অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തുരത്താം റൂഗോസ് വെള്ളീച്ചയെ

തുരത്താം റൂഗോസ് വെള്ളീച്ചയെ

കഴിഞ്ഞവർഷം ജൂൺ മുതലുള്ള മഴമാസങ്ങളിൽ കോഴിക്കോട,് കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലെ തെങ്ങുകൾക്കും വാഴകൾക്കും ഒരു പ്രത്യേക കീടത്തിന്റെ ആക്രമണം നേരിട്ടു. തെങ്ങിന്റെ ഓലക്കണ്ണികൾക്കടിവശത്തും വാഴയിലയുടെ അടിവശത്തും ഒരു തരം മെഴുകുപോലത്തെ വസ്തുവും ചെറിയ വെളുത്ത ഈച്ചകളും പറ്റിക്കിടക്കുന്നതായാണ് ആദ്യം കാണപ്പെട്ടത് പിന്നീട് ഇവ ഓലക്കണ്ണികളുടെയും വാഴയിലകളുടെയും നീര് ഊറ്റിക്കുടിക്കുകയും. ഇലകൾ മഞ്ഞളിച്ച് കരിഞ്ഞു പോവുകയും ചെയ്തു. പിന്നീട് ഒരു കറുത്തതരം വസ്തു പുരണ്ട് കരിഞ്ഞ പൂപ്പുപോലെ ഓലയും ഇലയും കരുവാളിച്ചു പോകുന്നു. ഒരുതരം വെള്ളീച്ചയാണ് ഇതിൽ വില്ലനായി വന്നത്.
വേനൽക്കാലത്ത് പച്ചക്കറിയിനങ്ങളെ ബാധിക്കുന്നതാണ് നമുക്ക് പരിചയമുള്ള വെള്ളീച്ച. എന്നാൽ, ഇത് ഇനം വേറെയായിരുന്നു. ഒരു വിദേശഇനം വെള്ളീച്ച. അതിന്റെ പേര് റൂഗോസ് സൈ്പറലിങ് വെള്ളീച്ച എന്നാണ.് ശാസ്ത്രനാമം 'അലുറോഡിക്കസ് റൂജിയോപെർക്കുലേറ്റസ്' എന്നാണ്. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന വെള്ളീച്ചകളുടെ ശാസ്ത്രനാമം ബെമീസ ടെബസി, അലുറോഡിക്കസ് ഡിസ്‌പേഴ്‌സസ്
എന്നാണ് ഇവ സാധാരണയായി പച്ചക്കറികളെയാണ് ബാധിക്കാറ.് എന്നാൽ, പല തെങ്ങിൻ തോപ്പുകളിലും കടന്നുകയറിയ പുത്തൻ വിദേശയിനം വെള്ളീച്ചയ്ക്ക് സാധാരണവെള്ളീച്ചയെക്കാൾ വലിപ്പക്കൂടുതലുണ്ടായിരുന്നു. ഇവയുടെ വെളുത്ത ചിറകിന്റെ മുകൾ പ്രതലത്തിൽ നേരിയ നീലനിറം ഉണ്ടാകും.
വളർച്ചാ ചക്രം
അഞ്ചു വളർച്ചാദശകൾ അടങ്ങിയതാണ് റൂഗോസ് വെള്ളീച്ചയുടെ ജീവിതം. പെൺവെള്ളീച്ചകൾ ഓലക്കണ്ണിയുടെ ഉള്ളിലും വാഴയിലയ്ക്കടിയിലും വട്ടത്തിൽ മുട്ടയിടുന്നു. ഓരോ വളർച്ചാഘട്ടത്തിലും അതിന്റെ വലിപ്പത്തിൽ വ്യത്യാസം കാണിക്കുന്നു. ചെറിയ പ്രായത്തിൽ വെള്ളീച്ചകൾക്ക് നല്ല തിളക്കമുള്ള മഞ്ഞനിറമായിരിക്കും ഇവ ഒരുതരം സ്രവം പുറപ്പെടുവിക്കുന്നു. വാഴയിൽ ഇവ ഇലയ്ക്കടിയിലാണെങ്കിലും സ്രവം തൊട്ടുതാഴേയുള്ള ഇലകൾക്ക് മുകളിലേക്ക് വീണ് ഇലയുടെ അടിഭാഗവും മേൽഭാഗവും ഒരു പോലെ കരുവാളിക്കുന്നു.
തുരത്താം ജൈവരീതിയിൽ
വെള്ളീച്ചകളെ നശിപ്പിക്കുന്ന ഒട്ടേറെ മിത്രപ്രാണികൾ പ്രകൃതിയിൽത്തന്നെയുണ്ട്. രൂക്ഷമായ രാസ കീടനാശിനികൾ മനുഷ്യനും മിത്രപ്രാണികൾക്കും ദോഷമായതുകൊണ്ട് ഈ വിദേശകീടത്തെ ജൈവരീതിയിൽ തുരത്താം.
വെർട്ടിസീലിയം മിശ്രിതം
വെർട്ടിസീലിയമെന്ന മിത്രകുമിളിനെ ഉപയോഗിച്ച് വിദേശയിനം വെള്ളീച്ചയെ തുരത്താം. വെർട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതിനുശേഷം അതിലേക്ക് 10 മില്ലി ആവണക്കെണ്ണയും 10ഗ്രാം പൊടിച്ച ശർക്കരയും  ചേർത്തിളക്കിത്തളിച്ചാൽ ഒട്ടുമുക്കാലും വെള്ളീച്ചകളെ തുരത്താം.
ആവണക്കെണ്ണ വേപ്പെണ്ണ മിശ്രിതം
നൂറുമില്ലിലിറ്റർ വേപ്പെണ്ണയും അമ്പത്മില്ലി ആവണക്കെണ്ണയും 15 മില്ലി സ്റ്റാനൊവെറ്റും ചേർത്ത് മിക്‌സാക്കിയതിന് ശേഷം അതിൽ നിന്നും 10 മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെയും ഓലക്കാലുകളുടെ അടിയിലും വരത്തക്കവിധം തളിച്ചുകൊടുക്കാം.
വേപ്പെണ്ണ എമെൽഷൻ
200 മില്ലിലിറ്റർ വേപ്പെണ്ണയിൽ 50 ഗ്രാം അലക്കുസോപ്പ് അല്പം ചൂടുവെള്ളത്തിൽ കലക്കിയതും 100 ഗ്രാം വെളുത്തുള്ളി അരച്ച് കലക്കിയെടുത്തതും ചേർത്ത് ശക്തികൂട്ടിയ ലായനി 15 മില്ലി ഒരു ലിറ്റർവെള്ളത്തിൽ കലക്കി തളിച്ചാൽ വെള്ളീച്ചയെ തുരത്താം.
ജൈവകീടനാശിപ്രയോഗം കൊണ്ട് ഗുരുതരമായി രോഗം ബാധിച്ചവയെ രക്ഷിച്ചെടുക്കാനാകില്ല. അതിനാൽ ഗുരുതരമായി രോഗം ബാധിച്ച ഇലകളും ഓലകളും വെട്ടിയെടുത്ത് കരിച്ച് നശിപ്പിച്ചതിന് ശേഷമാണ് ജൈവകീടനാശിനിപ്രയോഗം നടത്തേണ്ടത്.


പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate