অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മരോട്ടി: ജൈവകർഷകമിത്രം

ആമുഖം

പഴയ കർഷകർ ജൈവരീതിയിൽ മാത്രമുള്ള കിടനാശിനികളും സസ്യ സമ്പുഷ്ടീകരണ പ്രവർത്തനങ്ങളുമാണ് നടത്തിയിരുന്നത്. ഒട്ടേറെ ഔഷധസസ്യങ്ങൾതന്നെയായിരുന്നു അവരുടെ കരുത്ത്. അവയുടെ ഗുണങ്ങളും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള നല്ലഅറിവും അവരെ അതിന് സഹായിച്ചു. എന്നാൽ, ഹരിതവിപ്ലവത്തിന്റെ വരവോടെ രാസവളകൃഷിയിലേക്കിറങ്ങിയ നാം കീടനാശിനികളായി ഉപയോഗിച്ചതും മാരകമായ രാസവസ്തുക്കൾ തന്നെയായിരുന്നു. ആദ്യകാലങ്ങളിൽ രാസവസ്തുക്കളുടെ പ്രയോഗം നല്ലഉത്പാദനം നൽകിയെങ്കിലും കാലക്രമേണ ഉത്പാദനത്തിന്റെ അളവിൽ കുറവ്‌നേരിടുകയും നമ്മുടെ മണ്ണ് നശിക്കുകയുംചെയ്തു.

രാസവസ്തുക്കൾക്കുപകരം ഉപയോഗിക്കാവുന്ന ഒട്ടേറെ ഔഷധസസ്യങ്ങള നമുക്കുണ്ടായിരുന്നു. പലതിനെപ്പറ്റിയും വളരെ നല്ലഅറിവ് നമ്മുടെ പഴയകർഷകർ സമ്പാദിക്കുകയും അത് തങ്ങളുടെ കൃഷിയിൽ പ്രയോഗിക്കുകയും അങ്ങനെ കൃഷി പ്രകൃതി സൗഹൃദമാക്കുകയും ചെയ്തു. വേപ്പ്, തുളസി, മരോട്ടി, പെരുവലം, പാണൽ, നാറ്റപ്പൂച്ചെടി എന്നിങ്ങനെപോകുന്നു ആ പട്ടിക. ഇവയിൽ വേപ്പുപോലെത്തന്നെ അടിമുടി കർഷകനെ സേവിക്കുന്നതാണ് മരോട്ടി. മരോട്ടിയെക്കുറിച്ചും അതിന്റെ വ്യാപകമായ ഉപയോഗ സാധ്യതയെക്കുറിച്ചും മനസ്സിലാക്കാം.

മരോട്ടിയെന്ന് നാം മലയാളത്തിൽ വിവക്ഷിക്കുന്ന ഈ ഔഷധസസ്യം ചാൽമൊഗര എന്ന് ഹിന്ദിയിലും തുവരക, കുഷ്ഠവൈരിയെന്നിങ്ങനെ സംസ്‌കൃതത്തിലും തമിഴിൽ മരവത്തായിയെന്നും ആംഗലേയത്തിൽ ജംഗ്‌ളിബദാമെന്നും അറിയപ്പെടുന്നു. ഫ്‌ളക്കോർട്ടിയേസി കുടുംബത്തിൽപ്പെട്ടതാണിത്. ഹിഡ്‌നോകാർപ്പസ് വൈറ്റിയാന എന്നാണ് ഇതിന്റെ ശാസ്ത്രനാമം. കേരളത്തിലെ മഴനന്നായിലഭിക്കുന്ന എല്ലാപ്രദേശങ്ങളിലും മരോട്ടിമരം വളരുന്നതായിക്കാണുന്നു. പശ്ചിമഘട്ടത്തിലും അസമിലെ നിത്യഹരിതവനങ്ങളിവും നല്ലതണുപ്പുലഭിക്കുന്ന പ്രദേശങ്ങളിലും നിറച്ചും മരോട്ടിയെ കാണാം. 10മുതൽ 15 മീറ്റർവരെ മാത്രം ഉയരത്തിൽ കാണപ്പെടുന്ന നിത്യഹരിതസസ്യമായ ഇതിന്റെ തൊലിയുടെനിറം കറുപ്പാണ്. തൊലിചതച്ചെടുത്താൽ അസഹ്യമായ ദുർഗന്ധമനുഭവപ്പെടും ഏകാന്തരക്രമത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇല വളരെ മൃദുവായതും 15 സെമീനീളവും ശരാശരി ആറുസെ.മി.വീതിയുമുണ്ടാകും.

കർഷകന്റെ സുഹൃത്ത്

പഴയകർഷകർ തങ്ങളുടെ സ്ഥലത്ത് പുതയിടാനും ജൈവവളമായും മരോട്ടിയെ സമൂലം ഉപയോഗിച്ചു. കൃഷിയിടത്തിലെ ചിതൽശല്യമില്ലാതാക്കാനും നിമാവിരയുടെ ആക്രമണം കുറയ്ക്കാനും അത് കർഷകരെ സഹായിച്ചിരുന്നു. കൂടാതെ തെങ്ങിന്റെ. ചെന്നീരൊലിപ്പിനു പരിഹാരമായും കുരുമുളകിന്റെ ദ്രുതവാട്ടം തടയാനും മരോട്ടിയുടെഇല ജൈവവളമായി ഉപയോഗിച്ചു.

നല്ലജൈവകീടനാശിനി

തെങ്ങിന്റെ മുഖ്യശത്രുക്കളായ കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴു എന്നിവയെ നിയന്ത്രിക്കാൻ മരോട്ടിക്കായയുടെഎണ്ണയോ എണ്ണയെടുത്തതിനുശേഷമുള്ള പിണ്ണാക്കോ ഇന്നും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഒരുചെറിയ മധുരനാരങ്ങയുടെ വലിപ്പത്തിലാണ് മരോട്ടിക്കായ കണ്ടുവരുന്നത്. അപൂർവം ചില മരങ്ങളിൽ സാമാന്യം നല്ലവലിപ്പത്തിലും കാണപ്പെടാറുണ്ട്. ഇതിന്റെ കായപൊളിച്ചെടുക്കുന്ന പരിപ്പ് ചതച്ച് തിളപ്പിച്ച്് കുറുക്കിയെടുക്കുന്നവെള്ളം ഒന്നാന്തരം കീടനാശിനിയാണ്. അത് 200 മില്ലിഗ്രാം ഒരു ലിറ്റർവെള്ളത്തിൽ കലക്കി കാർഷികവിളകളിൽ സമൂലം തളിച്ചാൽ കിടങ്ങൾ പിന്നെ തീരെയടുക്കില്ല.  അസാമാന്യ ദുർഗന്ധമായിരിക്കുമതിന്. മരോട്ടിയെണ്ണ എമെൽഷൻ തയ്യാറാക്കിയും കിടങ്ങളെ തുരത്താം. 100 മില്ലി മരോട്ടിയെണ്ണ ഒരുലിറ്റർവെള്ളത്തിൽ കലക്കിയാണ് എമെൽഷൻ തയ്യാറാക്കേണ്ടത്.

പയർചെടിയിൽ വരുന്ന കറുത്ത എറുമ്പ്, ചിതൽ, എന്നിവയെ അകറ്റാൻ നല്ല ഔഷധമാണിത്. കുരുമുളകിന്റെ താങ്ങുകാലുകളിൽ കാണപ്പെടുന്ന ഉറുമ്പിനെയും ചിതലിനെയും അകറ്റാൻ മരോട്ടിയെണ്ണ എമെൽഷനാക്കി തളിച്ചാൽ അവയുടെശല്യം ഉണ്ടാകില്ല. ഇവയുടെ പ്രയോഗംകൊണ്ട് എറുമ്പുകൾ ചാവുന്നില്ല മാത്രമല്ല കുരുമുളകിന് കീടനാശിനിയുടെ ദോഷം ഉണ്ടാകുന്നുമില്ല. ഏറ്റവും ചെലവുകുറഞ്ഞ ഒരു ജൈവപ്രതിരോധമാർഗമായി കുരുമുളകുകർഷകർ ഇതിനെ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

മരോട്ടിയുടെ മറ്റുപയോഗങ്ങൾ

പല പഴയകെട്ടിടങ്ങളും പൊളിക്കുമ്പോൾ അതിന്റെ വാതിൽ കട്ടില, ജനൽകട്ടില എന്നിവ ചേരുന്ന ചുമർഭാഗത്തങ്ങളിൽനിന്ന് ഒരുചെടിയുടെ ഇലകളും തണ്ടും കിട്ടാറുണ്ട് പുതിയതലമുറയ്ക്ക് അന്യമായ ഈ ഇലകൾ മരോട്ടി മരത്തിന്റേതാണ്. ചിതലിനെയും മറ്റ് കീടങ്ങളെയും പ്രതിരോധിക്കാൻ പണ്ടു നാം നടപ്പാക്കിയിരുന്ന സാങ്കേതികവിദ്യ. ചിതലിനെ മാത്രമല്ല ചിലന്ത്ിയെയും എത് പ്രതികൂല പരിതഃസ്ഥിതിയെയും അതിജിവിക്കുന്ന പാറ്റകളെയും അകറ്റാൻ മരോട്ടിക്കായയുടെ എണ്ണയ്ക്ക്  ശക്തിയുണ്ട്. പഴയ പല തറവാടുകളിലും മരോട്ടിക്കായയുടെ തോടിൽ എണ്ണപകർന്നുതിരിയിട്ട്കത്തിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇങ്ങനെകത്തിക്കുന്ന വീടുകളിൽ ക്ഷുദ്രജീവികളുടെ ശല്യം കുറവായിരുന്നു. വിടുപണിക്കുപയോടിക്കുന്ന മരങ്ങൾ ഫർണിച്ചറുകൾ എന്നിവയിൽ മരോട്ടിയെണ്ണ പുരട്ടാറുണ്ടായിരുന്നു. ശരിക്കുമൊരു വുഡ്‌പ്രൈമറിന്റെജോലി കൃത്യമായിചെയ്തിരുന്നു ഈ ഔഷധസസ്യം.

കുഷ്ഠരോഗത്തിന്റെ അമൂല്യമരുന്ന്

ഒരുകാലത്ത് നാം വളരെയധികം ഭയപ്പെട്ടിരുന്ന രോഗമായ കുഷ്ഠത്തിന് ആയുർവേദത്തിലെ കൺകണ്ടമരുന്നായാണ് മരോട്ടിയെണ്ണഅറിയപ്പെടുന്നത്. കുഷ്ഠരോഗമുള്ളവർ 12 മി.ല്ലി. മരോട്ടിയെണ്ണ മൂന്നോ അഞ്ചോ ദിവസം കുടിച്ച് വയറിളക്കുകയും തുടർന്ന് 5 മില്ലി മരോട്ടിയെണ്ണ പഥ്യമനുസരിച്ച് ദിവസേനസേവിക്കുകയുമാണ് ചെയ്യാറ്. നേത്രരോഗങ്ങൾക്ക് മരോട്ടിക്കായയുടെ പരിപ്പെടുത്തുണ്ടാക്കുന്ന കൺമഷി ഉത്തമമാണ്. മൊത്തത്തിൽ ചർമരോഗങ്ങൾക്കും ആമവാതം രക്തവാതം എന്നെവയിലെ വേദനകുറയ്ക്കാനും പൊണ്ണത്തടികുറയ്ക്കാനും മരോട്ടിയെണ്ണ ഉപയോഗിച്ചുവരുന്നു.

ചുരുക്കത്തിൽ പറഞ്ഞാൽ ആയുർവേദത്തിലും കാർഷികവൃത്തിയിലും അമൂല്യമായ സ്ഥാനവും പ്രയോഗവും നിലനിൽക്കുന്ന  ഔഷധമാണ് മരോട്ടി.

പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 5/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate