ലംബകൃഷി
കാലാവസ്ഥാ വ്യതിയാനങ്ങള്‍, പുതിയ കാലത്തിന്റെ വേഗത്തോട് പൊരുത്തപ്പെടായ്ക, സ്ഥല ദൗര്‍ലഭ്യം തുടങ്ങി പാരമ്പര്യ കൃഷി രീതികള്‍ക്ക് മുന്‍പിലെ കീറാമുട്ടികള്‍ പലതാണ്. മനുഷ്യരാശിയുടെ പോറ്റമ്മയായ കൃഷിയെന്ന അതിജീവന പ്രക്രിയ അത്തരം കീറാമുട്ടികള്‍ക്ക് മുന്‍പില്‍ വഴിമുട്ടാതെ വരും യുഗങ്ങളിലേക്ക് മികവോടെ തുടരാന്‍ ആധുനിക ശാസ്ത്ര സാങ്കേതങ്ങളുടെ സഹായത്തോടെ ഉള്ള നവീന കൃഷി രീതികള്‍ ആവശ്യമാണ്. മനുഷ്യ വംശത്തിന്റെ തന്നെ ഭാവിയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള അത്തരം ഒരു കൃഷി രീതിയെയാണ് ഈ ലേഖനത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.
വെര്‍ട്ടിക്കല്‍ ഫാമിങ്ങ് അഥവാ ലംബ കൃഷിരീതി. കുറഞ്ഞ ഭൂമി മാത്രം ഉപയോഗപ്പെടുത്തി കൂടുതല്‍ ഉത്പാദനത്തിനായി കുത്തനെ വളര്‍ത്തുന്ന കൃഷി എന്ന് ലളിതമായി പറയാം. പ്രത്യേകം തയ്യാറാക്കുന്ന അംബര ചുംബികളായ കെട്ടിടങ്ങള്‍, ഉപേക്ഷിക്കപ്പെട്ട സംഭരണശാലകള്‍, ഷിപ്പിങ്ങ് കണ്ടെയ്നറുകള്‍ തുടങ്ങി വീടുകളുടെ ടെറസ്സുകള്‍ വരെ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
നിയന്ത്രിത പരിതസ്ഥിതി കൃഷി( Conntrolled Enviornmental Agriculture) ആണ് ലംബ കൃഷിയുടെ അടിസ്ഥാന ശില.
ജലത്തിന്റെ സമര്‍ത്ഥമവും കാര്യക്ഷമവുമായ ഉപയോഗം,കൃത്രിമ നിയന്ത്രിത പ്രകാശം, റിഫ്ളക്ടറുകള്‍ വെച്ച് വര്‍ദ്ധിപ്പിച്ച് ഉപയോഗിക്കാവുന്ന സൂര്യപ്രകാശം, കാലാവസ്ഥാ നിയന്ത്രണം, കൃത്യമായ താപ-ഈര്‍പ്പ നിയന്ത്രണം, അനുകൂല വാതകങ്ങളുടെ നിയന്ത്രിത ഉപയോഗം, കൃത്യമായ അളവിലെ വളപ്രയോഗം തുടങ്ങിയവ നിയന്ത്രിത പരിതസ്ഥിതി കൃഷിയുടെ പ്രത്യേകതകളാണ്.
ലംബകൃഷിയില്‍ ഉപയോഗപ്പെടുത്താവുന്ന ഏതാനും C.E.Agriculture സങ്കേതങ്ങള്‍ ചുവടെ പ്രതിപാദിക്കുന്നു.
എയ്റോപോണിക്സ്
മണ്ണിന്റെ സ്പര്‍ശമില്ലാത്ത കൃഷിയാകുന്നു എയ്റോപോണിക്സ് .പ്രത്യേക തരം സ്റ്റാന്‍ഡുകളില്‍ അടച്ചതോ പകുതി അടച്ചതോ ആയ അറകളില്‍ വളരുന്ന ചെടികളുടെ വേരുകള്‍ അന്തരീക്ഷത്തില്‍ തൂങ്ങിയ നിലയില്‍ ആയിരിക്കും.ഇവയുടെ വേര്, കാണ്ഡത്തിന്റെ അടിഭാഗം തുടങ്ങിയവയിലേക്ക് പോഷക സമ്പുഷ്ടമായ ജലമിശ്രിതം നിശ്ചിത സമയങ്ങളില്‍ സ്പ്രേ ചെയ്യുന്നു. ഈ പ്രക്രീയയിലൂടെ ആവശ്യമായ പോഷകധാതുക്കള്‍ വലിച്ചെടുത്ത് ചെടി വളരുന്നു. വലിയ ഇനം ചെടികള്‍ക്ക് കൂടുതല്‍ കരുത്തുള്ള ഫ്രയിം ആവശ്യമാണ്.
ഓക്സിജന്‍,CO2 ഉപയോഗം കാര്യമാക്കുക വഴി ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുന്നു. ഉയര്‍ന്ന രോഗപ്രതിരോധ ശേഷി ഈ രീതിയില്‍ ചെടികള്‍ കൈവരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മണ്ണിന്റെ ആവശ്യമില്ല എന്നത് കൊണ്ട് തന്നെ NASA ഉള്‍പ്പടെയുള്ള സ്പേസ് ഏജന്‍സികള്‍ ബഹിരാകാശത്ത് എയറോപോണിക്സ് രീതികള്‍ക്ക് വിപുലമായ സാധ്യതകള്‍ കാണുന്നുണ്ട്.
അക്വാപോണിക്സ്
മിശ്രണ കൃഷി രീതിയാണ് അക്വാപോണിക്സ്. ജലജീവികളായ മത്സ്യങ്ങള്‍, ഒച്ചുകള്‍, ചെമ്മീന്‍ എന്നിവയെ ഹൈഡ്രോപോണിക്സുമായി സംയോജിപ്പിച്ച് കൃഷി നടത്തുന്ന രീതിയാണിത്. ഹൈഡ്രോപോണിക്സില്‍ പോഷക മിശ്രിതമായ ജലത്തിലാണ് ചെടികള്‍ വേരുകള്‍ ആഴ്ത്തുന്നതെങ്കില്‍ അക്വാപോണിക്സില്‍ ജലജീവികളുടെ വിസര്‍ജ്ജാവശിഷ്ടങ്ങള്‍ കലര്‍ന്ന ജലം nitrifiying bacteria-കളെ ഉപയോഗിച്ച് നൈട്രേറ്റ് സമ്പുഷ്ടമാക്കി മാറ്റി ആ ജലത്തെ ചെടി വേരുകളുമായി സമ്പര്‍ക്കത്തിലെത്തിക്കുന്നു.നാലു തട്ടുകളായുള്ള സംവിധാനം അക്വാപോണിക്സിന് ആവശ്യമാണ്. മത്സ്യങ്ങള്‍ വളരുന്ന ടാങ്ക്. ഭക്ഷ്യ-വിസര്‍ജ്ജാവശിഷ്ടങ്ങള്‍ അടിയുന്ന സംവിധാനം, ബാക്ടീരിയ വിസര്‍ജ്ജ പദാര്‍ത്ഥങ്ങളെ നൈട്രേറ്റുകളായി വിഘടിപ്പിക്കുന്ന സംവിധാനം. വിളകള്‍ നടുന്ന ഹൈഡ്രോപോണിക്സ് തട്ട് എന്നിവയാണവ.പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍ എന്നിവ ഫലപ്രദമായി കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവുദ്പാദനത്തിന് ഈ രീതി സഹായിക്കുന്നു. മത്സ്യം അധിക വിളയായി ലഭിക്കുന്നു എന്നതും നേട്ടമാണ്. ജലം,ഊര്‍ജ്ജം എന്നിവ കുറച്ച് കൂടി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ക്ക് ഈ കൃഷിരീതിയെ കൂടുല്‍ കാര്യക്ഷമം ആക്കാന്‍ കഴിയും.
ഹൈഡ്രോപോണിക്സ്
എയ്റോ പോണിക്സിന്റെ മറ്റൊരു രൂപമാണിത്. ഈ രീതിയില്‍ പോഷക സമ്പുഷ്ടമായ ജലം ചെടികളുടെ വേരുകളിലേക്ക് സ്പ്രേ ചെയ്യുന്നതിന് പകരം ജലമിശ്രിതം നിറച്ച ടാങ്കുകളില്‍ ചെടികളുടെ വേരുകള്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ സംവിധാനം ചെയ്യുന്നു. ജലത്തില്‍ നിക്ഷേപിച്ച ചെറിയ കല്ലുകളില്‍ വേര് സപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു രീതിയും ഉപയോഗിക്കാറുണ്ട്. എയ്റോപോണിക്സും ഹൈഡ്രോപോണിക്സും ഒരു രീതിയുടെ തന്നെ രണ്ട് തരം പ്രയോഗമാണെന്നും പറയാവുന്നതാണ്. നനവുള്ള കല്ലുകള്‍, കയര്‍, കമ്പിളി എന്നിവയും സസ്യങ്ങള്‍ വളരാനായി ഉപയോഗപ്പെടുത്തി വരാറുണ്ട്.
ലംബകൃഷിയുടെ സാധ്യതകള്‍ നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശാസ്ത്രഞ്ജര്‍ അന്വേഷിച്ച് തുടങ്ങിയിരുന്നു.1915-ല്‍ അമേരിക്കന്‍ ഭൗമശാസ്ത്രഞ്ജനായ ഗില്‍ബര്‍ട്ട് ബെയ്ലി ഉയര്‍ന്ന കെട്ടിടങ്ങളില്‍ കൃഷി ചെയ്യുന്നതിനുള്ള ഒരു കോണ്‍സെപ്റ്റ് അവതരിപ്പിച്ചു.വിഖ്യാത ആര്‍കിടെക്‌ടുകളായ ലെ കോര്‍ബൂസിയര്‍ ,ജോണ്‍ ഹിക്സ് തുടങ്ങിയവര്‍ ഈ രംഗത്ത് തങ്ങളുടേതായ ആശയ മാതൃകകള്‍ അവതരിപ്പിച്ചിരുന്നു. മൈക്രോബയോളജിസ്റ്റായ ഡിക്സണ്‍ ഡെസ്മൊപിയര്‍ അവതരിപ്പിച്ച 30 നിലകളുള്ള 50000 പേര്‍ക്കുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ ഉദ്പാദിപ്പിക്കാവുന്ന Vertical farm എന്ന മാതൃക ഈ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. കോഴികള്‍,മത്സ്യം തുടങ്ങിയവ താഴത്തെ നിലകളിലും സസ്യ വിളകള്‍ ഉയര്‍ന്ന നിലകളിലും ആയുള്ള ഒരു മാതൃകയാണ് അദ്ദേഹം അവതരിപ്പിച്ചത്.
ലംബകൃഷി:വെല്ലുവിളികള്‍
- അടിസ്ഥാന സംവിധാനങ്ങളൊരുക്കാന്‍ പ്രാഥമികമായി മുടക്കേണ്ട വലിയ തുക വ്യവസായം എന്ന നിലയില്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങിനെ ലാഭത്തിലേക്കെത്തിക്കാനുള്ള കാല താമസം
- ആര്ട്ടിഫിഷ്യല്‍ പ്രകാശ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന വൈദ്യുതോര്‍ജ്ജം.സാമ്പ്രദായിക കൃഷിരീതികളുമായി തട്ടിച്ച് നോക്കുമ്പോള്‍ Energy using per Kilogram ഉയര്‍ന്ന് നില്‍ക്കുന്നു.
- ഗ്രീന് ഹൗസ് വാതകങ്ങളുടെ ഉദ്പാദനം. പാരമ്പര്യ കൃഷി രീതികളേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ലംബകൃഷിയില്‍. പ്രകാശസംശ്ലേഷണ പ്രക്രിയയുടെ വേഗത കൂട്ടാന്‍ ഉപയോഗിക്കുന്ന CO2 പുറത്തെ അന്തരീക്ഷത്തില്‍ ലീക്കായി കലരാനുള്ള സാധ്യത നിലനില്‍ക്കുന്നു.
പ്രധാന നേട്ടങ്ങള്‍
ലംബകൃഷി രീതി സ്വീകരിക്കുന്നതിലൂടെയുള്ള പ്രധാന നേട്ടങ്ങള്‍ എന്തൊക്കെ എന്ന് കൂടി പരിശോധിക്കാം.
- ഉയര്ന്ന വിള ഉദ്പാദന ശേഷി. ആധുനിക ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനാല്‍ കുറഞ്ഞ സമയത്ത് കൂടുതല്‍ വിളവെടുക്കാന്‍ സാധിക്കുന്നു.
- ഭൂമിയുടെ കുറഞ്ഞ ഉപയോഗം.കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതല്‍ വിളവ്. പലപ്പോഴും നൂറിലൊന്നോളം കുറയുന്ന ഭൂമി ഉപയോഗം.
- കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാധിക്കുന്നില്ല.
- കീടനാശിനികള് ഉപയോഗിക്കാതെ ജൈവകൃഷി രീതിയുടെ പ്രോത്സാഹനം.
- മനുഷ്യാരോഗ്യം, അധ്വാനം എന്നിവയോട് കൂടുതല്‍ ഇണങ്ങുന്ന രീതി.
- സാമ്പ്രദായിക കൃഷിയില്‍ വിദൂരത്തു നിന്നും വിളകള്‍ വാഹനങ്ങളുപയോഗിച്ച് എത്തിക്കുന്ന ചിലവേറിയ രീതി(Food miles) ഒഴിവാക്കാം. തദ്ദേശ വെര്‍ട്ടിക്കല്‍ ഫാമുകളില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നു.
- നഗരങ്ങളെ കാര്‍ഷികമായി സ്വയം പര്യാപ്തമാക്കാന്‍ സഹായിക്കുന്നു.
ഭാവിയുടെ കൃഷി രീതി എന്ന നിലയില്‍ മാത്രമല്ല ഭൂമിക്കുമപ്പുറത്തേക്ക് മനുഷ്യവാസം വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ശാസ്ത്രത്തിന് ബഹിരാകാശ കോളനികളില്‍ ഭക്ഷണ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുന്നവ കൂടിയാണ് ഈ ആധുനിക കൃഷി രീതികള്‍.
ആദ്യം പറഞ്ഞ പോയിന്റിലേക്ക് മടങ്ങി വരാം. ഉയര്‍ന്ന പ്രാഥമിക മുതല്‍ മുടക്ക് ആവശ്യമുള്ള കൃഷി രീതി എന്ന നിലയില്‍ കുത്തകകള്‍ ആധിപത്യമുറപ്പിക്കാനുള്ള സാധ്യതകള്‍ ഏറെയാണ് ലംബകൃഷിയില്‍.
കാര്‍ഷികോല്‍പന്നങ്ങളുടെ ശാസ്ത്രീയവും ത്വരിതവുമായ ഉദ്പാദനവും വിതരണവും കോര്‍പറേറ്റുകള്‍ കൈയ്യടക്കിയാല്‍ അത് നൂറ്റാണ്ടുകള്‍ നീളുന്ന കുത്തകാടിമത്വത്തിലേക്ക് ലോക ജനതയെ നയിച്ചേക്കാം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉദ്പാദനം സാധ്യമായ വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് ഒരു കുടുംബത്തെ നയിക്കാന്‍ പ്രാപ്തമായ മാര്‍ഗ്ഗമാണ്. അത് മാത്രമല്ല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും നഗര സഭകള്‍ക്കും ഭാവിയെ മുന്‍പില്‍ കണ്ടുള്ള നടപടികളിലൂടെയും ആസൂത്രണത്തിലൂടെയും ലംബകൃഷി സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ഭക്ഷ്യ സ്വയം പര്യാപ്തമായ ഭാവി നമുക്ക് ഉറപ്പാക്കാം.