অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇ-വാലറ്റുകള്‍

എന്താണ് ഇ-വാലറ്റുകള്‍?

സ്മാര്‍ട്ട്‌ഫോണും ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ പോലും ഉപയോഗിക്കുന്നവരും ഇ-വാലറ്റുകളെക്കുറിച്ച് അത്ര ബോധവാന്മാരല്ല. കേരളത്തില്‍ ഇവയുടെ ഉപയോഗം അതുകൊണ്ടുതന്നെ പലപ്പോഴും യുവാക്കളിലേക്ക് ഒതുങ്ങുന്നു. എന്നാല്‍ തികച്ചും ലളിതമായി ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാനാകുന്ന സാങ്കേതിക വിദ്യയാണ് ഇ-വാലറ്റുകളുടേത്.

മൊബീല്‍ ഫോണ്‍ വഴി എളുപ്പത്തില്‍ പണം കൈമാറാനുള്ള മാര്‍ഗമാണ് ഇ-വാലറ്റുകള്‍. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതെയും ഇതിന് സാധിക്കും. നമ്മുടെ കൈയിലിരിക്കുന്ന പേഴ്‌സില്‍ പണം സൂക്ഷിച്ച് ആവശ്യ നേരത്തുപയോഗപ്പെടുത്തുന്നതുപോലെ ഇ-വാലറ്റില്‍ പണം സൂക്ഷിച്ചുവെക്കാം. ഡിജിറ്റലായാണ് പണം ശേഖരിച്ചുവെക്കുന്നത് എന്ന വ്യത്യാസം മാത്രം. ഇതൊരു പ്രീ പെയ്ഡ് എക്കൗണ്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ പണം ഉപയോഗിച്ച് പച്ചക്കറി മുതല്‍ വിമാന ടിക്കറ്റ് വരെ വാങ്ങാം. അതും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെ.

പ്രയോജനങ്ങള്‍

  • പണം കൈമാറ്റത്തിന് ബാങ്ക് എക്കൗണ്ടുകള്‍ ആവശ്യമില്ലാത്തതിനാല്‍ തികച്ചും സുരക്ഷിതം. നിങ്ങളുടെ എക്കൗണ്ട് വിവരങ്ങള്‍ അതുകൊണ്ടുതന്നെ ഒരിടത്തും നല്‍കേണ്ടി വരില്ല,
  • ചില ഇ-വാലറ്റുകളില്‍ പണം നിക്ഷേപിക്കുന്നതിന് കുറഞ്ഞ തുകയില്ല. 10 രൂപ പോലും നിക്ഷേപിക്കാം.
  • ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ള തുക മാത്രം നിക്ഷേപിക്കാന്‍ അവസരം.
  • പ്രീ പെയ്ഡ് എക്കൗണ്ട് ആയതിനാല്‍ പേയ്‌മെന്റ് ലഭിക്കാന്‍ താമസം നേരിടുന്നില്ല.
  • കാഷ്ബാക്ക്, ഓഫറുകള്‍, റിവാര്‍ഡുകള്‍, ഡിസ്‌കൗണ്ട് ഓഫറുകള്‍ തുടങ്ങിയവ ലഭിക്കുന്നതിനാല്‍ ലാഭകരമായ ഷോപ്പിംഗ് നടത്താനാകും.
  • എത്ര ചെറിയ തുകയും കൈമാറാം, ചില്ലറ പ്രശ്‌നങ്ങളില്ലാതെ ഉപയോഗങ്ങള്‍

മെട്രോ നഗരങ്ങളിലെ ടാക്‌സി ഓട്ടോറിക്ഷകള്‍പോലും ഈ വാലറ്റുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വഴിയോര കച്ചവടക്കാര്‍ വരെ തങ്ങളുടെ കച്ചവടത്തിന് ഇവ ഉപയോഗിക്കുന്നു. ഇവ കൂടാതെ മൊബീല്‍ റീചാര്‍ജ് ഡി.ടി.എച്ച് റീചാര്‍ജ്, വിമാന ടിക്കറ്റ്, സിനിമാ ടിക്കറ്റ്... തുടങ്ങി എന്തിനും ഏതിനും ഇവ ഉപയോഗിക്കാം.

വിവിധതരം ഇ-വാലറ്റുകള്‍

വ്യാപകമായി ഉപയോഗിക്കുന്ന ഇ-വാലറ്റ് സംവിധാനമാണ് പേടിഎം. കൂടാതെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഇ-വാലറ്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. എസ്ബിഐ ബഡ്ഡി, സിറ്റി മാസ്റ്റര്‍ പാസ്, ഐ.സി.ഐ.സി.ഐയുടെ പോക്കറ്റ്‌സ്, ആക്‌സിസ് ബാങ്കിന്റെ ലൈം തുടങ്ങിയവ കൂടാതെ മൊബിക്വിക്ക്, പേയുമണി, ഓക്‌സിജന്‍, ഫ്രീ ചാര്‍ജ് ഇങ്ങനെ പോകുന്നു ഈ-വാലറ്റുകളുടെ നിര. ടെലികോം കമ്പനികള്‍ നേരത്തെ തന്നെ ഈ മേഖലയിലേക്ക് ഇറങ്ങിയിട്ടുണ്ട്. എയര്‍ടെല്‍ മണി ഐഡിയ, ഇ-വാലറ്റ്, ജിയോ മണി തുടങ്ങിയവ ഉദാഹരണം. കേരളത്തിലെ നവ സംരംഭകര്‍ ഒരുക്കിയ ഇ-വാലറ്റ് സംവിധാനമാണ് ചില്ലര്‍.

ക്ലോസ്ഡ് സെമി ക്ലോസ്ഡ് ഓപ്പണ്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇ-വാലറ്റുകളുണ്ട്. പ്രത്യേക തരം സേവനങ്ങള്‍ക്കോ ഉല്‍പ്പന്നങ്ങള്‍ക്കോ മാത്രം ഉള്ളതാണ് ക്ലോസ്ഡ് ഇ-വാലറ്റുകള്‍. സെമി ക്ലോസ്ഡ് വിഭാഗത്തിലുള്ള പേടിഎം, പേയുമണി, ഓക്‌സിജന്‍, മെബി സ്വിക്ക് തുടങ്ങിയവ വിവിധ സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഉപയോഗിക്കാം. എറ്റിഎം വഴി പണം പിന്‍വലിക്കാന്‍ അവസരം നല്‍കുന്നവയാണ് ഓപ്പണ്‍ ഇ-വാലറ്റുകള്‍. ബാങ്കുകള്‍ നല്‍കുന്നവയിലാണ് ഈ സൗകര്യമുള്ളത്. ഏത് തരത്തിലുള്ള വാലറ്റാണെന്ന് വ്യക്തമായി മനസിലാക്കിയതിനുശേഷം തെരഞ്ഞെടുക്കുക.

എങ്ങനെ ഉപയോഗിച്ചു തുടങ്ങാം

നിങ്ങളുടെ ഇ-മെയ്്ല്‍ ഐഡി വഴി സൈന്‍ ഇന്‍ ചെയ്യുക. വെബ്‌സൈറ്റ് വഴിയോ മൊബീല്‍ ആപ്പ് വഴിയോ എക്കൗണ്ട് തുടങ്ങാം.

വിവിധതരം ഇ-വാലറ്റുകളില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കുക.

പുതിയ വാലറ്റില്‍ എക്കൗണ്ട് ആരംഭിക്കുക

ഓണ്‍ലൈന്‍ ട്രാന്‍സ് ഫര്‍ വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ എക്കൗണ്ടിലേക്ക് പണം കൈമാറാം.

വാലറ്റിലുള്ള തുകയ്ക്കുള്ളില്‍ സാധനങ്ങള്‍ വാങ്ങാം. വാലറ്റിലെ ബാലന്‍സ് തീര്‍ന്നാല്‍ ബാക്കിയുള്ള പേമെന്റ് ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി നടത്താം.

എന്തൊക്കെ ശ്രദ്ധിക്കണം?
നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാലും ഇ-വാലറ്റ് സുരക്ഷിതമാണ്, നിങ്ങളുടെ പാസ്‌വേര്‍ഡ് രഹസ്യമായിരുന്നാല്‍. അതുകൊ്യുുതന്നെ പെട്ടെന്ന് ഊഹിച്ചെടുക്കാന്‍ സാധിക്കാത്ത ശക്തമായ പാസ്‌വേഡ് ഇടുക. അതുപോലെ തന്നെ വലിയ സംഖ്യ ഇ-വാലറ്റില്‍ സൂക്ഷിക്കരുത്. ഹാക്കിംഗ് തടയുന്നതിനായി മൊബീലില്‍ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇ-വാലറ്റിനെക്കുറിച്ച് ശരിക്കും അറിയേണ്ട കാര്യങ്ങള്‍

രാജ്യത്ത് ചംക്രമണത്തില്‍ ഉണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്കു പുറമേ ഇ-വാലറ്റുകളും സജീവമായിരിക്കുകയാണ്. ടെക്‌നോളജി അപ്‌ടുഡേറ്റ് ആയിരുന്നവര്‍ മാത്രമായിരുന്നു ഇ-വാലറ്റുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ നോട്ട് അസാധുവാക്കല്‍ വന്നതോടെ തെരുവോരങ്ങളിലെ കച്ചവടക്കാര്‍ വരെ ഇ-വാലറ്റ് വഴി പണം സ്വീകരിക്കാന്‍ തുടങ്ങി. എന്നാല്‍, ഇപ്പോഴും ഇ-വാലറ്റുകള്‍ ഉപയോഗിച്ചു തുടങ്ങാത്തവരാണ് മിക്കവരും.

കേരളത്തില്‍ ഇപ്പോഴും ഇ-വാലറ്റുകള്‍ പ്രചുരപ്രചാരത്തില്‍ വന്നു തുടങ്ങിയിട്ടില്ല. ഇ-വാലറ്റ് എന്താണെന്ന് ചുരുക്കി പറഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പണം പരസ്പരം കൈമാറാവുന്ന സംവിധാനമാണ്. പേടിഎം ആണ് രാജ്യത്ത് അറിയപ്പെടുന്ന ഇ - വാലറ്റുകളില്‍ ഒന്ന്. കൂടാതെ, എസ് ബി ഐ ബഡ്ഡി, മൊബീക്വിക്ക്, ഓക്‌സിജന്‍, ഫ്രീ ചാര്‍ജ്, സിറ്റി ബാങ്കിന്റെ സിറ്റി മാസ്റ്റര്‍ പാസ്, എയര്‍ടെല്‍ മണി, ഐഡിയ ഇ-വാലറ്റ്, പേയു മണി, എംപെസ, ആക്സിസ് ബാങ്കിന്റെ ലൈം തുടങ്ങി നിരവധി ഇ-വാലറ്റ് സര്‍വ്വീസുകളുണ്ട്.

മൂന്നു തരത്തിലാണ് ഇ-വാലറ്റുകള്‍ ഉള്ളത്. ക്ലോസ്ഡ്, സെമി ക്ലോസ്‌ഡ്, ഓപ്പണ്‍ എന്നിങ്ങനെ മൂന്നുതരം. കമ്പനിയുടെ ഉല്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ ഉപയോഗിക്കുന്ന ഇ-വാലറ്റുകള്‍ ആണ് ക്ലോസ്‌ഡ്. ഐ ആര്‍ സി ടി സിയുടെ ഇ - വാലറ്റ് അതിന് ഉദാഹരണമാണ്. ഒന്നിലധികം  സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് സെമി ക്ലോസ്‌ഡ് വിഭാഗത്തിലുള്ളത്. പേടിഎം, ഓക്സിജന്‍ ഒക്കെ അത്തരത്തില്‍ ഉള്ളതാണ്. ഓപ്പണ്‍ വാലറ്റുകള്‍ ഈ സൌകര്യങ്ങള്‍ക്ക് പുറമേ പണം കൈമാറാനും എ ടി എം വഴി പണം പിന്‍വലിക്കാനും ഉള്ള സൌകര്യവും നല്കുന്നു. എസ് ബി ഐ ബഡ്ഡി ഒക്കെ ഇത്തരത്തില്‍ ഉള്ളതാണ്.

എങ്ങെന് ഇ-വാലറ്റ് ഉപയോഗിക്കാം

ഏത് ഇ-വാലറ്റ് ആണോ നിങ്ങള്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നത് ആ കമ്പനിയുടെ ഇ-വാലറ്റ് ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യുക. ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉപയോഗിച്ച് വേണം രജിസ്ട്രേഷന്‍ നടത്താന്‍. അതിനു ശേഷം, ഇന്റര്‍നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇ-വാലറ്റിലേക്ക് ആവശ്യത്തിനുള്ള പണം മാറ്റി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ പണം ചേര്‍ക്കുന്നത് ആയിരിക്കും കൂടുതല്‍ സുരക്ഷിതം.

കാശിടപാട്., ഈസിയായി രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചതാണ് ഇപ്പോഴും ചൂടുള്ള ചർച്ചാ വിഷയം. സാധാരണക്കാർക്ക് വളരെ ബുദ്ധിമുട്ടാണ് നോട്ടുകൾ റദ്ദാക്കിയതിലൂടെ നേരിട്ടത്. പക്ഷെ ന്യൂജനറേഷൻ ചില പൊടിക്കൈകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. ചില ആപ്ലിക്കേഷനുകളാണ് ഇതിന് അവരെ സഹായിച്ചത്. വരും കാലഘട്ടങ്ങളിൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള പണം കൈമാറലിന് വളരെ പ്രധാന്യം ലഭിക്കും. ഇതാ പണം കൈമാറാനും പണം നൽകാനുമുള്ള ചില ആപ്ലിക്കേഷനുകൾ...

പേടിഎം (PayTM)

ഇ– വാലറ്റ് ആപ്പുകളിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് പേടിഎം ആപ്പാണ്. മറ്റു ഇ– വാലറ്റ് ആപ്ലിക്കേഷനുകളേക്കാൾ വളരെയധികം ഓപ്ഷനുകൾ പേടിഎമ്മിൽ ചേർത്തിട്ടുണ്ട്. ഓൺലൈൻ സൈറ്റുകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിന്റെ പണം നൽകുന്നതിനോടൊപ്പം നിരവധി സേവനങ്ങളും ആപ്പ് നൽകുന്നുണ്ട്. പേടിഎമ്മിലേക്ക് ബാങ്ക് അക്കൗണ്ടിൽനിന്നു പണം ചേർക്കാനും സുഹൃത്തുക്കളോട് പണം കടം ചോദിക്കാനുമുള്ള സൗകര്യം പേടിഎമ്മിന്റെ മാത്രം പ്രത്യേകതയാണ്. ഒരേസമയം ഇ–വാലറ്റായും ഓൺലൈൻ ഷോപ്പിംഗ് ആപ്പായും പേടിഎം പ്രവർത്തിക്കുന്നു. മൊബൈൽ – ലാൻഡ് ഫോൺ ബില്ലുകൾ, ഡിടിഎച്ച് റീ ചാർജ്, തെരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങിലെ ഇലക്ട്രിസിറ്റി ബില്ലുകൾ, ബസ്–ട്രെയിൻ– വിമാന ടിക്കറ്റുകൾ, സിനിമ ടിക്കറ്റുകൾ, തെരഞ്ഞെടുത്ത ഭക്ഷണശാലകളിൽ നിന്നു ഭക്ഷണം ഓഡർ ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധി സംവിധാനങ്ങൾ പേടിഎമ്മിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മൊബൈൽ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. ഡിസ്കൗണ്ട് കൂപ്പണുകളും കാഷ് ബാക് ഓഫറുകളും പേടിഎം ഉപയോക്‌താക്കൾക്കു നൽകുന്നുണ്ട്. 

രത്തൻ ടാറ്റയും ചൈനീസ് കമ്പനി അലിബാബയും വിജയ് ശേഖർ ശർമയുടെ ഈ കമ്പനിയിൽ ഓഹരി പങ്കാളികളാണ്.

മൊബിക്വിക് (Mobikwik)

പേടിഎം പോലെതന്നെയാണ് മൊബിവികിന്റെ പ്രവർത്തനവും ഉപയോഗിക്കാൻ വളരെ എളുപ്പമാണ് മൊബിക്വിക് മൊബൈൽ ആപ്ലിക്കേഷൻ. ‘നിയർബൈ’ എന്ന ഓപ്ഷനാണ് ആപ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ കാര്യം. നിങ്ങൾ നിൽക്കുന്നതിന്റെ പരിസരത്ത് മൊബിക്വിക് ഉപയോഗിച്ച് പണം നൽകാൻ കഴിയുന്ന സ്‌ഥാപനങ്ങൾ എതൊക്കെയാണെന്ന് ഈ ഓപ്ഷനിലൂടെ കാണാൻ കഴിയും. ആപ് ഉപയോഗിച്ച് പണംനൽകുന്നവർക്ക് മൊബിക്വിക് ബോണസ് പോയിന്റുകളും നൽകുന്നുണ്ട്. 

ഫ്രീചാർജ് (Freecharge)

ഫ്രീചാർജിൽ ഒരാൾക്ക് രജിസ്റ്റർ ചെയ്യാൻ വളരെ എളുപ്പമാണ്. വിവിധ സേവനങ്ങൾക്കായി പണം നൽകാനുള്ള ഓപ്ഷൻ ഹോം സ്ക്രീനിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. പേടിഎം പോലെ കാഷ് ബാക് ഓഫറുകളും ഡിസ്കൗണ്ടുകും ഫ്രീചാർജും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വില പേശാനുള്ള സൗകര്യമാണ് ഫ്രീചാർജിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അണിയറക്കാർ പറയുന്നത്. ഷോപ്പിംഗുകളിൽ ഡീൽ ഇഷ്‌ടപ്പെടുന്നവർക്ക് ഫ്രീചാർജ് ആപ്പും ഇഷ്‌ടപ്പെടും.

ഫോൺപി (PhonePe)

യെസ് ബാങ്ക് മുൻകൈയെടുത്ത് നിർമിച്ചതാണ് ഫോൺപി. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾതന്നെ ഉപയോഗിക്കുന്നയാളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ആകും. പേയിമെന്റുകൾക്ക് ഏത് അക്കൗണ്ടിൽ നിന്നുള്ള പണമാണോ ഉപയോഗിക്കേണ്ടത് ആ ബാങ്കിന്റെ പേരുകൂടി നൽകിയാൽ ഫോൺപി ഉപയോഗിച്ച് തുടങ്ങാം. ഫോൺപി ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നു മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാൻ വളരെ എളുപ്പാണ്. ഡിസ്കൗണ്ടുകൾ നൽകുന്ന ആപ്പുകളിൽ വിശ്വാസമില്ലെങ്കിൽ, ഫോൺപി നിങ്ങൾക്ക് അനുയോജ്യമായ ആപ്ലിക്കേഷനാണ്. 

ട്രൂപേ (TruPay)

യെസ് ബാങ്കിന്റെ സഹകരണത്തോടെയുള്ള മറ്റൊരു ആപ്ലിക്കേഷനാണ് ട്രൂപേ. ഫോൺപിയിലുള്ള ബാങ്ക് ടു ബാങ്ക് ട്രാൻസ്ഫർ സൗകര്യം ട്രൂപേയിലുമുണ്ട്. മറ്റ് ഇ–വാലറ്റ് ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്യുന്നതിനേക്കാൾ സ്റ്റൈപ്പ് കൂടുതലുണ്ട് ഈ ആപ്പിന്. 

മാത്രമല്ല ആപ് പ്രവർത്തിക്കാൻ സമയം ഏറെ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. പക്ഷെ വളരെ ഉയർന്ന സുരക്ഷ ട്രൂപേ വാഗ്ദാനം ചെയ്യുന്നുണ്ട്.

മൈപൂളിൻ (MyPoolin)

യെസ്ബാങ്കിന്റെ സഹകരണത്തോടെയുള്ള മറ്റൊരു ആപ്ലിക്കേഷനാണ് മൈപൂളിൻ. ചില ആപ്ലിക്കേഷനുകൾ നൽകുന്നതുപോലെ ഡിസ്കൗണ്ട് വൗച്ചറുകളും മൈപൂളിൻ നൽകുന്നുണ്ട്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫേസ്ബുക്ക് പ്രൊഫൈലിന്റെ വിവരങ്ങൾ ആപ്ലിക്കേഷൻ ആവശ്യപ്പെടും. ഇതിലൂടെ മൈപൂളിൻ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന കൂട്ടുകാരെ കണ്ടെത്താനും അവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും സാധിക്കും. മൈപൂളിൻ ഉപയോഗിച്ച് പേയ്മെന്റ് നടത്താനും പണം ട്രാൻസ്ഫർ ചെയ്യാനും ബുദ്ധിമുട്ടാണെന്ന് മൈപൂളിനെക്കുറിച്ച് ആക്ഷേപമുണ്ട്. ഇത്തരം തേഡ്പാർട്ടി ആപ്ലിക്കേഷനുകൾ കൂടാതെ ബാങ്കുകളും മൊബൈൽ ഫോൺ സേവന ദാതാക്കളും അവരുടെ സ്വന്തം ആപ്പുകൾ ഉപയോക്‌താക്കൾക്ക് നൽകുന്നുണ്ട്. ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ആപ് സ്റ്റോറുകളിൽ നൽകിയിരിക്കുന്ന റേറ്റിംഗും റിവ്യൂകളും ശ്രദ്ധിക്കണം. റിവ്യൂവിൽ ആപ്ലിക്കേഷന്റെ പ്രത്യേകതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമൊക്കെ ആപ് ഉപയോഗിച്ചിട്ടുള്ളവർ കുറിച്ചിരിക്കും. ഇത് അനുയോജ്യമായ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കും. സുരക്ഷിതമായിട്ടുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുന്ന വഴികാണില്ല.

കടപ്പാട്-സോനു തോമസ്

അവസാനം പരിഷ്കരിച്ചത് : 2/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate