പുതുവർഷത്തിലും തുടർന്നും കേരളത്തിലെ കർഷകന്റെ ഭാവി നിശ്ചയിക്കുന്നത് ഫാർമേഴ്സ് പ്രൊഡ്യുസർ ഓർഗനൈസേഷൻ (എഫ്.. പി.ഒ.). അഥവാ കാർഷിക ഉൽപ്പാദക കമ്പനികളായിരിക്കും. കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും ചേർന്ന് തൃശൂരിൽ നടത്തിയ വൈഗ കൃഷി ഉന്നതി മേളയുടെ ബാക്കി പത്രം ഈ കാർഷികോൽപ്പാദക കമ്പനികളായിരിക്കും. നിലവിലുള്ള കർഷക ഗ്രൂപ്പുകൾ ,ഉൽപ്പാദകർ, ചെറുകിട സംരംഭകർ തുടങ്ങിയവർക്കും ചെറുകിട നാമമാത്ര കർഷകർക്കും അവരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് സംസ്ഥാന സർക്കാർ മുന്നോട്ടുവക്കുന്ന എളുപ്പ വിദ്യയാണ് എഫ്. പി.ഒ. എന്ന ആശയം.2018 ലെ ബഡ്ജറ്റിലും സംസ്ഥാന കാർഷിക നയത്തിലും സർക്കാരിന്റെ പരിഗണനാവിഷയങ്ങളായിരുന്നു കാർഷികോൽപ്പാദക കമ്പനികൾ .മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനത്തിനും വിപണനത്തിനും കർഷകരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി കഴിഞ്ഞ മൂന്ന് വർഷമായി നടത്തുന്ന വൈഗ കൃഷി ഉന്നതി മേളയുടെ മൂന്നാം പതിപ്പായ 2018 ലെ തൃശൂർ വൈഗയുടെ സമാപനത്തോടനുബന്ധിച്ച് കൃഷി മന്ത്രി നടത്തിയ പ്രഖ്യാപനമാണ് എഫ്. പി.ഒ. അഥവാ കാർഷികോൽപ്പാദക കമ്പനികൾ എന്ന ആശയം.
ഇപ്രാവശ്യത്തെ വൈഗയുടെ ഫലമായി കൃഷി വകുപ്പിന് കീഴിൽ കേരളത്തിൽ 50 പുതിയ കാർഷികോൽപ്പാദക കമ്പനികൾ അഥവാ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ( എഫ്. പി.ഒ) ആരംഭിക്കും.
എന്താണ് എഫ്. പി.ഒ. അഥവാ കാർഷിക ഉൽപ്പാദക കമ്പനി ?
കാർഷിക മേഖലയിൽ ഉല്പാദനവും സംസ്കരണവും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും വിപണി ഒരുക്കുന്നതിനുള്ള കൂട്ടായ്മയുമാണ് യഥാർത്ഥത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ( എഫ്. പി.ഒ) അഥവാ കാർഷിക ഉൽപ്പാദക കമ്പനികൾ . ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (എഫ്. പി.സി) ആയി കമ്പനി ആക്ട് പ്രകാരമാണ് രജിസ്ട്രേഷൻ .അംഗങ്ങളും അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ചെയർമാന്റെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സും എല്ലാം കർഷകരാണ്. എന്നാൽ കമ്പനിയുടെ സി..ഇ.ഒ. പദവിയിൽ പ്രൊഫഷണലുകളായിരിക്കണം. ഓഹരി,. മൂലധനം. ,ഓഡിറ്റ് തുടങ്ങിയവയെല്ലാം വൻകിട കമ്പനികളുടേതിന് സമാനമാണ്.നിലവിൽ കേരളത്തിൽ 200. ഒാളം കാർഷികോൽപ്പാദക കമ്പനികൾ അഥവാ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പലതും നബാർഡിന്റെ പിന്തുണയോടെയാണ് പ്രവർത്തനം നടത്തുന്നത്. സാങ്കേതികമായ പല പ്രശ്നങ്ങളും ഈ കമ്പനികൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് പരിഹാരമുണ്ടാകണം.ആദ്യമായി വൈഗ നടത്തിയതിന്റെ ഫലമായി ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുകയും ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്ലന്നങ്ങൾക്ക് വിപണന സാധ്യത കണ്ടെത്തുകയും ചെയ്തു. രണ്ടാം വൈഗയുടെ ഫലമായാണ് വാഴ- തേൻ പാർക്ക് തൃശൂരിൽ ആരംഭിക്കാൻ നടപടികൾ തുടങ്ങിയത്. . . 2019 ജനുവരിയിൽ ഇതിന്റെ പ്രവർത്തനം തുടങ്ങും.വൈഗയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത അഞ്ച് സാങ്കേതിക വിദ്യകൾ പുറത്തിറക്കി. സംസ്ഥാനത്തെ അഞ്ച് മൊത്ത വ്യാപര കേന്ദ്രങ്ങളിൽ ഇടനിലക്കാരില്ലാത്ത വിപണി ആരംഭിക്കും. ഇവിടെ ഉല്പാദനമില്ലാത്ത ഉൽപ്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരള ത്തിലേക്കും കേരളത്തിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്കും കൈമാറ്റം ചെയ്യും .സവോള പോലുള്ളവ നിശ്ചിത വിലക്ക് കേരളം എടുക്കും .കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങൾ ഗുജറാത്ത് ഹോർട്ടി കൾച്ചർ മിഷൻ പോലുള്ളവർ എടുക്കും കാര്യങ്ങളിൽ കാർഷിക ഉല്പാദക കമ്പനികൾക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും.
നബാർഡിന്റെ ഇടപെടൽ.
കാർഷിക ഉല്പാദക കമ്പനികളുടെ കാര്യത്തിൽ ഇതുവരെ ശക്തമായ നേതൃത്വവും വലിയ ഇടപെടലും നടത്തിയിട്ടുള്ളത് നബാർഡ് ആണ്. 2014 - 15 സാമ്പത്തിക വർഷം കേന്ദ്ര ഗവൺമെന്റിന്റെ പ്രൊഡ്യൂസ് ഫണ്ട് ഉപയോഗിച്ചാണ് ആദ്യമായി ഇവ ആരംഭിച്ചത്. ഏകദേശം രണ്ടായിരത്തിലധികം എഫ്.പി.ഒ.കൾ നബാർഡിന് കീഴിലുണ്ട്. രാജ്യത്ത് ആറ് ലക്ഷം കർഷകർ ഈ കമ്പനികളിൽ ഓഹരി ഉടമകളാണ്. കേരളത്തിൽ നബാർഡ് സാമ്പത്തിക- സാങ്കേതിക സഹായം നൽകുന്ന 120 കാർഷികോൽപ്പാദക കമ്പനികളിൽ അമ്പതിനായിരം കർഷകർ ഓഹരി ഉടമകളാണ്. ശരാശരി ഒരു കമ്പനിയിൽ അഞ്ഞൂറ് കർഷകരെങ്കിലും ഉണ്ടാവുകയും വാർഷിക അറ്റാദായം 50 ലക്ഷം രൂപ വാർഷിക അറ്റാദായം ഉണ്ടാവുകയും ചെയ്താൽ അത്തരം കമ്പനികൾക്ക് വീണ്ടും സഹായം നൽകും. കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിലെ പ്രവർത്തന മികവിൽ 33 കമ്പനികൾ എ ഗ്രേഡ് കമ്പനികളായി നബാർഡ് പരിഗണിച്ചിട്ടുണ്ട്.
എങ്ങനെ ഒരു എഫ്. പി.ഒ. ആരംഭിക്കാം.!
നബാർഡ് കമ്പനി രൂപീകരണം ഏകദേശം അവസാനിപ്പിച്ചതിനാൽ നബാർഡിന് കീഴിൽ ഇനി പുതിയ എഫ്. പി.ഒ. കൾക്ക് സാധ്യത കുറവാണ്. നിലവിലുള്ളവയുടെ ശാക്തീകരണവും ഓഹരി ഉടമകളുടെ എണ്ണം വർദ്ധി പ്പിക്കുകയുമാണ് നബാർഡിന്റെ ലക്ഷ്യം. എന്നാൽ കൃഷി വകുപ്പിന് കീഴിൽ ഇതിന് സാധ്യത ഉണ്ട്. ആധാർ കാർഡ്,. പാൻ കാർഡ്, ഫോട്ടോ ,ഓഹരി മൂലധനം ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുമായി കമ്പനി കൺസൾട്ടൻറുമാരുടെ സഹായത്തോടെ കർഷക കൂട്ടായ്മകൾക്ക് എഫ്. പി.ഒ. രൂപീകരിക്കാം. ശേഷം കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണം. സർക്കാരിന്റെ ഇടപെടൽ ഇതുവരെ സംസ്ഥാന സർക്കാരോ വിവിധ വകുപ്പുകളോ എഫ്. പി.ഒ. കളെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ ഇതിനായി മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കും. ഇതിന് മുന്നോടിയായി ആലോചന യോഗങ്ങൾ കഴിഞ്ഞു. ഉടൻ മാർഗ്ഗ നിർദ്ദേശങ്ങളും ഒരു നയവും ഉണ്ടാകും .സംസ്ഥാന സർക്കാരിന്റെ ഗ്രേഡിംഗും സാമ്പത്തിക സാങ്കേതിക സഹായങ്ങളും വിപണി ഇടപെടലും ഉണ്ടാകും.ചുരുക്കത്തിൽ പ്രളയാനന്തര കാർഷിക കേരളത്തിന്റെ പുനർജ്ജനി അഥവാ ഭാവി എന്നത് ഇനി കാർഷിക ഉല്പാദക കമ്പനികൾ( എഫ്. പി.ഒ. ) ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
സി.വി.ഷിബു