অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിയും കൃഷിരീതികളും

സസ്യവേലി ഒരുക്കാന്‍ ഇടവിള മരങ്ങള്‍

ഇലന്ത- ഇടത്തരം മരമാണ് ഇലന്ത.  നല്ല സൂര്യപ്രകാശത്തിലെ വളരൂ.  മഴക്കാലം തുടങ്ങുമ്പോള്‍ വിത്തുപാകിയും തൈകള്‍ നട്ടും കൃഷി ചെയ്യാം.  ഉറപ്പും ബലവുമുള്ള തടിക്ക് ചുവപ്പു നിറമാണ്.  ഇല കന്നുകാലിത്തീറ്റയാണ്. പച്ചക്കായ്ക്ക് ഔഷധഗുണമുണ്ട്.

കരിനെച്ചി- വേലിയായി വളര്‍ത്താവുന്ന വലിയ കുറ്റിച്ചെടിയാണിത്. ഇല പൊഴിക്കുന്ന ഇവ ചെറിയ തണലിലും വളരും.  കന്നുകാലികള്‍ തിന്നില്ല. ഇലയ്ക്കും വേരിനും കായക്കും ഔഷധഗുണമുണ്ട്. ജൂണ്‍ - ജൂലായ് മാസങ്ങളില്‍ കൃഷിചെയ്യാം.

ശീമക്കൊന്ന - പച്ചിലവളമായും കന്നുകാലിത്തീറ്റയായും ഉപയോഗിക്കാവുന്ന ശീമക്കൊന്ന കൃഷി അതിരുകളില്‍ വളര്‍ത്താവുന്ന ചെറുമരമാണ്. ഈടും ഉറപ്പുമുള്ള കാതല്‍ മിനുസപ്പെടുത്തിയാല്‍  തേക്കിനേക്കാള്‍ ആകര്‍ഷകമാണ്.

കാറ്റാടി- കാറ്റാടി  വളരുന്നതിന് ധാരാളം സൂര്യപ്രകാശം വേണം.  തൈകളാണ് കൃഷിക്ക് ഉപയോഗിക്കുക. ജൂണ്‍ -ജൂലായിലാണ് തൈകള്‍ നടേണ്ടത്. ആദ്യത്തെ മൂന്നു വര്‍ഷം ശാഖകള്‍ കോതിക്കൊടുത്ത് ഒറ്റത്തടിയാക്കണം. തടിക്കു നല്ല ഉറപ്പും ബലവുമുണ്ട്. അന്തരീക്ഷ നൈട്രജനെ മണ്ണിലെത്തിക്കാന്‍ കാറ്റാടിക്കു കഴിവുള്ളതിനാല്‍ തെങ്ങിന്‍തോട്ടങ്ങള്‍ക്കു സമീപം നടുന്നതു കൊള്ളാം.

പ്ലാവ്- നിത്യഹരിത മരമാണ്. ജൂണ്‍ -ജൂലായില്‍ വിത്ത് നേരിട്ട് പാകി നടാം. ഏറ്റവും പുതിയ വിത്തേ പാകാവൂ. കാതല്‍ കെട്ടിട ഭാഗങ്ങള്‍ക്കും ഫര്‍ണിച്ചറിനും നല്ലതാണ്. ഫലം പോഷകസമൃദ്ധമാണ്.

മാവ്- വിത്തുപാകിയും തൈകള്‍ വാങ്ങിയും മാവ് നടാം. തടി വിറകിനും പലക നിര്‍മാണത്തിനും ഉപയോഗിക്കുന്നു. മാന്തളിരും മാങ്ങയണ്ടിയും മാവിന്‍കറയും ഔഷധഗുണമുള്ളവയാണ്. മാങ്ങ പോഷകസമൃദ്ധമാണ്.

മട്ടി- പെരുമരം, പൊങ്ങില്യം എന്നീ പേരുകളുള്ള മട്ടി വന്‍മരമായി വളരുന്ന ഒന്നാണ്. തെങ്ങിന്‍തോട്ടങ്ങളിലും കമുകിന്‍ തോട്ടങ്ങളിലും വളര്‍ത്താം ജൂലൈയില്‍ നഴ്സറി തൈ നട്ട് കൃഷിചെയ്യാം. മട്ടിക്ക് ആദ്യവര്‍ഷം കളയെടുപ്പല്ലാതെ, മറ്റു പരിചരണമൊന്നും ആവശ്യമില്ല. തീപ്പെട്ടി, പ്ലൈവുഡ് എന്നിവയുടെ നിര്‍മാണത്തിന് ഇതിന്റെ തടി ഉപയോഗിക്കുന്നു.

പേര- ഇടത്തരം വലിപ്പമുള്ള ഫലവൃക്ഷമാണ് പേര. വിത്തുവഴിയും നഴ്സറി തൈകള്‍ ഉപയോഗിച്ചും കൃഷി ചെയ്യാം. മരപ്പട്ടയും പഴവും ഇലയും ഔഷധഗുണമുള്ളവയാണ്. പഴം പോഷക സമൃദ്ധവുമാണ്.

തേക്ക് - നടാന്‍ സ്റ്റമ്പാണ് നല്ലത്. കാലവര്‍ഷാരംഭത്തിനു മുമ്പ് സ്റ്റമ്പു നടണം. തേക്ക് നന്നായി വളരാന്‍ ധാരാളം സൂര്യപ്രകാശം വേണം. ഈടിനും ഉറപ്പിനും പേരുകേട്ടതാണ് തേക്ക്.  തേക്കിന്‍തൊലിക്കും കുരുവിനും ഔഷധഗുണമുണ്ട്. തടിക്കു നല്ല വിലയുമുണ്ട്.

മണ്ണ് –ജല  സംരക്ഷണത്തിനും കാറ്റിനെ ചെറുക്കുന്നതിനുമാണ് പണ്ട് കൃഷിയിടത്തിനു ചുറ്റും ചെറുമരങ്ങള്‍ വച്ചു പിടിപ്പിച്ച് സസ്യവേലിയുണ്ടാക്കിയിരുന്നത്. മണ്ണിനൊപ്പം കൃഷിയിടത്തിലെ വെള്ളവും സംരക്ഷിച്ചു നിര്‍ത്തുന്നതും പൂക്കളെയും ഫലങ്ങളെയും കാറ്റില്‍  നിന്നു സംരക്ഷിക്കുന്നതും കൂടാതെ കാര്‍ബണ്‍ ഡൈ ഓക്സൈഡു നഷ്ടമാകുന്നത് തടഞ്ഞ് അത് പോഷകമാക്കി വിളകള്‍ക്കു നല്‍കാനും കീടങ്ങളെ തിന്നുന്ന പക്ഷികള്‍ക്കും പരാഗണം നടത്തുന്ന ഷഡ്പദങ്ങള്‍ക്കും  അഭയമേകാനും  പച്ചിലവളം ലഭ്യമാക്കാനും സസ്യവേലി ഉപകരിക്കുന്നു.

  • വലിയ കൃഷിയിടങ്ങള്‍ക്കാണ് സസ്യവേലി അനുയോജ്യം.
  • വേലിക്കായി തിരഞ്ഞെടുക്കുന്ന മരങ്ങള്‍ കൃഷിയിടത്തില്‍ നിന്നു വെള്ളവും വളവും വലിച്ചെടുക്കുന്നവയാകരുത്. ഉപരിതലത്തില്‍ നിന്നു പോഷകം സ്വീകരിക്കുന്ന വിളകള്‍ കൃഷി ചെയ്യുന്നിടത്തു വേലിക്കായി ആഴത്തില്‍ വേരോടുന്ന മരങ്ങള്‍ ഉപയോഗിക്കണം.
  • ഇടത്തരം ഉയരമുള്ള മരങ്ങളായിരിക്കണം.
  • കന്നുകാലികള്‍ തിന്നു നശിപ്പാക്കാത്ത മരങ്ങള്‍ തെരഞ്ഞെടുക്കണം.
  • വേരും വിത്തും  വഴി വംശവര്‍ധന  നടത്തുന്ന മരങ്ങള്‍ കഴിവതും ഒഴിവാക്കണം. ചില മരങ്ങളിലെ കുമിള്‍, കീടങ്ങള്‍ എന്നിവ കൃഷിയെ ബാധിക്കാറുണ്ട്. അത്തരം മരങ്ങളും ഒഴിവാക്കണം.
  • രണ്ടുവരി മരങ്ങള്‍ നടുന്നതാണ് നല്ലത്.
  • നല്ല തടി തരുന്ന മരങ്ങള്‍ തിരഞ്ഞെടുക്കുന്ന പക്ഷം മികച്ച ആദായവും കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കാനുള്ള തടിയും വിറകും കിട്ടും.
  • ഇലപൊഴിയും മരങ്ങളേക്കാള്‍ നിത്യഹരിത മരങ്ങളായിരിക്കും ഉചിതം.
  • മരനിരകള്‍ക്കിടയില്‍ കുറ്റിച്ചെടികള്‍ നടുന്നതു കൊള്ളാം

തേനീച്ച വളര്‍ത്തല്‍

ഖാദി ബോര്‍‌ഡില്‍ നിന്നും ലഭിക്കുന്ന തേനീച്ചപെട്ടിയില്‍ രണ്ട് സെല്ലും ഒരു റാണിയും ഉണ്ടാകും. അവയ്ക്ക് പഞ്ചസാര കലക്കിയ ലായനി തീറ്റയായി കൊടുക്കുക. തേനീച്ചകള്‍ 6 സെല്ലുകളാക്കി  മാറ്റും. അത് പിന്നീട് 3 പെട്ടികളാക്കുക. ഇവയുടെ ധാരാളം മുട്ടകളു‌‌ണ്ടാകും. സെല്ലില്‍ ഒന്നു മാത്രം നിലനിര്‍‌ത്തി ബാക്കി കളയുക.  (തീറ്റ കൊടുത്തിട്ട് 6 അടയാവുമ്പോള്‍ തിരിക്കുക.)  ജനുവരിയില്‍ തേനുല്പാദിക്കും. ഫെബ്രുവരി, മാര്‍‌ച്ച് മാസങ്ങളില്‍ തേനിന്റെ യഥാര്‍‌ത്ഥ രൂപം കിട്ടും. മേലത്തെ പെട്ടിയിലാണ് തേനുല്പാദിക്കുക.  വര്‍‌ഷത്തില്‍ ഒരു പെട്ടിയില്‍ നിന്ന്  5 മുതല്‍ 20 കിലോ ഗ്രാം വരെ തേന്‍ കിട്ടും

തേനിന്റെ ഗുണങ്ങള്‍

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.  വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.

വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവി തേനിനുണ്ട്.  നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവായിരിക്കാം ഇതിനു കാരണം. പലതരം എന്‍സൈമുകള്‍ തേനിലുണ്ട്. സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍ . അര ഒണ്‍ സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും.  തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.  കൂടാതെ അമൃത് (വള്ളിയായി പടരുന്ന ആയുര്‍ വേദ ഔഷധം- കാഞ്ഞിരക്കുരുപോലെ കയ്ക്കുന്നത്) ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.

തീപൊള്ളലേറ്റാല്‍ തേന്‍ ധാരകോരിയാല്‍ 15 മിനിറ്റിനകം നീറ്റല്‍ മാറിക്കിട്ടും. മലശോധനമില്ലായ്മക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒഴിച്ചു രാവിലെ എഴുന്നേറ്റാലുടന്‍ കുടിച്ചാല്‍ മതി. വയറ്റിലെ അസ്വസ്ഥതക്കും ശമനമുണ്ടാകും. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് കാലത്തും വൈകീട്ടും തേന്‍ കൊടുക്കുക. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ചേര്‍ത്തു കൊടാത്താല്‍ ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണ്. തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും.  ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും.  തേനും പാലും കൂടി ചേര്‍ത്ത് കഴിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും. ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കാന്‍ തേനിന് അപാര കഴിവുണ്ട്.

‍ഗര്‍ഭകാലത്ത് സ്ത്രീകള്‍ രാവിലെയും വൈകീട്ടും ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍ ഉപയോഗിച്ചാല്‍, സന്താനങ്ങള്‍ ബുദ്ധിയുള്ളവരും കായികശക്തിയുള്ളവരും സൌന്ദര്യമുള്ളവരുമായിത്തീരും.   മുതിര്‍ന്ന കുട്ടികളിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവൈകല്യം മാറുന്നതിന് ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂണ്‍ തേന്‍ പതിവായി കൊടുത്താല്‍ മാറിക്കൊള്ളും. വൃദ്ധരിലെ ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് രണ്ടു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് ഒരുകപ്പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ സുഖനിദ്ര കിട്ടും.

തേനിലടങ്ങിയിരിക്കുന്ന കാത്സ്യം വാതത്തിനും കൈകാലുകള്‍ കോച്ചുന്നതിനും വിറയലിനും വിക്കിനുമെല്ലാം നല്ലതാണ്.  ഒരു സ്പൂണ്‍ തേനിനൊപ്പം രണ്ടു ബദാംപരിപ്പ്, ഒരു നെല്ലിക്കയുടെ അളവ് ശര്‍ക്കര എന്നിവ ദിവസവും കഴിച്ചാല്‍ ധാതുപുഷ്ടിയേറും. മാതളച്ചാറില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യവും ജലദോഷവും മാറും. രക്തസമ്മര്‍ദ്ദത്തിന് നല്ലൊരു ഔഷധമാണ് തേന്‍.  തലകറക്കം അനുഭവപ്പെട്ടാല്‍ അര ഔണ്‍സ് തേനില്‍ അത്രയും വെള്ളവും ചേര്‍ത്ത് അകത്താക്കിയാല്‍ ഉന്മേഷം കൈവരും. കാന്‍സറിന് തേന്‍ ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു.  തേന്‍ നിത്യവും കഴിച്ചാല്‍ കാന്‍സര്‍ ഉണ്ടാവുകയില്ല.

സൌന്ദര്യവര്‍ധകവസ്തുക്കളില്‍ തേനിനു സുപ്രധാനമായ പങ്കുണ്ട്. നിത്യവും രണ്ടുനേരം ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കൊണ്ട് കവിളുകളുടെ അരുണാഭ വര്‍ധിക്കുന്നു. തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്തു കഴിക്കുന്നത് ശബ്ദശുദ്ധിക്ക് സഹായകമാണ്.  ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ധിപ്പിക്കും. ചുളിവുകള്‍ അകറ്റാന്‍ കുറച്ചു തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക.  അര മണിക്കൂറിനുശേഷം ഒരു കഷ്ണം പഞ്ഞി ചെറുചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക.  മുഖത്തിനു തേജസും കാന്തിയും സ്നിഗ്ധതയും വര്‍ധിക്കും.  സ്ഥൂലഗാത്രികള്‍ തേനില്‍ വെള്ളം ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്.

തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിര്‍ത്തും. സമ്പൂര്‍ണ്ണാഹാരമായ തേന്‍ രോഗങ്ങള്‍ വരാതെ കാത്തു സൂക്ഷിക്കുന്നു.

വാഴകളെ ബാധിക്കുന്ന രോഗങ്ങള്‍

കൊക്കാന്‍ / ഇലപ്പേനുകള്‍.

വൈറസ് രോഗമാണ് കൊക്കാന്‍. രോഗം ബാധിച്ച വാഴകളുടെ പുറംപോളയില്‍അസാധാരണ ചുവപ്പുനിറം വരകളായി പ്രത്യക്ഷപ്പെടും.  രോഗത്തിന്റെ രൂക്ഷതക്കനുസരിച്ച് ചുവപ്പുനിറം കൂടിവരും.  ഈ രോഗം വന്ന വാഴ മിക്കവാറും കുലക്കുകയില്ല.   വിത്തിനു രോഗമുണ്ടാകാതെ നോക്കുകയുംരോഗം വന്നാല്‍ ചുവടോടെ നശിപ്പിക്കുകയുമാണ് ഇതിനെതിരെയുള്ള പ്രതിവിധി.

മൂടുചീയല്‍

ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്.  ഈ രോഗം ബാധിച്ചാല്‍ വാഴയുടെ വളര്‍ച്ച മുരടിക്കും.  ഇലകളില്‍ തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും പിന്നീട് ആ ഭാഗം ഉണങ്ങി നശിക്കുകയുംചെയ്യുന്നു.  ഇതുതടയാനായി നനക്കാന്‍ വേണ്ടിയുള്ള ചാലുകളില്‍ ബ്ലീച്ചിങ്ങ് പൌഡര്‍ തുണിയില്‍ കിഴികെട്ടിയിട്ടാല്‍ മതി.

പനാമ രോഗം

കുമിളുകളുടെ ഫലമായി ഉണ്ടാകുന്ന രോഗമാണിത്. 5 മാസമായ വാഴകളിലാണ് രോഗംകണ്ടുവരുന്നത്. ഇലകളില്‍ മഞ്ഞ നിറത്തിലുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്നു. അവ ഇലകള്‍ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. രോഗബാധിതമായ ചെടികളെ വേരോടെ പിഴുതു നശിപ്പിക്കുകകയും വേപ്പിന്റെ എണ്ണ,ഫൈറ്റൊലാന്‍ എന്നിവ ഉപയോഗിച്ചും  രോഗനിയന്ത്രണം നടത്താം.

മഹാളി രോഗം

വാഴകളില്‍ കാണുന്ന വേറൊരു രോഗമാണ് മഹാളി.  ഈ രോഗം പിടിപെട്ടാല്‍ തുരിശ്,ചുണ്ണാമ്പ് എന്നിവ കലക്കി തളിച്ചുകൊടുത്താല്‍ മതി.  വാഴകളില്‍ എതെങ്കിലും കട്ടയിട്ടുണ്ടെങ്കില്‍ അവ വോരോടെ പിഴുതെടുക്കണം.

ജൈവകുമിള്‍ നാശിനികള്‍

സസ്യങ്ങളെ കീഴടക്കുന്ന പലവിധ കുമിള്‍ രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാന്‍ സസ്യങ്ങളില്‍ നിന്നുതന്നെ തയ്യാറാക്കുന്ന ജൈവകുമിള്‍ നാശിനിക്ക് അതിശയകരമായ കഴിവുണ്ട്.

വെറ്റിലനീര്

പച്ചക്കറിക്കൃഷിയില്‍ തക്കാളി, വഴുതന, മുളക്, എന്നിവയില്‍ പ്രത്യേകിച്ചും  ഉണ്ടാകുന്ന കുമിള്‍ രോഗമാണ്ചീച്ചില്‍. പിത്തിയം അഫാനി ഡെര്‍മേറ്റം എന്ന കുമിളാണ് രോഗഹേതു. ഈ കുമിളുകളെ നിയന്ത്രിക്കാന്‍ വെറ്റിലനീരിനു കഴിവുണ്ട്. പച്ചക്കറി വിത്ത് നടുംമുമ്പ് 100 ഗ്രാം വിത്തിന് 20 ഗ്രാം വെറ്റിലയുടെ നീര് 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ചേര്‍ത്ത ലായനിയില്‍ വിത്ത് ആറുമണിക്കൂര്‍ മുക്കിവെച്ചാല്‍ മതി. ഇപ്രകാരം ചെയ്യുന്നതോടെ വിത്തിനു മുളക്കാനുള്ള കഴിവ് കൂടുകയും ശൈശവവളര്‍ച്ച ശക്തമാകുകയും ചെയ്യും.

സുബാബൂള്‍ നീര്

സുബാബൂള്‍ നീര് അഥവാ പീലിവാക എന്ന ചെടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീരില്‍ അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് മണ്ണു കുതിരത്തക്കവണ്ണം ഒഴിച്ചുകൊടുത്താല്‍ തക്കാളിയുടെ തൈ ചീയല്‍ രോഗം നിയന്ത്രിക്കാം.  ഇതിലടങ്ങിയ മൈമോസിന്‍ എന്ന അമിനോ അമ്ലമാണ് കുമിളുകളുടെ അന്തകനാകുന്നത്.

വെളുത്തുള്ളി ലായനി

മൃദുരോമപൂപ്പല്‍ രോഗം, ആന്ത്രാക്നോസ്, എന്ന ഇലപ്പുള്ളി രോഗം എന്നിവ വെള്ളരി, മത്തന്‍, പാവല്‍, പടവലം, കുമ്പളം എന്നിവക്ക് വന്‍ നാശമുണ്ടാക്കാറുണ്ട്. പത്തുശതമാനം വീര്യത്തില്‍ വെളുത്തുള്ളിനീര് തളിച്ച് ഇത്തരം കുമിള്‍ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതേ വീര്യമുള്ള വെളുത്തുള്ളി ലായനിയില്‍ മേല്‍പ്പറഞ്ഞ പച്ചക്കറിയിനങ്ങളുടെ വിത്ത് കുതിര്‍ത്തശേഷം നട്ടാല്‍ ഘുസേറിയം എന്ന കുമിള്‍ മൂലമുണ്ടാകുന്ന വാട്ടരോഗവും നിയന്ത്രിക്കാം. വെളുത്തുള്ളി ലായനിയില്‍ അടങ്ങിയിരിക്കുന്ന അലീന്‍ എന്ന ഘടകം വര്‍ധിച്ച അണുനാശനഗുണമുള്ളതാണ്.

ഉങ്ങ്, വേങ്ങ

പച്ചിലവളമായ ഉങ്ങ്, വേങ്ങ എന്നിവയുടെ ഇലകള്‍ മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കുകമാത്രമല്ല, മണ്ണിലുള്ള പല കുമിള്‍ രോഗാണുക്കളെയും നശിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. ഉങ്ങില്‍ അടങ്ങിയ കരാന്‍ജിന്‍എന്ന പദാര്‍ത്ഥവും വേങ്ങയിലെ ടാനിക് ആസിഡുമാണ് അണുബാധയെ ചെറുക്കുന്ന ഘടകങ്ങള്‍.

മൃഗ പരിപാലനം

വളര്‍ത്തു പക്ഷികള്‍

കോഴികള്‍ക്ക് പണ്ടുകാലത്ത് മണ്ണുകൊണ്ടായിരുന്നു കൂടൊരുക്കിയിരുന്നത്. തീറ്റയായി നെല്ലും അരിയും തവിടും കൊടുക്കാം. മുട്ടകള്‍ അടവെച്ച് 24, 25 ദിവസം കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ പുറത്തുവരും.

കോഴികളില്‍ സാധാരണയായി കാണുന്ന അസുഖമാണ് പനി.  അതിന്റെ ലക്ഷണം അവ വെളുത്ത നിറത്തില്‍ വിസര്‍ജ്ജിക്കുകയും കോഴികള്‍ തൂങ്ങി നില്‍ക്കുകയും ചെയ്യുന്നതാണ്. ഇതിന് ഔഷധമായി കരിക്കട്ടയും മഞ്ഞളും തേച്ചുകൊടുക്കുകയായിരുന്നു പതിവ്. കുരുപ്പ് (വസൂരി) എന്ന അസുഖം വരുമ്പോള്‍ ഉപ്പും അട്ടക്കരിയും  വെളിച്ചെണ്ണയില്‍ ചാലിച്ച മിശ്രിതം പുരട്ടി കൊടുക്കാം. കൂടാതെ കള്ളിന്റെ മട്ട് നാവില്‍ ഉറ്റിച്ചുകൊടുക്കാം. പനങ്കള്ള് തേച്ചുകൊടുക്കുകയും ചെയ്യാം.

ടര്‍ക്കി കോഴി

ടര്‍ക്കി കോഴികളെ തുറന്നുവിട്ടു വളര്‍ത്തുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. തറയില്‍ നിന്നും ഒരടി ഉയരത്തില്‍ ചുമര്‍ നിര്‍മ്മിച്ച് ബാക്കി ഭാഗം കമ്പിവല കൊണ്ട് മറച്ചാണ് കൂട് തീര്‍ക്കേണ്ടത്. പച്ചപ്പുല്ല്, കൊത്തിയരിഞ്ഞ ചീര, പപ്പായയില, പുഴുങ്ങിയ മുട്ട, ഇലകള്‍, ധാന്യങ്ങള്‍ എന്നിവ തീറ്റയായി നല്‍കാം.

ഇവയില്‍ കാണുന്ന ഈച്ചകളെ മരുന്ന് തളിച്ച് ഒഴിവാക്കാം.  തൊണ്ടയിലോ ശ്വാസനാളത്തിനകത്തോ കാണുന്ന വിരകള്‍ എന്നിവ അകറ്റാന്‍ വെളുത്തുള്ളി, തുളസി എന്നിവയുടെ നീരും കൊടുക്കുക. കോഴികളെ ബാധിക്കുന്ന പല രോഗങ്ങളും ഇവയെ ബാധിക്കില്ല.  ടര്‍ക്കി മുട്ടകള്‍ കോഴിമുട്ടപോലെ ഗുണപ്രദവും രുചിപ്രദവുമാണ്.

കോഴികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍

കോഴികള്‍ക്കുണ്ടാകുന്ന സാധാരണ രോഗങ്ങളാണ് കോഴിവസന്ത, റാനിക്കറ്റ്, പക്ഷിപ്പനി.

റാനിക്കറ്റ്- വായ തുറന്നു പിടിച്ചിരിക്കും, കടുത്തപനി, മഞ്ഞകലര്‍ന്ന വെളുത്ത ദ്രാവകം കാഷ്ഠിക്കല്‍, കഴുത്ത് തൂങ്ങിയിരിക്കുക, വട്ടം കറങ്ങുക, വളരെയധികം ക്ഷീണം എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍.

കോഴിവസവന്ത - ഉറങ്ങി തൂങ്ങി നില്‍ക്കുക, തീറ്റ വേണ്ടാതാവുക എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ . കടുക് അരച്ചു കൊടുത്താല്‍ അസുഖം ഭേദമാകും.

കന്നുകാലികളുടെ വേനല്‍കാല പരിചരണം

വേനല്‍കാലത്തെ കടുത്ത ചൂട് പാലുല്പാദനത്തെ ബാധിക്കുന്നു. പശുക്കള്‍ക്ക് അനുയോജ്യമായഅന്തരീക്ഷോഷ്മാവ്  50-55 ഡിഗ്രി എഫ്. ആണ്.80 ഡിഗ്രി എഫിനു മുകളിലായാല്‍ചൂടുകുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അന്തരീക്ഷോഷ്മാവ്വര്‍ദ്ധിക്കുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയര്‍ക്കലും കൂടുന്നു.

വേനല്‍ക്കാല ഭക്ഷണത്തില്‍ മാംസ്യത്തിന്റെയും ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും,നാരിന്റെ അംശം കുറക്കുകയും ചെയ്യേണ്ടതാണ്.  ഇതിനായി പരുത്തിക്കുരു, സോയാബീന്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

അത്യുല്പാദനശേഷിയുള്ള ഇനങ്ങള്‍ക്ക് ബൈപാസ് പ്രോട്ടീനുകളും, ബൈപാസ് ഫാറ്റുകളും നല്കാവുന്നതാണ്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും, എ, ഡി, ഇ എന്നീ വിറ്റാമിനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉരുക്കളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്ഉതകുന്നു. ഇതിനായി ധാതുലവണങ്ങളും, വിറ്റാമിനുകളും നല്കാവുന്നതാണ്.

വേനല്‍ക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവില്‍ വരുന്ന കുറവും, തീറ്റയുടെ ഗുണനിലവാരക്കുറവുംപാലുല്പാദനത്തില്‍ ഗണ്യമായ കുറവു വരുത്തുന്നതിനോടൊപ്പം, പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്. എന്‍. എഫ്., ലാക്രോസ് എന്നിവയിലും കുറവു വരുത്തുന്നു. പോഷകാഹാരക്കുറവ് പശുക്കള്‍ക്ക് വേനല്‍ക്കാല വന്ധ്യതക്ക് കാരണമാകുന്നു.

കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗര്‍ഭധാരണത്തിന് വളരെ നിര്‍ണായകമാണ്. ബീജാധാനത്തിന് ഒന്നുരണ്ടാഴ്ചകളിലും, ഗര്‍ഭകാലത്തിന്റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സ്ട്രെസ്സ് കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വേനല്‍ചൂട് മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കുറക്കുന്നതിനാല്‍ ഇക്കാലത്ത് പല രോഗങ്ങളും ഉണ്ടാകുന്നു.  പേന്‍, ചെള്ള്, ഈച്ച എന്നിവ പെരുകുന്നതിനാല്‍ ഇവ പരത്തുന്ന ബബീസിയോസിസ്,അനാപ്ലാസ്മോസിസ്, തൈലേറിയാസിസ് എന്നിവയും, ബാക്ടീരിയ മൂലമുണ്ടാകുന്ന അകിടുവീക്കവുംകൂടുതലായി കാണപ്പെടുന്നു.  വേണ്ടത്ര ശ്രദ്ധയും പരിചരണവും മാത്രമാണ് ഇതൊഴിവാക്കാനുള്ള വഴി.

പ്രതിരോധകുത്തിവെപ്പുകള്‍ ചൂടുകുറവുള്ള രാവിലെയോ വൈകുന്നേരമോ ചെയ്യേണ്ടതാണ്.

കറവമാടുകളെ വേനല്‍ക്കാലത്തെ അത്യുഷ്ണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

തൊഴുത്തിന്റെ മേല്‍ക്കൂരക്കുമുകളില്‍ ചാക്ക്, വൈക്കോല്‍ എന്നിവ നിരത്തി വെള്ളം തളിക്കുന്നത്തൊഴുത്തിലെ ചൂടുകുറയ്ക്കാന്‍ സഹായിക്കും.

തൊഴുത്തിനു ചുറ്റും തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കേണ്ടതാണ്. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും തൊഴുത്തില്‍ ഫാനിടുന്നതും ചൂടു കുറയ്ക്കാന്‍ സഹായിക്കുന്നു.

അന്തരീക്ഷ താപനില കൂടുതലുള്ള പകല്‍ സമയങ്ങളില്‍ സങ്കരയിനം പശുക്കളെ മേയാന്‍ വിടരുത്. ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ കൊടുക്കണം. വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവില്‍ ഒന്നുമുതല്‍ രണ്ട് മടങ്ങു വരെ വര്‍ദ്ധന വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

ഉഷ്ണം മൂലമുള്ള സ്ട്രെസ്സ് കുറക്കാന്‍ സോഡാക്കാരം 50 ഗ്രാം അളവില്‍ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.

എരുമകള്‍ക്ക് കട്ടിയേറിയ പുറംതൊലി, കറുപ്പു നിറം, വിയര്‍പ്പു ഗ്രന്ഥികളുടെ കുറവ് എന്നീ പ്രത്യേകതകളുള്ളതിനാല്‍ ചൂടുമൂലമുള്ള സ്ട്രെസ്സ് കുറക്കുന്നതിനായി വെള്ളത്തില്‍ കുറേനേരം കിടക്കുന്നതോ, വെള്ളം 3-4 തവണ ദേഹത്തൊഴിക്കുന്നതോ നല്ലതാണ്.

പശുക്കളുടെ ആരോഗ്യ ലക്ഷണങ്ങള്‍

രോമാവരണം-  ആരോഗ്യമുള്ള ഉരുക്കളുടെ രോമം തിളക്കവും മിനുസവുമുള്ളതായിരിക്കും. വിരബാധയുള്ളപ്പോള്‍ രോമം പരുപരുത്തിരിക്കും.  ശരീരോഷ്മാവ് കൂടുതലാണെങ്കില്‍ പശുക്കളുടെ  രോമം എഴുന്നേറ്റു നില്‍ക്കുന്നതായി കാണാം.

കണ്ണുകള്‍-  തിളക്കമുള്ള കണ്ണുകള്‍ ആരോഗ്യലക്ഷണമാണ്. കണ്ണുകളിലെ നിറമാറ്റം, കണ്ണുനീര്‍വാര്‍ച്ച, കണ്ണുകള്‍ ചെറുതായി കുഴിഞ്ഞ് കാണുക എന്നിവ രോഗലക്ഷണങ്ങളാണ്. വിരബാധയുള്ളപ്പോള്‍ രക്തക്കുറവുകൊണ്ട് കണ്ണിലെ ശ്ലേഷ്മതരം വിളറി വെളുത്തിരിക്കും. ഞ്ഞപ്പിത്തമുള്ളപ്പോള്‍ ശ്ലേഷ്മതരം മഞ്ഞനിറത്തില്‍ കാണപ്പെടും.

മൂക്ക് - എപ്പോഴും നനവുള്ള മൂക്ക് ആരോഗ്യ ലക്ഷണമാണ്. വരണ്ടുണങ്ങിയ മൂക്ക് പനിയുടെ ലക്ഷണവും. മൂക്കില്‍ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുന്നത് അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഗുരുതരമായ വിരബാധയുടെ സൂചനയാണ്.

ശരീരതാപനില-  പ്രായപൂര്‍ത്തിയായ ഒരു ശുവിന്റെ ശരീരോഷ്മാവ് 101.6 ഡിഗ്രി ഫാരന്‍ഹീറ്റാണ്. രോഗാവസ്ഥയില്‍ ഊഷ്മാവ് വര്‍ധിക്കാനിടയുണ്ട്.

ശ്വസന നിരക്ക്-  ആരോഗ്യമുള്ള പശുവിന്റെ ശ്വസന നിരക്ക് മിനിട്ടില്‍ 18-28 വരെയാണ്. നിരക്കിലെ വ്യതിയാനം, ശ്വാസംമുട്ടല്‍, ശ്വാസം വിടുമ്പോള്‍ ഉണ്ടാകുന്ന  ശബ്ദം എന്നിവ രോഗാവസ്ഥയെ കാണിക്കുന്നു.

നാഡിമിടിപ്പ്-  മിനിട്ടില്‍ 50-60 ആണ് സാധാരണ നാടിമിടിപ്പ് നിരക്ക്. ഇതിലെ വ്യത്യാസവും രോഗസൂചനയാണ്. അയവെട്ടല്‍ - പശുവിന്റെ അയവെട്ടല്‍ മിനിട്ടില്‍ 2-3 പ്രാവശ്യമാണ്. ദഹനം തടസ്സപ്പെട്ടാല്‍ അയവെട്ടലും നിലക്കും.

ചാണകം- അര്‍ധ ഖരാവസ്ഥയിലുള്ള ചാണകം പശുവിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഉണങ്ങിയതോ അയഞ്ഞതോ കറുത്തതോ ആയ ചാണകം കഫമോ  രക്തം കലര്‍ന്നതോ ആയ ചാണകം എന്നിവ രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.  രക്തം കലര്‍ന്ന ചാണകം കണ്ടാല്‍ വിരബാധ സംശയിക്കാം.

മൂത്രം- ആരോഗ്യമുള്ള പശുവിന്റെ മൂത്രം ഇളം മഞ്ഞനിറമായിരിക്കും. കട്ടന്‍കാപ്പി നിറവും ചുവപ്പ്, കടും മഞ്ഞനിറങ്ങളും രോഗലക്ഷണങ്ങളാണ്.

പാല്‍- പാലിന്റെ അളവ് പെട്ടെന്ന് കുറയുക, നിറവ്യത്യാസം കാണുക എന്നിവ അകിടുവീക്കത്തിന്റെ ആദ്യലക്ഷണങ്ങളാണ്.

അകിട്-  അകിടിലെ കല്ലിപ്പും വ്രണങ്ങളും മുറിവുകളും രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. തൂങ്ങിയ വയര്‍, പിന്‍ കാവുകള്‍ക്ക് ശേഷിക്കുറവ്, നടത്തത്തിലുള്ള അപാകത, തലകുനിച്ച് കൂട്ടത്തില്‍ നിന്നു മാറി നില്‍ക്കുക, സദാസമയവും ക്ഷീണം കാണിച്ച് കിടക്കുക, കിടന്നാല്‍ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ആരോഗ്യക്കുറവിന്റെയും രോഗത്തിന്റെയും ലക്ഷണങ്ങളാണ്.

കടപ്പാട് : www.balusseryonline.com

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate