অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിക്ക് കരുത്തായി പുനര്‍ജ്ജനി വിത്തുമുതല്‍ വിപണിവരെ കര്‍ഷകനേതൃത്വം

കൃഷിക്ക് കരുത്തായി പുനര്‍ജ്ജനി വിത്തുമുതല്‍ വിപണിവരെ കര്‍ഷകനേതൃത്വം

ഇടനിലക്കാരുടെ ചൂഷണങ്ങള്‍ക്ക് ഏറ്റവും വിധേയമാകുന്ന ഒരു വിഭാഗമായിരുന്നു ഇതുവരെ കര്‍ഷകര്‍. ഈ ചൂഷണം ഒഴിവാക്കുന്നതിന് കേരളത്തിലങ്ങോളമിങ്ങോളം ധാരാളം കര്‍ഷക കൂട്ടായ്മകള്‍ ഉദയംചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലിന്റെ ഭാഗമായാണ് ഇത്തരം കൂട്ടായ്മകള്‍ രൂപപ്പെട്ടുവന്നിട്ടുള്ളത്. അത്തരത്തിലൊരു സംഘശക്തിയാണ് വയനാട് ജില്ലയിലെ അമ്പലവയലില്‍ കാണുന്നത്. 1999ല്‍ അമ്പലവയലില്‍ കരടിപ്പാറയില്‍ രൂപീകരിച്ച സ്‌മോള്‍ ടീ ഗ്രോവേഴ്‌സ് അസോസിയേഷന്‍ ഇന്ന് ഗ്രീന്‍ടീയുടെ വലിയ ഉത്പാദകരായി മാറിക്കഴിഞ്ഞു. 2007ല്‍ ചാരിറ്റബിള്‍ സൊസൈറ്റി
ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ രൂപീകരിച്ച ഈ സംഘം ഇപ്പോള്‍ നബാര്‍ഡിന് കീഴിലുള്ള വയനാട് ഗ്രീന്‍ടീ പ്രൊഡ്യൂസര്‍ കമ്പനിയായി വളര്‍ന്നിരിക്കുകയാണ്. 2017 മുതല്‍ കരടിപ്പാറയില്‍ ഗ്രീന്‍ടീയുടെ സംസ്‌ക്കരണ യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഓര്‍ത്തഡോക്‌സ് ചായപ്പൊടിയും ഗ്രീന്‍ടീയും ഇവിടെ ഉത്പാദിപ്പിച്ച് ബേഗ്രീന്‍ എന്ന പേരില്‍ വിപണനം നടത്തിവരുന്നു. ഏതാണ്ട് 5000ത്തോളം ഹെക്ടര്‍ സ്ഥലത്ത് വയനാട്ടില്‍ തേയിലകൃഷിയുണ്ട്. ഇതില്‍ 1000 ഹെക്ടര്‍ ചെറുകിട തേയിലക്കര്‍ഷകരുടേതാണ്. മൊത്തം 7000ലധികം ചെറുകിട തേയില കര്‍ഷകരുണ്ട്. വയനാട് ഗ്രീന്‍ടീ ഉത്പാദക സംഘത്തില്‍ ഇപ്പോള്‍ ഏകദേശം 200ഓളം അംഗങ്ങളും അരക്കോടിയിലേറെ രൂപയുടെ വിഹിതവുമുണ്ട്. തവിഞ്ഞാല്‍ പഞ്ചായത്തിലെ കരിമാനിയിലും ചെറുകിട തേയില കര്‍ഷകരുടെ നേതൃത്വത്തില്‍ ഒരു ടീഫാക്ടറി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വാംടീ എന്ന പേരില്‍ ഈ ചായപ്പൊടി ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.തൃശൂര്‍ ജില്ലയിലെ അന്നമനടയിലുള്ള കര്‍ഷക ഉത്പാദക കമ്പനിയും ഇന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ കാര്യത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. 2016 മുതലാണ് അന്നമനട എഫ്.പി.ഒ. പ്രവര്‍ത്തനമാരംഭിച്ച് വിത്ത് വിതരണം മുതല്‍ വിളസംസ്‌ക്കരണം വരെയുള്ള മേഖലകളില്‍ ഫലപ്രദമായി ഇടപെടുന്നത്.ഗുണമേന്മയേറിയ വിളവുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വഴി കൂടുതല്‍ ലാഭവും കമ്പനി കര്‍ഷകന് ലഭ്യമാക്കുന്നു. ഒട്ടേറെ വിറ്റാമിനുകളും പോഷകമൂല്യങ്ങളും അടങ്ങിയിട്ടുള്ള തികച്ചും പ്രകൃതിദത്തമായ ശീതള പാനീയമായ ജാതിക്ക ജ്യൂസ്, ഉതരരോഗങ്ങള്‍ക്ക് ശമനം വരുത്തുന്നതും മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിന് ലേപനമായി ഉപയോഗിക്കുന്നതിനും പാദം വിണ്ടുകീറുന്നതിന് പ്രതിവിധിയായി ഉപയോഗിക്കുന്നതും മസാലക്കറിക്ക് കൂടുതല്‍ ഗന്ധവും രുചിയും നല്‍കുന്നതുമായ ജാതിക്കാപ്പൊടി ഈ കമ്പനിയുടെ മറ്റൊരു ഉത്പന്നമാണ്. കൂടാതെ ഡ്രൈഫ്രൂട്ട് വിഭാഗത്തില്‍ വിതരണം ചെയ്യുന്ന ജാതിക്കയും തേനും ചേര്‍ത്തുണ്ടാക്കുന്ന ജാതിക്കാ കാന്‍ഡി ഇന്ന് രുചിയേറിയ ഒരു വിഭവമായിമാറിക്കഴിഞ്ഞു. ദോഷകരമായ മൈതയും പൂരിത കൊഴുപ്പും ഒഴിവാക്കിയ ജാതിക്കാ കേക്ക് ആസ്വാദകര്‍ക്ക് പ്രിയമുള്ള മറ്റൊരു വിഭവമാണ്. ചക്കപ്പൊടി, ചക്കമുറുക്ക്, ചക്കപക്കുവട, ഗ്രീന്‍ടീ, സിനമണ്‍ ഹണി, ജാതിക്കാ തേന്‍ തുടങ്ങിയ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. ചഡഠഠഞഋ എന്ന ബ്രാന്റ് പേരിലൂടെയാണ് ഇവിടുത്തെ കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ലോകവിപണിയിലേക്ക് എത്തിക്കുന്നത്. ഇതുപോലെ ധാരാളം കര്‍ഷക കൂട്ടായ്മകള്‍ മാതൃകാപരമായി കേരളത്തിലുടനീളം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സാങ്കേതിക സഹായവുമായി സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മികച്ച സാങ്കേതിക വൈദഗ്ധ്യത്തിന്റെയും വിപണന സൗകര്യത്തിന്റെയും അപര്യാപ്തതയായിരുന്നു കര്‍ഷകര്‍ ഇതുവരെ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇതിന് പതിയെ മാറ്റംവന്നിരിക്കുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും ശക്തമായ ഇടപെടലും നേതൃത്വവും സഹായവും മൂലം സാങ്കേതിക വൈദഗ്ധ്യവും വിപണന സൗകര്യവും ഇന്ന് കര്‍ഷകര്‍ക്ക് കൈമുതലായി വന്നിരിക്കുകയാണ്. ഇതില്‍ എടുത്തുപറയേണ്ടതാണ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പോലുള്ള ഏജന്‍സികള്‍. കാര്‍ഷികോത്പന്നങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും തരംതിരിക്കുന്നതിനും പാക്കിംഗിനും വിപണനത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മാര്‍ക്കറ്റുകളില്‍ ഒരുക്കുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡും കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, പാക്ക് ഹൗസ്, സംയോജിത പാക്ക് ഹൗസ്, പ്രീകൂളിംഗ് യൂണിറ്റ്, കോള്‍ഡ് റൂം, മൊബൈല്‍ പ്രീ കൂളിംഗ് യൂണിറ്റ്, കോള്‍ഡ് സ്റ്റോറേജ്, റീഫര്‍ വാന്‍, പ്രൈമറി പ്രോസസിംഗ് യൂണിറ്റ്, റൈപ്പനിംഗ് ചേംബര്‍, പ്രിസര്‍വേഷന്‍ യൂണിറ്റ് എന്നിവയ്ക്ക് സാമ്പത്തികസഹായം നല്‍കുന്നുണ്ട്.വിപണികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഗ്രാമീണ വിപണിക്ക് 25 ലക്ഷം രൂപയും ചില്ലറ വില്‍പ്പനശാലയ്ക്ക് 15 ലക്ഷം രൂപയും സ്റ്റാറ്റിക് മൊബൈല്‍ വെന്‍ഡിംഗ് യൂണിറ്റുകള്‍ക്ക് കൂള്‍ ചേംബറുകള്‍ക്ക് 30000 രൂപവരെയും, സംഭരണം, തരംതിരിക്കല്‍, പാക്കിംഗ് എന്നിവയ്ക്ക് അടിസ്ഥാന സൗകര്യവികസനത്തിനും 15 ലക്ഷം രൂപവരെയും ക്വാളിറ്റി കണ്‍ട്രോള്‍ അനാലിസിസ് ലാബിന് 200 ലക്ഷം രൂപവരെയും സഹായം നല്‍കുന്നു. കൂടാതെ ഓരോ വിളകളുടെയും കൃഷി, സംയോജിത രോഗകീടനിയന്ത്രണം,സംരക്ഷിത കൃഷി, ജൈവകൃഷി എന്നിവയുടെ ഏറ്റവും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കര്‍ഷകരെ പങ്കാളികളാക്കി അവരുടെ കൃഷിസ്ഥലത്തെ ഒരു ഹെക്ടര്‍ സ്ഥലത്ത് പ്രദര്‍ശനതോട്ടം സജ്ജമാക്കുന്നതിന് സാമ്പത്തികസഹായവും നല്‍കുന്നുണ്ട്. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് വാണിജ്യാടിസ്ഥാനത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ വികസനത്തിന് 2 ഹെക്ടറിന് 30 ലക്ഷം രൂപവരെയും, ഗ്രീന്‍ഹൗസ് നിര്‍മ്മിക്കുന്നതിന് ചിലവിന്റെ 50 ശതമാനവും, പാക്ക് ഹൗസ് നിര്‍മ്മിക്കുന്നതിന് 50 ശതമാനവും, പ്രീകൂളിംഗ് യൂണിറ്റിന് 35 ശതമാനവും,കോള്‍ഡ് റൂം, റൈപ്പനിംഗ് ചേംബര്‍, റഫ്രിജറേറ്റഡ് വാന്‍ എന്നിവയ്ക്ക് 35 ശതമാനം വീതവും സഹായധനം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.

സാങ്കേതിക ജ്ഞാനം പകര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാലയും ഐ.സി.എ.ആറും.

കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എ.ആര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവയില്‍നിന്നുള്ള സാങ്കേതികജ്ഞാനം ഇന്ന് കര്‍ഷകര്‍ക്ക് ഏറ്റവും പ്രാപ്യമായിക്കഴിഞ്ഞു. പ്രാദേശിക കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍ മുഖേനയാണ് കാര്‍ഷികസര്‍വ്വകലാശാലയും ഐ.സി.എ.ആറും കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത്. കൃഷി, മൃഗസംരക്ഷണം, ഉദ്യാനവിളകൃഷി, ഗൃഹശാസ്ത്രം, സസ്യസംരക്ഷണം, മത്സ്യം വളര്‍ത്തല്‍ തുടങ്ങി ബഹുവിധമായ മേഖലകളില്‍ ഇവര്‍ സാങ്കേതിക ജ്ഞാനം നല്‍കുന്നുണ്ട്. ഔഷധസസ്യങ്ങളുടെ യൂണിറ്റ്, വീട്ടുവളപ്പിലെ മാതൃകാകൃഷി, കൂണ്‍ ഉല്‍പാദന യൂണിറ്റ്,ആന്തൂറിയം ഉല്‍പാദന യൂണിറ്റ്, സംയോജിത കൃഷി മാതൃകാ പ്രദര്‍ശനയൂണിറ്റ്, ആട് പ്രചരണ യൂണിറ്റ്, പശുവളര്‍ത്തല്‍ യൂണിറ്റ്, കാര്‍പ്പ് ഹാച്ചറി,പ്രദര്‍ശനശാല, കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദന യൂണിറ്റ്, അലങ്കാരമത്സ്യകൃഷി യൂണിറ്റ്, ശുദ്ധജല മത്സ്യകൃഷിയൂണിറ്റ്, ഹോംസയന്‍സ് യൂണിറ്റ് തുടങ്ങിയവയെല്ലാം കോഴിക്കോട് പെരുവണ്ണാമൂഴിയിലുള്ള കൃഷിവിജ്ഞാനകേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെപ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വഴിയും കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍
വഴിയും വിവിധ തരം പരിശീലനങ്ങളും കര്‍ഷക കൂട്ടായ്മകള്‍ക്കുള്ള നേതൃത്വത്തിനും പ്രധാന പങ്ക് വഹിക്കുന്നു.വിത്ത് സംരക്ഷണത്തിന് എന്‍.ബി.പി.ജി.ആര്‍.കര്‍ഷകരുടെ കൈവശമുള്ള വിത്തുകള്‍ സൂക്ഷിക്കുന്നതിനും തിരികെ കര്‍ഷകര്‍ക്ക് നല്‍കുന്നതിനും കേന്ദ്രഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് എന്ന സ്ഥാപനം സഹായകരമാണ്. നിലവില്‍ കര്‍ഷകരുടെ കൈവശമുള്ള അപൂര്‍വ്വയിനങ്ങളില്‍പെട്ട വിത്തുകള്‍ ഇവര്‍ക്ക് കൈമാറ്റംചെയ്താല്‍ നൂറ്റാണ്ടുകളോളം ഇവ സൂക്ഷിക്കുകയും ആവശ്യംവരുമ്പോള്‍ അവ കര്‍ഷകര്‍ക്ക് തിരികെ നല്‍കുകയും ചെയ്യുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം തൃശൂര്‍ മണ്ണൂത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 3000 ലധികം നെല്ലിനങ്ങള്‍, 1400ലധികം വെണ്ട, 700ഓളം ഇനം മുതിര, 130ലധികം വെള്ളരിവര്‍ഗങ്ങള്‍, 100ലധികം ഇനം മത്തന്‍, 165ഇനം ചീര, 260ഇനം പയര്‍ എന്നിങ്ങനെ ധാരാളം ഇനം വിത്തുകള്‍ ഇവര്‍ സൂക്ഷിക്കുന്നു. 70 ഇനം എള്ളും, 65 ഇനം കുമ്പളവും ഇവരുടെ വിത്തുശേഖരണത്തിലുണ്ട്. ശേഖരിക്കുന്ന വിത്തുകള്‍ ജലാംശം 5%മാക്കി താഴ്ത്തി ട്രൈപോളിയേറ്റഡ് അലൂമിനിയം പൗച്ചുകളിലാക്കി സീല്‍ ചെയ്താണ് ഇവ സൂക്ഷിക്കുന്നത്. പിന്നീട് ജലാംശം നിയന്ത്രിക്കാനായി ഏഴ് സെന്റീഗ്രേഡ് തണുപ്പില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കും.ഇങ്ങനെ 20 വര്‍ഷംവരെ വിത്തുകള്‍ സൂക്ഷിക്കാന്‍ കഴിയും. എല്ലാ വിത്തുകളുടെയും ഡ്യൂപ്ലിക്കേറ്റ് സെറ്റുകള്‍ ഡല്‍ഹിയിലെ ഉസാ ക്യാമ്പസിലുള്ള എന്‍.ബി.പി.ജി.ആര്‍. ആസ്ഥാനത്ത് സൂക്ഷിക്കുന്നുണ്ട്. 18 ഡിഗ്രി സെന്റീഗ്രേഡ് ഊഷ്മാവിലാണ് ഇവ സൂക്ഷിക്കുന്നത്. ഡല്‍ഹിയില്‍ ഇങ്ങനെ 1976 മുതല്‍ വിത്തുകള്‍ സൂക്ഷിക്കുന്നുണ്ട്. കുറഞ്ഞത് 100 വര്‍ഷംവരെയും ഇങ്ങനെ വിത്തുകള്‍ സൂക്ഷിക്കാനാകുമെന്ന് ഈ രംഗത്തെ ഗവേഷകനായ ഡോ. കെ.ജോസഫ് ജോണ്‍ പറഞ്ഞു.ഓരോ പന്ത്രണ്ട് വര്‍ഷം കൂടുന്തോറും എല്ലാ വിത്തുകളും ടെസ്റ്റ് ചെയ്ത് നവീക
രിക്കും. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജീന്‍ ബാങ്കാണ് ഇന്ത്യയുടെ എന്‍.ബി.പി.ജി.ആര്‍.
സി.വി.ഷിബു

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate