অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂവയിൽ നിന്ന് ആദായമുണ്ടാക്കാം

പണ്ടുകാലത്ത് ഗോത്രവർഗക്കാരുടെ യുദ്ധങ്ങളിൽ ശത്രുവിന്റെ അമ്പേറ്റ് മുറിയുന്നവർ മുറിവുണങ്ങാനും ആ മുറിവിലൂടെയുള്ള രോഗാണുബാധതടയാനും ഒരു കാട്ടുകിഴങ്ങ് അരച്ചുപുരട്ടിയിരുന്നു. അമ്പേറ്റ മുറിവ് കരിയുന്നത് കണ്ട  ഇംഗ്‌ളീഷുകാർ ഇതിന് ആരോറൂട്ട് എന്ന് പേരിട്ടു. അസ്ത്രംപോലെ മണ്ണിലേക്ക് ചുഴിഞ്ഞിറങ്ങി വളരുന്നതുകൊണ്ടും അതിനെ ആരോറൂട്ടെന്ന് വിളിച്ചു. നമ്മുടെ നാട്ടിൽ പണ്ടുമുതലേ ഉപയോഗത്തിലിരുന്ന ഒരു ഭക്ഷ്യവസ്തുവാണ് കൂവ. അതിലുപരി അതൊരു ഔഷധമായാണ് നാം കണക്കാക്കിവരുന്നത്്. നമ്മുടെ പറമ്പുകളിൽ യഥേഷ്ടം കണ്ടുവരുന്ന ഒരു സസ്യയിനമാണിത്. ഒഴിഞ്ഞ പറമ്പുകളിൽ ഈർപ്പവും നല്ല വെയിലുംകിട്ടുന്നിടത്ത് ധാരാളം തഴച്ചുവരുന്നതായതുകൊണ്ട് പണ്ടുകാലത്താരും ഇത് നട്ടുവളർത്തിയിരുന്നില്ല. പറമ്പിൽ നിന്നും തുലാം, വൃശ്ചിക മാസങ്ങളിൽ പറിച്ചെടുത്ത് കൂവപ്പലകയിൽ ഉരസിയെടുത്ത് വെള്ളത്തിൽ കലക്കി അരിച്ച് പൊടി ഊറാൻവെച്ച് അത് വെയിലത്ത് ഉണക്കിയെടുത്ത് കാലങ്ങളോളം സൂക്ഷിച്ചുവെക്കുകയായിരുന്നു നമ്മുടെ രീതി.
നമ്മുടെ നാട്ടിൽ കണ്ടുവരുന്ന നാടൻകൂവ മഞ്ഞളിന്റെ കുടംബക്കാരനാണ്. കുർകുമേ ജനുസ്സിൽ പെടുന്ന
കുർകുമേ അറുജിനോസ. ഇതിനെ നീലക്കുവയെന്നാണ് വിളിക്കാറ് കിഴങ്ങ് സാധാരണ വെള്ളനിറമാണെങ്കിലും അതിന്റെ കാണ്ഡംമുറിച്ചുനോക്കിയാൽ നടുക്ക് നീലനിറം കാണാം. ഇത് മൂത്തുകഴിഞ്ഞാൽ നല്ല ഇളം റോസ് നിറത്തിൽ പൂക്കളുണ്ടാകുന്ന പൂക്കുലകൾ ഉണ്ടാകും. എന്നാൽ, മറ്റു രാജ്യങ്ങളിൽ കണ്ടുവരുന്നതും നമ്മൾ പ്ലാത്തിക്കുവയെന്നു വിളിക്കുന്നതുമായ ഇനത്തിന്റെ ശാസ്ത്രനാമം മരാന്ത അരുൺഡിനാസിയേ എന്നാണ്. മഞ്ഞക്കൂവ, ചണ്ണക്കൂവ, നീലക്കുവ, ആനക്കൂവ എന്നിങ്ങനെ പലതരത്തിൽ കൂവയുടെ ജനുസ്സ് കണ്ടുവരുന്നു. പല ആഫ്രിക്കൻ നാടുകളിലും തെക്കേ അമേരിക്കൻനാടുകളിലും കൂവക്കിഴങ്ങ് പുഴുങ്ങി പ്രഭാതഭക്ഷണമാക്കി വരുന്നു.

കൃഷി

നല്ലചൂടും ഹുമിഡിറ്റിയും ആണ് കൂവകൃഷിക്ക് അനുയോജ്യം. അന്തരീക്ഷ ഊഷ്മാവ് 20-30 ഡിഗ്രിയും വർഷംതോറും 1500-2000 മില്ലിമീ്ർ മഴയും ലഭിക്കുന്ന കേരളത്തിലെ മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ് എന്നതാണ് കൂവകൃഷിയുടെ വേര് കേരളത്തിൽ പടർത്താൻ കർഷകർക്ക് സഹായമാകുന്നത്. നല്ല ഇളക്കമുള്ള നിർവാർച്ചയും വളക്കുറുമുള്ള പശിമരാശിമണ്ണാണ് കൂവകൃഷിക്ക് അനുയോജ്യം.
തനിവിളയായോ ഇടവിളയായോ കൂവ കൃഷിചെയ്യാം. കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ പശിമരാശിമണ്ണിൽ ഇത് നന്നായി വളരും. കിഴക്കൻ മലമ്പ്രദേശങ്ങളിലെ ചുവന്ന നീർവാർച്ചയുള്ള മണ്ണിലും കൂവ നന്നായി വളരും.

വിത്തുകൾ


കൂവയുടെ നടീൽവസ്തുവാക്കപ്പെടുന്നത് എല്ലാ ഭൂകാണ്ഡങ്ങളെപ്പോലെത്തന്നെയും അതിന്റെ കിഴങ്ങാണ്. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളിൽ നിന്ന് നല്ല മൂത്ത കിഴങ്ങുകൾ സംഘടിപ്പിക്കാം. മുളയക്കാൻ ശേഷിയുള്ള ഓരോ മുകുളങ്ങളെങ്കിലുമുള്ള കഷ്ണമാണ് നടീൽ വസ്തുവായി ഉപയോഗിക്കാവുന്നത്.

കൃഷിയിടമൊരുക്കാം


തെങ്ങിനും റബ്ബറിനും ഇടവിളയായും കൂവ കൃഷിചെയ്യാം.  കൂറേക്കാലമായി കൃഷിചെയ്യാതെയിട്ടിരിക്കുന്ന നല്ലജൈവപുഷ്ടിയുള്ളമണ്ണാണ് കൂവ കൃഷിക്ക്  ഉത്തമം. കേരത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ കൂവ കൃഷിചെയ്യാം എന്നാൽ 400-1000 മീറ്ററിലാണ് വിളവ് കൂടുതൽകിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ നന്ന്. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി  ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തിൽ തടം കോരിയെടുക്കാം.   നീളത്തിലോ കുറുകെയോ ചാലെടുത്താണ് കിഴങ്ങുകൾ നടേണ്ടത്. വിത്തുകൾ തമ്മിൽ കുറഞ്ഞത് 30 സെ.മീ. അകലം അത്യാവശ്യമാണ്. വേനൽമഴകിട്ടി സാധാരണയായി ഏപ്രിൽ മാസത്തിലെ ആദ്യവാരങ്ങളിലാണ് കൂവ നടാറ്  വളർച്ചയുടെ ആദ്യകാലങ്ങളിൽ ചാറൽ മഴ നല്ലതാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽമീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുതെങ്കിൽ 20 സെമീ അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്. ഒന്നു രണ്ടാഴ്ചകൊണ്ട് കൂവച്ചെടികൾ വളർന്നു പൊന്തും. പിന്നീട് ഒരു മാസത്തിനുശേഷം രണ്ടു മാസങ്ങളുടെ ഇടവേളകളിൽ മേൽവളം ചേർത്തുകൊടുത്താൽ കൂവ നന്നായി വിളയും.

പരിചരണം

വലിയ പരിചരണം വേണ്ടാത്ത വിളയാണെന്നത് മാത്രമല്ല മഞ്ഞളിന്റെ വർഗക്കാരനാണെന്നതും അതിന്റെ ഇലയ്്ക്കും തണ്ടിനും നല്ല മണമുള്ളതുകൊണ്ടും കൂവച്ചെടിയെ രോഗകീടങ്ങൾ വല്ലാതെ ആക്രമിക്കാറില്ല. എന്നാൽ പ്ലാത്തിക്കൂവയെന്നയിനത്തിനെ തൊരപ്പതും മുള്ളൻപന്നിയും ഭക്ഷണമാക്കാറുണ്ട്.

വിളവെടുപ്പ്


സാധാരണ ഇഞ്ചിയും മഞ്ഞളും വിളവെടുക്കുന്നതുപോലെയാണ് കൂവയും വിളവെടുക്കാറ്. ഏഴ് എട്ട് മാസം കൊണ്ട് ഇലയും തണ്ടും ഉണങ്ങിക്കഴിഞ്ഞാൽ കിഴങ്ങ് വിളവെടുക്കാം. വിളവെടുക്കുന്നതിന്റെ തലേദിവസം കൃഷിയിടം നനച്ചിടുന്നത് വിളവെടുപ്പിനെ എളുപ്പമാക്കും.

സംസ്‌കരിക്കാം

കൂവയിൽ നിന്ന് ആദായമുണ്ടാക്കാം

നമ്മുടെ കർഷിക സംസ്‌കൃതിയിൽ കൂവപ്പൊടിസംസ്‌കരിച്ചെടുക്കുന്നതിന്് നല്ല തഴക്കമായിരുന്നു പണ്ട്. മൂത്ത കൂവക്കിഴങ്ങുകൾ കൂവപ്പലകയിൽ ഉരസി വെള്ളത്തിൽ കലക്കി തുണികെട്ടി അരിച്ച് അത് വെള്ളത്തിന്റെ അടിയിൽ ഊറിയതിന് ശേഷം ആ ഊറൽ വെള്ളം വാർത്ത്  വെയിലത്ത്് ഉണക്കിയെടുത്താണ് ഇത് സംസസ്‌കരിക്കാറ് വ്യാവസായികാടിസ്ഥാനത്തിൽ കൂവ കൃഷിചെയ്യുമ്പോൾ ഇതിന്റെ നിരിൽ നിന്ന് പൊടി ഉത്പാദിപ്പിക്കാൻ യന്ത്രങ്ങളുടെ സഹായം തേടാം. ഒരേക്കറിൽ നിന്ന് പത്തുടണ്ണോളം കൂവ ലഭിക്കും പത്ത്ടൺസംസ്‌കരിച്ചാൽ കുറഞ്ഞത് 600 കിലോഗ്രാമെങ്കിലും കൂവപ്പൊടി ലഭിക്കും. കിലോയ്ക്ക്  400 രൂപയാണ് കൂവപ്പൊടിക്ക് ഇപ്പോൾ വിപണിവില. ഏഴുമാസത്തെ ഇടവിളയിൽനിന്ന് കുറഞ്ഞത് ഒന്നര ലക്ഷംരൂപയെങ്കിലും ആദായം ലഭിക്കും.
ഔഷധഗുണങ്ങൾ
ആയുർവേദ വിധിപ്രകാരം അമ്ലപിത്തം, വ്രണങ്ങൾ, വയറുകടി, വയറിളക്കം എന്നിവയെ സാന്ത്വനിപ്പിക്കുന്നു.
പണ്ടുമുതലേ കുട്ടികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തിവരുന്നു. അസുഖബാധിതർക്ക് ക്ഷീണമകറ്റ്ാൻ  കൂവപ്പൊടി തിളപ്പിച്ചവെള്ളം നല്ലതാണ്.്  കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം,  എന്നീമൂലകങ്ങൾ കൂവയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., വിറ്റാമിൻ സി,  വിറ്റാമിൻ ഡി, വിറ്റാമിൻ ബി-12, വിറ്റാമിൻ ബി-6,  അന്നജം, കൊഴുപ്പ്, നാരുകൾ, എന്നിവയുടെയും മികച്ച കലവറയാണ് കൂവ. കുറഞ്ഞതോതിൽ കുർകുമിന്റെ അംശവും നാടൻ കൂവയിലുണ്ട്. പോഷകത്തോടൊപ്പം ആദായവും തരുന്ന
ഈ വിള തോട്ടങ്ങളിൽ വളർത്താം.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com

അവസാനം പരിഷ്കരിച്ചത് : 7/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate