অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാന്താരി കൃഷി

കാന്താരി കൃഷി

മാര്‍ച്ച് രണ്ടാമത്തെ ആഴ്ച കൂത്താട്ടുകുളം ലേല വിപണിയില്‍ കാന്താരി മുളകിന്റെ വില കിലോഗ്രാമിന് വില 1300 രൂപയായിരുന്നു. ചില്ലറ വില്പന ശാഖകളിലെ വില 100 ഗ്രാമിന് 200 രൂപ വരെ. ഇത് ശരിക്കും കാന്താരിയുടെ രണ്ടാം വരവാണ്. ചൂടുള്ള എരിവുമായി ഒരു കാലത്ത് നമ്മുടെ അടുക്കളയില്‍ നിറഞ്ഞു നിന്ന കാന്താരി പുതിയ മുളകിനങ്ങളുടെ തള്ളിക്കയറ്റത്തിനിടയില്‍ പിന്തള്ളപ്പെടുകയായിരുന്നു.

ഇടിച്ചു കയറി വന്ന പച്ച മുളകിനങ്ങള്‍ ഇപ്പോള്‍ കാന്താരിയുടെ തിളക്കത്തിനിടയില്‍ പുറകോട്ടുപോയി. കാന്താരി മുളകില്‍ ധരാളമായി കണ്ടു വരുന്ന ക്യാപ്‌സിയില്‍ എന്ന രാസ ഘടകത്തിന് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്ന ചില പഠനങ്ങളാണ് കാന്താരിയുടെ ശക്തമായ രണ്ടാം വരവിനു പിന്നിലെ രഹസ്യം. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനു പുറമേ രക്ത സമര്‍ദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളേയും കാന്താരി മുളക് പ്രതിരോധിക്കും.

എപ്പോഴും വലിയ വില ലഭിച്ചേക്കില്ല എങ്കിലും കാന്താരി കൃഷി ചെയ്താല്‍ ന്യായമായ ആദായം പ്രതീക്ഷിക്കാം. പാകമെത്തിയശേഷം ശാസ്ത്രീയമായി സംസ്‌കരിച്ച് ഉണക്കിയെടുത്ത കാന്താരിക്ക് കൂടുതല്‍ വില ലഭിക്കും. വെള്ളകാന്താരിക്ക് വിപണിയില്‍ പ്രിയം കുറവാണ്. ഔഷധങ്ങളെക്കുറിച്ചുള്ള പ്രചാരണം കാരണം വിദേശത്തും കാന്താരിക്ക് നല്ല ഡിമാന്റാണ്.
ഫലപ്രദമായ ഒരു വേദന സംഹാരി കൂടിയാണ് കാന്താരിയിലെ ക്യാപ്‌സിസിന്‍. ദഹനം സുഗമമാക്കും. വിശപ്പ് കൂട്ടും.

കാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയ്ക്കാന്‍ ഇത് എങ്ങനെ ഉപയേഗിക്കാമെന്ന് ഗവേഷണം നടന്നു വരുന്നു. ശരീരത്തിന് ഹാനീകരമാസ സൂക്ഷ്മാണുക്കളെ ഇത് പ്രതിരോധിക്കും.വാതരോഗങ്ങള്‍, പേശികളുടെ വേദന, ശരീര വേദന എന്നിവയ്‌ക്കെല്ലാം ക്യാപ്‌സിസിന്‍ ഫലപ്രദമായ ഔഷധമാണ്. പോഷക മേന്മയിലും മുന്‍ നിരയില്‍ തന്നെയാണ് കാന്താരി.

വൈറ്റമിന്‍ എ, സി, ഇ എന്നിവയ്ക്ക് പുറമേ കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൂര്യനെ നോക്കി മുകളിലേക്ക് കാന്താരി മുളകിന്റെ രൂക്ഷമായ എരിവ് പണ്ടേ പ്രസിദ്ധമാണ്. പണ്ട് മന്ത്രവാദികള്‍ ഭൂതപ്രേതാദികളെ ഓടിക്കുവാന്‍ കാന്താരി പ്രയോഗിച്ചിരുന്നുവത്രെ.

കീടങ്ങളെ അകറ്റുമെന്നതിനാല്‍ കാന്താരി ലായനിക്ക് ജൈവകൃഷിയിലും പ്രാധാന്യമുണ്ട്. ചമ്മന്തി, സംഭാരം തുടങ്ങിയവയില്‍ കാന്താരി പണ്ടു കാലം മുതലേ ഉപയോഗിച്ചിരുന്നു. കാന്താരി മുളകിന്റെ ചെടികള്‍ ഏകദേശം രണ്ടു മീറ്ററോളം ഉയരത്തില്‍ വളരും. ധാരാളം ശഖോപശാഖകള്‍ ഉണ്ടായിരിക്കും. മുള്ളിന്റെ നിറത്തിലും ആകൃതിയിലുമെല്ലാ ഒട്ടേറെ വൈവിദ്ധ്യമുണ്ട്. കാപ്‌സിക്കം ഫ്രൂട്ടിസന്‍സ് എന്നാണ് കാന്താരിയുടെ ശാസ്ത്ര നാമം. ഇതിന് ചുനിയന്‍ മുളക്, പാല്‍ മുളക്, കിളി മുളക് തുടങ്ങിയ പേരുകളുണ്ട്.

ബേര്‍ഡ്‌സ് ഐ ചില്ലി എന്നാണ് ഇതിന്റെ ഇംഗ്‌ളീഷ് പേര്. ചുവന്ന് പഴുത്ത് മുകളിലേക്ക് നില്‍ക്കുന്ന കാന്താരി മുളക് കിളികളെ പെട്ടെന്ന് ആകര്‍ഷിക്കുമെന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നത്. പച്ച, മഞ്ഞ കലര്‍ന്ന വെളുപ്പ് എന്നീ നിറങ്ങളില്‍ കാന്താരിമുളക് കണ്ടു വരുന്നു. തീവ്രമായ എരിവും, പ്രത്യേകമായ സുഗന്ധവും മറ്റ് മുളകിനങ്ങളില്‍ നിന്നും കാന്താരിയെ വ്യത്യസ്തമാക്കുന്നു.

ചെടികള്‍ക്ക് മൂന്നുവര്‍ഷം വരെ ആയുസ്സുണ്ട്. ചെറിയ തണലുള്ള സ്ഥലത്തും വളര്‍ത്താം. നേരിട്ടു സുര്യപ്രകാശം പതിക്കാത്ത സ്ഥലങ്ങളിലും വളരുമെന്നതിനാല്‍ കാന്താരി തെങ്ങിന്‍ തോപ്പുകളിലും മറ്റും ഇടവിളയായും കൃഷി ചെയ്യാം. തനി വിളയായും ഇടവിളയായും കാന്താരി കൃഷി ചെയ്യാം. നാടന്‍ ഇനങ്ങള്‍ക്കാണ് വിപണിയില്‍ പ്രിയം. കേരള കാഷിക സര്‍വ്വകലാശാലയുടെ തിരുവനന്തപുരം വെള്ളായണി കാര്‍ഷികകോളേജില്‍ നിന്നും പുറത്തിറക്കിയ വിളവ് കൂടിയ ഇനമാണ് സമൃദ്ധി.

ഉയരമുള്ള ഈ ഇനം ശാഖകളോടുകൂടി തഴച്ചു വളരും. ഭാഗികമായ തണലിലും വളര്‍ത്താം. നട്ട് 80-ാം ദിവസം പുത്തു തുടങ്ങും. കായ്കള്‍ക്ക് പാകമാകുന്നതിനു മുന്‍പ് വെണ്ണ കലര്‍ന്ന വെളുത്ത നിറവും പഴുത്താല്‍ ഓറഞ്ചു നിറവുമാണ്. മുളകിലെ കാപ്‌സിന്റെ അളവ് 0.84 ശതമാനം. ഒരു ഹെക്ടറില്‍നിന്നും ശരാശരി 30-32 ടണ്‍ പച്ച മുളകാണ് വിളവ്. ആന്ധ്രയില്‍ വ്യാപകമായി കൃഷി ചെയ്തു വരുന്ന കാന്താരി മുളക് ഇനമാണ് സീമാ മിറാപ പൂസാ സദബഹര്‍ ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്റ്റിയൂട്ടില്‍ നിന്നും പുറത്തിറക്കിയ വിളപ്പൊലിമയുള്ള കാന്താരി ഇനമാണ്.

കുറഞ്ഞ ചെലവില്‍ ഏതു സമയത്തും കാന്താരി കൃഷി ചെയ്യാം. പഴുത്ത കാന്താരിയില്‍ നിന്നും ശേഖരിക്കുന്ന വിത്തുകള്‍ പാകി മുളപ്പിച്ച് തൈകള്‍ ഉണ്ടാക്കാം. പഴുത്ത മുളകള്‍ ശേഖരിച്ച് ഒരു പത്രക്കടലാസില്‍ നിരത്തണം. കടലാസിന്റെ ഒരു ഭാഗംകൊണ്ട് മുളകുകള്‍ മൂടി നന്നായി അമര്‍ത്തണം. വിത്തും മാംസളഭാഗവും വേര്‍പെടുത്തുന്നതുവരെ നന്നായി ഉരസണം. വേര്‍പെടുത്തിയ വിത്ത് ഒരു പാത്രത്തില്‍ ശേഖരിച്ച് അതിലേക്ക് 60-70 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളം ഒഴിക്കുക. 15 മിനിറ്റ് വിത്ത് വെള്ളത്തില്‍ സൂക്ഷിക്കണം.

വിത്ത് കഴുകി മാംസളഭാഗങ്ങള്‍ ഒഴിവാക്കിയെടുക്കുക. വിത്ത പച്ച വെള്ളത്തില്‍ കഴുകി വൃത്തീയാക്കി അല്പം ചാരം ചേര്‍ത്ത് ഇളക്കണം. തുടര്‍ന്ന് തണലില്‍ മൂന്ന് നാലു ദിവസം ഉണക്കുക. ഇതിനുശേഷം നഴ്‌സറിത്തടങ്ങളില്‍ വിത്ത് പാകാം. പാകിക്കഴിഞ്ഞ് തടങ്ങളില്‍ നിന്നും വിത്ത് ചിതറിപ്പോകാത്തവിധം നനയ്ക്കണം. വിത്തു മുളക്കാന്‍ തുടര്‍ച്ചയായി നനക്കേണ്ടി വരും.അഞ്ച് ആറ് ദിവസത്തിനുള്ളില്‍ വിത്ത മുളച്ച് തുടങ്ങും.

തൈകള്‍ നാലില പരുവത്തില്‍ വളര്‍ച്ചയെത്തുമ്പോള്‍ പറിച്ചു നടാം.
20 മുതല്‍ 30 ഡിഗ്രി വരെ താപനിലയുള്ള കാലാവസ്ഥയില്‍ കാന്താരി നന്നായി വളരും. നല്ല വളക്കൂറും ആഴവും ഇളക്കവുമുള്ള പശിമരാശി മണ്ണാണ് കാന്താരി കൃഷിക്ക് ഏറ്റവും അനുയോജ്യം. മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് കൃഷിക്ക് ഏറ്റവും നല്ലത്. കൃഷി സ്ഥലം കളകള്‍ നീക്കി കട്ടയുടച്ച് നിരപ്പാക്കണം. ജൈവ വളം ചേര്‍ത്ത് ഒന്നുകൂടി ഉഴുത് നിലം ഒരുക്കണം.

ഏകദേശം 75 സെന്റീ മീറ്റര്‍ അകലത്തില്‍ എടുക്കുന്ന ചാലുകളില്‍ 75 സെന്റീമീറ്റര്‍ ഇടവിട്ട് തൈകള്‍ നടാം. മഴക്കാലമാണെങ്കില്‍ 45 സെന്റീ മീറ്റര്‍ വിസ്തൃതിയില്‍ തടമെടുത്ത് തൈകള്‍ നടാം. തടങ്ങള്‍ തമ്മിലും ചെടികള്‍ തമ്മിലും അകലം നല്‍കണം. വാരങ്ങളില്‍ പ്ലാസ്റ്റിക് പുത നല്‍കി വാണിജ്യാടിസ്ഥാനത്തിലും കാന്താരി കൃഷി ചെയ്യാം.

വരള്‍ച്ചയെ ചെറുക്കുമെങ്കിലും കൃത്യമായ ഇടവേളകളില്‍ ജലസേചനം നല്‍കിയാല്‍ വിളവ് കൂടും. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ രാസ വളങ്ങള്‍ ചേര്‍ത്തു കൊടുക്കാം. പൂര്‍ണ്ണമായും ജൈവിക രീതിയിലും കാന്താരി കൃഷി ചെയ്യാം. നട്ട് ഒരു മാസം കഴിയുമ്പോള്‍ ചാണകം കുഴമ്പാക്കി ഒഴിച്ചു കൊടുക്കാം. മണ്ഡരി, മുഞ്ഞ തുടങ്ങിയവയുടെ ആക്രമണത്തെ ഒരു പരിധി വരെ ചെറുക്കും. കീട നിയന്ത്രണത്തിന് കഴിവതും ജൈവിക കീടനാശിനികള്‍ ഉപയോഗിക്കണം.

ഒരേ ഞെട്ടില്‍ തന്നെ പച്ച കാന്താരിയും പഴുത്ത കാന്താരിയും കാണുമെന്നതിനാല്‍ വിളവെടുപ്പ് ശ്രദ്ധയോടെ വേണം. രണ്ടാഴ്ചത്തെ ഇടവേളകളില്‍ തുടര്‍ച്ചയായി വിളവെടുക്കാം. നാലു വര്‍ഷം വരെ ആയുസ്സുള്ള ദീര്‍ഘകാല വിളയാണെങ്കിലും ഒന്നു രണ്ടു വര്‍ഷത്തേക്കേ ആദായകരമായ വിളവെടുപ്പ് ലഭിക്കുകയുള്ളൂ. വീട്ടു വളപ്പുകളിലും മട്ടുപ്പാവിലും അടുക്കളത്തോട്ടത്തിലും കാന്താരി കൃഷി ചെയ്താല്‍ അധിക വരുമാനം നേടിത്തരുന്നതിനോടൊപ്പം അത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കും. ഉപ്പിലിട്ടും അച്ചാറായും ഉണക്കിപ്പൊടിച്ചും കാന്താരി വളരെക്കാലംസുക്ഷിക്കാം. ശാസ്ത്രീയമായി സംസ്‌ക്കരിച്ച് ഉണക്കി സൂക്ഷിച്ചാല്‍ വിപണിയില്‍ ആവശ്യക്കാരേറേയുള്ള സമയത്ത് വിറ്റ് ലാഭമുണ്ടാക്കാം

 

കടപ്പാട്: ജോസ്ജോസഫ്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate