অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിത്ത് സംരക്ഷണത്തിന് എൻ.ബി..പി.ജി.ആർ. ജീൻ ബാങ്ക്

വിത്ത് സംരക്ഷണത്തിന് എൻ.ബി..പി.ജി.ആർ. ജീൻ ബാങ്ക്

കര്‍ഷകരുടെ കൈവശമുള്ള വിത്തുകള്‍ സൂക്ഷിക്കുന്നതിനും തിരികെ കര്‍ഷകര്‍ക്ക് നല്‍കുന്നതിനും കേന്ദ്രഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് എന്ന സ്ഥാപനം സഹായകരമാണ്.നിലവില്‍ കര്‍ഷകരുടെ കൈവശമുള്ള അപൂര്‍വ്വയിനങ്ങളില്‍പെട്ട വിത്തുകള്‍ ഇവര്‍ക്ക് കൈമാറ്റം ചെയ്താല്‍ നൂറ്റാണ്ടുകളോളം ഇവ സൂക്ഷിക്കുകയും ആവശ്യം വരുമ്പോള്‍ അവ കര്‍ഷകര്‍ക്ക് തിരികെ നല്‍കുകയും ചെയ്യുന്നു.തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം തൃശൂര്‍ മണ്ണൂത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 3000ലധികം നെല്ലിനങ്ങള്‍, 1400ലധികം വെണ്ട, 700ഓളം ഇനം മുതിര, 130ലധികം വെള്ളരിവര്‍ഗങ്ങള്‍,100ലധികം ഇനം മത്തന്‍, 165ഇനം ചീര, 260ഇനം പയര്‍ എന്നിങ്ങനെ ധാരാളം ഇനം വിത്തുകള്‍ ഇവര്‍ സൂക്ഷിക്കുന്നു. 70 ഇനം എള്ളും, 65 ഇനം കുമ്പളവും ഇവരുടെ വിത്തുശേഖരണത്തിലുണ്ട്. ശേഖരിക്കുന്ന വിത്തുകള്‍ ജലാംശം 5%മാക്കി താഴ്ത്തി ട്രൈപോളിയേറ്റഡ് അലൂമിനിയം പൗച്ചുകളിലാക്കി സീല്‍ ചെയ്താണ് ഇവ സൂക്ഷിക്കുന്നത്. പിന്നീട് ജലാംശം നിയന്ത്രിക്കാനായി ഏഴ് സെന്റീഗ്രേഡ് തണുപ്പില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കും. ഇങ്ങനെ 20 വര്‍ഷംവരെ വിത്തുകള്‍ സൂക്ഷിക്കാന്‍ കഴിയും. എല്ലാ വിത്തുകളുടെയും ഡ്യൂപ്ലിക്കേറ്റ് സെറ്റുകള്‍ ഡല്‍ഹിയിലെ ഉസാ ക്യാമ്പസിലുള്ള എന്‍.ബി.പി.ജി.ആര്‍. ആസ്ഥാനത്ത് സൂക്ഷിക്കുന്നുണ്ട്. 18 ഡിഗ്രി സെന്റീഗ്രേഡ് ഊഷ്മാവിലാണ് ഇവ സൂക്ഷിക്കുന്നത്. ഡല്‍ഹിയില്‍  ഇങ്ങനെ 1976 മുതല്‍ വിത്തുകള്‍ സൂക്ഷിക്കുന്നുണ്ട്. കുറഞ്ഞത് 100 വര്‍ഷംവരെയും ഇങ്ങനെ വിത്തുകള്‍ സൂക്ഷിക്കാനാകുമെന്ന് ഈ രംഗത്തെ  ഗവേഷകനായ ഡോ. കെ.ജോസഫ് ജോണ്‍ പറഞ്ഞു.ഓരോ പന്ത്രണ്ട് വര്‍ഷം കൂടുന്തോറും എല്ലാ വിത്തുകളും ടെസ്റ്റ് ചെയ്ത് നവീകരിക്കും. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജീന്‍ ബാങ്കാണ് ഇന്ത്യയുടെ എന്‍.ബി.പി.ജി.ആര്‍. അമേരിക്കയാണ് ഏറ്റവും വലിയ ജീന്‍ ബാങ്കുള്ള രാജ്യം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്‌സ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എന്ന സ്ഥാപനത്തിലാണ്  ഏറ്റവും കൂടുതല്‍ വിത്തുകളുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജീന്‍ ബാങ്ക്  നോര്‍വെയിലെ സ്വാല്‍ബാര്‍ഗാണ്. പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍ കേരളത്തില്‍  15 ഇനം നെല്‍വിത്തുകള്‍ ഇക്കഴിഞ്ഞ മഹാപ്രളയത്തെ അതിജീവിച്ചു. എട്ടുമുതല്‍ 15 ദിവസംവരെ വെള്ളം മുങ്ങിനിന്നിട്ടും നശിക്കാത്ത വിത്തുകളെ ആണ് പ്രളയത്തെ അതിജീവിച്ച വിത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള ജീന്‍ബാങ്കിന്റെ സര്‍വ്വേയിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിത്തിനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണ്. മാനന്തവാടിക്കടുത്ത അത്തിക്കൊല്ലിയില്‍ നിന്ന് ചെന്താടി, തൊണ്ടി, വെളിയന്‍, ഗന്ധകശാല, എച്ച് 4, കല്ലടിയാരന്‍, ചെന്നെല്ല്, ചെന്നെല്‍തൊണ്ടി എന്നിവയും ബത്തേരിയിലുള്ള പ്രസീത് കുമാര്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ നിന്നും മല്ലിക്കുറവ്, രാംലി എന്നീയിനങ്ങളും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്ന് ഒറീസ, വേതാന്തം, ചിറ്റേനി എന്നീ ഇനങ്ങളും ആലപ്പുഴ ജില്ലയിലെ കുറ്റിയത്തോട് നിന്ന് ആര്യന്‍ എന്ന നെല്ലിനവും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 3000ലധികം നെല്‍വിത്തുകളാണ് ഇന്നുവരെ കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ജൈന്റ് വട്ടയില കേരളത്തില്‍ വളര്‍ത്തി എന്‍.ബി.പി.ജി.ആര്‍. ആൻഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ കണ്ടുവരുന്ന ഏറ്റവും വലിയ ഇലകളിലൊന്നായ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മക്കറക്ക നിക്കോബാറിക്ക എന്ന ജൈന്റ് വട്ടയില ഇനി കേരളത്തിന് സ്വന്തം. എന്‍.ബി.പി.ജി.ആറിന്റെ നേതൃത്വത്തില്‍ 2017ല്‍ നിക്കോബാറില്‍ നിന്ന് കൊണ്ടുവന്ന ഈ ഇലയുടെ സസ്യം ഇപ്പോള്‍ കേരളത്തില്‍ നന്നായി വളരുന്നുണ്ട്. വട്ടയിലകളില്‍ ഭീമന്‍ വട്ടയില എന്നാണ് ഇത് അറിയപ്പെടുന്നത്. തൃശൂര്‍ വെള്ളാനിക്കരയിലുള്ള ക്യാമ്പസിലാണ് കൊടിഞ്ഞി ഇലയ്ക്ക് സമാനമായ വട്ടയില വളരുന്നത്. 65 സെ.മീ.നീളവും 60 സെ.മീ. വീതിയുമാണ് ഇതിനുള്ളത്..
സി.വി.ഷിബു

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate