অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ ഇനം താറാവുകൾ

എല്ലാ രാജ്യങ്ങളിലും താറാവുകളെ വളര്‍ത്തുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാര്‍ക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്.

ഏകദേശം നാല്പത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ താറാവുകള്‍ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയണ്ടായി. ഇന്ന് നമ്മുടെ ഇടയില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഭക്ഷ്യ സുരക്ഷയില്‍ താറാവുകള്‍ ഗണ്യമായ ഒരു സ്ഥാനം വഹിക്കുന്നു. സന്തുലിതാവസ്ഥയില്‍ പോക്ഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും. താറാവ് മുട്ടകള്‍ക്ക് കോഴി മുട്ടയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാണ്. ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അരാക്കിടോണിക് അമ്ലവും, ഒമേഗ 3 കൊഴുപ്പമ്ലവും താറാമുട്ടകളില്‍ അടങ്ങിയിരിക്കുന്നു.

സവിശേഷതകള്‍

കോഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നാണ് കൂടുതല്‍ മുട്ട ലഭിക്കുന്നത്. മാത്രവുമല്ല കുട്ടനാടന്‍ താറാവുകളില്‍ തൂക്കത്തിന്റെ 68% വും ഭക്ഷ്യയോഗ്യമായ മാംസമാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ വളര്‍ത്തിയെടുക്കാവുന്ന താറാവുകള്‍ക്ക് ലളിതമായ പാര്‍പ്പിടസൗകര്യങ്ങളേ ആവശ്യമുള്ളൂ. ഇവ രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി നമുക്ക് മുട്ടതരുന്നു എന്നുള്ളതും, താറാവുകളെ കൂട്ടത്തോടെ നിയന്ത്രിച്ചു കൊണ്ടു നടക്കാം എന്നുള്ളതും ഏറെ പ്രാധാന്യ മര്‍ഹിക്കുന്നു.

താറാവുകള്‍ക്ക് താരതമ്യേന രോഗങ്ങള്‍ കുറവാണ്. ധൃതഗതിയിലുള്ള വളര്‍ച്ചയും അതിരാവിലെ തന്നെ മുട്ടയിടുന്നതിനാല്‍ പരിപാലനത്തിനും ഇവ ഏറെ സൗകര്യമാണ്. കൊയ്ത്തുകഴിഞ്ഞ നെല്‍പാടങ്ങളിലും കുളങ്ങള്‍, കനാലുകള്‍ എന്നിവടങ്ങളിലും യഥേഷ്ടം വളര്‍ത്താന്‍ കഴിയുന്നു എന്നുള്ളതുകൊണ്ടുതന്നെ തീറ്റചിലവും കര്‍ഷകര്‍ക്ക് ഗണ്യമായി കുറയുന്നു.

വിവിധയിനം താറാവുകള്‍

ഉപയോഗമനുസരിച്ച് താറാവുകളെ നമുക്ക് മൂന്നായി തരംതിരിക്കാം

  1. മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്നവ
  2. ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവ
  3. അലങ്കാരത്തിനുവേണ്ടി വളര്‍ത്തുന്നവ

മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്നവ
കാക്കി ക്യാംബെല്‍

വെള്ള, കറുപ്പ്, കാക്കി എന്നിങ്ങനെ ക്യാംബെല്ലുകള്‍ മൂന്നിനമുണ്ട്. ഏകദേശം 50-55 ഗ്രാം തൂക്കം വരുന്ന 340 – 350 വരെ മുട്ടകള്‍ ഈ ഇനത്തില്‍ പെട്ട താറാവുകള്‍ നമുക്ക് തരുന്നു. ഇതിലെ പൂവന് ഏകദേശം 2.5 കിലോയും പിടയ്ക്ക് ഏകദേശം 2.2 കിലോയും തൂക്കമുണ്ടാകും. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞാലും ഇവയ്ക്ക് ഒരാഴ്ചയോളം വെള്ളമില്ലാതെ ജീവിക്കാന്‍ കഴിവുള്ളതുകൊണ്ട് വീട്ടുവളപ്പില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമാണ്.

ഇന്ത്യന്‍ റണ്ണര്‍

നീളമുള്ള മലിഞ്ഞ ശരീരപ്രക‍തമുള്ള ഇവ മുട്ടയുത്പാദനകാര്യത്തില്‍ രണ്ടാം സ്ഥാനക്കാരാണ്. പ്രതിവര്‍ഷം 314 – 335 വരെ മുട്ടകള്‍ ഇവ ഇടുന്നു. പ്രതിരോധശേഷി കൂടുതലുള്ള ഇന്ത്യന്‍ റണ്ണര്‍ താറാവുകളില്‍ മരണനിരക്ക് ഏറെക്കുറവാണ്.

ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവ
വൈറ്റ് പെക്കിന്‍, അയില്‍സ്ബെറി, വിഗോവ സൂപ്പര്‍ എം എന്നീ ഇറച്ചിക്കോഴി വിഭാഗത്തില്‍പ്പെട്ട ഇനങ്ങള്‍ പ്രജനനം നടത്തി ഉല്പാദിപ്പിച്ചവയായതിനാല്‍ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ലാഭകരമായി വളര്‍ത്താന്‍ നമുക്ക് കഴിയും. ഇവയ്ക്ക് വര്‍ദ്ധിച്ച രോഗപ്രതിരോധ ശക്തിയുള്ളതും പ്രാധാന്യമര്‍ഹിക്കുന്നു.

വൈറ്റ് പെക്കിന്‍


ദ്രുതഗതിയിലുള്ള വളര്‍ച്ചയും തീറ്റ പരിവര്‍ത്തനശേഷി കൂടിയതുമായ ഈ ഇനത്തിന്റെ ജന്മദേശം ചൈനയാണ്. സ്വാദുള്ള ഇറച്ചിയും ഉയര്‍ന്ന ജീവനക്ഷമതയും ഇവയുടെപ്രത്യേകതകളാണ്. കൊക്കിനും കാലിനും ഓറഞ്ച് നിറവും തൂവലുകള്‍ക്ക് വെള്ള നിറവുമുള്ള ഇവരെക്കാണാന്‍ സുന്ദരന്മാരാണ്. 54 ദിവസംകൊണ്ട് 2.5 കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ഇവയ്ക്ക് അടയിരിക്കാനുള്ള വാസനയുണ്ട്. വര്‍ഷത്തില്‍ 160 മുതല്‍ 200 വരെ മുട്ടകളിടുമെങ്കിലും ഇവയെ ഇറച്ചിക്കുവേണ്ടിയാണ് പ്രധാനമായും വളര്‍ത്തുന്നത്.

അയില്‍സ്‍ബെറി


ഏകദേശം വൈറ്റ് പെക്കിളിന്റെ ഏല്ലാ ഗുണവും സവിശേഷതകളുമുള്ള ഇവ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നാണ് ഉത്ഭവം. 5 കിലോഗ്രാമോളം ഭാരം വരുന്ന ഇവ വര്‍ഷത്തില്‍ 150 -തോളം മുട്ടകള്‍ ഇടുന്നു.

മസ്‍കോവി


തെക്കന്‍ അമേരിക്കക്കാരായ ഇവരുടെ മാംസം നല്ല സ്വാദേറിയതാണ്. സാധാരണ ഉയരമുള്ള മതിലുകള്‍ക്കുമുകളിലൂടെ പറന്നിറങ്ങാന്‍ കഴിവുള്ള ഇവരുടെ തലഭാഗത്ത് അറിമ്പാറപോലെ തോന്നിക്കുന്ന തൊലിയുണ്ട്. 17 ആഴ്ചയാകുമ്പോള്‍ ഇറച്ചിക്കായി വളര്‍ന്നെത്തും എന്നുള്ളത് പ്രത്യേകതയാണ്. താറാവുകളുടെ മുട്ട വിരിയുന്നതിന് സാധാരണ 28 ദിവസം മതി എന്നാല്‍ മസ്കോവികളുടെ മുട്ട വിരിയുന്നതിന് 32 മുതല്‍ 36 വരെ ദിവസങ്ങള്‍ ആവശ്യമാണ്.

വിഗോവ സൂപ്പര്‍ എം


ബ്രോയിലര്‍ വര്‍ഗ്ഗ (ഇറച്ചിത്താറാവ്) ത്തില്‍പ്പെട്ട ഇവയുടെ ഉറവിടം വിയറ്റ്നാമാണ്. ആറാഴ്ച പ്രായമാകുമ്പോള്‍ പൂവന് 2.85 കിലോഗ്രാമും പിടയ്ക്ക് 2.5 കിലോഗ്രാമും തൂക്കം വരുന്ന ഇവയുടെ മുട്ടയുല്പാദനം പ്രതിവര്‍ഷം 160 – 180 ആണ്.

അലങ്കാരത്തിനായി വളര്‍ത്തുന്നവ


ഡെക്കോയി


കേയുഗ

ക്രസ്റ്റഡ് വൈറ്റ്


പിങ്ക് ഹെഡെഡ്

ഡെക്കോയി, കേയുഗ, ക്രസ്റ്റഡ്‍വൈറ്റ്, പിങ്ക് ഹെഡഡ് എന്നിവയാണ് പ്രധാന അലങ്കാര താറാവുകള്‍

കേരളത്തിലെ നാടന്‍ താറാവുകള്‍

ചരയും, ചെമ്പല്ലിയും കുട്ടനാട്ടില്‍ സുപരിചിതമായ ഇവ കുട്ടനാടന്‍ താറാവുകള്‍ എന്നറിയപ്പെടുന്നു. തൂവലുകളുടെ നിറത്ത അടിസ്ഥാനമാക്കിയാണ് ഈ പേരുകള്‍ നിലനില്‍ക്കുന്നത്. ഇടയ്ക്കിടെ തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയവയാണ് ചാരത്താറാവുകള്‍ . മങ്ങിയ തവിട്ടു നിറമുള്ള, കറപ്പിന്റെ അംശം ഒട്ടുമില്ലാത്ത താറാവാണ് ചെമ്പല്ലി. അത്യുല്പാദനശേഷിയുള്ള ഈ കുട്ടനാടന്‍ താറാവുകളുടെ ജന്മഗ്രഹം കേരളം തന്നെയാണ്. ഇപ്പോള്‍ തമിഴ്നാട്. കര്‍ണ്ണാടകം ആന്ത്രാപ്രദേശം എന്നിവിടങ്ങളില്‍ ധാരാളമായി വളര്‍ത്തിവരുന്നു. പ്രതിവര്‍ഷം 80 -85 ഗ്രാം തൂക്കം വരുന്ന 225 മുതല്‍ 250 വരെ മുട്ടകളിടും.

താറാവുകള്‍ക്കുള്ള പാര്‍പ്പിടം

ചോര്‍ച്ചയില്ലാത്ത മേല്‍ക്കൂരയും നല്ല വായുസഞ്ചാരവുമുള്ള കൂടുകളായിരിക്കണം താറാവുകള്‍ക്കായി നിര്‍മ്മിക്കേണ്ടത്. വെള്ളം​ കെട്ടിക്കിടക്കാത്ത അല്പം ഉയര്‍ന്ന സ്ഥലം ഇതിനായി തിരഞ്ഞെടുക്കണം. തറ സിമന്‍റ് ചെയ്യുന്നതുകൊണ്ട് അടിയില്‍ നിന്നുള്ള ഈര്‍പ്പം ഒഴിവാക്കാം. അതിനുശേഷം ചിന്തേരുപൊടി (മരപ്പൊടി) പോലുള്ള ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിവുള്ള ഒരു വിരിപ്പ് അതിനുമുകളില്‍ തയ്യാറാക്കണം. ചുമരുകള്‍ ഏകദേശം രണ്ടടിവരെ ഉയരത്തിലും പിന്നെ കമ്പിവലകൊണ്ടും സുരക്ഷിതമാക്കാം.

താറാവിന്‍ കുഞ്ഞുങ്ങളുടെ പരിപാലനം

കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കൂടിനകം അണുനാശിനി ചേര്‍ത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകണം. തറ നന്നായി ഉണങ്ങിയ ശേഷം രണ്ടിഞ്ച് കനത്തില്‍ ലിറ്റര്‍ വിതറണം. തീറ്റപാത്രം വെള്ളം എന്നിവ യഥാസ്ഥാനത്ത് സജീകരിച്ചിട്ടുവേണം കുഞ്ഞുങ്ങളെ പാര്‍പ്പിക്കേണ്ടത്. താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് വെള്ളം നല്കുന്ന പാത്രം മൂന്നിഞ്ച് താഴ്ചയുണ്ടാകണം. അതുപോലെ തന്നെ തീറ്റയും വെള്ളവും നിറച്ചു വയ്ക്കുന്നതിലും ശ്രദ്ധിക്കേണ്ടതാണ്. ആദ്യത്തെ മൂന്നാഴ്ച ഒരു താറാവിന്‍കുഞ്ഞിന് ഒരു ചതുരശ്ര അടി സ്ഥലം മതിയാകും.

തൂവലുകളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമായി ചൂടുനല്കണം. അവ യഥാക്രമം ആദ്യ ആഴ്ചയില്‍ 32 ഡിഗ്രിയും രണ്ടാമത്തെ ആഴ്ചയില്‍ 29 ഡിഗ്രിയും മൂന്നാമത്തെ ആഴ്ചയില്‍ 26 ഡിഗ്രിയും മതിയാകും. ആദ്യത്തെ നാലഞ്ചു ദിവസത്തേയ്ക്ക് ഹോവറിനുചുറ്റും ഒരു വലയം സ്ഥാപിക്കണം. ഇത് കുഞ്ഞുങ്ങള്‍ ബ്രൂഡറിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയും അതു വഴി തണുപ്പില്‍ നിന്നുള്ള സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ മൂന്നാമത്തെ ആഴ്ചമുതല്‍ ബ്രൂഡര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. സാധാരണ കോഴി കുഞ്ഞുങ്ങള്‍ക്കുപയോഗിക്കുന്ന ബ്രൂഡര്‍തന്നെ താറാകുഞ്ഞുങ്ങള്‍ക്കും ഉപയോഗിക്കാം. ഇന്ഫ്രാറെഡ് ബള്‍ബുകള്‍ , സാധാരണ വൈദ്യുത ബള്‍ബുകള്‍, ഗ്യാസ് മാന്‍റിലുകള്‍ എന്നിവ ചൂടു നല്കുന്നതിന് ഉപയോഗിക്കാം. ഏകദേശം 150 കുഞ്ഞുങ്ങളെവരെ ഒരു ബ്രൂഡറില്‍ വളര്‍ത്താവുന്നതാണ്. യഥേഷ്ടം വായു സഞ്ചാരമുള്ള കെട്ടിടങ്ങളില്‍ ബ്രൂഡറില്‍ വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ നല്ല ആരോഗ്യമുള്ളവയാണ്.

താറാവിന്‍ കുഞ്ഞുങ്ങളെ 6 ദിവസം പ്രായമാകുമ്പോള്‍ അവയെ ദിവസം അരമണിക്കൂര്‍ വീതം വെള്ളത്തില്‍ വിടാവുന്നതാണ്. പിന്നീട് ക്രമമായി മൂന്നാഴ്ച കൂടുതല്‍ സമയം വെള്ളത്തില്‍വിട്ട് വളര്‍ത്തണം. താറാവിന് നീന്തുന്നതിന് എപ്പോഴും ജലാശയം കൂടിയേ തീരൂ എന്നില്ല. എന്നാലും തലമുഴുവന്‍ മുങ്ങത്തകവിധം വെള്ള പാത്രങ്ങളിലോ ചാലുകളിലോ ഉണ്ടായാല്‍ മതി. അല്ലാത്ത പക്ഷം കണ്ണുകളില്‍ രോഗം ബാധിക്കാന്‍ ഇടവരും. വേനല്‍ക്കാലങ്ങളിലും മറ്റും അന്തരീക്ഷത്തില്‍ ചൂടുകൂടുമ്പോള്‍ താറാവിന് ചിറകടിച്ചു കുളിക്കത്തക്കവിധം ജലം ലഭിച്ചില്ലെങ്കില്‍ ഉല്പാദനത്തില്‍ കുറവുണ്ടാകും.

പതിനാറാഴ്ചവരെ പ്രായമുള്ള താറാവുകള്‍ക്ക് കൂടുകളില്‍ രണ്ടരമുതല്‍ മൂന്ന് ചതുരശ്ര അടിവരെ സഥലം ആവശ്യമാണ്. വെള്ളപാത്രങ്ങള്‍ അഞ്ചിഞ്ചുമുതല്‍ ആറിഞ്ചുവരെ താഴ്ചയുള്ളതുമായിരിക്കണം. കുഞ്ഞുങ്ങളുടെ തലമുഴുവന്‍ മുങ്ങത്തക്കവണ്ണം വെള്ളം നിറയ്ക്കേണ്ടതുമാണ്. പകല്‍സമയങ്ങളില്‍ പാടങ്ങളില്‍ വിടുന്നില്ലെങ്കില്‍ കൂടിനുവെളിയില്‍ ഒരു കുഞ്ഞിന് പത്തുമുതല്‍ പതിനഞ്ച് ചതുരശ്ര അടിമുതല്‍ സ്ഥലം നല്കണം. ഒരു ഹെക്ടര്‍ സഥലത്ത് 2000 കുഞ്ഞുങ്ങളില്‍ കൂടുതല്‍ വളര്‍ത്താനും പാടില്ല. മൂന്നു മാസം വരെ താറാവിന്‍കുഞ്ഞുങ്ങളെ ഒന്നിച്ചു വളര്‍ത്തിയതിനുശേഷം പിടയേയും പൂവനേയും വേര്‍തിരിച്ച് വില്പനയ്ക്ക് സജ്ജമാക്കാം.

താറാവിന്‍ കുഞ്ഞുങ്ങളുടെ തീറ്റക്രമം

താറാവിന്‍കുഞ്ഞുങ്ങള്‍ക്ക് ആറാഴ്ച പ്രായംവരെ സമീകൃത തീറ്റ നല്കാം. അപ്പോള്‍ ചോറ് മീന്‍ എന്നിവ നല്കേണ്ടതില്ല.
താറാവിന്‍ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്കാവുന്നതാണ്.
തീറ്റ വെള്ളവുമായി നനച്ചു നല്കണം
നനച്ച തീറ്റ അടുത്ത ദിവസത്തേക്ക് ബാക്കി വച്ചാല്‍ പൂപ്പല്‍ വിഷബാധയ്ക്കുള്ള സാധ്യതയേറും.
ഒരു ദിവസത്തേയ്ക്ക് ആവശ്യമായ തീറ്റ മൂന്നു നേരമായി രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ കൊടുക്കണം.
ഒരു ദിവസം പ്രായമായ ഒരു താറാവിന്‍ കുഞ്ഞിന് ആദ്യത്തെ ആഴ്ച പത്തുമുതല്‍ പന്ത്രണ്ട് ഗ്രാം വരെ തീറ്റ വേണ്ടിവരും.

മുട്ടത്താറാവുകളുടെ പരിപാലനം

താറാവിന്‍ കൂടുകളില്‍ ഒരു താറാവിന് മൂന്നു മുതല്‍ നാലു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടിനുപുറത്ത് പത്തുമുതല്‍ പത്തുമുതല്‍ പതിനഞ്ച് ചതുരശ്ര അടിവരെ സ്ഥലവും ആവശ്യമാണ്. തീറ്റ നനച്ചുകൊടുക്കുമ്പോള്‍ ഒരു താറാവിന് അഞ്ചിഞ്ചോളം സ്ഥലം കണക്കാക്കിവേണം തീറ്റപാത്രങ്ങള്‍ തയ്യാറാക്കാന്‍. വെളിയില്‍ കൂടിനു സമാന്തരമായി കുടിക്കാനുള്ളവെള്ളം 50 സെ.മീറ്റര്‍ വീതിയും 20 സെ.മീറ്റര്‍ താഴ്ചയുമുള്ള പാത്തികെട്ടി അതില്‍ നിറയ്ക്കണം. പകല്‍സമയത്ത് ജലാശയങ്ങളിലോ വെള്ള നിറഞ്ഞപാടങ്ങളിലോ അണ് തുറന്നുവിടുന്നതെങ്കില്‍ ഇത്തരം പാത്തിയുടെ ആവശ്യമില്ല. ഈ ചാലില്‍ ചെളിവെള്ളം നിറയാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രവുമല്ല കൂടിനുചുറ്റുമുള്ള ഭാഗം താഴ്ന്നതായിരിക്കാന്‍ ശ്രദ്ധിക്കുകയും അകലേയ്ക്ക് ചരിവുണ്ടാക്കി മലിനപദാര്‍ത്ഥങ്ങള്‍ ദൂരേയ്ക്ക് മാറ്റുന്നതും നന്നായിരിക്കും.

താറാവുകള്‍ ഏറിയകൂറും പുലര്‍ച്ചേ നാലുമണിമുതലാണ് മുട്ടയിടുക. ഏതാണ്ട് ആറുമണിയോടെ മുട്ടകളിട്ട് തീരുകയും ചെയ്യും. മുട്ടയുല്‍പാദനത്തിനും മുട്ടത്തോടിന്റെ ഘടനയ്ക്കും കാത്സ്യം സ്രോതസ്സായ കക്കത്തുണ്ടുകള്‍ നല്കണം. ഇവ വിലകുറഞ്ഞതും എളുപ്പം ലഭ്യമാകുന്നതും ആണ്.

മുട്ടയുടെ വലിപ്പം അനുസരിച്ച് ഒരു മട്ടത്താറാവിന് ഒരു ദിവസം 170-180 ഗ്രാം തീറ്റ വേണ്ടിവരുന്നു. .താറാവിന് ധാരാളം പച്ചപ്പുല്ലും ആവശ്യമാണ്. മൂന്നുരീതിയിലുള്ള തീറ്റയാണ് സാധാരണ ഉള്ളത്. അവ സ്റ്റാര്‍ട്ടര്‍ ഗ്രോവര്‍ ലേയര്‍ എന്നിവയാണ്. താറാവിന്‍കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാല് ആഴ്ച സ്റ്റാര്‍ട്ടര്‍ തീറ്റ കൊടുക്കണം. അതിനുശേഷം 16 ആഴ്ചവരെ ലേയര്‍ തീറ്റയും കൊടുക്കണം. ഏകദേശം 17% പ്രോട്ടോനെങ്കിലും മുട്ടത്താറാവുകളുടെ തീറ്റയില്‍ അടങ്ങിയിരിക്കേണ്ടതാണ്. കാരണം താറാവുകളുടെ തീറ്റപരിവര്‍ത്തനശേഷി തുലോം കുറവാണ്.

താറാവ് രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും

രോഗപ്രതിരോധ ശേഷിയുള്ളവരാണെങ്കിലും ചില രോഗങ്ങള്‍ താറാവുകളില്‍ ഇടയ്ക്കിടയ്ക്ക് കണ്ടുവരാറുണ്ട്.സാംക്രമിക രോഗങ്ങളായ താറാവ് പ്ലേഗ്, ഡക്ക് കോളറ, പൂപ്പല്‍ രോഗങ്ങള്‍ തുങ്ങിയവ അവയില്‍ ചിലതാണ്. രോഗങ്ങള്‍ തക്കസമയത്ത് കണ്ടുപിടിക്കുന്നതിന് അതീവശ്രദ്ധയും നിര്‍കര്‍ഷതയും കര്‍ഷകര്‍ പാലിക്കേണ്ടതാണ്. കാലാകാലങ്ങളില്‍ അനുയോജ്യമായ പ്രതിരോധകുത്തിവയ്പുകള്‍ ഇത്തരം രോഗങ്ങള്‍ ചെറുക്കുന്നതിന് സഹായിക്കുന്നു. മാത്രവുമല്ല രോഗലക്ഷണങ്ങള്‍ മനസിലാക്കുന്നതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും റിക്കോര്‍ഡുകളും സൂക്ഷിക്കുന്നത് നന്നായിരിക്കും.

താറാവ് പ്ലേഗ്

താറാവ് പ്ലേഗ് എന്ന രോഗം ഡക്ക് പ്ലേഗ് വൈറസ് എന്ന സൂഷ്മാണു മൂലമാണ് ഉണ്ടാകുന്നത്. രോഗം ബാധിച്ചവ പെട്ടെന്ന് ചത്തൊടുങ്ങുന്നു. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ദ്രാവകം ഒലിച്ചിറങ്ങുകയും, കാലുകള്‍ക്ക് തളര്‍ച്ച, ചിറകുകള്‍ക്ക് സ്വാധീനക്കുറവ്, എന്നിവ ദൃശ്യമാവുകയും ആണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍. പച്ചകലര്‍ന്ന കാഷ്ഠം, വയറിളക്കം എന്നിവയും കാണുന്നു. രോഗം ബാധിച്ച താറാവുകള്‍ നീന്തുന്നതിന് പ്രയാസം കാണിക്കും. ഡക്ക് പ്ലേഗ് രോഗത്തിന് ചികിത്സയില്ല. പ്രതിരോധമാണ് അഭികാമ്യമായിട്ടുള്ളത്. രോഗപ്രതിരോധനത്തിന് മുന്‍ഗണന നല്കി വിപത്തുകള്‍ ഒഴിവാക്കാവുന്നതാണ്.

താറാവ് കോളറ

ഈ രോഗം പാസ്ചുറല്ല വര്‍ഗ്ഗത്തില്‍പ്പെട്ട ബാക്ടീരിയമൂലം ഉണ്ടാകുന്നതാണ്. നല്ല ആരോഗ്യമുള്ള താറാവുകള്‍ പൊടുന്നനെ ചത്തൊടുങ്ങുന്നു. എന്നതാണ് പ്രധാന ലക്ഷണം. രോഗം ബാധിച്ചവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം പുറത്തേക്കൊഴുകും. വ‌യറിനകത്ത് രക്തസ്രാവം ഉണ്ടാകും. പ്രതിരോധകുത്തിവയ്പ്പ് വഴി രോഗം ഒഴിവാക്കാം. രോഗം ബാധിച്ചാല്‍ ഫലപ്രദമായ ആന്റിബയോട്ടിക് തെരഞ്ഞെടുത്ത് ആവശ്യമായ അളവില്‍ നിര്‍ദ്ദിഷ്ടമായ കോഴ്സ് പൂര്‍ത്തിയാക്കി ഈ രോഗം ചികിത്സിച്ച് ഭേദമാക്കാം.

പൂപ്പല്‍ രോഗങ്ങള്‍

താറാവുകളില്‍ കണ്ടുവരുന്ന സാധാരണ പൂപ്പല്‍ രോഗങ്ങള്‍ ആസ്പര്‍ജില്ലേസിസ്, അഫ്ലോടോക്സിക്കോസിസ് എന്നിവയാണ്. ഫംഗസ് (പൂപ്പല്‍) ഇനത്തില്‍പ്പെട്ട രോഗകാരികള്‍ മൂലമാണ് ഈ രോഗങ്ങള്‍ ഉണ്ടാകുന്നത്.

ബ്രൂഡര്‍ നിമോണിയ
അസ്പര്‍ജില്ലസ് ഫൂമിഗേറ്റസ് എന്ന ഫംഗസാണ് താറാവുകളില്‍ ബ്രൂഡര്‍ ന്യുമോണിയ എന്ന അസുഖം ഉണ്ടാക്കുന്നത്. ശ്വാസകോശ സംബന്ധമായ ഈ രോഗം വന്‍തോതില്‍ മരണം ഉണ്ടാക്കാറില്ല. താറാവ് കുഞ്ഞുങ്ങളിലെ ആയാസം ഒഴിവാക്കിയാല്‍ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാം

അഫ്ലോടോക്സിക്കോസിസ്
അസ്പര്‍ജില്ലസ് ഫ്ളേവസ് എന്ന പൂപ്പല്‍ രോഗാണു വിസര്‍ജിക്കുന്ന പൂപ്പല്‍ വിഷമാണ് അഫ്ളോടോക്സിന്‍. ഈ വിഷവസ്തുമൂലം ഉണ്ടാകുന്ന രോഗമാണ് അഫ്ലോടോക്സിക്കോസിസ്. കൂടുതല്‍ കാലം തീറ്റവസ്തുക്കള്‍ വെയിലത്തുവച്ച് നല്ലവണ്ണം ഉണക്കിയതിനുശേഷം മാത്രം താറാവുകള്‍ക്ക് നല്കുക എന്നതാണ് പൂപ്പല്‍വിഷബാധ ഒഴിവാക്കുന്നതിനുള്ള പ്രായോഗികമായ പരിഹാരമാര്‍ഗ്ഗങ്ങള്‍.

പോഷകക്കമ്മി രോഗങ്ങള്‍
താറാവുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് പെറോസിസ്. നിയാസിന്‍ എന്ന ജീവകത്തിന്റെ ലഭ്യത കുറയുന്നതാണ് ഇതിന് ഒരു കാരണം. കാലിന് തളര്‍ച്ച, വാതം എന്നീ ലക്ഷണങ്ങള്‍ കാണുകയും കാല്‍മുട്ടിന്‍റെ സന്ധി തടിച്ച് വീര്‍ത്തിരിക്കുകയും ചെയ്യുന്നെങ്കില്‍ ഈ രോഗമായിരിക്കാം.

വാക്സിനേഷന്‍ ഷെഡ്യൂള്‍

രോഗപ്രതിരോധം ചില മാര്‍ഗ്ഗങ്ങള്‍

  • പാര്‍പ്പിടം വൃത്തിയുള്ളതാകണം. താറാവുകളെ വളര്‍ത്തുന്ന സ്ഥലത്ത് എലിശല്യം പൂര്‍ണ്ണമായും ഒഴിവാക്കണം. എലികള്‍ സാള്‍മൊണല്ല അണുക്കളുടെ വാഹകരായി വര്‍ത്തിക്കുന്നുണ്ട്. ഇവ തീറ്റയില്‍ വിസര്‍ജിക്കുന്നതുവഴി രോഗം പരക്കുന്നു.
  • രോഗമില്ലാത്ത തറാവിന്‍കൂട്ടത്തില്‍ നിന്നും മാത്രമേ പുതിയവയെ വാങ്ങാവൂ.
  • വാങ്ങുന്ന താറാവുകളെ ഏതാണ്ട് പ്രത്യേകം താമസിപ്പിച്ച് രോഗബാധ ഇല്ലെന്ന് ഉറപ്പു വന്നിട്ടേ കൂട്ടത്തില്‍ ചേര്‍ക്കാവൂ.
  • വിവിധ പ്രായത്തിലുള്ള താറാവുകളെ പ്രത്യേകം പാര്‍പ്പിക്കുന്നതാണഭികാമ്യം.
  • ഏതെങ്കിലും താറാവുകള്‍ രോഗലക്ഷണം കാണിക്കുകയാണെങ്കില്‍ അവയെ കൂട്ടത്തില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച് സമയായമയങ്ങളില്‍ മരുന്നുകള്‍ നല്കേണ്ടതാണ്.
  • ഡക്ക് കോളറ, ഡക്ക്പ്ലേഗ് എന്നീ രോഗങ്ങള്‍ക്കെതിരെ കാലാകാലങ്ങളില്‍ പ്രതിരോധ കുത്തിവയ്പ് നടത്തണം.
  • ചത്ത താറാവുകളെ ശാസ്ത്രീയമായി മറവുചെയ്യുക.

താറാവു കുഞ്ഞുങ്ങളെ ലഭിക്കുന്ന സ്ഥലം

സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രം
നിരണം, പത്തനംതിട്ട ജില്ല
ഫോണ്‍ 0469 2711898

വിവരങ്ങള്‍ സമാഹരിച്ചത് – കേരള മൃഗസംരക്ഷണവകുപ്പ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന്

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate