অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂർക്ക കൃഷി

കൂർക്ക കൃഷി

കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈ വിള നന്നായി വളരും. പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമാണ് കൂർക്ക. ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലും അറിയപ്പെടുന്നു.
മദ്ധ്യകേരളത്തിൽ ഇത് വിപുലമായി കൃഷി ചെയ്തുവരുന്നു. തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇതിന്റെ കൃഷി കൂടുതൽ വ്യാപകമായി കാണാവുന്നത്. ഒന്നാം വിള നെൽകൃഷി ചെയ്തുകഴിഞ്ഞ പാടങ്ങളിലും കരപ്പറമ്പുകളിലുമാണ് കൂർക്ക കൃഷി ചെയ്യുന്നത്.
കൃഷിരീതി
ഏത് മണ്ണിലും കൂർക്ക കൃഷിചെയ്യാം എങ്കിലും നല്ല വളക്കൂറും നീർവാർച്ചയുള്ളതും അല്പം മണൽ കലർന്ന പശിമരാശിമണ്ണാണ് കൃഷിക്ക് അനുയോജ്യം. വർഷത്തിൽ രണ്ട് തവണയാണ് കൂർക്ക കൃഷിചെയ്യുന്നത്.
കൃഷിയിടം തയ്യാറാക്കൽ
കൃഷിചെയ്യാനുള്ള സ്ഥലം നന്നായി ഉഴുത് മറിച്ച് കട്ടകൾ ഉടച്ച് നിരപ്പാക്കി പാകപ്പെടുത്തണം. അതിന് ശേഷം 30 സെന്റിമീറ്റർ അകലത്തിൽ ചെറിയവരമ്പുകളായി 60-100 സെന്റിമീറ്റർ വരെ നീളമുള്ള തടങ്ങൾ നിർമ്മിക്കണം. അടിവളമായി കാലിവളമാണ് സാധാരണ ഉപയോഗിക്കുന്നത്.തലപ്പുകൾ നട്ടാണ് കൃഷിചെയ്ത് വരുന്നത്. ആവശ്യത്തിനുള്ള തലപ്പുകളുണ്ടാക്കാൻ വിത്തു കിഴങ്ങ് പ്രത്യേകം തടത്തിൽ പാകി വളർത്തിയെടുക്കുന്നു.
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് തലപ്പുകൾ (വള്ളികൾ) മുറിച്ച് നടുന്നത്. പാകി ഒരുമാസം പ്രായമായ തലപ്പുകൾ നുള്ളിയെടുത്താണ് കൃഷിസ്ഥലത്ത് നടുന്നത്.
വിത്ത് തിരഞ്ഞെടുക്കൽ
വൃത്താകൃതിയും ചെറിയ ചുഴികളുമുള്ള വിത്തുകളാണ് തലകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ചാക്കുകളിൽ പരത്തിയിടുന്ന ഫെബ്രുവരി - മാർച്ച് മാസമാകുമ്പോഴേക്കും കിഴങ്ങുകളിൽ മുള വന്നിട്ടുണ്ടാകും.
കൂർക്ക കിഴങ്ങ് നടുന്ന രീതി
കൂർക്ക തലകൾ മുറിച്ചാണ് നടുന്നത്. നടുന്ന തലയ്ക്ക് ശരാശരി നീളം 15-20 സെന്റിമീറ്റർ ആണ് വേണ്ടത്. ഇത് തടങ്ങളിൽ കിടത്തി നടുന്നു. മഴക്കാലമായാൽ നനയുടെ ആവശ്യമുണ്ടാകാറില്ല. വെയിൽ അധികമാകുകയാണെങ്കിൽ നട്ടുകഴിഞ്ഞ് മൂന്ന് ദിവസംവരെ പകൽ സമയം തടത്തിന് പുതയിടുന്ന ഒരു രീതിയുണ്ട്. വേര് പിടിയ്കുന്നതിന് മുമ്പ് കഠിനമായ വെയിലിൽ മുറിച്ച് നട്ട തല ഉണങ്ങാതിരിക്കാനാണത്.
വളപ്രയോഗം
അടിവളമായി കാലിവളമാണ് നല്കുന്നത്. തലകൾ നട്ട് 15-25 ദിവസത്തിനുള്ളിൽ ഒന്നാംഘട്ട വളപ്രയോഗം നടത്തണം. രാസവളങ്ങളും ജൈവവളങ്ങളും നല്കാവുന്നതാണ്. ചാണകപ്പൊടിയും വെണ്ണീറും മണ്ണിരകമ്പോസ്റ്റുമെല്ലാം ചേർന്ന മിശ്രിതം നല്കാം. രാസവളമാണെങ്കിൽ യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നീ വളങ്ങളുടെ കൂട്ട് ഇട്ട് കൊടുക്കാവുന്നതാണ്.
45 ദിവസത്തിനു ശേഷം രണ്ടാം മേൽവളം നല്കണം. കൂർക്കത്തലകളിൽ വെളളമില്ലാത്ത സമയത്ത് വേണം രാസവളം വിതറി മണ്ണ് കൂട്ടികൊടുക്കാൻ.
സസ്യസംരക്ഷണം
നഴ്സറികളിൽ വളർത്തുമ്പോൾ കാണുന്ന ഇലതീനിപ്പുഴുക്കളേയും തണ്ടുതുരപ്പനേയും നിയന്ത്രിക്കാൻ എക്കാലക്സ് , റോഗർ തുടങ്ങിയ കീടനാശിനികൾ ഉപയോഗിക്കാം. ജൈവകീടനാശിനിയായി വേപ്പിൻ സത്തും ഫലപ്രദമാണ്.
കടചീയൽ നിയന്ത്രിക്കാൻ ബാസ്റ്റിൻ എന്ന കുമിൾനാശിനി വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കാം. വെള്ളക്കെട്ട് കൂടിയ സ്ഥലങ്ങളിൽ കട ചീയാതിരിക്കാനും ബാസ്റ്റിൻ ലായനി ഉപയോഗിക്കാവുന്നതാണ്. നിമവിര ബാധിച്ച കിഴങ്ങുകൾ ഭക്ഷ്യയോഗ്യമല്ല.
വിളപരിക്രമണം നടത്തുകയും നന്നായി ഉഴുതുമറിച്ച് വേനലിൽ ഉണങ്ങാനിടുകയും വിളവെടുപ്പിന് ശേഷം ചെടിയുടെ വേരും അവശിഷ്ടങ്ങളും കത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്നത് നിമവിര നിയന്ത്രിക്കാൻ സഹായിക്കും.
വിളവെടുപ്പ്
തലപ്പുകൾ നട്ട് നാല് മുതൽ അഞ്ച് മാസങ്ങൾ കഴിയുമ്പോൽ വിളവെടുക്കാം. വാരകൾ കിളച്ചിളക്കി കിഴങ്ങുകൾ വേർതിരിച്ചാണ് വിളവെടുപ്പ്. മഴയുള്ളപ്പോൾ വിളവെടുപ്പ് ഒഴിവാക്കുകയാണ് നല്ലത്. ഈർപ്പം കൂടിയാൽ കിഴങ്ങ് ചീഞ്ഞ് പോകാൻ സാധ്യതയുണ്ട്. ഈർപ്പം ഉണ്ടെങ്കിൽ ഉണങ്ങിയ തറയിലിട്ട് ഉണക്കണം.
വിത്തിനുള്ള കിഴങ്ങുകൾ തിരഞ്ഞെടുത്ത് സൂക്ഷിക്കാം. നിമവിരകൾ ഇല്ലാത്ത നല്ല വിത്തുകൾ ഈർപ്പവും ചൂടും തട്ടാത്ത മുറികളിൽ മണലോ ഉമിയോ കലർത്തി സൂക്ഷിക്കാം.
കൂർക്ക ഇനങ്ങൾ
നാടൻ ഇനമായ ചെറ്റുകൂർക്കയാണ് സാധാരണ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ വെള്ളത്തലയുള്ളതും ചുവന്ന തലയുള്ളതുമുണ്ട്, വെള്ളത്തലയ്ക്കാണ് കൂടുതൽ വിളവ് കിട്ടുന്നത്. കൂടാതെ തിരുവനന്തപുരം കിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ച ശ്രീധര, കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നിധി, സുഫല എന്നിവ ഉൽപാദനം കൂടിയ ഇനങ്ങളാണ്  ..

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate