অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഹബ്ബാകാന്‍ കേരളം

മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഹബ്ബാകാന്‍ കേരളം

കൃഷിയില്‍ നിന്നുള്ള വരുമാനം 2022ഓടെ ഇരട്ടിയാക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്. ഉല്‍പാദന വര്‍ദ്ധനവിനോടൊപ്പം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ വരുമാനം ഇരട്ടിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകരുടെ മനസ്സിന്റെ പുനര്‍നിര്‍മ്മാണം കൂടിയാണ് യഥാര്‍ത്ഥത്തില്‍ കാര്‍ഷിക പുനര്‍ജ്ജനി എന്നത്. ഈ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് കൃഷി നഷ്ടമല്ലെന്നും ലാഭകരമാണെന്നുമുള്ള മഹത്തായ ആശയം കര്‍ഷകരില്‍ എത്തേണ്ടതുണ്ട്. കേവലം ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടുന്ന വില മാത്രമല്ല, മറിച്ച് മണ്ണ് സമ്പുഷ്ടമാകുന്നതിലൂടെ ലഭിക്കുന്ന ജൈവആവാസ വ്യവസ്ഥയുടെ നിലനില്‍പ്പും പരിസ്ഥിതിയിലേക്ക് ലഭിക്കുന്ന ഓക്‌സിജന്റെ അളവിലുള്ള വര്‍ദ്ധനവും അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈഓക്‌സൈഡ് വലിച്ചെടുക്കുന്ന അളവും എല്ലാം പരിശോധിച്ചാല്‍ കൃഷി ലാഭകരം തന്നെയാണ്. വൈറ്റ് റെവല്യൂഷന്‍, യെല്ലോ റെവല്യൂഷന്‍,ഗ്രീന്‍ റെവല്യൂഷന്‍ അങ്ങനെ പല വിപ്ലവങ്ങള്‍ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഇത് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപ്ലവ കാലഘട്ടമാണ്. ഈ നയപരമായ ആശയത്തിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ശാസ്ത്രീയമായി എങ്ങനെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം എന്ന സന്ദേശമുയര്‍ത്തിയാണ് വൈഗ കൃഷി ഉന്നതിമേള കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തുന്നത്. നൂറോളം വരുന്ന വിദഗ്ധര്‍ 3500ഓളം വരുന്ന കര്‍ഷക പ്രതിനിധികളുമായി സംവദിച്ച് പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും കൈമാറുന്നു. ചക്കയുടെ നല്ലകാലം വരുന്നു ഇതുവരെ നമ്മുടെ തോട്ടങ്ങളിലും തൊടികളിലും പഴുത്ത് ചീഞ്ഞ്
മണ്ണിനോട് ചേര്‍ന്നിരുന്ന ഒരു ഫലവര്‍ഗ്ഗമായിരുന്നു ചക്ക. 2016ലെ വൈഗയ്ക്ക് ശേഷമാണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ചക്കയുടെ നല്ലകാലം തെളിഞ്ഞു. ധാരാളം കര്‍ഷകര്‍ പ്ലാവ് കൃഷിചെയ്തു തുടങ്ങുകയും പല കച്ചവടക്കാരും ചക്ക ശേഖരിച്ചുതുടങ്ങു കയും ചെയ്തു. ഇതോടൊപ്പംതന്നെ ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടു. ഏകദേശം 150ലധികം ഉത്പന്നങ്ങളാണ് ഇന്ന്
ചക്കയില്‍ നിന്ന് കേരളത്തിലെ വിപണികളിലെത്തുന്നത്. ചെറുകിട സ്വാശ്രയസംഘങ്ങള്‍ മുതല്‍ വന്‍കിട കമ്പനികള്‍ വരെ ചക്കയുത്പന്നങ്ങള്‍ വിപണിയിലിറക്കിക്കഴിഞ്ഞു. പെട്ടെന്നുതന്നെ വിപണി കീഴടക്കാന്‍ ചക്ക ഉത്പന്നങ്ങള്‍ക്ക് കഴിഞ്ഞു.അന്താരാഷ്ട്ര ചക്കമഹോത്സവം, പ്രാദേശിക ചക്കമഹോത്സവങ്ങള്‍, ഉത്പന്ന വിപണന പ്രദര്‍ശന മേളകള്‍ എന്നിവയെല്ലാം കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് നടന്നു വരുന്നുണ്ട്. ചക്കയുടെ ആഗോളപ്രശസ്തിക്ക് ഇതെല്ലാം കാരണമായിട്ടുണ്ട്. ചക്ക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭകരായ ഉത്പാദകരെ കോര്‍ത്തിണക്കി അജാം എന്ന പേരില്‍ സംഘടന രൂപീകരിച്ചുകഴിഞ്ഞു. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയ്ക്ക് എറണാകുളം ജില്ലയിലെ കറുകുറ്റി, ചക്കിയത്ത് കേന്ദ്രീകൃത ഓഫീസും നിലവില്‍ വന്നിട്ടുണ്ട്. നിലവില്‍ ഏഴ് സംരംഭകര്‍ ഇന്ന് ചക്കയില്‍നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി വിപണിയിലുണ്ട്. തൃശൂരില്‍ നിന്നുള്ള അശ്വതി ഹോട്ട് ചിപ്‌സ്, അങ്കമാലി കറുകുറ്റിയില്‍ നിന്നുള്ള നവ്യ ബേക്‌സ് &മാു; കണ്‍ഫെക്ഷനറീസ്, അടിമാലിയില്‍ നിന്നുള്ള പ്ലാന്റ്‌സ ഫുഡ് ഇന്‍ഡസ്ട്രീസ്, വയനാട് മീനങ്ങാടിയിലുള്ള അന്ന ഫുഡ് പ്രൊഡക്ട്‌സ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലുള്ള പ്രേഷ്യസ് ഫുഡ് പ്രൊഡക്ട്‌സ്, പാലക്കാട് ജില്ലയിലെ നാച്വേര്‍സ് ഓണ്‍, ചിക്കൂസ് തുടങ്ങിയ കമ്പനികള്‍ ചക്കയുത്പന്നങ്ങളുടെ പേരില്‍ ഇന്ന് പ്രശസ്തമായിക്കഴിഞ്ഞു. ഏകദേശം നാല്‍പതിലധികം ഉത്പന്നങ്ങള്‍ ഇവര്‍ ഇപ്പോള്‍ എല്ലാ സീസണിലും വിപണിയിലെത്തിക്കുന്നുണ്ട്. ഓരോ കമ്പനിയിലും കുറഞ്ഞത് 20 ജീവനക്കാര്‍ മുതല്‍ 300 ജീവനക്കാര്‍ വരെ ജോലിചെയ്യുന്നു. നിരവധി പേര്‍ക്ക് തൊഴിലവസരം ഒരുക്കാനും അജാം എന്ന കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്.നബാര്‍ഡിന് കീഴില്‍ വേകഫെ എന്ന പേരില്‍ ഉത്പാദക കമ്പനി രൂപീകരിച്ച് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന കാപ്പി വീണ്ടും വിപണിയിലെത്തിക്കുന്നുമുണ്ട്.

മുതലമട കേരളത്തിന്റെ മാംഗോസിറ്റി

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ കാര്യത്തില്‍ ചക്കകഴിഞ്ഞാല്‍ ഇന്ന് ഏറ്റവും മുന്‍പന്തിയിലുള്ളത് മാങ്ങയാണ്. പാലക്കാട് ജില്ലയിലെ മുതലമടയില്‍ നിലവിലുള്ള ഏകദേശം 40ല്‍ അധികം ഇനം മാങ്ങയില്‍ നിന്ന് വര്‍ഷംമുഴുവന്‍ നിരവധിയായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ സഹകരണത്തോടെ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു ഉത്പാദകകമ്പനിയും മാംഗോ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും ചേര്‍ന്നാണ് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വില്‍പ്പന നടത്തുന്നത്.

ഇടുക്കി : ഫാഷന്‍ഫ്രൂട്ടിന്റെ ഹബ്ബ്

ഫാഷന്‍ഫ്രൂട്ടില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി പ്രശസ്തമായിരിക്കുകയാണ് കേരളത്തിന്റെ മലനാട് എന്നറിയപ്പെടുന്ന ഇടുക്കി ജില്ല. 200 ഏക്കറോളം സ്ഥലത്ത് ഫാഷന്‍ഫ്രൂട്ട് കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്ന ഒരുസംരംഭമാണ് മലനാട് ഫാഷന്‍ഫ്രൂട്ട് പ്ലാന്റേഷന്‍സ്. ഔഷധക്കനിയായഫാഷന്‍ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ്, വിറ്റാമിന്‍ സി,പൊട്ടാസ്യം, നിയാസിന്‍ ആല്‍ക്കലോയ്ഡുകള്‍, ഗ്ലൈക്കോസൈഡുകള്‍, ഫ്‌ളവനോയ്ഡ് എന്നീ ഘടകങ്ങള്‍ പുതുതലമുറയില്‍പെട്ട വിവിധതരം രോഗങ്ങള്‍ തടയുവാന്‍ ഫലപ്രദമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഫാഷന്‍ഫ്രൂട്ടില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ മലനാട് ഫാഷന്‍ഫ്രൂട്ട് പ്രോഡക്ട്‌സ് എന്ന കമ്പനി ശ്രമമാരംഭിച്ചത്. നൂറ് ശതമാനം പ്രകൃതിദത്തമായ പള്‍പ്പ് വേര്‍ തിരിച്ചെടുത്ത് കൃത്രിമ കളറോ ഫ്‌ളേവറോ ചേര്‍ക്കാതെ നിര്‍മ്മിക്കുന്ന
സ്‌ക്വാഷ്, സിറപ്പ്, ജാം, ഹല്‍വ, സര്‍ബത്ത് തുടങ്ങിയ ഉത്പന്നങ്ങള്‍ ഇന്ന് കേരളത്തിലെവിടെയും ലഭ്യമാണ്.
സി.വി.ഷിബു

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate