറം IPI 7 ല്‍ അവര്‍ സത്യവാങ്‌മൂലം നല്‌കുകയും അതോടൊപ്പം വസ്‌തുവകകള്‍ വാങ്ങിയതിന്റെ പ്രമാണത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇടപാടു നടത്തിയതിനു വില നല്‌കിയതിനു ബാങ്കില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം.

ചോദ്യം 5. ഇങ്ങനെ വാങ്ങിയ വസ്‌തുവകകള്‍ റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതിയില്ലാതെ വില്‌ക്കാനാകുമോ ?
ഉത്തരം : വില്‌ക്കാം. ഇങ്ങനെ വാങ്ങിയ വസ്‌തുവകകള്‍ വില്‌ക്കുന്നതിനു റിസര്‍വ്വ്‌ ബാങ്കിന്റെ പൊതുവായ അനുമതിയുണ്ട്. എന്നാല്‍ ഇന്ത്യാക്കാരനായ വിദേശ പൗരനാണ്‌ ഈ വസ്‌തു വാങ്ങുന്നതെങ്കില്‍ അതിനു നല്‌കുന്ന വില ഇന്ത്യയില്‍ കൊടുക്കുകയോ അവരുടെ NRE / FCNR അക്കൗണ്ടിലെ നീക്കിയിരുപ്പില്‍ നിന്നു നല്‌കുകയോ ചെയ്യാം.

ചോദ്യം 6. വില്‌ക്കുന്ന സമയത്തു ലഭിക്കേണ്ട വില വിദേശത്തു നല്‌കാമോ ? 
ഉത്തരം : 1993 മെയ്‌ 26 നു ശേഷം വാങ്ങിയ വസ്‌തുവകകളുടെ കാര്യത്തില്‍ വില്‌പന വില മടക്കിക്കൊണ്ടു പോകുന്നതിനുള്ള അപേക്ഷ റിസര്‍വ്വ്‌ ബാങ്ക്‌ പരിഗണിക്കുന്നതായിരിക്കും. ഇങ്ങനെ അനുവദിക്കുന്ന തുക വസ്‌തുവകകള്‍ സ്വന്തമാക്കുന്നതിനു മുടക്കിയ തുകയുടെ ഇരട്ടി വരുന്ന വിദേശ നാണയത്തിനു തുല്യമായിരിക്കും. വില്‌പന വഴി ലഭിച്ച തുകയില്‍ ശേഷിക്കുന്നതും 1993 മെയ്‌ 26 നും മുന്‍പു വിറ്റ സ്വത്തുക്കളുടെ വിലയും വസ്‌തു വിറ്റയാളുടെ സാധാരണ നോണ്‍ റെസിഡന്റ്‌ റുപ്പി അക്കൗണ്ടില്‍ വരവു വെക്കേണ്ടതാണ്.

ചോദ്യം 7. വില്‌പന വഴി ലഭിച്ച ആദായം റീപാട്രിയേറ്റ്‌ ചെയ്യണമെങ്കില്‍ എന്തെങ്കിലും വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടോ ?
ഉത്തരം : ഉണ്ട്‌. ഇടപാടു നടത്തിയ അന്തിമ തീയതിക്കോ, ഇടപാടിന്മേലുള്ള അവസാന ഗഡു നല്‌കിയ തീയതിക്കോ ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാല്‍ വില്‌പനമൂല്യം റീപാട്രിയേറ്റു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കും.

ചോദ്യം 8. ഇത്തരത്തില്‍ റീപാട്രിയേഷന്‍ സൗകര്യം ലഭിക്കുന്നതിനുള്ള നടപടി ക്രമം എന്ത്‌ ? 
ഉത്തരം : വില്‌പനമൂല്യം റീപാട്രിയേറ്റ്‌ ചെയ്യുന്നതിന്‌ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ വില്‌പന നടന്ന്‌ 90 ദിവസത്തിനകം ഫാറം IPI 8 ല്‍ റിസര്‍വ്വ്‌ ബാങ്കിന്റെ മുംബൈയിലെ സെന്‍ട്രല്‍ ഓഫീസില്‍ നല്‌കിയിരിക്കണം.

ചോദ്യം 9. ഇന്ത്യാക്കാരായ വിദേശ പൗരന്മാര്‍ക്ക്‌ പാരിതോഷികമെന്ന നിലയില്‍ പാര്‍പ്പിട സൗകര്യങ്ങള്‍ കൈവശപ്പെടുത്തുകയോ വിറ്റഴിക്കുകയോ ചെയ്യാമോ ? 
ഉത്തരം : ചെയ്യാം. ഇന്ത്യാക്കാരായ വിദേശ പൗരന്മാര്‍ക്ക്‌ പാരിതോഷികമെന്ന നിലയ്‌ക്ക്‌ രണ്ടു വീടു വരെ ബന്ധുക്കളില്‍ നിന്നു വാങ്ങുന്നതിനോ ബന്ധുക്കള്‍ക്കു വില്‌ക്കുന്നതിനോ റിസര്‍വ്വ്‌ ബാങ്ക്‌ പൊതുവില്‍ അനുമതി നല്‌കിയിട്ടുണ്ട്. ഇപ്രകാരം പാരിതോഷികമായി വീട്‌ വാങ്ങുകയോ നല്‌കപ്പെടുകയോ ചെയ്യുന്ന ബന്ധു ഇന്ത്യന്‍ പൗരനോ ഇന്ത്യയില്‍ ജനിച്ചവനോ ആയിരിക്കേണ്ടതും ഗിഫ്‌റ്റ്‌ ടാക്‌സ്‌ നല്‌കിയിരിക്കേണ്ടതുമാകുന്നു.

ചോദ്യം 10. ഇന്ത്യാക്കാരായ വിദേശ പൗരന്മാര്‍ക്ക്‌ ബിസിനസ്സ്‌ സ്ഥാപനങ്ങള്‍ വാങ്ങാമോ ? 
ഉത്തരം : വാങ്ങാം. റിസര്‍വ്വ്‌ ബാങ്ക്‌ പൊതുവില്‍ നല്‌കിയിരിക്കുന്ന അനുമതി പ്രകാരം ഇന്ത്യാക്കാരായ വിദേശ പൗരന്മാര്‍ക്ക്‌ കൃഷിഭൂമി, ഫാം ഹൗസ്‌, തോട്ടങ്ങള്‍ എന്നിവയൊഴിച്ചുള്ള സ്വത്തു കൈവശപ്പെടുത്താവുന്നതാണ്. ഇങ്ങനെ വാങ്ങുന്ന വസ്‌തുവിനു നല്‌കേണ്ടതായ വില സാധാരണ ബാങ്ക്‌ മുഖേന വിദേശത്തു നിന്നയയ്‌ക്കുന്ന വിദേശ നാണയത്തില്‍ നിന്നോ ഇന്ത്യന്‍ ബാങ്കുകളില്‍ അയാള്‍ക്കുള്ള NRE / FCNR അക്കൗണ്ടില്‍ നിന്നോ കൊടുക്കണം. ഇതിനു പുറമെ സ്വത്തു വാങ്ങുകയോ വില്‌ക്കുകയോ ചെയ്യുന്ന തീയതി മുതല്‍ 90 ദിവസത്തിനകം ഫാറം IPI 7 ല്‍ റിസര്‍വ്വ്‌ ബാങ്കിന്റെ കേന്ദ്ര ഓഫീസില്‍ സത്യവാങ്‌മൂലം ഫയലു ചെയ്യുകയും വേണം.

ചോദ്യം 11. ഇങ്ങനെ വാങ്ങുന്ന വസ്‌തു അവര്‍ക്കു വില്‌ക്കാമോ ? 
ഉത്തരം : വില്‌ക്കാം.

ചോദ്യം 12. ഇങ്ങനെ ഇടപാടു നടത്തുന്ന വസ്‌തുവകകളുടെ വില്‌പന വില വിദേശത്തു നല്‌കാമോ ? 
ഉത്തരം : നല്‌കാം. ഇന്ത്യാക്കാരായ വിദേശ പൗരന്മാര്‍ 26.5.1993 ലോ അതിനു ശേഷമോ നടത്തിയ ഒറിജിനല്‍ നിക്ഷേപങ്ങള്‍ റീപാട്രിയേറ്റ്‌ ചെയ്യാനനുവദിക്കും. ഇപ്രകാരം റീപാട്രിയേറ്റ്‌ ചെയ്യുന്ന തുക ഇടപാടു നടത്തുന്നതിനു വേണ്ടി മുന്‍പ്‌ വിദേശ്‌തതു നിന്നയച്ച തുകയ്‌ക്കു സമാനമായിരിക്കുകയും വസ്‌തുവകകള്‍ വിറ്റഴിക്കുന്നത്‌ അതു വാങ്ങുമ്പോള്‍ രജിസ്‌റ്റര്‍ ചെയ്‌ത തീയതിക്കോ ഇടപാടു തുകയുടെ അവസാന ഗഡു നല്‌കിയ തീയതിക്കോ ശേഷം മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കണം. വസ്‌തുവകകള്‍ വിറ്റഴിച്ച തീയതി മുതല്‍ 90 ദിവസത്തിനകം ഇതിനുള്ള അപേക്ഷ ഫാറം IPI 8 ല്‍ റിസര്‍വ്വ്‌ ബാങ്കിന്റെ കേന്ദ്ര ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ചോദ്യം 13. ഇങ്ങനെ വാങ്ങുന്ന വാസ ഗൃഹമോ ബിസിനസ്സ്‌ സ്ഥാപനമോ തല്‍ക്കാലം ഉപയോഗിക്കുന്നില്ലെങ്കില്‍ വാടകയ്‌ക്കു നല്‌കാനാകുമോ ? 
ഉത്തരം : നല്‌കാം. ഇന്ത്യയിലുള്ള ഏത്‌ സ്ഥാവര വസ്‌തുക്കളും വാടകയ്‌ക്കു നല്‌കുന്നതിന്‌ റിസര്‍വ്വ്‌ ബാങ്ക്‌ പൊതുവില്‍ അനുമതി നല്‌കിയിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന വാടകയോ മറ്റിനത്തില്‍ ലഭിക്കുന്ന തുകയോ NRO അക്കൗണ്ടില്‍ ചേര്‍ത്തിരിക്കണം.

ചോദ്യം 14. താമസത്തിനുവേണ്ടി NRI കള്‍ക്ക്‌ വീടോ ഫ്‌ളാറ്റോ വാങ്ങുന്നതിന്‌ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‌ ഭവന വായ്‌പ ലഭിക്കുമോ ? 
ഉത്തരം : ചില നിബന്ധനകള്‍ക്കു വിധേയമായി സ്വന്തം താമസത്തിന്‌ വീടോ ഫ്‌ളാറ്റോ കരസ്ഥമാക്കുന്നതിന്‌ NRI കള്‍ക്കു വായ്‌പ നല്‌കുന്നതിന്‌ HDFC, LIC ഹൗസിങ്ങ്‌ ഫൈനാന്‍സ്‌ ലിമിറ്റഡ്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക്‌ റിസര്‍വ്വ്‌ ബാങ്ക്‌ അനുമതി നല്‌കിയിട്ടുണ്ട്.

ചോദ്യം 15. NRI കളുടെ താമസ സൗകര്യത്തിന്‌ വീടോ ഫ്‌ളാറ്റോ വാങ്ങുന്നതിന്‌ അംഗീകൃത ഡീലര്‍മാര്‍ വായ്‌പ നല്‌കുമോ ?
ഉത്തരം : ചില വ്യവസ്ഥകള്‍ക്കു വിധേയമായി പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യയില്‍ മടങ്ങിയെത്തിക്കഴിഞ്ഞ്‌ അവരുടെ സ്വന്തം ഉപയോഗത്തിന്‌ വീടോ ഫ്‌ളാറ്റോ വാങ്ങുന്നതിന്‌ വായ്‌പ നല്‌കാന്‍ അംഗീകൃത ഡീലര്‍മാര്‍ക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്. വായ്‌പയെടുത്ത്‌ പതിനഞ്ചു വര്‍ഷത്തിനകം വിദേശത്തു നിന്ന്‌ ബാങ്കു വഴി അയച്ച പണത്തില്‍ നിന്നോ NRE / FCNR അക്കൗണ്ടില്‍ നിന്നോ വായ്‌പ അടച്ചു തീര്‍ക്കേണ്ടതാണ്.

ചോദ്യം 16. ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ തങ്ങളുടെ NRI സ്റ്റാഫിന്‌ വായ്‌പ നല്‍കാന്‍ കഴിയുമോ ? 
ഉത്തരം : ചില നിബന്ധനകള്‍ക്കു വിധേയമായി വിദേശത്തു നിയോഗിച്ചിരിക്കുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക്‌ ഭവന വായ്‌പ അനുവദിക്കുന്നതിന്‌ ഇന്ത്യന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും റിസര്‍വ്വ്‌ ബാങ്ക്‌ അനുമതി നല്‍കുന്നുണ്ട്.

മടങ്ങിപ്പോരുന്ന ഇന്ത്യാക്കാര്‍ക്കുള്ള സൗകര്യങ്ങള്‍


വിദേശ ആസ്‌തികള്‍

ചോദ്യം 1. മടങ്ങിപ്പോരുന്ന ഇന്ത്യാക്കാര്‍ക്ക്‌ അവര്‍ സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും വിദേശത്തുള്ള ആസ്‌തികള്‍ നില നിര്‍ത്താനാകുമോ ? 
ഉത്തരം : വിദേശത്ത്‌ തുടര്‍ച്ചയായി ഒരു വര്‍ഷമോ അതിലധികമോ കാലം താമസിച്ച ശേഷം മടങ്ങി വരുന്ന ഇന്ത്യക്കാര്‍ അവര്‍ വിദേശത്ത്‌ ആര്‍ജ്ജിച്ച പണവും ആസ്‌തികളും സറണ്ടര്‍ ചെയ്യണമെന്ന വ്യവസ്ഥയില്‍ നിന്ന്‌ അവരെ 17-07-1992 മുതല്‍ ഭാരത സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇപ്രകാരം ഒഴിവാക്കപ്പെടുന്ന തുകയോ ആസ്‌തികളോ 1973 ലെ FERA നിയമത്തിന്‌ എതിരാകാന്‍ പാടില്ലാത്തതും അവര്‍ വിദേശത്തായിരുന്ന കാലത്ത്‌ തൊഴില്‍, ബിസിനസ്സ്‌ എന്നിവയില്‍ നിന്നു നേടിയതുമായിരിക്കണം. പൊതു ഒഴിവാക്കല്‍ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക്‌ വിദേശ ബാങ്കുകളിലുള്ള അവരുടെ ഫോറിന്‍ കറന്‍സി അക്കൗണ്ടും ഓഹരികള്‍, സെക്യൂരിറ്റികള്‍, ബിസിനസ്സിലുള്ള മുതല്‍ മുടക്കുകള്‍, സ്ഥാവര വസ്‌തുക്കള്‍ തുടങ്ങിയ ആസ്‌തികളും നിലനിര്‍ത്താന്‍ കഴിയും.

ചോദ്യം 2. ഇത്തരം ആസ്‌തികള്‍ കൈവശം വെക്കുന്നതിന്‌ അവര്‍ റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതി വാങ്ങേണ്ടതുണ്ടോ ?
ഉത്തരം : ഇല്ല.

ചോദ്യം 3. ഇത്തരത്തിലുള്ള വിദേശ ആസ്‌തികള്‍ ഇഷ്ടമുള്ള രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന്‌ അവര്‍ക്കു സ്വാതന്ത്ര്യമുണ്ടോ ?
ഉത്തരം : ഉണ്ട്. ഇത്തരത്തിലുള്ള ആസ്‌തികളും അവയില്‍ നിന്നു നേടുന്ന ആദായവും പില്‍ക്കാലത്ത്‌ അവ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്ന മൂല്യവും ഇഷ്ടാനുസരണം ഉപയോഗിക്കുന്നതിന്‌ അവര്‍ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കും.

ചോദ്യം 4. വിദേശത്തുള്ള ആസ്‌തികള്‍ ഇന്ത്യയിലേക്കു കൊണ്ടു വരുന്നതിലും അവ പ്രത്യേകമായി സൂക്ഷിക്കുന്നതിനും അവര്‍ക്കാകുമോ ?
ഉത്തരം : ആകും. അവര്‍ക്ക്‌ ആസ്‌തികള്‍ ഇന്ത്യയിലേക്കു കൊണ്ടു വരുന്നതിനും റെസിഡന്റ്‌ ഫോറിന്‍ കറന്‍സി അക്കൗണ്ട്‌സ്‌ സ്‌കീം പ്രകാരം അംഗീകൃത ഡീലര്‍മാരുടെ പക്കല്‍ അവ പ്രത്യേകം നിലനിര്‍ത്തുന്നതിനും കഴിയും. (താഴെ പാര്‍ട്ട്‌ -3 കാണുക.)

റെസിഡന്റ്‌ ഫോറിന്‍ കറന്‍സി (RFC) അക്കൗണ്ട്‌സ്‌ സ്‌കീം അസ്സറ്റ്‌സ്‌

ചോദ്യം 1. റെസിഡന്റ്‌ ഫോറിന്‍ കറന്‍സി (RFC) അക്കൗണ്ട്‌സ്‌ സ്‌കീം എന്നാലെന്ത്‌ ?
ഉത്തരം : വിദേശത്ത്‌ തുടര്‍ച്ചയായി ഒരു വര്‍ഷമോ അതിലധികമോ കാലം താമസിച്ച ശേഷം 18-04-1992 നു ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി സ്ഥിരവാസമുറപ്പിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കോ ഇന്ത്യയില്‍ ജനിച്ചവര്‍ക്കോ വേണ്ടി അവര്‍ വിദേശത്തു നിന്നു കൊണ്ടു വരുന്ന പണം ഇന്ത്യയിലെ ബാങ്കില്‍ ഫോറിന്‍ കറന്‍സി അക്കൗണ്ടായി സൂക്ഷിക്കുന്നതിന്‌ റിസര്‍വ്വ്‌ ബാങ്ക്‌ അംഗീകരിച്ച ഒരു പദ്ധതിയാണിത്. 18-04-1992 നു മുന്‍പ്‌ ഇന്ത്യയില്‍ മടങ്ങിയെത്തിയവര്‍ക്കും താഴെപ്പറയും പ്രകാരം RFC അക്കൗണ്ട്‌ തുറക്കാവുന്നതാണ്.

(എ) റിസര്‍വ്വ്‌ ബാങ്കിന്റെ അനുമതിയോടെ അവര്‍ക്ക്‌ വിദേശത്ത്‌ ഫോറിന്‍ കറന്‍സി അക്കൗണ്ട്‌ ഉണ്ടായിരിക്കണം;
(ബി) വിദേശത്തുള്ള അവരുടെ മുന്‍ തൊഴില്‍ ദാതാവില്‍ നിന്ന്‌ അവര്‍ക്ക്‌ പെന്‍ഷനോ ധനപരമായ മറ്റു നേട്ടങ്ങളോ ലഭിക്കുന്നുണ്ടായിരിക്കണം.

ചോദ്യം 2. അംഗീകൃത ഡീലര്‍മാരുടെ പക്കല്‍ ഇത്തരമൊരു അക്കൗണ്ടു തുറക്കുന്നതിന്‌ റിസര്‍വ്വ്‌ ബാങ്കിന്റെ ഏതെങ്കിലും അനുമതി ആവശ്യമുണ്ടോ ?
ഉത്തരം : ഇല്ല.

ചോദ്യം 3. ഏതു കറന്‍സിയിലാണു RFC അക്കൗണ്ട്‌ നിലനിര്‍ത്തേണ്ടത്‌ ? 
ഉത്തരം : മാറ്റാന്‍ പറ്റുന്ന ഏതു കറന്‍സിയിലും RFC അക്കൗണ്ട്‌ തുറക്കാവുന്നതാണ്.

ചോദ്യം 4. മടങ്ങിവരുന്ന ഇന്ത്യാക്കാരുടെ (റിട്ടേണിങ്ങ്‌ ഇന്ത്യന്‍സ്‌) RFC അക്കൗണ്ടില്‍ ഏതു പണമാണു നിക്ഷേപിക്കാവുന്നത്‌ ?
ഉത്തരം : സ്ഥിരമായി പാര്‍ക്കുന്നതിന്‌ സ്വരാജ്യത്തേക്കു മടങ്ങി വരുന്ന ഇന്ത്യാക്കാര്‍ മടക്കിക്കൊണ്ടു പോരുന്ന മുഴുവന്‍ വിദേശ നാണയവും മടങ്ങിയെത്തുന്ന സമയത്ത്‌ അവരുടെ NRE / FCNR അവശേഷിക്കുന്ന പണവും RFC അക്കൗണ്ടില്‍ വരവു വെക്കാവുന്നതാണ്. എന്നാല്‍ വിദേശ കറന്‍സി നോട്ടുകളായും ബാങ്ക്‌ നോട്ടുകളായും ട്രാവലേഴ്‌സ്‌ ചെക്കുകളായും കൊണ്ടു വരുന്ന പണം 10,000 അമേരിക്കന്‍ ഡോളറിനു തുല്യമായ തുകയ്‌ക്കു മുകളില്‍ വരുന്നതാണെങ്കില്‍ അത്‌ എത്തിച്ചേരുന്ന സമയത്ത്‌ കറന്‍സി ഡിക്ലറേഷന്‍ ഫാറത്തില്‍ (CDF) കസ്റ്റംസ്‌ മുമ്പാകെ വെളിപ്പെടുത്തേണ്ടതാണ്. വിദേശ കറന്‍സികളുടെയും ബാങ്ക്‌ നോട്ടുകളുടെയും കാര്യത്തില്‍ തുക 2500 ഡോളറിനു തുല്യമായ തുകയ്‌ക്കു മുകളിലാണെങ്കില്‍ ഇപ്രകാരം CDF ഫാറത്തില്‍ വെളിപ്പെടുത്തണമെന്ന നിര്‍ബന്ധമാണ്.

ചോദ്യം 5. വിദേശ ആസ്‌തികളില്‍ നിന്നു ഡിവിഡന്റായോ വില്‌പന മൂല്യമായോ ലഭിക്കുന്ന ആദായം RFC അക്കൗണ്ടില്‍ ചേര്‍ക്കേണ്ടതുണ്ടോ ?
ഉത്തരം : ഉണ്ട്. ആസ്‌തികളില്‍ നിന്നോ അവയുടെ വില്‌പന മൂല്യമായോ ലഭിക്കുന്ന ആദായം ഇന്ത്യയിലേക്കയയ്‌ക്കുമ്പോള്‍ അതു പൂര്‍ണ്ണമായും RFC അക്കൗണ്ടില്‍ ചേര്‍ക്കേണ്ടതാണ്.

ചോദ്യം 6. വിദേശത്തു നിന്നു പെന്‍ഷനായി ലഭിക്കുന്ന ആദായം RFC അക്കൗണ്ടില്‍ ചേര്‍ക്കണോ ? 
ഉത്തരം : വേണം. വിദേശത്തു നിന്നു പെന്‍ഷനായി ലഭിക്കുന്ന മുഴുവന്‍ തുകയും RFC അക്കൗണ്ടില്‍ ചേര്‍ക്കണം.

ചോദ്യം 7. സ്ഥിരമായി മടങ്ങിപ്പോരുന്ന NRI കള്‍ക്ക്‌ RIFEE സൗകര്യം ലഭ്യമായിരുന്നു. ആ സൗകര്യം ഇപ്പോഴും ലഭ്യമാണോ ? 
ഉത്തരം : അല്ല. RIFEE സൗകര്യത്തിനു പകരമായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ്‌ RFC അക്കൗണ്ട്.

ചോദ്യം 8. RFC അക്കൗണ്ടില്‍ വിദേശത്തു പണമടയ്‌ക്കാന്‍ കഴിയുമോ ?
ഉത്തരം : കഴിയും. അക്കൗണ്ട്‌ ഉടമയുടെയോ അയാളുടെ ബന്ധുക്കളുടെയോ യാത്രാവശ്യങ്ങള്‍, വ്യക്തിപരമായ ആവശ്യങ്ങള്‍, നിക്ഷേപാവശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ന്യായമായ ഏതാവശ്യത്തിനും വിദേശത്ത്‌ RFC അക്കൗണ്ടില്‍ പണമടയ്‌ക്കാന്‍ കഴിയും.

ചോദ്യം 9. പ്രാദേശികമായി നല്‌കാനുള്ള പണം RFC അക്കൗണ്ടില്‍ നിന്ന്‌ എടുത്തു നല്‌കാനാകുമോ ? 
ഉത്തരം : ആകും. പ്രാദേശികമായി രൂപയില്‍ നല്‌കാനുള്ള പണം ഒരു നിയന്ത്രണവും കൂടാതെ RFC അക്കൗണ്ടില്‍ നിന്നു നല്‌കാവുന്നതാണ്.

ചോദ്യം 10. വിദേശ്‌തതു നിന്നു മടങ്ങിയെത്തിയ ഒരാള്‍ തൊഴിലിനോ, ബിസിനസ്സിനോ ഉദ്യോഗത്തിനോ ആയി വീണ്ടും വിദേശത്തേക്കു പോകാനാഗ്രഹിക്കുന്നെങ്കില്‍ അയാളുടെ RFC അക്കൗണ്ടിലുള്ള പണം NRE / FCNR അക്കൗണ്ടിലേക്കു മാറ്റാമോ ? 
ഉത്തരം : മാറ്റാം.

ചോദ്യം 11. ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലയളവില്‍ വിദേശത്തു ചെലവഴിച്ച ശേഷം മടങ്ങി വരുന്ന ഒരാള്‍ക്ക്‌ RFC അക്കൗണ്ടു തുറക്കാമോ ?
ഉത്തരം : ഇത്തരം സന്ദര്‍ഭങ്ങളില്‍ RFC അക്കൗണ്ടു തുറക്കുന്നതിനുള്ള അപേക്ഷ റിസര്‍വ്വ്‌ ബാങ്ക്‌ പരിഗണിക്കും. എന്നാല്‍ പഠനം, പരിശീലനം തുടങ്ങിയ ആവശ്യങ്ങള്‍ക്കു വിദേശത്തു പോയി മടങ്ങുന്ന ആളുകള്‍ക്ക്‌ ഈ സൗകര്യം ലഭ്യമല്ല.

NRI കളുടെ സ്വര്‍ണ്ണം ഇറക്കുമതി

ചോദ്യം 1. NRI കള്‍ക്ക്‌ ഇന്ത്യയിലേക്ക്‌ സ്വര്‍ണ്ണം കൊണ്ടു വരാമോ ? 
ഉത്തരം : കൊണ്ടു വരാം. ആറു മാസത്തിലൊരിക്കല്‍ ഒരു NRI ക്ക്‌ തന്റെ ബാഗേജിന്റെ ഭാഗമായി 10,000 ഗ്രാം സ്വര്‍ണ്ണം വരെ കൊണ്ടു വരാവുന്നതാണ്. എന്നാല്‍ അവര്‍ തുടര്‍ച്ചയായി ആറു മാസമെങ്കിലും വിദേശത്തു കഴിഞ്ഞിരിക്കണം.

ചോദ്യം 2. ഏതു രൂപത്തിലാണ്‌ ഇന്ത്യയിലേക്കു സ്വര്‍ണം കൊണ്ടുവരാവുന്നത്‌?
ഉത്തരം : കല്ലുകളോ മുത്തുകളോ പതിപ്പിക്കാത്ത ആഭരണങ്ങളുള്‍പ്പെടെ ഏതു രൂപത്തിലും സ്വര്‍ണ്ണം കൊണ്ടു വരാവുന്നതാണ്.

ചോദ്യം 3. NRI കള്‍ ഇന്ത്യയിലേക്കു കൊണ്ടു വരുന്ന സ്വര്‍ണ്ണത്തിന്‌ കസ്‌റ്റംസ്‌ ഡ്യൂട്ടി കൊടുക്കേണ്ടതുണ്ടോ ? 
ഉത്തരം : ഉണ്ട്. 10 ഗ്രാമിന്‌ 220/- രൂപയ്‌ക്കു തുല്യമായ തുക മാറ്റിയെടുക്കാവുന്ന ഏതെങ്കിലും വിദേശ കറന്‍സിയില്‍ നലക്‌ണം.

ചോദ്യം 4. NRI കള്‍ ഇന്ത്യയിലേക്കു സ്വര്‍ണ്ണം കൊണ്ടു വരുന്നതിന്‌ കാലപരിധിയുണ്ടോ ?
ഉത്തരം : ഒരു NRI ക്ക്‌ ആറു മാസത്തിലൊരിക്കല്‍ ഇന്ത്യയിലേക്കു സ്വര്‍ണ്ണം കൊണ്ടു വരാം.

ചോദ്യം 5. സ്വര്‍ണ്ണം കൊണ്ടു വരുന്നതിനുള്ള അര്‍ഹത നേടുന്നതിന്‌ ഇന്ത്യയിലേക്കു മടങ്ങുന്ന ഒരാള്‍ അതിനു മുന്‍പ്‌ കുറഞ്ഞത്‌ ആറു മാസമെങ്കിലും താമസിച്ചിരിക്കണമെന്നു നിര്‍ബന്ധമാണോ ?
ഉത്തരം : അതെ.

NRI കളുടെ വെള്ളി ഇറക്കുമതി

ചോദ്യം 1. NRI കള്‍ക്ക്‌ ഇന്ത്യയിലേക്ക്‌ വെള്ളി കൊണ്ടു വരാമോ ? 
ഉത്തരം : കൊണ്ടു വരാം. NRI കള്‍ക്ക്‌ തങ്ങളുടെ ബാഗേജിന്റെ ഭാഗമായി 100 കിലോ ഗ്രാം വെള്ളി വരെ കൊണ്ടു വരാവുന്നതാണ്.

ചോദ്യം 2. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന വെള്ളിക്ക്‌ ഈടാക്കുന്ന ഡ്യൂട്ടി നിരക്കെത്ര?
ഉത്തരം : കിലോഗ്രാമിന്‌ 500 രൂപ നിരക്കിലാണ്‌ നികുതി നല്‌കേണ്ടത്. ഇത്‌ വിദേശനാണയമായി നല്‌കണം.

ചോദ്യം 3. NRI കള്‍ക്ക്‌ സ്വര്‍ണ്ണവും വെള്ളിയും ഒപ്പം കൊണ്ടു വരാമോ ? 
ഉത്തരം : കൊണ്ടുവരാം.

ചോദ്യം 4. NRI കള്‍ കൊണ്ടു വന്ന സ്വര്‍ണ്ണവും വെള്ളിയും ഇവിടത്തുകാര്‍ക്കു വില്‌ക്കാനാകുമോ ? 
ഉത്തരം : വില്‌ക്കാം. NRI കള്‍ കൊണ്ടു വരുന്ന സ്വര്‍ണ്ണവും വെള്ളിയും ഇവിടത്തുകാര്‍ക്ക്‌ ഇന്ത്യന്‍ രൂപ വാങ്ങിക്കൊണ്ടു വില്‌ക്കാവുന്നതാണ്. ക്രോസ്‌ ചെയ്‌ത ചെക്കു നല്‍കി റെസിഡന്റുകള്‍ക്ക്‌ NRI കളില്‍ നിന്ന്‌ സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങുന്നതിന്‌ റിസര്‍വ്വ്‌ ബാങ്ക്‌ പൊതുവില്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണം / വെള്ളി വില്‌ക്കുന്ന NRI അതിനു ലഭിക്കുന്ന പണം അയാളുടെ സാധാരണ നോണ്‍ റെസിഡന്റ്‌ റുപ്പി അക്കൗണ്ടില്‍ നിക്ഷേപിക്കണം.

പലവക

ചോദ്യം 1. NRI കളുടെ NRE / FCNR അക്കൗണ്ടുകളിലെ നീക്കിയിരിപ്പിനോ നിക്ഷേപങ്ങള്‍ക്കോ നികുതിയിളവു ലഭിക്കുമോ ? 
ഉത്തരം : ലഭിക്കും. NRE / FCNR അക്കൗണ്ടുകളില്‍ കിടക്കുന്ന പണത്തിനു ലഭിക്കുന്ന പലിശ ആദായനികുതിയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരിക്കുന്നു. അത്തരം അക്കൗണ്ടുകളില്‍ നിന്ന്‌ ഉറ്റ ബന്ധുക്കള്‍ക്കു ദാനം നല്‌കുന്ന പണം ഗിഫ്‌റ്റ്‌ ടാക്‌സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചോദ്യം 2. ഇതേപോലുള്ള ഇളവുകള്‍ NRO അക്കൗണ്ടിനു ലഭിക്കുമോ ? 
ഉത്തരം : ഇല്ല.

ചോദ്യം 3. NRNR നിക്ഷേപ അക്കൗണ്ട്‌ ഉടമകള്‍ക്കു ലഭിക്കുന്ന നികുതി ആനുകൂല്യങ്ങള്‍ ഏവ ? 
ഉത്തരം : താഴെപ്പറയുന്ന നികുതി ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കുന്നതാണ്‌ :
(i) നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്ന ആദായം ഇന്ത്യയില്‍ ആദായ നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. 
(ii) നിക്ഷേപങ്ങള്‍ ഒരിക്കല്‍ മാത്രം ഗിഫ്‌റ്റ്‌ കൊടുക്കുമ്പോള്‍ ഗിഫ്‌റ്റ്‌ ടാക്‌സില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നു. (ഇത്‌ NRI കള്‍ക്കു മാത്രം ബാധകം)
(iii) റെസിഡന്റായിട്ടുള്ളവര്‍ക്ക്‌ ആദായനികുതി ഒഴിവാക്കല്‍ ആനുകൂല്യം ലഭിക്കുന്നതല്ല. ജോയിന്റ്‌ അക്കൗണ്ടുടമകളുടെ കാര്യത്തില്‍ NRI നിക്ഷേപകന്‍ മരണമടഞ്ഞാല്‍ അവശേഷിക്കുന്ന റസിഡന്റ്‌ അക്കൗണ്ട്‌ ഉടമയായിത്തീരും.

ചോദ്യം 4. FCNR അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന്‌ ലഭിക്കുന്ന നികുതി ഇളവുകള്‍ ഏവ ?
ഉത്തരം : വിദേശ കറന്‍സി നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശയ്‌ക്ക്‌ നികുതിയിളവു ലഭിക്കും. 1961 ലെ ആദായ നികുതി നിയമമനുസരിച്ച്‌ NRI കള്‍ക്കും സാധാരണ നിലയില്‍ റെസിഡന്റ്‌ അല്ലാത്തവര്‍ക്കുമാണ്‌ ഈ ആനുകൂല്യം ലഭിക്കുക.

ചോദ്യം 5. ഇന്ത്യയിലേക്കു പണമയയ്‌ക്കുന്നതിനുള്ള അംഗീകൃത രീതി എന്താണ്‌ ? 
ഉത്തരം : സാധാരണ ബാങ്കിങ്‌ ചാനലുകളിലൂടെ പണമയയ്‌ക്കുക എന്നതാണ്‌ അംഗീകൃത രീതി.

ചോദ്യം 6. വിദേശ കറന്‍സിയില്‍ പണമയയ്‌ക്കുന്നവര്‍ക്ക്‌ ഇന്ത്യന്‍ രൂപയിലേക്കു മാറ്റപ്പെടുമ്പോള്‍ ഏതു നിരക്കാണു നല്‌കപ്പെടുക ? 
ഉത്തരം : അതാതു കാലത്തു നിലവിലുള്ള വിപണി നിരക്കാണ്‌ വിദേശ നാണ്യം ഇന്ത്യന്‍ രൂപയിലേക്കു മാറ്റുമ്പോള്‍ ബാങ്കുകള്‍ നല്‌കുക.

ചോദ്യം 7. വിദേശത്തു പാര്‍ക്കുന്ന രാജ്യത്തെ ബാങ്കു മുഖേനയല്ലാതെ മറ്റേതെങ്കിലും മാര്‍ഗ്ഗത്തില്‍ ഇന്ത്യയിലേക്കു പണമയയ്‌ക്കാന്‍ കഴിയുമോ ?
ഉത്തരം : കഴിയും. ഗള്‍ഫ്‌ രാജ്യങ്ങളിലെ എക്‌സ്‌ചേഞ്ച്‌ ഹൗസുകള്‍ക്ക്‌ ഇന്ത്യയിലെ ബാങ്കുകളുടെ പേരില്‍ ഡിമാന്റ്‌ ഡ്രാഫ്‌റ്റുകളോ മണി ട്രാന്‍സ്‌ഫറുകളോ ടെലിഗ്രാഫിക്‌ ട്രാന്‍സ്‌ഫറുകളോ അയയക്കുന്നതിന്‌ അനുമതി നല്‌കിയിട്ടുണ്ട്.

ചോദ്യം 8. എക്‌സ്‌ചേഞ്ച്‌ ഹൗസുകള്‍ക്ക്‌ വിദേശ കറന്‍സിയില്‍ ഡ്രാഫ്‌റ്റ്‌ എടുക്കാന്‍ കഴിയുമോ ?
ഉത്തരം : കഴിയും. എക്‌സ്‌ചേഞ്ച്‌ ഹൗസുകള്‍ക്ക്‌ അമേരിക്കന്‍ ഡോളറിലോ പൗണ്ട്‌ സ്റ്റെര്‍ലിങ്ങിലോ ഇന്ത്യയിലെ ബാങ്കിന്റെ പരിമിതപ്പെടുത്തിയ ശാഖകളിലേക്ക്‌ പണമയയ്‌ക്കാം. അതിന്‌ അവര്‍ ഇന്ത്യയിലെ ഏതു ബാങ്കിലേക്കാണോ ഡ്രാഫ്‌റ്റ്‌ എടുക്കുന്നത്‌ അവരുമായി അത്തരമൊരു സംവിധാനത്തില്‍ ഏര്‍പ്പെട്ടിരിക്കണം.

ചോദ്യം 9. ഗവണ്‍മെന്റ്‌ സെക്യൂരിറ്റികള്‍, നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റുകള്‍, യൂണിറ്റ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ യൂണിറ്റുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നതിന്‌ NRI കള്‍ക്ക്‌ എക്‌സ്‌ചേഞ്ച്‌ ഹൗസ്‌ മുഖേന പണമയയ്‌ക്കാന്‍ കഴിയുമോ ?
ഉത്തരം : കഴിയും.

ചോദ്യം 10. ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കുന്നതിന്‌ NRI കള്‍ക്ക്‌ എക്‌സ്‌ചേഞ്ച്‌ ഹൗസ്‌ മുഖേന പണമയയ്‌ക്കാനാകുമോ ? 
ഉത്തരം : ആകും. ഇതിനു പക്ഷേ റിസര്‍വ്വ്‌ ബാങ്കിന്റെ പൊതുവായ അനുമതിയോ പ്രത്യേകാനുമതിയോ ഉണ്ടായിരിക്കണം.

ചോദ്യം 11. ഇന്ത്യയില്‍ റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റ്‌ വാങ്ങുന്നതിന്‌ NRI കള്‍ക്ക്‌ എക്‌സ്‌ചേഞ്ച്‌ ഹൗസ്‌ മുഖേന ഡ്രാഫ്‌റ്റയയ്‌ക്കാന്‍ കഴിയുമോ ? 
ഉത്തരം : കഴിയും. NRI കള്‍ക്ക്‌ അവരവരുടെ പേരില്‍ റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റ്‌ വാങ്ങുന്നതിന്‌ കോപ്പറേറ്റീവ്‌ ഹൗസിങ്‌ സൊസൈറ്റികളുടെയോ എസ്‌റ്റേറ്റ്‌ ഡെവലപ്പേഴ്‌സിന്റെയോ പേരില്‍ എക്‌സ്‌ചേഞ്ച്‌ ഹൗസുകളുടെ ഡ്രാഫ്‌റ്റ്‌ അയയ്‌ക്കാവുന്നതാണ്.

ചോദ്യം 12. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ നിന്നെടുത്ത പോളിസിയുടെ പ്രീമിയം അടയ്‌ക്കുന്നതിന്‌ NRI കള്‍ക്ക്‌ എല്‍.ഐ.സി. യുടെ പേരില്‍ എക്‌സ്‌ചേഞ്ച്‌ ഹൗസ്‌ മുഖേനയെടുത്ത ഡ്രാഫ്‌റ്റ്‌ അയയ്‌ക്കാമോ ? 
ഉത്തരം : അയയ്‌ക്കാം.

ചോദ്യം 13. NRI കള്‍ക്ക്‌ ഇന്ത്യയില്‍ പഠിക്കുന്ന തങ്ങളുടെ കുട്ടികളുടെ റ്റ്യൂഷന്‍ ഫീസ്‌, ബോര്‍ഡിങ്‌ ചാര്‍ജ്‌, പരീക്ഷാഫീസ്‌ എന്നിവ നല്‍കുന്നതിനായി സ്‌കൂള്‍, കോളേജ്‌, സര്‍വ്വകലാശാല, സാങ്കേതിക-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പേരില്‍ എക്‌സ്‌ചേഞ്ച്‌ ഹൗസ്‌ മുഖേന ഡ്രാഫ്‌റ്റ്‌ അയയ്‌ക്കാന്‍ സാധിക്കുമോ ?
ഉത്തരം : സാധിക്കും.

ചോദ്യം 14. NRI കള്‍ക്ക്‌ തങ്ങളുടെ ഇന്ത്യ സന്ദര്‍ശനവേളകളില്‍ വാങ്ങിയ വിലയേറിയ രത്‌നങ്ങളും ആഭരണങ്ങളും ഇന്ത്യയ്‌ക്കു പുറത്തേക്കു കൊണ്ടു പോകാമോ ? 
ഉത്തരം : കൊണ്ടു പോകാം. NRI കള്‍ക്ക്‌ ഇന്ത്യയില്‍ നിന്നു വാങ്ങിയ വിലപിടിപ്പുള്ള രത്‌നങ്ങള്‍, സ്വര്‍ണ്ണത്തിലും അല്ലാതെയുമുള്ള ആഭരണങ്ങള്‍ എന്നിവ പരിധിയില്ലാതെ ഇന്ത്യയ്‌ക്കു പുറത്തേക്കു കൊണ്ടു പോകാവുന്നതാണ്. രത്‌നങ്ങളും ആഭരണങ്ങളും ഇത്തരത്തില്‍ കൊണ്ടു പോകണമെങ്കില്‍ അവ രൂപയാക്കി മാറ്റാവുന്ന ഏതെങ്കിലും വിദേശ കറന്‍സി നല്‌കി വാങ്ങിയതായിരിക്കണം.

ചോദ്യം 15. NRI കള്‍ അവര്‍ നോണ്‍ റെസിഡന്റ്‌ ആകുന്നതിനു മുന്‍പ്‌ വാങ്ങിയ ആസ്‌തികള്‍ ഇന്ത്യയ്‌ക്കു പുറത്തേക്ക്‌ കൊണ്ടുപോകാനാകുമോ ? 
ഉത്തരം : ഇല്ല.

ചോദ്യം 16. NRI കള്‍ തങ്ങളുടെ ഇന്ത്യയിലെ ഹ്രസ്വ സന്ദര്‍ശന വേളകളില്‍ NRO അക്കൗണ്ടിലെ പണമുപയോഗിച്ചു വാങ്ങുന്ന പരവതാനികള്‍, കൗതുകവസ്‌തുക്കള്‍ തുടങ്ങിയ വീട്ടുപയോഗവസ്‌തുക്കള്‍ ഇന്ത്യയ്‌ക്കു പുറത്തേക്കു കൊണ്ടുപോകാന്‍ കഴിയുമോ ? 
ഉത്തരം : കഴിയും. NRI കളില്‍ നിന്ന്‌ ഇതിനുള്ള അപേക്ഷ കിട്ടിയാല്‍ 20,000/- രൂപ വരെ വിലയ്‌ക്കുള്ളതും, സ്വര്‍ണ്ണമോ വെള്ളിയോ കൊണ്ടുണ്ടാക്കിയതും കയറ്റുമതി നിരോധിച്ചിട്ടുള്ളതുമൊഴികെയുള്ള വസ്‌തുക്കള്‍ കൊണ്ടു പോകാന്‍ അനുവദിക്കും.

ചോദ്യം 17. NRI കള്‍ക്ക്‌ ഇന്ത്യയിലെ ഹോട്ടല്‍ ബില്ലുകള്‍ ഇന്ത്യന്‍ രൂപയില്‍ നല്‌കാമോ ? 
ഉത്തരം : നല്‌കാം.


ഉറവിടം : ഇന്ത്യന്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ സെന്റര്‍ കാലാകാലങ്ങളില്‍ റിസര്‍വ്വ്‌ ബാങ്ക്‌ വരുത്തുന്ന ഭേദഗതികള്‍ക്കു വിധേയം

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate