অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുളിവെണ്ട

ചെമ്പരത്തി, വെണ്ട എന്നിവ ഉള്‍പ്പെട്ട മാല്‍വേസിയേ സസ്യകുടുംബത്തിലെ ആകര്‍ഷകമായ ഒരു വിവിധോദ്ദേശ്യവാര്‍ഷിക വിളയാണ് പുളുവെണ്ട അഥവാ മത്തിപ്പുളി. ആഫ്രിക്കയുടെ ഉഷ്ണമേഖലാപ്രദേശമാണിതിന്റെ ജന്മനാടെങ്കിലും ഏകദേശം 1500-2000 മില്ലി മീറ്റര്‍ വാര്‍ഷിക മഴ ലഭിക്കുന്ന ലോകത്തിലെ ഒട്ടുമിക്ക ഉഷ്ണമേഖലാപ്രദേശങ്ങളിലും ഇത് കാണുന്നു. റോസെല്ലെ, റെഡ് സോറല്‍, ജമൈക്കന്‍ സോറല്‍ എന്നീ ഇംഗ്ലീഷ് വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം 'ഹൈബിസ്‌ക്കസ് സബഡാരിഫ' എന്നാണ്. ഹിന്ദിയില്‍ ലാല്‍ അമ്പാരിയെന്നും തെലുങ്കില്‍ കൊങ്കുറ എന്നും തമിഴില്‍ ശിവപ്പുക്ക സുറുവെന്നും ഇത് അറിയപ്പെടുന്നു. ആഫ്രിക്ക, ഏഷ്യ, പാപ്പുവന്യൂഗ്വിനിയ, പസഫിക് ദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു ഗൃഹോദ്യാനവിളയായി ഇത് വളര്‍ത്തുന്നു. സുഡാനില്‍ (വിശിഷ്യാ പടിഞ്ഞാറന്‍ സുഡാനില്‍) ബജ്‌റ കഴിഞ്ഞാല്‍ കയറ്റുമതി വിളകളില്‍ രണ്ടാം സ്ഥാനത്താണ് റോസെല്ലെ. ഇത് വളരെയധികം പോഷക ഔഷധഗുണമുളളതും, ഇലകളും ദളപുടങ്ങളും ഭക്ഷ്യയോഗ്യവും, ചണംപോലെ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന നാരുകളുടെ സ്രോതസ്സുമാണ്.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ റോസെല്ല ചെടിയ്ക്ക് ഏകദേശം ഏഴടി ഉയരം വരും. വെണ്ട പോലെ തന്നെ വളരെയധികം ശിഖരങ്ങല്‍ ഉണ്ടാകും. ചെറുരോമങ്ങളോടുകൂടിയ ചുവന്ന തണ്ട് ആകര്‍ഷകം. ചെമ്പരത്തി ഇലകള്‍ പോലെ വീതികുറഞ്ഞ ഇലകള്‍ 3 മുതല്‍ 5 വരെ ലോബുകളുളളതുമാണ്. ചിലപ്പോള്‍ ഏഴുവരെ ലോബുകള്‍ ഉളളതായി കാണാം. ചെറിയ ചെടികളിലും പ്രായമായ ചെടികളുടെ മുകള്‍ വശത്തും ലോബുകള്‍ ഇല്ലാത്ത ഇലകള്‍ കണ്ടുവരുന്നു. പച്ചിലകളുടെ ഞരമ്പിന് ചുവപ്പുനിറമാണ്. ആകര്‍ഷക മഞ്ഞപ്പൂക്കളുടെ ഉള്‍വശത്തിന് മറൂണ്‍ നിറവും. 15-30 മില്ലി. മീറ്റര്‍ നീളത്തില്‍ മാംസളവും അടിഭാഗത്ത് കൂട്ടി യോജിച്ച അഞ്ചു ചുവന്നു തടിച്ച ബാഹ്യദളങ്ങളും ആണ്. പൂവിന്റെയും ഫലത്തിന്റെയും ഏറ്റവും ആകര്‍ഷകമായ ഭാഗം. ഇതിനുളളില്‍ അഞ്ച് അറകളും ഏകദേശം 18-20 മില്ലി മീറ്റര്‍ നീളവുമുളള കായ്കളുണ്ട്. ഓരോ അറയ്ക്കുളളിലും 3-4 വിത്തു വീതം ഉണ്ട്. കായ് പാകമാകുമ്പോള്‍ വെയില്‍ കൊണ്ടുണങ്ങി താനെ പൊട്ടി വൃക്ക ആകൃതിയിലുളള വിത്തുകള്‍ പുറത്തുവരും.

പോഷകസമ്പന്നം

ഭക്ഷ്യയോഗ്യമായ ഇലയ്ക്കും വിദളത്തിനും പുളിരസമാണ്. ഓരോ 100 ഗ്രാം വിദളത്തിലും പുളിരസമാണ്. ഓരോ 100 ഗ്രാം വിദളത്തിലും 86 ഗ്രാം ജലാംശവും, 11.31 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റും, 0.96 ഗ്രാം മാംസ്യവും, 0.64 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. കൂടാതെ 14 മൈക്രോ ഗ്രാം ജീവകം എ, 0.011 മില്ലി ഗ്രാം ജീവകം ബി-1, 0.028 മില്ലി ഗ്രാം ജീവകം ബി-2, 0.31 മില്ലി ഗ്രാം, ജീവകം ബി-3, 12 മില്ലി ഗ്രാം ജീവകം-സി, 46 മില്ലി ഗ്രാം കാത്സ്യം, 1.47 മില്ലി ഗ്രാം ഇരുമ്പ് എന്നിവയും ഉണ്ട്.

ഉപയോഗം അനവധി

ചുവന്നു തുടുത്ത വിദളങ്ങള്‍ സലാഡ്, ജ്യൂസ്, സ്‌ക്വാഷ്, ജെല്ലി, വീഞ്ഞ്, കേക്ക് തുടങ്ങിയവയുണ്ടാക്കാനുപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ച വിദളങ്ങള്‍ക്ക് വിവിധ ഉപയോഗങ്ങളുണ്ട്. കിളുന്നിലകള്‍ അച്ചാറുണ്ടാക്കാനുപയോഗിക്കുന്നു. ഇലകള്‍ കൊണ്ടുണ്ടാക്കിയ കോങ്കുറ അച്ചാര്‍ ആന്ധ്രാപ്രദേശില്‍ വളരെ പ്രസിദ്ധവും വ്യാവസായികാ പ്രാധാന്യമുളളതുമാണ്. ഇലകളും വിദളങ്ങളും തേങ്ങ അരച്ചു ചമ്മന്തിയാക്കി ഉപയോഗിക്കാറുണ്ട്.കേരളത്തില്‍ ഇതിന്റെ വിദളങ്ങള്‍ മത്സ്യക്കറികളില്‍ പ്രത്യേകിച്ച് മത്തി/ചെമ്മീന്‍ കറികളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. സുന്ദരമായ ഒരു ഉദ്യാനസസ്യം കൂടെയാണ് പുളിവെണ്ട.
വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുളിവെണ്ടയുടെ ഇലകളും വിദളങ്ങളും ഉണക്കിപ്പൊടിച്ച് ചായയുണ്ടാക്കി കഴിക്കുന്നു. ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ ഇതിന് വളരെ പ്രചാരമുണ്ട്. അള്‍സര്‍ പോലുളള അസുഖങ്ങള്‍ അമിതരക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ ഇത് അത്യുത്തമം. കാത്സ്യം സമൃദ്ധമായടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ ഉപയോഗം പല്ലിനും മോണയ്ക്കും നല്ല ബലം നല്‍കുമെന്ന് കരുതുന്നു. ഫോസ്ഫറസ് അടങ്ങിയിരിരക്കുന്നതിനാല്‍ പേശികള്‍ക്ക് ശക്തി പകരുവാനും ഇത് ഉപകരിക്കും. അര്‍ബുദ കോശങ്ങളുടെ തുടര്‍വ്യാപനം പരിമിതപ്പെടുത്താനും ഇതിന്റെ ഉപയോഗം ഉപകരിക്കും. ഈ ദിശയിലുളള ദവേഷണങ്ങള്‍ വിവിധയിടങ്ങളില്‍ പുരോഗമിച്ചുവരുന്നു. കരീബിയന്‍ നാടുകളില്‍ ക്രിസ്തുമസ് കാലത്ത് ഒരു പ്രത്യേക തരം പാനീയമുണ്ടാക്കാനും ഇതുപയോഗിക്കുന്നു.
പാകിസ്ഥാനില്‍ ഭക്ഷ്യസംസ്‌കരണമേഖലയില്‍ റോസെല്ലയെ പെക്ടിന്റെ ഉറവിടമായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയിലും ഏഷ്യയിലും യൂറോപ്പിലും പ്രകൃത്യായുളള ഭക്ഷ്യനിറമായി ഇതുപയോഗിച്ചുവരുന്നു. ഇതിന്റെ പൂവിതളുകളില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന മഞ്ഞനിറം ഔഷധ വ്യവസായത്തില്‍ ഉപയോഗിക്കുന്നു.റോബെല്ലെ വിത്ത് ആഫ്രിക്കയില്‍ കോഴിത്തീറ്റയായുപയോഗിക്കുന്നു. ഇതിന്റെ വിത്തില്‍ ഏകദേശം 20% എണ്ണ അടങ്ങിയിട്ടുണ്ട്. ഈ എണ്ണ നല്ല ഒരു ലൂബ്രിക്കന്റായതിനാല്‍ വ്യാവസായിക ഉപയോഗവുമുണ്ട്.

മത്തിപ്പുളി വളര്‍ത്താം

മെയ്മാസത്തില്‍ വിത്തു വിതച്ച് ഒക്‌ടോബര്‍ മാസത്തോടെ പുഷ്പിക്കുന്ന ചെടികളില്‍ നിന്ന് ജനുവരിമാസം വരെ ഇലകളും വിദളങ്ങളും ശേഖരിക്കാം. ജനുവരി അവസാനത്തോടെ വിത്തെടുക്കാനും കഴിയും. വിത്തു കൂടാതെ ആരോഗ്യമുളള മൂത്ത തണ്ടിന്‍ കഷ്ണങ്ങള്‍ നട്ടും തൈകള്‍ വളര്‍ത്താം. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയും നല്ല ജൈവാംശവുമുളള  മണ്ണാണ് ഉത്തമം. മഴയില്ലെങ്കില്‍ നനച്ചു കൊടുക്കണം. പുഷ്പിച്ച് ഏകദേശം പത്തു ദിവസം കഴിഞ്ഞാല്‍ വിദളങ്ങള്‍ വിളവെടുത്തു തുടങ്ങാം. വിളവെടുക്കുന്തോറും കൂടുതല്‍ പുതിയ മുകുളങ്ങളും പുഷ്പങ്ങളും ഉണ്ടാകുകയും തുടര്‍ വിളവെടുപ്പ് സാധ്യമാകുകയും ചെയ്യും. ഒരു ചെടിയില്‍ നിന്നും അഞ്ചു കിലോ വരെ കായ്കള്‍ കിട്ടും. അധിക വിദളങ്ങള്‍ വില്‍ക്കുകയോ ഉണക്കിപ്പൊടിച്ച് കുപ്പിയിലാക്കി സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാം.
വ്യാപകമായി നട്ടു വളര്‍ത്തിയില്ലെങ്കില്‍ കൂടി അങ്ങിങ്ങ് വരമ്പിലും പറമ്പിലും ചുവന്ന കായോടുകൂടി അല്പം വേറിട്ട് തലയുയര്‍ത്തി നിന്നിരുന്ന പുളിവെണ്ട ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. വരും തലമുറയ്ക്ക് കാണുവാന്‍ വേണ്ടിയെങ്കിലും ഒരു ചെടി നമുക്കും വീട്ടു വളപ്പില്‍ വളര്‍ത്താം.
കടപ്പാട്:krishijagran

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate