অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പോരാടാം മരുവത്കരണത്തിനെതിരേ

പോരാടാം മരുവത്കരണത്തിനെതിരേ

''യക്കൂബ സഗോഡോയെന്നൊരു നിരക്ഷര കർഷകനുണ്ട് ആഫ്രിക്കയിൽ.  തന്റെ പ്രയത്‌നവും 'സായ്' എന്നു  വിളിക്കപ്പെടുന്ന പുരാതന ആഫ്രിക്കൻ കാർഷിക സാങ്കേതികവിദ്യയും ഉപയോഗിച്ച്  മരുപ്രദേശമായിരുന്ന തന്റെ ഗ്രാമത്തെ ഒരു നിബിഡവനമാക്കി മാറ്റിയയാൾ. ബുർക്കിനാ ഫാസോയെന്ന  ആഫ്രിക്കൻ ദരിദ്ര്യരാജ്യത്തിലെ ഒരു സാധാരണ കർഷകനായിരുന്നു അദ്ദേഹം. ഇന്ന് ഐക്യരാഷ്ട്രസംഘടന ആദരിക്കുന്ന വലിയ പരിസ്ഥിതി സംരക്ഷകൻ. മരുവത്കരണത്തിനെതിരേയുള്ള പോരാളി, അതെ, മരുവത്കരണത്തെ തടയേണ്ടതുണ്ട്.''
ഇക്കഴിഞ്ഞ ജൂൺ 17-ന് ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര മരുവത്കരണവിരുദ്ധദിനം ആചരിച്ചു. ലോകത്ത് മണ്ണിനെതിരെ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുകയെന്നത് ലക്ഷ്യമിട്ടായിരുന്നു അത്. ദിനങ്ങളും അതിന്റെ പ്രാധാന്യങ്ങളും അത് ഉത്‌ബോദിപ്പിക്കുന്ന രീതിയിൽ ഉൾക്കൊള്ളാതെ തള്ളിക്കളഞ്ഞാൽ നമ്മൾ മനുഷ്യകുലത്തെ കാത്തിരിക്കുന്നത് വലിയ വിപത്താണ്. നമ്മുടെ ഊർജ്വസ്വലയായ ഭൂമി, ഉർവരയായ അന്നദാതാവ് എങ്ങനെയാണ് ഇത്രവേഗം മരുവത്കരണത്തലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. എന്താണ് അതിനൊരു പ്രതിവിധി. നാമോരോരുത്തരും ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണത്.
ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം ഭൂമിയിൽ വാസയോഗ്യമായ  കരഭാഗത്തിന്റെ 24 ശതമാനത്തോളം മരുവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കുടിവെള്ള ദൗർബല്യം ലോകത്ത് രണ്ടു ബില്യൺ ജനങ്ങളെ ബാധിച്ചു.
ലോകത്തെ 250 മില്യൺ ജനങ്ങളുടെമേൽ മരുവത്കരണം ഒരു വൻവിപത്തായി കരിനിഴൽവീഴ്ത്തിയിരിക്കുന്നു
മരുവത്കരണത്തിന്റെ ഫലമായി ജൈവാവസ്ഥയിൽ ഉത്പാദനശേഷിനശിച്ച മണ്ണിൽ നിന്ന് ആഹാരം നിർമിക്കാനാകാതെ 100 രാജ്യങ്ങളിലെ 1 ബില്യൺ ജനങ്ങൾ അപകടത്തിലാണ.്
അന്താരാഷ്ട്ര സംഘടനയുടെ കണക്കെണുപ്പു പ്രകാരം അന്താഷ്ട്രകുടിയേറ്റം കഴിഞ്ഞ 15 വർഷം കൊണ്ട് 173 ദശലക്ഷത്തിൽ നിന്ന് 244 ദശലക്ഷമായി കൂടിക്കൊണ്ടിരിക്കുന്നു.
അടുത്ത 10 വർഷത്തിനിടയ്ക്ക് 50 ദശലക്ഷം ആളുകളെ മരുവത്കരണം അവരുടെ വാസസ്ഥാനത്തുനിന്ന് തുടച്ചു നീക്കിയേക്കാം എന്നാണ് കണക്ക്.
മണ്ണ് ഒരു ഉത്പന്ന വസ്തു
ജീവികൾക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്ക് എടുക്കുകയും അവർക്ക് ആവശ്യമുള്ളതെല്ലാം തരികയും ചെയ്യുന്ന അത്യപൂർവ സൃഷ്ടിയാണ് മണ്ണ്. ലോകത്ത് മനുഷ്യന്റെ ആവിർഭാവത്തിന് ശേഷമാണ് മണ്ണ് ദുഷിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞാൽ ഒരു പക്ഷേ, അതിശയോക്തിയാകില്ല. നല്ല ജൈവ സമ്പുഷ്ടിയുള്ള മണ്ണ് നല്ല വിഘടന മാധ്യമവുമാണ്. തന്നിലേക്ക് ചേരുന്നതിനെയെന്തിനെയും വലിച്ചെടുത്ത് തന്റെഭാഗമാക്കാൻ മണ്ണിന് കഴിവുണ്ട്. മേൽമണ്ണിലാണ് ഹ്യൂമാസ് എന്ന സസ്യ ജൈവാവശിഷ്ടങ്ങൾ വിഘടിച്ചുള്ള ഫലഭൂയിയിഷ്ഠത നിലനിർത്തുന്നത്. സൂക്ഷ്മജീവികളുടെ ഒരു ലോകമാണത്. ഇതിൽ കണ്ടെത്തിയതനുസരിച്ച് ഏകദേശം മൂന്നുലക്ഷത്തിൽ പരം ജീവിവർഗങ്ങൾ മേൽമണ്ണിനെ ആശ്രയിച്ച് കഴിയുന്നുണ്ട് 10 ഗ്രാം മേൽമണ്ണിൽ കുറഞ്ഞത് 1200 ഓളം സ്പീഷിസ് ജീവാണുക്കൾ കണ്ടേക്കാമെന്നാണ് മണ്ണിനെക്കുറിച്ചുള്ള ഒരു പഠനം തെളിയിക്കുന്നത്. മനുഷ്യന്റെ ഇടപെടലില്ലാത്ത കാട്ടിലെ മണ്ണിനെയാണ് ഇവർ പഠനവിധേയമാക്കിയത്. കാട്ടിലെ മരങ്ങളുടെ ചുവട്ടിൽക്കാണപ്പെടുന്ന സ്വാഭാവികമണ്ണ് പ്രകൃതിതന്നെ ഒരുക്കിയിട്ടുള്ളതാണ്. പ്രകൃതിയുടെ കലപ്പയെന്നറിയപ്പെടുന്ന മണ്ണിരയാണ് ഇവിടെ സൂക്ഷ്മജീവികൾക്ക് വളരാനും അവയുടെ വളർച്ചയിലൂടെ മണ്ണിന്റെ സ്വാഭാവിക ഘടനനിലനിർത്താനും സഹായിക്കുന്നത്. ഉപരിതലത്തിൽനിന്ന് 10 മുതൽ 15 വരെ സെന്റിമീറ്റർ താഴ്ചയിലുള്ള മണ്ണാണ് മേൽമണ്ണായി അറിയപ്പെടുന്നത്. ഇതിലാണ് ഭൂമിയിൽ നിലനിൽക്കുന്നതും ജീവികൾ ഉപയോഗിച്ചുവരുന്നതുമായ എല്ലാ ഭക്ഷ്യോത്പന്നങ്ങളും ഉണ്ടാകുന്നത്.
മണ്ണിന്റെ ആരോഗ്യം
മണ്ണും ജലവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധവും ഒന്ന് മറ്റൊന്നിന് താങ്ങാവുന്നകാര്യവും പണ്ടുമുതലേ നമ്മുടെ കാർഷിക സംസ്‌കൃതിയിൽ പറഞ്ഞിട്ടുള്ളതാണ്. ശരിക്കും ആരോഗ്യം നിറഞ്ഞമണ്ണിൽ അടിസ്ഥാനമായി ഉണ്ടാവേണ്ട ജൈവികവസ്തുക്കൾ ഇത്തരത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. 50 ശതമാനം ഫംഗസുകൾ, 20 ശതമാനം ബാക്ടീരിയകൾ, 20 ശതമാനത്തോളം ഈസ്റ്റ്, ആൽഗകൾ, പ്രോട്ടോസോവ മുതലായവകൾ, 10 ശതമാനം മണ്ണിര മറ്റ് സൂക്ഷ്മജീവികൾ എന്നിവ. ഒരു ഹെക്ടർ ആരോഗ്യമുള്ള ഭൂമിയിലെ മണ്ണിൽ 2 മുതൽ 5 ടൺവരെ പ്രാണികൾ ഉള്ളതായും അഞ്ചുടൺ വരെ മണ്ണിര വേണ്ടതായും അരടണ്ണോളം സൂക്ഷ്മജീവികൾ ഉള്ളതായും കണക്കാക്കപ്പെട്ടിരിക്കുന്നു. കാട്ടിലെ ശുദ്ധമായ മണ്ണിൽ നിമാറ്റോഡ്‌സ് 12 കോടിേയാളം ഒരു ചതുരശ്രമീറ്റർ സഥലത്ത് കാണപ്പെടും എന്നുപറഞ്ഞാൽത്തന്നെ എത്രയധികം ജീവിസമ്പന്നമാണ് സ്വാഭാവികമണ്ണ് എന്ന് നമുക്ക് മനസ്സിലാക്കാം. കൂടാതെ എട്ടുകാലിയിനങ്ങൾ ഒരു ലക്ഷത്തോളം, കാൽലക്ഷത്തോളം വിരകൾ സ്രിങ്‌ലൈറ്റ്് പ്രാണികൾ അര ലക്ഷത്തോളം, ഷെൽജീവികളായ മുളുക്കസ് പതിനായിത്തോളം എന്നിങ്ങനെയും കോടിക്കണക്കിന് സൂക്ഷ്മാണുക്കളും ഉൾക്കൊള്ളുന്നതാണ് അത്രയും മണ്ണ്. മുകളിൽപ്പറഞ്ഞ ചെറുജീവികളെല്ലാം മണ്ണിനെ പാകപ്പെടുത്താനുള്ളവയാണ് അതുകൊണ്ടുതന്നെയാണ് സ്വാഭാവികമണ്ണ് രൂപപ്പെട്ടുവരാൻ നൂറുകണക്കിന് വർഷങ്ങളെടുക്കുന്നതും അത് കൃത്രിമമായി ലാബുകളിൽ നിർമിച്ചെടുക്കാൻ സാധിക്കാത്തതും.
കാർബണിന്റെയും ജലത്തിന്റെയും സംഭരണി
മണ്ണ് വലിയൊരു ജലസംഭരണിയാണ് തന്റെ വ്യാപ്തത്തിന്റെ മൂന്നിരട്ടി വെള്ളം ശേഖരിച്ചുവെക്കാൻ മണ്ണിന് കഴിയുന്നു ഇങ്ങനെ ശേഖരിച്ചുവെക്കുന്ന ജലമാണ് മണ്ണിൽ സൂക്ഷ്മജീവികളുടെ വർധനവിനും മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും കാരണമാകുന്നത്.
അന്തരീക്ഷത്തിൽ അധികമുള്ള കാർബണിനെവലിച്ചെടുത്ത് തന്നിലടക്കാൻ മണ്ണ് കാണിക്കുന്ന കഴിവ് ചില്ലറയല്ല. അന്തരീക്ഷസസ്യജാലങ്ങൾ വലിച്ചെടുക്കുന്നതിന്റെ ഏകദേശം ആറിരട്ടിയാണ് മണ്ണ് തന്റെയുള്ളിലേക്ക് വലിച്ചെടുക്കുന്നത്.
മണ്ണിനെ നശിപ്പിക്കുന്നത്
പ്രാകൃതികമായ അവസ്ഥകളും മാനുഷികമായ ചെയ്തികളുമാണ് മണ്ണിന്റെ അന്തകനായിക്കൊണ്ടിരിക്കുന്നത്. 2003-ൽ മണ്ണിന്റെ പ്രാധാന്യം മനസ്സിലാക്കി ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ശാസ്ത്രജ്ഞർ ഒപ്പിട്ട ഒരു താക്കീത് അന്താരാഷ്ട്ര സംഘടനയ്ക്ക് കൊടുത്തിരുന്നു. 2016 ആകുമ്പോഴേക്കും താക്കീതിൽ ഒപ്പിട്ട ശാസ്ത്രജ്ഞരുടെ എണ്ണം ലക്ഷം കവിഞ്ഞു. മണ്ണിന്റെ പ്രാധാന്യവും മണ്ണ് നശിച്ചുകൊണ്ടിരിക്കുന്നതിന്റെ തോതും നിരീക്ഷിച്ച് തയ്യാറാക്കിയ ഗവേഷണഫലങ്ങളുടെ റിപ്പോർട്ടിനൊപ്പമായിരുന്നു അത് കൈമാറിയത് അതിൽ മണ്ണിനെ നശിപ്പിക്കുന്ന ഘടകങ്ങളുടെ കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. അസന്തുലിതമായ രാസവളപ്രയോഗം,മണ്ണിലെ ജൈവാംശത്തിൽ വരുന്ന കുറവ്, വിളവൈവിധ്യത്തിലെ വൻകുറവ്, സുക്ഷ്മാണുക്കൾക്ക് ആരോഗ്യകരമായരീതിയിൽ വളരാനുള്ള സാഹചര്യത്തിന്റെ അഭാവം, കൂടുതൽ മൂല്യ പോഷണം ആവശ്യമുള്ളതും അധികവിളവു തരുന്നതുമായ ഉത്പന്നങ്ങൾ തുടർച്ചയായി കൃഷിചെയ്യുന്നത്, വ്യത്യസ്ത തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയാണ് നമ്പന്നമായ നമ്മുടെ മണ്ണിനെ മരു വത്കരണത്തിലേക്ക് നയിക്കുന്ന പ്രധാന വില്ലൻ്മാർ.
രാസകൃഷി, കീടനാശിനി, കളനാശിനികൾ
പല വികസിതരാജ്യങ്ങളും തങ്ങളുടെ ഭക്ഷ്യാവശ്യങ്ങളൾക്കുള്ള ആഹാരസാധനങ്ങൾ ഉത്പാദിപ്പിക്കുന്നത് ഇപ്പോൾ ജൈവകൃഷിയിലൂടെയാണ്. ഉയർന്ന ഉത്പാദനത്തോതും ഉയർന്ന വിള തോതും ഉറപ്പുനൽകുന്ന രാസകൃഷിയെ പലരും ഉപേക്ഷിച്ചമട്ടാണ്. കാരണം രാസകൃഷിയിൽ ഉപയോഗിക്കപ്പെടുന്ന യൂറിയപോലുള്ള രാസവളങ്ങളും രാസകീടനാശിനികളും കളനാശിനികളും മണ്ണിലെ സൂക്ഷ്മജീവികളെ നാമാവശേഷമാക്കുകയും മണ്ണിന്റെ ജൈവികത ഇല്ലാതാക്കുകയും അതിന്റെ സ്ഥിരമായ ഉപയോഗം മണ്ണിൽ നട്ടാൽ ഒന്നും കരുക്കാത്തരീതിയിലാക്കുകയും ചെയ്യുന്നു.
മണ്ണൊലിപ്പുപോലുള്ള കാരണങ്ങൾ
മണ്ണൊലിപ്പാണ് മേൽമണ്ണിന്റെ മറ്റൊരു ശത്രു ചരിഞ്ഞ ഭൂപ്രകൃതിയുള്ളകേരളത്തിൽ നിന്നുമാത്രം പ്രതിവർഷം ഹെക്ടറിന് ആറു ടണ്ണോളം മണ്ണാണ് ഒഴുകിപ്പോകുന്നതെന്നത് മനസ്സിലാക്കിയാൽ മണ്ണൊലിപ്പിന്റെ രൂഷത നമുക്ക് മനസ്സിലാക്കാം. മഴപതുക്കെ വിട്ടൊഴിയുമ്പോഴേക്കും ഭാരതപ്പുഴയുടെ വിരിമാറിൽ മണൽക്കുനകൾ ഉയരുന്നത് ഇരുകരകളിൽനിന്നും കുത്തിയൊലിച്ചുവരുന്നമണ്ണാണ്. അധിവർഷവും വരൾച്ചയും ഭൂകമ്പവും കാറ്റുകളും നദികളുടെ ആഴം കുറഞ്ഞ് ഒഴുക്കു നിലയ്ക്കുന്നതും മണ്ണിനെ മരുവത്കരണത്തിലേക്ക് നയിക്കുന്നു.
പ്രതിവിധി
മരങ്ങൾ നട്ടുപിടിപ്പിക്കുക, പരമാവധിവെള്ളം ഭൂമിയിൽ താഴാൻ അനുവദിക്കുക, വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കുക. മഴവെള്ളക്കൊയ്ത്ത് നടത്തുക, മഴക്കുഴികൾ, മണ്ണ്‌കൈയ്യാലകൾ എന്നിവ നിർമിക്കുക, കയർഭൂവസ്ത്രം വിരിക്കുക, തികച്ചും ജൈവകൃഷിമാത്രം അനുവർത്തിക്കുക, മാരക കീട, കളനിശികൾ മണ്ണിൽ പ്രയോഗിക്കാതിരിക്കുക, പുതയിടൽ പ്രക്രിയയിലൂടെ ജൈവമാലിന്യങ്ങളെ മണ്ണിൽ അലിഞ്ഞു ചേരാൻ അനുവദിക്കുക എന്നിവയെല്ലാമാണ് നാം അനുവർത്തിക്കേണ്ട പരിഹാരമാർഗങ്ങൾ ഇല്ലെങ്കിൽ മണ്ണെന്നുപറയുന്ന അമൂല്യമായ സമ്പത്ത് നശിച്ച് ഫലഭൂയിഷ്ഠമായ കരഭൂമി നശിച്ച് മരുവത്കരണത്തിനിരയായി നാം അന്നത്തിന് വേറെ വഴിയാരായേണ്ടിവരും. അതെ നാമോരോരുത്തരം ഓരോ യക്കൂബമാരാകേണ്ടതുണ്ട്.


പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate