অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാടന്‍ പശുവും പാലും മറുനാടന്‍ പശുവും പാലും

നാടന്‍ പശുവും പാലും മറുനാടന്‍ പശുവും പാലും

ഈ കാലത്ത് സംശയാതീതമായി തെളിയിക്കപെട്ടുകൊണ്ടേയിരിക്കുന്ന ചില ശാസ്ത്രീയ കണ്ടെത്തലുകള്‍ (A1) ഏ വണ്‍ പശുവിന്റെ പാല്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാകുമെന്നതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കികൊണ്ടിരിക്കുന്നു. എന്നാല്‍ നാടന്‍ പശുവിന്റെ പാലും മോരും തൈരും നെയ്യും മാത്രമല്ല ചാണകത്തിനും മൂത്രത്തിനും പ്രായോഗീകമായി തന്നെ ഒട്ടനവധി ഗുണങ്ങള്‍ ഉണ്ടെന്ന് നേരിട്ടനുഭവിച്ചു മനസ്സിലാക്കിയതിന്റെ ഭാഗമായി, ഒരു പാടാളുകള്‍, നഷ്ടപെട്ടുപോയ നാടന്‍ ജനുസ്സിലെ പശുക്കളെ കണ്ടെത്തി പുനരുജ്ജീവിപ്പിച്ചു വംശോദ്ദാരണം നടത്തി വന്‍ വിലക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് തന്നെ ഏതു ശാസ്ത്രീയ തെളിവിനേക്കാളും വിലയേറിയ തെളിവ് തന്നേയാണ്.

പണ്ടേതോ പാശ്ചാത്യര്‍ പറഞ്ഞൂ, ഹോള്‍സ്റ്റീനും ബ്രൗണ്‍ സ്വിസ്സുമെല്ലാം നല്‍കുന്നത് (A1) ഏ വണ്‍ പാലാണെന്ന്, ബോസ് ഇന്‍ഡകസ് എന്ന ജനുസ്സിലെ ഇന്ത്യന്‍ പശുക്കള്‍ക്ക് (A2) ഏ ടൂ പാലെന്നും. പശുവിന്‍ പാലില്‍ അടങ്ങിയ ബീറ്റ കേസില്‍ പ്രോട്ടിനുകള്‍ 209 ഓളം അമിനോ ആസിഡുകളുടെ ശ്രേണിയാലുണ്ടാക്കപെട്ടതാണ്. അതില്‍ ഒരേ ഒരെണ്ണത്തിന്റെ ഘടനാ വ്യത്യാസമാണ് ഏ വണും (A1) ഏ ടൂവും (A2) ആക്കി പാലിനെ തരം തിരിക്കുന്നതെന്നും. പടിഞ്ഞാറന്‍ സയന്‍സ് ആയത് കൊണ്ടും നമ്മുടെ നാട്ടറിവുകള്‍ അറിവുകളേ അല്ലാ എന്നുമുള്ള മനോഭാവം നില നിന്നതിനാലും, അക്കാലത്ത് വലിയ വിശ്ലേഷണങ്ങള്‍ക്ക് സാധ്യതയില്ലാത്തതും കൊണ്ടാകാം, അത് അപ്പടി വിഴുങ്ങാന്‍, നമ്മുടെ ശാസ്ത്ര സമൂഹവും ഭരണാധികാരികളും ഒട്ടും മടികാണിച്ചില്ല.

പ്രകൃതി, തന്റെ കുഞ്ഞുങ്ങളെ ഊട്ടാനായി മാമല്‍സിനു നല്‍കിയ വരമാണല്ലോ മുലപ്പാല്‍. ഒരു കുട്ടിയുണ്ടാകുന്ന ജനുസ്സിന് മുലപ്പാലിന്റെ അളവും നിയന്ത്രിതമാകുമല്ലോ, എന്നാലത് മറികടക്കാന്‍ കൂടുതല്‍ കുഞ്ഞുണ്ടാകുന്ന ജനുസ്സിന്റെ സ്വഭാവം അധിനിവേശിപ്പിച്ചാല്‍ സാധ്യമാകുമെന്ന കണ്ടു പിടുത്തമാകാം പന്നി പശുക്കളെ കണ്ടുപിടിക്കാനും ലോകം മുഴുവനും നിറയാനിടയുമാക്കിയതെന്ന് തോന്നുന്നു.

പത്തുമുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ നമ്മുടെ ഭരണാധികാരികള്‍ ധവള വിപ്ലവം എന്നപേരില്‍ ക്ഷീര ധാരയൊഴുക്കുന്നതിലേക്കായി, രണ്ടാം തരം ഏ പാല്‍ അതും വളരേയേറേ കുറഞ്ഞ അളവായ നാവൂരിയൊക്കേ മാത്രം നല്‍കാനാവുന്ന നാടന്‍ ജനുസ്സിനെ വിദേശി വര്‍ഗമായി കണ്‍‌വെര്‍ട്ട് ചെയ്യുന്നതിലേക്കായി നാടന്‍ കാളകളെ വരിയുടക്കാതേ വളര്‍ത്തുന്നത് തടവും പിഴയും കിട്ടാവുന്ന നിയമമാക്കി, നാടന്‍ പശുക്കളില്‍ വിദേശി ബീജം കുത്തിവച്ചു കിടാരികളുണ്ടാക്കി തലമുറകളിലൂടേ വിദേശി മറുനാടന്‍ പശുക്കളെ നാട്ടില്‍ മാത്രം നിറച്ചു.

എല്ലായിടത്തിലും നാടന്റെ വംശം അറ്റുപോയെന്നുറപ്പിക്കാന്‍ ആരൊക്കേയോ അശ്രാന്തം പരിശ്രമിക്കയും ചെയ്തപോലേ തോന്നുന്നു. ചില വിദേശ സര്‍വ്വകലാശാലകള്‍ ഇടക്ക് ബാക്കി വന്ന വെച്ചൂര്‍ പശുക്കളുടെ അടക്കം പല ദേശീ പശുക്കളുടേയും ജീനും അടിച്ചു മാറ്റി ബാക്കിയുള്ളവയെ സം‌രക്ഷിക്കപെടുന്നയിടങ്ങളില്‍ ഏതു വിധേനേയെങ്കിലും ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങള്‍ മെനഞതും, അതിന്റെ ഭാഗമാണോ എന്നറിയില്ലാ, നമ്മുടെ വെച്ചൂര്‍ പശുക്കളെ, വെറ്റിനറി സര്‍വ്വകലാശാലയില്‍ വിഷം കൊടുത്ത് കൊന്നതുമെല്ലാം വാര്‍ത്തകളില്‍ പണ്ടു വന്നിരുന്നു. എന്നാല്‍ നാടന്റെ സത്യമറിയാവുന്നവര്‍ പലയിടത്തുമുണ്ടായിരുന്നതിനാല്‍, ബ്രസീലിലും മറ്റും നമ്മുടെ ഓം‌ഗ്ഗോള്‍ കാളകളെ കൊണ്ടുപോയി ലോകോത്തര സേബു ജനുസ്സ് പോലുള്ളവയെ ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്.

ഇനി നാടന്റെ നേരായ സത്യം എങ്ങിനെയെല്ലാം അടിച്ചമര്‍ത്തിയാലും എന്നെങ്കിലും വെളിപ്പെട്ടു പോകുന്നസത്യം, നമുക്ക് മനസ്സിലേക്കെടുക്കാന്‍ പാശ്ചാത്യരുടെ പേപ്പറുകള്‍ ഇല്ലാതേ സാധ്യമാകില്ലാലോ, അതിനാല്‍ കീത്ത് വുഡ് ഫോര്‍ഡ് എന്ന ന്യൂസിലാന്റിലെ ലിന്‍‌കോണ്‍ സര്‍വ്വകലാശാലാ പ്രൊഫസറുടേയും മദര്‍ജോണ്‍സ് എന്ന അമേരിക്കന്‍ സൈറ്റിനേയും കൂട്ടു പിടിക്കാം. അവര്‍ ശക്തിയുക്തം (A1) ഏ വണ്‍ പാലിലെ പിശാചിനെ പുറത്തേക്കാവാഹിക്കാനായി നല്ലവണ്ണം വിയര്‍പ്പൊഴുക്കിയതായി കാണുന്നു.

പല തെളിവുകളും അവരുടെ സൈറ്റില്‍ നിരത്തി ശക്തരായ ഡയറി ലോബിയെ മുട്ടുകുത്തിക്കാനും, കുപ്പിയില്‍ നിറച്ചു വില്‍ക്കുന്ന പാല്‍ (A1) ഏ വണ്‍ ആണോ (A2) ഏ ടൂ ആണോയെന്ന് രേഖപെടുത്തിക്കാനും ജനങ്ങളെ (A1) ഏ വണ്‍ പാല്‍, അവരുടെ ആരോഗ്യത്തെ എങ്ങിനെയൊക്കെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിക്കാനുമായത് ഇക്കാല ജനതയുടെ വന്‍ നേട്ടം തന്നെ. ഇപ്പോള്‍ (A1) ഏ വണ്‍/ (A2)ഏ ടൂ പാലിന്റെ വ്യത്യാസം ഗൂഗിള്‍ ചെയ്താല്‍ കിട്ടാനൊരു പ്രയാസവുമില്ല.

ഇറക്കുമതിചെയ്ത് വന്ന പശുവിന്റെ പാല്‍ ജനങ്ങളുടെ ആരോഗ്യത്തിനെ തികച്ചും പ്രതികൂലമായി സ്വാധീനിക്കാമെന്ന്, പലതരത്തിലുള്ള എതിര്‍പ്പുകളുണ്ടെങ്കിലും സംശയരഹിതമായ തെളിവുകള്‍ നല്‍കി തെളിയിച്ചുകൊണ്ടിരിക്കുന്നതായിക്കാണാം. (A2) ഏ ടൂ പാല്‍ മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ശാസ്ത്രീയ തെളിവുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കയാണ് അതേസമയം (A1) ഏ വണ്‍ പാല്‍ ആരോഗ്യത്തിനു ഹാനീകരമായ BCM 7 എന്ന ബീറ്റ-കാസോമോര്‍ഫീന്‍7 ഉല്പാദിപ്പിക്കുന്നതെന്നും. അത് നമുക്കെല്ലാം സുപരിചിതമായതും ശസ്ത്രക്രിയാ വേളകളിലും മറ്റും അനസ്ത്യെഷ്യക്കും മറ്റും പ്രയോഗിക്കുന്ന തരത്തില്‍പെട്ടതുമായ, ഒരോ ജീവിയുടേയും കേന്ദ്ര നാഡീവ്യൂഹത്തില്‍ നേരിട്ട് പ്രവര്‍ത്തിച്ച് വേദന പോലുള്ള ശരീര സം‌വേദനമാധ്യമങ്ങളെ നിര്‍ത്തിവപ്പിക്കാന്‍ സാധ്യമായതുമായ മോര്‍ഫിന്‍ കുടുംബത്തിലെ തന്മാത്ര തന്നെയെന്നും പറയപ്പെടുന്നു! ഓട്ടിസം ബാധിച്ച കുട്ടികളുടെ മൂത്രത്തില്‍ BCM 7 കൂടുതലായികാണപ്പെടുനെന്ന കണ്ടുപിടുത്തം വിലയിരുത്ത പെടേണ്ട ഒന്നാണ്.

ഒരു പഠനത്തില്‍ (A1) ഏ വണ്‍ പാല്‍ കുടിക്കുന്നത്, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറിനിടയാക്കുന്നതും ബ്രൈന്‍ ഫോഗ് എന്ന ഓര്‍മ്മക്കുറവ്, മൂഡ് ഓഫ് ആകുന്നത്, ഹോര്‍മ്മോണ്‍ ചേഞ്ച്, കുട്ടികളില്‍ ദഹന പ്രശ്നങ്ങള്‍, പഠനവൈകല്യം, മുതിര്‍ന്നവരില്‍ പ്രമേഹം,ഹൃദ്രോഗ സാധ്യതകള്‍, ത്വക് രോഗ സാധ്യതകള്‍ എന്നു വേണ്ടാ, ഒരു കുന്നോളം രോഗങ്ങള്‍ക്കിടയാക്കുവാന്‍ സഹായാകരമെന്ന് അറിയുന്നു.

അമേരിക്കായില്‍ നാലില്‍ ഒരാള്‍ക്ക് ലാക്ടൊസ് ഇന്‍‌ടോളറന്‍സ് എന്ന അവസ്ഥ ഉണ്ടാകാന്‍ കാരണം (A1) ഏ വണ്‍ പാല്‍ തന്നേയെന്ന് പറയുന്നു. പലര്‍ക്കും ദഹനക്കേടും ന്യൂറോളജിക്കല്‍ പ്രോബ്ലംസും, ഉറക്കക്കുറവും, മന്ദതയും, നടു വേദനയും, മോണിംങ് സിക്നെസ്സും അലര്‍ജികളും എല്ലാം, (A1) ഏ വണ്‍ പാലുപയോഗം നിറുത്തുന്നതോടെ തന്നെ മാറിയതായും പറയപ്പെടുന്നു. എന്നാല്‍ അങ്ങിനെ മാറിയത് (A2)ഏ ടൂ പാല്‍ കുടിച്ചാല്‍ തിരികേ വരുന്നതായി കണ്ടില്ലായെന്നും സാക്ഷി മൊഴികളുണ്ട്.

വിഷമില്ലാത്ത അന്തരീക്ഷമുള്ള സ്ഥലത്തെ പച്ച പുല്ല് തിന്നുന്ന നാടന്‍ പശുവിന്റെ നാവൂരിയെങ്കില്‍ അത്രയും പാല്‍ ഇക്കാലത്ത് കിട്ടാന്‍ ഭാഗ്യം ചെയ്യണം. അത് നന്മ നിറഞ്ഞ പാലെന്ന് മനസ്സിലാക്കാന്‍ ഇതുമൂലം ഇടയായാല്‍ സമയം നഷ്ടമായില്ലാ...!!

എന്താണ് A2 പാല്‍?

പാലില്‍ 85 ശതമാനം വെള്ളവും 15 ശതമാനം പാല്‍ പഞ്ചസാരയായ ലാക്ടോസും, പ്രോട്ടീനും, കൊഴുപ്പും ധാതു ലവണങ്ങളുമാണ്. പ്രോട്ടീന്‍ ഘടകത്തില്‍ 80 ശതമാനം കേസിനും (പാല്‍ പ്രോട്ടീന്‍) 20 ശതമാനം ഖരംമാറ്റിയ പാലുമാണ്. പാലിലെ മൊത്തം പ്രോട്ടീന്റെ 30 ശതമാനവും ബീറ്റാ കേസിനാണ്. പശുവിന്റെ സ്വഭാവം അനുസരിച്ച് ബീറ്റാ കേസിനുകള്‍ പ്രധാനമായി അ2 ബീറ്റാ കേസിന്‍, A1 ബീറ്റാ കേസിന്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്. ഏതാണ്ട് 5000 വര്‍ഷം മുമ്പുണ്ടായിരുന്ന ഭാരതിയ പശുവര്‍ഗങ്ങളുടെ പാല്‍ 100 ശതമാനവും A2 ബീറ്റാ കേസിന്‍ മാത്രം അടങ്ങിയതായിരുന്നു (A2 പാല്‍), അത് ഇന്നും അങ്ങനെ തന്നെയാണ്. അവ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായിരുന്നതല്ല; എന്നുമാത്രമല്ല, പോഷകദായകവും ഗുണപ്രദവുമായിരുന്നു. പിന്നീടെപ്പോഴോ കുറേശ്ശെയായി ജനിതകമാറ്റം വരുത്തിയ രൂപഭേദമാണ് A1 ബീറ്റാ കേസിനു കാരണം (A1 പാല്‍).

അമിനോ ആസിഡ്ചങ്ങലയിലെ (209-മത്തെ) 67-)o അമിനോ ആസിഡ് കണ്ണി പ്രോളിനില്‍നിന്നും ഹിസ്റ്റിഡിനായി പരിണമിച്ചതോടെ A1 ബീറ്റാ കേസിന്‍ അടങ്ങിയ A1 പാല്‍ A2 പാലിന്റെ അത്ര നിലവാരമുള്ളതല്ലെന്ന് ശാസ്ത്രലോകം അറിഞ്ഞു. 2007ല്‍ കെയ്ത്ത് വുഡ്ഫോര്‍ഡിന്റെ "ഡെവിള്‍ ഇന്‍ ദി മില്‍ക്' എന്ന പുസ്തകമാണ് A1, A2 ബീറ്റാ കേസില്‍ അടങ്ങിയ പാലിന്റെ വൈജാത്യചിന്തകള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴിയൊരുക്കിയത്.

വെച്ചൂര്‍, ഗീർ, സഹിവൽ പശുവിലെ ബീറ്റാ കേസിന്‍ ജീനിനെക്കുറിച്ച് മണ്ണുത്തി വെറ്ററിനറി കോളേജിലെ ജനറ്റിക്സ്വിഭാഗം മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തില്‍ അ2 ബീറ്റാ കേസിന്റെ സാന്നിധ്യം കണ്ടെത്തിയത് ആരോഗ്യരംഗത്ത് പുതിയ പ്രതീക്ഷകളുണ്ടാക്കി. ഡയബറ്റിക്സ്, ഹൃദ്രോഗം, ഓട്ടിസം, സഡന്‍ ഇന്‍ഫന്റ്ഡെത്ത് സിന്‍ഡ്രോം , ഉദരരോഗങ്ങള്‍ ഇവയെ ചെറുക്കാന്‍ ഗീർ, സഹിവൽ, വെച്ചൂറിന്റെ A2 പാലിന് കഴിയുമത്രെ.

കാസര്‍കോട് ഡാര്‍ഫിന്റെ പാല്‍ നിത്യേന കുടിക്കുന്ന അനുഭവവും വ്യത്യസ്തമല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ അമിനോ ആസിഡ് ശ്രേണിയിലെ 67-)o സ്ഥാനത്ത് A2 ബീറ്റാ കേസിനില്‍ പ്രോളിനും A1 ബീറ്റാ കേസിന്‍ വേരിയന്റില്‍ ഹിസ്റ്റിഡിനും നില്‍ക്കുന്നതാണ് ഇവയുടെ ഗുണനിലവാരത്തെ വ്യത്യസ്തമാക്കുന്നത്. A2 അല്ലീല്‍ ജീനിന്റെ സാന്നിധ്യം A2 പാലിനെ ഉല്‍കൃഷ്ടമാക്കുന്നു.

സങ്കര ഇനം പശുക്കളുടെ ഒരു ഗ്രാം ചാണകത്തിന് 10 ലക്ഷത്തോളം സൂക്ഷ്മാണുക്കളാണുള്ളതെങ്കില്‍ ഗീറിന്റെ ചാണകത്തില്‍ ഇത് 300 കോടിയാണെന്നാണ് പറയുന്നത്. രാസകൃഷികൊണ്ട് നശിച്ചുപോയ മണ്ണിനെ പുനരുജ്ജീവിപ്പിക്കാന്‍ ഈ ചാണകത്തിന് കഴിയുന്നതിതുകൊണ്ടാണെന്നും കര്‍ഷകര്‍ പറയുന്നു. ആഗോളതലത്തില്‍ പാല്‍വിപണനരംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മലയാളിക്കു കഴിയണം. പാലുല്‍പ്പാദനവര്‍ധന മാത്രം ലക്ഷ്യംവയ്ക്കുന്ന നമ്മുടെ പ്രജനയത്തിലൂടെ കേരളത്തിലെ പശുക്കള്‍ മുഴുവന്‍ സങ്കരയിനമായി മാറിയപ്പോള്‍ അവയുടെ ശരാശരി പാലുല്‍പ്പാദനം കേവലം എട്ടു ലിറ്റര്‍ മാത്രമാണ്. ഭാരിച്ച തീറ്റച്ചെലവും സംരക്ഷണവും ഉയര്‍ന്ന പോഷണവും സങ്കരയിനം പശുക്കള്‍ ആവശ്യപ്പെടുമ്പോള്‍, ഇവിടെ അവശേഷിക്കുന്ന വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ എന്നിവയെ പോറ്റാന്‍ കുറഞ്ഞ മൂലധനം മതി. അവയുടെ പാലിലാകട്ടെ ചെറിയ കൊഴുപ്പുകണങ്ങള്‍, മെച്ചപ്പെട്ട ഇമ്യൂണോ ഗ്ലോബുലിന്‍, മെച്ചപ്പെട്ട പ്രതിരോധശേഷി ഉയര്‍ന്ന A2 ബീറ്റാ കേസിന്‍ എന്നിവയുണ്ട്. വരുന്ന നാളുകള്‍ അ2 പാലിന്റേതാണ്് ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിലൊക്കെ A2പാലിന് വലിയ ഡിമാന്‍ഡ് ആണ്.

ഭാരതിയ പശുവിന്റെ പാലിനേക്കാള്‍ മികച്ച ഭക്ഷണമില്ല. A2 പാലിന്റെ ഉയര്‍ന്ന പ്രതിരോധശേഷിയും വിപണനസാധ്യതയും കുറഞ്ഞ ഉല്‍പ്പാദനച്ചെലവും കണക്കിലെടുക്കുമ്പോള്‍ ക്ഷീരകര്‍ഷകര്‍ നാടന്‍ജനുസ്സുകളിലേക്കു മടങ്ങിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

-കെ. ജാഷിദ് -

Source : facebook

അവസാനം പരിഷ്കരിച്ചത് : 4/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate