കയ്യില്‍ കാശെന്തിന്? മറ്റെന്തെല്ലാമുണ്ട് മാര്‍ഗങ്ങള്‍
നോട്ടായോ നാണയമായോ ഉള്ള വിനിമയം ഒഴിവാക്കി ഇന്ത്യൻ സമ്പദ് ഘടനയെ ശുദ്ധീകരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.
ബുധനാഴ്ച മുതൽ 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതും ഈ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ആദ്യ പടികളാണ്. ഇടപാടുകളിൽ 75 ശതമാനത്തിലധികവും പണമായിത്തന്നെ വിനിമയം നടത്തുന്ന ഇന്ത്യയിൽ ഒറ്റ രാത്രികൊണ്ട് അത്ഭുതം സൃഷ്ടിക്കാനാകില്ലെങ്കിലും പുതിയ സാഹചര്യം ജനങ്ങളെ ‘കാഷ്‌ലെസ് ഇക്കോണമി’ എന്ന പാതയിലേക്ക് അടുപ്പിക്കുകയാണ്.
കൈക്കാശുള്ളവൻ രാജാവായിരുന്ന നമ്മുടെ രാജ്യത്ത് 500, 1000 നോട്ടുകളുടെ അഭാവത്തിൽ ഡിജിറ്റൽ ഇടപാടുകൾക്ക് ഉപയോഗിക്കാവുന്ന ചില പ്ലാറ്റ്‌ഫോമുകളുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഏറ്റവും നല്ല മാർഗവും ഇതാണ്. ഇത്തരം മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ.
സ്മാർട്ട് ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പണം കൈമാറ്റം വേഗത്തിലും എളുപ്പത്തിലുമാക്കുന്ന സംവിധാനമാണിത്. എ.ടി.എമ്മിനു ശേഷം ഈ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്. കഴിഞ്ഞ ഏപ്രിൽ 11- നാണ് ഇന്ത്യയിൽ യു.പി.ഐ. അവതരിപ്പിച്ചത്. ഓൺലൈനായും ഓഫ് ലൈനായും ഇതിലൂടെ പണം കൈമാറ്റം നടത്താം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളോ ഐ.എഫ്.എസ്. കോഡോ, പാസ് വേഡുകളോ ഉപയോഗിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത.
ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ യു.പി.ഐ. ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഉപയോക്താവിന് ബാങ്ക് അക്കൗണ്ടും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. ഐ.എഫ്.എസ്. കോഡും ബാങ്ക് അക്കൗണ്ട് നമ്പറും ഉപയോഗിച്ച് ആപ്പിൽ വെർച്വൽ ഐ.ഡി. ഉണ്ടാക്കാം. ഒരു ബാങ്കിൽ അക്കൗണ്ടുള്ളയാൾക്ക് ഏതു ബാങ്കിന്റെ യു.പി.ഐ. ആപ്പും ഉപയോഗിക്കാം.
ആവശ്യത്തിന് ചെലവാക്കാനായി പണം ഇട്ട് സൂക്ഷിക്കാവുന്ന ഓൺലൈൻ പ്രീ പെയ്ഡ് അക്കൗണ്ടാണ് ഇ-വാലറ്റ്. ഈ പണം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം. ഇതുപയോഗിച്ച് വിമാന ടിക്കറ്റ് മുതൽ വീട്ടുസാധനങ്ങൾ വരെ വാങ്ങാനാകും. ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ആവശ്യമില്ലെന്നതാണ് നേട്ടം. ഇ-വാലറ്റ് സേവനം നൽകുന്ന സൈറ്റുകളിൽ പ്രവേശിച്ച് എളുപ്പത്തിൽ ഇത് തുടങ്ങാനും പണം നിക്ഷേപിക്കാനും സാധിക്കും.
10 രൂപ മുതലുള്ള നിക്ഷേപം ഇതിൽ സാധ്യമാണ്. മാത്രമല്ല, കൂട്ടുകാർക്കും മറ്റ് വേണ്ടപ്പെട്ടവർക്കും ഈ സേവനത്തിന്റെ ഗുണം നൽകാനുമാകും. പേടിഎം, ഫ്രീ ചാർജ്, എയർടെൽ, പേ യു മണി, ഓക്‌സിജൻ, വാലറ്റ്, ചില്ലർ, മൊബിക്വിക്ക് തുടങ്ങിയവയാണ് പ്രചാരത്തിലുള്ള ചില ഇ-വാലറ്റുകൾ.
പണം കൈമാറാൻ കുറച്ചുകൂടി പ്രചാരമുള്ള മാർഗമാണ് ഇന്റർനെറ്റ് ബാങ്കിങ്. മൂന്ന് രീതികളാണ് പൊതുവേ ഇതിൽ ഉപയോഗിക്കുന്നത്. നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി.), റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്.), ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐ.എം.പി.എസ്.) എന്നിവയാണവ.
ബാങ്ക് പ്രവൃത്തിസമയത്ത് മാത്രം ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള മാർഗമാണ് എൻ.ഇ.എഫ്.ടി. കൈമാറുന്ന പണത്തിനനുസരിച്ച് അഞ്ച് രൂപ മുതൽ 25 രൂപ വരെ ബാങ്ക് ഈടാക്കും. രണ്ട് ലക്ഷം രൂപ മുതലുള്ള പണം കൈമാറാനുള്ള മാർഗമാണ് ആർ.ടി.ജി.എസ്. 30 രൂപ മുതൽ 50 രൂപ വരെയാണ് സർവീസ് ചാർജായി നൽകേണ്ടി വരിക.
24 മണിക്കൂറും ലഭിക്കുന്ന സേവനമാണ് ഐ.എം.പി.എസ്. രണ്ട് ലക്ഷം രൂപ വരെയാണ് പരമാവധി കൈമാറ്റം നടത്താവുന്നത്. അഞ്ച് രൂപ മുതൽ 15 രൂപ വരെയാണ് സർവീസ് ചാർജ്.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പ്രീ പെയ്ഡ് കാർഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള പ്ലാസ്റ്റിക് കാർഡുകളാണ് ഉള്ളത്. ബാങ്കുകൾ നൽകുന്നതും അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതുമാണ് ഡെബിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും നൽകുന്നു.
പണത്തിനും ചെക്കിനും പകരമാകുന്നതും ബാങ്കുകൾ നൽകുന്നതുമാണ് പ്രീ പെയ്ഡ് കാർഡ്. പ്രീ പെയ്ഡ് മൊബൈൽ ഫോൺ കാർഡിനു തുല്യമായ ഇതിൽ ആവശ്യാനുസരണം മുൻകൂർ പണം നിറയ്ക്കാനാകും. പ്രത്യേക അക്കൗണ്ടുകളൊന്നും ഇത് ഉപയോഗിക്കാൻ ആവശ്യമില്ല.
കടപ്പാട് : morningcolumn.com
അവസാനം പരിഷ്കരിച്ചത് : 3/6/2020
കൂടുതല്‍ വിവരങ്ങള്‍
ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക...
പോയന്റ് ഓഫ് സെയില്‍ ടെല്മിനലുകള് പ്രവര്‍ത്തിക്കു...