অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ 1997ല്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം എന്ന സങ്കല്‍പ്പത്തില്‍ ലോകത്ത് ആദ്യമായി കല്‍പറ്റയ്ക്കു സമീപം  ആരംഭിച്ചതാണ്  പുത്തൂർ വയൽ ബോട്ടാണിക്കൽ ഗാർഡൻ.ഇപ്പോൾ ഇത് വിപുലീകരിക്കുകയാണ്.    മൂന്നു ഘട്ടങ്ങളായി വിഭാവനം ചെയ്ത വിപുലീകരണ പദ്ധതിയുടെ പ്രഥമഘട്ടം മാസ്റ്റര്‍ പ്ലാന്‍ കൊളൊറാഡൊ ഡെന്‍വര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ വിദഗ്ധര്‍ തയാറാക്കിയതായി ഗവേഷണകേന്ദ്രം മേധാവി ഡോ.വി. ബാലകൃഷ്ണന്‍ പറഞ്ഞു.

പൂമ്പാറ്റകളുടെ ഉദ്യാനം, കുട്ടികളുടെ ഉദ്യാനം, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സെന്‍സറി ഗാര്‍ഡന്‍, ജൈവ വൈവിധ്യ മ്യൂസിയം എന്നിവ ഉള്‍പ്പെടുന്നതാണ്  ഏഴു കോടി രൂപ  ചെലവ് കണക്കാക്കുന്ന പ്രഥമഘട്ടം. ഇതിന്റെ നിര്‍വഹണത്തിനു ജൈവ വൈവിധ്യ സംരക്ഷണ മേഖലയില്‍ മികവു തെളിയിച്ച ഡോ.കെ.കെ. നാരായണന്‍, ഡോ.മഥുര സ്വാമിനാഥന്‍, ഡോ.ഗണേശന്‍ ബാലചന്ദ്രന്‍, ഡോ.വി.എസ്. ചൗഹാന്‍, ഡോ.നമശിവായം, ഡോ.ശാരദ കൃഷ്ണന്‍, ഡോ.ശെല്‍വം, ഡോ.എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ലീഡ് ഗാര്‍ഡന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയതാണ് 41 ഏക്കര്‍ വിസ്തൃതിയുള്ള പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.  ഇത്  വയനാട്  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍നിന്നു വ്യത്യസ്തമായാണ് പുത്തൂര്‍വയല്‍ സസ്യോദ്യാനത്തിന്റെ പ്രവര്‍ത്തനം. ജൈവവൈവിധ്യ സംരക്ഷണത്തിനൊപ്പം കൃഷി, ഉപഭോഗം, വിപണനം എന്നിവയ്ക്കും പുത്തൂര്‍വയല്‍ ഗാര്‍ഡനില്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

രണ്ടായിരത്തിലധികം ഇനം പുഷ്പിത സസ്യങ്ങള്‍ ഉദ്യാനത്തിന്റെ ഭാഗമാണ്. ഇതില്‍  579 ഇനം  വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടതും 512 ഇനം  പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയുമാണ്. 800 തരം ഔഷധച്ചെടികളും 124 ഇനം വന്യഭക്ഷ്യസസ്യങ്ങളും 62 ഇനം വന്യ ഓര്‍ക്കിഡുകളും 75 തരം പന്നല്‍ ചെടികളും 70 വള്ളിച്ചെടിയിനങ്ങളും 25 ഇനം നാടന്‍ കുരുമുളകും 60 ഇനം ശലഭോദ്യാന സസ്യങ്ങളും 27 വാഴയിനങ്ങളും നക്ഷത്രവനവും നവഗ്രഹവനവും  ഉദ്യാനത്തിലുണ്ട്. യൂജീനിയ അര്‍ജനഷ്യ, സൈനോമെട്ര ബെഡോമി എന്നീ വംശനാശം സംഭവിച്ച സസ്യങ്ങളെ വീണ്ടും കണ്ടെത്തുകയും ഉദ്യാനത്തില്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. 80 ഇനം പക്ഷികളുടെയും  13 തരം ഉരഗങ്ങളുടെയും  11 ഇനം സസ്തനികളുടെയും 93 തരം ശലഭങ്ങളുടെയും  സാന്നിധ്യം ഉദ്യാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ കണ്ടെത്തിയതില്‍ ഭക്ഷ്യയോഗ്യമായ 103 ഇനം  ഇലകളില്‍ 50ല്‍ പരം ഇനങ്ങള്‍ ഉദ്യാനത്തില്‍ സംരക്ഷിക്കുന്നുണ്ട്.

അവസാനം പരിഷ്കരിച്ചത് : 7/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate