অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവ കൃഷി സുസ്ഥിരകൃഷി

ആമുഖം

കഴിഞ്ഞ കുറേ വർഷങ്ങളായി ലോകമെമ്പാടും ജൈവ കൃഷി രീതികൾക്ക് പ്രസക്തിയേറിക്കൊണ്ടിരിക്കുകയാണ്.അമിതമായ രാസവളപ്രയോഗവും രാസകീടകുമിൾ കളനാശിനികളുടെ ഉപയോഗവും മനുഷ്യനിലും മൃഗങ്ങളിലും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.വിളകൾക്കുണ്ടാകുന്ന നിയന്ത്രണാതീതമായ കീട-രോഗബാധകൾ വർഷങ്ങളായി നിയന്ത്രണവിധേയമെന്നു കരുതിയിരുന്ന പല രോഗങ്ങളുടെയും തിരിച്ചുവരവ് എന്നിവയും ഇതുമൂലമാണെന്നു കണക്കാക്കപ്പെടുന്നു.അന്താരാഷ്ട്രവിപണികളിലും എന്തുവിലകൊടുത്തും സുരക്ഷിതമായ ഉത്പന്നങ്ങൾ വാങ്ങുവാനും താല്പര്യം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നമ്മുടെ നാട്ടിൽ ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കൃഷി സംമ്പ്രദായമാണ് അനുവർത്തിക്കുന്നത്.ഇത് അമിതമായി രാസവസ്തുക്കളെ ആശ്രയിക്കാനും അവയെ അശാസ്ത്രീയമായരീതിയിൽ ഉപയോഗിക്കാനും ഇടയാക്കി.പരിസ്ഥിതി മലിനീകരണത്തിനും പ്രകൃതി നാശത്തിനും ഇത് കാരണമായി.വിളവ് വർധിപ്പിക്കാൻ വേണ്ടി ചെയ്യുന്ന പല പരിപാലന മുറകളും മണ്ണൊലിപ്പിനും ജലദൗർലഭ്യത്തിനും ഇടയാക്കി.

സുസ്ഥിരവും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാത്തതുമായ കൃഷി,രുചികരവും ആരോഗ്യദായകവുമായ ഉത്പന്നങ്ങൾ എന്നിവയെ ലക്ഷ്യമിട്ടുകൊണ്ടാണ് ജൈവ കൃഷിവിഭാവനം ചെയ്തിരിക്കുന്നത്.

ജൈവ കൃഷി-സുസ്ഥിര കൃഷി

ജൈവവിഭവങ്ങളുപയോഗിച്ച് പരിസ്ഥിതിക്ക് കോട്ടം വരാത്തരീതിയിൽ പ്രാദേശിക കാലാവസ്ഥാഭേതങ്ങൾക്ക് അനുസരണമായി ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥായിയായ കൃഷിരീതികളെ ജൈവകൃഷി എന്ന് പറയാം.

മണ്ണിന്റെയും വിലയുടെയും ഉത്പാദനക്ഷമത ഉയർത്തുകയും നിലനിർത്തുകയും ചെയ്യുന്നതരത്തിലുള്ള കൃഷിമുറകളായിരിക്കണം ജൈവ കൃഷിയിൽ അനുവർത്തിക്കേണ്ടത്.

ജൈവ കൃഷിയില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍

ജൈവകൃഷിയിൽ പ്രധാനമായും താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

  • ജൈവവസ്തുക്കൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള വളപ്രയോഗം.
  • ജൈവമാർഗങ്ങളുപയോഗിച്ചുള്ള കീട-രോഗനിയന്ത്രണം .
  • ശാസ്ത്രീയമായ രീതിയിലുള്ള മണ്ണുസംരക്ഷണോപാധികൾ.
  • ജൈവ വൈവിധ്യസംരക്ഷണം
  • സമ്മിശ്ര കൃഷിരീതികൾ
  • ജനിതക സാങ്കേതിക വിദ്യ ഉപയോഗപെടുത്തിയുള്ള കൃഷി.

I.ജൈവ വസ്തുക്കൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള വളപ്രയോഗം/ജൈവവളപ്രയോഗം

വിളകളുടെ വളർച്ചക്ക് ആവശ്യമായ പ്രാഥമികമൂലകങ്ങൾ (പാക്യജനകം,ഭാവഹം,ക്ഷാരം)ഇവ കുറഞ്ഞതോതിലാണ് ജൈവ വസ്തുക്കളിൽ അടങ്ങിയിട്ടുള്ളത്.ശാസ്ത്രീയമായി ശുപാർശ ചെയ്തിട്ടുള്ള അളവിൽ ചെടികൾക്ക് ആവശ്യമായ എല്ലാ പോഷക മൂലകങ്ങളും ലഭ്യമാക്കണമെങ്കിൽ വൻതോതിൽ ജൈവ വളം ഉല്പാതിപ്പിക്കേണ്ടിവരും.ഇന്നത്തെ സാഹചര്യത്തിൽ ആഗ്‌വശ്യമായ അളവിൽ ജൈവ വളം ഉല്പാദിപ്പിക്കാൻ സാധിക്കാത്തതിനാൽ ജൈവവളങ്ങളും ജീവാണുവളങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള വളപ്രയോഗരീതിയാണ് അഭിലഷണീയം.ജൈവ വളങ്ങളുടെ ലഭ്യത കൂടുന്നതനുസരിച്ച് ക്രമേണ രാസവളപ്രയോഗം നിർത്താം.

()ജൈവവളങ്ങൾ

ജൈവ വളങ്ങൾ മണ്ണിന്റെ ഭൗതീക  ഗുണങ്ങൾ  മെച്ചപ്പെടുത്തുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നു.മണ്ണിലെ അണുജീവികളുടെ വളർച്ചക്കും പ്രവർത്തനത്തിനും അനുകൂലസാഹചര്യമൊരുക്കി മണ്ണിന്റെ വളക്കൂറും വിലയുത്പാദനശേഷിയും നിലനിർത്തുന്നു.മണ്ണിലെ ഈർപ്പം സൂക്ഷിക്കുന്നു.

പച്ചിലവളം,കാലിവളം,കമ്പോസ്റ്റ്,എല്ലുപൊടി,റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവയാണ് ജൈവ വളങ്ങളിൽ പ്രധാനം

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ പരമാവധി മണ്ണിലേക്ക് തന്നെ കൊടുക്കുന്നു.ഇതിനായി വിളകളുടെ  അവശിഷ്ട്ടങ്ങൾ തിരികെ മണ്ണിൽ തന്നെ ഉഴുതു ചേർക്കാവുന്നതാണ്.പച്ചില,പയറുവർഗ  ചെടികൾ തുടങ്ങിയവ ഉഴുതുചേർക്കുന്നതുമൂലം മണ്ണിൽ പാക്യജനകത്തിന്റെയും ജൈവാംശത്തിന്റെയും തോത് വർധിപ്പിക്കുകയും ചെയ്യുന്നു.

കാലിവളത്തിലും ഗോമൂത്രത്തിലും ചെടികൾക്കാവശ്യമായ  പ്രാഥമികമൂലകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.ഗോമൂത്രം നേർപ്പിച്ച് നേരിട്ട് സസ്യങ്ങളിൽ തളിക്കുന്നത് അവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതുകൂടാതെ കീടങ്ങളുടെ ശല്യം ഒരു പരിധിവരെ തടയുമെന്നും കണ്ടിട്ടുണ്ട്.കാലിവളത്തിൽനിന്നും ലഭിക്കുന്ന ജൈവ വാതകം ഇന്ധനമായി പാചകത്തിനും വിളക്കുകത്തിക്കുവാനും ഉപയോഗിക്കാം.

ജൈവ വസ്തുക്കളുടെ ലഭ്യത അനുസരിച്ച് കമ്പോസ്റ്റ് പലരീതിയിൽ ഉണ്ടാക്കാം.കർഷകർക്കിടയിൽ പ്രചാരം നേടിയ കമ്പോസ്റ്റുകളാണ് മണ്ണിരകമ്പോസ്റ്റും ചകിരിച്ചോറു കമ്പോസ്റ്റും ചെയ്‌കൾക്കാവശ്യമായ എല്ലാ പ്രധാനമൂലകങ്ങളും എൻസൈമുകളും ജീവകങ്ങളും ഹോർമോണുകളും എളുപ്പം വലിച്ചെടുക്കത്തക്ക രീതിയിൽ ഈ കമ്പോസ്റ്റുകളിൽ അടങ്ങിയിട്ടുണ്ട്. മണ്ണിര കമ്പോസ്റ്റ് എങ്ങനെ തയ്യാറാക്കാം?

1.5 X 0.9 X 0 .6 മീറ്റർ വലുപ്പമുള്ള സിമന്റ് ടാങ്ക് നിർമ്മിച്ച് ജലം വാർന്നുപോകുന്നതിനായി അടിഭാഗത്ത് ഒരു പ്ലാസ്റ്റിക് കുഴൽ ഘടിപ്പിക്കണം.മുകളിലായി കമ്പി വലയും ഘടിപ്പിക്കുക.ടാങ്കിന്റെ അടിഭാഗത്ത് 10 സെന്റിമീറ്റർ കനത്തിൽ ചാണകപ്പൊടി വിതറി അതിനുമീതെ പച്ചച്ചാണകം ഉപയോഗിച്ച് 30   സെന്റിമീറ്റർ വീതിയിലും 15 സെന്റിമീറ്റർ കനത്തിലും ഒരു ഭിത്തിപോലെ ഉണ്ടാക്കുക.അതിൽ മണ്ണിരകളെ ഇട്ട് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടുക.രണ്ടാഴ്ചകഴിഞ്ഞ് പച്ചച്ചാണകം വീണ്ടും ഇതേരീതിയിൽ ഇട്ടു കൊടുക്കുക.മണ്ണിരകൾ 30 ദിവസമാകുമ്പോഴേക്കും ആവശ്യത്തിന് പെരുകിയിരിക്കും.ജൈവാവശിഷ്ടങ്ങൾ അതിനുമീതെ നേരിയ കനത്തിൽ  ദിവസവും ഇട്ടുകൊടുത്തുകൊണ്ടിരിക്കുക.കൂടുതൽ എരിവും എണ്ണമയവുമുള്ള സാധനങ്ങൾ,പ്ലാസ്റ്റിക്,കുപ്പികഷണങ്ങൾ തുടങ്ങിയവയും ടാങ്കിൽ ഇടരുത്.ടാങ്കിൽ കമ്പോസ്റ്റ് നിറഞ്ഞുകഴിഞ്ഞാൽ 30 സെന്റിമീറ്റർ വീതിയിലും 10 സെന്റിമീറ്റർ കനത്തിലും പച്ചചാണകം കലക്കി ഒഴിച്ചുകൊടുക്കണം.ഇടക്കിടക്ക് ചെറുതായി നനയ്ക്കുക.ഒരാഴ്ച്ചകൊണ്ട് മണ്ണിരമുഴുവൻ ഈ പച്ചചാണക കുഴമ്പിലേക്ക് മാറും.ഇത് വാരിമാറ്റിയ ശേഷം ടാങ്കിലെ ബാക്കി കമ്പോസ്റ്റുമുഴുവൻ വെളിയിലെടുത്ത് നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് കൂനകൂട്ടുക.ബാക്കിയുള്ള മണ്ണിര മുഴുവനും കൂനയുടെ അടിയിലേക്ക് പോകും.മുകളിലുള്ള കമ്പോസ്റ്റു മാറ്റിയശേഷം അടിഭാഗത്തായി മണ്ണിരകളുള്ള കമ്പോസ്റ്റും നേരത്തെ വാരിമാറ്റിയ ചാണകകുഴമ്പിലുള്ള മണ്ണിരകളും കുഴിയിലേക്ക് തിരികെ നിക്ഷേപിക്കാം.ഇതിൽ നിന്ന് വീണ്ടും കമ്പോസ്റ്റ് ഉല്പാതിപ്പിക്കാൻ  കഴിയും.

ചകിരിച്ചോറ് കമ്പോസ്റ്റ്

ചകിരിച്ചോറ് കമ്പോസ്റ്റാക്കി മാറ്റുന്നത് 'പ്ലൂറോടട്ടസ്'എന്ന കുമിളാണ്.ഇതിന്റെ കൾചറിന് 'പിത്ത്പ്ലസ് 'എന്ന് പറയുന്നു.

ചകിരിച്ചോറ് കമ്പോസ്റ്റുണ്ടാക്കാൻ നല്ല ഈർപ്പമുള്ള ചകിരിച്ചോറ് വേണം.വെള്ളം കെട്ടിനിൽക്കാത്ത തുറസ്സായ സ്ഥലം കമ്പോസ്റ്റുണ്ടാക്കാനായി തെരഞ്ഞെടുക്കണം.വൃത്തിയുള്ള തറയിൽ 5 മീറ്റർ X 3 മീറ്റർ X 10 സെന്റിമീറ്റർ കനത്തിൽ 100 കിലോഗ്രാം ചകിരിച്ചോറ് നിരത്തുക.അതിനുശേഷം പഴയ അളവിലും കനത്തിലും ചകിരിച്ചോർ വിരിച്ച് മീതെ 1 കിലോഗ്രാം യൂറിയ വിതറുക.വീണ്ടും ചകിരിച്ചോർ - പിത്ത പ്ലസ്,ചകിരിച്ചോർ-യൂറിയ എന്ന അടുക്കിൽ 1 റൺ ചകിരിചോർവരെ നിരത്തുക.40 ദിവസം ഇത് നന്നായി അഴുകാൻ അനുവദിക്കുക ഈർപ്പം നഷ്ട്ടപെടാതിരിയ്ക്കാൻ ചണച്ചാക്കുകളോ വാഴത്തടയോ ഓലയോ മുകളിൽ ഇടേണ്ടതാണ്.40 ദിവസം കഴിയുമ്പോൾ ചകിരിച്ചോർ കറുത്ത നിറമുള്ള കമ്പോസ്റ്റായി മാറിയിരിക്കും.1 ടൺ ചകിരിച്ചോറിൽ നിന്ന് ഏകദേശം 600 കിലോഗ്രാം കമ്പോസ്റ്റുവരെ ലഭിക്കും.

ബി)ജീവാണുവളങ്ങൾ

ജീവാണുവളങ്ങൾക്ക് ജൈവകൃഷിയിൽ പ്രധാന പങ്കുവഹിക്കാൻ കഴിയും.റൈസോബിയം,അസറ്റോ ബാക്ടർ,അസോസ്പൈറില്ലം എന്നീ ബാക്ടീരിയകൾക്ക് അന്തരീക്ഷത്തിൽനിന്നും നൈട്രജനെ (പാക്യജനകം)ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്.അന്തരീക്ഷ നൈട്രജനെ  ഇവ വിളകളുടെ വേരുകളിൽ സംഭരിക്കുകയും ചെടികളുടെ വളർച്ചക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.ചെടികൾ ഉഴുതുചേർത്ത് കൊടുക്കുന്നതുമൂലം മണ്ണിൽ പാക്യജനകത്തിന്റെയും ജൈവാംശത്തിന്റെയും തോത് വർധിക്കുന്നു.

റൈസോബിയം ഉപയോഗിക്കുന്നതെങ്ങനെ?

ഒരു ഹെക്ടറിലെ ആവശ്യത്തിന് 500 ഗ്രാം റൈസോബിയം കൾച്ചർ വേണ്ടിവരും.ഇത് കഞ്ഞിവെള്ളത്തിലോ ശർക്കര പാനിയിലോ കലക്കി വിത്തിൽ പുരട്ടി തണലിൽ ഉണക്കുക.അതിനുശേഷം ഈപ്പമുള്ള മണ്ണിലേക്ക് വിതക്കാവുന്നതാണ്.

റൈസോബിയം ഒഴികെയുള്ള മറ്റു ജീവാണുവളങ്ങൾ മണ്ണിലേക്ക് നേരിട്ട് കൊടുക്കാൻ കഴിയും.കാലിവളത്തിന്റെയോ കമ്പോസ്റ്റിന്റെയോകൂടെ 1:25 എന്ന അനുപാതത്തിൽ ചേർത്ത് മണ്ണിൽ വിതറിക്കൊടുത്തൽ മതിയാകും.

മറ്റൊരു ജീവാണുവളമായ വി എ മൈക്കോറൈസ മണ്ണിൽനിന്നുള്ള ഭാവഹത്തിന്റെ ലഭ്യതയെ ത്വരിതപ്പെടുത്തുന്നു.വേനൽക്കാലങ്ങളിൽ പറിച്ചുനടുന്ന തൈകൾ വാടാതിരിക്കാനും രോഗകാരികളായ ഫംഗസ്സുകളിൽനിന്ന് സംരക്ഷണം നൽകാനും ഇവ സഹായിക്കും.

അസോള:പുതിയ പ്രതീക്ഷ

ജലത്തിൽ വളരുന്ന ഒരു തരം പണ്ണൽ ചെടിയാണ് അസോള.നാട്ടിൻപുറങ്ങളിൽ ഇതിനെ 'അവിലുപായൽ 'എന്നും വിളിക്കും.ഇതിൽ വളരുന്ന ചിലയിനം ആൽഗകൾക്ക് അന്തരീക്ഷ നൈട്രജനെ സ്വീകരിച്ച് മണ്ണിലേക്ക് നൽകാനുള്ള കഴിവുണ്ട്.ഇവയുടെ വളർച്ചക്ക് നല്ല വെയിലും(30%C)കുറച്ചു തണലും വേണം.നെൽകൃഷിക്ക് ഇത് ഒന്നാംതരം ജൈവവളമായി ഉപയോഗിക്കാം.ഒന്നാംവിളയിറക്കി പകുതിയാകുമ്പോഴേക്കും അസോളയുടെ വിത്ത് ഹെക്ടറിന് 10 കിലോഗ്രാം എന്നതോതിൽ പാടത്തേക്ക് വിതറിക്കൊടുക്കണം.വില അവസാനിക്കാറാകുമ്പോഴേക്ക് 5 ടൺവരെ ജൈവവളം മണ്ണിൽ കിട്ടത്തക്കവണ്ണം ഇവ വളർന്നിരിക്കും.25 കിലോഗ്രാം പാക്യജനകം ഇത്രയും അസോളക്ക് മണ്ണിലേക്കുനൽകാൻ കഴിയും.പാഠം കൊയ്തശേഷം വെള്ളം വറ്റിച്ച് മണ്ണിൽ അവ മുഴുവൻ ഉഴുതുചേർക്കാം.അസോള ടാങ്കുകളിലും കുളങ്ങളിലും വളർത്തിയെടുത്ത് കാലിത്തീറ്റയായും വളർത്തുപക്ഷികൾക്ക് തീറ്റയായും ഉപയോഗിക്കുന്നുണ്ട്.

ജൈവവളങ്ങളും ജീവാണുവളങ്ങളും കൂടാതെ മണ്ണിന്റെ ഫലപുഷ്ടികാത്തുസൂക്ഷിക്കാൻ വിളപരിക്രമംമൂലം സാധിക്കുന്നു. വിളപരിക്രമം പാലിക്കുകവഴി ഒരേ തലത്തിലുള്ള മൂലകങ്ങളുടെ ചൂഷണം പരമാവധി പ്രയോജനപ്പെടുത്താനും കഴിയ്യുന്നു.

II.ജൈവ കീട-രോഗ നിയന്ത്രണം നടത്തുക

അശാസ്ത്രീയ രീതിയിലുള്ള രാസകീടനാശിനികളുടെ ഉപയോഗം പരിസര മലിനീകരണത്തിനും ജല മലിനീകരണത്തിനും കാരണമായിട്ടുണ്ട്.ഭക്ഷ്യവസ്തുക്കളിൽ അവശിഷ്ടമാകുന്ന വിഷവീര്യം മനുഷ്യരിലും വളർത്തുമൃഗങ്ങളിലും പലവിധത്തിലും രോഗങ്ങൾ ഉണ്ടാകുന്നു.ഇവയുടെ ഉപയോഗം കീടങ്ങളെ മാത്രമല്ല അവയുടെ പ്രകൃതി ശത്രുക്കളെയും ഉന്മൂലനം ചെയ്യുകയും കാലക്രമേണ കീടനാശിനിയെ ചെറുത്തുനിൽക്കാൻ കഴിവുള്ള കീടങ്ങൾക്ക് ജന്മം നൽകുകയും ചെയ്യുന്നു.

പ്രകൃതിക്ക് നാശം ഉണ്ടാകാത്ത തരത്തിലുള്ള ചെലവുകുറഞ്ഞ കീടനിയന്ത്രണമാർഗങ്ങൾ സാധ്യമാണ്.ജൈവകീടനാശിനികളായ വേപ്പെണ്ണ ഇമൾഷൻ,പുകയിലക്കഷായം,വെളുത്തുള്ളിസോപ്പ് മിശ്രിതം,വേപ്പിൻകുരു  സത്ത്,നാറ്റപ്പൂച്ചെടി-സോപ്പ് മിശ്രിതം,കാന്താരി മിശ്രിതം  തുടങ്ങിയവ ഇവയിൽ ചിലതാണ്.ചില ജൈവകീടനാശിനികൾ ഉണ്ടാക്കുന്ന വിധം ചുവടെ പ്രതിപാദിക്കുന്നു.

  • വേപ്പെണ്ണ ഇമൾഷൻ

60 ഗ്രാം സോപ്പ് അര ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഈ ലായനി ഒരു ലിറ്റർ വേപ്പെണ്ണയുമായി ചേർത്തിളക്കുക.ഇത് 10 ഇരട്ടി വെള്ളം ചേർത്ത് പയറിനെ ആക്രമിക്കുന്ന മിസ്രകീടം,പേനുകൾ എന്നിവയ്‌ക്കെതിരായും 40 ഇരട്ടി വെള്ളം ചേർത്ത് പാവൽ,പടവലം എന്നിവയിലും തളിക്കാം.

  • പുകയില കഷായം

മഞ്ഞ,മൃതുശാരീരീക ഘടനയുള്ള കീടങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ പുകയിലക്കഷായം ഫലപ്രദമായി ഉപയോഗിക്കാം.500 ഗ്രാം പുകയില അവശിഷ്ട്ടങ്ങൾ 4.5 ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്തുവെക്കണം.120 ഗ്രാം ബാർസോപ്പ് ചീകി വെള്ളത്തിൽ അലിയിക്കുക.സോപ്പുലായനി പുകയില കുതിർത്തവെള്ളത്തിലേക്ക് ഒഴിച്ച് ശക്തിയായി അടിച്ച് കലക്കിയെടുക്കണം.ഇത് 6-7 ഇരട്ടി വെള്ളവും ചേർത്ത് കീടങ്ങൾക്കെതിരെ പ്രയോഗിക്കാം.

  • വേപ്പിൻകുരു സത്ത്

50 ഗ്രാം വേപ്പിൻകുരു പൊടിച്ച് കിഴികെട്ടി 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ മുക്കിവെയ്ക്കുക.അതിനുശേഷം കിഴി പലപ്രാവശ്യം വെള്ളത്തിൽ മുക്കിപിഴിഞ്ഞെടുത്ത് ലായനി തയ്യാറാക്കാം.പച്ചക്കറി വിളകളിൽ കീടങ്ങൾക്കെതിരെ ഇത് പ്രയോഗിക്കാം.

പഴക്കെണി,തുളസിക്കെണി,ശർക്കരക്കെണി തുടങ്ങിയവ കായീച്ചകളെയും ഉറുമ്പുകളെയും നശിപ്പിക്കാനായി ഉപയോഗിക്കുന്നു.

പഴക്കെണി എങ്ങനെ തയ്യാറാക്കാം?

കായീച്ചകളെ നശിപ്പിക്കാനായി പഴക്കെണി ഉപയോഗിക്കുന്നു.പാളയംകോടൻപഴം 3-4 കഷണങ്ങളായി മുറിച്ച്,മുറിച്ചഭാഗങ്ങളിൽ ഫ്യൂറഡാൻ എന്ന കീടനാശിനിയുടെ തരികൾ വിതറുന്നു.ഈ പഴക്കഷണങ്ങൾ ചിരട്ടകളിലാക്കി ഉറി പോലെ തൂക്കിയിട്ടിരുന്നാൽ വിഷലിപ്തമായ പഴച്ചാറുകുടിച്ച് കീടങ്ങൾ ചത്തൊടുങ്ങും.ശർക്കരക്കെണിയും തുളസിക്കെണിയും ഇതേരീതിയിൽ ഉണ്ടാക്കാൻ സാധിക്കും.

ഫിറമോൺകെണി,വിലക്കുകെണി തുടങ്ങിയവ കീടങ്ങളെ ആകർഷിച്ച് കെണിയിൽ പെടുത്തുകയാണ് ചെയ്യുന്നത്.

പ്രകൃതിയിൽ ആൺകീടങ്ങൾ പുറപ്പെടുവിക്കുന്ന ഒരു തരം ഹോർമോണുകളാണ് ഫിറമോൺ.ഈ രാസ പദാർത്ഥം ആൺപെൺ കീടങ്ങളെ ആകർഷിച്ച് അതിന്റെ ഉറവിടത്തിലേക്ക് നയിക്കുന്നു.തെങ്ങിന്റെ ചെമ്പൻ ചെല്ലി,കൊമ്പൻചെല്ലി.പച്ചക്കറിയുടെ കായീച്ച,വാഴയുടെ മാണവണ്ട് ഇവയ്‌ക്കെതിരെ ഫിറമോൺകെണി ഫലപ്രദമായി ഉപയോഗിക്കാം.കീടങ്ങൾക്കനുസരണമായി ഫിറമോണുകളും വ്യത്യാസപ്പെട്ടിരിക്കും.

ചെമ്പൻചെല്ലിക്കെതിരായി ഫിറമോൺ കെണി ഉണ്ടാക്കുന്ന വിധം

കെണി തയ്യാറാക്കുവാൻ ഫിറമോൺ സ്ട്രിപ്പ്,10-12 ലിറ്റർ വലിപ്പമുള്ള മൂടിയുള്ള ബക്കറ്റ് (ഇത് പച്ച,നീല,വെള്ള എന്തെങ്കിലും നിറമുള്ളതായാൽ നന്ന്),1 കിലോഗ്രാം പഴമോ,പൈനാപ്പിളോ,10 ഗ്രാം യീസ്റ്റ്,10 ഗ്രാം ഫ്യൂറഡാൻ എന്നിവ ആവശ്യമാണ്.

ബക്കറ്റിന്റെ മൂടിയുടെ നടുഭാഗത്ത് വളഞ്ഞ കമ്പി കയറ്റണം.ബക്കറ്റിന്റെ വാക്കിന് 5 സെന്റീമീറ്റർ താഴെയായി 3 ഇഞ്ച് നീളത്തിൽ വിവിധ ദിശകളിലായി 4 ദ്വാരങ്ങൾ ഇടണം.ബക്കറ്റിലുണ്ടാക്കിയ 4 ദ്വാരങ്ങൾക്കുനടുവിലായി വരത്തക്കവണ്ണം മൂടിയുടെ നടുവിലൂടെ കടത്തിയ കമ്പിയുടെ അറ്റത്ത് ഫിറമോൺ സ്ട്രിപ്പ് തൂക്കിയിടുക.പൈനാപ്പിൾ-യീസ്റ്റ്-ഫ്യൂറഡാൻ മിശ്രിതം ബക്കറ്റിനുള്ളിലാക്കി ഫിറമോൺ സ്ട്രിപ്പു ഘടിപ്പിച്ച മൂടികൊണ്ട് അടയ്ക്കുക.ബക്കറ്റിനെ തെങ്ങിൻ തടിയോടു ചേർത്ത് 5 അടി ഉയരത്തിൽ ബന്ധിക്കുക. ദ്വാരങ്ങൾ മൂടിപ്പോകാത്തവിധം കയറുകൊണ്ട് ബക്കറ്റിന്റെ വശങ്ങൾ ചുറ്റികൊടുക്കുക.പറന്നു വന്ന് ബക്കറ്റിന്റെ പുറത്തിരിക്കുന്ന ചെല്ലികൾ ദ്വാരങ്ങളിൽ വീണു നശിക്കുകയും ചെയ്യും.2-3 ദിവസം കൂടുമ്പോൾ ബക്കറ്റിനുള്ളിലെ തീറ്റ മിശ്രിതം പൂർണ്ണമായും മാറ്റി പുതിയവ നിറയ്ക്കുക.ഫിറമോൺ സ്ട്രിപ്പിനുള്ളിൽ അടങ്ങിയിരിക്കുന്ന ദ്രാവകം പൂർണ്ണമായും ബാഷ്പീകരിച്ച് തീരും വരെ ഇത് ഉപയോഗിക്കാം.

മിശ്രകീടങ്ങളെയും മിത്രകുമിളുകളെയും ഉപയോഗിച്ച് കീട നിയന്ത്രണം നടപ്പാക്കാൻ കഴിയും.തെങ്ങോലപ്പുഴു,മണ്ഡരി,മീലിമൂട്ടകൾ എന്നിവയ്ക്കെതിരെ മിത്ര കീടങ്ങളെ പ്രയോജന പെടുത്താം.തെങ്ങോലപ്പുഴുവിന് എതിരായ മിത്രകീടങ്ങളിൽ ഒന്നാണ് ബ്രാക്കോൺ ബ്രവിക്കോണിസ്.ഇതിനെ കൃത്രിമമായി ലബോറട്ടറികളിൽ വളർത്തിയെടുക്കുന്നുണ്ട്.ആക്രമണം കൂടുതലായ സ്ഥലങ്ങളിൽ ടെസ്റ്റ് ട്യൂബിലാക്കി എതിർ പ്രാണികളെ തെങ്ങിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നുണ്ട്.ഇവ നേരെ മുകളിലേക്ക് പറന്നുയർന്ന് തെങ്ങോല പുഴുക്കളെ ആക്രമിച്ചു നശിപ്പിക്കുന്നു.ട്രൈക്കോഗ്രാമ എന്ന കടന്നൽ  വർഗത്തിൽപ്പെട്ട  മിത്രകീടം നെല്ലിലെ പല കീടങ്ങളുടെയും മുട്ടകൾ തിന്നു നശിപ്പിക്കുന്നു.കുരുമുളകിന്റെ ദ്രുതവാട്ടത്തിനെതിരെയും പയറിലെ മഞ്ഞക്കെതിരെയും മിത്രകുമിളകളെ ഉപയോഗപ്പെടുത്താം.പയറിലെ മഞ്ഞക്കെതിരായ ഫ്യൂസേറിയം എന്ന മിത്രകുമിൾ തവിടുമായി കലർത്തി ഉപയോഗിക്കുന്നു.അതുപോലെ കുരുമുളകിന്റെ ദ്രുതവാട്ടത്തിനെതിരെ ട്രൈക്കോഡെർമ ഫലപ്രദമായി ഉപയോഗിക്കാം.

ട്രൈക്കോഡെർമ ഉപയോഗിക്കുന്ന വിധം

നന്നായി ഉണങ്ങിയ വേപ്പിൻപിണ്ണാക്കും ചാണകവും 1:9 എന്ന അനുപാതത്തിൽ എടുത്ത് നന്നായി പൊടിച്ചെടുക്കണം.വെള്ളം തളിച്ച് ഈ കൂട്ടിനെ ഈർപ്പമുള്ളതാക്കുക.100 ഗ്രാം ട്രൈക്കോഡെർമ 10 കിലോഗ്രാം വേപ്പിൻപിണ്ണാക്ക് - ചാണക മിശ്രിതത്തിലേക്ക് നന്നായി ഇളക്കി ചേർക്കണം.ഈ കൂട്ടിനെ ദ്വാരങ്ങളുള്ള പോളിത്തീൻ കവറുകൊണ്ടോ ഉപയോഗശൂന്യമായ പേപ്പറുകൊണ്ടോ പൊതിഞ്ഞ് 4-5  ദിവസം തണലിൽ സൂക്ഷിക്കുക.ആവശ്യത്തിന് വെള്ളം തളിച്ച് വീണ്ടും ഒന്നുകൂടി ഇളക്കി 3 ദിവസത്തേക്ക്കൂടി തണലിൽ സൂക്ഷിച്ചശേഷം മണ്ണിലേക്ക് സാധാരണ ജൈവവളം ചേർക്കുന്നതുപോലെ ചേർത്തുകൊടുക്കാവുന്നതാണ്.ഇത് പോട്ടിംഗ് മിശ്രിതത്തിന്റെ കൂടെയും ചേർത്തുകൊടുക്കാം.കുരുമുളകിന്റെ ദ്രുതവാട്ടം തടയുന്നതിന് കൊടിയൊന്നിന് 5 കിലോഗ്രാം മിശ്രിതം മെയ്-ജൂൺ മാസങ്ങളിൽ മണ്ണിൽ ചേർത്തുകൊടുക്കാം.ഇഞ്ചി,പച്ചക്കറി എന്നിവയുടെ വേര് അഴുകൽ രോഗത്തിനെതിരായും ട്രൈക്കോഡെർമ ഉപയോഗിക്കാം.

ആഴ്ച്ചയിൽ ഒരിക്കലെങ്കിലും കീടരോഗനിരീക്ഷണം നടത്തിയാൽ വിളനഷ്ടം ഉണ്ടാകാതെ ജൈവീക കീടരോഗനിവാരണ മാര്ഗങ്ങളുപയോഗിച്ച് നിയന്ത്രണം നടപ്പാക്കാം.ആരോഗ്യദായകമായ വിള പരിപാലനമുറകൾ അനുവർത്തിക്കുന്നത് കീടരോഗങ്ങളെ പരമാവതി ചെറുക്കൻ സഹായിക്കും.

രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങൾ ഉല്പാതിപ്പിച്ചെടുക്കുകയും കൃഷിചെയ്യുകയും ചെയ്യുക.പ്രകൃതിദത്തമായിത്തന്നെ സവിശേഷഗുണങ്ങൾ കാണിക്കുന്ന ഇനങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക ജൈവകീടനിയന്ത്രണത്തിൽപെടുന്നവയാണ്.

III.ശാസ്ത്രീയ മണ്ണുസംരക്ഷണം.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്ണിന്റെ ഫലപുഷ്ടി സംരക്ഷിക്കുകയും സ്ഥിരമായി നിലനിർത്തുകയും വേണം.വിളകളുടെ വളർച്ചയെയും ഉൽപ്പാദനങ്ങളുടെ ഗുണത്തെയും മണ്ണിന്റെ സ്വഭാവം സ്വാധീനിക്കുന്നു.അമിതമായ രാസവളപ്രയോഗവും മിതമായ ജൈവവളപ്രയോഗവും മണ്ണിന്റെ തനതായ സ്വഭാവം നഷ്ടമാക്കുന്നു.മണ്ണിന്റെ അമ്ല-ക്ഷാര ഗുണങ്ങളുടെ തുലനാവസ്ഥ തെറ്റിക്കുകയും മണ്ണിന്റെ ജീവനായ ജൈവാണുക്കളെയും സൂക്ഷമജീവികളുടെയും വളർച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്യും.

ശാസ്ത്രീയ മണ്ണുസംരക്ഷണ മാർഗങ്ങൾക്കും ജൈവീകകൃഷിരീതികൾക്കും മാത്രമേ മണ്ണിന്റെ ഫലപുഷ്ടി സംരക്ഷിക്കുവാൻ സാധിക്കുകയുള്ളു.

വരമ്പുകൾ നിർമ്മിക്കുക,തട്ടുകൾ ഉണ്ടാക്കുക,ചെറിയ കുളങ്ങൾ ഉണ്ടാക്കുക,നീളത്തിൽ ട്രെഞ്ചുകൾ ഉണ്ടാക്കുക,ആവരണ വിളകൾ വളർത്തുക,വിലാപരിവർത്തനം അനുവർത്തിക്കുക,പുതയിടുക,തടയണ നിർമ്മിക്കുക തുടങ്ങിയ മാർഗങ്ങൾ മണ്ണൊലിപ്പ് നിയന്ത്രിക്കുകയും മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യും.മണ്ണ് ഉഴുതുമറിക്കൽ കൃഷി ഇടങ്ങളിൽ തൊണ്ടുകുഴിച്ചിടൽ,ഉണങ്ങിയ ഇലകളും മറ്റു ജൈവവസ്തുക്കളും ഉപയോഗിച്ചുള്ള പുതയിടീൽ എന്നിവയും മണ്ണുസംരക്ഷണത്തിനുള്ള ഉപാധികളാണ്.

തരിശായികിടക്കുന്ന സ്ഥലങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകവഴി മണ്ണൊലിപ്പുതടയാനും മണ്ണിന്റെ ജലാഗിരണ ശേഷി വർധിപ്പിക്കാനും സാധിക്കും.

മണ്ണുസംരക്ഷണത്തിലെ ഏറ്റവും പുതിയ മാർഗമാണ് കയർ ഭൂവസ്ത്രങ്ങളുടെ ഉപയോഗം.ചരിവുകൂടിയതും കുത്തനെയുള്ളതുമായ സ്ഥലങ്ങളിലും നദികളുടെ തീരപ്രദേശങ്ങളിലും കയർ ഭൂവസ്ത്രമുപയോഗിച്ച് മണ്ണുസംരക്ഷണവും ജലസംരക്ഷണവും നടപ്പാക്കാം.ഇതിനെപ്പറ്റിയുള്ള കൂടുതൽ ഗവേഷണങ്ങൾ കാർഷിക സർവകലാശാലയുടെ കോന്നിയിലുള്ള ഗവേഷണകേന്ദ്രത്തിൽ നടക്കുന്നുണ്ട്.

IV.ജൈവ വൈവിധ്യ സംരക്ഷണം.

ജൈവ വൈവിധ്യത്തിൽ അനുഗ്രഹീതമാണ് നമ്മുടെ നാട്.ലോകത്ത് അത്യപൂർവമായി മാത്രം കാണുന്ന അനേകതരത്തിലുള്ള വൃക്ഷങ്ങളും സസ്യങ്ങളും പശ്ചിമഘട്ട മലനിരകളിൽ വളരുന്നുണ്ട്. വനനശീകരണവും ജനപ്പെരുപ്പവും കാരണം ഏകദേശം 2000 ത്തോളം ജനുസ്സുകൾ ഇല്ലാതായി കഴിഞ്ഞിരിക്കുന്നു.ജൈവ കള്ളക്കടത്തും നടത്തുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്.

വീട്ടുവളപ്പിൽ നിന്ന് നാടൻ വൃക്ഷങ്ങൾ അപ്രത്യക്ഷമാകുന്നു.അതോടൊപ്പം പാടത്തും പറമ്പിലുമൊക്കെ ധാരാളമായി കണ്ടിരുന്ന പല ഔഷധസസ്യങ്ങളും.ഇതിനെപറ്റി ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് ആവശ്യമാണ്.വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളെയും സസ്യങ്ങളെയും നിലനിർത്തുവാനും സാമുഹികവനവത്കരണംവഴി ജൈവവൈവിധ്യം സംരക്ഷിക്കുവാനും ശ്രദ്ധിക്കേണ്ടത് ജൈവകൃഷിയിൽ പ്രധാനമാണ്.

v.സമ്മിശ്രകൃഷിരീതികൾ അനുവർത്തിക്കുക

വിളകളെയും വളർത്തുമൃഗങ്ങളെയും കൂട്ടിയിണക്കികൊണ്ട് ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസരണമായി കൃഷിയിടത്തിൽനിന്നും ഏറ്റവുമധികം വരുമാനം ലഭിക്കുന്ന തരത്തിലുള്ള കൃഷി സമ്പ്രദായം നടപ്പിൽ വരുത്തണം.അധിക ഉൽപ്പന്നങ്ങളും സസ്യഭാഗങ്ങളും വളർത്തുമൃഗങ്ങൾക്കു നൽകാനും മൃഗങ്ങളിൽനിന്നു ലഭിക്കുന്ന ജൈവാവശിഷ്ടങ്ങൾ തിരികെ മണ്ണിലേക്കു കൊടുക്കാനും ഇതുമൂലം കഴിയുന്നു.കൃഷിച്ചെലവ് കുറയ്ക്കാനും മണ്ണിന്റെ ഫലപുഷ്ടി നിലനിർത്താനും മിശ്രകൃഷിമൂലം സാധിക്കുന്നു.

vl.ജൈവസാങ്കേതികവിദ്യയിൽ പുരോഗതി നേടുക

ഇന്നുകാണുന്ന രീതിയിലുള്ള ജനസംഖ്യ പെരുപ്പം തുടർന്നാൽ താമസിയാതെ നിലവിലുള്ള കൃഷിസ്ഥലത്തുനിന്നു ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ തികയാതെ വരും.കൃഷിസ്ഥലത്തിന്റെ വിപുലീകരണം ഇനി ഏറെക്കുറെ അസാധ്യമായിരിക്കുന്ന അവസ്ഥയിൽ കുറച്ചു കൃഷിസ്ഥലത്തുനിന്നും കൂടുതൽ വിളവ് ഉല്പാതിപ്പിക്കേണ്ട ആവശ്യം വന്നിരിക്കുകയാണ്.പരമ്പരാഗത മാർഗങ്ങൾ ഉപയോഗിച്ച് ഇത് കൈവരിക്കുക എന്നത് അസാധ്യമാണ്.

കാർഷിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രമേ ഈ ലക്ഷ്യം നേടാനാവുകയുള്ളു.കൊടുത്താൽ വിളവുതരുന്ന രോഗപ്രതിരോധശക്തിയും പ്രതികൂലസാഹചര്യങ്ങൾ നേരിടാൻ കഴിവുള്ളതും,ആവശ്യാനുസൃത സ്വഭാവങ്ങളോടുകൂടിയ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിന് ജൈവസാങ്കേതികവിദ്യ പ്രയോജനപ്പെടുന്നു.അതിനാൽ ജൈവകൃഷിയിൽ ജൈവസാങ്കേതികവിദ്യക്ക് ഒരു സുപ്രധാന പങ്കുണ്ട്.

ജൈവകൃഷിയുടെ ആവശ്യകതയെപ്പറ്റി കർഷകർക്കിടയിൽ വേണ്ടത്ര ബോധവൽക്കരണം നടത്തേണ്ടതുണ്ട്.അതോടൊപ്പംതന്നെ ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടത്ര പരിഗണനയും പിന്തുണയും ആവശ്യമാണ്.ഇവരുടെ മാതൃക പിന്തുടരാൻ ആരോഗ്യകരമായ ഒരു ഭൂമിയും രോഗരഹിതമായ ഒരു ജനസമൂഹവും സൃഷ്ട്ടിക്കാൻ സാധിക്കും.

കടപ്പാട്:ഫാം ഇൻഫർമേഷൻ ബ്യുറോ

അവസാനം പരിഷ്കരിച്ചത് : 5/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate